Friday, September 30, 2011

ഖുര്‍ആനും മറ്റു പേരുകളും

ഖുര്‍ആനും മറ്റു പേരുകളും

    മഹാനായ സിദ്ദീഖുല്‍ അക്ബര്‍ ഖുര്‍ആന്‍ ഉല്ലേഖനം ചെയ്യപ്പെട്ട വ്യത്യസ്ത സാധനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്നു ഏകീകരിച്ചു. എന്നിട്ട് ആ സമുച്ചയത്തിന് ഒരു പേര് വിളിക്കാന്‍ അദ്ദേഹം സ്വഹാബത്തിനോട് നിര്‍ദേശിച്ചു. എന്തുവിളിക്കണം? ഒരാള്‍ പറഞ്ഞു: ഇഞ്ചീല്‍. എന്നാല്‍, മറ്റുള്ളവര്‍ അത് ഇഷ്ടപ്പെട്ടില്ല. നബിയെ നിഷേധിക്കുകയും ഇസ്‌ലാമിനെ തള്ളിക്കളയുകയും ചെയ്യുന്ന ക്രിസ്ത്യാനികളുടെ വേദത്തിന്റെ പേര് ഖുര്‍ആന് എങ്ങനെ യോജിക്കും?
    മറ്റൊരാള്‍ പ്രസ്താവിച്ചു: സിഫ്ര്‍. അതാകട്ടെ ജൂതന്മാരുടെ വേദപുസ്തകങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദമാണ്. മുകളില്‍ പറഞ്ഞ കാരണം കൊണ്ടുതന്നെ സിഫ്‌റും തള്ളപ്പെട്ടു.
    മഹാനായ ഇബ്‌നു മസ്ഊദ് ഉണര്‍ത്തി: അബ്‌സീനിയക്കാര്‍ക്ക് ഒരു ഗ്രന്ഥമുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. അവരതിനെ മുസ്ഹഫ് എന്നാണ് വിളിക്കുന്നത്. നമുക്കും അത് തുടരാം.
    അങ്ങനെ മുസ്ഹഫ് അംഗീകരിക്കപ്പെട്ടു.
    വിശുദ്ധ ഖുര്‍ആന് വേറെയും ധാരാളം പേരുകളുണ്ട്. നൂറോളം പേരുകള്‍ സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥം രചിച്ചിരിക്കുന്നു ഒരു പണ്ഡിതന്‍. ചിലത് ഇവിടെ പറയാം. ബ്രാക്കറ്റില്‍ അവ മനസ്സിലാകുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ നമ്പറുകളും നല്‍കിയിരിക്കുന്നു.
    കിത്താബ്    (അദ്ദുഖാന്‍: 2)
    ഖുര്‍ആന്‍    (അല്‍ വാഖിഅ: 77)
    നൂറ്        (അന്നിസാഅ്: 174)
    കലാം        (അത്തൗബ: 6) 
    ഹുദാ        (ലുഖ്മാന്‍: 3)
    റഹ്മത്ത്         (യൂനുസ്: 58)
    ഫുര്‍ആന്‍     (അല്‍ ഫുര്‍ഖാന്‍: 1)
    ശിഫാഅ്:    (അല്‍ ഇസ്‌റാഅ്: 82)   
    മൗഇള        (യൂനുസ്: 57)
    ദിക്‌റ്         (അല്‍ അമ്പിയാഅ:് 50)
    കരീം        (അല്‍ വാഖിഅ: 77)
    അലിയ്യ്        (അസ്സുഖ്‌റുഫ്: 4)
    ഹിക്മത്ത്    (അല്‍ ഖമര്‍: 5)
    ഹകീം        (യൂനുസ്: 1)
    മുഹൈമിന്‍    (അല്‍ മാഇദ: 48)
    ഹബ്ല്‍         (ആലു ഇംറാന്‍: 103)
    സ്വിറാത്തുന്‍ മുസ്തഖീം     (അല്‍ അന്‍ആം: 153)
    ഖയ്യിം         (അല്‍ കഹ്ഫ്: 2)
    ഫ്‌സ്‌ല്        (അത്താരിഖ്: 2)
    അന്നബഉല്‍ അളീം     (അന്നബഅ്: 2)
    അഹ്‌സനുല്‍ ഹദീസ്    (അസ്സമര്‍: 22)
    തന്‍സീല്‍    (അശ്ശുഅറാ: 192)
    റൂഹ്        (അശ്ശൂറാ: 52)
    വഹ്‌യ്        (അല്‍ അമ്പിയാ: 45)
    മസാനീ        (അല്‍ ഹിജ്ര്‍: 87)
    അല്‍ ഖൗല്‍    (അല്‍ ഖസസ്: 51)
    ബസ്വാഇര്‍    (അല്‍ ജാസിയ: 20)
    ബയാന്‍    (ആലു ഇംറാന്‍: 138)
    അല്‍ ഇല്‍മ്    (അല്‍ റഅദ്: 37)
    അല്‍ ഹഖ്    (ആലു ഇംറാന്‍: 62)
    അല്‍ ഹാദി    (അല്‍ ഇസ്‌റാഅ:് 9)
    അജബ്        (അല്‍ ജിന്ന്: 1)
    തദ്കിറ        (അല്‍ മുദ്ദസിര്‍: 54)
    അല്‍ ഉര്‍വതുല്‍ വുസ്ഖാ    (ലുഖ്മാന്‍: 22)
    മുതശാബിഹ്    (അസ്സുമര്‍: 23)
    സിദ്ഖ്        (അസ്സുമര്‍: 33)
    അദ്ല്‍         (അല്‍ അന്‍ആം: 115)
    ഈമാന്‍    (ആലു ഇംറാന്‍: 193)
    അറബിയ്യ്    (അസ്സുമര്‍: 28)
    അംറ്        (അത്ത്വലാഖ്: 5)
    ബുശ്‌റാ    (അന്നംല്: 2)
    മജീദ്        (അല്‍ ബുറൂജ്: 21)
    അസ്സബൂര്‍    (അല്‍ അമ്പിയാ: 105)
    മുബീന്‍     (യൂസുഫ്: 1)
    ബശീര്‍        (മാഇദ: 19)
    നദീര്‍        (ഫിസ്സിലത്ത്: 4)
    അസീസ്    (ഫുസ്സിലത്ത്: 41)
    ബലാഗ്        (ഇബ്‌റാഹീം: 52)
    അഹ്‌സനുല്‍ ഖസസ്    (യൂസുഫ്: 3)
    സുഹുഫ്    (അബസ: 13)
    ഖുര്‍ആനിന് ഖുര്‍ആനില്‍തന്നെ വേറെയും പേരുകള്‍ കണ്ടെത്താവുന്നതാണ്. പല പണ്ഡിതരും ഇത് സൂചിപ്പിച്ചിട്ടുണ്ട്.

                                    -എഎം തമീം
                (ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി, ചെമ്മാട്, മലപ്പുറം)
   
ഖുര്‍ആനിലെ ശാസ്ത്രീയ രഹസ്യങ്ങള്‍

ഖുര്‍ആനിലെ ശാസ്ത്രീയ രഹസ്യങ്ങള്‍
ഹാറൂന്‍ യഹ്‌യ

    മനുഷ്യ കഴിവുകളില്‍ രൂപപ്പെട്ടുവരാന്‍ കഴിയാത്ത വിധം സമഗ്രവും സമ്പുഷ്ടവുമാണ് വിശുദ്ധ ഖുര്‍ആന്‍.  ഇത് ശരിവെച്ചുകൊണ്ട് അല്ലാഹു പറയുന്നു: നബിയേ, '' പറയുക, ഈ ഖുര്‍ആനിനോട് താദാത്മ്യം പ്രാപിക്കുന്ന മറ്റൊന്ന് കൊണ്ടുവരാന്‍ മനുഷ്യനും ജിന്നുകളും സംഘടിച്ചാല്‍ പോലും അവര്‍ക്ക് സാധിക്കില്ല. ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കിയാല്‍പോലും.'' (17:88)
    ഈ വിശുദ്ധ വാക്യം ലോകത്തെ ഉല്‍ബോധിപ്പിക്കുന്നത് അതിഗഹനമായൊരു സത്യമാണ്. അഥവാ, രൂപത്തിലും ആകൃതിയിലും വിശുദ്ധ ഖുര്‍ആനിനോട് സാമ്യത പുലര്‍ത്തിയുള്ള വല്ല രചനകളും നടത്താന്‍ പലര്‍ക്കും സാധിച്ചേക്കും. അറുനൂറും എഴുനൂറും പേജുകള്‍ ദൈവാസ്തിക്യത്തെകുറിച്ച് മാത്രമെഴുതാന്‍ പേന കനിഞ്ഞേക്കും. പക്ഷെ, ശൈലിയിലും സാരത്തിലും ഖുര്‍ആനിനോട് സാമ്യത പുലര്‍ത്തുന്ന ഒരു കൊച്ചു സൃഷ്ടി രചിക്കാന്‍ പോലും ഒരാള്‍ക്കും സാധ്യമല്ല. അതിനുള്ള ശ്രമങ്ങള്‍ വൃഥാവിലാവുകയായിരിക്കും ഫലം എന്നല്ലാതെ സമൂഹത്തില്‍ അണു അളവ് പ്രതിഫലനം സൃഷ്ടിക്കാന്‍ അതിന് സാധിക്കില്ല.
    വിശുദ്ധ ഖുര്‍ആന്റെ വ്യതിരിക്തമായ ഈ തന്മയത്വത്തിന് വ്യത്യസ്തമായ കാരണങ്ങളുണ്ട്. ഒന്നാമതായി, അതിന്റെ സാഹിതീയ ചാതുരി. ഇത് ഇതര രചനകളില്‍ നിന്നും അതിന്റെ തന്മയത്വം തെളിയിച്ച് കാണിക്കുന്നു. രണ്ടാമതായി, നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിശുദ്ധ ഖുര്‍ആന്‍ പുറത്തുവിട്ട പലതിനോടും ലോകമിന്ന് യോജിപ്പിലെത്തിയിരിക്കുന്നു. അഥവാ, ശാസ്ത്രീയ ദര്‍പണത്തില്‍ അവയുടെ സാധ്യത യാഥാര്‍ഥ്യമായി തെളിഞ്ഞിരിക്കുന്നു. ഇവിടെയും ഖുര്‍ആന്‍ വിസ്മയങ്ങളോടെ വേറിട്ടുനില്‍ക്കുകയാണ്. ഇവ്വിഷയകമായി അല്ലാഹു പറയുന്നു:
    ''പറയുക: അല്ലാഹുവിന് സ്തുതി, തന്റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുന്നതാണ്. അപ്പോള്‍ നിങ്ങള്‍ക്കവ മനസ്സിലാകും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ചും  നിങ്ങളുടെ രക്ഷിതാവ് അശ്രദ്ധനല്ല.'' (27:93)
    വിശുദ്ധ ഖുര്‍ആനിലെ ഓരോ പ്രഖ്യാപനങ്ങളും നമ്മുടെ ജീവിതത്തിന്റെ നാനാമേഖലകളിലും പ്രതിധ്വനിക്കുന്നു. പ്രപഞ്ചവും വിശുദ്ധ ഖുര്‍ആനും ദിവ്യശക്തിയുടെ ഫലമാണെന്നറിയാന്‍ ഒരു വിശ്വാസിക്ക് ഇതുതന്നെ ധാരാളമാണ്. അതിനാല്‍, മനുഷ്യ മനസ്സുകള്‍ ഇതിലൂടെ ആവാഹിച്ചെടുത്ത മാനസിക നിലവാരത്തെ പരിഗണിച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്നു:
    ''അവന്‍ ഖുര്‍ആനെ കുറിച്ച് ചിന്തിക്കുന്നില്ലേ, അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍നിന്നായിരുന്നുവെങ്കില്‍ അവരതില്‍ അസംഖ്യം വൈരുദ്ധ്യങ്ങള്‍ ദര്‍ശിക്കുമായിരുന്നു.'' (4:82)

ഖുര്‍ആനും ശാസ്ത്രവും
    നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിശുദ്ധ ഖുര്‍ആനില്‍ പരാമൃഷ്ടമായ, പ്രാപഞ്ചിക വിഷയകമായ ശാസ്ത്രീയ വിസ്മയങ്ങള്‍ ധാരാളമുണ്ട്. അവയുടെ കെട്ടഴിച്ച് നിഗൂഢതകളിലേക്കിറങ്ങുന്നതിന് മുമ്പ് നമുക്ക് ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ചെറുതായൊന്ന് വിശകലനം ചെയ്യാം.
    ഖുര്‍ആന്‍ പറയുന്നു:
    ''ഏഴാകാശങ്ങളെ അടുക്കുകളായി സൃഷ്ച്ചവനാകുന്നു അവന്‍. പരമ കാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരുവിധ അപാകതയും നീ കാണുകയില്ല. ദൃഷ്ടി ഒരിക്കല്‍കൂടി മടക്കി നോക്കൂ, വല്ല പോരായ്മയുമുണ്ടോ? (വേണമെങ്കില്‍) ഒരിക്കല്‍കൂടി ശ്രദ്ധിച്ചു നോക്കൂ. (ഇല്ല, ഒന്നുമില്ല.) ആ കണ്ണുകള്‍ പരാചയത്തോടെ  പരവശമായി മടക്കേണ്ടിവരും.'' (67:34)
    ഇത്തരം സാഹചര്യങ്ങളില്‍, ഖുര്‍ആനിനും ശാസ്ത്രത്തിനുമിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് നാസ്തികരായ ചില ശാസ്ത്രജ്ഞാനികളുടെ ഖുര്‍ആനിനോടുള്ള അജ്ഞതയാണെന്ന് മനസ്സിലാക്കാനാവും. അല്ലാഹുവില്‍ തരിമ്പും വിശ്വാസമര്‍പ്പിക്കാത്ത അവര്‍ വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ  സൃഷ്ടിയാണെന്നാണ് വാദിക്കുന്നത്. അതിനാല്‍, നൂറ്റാണ്ടുകള്‍ക്ക് അപ്പുറം അവതരിച്ച ഖുര്‍ആനും ആധുനിക ശാസ്ത്രവും വൈരുദ്ധ്യങ്ങളുടെ മഹാലോകമാകുമെന്നാണ് അവര്‍ നിഗമനം നടത്തുന്നത്. അവസാനം, തങ്ങളുടെ വാദമുഖങ്ങള്‍ അരക്കിട്ടുറപ്പിക്കാനായി ഖുര്‍ആനികാദ്ധ്യാപനങ്ങളെ വക്രീകരിച്ചുകൊണ്ട് അവര്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.
    അതേസമയം, വിശ്വാസികളായ ചിലര്‍ അടിസ്ഥാനരഹിതമായ സര്‍വ്വ വാദഗതികളെയും അസ്ഥാനത്താക്കി, ഖുര്‍ആനിനെ ഒരു ശാസ്ത്രീയ ഗ്രന്ഥമാക്കി അവതരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിനു മുമ്പില്‍ അവര്‍ക്ക് യാതൊരു വിധ തടസ്സവും ഉണ്ടാകുന്നില്ല. ഇവ്വിഷയകമായി വലിയ നിരീക്ഷണങ്ങളോ ഗവേഷണങ്ങളോ ഇല്ലാതെയാണ് അവര്‍ ഈ വാദങ്ങളെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
    എന്നാല്‍, യഥാര്‍ഥമായ ഖുര്‍ആന്‍ ഒരു ആധ്യാത്മിക ഗ്രന്ഥത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതൊരിക്കലും ശാസ്ത്രത്തെ സമുദ്ധരിക്കാനോ ഫിസിക്‌സിലെയും കെമിസ്ട്രിയിലെയും ഫോര്‍മുലകളെ  യാഥാര്‍ഥ്യവല്‍കരിക്കാനോ ഇറങ്ങിയതല്ല. മറിച്ച്, ഖുര്‍ആന്‍ അവതരണത്തിന്റെ ലക്ഷ്യം അല്ലാഹു വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
    ''മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ നിനക്ക് അവതരിപ്പിച്ചുതന്ന ഗ്രന്ഥമാണിത്.'' (14:2)
    മാനവരാശിക്ക് മാര്‍ഗദര്‍ശനമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമാകുന്നത്. എങ്ങനെ ഭക്തിയുള്ള ഒരു ദൈവദാസനാകണമെന്നും എങ്ങനെ ദൈവ പ്രീതി സ്വായത്തമാക്കാമെന്നും എങ്ങനെ അവന് ആരാധനകള്‍ അര്‍പിക്കണമെന്നും ഇത് സവിസ്തരം പഠിപ്പിക്കുന്നു. വിശിഷ്യാ, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം രണ്ടുതരത്തിലുള്ള ആരാധനാ ശൈലികളാണ് ഇത് നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്.  ഒന്ന്, നിസ്‌കാരം, നോമ്പ് പോലെയുള്ള ആരാധനാമുറകള്‍. രണ്ട്, നാഥന്‍ വിരോധിച്ചതിനെ വര്‍ജ്ജിച്ചും കല്‍പിച്ചതിനെ മാനിച്ചും സ്വന്തം ശരീരത്തെ നിയന്ത്രണവിധേയമാക്കല്‍. ഇത്തരം മേഖലകളിലെല്ലാം ഒരു വിശ്വാസി എങ്ങനെ ശ്രദ്ധ പതിപ്പിക്കണമെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
    ഇതര സമൂഹങ്ങളിലേക്ക് ഇസ്‌ലാമിക സന്ദേശങ്ങളെ എങ്ങനെ കൈമാറണമെന്നതിനെക്കുറിച്ചും അവരുമായി ഏത് സമീപനമാണ് കൈകൊള്ളണ്ടത് എന്നതിനെക്കുറിച്ചും ഖുര്‍ആന്‍ വളരെ വ്യക്തമായ വഴികളാണ് പറഞ്ഞുതന്നിട്ടുള്ളത്. പലയിടങ്ങളിലും ഇത്തരം ആശയങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ 'പറയുക' എന്ന വാചകം കൊണ്ടാണ് ഇത് തുടങ്ങുന്നത്. സമൂഹത്തിന്റെ ആത്മാവറിഞ്ഞുള്ള ആശയ സംവേദന മാര്‍ഗങ്ങളില്‍ വളരെ മനോഹരമായ ഒന്നാണിത്. പക്ഷെ, ഇത്രമേല്‍ സമൂഹങ്ങള്‍ക്കും സാമൂഹിക വിഷയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയാലും വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു സോഷ്യോളജിക്കല്‍ ഗ്രന്ഥമോ സൈക്കോളജിക്കല്‍ ടെക്‌സ്റ്റോ ആയിരുന്നില്ല. എന്നാല്‍, അവിശ്വാസികളോടുള്ള വിശ്വാസപരമായ പോരാട്ടത്തില്‍ അത് ചില സാമൂഹിക സമീപനങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നുമാത്രം.
    ഇനി, രാഷ്ട്രീയ വിഷയമെടുത്താലും കാര്യം മറ്റൊന്നല്ല. ഒരര്‍ത്ഥത്തില്‍ ലോകത്തെ ഏറ്റവും സമഗ്രവും സമ്പുഷ്ടവുമായ രാഷ്ട്രീയ ചരിത്ര ഗ്രന്ഥമായി ഖുര്‍ആനിനെ നമുക്ക് കാണാവുന്നതാണ്. മനുഷ്യരുടെ വിവിധങ്ങളായ സ്വഭാവങ്ങളെക്കുറിച്ചും അവരുള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പിനെ കുറിച്ചും.  അതില്‍ വ്യക്തമായ സൂചനകളുണ്ട്. കൂടാതെ രാഷ്ട്രത്തില്‍ അരങ്ങേറുന്ന മൂല്യച്യുതികളും ധാര്‍മികാധപതനവും ആര് കൈകാര്യം ചെയ്യണമെന്നും എങ്ങനെ അവ അമര്‍ച്ച ചെയ്യണമെന്നും ഇത് സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, ഈ വസ്തുതകളെ മുന്നിര്‍ത്തി ഖുര്‍ആനിനെ ഒരു പൊളിറ്റിക്കല്‍ മാനിഫെസ്റ്റോയെന്നോ രാഷ്ട്രീയ മീമാംസയെന്നോ വിധിയെഴുതല്‍ പ്രായോഗികമല്ല. കാരണം, വിശുദ്ധ ഖുര്‍ആന്‍  മാര്‍ഗ ഭ്രംശം സംഭവിച്ച ആളുകളെ നേരായ പാതയിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് അവതീര്‍ണമായിട്ടുള്ളത്.
    ചരിത്രത്തിന്റെ കാര്യമെടുത്തുനോക്കൂ. അതിലും കാര്യം അങ്ങനെത്തന്നെയാണ്. അതുകരുതി വിശദ്ധ ഖുര്‍ആനെ ഒരു ചരിത്ര ഗ്രന്ഥമായി അവതരിപ്പിക്കാന്‍ പറ്റില്ല. ഇങ്ങനെ, ഏതൊരു വിജ്ഞാന ശാഖയെടുത്തുപരിശോധിച്ചു നോക്കിയാലും വിശുദ്ധ ഖുര്‍ആനെ നമുക്ക് അതില്‍ സമഗ്ര സംഭാവനകളടങ്ങിയ റോള്‍മോഡലായി കാണാവുന്നതാണ്.
    ശാസ്ത്ര വിഷയങ്ങളുടെ കാര്യമെടുത്താലും ഇതുപോലെ ഖുര്‍ആനില്‍ ധാരാളമായി കണാന്‍ സാധിക്കുന്നു. ഇവയെല്ലാം സത്യ പാതയിലേക്കുള്ള വ്യത്യസ്തമായ കൈവഴികളായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്. ആകാശ ഭൂമികളെക്കുറിച്ച് ചിന്തിക്കാനും അവയിലൂടെ ദൈവാസ്തിക്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താനും അല്ലാഹു അടിക്കടി ആഹ്വാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ, ഖുര്‍ആനില്‍നിന്നും ഫോര്‍മുകലകള്‍ രൂപപ്പെടുത്തി വെക്കുകമാത്രം ചെയ്യുന്നതിന് പകരം അവയിലൂടെ ഗഹനമായ ചിന്തയുടെ ലോകത്തേക്ക് കടക്കാന്‍ അവന്‍ കടപ്പെട്ടിരിക്കുന്നു.
    ഇവിടെ ഖുര്‍ആനിക സൂക്തങ്ങള്‍ പരിചയപ്പെടുത്തുന്ന ശാസ്ത്രം ഒരു വിശ്വാസി അതില്‍ ബോധവവാനായിരിക്കണം എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രമാണ്. ഇവിടെ ഒരു വിശ്വാസി ശാസ്ത്രജ്ഞനായിരിക്കല്‍ നിര്‍ബന്ധമല്ല; എന്നാല്‍ ശാസ്ത്ര ജ്ഞാനം അവന്റെ ദൈവവിശ്വാസത്തെ രൂഢമൂലമാക്കാന്‍ വഴിയൊരുക്കുമെന്നുമാത്രം. ഇവക്കായി അനവധി ശാസ്ത്ര വിസ്മയങ്ങള്‍ ഖുര്‍ആന്‍ ഇടക്കിടെ പരാമര്‍ശിച്ചിട്ടുണ്ട്. പ്രപഞ്ച സൃഷ്ടിപ്പും മനുഷ്യ ജന്മവും അന്തരീക്ഷ ഘടനയുമെല്ലാം ഇതില്‍ ചിലത് മാത്രം. ഇവയെല്ലാം ഖുര്‍ആന്‍ മനഷ്യ കരങ്ങളുടെ സൃഷ്ടിയല്ലായെന്നതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളാണ്.
            (ആര്‍ട്ടിക്കിള്‍സ് ഓഫ് ഹാറൂന്‍ യഹ്‌യ, harun yahya.com)

ഖുര്‍ആന്‍ എന്ന പരിഹാരം

ഖുര്‍ആന്‍ എന്ന പരിഹാരം
കെ.ടി. മാനു മുസ്‌ലിയാര്‍

    മനുഷ്യരില്‍ അല്ലാഹു നിക്ഷേപിച്ച മഹത്തായ രണ്ടു വസ്തുക്കളത്രെ വിശേഷ ബുദ്ധിയും ശുദ്ധ പ്രകൃതിയും. എന്നാല്‍, മനുഷ്യനെ നന്മയിലേക്കു നയിക്കാനും ഗുണത്തിലേക്കു വഴി തെളിക്കാനും അവകൊണ്ടു മാത്രം അല്ലാഹു മതിയാക്കിയില്ല. അവനെ മാത്രം ആരാധിക്കുകയെന്ന തൗഹീദില്‍ അധിഷ്ഠിതമായ ഋജുവായ മാര്‍ഗത്തിലേക്ക് മനുഷ്യനെ ക്ഷണിക്കാനും അനുസരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കാനും നിരാകരിക്കുന്നവര്‍ക്ക് താക്കീത് നല്‍കാനുമായി ദൂതന്മാരെ നിയോഗിച്ചു. അവര്‍ക്കു ഗ്രന്ഥങ്ങളും നല്‍കി. അല്ലാഹു മനുഷ്യന് ചെയ്ത അതിമഹത്തായ ഔദാര്യമാണത്. വഴികാട്ടികളായി ആരെങ്കിലും വരികയോ സുവിശേഷമോ താക്കീതോ നല്‍കപ്പെടുകയോ ചെയ്തില്ലായെന്ന് മനുഷ്യന്‍ ന്യായ വാദം നടത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഖുആന്‍ പറയുന്നു: ''അതനുസരിക്കുന്നവര്‍ക്ക് സന്തോഷം അറിയിക്കുന്നവരായും നിരാകരിക്കുന്നവര്‍ക്ക് താക്കീത് നല്‍കുന്നവരായും ദൂതന്മാരെ നാം അയച്ചു. ദൂതന്മാര്‍ വന്നാല്‍ പിന്നെ അല്ലാഹുവിനെതിരില്‍ മനുഷ്യര്‍ക്ക് ന്യായവാദം നടത്താന്‍ നിര്‍വാഹമുണ്ടാവില്ലല്ലോ; അതിനുവേണ്ടി'' (4:165).
    മനുഷ്യവര്‍ഗം പുരോഗതി പ്രാപിക്കുകയും ചിന്താപരമായി വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു. അപ്പോഴെല്ലാംതന്നെ അതതു കാലത്തെ ദൂതന്മാര്‍ മുഖേന അവരുടെ സമൂഹത്തിന് ദിവ്യ സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. അനുയോജ്യമായ നിര്‍ദ്ദേശങ്ങളും കാലികമായ പ്രശ്‌നങ്ങളും പരിഹാരങ്ങളും അവയിലുണ്ടായിരുന്നു. അങ്ങനെ, മാനുഷ്യകം പൂര്‍ണ വളര്‍ച്ച പ്രാപിച്ചു. മുഹമ്മദ് നബി (സ) ക്ക് നല്‍കപ്പെട്ട സന്ദേശം ലോകത്താകെ വ്യാപിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുകയും ദൂതന്മാര്‍ ആരുമില്ലാത്ത അനുയോജ്യമായ ഒരു ഘട്ടത്തില്‍ തിരുനബിയെ നിയോഗിക്കുകയും ചെയ്തു. മുന്‍ദൂതന്മാരായ സഹോദരങ്ങള്‍ പടുത്തുയര്‍ത്തിയ പരിശുദ്ധ മന്ദിരം (ദീന്‍) പരിപൂര്‍ണമാക്കാനായി വ്യാപകവും ശാശ്വതവുമായ ശരീഅത്തും തന്റെ മേല്‍ അവതരിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥവും അതിനായി അല്ലാഹു നല്‍കി. ആ വിശുദ്ധ ഗ്രന്ഥമത്രെ ഖുര്‍ആന്‍.
    ''എന്റെയും മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ, ഒരാള്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉപമയാണ്. അയാള്‍ വളരെ മനോഹരമായി ആ കെട്ടിടം നിര്‍മിച്ചു. ഒരു മൂലക്കല്ല് മാത്രം ഒഴിവാക്കി. സന്ദര്‍ശകര്‍ ആ കെട്ടിടത്തിനു ചുറ്റും നടന്ന് അതിന്റെ മേന്മയും മനോഹാരിതയും കണ്ട് അല്‍ഭുതം കൂറി. ആ മൂലക്കല്ലുകൂടി ഉണ്ടായിരുന്നുവെങ്കില്‍! അവര്‍ അഭിപ്രായം പ്രകടിപ്പിച്ചു. ആ മൂലക്കല്ലത്രെ ഞാന്‍. ഞാന്‍ അന്ത്യപ്രവാചകനാണ്'' (ഹദീസ്).        മുഴുവന്‍ മനുഷ്യരിലേക്കുമായി അല്ലാഹു നല്‍കിയ സന്ദേശമാണ് ഖുര്‍ആന്‍. കിത്താബിലും സുന്നത്തിലും അത്തരം നിരവധി പ്രതിപാദനങ്ങള്‍ കാണാം.
    ''താങ്കള്‍ പറയുക: മനുഷ്യരെ, ഞാന്‍ നിങ്ങള്‍ക്കു മുഴുവനായി അയക്കപ്പെട്ട അല്ലാഹുവിന്റെ റസൂലാണ്'' (7:157). ''ലോകജനതക്ക് മുഴുവന്‍ മുന്നറിയിപ്പു നല്‍കുന്ന ആളാകാനായി തന്റെ ദാസന് ഫുര്‍ഖാന്‍ അവതരിപ്പിച്ചവന്‍ പരിശുദ്ധനത്രെ'' (25:1). ഓരോ പ്രവാചകനും തന്റെ ജനതയിലേക്കു മാത്രം അയക്കപ്പെട്ട ആളായിരുന്നു. ഞാന്‍ മുഴുവന്‍ ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ടവനാണ് (ബുഖാരി, മുസ്‌ലിം). മുഹമ്മദ് നബി ലോക ജനതയിലേക്കു മുഴുവന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടതുകൊണ്ടും മുന്‍ പ്രവാചകന്മാര്‍ പ്രചരിപ്പിച്ച ദീനിനെ പരിശുദ്ധ ഖുര്‍ആന്‍ മുഖേന പരിപൂര്‍ണമാക്കിയതുകൊണ്ടും ഇനിയൊരു സന്ദേശം അല്ലാഹുവില്‍നിന്നു ലഭിക്കുകയില്ല. ഇനിയൊരു പ്രവാചകനോ ദൂതനോ നിയോഗിക്കപ്പെടുകയുമില്ല. ഖുര്‍ആന്‍ പറയുന്നു: ''മുഹമ്മദ് നിങ്ങളില്‍ ആരുടെയും പിതാവല്ല; പക്ഷെ, അല്ലാഹുവിന്റെ ദൂതനും അന്ത്യപ്രവാചകനുമാകുന്നു'' (33:40).
    മനുഷ്യ രാശിയുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഖുര്‍ആന്‍ മതിയാകണമെന്നും  അതുതന്നെ പൂര്‍വ്വ മതങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാകണമെന്നും ഇതുവരെ പറഞ്ഞതില്‍നിന്നു വ്യക്താകുന്നു. ''നൂഹ് നബിയോട് അല്ലാഹു ഉപദേശിച്ചതും താങ്കള്‍ക്കു നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം ഉപദേശിച്ചതും തന്നെയാണ് നിങ്ങള്‍ക്കും അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അതായത്, ഈ ദീനിനെ നിലനിര്‍ത്തുക. അതില്‍ നിങ്ങള്‍ ഭിന്നിക്കരുത്'' (42:13).
    ഖുര്‍ആന്‍ അറബി ഭാഷയിലാണ്. അതുകൊണ്ട് അറബ് ലോകത്തെ പ്രവാചകന്‍ വെല്ലുവിളിച്ചു. അവരുടെ ഭാഷയിലാണ് ഖുര്‍ആന്‍ അവതരിച്ചത്. അവര്‍ ഭാഷാ വിജ്ഞരും ഭാഷാ പടുക്കളുമാണ്. എന്നിട്ടും തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ക്കു സാധിച്ചില്ല. ഒരദ്ധ്യായം പോലും കൊണ്ടുവരാന്‍ അവര്‍ അശക്തരായി. ഖുര്‍ആന്റെ അല്‍ഭുത ശക്തി, തത്തുല്യമായത് കൊണ്ടുവരാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് തെളിയിക്കുന്ന ശക്തി അങ്ങനെ സ്ഥിരപ്പെട്ടു. അതുകൊണ്ടുതന്നെ, പ്രവാചകന്റെ പ്രവാചകത്വം സ്ഥിരീകൃതമായി.
    അതിനെ കാത്തുസൂക്ഷിക്കുമെന്നും യാതൊരു മാറ്റവും ഭേദഗതിയും കൂടാതെ വിശ്വാസ യോഗ്യരായ  നിരവധി പേര്‍ വഴി അത് നിവേദനം ചെയ്യപ്പെടുമെന്നും അല്ലാഹു നിശ്ചയിച്ചുകഴിഞ്ഞതാണ്. അത് കൊണ്ടുവരുന്ന മലക്ക്, ഏതൊരു പ്രവാചകന് അത് അവതരിച്ചു കിട്ടുന്നുവോ ആ പ്രവാചകന്‍, അത് കൈകാര്യം ചെയ്യുന്ന മറ്റുള്ളവര്‍ എല്ലാം എങ്ങനെയുള്ളവരാണെന്ന് അല്ലാഹു വ്യക്തമാക്കുന്നത് കാണുക:
    ''വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതുംകൊണ്ടിറങ്ങി'' (26:193). നിശ്ചയം അത് ഉത്കൃഷ്ടനായ ദൂതന്റെ (ജിബ്‌രീല്‍) വാക്കാണ്. ശക്തനും സിംഹാസനത്തിന്റെ ഉടമയുമായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍). അദ്ദേഹം വിശ്വസ്തനുമാണ്. നിങ്ങളുടെ കൂട്ടുകാരന്‍ (നബി) ഭ്രാന്തനല്ല. അദ്ദേഹം ആ ദൂതനെ വ്യക്തമായി ചക്രവാളത്തില്‍ കണ്ടു. അദ്ദേഹം തനിക്കു വന്നുകിട്ടിയ ഗുപ്ത കാര്യങ്ങളില്‍ പിശുക്ക് കാണിക്കുകയില്ല (18:19-24). നിശ്ചയം അത് ഉത്കൃഷ്ടമായ ഖുര്‍ആനാണ്. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥത്തിലുള്ളതാണത്. ശുദ്ധരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല (56: 77-79). ഈ പ്രത്യേകതകളൊന്നുംതന്നെ മുമ്പു ഇറക്കപ്പെട്ട ഗ്രന്ഥങ്ങള്‍ക്കില്ല. അവയെല്ലാം പ്രത്യേകം കാലത്തേക്കു അവതരിച്ചവയാണുതാനും.
    ഖുര്‍ആന്റെ സന്ദേശം മനുഷ്യര്‍ക്കു മാത്രമുള്ളതല്ല; ജിന്നുകള്‍ക്കുകൂടിയുള്ളതാണ്. ''ഖുര്‍ആന്‍ കേള്‍ക്കുന്നവരായി ഒരു സംഘം ജിന്നുകളെ നാം താങ്കളിലേക്കു തിരിച്ചുവിട്ട സന്ദര്‍ഭം ഓര്‍ക്കുക. അങ്ങനെ അവര്‍ ഖുര്‍ആന്‍ ഓതുന്നിടത്ത് സന്നിഹിതരായപ്പോള്‍ 'നിങ്ങള്‍ ശ്രദ്ധിച്ചുകൊള്‍ക' എന്ന് അവര്‍ പറഞ്ഞു. ഖുര്‍ആന്‍ ഓതിക്കഴിഞ്ഞപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നവരായി തങ്ങളുടെ സമൂഹത്തിലേക്ക് അവര്‍ തിരിച്ചുപോയി. എന്നിട്ട് അവര്‍ പറഞ്ഞു: സമൂഹമേ, നിശ്ചയം മൂസാ നബിക്കു ശേഷം ഇറക്കപ്പെട്ട, അതിനു മുമ്പുള്ളതിനെ ശരിവെക്കുന്ന ഒരു ഗ്രന്തം ഞങ്ങള്‍ കേട്ടു. അത് സത്യത്തിലേക്കും സന്മാര്‍ഗത്തിലേക്കും വഴി കാട്ടുന്നു. സമൂഹമേ, അല്ലാഹുവിന്റെ പ്രബോധകന് നിങ്ങള്‍ ഉത്തരം ചെയ്യുകയും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക (46: 29-31).
    ആത്മികോന്നതിക്കു വേണ്ടിയോ പരലോക വിജയത്തിനു വേണ്ടിയോ മാത്രമല്ല ഖുര്‍ആന്‍ മാര്‍ഗ ദര്‍ശനം നല്‍കുന്നത്. ശാരീരികം, സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം മുതലായ എല്ലാ മേഖലകളിലും അത് വെളിച്ചം കാണിക്കുന്നു. മനുഷ്യന്‍ കടന്നുപോകുന്ന എല്ലാ മണ്ഡലങ്ങളും ഉള്‍കൊള്ളുന്ന വിധം അനുയോജ്യമായ അടിത്തറയില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അത് എക്കാലത്തും നിലനില്‍ക്കുന്നു. ജീവിതത്തിന്റെ പ്രകടിത വശങ്ങളെയെല്ലാം അത് ഉള്‍കൊള്ളുന്നതുകൊണ്ടും അനുരൂപമായ മറ്റൊരു മാര്‍ഗദര്‍ശക ഗ്രന്ഥം ഇല്ലാത്തതുകൊണ്ടും മനുഷ്യലോകത്തെ ഇന്ന് അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ വിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാനും അങ്ങനെ മനുഷ്യരെ രക്ഷിക്കാനും ഖുര്‍ആനിനല്ലാതെ കഴിയുകയില്ല.
    എന്റെ മാര്‍ഗനിര്‍ദ്ദേശത്തെ പിന്‍പറ്റിയവന്‍ വഴിതെറ്റുകയില്ല. നിര്‍ഭാഗ്യവാനാവുകയില്ല. എന്റെ ഉപദേശം വിട്ടു തിരിഞ്ഞുകളഞ്ഞവന് നിശ്ചയം കുടുസ്സായ ജീവിതമാണ് ഉണ്ടാവുക. പുനരുത്ഥാന നാളില്‍ അന്ധനായി അവനെ നാം ഒരുമിച്ചുകൂട്ടുകയും ചെയ്യും (20:123, 124).
    കൂരിരുട്ടിന്റെ നടുവില്‍ ഖുര്‍ആന്റെ വെളിച്ചവുമായി നിലകൊള്ളുന്നവന്‍ കുസ്‌ലിംകള്‍ മാത്രമാണ്. അതുകൊണ്ട് അസത്യവും അബദ്ധ ജടിലവുമായ സരണികളില്‍നിന്നെല്ലാം ശുദ്ധമായി, വഴിയറിയാതെ പരിഭ്രാന്തരായി നില്‍ക്കുന്ന മനുഷ്യവര്‍ഗത്തെ ഖുര്‍ആന്‍ മുഖേന നേര്‍വഴിക്ക് നയിക്കുകയും സമാധാനത്തിന്റെ തീരത്തേക്കു കരകേറ്റുകയും ചെയ്യേണ്ടത് അവരുടെ കടമയാകുന്നു. മുസ്‌ലിംകള്‍ക്ക് കഴിഞ്ഞകാലത്ത് പ്രതാപമുണ്ടായത് ഖുര്‍ആന്‍കൊണ്ടാണ്. അത് വീണ്ടെടുക്കാന്‍ ആധുനിക യുഗത്തിലും ഖുര്‍ആന്‍കൊണ്ടു മാത്രമേ സാധ്യമാകൂ.
                (ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി., ചെമ്മാട്, മലപ്പുറം)
   
Thursday, September 29, 2011

ഖുര്‍ആന്‍ ശ്രവിക്കുന്നതിന്റെ ശ്രേഷ്ടതകള്‍

ഖുര്‍ആന്‍ ശ്രവിക്കുന്നതിന്റെ ശ്രേഷ്ടതകള്‍
അമാനത്ത് അബ്ദുല്ല മുസ്‌ലിയാര്‍

    ഖുര്‍ആന്‍ പാരായണത്തിനുള്ളപോലെത്തന്നെ ഖുര്‍ആന്‍ ശ്രവിക്കുന്നതിനും ഉത്തമമായ പ്രതിഫലമുണ്ട്. അതിനാല്‍, ശ്രവിക്കുന്നവനും ചില മര്യാദകള്‍ പാലിച്ചിരിക്കണം. ശ്രവണ സുഗവും മനോജ്ഞവുമായ  ഖുര്‍ആന്റെ മന്ത്രധ്വനികള്‍ ശ്രവണപുടങ്ങളില്‍ അരിച്ചെത്തുമ്പോള്‍ തരിമ്പെങ്കിലും വിശ്വാസമുള്ളവന്റെ മനോമുഖരത്തില്‍ വിക്ഷോഭത്തിന്റെ അലകള്‍ ഉയരാതിരിക്കില്ല. ഖുര്‍ആന്റെ മാത്രം പ്രത്യേകതയാണത്. മനോദൃഢതക്കുമുമ്പില്‍ ഖുര്‍ആന്‍ കേള്‍വിക്ക് യാതൊരു മാറ്റവും ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ദീനുമായുള്ള അവന്റെ ബന്ധത്തില്‍ വിള്ളലുകള്‍ വീണതായി മനസ്സിലാക്കാവുന്നതാണ്. കടുത്ത കുഫ്‌രിയ്യത്തിന്റെ ദുര്‍ഭാണ്ഡം പേറുന്ന ഇസ്‌ലാമിന്റെ കഠിന ശത്രുക്കളില്‍പോലും പലപ്പോഴും പരിവര്‍ത്തനവും മനസാന്തരവും  സൃഷ്ടിക്കാന്‍ ഖുര്‍ആന് കഴിഞ്ഞിട്ടുണ്ട്.
    ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ നല്ലവണ്ണം ശ്രദ്ധിച്ചുകേള്‍ക്കണ്ടതാണ്. അല്ലാഹു പറയുന്നു: ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ നിങ്ങള്‍ അതിന് ചെവി കൊടുത്ത് കേള്‍ക്കുകയും അടങ്ങിയിരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം (7:204). ഖുര്‍ആന്‍ പാരായണം കേള്‍ക്കാനും അടങ്ങിയിരിക്കാനുമുള്ള അല്ലാഹുവിന്റെ കല്‍പനയുടെ സ്ഥിതിയെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. കേള്‍ക്കുക, അടങ്ങിയിരിക്കുക എന്നത് അല്ലാഹുവിന്റെ കല്‍പനയാണ്. കല്‍പനയുടെ ബാഹ്യാര്‍ത്ഥം നിര്‍ബന്ധത്തെക്കുറിക്കുന്നു. അങ്ങനെയാകുമ്പോള്‍, കേള്‍വി, അടങ്ങിയിരിക്കല്‍ എന്നിവ നിര്‍ബന്ധമാണെന്നു വരുന്നു. ഇവ്വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ പല പ്രസ്താവങ്ങളാണുള്ളത്. ഹസന്‍ ബസ്വരിയും ബാഹ്യാര്‍ത്ഥം കല്‍പിക്കുന്നവരും പറയുന്നു: ഈ ആയത്തിന്റെ പൊരുള്‍ വളരെ വ്യാപകമാണ്. അപ്പോള്‍, സ്ഥലകാല വ്യത്യാസമില്ലാതെ എവിടെ ഖുര്‍ആന്‍ ഓതപ്പെട്ടാലും എല്ലാവര്‍ക്കും അത് ശ്രദ്ധിച്ചുകേള്‍ക്കലും അടങ്ങിയിരിക്കലും  നിര്‍ബന്ധമാകും (തഫ്‌സീര്‍ ജമല്‍). പ്രസ്തുത ആയത്തിന്റെ പ്രമേയം വെള്ളിയാഴ്ച ഖുഥുബ സംബന്ധിച്ചാണെന്ന അഭിപ്രായവും അതിന്റെ ആഖ്യാനത്തില്‍ പറയുന്നുണ്ട്. ഏതായാലും ഖുര്‍ആന്‍ പാരായണ നേരത്ത് അത് ശ്രദ്ധിക്കലും മൗനം കൈക്കൊള്ളലും സുന്നത്ത് തന്നെയാണ്.
    പുണ്യമുള്ള ഒരു ആരാധനയാണ് ഖുര്‍ആന്‍ ശ്രവിക്കുക എന്നത്. പ്രവാചകന്‍ പറയുന്നു: പ്രബോധനകനും വിശ്വാസിയും പ്രതിഫലത്തില്‍ പങ്കാളികളാണ്. ഖുര്‍ആന്‍ ഓതുന്നവനും കേള്‍ക്കുന്നവനും പ്രതിഫലത്തില്‍ പങ്കാളികളാണ്. പണ്ഡിതനും ശിഷ്യനും പ്രതിഫലത്തില്‍ പങ്കാളികളാണ് (ജാമിഉസ്സഗീര്‍, ദൈലമി). അബൂ ഹുറൈറയില്‍നിന്നും അഹ്മദ് (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ സൂക്തങ്ങളില്‍ നിന്നും ഒരു സൂക്തം ഒരാള്‍ ശ്രദ്ധിച്ചുകേട്ടാല്‍ വര്‍ദ്ധമാനമായ ഗുണത്തെ അവന് എഴുതപ്പെടുന്നതാണ്. അബൂ മൂസല്‍ അശ്അരി (റ) ഒരു രാത്രി ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. പ്രവാചകന്‍ അത് ശ്രദ്ധിച്ചുകേട്ടു. അടുത്ത ദിവസം പ്രവാചകന്‍ പറഞ്ഞു: ഇന്നലെ താങ്കളുടെ ഖുര്‍ആന്‍ പാരായണം ഞാന്‍ ശ്രവിച്ചിരുന്നത് താങ്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍...അബൂ മൂസല്‍ അശ്അരി (റ) പറഞ്ഞു: അല്ലാഹുവാണെ സത്യം. അങ്ങ് ശ്രദ്ധിക്കുന്നത്  ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞാനത് വളരെ ഭംഗിയായി ഓതുമായിരുന്നു (മുസ്‌ലിം).
    അവിശ്വാസികള്‍ക്ക് ഖുര്‍ആന്റെ വശ്യത ശരിക്കും അറിയാമായിരുന്നുവെങ്കിലും അനുയായികളെ അതില്‍ പെട്ടുപോകാതെ സൂക്ഷിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു:
    ''അവിശ്വാസികള്‍ പറഞ്ഞു: ഈ ഖുര്‍ആന് നിങ്ങള്‍ ചെവി കൊടുക്കരുത്. അതില്‍ നിങ്ങള്‍ ഒച്ചപ്പാടുണ്ടാക്കുവിന്‍. നിങ്ങള്‍ വിജയിച്ചേക്കും (41:26).
    പ്രവാചകന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കാതെയും മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ അനുവദിക്കാതെയും മുശ്‌രിക്കുകള്‍ ചൂളംവിളിച്ചും അട്ടഹസിച്ചും ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുക പതിവായിരുന്നു. ഹൃദയങ്ങള്‍ ആകര്‍ഷിക്കത്തക്ക നിലയിലായിരുന്നു പ്രവാചകന്‍ പാരാണം ചെയ്തിരുന്നത്. അതിനാല്‍, അത് ശ്രവിക്കുന്നവര്‍ അറിയാതെ അതില്‍ വീണുപോകുമായിരുന്നു. ഈ ഭയമായിരുന്നു അവരെ ഇങ്ങനെ ചെയ്യാന്‍ പ്രരിപ്പിച്ചിരുന്നത് (സ്വാവി).
    വിശ്വാസിയായ ഒരാളില്‍ ഖുര്‍ആന്‍ ചെലുത്തുന്ന പ്രതികരണം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു: 'അത്യുത്തമമായ ഈ വചനത്തെ പരസ്പരം സാദൃശ്യമുളളതും ആവര്‍ത്തിക്കപ്പെടുന്നതുമായ ഗ്രന്ഥമായി അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു. തങ്ങളുടെ നാഥനെ പേടിക്കുന്നവരുടെ ചര്‍മങ്ങള്‍ കമ്പനം കൊള്ളുകയും  പിന്നെ, അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്ക് അണഞ്ഞു ചേരുന്നതുമാകുന്നു (അസ്സുമര്‍: 23).
    ഖുര്‍ആന്‍ കേള്‍ക്കുമ്പോഴുള്ള വിശ്വാസിയുടെ അവസ്ഥയാണ് അല്ലാഹു വിവരിച്ചത്. അല്ലാഹുവിന്റെ ഭീഷണികള്‍ പറയപ്പെടുമ്പോള്‍ ഭയാധിക്യത്താല്‍ അവന്‍ സ്വയം ചെറുതാകുകയും വാഗ്ദാനങ്ങള്‍ പറയപ്പെടുമ്പോള്‍ പ്രത്യാശ അവനെ അതിജയിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവന്റെ ആത്മാവ് ശാന്തമാവുകയും   ഹൃത്തടം വിശാലമാവുകയും ചെയ്യും. ഒരടിമയെ സംബന്ധിച്ചിടത്തോളം ഭീതിയും പ്രത്യാശയുമെല്ലാം ഒരു പക്ഷിയുടെ ഇരു ചിറകുകള്‍പോലെ സഹവസിക്കേണ്ടതാണ്. അതിലൊന്നില്ലാതെയാകുമ്പോള്‍ താഴെ വീഴും (സ്വാവി).
    ഖുര്‍ആന്‍ മറ്റുള്ളവരില്‍നിന്ന് പാരായണം ചെയ്തുകേള്‍ക്കലും കേള്‍ക്കുമ്പോള്‍ കരയലും സുന്നത്താണ്. ഒരിക്കല്‍ പ്രവാചകന്‍ ഇബ്‌നു മസ്ഊദിനോട് തനിക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം ചോദിച്ചു: ഖുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങയെ ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുകയോ? പ്രവാചകന്‍ പറഞ്ഞു: അതെ, ഖുര്‍ആന്‍ മറ്റൊരാളില്‍നിന്ന് ഓതിക്കേള്‍ക്കലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇബ്‌നു മസ്ഊദ് സൂറത്തുന്നിസാഅ് ഓതിക്കേള്‍പിച്ചു. എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇവരുടെമേല്‍ സാക്ഷിയായി അങ്ങയെ നാം കൊണ്ടുവരികയും ചെയ്യുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും എന്നിങ്ങനെ പ്രതിപാദിക്കുന്ന അതിലെ നാല്‍പതാമത്തെ വചനത്തിലെത്തിയപ്പോള്‍ പ്രവാചകന്‍ നിറുത്താന്‍ ആവശ്യപ്പെട്ടു. നോക്കുമ്പോള്‍ അവിടത്തെ കവ്‌ളിലൂടെ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. മറ്റൊരിക്കല്‍ ഉബയ്യു ബിന്‍ കഅബ് (റ) വിനോട് താങ്കള്‍ക്കു ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുവാന്‍ അല്ലാഹു എന്നോട് കല്‍പിച്ചിട്ടുണ്ട് എന്ന് പ്രവാചകന്‍ പറയുകയുണ്ടായി. ഈ രണ്ടു സംഭവവും ബുഖാരിയിലും മുസ്‌ലിമിലും കാണാം. ഉമര്‍ (റ) അബൂ മൂസാ (റ) വിനോട് പലപ്പോഴും ഖുര്‍ആന്‍ ഓതിക്കേള്‍പിക്കാന്‍ പറയാറുണ്ടായിരുന്നു.
    നജാശി രാജാവിന്റെ ഒരു നിവേദക സംഘം ഒരിക്കല്‍ പ്രവാചകരുടെ അടുക്കല്‍ വന്നു. തിരുമേനി അവര്‍ക്ക് സൂറത്ത് യാസീന്‍ ഓതിക്കേള്‍പിച്ചു. അതു കേട്ടപാടെ അവരുടെ ഹൃദയങ്ങളില്‍ പരിവര്‍ത്തനങ്ങളുണ്ടായി. അവര്‍ ഇസ്‌ലാം മതം വിശ്വസിച്ചു. ഈ സംഭവത്തെ അധികരിച്ച് ഖുര്‍ആന്‍ ഇറങ്ങിയത് ഇപ്രകാരമാണ്: ''പ്രവാചകന് ഇറക്കപ്പെട്ടത് അവര്‍ കേട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് അറിയാന്‍ കഴിഞ്ഞ സത്യം കാരണമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞൊഴുകുന്നത് നീ കാണും (5:83).
    സജദയുടെ ആയത്തുകള്‍ കേള്‍ക്കുമ്പോള്‍ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ട്. വുളൂ പോലെയുള്ള നിസ്‌കാരത്തിലെ സുജൂദിന്റെ എല്ലാ ശര്‍ത്തുകളും ഓത്തിന്റെ സുജൂദ് ചെയ്യുന്നവനും പാലിച്ചിരിക്കണം. ശബ്ദകോലാഹലങ്ങളും അന്യസംസാരങ്ങളും ഓത്തുകേള്‍ക്കുന്നവന്‍ ഉപേക്ഷിക്കണം. പിഴവുകളോടെയും ഓത്തിന്റെ നിയമങ്ങള്‍ പാലിക്കാതെയുമുള്ള ഓത്തു കേള്‍ക്കാന്‍ പാടുള്ളതല്ല. അത് ചെവിയുടെ വിപത്തിലാണ് മഹാന്മാര്‍ എണ്ണിയിട്ടുള്ളത്. അത്തരം ഖിറാഅത്തുകള്‍ സാധിക്കുമെങ്കില്‍ തടയേണ്ടതുമാണ്. അല്ലെങ്കില്‍, അവിടെം വിട്ടുപോവുകയെങ്കിലും വേണം.
    ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. സ്രഷ്ടാവിന്റെ വചനങ്ങളും സൃഷ്ടിയുടെ വചനങ്ങളും തമ്മില്‍ വളരെ അന്തരം കാണും. അതു സ്വാഭാവികവുമാണ്. ഖുര്‍ആന്‍ വചനങ്ങളുടെ സ്വാധീന ശക്തിക്ക് തെളിവുകളെമ്പാടുമുണ്ട്. മറ്റു ഏതു വചനങ്ങള്‍ക്കും സ്വാധീന ശക്തിയുടെ കാര്യത്തില്‍ ഇത്രയും വശ്യതയുള്ളതായി കാണുകയില്ല. ഖുര്‍ആന്റെ അടിത്തറ ത്‌നെ സ്ഥാപിതമായത് ഖുര്‍ആന്‍ കേള്‍വി വഴിയാണെന്ന് പറയാവുന്നതാണ്. ''ഈ ഖുര്‍ആന്‍ ഒരു പര്‍വതത്തിന് ഇറക്കിക്കൊടുത്തിരുന്നുവെങ്കില്‍ അത് അല്ലാഹുവെ പേടിച്ചതിനാല്‍ താഴ്മ കാണിക്കുന്നതായും പൊട്ടിക്കീറുന്നതായും നീ കാണുമായിരുന്നു'' (59:21) എന്ന് അല്ലാഹു പറയുന്നത് സ്രഷ്ടാവിന്റെ വചനങ്ങളുടെ ശക്തിയാണ് വ്യക്തമാക്കുന്നത്. പക്ഷെ, മുന്‍വിധി വെച്ച് ഖുര്‍ആന്‍ കേള്‍ക്കുന്നവരില്‍ അതിന്റെ സ്വാധീനത ദര്‍ശിക്കാന്‍ സാധിക്കുകയില്ലെന്നത് ശരിയാണ്. കാരണം, അവര്‍ ഭാഗ്യദോഷികളായിരിക്കും. അല്ലാഹു പറയുന്നു: ''നീ ഖുര്‍ആന്‍ ഓതിയാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും നിന്റെയുമിടയില്‍ ഒരു മറയുണ്ടാക്കുന്ന തടസ്സം നാം ഉണ്ടാക്കും'' (17:54).
    ഉസൈദു ബ്‌നു ഹുളൈര്‍ എന്ന സ്വഹാബി ഒരിക്കല്‍ അല്‍ ബഖറ ഓതിക്കൊണ്ടിരിക്കുകയായിരുന്നു.  അപ്പോള്‍ അദ്ദേഹത്തിനടുത്ത് തളച്ചിട്ടിരുന്ന കുതിര വട്ടം ചുറ്റാന്‍ തുടങ്ങി. അദ്ദേഹം ഓത്തു നിര്‍ത്തി. കുതിര ചാട്ടവും നിര്‍ത്തി. ഒന്നു രണ്ടു തവണ ഇതാവര്‍ത്തിക്കപ്പെട്ടു. ഓതുമ്പോള്‍ കുതിര ചാടുന്നു. നിര്‍ത്തുമ്പോള്‍ കുതിര അടങ്ങുന്നു. തന്റെ മകന്‍ യഹ്‌യ കുതിരയുടെ സമീപത്തായതിനാല്‍ അവന് വല്ല ആപത്തും വരുമോ എന്ന് ഭയപ്പെട്ട അദ്ദേഹം ഓത്തു നിര്‍ത്തി മേല്‍പോട്ടു നോക്കുമ്പോള്‍ മേഘം കണക്കെ ഒരു വസ്തു കാണുകയും അതില്‍ പ്രതീപങ്ങള്‍ കണക്കെ എന്തോ ചിലത് കാണുകയും ചെയ്തു. ഉസൈദ് ഈ വിവരം പ്രവാചകരെ അറിയിച്ചു. അവിടന്നു പറഞ്ഞു: അവ മലക്കുകളാണ്. താങ്കളുടെ ഓത്തിന്റെ ശബ്ദം കാരണമായിട്ടാണ് അവ വന്നിരിക്കുന്നത്. താങ്കള്‍ രാവിലെ വരെയും ഓതുകയായിരുന്നുവെങ്കില്‍ അവ രാവിലെയും ശേഷിക്കുമായിരുന്നു (ബുഖാരി). ഇതുപോലെയുള്ള വേറെയും സംഭവങ്ങള്‍ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'ഖുര്‍ആന്‍ പാരായണമെന്നത് അല്ലാഹു മനുഷ്യന്  നല്‍കിയ ഒരു ബഹുമാനമാണ്. അത് മലക്കുകള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. മലക്കുകള്‍ മനുഷ്യരില്‍നിന്നും ഖുര്‍ആന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്' (ഖസീനത്തുല്‍ അസ്‌റാര്‍). 
    ശ്രോതാക്കളില്‍ ഖുര്‍ആന്‍ വരുത്തിയ പരിവര്‍ത്തനങ്ങളും പ്രതികരണങ്ങളും ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. സാന്ദര്‍ഭികമായി ചിലത് ഇവിടെ ഹ്രസ്വമായി അവതരിപ്പിക്കാം:
    ദൗസ് കുലത്തിലെ ഥുഫൈല്‍ ബിന്‍ അംറ് പ്രതിഭാധനനായ കവിയായിരുന്നു. സ്വന്തം ഗോത്രത്തില്‍ നല്ല സ്വാധീനമുള്ള വ്യക്തി. അദ്ദേഹം ഒരിക്കല്‍ മക്കത്തു വരികയുണ്ടായി. ഹിജ്‌റയുടെ മുമ്പാണ് സംഭവം. ഖുറൈശീ സംഘം അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു: ഥുഫൈല്‍, ഞങ്ങള്‍ക്കൊരു ആപത്ത് വന്നു ചേര്‍ന്നിരിക്കുന്നു. അത് നിന്നെയും ബാധിക്കുമോ എന്നു ഞങ്ങള്‍ ഭയപ്പെടുന്നു. ഈ മുഹമ്മദെന്ന മനുഷ്യന്‍ വല്ലാത്തൊരു തലവേദനയാണ് ഞങ്ങള്‍ക്ക്. അവന്‍ ഞങ്ങളില്‍ അനൈക്യം സൃഷ്ടിച്ചിരിക്കയാണ്. ആയതിനാല്‍, താങ്കള്‍ അവനോട് ഒരക്ഷരം മിണ്ടരുത്. അവനില്‍നിന്നും യാതൊന്നും കേള്‍ക്കുകയുമരുത്. കഥാപുരുഷനായ ഥുഫൈല്‍ പറയുന്നു: ഇക്കാര്യത്തില്‍ അവരുടെ സമ്മര്‍ദ്ധം അത്തരത്തിലുള്ള ഒരു തീരുമാനമെടുക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി. 'ഒരക്ഷരവും അദ്ദേഹത്തോടു ഞാന്‍ സംസാരിക്കുകയില്ല.' അങ്ങനെ, കുറച്ചു പഞ്ഞിയെടുത്തു കര്‍ണ്ണ സുഷിരങ്ങള്‍ നന്നായി അടച്ചു. അദ്ദേഹത്തില്‍നിന്ന് ഒരു വാക്കും കേള്‍ക്കില്ല. ഞാന്‍ മനസ്സാല്‍ കരുതി മസ്ജിദുല്‍ ഹറമിലേക്കു പുറപ്പെട്ടു. പള്ളിയിലെത്തിയപ്പോള്‍ തിരുമേനി നിസ്‌കരിക്കുകയാണ്. അതിന്റെ ഏതാനും അടുത്തായി ഞാന്‍ നില്‍ക്കുമ്പോള്‍ അനുയായികളില്‍നിന്നും എങ്ങനെയോ ഖുര്‍ആനിന്റെ ചില വചനങ്ങള്‍ ഞാന്‍ അറിയാതെ കേട്ടുപോയി. വല്ലാത്ത വചനങ്ങള്‍ തന്നെയായിരുന്നു അത്. എന്തും വരട്ടെ, അല്‍പമെങ്കിലും അതു കേള്‍ക്കുക തന്നെ വേണമെന്ന് ഞാനപ്പോള്‍ തീരുമാനിച്ചു. അങ്ങനെ പ്രവാചകരെ നേരില്‍ കണ്ട് താന്‍ മക്കത്തു വന്നതിനു ശേഷമുണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചുകൊടുത്തു.  പ്രവാചകര്‍ ഉടനെ ഥുഫൈലിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ശേഷം, സൂറത്തുല്‍ ഇഖ്‌ലാസും മുഅവ്വിദത്തൈനിയും ഓതിക്കൊടുത്തു. ഥുഫൈലിന്റെ ഹൃദയത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റടിച്ചു. 'വല്ലാത്തൊരു വാചകം! ഇതുപോലൊത്തൊന്ന് ഞാന്‍ മുമ്പ് കേട്ടിട്ടേ ഇല്ല.' അദ്ദേഹത്തിന്റെ അധരങ്ങള്‍ മന്ത്രിച്ചു.  ഥുഫൈല്‍ മുസ്‌ലിമായി തന്റെ ഗോത്രത്തിലേക്കു തിരിച്ചുപോയി. തന്റെ ശ്രമഫലമായി ദൗസ് ഗോത്രത്തിലെ നിരവധി പേര്‍ ഇസ്‌ലാമിലേക്കു കടന്നുവന്നു. അബൂ ഹുറൈറ (റ) അവരില്‍ പ്രധാനിയാണ്.
    ആകര്‍ഷകമായി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന വ്യക്തിയായിരുന്നു അബൂബക്ര്‍ (റ). പാരായണം തുടങ്ങിയാല്‍ അദ്ദേഹം നിയന്ത്രണാതീതമായി കരയുമായിരുന്നു. അബ്‌സീന പലായനത്തില്‍ ഇബ്‌നുദ്ദഗിന എന്നയാള്‍ അദ്ദേഹവുമായി കണ്ടുമുട്ടി. നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. ഇതുകണ്ടപ്പോള്‍ ഖുറൈശികള്‍ ഇബ്‌നു ദ്ദഗിനയോടായി പറഞ്ഞു: അവന്റെ നിസ്‌കാരവും ആരാധനയുമെല്ലാം അവന്റെ വീട്ടില്‍ വെച്ചായിരിക്കണം. അവിടെ ഇഷ്ടാനുസരണം ഖുര്‍ആന്‍ പാരായണം ചെയ്തുകൊള്ളട്ടെ. പരസ്യമാക്കരുത്. ഞങ്ങളുടെ സ്ത്രീകളും കുട്ടികളുമെല്ലാം ആ കുഴപ്പത്തില്‍ പെട്ടുപോവുകയാണ്. ഇത്താക്കാര്യം നീ അബൂ ബക്‌റിനോട് പറയണം. കുറച്ചുകാലം അബൂബക്ര്‍ (റ) ഇതനുസരിച്ച് ജീവിച്ചു. പിന്നീട് തന്റെ വീട്ടു മുറ്റത്ത് ഒരു പള്ളിയുണ്ടാക്കി. നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും അതിലേക്കുമാറ്റി. അതോടെ, അദ്ദേഹത്തിന്റെ പാരായണം കേള്‍ക്കാന്‍ അടുത്ത സ്ത്രീകളും കുട്ടികളും തിങ്ങി നിറയാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ മുശ്‌രിക്കുകള്‍ക്കു വെപ്രാളമായി. ഇബ്‌നുദ്ദഗിനയുടെ അടുക്കല്‍ ചെന്ന് അവര്‍ അബൂബക്‌റിന്റെ സംരക്ഷണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹമത് പിന്‍വലിച്ചതോടെ അവര്‍ അദ്ദേഹത്തിനു നേരെ അസഭ്യം പറഞ്ഞും തലയില്‍ മണ്ണ് വാരിയിട്ടും ആക്രമണ മുറകളുമായി കടന്നുവന്നു.
    ഖുറൈശികളെ പ്രതിനിധീകരിച്ച് ഉത്ബത്തു ബിന്‍ റബീഅ ഒരിക്കല്‍ പ്രവാചകരുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. പ്രബോധന ദൗത്യത്തില്‍നിന്ന് തന്റെ കഠിനശത്രുവായ പ്രവാചകനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഉത്ബത്ത് പറഞ്ഞു: എന്റെ സഹോദരപുത്രാ, നീ ഞങ്ങളില്‍പെട്ട വലിയ തറവാട്ടുകാരനും ഗോത്രമഹിമയുള്ള ആളുമാണെല്ലോ. അതിഭീകരമായ ഒരു കാര്യവുമായാണ് നീ നിന്റെ സമുദായത്തെ സമീപ്പിച്ചിരിക്കുന്നത്. അവരുടെ സംഘടിത ശക്തി നീ ശിഥിലമാക്കി. അവരിലെ ബുദ്ധിമാന്മാരെ വിഡ്ഢികളാക്കി. അവരുടെ ദൈവത്തെയും മതത്തെയും നീ ആക്ഷേപിച്ചു. അവരുടെ പൂര്‍വ പിതാക്കളെ നീ കാഫിറാക്കി. ആയതിനാല്‍ എനിക്ക് ചില കാര്യങ്ങള്‍ പറയാണുണ്ട്. നീയത് കേള്‍ക്കണം.
    'പറയുക. ഞാനത് കേള്‍ക്കാം'. പ്രവാചകന്‍ പറഞ്ഞു.
    ''നിന്റെ ഈ പുതിയ മതത്തിന്റെ പിന്നിലെ ഉദ്ദേശ്യം സാമ്പത്തികമാണെങ്കില്‍ ഞങ്ങള്‍ നിന്നെ ഞങ്ങളിലെ ഏറ്റവും വലിയ സമ്പന്നനാക്കാം. ഇനി, പദവിയാണ് ഉദ്ദേശ്യമെങ്കില്‍ നിന്നെ ഞങ്ങളുടെ നേതാവാക്കാം.  അതല്ല, ഇതൊന്നുല്ലാത്ത മറ്റു വല്ല സ്വപ്നവുമാണ് ഇതിനു പിന്നിലെങ്കില്‍ ഞങ്ങളുടെ സമ്പാദ്യമെല്ലാം ഉപയോഗിച്ച് നിന്നെ ചികിത്സിക്കാം.
    പ്രവാചകന്‍ പറഞ്ഞു: കഴിഞ്ഞെങ്കില്‍ നിറുത്തുക. എനിക്കും ചിലത് പറയാനുണ്ട്. നീ അത് കേള്‍ക്കണം.
    താമസിയാതെ, പ്രവാചകന്‍ ഖുര്‍ആനിലെ നാല്‍പത്തിയൊന്നാമത്തെ സൂറത്തായ ഫിസ്സ്വിലത്ത് ഓതിത്തുടങ്ങി. ആദ് സമുദായത്തിനുണ്ടായ ദുര്‍ഗതികളെല്ലാം പരാമര്‍ശിച്ച് പാരായണം മുന്നോട്ടു പോയി. എല്ലാം ശ്രവിച്ചു ഉത്ബത്ത് അടുത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സജദയുടെ ആയത്ത് വരെ അങ്ങനെ പ്രവാചകന്‍ ഓതി. കറ പുരളാത്ത, കടുത്ത ശിര്‍ക്ക് വാഴുന്ന ആ ഹൃദയ ലോകത്ത് അങ്ങനെ പ്രകമ്പനങ്ങളുണ്ടായി.
    മടങ്ങിയെത്തിയ ഉത്ബത്തില്‍ പുതിയ മുഖം ദര്‍ശിച്ച കൂട്ടുകാര്‍ കാര്യം തിരക്കി. ഉത്ബത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ഞാന്‍ അവനില്‍ നിന്നും ചില വാചകങ്ങള്‍ ശ്രവിച്ചു. ദൈവമാണെ, അതൊരിക്കലും കവിതയോ ആഭിചാരമോ അല്ല. അതില്‍, എന്തോ വിസ്മയം തന്നെയുണ്ട്.
    ഖുര്‍ആന്‍ പാരായണം കേട്ട ജിന്നുകള്‍ വരെ അല്‍ഭുതം പ്രകടിപ്പിക്കുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നു: ''ഇപ്രകാരം എനിക്ക് സന്ദേശം അറിയിക്കപ്പെട്ട ഒരു സംഘം ജിന്നുകള്‍ (ഖുര്‍ആന്‍) പാരായണം ശ്രദ്ധിച്ചുകേട്ടു. അങ്ങനെ അവര്‍ പറഞ്ഞു: നേര്‍മാര്‍ഗത്തിലേക്കു വഴികാണിക്കുന്ന അല്‍ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടു. അപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചു (72:1-2). ഖുര്‍ആന്‍ കേട്ട ശേഷം സ്വന്തം ജനങ്ങളില്‍ ചെന്ന് അവരെ താക്കീത് ചെയ്തതായുള്ള (46:29) ആയത്തും ഖുര്‍ആനിലുണ്ട്. മനുഷ്യരെപ്പോലെ ജിന്നുകളും ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ക്കതീതമല്ല.
    അബൂജഹല്‍, ഉത്ബത്ത് തുടങ്ങിയവരെപ്പോലെത്തന്നെ ഇസ്‌ലാമിന്റെ ബദ്ധവൈരിയായിരുന്നു ആദ്യകാലത്ത് ഉമര്‍ (റ) വും. അദ്ദേഹം ഇസ്‌ലാം വിശ്വസിക്കാനുണ്ടായ കാരണം ഖുര്‍ആനിലെ ഇരുപതാമത്തെ അദ്ധ്യായമായ ത്വാഹാ സൂറത്ത് കേള്‍ക്കാന്‍ ഇടവന്നതായിരുന്നുവെന്നതാണ് സത്യം. മുസ്‌ലിമാണെന്ന് പുറത്തറിയാന്‍ പാടില്ലാത്ത ഒരു സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മതപരിവര്‍ത്തനമുണ്ടായത്. എന്നിട്ടും അബൂജഹലിന്റെ അടുക്കല്‍ ചെന്ന് മുഖത്തു നോക്കി ഞാന്‍ ഇസ്‌ലാം മതം വിശ്വസിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് ഊര്‍ജ്ജം നല്‍കിയത് വിശുദ്ധ ഖുര്‍ആനല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഇസ്‌ലാമിന്റെ ആദ്യകാല പ്രഭാവത്തിന്റെ പ്രഭവകേന്ദ്രം ഉമര്‍ (റ) വായിരുന്നു. പ്രവാചകന്‍ അദ്ദേഹത്തിന് സ്വര്‍ഗം വാഗ്ദാനം ചെയ്യുകയുണ്ടായി.
    ഇവയെല്ലാം ഇസ്‌ലാമിന്റെ ആദ്യകാല സുവര്‍ണ്ണ സംഭവങ്ങളാണ്. പില്‍ക്കാലത്തും ഖുര്‍ആന്റെ മാസ്മരിക ശക്തിയുടെ മകുടോദാഹരണങ്ങള്‍ വിരളമല്ല. ഇന്നും കുറവല്ലാത്തനിലയില്‍തന്നെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അവ പരസ്യമാകുന്നില്ലെങ്കിലും.
                (ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി, ചെമ്മാട്, മലപ്പുറം)
           
ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍

ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍
അമാനത്ത് അബ്ദുല്ല മുസ്‌ലിയാര്‍

    ഖുര്‍ആനികാദ്ധ്യാപനവും അദ്ധ്യയനവും പോലെ അത് പാരായണം ചെയ്യലും പാരായണം ചെയ്യുന്നത് കേള്‍ക്കലും വളരെ പുണ്യമുള്ള കര്‍മങ്ങളാണ്. യഥാവിധി ഖുര്‍ആന്‍ പാരായണം ചെയ്യുക വഴി നമുക്ക് പല നേട്ടങ്ങളുമുണ്ടാക്കാന്‍ കഴിയും. തദ്വിഷയകമായ ആയത്തുകളും ഹദീസുകളും നിരവധിയാണ്. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ ഗ്രന്ഥം ഓതുകയും നിസ്‌കാരം നിലനിര്‍ത്തുകയും നാം കൊടുത്തത്തില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീരെ നഷ്ടം വരാത്ത ഒരു കച്ചവടം ആഗ്രഹിക്കുന്നവരാണ് (35:29). നിസ്‌കാരം, ദാനധര്‍മം എന്നിവയോടൊപ്പം ഖുര്‍ആന്‍ പാരായണവും പരാമര്‍ശിക്കപ്പെട്ടിരിക്കയാണിവിടെ. വിനഷ്ടമല്ലാത്തൊരു വ്യാപാരമാണ് ഖുര്‍ആന്‍ പാരായണമെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ''ഗ്രന്ഥത്തില്‍നിന്ന് നിനക്ക് സന്ദേശം അറിയിക്കപ്പെട്ടതിനെ നീ പാരായണം ചെയ്തുകൊണ്ടിരിക്കുക. നിസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക (29:45).
    ആയിശ (റ) യില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്: ഖുര്‍ആനില്‍ പ്രാവീണ്യം നേടിയവര്‍ പുണ്യവാളന്മാരായ മലക്കുകളോടുകൂടെയായിരിക്കും. ഖുര്‍ആന്‍ ഓതുന്നതില്‍ പ്രയാസത്തോടെ വിക്കി വിക്കി ഓതുന്നവന് രണ്ട് പ്രതിഫലമുണ്ട്.
    അബൂ ഹുറൈറ നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: പ്രവാചകന്‍ ചോദിച്ചു: നിങ്ങളിലൊരാള്‍  നിങ്ങളുടെ വീട്ടുകാരിലേക്കു മടങ്ങിച്ചെല്ലുമ്പോള്‍ തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ മൂന്നു ഒട്ടകങ്ങളെ അവിടെ കണ്ടെത്തുന്നത് നിങ്ങള്‍ക്കു ഇഷ്ടമാകുമോ? ഞങ്ങള്‍ പറഞ്ഞു: അതെ. അപ്പോള്‍ തിരുമേനി പറഞ്ഞു: എന്നാല്‍ നിങ്ങള്‍ നിസ്‌കാരത്തിലോതുന്ന മൂന്ന് ആയത്തുകള്‍ മൂന്ന് തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ ഒട്ടകങ്ങളെക്കാള്‍ അവന് ഗുണമേറിയതാണ് (മുസ്‌ലിം).
    ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പരലോകത്ത് പ്രത്യേകം പരിഗണനയുണ്ടാകും. ഇബ്‌നു ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: ഖുര്‍ആന്റെ ആളുകളോട് പറയപ്പെടും: നിങ്ങള്‍ ഓതുക. ഇഹത്തില്‍വെച്ച് നീ എപ്രകാരം ഓതിയിരുന്നുവോ അപ്രകാരം സാവകാശം ഓതിക്കൊള്ളുക. നീ ഓതുന്നതിന്റെ അവസാനത്തിലായിരിക്കും നിന്റെ സ്ഥാനം (അഹ്മദ്). ഓത്തിനനുസരിച്ച് ഒരാള്‍ക്ക് സ്ഥാന പ്രാപ്തി സാധ്യമാണെന്നും    പരലോക ഔന്നത്യത്തിന്റെ മാനദണ്ഡം സാവധാനം നല്ലനിലയില്‍ ഓതലാണെന്നും ഈ ഹദീസില്‍നിന്നും വ്യക്തമാകുന്നു.
    മുസ്‌ലിം സമുദായത്തിന് അല്ലാഹു നല്‍കിയ ഒരു ഭാഗ്യസമ്മാനമാണ് ഖുര്‍ആന്‍. അത്യാഗാധമായൊരു വിജ്ഞാന സാഗരമാണത്. ഇസ്‌ലാമിന്റെ വൈരികള്‍ക്ക് അത് പുല്‍കാന്‍ ഭാഗ്യമില്ലാതെപോയി. എന്നാല്‍, ഈ ഖുര്‍ആന്‍ പഠിക്കാതെയും പാരായണം ചെയ്യാതെയുമിരിക്കല്‍ വലിയ വീഴ്ചയും നഷ്ടവുമായിട്ടാണ് ഇസ്‌ലാം കാണുന്നത്. മുആവിയ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: മൂന്നു വസ്തുക്കള്‍ ഐഹിക ലോകത്ത് പരദേശികളാണ്. അധര്‍മകാരിയുടെ മനസ്സിലെ ഖുര്‍ആന്‍, ദുര്‍ജ്ജനങ്ങള്‍ക്കിടയിലെ സാത്വികര്‍, വീട്ടില്‍ ഓതപ്പെടാതെയിരിക്കുന്ന ഖുര്‍ആന്‍ എന്നിവയാണവ. ഖുര്‍ആന്‍ പഠിച്ച ഒരാള്‍ അതു പാരായണം ചെയ്തില്ലെങ്കില്‍ അവനെതിരിലത് മഹ്ശറയില്‍ സാക്ഷി നില്‍ക്കുന്നതാണ്. 'എന്റെ രക്ഷിതാവേ, ഇതാ, എന്നെ പരിത്യജിച്ച നിന്റെ അടിമ. എന്റെയും ഇവന്റെയും ഇടയില്‍ നീ വിധി കല്‍പിക്കേണമേ (ഹദീസ്).
    ഖുര്‍ആന്‍ പാരായണം യഥാവിധിയാകുമ്പോള്‍ മാത്രമേ ഖുര്‍ആന്റെ മധുരിമയും അമാനുഷികതയും  മറ്റു ഗുണവിശേഷങ്ങളുമെല്ലാം അനുഭവിക്കാന്‍ കഴിയുകയുള്ളൂ. അല്ലാഹു പറയുന്നു: ''നാം ആര്‍ക്ക് വേദം നല്‍കുകയും അവര്‍ അത് മുറപ്രകാരം പാരായണം ചെയ്യുകയും ചെയ്യുന്നുവോ അവര്‍ അതില്‍ (ഖുര്‍ആന്‍) വിശ്വസിക്കുന്നു. ആരെങ്കിലും അതിനെ നിഷേധിച്ചുകളഞ്ഞാല്‍ അവര്‍ തന്നെയാണ് നഷ്ടപ്പെട്ടവര്‍ (2:121). വിധിവിലക്കുകള്‍ പാലിച്ചും വാക്യങ്ങള്‍ മാറ്റിമറിക്കാതെയും തെറ്റാതെയും പാരായണം ചെയ്യുമ്പോള്‍ മാത്രമേ പാരായണം മുറപ്രകാരമാവുകയുള്ളൂ. ഇമാം ഗസാലി (റ) പറയുന്നു: മുറപ്രകാരം പാരായണം ചെയ്യുക എന്നാല്‍ നാവും ബുദ്ധിയും ഹൃദയവും പാരായണത്തില്‍ പങ്കു ചേരുക എന്നതാണ്. നാവിന്റെ പങ്ക് അക്ഷരങ്ങള്‍ വ്യക്തമായി ഉച്ചരിക്കലും ബുദ്ധിയുടെ പങ്ക് അര്‍ത്ഥങ്ങള്‍ വിശകലനം ചെയ്യലും ഹൃദയത്തിന്റെ പങ്ക് വിധിവിലക്കുകള്‍ സ്വീകരിക്കലും ഉദ്‌ബോധനങ്ങള്‍ ഉള്‍കൊള്ളലുമാണ്.
    ഖുര്‍ആന്‍ പാരായണത്തിന് അതിന്റേതായ ഒരു ശൈലിയുണ്ട്. തജ്‌വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം) പഠിച്ചവര്‍ക്കേ ഖുര്‍ആന്‍ യഥാവിധി പാരായണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. തജ്‌വീദ് പഠിക്കാതെയും നീട്ടിയും കുറുക്കിയും മണിച്ചും ഈണത്തിലുമൊക്കെ ഖുര്‍ആന്‍ ഓതാന്‍ കഴിഞ്ഞെന്നുവരും. പക്ഷെ, അതിലെ വൈകല്യങ്ങള്‍ പഠിച്ചവര്‍ക്ക് വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
    ഖുര്‍ആന്റെ പാരായണ ശൈലി കവിതാ രൂപത്തിലോ പദ്യ-ഗദ്യ രൂപത്തിലോ അല്ല. അത്തരം രൂപ ശൈലികളിലൊന്നും തന്നെ അത് പാരായണം ചെയ്തുകൂടാ. അല്ലാഹു ഖുര്‍ആന്‍ ഇറക്കിയ ശൈലിയെയോ  പണ്ഡിതന്മാര്‍ ഏകോപിച്ച തജ്‌വീദ് നിയമങ്ങളെയോ പരിഗണിക്കാതെ ഒരാല്‍ ഖുര്‍ആന്‍ ഓതിയാല്‍ അതൊരിക്കലും ഖുര്‍ആന്‍ ആവുകയില്ല. അത്തരം ഖിറാഅത്തുകള്‍ നിമിത്തം നിസ്‌കാരം അസാധുവാകുന്നതുമാണ്. ഇബ്‌നു ഹജര്‍ (റ) വിന്റെ ഫതാവ പോലുള്ള ഗ്രന്ഥങ്ങളില്‍ ഇത് വിവരിക്കുന്നുണ്ട്. ഇബ്‌നു ഗാസി തന്റെ ശറഹില്‍ പറയുന്നു: തജ്‌വീദ് പഠനം ഫര്‍ദ് കിഫയാണെന്നതില്‍ രണ്ട് അഭിപ്രായങ്ങള്‍ക്ക് ഇടമില്ല. ഖുര്‍ആന്‍ പാരായണത്തില്‍ തജ്‌വീദ് പ്രാവര്‍ത്തികമാക്കല്‍ ഏതൊരു സ്ത്രീ-പുരുഷനും ഫര്‍ദ് ഐനുമാണ്. ഇക്കാര്യം ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറഞ്ഞു: 'നീ വളരെ സാവധാനത്തില്‍ ഓതുക.' സരള ഭംഗിയോടെ തജ്‌വീദ് അനുസരിച്ച് ഓതുക എന്ന വിശദീകരണമാണ് ഇവിടെ ഇമാം ബൈളാവി നല്‍കിയിരിക്കുന്നത്. ഇവിടെ, സംബോധന പ്രവാചകരോടാണെങ്കിലും ഉദ്ദേശ്യം മറ്റുള്ളവരാണ്. പ്രവാചകന്‍ പറഞ്ഞു: എത്രയെത്ര ഓത്തുകാരാണ്, ഖുര്‍ആന്‍ അവരെ ശപിച്ചുകൊണ്ടിരിക്കുന്നു!. ഖുര്‍ആന്‍ അധ്യാപനങ്ങളുടെ അനുഷ്ടാനത്തില്‍ വിഘ്‌നത വരുത്തുമ്പോഴാണ് ഖുര്‍ആന്‍ ശാപത്തിന് ശരവ്യമാകുന്നത്. മുറപ്രകാരം സാവകാശം പാരായണം ചെയ്യുക അനുഷ്ടാനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ്.
    ശൈഖ് മുഹമ്മദ് മക്കി എന്ന പണ്ഡിതന്‍ തന്റെ നിഹായത്തുല്‍ ഖൗലില്‍ മുഫീദ് ഫീ ഇല്‍മിത്തജ്‌വീദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഓതുന്നവര്‍ പ്രധാനമായും ഖുര്‍ആന്റെ മൂന്നു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.  1) നിപുണനും ബുദ്ധിശാലിയും പ്രവാചകരില്‍നിന്നും പരമ്പര മുറിയാത്തവനുമായ ഒരു അധ്യാപകനില്‍നിന്നും  ഓത്ത് പഠിക്കുക. 2) ഉസ്മാനി എഴുത്ത് സാമാന്യമായെങ്കിലും അറിഞ്ഞിരിക്കുക. 3) ഖിറാഅത്ത് ഖുര്‍ആന്‍ വ്യാകരണ ശാസ്ത്രവുമായി ഏതെങ്കിലും വിധേന യോജിക്കുക. ഈ മൂന്നു കാര്യങ്ങള്‍ക്ക് വിഘ്‌നത സൃഷ്ടിച്ചാല്‍ ഓത്ത് നിയമാതീതമായി തീരുന്നതാണ്.
    പ്രവാചകരുടെ കാലത്ത് ഖുര്‍ആന്‍ പഠനം ഇന്നത്തേതുപോലെ ഗ്രന്ഥങ്ങള്‍ ആശ്രയിച്ചായിരുന്നില്ല. സ്വരചിഹ്നങ്ങളും പുള്ളികളുമൊന്നും അന്ന് നടപ്പിലുണ്ടായിരുന്നില്ല. പിന്നീട്, അറബി ലിപിയില്‍ പല പരിഷ്‌കരണങ്ങളും നടക്കുകയുമുണ്ടായി. ഉസ്മാനി മുസ്ഹഫുകളില്‍ പുള്ളികളും സ്വരചിഹ്നങ്ങളുമൊന്നും ഉണ്ടായിരുന്നില്ല. നഹ്‌വും ഇക്കാലത്ത് ഇല്ലായിരുന്നു. അവര്‍ പിഴവ് പറ്റാത്ത അറബികളായതിനാലായിരിക്കും ഇത്.  ആദ്യമായി നഹ്‌വും മുസ്ഹഫില്‍ സ്വരചിഹ്നങ്ങളും നടപ്പാക്കിയത് അബുല്‍ അസ്‌വദു ദ്ദുവലി എന്ന പണ്ഡിതനാണ്. ചുവന്ന ഓരോ പുള്ളികളിട്ടായിരുന്നു ഇതിന്റെ തുടക്കം- അകാര ചിഹ്നം അക്ഷരത്തിന്റെ മുകളിലും  ഇകാര ചിഹ്നം അക്ഷരത്തിന്റെ താഴെയും ഉകാര ചിഹ്നം അക്ഷരത്തിന്റെ നടുവിലുമായിരുന്നു ഇട്ടിരുന്നത്.  വലീദ് ബിന്‍ അഹ്മദ് എന്നയാള്‍ പിന്നീട് ഇതില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തി. ശദ്ദ്, മദ്ദ്, ഹംസ വസ്‌ലിന്റെ ചിഹ്നം തുടങ്ങിവ അതില്‍പെടുന്നു. ഹജ്ജാജു ബിന്‍ യൂസുഫിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. പുള്ളി ആദ്യമായി നടപ്പാക്കിയത് നസ്‌റു ബിന്‍ ആസിം എന്ന പണ്ഡിതനാണ് (ഖസീനത്തുല്‍ അസ്‌റാര്‍).
    ഖുര്‍ആന്‍ ഇറക്കപ്പെട്ട കാലത്ത് ഏഴുവിധം ഓത്തുകള്‍ നിലവിലുണ്ടായിരുന്നു. പക്ഷെ, അവ ഇന്ന് നിലവിലില്ല. നബിക്ക് അവസാന വര്‍ഷം രണ്ടു തവണ സമ്പൂര്‍ണമായി ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുകയുണ്ടായി. അതനുസരിച്ചാണ് പിന്നീട് ഓത്ത് നിലവില്‍ വന്നത്. അതോടെ മറ്റുള്ള ഓത്തുകളെല്ലാം ദുര്‍ബലപ്പെടുകയുണ്ടായി. അബൂബക്ര്‍ (റ), ഉമര്‍ (റ), ഇബ്‌നു മസ്ഊദ് (റ), ഉബയ്യ്, സൈദ്, സാലിം, മുആദ്, ഇബ്‌നു അബ്ബാസ്, ഉസ്മാന്‍, അലി (റ) തുടങ്ങിയവര്‍ ഖുര്‍ആന്‍ പാരായണക്കാരില്‍ പേരെടുത്തു പറയേണ്ടവരാണ്.  ഓത്തിന് നാം അവലംബിക്കുന്ന ഏഴു ഓത്തുകാരായ അബൂ അംറ്, ബിന്‍ കസീര്‍, നാഫിഅ്, ഇബ്‌നു ആമിര്‍, ആസ്വിം, സംസ, അലി തുടങ്ങിയവര്‍ ഈ പരമ്പരയില്‍ പെട്ടവരാണ്.
    തജ്‌വീദിന്റെ അനുബന്ധവിഷയം എന്ന നിലക്കാണ് ഇത്രയും പറഞ്ഞത്. വഖ്ഫ് (വെപ്പ്), മഖ്‌റജ് (ഉച്ചാരണം), വസ്‌ല് (ചേര്‍ത്തിയോതല്‍), ഗുന്നത്ത് (മണിക്കല്‍), ഇദ്ഗാം (മിശ്രണം), ഇള്ഹാര്‍ (വെളിവാക്കല്‍), ഇഖ്ഫാഅ് (മറക്കല്‍), ഇഖ്‌ലാബ് (മറിക്കല്‍), മദ്ദ് (ദീര്‍ഘം), ഖസ്‌റ് (കുറുക്കല്‍), സക്ത്ത (അടുക്കം) മുതലാവയെല്ലാം ഓത്തുകാരന്റെ അനിവാര്യ ശ്രദ്ധ പതിയേണ്ടവയാണ്. ഇവയെല്ലാം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.
    ഒരാള്‍ എത്ര കണ്ടു ഖുര്‍ആന്‍ ഓതണം? പൂര്‍വികരുടെ മാതൃക ഇതില്‍ എന്താണ്? നമുക്ക് പരിശോധിച്ചുനോക്കാം: പൂര്‍വികര്‍ ഖുര്‍ആന്‍ ഖതം തീര്‍ക്കുന്ന സമയങ്ങള്‍ ഭിന്നമാണ്. രണ്ടു മാസത്തിലൊരിക്കല്‍ ചിലര്‍ ഖത്തം തീര്‍ക്കുമ്പോല്‍ ഓരോ മാസത്തിലും ഓരോ ഖത്തം തീര്‍ക്കുന്നവരാണ് മറ്റു ചിലര്‍. ഏഴു മാസത്തിലൊരിക്കല്‍ പൂര്‍ത്തിയാക്കുന്ന ചിലരുമുണ്ട്. അതേസമയം, ആറു ദിവസത്തിലും അഞ്ചു ദിവസത്തിലും നാലു ദിവസത്തിലും മൂന്നു ദിവസത്തിലുമൊക്കെ ഖത്തം തീര്‍ക്കുന്നവരുമുണ്ടായിരുന്നു. പകലും രാത്രിയും കൂടി രണ്ടോ മൂന്നോ ഖത്തം തീര്‍ക്കുന്നവരെയും ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. നന്നാലു വീതം രാത്രിയും പകലുമായി എട്ടു ഖത്തം തീര്‍ക്കുന്നവരും വളരെ വിരളമായിട്ടാണെങ്കിലും ഉണ്ടായിട്ടുണ്ട്. മഹാനായ സയ്യിദ് ഇബ്‌നുല്‍ കാത്തിബ് ഇത്തരം മഹാന്മാരില്‍ ഒരാളായിരുന്നു. പൂര്‍വ്വ സൂരികള്‍ക്കിടയില്‍ ഇത്തരം വിവിധ ഗണത്തിലുള്ളവരെ കാണാവുന്നതാണ് (അദ്കാറുന്നബവി).
    ഇമാം അബൂ ഹനീഫയുടെ അഭിപ്രായപ്രകാരം വര്‍ഷത്തില്‍ രണ്ടു തവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്താല്‍ ഖുര്‍ആന്റെ അവകാശം വകവെച്ചുകൊടുത്തുവെന്നാണ്. എന്നാല്‍, നാല്‍പത് ദിവസത്തെക്കാള്‍ ഒരു ഖത്തം പിന്തിപ്പിക്കല്‍ കറാഹത്താണെന്നാണ് ഇമാം അഹ്മദ് (റ) വിന്റെ പക്ഷം. അബ്ദുല്ലാഹിബ്‌നു അംറ് (റ) ഒരിക്കല്‍  പ്രവാചകരോട് ചോദിച്ചു. എത്രകൂടുമ്പോള്‍ ഖുര്‍ആന്‍ ഓതി പൂര്‍ത്തിയാക്കണം? അവിടന്നു പറഞ്ഞു: നാല്‍പത് ദിവസത്തിലൊരിക്കല്‍ (അബൂ ദാവൂദ്). പക്ഷെ, ഇതൊരിക്കലും ഒരു നിര്‍ബന്ധ കല്‍പനയല്ല.
    നിസ്‌കാരമാണ് ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും അനുയോജ്യമായ സമയം. നിസ്‌കാരത്തില്‍ ഖിറാഅത്തുമായി നിര്‍ത്തം ദീര്‍ഘിപ്പിക്കുന്നതാണ് സുജൂദും മറ്റും ദീര്‍ഘിപ്പിക്കുന്നതിനെക്കാള്‍ ഉത്തമമെന്നാണ് ഇമാം ശാഫിഈ (റ) വിനെപ്പോലെയുള്ളവരുടെ അഭിപ്രായം. നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ, രാത്രിയുടെ അന്ത്യയാമവും രാത്രിയുമാണ് ഖിറാഅത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. ഇശാ-മഗ്‌രിബിനിടയിലും ഓത്ത് പുണ്യംതന്നെ. പകല്‍ ഓതുന്നവര്‍ക്ക് സുബ്ഹി നിസ്‌കാരത്തിനു ശേഷമാണ് ഏറ്റവും ഉത്തമം. നിസ്‌കാരം വിലക്കപ്പെട്ട സമയങ്ങളില്‍ ഖിറാഅത്തിന് യാതൊരു വിരോധവുമില്ല. വെള്ളി, തിങ്കള്‍, വ്യാഴം, അറഫാ ദിനം,  ദുല്‍ ഹിജ്ജ ആദ്യ പത്ത്, റമദാന്‍, പ്രത്യേകിച്ചും റമദാന്‍ അവസാന പത്ത് തുടങ്ങിയവ ഖുര്‍ആന്‍ പാരായണത്തിന് തെരഞ്ഞെടുക്കല്‍ വളരെ ഉത്തമമാണ്.
    തികഞ്ഞ നിഷ്‌കളങ്കതയോടുകൂടിയായിരിക്കണം ഖുര്‍ആന്‍ പാരായണം. ഓത്തുകാരന്‍ അല്ലാഹുവിന്റെ പ്രതിഫലമല്ലാതെ യാതൊരു മുതലെടുപ്പും ആഗ്രഹിക്കാവതല്ല. ഖുര്‍ആന്‍ ഉദരപൂരണത്തിനുള്ള മാര്‍ഗമാക്കല്‍ വലിയ തെറ്റാണ്. അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഓതുന്നതെന്നും അവനോടുള്ള സംഭാഷണമാണ് ചെയ്യുന്നതെന്നുമുള്ള തികഞ്ഞ ബോധം ഓത്തുകാരന് ഉണ്ടായിരിക്കണം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ ഏറ്റവും വലിയ ഗുരു ഖുര്‍ആനുശ്ശരീഫാണ്. ആ ഗുരുവിന്റെ മുമ്പില്‍ വിനയാന്വിതനായി ഇരിക്കേണ്ടതുണ്ട്.
    സുഗന്ധം ഉപയോഗിക്കുക, വുളൂ എടുക്കുക, മിസ്‌വാക്ക് ചെയ്യുക, വായ ശുദ്ധി വരുത്തുക, ഭംഗിയുള് വസ്ത്രം ധരിക്കുക മുതലായ കാര്യങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്ന് സുന്നത്തുണ്ട്. നജസായ വായകൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടുള്ളതല്ല. അത് കറാഹത്താണെന്നും ഹറാമാണെന്നും അഭിപ്രായങ്ങളുണ്ട്. കോട്ടുവായുവും കീഴ്‌വായുവും ഉണ്ടാകുമ്പോള്‍ ഖിറാഅത്ത് നിര്‍ത്തല്‍ ചെയ്യേണ്ടതാണ്. നല്ല വൃത്തിയുള്ള സ്ഥലത്തു വെച്ചായിരിക്കണം പാരായണം. പള്ളിയായിരിക്കല്‍ ഏറ്റവും നല്ലതാണ്. അങ്ങാടികളിലും കളിവിനോദങ്ങളും ശബ്ദകോലാഹലങ്ങളും ഉയരുന്ന സ്ഥലങ്ങളിലും മൂഢന്മാരുടെ സങ്കേതങ്ങളിലും ഖുര്‍ആന്‍ ഓതുക നല്ലതല്ല. എന്നാല്‍, ചിന്തിക്കാന്‍ ശേഷിയുള്ള ആളുകള്‍ക്കിടയില്‍ ഓതാവുന്നതാണ്. അവര്‍ക്കേ ഖുര്‍ആന്റെ വിശിഷ്ടതകള്‍ ഉള്‍കൊള്ളാന്‍ കഴിയുകയുള്ളൂ.
    പ്രാരംഭത്തില്‍ പിശാചില്‍നിന്ന് കാവല്‍ തേടലും ബിസ്മി ചൊല്ലലും സുന്നത്തുണ്ട്. അല്ലാഹു പറയുന്നു: നീ ഖുര്‍ആന്‍ ഓതിയാല്‍ (ഓതാന്‍ ഉദ്ദേശിച്ചാല്‍) പിശാചില്‍നിന്ന് അല്ലാഹുവിനോട് അഭയം തേടുക (നഹ്ല്‍: 98). ചുരുക്കം ചിലര്‍ ഇവിടെ ആയത്തിന്റെ ബാഹ്യാര്‍ത്ഥമനുസരിച്ച് കാവല്‍ തേടല്‍ ഓത്ത് കഴിഞ്ഞിട്ടാണെന്ന് പറഞ്ഞിട്ടുണ്ട്. പൂര്‍വികരും പിന്‍ഗാമികളുമായ ഏതാണ്ടെല്ലാ മുഫസ്സിരീങ്ങളും ഓത്ത് ആരംഭക്കുമ്പോള്‍ എന്നുതന്നെയാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. അഊദു നിര്‍ബന്ധമാണെന്ന പക്ഷക്കാരെയും കാണാവുന്നതാണ്. ഓത്ത് മറ്റൊരാള്‍ കേള്‍ക്കുമെന്നുണ്ടെങ്കിലും മറ്റൊരാള്‍ക്ക് ഓതിക്കൊടുക്കുമ്പോഴും അഊദു ഉച്ചത്തിലാക്കുന്നതാണ് നല്ലത്. സ്വയമോ നിസ്‌കാരത്തിലോ ഓതുമ്പോള്‍ മെല്ലെയും ഓതണം. അല്ലാഹുവിന്റെ തിരുനാമത്തില്‍ സമാരംഭിക്കുക എന്നതാണ് ബിസ്മി ചൊല്ലുന്നതിന്റെ പൊരുള്‍. പ്രവാചകന്‍ പറഞ്ഞു: ജിബ്‌രീല്‍   വഹ്‌യുമായി എന്റെ അടുക്കല്‍ വന്നാല്‍ ബിസ്മി ആയിരിക്കും ആദ്യം ഓതിത്തരിക (ദാറഖുത്‌നി). ബിസ്മിയുടെ മഹത്വത്തിന് നിദര്‍ശനമായി ധാരാളം ഹദീസുകള്‍ വേറെയുമുണ്ട്. ബറാഅത്ത് ഒഴിച്ചുള്ള എല്ലാ സൂറത്തുകളുടെയും തുടക്കത്തില്‍ ബിസ്മി ഒരായത്തിന്റെ സ്ഥാനം അലങ്കരിക്കുന്നുവെന്നാണ് അധിക പണ്ഡിതരുടെയും പക്ഷം. അവര്‍ക്കിടയില്‍ ഇവ്വിഷയകമായി നീണ്ട അഭിപ്രായാന്തരങ്ങള്‍ കാണാം. ഉച്ചത്തിലോതുമ്പോഴെല്ലാം ബിസ്മിയും ഉച്ചത്തിലായിരിക്കണം. ഖുര്‍ആന്‍ പാരായണം എന്നല്ല, എല്ലാ നല്ല കാര്യങ്ങളുടെയും പ്രാരംഭം ബിസ്മി ചൊല്ലിയ ശേഷമായിരിക്കല്‍ സുന്നത്താണ്.
    അറിവുള്ളവര്‍ അര്‍ത്ഥം ചിന്തിച്ചുകൊണ്ടായിരിക്കണം ഓതേണ്ടത്. അര്‍ത്ഥം അറിയാതെയുള്ള ഓത്തും പ്രതിഫലാര്‍ഹം തന്നെയാണ്. അതുപോലെ, സാവധാനത്തിലും ഭക്തിയോടെയും പാരായണം ചെയ്യണം. ഓതുമ്പോള്‍ കരയല്‍ സുന്നത്തുണ്ട്. കരയാന്‍ കഴിയുന്നില്ലെങ്കില്‍ അഭിനയിച്ചെങ്കിലും കരയണമെന്നാണ് പ്രവാചകര്‍ പഠിപ്പിക്കുന്നത്. കാണാതെ ഓതുന്നതിനെക്കാള്‍ നല്ലത് മുസ്ഹഫില്‍ നോക്കി ഓതുന്നതാണ്. പ്രവാചകന്‍ പറഞ്ഞു: ആരാധനകളില്‍നിന്ന് കണ്ണിനുള്ള അവകാശം നിങ്ങള്‍ നല്‍കുക. അവര്‍ ചോദിച്ചു: പ്രവാചകരെ, കണ്ണിന്റെ അവകാശമെന്താണ്? പ്രവാചകന്‍ പറഞ്ഞു: മുസ്ഹഫില്‍ നോക്കലും അതില്‍ ചിന്തിക്കലുമാണ്. ഇനി, കാണാതെ ഓതുമ്പോഴാണ് ചിന്തിക്കാന്‍ കഴിയുന്നതെങ്കില്‍ അങ്ങനെ ഓതുന്നതാണ് നല്ലത്.
    ലോകമാന്യം പിടികൂടുകയില്ലെന്ന് കാണുമ്പോള്‍ ഉറക്കെ ഓതലാണ് ഉത്തമം. പക്ഷെ, അത് നിസ്‌കരിക്കുന്നവര്‍ക്കോ ഉറങ്ങുന്നവര്‍ക്കോ ശല്യം ചെയ്യുന്നതാവരുതെന്ന ഉപാധിയുണ്ട്. മെല്ലെ ഓതുന്നതില്‍നിന്നും ആപേക്ഷികമായി ഉറക്കെ ഓതുന്നതിലാണ് ഗുണമധികവും. ശബ്ദം ഭംഗിയാക്കുക, പരസ്പരം ബന്ധമുള്ള  തലമുതല്‍ തുടങ്ങുക, ഇടക്കുവെച്ച് ഓത്തു മുറിക്കാന്‍ അവസരമുണ്ടാകാത്ത വിധം ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് ശാന്തമായി ഓതുക തുടങ്ങിയവ സുന്നത്തുണ്ട്. ഓത്തിനിടക്ക് സലാം പറഞ്ഞാല്‍ സുന്നത്ത് കിട്ടാതിരിക്കയില്ല. തുമ്മിയാല്‍ സ്തുതിക്കാനും തശ്മീത്ത് ചെല്ലാനും ബാങ്കിന് ഇജാബത്ത് ചെയ്യാനും ഓത്ത് മുറിക്കല്‍ സുന്നത്ത് തന്നെയാണ്. പണ്ഡിതര്‍ പോലെയുള്ളവരുടെ ആഗമനത്തിന് ഓത്തുകാരന്‍ ഓത്തു മുറിക്കലിന് വിരോധമില്ല. സൂറത്തുകളുടെ ക്രമമനുസരിച്ച് ഓതുക, ഓത്തില്‍ പ്രവാചകരുടെ പേര് പരാമര്‍ശിക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുക, കാരുണ്യത്തിന്റെ ആയത്തുകളോതുമ്പോള്‍ അല്ലാഹുവിനോട് കാരുണ്യം ചോദിക്കുക,  ശിക്ഷയുടെ ആയത്തുകള്‍ ഓതപ്പെടുമ്പോള്‍ അവനോട് കാവല്‍ ചോദിക്കുക, സജദയുടെ ആയത്തുകള്‍ ഓതപ്പെടുമ്പോള്‍ സുജൂദ് ചെയ്യുക തുടങ്ങിയ  കാര്യങ്ങളും സുന്നത്തില്‍ പെടുന്നു. ഓത്ത് നിന്നാണെങ്കിലും ഇരുന്നാണെങ്കിലും ഖിബ്‌ലക്ക് മുന്നിട്ടായിരിക്കണം. ചമ്പറംപടിയിട്ടും ചാരിയിരുന്നിട്ടും ഓതുന്നത് നല്ലതല്ല. ഓത്തിനിടയില്‍ അനാവശ്യവും അന്യവുമായ സംസാരം, വിനോദാത്മക വസ്ത്തുക്കളിലേക്കുള്ള നോട്ടം തുടങ്ങിയവ വര്‍ജ്ജിക്കേണ്ടതാണ്.
    ജനാബത്തുള്ളവര്‍ക്കും ഹൈളും നിഫാസുമുള്ളവര്‍ക്കും ഖുര്‍ആന്‍ പാരായണം നിഷിദ്ധമാണ്. കുറച്ച്, കൂടുതല്‍ എന്ന വ്യത്യാസം അവിടെയില്ല. അവര്‍ക്ക് ഖുര്‍ആന്‍ ഉച്ചരിക്കാതെ ഹൃദയത്തിലൂടെ നടത്താവുന്നതാണ്. മുസ്ഹഫില്‍ നോക്കുന്നതിന് വിരോധമൊന്നുമില്ല. ദിക്ര്‍ ചൊല്ലലും തഥൈവ. വുളൂ ഇല്ലാത്തവര്‍ ഖുര്‍ആന്‍ സ്പര്‍ശിക്കലും വഹിക്കലും നിഷിദ്ധമാണ്. ഖുര്‍ആന്റെ സംരക്ഷണത്തിന് തയ്യാറാക്കപ്പെട്ട സഞ്ചി, പെട്ടി, മുസ്ഹഫിന്റെ ചട്ട എന്നിവയുടെ വിധിയും ഇപ്രകാരം തന്നെ. നജസ് കൊണ്ടോ നജസിന്റെ മുകളിലോ ഖുര്‍ആന്‍ എഴുതലും ഖുര്‍ആനില്‍ സ്പര്‍ശിക്കലും ഹറാമുതന്നെ. ഭക്ഷണം, വസ്ത്രങ്ങള്‍, മതിലുകള്‍ (അവ പള്ളിയുടെതായാലും) തുടങ്ങിയവയില്‍ ഖുര്‍ആന്‍ എഴുതല്‍ കറാഹത്താണ്. കേട്ടാല്‍ നിഷേധിക്കുമെന്ന് ഉറപ്പുള്ള ആക്രമിയുടെ മുമ്പിലും ഖുര്‍ആന്‍ ഓതല്‍ പാടുള്ളതല്ല.
    ഖുര്‍ആന്‍ ഓതിത്തീര്‍ന്നാല്‍ പ്രാര്‍ത്തിക്കല്‍ ഉത്തമമായ സുന്നത്താണ്. ദുആക്ക് മറുപടി ആഗ്രഹിക്കപ്പെടാവുന്ന സമയങ്ങളില്‍ ഒന്നാണിത്. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ ഖുര്‍ആന്‍ ഓതിത്തീര്‍ന്നാല്‍ ഉത്തരം കിട്ടപ്പെടുന്ന ഒരു പ്രാര്‍ത്ഥന അല്ലാഹുവിന്റെ അടുക്കല്‍ അവന് അവകാശപ്പെട്ടതാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ ഐഹിക ലോകത്തുവെച്ചുതന്നെ അവനത് നല്‍കും. അവന്‍ ഉദ്ദേശിച്ചാല്‍ ആഖിറത്തിലേക്ക് അതിനെ മാറ്റിവെക്കുകയും ചെയ്യും (ത്വബ്‌റാനി). അനസ് (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം:  നിശ്ചയം ഓത്തുകാരന് എല്ലാ ഖത്തത്തോടൊപ്പവും ഒരു ദുആയും സ്വര്‍ഗത്തില്‍ ഒരു വൃക്ഷവും അവകാശപ്പെട്ടതാണ് (ദാരിമി). അനസ് (റ) ഖത്തം തീര്‍ത്താല്‍ കുടുംബങ്ങളെ സംഘടിപ്പിച്ച് ദുആ ചെയ്തിരുന്നതായി  അബൂ ദാവൂദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തം തീര്‍ന്നാല്‍ ഒരു അഞ്ചു ആയത്തിന്റെ കണക്ക് കണ്ട് തുടക്കത്തില്‍ നിന്ന് ഓതി വീണ്ടും ഓത്ത് തുടങ്ങി വെക്കലും അല്ലാഹുവിന്റെ സത്യവചനങ്ങളെ സ്ഥിരീകരിക്കലും  പ്രവാചകരുടെ തബ്‌ലീഗ് സമ്മതിക്കലും സുന്നത്തുണ്ട്. തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടെന്നും അഭിപ്രായമുണ്ട്.
                (ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി, ചെമ്മാട്, മലപ്പുറം)

സ്വഹാബികളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍

സ്വഹാബികളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍
ഡോ. അബ്ദുല്ലാ അബൂ സുഊദ്

    പ്രവാചക ശൃംഘലയിലെ ഏറ്റവും അത്യുല്‍കൃഷ്ഠരാണ് മുഹമ്മദ് നബി. അവിടത്തെ അമാനുഷികകഴിവുകളില്‍ ഏറ്റവും മാഹാത്മ്യമുള്ളതാണ് വിശുദ്ധ ഖുര്‍ആന്‍. അതുകൊണ്ടുതന്നെ, പ്രവാചകന്‍ മരണാനന്തരം ഉപേക്ഷിച്ചവയില്‍ ഏറ്റവും അമൂല്യവും അതുതന്നെ. പ്രവാചകരെ അതിരറ്റു സ്‌നേഹിച്ച സ്വഹാബത്ത് ഖുര്‍ആനില്‍ ദൃഢമായി വിശ്വസിച്ചു. അപ്പപ്പോള്‍ അവതരിച്ച ഖുര്‍ആനിക നിയമങ്ങള്‍ ഒന്നൊഴിയാതെ കൈക്കൊണ്ടു. പ്രവാചകരുടെ കാലത്തുതന്നെ ഖുര്‍ആന്റെ ഗുണകാംക്ഷികളായ അവര്‍ അവടുത്തെ വിയോഗാനന്തരം  ഇസ്‌ലാമിന്റെ പരിപൂര്‍ണ സംരക്ഷണമേറ്റെടുക്കുകയുണ്ടായി. പ്രവാചക ചര്യകളും പരിശുദ്ധ ഖുര്‍ആനും അവര്‍ താല്‍പര്യപൂര്‍വ്വം പരിരക്ഷിച്ചു. പ്രവാചകരില്‍നിന്നുള്‍കൊണ്ട ഇസ്‌ലാമിക സന്ദേശം യഥാവിധി ശേഷക്കാര്‍ക്ക് എത്തിച്ചുകൊടുത്തു.
    പ്രവാചകരുടെ വിയോഗാനന്തരം പല മാറ്റങ്ങളും സംഭവിച്ചു. ബാഹ്യമാത്ര മുസ്‌ലിംകളായിരുന്ന പലരുടെയും ഉള്ളിലിരിപ്പ് പുറത്തു ചാടി, ഇസ്‌ലാമിനെതിരെ തിരിഞ്ഞു. ജീവിത രീതിയിലും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളിലും ദൈനംദിനം മാറ്റങ്ങള്‍ അനുഭവപ്പെട്ടു. പ്രശ്‌നങ്ങളും ആവശ്യങ്ങളും വര്‍ദ്ധിച്ചു. ഇത് സ്വഹാബത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തെ കുറിച്ച് ചിന്തിക്കാന്‍ വഴി വെച്ചു. ഇതിന് പ്രധാനമായി രണ്ടു കാരണങ്ങളുണ്ടായിരുന്നു.
    ഒന്ന്: ഇസ്‌ലാമിനുണ്ടായ വമ്പിച്ച പ്രചാരം. അതെ തുടര്‍ന്ന് പല നാടുകളിലും ഇസ്‌ലാമിക വിപ്ലവം ഉടലെടുത്തു. ഉമര്‍ (റ) വിന്റെ കാലത്ത് ഇറാഖ്, പേര്‍ഷ്യ, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇസ്‌ലാമിന്റെ  പരിധിയില്‍ വന്നു. അവിടങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളായി വികസിച്ചു. അവിടത്തുകാരില്‍ പുതുതായി ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യം ജനിക്കുകയും മറ്റുള്ളവര്‍ ഇവര്‍ക്കു പഠിപ്പിക്കാന്‍ ബധ്യസ്ഥരാവുകയും ചെയ്തു.
    ഉഗ്രമൂര്‍ത്തികളായ ചിന്തകന്മാരും ബുദ്ധിമതികളും ഇസ്‌ലാം ആശ്ലേഷിച്ചു. അവരുടെ ഗഹനമായ ചിന്തകള്‍ ഇസ്‌ലാമിലേക്കു തിരിഞ്ഞു. ഇതോടെ, സംശയങ്ങള്‍ വര്‍ദ്ധിച്ചുവന്നു. കര്‍മശാസ്ത്രരംഗത്ത് വികസനം അനിവാര്യമായി. നിരന്തരം പുതിയ പുതിയ വിഷയങ്ങളെക്കുറിച്ച് ഫത്‌വ നല്‍കാന്‍ സ്വഹാബത്ത് നിര്‍ബന്ധിതരായി. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ പുതുതായി അംഗത്വം നേടിക്കൊണ്ടിരുന്ന രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥയും സാമൂഹിക-സാസ്‌കാരിക രംഗത്തെ ന്യൂതനത്വവും ഈ അനിവാര്യതക്കു മാറ്റു കൂട്ടി.
    രണ്ട്: സ്വഹാബത്തിന്റെ പിന്‍തലമുറക്കാരായ താബിഉകളുടെ രംഗപ്രവേശം. സര്‍വ്വ കാലികവും സര്‍വ്വ ജനീനവുമായ ഇസ്‌ലാമിക തത്ത്വങ്ങള്‍ ഇവരെ ഗ്രഹിപ്പിക്കാന്‍ സ്വഹാബത്ത് ബധ്യസ്ഥരായി. കാലാവസാനം വരെ നീണ്ടു നില്‍ക്കുന്ന വളരെ ബൃഹത്തായൊരു ശൃംഘലയുടെ പ്രഥമ കണ്ണിയായിരുന്നു ഇവര്‍. ഇതുകൊണ്ടുതന്നെ, ഇവരെ ഇസ്‌ലാമിക തത്ത്വങ്ങള്‍ ഗ്രഹിപ്പിക്കുമ്പോള്‍ അഗാധമായ ചിന്തയും പലരുമായുള്ള മുശാവറയും പലവട്ടം പുന:പരിശോധിക്കലും സ്വഹാബത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തയാരുന്നു.
    ഇത്തരത്തിലുള്ള നാനാവിധ സാഹചര്യത്തിനിടയില്‍ സര്‍വ്വ വെല്ലുവിളികളും അതിജീവിച്ച് ഇസ്‌ലാമിന്റെ യശസ്സുണര്‍ത്താന്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാന പ്രസ്ഥാനം ആരംഭിക്കേണ്ടിവന്നു. പക്ഷെ, ഖുര്‍ആനെ അതിരറ്റു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന സഹാബത്തിനത് അചിന്ത്യമായിരുന്നു. അതെക്കുറിച്ചോര്‍ക്കുമ്പോള്‍ അവര്‍ ഭയവിഹ്വലരായിരുന്നു. അല്ലാഹു ഉദ്ദേശിക്കാത്ത വല്ലതും തങ്ങളുടെ വ്യാഖ്യാനത്തില്‍ കടന്നുകൂടുമോ എന്നതായിരുന്നു അവരെ അലട്ടിയിരുന്നത്. ഖുര്‍ആന്‍ വ്യാഖ്യാനത്തെക്കുറിച്ച് സ്വഹാബത്തിന്റെ നിലപാട് ഇങ്ങനെയായിരുന്നു. പ്രഥമ ഖലീഫയും സ്വഹാബികളില്‍ പ്രമുഖനുമായ സിദ്ധീഖ് (റ) പറഞ്ഞു: ഖുര്‍ആനിലെ വല്ല അക്ഷരത്തെക്കുറിച്ചും അല്ലാഹുവിന്റെ വിവക്ഷക്കതീതമായി വല്ലതും പറഞ്ഞാല്‍ ഏതാകാശമാണ് എനിക്ക് നിഴലിട്ടു തരിക; ഞാന്‍ എവിടെ പോകും? (തഫ്‌സീറുല്‍ ഖുര്‍ഥുബി: 1/34)
    ഖുര്‍ആന്‍ വ്യാഖ്യാനത്തെ അതിദാരുണമായായിരുന്നു സ്വഹാബത്ത് വീക്ഷിച്ചിരുന്നതെന്ന് ഈ പ്രസ്താവനയില്‍നിന്നു ഗ്രഹിക്കാം. പ്രവാചകന്‍ പറഞ്ഞു: ഖുര്‍ആനെ കുറിച്ച് അറിയാതെ വല്ലതും പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പാര്‍പ്പിടം പ്രതീക്ഷിക്കട്ടെ (തുര്‍മുദി). ഇത്തരത്തില്‍ ധാരാളം ഹദീസുകളുണ്ട്. പ്രവാചകന്റെ ഇവ്വിധം താക്കീതുകളും മുന്‍ സമുദായങ്ങള്‍ തങ്ങള്‍ക്കവതരിക്കപ്പെട്ട ഗ്രന്ഥങ്ങളെ യഥേഷ്ടം വ്യാഖ്യാനിച്ചതിനാല്‍ അനുഭവിച്ച കനത്ത ശിക്ഷയെക്കുറിച്ച പരാമര്‍ശവുമായിരുന്നു സ്വഹാബത്തിനെ ഭീതിതരാക്കിയത്. യഥേഷ്ടം ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് ഉപര്യുക്ത ഹദീസ് ഒരു പാഠമാണ്.
    സ്വന്താഭിപ്രായമനുസരിച്ച് ഖുര്‍ആനില്‍ വല്ലതും പറഞ്ഞു, അത് യഥാര്‍ത്ഥത്തോട് യോജിച്ചു, എന്നാലും  അവന്‍ അത് തെറ്റുകാരനാണ് എന്നാണ് ഹദീസ്. ഈ ഹദീസിലെ 'റഅ്‌യ്' എന്ന പദത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. തമാശ, തെറ്റാദ്ധാരണ, അജ്ഞത, അനുമാനം, ഊഹം, പൊതുനന്മ എന്നിങ്ങനെ പല വിവക്ഷകളും ഈ പദത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട്. അടിസ്താനപരമല്ലാതെ ഖുര്‍ആന്‍ വ്യാഖ്യാനിച്ചാല്‍ ഉണ്ടായേക്കാവുന്ന വിപത്തുകളിലേക്കാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. ഇതും സ്വഹാബികളെ ഭീതിതരാക്കി.
    പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതില്‍ സ്വഹാബത്ത് കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. ഹൃദിസ്ഥവേളയിലും അല്ലാത്തപ്പോഴും ഓരോ അക്ഷരവും യഥാവിധി സൂക്ഷിച്ചുപോന്നു അവര്‍. ഖുര്‍ആന്‍ അക്ഷരങ്ങളോട് സ്വഹാബത്തിന്റെ കരുതലോടെയുള്ള സമീപനങ്ങള്‍ക്കു തെളിവായി സിദ്ദീഖ് (റ), ഉമര്‍ (റ) എന്നിവരില്‍നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പലതും തെളിവായുദ്ധരിക്കപ്പെട്ടിട്ടുണ്ട്. 'ഞാന്‍ ഉമര്‍ (റ) വിന് നാലു പ്രാവശ്യം  ഖുര്‍ആന്‍ ഓതിക്കൊടുത്തുവെന്ന് റയാഹി പറയുന്നു. ആദ്യമായി ഖുര്‍ആന്‍ ഹൃദിസ്ഥ കോളേജ് സ്ഥാപിച്ചത് അബൂദ്ദര്‍ദാഅ്് ആയിരുന്നു. ഡമസ്‌കസിലെ ഭരണാധിപനായിരുന്ന കാലത്ത് പള്ളിയില്‍ വെച്ചായിരുന്നു കോളേജ് നടത്തിയിരുന്നത്. പത്താള്‍ക്കു ഒരു ഹാഫിസ് എന്ന തോതില്‍ പള്ളിയുടെ പല ഭാഗത്തായിട്ടായിരുന്നു ഇത്.  അദ്ദേഹം മിഹ്‌റാബില്‍നിന്നു എല്ലാ സദസ്സും വീക്ഷിച്ചിരുന്നു. സദസ്യര്‍ക്കു പിഴച്ചാല്‍ അധ്യാപകനും അധ്യാപകര്‍ക്കു പിഴച്ചാല്‍ അബുദ്ദര്‍ദാഉം തെറ്റ് തിരുത്തിക്കൊടുക്കും. ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിക്കഴിഞ്ഞാല്‍ അബൂദ്ദര്‍ദാഅ്് സര്‍ട്ടിഫിക്കറ്റ് നല്‍കും. 1600 ല്‍ പരം ആളുകള്‍ ഇങ്ങനെ അദ്ദേഹത്തിന്റെ കോളേജില്‍നിന്നും ബിരുദം നേടിയിട്ടുണ്ട് (അല്‍ ഇത്ഖാന്‍).
    മുമ്പു വിവരിച്ച പോലെ ഇസ്‌ലാമിന്റെ വികസനവും പുതിയ തലമുറയുടെ രംഗപ്രവേശവും കര്‍മശാസ്ത്ര രംഗത്ത് വിപുലീകരണം അനിവാര്യമാക്കി. നിത്യജീവിതവും സാമൂഹിക പ്രശ്‌നങ്ങളും സങ്കീര്‍ണങ്ങളായി. ഇസ്‌ലാമിക ദൃഷ്ട്യാ അവ പരിഹരിക്കപ്പെട്ടു. തദ്വാരാ, സമാധാനം സുസ്ഥാപിതമാക്കാന്‍ ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കി നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ സ്വഹാബത്തിന് ഗവേഷണം ആവശ്യമായി. ഇതിനാല്‍, സ്വഹാബികളില്‍ പ്രമുഖരായ പലരും ഫിഖ്ഹിനു പ്രഥമ സ്ഥാനം കല്‍പിച്ചു. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് സ്വഹാബത്തിന്റെ എണ്ണം ചുരുങ്ങാന്‍ ഇതു കാരണമായി. ഫിഖ്ഹില്‍ മാത്രം ശ്രദ്ധിച്ച സ്വഹാബത്തിന്റെ എണ്ണം 136 ആയിരുന്നു. മറ്റുള്ളവരുടേത് ഇതിലും എത്രയോ താഴെയും. ഇബ്‌നു ഹസം പറയുന്നു: സ്വഹാബികളില്‍ പലര്‍ക്കും ഫിഖ്ഹില്‍ വലിയ ഗ്രന്ഥ ശേഖരങ്ങള്‍ ഉണ്ടായിരുന്നു. അബ്ദുല്ലാഹ് ബിന്‍ അബ്ബാസിനു മാത്രം ഇരുപതു വലിയ ഫത്‌വാ ഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നത് (ഇഅ്് ലാമുല്‍ മുവഖ്ഖിഈന്‍). സ്വഹാബത്തിന്റെ ഫിഖ്ഹ് സംബന്ധമായ ഗവേഷണങ്ങള്‍ ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയായിരുന്നതിനാല്‍ അവ തഫ്‌സീറുമായി ബന്ധപ്പെട്ടതായിരുന്നുവെന്നോ, അല്ല, ആദ്യം തഫ്‌സീര്‍ ഫിഖ്ഹായി രൂപം പ്രാപിച്ചാണെന്നോ അതുമല്ലെങ്കില്‍ അവര്‍ വിജ്ഞാന രംഗത്ത് ആദ്യം കാഴ്ച വെച്ചത് ഫിഖ്ഹീ തഫ്‌സീറായിരുന്നുവെന്നും പറയാം. ഏതായാലും ഇവയെല്ലാം സ്വഹാബത്തിന്റെ സംഭാവനകളായിരുന്നു.
    ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഖുര്‍ആനെക്കുറിച്ച് പരിപൂര്‍ണ ജ്ഞാനികളായിരിക്കണം. കാരണം, ഒരു വിഷയത്തെക്കുറിച്ചു തന്നെ ഖുര്‍ആനില്‍ പലയിടത്തും പ്രതിപാദനമുണ്ട്. ഒരു വിഷയം ഒരിടത്ത് ഹ്രസ്വമായി വിവരിക്കപ്പെട്ടെങ്കില്‍ മറ്റൊരിടത്തതു വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കും. ചില പദങ്ങളുടെ ഉദ്ദിഷ്ടാര്‍ത്ഥം  ചിലയിടത്തത് അവ്യക്തമാണെങ്കില്‍ മറ്റു ചിലേടത്തത് വ്യക്തമാക്കപ്പെട്ടിരിക്കും (ഇത്ഖാന്‍). ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പാലിക്കപ്പെടേണ്ട പ്രഥമ നിയമമാണിത്. പ്രവാചക ചര്യയും ഇതാണ്. ഫാത്തിഹ സൂറയിലെ ഒടുവിലത്തെ രണ്ടു സൂക്തങ്ങളില്‍ അധിക്ഷേപാര്‍ഹരായ രണ്ടു വിഭാഗമാരാണെന്ന് ഖുര്‍ആനിലെ മറ്റൊരിടത്തെ പ്രതിപാദ്യമെടുത്തു പ്രവാചകന്‍ വ്യാഖ്യാനിച്ചു. ആദ്യ വിഭാഗം ജൂതരും രണ്ടാമത്തെ വിഭാഗം ക്രൈസ്തവരുമാണെന്ന് പ്രവാചകന്‍ പറഞ്ഞു (അഹ്മദ്, തുര്‍മുദി). അല്‍ ബഖറയിലെ 61 ാം സൂക്തത്തിലെ ജൂതരെപ്പറ്റിയുള്ള പരാമര്‍ശവും മാഇദയിലെ 77 ാം സൂക്തത്തിലെ ക്രൈസ്തവരെക്കുറിച്ച പ്രതിപാദ്യവുമാണ് പ്രവാചകരുടെ വ്യാഖ്യാനത്തിന് അടിസ്താനം. സൂറത്ത് അന്‍ആമിലെ 82 ാം സൂക്തത്തിലെ 'ളുല്‍മ്' എന്ന പദത്തിന്റെ വിവക്ഷ ശിര്‍ക്ക് എന്നാണെന്നു പ്രവാചകന്‍ വ്യാഖ്യാനിച്ചു. ലുഖ്മാന്‍ സൂറയിലെ പന്ത്രണ്ടാം സൂക്തമാണിതിന് തെളിവ്. ഇങ്ങനെ അസംഖ്യം തെളിവുകളുണ്ട്. പ്രവാചകനെ പ്രാണനു തുല്യം സ്‌നേഹിച്ച സ്വഹാബത്ത് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പ്രവാചകന്റെ സരണി അവലംബിച്ചു.
    സ്വഹാബികളില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വളരെ ഉണ്ടായിരുന്നുവെങ്കിലും കൂട്ടത്തില്‍ ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിച്ചവരില്‍ പ്രമുഖന്‍ അബ്ദുല്ലാഹിബിന്‍ മസ്ഊദ് ആയിരുന്നു. തന്റെ സമപ്രായക്കാരില്‍ പലര്‍ക്കും നേടാന്‍ കഴിയാത്ത മഹാ ഭാഗ്യമാണ് ഈ വിഷയത്തില്‍ അദ്ദേഹം നേടിയത്. കാരണം നബിയുമായി അദ്ദേഹം വളരെ അടുപ്പത്തിലായിരുന്നു. അബൂ മൂസല്‍ അശ്അരി (റ) പറയുന്നു: പ്രവാചക സഭയില്‍ ആര്‍ക്കു വിലക്ക് കല്‍പിക്കപ്പെട്ടാലും ഇബ്‌നു മസ്ഊദിന് വിലക്ക് കല്‍പ്പിക്കപ്പെട്ടിരുന്നില്ല. മറ്റുള്ളവരൊക്കെ വിട്ടുപിരിഞ്ഞാലും അദ്ദേഹം പ്രവാചകന്റെ കൂടെത്തന്നെയുണ്ടായിരുന്നു (മുസ്‌ലിം). ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുക, അര്‍ത്ഥവും വ്യാഖ്യാനവും പ്രവാചകരില്‍നിന്നു ഗ്രഹിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ നിത്യതൊഴില്‍. പ്രവാചകന്‍ പറഞ്ഞു: നാലാളുകളില്‍നിന്നു നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുക. ഒന്ന് ഇബ്‌നു മസ്ഊദില്‍നിന്ന് (മുസ്‌ലിം).
    ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: സ്വഹാബികളില്‍നിന്ന് ഏറ്റവും ഖുര്‍ആന്‍ അറിയുന്ന വ്യക്തി ഞാനാണെന്ന് പ്രവാചകരും സ്വഹാബത്തും മനസ്സിലാക്കി. എന്നെക്കാള്‍ അറിയുന്ന മറ്റൊരാളെക്കുറിച്ച് ഞാന്‍ അറിയുകയാണെങ്കില്‍ ഞാന്‍ അയാളെ സമീപിക്കും. ഈ ഹദീസ് നിവേദനം ചെയ്ത ശഖീഖ് (റ) പറയുന്നു: അദ്ദേഹം ഇതു പറയുമ്പോള്‍ ഞാന്‍ സദസ്സിലുണ്ടായിരുന്നു. ഒരാളും അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നില്ലല(മുസ്‌ലിം).
    ഇബ്‌നു മസ്ഊദിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം ഗഹനവും ചിന്തോദ്ദീപകവുമായിരുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: അല്‍ ബഖറയില്‍ 62 ാം സൂക്തത്തില്‍ ജൂതര്‍ക്ക് ഹൂദ് എന്നും ക്രൈസ്തവര്‍ക്കു നസാറാ എന്നും പറയാന്‍ കാരണം അഅ്്‌റാഫ് സൂറയിലെ 156 ാം സൂക്തത്തില്‍ ജൂതരെക്കുറിച്ച പരാമര്‍ശവും ആലു ഇംറാനിലെ 52 ാം സൂക്തത്തില്‍ ക്രൈസ്തവരെക്കുറിച്ച പരാമര്‍ശവുമാകുന്നു. ആലു ഇംറാനിലെ 13 ാം സൂക്തത്തിന്റെ വ്യാഖ്യാനമാണ് അന്‍ഫാലിലെ 44 ാം സൂക്തം. സൂറത്തു താഹായിലെ 43, 44 സൂക്തങ്ങളിലെ സൗമ്യമായ വാക്ക് എന്നതിന്റെ വിശദീകരണമാണ് നാസിഅത്ത് സൂറയിലെ 18, 19 സൂക്തങ്ങള്‍.
    ഹ്രസ്വമായി വിശദീകരിക്കപ്പെടുകയും ഖുര്‍ആനില്‍ മറ്റെവിടെയും അതെക്കുറിച്ച് വിശദീകരണം വരാതെയിരിക്കുകയും ചെയ്താല്‍ ഹദീസ് അവലംബമാക്കിയായിരിക്കണം അത് വ്യാഖ്യാനിക്കേണ്ടത്. ഇത് ഇജ്മാഅ്് ആണ്. സ്വഹാബത്ത് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അവലംബിച്ച മറ്റൊരു വ്യവസ്ഥയും ഇതായിരുന്നു (ഇത്ഖാന്‍). ഉമര്‍ (റ) പറഞ്ഞു: ഇല്‍മ് മൂന്നാകുന്നു; ഖുര്‍ആന്‍, ഹദീസ്, ലാ അദ്‌രീ (ഇഅ്്‌ലാമുല്‍ മുവഖിഈന്‍).
    പ്രവാചകന്റെ വാക്കും പ്രവൃത്തിയും അടിസ്ഥാനമാക്കി ഖുര്‍ആന്‍ വ്യാഖ്യാനിച്ചവരില്‍ പ്രമുഖയാണ് ആഇശാ ബീബി (റ). പ്രവാചകരില്‍നിന്നു നേരിട്ടു ഹദീസ് നിവേദനം ചെയ്തതിലും പ്രമുഖ സ്ഥാനം ഇവര്‍ക്കു തന്നെ. ഇബ്‌നുല്‍ ജൗസി പറഞ്ഞു: 2210 ഹദീസുകള്‍ ആഇശ (റ) പ്രവാചകരില്‍നിന്നു നേരിട്ടു നിവേദനം ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ നബി ചര്യ അടിസ്ഥാനമായി സ്വീകരിച്ചിരുന്ന മഹതി പ്രവാചകന്റെ ചലനാദികള്‍ ബോധപൂര്‍വ്വം നിരീക്ഷിച്ചിരുന്നു. ആഇശ (റ) പ്രവാചകരോടൊപ്പം ഒമ്പതു വര്‍ഷം ജീവിച്ചു. കേവലം ഭാര്യ എന്നതിലുപരി അവിടുത്തെ ഏറ്റവും വലിയ സ്‌നേഹ ഭാജനമാകാന്‍ ആഇശ (റ) ക്കു ഭാഗ്യം സിദ്ധിച്ചു.
    മനുഷ്യരില്‍ അങ്ങേക്കു ഏറ്റം ഇഷ്ടം ആരോടെന്നു പ്രവാചകരോട് ചോദിച്ചാല്‍ ആഇശയോടെന്ന് പ്രവാചകന്‍ മറുപടി പറയും (ബുഖാരി). ആയിശയുടേതൊഴികെ മറ്റാരുടെ വീട്ടിലായിരിക്കുമ്പോഴും നബിക്ക് ദേവ സന്ദേശം ലഭിക്കാറില്ല (ബുഖാരി). നബി ആഇശയുടെ വീട്ടിലായിരുന്നപ്പോള്‍ അവതരിച്ചതാണ് അസ്ഹാബ് സൂറയിലെ 33 ാം സൂക്തം. ഇഫ്ക്, തയമ്മും എന്നിവയുടെ ആയത്തുകള്‍ ആഇശയുടെ കാരണത്തില്‍ ഇറങ്ങിയതാണ്. വഹ്‌യ് വരുന്നതിന് പലപ്പോഴും ആഇശ ബീവി സാക്ഷിയായിട്ടുണ്ട്. വഹ്‌യ് വരുന്ന അവസ്ഥ ആയിശ (റ) വിവരിക്കാറുണ്ടായിരുന്നു (മുസ്തദ്‌റക്). ആഇശ (റ) ജിബ്‌രീലിനെയും കണ്ടിട്ടുണ്ട് (ഥബഖാത്ത്). ജിബ്‌രീല്‍ ആഇശാക്കു സലാം പറയുകയും ചെയ്തിട്ടുണ്ട് (ബുഖാരി). പ്രവാചകരോടൊന്നിച്ചുള്ള ഒമ്പതു വര്‍ഷക്കാലം  ആഇശയുടെ ജീവിതത്തിലെ അദ്വിതീയ നിമിഷങ്ങളായിരുന്നു. പണ്ഡിത ലോകത്ത് തന്റെ യശസ്സുയര്‍ത്തിയ  ഖുര്‍ആനും ഹദീസും സമന്വയിപ്പിച്ചുള്ള താരതമ്യ പഠനം ഈ കാലയളവിലായിരുന്നു ആയിശ നടത്തിയിരുന്നത്.
    പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ആയിശായുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ അധികവും ശുദ്ധി സംബന്ധിച്ചായിരുന്നു. അല്‍ ബഖറയിലെ 22 ാം സൂക്തത്തില്‍ ആര്‍ത്തവ സമയത്ത് ഭാര്യാ ഭര്‍തൃ ബന്ധത്തെക്കുറിച്ചുള്ള പ്രതിപാദനമാണ് ഇതില്‍ പ്രമുഖം. തനിക്ക് നബിയില്‍ നിന്നുണ്ടായ അനുഭവങ്ങളാണ് ആഇശ (റ) അതില്‍ വിവരിച്ചിരിക്കുന്നത്. ആര്‍ത്തവ സമയത്ത് ഒവരൊന്നിച്ച് ഭുജിക്കല്‍ (നസാഈ), സഹശയനം (മുവത്വ), പളളിക്കകത്ത് ഖുര്‍ആന്‍ ഓതിക്കൊണ്ടിരുന്ന പ്രവാചകന്‍ പുറത്തിരുന്ന ആഇശായുടെ മടിയില്‍ തല വെച്ചുകൊടുത്ത സംഭവം (ബുഖാരി), പ്രവാചകന് ആഇശ നമസ്‌കാര വിരിപ്പ് എടുത്തുകൊടുത്ത സംഭവം (മുസ്‌ലിം) ഇങ്ങനെ പലതും.
    മാഇദ സൂറയിലെ 90 ാം സൂക്തം മദ്യത്തെക്കുറിച്ചാണ്. ഇതെക്കുറിച്ച് ആഇശ (റ) പറഞ്ഞു: തേനുകൊണ്ടുണ്ടാക്കിയിരുന്ന ഒരിനം മദ്യം യമനികള്‍ കുടിച്ചിരുന്നു. അതേകുറിച്ച് നബിയോടവര്‍ ചോദിച്ചു. മത്തുണ്ടാക്കുന്ന സര്‍വ്വതും നിഷിദ്ധമാണെന്നായിരുന്നു അവരുടെ പ്രതികരണം. മദ്യനിരോധനത്തിനു കാരണം അതിന്റെ നാമമല്ല, പ്രത്യുത, അതുണ്ടാക്കുന്ന വിപത്താണ്. ആഇശ (റ) വ്യക്തമാക്കി.
    മൂന്നു കാരണങ്ങള്‍കൊണ്ടല്ലാതെ ഒരു മുസ്‌ലിമിന്റെ രക്തം അനുവദനീയമല്ല. വ്യഭിചരിക്കുക, മന:പൂര്‍വ്വം മറ്റൊരു മുസ്‌ലിമിനെ വധിക്കുക, അല്ലാഹുവിനോടും റസൂലിനോടും യുദ്ധം ചെയ്യുക എന്നിവയാണവ (മുസ്‌ലിം). അന്‍ആം സൂറത്തിലെ വധത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന 151 ാം സൂക്തത്തെ ഈ ഹദീസ് ഉദ്ധരിച്ചാണ് ആഇശ (റ) വ്യാഖ്യാനിച്ചത്. നിസാഅ്് സൂറയിലെ 123 ാം സൂക്തത്തെയും ആഇശ (റ) താഴെ പറയുന്ന ഹദീസ് കൊണ്ട് വ്യാഖ്യാനിച്ച. മുഅ്്മിന്‍ അനുഭവിക്കുന്ന ഏതുതരം ബുദ്ധിമുട്ടുകള്‍ക്കും പ്രതിഫലം നല്‍കപ്പെടും. അല്ലെങ്കില്‍ അതുകാരണം ദോഷം പൊറുക്കപ്പെടും (മുസ്‌ലിം).
    സ്വഹാബികളിലെ ഹദീസ് പണ്ഡിതരില്‍ മറ്റൊരു പ്രധാനിയാണ് ഇബ്‌നു മസ്ഊദ് (റ). അനവധി ഹദീസുകള്‍ അദ്ദേഹം നിവേദനം ചെയ്തിട്ടുണ്ട്. അഹ്മദ് ബിന്‍ ഹമ്പല്‍ തന്റെ മുസ്‌നദില്‍ തൊള്ളായിരം ഹദീസുകള്‍ ഇദ്ദേഹത്തില്‍നിന്നു നിവേദനം ചെയ്തിട്ടുണ്ട്. ഇബ്‌നു മസ്ഊദ് തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുന്നൂറോളം ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. 'സ്ത്രീ പരിച്ഛന്നയാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളെ എത്തിനോക്കും'(തുര്‍മുദി). അഹ്‌സാബ് സൂറത്തിലെ 33 ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു മസ്ഊദ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ജുമുഅ സൂറയിലെ 9 ാം സൂക്തത്തെ വ്യാഖ്യാനിച്ചിടത്ത് 'പള്ളിയില്‍ വരാത്തവരെ തീ വെച്ചു കരിക്കാന്‍ പ്രവാചകന്‍ ഉദ്ദേശിച്ചു' എന്ന ഹദീസും ഉദ്ധരിച്ചിട്ടുണ്ട്.
    ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ സ്വഹാബത്ത് അവലംബിച്ച മറ്റൊന്നാണ് അവതരണ കാരണങ്ങള്‍ (സബബു ന്നുസൂല്‍). അര്‍ഥം ഗ്രഹിക്കാന്‍ ഇത് ഏറെ നല്ല മാര്‍ഗമാണ്. ഏതൊരു സൂക്തത്തിന്റെയും ചരിത്രവും അവതരണ കാരണവും ഗ്രഹിക്കാതെ ആ സൂക്തം വ്യാഖ്യാനിക്കാന്‍ സാധ്യമല്ല (ഇത്ഖാന്‍).
    ഇസ്‌ലാമിലെ അതിമഹത്തായ അനവധി ചരിത്ര സംഭവങ്ങള്‍, ഇസ്‌ലാം കൈവരിച്ച അസൂയാര്‍ഹമായ പുരോഗതികള്‍ തുടങ്ങിയവ സ്വഹാബത്ത് കൃത്യമായും എഴുതി സൂക്ഷിച്ചിരുന്നു. വഹ്‌യിനു സാക്ഷിയായ ഒരു സ്വഹാബി ഒരു സൂക്തത്തെക്കുറിച്ച് ഏതെങ്കിലും ഒരു വിഷയത്തില്‍ അവതരിച്ചു എന്നു പറഞ്ഞാല്‍  അതിന് മര്‍ഫൂഇന്റെ വിധിയാണ് (ഇത്ഖാന്‍). അവതരണത്തില്‍ ഗവേഷണ നിരീക്ഷണത്തില്‍ അനുവദനീയമല്ലെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇമാമുകളുടെ ഏകാഭിപ്രായം. അവതരണ കാരണം വിശ്വസ്തനായ ഒരാളില്‍നിന്ന് നേരിട്ടു കേള്‍ക്കുകയോ അയാളില്‍നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുകയോ വേണം (അസ്ബാബു ന്നുസൂല്‍).
    അവതരണ കാരണങ്ങളെക്കുറിച്ച് സൂക്ഷ്മ ജ്ഞാനികളില്‍ പ്രഥമന്‍ ഇബ്‌നു മസ്ഊദായിരുന്നു. നബിയുമായുള്ള തന്റെ ഉറ്റ ബന്ധമായിരുന്നു ഇതിനു കാരണം. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ സത്യം, ഖുര്‍ആനിലെ ഓരോ സൂക്തങ്ങളെക്കുറിച്ച് അവ എവിടെ വെച്ചു എന്തിനിറങ്ങി എന്നു എനിക്കറിയാം. എന്നെക്കാള്‍ അറിയുന്ന വേറെ ഒരാള്‍ ഉണ്ടെങ്കില്‍ ഞാന്‍ അയാളെ തേടിപ്പിടിക്കും (മുസ്‌ലിം).
    അലി (റ) പറഞ്ഞു: ഖുര്‍ആനിനെക്കുറിച്ച് എന്നോടു ചോദിക്കുക. അതിലെ ഓരോ സൂക്തവും രാത്രിയോ പകലോ സമതലത്തിലോ പര്‍വതത്തില്‍വെച്ചോ അവതരിച്ചതെന്നും അവതരണ കാരണവും എനിക്കറിയാം (ഇത്ഖാന്‍).
    ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: മദ്യം നിരോധിക്കപ്പെട്ടപ്പോള്‍ ജൂതന്മാര്‍ ചോദിച്ചു: നിങ്ങളില്‍ മദ്യം കഴിച്ചു മൃതിയടഞ്ഞവരെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു? ഉടനെ വഹ്‌യ് അവതരിച്ചു: വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ നഅനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവര്‍ (നിഷിദ്ധകാര്യങ്ങളെ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നെയും സൂക്ഷിക്കുകയും (പ്രവര്‍ത്തനം) നന്നാക്കുകയും ചെയ്താല്‍ അവര്‍ (ഹറാമാകുന്നതിന് മുമ്പു) ഭക്ഷിച്ചുപോയതില്‍ കുറ്റമില്ല. നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു (മാഇദ: 93).
    ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് ആഇശ (റ) യുടെ മഹത്വം മുമ്പു പ്രസ്താവിച്ചുവല്ലോ. ആയത്തുകള്‍ സൂചിപ്പിക്കുന്ന ചരിത്ര സംഭവങ്ങള്‍ വിവരിക്കല്‍ ആഇശയുടെ നിത്യ ഹോബിയായിരുന്നു. ഇതിനു പല കാരണങ്ങളുമുണ്ട്. രക്ഷിതാക്കളെ മുസ്‌ലിമായിട്ടല്ലാതെ ആഇശ (റ) കണ്ടെത്തിച്ചിട്ടില്ല. പ്രവചകന്‍ നിത്യം സിദ്ധീഖിന്റെ ഗൃഹം സന്ദര്‍ശിച്ചിരുന്നു. ഖുറൈശിനെ കുറിച്ചു പരാതികളും അവരുടെ പീഢനങ്ങളും സംബന്ധിച്ച വിവരണങ്ങളും ഇസ്‌ലാമിന്റെ ഭാവി പ്രവര്‍ത്തന സംബന്ധിയായ രഹസ്യ സംഭാഷണങ്ങളും അവിടെ വെച്ചായിരുന്നു നടന്നിരുന്നത്. വീടിനകത്ത് ഒളിഞ്ഞിരുന്ന ആഇശ (റ) ബാലികയായിരുന്നുവെങ്കിലും ഇതെല്ലാം കേള്‍ക്കുമായിരുന്നു.
    നിശ്ചയമായും സഫായും മര്‍വായും അല്ലാഹുവിന്റെ (ദീനിന്റെ) ചിഹ്നങ്ങളില്‍ പെട്ടതാണ്; അപ്പോള്‍ വല്ലവരും കഅബയുടെ സമീപം ചെന്നു ഹജ്ജോ ഉംറയോ ചെയ്യുന്നുവെങ്കില്‍ അവ രണ്ടിനെയും പ്രദക്ഷിണം ചെയ്യല്‍ കുറ്റമില്ല (അല്‍ ബഖറ: 158). ഈ സൂക്തത്തിന്റെ ബാഹ്യാര്‍ത്ഥം സഅ്്‌യ് നിര്‍ബന്ധമില്ലെന്നാണ്. ഇതടിസ്ഥാനമാക്കി ആഇശയുടെ സഹോദരീ പുത്രന്‍ ഉര്‍വ സഅ്്‌യി നിര്‍ബന്ധമില്ലെന്നു വാദിച്ചു. ഈ പശ്ചാത്തലത്തില്‍ ആഇശ ഉര്‍വയെ അവതരണം കാരണം ഗ്രഹിപ്പിക്കുകയുണ്ടായി. ജാഹിലിയ്യാ കാലത്ത് അവരങ്ങനെ  ഥവാഫ് ചെയ്യലും അതിന്മേലുണ്ടായിരുന്ന വിഗ്രഹങ്ങളെ പൂജിക്കലും പതിവായിരുന്നു. അതിനാല്‍, അന്‍സാറുകള്‍ അതിനെ വെറുത്തു. അതുകൊണ്ടാണ് ഇത് അവതരിച്ചത്. ആഇശ (റ) പറഞ്ഞു (ബുഖാരി).
    അനന്തരം, 'ഖുറൈശികളേ, ജനങ്ങള്‍ ഇറങ്ങുന്നിടത്തു നിങ്ങളും ഇറങ്ങുക. അല്ലാഹുവിനോട് നിങ്ങള്‍ പാപമോചനം അപേക്ഷിക്കുക. അല്ലാഹു പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു (അല്‍ ബഖറ: 199). ഈ സൂക്തത്തിന്റെ അവതരണം ആഇശ (റ) വിശദീകരിച്ചു. മുമ്പു ഖുറൈശികള്‍ അഹങ്കരിച്ച് സാധാരണക്കാര്‍ പോകുന്ന അറഫായില്‍ പോകാതെ മുസ്ദലിഫായിരുന്നു നിന്നിരുന്നത്. ഇതിനെ ആക്ഷേപിച്ചാണീ സൂക്താവതരണം. ആഇശാ (റ) പ്രതിപാദിക്കുകയുണ്ടായി.
    നിങ്ങള്‍ ഗ്രഹിക്കുവാനായി നാം ഇതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു (സുഖ്‌റുഫ്: 3). അതുമായി വിശ്വസ്താത്മാവ് (ജിബ്‌രീല്‍) ഇറങ്ങി, താങ്ങളുടെ ഹൃദയത്തില്‍; താങ്കള്‍ താക്കീതു നല്‍കുന്നവരില്‍ ആകുന്നതിനു വേണ്ടി; സുവ്യക്തമായ അറബി ഭാഷയില്‍ (ശുഅറാഅ്: 193-195).
    ഉപരിസൂചിത സൂക്തങ്ങളില്‍ മറ്റൊരു അവശ്യ ഘടകമായി അറബി ഭാഷാ പാണ്ഡിത്യത്തെയാണ് പരിഗണിക്കുന്നത്. ഇമാം മാലിക് (റ) പറഞ്ഞു: ഖുര്‍ആന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അറബി ഭാഷ നല്ല പോലെ അറിയുന്നവരായിരിക്കണം. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരുത്തനും അറബി ഭാഷ അറിയില്ലെങ്കില്‍ അല്ലാഹുവിന്റെ ഖുര്‍ആനെക്കുറിച്ച് യാതൊന്നും ഉരിയാടാന്‍ പറ്റില്ല. സഹാബത്തിന് നല്ലപോലെ അറബി അറിയാമായിരുന്നു. അവരില്‍ ഏറ്റം നിപുണരായിരുന്നു ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ സ്വഹാബികല്‍. അല്‍ ബഖറയിലെ 228 ാം സൂക്തത്തിലെ ഖുല്‍അ് എന്ന പദത്തെ ശുദ്ധി എന്ന് ആഇശ (റ) വ്യാഖ്യാനിച്ചത് ഇതിന് തെളിവാണ്.
    ആദ്യമായി ഖുര്‍ആനിലെ ഒറ്റ വാക്യങ്ങള്‍ക്കു സമമായ അര്‍ത്ഥം നല്‍കിയത് ഇബ്‌നു അബ്ബാസ് (റ) ആയിരുന്നു. ഫുആദ് സസ്‌കീന്‍ പറഞ്ഞപോലെ ഇത് ഒറ്റ വാക്യ ശാസ്ത്രത്തില്‍ പെട്ടവയാണ്.
    അറബി സാഹിത്യത്തിലെ സാഹിത്യ ശേഖരങ്ങളായിരുന്നു അറബിക്കവിതകള്‍. സഹാബത്തിന്റെ റഫറന്‍സായിരുന്നു അവ. ഖുര്‍ആന്‍ വ്യാഖ്യാനത്തിലും അവര്‍ അത് അവലംബിച്ചിരുന്നു. ഖുര്‍ആനിലെ വല്ല പദങ്ങളിലും സംശയമോ അവ്യക്തതയോ അനുഭവപ്പെട്ടാല്‍ ഞങ്ങള്‍ അറബിക്കവിതകള്‍ പരതും- ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു (ഇത്ഖാന്‍). അബൂ ബക്ര്‍ ബിന്‍ അമ്പാരി പറഞ്ഞു: സഹാബികളും താബിഉകളും ഖുര്‍ആനിലെ പൂര്‍വ്വ പദങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ അറബി പദ്യങ്ങള്‍ അവലംബിച്ചിരുന്നു (ഇത്ഖാന്‍).
    ത്വബ്‌രിയുടെ ജാമിഉല്‍ ബയാന്‍ എന്ന തഫ്‌സീരിലും സുയൂഥിയുടെ ദുററുല്‍ മന്‍സൂര്‍ എന്ന തഫ്‌സീരിലും ഹാക്കിമിന്റെ മുസ്തദ്‌റകിലും ഥഖ്‌റാനിയുടെ മുഅ്ജമുല്‍ കബീറിലും അബൂ ബക്ര്‍ അമ്പാരിയുടെ ഈളാഹിലും ഇബ്‌നു അബ്ബാസ് തന്റെ അറബി ഭാഷാ വ്യാഖ്യാനത്തില്‍ അറബിക്കവിതകള്‍ തെളിവായി ഉദ്ധരിച്ചതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഡോ. ഇബ്‌റാഹീം സംറാഈ 250 ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ച് ഇവ്വിഷയകമായൊരു പുസ്തകമെഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു: ഇബ്‌നു അബ്ബാസ് (റ) തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അറബി പദ്യങ്ങള്‍ അവലംബിച്ചിരുന്നു. ഗോള്‍ഡശീറിനെപ്പോലെയുള്ള ചില ഒറിയന്റലിസ്റ്റുകള്‍ ഇവ ഇബ്‌നു അബ്ബാസിനെക്കുറിച്ചുള്ള കള്ളക്കഥകളാണെന്നു പ്രചരിപ്പിച്ചിട്ടുണ്ട് (അറബ് സാംസ്‌കാരിക ചരിത്രം).
    ഖുര്‍ആനിലെ ഖലം എന്ന അധ്യായത്തിലെ 41 ാം സൂക്തത്തിലെ സാഖ്, അല്‍ ബഖറയിലെ 61 ാം സൂക്തത്തിലെ ഫൂം, നഹ്‌ല് സൂറയിലെ 72 ാം സൂക്തത്തിലെ ഹഫദത്ത് എന്നീ പദങ്ങള്‍ അറബിക്കവിതള്‍ അടിസ്ഥാനമാക്കി ഇബ്‌നു അബ്ബാസ് (റ) വ്യാഖ്യാനിച്ചു.
    സ്വഹാബത്തിന്റെ വ്യാഖ്യാനത്തില്‍ ചിലയിടത്ത് ഭിന്നതകള്‍ കാണാം. പക്ഷെ, അവ അര്‍ത്ഥഗതങ്ങളല്ല. ഉദാഹരണമായി, സിറാത്തല്‍ മുസ്ഥഖീം എന്ന വാക്യത്തിന് ചിലര്‍ ഖുര്‍ആന്‍ എന്നു വ്യാഖ്യാനിച്ചു (തുര്‍മുദി). മറ്റു ചിലര്‍ ഇസ്‌ലാം എന്നു വ്യാഖ്യാനിച്ചു (തുര്‍മുദി). സുന്നത്തു ജമാഅത്ത് എന്നായിരുന്നു മറ്റു ചിലരുടെ വ്യാഖ്യാനം. ദൈവാരാധന എന്നു വേറെ ചിലരും വ്യാഖ്യാനിച്ചു. ഇവ തമ്മില്‍ വാചാന്തരം മാത്രമേയുള്ളൂ എന്നതാണ് വസ്തുത.
    മറ്റൊരു ഉദാഹരണം കാണുക: ഫാത്തിര്‍ സൂറയിലെ 32 ാം സൂക്തത്തില്‍ സാബിഖ്, മുഖ്തസിദ്, ളാലിം എന്നിങ്ങനെ മൂന്നു പദങ്ങളുണ്ട്. ഇതില്‍ സാബിഖ് എന്നതിന് ആദ്യം നിസ്‌കരിക്കുന്നവന്‍ എന്നും മുഖ്തസിദ് എന്നാല്‍ ഇടക്ക് നിസ്‌കരിക്കുന്നവന്‍ എന്നും ളാലിം എന്നാല്‍ നിസ്‌കാരം പിന്തിക്കുന്നവന്‍ എന്നും ചിലര്‍ വ്യാഖ്യാനിച്ചു. വേറെ ചിലര്‍ സാബിഖിന് സ്വദഖ ചെയ്യുന്നവന്‍ എന്ന അര്‍ത്ഥവും മുഖ്തസിദിന് പലിശ വാങ്ങാത്തവന്‍ എന്നും ളാലിമിന് പലിശ തിന്നുന്നവന്‍ എന്നും അര്‍ത്ഥം നല്‍കി. പ്രത്യക്ഷത്തില്‍, ഇവ വപരീതമായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവക്കിടയില്‍ അന്തരമില്ല. റൊട്ടി നോക്കി ഇത് റൊട്ടിയാണെന്നും അല്ല, മാവാണെന്നും അല്ല, ഭക്ഷണമാണെന്നും പറയുന്ന വ്യത്യാസമേ ഇതിലുള്ളൂ.
    മനുഷ്യന്റെ ഏതുതരം പ്രവര്‍ത്തനങ്ങളിലും അവന്റെ വ്യക്തി മുദ്ര പതിഞ്ഞു കാണും. സ്വഹാബികളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഇത കാണാം. വ്യാഖ്യാതാവിന്റെ ശൈലി, സംവിധാനം, അടിസ്ഥാന ഘടകങ്ങള്‍, സവിശേഷത എന്നിവ ഓരോ വ്യാഖ്യാനത്തിലും തെളിഞ്ഞുകാണും.
    ഇസ്‌ലാം ബുദ്ധിയുടെയും ചിന്തയുടെയും മതമാണ്. അവ രണ്ടും ഉപയോഗപ്പെടുത്താന്‍ ഇസ്‌ലാം കല്‍പിക്കുന്നു: അവര്‍ ഖുര്‍ആന്‍ ചിന്തിക്കുന്നില്ലേ? അതോ, അവരുടെ ഹൃദയങ്ങള്‍ക്കു മൂടിയുണ്ടോ? (സൂറത്തു മുഹമ്മദ്). വിശ്വാസികളെയും ജ്ഞാനികളെയും അല്ലാഹു പല വദവികളിലേക്കുമുയര്‍ത്തും (മുജാദല). അല്ലാഹു ആര്‍ക്കെങ്കിലും നന്മ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവനെ പണ്ഡിതനാക്കും (ഹദീസ്). ചിന്താ ശക്തിയും ബുദ്ധിയും ഉപയോഗിച്ച് ഗവേഷണം നടത്താന്‍ പ്രവാചകന്‍ പലപ്പോഴും ഉപദേശിച്ചിട്ടുണ്ട്. മുആദി (റ) നെ യമനിലേക്ക് അയച്ചപ്പോള്‍ പ്രവാചകന്‍ നല്‍കിയ ഉപദേശങ്ങള്‍ ഇതിന് തെളിവാണ്.
    ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: പച്ച കുത്തുന്നവരെയും മുടി പറിക്കുന്നവരെയും പല്ല് രാകുന്നവരെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു. ഇതറിഞ്ഞ ബനൂ അസദിലെ ഒരു സ്ത്രീ ഇബ്‌നു മസ്ഊദിനെ സമീപിച്ചു പറഞ്ഞു: നിങ്ങള്‍ പലരെയും ശപിച്ചതായി അറിഞ്ഞു. ഖുര്‍ആനില്‍ പ്രവാചകന്‍ ശപിച്ചവരെ ഞാനും ശപിച്ചു, ഇബ്‌നു മസ്ഊദ് പറഞ്ഞു.
    സ്ത്രീ: ഞാന്‍ ഖുര്‍ആന്‍ പല തവണ ഓതിയിട്ടുണ്ട്. ഇതുപോലെയൊന്ന് ഞാനിതുവരെ കണ്ടിട്ടില്ല.
    ഇബ്‌നു മസ്ഊദ് (റ) സൂറത്തുല്‍ ഹശ്‌റിലെ ആറാം സൂക്തം ഓതിക്കേള്‍പിച്ചു. ''പ്രവാചകന്‍ കൊണ്ടുവന്നത് സ്വീകരിക്കു. അവിടുന്ന് വിരോധിച്ചത് കൈയൊഴിയുക''. സ്ത്രീ അതംഗീകരിച്ചു (മുസ്‌നദ്).
    ഇബ്‌നു മസ്ഊദ് (റ) ഹജ്ജില്‍ പ്രവേശിച്ച ഒരാളെ കണ്ടു. അയാള്‍ തുന്നിയ വസ്ത്രം ധരിച്ചിരുന്നു.  ഇബ്‌നു മസ്ഊദ് അത് നീക്കാന്‍ കല്‍പിച്ചു. അയാള്‍ ഖുര്‍ആന്‍ തെളിവ് ആവശ്യപ്പെട്ടു. സൂറത്തുല്‍ ഹശ്‌റിലെ ആറാം സൂക്തം അയാളെയും ഓതിക്കേള്‍പിച്ചു.
    ഇംറാന്‍ ബിന്‍ ഹുസൈന്‍ (റ) ഒരാളെ കണ്ടു. അയാള്‍ ഖുര്‍ആന്‍ ഒഴികെയുള്ളതെല്ലാം കൈയൊഴിക്കണമെന്ന് വാദിക്കുന്ന ആളായിരുന്നു. നിര്‍ബന്ധ കര്‍മമായ നിസ്‌കാരത്തിന്റെയും നോമ്പിന്റെയും വിശദീകരണം പോലും ഖുര്‍ആനിലില്ലെന്നും ഖുര്‍ആന്‍ അടിസ്ഥാനവും ഹദീസ് അതിന്റെ വ്യാഖ്യാനവുമാണെന്നും അയാളെ ബോധ്യപ്പെടുത്തി.
    സുഫ്‌യാന്‍ ബിന്‍ ഉയൈന (റ) പറഞ്ഞു: ഇബ്‌നു അബ്ലാസിനെക്കുറിച്ച് വല്ലതിനെക്കുറിച്ചും ചോദിച്ചാല്‍ അതെക്കുറിച്ച് ഖുര്‍ആനിലുണ്ടെങ്കില്‍ അതനുസരിച്ചും അല്ലെങ്കില്‍, ഹദീസിലുണ്ടെങ്കില്‍ അതനുസരിച്ചും  അതുമല്ലെങ്കില്‍, സിദ്ധീഖും ഉമറും (റ) അവ്വിഷയകമായി എന്തു പറയുന്നുവോ അതനുസരിച്ചും നാലാം ഘട്ടത്തില്‍ അദ്ദേഹം തന്നെ ഗവേഷണം നടത്തിയുമാണ് അദ്ദേഹം മറുപടി പറഞ്ഞിരുന്നത് (ത്വബഖാത്ത്).
    സ്വഹാബത്തിന്റെ ഗവേഷണം സ്വാര്‍ത്ഥപരമോ മറ്റോ ആയിരുന്നില്ല. ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയായിരുന്നു. അസ്ഹാബ് സൂറയിലെ 28, 29 സൂക്തങ്ങള്‍ പ്രവാചകന്റെ ഭാര്യാ വിമോചനത്തെക്കുറിച്ച് പ്രതിപാദിക്കപ്പെടുന്നവയാണ്. ഇത് സംബന്ധമായി അവതരിച്ച ആയത്തുകളും ആ സമയത്ത് നബിയുടെ അവസ്ഥയും വച്ചു ആഇശ (റ) അഞ്ചു മസ്അലകള്‍ ഗവേഷണം ചെയ്‌തെടുത്തു.
    ഒന്ന്, സ്ത്രീകള്‍ക്കു നല്‍കിയ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് പ്രാധാന്യമില്ല.
    രണ്ട്, തിരഞ്ഞെടുക്കാന്‍ അവകാശം (ഖിയാര്‍) നല്‍കുന്നത് ത്വലാഖാവുകയില്ല.
    മൂന്ന്, ഖിയാര്‍ ത്വലാഖാവണമെങ്കില്‍ ത്വലാഖിനെ കരുതണം.
    നാല്, സ്ത്രീ ഭര്‍ത്താവിനെ തിരഞ്ഞെടുത്താല്‍ അതും ത്വലാഖാവുകയില്ല.
    അഞ്ച്, സ്ത്രീ ഭര്‍ത്താവിനെ തിരഞ്ഞെടുക്കാത്ത പക്ഷം അത് വിവാഹ മോചനത്തെ നിര്‍ബന്ധമാക്കും (തഫ്‌സീര്‍ ആഇശ).
    നിസാഅ് സൂറയിലെ പതിനൊന്നാം സൂക്തം അനന്തരാവകാശത്തെ പറ്റിയുള്ളതാണ്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ അബൂ മൂസ (റ) യോടും സല്‍മാന്‍ ബിന്‍ റബീഅ് (റ) നോടും ഒരാള്‍ ചോദിച്ചു:  മരിച്ചയാള്‍ക്ക് മകളും മകന്റെ മകളും പിതൃസഹോദരിയുമാണ് അവകാശികളെങ്കില്‍ എത്രയാണ് വിഹിതം? മക്കള്‍ക്കും സഹോദരിക്കും പപ്പാതി, അവര്‍ പറഞ്ഞു.
    ശേഷം, ഇബ്‌നു മസ്ഊദിനെ സമീപിച്ച് ചോദ്യകര്‍ത്താവ് ഈ ചോദ്യം ആവര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞു: പ്രവാചകന്‍ വിധിച്ചത് ഞാന്‍ പറയാം. ആകെ സ്വത്തിന്റെ പാതി മകള്‍ക്ക്. ആറില്‍ ഒരോഹരി പൗത്രിക്ക്, ബാക്കി സഹോദരിക്ക്.
    അല്‍ ബഖറയിലെ 234 ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു മസ്ഊദ് (റ) വിനോട് ഒരാള്‍ ചോദിച്ചു: മഹ്ര്‍ നിശ്ചയിക്കാതെ വിവാഹം കഴിച്ചു. സംഭോഗത്തിനു മുമ്പു ഭര്‍ത്താവ് മരിച്ചു. എന്നാല്‍, ഭാര്യയുടെ വിധിയെന്താണ്? ഇബ്‌നു മസ്ഊദ് പറഞ്ഞു: ഞാന്‍ നബിയില്‍നിന്നും ഇതേക്കുറിച്ചൊന്നും കേട്ടിട്ടില്ല.   സ്വഹാബികള്‍ ഒരു മാസം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു. 'ഭാര്യക്ക് മഹ്ര്‍ മിസ്‌ലും ഇദ്ദയും അനന്തരാവകാശവുമുണ്ട്' അവസാനം അവര്‍ കണ്ടുപിടിച്ചു. മഅ്ഖലു ബിന്‍ യസാര്‍ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞു: ഞങ്ങളുടെ ഗോത്രത്തിലെ ഒരു സ്ത്രീയെക്കുറിച്ച് പ്രവാചകന്‍ ഇങ്ങനെ വിധിച്ചു. ഇതറിഞ്ഞു ഇബ്‌നു മസ്ഊദ് അതിരറ്റു സന്തോഷിച്ചു.
    സ്വഹാബത്തിന് ഏറ്റവും അധികം ഭീതിയായിരുന്നു ഫത്‌വ നല്‍കുക എന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇബ്‌നു മസ്ഊദ് പോലും ഇതേക്കുറിച്ച് ഭയാശങ്ക പ്രകടിപ്പിച്ചു. സിദ്ധീഖ് (റ) പറഞ്ഞു:  എനിക്ക് 'കലാല' യില്‍ ഒരു അഭിപ്രായമുണ്ട്. അത് സത്യമെങ്കില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും അസത്യമെങ്കില്‍ പിശാചിന്റെ ഭാഗത്തുനിന്നുമാകുന്നു. ഖുര്‍ആന്‍-ഹദീസ് അടിസ്ഥാനമാക്കിയാണ് അവര്‍ അഭിപ്രായമുന്നയിച്ചിരുന്നത് എങ്കിലും അത് സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിച്ചിരുന്നില്ല. ഉസ്മാന്‍ (റ) വിന്റെ ഏതഭിപ്രായത്തെക്കുറിച്ചും വേണമെങ്കില്‍ സ്വീകരിക്കാനും അല്ലെങ്കില്‍ കൈയൊഴിയാനും സ്വാതന്ത്ര്യം നല്‍കിയിരുന്നു (ഇഅ്‌ലാമുല്‍ മുവഖ്ഖിഈന്‍).
    ഒരു വിഷയത്തെക്കുറിച്ച് ഒരു അഭിപ്രായമവതരിപ്പിച്ചു. പിന്നെ, അത് വാസ്തവ വിരുദ്ധമാണെന്ന് സ്ഥിരപ്പെട്ടു. എന്നാലും അത് കൈയൊഴിക്കാത്ത പ്രകൃതക്കാരെ കാണാം. സ്വഹാബത്തിന്റെ പ്രകൃതം ഇതായിരുന്നില്ല. വര്‍ഷങ്ങളോളം നിരന്തരം ഗവേഷണം നടത്തി ഉന്നയിച്ച അഭിപ്രായമാണെങ്കിലും വാസ്ഥവവിരുദ്ധമെന്ന് സ്ഥിരപ്പെട്ടാല്‍ അവരത് ഉടനെ തിരുത്തുമായിരുന്നു.
    ഇബ്‌നു മസ്ഊദ് (റ) കൂഫായിലായിരുന്നപ്പോള്‍ ഒരാള്‍ ചോദിച്ചു: സംയോഗത്തിനു മുമ്പ് ഭാര്യയെ വിവാഹ മോചനം നടത്തിയാല്‍ അവളുടെ ഉമ്മയെ വിവാഹം ചെയ്യാമോ? നിസാഅ് സൂറയിലെ 23 ാം സൂക്തം പരിഗണിച്ച് വിവാഹം ചെയ്യാമെന്ന് വിധി നല്‍കി. ഇബ്‌നു മസ്ഊദ് (റ) കൂഫയില്‍നിന്ന് മദീനയിലെത്തിയപ്പോള്‍ തന്റെ ഫത്‌വ അവാസ്തവമായെന്നും അപ്പറഞ്ഞത് പോറ്റുമകളെക്കുറിച്ചാണെന്നും ബോധ്യം വന്നു. ഉടനെ അദ്ദേഹം കൂഫായിലേക്കു മടങ്ങി. മാസങ്ങളോളമുള്ള സാഹസിക യാത്രക്കു ശേഷം ആ ആളെ കണ്ടു തെറ്റു തിരുത്തി. ഭാര്യയെ ഒഴിവാക്കാന്‍ പറഞ്ഞു.
    ഇസ്‌ലാമിനെതിരെ ജൂതരും ക്രൈസ്തവരും പ്രചരിപ്പിച്ചുവരുന്ന അബദ്ധ ജടിലമായ ആശയങ്ങളെക്കുറിച്ച് പ്രത്യേകിച്ച്, ഹിജ്‌റ പ്രഥമ നൂറ്റാണ്ടു മുതല്‍ ഇസ്‌റാഈലിയ്യാത്ത് എന്ന് പറയാറുണ്ട്. ഇത് തികച്ചും വാസ്തവമാണ്. മുഹമ്മദ് ഹുസൈന്‍ ദഹബി ഇതെക്കുറിച്ച് വിശദീകരിച്ചു: ഇസ്‌ലാമിനെതിരെ അഴിച്ചുവിടപ്പെടുന്ന സര്‍വ്വ കുപ്രചരണങ്ങളുടെയും തുടക്കം ജൂതരില്‍നിന്നാണ്. ഇസ്‌ലാമിന്റെ ഉത്ഭവം മുതലേ ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശ്രമിച്ചതും ജൂതരായിരുന്നു. ഇസ്‌ലാമിനെതിരെയുള്ള സര്‍വ്വ കുപ്രചരണങ്ങളെക്കുറിച്ചും ഇസ്‌റാഈലിയ്യാത്ത് എന്നു പറയാന്‍ ഇതാണ് കാരണം (ഫാന്‍ ഫ്‌ളോട്ടന്‍ എഴുതിയ വ്യാഖ്യാനവും വ്യാഖ്യാതാക്കളും എന്ന ഗ്രന്ഥത്തില്‍നിന്ന്).
    ഇസ്‌റാഈല്യരെക്കുറിച്ച് ഇസ്‌ലാമിന്റെ വീക്ഷണം:
    ഒന്ന്: ഇസ്‌ലാമിന്റെ ഒട്ടധികം അവിസ്മരണീയ സംഭവങ്ങള്‍ക്കു ഇസ്‌റാഈലുകാര്‍ സാക്ഷിയായിട്ടുണ്ട്. ചരിത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം ഇസ്‌റാഈല്യരെക്കുറിച്ചു പഠിക്കാനും ചര്‍ച്ച ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ എന്നെക്കുറിച്ച് ഒരായത്തെങ്കിലും പറയുക. ഇസ്‌റാഈല്യരെക്കുറിച്ചും പറയുക. അതില്‍ തെറ്റില്ല. എന്നെപ്പറ്റി മന:പൂര്‍വ്വം ആരെങ്കിലും കളവു പറഞ്ഞാല്‍ അവന്റെ വാസസ്ഥലം നരകമായിരിക്കും (ബുഖാരി).
    രണ്ട്: ഇസ്‌റാഈല്യരെക്കുറിച്ച് തെളിവ് മൂലം സ്ഥിരപ്പെട്ടവ അംഗീകരിക്കുക, അല്ലാത്തവ നിരാഗരിക്കുക. അല്ലാഹു തന്നെ ഖുര്‍ആനില്‍ ഇസ്‌റാഈല്യരെക്കുറിച്ച് ഒട്ടധികം സംഭവങ്ങള്‍ തെളിവു സഹിതം ഉദ്ധരിച്ചിട്ടുണ്ട്. സത്യമെന്നോ അസത്യമെന്നോ തെളിയിക്കപ്പെടാത്തവയെക്കുറിച്ച് മൗനം ദീക്ഷിക്കണം. പ്രവാചകന്‍ പറഞ്ഞു: ഗ്രന്ഥം നല്‍കപ്പെട്ടവര്‍ നിങ്ങളോട് വല്ലതും പറഞ്ഞാല്‍ നിങ്ങള്‍ അതെക്കുറിച്ചു മൗനം പാലിക്കുക.  അവര്‍ സത്യമെന്നു പറഞ്ഞാല്‍ അസത്യമായും അസത്യമെന്നു പറഞ്ഞാല്‍ സത്യമായും കരുതുക. ''അവര്‍ (യഹൂദികള്‍) നിങ്ങള്‍ക്ക് ചില വിഷമതകളുണ്ടാക്കുകയല്ലാതെ ഉപദ്രവിക്കയില്ല. അവര്‍ നിങ്ങളോട് പോരാടുന്ന പക്ഷം അവര്‍ നിങ്ങളെ പിന്നിട്ടോടിക്കളയും. പിന്നെ, അവരെ സഹായിക്കപ്പെടുകയില്ല (ആലു ഇംറാന്‍: 3).
    ഇസ്‌റാഈല്യരിലെ ഒട്ടധികം സംഭവങ്ങളില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. അസ്ഹാബുല്‍ കഹ്ഫിന്റെ എണ്ണം, അവരുടെ നായയുടെ നിറം, മൂസാ നബിയുടെ വടിയുടെ ഇനം, ഇബ്‌റാഹീം നബിക്കു വേണ്ടി അല്ലാഹു ജീവിപ്പിച്ച പക്ഷികളുടെ പേര്, കൊല്ലപ്പെട്ടവനെ അടിക്കപ്പെട്ട പശുവിന്റെ അല്‍പ ഭാഗം, മൂസാനബിയും അല്ലാഹുവും സംസാരിച്ച വൃക്ഷത്തിന്റെ പേര്, ഖളിര്‍ നബി വധിച്ച കുട്ടിയുടെ നാമം, നൂഹ് നബിയുടെ കപ്പലിന്റെ ഘനം, അതിന്റെ മരത്തിന്റെ ഇനം ഇവ അവയില്‍ ചിലതാണ്.  പക്ഷെ, ഇവക്കിടയിലെ അഭിപ്രായ ഭിന്നത ഉദ്ധരിക്കുന്നത് അനുവദനീയമാണ്.
    ''അവര്‍ പറഞ്ഞു: (അവര്‍) മൂന്നു പേരാണ്. നാലാമത്തേത് അവരുടെ നായയും. നാലാമത്തേത് അവരുടെ നായയും. അവര്‍ (അവരില്‍ ചിലര്‍) പറയും: അഞ്ചാണ്, ആറാമത്തേത് അവരുടെ നായയും. (ഈ രണ്ടഭിപ്രായവും നജ്‌റാന്‍ ക്രിസ്ത്യാനികളുടെതാണ്.  അദൃശ്യത്തിലുള്ള ഊഹമാണത്. അവര്‍ (വിശ്വാസികള്‍) പറയും: ഏഴാണ്; എട്ടാമത്തേത് അവരുടെ നായയും. താങ്കള്‍ പറയുക: എന്റെ നാഥന്‍ അവരുടെ എണ്ണത്തെക്കുറിച്ച് ഏറ്റവും അറിയുന്നവനാണ്. അവരെക്കുറിച്ച് തുച്ഛമാളുകളല്ലാതെ അറിയുകയില്ല. (ഇബ്‌നു അബ്ബാസ് (റ) ഞാന്‍ ആ തുച്ഛമാളുകളില്‍ പെട്ടവനാണെന്ന് പ്രസ്താവിച്ചു. ഏഴാണദ്ദേഹം പറഞ്ഞത്.) അതിനാല്‍, പ്രത്യക്ഷവിവാദമല്ലാതെ താങ്കള്‍ അവരെക്കുറിച്ച് തര്‍ക്കിക്കണ്ട. അവരില്‍ (ഗ്രന്ഥക്കാരായ ജൂതന്മാര്‍) ഒരാളോടും അവരെ സംബന്ധിച്ചു തീരുമാനം ആവശ്യപ്പെടുകയും വേണ്ട'' (അല്‍കഹ്ഫ്: 22).
    പ്രവാചകന്റെ ആഗമനത്തിനു മുമ്പു ജൂതര്‍ക്ക് നല്ല പ്രചാരമായിരുന്നു. ഉന്നതങ്ങളിലൊക്കെ അവര്‍ കയറിപ്പറ്റിയിരുന്നു. പ്രവാചകന്റെ ആകമനം അവരെ തളര്‍ത്തി. പ്രചാരം നഷ്ടപ്പെട്ടു. ജൂത പ്രസ്ഥാനത്തിനിതു കനത്ത പ്രഹരം സൃഷ്ടിച്ചു. പ്രവാചകനെ സ്വഭാവ ഹത്യ ചെയ്തും മറ്റും തളര്‍ത്താന്‍ പലതും ചോദിച്ചു. പ്രവാചകനെ ഉത്തരം മുട്ടിക്കുക എന്നത് അവരുടെ ഒരു തന്ത്ര ശ്രമമായിരുന്നു. അവര്‍ പലതും ചോദിച്ചു. പ്രതികാര വധത്തെക്കുറിച്ച്, മുഹ്‌സ്വിന്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞുകൊല്ലുന്നതിനെക്കുറിച്ച്, ആത്മാവിനെക്കുറിച്ച്, ഈസാ നബിയുടെ ശരീര പ്രകൃതത്തെക്കുറിച്ച്... ഇങ്ങനെ പലതും. ഇതുമൂലമാണ് ഇസ്‌റാഈല്യര്‍ വിവാദ പാത്രമായത്.
    സ്വഹാബത്തിന്റെ കാലത്ത് ഇസ്‌ലാമിന് അസൂയാവഹമായ പുരോഗതി കൈവന്നു. അംഗസംഖ്യ വര്‍ദ്ധിച്ചു. പല വന്‍ രാഷ്ട്രങ്ങളും മുസ്‌ലിം റിപ്പബ്ലിക്കുകളായി. ജൂതരുടെ സമുന്നതരില്‍ പലരും ഇസ്‌ലാം ആശ്ലേഷിച്ചു. അവര്‍ ജൂതരുടെ വികൃതവും വികലവുമായ കള്ളക്കഥകള്‍ പുറത്തുകൊണ്ടുവന്നു.
    ഇസ്‌റാഈല്യരെ സംബന്ധിച്ച് സ്വഹാബത്ത് സ്വീകരിച്ച നിലപാട് ഉപരിസൂചിതങ്ങളായ ഇസ്‌ലാമിക വീക്ഷണങ്ങളായിരുന്നു. അവര്‍ ഇസ്‌റാഈലീ സംഭവങ്ങള്‍ ഗ്രഹിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. അബ്ദുല്ലാഹി ബിന്‍ അംറു ബിന്‍ ആസ്വിക്ക് യര്‍മൂക്ക് യുദ്ധത്തില്‍ വെച്ചു രണ്ട് ഒട്ടകം കിട്ടി. ജൂത ഗ്രന്ഥങ്ങളുടെ വലിയ കെട്ടുകളുമുണ്ടായിരുന്നു അവക്കു പുറത്ത്. പ്രവാചകരുടെ അനുമതി പ്രകാരം അദ്ദേഹം അത് വായിച്ചു മറ്റുള്ളവരെ കേള്‍പിച്ചിരുന്നു.
    ജുന്‍ദുബുല്‍ ബജ്‌ലി (റ) ഒരിക്കല്‍ ഇബ്‌നു മസ്ഊദ് (റ) വിന്റെ സന്നിധിയില്‍ വന്നു. ആഗതനോട് ഇബ്‌നു മസ്ഊദ് ചോദിച്ചു: താങ്കള്‍ എവിടെ നിന്നു വരുന്നു?
    ആഗതന്‍: ശാമില്‍നിന്ന്.
    ഇബ്‌നു: ശാമില്‍ നിങ്ങള്‍ ആരെ കണ്ടു?
    ആഗതന്‍: കഅബിനെ.
    ഇബ്‌നു: കഅബ് എന്തു പറഞ്ഞു?
    ആഗതന്‍: ആകാശം ഒരു മലക്കിന്റെ ചിറകിലാണ് കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
    ഇബ്‌നു: താങ്കള്‍ അത് വിശ്വസിച്ചോ?
    ആഗതന്‍: വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്തിട്ടില്ല.
    ഇബ്‌നു: കഅബ് അസത്യം പറഞ്ഞു. ഖുര്‍ആനിലുള്ളത് ഇപ്രകാരമാണ്: 'ആകാശവും ഭൂമിയും അല്ലാഹുവിന്റെ പിടിയിലാണ്' (ഫാത്വിര്‍). ഈ സംഭവം ഒരു യാഥാര്‍ത്ഥ്യം ഉള്‍കൊള്ളുന്നു. ഇസ്‌റാഈലി സംഭവങ്ങളില്‍നിന്ന് ജൂതര്‍ നല്‍കുന്ന വിവരണങ്ങളില്‍നിന്ന് ഖുര്‍ആനോട് യോജിക്കുന്നവ സ്വീകരിക്കുകയും അല്ലാത്തവ നിരാഗരിക്കുകയും മറ്റുള്ളവരെ യഥാര്‍ത്ഥം ഗ്രഹിപ്പിക്കുകയും ചെയ്തിരുന്നു.
    ചില പ്രവാചകരുടെ ചരിത്ര സംഭവങ്ങളേ സ്വഹാബാക്കള്‍ ജൂത ക്രൈസ്തവരില്‍നിന്നു അന്വേഷിച്ചറിഞ്ഞിട്ടുള്ളൂ. ഈ ചരിത്രങ്ങള്‍ക്കിടയില്‍ ഫലപ്രദവും അപകടകാരികളല്ലാത്തതുമായ വിവരങ്ങളുമുണ്ടായിരുന്നു. ഇബ്‌നു മസ്ഊദ് തന്റെ തഫ്‌സീരില്‍ അല്‍ ബഖറ അമ്പതാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇത്തരത്തില്‍ ചില സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ആടിനെ അറുത്ത് മാംസ വിതരണത്തിന് മതിയാവുന്ന സമയത്തിനിടക്ക് ഫിര്‍ഔന്‍ തന്റെ സൈന്യത്തെ വിളിച്ചുവരുത്തിയതും മൂസാ (അ) സമുദ്രത്തില്‍ അടിക്കുന്നതിനു മുമ്പു സമുദ്രവുമായി നടത്തിയ സംവാദവും യൂശഅ് നബിയുമായി നടത്തിയ സംഭാഷണവും സമുദ്രം പന്ത്രണ്ടു പിളര്‍പ്പായി പരിണമിച്ചതും ആര്‍ക്കും ദര്‍ശിക്കാവുന്ന രീതിയില്‍ അത് അനുഭവപ്പെട്ടതും ഫിര്‍ഔനും പരിവാരവും കടലിലിറങ്ങിയ ശേഷം കടല്‍ പരസ്പരം കൂടിയതും ഇബ്‌നു മസ്ഊദ് (റ) ഉപര്യുക്ത സൂക്ത വ്യാഖ്യാനത്തില്‍ ദൃശസമാനം വിവരിക്കുന്നു.
    ഇസ്‌ലാമിക മുന്നേറ്റത്തില്‍ അത്യധികം ക്ഷോഭിച്ച ഒരു വിഭാഗമായിരുന്നു ഓറിയന്റലിസ്റ്റുകള്‍. ആദ്യകാലം മുതല്‍ക്കുതന്നെ ഇസ്‌ലാമിനെതിരെ അവരുടെ വിഷലിപ്തങ്ങളായ ശരങ്ങള്‍ ഉതിര്‍ത്തിരുന്നു. പ്രവാചകരെ പറ്റി തെറി പറഞ്ഞു. സ്വഹാബികളെ അപഹസിച്ചു. ഇങ്ങനെ യഥാകാലം അവരുടെ അടങ്ങാത്ത അരിശം  അവര്‍ പുറത്തേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. ഇവരില്‍ പ്രമുഖനായ ഗോള്‍ഡശീര്‍ പറയുന്നു: ഇബ്‌നു അബ്ബാസിന് വല്ല വിഷയത്തിലും സംശയമുദിച്ചാല്‍ കഅബുല്‍ അഹ്ബാര്‍, അബ്ദുല്ലാഹി ബിന്‍ സലാം, ഉബയ്യുല്‍ ജില്‍ദ് (ഇവര്‍ ഇസ്‌ലാം സ്വീകരിച്ച ജൂതരായിരുന്നു.)എന്നിവരെ സമീപിക്കുമായിരുന്നു. ഇബ്‌നു അബ്ബാസിന്റെ മദ്‌റസ ജൂത തിയേറ്ററായിരുന്നുവെന്ന് പ്രസ്താവിച്ച ഓട്ടോ ലോസിനെയും ബ്രോക്കല്‍മാനെയും പിന്തുണക്കുകയായിരുന്നു ഗോള്‍ഡശീര്‍. ജൂതരില്‍നിന്ന് ഇസ്‌ലാം ആശ്ലേഷിച്ചവരാണ് മുസ്‌ലിംകളെ വൈജ്ഞാനിക രംഗത്ത് പ്രശോഭിപ്പിച്ചതെന്ന് വരുത്തിത്തീര്‍ക്കുന്ന ഗോള്‍ഡശീറിന്റെ ഈ പ്രസ്താവം അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പ്രസ്താവത്തോട് വിരുദ്ധമാണ്: കഅബുല്‍ അഹ്ബാര്‍ ജൂതനായിരുന്നപ്പോള്‍ കൊള്ളരുതാത്തവനായിരുന്നു. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അദ്ദേഹം നല്ലവനായി. ഗോല്‍ഡശീറിന്റെ വാക്കുകളാണിത്.
    എന്നാല്‍, ഇബ്‌നു അബ്ബാസിനെക്കുറിച്ച് ഡോള്‍ഡശീര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും നിരര്‍ത്ഥകമാണ്. സൂറത്തുല്‍ ബഖറയിലെ 19 ാം സൂക്തത്തിലും സൂറത്തുര്‍റഅദിലെ പന്ത്രണ്ടാം സൂക്തത്തിലും ഉള്ള റഅദ്, ബര്‍ഖ് എന്നീ പദങ്ങളെക്കുറിച്ച് ഉബയ്യുല്‍ ജില്‍ദിനോട് അന്വേഷിച്ചു. ഇതാണ് ഇബ്‌നു അബ്ബാസിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ഒരാരോപണം. ഇതേക്കുറിച്ച് സൂക്ഷ്മമായി പഠിച്ച ശൈഖ് അഹ്മദ് ശാകി പറഞ്ഞു: ഇതിന്റെ സനദ് പ്രബലമല്ല. ഏതു രീതിയിലും മുര്‍സല്‍, മുബ്ഹം, മുന്‍കതത്വിഅ് ഇവയിലൊന്നാകാനേ സാധ്യതയുള്ളൂ. ഇനി, മറുവശമെടുത്താല്‍, ഇബ്‌നു അബ്ബാസിന് ഇതേക്കുറിച്ച് ആരോടും ചോദിക്കേണ്ടതില്ല. കാരണം അറബു നാട്ടില്‍തന്നെ ഇടിയും മിന്നും ചുഴലിയും മുറക്കുണ്ടാകാറുണ്ട്. വലിയ കവിതകളും ഇതെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. കവിത അറബികളുടെ സാഹിത്യാവലംബമാണ്. ഖുര്‍ആനിലെ വല്ല പദങ്ങളെക്കുറിച്ചും സംശയമായാല്‍ ഞങ്ങള്‍ പദ്യം പരിശോധിക്കും- ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു. പ്രശസ്ത ചിന്തകന്‍ ഇബ്‌റാഹീം മുഹമ്മദ് പറയുന്നു: റഅദ്, ബര്‍ഖ് എന്നീ പദങ്ങളുടെ അര്‍ത്ഥമറിയാന്‍ അറബികള്‍ക്ക് മറ്റൊരു ആളോട് അന്വേഷിക്കുകയോ റഫറന്‍സുകള്‍ പരതുകയോ ചെയ്യേണ്ട ആവശ്യമില്ല. അല്ലെങ്കില്‍, അറബികളൊക്കെ അനറബികളാകും.
    ആലു ഇംറാനിലെ ഏഴാമത്തെ സൂക്തത്തിലെ ഉമ്മുല്‍ കിത്താബ് എന്ന പദത്തെക്കുറിച്ച് കഅബുല്‍ അഹ്ബാറിനോട് ചോദിച്ചു എന്നാണ് ഇബ്‌നു അബ്ബാസിനെക്കുറിച്ച് മറ്റൊരു ആരോപണം. ഇത് പച്ചക്കള്ളമാണ്. ഇബ്‌നു അബ്ബാസ് ഈ സൂക്തം വ്യാഖ്യാനിച്ചിടത്ത് കഅബിനെക്കുറിച്ച് ഒരു സൂചന പോലുമില്ല.
    ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: മുസ്‌ലിംകളെ, നിങ്ങള്‍ എങ്ങനെയാണ് ജൂതരോട് വല്ലതും ചോദിക്കുക. നിങ്ങളുടെ നബിക്ക് അവതരിക്കപ്പെട്ട ഗ്രന്ഥം ഏറ്റം പുതിയ വാര്‍ത്തകളാണെല്ലോ. നിങ്ങള്‍ അത് ഓതുന്നു. അതില്‍ യാതൊരു മാറ്റവും വരുത്തപ്പെട്ടിട്ടില്ല.
    സ്വഹാബികള്‍ തഫ്‌സീറില്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടില്ല. സഹാബാക്കളില്‍ പ്രമുഖരൊക്കെ ആദ്യം പരലോകം പ്രാപിച്ചതോ, ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ സ്വഹാബത്തിനുണ്ടായിരുന്ന ഭീതിയോ, തഫ്‌സീറ് അന്ന് സ്വന്തമായൊരു ഇല്‍മ് അല്ലാതെ ഹദീസ്, ഫിഖ്ഹ് എന്നിവയുമായി കൂടിക്കലര്‍ന്നു എന്നതോ ആയിരിക്കാം ഇതിനു കാരണം.
    തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, തര്‍ജ്ജമ ഇവയില്‍ അല്‍പാല്‍പം മാത്രമാണ് പില്‍കാലക്കാര്‍ക്ക്  അവരില്‍നിന്നു ലഭിച്ചിട്ടുള്ളത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന സാഹസികാന്വേഷണങ്ങളില്‍ പല അജ്ഞാത കേന്ദ്രങ്ങളില്‍നിന്നും ഇവ കണ്ടെടുത്തു. ഗ്രന്ഥങ്ങളും വിജ്ഞാന കോശങ്ങളുമാക്കി ശേഖരിച്ചു. ത്വബ്‌രി, സുയൂഥി എന്നിവരുടെ തഫ്‌സീറുകള്‍ ഇവയില്‍ പ്രമുഖമാണ്. ഇവയുടെ അസ്ല്‍ സ്ഥിരീകരിക്കാനും സനദ് ശരിപ്പെടുത്താനും ഇവര്‍ കഠിന യത്‌നം തന്നെ നടത്തി.
    ഫിഖ്ഹിലും തഫ്‌സീറിലും സ്വഹാബത്തിന്റെ ഒട്ടധികം വീക്ഷണങ്ങളും വസ്തുതകളും നമുക്ക് കാണാന്‍ സാധിക്കും. ഖുര്‍ആന്റെ നസ്സില്‍നിന്നുരുത്തിരിഞ്ഞ സഹാബത്തിന്റെ വീക്ഷണങ്ങളധികവും ഫിഖ്ഹ് സംബന്ധമായിരുന്നു. ഫിഖ്ഹില്‍ നിപുണരായ മുന്നൂറ്റി മുപ്പതിലധികം ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ സ്വഹാബികളുണ്ടായിരുന്നു.
    സ്വഹാബികളില്‍ തഫ്‌സീര്‍ ശേഖരിച്ച് പുറം ലോകത്ത് കൊണ്ടുവരാന്‍ സാധിച്ചിരുന്നവര്‍ അബ്ദുല്ലാഹിബിന്‍ അബ്ബാസ് (റ), അബ്ദുല്ലാഹി ബിന്‍ മസ്ഊദ് (റ), അലി ബിന്‍ അബീ ഥാലിബ് (റ), ഉബയ്യ് ബിന്‍ കഅബ് (റ), ആഇശ (റ) എന്നിവരാകുന്നു.
    സ്വഹാബത്തിന്‍രെ തഫ്‌സീര്‍ ശേഖരം ഒരുമിച്ചു കൂട്ടാന്‍ ശ്രമിച്ച പ്രഥമ പണ്ഡിതന്‍ മജ്ദുദ്ദീന്‍ ഫൈറൂസാബാദി ആയിരുന്നു. (ഇദ്ദേഹം ഹി. 817 ല്‍ മരണപ്പെട്ടു.) ഖാമൂസ് മുഹീത്തിന്റെ രചയിതാവായ ഇദ്ദേഹം ഇബ്‌നു അബ്ബാസിന്റെ തഫ്‌സീര്‍ ശേഖരിച്ചു. തന്‍വീറുല്‍ മിഖ്‌യാസ് മിന്‍ തഫ്‌സീരി ഇബ്‌നി അബ്ബാസ് എന്നായിരുന്നു അതിന്റെ പേര്. ഫൈറൂസിക്കു ശേഷവും ഒട്ടനേകം പേര്‍ ഈ രംഗത്തേക്കു വന്നിട്ടുണ്ട്.