Monday, December 19, 2011

മരണാനന്തരം, അന്ത്യനാള്‍

മരണാനന്തരം, അന്ത്യനാള്‍
അറക്കല്‍ ഹസന്‍കുട്ടി ഹാജി

ഈ പ്രപഞ്ചത്തിനും ഒരു അന്ത്യമുണ്ട്. അതിനെയാണ് ഖിയാമം അഥവാ യൗമുല്‍ ഖിയാമഃ എന്നു പറയുന്നത്. ഇസ്‌റാഫീല്‍(അ) എന്ന മലക്ക് സൂര്‍ എന്ന കാഹളത്തില്‍ 'ആദ്യത്തെ വിളി' വിളിക്കുമ്പോള്‍ പ്രപഞ്ചവും അതിലുള്ള സര്‍വ്വ ചരാചരങ്ങളും പ്രകമ്പനം കൊണ്ട് തകര്‍ന്നു തരിപ്പണമാകുന്നു. അന്നുള്ള എല്ലാവരും മരിച്ചുവീഴുന്നതായിരിക്കും. അല്ലാഹു നിശ്ചയിച്ചവരൊഴികെ. അങ്ങനെ ജിബ്‌രീല്‍(അ), മീക്കായീല്‍(അ), ഇസ്‌റാഫീല്‍(അ), അസ്‌റാഈല്‍(അ) എന്ന നാലു മലക്കുകള്‍ മാത്രം ബാക്കിയാവുന്നു. പിന്നെ മലക്കുല്‍ മൗത് ഒഴികെ മറ്റു മൂന്നു മലക്കുകളെയും മരിപ്പിക്കുന്നു. അവസാനം അല്ലാഹുവിന്റെ പ്രത്യേക കല്‍പന പ്രകാരം മലക്കുല്‍ മൊത്തും മരിക്കുന്നു. അങ്ങനെ അല്ലാഹു (സു)വിന്റെ സൃഷ്ടികളെല്ലാം മരിക്കുന്നു. സ്രഷ്ടാവായ അല്ലാഹു മാത്രം ബാക്കിയാവുന്നു.
 പിന്നെ അല്ലാഹു മലക്കുകളെ ജീവിപ്പിക്കുന്നതാണ്. അപ്പോള്‍ ഇസ്‌റാഫീല്‍(അ) സൂറില്‍ 'രണ്ടാമത്തെ വിളി' വിളിക്കുന്നു. അതോടെ ആദ്യത്തെ വിളിയില്‍ സകലതും തകര്‍ന്നു തരിപ്പണമായതു പോലെ ഈ 'രണ്ടാം വിളിയില്‍' അവയെല്ലാം പുനരുജീവിപ്പിക്കപ്പെടുന്നതാണ്.
ബര്‍സഖിലുള്ള റൂഹുകള്‍ ഖബറുകളിലുള്ള ജീര്‍ണിച്ച അവയുടെ പഴയ ശരീരങ്ങളില്‍ പ്രവേശിച്ചു ഖബറുകളില്‍നിന്നും അവ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. അപ്പോള്‍ പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും അവര്‍ക്ക് ഉണ്ടാവുക. അവരുടെ വിരലുകളിലെ അടയാളങ്ങള്‍ പോലും പണ്ടുണ്ടായിരുന്നതുപോലെ തന്നെയായിരിക്കും. അങ്ങനെ അവരെല്ലാവരും തങ്ങളെ 'വിളിച്ചുകൊണ്ടുപോകുന്ന ആളെ' അനുഗമിച്ചു മഹ്ശറയില്‍ വിചാരണയ്ക്കായി എത്തിച്ചേരുന്നു.
അല്ലാഹു പ്രത്യക്ഷപ്പെടുന്നതും പ്രതീക്ഷിച്ചുകൊണ്ട് എല്ലാവരും അക്ഷമരായി കാത്തുനില്‍ക്കുന്നു. അപ്പോള്‍ ഒരുകൂട്ടം മലക്കുകള്‍ ഇറങ്ങി വന്നു ജനങ്ങളെ വലയം ചെയ്യുന്നു. അതോടെ അവിടെ പ്രകാശ പൂരിതമായിത്തീരുന്നതാണ്. പിന്നെ അതിന്റെ ഇരട്ടിയോളം മലക്കുകള്‍ ഇറങ്ങി വന്നു ആദ്യത്തെ വലയത്തെയും പിന്നെയും അതിന്റെ ഇരട്ടി മലക്കുകള്‍ ഇറങ്ങിവന്നു ആ വലയത്തെയും വലയം ചെയ്യുന്നതാണ്. അല്ലാഹു ഇനിയും പ്രത്യക്ഷപ്പെട്ടിട്ടില്ല.
 അല്ലാഹുവിന്റെ വരവും വിചാരണയും പ്രതീക്ഷിച്ചു അങ്ങനെ ഭയവിഹ്വലരായിക്കഴിയുന്ന ജനങ്ങള്‍ അവരുടെ വിചാരണ വേഗത്തില്‍ എടുപ്പിക്കുന്നതിനായി അല്ലാഹുവിനോട് അപേക്ഷിക്കുവാന്‍ ആദ്യ പ്രവാചകനായ ആദം നബി(അ)ന്റെ അടുക്കല്‍ ചെല്ലുകയും അവരുടെ ഉപദേശ പ്രകാരം നൂഹ്(അ)ന്റെ അടുക്കല്‍ ചെല്ലുകയും  അവരുടെ നിര്‍ദ്ദേശ പ്രകാരം ഖലീലായ ഇബ്‌റാഹീം (അ)ന്റെ അടുക്കല്‍ ചെല്ലുകയും അവരുടെ ഉപദേശപ്രകാരം, അല്ലാഹു രിസാലത്തു നല്‍കി നേരിട്ടു സംസാരിച്ചു ആദരിച്ച മൂസാനബിയുടെ അടുക്കല്‍ ചെല്ലുകയും അവരുടെ ഉപദേശ പ്രകാരം അല്ലാഹു മര്‍യം ബീവിയിലേക്കു റൂഹ് നല്‍കിയും പൈതലായിരിക്കുമ്പോള്‍ തന്നെ തൊട്ടിലില്‍ വെച്ചു സംസാരിക്കുകയും ചെയ്ത ഈസാനബിയുടെ അടുക്കല്‍ ചെല്ലുകയും  അവരുടെ ഉപദേശ പ്രകാരം അല്ലാഹുവിന്റെ ഹബീബും ഖാതിമുന്നബിയുമായ മുഹമ്മദ് മുസ്ത്വഫാ(സ)യുടെ അടുക്കലേക്കു ചെല്ലുകയും ചെയ്യുന്നു; അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ നബി
(സ) അല്ലാഹുവിനെ സ്തുതിച്ചു സുജൂദ് ചെയ്ത് റബ്ബിനോട് മഹ്ശറയിലുള്ള വിചാരണ വേഗമാക്കാന്‍ അപേക്ഷിക്കുന്നതായിരിക്കും. അങ്ങനെ അല്ലാഹു (സു) പ്രത്യക്ഷപ്പെട്ടു വിചാരണ ആരംഭിക്കുകയായി.
അല്ലാഹു നബിമാരെക്കൊണ്ടായിരിക്കും വിചാരണ ആരംഭിക്കുന്നത്. ജനങ്ങളെ ഓരോരുത്തരെയും ഓറ്റയൊറ്റയായും കൂട്ടായും കക്ഷി തിരിച്ചു കൊണ്ടുമായിരിക്കും ചോദ്യങ്ങള്‍ ചോദിക്കുന്നത്.
ഗ്രന്ഥം നല്‍കല്‍
ഓരോരുത്തര്‍ക്കും അവരവരുടെ ഇഹലോക പ്രവൃത്തികള്‍ റഖീബ്, അതീദ്(അ) എന്നീ മലക്കുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം നല്‍കുന്നതാണ്. സത്യവിശ്വാസികള്‍ക്ക് അവരുടെ വലംൈകയ്യിലായിരിക്കും ഗ്രന്ഥം നല്‍കപ്പെടുക. അവര്‍ സന്തോഷത്തോടെ അതു ഏറ്റുവാങ്ങി കൂടുതല്‍ സന്തോഷഭരിതരായിത്തീരുന്നു. ഈ പരിപാടികളെല്ലാം കൂടി ഒരു ഫര്‍ള് നിസ്‌കാരം നിസ്‌കരിക്കുന്നതിനേക്കാള്‍ ലഘുവായിട്ടേ അവര്‍ക്കു അനുഭവപ്പെടുകയുള്ളൂ.
എന്നാല്‍ കുറ്റവാളികള്‍, അവരുടെ റിക്കാര്‍ഡുകള്‍ കിട്ടാതിരിക്കുന്നതിനായി കൈകള്‍ പിന്നോട്ടു മാറ്റുന്നു. അപ്പോള്‍ പിന്നിലൂടെ അവരുടെ ഇടംകൈയ്യില്‍ ഗ്രന്ഥം കൊടുക്കപ്പെടുന്നു. ചെറുതും വലുതുമായ, രഹസ്യവും പരസ്യവുമായി ചെയ്ത എല്ലാ കാര്യങ്ങളെപ്പറ്റിയും ഒന്നുപോലും വിട്ടുപോകാതെ രേഖപ്പെടുത്തിയിട്ടുള്ള ആ ഗ്രന്ഥം അവരുടെ കൈകളില്‍ കിട്ടുമ്പോള്‍ അവര്‍ അമ്പരക്കുന്നു; ഖേദിക്കുന്നു; സ്വയം ശപിക്കുന്നു.
സ്വയം സാക്ഷിപറയല്‍
സത്യനിഷേധികള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷപ്പെടാന്‍ തങ്ങളുടെ തെറ്റു കുറ്റങ്ങള്‍ സമ്മതിക്കാതെ അവര്‍ക്കു നല്‍കപ്പെടുന്ന റിക്കാര്‍ഡുകളും മറ്റുള്ളവരും സാക്ഷി പറയുന്നത് അവര്‍ സ്വീകരിക്കാതെ അവയെ നിഷേധിച്ചുകൊണ്ട് സംസാരിച്ചു ശിക്ഷയില്‍നിന്നും ഓടിരക്ഷപ്പെടാമെന്ന്‌വ്യാമോഹിക്കും. എന്നാല്‍ എങ്ങോട്ടു പോയി രക്ഷപ്പെടാന്‍? അപ്പോള്‍ അവരുടെ സംസാരം നിര്‍ത്താനായി അവരുടെ വായ സീല്‍ വെക്കപ്പെടുന്നു. അതോടെ അവരുടെ അവയവങ്ങളായ കണ്ണും കൈയ്യും കാലും ചെവിയും താനെ സംസാരിക്കും. അവയവങ്ങളും 'കിറാമുല്‍ കാതിബീന്‍' എന്ന മലക്കും അവര്‍ ചെയ്ത എല്ലാ പ്രവൃത്തികളെയും പുറത്തുകൊണ്ടു വരുന്നതാണ്.
മീസാന്‍: നന്‍മ തിന്‍മകള്‍ തൂക്കുന്ന നീതിയുടെ തുലാസ്
ഇഹലോക ജീവിതത്തില്‍ ജനങ്ങള്‍ ചെയ്തിട്ടുള്ള എല്ലാ നന്‍മകളും തിന്‍മകളും കൃത്യമായി തൂക്കി കണക്കാക്കുന്നതിനു വേണ്ടി അല്ലാഹു മഹ്ശറയില്‍ സ്ഥാപിക്കുന്ന നീതിയുടേതായ തുലാസിനാണ് 'മീസാന്‍' എന്നു പറയുന്നത്. അതിന്റെ ആകൃതിയും പ്രകൃതിയും പ്രവര്‍ത്തന രീതിയും നമ്മുടെ ഭാവനക്കു അതീതമാണ്.
മനുഷ്യന്‍ ചെയ്തിരുന്ന നന്‍മകള്‍ സല്‍കര്‍മ്മമായാലും ദുഷ്‌കര്‍മമായാലും ഒകു കടുക് മണിയുടെ തൂക്കമാണെങ്കില്‍ പോലും മീസാന്‍ അതു കണക്കില്‍ കൊണ്ടു വരുന്നതാണ്. പരലോകത്തില്‍ വിജയിക്കണമെന്ന അഭിലാഷത്തോടെ സല്‍കര്‍മ്മങ്ങള്‍ മാത്രമേ മീസാനില്‍ തൂക്കമുണ്ടാകൂ. അങ്ങനെ ആരുടെ തട്ടുകള്‍ കനം തൂങ്ങുന്നുവോ അവര്‍ സ്വര്‍ഗത്തിന്റെ അവകാശികളായിത്തീരുന്നു. ആരുടെ തട്ടുകള്‍ കനം കുറയുന്നുവോ അവര്‍ നരഗത്തിന്റെ അവകാശികളായിത്തീരുന്നു.
ഹൗളുല്‍ കൗസര്‍: സര്‍വാനുഗ്രഹ ജലസംഭരണി
അല്ലാഹു നമ്മുടെ ബഹുമാനപ്പെട്ട നബി(സ) തങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേകമായി നല്‍കാമെന്നു വാഗ്ദാനം ചെയ്ത ഒരു ബഹുമാനവും വിശേഷതയുമാണ് 'ഹൗളുല്‍ കൗസര്‍' എന്ന സര്‍വാനുഗ്രഹ ജലസംഭരണി. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതുമാകുന്നു. അതില്‍നിന്നും ആരെങ്കിലും ഒരിക്കല്‍ കുടിക്കുകയാണെങ്കില്‍ അവനു പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. എന്നു നബി(സ) പറഞ്ഞിരിക്കുന്നു. ഉമ്മത്തികളിലെ സജ്ജനങ്ങള്‍ ആ ഹൗളില്‍നിന്നും കുടിച്ചു ദാഹം തീര്‍ക്കുമ്പോള്‍ ദുര്‍ജനങ്ങള്‍ അവിടെയെത്താന്‍ കഴിയാതെ വിഷമിക്കുന്നു. മലക്കുകള്‍ അവരെ തടയുന്നതാണ് അതിനു കാരണം. അങ്ങനെ സത്യവിശ്വാസികള്‍ ആ സ്വര്‍ഗീയ പാനീയം കുടിച്ചു അങ്ങേയറ്റം സന്തോഷഭരിതരായി കഴിയുമ്പോള്‍ സത്യനിഷേധികള്‍ കഠിനമായ ദാഹത്താല്‍ നിരന്തരം വലയുന്നതായിരിക്കും.
(സുന്നിഅഫ്കാര്‍ വാരിക, 2005, ഓഗസ്റ്റ്: 3, സുന്നിമഹല്‍, മലപ്പുറം)

ആര്‍ത്തവമില്ലായ്മയും വേദനയും

ആര്‍ത്തവമില്ലായ്മയും വേദനയും
അബ്ദുസ്സമദ് ഫൈസി കരുവാരക്കുണ്ട്‌

ആര്‍ത്തവമുണ്ടാവാതിരിക്കുന്ന അവസ്ഥയാണ് അനാര്‍ത്തവം. പ്രായപൂര്‍ത്തി വന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവം ഇല്ലാതിരിക്കുന്നത് സ്‌ക്രോഫുലാക്ഷയം, വിളര്‍ച്ച മുതലായ കാരണങ്ങള്‍ കൊണ്ടായിരിക്കും. ഗര്‍ഭാശയത്തിന്റെയും അണ്ഡകോശങ്ങളുടെയും വലിപ്പക്കുറവും വികാസമില്ലായ്മയും, യോനീദ്വാരം അടഞ്ഞിരിക്കുന്നത് നിമിത്തവും ചിലപ്പോള്‍ ആര്‍ത്തവത്തിന് തടസ്സം നേരിടാറുണ്ട്. ഇതിന് vicarious menstruation എന്ന് പറയുന്നു.
മുലയൂട്ടുന്ന കാലത്ത് മിക്ക സ്ത്രീകളും ആര്‍ത്തവകാരികളാവാറില്ല. അതുപോലെത്തന്നെ ഗര്‍ഭം നിമിത്തവും ആര്‍ത്തവം നിന്നു പോവാറുണ്ട്. ഇവ രണ്ടും രോഗനിമിത്തമാണെന്നു കരുതി ചികിത്‌സിക്കേണ്ടതില്ല. ആര്‍ത്തവപ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നവരില്‍, തുടര്‍ച്ചയായി മൂന്നു മാസത്തിലേറെക്കാലം ആര്‍ത്തവമുണ്ടായില്ലെങ്കില്‍ അത് അനാര്‍ത്തവമാണ്. 18 വയസ്സ് കഴിഞ്ഞിട്ടും പ്രഥമ ആര്‍ത്തവം സംഭവിച്ചില്ലെങ്കില്‍ ആ അവസ്ഥയെയും അനാര്‍ത്തവമായി വിശേഷിപ്പിക്കാം.
ആര്‍ത്തവത്തിന്റെ അഭാവത്തെ പരിഹരിക്കുന്നതിന് താഴെ പറയുന്ന ചികിത്സ ഏറ്റവും ഫലപ്രദമാണ്.
1) അശോകാരിഷ്ടം, ബൃഹദ്‌യോഗ രാജ ഗുല്‍ഗുലു ഗുളിക, മാജുന്‍ സഞ്ചബീല്‍, സര്‍ഫര്‍, തൂജാ, പള്‍സാറ്റില, സേപ്പിയ, മെഡോറിനം, ലാക്കസിസ്, മെര്‍ക്ക് സോള്‍, ഡാമിയാന തുടങ്ങിയ ഔഷധങ്ങള്‍ ഒരു സ മര്‍ത്ഥനായ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.
2) തുല്യ അളവില്‍ നെല്ലികത്താലിയും, പ്ലാവിന്‍ തൊലിയുമെടുത്ത് കഷായം വെച്ചു കഴിക്കുക.
3) ആര്‍ത്തവ കാലമായിട്ടും തീരെ ആര്‍ത്തവം പുറപ്പെട്ടിട്ടില്ലാത്ത ബാലികയെ ചികിത്സിക്കുമ്പോള്‍ ആദ്യം ഒരു ചൂട് എനിമ കൊടുക്കണം. അതിനെത്തുടര്‍ന്ന് 58 ഡിഗ്രി മുതല്‍ 80 ഡിഗ്രി വരെ ചൂടുള്ള വെള്ളത്തില്‍ ദിവസവും കിടക്കുന്നതിന്റെ മുമ്പ് 15 മിനുട്ട് ഇരിക്കുക. ഈ അവസരത്തില്‍ ശരീരം പുതച്ചിരിക്കുകയും കാല്‍പാദം ചൂടാക്കിയിരിക്കുകയും വേണം. കുളി കഴിഞ്ഞ ശേഷം ശരീരവും പാദവും പരുത്തിത്തുണികൊണ്ട് തിരുമ്മി ചൂടാക്കി ശേഷം കിടന്നുറങ്ങുക.
4) ബാലികയ്ക്ക് കൊടുത്തുവരുന്ന ഭക്ഷണം പോഷകമൂല്യമില്ലാത്തതാണെങ്കില്‍ നല്ല വിഭവ സമൃദ്ധവും പോഷക മൂല്യം നിറഞ്ഞതുമായ ഭക്ഷണം നല്‍കണം. മലബന്ധമുെണ്ടങ്കില്‍ ആ ദൂഷ്യം പരിഹരിക്കണം. നിര്‍ബന്ധപൂര്‍വ്വം യാതൊരു വേലയും ചെയ്യിക്കരുത്. എല്ലാ ദിവസവും തുറസ്സായ സ്ഥലത്ത് വ്യായാമം ചെയ്യണം.
ആര്‍ത്തവ രക്തം പോകാത്തതിന്റെ ഫലമായി ശരീരം തടിക്കുക, വിളര്‍ച്ച, ശ്വാസം മുട്ടല്‍, തലവേദന, നീര്‍ക്കോള്‍, രക്തം തുപ്പുക മതലായ അസുഖങ്ങള്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ ആര്‍ത്തവ രക്തം വേണ്ടതു പോലെ പോകാത്തതിന്റെ ഫലമായി മൂക്ക്, ശ്വാസകോശം മുതലായവയില്‍ നിന്നും  രക്തവാര്‍ച്ച ഉണ്ടാകുന്നതായി കാണുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിന്റെ തകരാറു നിമിത്തവും അസ്വസ്ഥത, ഉല്‍കണ്ഠ, തുടങ്ങിയ മാനസിക കാരണങ്ങള്‍ കൊണ്ടും ആര്‍ത്തവരാഹിത്യമുണ്ടാകാറുണ്ട്.
ആര്‍ത്തവകാല വേദന
മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്ത് വയറുവേദന, നടുവേദന, മാനസികാസ്വസ്ഥത തുടങ്ങിയവ കുറഞ്ഞ തോതിലെങ്കിലും അനുഭവപ്പെടാറുണ്ട്. അപൂര്‍വ്വം ചില സ്ത്രീകളില്‍ ഇത് കൂടുതലായിരിക്കുകയും സാധാരണ ജോലിയില്‍നിന്നും മാറ്റി നിര്‍ത്താന്‍ തക്ക കാരണമാവുകയും ചെയ്യും. ഗര്‍ഭാശയത്തിലോ മറ്റു ബന്ധപ്പെട്ട ഭാഗങ്ങളിലോ ഉണ്ടാകുന്ന രോഗാണുബാധയും ഹോര്‍മോണ്‍ ഉത്പാദനത്തില്‍ വൈകല്യം സംഭവിക്കുന്നതു കൊണ്ടും അണ്ഡാശയ വീക്കം, ഗര്‍ഭാശയ സ്ഥാനമാറ്റം, മലബന്ധം തുടങ്ങിയവ കൊണ്ടും വേദനയുണ്ടാകും. അവിവാഹിതരായ യുവതികളില്‍ വലിപ്പം കുറഞ്ഞ ഗര്‍ഭാശയം മൂലമോ വളരെ ഇടുങ്ങിയ ഗര്‍ഭാശയഗളം മൂലമോ വേദന അനുഭവപ്പെടാം. പല സ്ത്രീകള്‍ക്കും ശിശു ജനനത്തിനു മുമ്പ് ആര്‍ത്തവത്തിന് വേദനയുണ്ടായിരിക്കുകയും അതിനു ശേഷം വേദന ഇല്ലാതിരിക്കുകയും ചെയ്യും. അതിനു കാരണം, ശിശു ജനനത്തോടെ യോനീകണ്ഠം വികസിച്ചതായിരിക്കും.
കഠിനമായ വിട്ടുവിട്ടുള്ള അടിവയര്‍ വേദനയും, വിയര്‍പ്പും ഛര്‍ദ്ദിയും ചിലരില്‍ അനുഭവപ്പെടാറുണ്ട്. ഇതിന് പല കാരണങ്ങള്‍ പറയാറുണ്ടെങ്കിലും അണ്ഡവിസര്‍ജനം നടക്കുന്ന ആര്‍ത്തവ ചക്രത്തില്‍ മാത്രമേ ഇതുണ്ടാകുന്നുള്ളൂവെന്നത് ശ്രദ്ധേയമാണ്. വ്യായാമം കുറഞ്ഞവര്‍ക്ക് നിത്യേനെയുള്ള വ്യായാമം കുറച്ചു ആശ്വാസം നല്‍കും. ആര്‍ത്തവ വേദന കഠിനമാണെങ്കില്‍ ചികിത്സ ആവശ്യമാണ്. noxvom, belladona,Pulsatilla, Viburnumopulus മുതലായ ഹോമിയോ ഔഷധങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുക. ആര്‍ത്തവം തുടങ്ങുന്നതിന്റെ രണ്ടു മൂന്നു ദിവസം മുമ്പു തന്നെ മുരിങ്ങയിലയും തണ്ടും ഇടിച്ചു പിഴിഞ്ഞ് ഒരു ഔണ്‍സ് നീര് വീതം വെറും വയറ്റില്‍ കഴിക്കുക. തല്‍സംബന്ധമായ വേദനക്കും അസ്വസ്ഥതകള്‍ക്കും ഇത് വളരെ ഫലപ്രദമാണ്. 'തെങ്ങിന്‍പൂക്കുല ലേഹ്യം' ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കുന്നുണ്ട്. ആര്‍ത്തവ കാലത്തെ വയറുവേദന ശമിക്കാന്‍ സുകുമാരഘൃതം, പുളി ലേഹ്യം എന്നിവ നല്ലതാണ്.
(സുന്നിഅഫ്കാര്‍ വാരിക, 2005, ഓഗസ്റ്റ്: 3, സുന്നിമഹല്‍, മലപ്പുറം)

ശിശുഹത്യ

ശിശുഹത്യ
സാലിം ഹുദവി ഇരിങ്ങാട്ടിരി

ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: പ്രവാചകരോട് ഞാന്‍ ചോദിച്ചു: ''ഏതു തെറ്റാണ് ഏറ്റവും വലുത്?'' റസൂല്‍(സ) പറഞ്ഞു: ''നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് ഒരു പങ്കാളിയെ ചേര്‍ക്കലാണ്.'' ഞാന്‍ ചോദിച്ചു: ''പിന്നെ ഏതാണ്?'
റസൂല്‍(സ) പറഞ്ഞു: ''നിന്നോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഭയന്നുകൊണ്ട് നിന്റെ സന്താനത്തെ വധിച്ചു കളയലാണ്.'' ഞാന്‍ ചോദിച്ചു: ''പിന്നെ ഏതാണ്?'' റസൂല്‍(സ) പറഞ്ഞു: ''നിന്റെ അയല്‍വാസിയുടെ സഹധര്‍മിണിയെ വ്യഭിചരിക്കലാണ്.''
പ്രപഞ്ച നാഥനായ അല്ലാഹു ഏകനും സര്‍വ്വ ശക്തനുമാണെന്ന വസ്തുത ഒരു പ്രാപഞ്ചിക സത്യമാണ്. അതുകൊണ്ടു തന്നെ അവനൊരു പങ്കാളിയെ ആവശ്യമുണ്ടോ എന്ന ചോദ്യം തികച്ചും അപ്രസക്തവും നിരര്‍ത്ഥകവുമാകുന്നു. മഹാനായ പ്രവാചകന്‍ ഇക്കാരണത്താല്‍ തന്നെയാണ് ഇബ്‌നു മസ്ഊദ്(റ)വിന്റെ ഒന്നാം ചോദ്യത്തിന് 'അല്ലാഹുവിനെ പങ്കു ചേര്‍ക്കലാണ് ഏറ്റവും വലിയ തെറ്റെന്ന് ' മറുപടി നല്‍കിയതും. തന്റെ രണ്ടാമത്തെ ചോദ്യത്തിന് ഇബ്‌നു മസ്ഊദിന് ലഭിച്ച മറുപടി തന്റെ സന്താനങ്ങളെ ചെലവ് കൊടുക്കേണ്ടി വരുമെന്ന് ഭയന്ന് കൊന്നുകളയലാണെന്നായിരുന്നു.
വന്‍ദോഷമായി നബി(സ) മൂന്നാമതായി വിശദീകരിച്ചത് അയല്‍വാസിയുടെ ഭാര്യയെ മാനഭംഗപ്പെടുത്തലാണെന്നായിരുന്നു. റസൂല്‍(സ) സൂചിപ്പിച്ച മൂന്നു വന്‍കുറ്റങ്ങളില്‍ ആദ്യത്തേതും അവസാനത്തേതും സാധാരണഗതിയില്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞേക്കും. രണ്ടാമതായി പറഞ്ഞ ശിശുഹത്യയെക്കുറിച്ച് ആരും അത്രകണ്ട് ഉദ്ബുദ്ധരല്ലെന്നാണ് പുതുയുഗം നമുക്ക് തെളിവുകള്‍ നിരത്തി വിശദീകരിച്ചു തരുന്നത്.
ജാഹിലിയ്യത്ത് അതിന്റെ മുന്‍കഴിഞ്ഞ പ്രതാപത്തോടെ തിരിച്ചുവരികയാണെന്നു തന്നെ പറയാന്‍ സാധിക്കും ഇന്നത്തെ അവസ്ഥ കണ്ടാല്‍. അന്ധതയുടെയും അജ്ഞതയുടെയും നീരാളിപ്പിടിത്തത്തില്‍ മുങ്ങിയിരുന്ന ജാഹിലിയ്യ യുഗത്തില്‍ ഒരു പെണ്‍ശിശുവിന് ജനിക്കാനെങ്കിലും അവകാശം നല്‍കിയിരുന്നുവെങ്കില്‍ ഉന്നതിയിലെത്തിയ വിദ്യാഭ്യാസ-സാംസ്‌കാരിക സംരംഭങ്ങളുണ്ടായിട്ടും ഇന്ന് പെണ്ണിന് ജന്‍മാവകാശം പോലും നിഷേധിക്കപ്പെടുകയാണ്. ജാഹിലിയ്യ സംസ്‌കാരത്തിന്റെ ഇരകളില്‍ ഒന്നാമത് സ്ത്രീയായിരുന്നെങ്കില്‍ ഇന്നും അവസ്ഥ മാറിയിട്ടില്ല. അബോര്‍ഷന്‍ കേന്ദ്രങ്ങളില്‍ വന്‍തിരക്കാണനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
''അവരിലൊരാള്‍ക്ക് ഒരു പെണ്‍കുഞ്ഞിന്റെ ജന്‍മം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം ദേഷ്യംകൊണ്ട് കറുത്തിരുണ്ടു പോകുമായിരുന്നു. തനിക്കറിയിക്കപ്പെട്ട വാര്‍ത്തയുടെ ദൂഷ്യം കാരണത്താല്‍ അവന്‍ സമൂഹത്തില്‍നിന്ന് മറഞ്ഞു നടക്കുകയും ആ സന്താനത്തെ പരിപാലിച്ചു കൊണ്ട് സ്വയം നിന്ദ്യനാവുകയാണോ അതല്ല, അതിനെ മണ്ണില്‍ കുഴിച്ചു മൂടുകയാണോ വേണ്ടതെന്ന് ചിന്തിക്കുകയും ചെയ്യുമായിരുന്നു' വെന്ന് ആശയം ധ്വനിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തം ജാഹിലിയ്യത്തിലെ അജ്ഞരായ അറബികളേക്കാള്‍ യോജിക്കുക വിദ്യാസമ്പന്നരെന്ന്  പറഞ്ഞു നടക്കുന്ന ആധുനിക മനുഷ്യപ്പിശാചുക്കളോടായിരിക്കും.
ഇന്ന് ഒരുത്തന് ഒരു കുഞ്ഞ് പിറന്നെന്ന വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ ആദ്യം വരുന്ന ചോദ്യം അത് ആണോ പെണ്ണോ എന്നാണ്. പെണ്ണാണെന്നറിഞ്ഞാല്‍ അവന്റെ മുഖത്ത് നൈരാശ്യം പ്രകടമാകുന്നതു  കാണാം. ആദ്യ പ്രസവത്തിലാണെങ്കില്‍ അതവന്‍ സഹിക്കും. ഒരു തവണകൂടി കാത്തിരിക്കും. രണ്ടു തവണയും ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഗര്‍ഭഛിദ്രത്തിലൂടെ തന്റെ പരമ്പരക്ക് അവന്‍ അന്ത്യം കുറിക്കും.
ഇന്നിന്റെ അവസ്ഥയാണിത്. ആധുനിക മനുഷ്യന് സന്താനങ്ങളേ ആവശ്യമില്ലെന്ന മട്ടാണ്. കുഞ്ഞുങ്ങളുണ്ടായാല്‍ ഉത്തരവാദിത്തങ്ങളും ചെലവും കൂടുമെന്നാണ് ഇവരുന്നയിക്കുന്ന ന്യായവാദങ്ങള്‍. ഇവരെല്ലാം ചിന്തിക്കാന്‍ വേണ്ടിയാണ് പരിശുദ്ധ ഖുര്‍ആന്‍ ''ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലരുത്, നിങ്ങള്‍ക്കും അവര്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണെന്ന സൂക്തം അവതരിപ്പിച്ചത്.
ആഗോളീകരണത്തിന്റെയും ഉത്തരാധുനികതയുടെയും പുതിയ സമവാക്യങ്ങള്‍ ഈ വഴിക്ക് ചിന്തിക്കാനാണ് സമൂഹത്തെ പ്രേരിപ്പിക്കുന്നത്. 647 കോടി 70 ലക്ഷം കവിഞ്ഞ ആഗോള ജനസംഖ്യയുടെ ആധിക്യം കണ്ട സമ്പന്നന്‍മാരുടെ മുട്ടിടിക്കുകയാണ്. അതുകൊണ്ടാണ് ലോക സമ്പത്തിന്റെ മുക്കാല്‍ പങ്കും കൈയ്യടക്കി വെച്ച അവര്‍ ജനസംഖ്യാ നിരക്കിന്റെ സമവാക്യങ്ങള്‍ മുറക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് 'നാം രണ്ട്, നമുക്ക് രണ്ട്' എന്നായിരുന്നു മുദ്രാവാക്യമെങ്കില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോഴേക്കും 'നാം രണ്ട് നമുക്കൊന്ന്' എന്നായി.ഇപ്പോഴത് 'നാമൊന്ന് നമുക്കെന്തിന് മറ്റൊന്ന്'  എന്നായിരിക്കുന്നു.
യഥാര്‍ത്ഥ ദൈവവിശ്വാസിക്ക് ഒരിക്കലും ഇത്തരമൊരു ഭയം അനുഭവപ്പെടുകയില്ലെന്നാണ് യാഥാര്‍ത്ഥ്യം. സ്വന്തം സ്രഷ്ടാവായ അല്ലാഹു താന്‍ സൃഷ്ടിച്ച സര്‍വ്വ സൃഷ്ടികള്‍ക്കും അന്നം നല്‍കുമെന്ന് അവന്‍ തന്നെ പ്രഖ്യാപിച്ചതാണ്.
''ഭൂമുഖത്തൊരു മൃഗവും അല്ലാഹുവില്‍നിന്നും ഭക്ഷണം ലഭിക്കാത്തതായിട്ടില്ല'' എന്ന ഖുര്‍ആന്‍ സൂക്തം വിരല്‍ചൂണ്ടുന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്. നമുക്ക് പക്ഷികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഭരമേല്‍പിക്കുന്നതിന് ഏറ്റവും ഉചിതമായ ഉപമകളാണ് പക്ഷി സമൂഹം. പ്രഭാതത്തില്‍ ഒട്ടിയ വയറുമായി കൂടുവിട്ടു ചിറകടിച്ചു പറന്നു പോകുന്ന പക്ഷികള്‍ വൈകുന്നേരം ചില്ലകളില്‍ ചേക്കേറാനെത്തുന്നത് നിറഞ്ഞ വയറുമായിട്ടായിരിക്കും. ബുദ്ധിയും വിവേകവുമുള്ള മനുഷ്യനു പക്ഷെ, ആര്‍ത്തിയും അത്യാഗ്രഹവും മൂലം അല്ലാഹുവിനെക്കുറിച്ചും അവന്റെ കഴിവുകളെക്കുറിച്ചും ചിന്തിക്കാന്‍ അവസരമില്ലെന്നത് അവന്റെ തന്നെ വീഴ്ചയാണ്.
ചുരുക്കത്തില്‍, സന്താനങ്ങള്‍ ജീവിതത്തിന്റെ ആനന്ദങ്ങളാണ്. അല്ലാഹു കനിഞ്ഞേകുന്ന അനുഗ്രഹങ്ങളാണ്. അവനെന്തു നല്‍കിയാലും ഇരു ൈകയ്യും നീട്ടി സ്വീകരിക്കാന്‍ ഒരു മുസ്‌ലിം സദാ സന്നദ്ധനായിരിക്കണം. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ റസൂല്‍(സ) പറഞ്ഞതായി നമുക്കിങ്ങനെ കാണാന്‍ സാധിക്കുന്നു: ആരെങ്കിലും രണ്ടു പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയെത്തും വരെ പരിപാലിച്ചാല്‍ ഞാനും അവനും അന്ത്യനാളില്‍ വരുന്നത് (കൈവിരലുകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്) ഇപ്രകാരമായിരിക്കും.''
അബൂദാവൂദ്(റ) വിവരിക്കുന്ന മറ്റൊരു ഹദീസിലുണ്ട്: ''ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞുണ്ടാവുകയും അവനവളെ കുഴിച്ചു മൂടാതിരിക്കുകയും തന്റെ ആണ്‍കുട്ടിക്ക് ആ പെണ്‍കുട്ടിയേക്കാള്‍ സ്ഥാനം നല്‍കാതിരിക്കുകയും  ചെയ്താല്‍ അവനെ ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.''
ജീവിതത്തിന്റെ ഐശ്വര്യങ്ങളായ സന്താനങ്ങളെ നാം ബുദ്ധിമുട്ടിന്റെയും പ്രാരാബ്ദങ്ങളുടെയും പ്രതീകങ്ങളായി കാണരുത്. നമ്മളും കുഞ്ഞുങ്ങളായി വളര്‍ന്നു വലുതായവരാണെന്നും നമ്മെപ്പോലെത്തന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. സ്രഷ്ടാവായ നാഥന്‍ തന്നെ സൃഷ്ടികളെ പരിപാലിക്കാന്‍ സന്നദ്ധനായിരിക്കെ കുഞ്ഞുങ്ങളുടെ ചെലവും ഉത്തരവാദിത്തങ്ങളുമെല്ലാം ഒരു ഭാരമായി കൊണ്ടു നടക്കുന്നത് തികച്ചും നിരര്‍ത്ഥകമാണ്.
(സുന്നിഅഫ്കാര്‍ വാരിക, 2005, ഓഗസ്റ്റ്: 2, സുന്നിമഹല്‍്, മലപ്പുറം)


ആര്‍ത്തവം: ചില അറിയേണ്ട കാര്യങ്ങള്‍

ആര്‍ത്തവം: ചില അറിയേണ്ട കാര്യങ്ങള്‍

സ്ത്രീശരീരം ഒരു വിസ്മയമാണ്. അതിലെ മാറ്റങ്ങള്‍ എന്നും മതങ്ങള്‍ക്കും ശാസ്ത്രങ്ങള്‍ക്കും വിഷയമായിട്ടുണ്ട്. സ്ത്രീ മേനിയെ വര്‍ണിച്ചു പാടാത്ത കവികളില്ല.
എല്ലാ വിധത്തിലും ചാരുതയാര്‍ന്ന ഒരു ശില്‍പ ഭംഗി സമ്മേളിച്ചവളാണു സ്ത്രീയെങ്കിലും എന്തോ ഒരു ബലക്ഷയം അവളെ വലയം ചെയ്തിരിക്കുന്നു. പുരുഷനെപ്പോലെ ഭാരമുള്ള തൊഴിലിലേര്‍പ്പെടാനുള്ള കായികബലമോ പ്രതിസന്ധികള്‍ തരണംചെയ്യാനുള്ള മനക്കരുത്തോ അവള്‍ക്കില്ല. ഈ ബലക്ഷയത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ആര്‍ത്തവ രക്തം തന്നെ.
പെണ്‍കുട്ടി പൂങ്കുയിലിനെപ്പോലെ പാടി നടക്കുന്നു. പൂമ്പാറ്റയെപ്പോലെ പാറിയുല്ലസിക്കുന്നു. അവള്‍ തന്റെ കൂട്ടുകാരികളുമൊത്ത് കളിച്ചു ചിരിച്ചു നടക്കുന്നതിനിടയില്‍ ഒരു സുപ്രഭാതത്തില്‍ അടിവയറ്റിലൂടെ ഒരു നേരിയ വേദന. അത് ലൈംഗികാവയവത്തിലേക്ക് പടര്‍ന്നു. തുടര്‍ന്നു രക്ത സ്രാവം, ആര്‍ത്തവത്തിന്റെ തുടക്കം.
ആര്‍ത്തവത്തിന് സന്നദ്ധയല്ലാത്ത ഒരു പെണ്‍കുട്ടിയില്‍ ആദ്യമായി അതുണ്ടാകുമ്പോള്‍ അവള്‍ക്ക് ഭയമുണ്ടാകുന്നത് സ്വാഭാവികം. പിന്നീടുണ്ടാകുന്ന എല്ലാ ആര്‍ത്തവത്തോടു കൂടിയും ഈ ഭയം കാണും. ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് മദ്‌റസയില്‍ നിന്നും മറ്റും അല്‍പസ്വല്‍പം പഠിച്ചവളാണെങ്കില്‍ അവളുടെ ഭയം തുലോം കുറവായിരിക്കും. ഇതിനെക്കുറിച്ച് ഒരറിവും ഇല്ലാത്ത പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ ഭയവും അങ്കലാപ്പും അവര്‍ണ്ണനീയമായിരിക്കും. മാതാവും ബന്ധപ്പെട്ട മറ്റുള്ളവരും ഇതു ശ്രദ്ധിക്കണം. തുടരെയുള്ള സംസാരങ്ങള്‍കൊണ്ട് ക്രമേണ കുട്ടിയുടെ ഭയം നീക്കുകയും അതിന് സന്നദ്ധയാക്കുകയും വേണം.
ആര്‍ത്തവം
ശൈശവ പ്രായത്തില്‍ പെണ്‍കുട്ടിയുടെ പ്രത്യുല്‍പാദനാവയവത്തില്‍ യാതൊരു വളര്‍ച്ചയും ഉണ്ടാകുന്നില്ല. അണ്ഡങ്ങള്‍ അണ്ഡാശയത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്ക് പ്രവേശിക്കുന്നതോടെ ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റത്തിന് അവള്‍ വിധേയമാകുന്നു. ലൈംഗിക ഹോര്‍മോണുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. ലൈംഗികാവയവങ്ങളും ഗര്‍ഭപാത്രവും പക്വമാവുകയും വളരുകയും രോമം വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. അതിനോടൊപ്പം സ്തനങ്ങള്‍ വളര്‍ന്ന് ശരീരം പുഷ്ടിപ്പെടുകയും മുമ്പത്തിലേതിലധികം അഴകും ആരോഗ്യവും ശാലീനതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ സമയത്താണ് പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്നത്.
ഓരോ മാസവും നിശ്ചിത ദിവസങ്ങള്‍ ഗര്‍ഭാശയത്തില്‍നിന്നും പുറപ്പെടുന്ന രക്തസ്രാവത്തിന് ആര്‍ത്തവം എന്നു പറയുന്നു. ആര്‍ത്തവത്തിന്റെ തുടക്കത്തിന് ഒരു ക്ലിപ്ത പ്രായമൊന്നുമില്ല. ഓരോ പെണ്‍കുട്ടിയുടെയും ശരീര പ്രകൃതമനുസരിച്ച് ഒമ്പതു വയസ്സ് തികഞ്ഞതു മുതല്‍ എപ്പോള്‍ വേണമെങ്കിലും ആരംഭിക്കുകയും ഉദ്ദേശം 50-60 വയസ്സു വരെ നീണ്ടുനില്‍ക്കുകയും ചെയ്യും.
ആര്‍ത്തവാരംഭവും വിരാമവും സംഭവിക്കുന്ന പ്രായം സൂക്ഷ്മമായി പറയാവുന്നതല്ല. പല പാരമ്പര്യ ഘടകങ്ങളും പൊതുവായ ആരോഗ്യനിലയും കാലാവസ്ഥയും അനുസരിച്ച് ഓരോ സ്ത്രീയിലും അതു വ്യത്യസ്തമായിരിക്കും. സാധാരണയായി ഗര്‍ഭധാരണ കാലവും മുലയൂട്ടുന്ന കാലവും ഒഴിച്ചാല്‍ സ്ത്രീയുടെ യൗവ്വനാരംഭം മുതല്‍ ആര്‍ത്തവ സമാപ്തി വരെ പ്രതിമാസം മുറ തെറ്റാതെ അത് സ്രവിക്കുന്നതാണ്. ഒരു സ്ത്രീയുടെ ആയുഷ്‌കാലത്തില്‍ ശരാശരി നാല്‍പതു വര്‍ഷത്തോളം 'മെന്‍സസ്' കാണപ്പെടുന്നു. ആര്‍ത്തവാവസാനത്തോടെ സ്ത്രീയുടെ ഉല്‍പാദന ശേഷി ഇല്ലാതാവുകയും ചെയ്യുന്നു. തീരെ പ്രസവിക്കാത്ത ഒരു സ്ത്രീ ശരാശരി, ആയുസില്‍ ഏകദേശം നൂറ്റി അമ്പത് ആര്‍ത്തവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പല നാടുകളിലും ആര്‍ത്തവം ഉണ്ടാകുന്ന പ്രായം പലതാണ്.
ആര്‍ത്തവചക്രം
ആര്‍ത്തവം ആരംഭിക്കുന്നതോടെ ഒരു ഡയറിയിലോ ചെറുനോട്ടുപുസ്തകത്തിലോ മറ്റോ കുറിച്ചിടുന്നത് നല്ലതാണ്. തങ്ങളുടെ ആര്‍ത്തവചക്രത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് വ്യക്തമായ അറിവുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പ്രാവശ്യം ആര്‍ത്തവം തുടങ്ങിയതു മുതല്‍ അടുത്ത ആര്‍ത്തവം തുടങ്ങുന്ന ദിവസം വരെയുള്ള കാലത്തിനാണല്ലോ 'ആര്‍ത്തവചക്രം' എന്നു പറയുന്നത്. ആര്‍ത്തവചക്രത്തിന്റെ കാലം 28 ദിവസമാണെന്നാണ് സാധാരണ കണക്കെങ്കിലും ചില സ്ത്രീകളില്‍ അത് മൂന്നോ നാലോ ദിവസം കൂടിയോ കുറഞ്ഞോ അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കൗമാരപ്രായത്തില്‍ ആര്‍ത്തവചക്രം ക്രമമായി അനുഭവപ്പെടാറില്ല. ഏറ്റവും കുറഞ്ഞ ആര്‍ത്തവകാലം ഒരു രാപ്പകല്‍ അഥവാ 24 മണിക്കൂറാകുന്നു. 24 മണിക്കൂറില്‍ കുറഞ്ഞ രക്തം ആര്‍ത്തവമാകയില്ല, രോഗസംബന്ധമായ സ്രാവത്തിലാണിതുള്‍പ്പെടുക. സാധാരണ ഗതിയില്‍ മാസത്തിന്റെ ആറോ ഏഴോ ദിവസമാണ് ആര്‍ത്തവ ഘട്ടം. ആദ്യ ദിവസങ്ങളില്‍ കൂടുതലായി രക്തം പോകുന്നതാണ്. പരമാവധി പതിനഞ്ചു ദിവസം വരെ അതുണ്ടാകും.  അതില്‍കൂടുതല്‍ ദിവസം രക്തസ്രാവമുണ്ടാകുന്ന പക്ഷം അത് രോഗരക്തമാണ്. ഒരു പ്രാവശ്യം ഒന്നര മുതല്‍ മൂന്ന് ഔണ്‍സ് വരെ രക്തം പോകുന്നു. ചില സ്ത്രീകളില്‍ ഇതിലധികവും പോകാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന 'ഹിപ്പോക്രാറ്റസ്' ആര്‍ത്തവ രക്തമൊഴുകലിനെ 'ഗര്‍ഭാശയത്തിന്റെ കണ്ണുനീര്‍' എന്നാണ് വിളിച്ചത്. ഉല്‍പാദനം നടക്കാത്തതിലുള്ള നഷ്ടമോര്‍ത്താണത്രെ കരയുന്നത്.
(ലൈംഗിക വിജ്ഞാന കോശം പേജ്-22)
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂലൈ: 29, സുന്നിമഹല്‍, മലപ്പുറം)
 

മരണാനന്തര ജീവിതം

മരണാനന്തര ജീവിതം
അറക്കല്‍ ഹസന്‍ കുട്ടി ഹാജി

അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൂര്യന്‍, ചന്ദ്രന്‍, കോടാനുകോടി നക്ഷത്രങ്ങള്‍ തുടങ്ങിയവയെയും ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു. പിന്നീട് ഭൂമിയെ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെ കൊണ്ടു നിറച്ചു. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതു തന്നെ അവന്ന് ഇബാദത്ത് ചെയ്യാനായിട്ടാണ് എന്നു പ്രത്യേകമായി ഉണര്‍ത്തുകയും ചെയ്തു.
ജീവന്‍ ഉദ്ഭവിച്ചതു ജലത്തില്‍ നിന്നാണെന്നും മനുഷ്യരെ സൃഷ്ടിച്ചതു മണ്ണില്‍ നിന്നാണെന്നും അദൃശ്യ സൃഷ്ടികളായ മലക്കുകളെ പ്രാകാശത്തില്‍ നിന്നാണെന്നും അല്ലാഹു നമുക്ക് അറിവ് നല്‍കിയിട്ടുണ്ട്. ആദിമ മനുഷ്യര്‍ ആദം നബി(അ)യും ഹവ്വാബീവി(റ)യും ആണല്ലോ. ക്രമേണ സന്താനോല്‍പാദനത്തിലൂടെ ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
നാം അധിവസിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം കേവലം നശ്വരമാണെന്നും ഇഹലോകജീവിതത്തിനു ശേഷം അനശ്വരമായ പരലോക ജീവിതം ഉണ്ടെന്നും ഇഹലോകജീവിതം പ്രവര്‍ത്തനത്തിന്റെയും പരലോക ജീവിതം പ്രതിഫലത്തിന്റെയും ആണെന്നും പരലോകത്തില്‍ സ്വര്‍ഗം എന്നും നരകം എന്നും ശാശ്വതമായ സങ്കേതങ്ങളുണ്ടെന്നും ഇഹലോകത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച് സന്‍മാര്‍ഗികളായി ജീവിച്ച് ഈമാനോടെ മരിക്കുന്നവര്‍ക്ക് സ്വര്‍ഗവും കല്‍പനകള്‍ നിഷേധിച്ചു സത്യനിഷേധികളായി ജീവിച്ച് ഈമാനില്ലാതെ മരിക്കുന്നവര്‍ക്ക് നരകവും ആയിരിക്കും പ്രതിഫലമായി ലഭിക്കുകയെന്നുമാണ് ഇസ്‌ലാമിക ആദര്‍ശങ്ങളിലെ സുപ്രധാനമായ ഒരു കാര്യം. ഇഹലോകത്തുള്ളപ്പോള്‍ സന്‍മാര്‍ഗജീവിതം നയിക്കാനുള്ള ഒരു ഉദ്‌ബോധനവും കൂടി ഇതിലടങ്ങിയിട്ടുണ്ട്.
മരണം: റൂഹ് ആലമുല്‍ ബര്‍സഖിലും ദേഹം ഖബറിലും
ജനിച്ചവരെല്ലാം മരിക്കുന്നതാണ് നമുക്ക് അദൃശ്യമായ 'ലൗഹുല്‍ മഹ്ഫൂള്' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് 'അസ്‌റാഈല്‍'(അ)ഉം കൂട്ടരും ഒരു നിമിഷം പോലും പിന്തിക്കുകയോ മുന്തിക്കുകയോ ചെയ്യാതെ 'റൂഹ് പിടിക്കുക' എന്ന തങ്ങളുടെ കര്‍ത്തവ്യം പരിപൂര്‍ണമായും നിറവേറ്റിക്കൊണ്ടിരിക്കുന്നു.
പിന്നെ അവര്‍ ആ റൂഹുകളുമായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അകലെയുള്ള ആകാശേത്തക്ക് ഉയര്‍ന്നു അല്ലാഹുവിന്റെ തിരു സന്നിധാനത്തില്‍ എത്തുകയും അനന്തരം സത്യവിശ്വാസികളുടെ റൂഹിനെ ആലമുല്‍ ബര്‍സഖിലെ 'ഇല്ലിയ്യീന്‍' എന്ന ഭാഗത്തും നിഷേധികളുടെ റൂഹിനെ 'സിജ്ജീല്‍' എന്ന ഭാഗത്തും എത്തിക്കുകയും ചെയ്യുന്നു. ബര്‍സഖില്‍ റൂഹ് ശരീരത്തിന്റെ മാധ്യമമില്ലാതെ അവിടെ ലഭിക്കുന്നതു സന്തോഷമാണെങ്കില്‍ അതും ദുഃഖമാണെങ്കില്‍ അതും അനുഭവിച്ചുകൊണ്ട് 'അന്ത്യനാള്‍'  വരെ സ്ഥിതിചെയ്യുന്നു. ബര്‍സഖില്‍നിന്നു ഭൂമിയിലേക്കു നോക്കുമ്പോള്‍ അതൊരു ജയിലറ പോലെ കുടുസ്സായി തോന്നുന്നതാണ്.
ഇനി നമുക്ക് ദേഹത്തിന്റെ കാര്യം നോക്കാം. മയ്യിത്തിന്റെ ഇസ്‌ലാം അനുശാസിക്കുന്ന തരത്തില്‍ കര്‍മങ്ങള്‍ എല്ലാം നിറവേറ്റി (എന്നാല്‍ ചില പുത്തന്‍ ആശയക്കാര്‍ നിറവേറ്റാതെയും) ഖബര്‍സ്ഥാനില്‍ കൊണ്ടുപോയി ഖബറടക്കം ചെയ്യുന്നു. അവിടെ മുന്‍കര്‍, നകീര്‍ (അ) എന്നീ മലക്കുകള്‍ പ്രത്യക്ഷപ്പെട്ടു മയ്യിത്തിനെ ദീനീപരമായ ചില കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യുന്നു. ഈമാനോടെ മരിച്ച സത്യവിശ്വാസികള്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ മറുപടി അനായാസേന നല്‍കുന്നു. അതോടെ അവരുടെ ഖബറുകള്‍ വിശാലവും വെളിച്ചവുമുള്ള പൂങ്കാവനമായിത്തീരുന്നു. എന്നാല്‍, ഈമാനില്ലാതെ മരിച്ച സത്യനിഷേധിയാണെങ്കില്‍ അതിനു മലക്കുകളുടെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയാന്‍ കഴിയില്ല. അതോടെ അവരുടെ ഖബറുകള്‍ ഇരുളടഞ്ഞു കുടുസ്സായിത്തീരുകയും അവര്‍ ഖബര്‍ ശിക്ഷകള്‍ക്കു വിധേയമായിത്തീരുകയും ചെയ്യുന്നു. അങ്ങനെ ആ ശരീരങ്ങള്‍ ഖിയാമത്ത് നാള്‍ വരെ ഖബറുകളില്‍ സ്ഥിതിചെയ്യുന്നു.
മരണപ്പെട്ടവരുടെ പരലോക മോക്ഷത്തിനു വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന സല്‍കര്‍മങ്ങളും ദുആകളും അവര്‍ അര്‍ഹിക്കുന്ന പക്ഷം അവര്‍ക്കു കിട്ടുന്നതാണ്. നാം മയ്യിത്ത് നിസ്‌കരിക്കുന്നത് തന്നെ അവരുടെ മഗ്ഫിറത്തിന് വേണ്ടിയാണല്ലോ.
മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു ഉപദേശിക്കുന്നു: ''എന്റെ റബ്ബേ, എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ അവരോടും (മാതാപിതാക്കളോടും) നീ കരുണ കാണിക്കേണമേ.'' (ഖുര്‍ആന്‍ 17:24)
അല്ലാഹു ഉപദേശിക്കുന്നു: ''ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കു മാപ്പു തരേണമേ, ഞങ്ങള്‍ക്കു മുമ്പ് സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞ ഞങ്ങളുടെ സഹോദരന്‍മാര്‍ക്കും മാപ്പു തരേണമേ.'' (വി.ഖുര്‍ആന്‍ 59:10)
അല്ലാഹു ഉപദേശിക്കുന്ന പ്രാര്‍ത്ഥന, 'എന്റെ റബ്ബേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ പ്രവേശിക്കുന്നവര്‍ക്കും എല്ലാ സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും നീ മാപ്പ് അരുളേണമേ.' (വി.ഖുര്‍ആന്‍ 71:28)
മരിച്ചവര്‍ക്കു വേണ്ടി യാതൊന്നും ചെയ്യേണ്ടതില്ലാ എന്നു പറയുന്ന പുത്തന്‍ ആശയക്കാര്‍ക്ക് അവരുടെ കാപട്യവും തെറ്റുകളും മനസ്സിലാക്കി തിരുത്തുവാന്‍ ഈ ആയത്തുകള്‍ പോരേ? ഇവിടെ ഒന്നു മനസ്സിലാക്കേണ്ടതു മുകളില്‍ പറഞ്ഞിട്ടുള്ളതു പോലെ ഈ ദുആകളുടെയും മറ്റു സല്‍കര്‍മങ്ങളുടെയും പ്രയോജനം ലഭിക്കുന്നത് അവര്‍ സത്യവിശ്വാസികളാണെങ്കിലാണ്. സത്യനിഷേധികളാണെങ്കില്‍ കിട്ടുകയില്ല.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂലൈ: 29, സുന്നിമഹല്‍, മലപ്പുറം)


അയല്‍വാസി ബന്ധങ്ങള്‍

അയല്‍വാസി ബന്ധങ്ങള്‍
സാലിം ഹുദവി ഇരിങ്ങാട്ടിരി

അനസ്(റ)വില്‍നിന്നും നിവേദനം, നബി(സ) പറഞ്ഞു: ''എന്റെ ശരീരം ആരുടെ കയ്യില്‍(സംരക്ഷണം)ആണോ  അവന്‍തന്നെ സത്യം, തന്റെ സ്വന്തം ശരീരത്തിനിഷ്ടപ്പെടുന്നത് തന്റെ അയല്‍ക്കാരനും ഇഷ്ടപ്പെടുന്നതു വരെ ഒരടിമയും പൂര്‍ണ വിശ്വാസിയാവുകയില്ല.''(ബുഖാരി, മുസ്‌ലിം)
'അകലത്തെ ബന്ധുവേക്കാള്‍ അയലത്തെ ശത്രു ഭേതം' ഇത് മലയാളത്തിലെ ചിരപരിചിതമായൊരു പഴഞ്ചൊല്ലാണ്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന് യേശുക്രിസ്തു പറഞ്ഞതായി ക്രൈസ്തവ വേദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍, അയല്‍വാസികള്‍ സ്‌നേഹിക്കപ്പെടേണ്ടവരാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായങ്ങളൊന്നുമില്ല. ക്രമനിബന്ധമായൊരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധേയമായ ചുവടുകള്‍ സ്വീകരിച്ചിട്ടുള്ള ഇസ്‌ലാമിനും അയല്‍വാസിയുടെ കാര്യത്തില്‍ തത്തുല്യമായ നിലപാടുകളാണുള്ളത്. അതുകൊണ്ടാണ് അയല്‍വാസിയുടെ താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും കണക്കിലെടുക്കാത്തവന്റെ വിശ്വാസം പോലും അപൂര്‍ണ്ണമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്.
 മേലുദ്ധരിച്ച ഹദീസ് വചനം സൂചിപ്പിക്കുന്നത് അയല്‍വാസിയോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിന്റെ പ്രാധാന്യത്തിലേക്കാണ്. സമൂഹത്തിന്റെ ഭദ്രതക്കും കെട്ടുറപ്പിനും അനിവാര്യമായ ഒരു ഘടകമാണ് അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധമെന്നത് ശ്രദ്ധേയമായൊരു വസ്തുതയാണ്. ഇവിടെ വിശാലാര്‍ത്ഥത്തിലുള്ള ഒരു അയല്‍പക്ക സമ്പര്‍ക്കമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഇസ്‌ലാമിന്റെ സാമുദായിക-മതസൗഹാര്‍ദ്ദ വീക്ഷണത്തിന്റെ ഏറ്റവും വലിയൊരു നിദര്‍ശനമാണ് മതത്തിന്റെയോ ആശയ വീക്ഷണങ്ങളുടെയോ വ്യത്യാസങ്ങള്‍ നോക്കാതെയുള്ള അയല്‍പക്ക സമ്പര്‍ക്കം. വീടിന്റെ ചുറ്റുവട്ടത്ത് സ്ഥിതിചെയ്യുന്ന നാല്‍പത് വീടുകളിലേക്കു വ്യാപിക്കുന്നതാണ് അയല്‍പക്ക ബന്ധമെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുമ്പോള്‍ അവിടെ മുസ്‌ലിം-അമുസ്‌ലിം ഭേതമില്ലാതെയാണ് ഈ കാഴ്ചപ്പാടെന്നുകൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ വാക്ക് ഇവിടെ ശ്രദ്ധേയമാകുന്നു: അയല്‍വാസിയെന്ന പദം സത്യനിഷേധി, സന്യാസി, തെമ്മാടി, ശത്രു, മിത്രം, ഉപകാരി, ഉപദ്രവകാരി, കുടുംബക്കാരന്‍, അന്യന്‍ തുങ്ങിയവരെയെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ അവര്‍ക്കിടയില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ പദവികളും സ്ഥാനങ്ങളും കൂടുതലുണ്ടെന്നു മാത്രം. അതുകൊണ്ട് എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന വക വെച്ചു കൊടുക്കുക തന്നെ വേണം.'' ഇസ്‌ലാമിക വീക്ഷണപ്രകാരം അയല്‍വാസി എന്ന വാക്ക് വിശാലാര്‍ത്ഥം കുറിക്കുന്നതാണെന്ന് ഇതിലൂടെ വ്യക്തമായിക്കഴിഞ്ഞു.
മഹാനായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിനെക്കുറിച്ച് ഒരു സംഭവം ഇവിടെ പ്രതിപാദിക്കപ്പെടേണ്ടതുണ്ട്. ഒരു ദിവസം അദ്ദേഹത്തിനു വേണ്ടി ഒരു ആടിനെ അറുക്കപ്പെടുകയുണ്ടായി. തദവസരത്തില്‍ അദ്ദേഹം തന്റെ യഹൂദിയായ അയല്‍ക്കാരന്റെ അടുത്തേക്ക് ആ ആടു മാംസത്തിന്റെ ഒരു വിഹിതം ഉപഹാരമായി കൊടുത്തയക്കുകയായിരുന്നു. ഥ്വബ്‌റാനി ഉദ്ധരിക്കുന്നു: ജാബിര്‍(റ)വില്‍നിന്ന് നിവേദിതമായ ഒരു ഹദീസില്‍ നബി(സ) ഇങ്ങനെ പറഞ്ഞതായി കാണാം:''അയല്‍ക്കാര്‍ മൂന്നു തരക്കാരാണ്. ഒരു ബാധ്യതയര്‍ഹിക്കുന്ന അയല്‍ക്കാരനാണ് ഒന്ന്. ബഹുദൈവാരാധകനായ അയല്‍വാസി അയല്‍പക്ക ബന്ധത്തിന്റെ കടപ്പാട് അര്‍ഹിക്കുന്നു. രണ്ടാമത്തേത് മുസ്‌ലിമായ അയല്‍വാസിയാണ്. അയല്‍പക്ക ബന്ധം ഇസ്‌ലാംമതമനുയായി എന്നീ നിലകളിലുണ്ടായിരിക്കേണ്ട കടപ്പാടുകള്‍ അവന് അര്‍ഹതപ്പെട്ടതാണ്. മൂന്നാമന്‍ രക്തബന്ധമുള്ള മുസ്‌ലിം അയല്‍ക്കാരനാണ്. അവന് രക്തബന്ധം മൂലമുള്ള അമിത ബാധ്യത കൂടി അര്‍ഹതപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍, അയല്‍വാസിയെന്നാല്‍ ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ പല വിധേനയും ബന്ധപ്പെടേണ്ടി വരുന്ന ഒരു ബന്ധുവാണെന്ന് നമുക്ക് ഗ്രഹിക്കാം.
ഇങ്ങനെയാണ് വസ്തുതകളുടെ കിടപ്പെന്നിരിക്കെ അയല്‍ക്കാരന്റെ അവകാശങ്ങള്‍ അവന് അര്‍ഹതപ്പെട്ട രീതിയില്‍ തന്നെ വകവെച്ചുകൊടുക്കല്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്. ഒരു വ്യക്തിക്ക് എന്തൊരാവശ്യമുണ്ടെങ്കിലും തന്റെ വീട്ടിലുള്ള അംഗങ്ങള്‍ കഴിഞ്ഞാല്‍ പ്രാഥമികമായി അവന്‍ ബന്ധപ്പെടുക തന്റെ നല്ല  അയല്‍ക്കാരനോടായിരിക്കും. എന്തെങ്കിലും ഒരത്യാഹിതമോ അപകടമോ സംഭവിച്ചാല്‍ സഹായഹസ്തവുമായി ഏറ്റവുമാദ്യം ഓടിെത്തുന്നതു സഹൃദയനായ അടുത്ത വീട്ടുകാരന്‍ തന്നെ. അവശ്യ വസ്തുക്കള്‍ വീട്ടിലില്ലാതാവുന്ന അവസരങ്ങളില്‍ അടുത്ത വീട്ടിലേക്ക് ചെന്നു വായ്പ വാങ്ങുന്ന പതിവ് നമ്മുടെ കുടുംബിനികള്‍ക്കിടയില്‍ സാധാരണമാണ്. ഇങ്ങനെ ഗാര്‍ഹികമായ ഒട്ടുമിക്ക ചുറ്റുപാടുകളിലും അയല്‍വാസിയാണ് സഹായത്തിനുണ്ടാകുന്നത്.അവിടെ കുടുംബങ്ങള്‍ക്ക്      ഒരു റോളുമുണ്ടാകില്ല തന്നെ. അയല്‍വാസി കൊടിയ ശത്രുവാണെങ്കില്‍ കൂടി അളമുട്ടുമ്പോള്‍ സഹായാഭ്യര്‍ത്ഥനയുമായി അവരുടെ സമീപത്തേക്ക് കടന്നുചെല്ലുന്നവരും കുറവല്ല. അതുകൊണ്ടു തന്നെയാണ് അല്‍പക്ക ബന്ധത്തിന് ഇസ്‌ലാം മഹിതമായ സ്ഥാനവും മാനവും കല്‍പിക്കുന്നതും.
ഇന്ന് എല്ലാം ക്രമരഹിതമായാണ് നടന്നുകൊണ്ടിരിക്കുന്നത്. മാനുഷിക മൂല്യ്ങ്ങള്‍ക്കു മേല്‍ സ്വാര്‍ത്ഥതയും കാര്യലാഭവും കൈയ്യേറ്റം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മുമ്പത്തേക്കാളുപരി ജനസംഖ്യയുണ്ടായിട്ടും പരസ്പര പരിചയങ്ങളും ബന്ധങ്ങളും ഗണ്യമായ തോതില്‍ കുറഞ്ഞു വരികയാണിന്ന്. പണക്കൊഴുപ്പില്‍ സ്വയം മറന്ന മനുഷ്യനിക്ക്് താന്‍ മാത്രം മതിയെന്ന തോന്നലാണ്. വീടിനു ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ത്താനും വീടിന്റെ മൂലയിലൊരു വിഡ്ഢിപ്പെട്ടി സ്ഥാപിക്കാനും മനുഷ്യന്‍ തീരുമാനിച്ചത് തന്റേതു മാത്രമായൊരു ലോകം തീര്‍ക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടുു കൊണ്ടു മാത്രമാണ്.
മുമ്പ് അയല്‍പക്കത്തെ കുഞ്ഞുങ്ങളെല്ലാം ഒത്തുകൂടി കളിചിരികളിലേര്‍പ്പെടുന്നത് കാണാന്‍ തന്നെ കൗതുകമായിരുന്നു. എന്നാലിന്ന് കുഞ്ഞുങ്ങളുടെ കളി ഇലക്ട്രോണിക് യന്ത്രങ്ങളുടെ കൂടെയാണ്. അടുത്ത വീട്ടില്‍ ആരാണ് താമസിക്കുന്നതെന്ന് അന്വേഷിക്കുമ്പോള്‍ തന്റെ അടുത്തുള്ള വീടേതാണെന്ന് തന്നെ അറിയാതെ വാപൊളിക്കുന്നവരുടേതാണ് പുതിയ യുഗം. അയല്‍വാസിയുടെ മുതല്‍ കവര്‍ച്ച ചെയ്യുന്നവരും അടുത്ത വീട്ടിലെ സ്ത്രീയെ ബലാല്‍സംഗം ചെയ്യുന്നതുമെല്ലാമാണ് പുതിയ ലോകത്തിന്റെ സുകൃതങ്ങള്‍.
നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ അയല്‍ക്കാരനുമായി തര്‍ക്കിക്കുകയും ചീത്ത വിളിക്കുകയും അവനോട് അടങ്ങാത്ത പക വെച്ചു നടക്കുകകയും ചെയ്യുന്നവരും വളരുന്ന തലമുറക്ക് ഒട്ടും അജ്ഞാതരല്ല. ഇസ്‌ലാമിന്റെ മാതൃക പ്രസക്തമാവുന്നത് ഇത്തരം ഘട്ടങ്ങള്‍ സംജാതമാവുമ്പോഴാണ്. അയല്‍വാസി പട്ടിണി കിടക്കുന്ന അവസരത്തില്‍ വയര്‍ നിറച്ചുണ്ണുന്നവന് ഭ്രഷ്ട് കല്‍പിക്കുന്ന മതമാണ് ഇസ്‌ലാം. അബൂദര്‍റ്(റ)വിനോട് പ്രവാചകന്‍ ഒരവസരത്തില്‍ പറഞ്ഞ വാക്ക് ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. തങ്ങള്‍ പറഞ്ഞു: ''ഓ, അബൂദര്‍റ്, താങ്കള്‍ കറി പാകം ചെയ്യുമ്പോള്‍ അതിലെ വെള്ളം കൂടുതലാക്കുക. എന്നിട്ട് നിന്റെ അയല്‍വാസിയെ സഹായിക്കുക.'' അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ അയല്‍വാസിയെ ബുദ്ധിമുട്ടിക്കരുതെന്ന് സമൂഹത്തെ തെര്യപ്പെടുത്തിയ പ്രവാചകന്‍ സാമൂഹിക ശക്തിയും ഭദ്രതയും ഊട്ടിയുറപ്പിക്കാന്‍ മനുഷ്യകത്തെ ഉദ്ബുദ്ധരാക്കുകയാണ്. അതുകൊണ്ട് നമുക്കും സ്വര്‍ഗ പ്രാപ്തിക്കും ഇടക്ക് അയല്‍വാസി വിഘ്‌നം നില്‍ക്കുന്ന അവസ്ഥയോ ചെയ്തികളോ നമ്മില്‍നിന്നുണ്ടായിക്കൂടാ.
സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ഓരോ വ്യക്തിയും ഓരോ കുടുംബവും ഇതരരോട് സഹകരിച്ചു ജീവിക്കല്‍ അനിവാര്യമാണ്. അയല്‍വാസിയില്‍നിന്നും സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശമാണ് നാം ആഗ്രഹിക്കേണ്ടത്. വൈരത്തിന്റെയും വിദ്വേഷത്തിന്റെയും അഗ്‌നിജ്വാലകള്‍ ആളിക്കത്താന്‍ നാം ഒരിക്കലും അവസരം സൃഷ്ടിക്കരുത്.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂലൈ: 27, സുന്നിമഹല്‍, മലപ്പുറം)

മാമൂലുകള്‍: ശരിയും തെറ്റും

മാമൂലുകള്‍: ശരിയും തെറ്റും
എം.എ. ജലീല്‍ സഖാഫി പുല്ലാര

മുസ്‌ലിം സമൂഹത്തില്‍ വിവിധ നാടുകളില്‍ വ്യത്യസ്ത മാമൂലുകള്‍ നടക്കുന്നതായി കാണാം. സമുദായത്തിന്റെ സാമ്പത്തിക വളര്‍ച്ചയും മാന്ദ്യവും കണക്കിലെടുക്കുമ്പോള്‍ ഈ മാമൂലുകള്‍ വര്‍ദ്ധിക്കുകയും കുറയുകയും ചെയ്യും. ഇതിലെ ശരിതെറ്റുകളെക്കുറിച്ച് പല മുന്‍ധാരണകളും പലരും വെച്ചുപുലര്‍ത്തുന്നു.
പുതുമാരന്റെ ഭാഗത്തു നിന്നും വധുവിന് കല്ല്യാണ ദിവസത്തേക്ക് വാങ്ങുന്ന നിര്‍ബന്ധ വസ്ത്രങ്ങളുടെ പുറമെ കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ക്കുള്ള വസ്ത്രം, വരനു വേണ്ടി വധുവിന്റെ വീട്ടില്‍ മുറി അലങ്കരിക്കല്‍, കല്ല്യാണ ദിവസം തന്റെ സാമ്പത്തിക അവസ്ഥക്കും നിലക്കും എത്രയോ ഉയര്‍ന്ന ഭക്ഷണം ഉണ്ടാക്കല്‍, കല്ല്യാണ ശേഷം നീണ്ടുനില്‍ക്കുന്ന സല്‍ക്കാരങ്ങള്‍, ഈ സല്‍ക്കാര പോക്കുവരവുകളില്‍ പ്രത്യേക പൊതികളും കെട്ടുകളും, ഇതിന്റെയെല്ലാം പുറമെ ആദ്യ പ്രസവത്തിന്റെ കാര്യങ്ങള്‍... ഇങ്ങനെ നീളുന്നു മാമൂലുകളുടെ പട്ടിക.
അഖീഖഃ അറുക്കുക എന്ന സുന്നത്തായ കര്‍മ്മത്തിനു സമ്പന്നനും അല്ലാത്തവനും വിലപിടിച്ച ഒന്നോ രണ്ടോ കാളകളെ അറുത്ത് മാംസം വിതരണം ചെയ്യുന്നതിന്റെ പുറമെ, രാവിലെ ഒന്നോ രണ്ടോ ആടും അതു കഴിക്കാന്‍ നിരവധി പേരും, ശേഷം ഉച്ചക്ക് സ്ത്രീകളുടെ ഒരു സംഗമവും.
ഈ മാമൂലുകളെല്ലാം ചിലര്‍ അനാചാരവും ധൂര്‍ത്തുമായി ചിത്രീകരിക്കുന്നു. സമ്പത്ത് പാഴാക്കലാണെന്നു ആരോപിക്കുന്നു. ഇതിന്റെ കര്‍മ്മശാത്ര വശം ചിന്തിക്കാതെയാണ് ഈ മുദ്രകുത്തല്‍. ഇതിലെല്ലാം ഇസ്‌ലാം വിലക്കിയ അനാചാരവും ധൂര്‍ത്തുമാണോയെന്ന് നാം ആലോചിക്കണം.
മുകളിലുദ്ധരിച്ച മാമൂലുകളിലോ അതുപോലോത്തതിലോ തെറ്റും അനാചാരവും ധൂര്‍ത്തും കണ്ടെത്താന്‍ ശാഫിഈ മദ്ഹബ് അംഗീകരിക്കുന്നവര്‍ക്കു കഴിയില്ല. പ്രസ്തുത കാര്യങ്ങളിലൊന്നും 'ഇളാഅത്തുല്‍മാല്‍' (സമ്പത്ത് പാഴാക്കല്‍) ഇല്ല. നല്ല നിയ്യത്തോടെ നിര്‍വ്വഹിച്ചാല്‍ പ്രതിഫലാര്‍ഹമായ കാര്യങ്ങളാണവ.
ഈ ലോകത്തും പരലോകത്തും യാതൊരുപകാരവുമില്ലാതെ ധനം നശിപ്പിക്കുന്നതാണ് ഇളാഅത്തുല്‍ മാല്‍'. ധനം കൊണ്ടുപോയി സമുദ്രത്തിലിടുക എന്നാണ് ഇതിന് കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ ഉദാഹരണം പറഞ്ഞത്. അനുവദനീയമായ ആസ്വാദനം, ഉല്ലാസം എന്നിവക്ക് ധനം ചെലവഴിക്കലോ മുകളില്‍ വിവരിച്ച മാമൂലുകള്‍ക്ക് ചെലവഴിക്കലോ ധൂര്‍ത്തല്ലായെന്ന് ഫുഖഹാഇന്റെ ഉദാഹരണത്തില്‍നിന്നു തന്നെ വ്യക്തമാണല്ലോ.
വീട്, വാഹനം പോലുള്ളവ പലതരം ചിത്രപ്പണികള്‍ കൊണ്ടലങ്കരിക്കല്‍, കാണാന്‍ കൗതുകത്തിനു വേണ്ടി മാത്രമാണെങ്കിലും അനുവദനീയമായതു വാങ്ങല്‍, ഇതിനു ധനം ചെലവഴിക്കല്‍ ധനം നശിപ്പിക്കലല്ല. ഇമാം ഇബ്‌നു ഹജര്‍(റ) 'ഈആബി' ല്‍ ഇത് കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്.
കരിമരുന്നുകള്‍ കത്തിക്കലും, അതിന്റെ ശബ്ദം കേട്ട് ആസ്വദിക്കലും അനുവദനീയമായ അതിശയങ്ങള്‍ കാണലാണെന്ന നന്‍മയുണ്ട്. ഇവയുടെ വിധി നമുക്ക് പരിശോധിക്കാം.
പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടിലെ ഉലമാഅ് 'കേരള ഇബ്‌നു ഹജര്‍' എന്നു വിശേഷിപ്പിച്ച പൊന്നാനിയിലെ പ്രസിദ്ധരായ വെളിയങ്കോട് തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാരുടെ ഫത്‌വ കാണുക: ''കദീന, വാണം, ചക്രം, കമ്പം മുതലായ കരിമരുന്നുകള്‍ കത്തിക്കല്‍ ജാഇസാണ്, ഹറാമില്ല. 'ഇളാഅത്തുല്‍ മാല്‍' എന്നു പറയണമെങ്കില്‍ ദുന്‍യവിയും ഉഖ്‌റവിയുമായ യാതൊരു നഫ്ഉം (ഉപകാരം) ഇല്ലാതിരിക്കണം. യാതൊരു ആവശ്യവുമില്ലാതെ ധനം കടലിലെറിയും പോലെ. മരുന്നു കത്തിക്കല്‍, ഹലാലായ അതിശയങ്ങള്‍ കാണല്‍, നോക്കല്‍ എന്ന നേട്ടം ഉണ്ട്. അപ്പോള്‍ ഇത് വീട്, പുര മുതലായതിനെ നഖ്ശ് (ചിത്രം) കൊത്തുക, വെള്ള വലിക്കുക എന്നതുപോലെ കാഴ്ചക്കു വേണ്ടി മുതല്‍ ചെലവാക്കി ഉണ്ടാക്കപ്പെടുന്ന മുബാഹാത്തില്‍ (അനുവദനീയത്തില്‍) പെട്ടതാണ്.
ഇസ്‌ലാം നിരോധിച്ച കാര്യങ്ങള്‍ മാമൂലെന്ന പേരില്‍ നടത്തിയാലും അതു തെറ്റു തന്നെയാണ്. പക്ഷെ, അനുവദനീയമായത് ചെയ്യുന്നത് തെറ്റാക്കി ചിത്രീകരിക്കല്‍ അക്രമവും കഠിന തെറ്റുമാണ്.'' അഹ്‌ലുസ്സുന്നത്തിന്റെ ഉലമാഇന്റെ ദൃഷ്ടിയില്‍ നിരോധിക്കപ്പെട്ട എല്ലാ അനാചാരങ്ങളും മഖ്ബറകളിലെ നേര്‍ച്ചകളില്‍ നിര്‍ത്തല്‍ ചെയ്യണമെന്ന് 1951-ല്‍ സമസ്ത പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേര്‍ച്ചയുടെ മറവില്‍ അനിസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ ഇന്ന് ധാരാളമായി നടക്കുന്നുണ്ടല്ലോ. അതെല്ലാം അനാചാരവും തെറ്റുമാണെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ വ്യക്തമാക്കിയതു തന്നെയാണല്ലോ.
വിവാഹ സദ്യ(വലീമത്ത്) ലളിതമാക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. സാമ്പത്തിക കഴിവനുസരിച്ച് വിവാഹ സദ്യ വലുതാക്കാവുന്നതാണ്. നിക്കാഹിനു ശേഷമാണ് വിവാഹ സദ്യ സുന്നത്തുള്ളത്. പരിപൂര്‍ണ്ണതയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ആടിനെയെങ്കിലും അറുത്ത് വലീമത്ത് നടത്താനാണ് നബി(സ) സ്വഹാബത്തിനോട് കല്‍പിച്ചത്. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന വിവാഹസദ്യ വരെ സുന്നത്താണെന്ന് സ്വലഫുസ്സ്വാലിഹീങ്ങള്‍ പറഞ്ഞിട്ടുണ്ട്.(ശറഉ മുസ്‌ലിം 1:458)
 ഇന്ന് ഇതെല്ലാം സദസ്സിനെ കൈയ്യിലെടുക്കുന്ന പ്രഭാഷകരുടെ മുമ്പില്‍ അനാചാരവും ധൂര്‍ത്തുമാണ്. ഇതിന്റെ പേരില്‍ പുതിയ ഫത്‌വ വരുന്നു. പക്ഷെ, അവയൊന്നും ഇസ്‌ലാമിക ഫിഖ്ഹുമായി ബന്ധപ്പെടുത്തേണ്ടന്നേ ഓര്‍മ്മപ്പെടുത്തുന്നുള്ളൂ.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂലൈ: 20, സുന്നിമഹല്‍, മലപ്പുറം)


ബന്ധങ്ങള്‍ സൂക്ഷിക്കുക

ബന്ധങ്ങള്‍ സൂക്ഷിക്കുക
സാലിം ഹുദവി ഇരിങ്ങാട്ടിരി

അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: ''ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ ആറെണ്ണമാണ്. കണ്ടാല്‍ സലാം പറയുക, ക്ഷണം സ്വീകരിക്കുക, സദുപദേശം തേടിയാല്‍ നന്‍മ ഉപദേശിക്കുക, തുമ്മിയാല്‍ 'അല്‍ഹംദുലില്ലാഹ്' എന്ന് പറഞ്ഞവനോട് 'യര്‍ഹമുകല്ലാഹ്' എന്നു പറയുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, ജനാസയെ അനുഗമിക്കുക.'' (മുസ്‌ലിം)
സാര്‍വ ലൗകിക സാഹോദര്യം ലക്ഷ്യമിടുന്ന ഒരു മതമാണ് ഇസ്‌ലാം എന്നതുകൊണ്ടുതന്നെ അത് ആദ്യം അതിന്റെ അനുയായികളായ മുസ്‌ലിം സമൂഹത്തിനിടക്ക് സൗഹൃദവും സ്‌നേഹവും ഉണ്ടാകണമെന്ന് ശഠിക്കുന്നു. സാഹോദര്യം മുസ്‌ലിംകള്‍ക്കിടയില്‍ നിലനിര്‍ത്താനുള്ള ആറു ഉപാധികളാണ് മേലുദ്ധൃത ഹദീസ് വ്യക്തമാക്കുന്നത്.
മഹാനായ ഇമാം നവവി(റ) പറയുന്നു: ''സലാമിനെ വ്യാപിപ്പിക്കുകയെന്നാല്‍, അത് പ്രചരിപ്പിക്കലും വര്‍ധിപ്പിക്കലും എല്ലാ മുസ്‌ലിമിനെയും അതുകൊണ്ട് അഭിവാദ്യം ചെയ്യലുമാണ്.'' ''നീ അറിയുന്നവരോടും അപരിചിതരോടും സലാം പറയുക''എന്ന ഹദീസ് വചനം സൂചിപ്പിക്കുന്നതും തുല്യ ആശയത്തെക്കുറിച്ചാണ്. സലാം പറയല്‍ സുന്നത്താണെങ്കിലും മടക്കല്‍ നിര്‍ബന്ധമാണെന്നതില്‍ പക്ഷാന്തരമില്ല. സലാം ഒരു വ്യക്തിയോടു പറയപ്പെട്ടാല്‍ മടക്കല്‍ അയാള്‍ക്ക് ഫര്‍ള് ഐനാണ്. ഇനി ഒരു സംഘത്തോടാണ് പറയപ്പെട്ടതെങ്കില്‍ അവരിലൊരാെളങ്കിലും അത് മടക്കിയിരിക്കണം. സൗഹൃദത്തിന്റെ പ്രസരണമാണ് സലാമിലൂടെ ഇസ്‌ലാം ലക്ഷ്യമിടുന്നത്.
ഒരാള്‍ വല്ല സല്‍ക്കാരത്തിലേക്കോ സദ്യയിലേക്കോ ക്ഷണിക്കപ്പെട്ടാല്‍ അകാരണമായി അതില്‍നിന്ന് വിട്ടു നില്‍ക്കുന്നത് ക്ഷണിച്ച ആളുടെ മനസ്സില്‍ പല അനര്‍ത്ഥങ്ങളും ജനിക്കാനിടവരുത്തും. അതുകൊണ്ടു തന്നെ ഒരു മുസ്‌ലിമില്‍നിന്നും അത്തരമൊരു ചെയ്തി ഉണ്ടായിക്കൂടാ. വല്ല കാരണവശാലും അതിനെത്താന്‍ കഴിഞ്ഞിെല്ലങ്കില്‍ തന്റെ മുസ്‌ലിം സഹോദരനെ അക്കാര്യം ബോധിപ്പിക്കുക തന്നെ വേണം.
മറ്റൊരു സൗഹൃദ ചാലകമാണ് പരസ്പരമുള്ള ഉപദേശങ്ങള്‍. ഒരു സുഹൃത്ത് നമ്മോടു വല്ല കാര്യത്തെക്കുറിച്ചും എന്തെങ്കിലും ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ തേടിയാല്‍ സഹോദര ബുദ്ധ്യാ നാമത് നമ്മളാകുംവിധം നിറവേറ്റിക്കൊടുക്കണം. ഒരു പക്ഷെ, നമ്മുടെ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തിക്കുകവഴി ആ സുഹൃത്തിന് അക്കാര്യം പ്രതീക്ഷിച്ചതിലുമുപരി ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞേക്കും. അങ്ങനെയാകുേമ്പാള്‍ അവന്റെയും നമ്മുടെയും മനസ്സുകള്‍ തമ്മില്‍ ബന്ധങ്ങളുടെ പുതിയ ഈടുവെപ്പുകള്‍ തുറക്കപ്പെടുകയും സൗഹൃദം സുദൃഢമാവുകയും ചെയ്യുന്നു.
തുമ്മിയവന്‍ അല്ലാഹുവിനെ സ്തുതിക്കല്‍ സുന്നത്താണ്. അല്ലാഹു അവന്റെ ബുദ്ധിമുട്ടുകളെ ദൂരീകരിച്ചു കൊടുത്തതില്‍ നന്ദി സൂചകമായിട്ടാണ് ആ സ്തുതി വാക്ക് പുറത്തുവരുന്നത്. തദവസരത്തില്‍ അല്ലാഹുവിന്റെ കാരുണ്യവര്‍ഷം ഉണ്ടാകട്ടെയെന്ന് അവന് ഒരാശംസ നേരുക എന്നത് തന്റെ സുഹൃത്തിന്റെ മനസ്സില്‍ ഏറെ സന്തോഷമുളവാക്കുന്നതായിരിക്കും.
അസ്ഹരി(റ) ലൈസ്(റ) പറഞ്ഞതായി ഉദ്ദരിക്കുന്നത് കാണുക: 'തശ്മീത്' എന്നാല്‍ ഏതൊരു കാര്യത്തിനും അല്ലാഹുവെ സ്മരിക്കലാണ്. തുമ്മിയവനോട് 'അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ എന്നു പറയലും അതില്‍ പെടുന്നു.
രോഗം ഒരു മനുഷ്യന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരവസ്ഥയാണ്. ചിലപ്പോള്‍ ഒരു ചെറിയ പനിയില്‍നിന്നു തന്നെ ഭയാനകമായ രോഗങ്ങളുദ്ഭവിച്ച് ആ രോഗിക്ക്  മരണത്തിന് കീഴടങ്ങേണ്ടി വന്നേക്കും. അതുകൊണ്ട് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ സുഹൃത്ത് രോഗ ശയ്യയില്‍ കിടക്കുന്ന അവസരത്തില്‍ അവനെ സന്ദര്‍ശിക്കലും രോഗശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കലും സുന്നത്തായ ഒരു കര്‍മമാണ്. അടുത്ത കുടുംബക്കാരനായാലും അന്യനായാലും ശരി ഈ പ്രവര്‍ത്തനം ഒരു സുഹൃത്തെന്ന നിലക്ക് ഒരു മുസ്‌ലിമില്‍നിന്നും ഉണ്ടാകുക സ്വാഭാവികമാണ്. കാരണം, തന്റെ സഹോദരന്റെ വേദനയും രോഗവും തന്റേതുകൂടിയായി മനസ്സിലാക്കുന്നവനാണ് യഥാര്‍ത്ഥ മുഅ്മിന്‍. ഒരുപക്ഷേ, തന്റെ സന്ദര്‍ശനവും, പ്രാര്‍ത്ഥനയും രോഗാതുരനായ സ്‌നേഹിതന്റെ മനസ്സിന് കുളിരേകുകയും അതുവഴി ഒരു മാനസിക ഉന്മേഷം അവനനുഭവപ്പെടുകയും ചെയ്യുകയാണെങ്കില്‍ സഹോദരനെന്ന നിലയ്ക്ക് ഏറ്റവും സന്തോഷമനുഭവിക്കുന്ന നിമിഷമായിരിക്കും അത്.
മരണത്തിന് മരുന്നില്ലെന്നു പറയുംപോലെ മരണശേഷം ഒരു കൂടിക്കാഴ്ചയോ സൗഹൃദ ജീവിതമോ സങ്കല്‍പ്പിക്കാന്‍ പോലും തരമില്ലാത്തതാണ്. തങ്ങളുടെ ഐഹിക ജീവിതം നിര്‍ത്തിവെച്ച് ഈ ലോകത്തുള്ള സര്‍വതിനെയും വെടിഞ്ഞ് മറ്റൊരു ലോകത്തേക്ക് യാത്രയാകുന്നവരാണ് മുഴുവന്‍ ജീവജാലങ്ങളും. വിശേഷബുദ്ധിയുള്ള ജീവിയെന്ന നിലയ്ക്ക് മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്റെ സഹകാരികളും സുഹൃത്തുക്കളും അവന് നഷ്ടപ്പെടുകയാണ്. ഒരു അന്യനാട്ടുകാരന്‍ നമ്മുടെയടുത്ത് വന്ന് നമ്മുടെ നോവും സുഖവും പങ്കുവെച്ച് ആത്മമിത്രമായി മാറുകയും ശേഷം പിരിഞ്ഞു പോകുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഹൃദയവേദന എന്തുമാത്രം ദുസ്സഹമായിരിക്കും. അതുതന്നെയാണ് ഒരു സുഹൃത്ത് മരിക്കുമ്പോഴും നമുക്കനുഭവപ്പെടുക. അതുകൊണ്ടുതന്നെ നമ്മുടെ സുഹൃത്തിന്റെ ജനാസയെ ഖബ്ര്‍ വരെ അനുഗമിക്കല്‍ മാനുഷികത്തിന്റെ മതമായ ഇസ്‌ലാം പുണ്യമായി കാണുന്നു. ഇങ്ങനെ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഓരോ മുസ്‌ലിമും മുമ്പോട്ടു വരുമ്പോള്‍ അവര്‍ക്ക് സ്‌നേഹ ലോകം അന്യമല്ലാതായിത്തീരുന്നു.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂലൈ: 20, സുന്നിമഹല്‍, മലപ്പുറം)
 

തീവ്രവാദം

തീവ്രവാദം
പിണങ്ങോട് അബൂബക്ര്‍

പരക്കെ പറയപ്പെടുന്നതാണ് തീവ്രവാദം, മൗലിക വാദം എന്നൊക്കെ. എന്നാല്‍ ഇവയുടെ ശരിയായ നിര്‍വചനം പറയുന്നവര്‍ പറയാറില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു കുറ്റമാരോപിക്കാനൊരു വര്‍ഗത്തെ വേണം. കുറ്റവാളിയാവണമെന്നോ കുറ്റകൃത്യമാവണമെന്നോ ഇല്ലെന്ന വിധമാണ് ആരോപണവര്‍ഷം.
''ബുദ്ധിയുടെയും, ഭാവനയുടെയും അപാരമായ സാധ്യതകളെ മുറിച്ചുകളഞ്ഞു അവനെ തങ്ങള്‍ ഏതു വിധത്തില്‍ കാണുവാന്‍ ശ്രമിക്കുന്നുവോ അതിലേക്കു ചുരുക്കി കാലത്തില്‍ നിന്നും, സാഹചര്യത്തില്‍ നിന്നുമകറ്റി ഒരു ഫ്രീസറാക്കുന്ന പോലെ എന്നുവെച്ചാല്‍ ജൈവമനുഷ്യനെ മൃതമനുഷ്യനാക്കുന്നതത്രേ മതത്തിന്റെ ഒരു ധര്‍മം.'' പിന്നെയും നീളുന്ന വിശദീകരണങ്ങളില്‍ കാണുന്നത് മുകളില്‍ പറഞ്ഞ ആരോപണങ്ങളുടെ വകഭേദങ്ങളാണ്. (വേട്ടക്കാരനും വിരുന്നുകാരനും).
വാസ്തവത്തില്‍ 'മൗലികത' എന്നു പറയുന്നത് മറ്റൊന്നിന്റെ നീരസമാവുന്നില്ല. ചിന്ത, ഭാവന, അവകാശം -ഇതൊക്കെ വകവെച്ചുകൊണ്ടുള്ളതാണ് മതാദര്‍ശങ്ങള്‍. ചിന്തയുടെ മൂര്‍ത്ത ഭാവമാണ് മതത്തിന്റെ മൗലികത തന്നെ. പിന്നെ ഭാവനകള്‍ക്കു വിലങ്ങു വെച്ചു മൃതമനുഷ്യനാക്കുന്നതാണ് മൗലികത എന്ന കണ്ടെത്തല്‍ ഒരുതരം ഹിമാലയന്‍ ഒഴിഞ്ഞുമാറലല്ലാതെ മറ്റൊന്നുമല്ല.
മൗലികവാദവും, തീവ്രവാദവും വേര്‍ത്തിരിച്ചറിയാത്തവരില്‍നിന്നുള്ള വിശദീകരണങ്ങളും, വ്യാഖ്യാനങ്ങളുമാണ് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഇവ്വിഷയകമായി ലഭ്യമാകുന്നത്. എന്നാല്‍ ഒരു മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നത് മതമൗലികവാദമല്ല. എന്തുകൊണ്ടെന്നാല്‍ അതൊരു വാദമേ ആകുന്നില്ല. അതൊരു അവകാശമേ ആകുന്നുള്ളൂ. ഏതു മതത്തില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും, പാതി വിശ്വസിക്കാനും, പാതി തള്ളാനും ഏതൊരാള്‍ക്കുമുള്ള അവകാശം മൗലികമാണ്. അതു പാടില്ലെന്ന വാദമാണ് മൗലിക വാദം.
സ്വബുദ്ധിയില്‍നിന്നോ, പഠനത്തില്‍നിന്നോ കണ്ടെത്തിയതും, അറിഞ്ഞതും തെരഞ്ഞെടുക്കാനുള്ള അവകാശ നിഷേധം കടുത്ത മനുഷ്യാവകാശ ലംഘനവും കഠിനമായ അധിനിവേശപരവുമാണ്.
'തീവ്രവാദം' ഇതിലും വേണം ഒരു വ്യാഖ്യാനം.
അവകാശങ്ങള്‍ ചോദിക്കുന്നത്, അതിനു വേണ്ടി പോരാടുന്നത് തീവ്രവാദമാകുന്നില്ല. ഇറാഖിലെ പോരട്ടം ന്യായത്തിനു വേണ്ടിയുള്ള ധര്‍മസമരമാണ്. അവരെ തീവ്രവാദികളെന്നു വിളിക്കാനാകില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തീവ്രവാദസമരമല്ല. ഗാന്ധിജിയും, നെഹ്‌റുവും, അലി സഹോദരന്‍മാരും തീവ്രവാദികളായിരുന്നില്ല. എന്നാല്‍ ധര്‍മം പുലരാനുള്ള പോരാട്ടം അധര്‍മം പ്രവര്‍ത്തിച്ചുകൊണ്ടാവരുത്. അനീതിക്കെതിരിലുള്ള ചെറുത്തുനില്‍പിനു നീതിയുടെ പിന്തുണ വേണം. ആയുധമെടുത്തുള്ള യുദ്ധം പോലും ധര്‍മപരമാവണം.
ഇവിടെ നീതിരഹിതമായി പ്രവര്‍ത്തിക്കുന്ന ശക്തികളെ തീവ്രവാദികളെന്നു വിളിക്കാന്‍ നാവുകള്‍ മടിക്കുന്നത് മനസ്സിലാവുന്നില്ല. നന്നായി താടി വളര്‍ത്തി, മാന്യമായി വസ്ത്രം ധരിച്ചു, കൃത്യമായി പള്ളിയില്‍ പോകുന്നവരാണ് തീവ്രവാദികളെന്നു പറഞ്ഞുകൊടുത്തത് പകര്‍ത്തെഴുതുകയാണ് ചിലര്‍. നീതിനിഷേധത്തിനെതിരില്‍ ഉയരുന്ന കൈകള്‍ക്കു വിലങ്ങു തീര്‍ക്കുന്നതാണ് തീവ്രവാദം. എന്നാല്‍ മറ്റേതെങ്കിലും മതവിശ്വാസത്തില്‍ കൈക്കടത്തുകയോ, അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നത് തീവ്രവാദ പ്രവര്‍ത്തനമാണ്. ഇസ്‌ലാം ഒരു ഘട്ടത്തിലും മറ്റൊരാളില്‍ അടിച്ചേല്‍പിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല.
''എ.ഡി. 1001-ാമാണ്ടിലാണ് ഇന്ത്യയില്‍ ആദ്യത്തെ ഇസ്‌ലാമിക ആക്രമണം ഉണ്ടായത്. മഹ്മൂദ് ഹസ്‌നിയും അതിനുശേഷം അഫ്ഘാന്‍കാരും, തുര്‍ക്കികളും, മംഗോളികളുമായി മുസ്‌ലിംകള്‍ ഇന്ത്യ  ആക്രമിച്ചു കൊണ്ടിരുന്നു.'' (വേട്ടക്കാരനും വിരുന്നുകാരനും -ആനന്ദ്, പുറം- 329).
രാഷ്ട്രീയാധികാരത്തിനു വേണ്ടിയുള്ള ഇത്തരം രാഷ്ട്രീയ അധിനിവേശങ്ങളെ 'ഇസ്‌ലാമിക' ആക്രമണമായി തന്നെ പറഞ്ഞു പ്രചരിപ്പിക്കുന്നതില്‍ ചിലര്‍ക്കുള്ള ആനന്ദം എന്തുകൊണ്ടാണെന്ന് പുസ്തക രചയിതാവായ ആനന്ദിനോട് തന്നെ ചോദിക്കണം. ആ പുസ്തകത്തില്‍തന്നെ അതേ പുറത്തില്‍ പറയുന്ന മറ്റൊരു ഭാഗം ശ്രദ്ധിച്ചുനോക്കുക: ''മതപ്രചാരണത്തിനോ ജിഹാദിനോ മാത്രം വന്നവരായിരുന്നില്ല അവരാരും.....''
പിന്നെന്തിനാണ് ഇവര്‍ ഇസ്‌ലാമിക ആക്രമണം എന്നു പറയുന്നത്. അലക്‌സാണ്ടറുടെ ആക്രമണത്തെ ക്രിസ്ത്രീയാക്രമണം എന്നു പറയാത്തവര്‍ പേരു നോക്കി ജാതിയും, മതവും പ്രതിക്കൂട്ടിലാക്കണമെന്ന് വാശിപിടിക്കുന്നത് നന്മയാകാനിടയില്ല.
മനുഷ്യനുണ്ടായ കാലം മുതലുള്ള രാഷ്ട്രീയ സംഘട്ടനങ്ങളെ മതത്തിന്റെ കണ്ണാടി വെച്ചു കാണാനുള്ള ശ്രമങ്ങളാണ് പ്രശ്‌നങ്ങള്‍ ശരിയായ വിധം വിശദീകരിക്കപ്പെടാതെ പോയത്.
''ഇസ്‌ലാമിക ചരിത്രത്തിലുടനീളം തീവ്രവാദവും മൗലികവാദവും നിലനിന്നു.'' (വേട്ടക്കാരനും വിരുന്നുകാരനും -ആനന്ദ്, പുറം-224).  ഒറ്റവാക്കിലുള്ള ഒരഭിപ്രായമല്ലാതെ എവിടെ, എപ്പോള്‍, എന്തുകൊണ്ട് എന്ന വിവരണമില്ല. 'ഉടനീളം തീവ്രവാദവും മൗലികവാദവും നില നിന്നു' എന്നു പറയാന്‍ എളുപ്പമാണ്.  എന്നാല്‍ കാര്യകാരണ സഹിതം ആയിരുന്നോ എന്നു പരിശോധിക്കുമ്പോഴാണ് വിഷയദാരിദ്ര്യത്തിന്റെ സൃഷടിയാണ് ഇതെന്നു ബോധ്യപ്പെടുക.
മതത്തിന്റെ മനുഷ്യമുഖങ്ങള്‍ പറയാതെ, പഠിക്കാതെ മതത്തെയോ, മതവിശ്വാസികളെയോ കുറ്റപ്പെടുത്തുന്നത് പരിഷ്‌കൃതമല്ല. ഏതെങ്കിലും ഭരണാധികാരി എന്തെങ്കിലും പ്രവര്‍ത്തിച്ചു എന്നത് മതത്തിന്റെ നിറമാക്കി അവതരിപ്പിക്കുന്നതും സത്യസന്ധമല്ല.
സെക്യുലറിസത്തോടു മുസ്‌ലിംകള്‍ യുദ്ധം പ്രഖ്യാപിക്കാതെ തരമില്ല. വ്യക്തിപരമായും, ഒറ്റക്കും, കൂട്ടായും, നിരായുധരായും ആയുധമെടുത്തും സെക്യുലറിസ്റ്റുകളോടു പോരാടേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. അവസാനത്തെ സെക്യൂലറിസ്റ്റും മരിച്ചുവീഴുന്നതുവരെ ഇസ്‌ലാമിസ്റ്റുകള്‍ ജിഹാദിനൊരുങ്ങുകയാണ്.'' (മുസ്‌ലിം റിവ്യൂവില്‍നിന്ന് 'വേട്ടക്കാരനും വിരുന്നുകാരനും' പുറം-267)
''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ഉപേക്ഷിച്ച ഒരു ജനതയും അപമാനിതരാകാതെ കടന്നുപോവുകയില്ല.'' ('വിവേകം' മാസിക).
ഇങ്ങനെയുള്ള മൂര്‍ച്ചകൂടിയ വാക്കുകള്‍ കൊണ്ട് ഇസ്‌ലാമിനെ ഇകഴ്ത്താനാണ് ഇസ്‌ലാമിസ്റ്റുകളെന്നവകാശപ്പെട്ടവര്‍ ശ്രമിച്ചത്. മതം തെറ്റിദ്ധരിക്കാന്‍ ഇവരും കാരണക്കാരായി. വാസ്തവത്തില്‍ മേല്‍ പറഞ്ഞ രണ്ടും ഇസ്‌ലാമിന്റെ തനതു കാഴ്ചപ്പാടല്ല. തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വാചക ക്കസര്‍ത്തുകള്‍ മാത്രമാണ്.
ഏതെങ്കിലും ഘട്ടത്തില്‍ മതേതര വാദികളോടു പൊരുതാന്‍ ഇസ്‌ലാം പറയുന്നില്ല. എന്നും ജിഹാദിലായി കാലം കഴിക്കുന്ന ഒരുതരം മിലിട്ടറിസവുമല്ല ഇസ്‌ലാം.
തീവ്രവാദത്തിന്റെ അര്‍ത്ഥങ്ങള്‍ എന്തുതന്നെയായാലും എതെത്ര ലാഘവവല്‍ക്കരിക്കാന്‍ ശ്രമിച്ചാലും അതിന്റെ അനര്‍ത്ഥം വലുതാണ്. അതും പിടികൂടുക തീവ്രവാദികളെ മാത്രമാവില്ല. ഇസ്‌ലാമിന്റെ പേരിലോ, ചെലവിലോ, മറവിലോ തീവ്രവാദം പ്രചരിപ്പിക്കാന്‍ പാടില്ലെന്നത് പ്രമാണങ്ങള്‍ കൊണ്ടുതന്നെ ബോധ്യപ്പെട്ടതാണ്.
മതത്തിലേക്കു ആളെ ചേര്‍ക്കാനല്ല, ചിന്താവിഹായസ്സിലേക്കു ജനങ്ങളെ ക്ഷണിക്കാനാണ് ഖുര്‍ആന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്.
''താങ്കളുടെ രക്ഷിതാവ് ഉദ്ദേശിക്കുന്ന പക്ഷം ഭൂമിയിലുള്ളവരെല്ലാം തന്നെ ഒന്നടങ്കം സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. ജനങ്ങള്‍ സത്യവിശ്വാസം കൈക്കൊള്ളുന്നവരാകാന്‍ താങ്കള്‍ അവരെ നിര്‍ബന്ധിക്കുകയാണോ'' (വി.ഖു: 11:99).
നിര്‍ഭാഗ്യവശാല്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ പേരിലോ, മറവിലോ മതത്തിന്റെ മൗലിക വീക്ഷണവുമായി യോജിക്കാത്ത വിധം ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ 'ദീനി ദഅ്‌വത്ത്' അഥവാ 'അല്ലാഹുവിനെ കുറിച്ചുള്ള സുവിശേഷം' അറിയിക്കുന്നത് 'മതപരിവര്‍ത്തനമാ'ണെന്ന കടുത്ത ആരോപണം ചില എഴുത്തുകാര്‍ നിരന്തരം ഇസ്‌ലാമിനെതിരില്‍ ഉന്നയിക്കാറുണ്ട്.
പണ്ഡിതന്‍മാരില്‍നിന്നു ഇങ്ങനെയൊരു പ്രവര്‍ത്തന പ്രചാരണം നടന്നിരുന്നില്ല. പക്ഷെ, പലപ്പോഴും തെറ്റായ വ്യാഖ്യാനങ്ങളുണ്ടായി എന്നതു നിഷേധിച്ചു കൂടാ. ശ്രീ. ആനന്ദ് എഴുതിയ 'വേട്ടക്കാരനും വിരുന്നുകാരനും' എന്ന പുസ്തകത്തില്‍ പേജ് 335-340 കളില്‍ എഴുതിയ പരാമര്‍ശങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള വളച്ചൊടിക്കല്‍ മാത്രമാണ്. ഏതെങ്കിലും മതവിഭാഗങ്ങളോടോ, മതനിഷേധ വിഭാഗങ്ങളോടോ ശത്രുതാപരമായ സമീപനം വെച്ചുപുലര്‍ത്താന്‍ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. പിന്നെ എങ്ങനെയാണവരെ ഓടിച്ചു അവിടെ ഇസ്‌ലാമീകരിക്കാന്‍ ശ്രമിക്കുക. ഇതു തികച്ചും വിവേചനപരമായ കുറ്റാരോപണം മാത്രമാണ്.
ഗോത്ര, വിഭാഗീയ, വര്‍ഗീയ പക്ഷത്തിലേക്കുള്ള ക്ഷണം ഇസ്‌ലാമിന്റെ അജണ്ടയിലേ ഇല്ലെന്നു പ്രവാചകന്‍ മുഹമ്മദ്(സ) ശക്തമായി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് വര്‍ഗീയവും, വിഭാഗീയവുമായ അതിരുണ്ടാക്കി സംഘബലം കൂട്ടുക.
''നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം'' (വി.ഖു: 109:06). ഈ സൂക്തം നല്‍കുന്ന ഗുണപാഠം ശരിയറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ അതിന്റെ പ്രതിഫലവും, തെറ്റാണെങ്കില്‍ അതിന്റെ പ്രതിഫലവും കാണാതിരിക്കില്ല. എന്നാല്‍ പരസ്പരം നിര്‍ബന്ധിക്കാനോ, സന്ധിയാവാനോ, പങ്കാളിയാവാനോ അതിലൂടെ മതവിശ്വാസത്തിന്റെ മൗലികത ഭംഗപ്പെടുത്താനോ പാടില്ലെന്നാണ്.
സമൂഹത്തിന്റെ ഉയര്‍ന്ന പ്രതിഫലമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം അരാജകത്വങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ അതു വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു. ജനകീയമാണതിന്റെ അടിത്തറ. ഏതെങ്കിലും വിധേനയുള്ള അപസ്വരങ്ങള്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ല. മറ്റേതെങ്കിലും വിശ്വാസപ്രമാണങ്ങളെ അധിക്ഷേപിക്കുകയോ, നിന്ദിക്കുകയോ പാടില്ലെന്നു ഇസ്‌ലാം ബോധനം നല്‍കുന്നു. അതോടൊപ്പം സമവായവും, സഹവര്‍ത്തിത്വവും വളര്‍ത്തുകയും ചെയ്യുന്നു.
മനുഷ്യര്‍ ദുഷിക്കാനിടയുള്ള എല്ലാ ദുശ്ശീലങ്ങളും മതം എതിര്‍ക്കുന്നു. മുസ്‌ലിമിന്റെ ജീവിത ചിട്ടകളും, ചിന്തകളും, രീതികളും, ആരാധനകളും, ആചാരങ്ങളും സമൂഹവല്‍ക്കരണവുമായി അടുത്താണ് നിലകൊള്ളുന്നത്.
ഇസ്‌ലാം അനീതിക്കെതിരില്‍ ശബ്ദിക്കാനാവശ്യപ്പെട്ട മതമാണ്. എന്നാല്‍ ഏതു പ്രതികരണവും പ്രതിഷേധവും നീതി പൂര്‍വ്വമാകണം എന്നു ഇസ്‌ലാമിനു നിര്‍ബന്ധമുണ്ട്. ഒരിക്കല്‍ പോലും അതിരു വിടാന്‍ മതം അനുവദിക്കില്ല. മത നേതൃത്വമോ, പണ്ഡിതരോ, മതഗ്രന്ഥങ്ങളോ അധര്‍മത്തിനെതിരല്ലാതെ രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങള്‍ക്കായി പ്രതിഷേധ സ്വരങ്ങളുമായി രംഗത്തുവന്നതിനു രേഖയില്ല.
'ജിഹാദ്' പലപ്പോഴും തെറ്റിദ്ധരിപ്പിച്ചാണ് പ്രചരണം നടത്താറുള്ളത്. ഇസ്‌ലാമിലെ ജിഹാദ് അനിവാര്യ ഘട്ടത്തിലാണ്. പ്രത്യേകിച്ചും സ്വശരീരത്തിന്റെ സംസ്‌കരണമാണ് പ്രധാന ജിഹാദ്. ജിഹാദ് മതത്തിന്റെയും, മനുഷ്യത്വത്തിന്റെയും നിലനില്‍പിനേയും വളര്‍ച്ചയേയുമാണ് ലക്ഷ്യമാക്കുന്നത്. സത്യം നിലനില്‍ക്കേണ്ടതിനാണ് അതൊഴിച്ചുകൂടാതായി വരുന്നത്. അതിനാല്‍ അതാവശ്യമായി വരുന്ന ഘട്ടത്തില്‍ സത്യവിശ്വാസത്തിനു (ഈമാന്‍) ശേഷം അതിനു തന്നെയാണ് പ്രഥമ സ്ഥാനം. എല്ലാ ആരാധനകളുടെയും, അനുഷ്ഠാനങ്ങളുടെയും മൗലികമായ ചൈതന്യം അതില്‍ ഒത്തുചേരുന്നുണ്ട്. ദേഹേഛയും ലൗകികമായ ആസക്തിയും വെടിയലും, ദേഹവും ധനവും നാടും വീടും മറ്റും ത്യജിച്ചു അല്ലാഹുവിലേക്കു പ്രയാണംചെയ്യലുമാണത്. (തുഹ്ഫതുല്‍ മുജാഹിദീന്‍ -ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം: പരിഭാഷ -സി.ഹംസ, പുറം-107)
മുസ്‌ലിംകള്‍ യുദ്ധപ്രഭുക്കളല്ല. ഇസ്‌ലാം യുദ്ധത്തിന്റെ കാഹളം ഉയര്‍ത്തുന്നുമില്ല. എന്നാല്‍ അധര്‍മ്മവും അരാജകത്വവും വഴി ജനജീവിതം താറുമാറാവുകയും, സത്യം തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി അതില്‍ ഇടപെടല്‍ മനുഷ്യരുടെ ബാധ്യതയായി മതം അനുശാസിക്കുന്നു.
10% വരുന്ന ഉപരിവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള കുതന്ത്രങ്ങളാണ് ലോകത്തിന്റെ ധനകാര്യസ്ഥാപനങ്ങള്‍ അഥവാ ബാങ്കുകള്‍ സംരക്ഷിക്കുന്നത്. 90 ശതമാനത്തെ പിഴിഞ്ഞൂറ്റി 10 ശതമാനത്തെ സുഖിപ്പിക്കുന്ന സാമ്പത്തിക ക്രമം ആരുടേതാണ്? ഈ മുതലാളിത്ത സംസ്‌കാരം ഇസ്‌ലാം തള്ളിക്കളയുന്നു. ഇസ്‌ലാമില്‍ സാമ്പത്തിക സ്വാതന്ത്ര്യമുണ്ട്. എന്നാലത് നിയന്ത്രണവിധേയമാണ്. അതുപോലെ സാമ്പത്തിക ചൂഷണങ്ങള്‍ ഇസ്‌ലാം ഒരുനിലക്കും അനുവദിക്കുന്നുമില്ല.
ലണ്ടനിലെ മലഞ്ചരക്കു വ്യാപാരം നിയന്ത്രിച്ചിരുന്ന ഡച്ചുകാരായ കച്ചവടക്കാര്‍ ഒരു റാത്തല്‍ കുരുമുളകിനു 5 ഷില്ലിംഗ് (പഴയ കാല നാണയം) വര്‍ദ്ധിപ്പിച്ചു. മറ്റു കച്ചവടക്കാരായ ബ്രിട്ടീഷുകാര്‍ക്കത് സഹിച്ചില്ല. ലണ്ടന്‍ നഗരത്തിലെ 24 കച്ചവടക്കാര്‍ 1599 ഡിസംബര്‍ 31നു ഒരു കമ്പനി രൂപീകരിച്ചു. ഈ കമ്പനിക്കു ഔദ്യോഗികാനുമതി ലഭിച്ചു.
1600 ആഗസ്ത് മാസം 24നു കുരുമുളകു തേടി 500 കേവു ഭാരമുള്ള 'ഹെക്ടര്‍' എന്ന പടക്കപ്പല്‍ ഇന്ത്യയിലെ സൂറത്ത് തുറമുഖത്ത് നങ്കൂരമിട്ടു. വില്യം ഹോക്കിന്‍സായിരുന്നു കപ്പിത്താന്‍. ഈ വരവാണ് ഇന്ത്യാമഹാരാജ്യത്തിന്റെ ഭാഗധേയംപോലും മാറ്റിമറിച്ച ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കം. വളരെ ചെറുതെന്നു തോന്നിപ്പിക്കുന്ന ഈ തുടക്കം ഒരു രാഷ്ട്രത്തിന്റെ, ഒരു ജനതയുടെ മുഴുവന്‍ ധനവും കട്ടു കടത്താനും, കൊള്ളചെയ്യാനും അവരുടെ അവകാശങ്ങളൊക്കെ ചവിട്ടിയരക്കാനും കാരണമായി. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' പുറം 20-21 ല്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ കച്ചവടക്കമ്പനിയാണ് (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി) ഇന്ത്യയിലെ നരനായാട്ടുകള്‍ക്കും, രക്തപ്പുഴ ഒഴുക്കുന്നതിനും കാരണമായത്. അടിസ്ഥാന വിഷയം പണം നേടാനുള്ള കുതന്ത്രമായിരുന്നു ബ്രിട്ടന്റെ ലക്ഷ്യം.
ധനം വാരാനുള്ള പല വഴികളാണ് ധന മോഹികള്‍ സ്വീകരിക്കുന്നത്. ചരിത്രത്തിലുടനീളം അതുണ്ടായിട്ടുണ്ട്. തീവ്രവാദവും ഭീകരവാദവും ആധുനിക വിശകലനത്തില്‍ മുതലാളിത്ത സൃഷ്ടിയാണ്. തീവ്രവാദികള്‍ക്കും പ്രതിരോധിക്കുന്നവര്‍ക്കും ഒരേസമയം ആയുധം വിറ്റു കാശാക്കാന്‍ ഇതുവഴി മുതലാളിമാര്‍ക്ക് കഴിയുന്നു. തീവ്രവാദത്തിന്റെ വേരുകള്‍ മതത്തിലല്ല  തപ്പേണ്ടത് മുതലാളിമാരുടെ തലച്ചോറുകളിലാണ്.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂലൈ: 13, സുന്നിമഹല്‍, മലപ്പുറം)


അനുഗ്രഹങ്ങള്‍ വിസ്മരിക്കരുത്

അനുഗ്രഹങ്ങള്‍ വിസ്മരിക്കരുത്
സാലിം ഹുദവി ഇരിങ്ങാട്ടിരി

അബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം, റസൂല്‍(സ) പറഞ്ഞു: ''നിങ്ങള്‍ നിങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക. നിങ്ങളേക്കാള്‍ ഉന്നതരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതരുന്ന അനുഗ്രഹങ്ങളെ നിങ്ങള്‍ ചെറുതായി കാണാതിരിക്കാന്‍ അത് ഏറ്റവും നല്ലതാണ്.''(ബുഖാരി, മുസ്‌ലിം)
സൃഷ്ടിപരമായി മനുഷ്യര്‍ തുല്യരാണെങ്കിലും ഒരു സമൂഹ ജീവി എന്ന നിലക്കെടുക്കുമ്പോള്‍ വ്യക്തിപരമായും കുടുംബപരമായും വര്‍ഗപരമായും മറ്റു പല വിധേനയും അവരെ വിവിധ ചേരികളാക്കിത്തിരിക്കാന്‍ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വര്‍ഗ വര്‍ണ ചേരിതിരിവുകളും ഭാഷ-ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള തരംതിരിവുകളുമെല്ലാം ഇത്തരം വിഭജനങ്ങള്‍ സാധ്യമാണെന്നതിനുള്ള തെളിവുകളാണ്. ഭൗതിക വൃത്തത്തില്‍ ചിന്തിക്കുമ്പോള്‍ സമ്പന്നനും ദരിദ്രനും രണ്ടു തട്ടുകളിലേക്ക് വിഭജിക്കപ്പെടും പോലെ മതകീയ വൃത്തത്തിലൂടെ ചിന്തിക്കുമ്പോള്‍ കര്‍മങ്ങളുടെ കണക്കനുസരിച്ച് ജനങ്ങള്‍ ഇതേ ചേരികളിലേക്ക് തിരിക്കപ്പെടുന്നു.
മേലുദ്ധരിക്കപ്പെട്ട തിരുവചനം വിരല്‍ചൂണ്ടുന്നത് ഭൗതികമായ ചേരികളിലേക്കാണ്.അല്ലാഹുവിന്റെ അനുഗ്രഹമൊന്നു കൊണ്ടുമാത്രം സമ്പന്നനായി ജീവിക്കുന്ന കോടീശ്വരന്റെ മണിമാളികയെ നോക്കി നെടുവീര്‍പ്പിടുവാനേ അരവയര്‍ പട്ടിണിയടക്കാന്‍ തെരുവു തോറും അലയുന്ന ഭിക്ഷുവിന് യോഗമുള്ളൂ.  ഇവിടെ മണിമാളികയുടെ മട്ടുപ്പാവില്‍ ചാരുകസേരയില്‍ ആസനസ്ഥനായ കോടിപതിക്കും തെരുവില്‍ വെയിലില്‍നിന്നും മോചനം തേടി വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കുന്ന ദരിദ്ര ഭിക്ഷുവിനും താന്താങ്ങളുടേതായ വിഷമതകളും അനുഭൂതികളുമുണ്ട്. കോടീശ്വരനാഗ്രഹിക്കുന്നത് ഇനിയുമിനിയും സമ്പാദിക്കണമെന്നാണെങ്കില്‍ ദരിദ്രനായ പഥികന്റെ ഉള്ളിലെ മോഹം ഒരു ചെറ്റക്കുടിലെങ്കിലും വെച്ചുകെട്ടാന്‍ കഴിഞ്ഞെങ്കിലെന്നായിരിക്കും. എന്നാല്‍ കുബേരന്റെയും കുചേലന്റെയും സ്രഷ്ടാവായ അല്ലാഹു ഇരുവര്‍ക്കും ഒട്ടനവധി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിട്ടുണ്ടെന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. ഇതാണ് മഹാനായ  പ്രവാചകന്‍(സ) തങ്ങളുടെ തിരുവചനത്തിന്റെ അകപ്പൊരുള്‍. അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങള്‍ മറക്കാതിരിക്കാനൊരു പോംവഴി നിര്‍ദ്ദേശിക്കുകയാണ് മഹാനായ റസൂല്‍ തിരുമേനി ചെയ്യുന്നത്. തങ്ങളുടെ താഴെ തട്ടിലുള്ളവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എത്രമാത്രമുണ്ടെന്നറിയുന്നവര്‍ സ്വാഭാവികമായും അല്ലാഹു തങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹ വര്‍ഷങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരിക്കും. സമ്പന്നതയുടെ മടിത്തട്ടിലില്‍ വളര്‍ന്നവനും തെരുവിന്റെ കാരുണ്യം തേടിയലയുന്നവനും ഇത് സാധ്യമാണ്. തന്നേക്കാള്‍ സമ്പത്ത് കുറഞ്ഞവനെക്കുറിച്ച് ചിന്തിക്കുമ്പോഴും ശരാശരി നിലവാരത്തില്‍ ജീവിക്കുന്ന തന്റെ അയല്‍വീട്ടുകാരന്റെ കഷ്ടതകളറിയുമ്പോഴും ധനികന് തനിക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചുള്ള ബോധം മനസ്സിലുദിക്കുന്നു. ഇതു തന്നെയാണ് ദരിദ്രരായ ഭിക്ഷാംദേഹികളുടെയും അവസ്ഥ. അന്ധനും മുടന്തനുമായ ഒരു യാചകനെ കാണുമ്പോള്‍ ശരീരവൈകല്യങ്ങളില്ലാത്ത ഒരു യാചകന് തനിക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചറിയാന്‍ വഴിയൊരുങ്ങിയേക്കും.
ഇതിന്റെ വിപരീത ദിശയിലൂടെ ചിന്തിക്കുമ്പോള്‍ നേര്‍വിപരീതമായൊരു ഫലമാണവിടെ തെളിഞ്ഞുകാണുക. തന്നേക്കാള്‍ മേല്‍തട്ടിലിരിക്കുന്ന ഒരു വ്യക്തിയെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അല്ലാഹു തനിക്കൊന്നും ചെയ്തില്ലെന്ന ഒരു മിഥ്യാബോധമാണ് മനസ്സിലുദിക്കുക. എന്നാല്‍ തനിക്കു നല്‍കപ്പെട്ട പലതും ആ ധനികന് ലഭിക്കാതെ പോയിട്ടുണ്ടല്ലോ എന്നൊരു മറുചിന്ത അവന്റെ മനസ്സില്‍ രൂപംകൊള്ളുക വളരെ അപൂര്‍വ്വമായിരിക്കും.
ഉന്നതങ്ങളിലേക്കുള്ള ആഗ്രഹങ്ങള്‍ മനുഷ്യനെ അസൂയാലുവാക്കിത്തീര്‍ക്കുന്നുവെന്നത് മറ്റൊരു വസ്തുതയാണ്. ഇതേ ആശയങ്ങള്‍ കുറിക്കുന്ന മറ്റൊരു തിരുവചനം കാണുക: നബി(സ) പറഞ്ഞു:''നിങ്ങള്‍ ധനാഢ്യരെ സമീപിക്കുന്നത് കുറക്കുക. കാരണം, അത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ നിസ്സാരമാക്കാതിരിക്കാന്‍ ഏറ്റവും യോജിച്ച ഒരു നടപടിയാണ്.''
ആരാധനാ കര്‍മ്മങ്ങള്‍ പോലുള്ള മതകീയ കാര്യങ്ങളിലും ഈ വസ്തുത പ്രായോഗികമാണ്. ഇവിടെ ഇതിന്റെ ഫലം നേര്‍വിപരീതമായിരിക്കുമെന്നു മാത്രം. മതകാര്യങ്ങളില്‍ ഉന്നതങ്ങള്‍ കൈവരിച്ച ഒരാളെക്കുറിച്ച് ഒരുവന്‍ ചിന്തിച്ചാല്‍ അവന് തന്റെ ന്യൂനതകള്‍ വ്യക്തമാകുകയും അതവന് സുകൃതങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രേരണയാകുകയും ചെയ്യും.
ഇബ്‌നു ബഥാന്‍(റ) പറഞ്ഞു: ''ഈ ഹദീസ് നന്‍മയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. കാരണം, ഒരു മനുഷ്യന്റെ മതകീയമായ ആരാധനാമുറകളില്‍ തന്നേക്കാള്‍ മുന്‍പന്തിയിലുള്ള ഒരാളെ കണ്ടാലേ ആ രംഗത്ത് കൂടുതല്‍ പരിശ്രമിയാകുകയുള്ളൂ. അപ്പോള്‍ റബ്ബിലേക്കടുപ്പിക്കുന്ന കാര്യങ്ങള്‍ അധികരിപ്പിക്കുന്നതില്‍ വ്യാപൃതനാവാന്‍ അവന്‍  ശ്രമം നടത്തും. അപ്രകാരം തന്നെ, ഭൗതിക കാര്യങ്ങളില്‍ തന്റെ താഴേക്കിടയിലുള്ളവനെ കണ്ടാലേ തന്നെക്കുറിച്ച യഥാര്‍ത്ഥ അവബോധം  അവനുണ്ടാകൂ. അങ്ങനെ, സ്രഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാന്‍ അവന്‍ തയ്യാറാവുകയും ചെയ്യും.''
ചുരുക്കത്തില്‍, ഈ ഹദീസ് നിര്‍ദ്ദേശിക്കുന്നത് ഒറ്റമൂലിയാണ്. ഒരാള്‍ തന്നേക്കാള്‍ ഉന്നതനെ കാണുന്ന അവസരത്തില്‍ അവനിലുദിക്കുന്ന അസൂയയുടെ ചികിത്‌സയാണ് തന്നെക്കാള്‍ അധഃസ്ഥിതരിലേക്ക് കണ്ണയക്കുമ്പോള്‍ ലഭിക്കുന്നത്. അല്ലാഹു കാരുണ്യവാനും സൃഷ്ടികളില്‍ അവനുദ്ദേശിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്നത്ര അനുഗ്രഹങ്ങള്‍ ചൊരിയുന്നവനും ആണെന്ന ഒരു ബോധം മനസ്സില്‍ സൂക്ഷിക്കുന്ന ഒരുത്തനും സ്രഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ വിസ്മരിക്കാന്‍ സാധിക്കില്ല.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂലൈ: 13, സുന്നിമഹല്‍, മലപ്പുറം)

വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം

വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം
മുജീബ് ഫൈസി പൂലോട്‌

ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഏകദൈവ വിശ്വാസത്തെക്കുറിച്ച് നിരവധി പരാമര്‍ശമുണ്ട്. ഏകത്വത്തിന്റെ പ്രചാരകരായിരുന്ന പ്രവാചകന്‍മാരുടെ കാലാന്തരം അനുയായികള്‍ പ്രവാചകന്‍മാരില്‍ ദിവ്യത്വമാരോപിക്കപ്പെടുകയും അവരുടെ അദ്ധ്യാപനങ്ങളില്‍ കൈക്കടത്തലുകള്‍ നടത്തപ്പെടുകയും ചെയ്തു. എങ്കിലും ഏകത്വത്തിന്റെ പ്രതിഫലനങ്ങള്‍ വേദഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ ദൃശ്യമാകും. ഇവകള്‍ അടിസ്ഥാനപരമായി തൗഹീദിന്റെ വാക്താക്കളായ പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങള്‍ വികലമാക്കപ്പെട്ടതാണെന്ന പഠനത്തിന് പിന്തുണ നല്‍കുന്നുണ്ട്. ആര്യാധിനിവേശാനന്തരമാണ് ബഹുദൈവ വിശ്വാസം കടന്നുകൂടിയത് എന്ന് സുവ്യക്തമാക്കുന്നതാണ് തെളിവുകളത്രയും.
ദൈവത്തെ ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം. വേദസംഹിതകളില്‍ ഏകത്വം പ്രതിപാദിക്കുന്ന നിരവധി സൂക്തങ്ങളില്‍നിന്ന് ചിലതു മാത്രം വിവരിക്കുന്നു:
നാസദാസീന്നോ സദാസീത്തദാനീ
ന്നാസീദ്ര ജോനോ വ്യോമാ പയോരത്
കീമാ വരീവഃ കുഹ കസ്യ ശര്‍മന്നംഭഃ
കീമാസീദ് ഗഹനം ഗംഭീരം
നമൃത്യു രാസീദമൃതം ന തര്‍ഹി
നരാത്ര്യാ അഹ്‌ന ആസിത് പ്രകേതഃ
ആനീ ദ വാതം സ്വധയാതദേകം
തസ് മാദ്ധ്യാന്യന്ന പരഃകിംചനാസ
(ഋഗ്വേദം 10:129:1,2)
(അപ്പോള്‍ അസത്തും സത്തും ഇല്ലായിരുന്നു. വായു മണ്ഡലവും അതിനുമുകളില്‍ ആകാശവുമില്ല. എന്തൊന്നാണത്? എവിടെയാണത് മൂടിക്കിടന്നത്?     ഏതൊന്നാണതിന് രക്ഷ നല്‍കിയത്? അവിടെ ഗഹനവും അഗാധവുമായ ജലപ്പരപ്പുണ്ടായിരുന്നുവോ? മൃത്യുവുണ്ടായിരുന്നില്ല. അമരത്വമുണ്ടായിരുന്നില്ല. രാപ്പകലുകളുടെ ചിഹ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏകമായ അത് സ്വന്തം ആന്തരിക ശക്തികൊണ്ട് വായുവില്ലാതെ ശ്വാസമയച്ചു.)
കോ അദ്ധാ വേദക ഇഹപ്രമോചത്
കൂത ആജാ കുത ഇയം വിസൃഷ്ടി:
അര്‍വാഗ്‌ദേവാ അസ്യ വിസര്‍ജനേ
നാഥാ കോവേദ യത ആബഭൂവ
ഇയം വിസൃഷ്ടിര്യത ആബഭൂവ
യദി വാദധേ യദിവാന
യോ അസ്യാധ്യക്ഷഃ പരമേവ്യോമ
ന്‍ത് സോ അംഗവേദ യദി വാന വേദ
(ഋഗ്വേദം 10:129:6,7)
(മൂലകാരണമേതെന്നും സൃഷ്ടിയുടെ ഉറവിടമെന്തെന്നും ആര്‍ പ്രഖ്യാപിക്കും? ദേവന്‍മാരും മറ്റും സൃഷ്ടിക്ക് ശേഷമാണുണ്ടായത്. അപ്പോഴതെങ്ങനെ ആവിര്‍ഭവിച്ചതെന്ന് ആര്‍ക്കറിയാം? അതിനെ ആര്‍ സൃഷ്ടിച്ചു? ആര്‍ സൃഷ്ടിച്ചില്ല? ഉപരിലോകത്ത് സ്ഥിതി ചെയ്യുന്ന അതിന് മാത്രമറിയാം.)
ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേ
ഭൂതസ്യ ജാതഃ പതിരേക ആസീത്
സദാധാര പൃഥി വീം, ദ്യാമുതേമാം
കസ്‌മൈ ദേവായ ഹവിഷാ വിധേമ
(ഋഗ്വേദം 10:121:1)
(ആദിയില്‍ ഹിരണ്യഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സര്‍വ്വഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭൂമിയെയും സ്വര്‍ഗത്തെയും അതത് സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍നിന്നാണ് സര്‍വ്വ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവന്‍ ഹിരണ്യഗര്‍ഭന്റെ  കല്‍പ്പനകളനുസരിക്കുന്നു. അതുകൊണ്ട് അവനു മാത്രം ഹവിസ്സര്‍പ്പിക്കുക.)
തമിദം നികതം സഹ:സ ഏശഏക ഏക
വ്രതേക ഏവയ ഏതം ദേവമേക
വൃതം വേദ:സര്‍വ്വേ അസ്മിന്‍
ദേവ ഏകവൃതോ ഭവന്തി
യി ഏതം ദേവമേക വൃതം വേദ
(അഥര്‍വ്വ വേദം 13-5-20, 21)
(ഏകനായ അവന്‍ ഏകനായിത്തന്നെ  എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ.)
നതസ്യ പ്രതിമാ ആസ്തീ യശ്യനാമ് മഹദ്യസഹേ (യജുര്‍വേദം 32:3) (അവന് സമാന്തരന്‍മാരില്ല. അവന്റെ കീര്‍ത്തി സത്യമായും  മഹത്താകുന്നു)
അയമേക ഇത്ഥാ പുരൂ ചഷ്‌ടേ വി വിശപതീ:
തസ്യവൃതാന്യനു വശ്ചരാമസീ
(ഋഗ്വേദം 8:25:16)
(പ്രാജാപാലകനും ചിത്രാവരുണന്‍മാരില്‍ ഏകനുമായവന്‍ ധാരാളം ചെറിയ ദ്രവ്യങ്ങളെ ഈ ലോകത്തിലെ ചരാചരങ്ങളെ, ഇപ്രകാരം സ്വതേജസ്സോടു കൂടി നോക്കുന്നു.)
സര്‍വ്വേ ആസ്മിന്‍ ദേവ ഏകവ്രതോ ഭവന്തി
യ ഏതം ദേവമേക വൃതംവേദ:
(അഥര്‍വവേദം 13, 5-22)
(പ്രകാശ  ഗോപുരങ്ങളായ ഗ്രഹ നക്ഷത്രങ്ങളും ജ്ഞാനികളുമെല്ലാം ഏക ദൈവത്തിലാണ്  അഭയംപ്രാപിക്കുന്നത്.)
യ ഏകോ ജാല വാനീശത ഈശ നീഭി:
സര്‍വ്വാന്‍ ലോകാനീശതേ ഈശനീഭി:
യ ഏവൈക ഉദ്ഭവേ സംഭവേശ്ചയം
ഏതദ് വിദൂര മൃതാസ് തേ ഭവന്തി
(ശ്വേതാശതരോപനിഷത്ത് 3:1)
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂണ്‍: 6, സുന്നിമഹല്‍, മലപ്പുറം)
 

കാപട്യം അരുത്

കാപട്യം അരുത്
സാലിം ഹുദവി ഇരിങ്ങാട്ടിരി

അബൂഹുറൈറ(റ)വില്‍ നിന്നും നിവേദനം- റസൂല്‍ പറഞ്ഞു: ''കപട വിശ്വാസിയുടെ അടയാളങ്ങള്‍ മൂന്നെണ്ണമാണ്. സംസാരിച്ചാല്‍ കളവ് പറയും, വാഗ്ദാനം ചെയ്താല്‍ അത് പൊളിച്ചുകളയും, വിശ്വസിച്ചാല്‍ വഞ്ചിക്കും.'' (ബുഖാരി, മുസ്‌ലിം)
വിശ്വാസം മനുഷ്യന്റെ കരുത്താണ്. ചാഞ്ചല്യമില്ലാത്ത വിശ്വാസമാണ് മുസ്‌ലിമിന്റെ വിജയത്തിന്റെ നിദാനമായി ഭവിക്കുന്നത്. 'വിശ്വാസ'മെന്ന കേവലങ്ങളായ മൂന്നക്ഷരങ്ങളിലൊതുങ്ങുന്നതല്ല അറബിയിലെ 'ഈമാന്‍' എന്ന ക്രിയാധാതുവിന്റെ അര്‍ത്ഥഗ്രന്ഥവ്യാപ്തി. പ്രത്യുത, അല്ലാഹുവിലും അവന്റെ വിശുദ്ധ വേദങ്ങളിലും, അവന്റെ പരലക്ഷം വരുന്ന ദൂതന്‍മാരിലും, അനന്തകോടികളായ മാലാഖമാരിലും മനുഷ്യന്റെ ജീവിതത്തിന്റെ ഫലം കാണുന്ന അന്ത്യനാളിലും, എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായേ നടക്കൂയെന്ന വസ്തുതയിലും അധിഷ്ഠിതമായ കലര്‍പ്പില്ലാത്ത, സ്ഥിരതയാര്‍ന്ന വിശ്വാസമാണ് ഈ പദത്തിന്റെ സംക്ഷിപ്ത വിവക്ഷ.
ഇവിടെ കപടന്റെ കാപട്യം അര്‍ത്ഥശൂന്യവും വിഫലവുമാണെന്ന യാഥാര്‍ത്ഥ്യം സുതാര്യമാകുന്നു.  പുറമെ വിശ്വാസത്തിന്റെ മോടിയും അലങ്കാരവും പ്രദര്‍ശിപ്പിച്ചു നടക്കുന്ന, അകതാരില്‍ ശക്തമായ നിഷേധവും അവിശ്വാസവും സത്യവിശ്വാസികളോട് കഠിനമായ വിരോധവും വിദ്വേഷവും വെച്ചു നടക്കുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യിനുബ്‌നു സലൂലുമാരുടെ തനിപ്പകര്‍പ്പുകള്‍ ഇന്നും ഒട്ടും കുറവല്ലതന്നെ.  പ്രവാചകാധ്യാപനത്തെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ ഈ വസ്തുതക്ക് ഒരു തിരുത്ത് ആവശ്യമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. നാക്കെടുത്താല്‍ കളവു മാത്രം ഉരിയാടിക്കൊണ്ടിരിക്കുന്ന  വായാടികള്‍ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ വളരെയേറെയാണ്. എന്തിനധികം പറയണം, കള്ളം പറഞ്ഞ് ആഘോഷിക്കാന്‍ പോലും ഇന്നൊരു 'വെടിദിനമുണ്ട്'. വിഡ്ഢിദിനമെന്ന ചെല്ലപ്പേരിലറിയപ്പെടുന്നുണ്ടെങ്കിലും ബുദ്ധിമതികള്‍ തന്നെയാണ് ഈ ആഭാസത്തിന് അണിനിരക്കുന്നതെന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. ഏറ്റെടുത്ത കാര്യം നിര്‍വ്വഹിക്കാതെ, ചെയ്ത വാഗ്ദാനങ്ങളും കരാറുകളും പൂര്‍ത്തീകരിക്കാതെ കുറ്റകരമായ അനാസ്ഥയുടെ പ്രയോക്താക്കളായി കഴിഞ്ഞു കൂടുന്നവരും ഇന്ന് എങ്ങും കാണപ്പെടുന്നു. അതുപോലെത്തന്നെയാണ് വര്‍ദ്ധിച്ചു വരുന്ന വഞ്ചനയുടെയും ചതിപ്രവര്‍ത്തനങ്ങളുടെയും കഥയും. ഇങ്ങനെ കപടന്റെ പൊയ്മുഖവുമായി പകല്‍മാന്യന്‍മാരായി സമൂഹത്തില്‍ വിലസുന്നവര്‍ അനവധി യാണ്.
ശത്രുക്കളെ നേരിടാന്‍ ആയിരത്തോളം വരുന്ന സൈന്യവുമായി ഉഹ്ദിന്റെ രണഭൂമിയിലേക്കു തിരിച്ച പ്രവാചകന്‍(സ) വഴിക്കുവെച്ച് കാപട്യത്തിന്റെ വഞ്ചനാപരമായ പിന്തിരിയല്‍ നേരില്‍ കാണേണ്ടിവന്നിട്ടുണ്ട്. കൂടാതെ, തബൂക്കില്‍ നിന്നും മടങ്ങുന്ന സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) തങ്ങളെ ഒരു മലയിടുക്കിലേക്ക് തള്ളിയിട്ട് വധിച്ചുകളയാന്‍ വരെ അവര്‍ ഒരുങ്ങിയിട്ടുണ്ട്. അപ്പോള്‍ സ്രഷ്ടാവിന്റെ സംരക്ഷണംകൊണ്ടു മാത്രമാണ്  തിരുദൂതര്‍ രക്ഷ നേടിയത്.
ഇത്തരം നീചകൃത്യങ്ങളുടെ പ്രയോക്താക്കളായതുകൊണ്ടു തന്നെയാണ് അല്ലാഹു അവരെക്കുറിച്ച് ഒരധ്യായം തന്നെ  ഖുര്‍ആനില്‍ പ്രതിപാദിച്ചത്. തങ്ങള്‍ വിശ്വാസികളാണെന്നു പറഞ്ഞ് പ്രവാചകന്റെ കൂടെക്കൂടി തക്കം കിട്ടുമ്പോഴെല്ലാം തിരുദൂതര്‍ക്കും അനുയായികള്‍ക്കും മുമ്പില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചകെട്ടിയിരുന്ന അവര്‍, തങ്ങളുടെ വിശ്വാസമെന്ന മുഖംമൂടി ഉപയോഗിച്ചാണ് അത്മരക്ഷ നേടിയിരുന്നത്. ഈ സത്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്: ''അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ.'' (മുനാഫിഖൂന്‍-2)
അഭിനവ സാഹചര്യത്തിലും കപടന്‍മാര്‍ അഴിഞ്ഞാട്ടം തുടരുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങി വന്ന് മോഹന വാഗ്ദാനങ്ങളുമായി അവരെ പാട്ടിലാക്കി അവരുടെ പിന്തുണ തേടി ഭരണം കയ്യാളുമ്പോള്‍ ചെയ്ത വാഗ്ദാനങ്ങള്‍ ലവലേശം പോലും  പാലിക്കാതെ ചവറ്റുകൊട്ടയിലെറിഞ്ഞ് സ്വന്തം കീശ വീര്‍പ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും ഗീബല്‍സിയന്‍ വങ്കത്തങ്ങള്‍ പറഞ്ഞ്  ജനങ്ങളെ പറ്റിക്കുന്ന പെരുംനുണയന്‍മാരും ജനങ്ങളില്‍നിന്നും പറ്റുന്ന സൂക്ഷിപ്പുസ്വത്ത് കൊണ്ട് സ്വന്തം കാര്യം നേടുന്നവരും കാപട്യത്തിന്റെ നൂതന പതിപ്പുകളാണ്.
ആത്മ സുഹൃത്തിനെപ്പോലും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി കൊന്നു കളയുന്ന ഭീകരന്‍മാരും ഇന്ന് രംഗം കയ്യാളിക്കൊണ്ടിരിക്കുന്നു. ബ്ലേഡുസംഘങ്ങളും മാഫിയാഭീമന്‍മാരും പാവങ്ങളെ വഞ്ചിച്ച് അവരുടെ രക്തമൂറ്റിക്കുടിക്കുന്നത് മാധ്യമങ്ങള്‍ സമൂഹത്തിന് പറഞ്ഞു കൊടുക്കുമ്പോള്‍ സമൂഹത്തിന്റെ ചലനം ഏതു ദിശയിലേക്കാണ് തിരിഞ്ഞിരിക്കുന്നത് എന്ന് എളുപ്പം ഗ്രഹിക്കാന്‍ കഴിയുന്നു.
ബന്ധുക്കളുടെ വേഷത്തിലെത്തുന്ന ശത്രുക്കളും അയല്‍പക്കത്ത് ഒളിഞ്ഞിരിക്കുന്ന വഞ്ചനകളും ക്രൗര്യവും നിഴല്‍ കണക്കെ പിന്തുടരുന്ന സന്തതസഹചാരിയുടെ വൈരം നിറഞ്ഞു നില്‍ക്കുന്ന മനസ്സും  ഒരവസരത്തില്‍ വെളിച്ചത്തുവരുമ്പോള്‍ കാപട്യത്തിന്റെ ഇരയായിത്തീരാനേ നിഷ്‌കളങ്കനായ മനുഷ്യന് നിവൃത്തിയുണ്ടാവുകയുള്ളൂ. അതുകൊണ്ട്, ആട്ടിന്‍തോലണിഞ്ഞ് വിലസുന്ന ചെന്നായകളുടെ ആക്രമണങ്ങളെ  നാം എപ്പോഴും കരുതിയിരിക്കുന്നത് നന്നായിരിക്കും. ഇന്ന് ആരിലും വിശ്വാസമര്‍പ്പിക്കാന്‍ കഴിയാത്ത യുഗമാണ്. സുഹൃത്ത് കയ്യിലേക്ക് മിഠായി വെച്ചു നീട്ടുമ്പോള്‍ പോലും അത് വാങ്ങുംമുമ്പൊന്ന് ചിന്തിക്കണം; കാരണം, ചിലപ്പോഴത് മാരകമായ വിഷഗുളികയായിരിക്കാം.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂണ്‍: 6, സുന്നിമഹല്‍, മലപ്പുറം)

Sunday, December 18, 2011

നിസ്‌കാരം തിരുമുന്നിലെ സര്‍വ്വ സമര്‍പ്പണം


 അയ്യൂബ് അസ്അദി ദാരിമി, കണ്ണപുരം

ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മ്മങ്ങളില്‍ അതിപ്രധാന കര്‍മ്മമാണ് നിസ്‌കാരം. മനുഷ്യന്റെ അത്മീയതയുടെയും സാമൂഹികതയുടെയും സംഘടിത ശക്തിയുടെയും സാധ്യത ഒരു പരിധി വരെ നിസ്‌കാരത്തിലൂടെ സാധ്യമാകുന്നുണ്ട്. നിശ്ചയിക്കപ്പെട്ട സമയത്തില്‍ നിസ്‌കാരം നിര്‍വ്വഹിക്കപ്പെടുക വഴി സമയ ക്രമീകരണം പുലര്‍ത്താന്‍ കഴിയുന്നു. ഇസ്‌ലാമിക ശരീരത്തില്‍ മനുഷ്യന്റെ സ്ഥാനം കണക്കാക്കപ്പെടുന്നത് തന്നെ നിസ്‌കാരം കൃത്യമായി നിലനിര്‍ത്തുന്നതിലൂടെയാണ്. പഞ്ചസ്തംഭങ്ങളില്‍ ശ്രേഷ്ഠമായ ഈ കര്‍മ്മം ചെയ്യുന്നതിലൂടെ അവന്‍ സമൂഹത്തില്‍ ശ്രേഷ്ഠനായിത്തീരുന്നു.

നിസ്‌കാരത്തിന്റെ ആന്തരികത
തീര്‍ച്ചയായും വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. അവര്‍ അവരുടെ നമസ്‌കാരങ്ങളില്‍ ഭയഭക്തിയുള്ളവരായിരിക്കുന്നു. വിശ്വാസികള്‍ വിജയിച്ചു എന്ന് മാത്രമല്ല പറഞ്ഞത്, നിസ്‌കരിക്കുന്ന വിശ്വാസികള്‍ എന്നാണ് പറഞ്ഞത്. നിസ്‌കരിക്കുന്ന വിശ്വാസികള്‍ എന്ന് മാത്രമല്ല പറഞ്ഞത് നിസ്‌കാരത്തില്‍ ഭയഭക്തിയുള്ള വിശ്വാസികള്‍ എന്നാണ് പറഞ്ഞത്. മുകളില്‍ പറഞ്ഞ വിശേഷണത്തിനു പുറമേ വിശ്വാസികളുടെ മൂന്ന് നാല് വിശേഷണങ്ങള്‍ പറഞ്ഞ ശേഷം വീണ്ടും അള്ളാഹു നിസ്‌കാരത്തെ കുറിച്ചു തന്നെ പറയുന്നു. 'അവര്‍ അവരുടെ നിസ്‌കാരങ്ങളെ ചെയ്യേണ്ടതുപോലെ നിത്യമായി ചെയ്യുന്നവരാണ്'. അതിനുശേഷം അള്ളാഹു പറയുന്നു. അവരാണ് ഉന്നതമായ ഫിര്‍ദൗസ് എന്ന സ്വര്‍ഗത്തെ അനന്തരമെടുക്കുന്നവര്‍. അവര്‍ അതില്‍ ശാശ്വതരാണ്. ഉന്നത സ്വര്‍ഗത്തെ അനന്തരമെടുക്കുന്ന വിശ്വാസികളുടെ ആദ്യത്തേയും അവസാനത്തേയും വിശ്ഷണമായി പറഞ്ഞത്. അവരുടെ നിസ്‌കാരത്തെ കുറിച്ചാണ്. മനുഷ്യപ്രവര്‍ത്തനങ്ങളില്‍ പരലോകത്ത് വെച്ച് ഒന്നാമതായി ചോദ്യം ചെയ്യപ്പെടുന്ന പ്രവര്‍ത്തനം നിസ്‌കാരമാണ്. മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത്, മഹാനായ നബ്(സ) തങ്ങളെ അള്ളാഹുതആല തന്റെ സന്നിദ്ധിയിലേക്ക് വിളിച്ചു വരുത്തി നല്‍കിയ മഹത്തായ സമ്മാനം, എങ്ങനെ നിര്‍വഹിക്കണമെന്ന് ജിബ്‌രീല്‍(അ) കാണിച്ചുകൊടുത്ത ഏക ഇബാദത്ത്, വിശ്വാസിയുടെ മിഅ്‌റാജ്, നിഷിദ്ധവും മ്ലേച്ഛവുമായ എല്ലാ കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുമെന്ന് ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ച അമല്‍, ഈമാനിനെയും കുഫ്‌റിനെയും വേര്‍തിരിക്കുന്ന അടയാളം, പ്രാണവായുവിനെപ്പോലെ മുഅ്മിനിന്റെ നിഖില മേഖലകളിലും സമയങ്ങളിലും തേടപ്പെട്ട ഇബാദത്ത്, ദീനിന്റെ തൂണ്‍ എന്ന് റസൂലുള്ളാഹി(സ) വിശേഷിപ്പിച്ച ഇബാദത്ത്, ഉപേക്ഷിച്ചാല്‍ മടക്കാത്ത പക്ഷം നിര്‍ബന്ധമായും തലവെട്ടണമെന്ന് കല്‍പിക്കപ്പെട്ട ഇബാദത്ത് തുടങ്ങിയ ഒട്ടനവധി വിശേഷണങ്ങള്‍ക്കര്‍ഹമാണീ നമസ്‌കാരം.
മേല്‍പറഞ്ഞ വിശേഷണങ്ങള്‍ക്കര്‍ഹമാവാനും ലക്ഷങ്ങള്‍ മുടക്കിപ്പെയ്യുന്ന ഹജ്ജിനേക്കാള്‍ ശ്രേഷ്ഠമാവാനും ഉപേക്ഷിച്ചാല്‍ തലവെട്ടാനും എന്താണ് നിസ്‌കാരത്തിലുള്ളത്?
ഉടമയും യജമാനനും അള്ളാഹു മാത്രമാണ്. അവന്റെ അടിമകളാണ് മനുഷ്യനും മറ്റെല്ലാ വസ്തുക്കളും. ഈ അടിമത്തത്തില്‍ നിന്നും ഒരിക്കലും മോചിതരാകാന്‍ ആര്‍ക്കും സാധ്യമല്ല. ജീവിതത്തിന്റെ നിഖില മേഖലകളിലും അവനെ അനുസരിച്ച് ജീവിക്കാന്‍ കടപ്പെട്ടവരാണ് നാം. എന്നാല്‍ ഈ അനുസരണയില്‍ നിന്നും അവനെ വ്യതിചലിപ്പിക്കുവാന്‍ ഒരുപാട് പിശാചുക്കള്‍ ഠലാകത്തുണ്ട്. നബി(സ) പറഞ്ഞു. മനുഷ്യശരീരത്തില്‍ രത്ക സഞ്ചാരം നടക്കുന്ന സ്ഥലങ്ങളിലൂടെയെല്ലാം പിശാച് സഞ്ചരിക്കുന്നു. സൂറതുല്‍ യാസീനില്‍ ഇങ്ങനെയുണ്ട്. 'ഓ ആദം സന്തതികളെ ശൈത്വാനെ നിങ്ങള്‍ ആരാധിക്കരുതെന്നും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും നിങ്ങളോട് ഞാന്‍ കരാര്‍ ചെയ്തില്ലയോ.....? നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും അതാണ് നേരായ വഴിയെന്നും, തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം ആളുകളെ അവന്‍ (പിശാച്) വഴിതെറ്റിച്ചിട്ടുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?' അപ്പോള്‍ നമ്മുടെ മുഖ്യ ശത്രു, പിശാച് നമ്മെ എല്ലാ സമയത്തും അള്ളാഹുവിനെ ആരാധിക്കുന്നതില്‍ നിന്നും തടയുകയും പിശാചിനെ അനുസരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമ്മെ പരീക്ഷിക്കാന്‍ വേണ്ടി യാണ് അവയെ അള്ളാഹു പറഞ്ഞു വിട്ടത്. അള്ളാഹുവിന്റെ പരീക്ഷണത്തില്‍ വിജയശ്രീലാളിതരായി കൊണ്ട് ശൈത്വാനിന് നമ്മള്‍ വഴിപ്പെടുകയില്ലെന്നും, അള്ളാഹുവിന് മാത്രമേ വഴിപ്പെടുകയുള്ളൂവെന്നും സദാ പ്രഖ്യാപിച്ചുകൊണ്ടിരിക്കുവാനാണ് ദിവസവും അഞ്ച് നേരം നിസ്‌കാരം ശറആക്കപ്പെട്ടത്. 
അതാണ് അള്ളാഹു പറഞ്ഞത് 'എന്നെ സ്മരിക്കാന്‍ വേണ്ടി താങ്കള്‍ നിസ്‌കാരത്തെ നിലനിര്‍ത്തുക' നബി(സ) പറയുന്നു.''നിശ്ചയം നിസ്‌കരിക്കുന്നവന്‍ അള്ളാഹുമായി അഭിമുഖ സംഭാഷണം നടത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ എന്ത് പ്രവര്‍ത്തിച്ചും പറഞ്ഞും കൊണ്ടാണ് അവന്‍ മുനാജാത്ത് നടത്തുന്നത് എന്ന് ചിന്തിച്ചു കൊള്ളട്ടെ''. ഇഃ് യാഥാര്‍ത്ഥ്യമാകുന്നത് ഭക്തിയിലൂടെയും മന:സാന്നിധ്യത്തിലൂടെയുമാണ്. ഭയഭക്തിയാണ് നിസ്‌കാരത്തിന്റെ ആത്മാവ്. ഇതില്ലെങ്കില്‍ നിസ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്ന യാഥാര്‍ത്ഥ ലക്ഷ്യം നിറവേറ്റുന്നില്ല. മുഅ്മിനിന്റെ മിഹ്‌റാജാണ് നിസ്‌കാരം. മിഹ്‌റാജ് എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് ഏഴാകാശവും കയറി അള്ളാഹുവിന്റെ പരിശുദ്ധസവിധത്തില്‍ വെച്ച് നബി(സ) തങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണമാണ്. അതുപോലെ ഓരോ മുഅ്മിനും നടത്തുന്ന അള്ളാഹുമായുള്ള മുനാജാത്താണ് നിസ്‌കാരം. നബി(സ) പറഞ്ഞു. ''യാത്ര പറയുന്നവന്റെ നിസ്‌കാരം നീ നിസ്‌കരിക്കുക''. ഈ ലോകത്തിന്റെ എല്ലാ സുഖങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും വിട പറഞ്ഞ് അള്ളാഹുവിലേക്ക് മടങ്ങുന്ന തരത്തിലുള്ള നിസ്‌കാരം നീ നിര്‍വ്വഹിക്കുക. എല്ലാം വിട്ട് അള്ളാഹുവിലേക്ക് മടങ്ങുന്നവന്റെ ഭാവത്തില്‍ വളരെ വിനയാന്വിതനായി അല്‍പം തല താഴ്ത്തി സുജൂദ് ചെയ്യുന്ന സ്ഥലത്തേക്ക് ദൃഷ്ടി പതിച്ച് നാം നിസ്‌കരിക്കാന്‍ നില്‍ക്കുന്നു. തന്റെ മുഖവും ശരീരവും എന്ന പോലെ മനസ്സും അള്ളാഹുവിലേക്ക് തിരിച്ച് എല്ലാറ്റിനേക്കാളും വലിയവന്‍ അള്ളാഹുവാണ് എന്ന് അര്‍ത്ഥം വരുന്ന അള്ളാഹു അക്ബര്‍ എന്നു ഉച്ചരിച്ചുകൊണ്ട് കൈകെട്ടി കൂടുതല്‍ വിനയാന്വിതനായി അള്ളാഹുവിന്റെ മുമ്പില്‍ നാം നില്‍ക്കുന്നു. തക്ബീര്‍ ചൊല്ലുമ്പോള്‍ കൈ ഉയര്‍ത്തുന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, ഐഹിക കാര്യങ്ങളില്‍ നിന്നെല്ലാം വിട്ട് അവയെക്കാള്‍ ഏറെ അള്ളാഹുവാണ് വലിയവന്‍ എന്ന വാക്ക് കൊണ്ട് പ്രഖ്യാപിക്കുന്നത് പോലെ അവയവങ്ങള്‍ കൊണ്ടും അത് പ്രവര്‍ത്തിച്ച് സമ്മതിക്കുകയും അള്ളാഹുവിന്റെ മഹത്തായ പ്രതിഫലം പ്രതീക്ഷിക്കലുമാണ്. പിന്നീട് വജ്ജഹ്തു ഓതുന്നു. അനുസരണയുള്ളവനായിരിക്കുന്ന തിന്മയെ തൊട്ട് തെന്നിമാറി ആകാശഭൂമികളുടെ സൃഷ്ടാവായ ഒരുത്തനിലേക്ക് ഞാനെന്റെ ശരീരവും മനസ്സുമെല്ലാം മുന്നിടിച്ചിരിക്കുന്നു. ഞാന്‍ അവനോട് ഒന്നിനേയും പങ്കു ചേര്‍ക്കുന്നവനല്ല. എന്റെ നിസ്‌കാരവും മറ്റെല്ലാ കര്‍മമ്വും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അള്ളാഹുവിനാണ്. ഈ പറയപ്പെട്ടവ കൊണ്ട് എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ അനുസരണയുള്ളവനില്‍പ്പെട്ടവന്‍ തന്നെയാണ്. എന്നിങ്ങനെ അള്ളാഹുവിന്റെ മുമ്പില്‍ വെച്ച് പ്രതിജ്ഞ ചെയ്യുന്നു. പിന്നെ നിര്‍ബന്ധ പ്രാര്‍ത്ഥനയായ ഫാത്തിഹയിലേക്ക് പ്രവേശിക്കുന്നു. ഫാത്തിഹ പകുതി അള്ളാഹുവിനും ബാക്കി പകുതി നമുക്കും ഉള്ളതാണ്. 'പരമകാരുണ്യവാനായ അള്ളാഹുവിന്റെ നാമം കൊണ്ട് ഞാന്‍ ആരംഭിക്കുന്നു'. സര്‍വ്വസ്‌തോത്രങ്ങളും ലോക രക്ഷിതാവായ അള്ളാഹുവിനാണ്. പരമ കാരുണ്യവാനാണ് അവന്‍. പ്രതിഫലം നല്‍കപ്പെടുന്ന ദിവസത്തിന്റെ ഉടമസ്ഥനാണവന്‍. അവനെ മാത്രം നാം ആരാധിക്കുന്നു. ഇത്രയും ഭാഗം അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നതാണ്. ബാക്കി ഭാഗം അള്ളാഹുവിനോട് നാം യാചിക്കുന്നതാണ്, 'നിന്നോട് മാത്രം സഹായം തേടുന്നു നീ എന്നെ നേര്‍മാര്‍ഗ്ഗത്തിലാക്കേണമേ നീ അനുഗ്രഹിച്ചവരുടെ വഴിയാണത്. കോപിക്കുന്നവരുടെയും വഴിപിഴച്ചവരുടെയും വഴിയല്ലാതെ'. ജമാഅത്തായിട്ടാണ് നിസ്‌കരിക്കുന്നതെങ്കില്‍ ഫാതിഹക്ക് ശേഷം ഇമാം 'ആമീന്‍' പറയുമ്പോള്‍ മലക്കുകളും ആമീന്‍ പറയുന്നു. അപ്പോള്‍ നേരായ മാര്‍ഗത്തിലേക്ക് ചേര്‍ക്കേണമേ എന്ന ഫാതിഹയിലെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായിട്ടാണ് അവന്‍ പറഞ്ഞതെങ്കില്‍ അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. ഫാതിഹക്ക് മുമ്പുള്ള പ്രാരംഭ പ്രാര്‍ത്ഥനയിലെ തന്റെ ജീവിതവും മരണവും എല്ലാം നിനക്കാണെന്ന ആ പ്രതിജ്ഞയ്ക്കും ആത്മാര്‍ത്ഥമാണെങ്കില്‍ പിന്നെ എങ്ങനെയാണ് അവനില്‍ നിന്നും മന:പൂര്‍വ്വം തെറ്റുകള്‍ ഉണ്ടാവുക. ദിവസേന ഈ പ്രതിജ്ഞ ചുരുങ്ങിയത് അഞ്ച് പ്രാവശ്യവും നിര്‍വ്വഹിക്കുന്നവനെ അള്ളാഹു എങ്ങനെ വഴികേടിലാക്കും. അതാണ് ഖുര്‍ആന്‍ പറയുന്നത് "തീര്‍ച്ചയായും നിസ്‌കാരം നിശിദ്ധ കാര്യങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും തടയും". നിസ്‌കാരം ഇത്തരം നീച കൃത്യങ്ങളില്‍ നിന്നും നമ്മെ തടയുന്നില്ലെങ്കില്‍ നമ്മുടെ നിസ്‌കാരം അതിന്റെ ശരിയായ അര്‍തഅഥത്തിലായിട്ടില്ല. എന്നാണ് അര്‍ത്ഥം നേരത്തെ ചെയ്ത പ്രതിജ്ഞയും പ്രാര്‍ത്ഥയും ആത്മാര്‍ത്ഥമല്ല എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ നിസ്‌കാരം കേവലം കുമ്പിടല്‍ മാത്രമായി പോവുകയാണ്.

"നിസ്‌കാരം വിനയവും താഴ്മയവും പ്രകടിപ്പിക്കല്‍ മാത്രമാണ്". എന്നാണ് ഹദീസ്. നിസ്‌കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുകയും ആ നിലയില്‍ നിസ്‌കാരം നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അത് അള്ളാഹുവിനോടുള്ള താഴ്മ പ്രകടിപ്പിക്കലാവുകയും ആ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയുകയുമുള്ളൂ. നബി(സ) പറയുന്നു. ''നിശ്ചയം അടിമ നിസ്‌കരിക്കുന്നു അവന്റെ നിസ്‌കാരത്തിന്റെ 1/6 ഓ 1/10 ഓ അവന് എഴുതപ്പെടുന്നില്ല. അവന്റെ നിസ്‌കാരത്തില്‍ നിന്ന് അവന്‍ ഗ്രഹിച്ചതല്ലാതെ അവന്‍ എഴുതപ്പെടുകയുമില്ല''. ഇത്തരത്തിലുള്ള പ്രതിഫലം ലഭിക്കുകയില്ല. എന്നു മാത്രമല്ല അത്തരം നിസ്‌കാരം നാശത്തിന് വഴിവെക്കുകയും ചെയ്യും. അതാണ് ഖുര്‍ആന്‍ പറഞ്ഞത് അശ്രദ്ധമായി നിസ്‌കരിക്കുന്നവര്‍ക്കാണ് നാശം. ഇവിടെ ഗസ്സാലി ഇമാം തന്റെ ഇഹ്‌യാ ഉലൂമിദ്ദീനില്‍ നല്ലൊരു ഉദാഹരണം പറയുന്നുണ്ട്. ഭൃത്യവേലക്ക് മഹാരാജാവിന്റെ സന്നിധിയില്‍ വരുന്നവന്‍ സന്നിധാനത്തെ ഗൗനിക്കാതിരിക്കുകയും പറയുന്നതെന്താണെന്ന് മനസ്സിലാക്കാതെ അശ്രദ്ധമായി സംസാരിക്കുകയും ചെയ്യുകയാണെങ്കില്‍ അവന്‍ രാജാവിന്റെ തിരുസന്നിധിയിലേക്ക് വരാതെ മാറിപ്പോകുന്നവനേക്കാള്‍ വലിയ ശിക്ഷ ഏല്‍പിക്കേണ്ടി വന്നേക്കും.
രാജാധിരാജനായ അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നത് എന്നും അവനോടാണ് സംസാരിക്കുന്നതെന്നുമുള്ള ബോധം നിസ്‌കരിക്കുന്നവനുണ്ടാവണം. കേവലമുള്ള കുമ്പിടലുകളാണോ റുകുഉം സുജൂദും കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അല്ലാഹുവിനെക്കുറിച്ച് അശ്രദ്ധനായിക്കൊണ്ടുള്ള റുകുഉം സുജൂദും അല്ലാഹുവിനെ വന്ദിക്കലാകുമെങ്കില്‍ അതിനേക്കാളേറെ അവന്റെ മുമ്പിലുള്ള തൂണിനെയും മതിലിനെയുമാണ് വന്ദിക്കുന്നത്. അപ്പോള്‍ നാം റകുഅ് ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ മുന്നിലാണ് തലകുനിക്കുന്നത് എന്ന ബോധം നമുക്കുണ്ടാവണം. റുകുഇല്‍ ഉന്നതനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു എന്നര്‍ത്ഥത്തിലുള്ള ദിക്‌റും ചൊല്ലുമ്പോള്‍ പൂര്‍ണ്ണമായ വണക്കമായി. പിന്നെ അല്ലാഹുവിനെ സ്തുതിച്ചവരെ അല്ലാഹു സ്വീകരിക്കട്ടെ എന്ന ദിക്ര്‍ പ്രത്യേകമായി കൈ ഉയര്‍ത്തിക്കൊണ്ട് ചൊല്ലുന്നതോടൊപ്പം തല ഉയര്‍ത്തുന്നു. അതിന് ശേഷം ആകാശവും ഭൂമിയും നിറയെയും അതിനപ്പുറമുള്ള എല്ലാം നിറയെയും അല്ലാഹുവിന് വലിയ സ്തുതി അര്‍പ്പിക്കുന്നു. എന്ന അര്‍ത്ഥത്തിലുള്ള ദിക്ര്‍ അതിലേക്ക് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരുങ്ങാന്‍ വേണ്ടിയാണ് തക്ബീറിന് പകരം ഈ പ്രത്യേക ദിക്ര്‍ ചൊല്ലുന്നത്. പിന്നെ അല്ലാഹുവിനെ മഹത്വപ്പെടുത്തി സുജൂദിലേക്ക് നീങ്ങുന്നു. നബി(സ) പറയുന്നു. അടിമ തന്റെ യജമാനനായ അല്ലാഹുവിനോട് ഏറ്റവും അടുക്കുന്ന സന്ദര്‍ഭം അവന്‍ സുജൂദ് ചെയ്യുന്ന അവസരത്തിലാണ്. അത്‌കൊണ്ട് നിങ്ങള്‍ സുജൂദില്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക. മനുഷ്യന്‍ മനോഹരമായി കൊണ്ട് നടക്കുന്ന തന്റെ ശരീരത്തിലെ ഏറ്റവും മഹത്തായ മുഖത്തെയും, നെറ്റിത്തടത്തെയും താന്‍ കാല്‍കൊണ്ട് ചവിട്ടുന്ന മണ്ണില്‍ വെക്കുമ്പോഴാണ് അതായത് മനുഷ്യന്‍ ഏറ്റവും താഴ്മ പ്രകടിപ്പിക്കുമ്പോഴാണ് അല്ലാഹുവുമായി ഏറ്റവും അടുക്കുന്നത്. എന്റെ എല്ലാം അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നു. എന്ന ബോധം റുകൂഇലും സുജൂദിലും ഉണ്ടാവുമ്പോള്‍ മാത്രമാണ് അത് .യഥാര്‍ത്ഥ റുകുഉം സുജൂദുമാവുന്നത്. അവിടെ വെച്ചും ഉന്നതനായ അല്ലാഹുവിന് സ്തുതി അര്‍പ്പിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ സമ്മതിക്കുന്നു, വാഴ്ത്തുന്നു എന്നര്‍ത്ഥത്തിലുള്ള തസ്ബീഹ് ചൊല്ലുമ്പോള്‍ യാഥാര്‍ത്ഥമായ വണക്കം ആകുന്നു. സുജൂദ് വളരെ പ്രധാനപ്പെട്ട അമലാണ്. ആകസ്മികമായി വല്ല അനുഗ്രഹം ലഭിക്കുമ്പോഴും ആപത്തുകള്‍ തട്ടി മാറ്റപ്പെടുമ്പോഴും ബുദ്ധിമുട്ട് കൊണ്ട് പരീക്ഷിക്കപ്പെടുന്നവനെ കാണുമ്പോഴും ശുക്‌റിയായിട്ട് സുജൂദ് സുന്നത്താക്കപ്പെട്ടിട്ടുണ്ട്. പുണ്യ നബിയോട് കൂടെ സ്വര്‍ഗത്തില്‍ ചങ്ങാത്തം ആവശ്യപ്പെട്ട സ്വഹാബിയോട് നബി പറഞ്ഞത് ''സുജൂദ് അധികരിപ്പിക്കല്‍ കൊണ്ട് നീ എന്നെ സഹായിക്കുക'' എന്നാണ്.
താല്കാലികമായി ഈ മുനാജാത് അവസാനിപ്പിക്കാന്‍ അവസാനമായി അത്തഹിയ്യാത്തിന് വേണ്ടി വിനയാന്വിതനായി ഇരിക്കുന്നു. ആദരവിന്റെ എല്ലാ തിരുമുല്‍ക്കാഴിചകളും സമൃദ്ധിയും നമസ്‌കാരങ്ങളും പ്രശംസനീയമായ എല്ലാം അല്ലാഹുവിനര്‍പ്പിക്കുന്നു. ശേഷം നബി തങ്ങളുടെമേല്‍ 'ഓ നബിയെ അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ സലാമും റഹ്മത്തും ബര്‍ക്കതും ഉണ്ടാവട്ടെ' എന്ന് പറഞ്ഞ് കൊണ്ട് സലാം പറയുന്നു. ഇമാം ഗസ്സാലി പറയുന്നു. നിസ്‌കാരത്തില്‍ സലാം പറയുമ്പോള്‍ നബി തങ്ങളുടെ മഹത്തായ രൂപത്തെ നീ നിന്റെ ഖല്‍ബില്‍ ഹാളിറാക്കുക. എന്റെ സലാം നബീതങ്ങള്‍ക്ക് ഹത്തുമെന്നും നബി അതിനേക്കാള്‍ പൂര്‍ണ്ണമായ സലാം കൊണ്ട് മടക്കും എന്ന പ്രതീക്ഷയെടെ നീ നബിയുടെ മേല്‍ സലാം ചൊല്ലുക. അതിന്‌ശേഷം നമ്മുടെ മേലിലും ലോകത്തിലുള്ള സജ്ജനങ്ങളായ അടിമകളുടെ മേലിലും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.  ശേഷം അല്ലാഹു അല്ലാതെ അരാധനക്കര്‍ഹന്‍ ഇല്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ റസൂലാണെന്നും പറഞ്ഞ് വിശ്വാസം ഒന്നുകൂടി പുതുക്കുകയും ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. പിന്നെ നബിയുടെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും സ്വലാത്ത് ചൊല്ലുന്നു. പ്രാര്‍ത്ഥനക്ക് ശേഷം ഈ മുനാജാത്ത് തത്കാലം അവസാനിപ്പിക്കുന്നു എന്ന് കരുതിക്കൊണ്ട് ചുറ്റുമുള്ളവരുടെ മേലില്‍ സലാം പറഞ്ഞ് കൊണ്ട് ഇഹലോക ജീവിതത്തിലേക്ക് മടങ്ങുന്നു.
ഇത്രമാത്രം ഗൗരമേറിയതാണ് നിസ്‌കാരം. മഹാനായ അലിയുബ്‌നു അബീത്വാലിബ്(റന് നിസ്‌കാരസമയം ആയാല്‍ വിറയല്‍ അനുഭവപ്പെടുകയും മുഖം വിവര്‍ണ്ണമാകുകയും ചെയ്യാറുണ്ടായിരുന്നു. അവരോട് ചോദിക്കപ്പെട്ടു. താങ്കള്‍ക്കെന്ത് പറ്റി? അപ്പോള്‍ അവിടുന്ന് പറഞ്ഞു. ഉത്തരവാദിത്വം (നിസ്‌കാരം) നിറവേറ്റേണ്ടുന്ന സമയം വന്നു. ഈ ഉത്തരവാദിത്വം ആകാശഭൂമികളുടെ മേലിലും പര്‍വ്വതങ്ങളുടെ മേലിലും പ്രദര്‍ശിപ്പിച്ചപ്പോള്‍ അവ അത്  വഹിക്കാന്‍ വിസമ്മതിച്ചു പേടിച്ചു പിന്മാറി. ഞാന്‍ അതിനെ ചുമന്നു. ഈ നിസ്‌കാരമാണ് അവിടുത്തെ വിറപ്പിച്ചതും, വിവര്‍ണ്ണമാക്ക്കിയതും. പ്രഭാതം മുതല്‍ പ്രദോഷം വരെ വിശപ്പ് സഹിച്ചും മറ്റ് സുഖങ്ങള്‍ ത്യജിച്ചും നോമ്പനുഷ്ഠിക്കുന്നു. തന്റെ ഇഷ്ടപ്പെട്ട മുതലിന്റെ ഒരു ഭാഗം നല്‍കി സകാത്ത് കൊടുക്കുന്നു. ഏറെ ബുദ്ധിമുട്ട് സഹിച്ചും പണം ചെലവാക്കിയും ഹജ്ജ് ചെയ്യുന്നു. ഇത്രമാത്രം ത്യാഗങ്ങളും പരീക്ഷണങ്ങളൊന്നും നിന്ന സ്ഥലത്ത് വെച്ച് അവയവങ്ങള്‍ ചലിപ്പിക്കുന്നതിലും നാവനക്കുന്നതിലും ഇല്ല. പിന്നെയെങ്ങിനെയാണ് ഈ നിസ്‌കാരം അവയേക്കാളൊക്കെ ശ്രേഷ്ഠമായത്. അതിന്റെ മറുപടിയാണ് നാം ഇത് വരെ വിവരിച്ചത്. അപ്രകാരമാവുമ്പോഴാണ് നബിതങ്ങള്‍ പറഞ്ഞത് പോലെ നമസ്‌കാരം ഇസ്‌ലാമിക ചൈതന്യത്തിന്റെ തൂണാവുന്നത്.

നമസ്‌കാരത്തിലെ സാമൂഹികത
സ്വാര്‍ത്ഥത ഇസ്ലാമിനന്യമാണ്. അതിന്റെ മകുടോദാഹരണമാണ് ദിനെപ്രതി അഞ്ച് സമയങ്ങളിലായി നിര്‍ബന്ധമായും അനുഷ്ഠിക്കപ്പെടുന്ന നമസ്‌കാരം. അതിലെ നിര്‍ബന്ധ പ്രാര്‍ത്ഥനയാണ് ഫാതിഹ ഫാതിഹായില്‍ 'ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു. നീ ഞങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് ആക്കേണമേ' എന്നര്‍ത്ഥമുള്ള വരികളിലൂടെ നിസ്‌കരിക്കുന്നവന്‍ അവന്റെ നിസ്വാര്‍ത്ഥത പ്രഖ്യാപിക്കുകയും എന്റെ കൂടെ എന്റെ സമൂഹവും നന്നാവണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു നിര്‍ബന്ധപ്രാര്‍ത്ഥനയാണ് അത്തഹിയ്യാത്ത് അതിലും തന്നെ മാത്രം പ്രത്യേകമാക്കാതെ ലോകത്തുള്ള എല്ലാ സജ്ജനങ്ങളുടെ മേലിലും അള്ളാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിസ്‌കാരത്തിന് വിരാമം കുറിക്കുന്ന നിര്‍ബന്ധ സലാമിലൂടെ തന്റെ ചുറ്റുഭാഗത്തുള്ളവരുടെ മേല്‍ അള്ളാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. 
ഉന്നതകുലത്തില്‍ ജനിച്ചവനായാലും രാജാവായാലും സാധാരണക്കാരനായാലും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവനാണെങ്കിലും ഇസ്‌ലാമിലെ മറ്റുള്ള ആരാധനകള്‍ എന്നപോലെ നിസ്‌കാരത്തിലും യാതൊരു വിവേചനവും ഇല്ല. എല്ലാവരും അളഅള്ളാഹുവിന്റെ മുന്നില്‍ വിനയാന്വിതനായി സാഷ്ടാംഗം നമിക്കുന്നു. തന്റെ ശരീരത്തിലെ ഏറ്റവും നന്നായി സൂക്ഷിക്കുന്ന മുഖം നാം കാല് കൊണ്ട് ചവിട്ടുന്ന നിലത്ത് വെക്കുന്നു. എല്ലാവരും സമന്മാര്‍ ഒരേ പദവിക്കാര്‍ അന്യോന്യം കൈകാലുകള്‍ തൊട്ടുരുമ്മി പോയതിനാല്‍ അശുദ്ധരായി തീരുന്നില്ല. സമത്വത്തിന്റെ മാനവികതയുടെ, സാഹോദര്യത്തിന്റെ ഒരു ചിത്രം നമസ്‌കാരത്തിലൂടെ ദര്‍ശിക്കാന്‍ സാധിക്കുന്നു.
സംഘടിതമായി നമസ്‌കരിക്കുമ്പോള്‍ ദിനം പ്രതി അഞ്ചു തവണ അള്ളാഹുവിന്റെ വിളിയാളം കൊണ്ട് ഓരോ വിശ്വാസിയും അള്ളാഹുവിന്റെ താവളത്തിലേക്ക് ഒരുമിച്ച് കൂടുന്നു. പരലോകത്ത് അള്ളാഹുവിന്റെ മുന്നില്‍ ഒരുമിച്ച് കൂട്ടപ്പെടുമെന്ന് വിശ്വാസമുള്ളവര്‍ എല്ലാ തിരക്കും മാറ്റി വെച്ച് ഈ വിളിയാളത്തിന് ഉത്തരെ നല്‍കുന്നു. വിശ്വാസികള്‍ പരസ്പരം കാണുന്നു സൗഹൃദം പങ്കിടുന്നു. ആരെയെങ്കിലും കാണാതിരുന്നാല്‍  അവരെ കുറിച്ച് അന്വേഷിക്കുന്നു. രോഗിയാണെന്നറിഞ്ഞാല്‍ സന്ദര്‍ശിക്കുന്നു. സമാശ്വസിക്കുന്നു. എല്ലാവരുടെയും കഷ്ടപ്പാടുകളും പ്രയാസവും കണ്ടറിയുകയും അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല സ്ഥലത്ത് നല്ല മനസ്സുള്ളവരുടെ സമ്മേളനമായതിനാല്‍ നല്ല ചിന്തകളും നല്ല ശീലങ്ങളും ഉണ്ടാക്കി തീര്‍ക്കുന്നു. തെറ്റുകണ്ടെങ്കില്‍ മാന്യമായി ഉപദേശിക്കാനുള്ള അവസരം ഉണ്ടാക്കുന്നു നമ്മളെല്ലാം ഒരേ ഉദ്ദേശവും ലക്ഷ്യവും ഉള്ളവരാണെന്ന ബോധം ഉണ്ടാക്കുന്നു.
എല്ലാവരും വര്‍ഗ്ഗവര്‍ണ്ണ ഭാഷ വേഷാ വിവേചനമില്ലാതെ തോളോടുതോളുരുമ്മി ഒരേ പോയിന്റില്‍ നിന്ന് കൊണ്ട് അല്ലാഹുവിന്റെ മുന്നില്‍ തലകുനിക്കുന്നു.
ജമാ അത്ത് നമസ്‌കാരം നമ്മോട് വിളിച്ചോതുന്നത് നാം സംഘടിതരായി ജീവിക്കണമെന്നും അതിന്റെ നേതൃത്വം ആരാണമെന്നും നേതാവും അനുയായികളും തമ്മിലുള്ള ഇടപെടലുകളും ബന്ധങ്ങളും എങ്ങനെ ആയിരിക്കണമെന്നതുമാണ്. ഒരേ നേതാവിന്റെ കീഴില്‍ അച്ചടക്കമുള്ള അനുയായികളെപ്പോലെ അണിയായി നില്‍ക്കുകയും ഒപ്പം അനങ്ങുകയും അടങ്ങുകയും ചെയ്യുന്നതിലൂടെ ഹൃദയത്തില്‍ ഒരുമയും ഐക്യബോധവും ഉണ്ടായിത്തീരുകയും ചെയ്യുന്നു. നേതാവ് യോഗ്യനായിരിക്കണം. കൂടുതല്‍ അറിവുള്ളവന്‍, നന്നായി  ഓതാനറിയുന്നവന്‍, സംസമ്മതന്‍ തുടങ്ങിയ യോഗ്യതകള്‍ ഉണ്ടായിരിക്കണം. നേതാവ് അനുയായികളെ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണം. രോഗികള്‍, അശക്തര്‍, കുട്ടികള്‍ കരഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ അവരെയൊക്കെ നബി(സ) തങ്ങളുടെ നേതൃത്വത്തില്‍ നിസ്‌കരിക്കുമ്പോള്‍ പരിഗണിച്ചിരുന്നു. മുആദ്(റ) ഇശാഅ് നമസ്‌കാരം ദീര്‍ഘിപ്പിച്ചപ്പോള്‍ നബി(സ) മുആദിനെ  'നീ വലിയ ഫിത്‌നക്കാരനാണോ എന്ന് പറഞ്ഞ് കൊണ്ട് ശാസിച്ചു.
നേതാവിനെ പൂര്‍ണ്ണമായി അനുസരിക്കേണ്ടതുണ്ടെന്നും നിസ്‌കാരം നമ്മെ ബോധ്യപ്പെടുത്തുന്നു. അനുസരിക്കാതിരുന്നാല്‍ നിസ്‌കാരം നമ്മെ ബാത്വിലാകും. നേതാവ് അബദ്ധത്തില്‍ ചാടിയാല്‍ അനുസരിക്കേണ്ടതില്ല. തെറ്റ് തെരുത്താന്‍ എപ്പോള്‍ ആവശ്യപ്പെടാമെന്നും തെറ്റ് തിരുത്തിയില്ലെങ്കില്‍ നേതൃസ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടനാക്കാന്‍ അധികാരമുണ്ടെന്നും നിസ്‌കാരത്തിലൂടെ ദര്‍ശിക്കാം. ഇങ്ങനെ സുശക്തവും വിപുലവും അച്ചടക്കബോധമുള്ള ഒരു സാമൂഹികക്രമം കെട്ടിപ്പെടുക്കാന്‍ നിസ്‌കാരം പ്രചോദനം നല്‍കുന്നു.

 നിസ്‌കാരത്തിന്റെ ശാസ്ത്രീയത
ഹാര്‍വേര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ഹാര്‍ബര്‍ട്ട് ബെന്‍സന്‍ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്. ഏകാഗ്രമായ മാനസികാവസ്ഥ നൂറുകണക്കിന് ഗുളികളേക്കാള്‍ ഫലപ്രദമാണ്. മനുഷ്യ ശരീരത്തിലുണ്ടാകുന്ന എല്ലാ രാസമാറ്റങ്ങളും ഭൗതീകമാറ്റങ്ങളും കുറക്കുവാന്‍ ഏകാഗ്രധ്യാനത്തിന് കഴിവുണ്ട്. ബെന്‍സന്റെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് ദിവസം 2 നേരം ഇരുപത് മിനുട്ട് വീതം ഏകാഗ്രമായി ധ്യാനിക്കുവാന്‍ ആവശ്യപ്പെട്ടു. ഈ ധ്യാനത്തിന് ശേഷം അവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ രക്തത്തിലെ ലാക്ടറേറ്റ് നില താണിരിക്കുന്നതായി കണ്ടു. ഇതോടൊപ്പം അവാച്യമായി നിര്‍വൃതിയും അനുഭൂതിയും അനുഭവപ്പെട്ടതായി അവര്‍ പറഞ്ഞു. മാനസിക പിരിമുറുക്കം മൂലം അസ്വസ്ഥമാവുന്നവരുടെ രക്തത്തിലെ ലാക്ടറേറ്റ് നില ഉയര്‍ന്നിരിക്കുമെന്ന് ഈ വക അസ്വാസ്ഥ്യം അനുഭവപ്പെടുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബെന്‍സന്റെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ 3 മാസത്തോളം ധ്യാനമിരുന്ന ആയിരത്തിലധികം ആളുകള്‍ മാനസികോല്ലാസത്തിന് വേണ്ടി അവര്‍ കഴിച്ചിരുന്ന മയക്ക് മരുന്നുകളില്‍ നിന്ന് മോചിതരായി. ബെന്‍സന്റെ തത്വമനുസരിച്ച് നമസ്‌കാരത്തിന്റെ ആരോഗ്യവശം വളരെ വ്യക്തമാണ്. കാരണം ഏകാഗ്രധ്യാനത്തിന്റെ സമ്പൂര്‍ണ്ണ രൂപമാണല്ലോ നിസ്‌കാരം. അല്ലാഹു പറയുന്നു. 'അറിയുക അല്ലാഹുവിനെ സമരിക്കല്‍ കൊണ്ട് മാത്രമാണ് മനസ്സുകള്‍ക്ക് ശാന്തി ലഭിക്കുന്നത്'.
വില്യം മുള്‍ട്ടര്‍ മാര്‍സ്റ്റിന്‍ എന്ന മന:ശാസ്ത്രജ്ഞന്‍ 'റിഡേഴ്‌സ് ഡൈജസ്റ്റില്‍' എഴുതുന്നു. ജീവിതത്തിന്റെ നാനാതുറകളിലും ഏകാഗ്രമായി ചിന്തിക്കാന്‍ കഴിവുനേടിയവരാണ് മഹാന്മാര്‍. ചിതറിപ്പോവാതെ ചിന്തയെ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ നിരന്തര പ്രയത്‌നം കൊണ്ടേ സാധ്യാമാവൂ. അങ്ങിനെ സാധ്യാമായാല്‍ അത് കിടയറ്റ ഒരു വദ്രായുധമായിത്തീരും. ഉദ്ദേശിക്കുന്ന ഏത് കാര്യത്തിലും ചിന്തയെ യഥേഷ്ടം ഒരുക്കി നിര്‍ത്താനുള്ള പ്രാപ്തി ഇതിലൂടെ നേടാം. നമസ്‌കാരത്തില്‍ വ്യാപൃതമാകുന്ന സമയമത്രയും സര്‍വ്വ കഴിവും ഉപയോഗിച്ച് മനസ്സിനെ നിസ്‌കാരത്തില്‍ മാത്രം പിടിച്ചു നിറുത്തുന്ന വ്യക്തിയില്‍ ഏകാഗ്ര ചിന്താശക്തി വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
ജീവിതത്തിന്റെ നാനാതലങ്ങളിലും പ്രയാസവും അസ്വസ്ഥതയും അനുഭവിക്കുന്നവന് നിസ്‌കാരത്തിലൂടെ സമാധാനമടയാന്‍ കഴിയുന്നു. വല്ല കാര്യവും നബി തങ്ങളെ അസ്വസ്ഥനാക്കിയാല്‍ അവിടുന്ന് നിസ്‌കാരത്തിലേക്ക് അഭയം പ്രാപിക്കുമായിരുന്നു. എല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണുണ്ടാവുന്നതെന്നും അതെല്ലാം അല്ലാഹുവിന്റെ മുന്നില്‍ നിസ്സാരമാണെന്നുമുള്ള ബോധം നിസ്‌കാരം നല്‍കുന്നു. മാനസിക പ്രയാസമനുഭവിക്കുന്ന ഒരാള്‍ തന്റെ പ്രയാസം നല്ല സുഹൃത്തിനോട് പങ്ക് വെച്ചാല്‍ ആ പ്രയാസം പകുതിയാകും. എന്നാല്‍ എല്ലാത്തിന്റെയും സൃഷ്ടി പരിപാലകനായ അല്ലാഹുവിന്റെ മുന്നിലുള്ള സമര്‍പ്പണം എത്രമാത്രം സമാധാനം നല്‍കുന്നതായിരിക്കും. നിസ്‌കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടവര്‍ക്ക് കണ്‍കുളിര്‍മയും ആനന്ദകരമായ അനുഭൂതിയും ഉണ്ടാകുന്നു. നബി(സ) പറഞ്ഞു.
ഞാന്‍ നിസ്‌കാരത്തില്‍ കണ്‍കുളിര്‍മയാക്കപ്പെടുന്നു. അനുഗ്രഹം ചെയ്തവനോട് നന്ദി ചെയ്യുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായ നിലയിലുള്ള അനുഗ്രഹാനുഭൂതിയും സന്തോഷവും ലഭ്യമാവൂ.
മുസ്ലിമിന്റെ ജീവവായുവാണ് നിസ്‌കാരം. പ്രഭാതത്തില്‍ അവന്‍ എഴുന്നെല്‍ക്കുന്നു. ഉടന്‍ എല്ലാം അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട് നമസ്‌കരിക്കുന്നു. സൂര്യന്‍ ഉദിച്ച് അല്‍പം കഴിഞ്ഞ് ളുഹാ നിസ്‌കരിക്കുന്നു. അവന്‍ ജോലിയിലേര്‍പ്പെട്ട് കൊണ്ടിരിക്കേ മധ്യാഹ്നമായാല്‍ (ളുഹ്ര്‍) വീണ്ടും അല്ലാഹുവിന്റെ മുന്നില്‍ സാഷ്ടാം ഗം നമിക്കുന്നു. സായാഹ്നമായാല്‍(അസ്ര്‍) വീണ്ടും അനുഗ്രഹദാതാവിന്റെ മുന്നില്‍ തല കുനിക്കുന്നു. സന്ധ്യ ആയാല്‍ (മഗ്‌രിബ്) വീണ്ടും പടച്ചതമ്പുരാന്റെ മുന്നിലെക്ക്. അല്‍പം കഴിഞ്ഞ്        (ഇശാഅ്) വീണ്ടും നിര്‍ബന്ധ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാന്‍ ബെഡിലേക്ക് നീങ്ങുന്നതിന് മുമ്പ് വീണ്ടും ഒരു വിത്ര്‍ നമസ്‌കാരം. ഉറങ്ങി രാത്രി പകുതിക്ക് ശേഷം വളരെ രഹസ്യമായി നിശയുടെ നിശബ്ദതയില്‍ (തഹജ്ജുദ) അല്ലാഹുവിന്റെ മുന്നില്‍ വണങ്ങുന്നു. ഇത് ദിനം പ്രതിയുള്ള സമയാധിഷ്ട നിസ്‌കാരങ്ങളാണ്. ഇനി പള്ളിയിലേക്ക് പോയാല്‍ അല്ലാഹുവിന്റെ മുന്നില്‍ കാണിക്കയായി 2 റക്അത്ത് തഹിയ്യത് നമസ്‌കരിക്കുന്നു. ഏതെങ്കിലും കാര്യത്തില്‍ ഗുണവും ദോഷവും തിരിയാതെ അസ്വസ്ഥമാവുമ്പോള്‍ ഖൈറിനെ തേടിയുള്ള ഇസ്തിഖാറതിന്റെ നിസ്‌കാരം നിര്‍വ്വഹിക്കുന്നു. യാത്രക്ക് പുറപ്പെടുമ്പോള്‍ നിസ്‌കാരം യാത്ര കഴിഞ്ഞ് വന്നാല്‍ നിസ്‌കാരം, രണ്ട് സന്തോഷവേളകളായ 2 പെരുന്നാള്‍ ദിനങ്ങളിലെ സന്തോഷ പ്രകടന നിസ്‌കാരം, ആരെങ്കിലും നമ്മെ വിട്ട് പിരിഞ്ഞാല്‍ ആ ദു:ഖവേളയിലും നിസ്‌കാരം, ആവശ്യങ്ങള്‍  വീടാനുണ്ടെങ്കില്‍ ഖളാതുല്‍ ഹാജതിന്റെ നിസ്‌കാരം, മഴയില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ സ്വലാത്തുല്‍ ഇസ്തിഖാത്ത്, ആരാധനകള്‍ അധികരിക്കപ്പെടേണ്ട റമളാനില്‍ സ്‌പെഷ്യലായി 2 റക്ണത്ത് തറാവീഹ് നമസ്‌കാരം. സൂര്യനോ, ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ ഗ്രഹണ നിസ്‌കാരം. ഇങ്ങനെ മുഅ്മീനിന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും ജീവവായുവെന്നപോലെ നിസ്‌കാരം ശറആക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള നിരന്തര പ്രയത്‌നത്തിലൂടെയും പരിശീലനത്തിലൂടെയും നിസ്‌കാരം അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്തുകയും ജീവിതത്തിന്റെ ഏത് തുറകളിലായാലും ഏത് കൂരിരുട്ടിലും വനമധ്യത്തിലായാലും ഒരു കാര്യവും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിന്ന് മറച്ച് വെക്കാന്‍ സാധ്യമല്ലെന്നുമുള്ള ദൃഢവിശ്വാസം കൈവരുത്തുകയും തന്മൂലം തെറ്റ്കുറ്റങ്ങളില്‍ നിന്നകന്ന് വിശുദ്ധജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയും ചെയ്യുന്നു.

നിസ്‌കാര സംബന്ധിയായ ചില മസ്അലകള്‍
പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിംകള്‍ക്കും നിസ്‌കാരം നര്‍ബന്ധമാണ്. അതിക്രമമായി വല്ലതും കഴിച്ചോ, മറ്റോ ബുദ്ധി നീങ്ങിയാല്‍ അതായത് ഭ്രാന്തോ, ബോധക്ഷയമോ മസ്‌തോ ഉണ്ടായാല്‍ ആ സമയത്തുള്ള നിസ്‌കാരം ഖളാഅ് വീട്ടണം. ഹൈളോ നിഫാസോ കാരണം അശുദ്ധി ഉണ്ടായാല്‍ നിസ്‌കാരം നിര്‍ബന്ധമില്ല. ആ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതില്ല. മേല്‍ പറയപ്പെട്ട കാരണങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് നിസ്‌കാരസമയം ആവുകയും ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ ആ നിസ്‌കാരം നിര്‍വ്വഹിക്കാനുള്ള സമയം ലഭിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആ കാരണങ്ങള്‍ നീങ്ങിയതിന് ശേഷം ആ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതാണ്. 5 വഖ്ത് നമസ്‌കാര സമയങ്ങളില്‍ ഏതെങ്കിലും നിസ്‌കാര സമയത്ത് മേല്‍ പറയപ്പെട്ട കാരണങ്ങള്‍ ഇല്ലാതെ ആയാല്‍ (ഒരു തക്ബീറിന്റ് സമയം മാത്രമേ ബാക്കിയുള്ളൂ എങ്കിലും) ആ നിസ്‌കാരം നിര്‍വ്വഹിക്കേണ്ടതാണ്. അസ്‌റിന്റെയോ, ഈശാഇന്റെയോ സമയത്താണ് മേല്‍ പറഞ്ഞ കാരണങ്ങള്‍ ഇല്ലാതെ ആയെങ്കില്‍ അസ്‌റിനും ഇശാഇനും പുറമേ അവയുടെ കൂടെ ജംആക്കപ്പെടുന്ന ളുഹ്‌റും മഗ്‌രിബും കൂടി ഖളാഅ് വീട്ടേണ്ടതാണ്.
യാത്രക്കാരന്റെ നിസ്‌കാരം
യാത്രക്കാരനുവദിക്കപ്പെട്ട രണ്ട് ഇളവുകളാണ് ജംഉം ഖസ്‌റും 132 കി.മീ. ദൈര്‍ഘ്യം വരുന്ന ഹലാലായ യാത്രയില്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ ഉള്ളൂ. ജംഅ് രണ്ട് വിധമാണ്. രണ്ട് നിസ്‌കാരങ്ങളും കൂടി ഒന്നാമത്തെ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കപ്പെടുന്നതിന് ജംഉത്തഖ്ദീം എന്നും രണ്ടാമത്തെ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കപ്പെടുന്നതിന് ജംഉത്തഅ്ഖീര്‍ എന്നും പറയുന്നു. ജംഉത്തഖ്ദീമിന് 4 കാര്യങ്ങള്‍ നിര്‍ബന്ധമാണ്. 
1. ഒന്നാമത്തെ നിസ്‌കാരം ആദ്യം നിര്‍വ്വഹിക്കുക. (2). ഒന്നാമത്തെ നിസ്‌കാരത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി ജംഅ് ആക്കി നിസ്‌കരിക്കുന്നു എന്ന് കരുതുക. (3). രണ്ട് റക്അത്ത് നമസ്‌കാരസമയത്തേക്കാള്‍ വിട്ട് പിരിയാതിരിക്കുക. (4). രണ്ടാമത്തെ നിസ്‌കാരത്തിന്റെ സമയം തുടങ്ങുന്നതു വരെയെങ്കിലും യാത്രക്കാരന്‍ ആയിരിക്കുക. ജംഉംത്തഅ്ഖീറിന് നിര്‍ബന്ധമായും രണ്ട് കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. 1. ഒന്നാമത്തം നിസ്‌കാരത്തിന്റെ സമയത്തില്‍ നിന്ന് ആ നിസ്‌കാരം നിര്‍വ്വഹിക്കാനുള്ള സമയം ഉള്ളപ്പോഴോ അതിനു മുമ്പോ ചിന്തിച്ച് ജംആക്കി നിസ്‌കരിക്കുന്ന എന്ന് കരുതുക. ഒരു റക്അത്ത് നിസ്‌കരിക്കാനുള്ള സമയം ബാക്കി ഉള്ളപ്പോള്‍ ജംഇനെ കരുതിയാല്‍ ജംഅ് ശരിയാവുമെങ്കിലും അത്രയും ചിന്തിച്ചാല്‍ ഒറ്റക്കാരനാകും. 2. രണ്ട് നിസ്‌കാരവും തീരുന്നത് വരെ യാത്രക്കാരനായിരിക്കുക.
132 കി.മീ. ദൈര്‍ഘ്യമുള്ള യാത്രയില്‍ ഖസ്‌റ് അനുവദനീയമെങ്കിലും 198 കി.മീ. ദൈര്‍ഘ്യമുള്ള യാത്രയിലേ ഖസ്‌റ് അഫ്‌ളലാകുന്നുള്ളൂ. 4 റക്അത്തുള്ള നിസ്‌കാരം 2 റക്അത്തായി ചുരുക്കി നിസ്‌കരിക്കുന്നതിനാണ് ഖസ്‌റ് എന്ന് പറയുന്നത്. അതിനു ചില  നിബന്ധനകളുണ്ട്. മേല്‍ പറയപ്പെട്ട വഴി ദൂരമുള്ള ലക്ഷ്യസ്ഥാനമുണ്ടാവണം. എവിടേക്കാണ് പോകുന്നതെന്നറിയാതെ മറ്റൊരാളെ അനുഗമിക്കുന്ന ആള്‍ ഇത്രയും വഴി ദൂരം വിട്ട് കടന്നാല്‍ മാത്രമേ ഖസ്‌റാക്കാന്‍ പാടുള്ളൂ. പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നവനോട് തുടര്‍ന്ന് നിസ്‌കരിക്കാന്‍ പാടില്ല. തുടര്‍ന്നാല്‍ പൂര്‍ത്തിയാക്കി നിസ്‌കരിക്കേണ്ടി വരും. സാധാരണ നിലയില്‍ നിസ്‌കാരത്തിന്റെ നിയ്യത്ത് ചെയ്യുന്ന സമയത്ത് ഖസ്‌റീനെയും കരുതുക. ഖസ്‌റാക്കി നിസ്‌കരിക്കുന്നവന്‍ മനപൂര്‍വ്വം 3-ാം റക്അത്തിലേക്ക് നിന്നാല്‍ നിസ്‌കാരം ബാത്വിലാകും. മറന്നിട്ടാണെങ്കില്‍ ഉടന്‍ തന്നെ മടങ്ങുകയും സഹ്‌വിന്റെ സുജൂദ് ചെയ്യുകയും വേണം. ഖസ്‌റിനെ കരുതിയോ എന്ന് സംശയിച്ചാലും പൂര്‍ത്തിയാക്കി നിസ്‌കരിക്കണം. നിസ്‌കാരത്തിന്റെ മുഴുവന്‍ മയത്തിലും യാത്രക്കാരനായിരിക്കണം. യാത്രയിലെ അദാആയ നിസ്‌കാരവും യാത്രയില്‍ ഖളാആയ നിസ്‌കാരവും ഖസ്‌റാക്കാം. ഒരു സ്ഥലത്ത് എത്രദിവസം എന്ന് പരിധിയില്ലാതെ താമസിക്കാന്‍ കരുതുകയോ പൂര്‍ണ്ണമായ 4 ദിവസം താമസിക്കാന്‍ കരുതുകയോ ചെയ്താല്‍ പറയപ്പെട്ട ആനുകൂല്യം ആ സ്ഥലത്ത് എത്തുന്നതോടെ അവസാനിക്കും. നാല് ദിവസത്തേക്കാള്‍ കുറഞ്ഞ ദിവസം താമസിക്കാന്‍ കരുതിയാല്‍ ഈ ദിവസങ്ങളിലെല്ലാം ജംഉം ഖസ്‌റും ജംഇസാണ്. എന്റെ ആവശ്യം ഏതു സമയത്തും നിറവേറ്റപ്പെടാം എന്ന് പ്രതീക്ഷയുണ്ടാവുകയും നിറവേറ്റപ്പെട്ടാല്‍ തിരിച്ച് പോകാന്‍ കരുതുകയും ചെയ്തവന് ആവശ്യം നിറവേറ്റപ്പെടാതെ നീണ്ട് പോയാല്‍ 18 ദിവസം വരെ ഖസ്‌റാക്കാം.

അശക് തന്റെ നിസ്‌കാരം
നിന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ ഇരുന്ന് നിസ്‌കരിക്കണം. നെറ്റി മുട്ടിന്റെ മുന്‍ഭാഗത്തോട് നേരിടുന്നരീതിയില്‍ കുനിയലാണ് കുറഞ്ഞ രൂപത്തിലുള്ള അവന്റെ റുകുഅ്. സുജൂദ് സാധാരണപോലെ സാധിക്കുമെങ്കില്‍ അങ്ങിനെ ചെയ്യണം. നെറ്റി നിലത്ത് വെക്കുന്നതിനെതൊട്ട് അശക്തനായാല്‍ കഴിയുന്നില്ലെങ്കില്‍ നെറ്റിയെ പരമാവധി നിലത്തോട് അടുപ്പിക്കുക. റുളഇന്റെ പരിധിക്കപ്പുറം കുനിയാന്‍ കഴിയുന്നില്ലെങ്കില്‍ സുജൂദിനെ തൊട്ടും അത്ര കുനിഞ്ഞാല്‍ മതി. ഇതുകഴിയുന്നില്ലെങ്കില്‍ ആവുന്നത്ര കുനിഞ്ഞാല്‍ മതി. ഇരുന്ന് നിസ്‌കരിക്കുന്നവന്‍ സാധാരണ നിലയില്‍ സുജൂദ് ചെയ്യാന്‍ കഴിയുകയില്ലെങ്കില്‍ അവന്റെ മുന്നില്‍ സ്റ്റൂളോ ടേബിളോ മറ്റോ വെച്ച് സുജൂദ് ചെയ്യേണ്ടതില്ല. കുനിഞ്ഞാല്‍ മതി.
നിന്ന് നിസ്‌കരിക്കാന്‍ കഴിയുമെങ്കിലും ഇരിക്കാന്‍ കഴിയുകയില്ല. അങ്ങിനെയുള്ളവര്‍ നിന്ന് കൊണ്ട് തന്നെയാണ് അത്തഹിയ്യാത്ത് ഓതേണ്ടത്. അവന് സാധാരണ നിലയില്‍ റുകുഉം സുജൂദും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നിന്ന് കൊണ്ട് ആവുന്നത്ര മുതുക് കുനിക്കണം. അതിനും കഴിയുന്നില്ലെങ്കില്‍ പിരടിയും പിന്നെ തലയും പിന്നെ കണ്‍പോളയും. റുകുഅ് മാത്രം ചെയ്യാന്‍ കഴിഞ്ഞാല്‍ സുജൂദിനെതൊട്ടും അത് തന്നെ ചെയ്യണം. ജമാഅത്തിന്റെ കാരണത്തിന് വേണ്ടിയോ സൂറത്തോ താന്‍ വേണ്ടിയോ ഇരിക്കേണ്ടി വന്നാല്‍ ആ സമയത്ത് ഇരിക്കാം. പിന്നെ റുകുഇന് വേണ്ടി എഴുന്നേല്‍ക്കണം. നേരെ നില്‍ക്കാന്‍ കഴിയുകയില്ല. റുകുഅ് ചെയ്തവനെപ്പോലെയാണുള്ളത്. അങ്ങിനെയുള്ളവന്‍ അങ്ങിനെ നില്‍ക്കണം. റുകുഇന് വേണ്ടി കഴിയുമെങ്കില്‍ അല്‍പം കൂടി കുനിയണം. സുജൂദിലേക്ക് പോയവന്‍ ഒരു സഹായിയെ കൊണ്ട് മാത്രമേ എഴുന്നേല്‍ക്കാന്‍ കഴിയുന്നുള്ളൂവെങ്കില്‍ സഹായിയെ നിര്‍ത്തല്‍ നിര്‍ബന്ധമാണ്. മുട്ടിന്റെ മേല്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ അങ്ങനെ നില്‍ക്കണം. ഇരുന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ വലംഭാഗത്ത് കിടന്ന് നിസ്‌കരിക്കണം. കാരണം കൂടാതെ ഇടഭാഗത്ത് ചെരിഞ്ഞ് കിടക്കല്‍ കറാഹത്താണ്. അതിനും കഴിയുന്നില്ലെങ്കില്‍ മലര്‍ന്ന് കിടന്ന് നിസ്‌കരിക്കണം. അവന്റെ മുഖവും കാലടിയും ഖിബ്ലയിലേക്കാവണം. മുഖം ഖിബ്ലയിലേക്കാവാന്‍ വേണ്ടി തലയണ വെച്ച് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഈ സന്ദര്‍ഭങ്ങളില്‍ റുകുംഉം സുജൂദും ചെയ്യാന്‍ കഴിഞ്ഞാല്‍ ചെയ്യണം. കഴിഞ്ഞില്ലെങ്കില്‍ രണ്ട് കൈ കൊണ്ടും തല കൊണ്ട് ആംഗ്യം കാണിക്കണം. അതിനും കഴിയുന്നില്ലെങ്കില്‍ നിസ്‌കാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍  അവന്റെ മനസ്സിലൂടെ നടത്തണം. എത്ര അശക്തനായാലും ബുദ്ധിസ്ഥിരതയുള്ള കാലത്തോളം ഒരാളെ തൊട്ടും നിസ്‌കാരം ഒഴിവല്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. 
ഓരോ ഫര്‍ള് നിസ്‌കാരവും അതിന്റെ സമയത്ത് നിസ്‌കരിക്കാന്‍ പ്രയാസപ്പെടുന്ന രോഗിക്ക് മേല്‍ പറഞ്ഞ ജംഅ് അവകളുടെ ശര്‍തുക്കളോടെ ജംഇസാകും. നിന്ന് നിസ്‌കരിക്കുമ്പോള്‍ മൂത്രം പോവുന്നവന്‍ ഇരുന്നാല്‍ മൂത്രം പിടിച്ചനില്‍ക്കാന്‍ കഴിയുമെങ്കില്‍ ഇരുന്ന് നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. മൂത്രം പോവാന്‍ പൈപ്പിടപ്പെട്ടവന്‍ നിസ്#ാര സമയമായാല്‍ അത് കഴിയും പോലെ ശുദ്ധിയാക്കി പഞ്ഞിയോ മറ്റോ മൂത്രദ്വാരത്#ിന് വെച്ച് ഉടന്‍ നിസ്‌കരിക്കേണ്ടതാണ്. ചുരുക്കത്തില്‍ നിസ്‌കാരമെന്നത് ജീവനുള്ള കാലത്തോളം ഒഴിവാക്കാനാവാത്തതാണ്.

സാമ്പാ: ജുനൈദ് അസ്അദി 
As'adiyya College Pappinshery :+91 9747356552 junduvayad@gmail.com

ശഹാദത്ത് : വിശ്വാസത്തിന്റെ അടിത്തറ


മലയമ്മ അബൂബക്കര്‍ ബാഖവി 

മനുഷ്യ സമൂഹത്തിന് സന്മാര്‍ഗ്ഗം കാണിക്കാന്‍ അനേകം പ്രവാചകര്‍ ഈ ലോകത്ത് ആഗതരായിട്ടുണ്ട്. വിവിധ ഭാഷക്കാരായ അവരുടെ പ്രവര്‍ത്തന മേഖലകള്‍ വിഭിന്ന പ്രദേശങ്ങളായിരുന്നു വ്യത്യസ്ത കാലഘട്ടങ്ങളില്‍ പ്രബോധനം നടത്തിയ അവര്‍ അതാത് കാലത്തെ സമൂഹത്തില്‍ തിന്മകള്‍ക്കെതിരെ രംഗത്ത് വന്ന് കൊണ്ട് അല്ലാഹുവിന്റെ നിയമവിധികളാണ് പ്രചരിപ്പിച്ചിരുന്നത്. ജനപദങ്ങള്‍ മാറിക്കൊണ്ടിരുന്നപ്പോള്‍ മനുഷ്യസമൂഹം മാനസികവും ധീഷണപരവുമായി ക്രമേണ പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. ഇതിനനുസരിച്ച് അല്ലാഹുവിന്റെ നിര്‍ദേശാനുസരണം അവന്റെ നബിമാര്‍ മതത്തിന്റെ അനുഷ്ഠാന കര്‍മ്മങ്ങളില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. ആദിമപ്രവാചകനായ ആദം നബി (അ) മുതല്‍ അന്തിമ പ്രവാചകന്‍ റസൂല്‍ കരീം(സ) വരെയുള്ള പ്രവാചക ശൃഖല ഒന്നേകാല്‍ ലക്ഷത്തോളം നബിമാര്‍ ഉള്‍ക്കൊണ്ടതാണ്. അവര്‍ മുഴുവനും ഒരു മാറ്റവും വരുത്താതെ ഏറ്റവും പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പ്രബോധനം ചെയ്ത് പോന്നിരുന്ന ഒരു മൗലിക തത്വമാണ് തൗഹീദ്. ഇസ്‌ലാമിന്റെ ആധാരശിലയായഈ സിദ്ധാന്തത്തിന് നബിമാരുടെ അടിസ്ഥാന പ്രബോധനത്തിലോ വിശദാംശങ്ങളിലോ ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഒരാള്‍ മുസ്‌ലിമാകാന്‍ ഈ തത്വം അംശീകരിച്ചു വിശ്വസിച്ചു വ്യക്തമായി മൊഴിഞ്ഞ് സാക്ഷ്യം വഹിക്കണം.
ശഹാദത്ത്
ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തമായ തൗഹീദിന് രണ്ട് വശമുണ്ട്. സൃഷ്ടാവുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തേത്. അല്ലാഹുവിന്റെ ന്യായവിധികളും നിയമങ്ങളും നമുക്കെത്തിച്ച് തരുന്ന പ്രവാചകനുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. അല്ലാഹു മാത്രമാണ് ആരാധിക്കാന്‍ അര്‍ഹനെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും വിശ്വസിച്ച് നാവുകൊണ്ട് വെളിപ്പെടുത്തി മൊഴിഞ്ഞ് സാക്ഷ്യം വഹിക്കുക എന്നതാണ് ഇത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഇതിനാണ് ശഹാദത്ത് എന്നു പറയുന്നത്. പ്രവാചകരായ മുഹമ്മദ് നബിയുടെ നിയോഗത്തോട് കൂടി മുന്‍പ്രവാചകര്‍ പ്രബോധനം ചെയ്തിരുന്ന വ്യവസ്ഥിതികള്‍ ദുര്‍ബലമാവുകയും സമഗ്രമായ പുതിയ 'മുഹമ്മദീയ ശരീഅത്ത്' നിലവില്‍ വന്നുകഴിഞ്ഞുവെന്നതും സുവിദിതമാണല്ലോ? പക്ഷേ എല്ലാകാലത്തേയും വ്യവസ്ഥിതിയുടെ മൗലികതത്ത്വം ഒന്നു തന്നെയാണെന്നതില്‍ സന്ദേഹമില്ല. ശഹാദത്തിന്റെ ഈ വാചകത്തിനാണ് തൗഹീദിന്റെ വാചകമെന്നും പറയുന്നത്.
തൗഹീദ് 
ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും നിരവധി സംവാദങ്ങള്‍ക്ക് വഴി തെളിയച്ചതുമായ പദമാണ് തൗഹീദ്. ഇസ്‌ലാമിക സമൂഹം ഭിന്നിക്കാന്‍ പ്രധാന കാരണം തൗഹീദിന്റെ ആശയത്തിലുള്ള അഭിപ്രായ വ്യത്യാസമാണ്. എന്താണ് തൗഹീദ്?
അല്ലാഹു ഉണ്ടെന്ന് അംഗീകരിക്കലാണോ തൗഹീദ്? വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് അറേബ്യയിലെ അവിശ്വാസികള്‍ പൊതുവേ അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിച്ചിരുന്നു എന്നാണ്. സമുദ്രത്തില്‍ വെച്ച് വല്ല ആപത്തുകളിലും അകപ്പെട്ടാല്‍ അല്ലാഹുവോട് മാത്രമായിരുന്നു അവിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്നത്. ഇക്കാര്യം വിശുദ്ധ ഖുര്‍ആനില്‍ എടുത്തു പറയുന്നുണ്ട്. അല്ലാഹു ഉണ്ടെന്ന് അവര്‍ അംഗീകരിച്ചു എന്നതിനും അവര്‍ നാസ്തികള്‍ അല്ലായിരുന്നുവെന്നതിനും ഖുര്‍ആനില്‍ നിരവധി സൂചനകള്‍ കാണാം. പ്രവാചക കാലത്തെ അവിശ്വാസികള്‍ മാത്രമല്ല പൂര്‍വ്വ നബിമാരുടെ കാലത്തെ അവിശ്വാസികളും അല്ലാഹു ഉണ്ടെന്ന് വിശ്വസിക്കുന്നവരായിരുന്നു. ''ഞങ്ങള്‍ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുവാനും പൂര്‍വ്വ പിതാക്കള്‍ ഇബാദത്ത് ചെയ്തിരുന്ന വസ്തുക്കളെ വിട്ട് കളയാനുമാണ് നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത് എന്ന് ആദ് സമൂഹം പ്രവാചകനായ ഹൂദ് നബ(അ) യോട് ചോദിച്ചത് വിശുദ്ധ ഖുര്‍ആന്‍ (സൂറ:അ അ്‌റാഫ്) സൂചിപ്പിക്കുന്നുണ്ട്. നൂഹ് നബിയുടെ(അ)യുടെ ജനത നശിപ്പിക്കപ്പെട്ട ശേഷം ഒരു സമുദായമെന്ന നിലയില്‍ ലോകത്ത് ഒന്നാമതായി രൂപം കൊണ്ട ജനതയായ ആദ് സമൂഹം അല്ലാഹു ഉണ്ടെന്ന് വിശ്വസിച്ചിരുന്നതായി മേല്‍വാക്യം വ്യക്തമാക്കുന്നു. ആകാശ ഭൂമികളെ സൃഷ്ടിച്ചതും മഴ വര്‍ഷിപ്പിക്കുന്നതും ആരാണെന്ന് ചോദിച്ചാല്‍ അല്ലാഹു ആണെന്ന് മക്കയിലെ അവിശ്വാസികള്‍ മറുപടി പറയാറുണ്ടെന്ന് ഖുര്‍ആനില്‍ പല സ്ഥലത്തും കാണാം.
അതിനാല്‍ അല്ലാഹു ഉണ്ടെന്ന് വിശ്വസിക്കലോ പ്രപഞ്ചത്തേയോ മറ്റോ സൃഷ്ടിച്ചത് അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കലോ അല്ല തൗഹീദ്. അല്ലാഹു ഉണ്ടെന്ന വിശ്വാസം മുശ്‌രിക്കുകളെ ശിര്‍ക്കിന്റെ അഗാധ ഗര്‍ത്തത്തില്‍ നിന്ന് തൗഹീദിന്റെ സോപനത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ പര്യപ്തമായിട്ടില്ല എന്നത് അനിഷേധ്യമാണ്. എല്ലാ പ്രവാചകന്മാരും അവരുടെ ജനതക്ക് വിളംബരം ചെയ്ത തൗഹീദിന്റെ സന്ദേശം ഖുര്‍ആനില്‍ ആര്‍ക്കും കാണാവുന്നതാണ്. ''ഞാനല്ലാതെ ഒരിലാഹുമില്ല. അതിനാല്‍ എനിക്കു മാത്രം നിങ്ങള്‍ ഇബാദത്ത് ചെയ്യുക. എന്ന് നാം വഹ്‌യ് നല്‍കാതെ താങ്കള്‍ക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല''. (വി:ഖുര്‍ആന്‍) അല്ലാഹു അല്ലാഹു ഒരു ഇലാഹുമില്ലെന്നും ഇബാദത്ത് അല്ലാഹുവിന് മാത്രമേ ചെയ്യാവൂ എന്നും എല്ലാ ദീതരും പ്രബോധനം ചെയ്തിട്ടുണ്ടെന്നാണല്ലോ ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. ലാഇലാഹ ഇല്ലല്ലാഹു എന്ന തത്വത്തില്‍ സുദൃഢമായി വിശ്വസിച്ചു ഈ വചനം ഉച്ചരിച്ചവന്‍-ഈ വിശ്വാസത്തിന് ഇളക്കം തട്ടാതെ ഇഹലോക വാസം വെടിഞ്ഞാല്‍ നരകത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് നബി(സ) അരുളിയിട്ടുണ്ട് (ബുഖാരി) ഞാനും എനിക്ക് മുമ്പുള്ള പ്രവാചകരും പറഞ്ഞ വചനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ലാഇലാഹ ഇല്ലല്ലാഹു എന്ന വചനമാണ് എന്നും പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട് (മുസ്‌ലിം). അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്ന് പ്രഖ്യാപിക്കുന്നതൊടൊപ്പം തന്നെ അവന് മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത് കാണാം. ഇലാഹും ഇബാദത്തും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ഇതില്‍ നിന്നു തന്നെ ഗ്രഹിക്കാവുന്നതാണ്.
ഇലാഹ്
ആരാധന ചെയ്യപ്പെടുന്ന വസ്തു ആരാധന ചെയ്യപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ യോഗ്യതയുള്ളതാകട്ടെ ഇല്ലാത്തതാകട്ടെ എന്നാണ് ഇലാഹ് എന്ന പദത്തിന്റെ ഉദ്ദേശ്യം അപ്പോള്‍ ആരാധന എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കപ്പെടുന്നത് എന്ന് പരിശോധിക്കണം. മുശ്‌രിക്കുകള്‍ ഇബാദത്ത് ചെയ്തിരുന്ന വസ്തുക്കള്‍ക്ക് ഇലാഹുകള്‍ എന്ന് അവര്‍ പറഞ്ഞിരുന്നതായി ഖുര്‍ആനില്‍ അനവധി സൂചനകളുണ്ട്. എന്നാല്‍ അവയൊന്നും ഇബാദത്ത് ചെയ്യ്‌പ്പെടാന്‍ യോഗ്യതയുള്ളതല്ലെന്നത് വളരെ വ്യക്തമാണല്ലോ. എല്ലാ ഇബാദത്തുകളുടെയും ഉടമയായ അല്ലാഹുവിനും ഇലാഹ് എന്ന് ഖുര്‍ആന്‍ ഉപയോഗിച്ചിണ്ട്. ലാഇലാഹ ഇല്ലല്ലോഇ എന്ന തൗഹീദീ വചനത്തിന്റെ താല്പര്യം സത്യദൈവ(അല്ലാഹു)ത്തിനു മാത്രമേ ഇബാദത്ത് ചെയ്യപ്പെടാവൂ എന്നാകുന്നു. ഇതില്‍ നിന്നും ഇലാഹ് എന്ന വാക്കിന്റെ അര്‍ത്ഥം സുവ്യക്തമാവുന്നതാണ്. ഇബാദത്ത് എന്ന വാക്കിന് കല്‍പ്പിക്കാറുണ്ടെങ്കിലും ഇബാദത്തിന്റെ മുഴുവന്‍ ഉദ്ദേശ്യങ്ങള്‍ക്കും ഈ പരിഭാഷ പര്യാപ്തമല്ല. പരമമായ താഴ്മയും, എളിമത്തവും, വിനയവും എന്നാണ് ചില ഖുര്‍ആന്‍ പണ്ഡിതന്മാര്‍ ഇബാദത്തിന് അര്‍ത്ഥം വിശദീകരിച്ചത്. ഇമാം റാസി(റ)യെ പോലെയുള്ള പണ്ഡിതന്മാര്‍ പരമമായ ബഹുമാനം എന്നാണ് ഇബാദത്തിനെ വിശദീകരിച്ചത്. ഇതില്‍ നിന്ന് എല്ലാവിധ ബഹുമാനവും താഴ്മയും ഇബാദത്ത് അല്ലെന്നും അവ പാരമ്യതയിലെത്തുമ്പോള്‍ മാത്രമാണ് ഇബാദത്താകുന്നതെന്നും മനസിലാക്കാമല്ലോ.
ഇബാദത്ത്
താഴ്മകാട്ടല്‍ അല്ലെങ്കില്‍ ബഹുമാനിക്കല്‍ അങ്ങേ അറ്റമാകുന്നതെപ്പോഴാണെന്നാണ് ഇനി നമുക്ക് പരിശോധിക്കേണ്ടത്. എന്നാല്‍ ഏതെങ്കിലും ഒരു വസ്തുവെ സംബന്ധിച്ചു അതിനു സ്വന്തമായി തന്നെ മറ്റാരുടെയും ഒരു വിധ ആശ്രയവും കൂടാതെ ചില കഴിവുകളെല്ലാം ഉണ്ടെന്ന് വിശ്വസിക്കുന്ന പക്ഷം ആ വസ്തുവിന്റെ മുന്നില്‍ അവര്‍ പ്രകടിപ്പിക്കുന്ന വിനയവും ഭക്തിബഹുമാനങ്ങളും അങ്ങേ അറ്റമായതാണ്. കാരണം അവര്‍ ആവശ്യപ്പെടുന്ന കാര്യം സാധിപ്പിച്ചു കൊടുക്കാന്‍ ആ വസ്തുവിനു പരിപൂര്‍ണ്ണമായ കഴിവ് സ്വന്തമായി തന്നെ ഉണ്ടെന്നാണല്ലോ അവന്‍ വിശ്വസിക്കുന്നത്. തന്നിമിത്തം ഈ കാര്യ സാധ്യത്തിന് ഇതിനേക്കാള്‍ വിനയം മറ്റാരുടെ മുന്നിലും അവന്‍ കാണിക്കേണ്ടതില്ല. അപ്പോള്‍ അങ്ങിനെയുള്ള സ്വയം ശക്തി ഒരു വസ്തുവില്‍ സങ്കല്‍പിച്ചുകൊണ്ട് അതുബഹുമാനിക്കപ്പെടാന്‍ അര്‍ഹമാണെന്നു ഒരാള്‍ വിശ്വസിച്ചാല്‍ അതിനെ അവന്‍ ഇലാഹായി സ്വീകരിച്ചവനായി. ഇലാഹ് എന്ന പേര്‍ പറയട്ടെ. പറയാതിരിക്കട്ടെ. മേല്‍ പറഞ്ഞ വിശ്വാസത്തോടു കൂടി അതിനെ ബഹുമാനിച്ചു ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം അങ്ങേയറ്റത്തെ ബഹുമാനമായിരിക്കയാല്‍ അവ അതിനു ചെയ്യുന്ന ഇബാത്തുകളാണ് ആ വിശ്വാസത്തോടു കൂടി അതിനോടു ചെയ്യുന്ന സഹായാപേക്ഷ ഇബാദത്തിന്റെ മജ്ജമായ പ്രാര്‍ത്ഥന (ദുആ)യുമാണ്. എല്ലാ പ്രാര്‍ത്ഥനയും ഇബാദത്താവുകയില്ല. പ്രാര്‍ത്ഥന എന്ന വാക്കിന് അപേക്ഷ എന്നാണര്‍ത്ഥം(ശബ്ദതരാവലി നോക്കുക) ഇലാഹിനോട് ചെയ്യുന്ന സഹായപേക്ഷ (അത് യഥാര്‍ത്ഥ ഇലാഹാകട്ടെ കൃത്രിമ ഇലാഹാകട്ടെ) മാത്രമാണ് ഇബാദത്ത്. ദുആ ഇബാദത്താണെന്ന് നബി(സ) തങ്ങള്‍ പറഞ്ഞത് ഇലാഹിനോടുള്ള ദുആ ആകുന്നു. ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള ആധികാരിക ശക്തി ഉണ്ടെന്ന് നാം ധരിക്കുന്നവന്‍ എന്ന് വഹാബി നേതാക്കളുടെ ചില കൃതികളില്‍ ഇലാഹിന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നത് അവരുടെ സ്വന്തം വകയാണ്. ''മറഞ്ഞതായ അധികാര ശക്തി'' എന്നത് തിരുത്തി ''സ്വയം ശക്തി'' എന്നാക്കിയാല്‍ അവര്‍ക്കും നമുക്കുമിടയിലുള്ള കുറേ ഭിന്നിപ്പുകള്‍ക്ക് പരിഹാരമുണ്ടാകും. മുശ്‌രിക്കുകള്‍ അല്ലാഹുവിന് പുറമേ ഇലാഹുകളാക്കിവെച്ചവക്കൊന്നും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലെന്ന് ഖുര്‍ആനില്‍ പലസ്ഥലത്തു നിന്നും ഗ്രഹിക്കാം. അവിടെ ഒന്നും തന്നെ ''മാഞ്ഞതായ അധികാര ശക്തി'' എന്ന് പറഞ്ഞിട്ടില്ല. ഇലാഹാക്കപ്പെടുന്ന വസ്തുക്കള്‍ സ്വയം കഴിവുണ്ടാകണം സ്വയം കഴിവില്ലാത്ത വസ്തുക്കള്‍ക്ക് ഇലാഹാകാന്‍ അര്‍ഹതയില്ല. മുശ്‌രിക്കുകള്‍ അവരുടെ ഇലാഹുകള്‍ക്ക് സ്വന്തമായി കഴിവുകളുണ്ടെന്ന് വിശ്വസിച്ചിരുന്നു. തന്നിമിത്തം അവരുടെ വിശ്വാസം പരമാബദ്ധമാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അല്ലാഹു പറയുന്നു. ''ആകാശ ഭൂമികളില്‍ അല്ലാഹു അല്ലാത്ത വല്ല ഇലാഹുകളും ഉണ്ടായിരുന്നെങ്കില്‍ അവ രണ്ടും നശിച്ചു പോകുമായിരുന്നു''. (വി:ഖുര്‍ആന്‍)
വളരെ ശ്രദ്ധെയമായ ഒരു വാക്യമാണിത്. ആകാശഭൂമികളില്‍ അല്ലാഹു അല്ലാത്ത വല്ല ഇലാഹുമുണ്ടാകുന്ന പക്ഷം അവ രണ്ടും നാശമടയുമെന്നാണല്ലോ അല്ലാഹു പറയുന്നത്. ഈ തത്വത്തെ നിഷേധിക്കാന്‍ ഏത് ന്യായശാസ്ത്രത്തിനും സാദ്ധ്യമല്ല തന്നെ. കാരണം ഒന്നില്‍ അധികം ഇലാഹുകളുണ്ടെന്ന് നാം സങ്കല്‍പിക്കുക. എന്നാല്‍ അവ തമ്മില്‍ ഒന്നുകില്‍ യോജിക്കും. അല്ലെങ്കില്‍ ഭിന്നിക്കും. ഈ രണ്ടില്‍ നിന്ന് ഒന്ന് അനിവാര്യമാണല്ലോ. തമ്മില്‍ ഭിന്നിപ്പാണെങ്കില്‍ ഒരു കാര്യം ഒരു സമയത്ത് ഉണ്ടാകണമെന്ന് ഒരു ഇലാഹും ഉണ്ടാവരുതെന്ന് മറ്റൊരു ഇലാഹും ഉദ്ധേഷിക്കുന്നു. അപ്പോള്‍ ആ കാര്യം ഒരേ സമയത്ത് ഉണ്ടാവുകയും ഉണ്ടാവാതിരിക്കുകയും ചെയ്യണം. ഇത് സംഭവ്യമല്ലല്ലോ? ഒരു കാര്യം ഇന്നവിധമാകണമെന്ന് ഒരുത്തനും മറ്റൊരു വിധമാകണമെന്ന് മറ്റൊരുത്തനും ഉദ്ദേശിച്ചാലുണ്ടാവുന്ന ഫലവും തഥൈവ. ഇനി രണ്ടുപേരുടെയും ഉദ്ദേശ്യങ്ങള്‍ രണ്ടു സമയത്താണുണ്ടായതെന്നു വെക്കുക. അപ്പോള്‍ ഓരോ ഇലാഹിനും മറ്റവന്‍ ഉദ്ദേശിക്കാത്ത സമയത്ത് മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് വരുന്നു. അഥവാ രണ്ടു ഇലാഹുകളും പൂര്‍ണ്ണമായി കഴിവില്ലാത്തവരാണെന്നു വരുന്നു. ഇനി രണ്ട് ഇലാഹുകളും യോജിപ്പിലാണെന്നു വെക്കുക. എന്നാല്‍ ഒരു വസ്തു ഉണ്ടാകണമെന്ന് രണ്ടുപേരും ഉദ്ദേശിക്കുന്ന പക്ഷം അവ രണ്ടും ഒന്നിലധികം ഉണ്ടാകേണ്ടതായി വരും. കാരണം ഉദ്ദേശിച്ച കാര്യത്തിന് പൂര്‍ണ്ണമായ കഴിവുള്ളവരാണല്ലോ രണ്ടുപേരും. അപ്പോള്‍ ഒരു സാധനം ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ അതുണ്ടാകാതെ ഒ#്‌നനിലധികം ഉണ്ടാകുന്നത് തന്നെ ഒന്നു മാത്രം ഉണ്ടാക്കുവാന്‍ അവള്‍ക്ക് കഴിവില്ല എന്നതിന്റെ തെളിവാണ് ഇനി ഒരു വസ്തുവിന്റെ ഒരു ഭാഗം ഒരാളും മറ്റൊരു ഭാഗം മറ്റൊരാളുമാണ്ഉണ്ടാക്കുന്നതെന്ന് വെക്കുക. അല്ലെങ്കില്‍ ചില വസ്തുക്കള്‍ ഒരു ഇലാഹും ഉണ്ടാക്കുന്നു എന്ന വെക്കുക. എന്നാലും ഓരോരുത്തരും സ്വന്തം നിലക്ക് പൂര്‍ണ്ണ ശക്തിയില്ലാത്തവരാണെന്നും ഭാഗികമായ ശക്തിമാത്രമേ ഉള്ളൂവെന്നും വരുന്നു. ഇങ്ങിനെ ഏത് നിലക്ക് ചിന്തിച്ചാലും അല്ലാഹുവിന് പുറമെ മറ്റൊരു ഇലാഹ് ഉണ്ടാവുക എന്നത് അസംഭവ്യമാണെന്ന് വിശേഷ ബുദ്ധിയുള്ളവര്‍ക്ക് സമ്മതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഇപ്പോള്‍ ഇവിടെ നിന്ന് നമുക്ക് ഒരു കാര്യം വ്യക്തമായി ഗ്രഹിക്കാം. ഇലാഹിന് സ്വന്തവും പൂര്‍ണ്ണവുമായ കഴിവുണ്ടായിരിക്കണം മുശ്‌രിക്കുകള്‍ ഇലാഹുകളാക്കി വെച്ചിരുന്ന വസ്തുക്കള്‍ക്ക് ചില കാര്യങ്ങളിലെങ്കിലും അത്തരം കഴിവുകളുണ്ടെന്ന് അവര്‍ വിശ്വസിച്ചു എന്നതാണ്. അങ്ങിനെ അവര്‍ വിശ്വസിച്ചിരുന്നില്ലെങ്കില്‍ മേല്‍ പറഞ്ഞ വാക്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ പറയുമായിരുന്നു. ''ഞങ്ങളുടെ ഇലാഹുകള്‍ക്ക് യാതൊരു ശക്തിയുമുണ്ടെന്ന് ഞങ്ങള്‍ക്ക് വാദമില്ല. അതിനാല്‍ അല്ലാഹുവിന് പുറമേ കുറേ ഇലാഹുകളെ ഞങ്ങള്‍ സ്ഥാപിച്ചത് കൊണ്ട് ആകാശ ഭൂമികളിലെ വ്യവസ്ഥാപിതമായ നടത്തിപ്പിന് യാതൊരു കോട്ടവും തട്ടുകയില്ല'' എന്ന് മറ്റൊരു ആയത്തില്‍ അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു. നബിയെ പറയുക അവര്‍ പറയുമ്പോലെ അല്ലാഹുവിനോട് കൂടെ വേറെ ഇലാഹുകളുണ്ടായിരുന്നുവെങ്കില്‍ അപ്പോള്‍ അവര്‍ അര്‍ശിന്റെ നാഥന്റെ (അല്ലാഹുവിന്റെ) അടുക്കലേക്ക് മാര്‍ഗ്ഗം അന്വേഷിക്കുമായിരുന്നു. (വിശുദ്ധഖുര്‍ആന്‍) ഇലാഹിന് സ്വന്തം കഴിവുണ്ടാവണമെന്നും മുശ്‌രിക്കുകള്‍ ഇലാഹുകളാക്കിവെച്ചിരുന്ന വസ്തുക്കള്‍ക്ക് സ്വന്തം കഴിവുണ്ട് എന്ന് അവര്‍ വിശ്വസിച്ചിരുന്നുവെന്നും ഈ വാക്യം തെളിയിക്കുന്നു. ഞങ്ങളുടെ ഇലാഹുകളില്‍ നിന്ന് ഒന്ന് തനിക്ക് എന്തോ വിപത്ത് ഏല്‍പിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങള്‍ പറയുന്നത്. (വി:ഖുര്‍ആന്‍) എന്ന് ഹൂദ് നബി(അ)യോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞതും അവരുടെ ഇലാഹുകള്‍ക്ക് സ്വന്തമായ കഴിവുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്ന് തെളിയിക്കുന്നു. ഇബ്രാഹിം നബിയോട് അദ്ദേഹത്തിന്റെ ജനത ''ഞങ്ങള്‍ ബിംബങ്ങള്‍ക്ക് ഇബാദത്ത് ചെയ്യുന്നു'' എന്ന് പറഞ്ഞതായി ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അവരുടെ അത്യധികമായ എളിമത്വം പ്രകടിപ്പിക്കാന്‍ അവ അര്‍ഹരാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നുവെന്നാണല്ലോ അതില്‍ നിന്നും തെളിയുന്നത്. അവര്‍ക്ക് സ്വന്തമായി ചില കഴിവുകളുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു എന്നതാണ് ഇബ്രാഹിം(അ) അദ്ദേഹത്തിന്റെ പിതാവിനോട് ''താങ്കള്‍ ബിംബങ്ങളെ ഇലാഹുകളാക്കി വെച്ചരിക്കുന്നതാണോ'' എന്ന് ചോദിച്ചതായി ഖുര്‍ആനില്‍ പറയുന്നു. ബിംബങ്ങള്‍ക്ക് സ്വയം കഴിവുകളുണ്ട് എന്ന് അവള്‍ വിശ്വസിച്ചിരുന്നുവെന്ന് ഈ വാക്യവും തെളിയിക്കുന്നു. ബിംബങ്ങളെ വിമര്‍ശിച്ചാല്‍ അവയില്‍ നിന്ന് ഉപദ്രവം നേരിടുമെന്ന് ഇബ്രാഹിം നബിയുടെ ജനത അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായി ഖുര്‍ആനില്‍ നിന്ന് തെളിയുന്നു. 
ഉഹദ് യുദ്ധാവസാനം അന്ന് മുശ്‌രിക്കുകളുടെ പക്ഷത്തെ നേതാവായിരുന്ന അബൂസുഫയാന്‍ (ഇദ്ദേഹം പിന്നീട് മുസ്‌ലിമായിട്ടുണ്ട്) ഇങ്ങനെ വിളിച്ചു പറഞ്ഞു ''ഉഅ്‌ലുഹുബല്‍'' (ഹുബലേ നീ ഉന്നതനാവട്ടെ) ''ലനല്‍ ഉസ്സാവാലാ ഉസ്സലക്കും'' (ഞങ്ങള്‍ക്ക് ഉസ്സാ ഉണ്ട് നിങ്ങള്‍ക്ക് ഉസ്സാ ഇല്ലല്ലോ) ഇത് ഇമാം ബുഖാരി ഉദ്ധരിച്ചതാണ്. ഹുബാ എന്നതും ഉസ്സാ എന്നതും ഓരോ ബിംബങ്ങളാണ് ഉഹദ് യുദ്ധത്തില്‍ തങ്ങളെ വിജയിപ്പിച്ചത് ഈ ബിംബങ്ങളായിരുന്നു എന്ന വിശ്വാസത്തില്‍ നിന്നുടലെടുത്ത ആഹ്‌ളാദപ്രകടനമായിരുന്നു ആ സൈനാധിപന്റെ പ്രസ്തുത വാക്യം. ഇത്രയും പ്രസ്താവിച്ചതില്‍ നിന്ന് അല്ലാഹു അല്ലാത്ത ചില വസ്തുക്കള്‍ക്ക് സ്വന്തമായി ചില കഴിവുകളുണ്ടെന്ന് മുശ്‌രിക്കുകള്‍ അടിയുറച്ചു വിശ്വസിച്ചിരുന്നുവെന്നും തദടിസ്ഥാനത്തിലാണ് അവര്‍ ആ വസ്തുക്കളെ ഞങ്ങളുടെ ഇലാഹുകളായി ഇബാദത്തിന് അര്‍ഹന്മാരായ വിശ്വസിച്ചിരുന്നതെന്നും വ്യക്തമായല്ലോ? ആ വിശ്വാസം അവരില്‍ രൂഢമൂലമായിരുന്നു. അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ലെന്ന് നബി(സ) പ്രഖ്യാപിച്ചപ്പോള്‍ മക്കാമുശ്‌രിക്കുകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇയാള്‍ ഇലാഹുകളെയെല്ലാം കൂടി ഒരു ഇലാഹാക്കിയിരിക്കുകയാണോ? വളരെ ആശ്ചര്യമായ ഒരു കാര്യമാണിത് (വി:ഖുര്‍ആന്‍) മറ്റൊരിടത്ത് അല്ലാഹു പറയുന്നു. ''അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കരിക്കുന്നു. ''ഒരു ഭ്രാന്തനായ കവിക്ക് വേണ്ടി നമ്മുടെ ഇലാഹുകളെ നാം കൈവിട്ടവരാകുമോ? എന്നവര്‍ പറയുകയും ചെയ്യുന്നു (വി:ഖുര്‍ആന്‍)
നോക്കുക അല്ലാഹു അല്ലാത്ത ഇലാഹ് ഇബാദത്തിനര്‍ഹന്‍ ഇല്ലെന്ന് പറയുന്ന ആള്‍ക്ക് വിശേഷബുദ്ധിയുണ്ടെന്ന് പോലും സമ്മതിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇബാദത്തിന്നര്‍ഹന്‍ സ്വന്തമായി കഴിവുള്ളവര്‍ ഇലാഹുകള്‍ പലതുമുണ്ടെന്നു അവര്‍ വിശ്വസിച്ചു. അതായിരുന്നു ''തൗഹീദി'' നെതിരായ അവരുടെ വിശ്വാസം അഥവാ ''ശിര്‍ക്ക്''
ഈ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് ആത്മീയമെന്നും ഭൗതികമെന്നും വിവരിക്കപ്പെടുന്ന കാര്യങ്ങളില്‍ ആരോടെങ്കിലും സഹായം ചോദിച്ചാല്‍ അത് തൗഹീദിന് വിരുദ്ധമാകുകയില്ല. സഹായം ചോദിക്കപ്പെന്നവരെ ഇലാഹുകളാക്കുകയോ അവര്‍ക്ക് ഇബാദത്ത് നടത്തുകയോ ചെയ്യുന്നില്ല എന്നതാണ് കാരണം. ഈ വിധത്തില്‍ മണ്‍മറഞ്ഞ പൂര്‍വ്വികരായ പ്രവാചകന്മാരോടും മറ്റും സഹായം തേടിയ സംഭവങ്ങള്‍ റസൂല്‍ കരീം(സ)മില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ വളര്‍ത്തുമ്മ ഫാത്ത്വിമബിന്‍ത് അസദ് വഫാത്തായപ്പോള്‍ നബ്(സ) നടത്തിയ പ്രാര്‍ത്ഥനയില്‍ ''എന്റെ മാതാവ് ഫാത്ത്വിമക്ക് റബ്ബേ നീ പൊറുക്കേണമേ നിന്റെ നബിയുടെയും എനിക്ക് മുമ്പുള്ള നബിമാരുടെയും ഹവ്വ് കൊണ്ട്'' എന്ന വാചകം മുഹദ്ദിസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. രോഗികളായിരുന്നവര്‍ക്ക് നബി(സ) പഠിപ്പിച്ചുകൊടുത്ത പ്രാര്‍ത്ഥനാ വാചകങ്ങളിലും ഇത്തരം ധാരാളം പദപ്രയോഗങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിപല്‍ സന്ധികളില്‍ സഹാബിമാര്‍ നബിയോട് നടത്തിയ സഹായാഭ്യര്‍ത്ഥനകള്‍ വഫാത്തായ ശേഷവും അബൂബക്കര്‍(റ) ഉമര്‍(റ), സ്വഫിയ്യ(റ) തുടങ്ങിയവര്‍ ആഗ്രഹങ്ങള്‍ പറഞ്ഞും ആവശ്യങ്ങള്‍ ചോദിച്ചും നബി(സ)യെ വിളിച്ചതും മറ്റും ആര്‍ക്കും തന്നെ മറച്ചു വെക്കാന്‍ കഴിയില്ല.
അല്ലാഹുവിലുള്ള വിശ്വാസം അല്ലാഹുവെ ഖുര്‍ആനും ഹദീസും പരിചയപ്പെടുത്തിയത് പോലെ വിശ്വസിക്കലും അവന്റെ ആജ്ഞകള്‍ ശിരസ്സാവഹിക്കലുമാണ്. മുഹമ്മദ് നബിയെ ദൂതനായും മാര്‍ഗ്ഗ ദര്‍ശകനായും അംഗീകരിക്കുകയെന്നത് ഈ വിശ്വാസത്തിന്റെ വിശദാംശങ്ങളില്‍പെട്ടതാണ്. മുഹമ്മദ് നബിയെ വിശ്വസിക്കുകയെന്നതിന്റെ താല്പര്യം അവിടുത്തെ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ജീവിത സ്വഭാവങ്ങളും (അഹ്മാല്‍) പൂര്‍ണ്ണമായും അംഗീകരിച്ചു നിരുപാധികം ഉള്‍ക്കൊള്ളുകയെന്നതാണ്. അബദ്ധങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും സുരക്ഷിതനാവുമ്പോഴാണ് മുഹമ്മദ് നബിയെ പൂര്‍ണ്ണമായും നിരുപാധികം അനുസരിക്കാനും മാര്‍ഗ്ഗദര്‍ശകനായി കാണാനും കഴിയുക നബി(സ)യുടെ ജീവിത സ്വഭാവങ്ങള്‍ ആത്മനിഷ്ഠമായി വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് വ്യാജത്വരീഖത്തുകള്‍ രംഗത്തു വന്നത്. 
വസ്തു നിഷ്ഠമായി ഖുറാനും ഹദീസും പഠിക്കുകയും നബിയുടെ ജീവിത രീതികള്‍ വിലയിരുത്തി അനുധാവനം ചെയ്യുവാന്‍ തയ്യാറാവുകയും ചെയ്യുന്നവര്‍ക്ക് വക്രതയില്ലാത്ത ബിദ്അത്തില്‍ നിന്നും ശിര്‍ക്കില്‍ നിന്നും മുക്തമായ വിശുദ്ധ ജീവിതം നയിക്കുവാന്‍ സാധിക്കും. ഇതാണ് സത്യത്തിന്റെ സ്വര്‍ഗീയ പാത.

സാമ്പാ: ജുനൈദ് അസ്അദി 
As'adiyya College Pappinshery :+91 9747356552 junduvayad@gmail.com