1971 ഏപ്രില്‍ മാസം; രംഗം: ഖാസി സി.മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ വീട് (ചെമ്പരിക്ക). മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ക്ക് പുറമെ മര്‍ഹൂം ഹാജി ഹസ്സന്‍കുട്ടി മുസ്ലിയാര്‍, കല്ലട്ര അബ്ബാസ് ഹാജി എന്നിവര്‍ ഒന്നിച്ചിരുന്ന് ചൂടുപിടിച്ച ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നു. ഈ ലേഖകനും കൂട്ടത്തിലുണ്ട്. 'സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശാശയങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരകേരളത്തില്‍ ഒരുന്നത മതവിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കണമെന്ന നമ്മുടെയും സഹപ്രവര്‍ത്തകരുടെയും ഉല്‍ക്കടമായ ആഗ്രഹം പൂവണിഞ്ഞു കാണാന്‍ എന്താണ് പോംവഴി ? ഇതായിരുന്നു ചര്‍ച്ചാവിഷയം. എത്രതന്നെ ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. ഒരു വലിയ അറബിക് കോളേജ് സ്ഥാപിക്കുന്നത് ചില്ലറ കാര്യമല്ലല്ലോ. സൗകര്യപ്രദമായ സ്ഥലും കെട്ടിടവും സ്ഥായിയായ വരുമാന മാര്‍ഗ്ഗവും വേണം. ഇതൊക്കെ ഒറ്റയടിക്ക് ഉണ്ടാക്കാനാവുമോ ? ചര്‍ച്ച നീണ്ടുപോയി ഇതിനൊരുത്തരം കണ്ടെത്താതെ പിരിയരുതെന്ന് അവര്‍ക്കെല്ലാവര്‍ക്കുമുണ്ട്. അത്തരമൊരു പ്രതിസന്ധിയായിരുന്നു അന്നവിടെ. പെട്ടെന്ന് ഈയുള്ളവന്ന് ഒരു ആശയം തോന്നി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് തുറന്ന് പറയുകയും ചെയ്തു. ''ഒരു പത്ത്പന്ത്രണ്ട് വിദ്യാര്‍ത്ഥികളെ പാര്‍പ്പിക്കുവാനുള്ള ഒരിടവും കുറച്ച് കാലത്തേക്കെങ്കിലും അവര്‍ക്കാവശ്യമായ ഭക്ഷണച്ചിലവുകളും നിങ്ങള്‍ തരൂ, ശമ്പളമില്ലെങ്കിലും അവരെ പഠിപ്പിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത് കേള്‍ക്കണ്ട താമസം അബ്ദുല്‍ ഖാദിര്‍ഹാജി പ്രതിവചിച്ചു. എന്റെ ഒഴിഞ്ഞുകിടക്കുന്ന വീടിതാ, ചിലവിന്റെ കാര്യവും ഞാന്‍ നോക്കിക്കൊള്ളാം''. ഇതോടെ ചര്‍ച്ച അവസാനിച്ചു. പ്രശിനത്തിനു പരിഹാരവുമായി. പ്രസ്തുത ഏപ്രില്‍മാസം 28-ാം തിയ്യതി 'സഅദിയ്യ: അറബിക് കോളേജ്' നിലവില്‍ വരികയും ചെയ്തു. ഇന്ന് വികസിത രൂപമണിഞ്ഞ ജാമിഅ: സഅദിയ്യയുടെ അടിക്കല്ലാണിത്. ഇതിന്ന് കാരണക്കാരനായ മര്‍ഹൂം കല്ലട്ര അബ്ദുല്‍ ഖആദിര്‍ ഹാജിയുടെ അനുസ്മരണയില്ലാതെ ഈ സ്ഥാപനത്തെ പരിചയപ്പെടുത്താന്‍ സാദിക്കുകയില്ല.
ജീവചരിത്രം
കാസര്‍കോട് കീഴൂരിലെ കല്ലട്ര കുഞ്ഞാമാഹിന്‍ എന്നാള്‍ക്ക് മൂന്ന് ഭാര്യമാരിലായി അഞ്ച് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണുണ്ടായിരുന്നത്. ഏറ്റവും ഇളയമകനാണ് കല്ലട്ടറ അബ്ദുല്‍ ഖആദിര്‍ ഹാജി. 30-02-1924 ന് അദ്ദേഹം ജനിച്ചു. കല്ലട്ര എന്നത് കുടുംബ പേരാണ്. കല്ലു കെട്ടിയ പുര എന്നത് ലോപിച്ചാണ് 'കല്ല്രട്രയാ'യത്.
ചെറുപ്പ കാലത്തു തന്നെ ധീരതയും സമുദായ സ്‌നേഹവും വിശിഷ്യാ ആലിമീങ്ങളോടുള്ള സ്‌നേഹവും ഊട്ടിയുറപ്പിച്ചുകൊണ്ടാണ് അബ്ദുല്‍ഖാദിര്‍ഹാജി വളര്‍ന്നത്. പാരമ്പര്യമായിത്തന്നെ ലഭ്യമായി ഈ സ്വഭാവങ്ങള്‍ അനുകൂലമായ ജീവിത സാഹചര്യത്തില്‍ ശക്തിപ്രാപിക്കുകയുണ്ടായി. ഇസ്ലാമിന്നെതിരിലോ ആലിമുകള്‍ക്കെതിരിലോ, വല്ല അക്രമണവും നടന്നതായി കേട്ടാല്‍ അദ്ദേഹത്തിന്റെ രക്തം തിളക്കുമായിരുന്നു. അക്രമത്തെ നേരിടാന്‍ എന്തുത്യാഗവും ചെയ്യുവാന്‍ അദ്ദേഹം തയ്യാറാകും. മതപരമായോ ഭൗതികമായോ വേണ്ടത്ര വിദ്യാഭ്യാസം നേടുവാന്‍ അവസരം കിട്ടിയില്ലെങ്കിലും എല്ലാ നല്ല വിദ്യാഭ്യാസത്തെയും അദ്ദേഹം അതിനായി സ്‌നേഹിച്ചു.
വിദ്യാഭ്യാസ തത്പരന്‍
തികഞ്ഞ സമുദായ സ്‌നേഹത്തില്‍ നിന്നുല്‍ഭൂതമായ പല നല്ല താത്പര്യങ്ങളും കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിക്കുണ്ടായിരുന്നു. സമുദായത്തിന്റെ യശസ്സിന്റെയും വിജയത്തിന്റെയും നിദാനമായ വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകള്‍ അധ:പതിച്ചു കണ്ടത് അദ്ദേഹത്തെ അത്യധികം ദു:ഖിതനാക്കി. ഭൗതിക രംഗത്തും ദീനീ രംഗത്തും സ്വന്തം സമുദായത്തിന്റെ വിദ്യാസപരമായ ഉയര്‍ച്ചക്കുവേണ്ടി തന്നാലാവുന്നതൊക്കെ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മേല്‍പറമ്പിലെ ചന്ദ്രഗിരി ഹൈസ്‌കൂളിന്നും, ദേളിയില്‍ നൂറുല്‍ ഇസ്ലാം എയ്ഡഡ് എല്‍.പി.സ്‌കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിന്നും വേണ്ടി അദ്ദേഹം വരിച്ച നിഷ്‌കാമ ശ്രമങ്ങള്‍ അതിന്നുദാഹരണമാണ്. മതവിദ്യാസ രംഗത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ആവേശം അത്യുജ്വലമായിരുന്നു. പട്ടികാടിലെ ജാമിഅ: നൂരിയ്യ: അറബിയ്യ: സ്ഥാപനത്തിന്ന് അദ്ദേഹം ചെയ്ത മാതൃകാപരമായ ധനസഹായവും സഅദിയ്യ; അറബിക് കോളേജ് സ്ഥാപിച്ചതും ഇതിന്ന് വ്യക്തമായ സാക്ഷികളാണ്.
സഅദിയ്യ: അറബിക് കോളേജ് സ്ഥാപിക്കുന്നു.
ക്രി.പി. 1971 ഏപ്രില്‍ 28-നാണ് സഅദിയ്യ: കേളേജ് സ്ഥാപിച്ചതെന്ന് പറഞ്ഞല്ലോ. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ ഒഴിഞ്ഞുകിടന്നും പക്ഷേ സുസജ്ജവുമായ വീടായിരുന്നു അന്നതിന്റെ ആസ്ഥാനം. കോളേജിന്റെ സര്‍വ്വ വിധ ചിലവുകളും ഹാജി സാഹിബ് തന്നെ ഏറ്റെടുക്കുകയും ചെയ്തു. ജ:സി.എം അബ്ദുല്ല മൗലവി പ്രിന്‍സിപ്പാളും, കെ.വി.മൊയ്തീന്‍ കുഞ്ഞി മൗലവി അസിസ്റ്റര്‍റുമായി ഇരുപത് വിദ്യാര്‍ത്ഥികളോട്കൂടി ആരംഭിച്ച സഅദിയ്യ: ക്രമേണെ പുരോഗമിക്കുകയുണ്ടായി. 1979 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ഘടകം സഅദിയ്യ: അറബിക് കോളേജിനെ ഏറ്റുവാങ്ങിയതോടുകൂടി ആ സ്ഥാപനം ജാമിഅ: സഅദിയ്യ: അരബിയ്യ: എന്ന അഭിധാനം സ്വീകരിച്ചു.
പേര്
കലനാട്, ചെമ്മനാട് ഗ്രാമങ്ങളിലുള്ള ഗ്രാമങ്ങളിലുള്ള കീഴുരില്‍ സ്ഥാപിച്ച ഈ സ്ഥാപനത്തിന്ന് എന്തുകൊണ്ട് സഅദിയ്യ: എന്ന് നാമകരണം ചെയ്യപ്പെട്ടു ? ഈ ചോദ്യത്തിന്ന് ഉത്തരം പറയുമ്പോള്‍ ബഹു: ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ഒരിക്കല്‍ ഈയുള്ളവനോട് ചോദിച്ച ഒരിക്കല്‍ ചോദ്യമാണ് ഓര്‍മ്മ വരുന്നത്. സഅദിയ്യ: എന്ന നാമം എങ്ങിനെ വന്നുവെന്നും അത് കല്ലട്രയുടെ കുടുംബത്തിലെയോ അല്ലെങ്കില്‍ നിങ്ങളുടെ പിതാവിനോട് ബന്ധപ്പെട്ട വല്ലവരുടെയോ പേരിനെ അനുസ്മരിപ്പിക്കുന്നതാണോ എന്നുമായിരുന്നു ആ മഹാന് അറിയേണ്ടിയിരുന്നത്. രണ്ടുമല്ലെന്ന് പ്രത്യുത്തരം നല്‍കിയ ശേഷം ഞാന്‍ കാരണം വിവരിച്ചു. കീഴൂപ് പ്രദേശത്തില്‍ അറിയപ്പെട്ട ചരിത്രത്തില്‍ ഉന്നത മതവിദ്യാഭ്യാസ രംഗമായ ഒരു പള്ളിദര്‍സ് ആദ്യമായി തുടങ്ങിയത് ബഹു: പണ്ഡിത പുഗവരും സൂഫീ വര്യരുമായ ''സഈദ്'' മുസ്ലിയാരായിരുന്നു. അദ്ദേഹത്തിന്റെ നാമത്തെ അനുസ്മരിപ്പിക്കുന്നതും സൗഭാഗ്യമെന്ന അര്‍ത്ഥം സ്ഫുരിക്കുന്നതുമായ സഅദിയ്യ: എന്ന നാമം തന്നെയാണ് ഈ മതവിജ്ഞാന സ്ഥാപനത്തിന്ന് പറ്റിയതെന്ന് കണ്ടതുകൊണ്ടാണ് ആ പേര് നല്‍കിയത്. അല്ലാതെ ഇതിന്റെ സ്ഥാപകന്മാരുമായി വല്ല വിധത്തിലും ഇതിന്റെ പേരിനെ ബന്ധപ്പെടുത്തണമെന്നുദ്ദേശിച്ചിട്ടില്ല.
സുന്നത്ത് ജമാഅത്തിനെ തേടിപ്പിടിക്കുന്നു
സംഭവ ബഹുലമായ തന്റെ ജീവിതത്തില്‍ കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജി സാഹിബിന്ന് കുറച്ച് കാലം ജയിലിലും പോകേണ്ടിവന്നു. ജയില്‍ മുക്തനായ ശേഷം അദ്ദേഹം സഅദിയ്യ: അറബിക് കോളേജിന്റെ കാര്യത്തില്‍ ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങി. തന്റെ താത്ക്കാലിക അഭാവത്തില്‍ കോളേജിന്ന് യാതൊരു കേട്ടവും തട്ടിയില്ലെങ്കിലും തന്റെ സ്ഥിരമായ അഭാവം സംഭവിക്കുകയാണെങ്കില്‍ സഅദിയ്യ:യുടെ സ്ഥിതി എന്താകുമെന്നാണ് അദ്ദേഹം ഏറെ ചിന്തിച്ചത്. സുന്നത്ത് ജമാഅത്തിന്റെ രാജവീഥിയില്‍ നിന്ന് വ്യതിചലിച്ചു പോകാതിരിക്കുവാന്‍ വേണ്ടി ശക്തമായ ഒരു സുന്നി ഘടകത്തിന്റെ കയ്യില്‍ അതിനെ ഏല്‍പ്പിച്ചുകൊടുക്കുവാന്‍ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. അങ്ങിനെ ഏല്‍പ്പിച്ചുകൊടുക്കുന്നതിന് മുമ്പ്, സ്ഥിരമായ ഒരു ആസ്ഥാനവും കാര്യമായ ഒരു വരുമാന മാര്‍ഗവും കോളേജിന് ഉണ്ടാക്കിക്കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയുണ്ടായി. അതിന്റെ ഫലമായി ദേളിയില്‍ അഞ്ചര ഏക്കര്‍ സ്ഥലം വിലക്ക് വാങ്ങി കേളേജിന്ന് വിട്ടുകൊടുത്തു. മരിച്ച് കിടക്കുവാന്‍ അഞ്ച് സെന്റ് സ്ഥലം മാത്രമേ അതില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയുള്ളൂ. വരുമാനത്തിന്ന് വേണ്ടി കാസര്‍ഗോഡിലെ ഫിര്‍ദൗസ് ബസാറും നീക്കിവെച്ചു. ഇത്രയും ചെയ്ത ശേഷം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ ഘടകത്തെ സമീപിച്ച് സഅദിയ്യ: അറബിക്കോളേജിനെ അതിന്റെ ആസ്ഥി സഹിതം നിരുപാധികം അവരുടെ കയ്യില്‍ ഏല്‍പ്പിച്ചുകൊടുത്തു.
കല്ലട്രയുടെ ആഗ്രഹം പൂവണിയട്ടെ
കല്ലട്രയുടെ ആഗ്രഹം പൂവണിയട്ടെ
സഅദിയ്യ:യെ 'സമസ്ത'ക്ക് ഏല്‍പ്പിച്ചുകൊടുത്ത ശേഷവും ആ സ്ഥാപനത്തോട് ഹാജിക്കുണ്ടായിരുന്ന സ്‌നേഹത്തിനും സഹകരണത്തിനും മങ്ങലേറ്റില്ല. പ്രത്യുത അവ കൂടിയതേയുള്ളൂ. ഏല്‍പ്പിക്കുന്നതിന്ന് മുമ്പും അതിനും ശേഷവും അദ്ദേഹം സാധാരണയായി ഇങ്ങിനെ പറയാറുണ്ടായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയൊരു മതവിദ്യാഭ്യാസ സ്ഥാപനമായി ഉയരും, സഅദിയ്യ:'. ഈ വാക്കുകള്‍ അദ്ദേഹം അടിക്കടി ആവര്‍ത്തിക്കുന്നത് ഞങ്ങള്‍ കേട്ടിരുന്നു. സഅദിയ്യ:യുടെ പുരോഗമനത്തിന്റെ പ്രാരംഭം ദര്‍ശിക്കുവാനല്ലാതെ അതിന്നപ്പുറം കാണുവാന്‍ അദ്ദേഹത്തിന്ന് ആയുര്‍ ദൈര്‍ഘ്യമുണ്ടായില്ലെന്നത് ഒരു ദു:ഖസത്യമത്രെ. 28-02-1983 നാമ് ആ ധന്യ ജീവിതത്തിന്ന് തിരശ്ശീല വീണത്... ഇന്നാലില്ലാ... സഅദിയ്യ: മസ്ജിദിന്റെ മുന്‍വശത്ത് തന്നെ 'കിടപ്പു'റപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്ന് എന്നെന്നും ഇവിടത്തെ 'ഇല്‍മിന്റെ' പരിമളം ശ്വസിച്ചുകൊണ്ട് ആത്മ ശാന്തി ലഭിക്കും. സഅദിയ്യ: പരമോന്നതമായ ഒരു ദീനീസ്ഥാപനമായി വളര്‍ന്നുവികസിക്കട്ടെ ! ആമീന്‍ !.
(ഖാസി സി.എം. അബ്്ദുല്ല മൗലവി സ്മാരക ഗ്രന്ഥത്തില്‍ നിന്ന്...)
No comments:
Post a Comment