Saturday, January 28, 2012

മൗലിദുകളുടെ അകപ്പൊരുളുകള്‍

മൗലിദുകളുടെ അകപ്പൊരുളുകള്‍
എം.എ. ജലീല്‍ സഖാഫി പുല്ലാര

മൗലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനന സമയം, ജനിച്ച സ്ഥലം എന്നൊക്കെയാണ്. ജനങ്ങള്‍ സമ്മേളിച്ചുകൊണ്ട് ഖുര്‍ആനില്‍ നിന്നു എളുപ്പമായത് ഓതുക, അമ്പിയാഇന്റെ / ഔലിയാഇന്റെയോ ജനനവുമായി ബന്ധപ്പെട്ടുവന്ന ചരിത്രങ്ങള്‍ പറയുക, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പറയുക, അവരെ പുകഴ്ത്തുക, ശേഷം ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുക എന്നാണു മൗലിദിന്റെ സാങ്കേതികാര്‍ത്ഥം (ഇആനത്ത് 3/363).
മൗലിദാഘോഷവും അന്നദാനവുമെല്ലാം പുണ്യകര്‍മവും പ്രതിഫലാര്‍ഹവും സുന്നത്തുമാണ്. ഇമാം നവവി(റ) തന്റെ ഗുരു അബൂശാമ (റ), ഹാഫിള്, ഇബ്‌നു ഹജര്‍(റ), ഇമാം സുയൂത്വി(റ), ഇമാം ഇബ്‌നു ഹജ്ര്‍(റ) തുടങ്ങിയവരെല്ലാം ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. നിരവധി പണ്ഡിതര്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. (അല്‍ഹാവീ, 1/261, ശര്‍വാനി 7/425).
നിരവധി ഇമാമുകള്‍ മൗലീദ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹാഫിള് ഇബ്‌നു കസീര്‍(റ), ഹാഫിള് മുഹമ്മദുസ്സഖാഫി(റ) തുടങ്ങിയവ അവരില്‍ പ്രധാനികളാണ്. മൗലിദു ഗ്രന്ഥങ്ങള്‍ പുതിയ അനുഭൂതിയാണ്. ഗദ്യത്തോടൊപ്പം പദ്യവും കോര്‍ത്ത അനുഭവങ്ങള്‍. സാധാരണക്കാര്‍ക്കു ആത്മീയനിര്‍വൃതി പകരാന്‍ പ്രവാചകകീര്‍ത്തനങ്ങളുമായി അവരെ അടുപ്പിച്ചെടുക്കാന്‍ മൗലിദുകള്‍ ഏറെ ഉപകാരപ്പെടുന്നുണ്ട്.
പ്രവാചക കീര്‍ത്തനത്തിന്റെ ആരംഭം അന്വേഷിക്കുന്നവര്‍ക്ക് ചരിത്രത്തില്‍ ഏറെയേറെ പിന്നോട്ടുപോകേണ്ടിവരും. ഏറ്റവും പൗരാണികമായ കീര്‍ത്തനങ്ങളുടെ രചയിതാക്കളില്‍ പൂര്‍വ്വകാല നബിമാരും പണ്ഡിതരും മലക്കുകളും ഉള്‍പ്പെടുന്നു. നിശ്ചയം അല്ലാഹുവും അവന്റെ  മലക്കുകളും പ്രവാചകര്‍ക്കു സ്വലാത്തു നിര്‍വഹിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ നബി(സ)ക്കു സ്വലാത്തും സലാമും നിര്‍വഹിക്കണം എന്നു സാരം വരുന്ന സൂക്തത്തിലെ 'സ്വലാത്ത്' ഇമാം ബുഖാരി (റ) എടുത്തുദ്ധരിച്ച വ്യാഖ്യാനപ്രകാരം പ്രവാചകരുടെ അപദാനങ്ങളെ വാഴ്ത്തലാണ്.
ചരിത്രത്തില്‍ ഇന്നോളം മുസ്‌ലിം ലോകം മുഴുവന്‍ ഗദ്യ, പദ്യങ്ങളിലും വാ, വരമൊഴികളിലും ചിന്താകര്‍മ്മങ്ങളിലും പ്രവാചക കീര്‍ത്തനം നിര്‍വഹിച്ചു പോരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ലേഖനത്തിലൂടെയോ തടിച്ച പുസ്തകത്തിലൂടെയോ പ്രവാചക കീര്‍ത്തനകൃതികളെയെല്ലാം പരാമര്‍ശിച്ചു തീര്‍ക്കാന്‍ സാധ്യമല്ല. കേരളീയ മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിച്ച ഏതാനും മൗലിദുഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഹ്രസ്വ അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്.

ഖസ്വീദത്തുല്‍ ബുര്‍ദ
എ.ഡി. 1213-1295ല്‍ ജീവിച്ച പ്രമുഖ പണ്ഡിതനും സാഹിത്യകാരനുമായ ഇമാം ബൂസ്വൂരി (റ)യുടെ രചനയാണു ബുര്‍ദ: എന്ന പ്രേമകാവ്യം. അനേകായിരം ഇസ്‌ലാമിക കാവ്യങ്ങളില്‍ കേരളീയരെ വളരെ കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥമാണ് ബുര്‍ദ. പുതപ്പ് എന്നാണു ഇതിന്റെ അര്‍ത്ഥം. നബി(സ) സ്വപ്നത്തിലൂടെ ഇമാം ബൂസ്വീരി(റ)ക്കു പുതപ്പു സമ്മാനിച്ചതുകൊണ്ടാണീ പേര്‍ വന്നതെന്നു ഖസ്വീദത്തുല്‍ ബുര്‍ദ:ക്കു വ്യാഖ്യാനമെഴുതിയ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രോഗശമനത്തിനു കാരണമായതിനാല്‍ രോഗശമനമെന്ന അര്‍ത്ഥമുള്ള 'ബുര്‍ഉദ്ദാഅ്' എന്ന നാമവും ഈ പ്രേമകാവ്യത്തിനുണ്ട്.
ഖസ്വീദത്തുല്‍ ബുര്‍ദ: രചിക്കാനുള്ള നിമിത്തം ഇമാം ബൂസ്വീരി (റ) തന്നെ വിവരിക്കുന്നു: ഒരിക്കല്‍ എനിക്കു വാത സംബന്ധമായ രോഗം അനുഭവപ്പെട്ടു. എന്റെ ശരീരം പാതി തളര്‍ന്നു. നബി(സ) തങ്ങളുടെ സ്തുതികീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍ ചൊല്ലുക വഴി രോഗശമനമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും രചന നടത്തുകയും ചെയ്തു.
മദ്ഹു ഗാനങ്ങളുടെ ലഹരിയില്‍ ഞാന്‍ ഉറക്കത്തിന്റെ ലോകത്തേക്കു നീങ്ങി. മുത്തുനബി (സ)യെ ഞാന്‍ സ്വപ്നം കണ്ടു. എന്റെ കവിതകള്‍ വായിച്ചു കേള്‍പിച്ചു. അവിടുന്ന് തിരുഹസ്തങ്ങള്‍ കൊണ്ട് എന്റെ ശരീരത്തില്‍ തടവി. എന്തൊരു ആനന്ദം... ഞാന്‍ ഉണര്‍ന്നു. എനിക്കു അത്ഭുതം തോന്നി. ഒരു ഭാഗം പൂര്‍ണമായി തളര്‍ന്നുവീണ എന്റെ ശരീരം പൂര്‍ണമായി സംഖം പ്രാപിച്ചിരിക്കുന്നു. (ശര്‍ഹുല്‍ ബുര്‍ദ)
നൂറ്റിഅറുപത് വരികളുള്ള ബുര്‍ദ: വിഷയപരമായി ഒരേ ഒഴുക്കില്‍ പരന്നു കിടക്കുകയല്ല. മറിച്ച് അധ്യായങ്ങളും വിഷയക്രമങ്ങളും വേര്‍തിരിച്ചിട്ടുള്ളതാണ്. ബുര്‍ദയുടെ ഒന്നാം വരി മുതല്‍ പന്ത്രണ്ട് ഉള്‍പ്പെടെയുള്ള വരികളിലെ പ്രമേയം അനുരാഗപരമായ ആത്മ സംവേദനമാണ്. പതിമൂന്നു മുതല്‍ ഇരുപത്തിഎട്ടുവരെ വരികളില്‍ ആത്മവിമര്‍ശനമാണ് പ്രധാന പ്രതിപാദ്യം. പാപപങ്കിലമായ തന്റെ ആത്മസത്തയെ പഴിക്കുന്നു.
ഇരുപത്തി ഒമ്പതു മുതല്‍ അമ്പത്തെട്ടുവരെയുള്ള മുപ്പതു വരികള്‍ പ്രേമകഥാപാത്രമായ മുത്തുനബി (സ)ന്റെ അതുല്യവ്യക്തിത്വ പ്രകാശനങ്ങളാണ്. അമ്പത്തി ഒമ്പതു മുതല്‍ എഴുപത്തിഒന്നു വരെയുള്ള പതിമൂന്നു വരികള്‍ പ്രവാചകരുടെ ജനനസമയത്തുള്ള അത്ഭുതങ്ങള്‍ പ്രതിപാദിക്കുകയാണ്. എഴുപത്തിരണ്ടു മുതല്‍ എണ്‍പത്തി ഏഴുവരെ വരികളില്‍ പ്രവാചകരില്‍ നിന്നും പ്രകടമായ അമാനുഷിക സിദ്ധികളുടെ പ്രകാശനമാണ്. ഇതില്‍ 80,81 വരികളിലൂടെ ഇമാം ബൂസ്വീരി(റ) തന്റെ ആത്മാനുഭവം വിവരിക്കുകയാണ്.
എണ്‍പത്തി എട്ടു മുതല്‍ നൂറ്റി നാലു വരെയുള്ള കവിതകള്‍ നബി(സ)യുടെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആനിനെ കുറിച്ചുള്ളതാണ്. നൂറ്റി അഞ്ചു മുതല്‍ നൂറ്റിപ്പതിനേഴു വരെയുള്ള പതിമൂന്നു ഈരടികള്‍ ഇസ്‌റാഅ് മിഅ്‌റാജ് യാത്രയെ അനുസ്മരിക്കുന്നു. നൂറ്റിപ്പതിനെട്ടു മുതല്‍ നൂറ്റിമുപ്പത്തി ഒമ്പതു വരെ ഇസ്‌ലാമിന്റെ സവിശേഷമായ ധര്‍മസമരത്തെ പ്രതിപാദിക്കുന്നതാണ്. യുദ്ധമുഖത്തു നബി(സ) കാണിച്ച ധീരത ഇമാം ബൂസ്വീരി(റ) വരച്ചുകാട്ടുന്ന വരികള്‍ മനസ്സിനു കുളിരേകുന്നതാണ്.
നൂറ്റിനാല്‍പത് മുതല്‍ നൂറ്റിഅമ്പത്തി ഒന്നു വരെ ഇടത്തേട്ടമാണ്. നബിപുംഗവരുമായുള്ള ഇമാം ബൂസ്വീരി (റ)യുടെ സ്‌നേഹബന്ധത്തെ മുന്‍നിര്‍ത്തി മഹാന്‍ അല്ലാഹുവില്‍ നിന്നു പലതും പ്രതീക്ഷിക്കുന്നു. തനിക്കു മുഹമ്മദ് എന്ന വിശുദ്ധ നാമം ലഭിച്ചതുള്‍പ്പെടെ പല ബന്ധങ്ങളും കവി എടുത്തുപറയുകയും പ്രത്യാശാനിര്‍ഭരമായ മനസ്സ് തുറക്കുകയും ചെയ്യുന്നു.
നൂറ്റിഅമ്പത്തി രണ്ടു മുതല്‍ അവസാനം വരെ ''ഇരവ്'' ഭാഗമാണ്. നബി(സ)യെ ഇടയാളനാക്കി, കവിത തന്റെ ആഗ്രഹങ്ങള്‍ റബ്ബിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. ബാഹ്യമായ അര്‍ത്ഥതലങ്ങള്‍ക്കപ്പുറം ആന്തരികമായ ജ്ഞാനപ്പൊരുള്‍ നിറഞ്ഞതാണ് ബുര്‍ദമഹാകാവ്യം. നൂറ്റിഅറുപതു വരികളെക്കാള്‍ കൂടുതല്‍ ചില മൗലിദു കിതാബുകളില്‍ കാണുന്നുണ്ടെങ്കിലും കൂടുതലുള്ളത് ബുര്‍ദ:യുടെ ഭാഗമല്ല. 'മാറന്നഹത്ത് അദബാതില്‍ബാനി...' എന്ന വരിയാണ് ബുര്‍ദയുടെ അവസാനം. അതാണു നൂറ്റിഅറുപതാമത്തെ വരി. മറ്റു വരികള്‍ ബൂസ്വീരി(റ)യുടെ രചനയല്ല.

മന്‍ഖൂസ് മൗലിദ്
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച 'സുബ്ഹാന്' മൗലിദു ചുരുക്കിയതാണു  മന്‍ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്‍ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന്‍ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്‍ഖൂസ് മൗലിദിലെ പ്രാര്‍ത്ഥനയിലുള്ള 'ഹാദസ്സുമ്മന്നാഖിഅ്' കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.
വിമര്‍ശകര്‍ വളരെ കൂടുതല്‍ കടന്നുപിടിക്കുന്ന മൗലിദാണു മന്‍ഖൂസ്. ഇതില്‍ ശിര്‍ക്കുവരെ അവര്‍ ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്‍ഖൂസ് മൗലിദിലെ ഈരടികളില്‍ കാണാം. സുന്നത്തായ 'ഇസ്തിസ്ഫാഇ'നെ (ശുപാര്‍ശ ആവശ്യപ്പെടല്‍) ശിര്‍ക്കിന്റെ പട്ടികയില്‍പ്പെടുത്തുന്ന വഹാബികള്‍ തൗഹീദും ശിര്‍ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന്‍ ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്‍ഖൂസ് മൗലിദ് കേരളത്തില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കാന്‍ കാരണം.

ശര്‍റഫല്‍ അനാം
വിശ്വപ്രസിദ്ധമാണു ശര്‍റഫല്‍ അനാം മൗലിദ്. വിശ്വാസിയുടെ മനസ്സിലും ചുണ്ടിലും അതിന്റെ ഈരടികള്‍ എപ്പോഴും തങ്ങിനില്‍ക്കും. അശൈഖു അഹ്മദുബ്‌നു ഖാസിം അല്‍മാലികി(റ)യാണു രചയിതാവ്. ഇബ്‌നു ജൗസി(റ)യാണെന്നു അഭിപ്രായമുണ്ട്. (ഫത്ഹുസ്സ്വമദ്).
മുത്തുനബി (സ)യുടെ വിശേഷണങ്ങള്‍ എടുത്തുപറഞ്ഞും ആലങ്കാരിക പ്രയോഗം നടത്തിയും മദീനയിലേക്കു 'സലാം' പറഞ്ഞയക്കുന്ന 'ശര്‍റഫല്‍ അനാമി' ലെ 'സലാം ബൈത്ത്' വിശ്വാസിയുടെ മനസ്സിനെ പുളകിതമാക്കുന്നു.
ശര്‍റഫല്‍ അനാമിലെ 'അല്‍ഹംദുലില്ലാ ഹില്ലദീ അഅ്ത്വാനി...' എന്ന ഈരടി പ്രവാചകര്‍ ജനിച്ച ഉടനെ ചോരപ്പൈതലിനെ കൈയ്യിലെടുത്ത് കഅ്ബയിലെത്തി ഉപ്പാപ്പ അബ്ദുല്‍മുത്തലിബ് പാടിയതാണ്. പ്രവാചക പുംഗവരുടെ ജനനാനന്തരം ഭൂമിയിലുയര്‍ന്ന ആദ്യത്തെ കീര്‍ത്തനം ഇതായിരിക്കും.
'ശര്‍റഫല്‍ അനാമി'ല്‍ തന്നെ അങ്ങ് ഖുര്‍ആനില്‍ പേരു പറയപ്പെട്ട വ്യക്തിയാണ് എന്നര്‍ത്ഥം കുറിക്കുന്ന വരി അബ്ദുല്‍മുത്തലിബ് പാടിയതെങ്ങനെ? അന്നു ഖുര്‍ആനില്ലല്ലോ എന്നു വിമര്‍ശകര്‍ ചോദിക്കാറുണ്ട്. ഖുര്‍ആന്‍ എന്ന വാക്കിനു 'മുന്‍കാല വേദഗ്രന്ഥങ്ങള്‍' എന്നാണിവിടെ അര്‍ത്ഥം. ഖുര്‍ആന്‍ എന്ന വാക്കിനു പ്രസ്തുത അര്‍ത്ഥം വിശുദ്ധ ഖുര്‍ആനില്‍ തന്നെ (15/91) കാണാം. മൗലിദിലെ പ്രസ്തുത വരി അബ്ദുല്‍ മുത്തലിബ് പാടിയതല്ല, അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു പൂരകമായി മറ്റൊരാള്‍ പാടിയതാണെന്നും അഭിപ്രായമുണ്ട്.  ഫത്ഹുസ്സമദ്, ബുലൂഗുല്‍ മറാം എന്നിവ നോക്കുക.
രാജകീയ പ്രൗഢിയോടെ, വളരെ വിപുലമായ മൗലിദു പരിപാടിക്കു തുടക്കംകുറിച്ച വ്യക്തിയാണ് മുളഫ്ഫര്‍ രാജാവ്. തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയാണ് മുളഫ്ഫര്‍ രാജാവ്. ഇക്കാര്യം ഇബ്‌നുഖല്ലിഖാന്‍ വഫയാത്തുല്‍ അഅ്‌യാനിലും   ഹാഫിള് ഇബ്‌നുകസീര്‍(റ) 'അല്‍ബിദായത്തുവന്നിഹായ'യിലും ഇമാം സുയൂത്വി(റ) അല്‍ഹാവിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
മുളഫ്ഫര്‍ രാജാവിന്റെ മൗലിദു പരിപാടിയില്‍ 5000 ആടുകളെയും 10,000 കോഴികളെയും 100 കുതിരകളെയും മറ്റും അറുത്തതായും വിവിധ നാടുകളില്‍ നിന്ന് ഒട്ടനവധി മഹല്‍വ്യക്തിത്വങ്ങള്‍ പങ്കെടുത്തതായും, ഇതിന്നായി അദ്ദേഹം ഓരോ വര്‍ഷവും മൂന്നു ലക്ഷം ദീനാര്‍ നീക്കിവെച്ചിരുന്നതും, അന്നത്തെ പണ്ഡിതര്‍ ഇതംഗീകരിച്ചതും ചരിത്രത്തില്‍ കാണാം (അല്‍ഹാവി: 1/196).
ചുരുക്കത്തില്‍, മൗലിദു പാരായണവും അന്നദാനവുമെല്ലാം സദാചാരവും സുന്നത്തുമാണ്. സുന്നത്തും ബിദ്അത്തും എന്താണെന്നു പഠിപ്പിച്ചു തന്നവരാണ് ഇക്കാര്യം വിശദീകരിച്ചത്. അതുകൊണ്ടുതന്നെ മൗലിദു കഴിക്കല്‍ നിരോധിക്കപ്പെട്ട ബിദ്അത്താണെന്നു വഹാബികള്‍ പറയരുത്. ഏറ്റവും ചുരുങ്ങിയത് സ്വന്തം ജഹാലത്തെങ്കിലും തിരിച്ചറിയാന്‍ കഴിയണം. പ്രവാചകപ്രേമികളെ സ്‌നേഹിക്കാനും അതു മൂലം മുത്തുനബി (സ)യുടെ സ്‌നേഹം കരസ്ഥമാക്കാനും നാഥന്‍ തൗഫീഖു നല്‍കട്ടെ,
(സുന്നി അഫ്കാര്‍ വാരിക, ഫെബ്രുവരി 12, 2007, സുന്നി മഹല്‍, മലപ്പുറം)

നബിദിനാഘോഷം: വഹാബീവൈരുദ്ധ്യങ്ങള്‍

നബിദിനാഘോഷം: വഹാബീവൈരുദ്ധ്യങ്ങള്‍
ഇ. അലവി ഫൈസി കുളപ്പറമ്പ്

പുണ്യ റബീഅ് സമാഗതമാകുന്നു. നബി(സ)യെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവിടുത്തെ അപദാനങ്ങള്‍ പാടിപ്പറയുന്നതിനും നബി(സ)യെ അന്യമതസ്തര്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ഒരവസരവും കൂടി കൈവന്നതില്‍ ലോക മുസ്‌ലിംകള്‍ അത്യധികം ആഹ്ലാദിക്കുന്നു. എന്നാലും ഗുണം പിടിക്കാത്ത ഒരു ഖൗമുണ്ടിവിടെ. അവര്‍ക്ക് പ്രവാചകരെ കുറിച്ച് അധികമാരും അറിയരുതെന്നു പിടിവാശിയുണ്ട്. അതിനാല്‍ ജിന്നും, ശൈത്വാനും കൂടിയവരും അല്ലാത്തവരുമൊക്കെ ഇബ്‌ലീസിന്റെ തോളിലേറി കോമരംതുള്ളുന്നു.
നബിദിന യോഗങ്ങളും, മൗലീദ് പാരായണങ്ങളും ശിര്‍ക്കും ബിദ്അത്തുമായി പെരുമ്പറയടിച്ചു നടക്കുന്നു. മുസ്‌ലിം ലോകത്ത് ഈ 'പീറ' ശബ്ദം ആരും ഗൗനിക്കാനില്ലെങ്കിലും ഇബ്‌ലീസിനെ തൃപ്തിപ്പെടുത്താന്‍ കിടമത്സരം നടത്തുകയാണവര്‍.
യുവഘടകത്തിന്റെ 40 ആഘോഷിച്ചപ്പോള്‍, ഇസ്‌ലാമില്‍ രണ്ടാഘോഷമേയുള്ളൂവെന്ന് പറഞ്ഞ് നബിദിനാഘോഷത്തിന് നേരെ കുരച്ച് ചാടുന്നവര്‍ ഈ നാല്‍പത് കഴിക്കല്‍ ബിദ്അത്താണെന്ന് അറിഞ്ഞില്ല, അല്ലെങ്കില്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. ഇക്കൂട്ടരുടെ അപ്പോസ്തലന്‍മാര്‍ ആചരിച്ചതും ആചരിക്കാന്‍ ശക്തിയായി ആവശ്യപ്പെട്ടതുമായിരുന്നു മൗലിദാഘോഷം.
ഇന്ന് പിന്‍തലമുറക്കാരെന്ന് പറയുന്ന ഒരു വിഭാഗം, തട്ടിക്കിഴിക്കലുകള്‍ നടത്തി, ഇടക്കാല ധാരണയും, ഒടുക്കത്തെ ധാരണയെന്നും മറ്റും ഓമനപ്പേരിട്ട് സ്വന്തം നേതാക്കളെ പുറം കാലു കൊണ്ട് തൊഴിക്കുന്ന കാഴ്ച അത്യധികം ആനന്ദത്തോടെയാണ് സുന്നി കേരളം നോക്കിക്കാണുന്നത്. അതുകൊണ്ട് അവര്‍ നടത്തുന്ന ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും ആരുടെ നെഞ്ചത്താണ് തറക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.
ഉമര്‍ മൗലവി എഴുതുന്നു:
1- ''പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ 'കഴിക്ക'പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.''
(ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30).
2- ''മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.''
(സല്‍സബീല്‍, 1985 ഫെബ്രുവരി).
3- ''ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.''
(മൗലിദുന്നബി- പേ:14).
4- '' സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.''
(അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)
5- ''കാഫിറായ അബൂലഹബിന് പോലും നബിയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹു പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ...'' എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.'' (മൗലിദുന്നബി, പേജ് 29,30).
6- ''അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.'' (ഐ.എസ്.എം. ലഘുലേഖ).
7- ''ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബി(സ)യോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.
മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.'' (ഇസ്‌ലാഹ്, 2007 മാര്‍ച്ച്).
ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം.
1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.
2- പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോശകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.
3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).
4- മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.
5- മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.
6- ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.
7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.
8- ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.
9- ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.
10- നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനമാണുള്ളത്.
11- ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.
12- മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.
കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിര്‍ക്കും, ബിദ്അത്തുമൊക്കെ 'ഗ്യാലന്‍' കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. അതിന്നൊക്കെ പ്രത്യേകം ഏല്‍പിക്കപ്പെട്ടവരാണല്ലോ ഇവറ്റകള്‍.
എന്നാല്‍ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആര്‍ക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദര്‍ഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലന്‍മാരുമായ മുന്‍ഗാമികള്‍ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം. അഥവാ അവരുടെ 'ഖദീമായ' ഖൗലുകള്‍ നമുക്ക് പുനര്‍വായനക്ക് വിധേയമാക്കാം.
1 ''പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ (വഹാബികളല്ല- ലേഖ.) ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.''
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)
2- ''..... ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ''നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്'' ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം....''
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).
3- ''ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ''ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല'' എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ''റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ''അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.''
(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).
4- ''ഇവിടെ ഒരു സംഗതി പ്രത്യേകം  പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?
ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?.....''ഫവലദത്തിന്നബിയ്യി''(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.''
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).
5- ''ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).
6 ''ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്''
(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്. നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.
1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാനം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- 'ഫവലദത്തിന്നബിയ്യി' എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.
ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?
ആരാണ് ശിര്‍ക്ക് ചെയ്തവര്‍?
ആരാണ് ബിദ്അത്തിന് നേതൃത്വം നല്‍കിയവര്‍?
ആരാണ് പുരോഹിതന്‍മാര്‍?
ആരാണ് തീറ്റക്കൊതിയന്‍മാര്‍?
ആരാണ് നരകത്തില്‍ പോകാനര്‍ഹന്‍?
ആര്‍ക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്?
മാന്യവായനക്കാര്‍ ചിന്തിക്കൂ...!
ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ 'അനാക്രോണുകളും' അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം 'പിതാക്കള്‍ക്ക'ല്ലേ? അങ്ങനെവരുമ്പോള്‍ സ്വന്തം ജനയിതാക്കളെ പുരോഹിതന്‍മാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരന്‍മാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള 'മഹാഭാഗ്യം' വഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. അതുപോലെ തന്നെ, മൗലീദും നബിദിനാഘോഷവും നടത്താത്തവര്‍ പടച്ചവനെ പേടിയില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, മൗലീദില്‍ പങ്കെടുക്കാന്‍ തൗഫീഖ് ലഭിക്കാത്തവര്‍ ഭാഗ്യം കെട്ടവരാണെന്നും മറ്റും സ്ഥാപക നേതാക്കന്‍മാര്‍ പറഞ്ഞത് ആരെ ഉദ്ദേശിച്ചായിരിക്കാമെന്ന് വായനക്കാര്‍ ചിന്തിച്ചുനോക്കൂ! തങ്ങള്‍ക്ക് തിരുത്തുമായി തങ്ങളുടെ കൊച്ചനുയായികള്‍ വരുമെന്ന് കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തോന്നലുണ്ടായതു കൊണ്ടായിരിക്കുമല്ലോ അവരന്നു തന്നെ ഇങ്ങനെയൊക്കെ രേഖപ്പെടുത്തിവെച്ചത്!
ഏതായാലും, അനുയായികളെ പിഴപ്പിച്ച ശേഷം നേതാക്കളും നേതാക്കളെ പിന്‍പറ്റിയ അനുയായികളും പരലോകത്ത് വെച്ച് തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
ഇവര്‍ ഇവിടെ നിന്ന് തന്നെ 'തല്ല്' തുടങ്ങിയിരിക്കുന്നു. അനുയായികളെ കുറ്റപ്പെടുത്തുന്ന നേതാക്കളും നേതാക്കളെ വഴിപിഴച്ചവരാക്കി ചിത്രീകരിക്കുന്ന അനുയായികളും? ഇങ്ങനെയൊരു നേതൃത്വവും അനുയായി വൃന്ദവും വഹാബികളിലല്ലാതെ ലോകത്തെവിടെയെങ്കിലും കാണാനൊക്കുമോ?
ഇപ്പോള്‍ ചില പയ്യന്‍മാര്‍ നേതാക്കള്‍ അന്ന് പറഞ്ഞതൊക്കെ 'ഇടക്കാല ധാരണകളായിരുന്നു'വെന്ന 'കൊഴുപ്പന്‍' മറുപടിയാണ് പറയുന്നത്?
എന്നാല്‍ വഹാബികളുടെ ഒടുക്കത്തെ ധാരണയനുസരിച്ച് 2001 ജൂണ്‍ 4ന് മുമ്പ് മരിച്ചുപോയവരൊക്കെ തൗഹീദ് പൂര്‍ണ്ണമാകാതെയാണ് മരിച്ചുപോയിട്ടുള്ളത്. 2001 ജൂണ്‍ 4ന് ചേര്‍ന്ന കെ.ജെ.യു യോഗ തീരുമാനങ്ങള്‍ പേജ്-11 നോക്കുക.
കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തെറ്റ് പറ്റിയെന്നും ഇടക്കാല ധാരണയായിരുന്നുവെന്നും പറയുന്നത് കെ.എം. മൗലവിയല്ല, ചില കുട്ടിമൗലവിമാരാണ്. പിന്‍ഗാമികള്‍ തിരുത്തിയതെങ്ങനെ മരിച്ചുപോയവരുടെ അഭിപ്രായമാവുക?
അല്ലെങ്കിലും ചിത്തരോഗി ഗര്‍ഭംധരിച്ചതുപോലെ എന്തൊക്കെയാണ് പറയുന്നതെന്ന് ഒരു ദിശാബോധവുമില്ല. ഇപ്പോള്‍ തിരുത്തിയോ, ഇല്ലെയോ എന്നതില്‍ പോലും തര്‍ക്കത്തിലാണ്. ഈ രണ്ട് പ്രസ്താവനകള്‍ കൂടി ശ്രദ്ധിച്ചു നോക്കുക.
1- ''നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയുമടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണ് ഈ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.'' (എറണാകുളം സമ്മേളന സുവനീര്‍, പേജ് 54).
2- ''അപ്പപ്പോള്‍ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തില്‍ നമ്മുടെ തെറ്റായ ധാരണകളെ നാം തിരുത്തി. പിന്നീട് കൂടുതല്‍ പ്രബലവും വ്യക്തവുമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ നമ്മുടെ ചില ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.''
(കെ.എന്‍.എം. പ്രബന്ധം, പേജ് 5).
ഇപ്പോള്‍ വഹാബികള്‍ ജിന്നുകള്‍ക്കും, ശൈത്വാന്‍മാര്‍ക്കും കൂടി നില്‍ക്കപ്പൊറുതി കൊടുക്കാതെ അവയെല്ലാം ആട്ടിപ്പിടിച്ചു കോഹിനൂരിലെ സ്ഥാപനത്തില്‍ കൊണ്ടുപോയി ഗവേഷണത്തിന് വിധേയരാക്കി പരിശോധിച്ചുവിടുകയാണ്. പരിശോധനാഫലവും പുറത്തുവന്നു കൊണ്ടിരിക്കുന്നു. അഥവാ- അദൃശ്യ സൃഷ്ടികളായ ജിന്ന്, ശൈത്വാന്‍മാരില്‍ നിന്ന് ഗുണവും ദോഷവും ഉണ്ടാകാം എന്നതത്രെ ഗവേഷണ ഫലം! അപ്പോള്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് മറഞ്ഞ വഴിക്ക് ഗുണവും ദോഷവും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതിനാല്‍ വഹാബികളുടെ നിലവിലുള്ള തൗഹീദിന്റെ നിര്‍വചനം പൊളിച്ചെഴുതാന്‍ സമയമായിരിക്കുന്നു.
ഇതുവരെ പറഞ്ഞിരുന്ന തൗഹീദ് നിര്‍വചനം ഇടക്കാല ധാരണയാണെന്നും ഒടുക്കത്തെ ധാരണ ഇന്നതാണെന്നും, ഇനിയും ഇടയില്‍ പല ധാരണകളും കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും തീരുമാനിത്തിലെത്തി പുരോഹിത സഭയെ കൊണ്ട് ഒപ്പ് വെപ്പിക്കാന്‍ വൈകിക്കൂടാ!
വല്ലാത്തൊരു ഊമ്! എന്ത് തോന്നിവാസവും ഖുര്‍ആനിന്റെയും ഹദീസിന്റെയും പേരില്‍ വെച്ചുകെട്ടാന്‍ തൊലിക്കട്ടിയുള്ള നേതൃത്വവും കണ്ണും ചിമ്മി വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന അനുയായികളും.
കേരള വഹാബീ ചരിത്രത്തില്‍ ഇങ്ങനെയൊരു കാലഘട്ടം മുമ്പുണ്ടായിട്ടുണ്ടോ?
(സുന്നി അഫ്കാര്‍  വാരിക, ഫെബ്രുവരി, 12, 2007, സുന്നി മഹല്‍, മലപ്പുറം)



പ്രാമാണിക ഹദീസ്ഗ്രന്ഥങ്ങള്‍

പ്രാമാണിക ഹദീസ്ഗ്രന്ഥങ്ങള്‍
ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി

മുസ്‌ലിം ലോകം പ്രാമാണികമായി അംഗീകരിക്കുന്ന ഒരുപാട് ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അസ്സ്വിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന ആറു ഗ്രന്ഥങ്ങളാണ് ഇതില്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ചത്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സുനനു അബീദാവൂദ്, ജാമിഉത്തിര്‍മിദി, സുനനു നസാഈ, സുനനു ഇബ്‌നുമാജ: എന്നിവയാണിവ. കൂടാതെ പ്രാമാണികമായി അംഗീകരിക്കുന്ന ദാറഖുഥ്‌നി, മുസ്തദ്‌റക്, മുവഥ്ഥ തുടങ്ങിയ ഗ്രന്ഥങ്ങള്‍ വേറെയും.
സ്വഹീഹുല്‍ ബുഖാരി
'അല്‍ജാമിഉ സ്സ്വഹീഹുല്‍ മുസ്‌നദ് ബിന്‍ ഹദീസി റസൂലില്ലാഹി(സ) വസുനനിഹി വ അയ്യാമിഹീ' എന്നാണ് ഗ്രത്തിന്റെ മുഴുവന്‍ പേര്. അബൂഅബ്ദുല്ല മുഹമ്മദ്ബ്‌നു ഇസ്മാഈലിബ്‌നി ഇബ്രാഹീമിബ്‌നി അല്‍ മുഗീറ ഇബ്‌നി ബര്‍ദിസ്ബ അല്‍ജുഅ്ഫി അല്‍ ബുഖാരി (ഹി. 194-250) ആണ് ഈ ക്രോഡീകരണം നടത്തിയത്. ആറു ലക്ഷം ഹദീസുകളില്‍നിന്ന് സ്വഹീഹാണെന്നു തനിക്ക് ബോധ്യപ്പെട്ടവ മാത്രമാണ് ഇതിലുള്ളത്. മൊത്തം പതിനാറ് വര്‍ഷത്തെ അധ്വാനഫലമാണ് ഈ ക്രോഡീകരണം. ഓരോ ഹദീസ് രേഖപ്പെടുത്തുമ്പോഴും വുദു ചെയ്ത്, രണ്ട് റക്അത്ത് നന്മ തേടി നിസ്‌കരിച്ച് അത് സ്വഹീഹാണെന്ന് സമ്പൂര്‍ണമായും ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് ചരിത്രം.
ബുഖാരിയിലെ ഹദീസുകളുടെ എണ്ണത്തെക്കുറിച്ച് പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, ഫത്ഹുല്‍ ബാരിയുടെ ആമുഖത്തില്‍ ഇമാം ഇബ്‌നു ഹജറില്‍ അത്ഖലാനീ രേഖപ്പെടുത്തിയത് ഇതില്‍ പ്രബലമായതെന്ന് പറയപ്പെടുന്നു. 7275 ഹദീസുകളാണ് ആവര്‍ത്തനങ്ങളടക്കം ഗ്രന്ഥത്തിലുള്ളതെന്നും ആവര്‍ത്തനം ഒഴിവാക്കിയാല്‍ നാലായിരം ഹദീസുകളാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പല പണ്ഡിതന്‍മാരും ഹദീസുകള്‍ ക്രോഡീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ സ്വഹീഹായവയും അല്ലാത്തവയും കടന്നുകൂടിയെന്നും അതിനാലാണ് സ്വഹീഹുകള്‍ മാത്രം ക്രോഡീകരിക്കാന്‍ തീരുമാനിച്ചതെന്നും ഇമാം ബുഖാരി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം പത്തൊമ്പത് നുസ്ഖകളും പ്രചുരപ്രചാരം നേടിയ അഞ്ചു ശാഹുകളും ഇതിനുണ്ട്.
സ്വഹീഹു മുസ്‌ലിം
അബുല്‍ ഹുസൈന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജി അല്‍ ഖുശൈരി അന്നൈസാബൂരി (ഹി. 204-261) യുടെ ഹദീസ് സമാഹാരമാണിത്. നീണ്ട പതിനഞ്ചു വര്‍ഷമാണ് ഇതിനായി അദ്ദേഹം ചെലവഴിച്ചത്. പ്രത്യേകമായ തലക്കെട്ടുകളില്ലാതെയാണ് ഇതിന്റെ ഘടന. പില്‍ക്കാലത്ത് വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമെഴുതിയ പണ്ഡിതന്‍മാരാണ് തലക്കെട്ടുകള്‍ നല്‍കിയത്. പന്ത്രണ്ടായിരം ഹദീസുകളുണ്ടെന്ന് കണക്കാക്കുന്നു. ഇമാം നവവി(റ)യുടെ ശറഹുമുസ്‌ലിം ഏറെ പ്രസിദ്ധമായ വ്യാഖ്യാനമാണ്.
സുനനു അബീദാവൂദ്
അബൂദാവൂദ് സുലൈമാനുബ്‌നു അല്‍ അശ്അസ്ബ്ന്‍ ബശീര്‍ ബ്ന്‍ ശദ്ദാദ് ബിന്‍ ഉമര്‍ ഇബ്‌നി ഇംറാന്‍ അല്‍ അസ്ദീ അസ്സിജിസ്താനീ (ഹി. 202-275) ആണ് ഈ ക്രോഡീകരണത്തിന്റെ കര്‍ത്താവ്. അഞ്ചു ലക്ഷം ഹദീസുകളില്‍ നിന്ന് നാലായിരത്തി എണ്ണൂറ് ഹദീസുകളെയാണ് ഇതില്‍ തെരഞ്ഞെടുത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇമാം സുയൂഥി(റ)യുടെ മിര്‍ഖാതുസ്സ്വുഊദ് ഇലാ സുനനി അബീദാവൂദ്, ഖഥാബി(റ)യുടെ മആലിമുസ്സുനന്‍, ഹാഫിസ് ഇബ്‌നു ഖയ്യിമിന്റെ ശാഹ്, ഇമാം നവവി(റ)യുടെ പൂര്‍ത്തിയാവാത്ത ശറഫ് എന്നിവയെല്ലാം സുനനു അബീദാവൂദിന്റെ വ്യാഖ്യാനങ്ങളാണ്.
ജാമിഉത്തിര്‍മിദി
അല്‍ഇമാം അബൂഈസ മുഹമ്മദ് ബിന്‍ ഈസ ബ്‌നി സൗറബ്‌നി മൂസ അത്തിര്‍മിദി (ഹി. 209-279) യുടെ ക്രോഡീകരണമാണിത്. ഹദീസുകള്‍ക്ക് ശേഷം അതിന്റെ  ഇനങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണിതിന്റെ പ്രത്യേകത. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ഇബ്‌നി അബ്ദുല്‍റഹീം അല്‍മുബാറക് ഫൂരിയുടെ തുഹ്ഫതുല്‍അഹ്‌വദിയാണ് അറിയപ്പെടുന്ന ഒരു ശറഹ്.
സുനനുന്നസാഈ
അബൂഅബ്ദിര്‍റഹ്മാന്‍ അഹ്മദുബ്‌നു ശുഐബ് ബിനി അലിയ്യിബ്‌നി സിനാനിബ്‌നി ബഹ്ര്‍ ബ്‌നി ദീനാര്‍  അല്‍ഖുറാസാനീ അന്നസാഈ (റ)യുടെ ക്രോഡീകരണമാണ് സുനനുന്നസാഈ. ഹിജ്‌റ 214 ലോ 215-ലോ ആണ് മഹാനവര്‍കളുടെ ജനനം. ഹി. 303ല്‍ വഫാതായി. തന്റെ സുനനുസ്സ്വുഗ്‌റയും സുനനുല്‍ കുബ്‌റയും പ്രസിദ്ധമാണ്. സനനുസ്സ്വുഗ്‌റയാണ് സ്വിഹാഹുസ്സിത്തയില്‍ എണ്ണപ്പെടുന്നത്. അല്‍മുജ്തബാ എന്നും അല്‍ മുജ്തനാ എന്നും ഇതിനു പേരുണ്ട്.
സുനനു ഇബ്‌നിമാജ:
അബൂ അബ്ദിശ മുഹമ്മദ്ബ്‌നു യസീദി ബ്‌നി മാജ അല്‍ ഖസ്‌വീതി (ഹി. 209-273) യുടേതാണ് ഈ ക്രോഡീകരണം. മാജ: എന്ന പേര് തന്റെ പിതാവ് യസീദിന്റേതാണെന്നും മാതാവിന്റേതാണെന്നും അഭിപ്രായമുണ്ട്. മഹാനായ മുഹമ്മദ് ബ്ന്‍ ഥാഹിര്‍ അല്‍മഖ് ദാസിയാണ് ഇതിനെ സ്വിഹാഹുസ്സിത്തയില്‍ എണ്ണിയത്. തല്‍സ്ഥാനത്ത് ഇമാം മാലികി (റ)ന്റെ മുവഥ്ഥയെ പരിഗണിക്കുന്നവരുമുണ്ട്. മിസ്വ്ബാഹുസ്സുജാജ അലാ സുനനി ഇബ്‌നു മാജ എന്ന പേരില്‍ ഇമാം സുയൂഥി (റ) ഒരു വ്യാഖ്യാനം തയ്യാറാക്കിയിട്ടുണ്ട്.
മുവഥ്ഥ്വ
മാലിക്ബ്‌നു അനസിബ്‌നി മാലിക് ബ്‌നി അബീ ആമിര്‍ (ഹി. 93-179) ന്റേതാണ് പ്രസ്തുത ഗ്രന്ഥം. ലക്ഷണമൊത്ത ആദ്യത്തെ ഹദീസ് ഗ്രന്ഥമാണിതെന്ന സവിശേഷത ഇതിനുണ്ട്. 'മാലികിന്റെ ഗ്രന്ഥത്തെക്കാള്‍ പ്രബലമായ മറ്റൊന്നും ഭൂലോകത്തില്ല' എന്ന് ഇമാം ശാഫിഈ(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും ക്രോഡീകൃതമാവുന്നതിന് മുമ്പാണ് ഈ അഭിപ്രായപ്രകടനമെന്നത് ശ്രദ്ധേയമാണ്. 'ഔജസുല്‍ മസാലിക്' ഇതിന്റെ  ശറഹുകളില്‍ മുഖ്യമായതാണ്.
സുനനുദാരിമി
അബ്ദുല്ലാഹിബ്‌നു അബ്ദിര്‍റഹ്മാനിബ്‌നി ഫദ്‌ലി ബ്‌നി ബഹ്‌റാം (ഹി. 181-255) ആണ് ഈ സുനനിന്റെ കര്‍ത്താവ്. ബുഖാരിയൊഴികെ മറ്റു സ്വിഹാഹുകള്‍ക്കും മുമ്പാണ് ഇത് പിറവിയെടുത്തത്.
മുസ്‌നദ് അഹ്മദ്
ഇമാം അഹ്മദുബ്‌നു ഹന്‍ബലി (ഹി. 164-241) ന്റേതാണ് ഈ ക്രോഡീകരണം. തന്റെ വഫാതിനു ശേഷം പുത്രന്‍ അബ്ദുല്ലയാണ് ഇന്നു കാണുന്ന രീതിയില്‍ മുസ്‌നദ് അഹ്മദ് അവരിപ്പിച്ചത്.
മുസ്തദ്‌റക്
അല്‍ ഹാകിം അബൂ അബ്ദില്ല മുഹമ്മദ് ബ്‌നി അബ്ദുല്ലബ്‌നി മുഹമ്മദ് (ഹി. 321- 405) ന്റേതാണീ ഗ്രന്ഥം. 'അല്‍മുസ്തദ്‌റകു അലസ്സ്വഹീഹൈന്‍' എന്ന അതിന്റെ നാമം കുറിക്കുന്ന പോലെ, ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടാത്ത, എന്നാല്‍ ഉള്‍പ്പെടുത്താവുന്ന ഹദീസുകളുടെ ക്രോഡീകരണമാണിത്.
ബൈഹഖി, ഥബ്‌റാനി, ബസ്സാര്‍, ദാറഖുഥ്‌നി തുടങ്ങിയ മറ്റനേകം പ്രാമാണിക ഹദീസ് ക്രോഡീകരണങ്ങളും ഉണ്ട്. സ്വിഹാഹുകളില്‍ ചിലത് ഇവയാണ്:
1- സ്വഹീഹു ബ്‌നു ഖുസൈമ.
(അബൂബക്‌റ് ബ്‌നു മുഹമ്മദ് ബ്‌നു ഇസ്ഹാഖ് ബ്‌നു ഖുസൈമ. ഹി. 223-311).
2- സ്വഹീഹു ബ്‌നു ഹിബ്ബാന്‍: (അബൂഹാതിം മുഹമ്മദ്ബ്‌നി ഹിബ്ബാനിബ്‌നി അഹ്മദ് ബ്‌നി ഹിബ്ബാന്‍ -വ. 354 ഹി.).
3- സ്വഹീഹു അബീ അവാന: (യഅഖൂബ് ബ്‌നി ഇസ്ഹാഖ് ബ്‌നി ഇബ്രാഹീമബ്‌നി യസീദ് അല്‍ ഇവ്ഫറായനി -വ. 316).
4- സ്വഹീഹുബ്‌നിസ്സകന്‍ (അബൂ അലി സഈദുബ്‌നു ഉസ്മാന്‍, 194-353 ഹി.).
5- സ്വഹീഹുല്‍ ഇസ്മാഈലീ (അബൂബക്ര്‍ അഹ്മദ് ബ്ന്‍ ഇബ്രാഹീമിബ്‌നി ഇസ്മാഈല്‍ അല്‍ ജുര്‍ജാനി, ഹി. 277-371).
6- അല്‍മുഖ്താറ -സിയാഉദ്ദീന്‍ മുഹമ്മദ് ബ്‌നി അബ്ദില്‍ വാഹിദ് അല്‍ മഖ്ദസി (596-643).
സ്വഹീഹാനിയും വിമര്‍ശകരും
സ്വഹീഹുല്‍ ബുഖാരിയെയും സ്വഹീഹു മുസ്‌ലിമിനെയും കുറിച്ച് സ്വഹീഹാനി എന്നു പറയുന്നു. ഹദീസില്‍ 'ശൈഖാനി' (രണ്ടു ഗുരുക്കള്‍) എന്നു പരിചയപ്പെടുത്തുന്നതും ഇമാം ബുഖാരിയെയും ഇമാം മുസ്‌ലിമിനെയുമാണ്. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വഹീഹായ ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയാണ് എന്ന് മുസ്‌ലിം ലോകം അംഗീകരിച്ച വസ്തുതയാണ്. ഒരു പക്ഷേ, സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം പോലുള്ള ഗ്രന്ഥങ്ങില്ലായിരുന്നെങ്കില്‍ ഹദീസുകള്‍ക്ക് ഇത്രത്തോളം പ്രാമാണികത കല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ഹദീസിന്റെ സംരക്ഷണം അല്ലാഹു നിര്‍വഹിച്ചത് ഇത്തരം മഹാരഥന്‍മാരിലൂടെയാണ്. സ്വഹീഹുല്‍ ബുഖാരിയെ മുസ്‌ലിമിനെക്കാള്‍ പ്രബലമാക്കുന്ന ഘടകങ്ങള്‍ ഇവയാണ്.
1- നിവേദക ശൃംഖല മുഴുവന്‍ മുത്തസ്വില്‍ ആണ്.
2- ബുഖാരിയിലെ ഹദീസുകള്‍ മുഴുവനും ഇല്ലത്തി (ഹദീസിന്റെ സാധുതയെ ബാധിക്കുന്ന കാര്യങ്ങള്‍) ല്‍ നിന്ന് മുക്തമാണ്.
3- നിവേദകന്‍മാര്‍ അതിവിശ്വസ്തര്‍ (സിഖാത്) ആണ്.
എന്നാല്‍ ഗ്രന്ഥത്തിന്റെ രൂപീകരണത്തിലും ഘടനയിലും സ്വഹീഹുല്‍ ബുഖാരിയേക്കാള്‍ സ്വഹീഹു മുസ്‌ലിം മുന്നിട്ടു നില്‍ക്കുന്നു. മുവഥ്ഥ്വയില്‍ നിവേദക ശൃംഖലയിലെ നിവേദകന്‍മാര്‍ കുറവാണെന്ന കാരണത്താല്‍ ഈ രണ്ടു ഗ്രന്ഥങ്ങളുടെ സമാനമായി മുവഥ്ഥ്വയെ എണ്ണുന്നവരുമുണ്ട്.
ബുഖാരിയും മുസ്‌ലിമും സംയോജിതമായി നിവേദനം ചെയ്ത ഹദീസുകളാണ് ഏറ്റവും പ്രബലമായി കണക്കാക്കുന്നത്. 2326 ഹദീസുകളാണ് ഇങ്ങനെ സംയോജിച്ച് നിവേദനം ചെയ്യപ്പെട്ടവ. ഇതു കഴിഞ്ഞാല്‍ പിന്നെ ബുഖാരി മാത്രം നിവേദനം ചെയ്ത ഹദീസുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. ഇതിനു ശേഷമാണ് മുസ്‌ലിം(റ) മാത്രം നിവേദനം ചെയ്ത ഹദീസിന്റെ സ്ഥാനം. ബുഖാരിയുടെയും മുസ്‌ലിമിന്റെയും വ്യവസ്ഥകള്‍ക്കനുസൃതമായി മറ്റു പണ്ഡിതന്‍മാര്‍ ഉദ്ധരിച്ചവ, ബുഖാരിയുടെ മാത്രം വ്യവസ്ഥയില്‍ നിവേദനം ചെയ്യപ്പെട്ടവ, മറ്റുള്ള പണ്ഡിതന്‍മാര്‍ സ്വന്തം വ്യവസ്ഥക്കനുസൃതമായി സ്വഹീഹായിപ്പറഞ്ഞവ എന്നിങ്ങനെയാണ് പിന്നീടുള്ള മുന്‍ഗണനാ ക്രമം.
ലോകത്തുള്ള സര്‍വസ്വഹീഹായ ഹദീസുകളും ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടില്ല. എന്നാല്‍, ബുഖാരിയും മുസ്‌ലിമും സ്വീകരിച്ച കണിശമായ വ്യവസ്ഥക്കനുസൃതമായി തെരഞ്ഞെടുത്ത ഹദീസുകള്‍ മാത്രമേ അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. അതുകൊണ്ട് തന്നെ സ്വഹീഹാനി നിവേദനം ചെയ്തവ മാത്രമേ സ്വഹീഹായ ഹദീസാവുകയുള്ളൂ എന്നും വാദിക്കാനാവില്ല. ശൈഖാനിയുടെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമായതിനാല്‍ സ്വഹീഹാനിക്ക് കൂടുതല്‍ സ്ഥാനം നല്‍കുന്നു എന്നു മാത്രം.
പൂര്‍വ്വീകന്‍മാരായ ചില ഹദീസ് പണ്ഡിതന്‍മാര്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ചില ഹദീസുകളില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ വിമര്‍ശനമായി വിലയിരുത്തുന്നത് തന്നെ അപരാധമാണ്. ശൈഖാനി സ്വീകരിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് ഇവ സ്വഹീഹൈനിയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ല എന്ന രീതിയിലാണ് ചില അഭിപ്രായപ്രകടനങ്ങള്‍. എന്നാല്‍ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്‍മാര്‍ നിര്‍വചിച്ച 'സ്വഹീഹ്' എന്ന വിഭാഗത്തില്‍ ഈ ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ദാറുഖുഥ്‌നി(റ) യെപ്പോലുള്ള ഈ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ പൊക്കിപ്പിടിച്ച് ബുഖാരിയെയും മുസ്‌ലിമിനെയും വിമര്‍ശിക്കാനും, അതിന്റെ പ്രാമാണികതയില്‍ സംശയം ജനിപ്പിക്കാനും ചിലര്‍ കരുതിക്കൂട്ടി ചെയ്യുന്ന വേണ്ടാത്തരമായിക്കാണുകയാണ് വേണ്ടത്.
മൊത്തം ഇരുന്നൂറ്റിപ്പത്ത് (210) ഹദീസുകളിലാണ് ഇങ്ങനെ അഭിപ്രായാന്തരം വന്നിട്ടുള്ളത്. അവയില്‍ മുപ്പത്തിരണ്ടെണ്ണം ബുഖാരിയും മുസ്‌ലിമും യോജിച്ച് റിപ്പോര്‍ട്ട് ചെയ്തവയാണ്. എഴുപത്തിയെട്ട് ഹദീസുകള്‍ ബുഖാരിയും ബാക്കി വന്ന നൂറ് ഹദീസുകള്‍ മുസ്‌ലിം തനിച്ചും നിവേദനം ചെയ്തിരിക്കുന്നു. ബുഖാരിയിലെ ഇത്തരം ഹദീസുകള്‍ക്ക്, ഫത്ഹുല്‍ ബാരിയുടെ ആമുഖത്തില്‍ ഇമാം ഇബ്‌നു ഹജറില്‍ അസ്ഖലാനി മറുപടി പറയുന്നുണ്ട്. മുസ്‌ലിമിലേതിന് ശറഹു മുസ്‌ലിമില്‍ ഇമാം നവവി(റ)യും മറുപടി പറഞ്ഞിട്ടുണ്ട്.
സത്യത്തില്‍, ഈ ഹദീസുകളില്‍ വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഹദീസിന്റെ സാധുതയെ ബാധിക്കുന്നവയല്ല. ഈ ഹദീസുകള്‍ മുന്നില്‍ വെച്ച്, ബുഖാരിയിലും  മുസ്‌ലിമിലും പ്രബലമല്ലാത്ത ഹദീസുകളുണ്ട് എന്നു വാദിക്കാനാവില്ല. പ്രവാചകര്‍(സ) പ്രസ്തുത വചനങ്ങള്‍ മൊഴിഞ്ഞിട്ടില്ല എന്നും പറയാനാവില്ല. പിന്നെ, ഖുര്‍ആനിന്റെയോ അംഗീകരിക്കപ്പെട്ട പൊതുമത നിയമത്തിന്റെയോ ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നു വന്നാല്‍ അവ വ്യാഖ്യാനം അര്‍ഹിക്കുന്നുണ്ട്.
ഉദാഹരണത്തിന്, ബുഖാരിയിലെ 205-ാം നമ്പര്‍ ഹദീസ്, വുദു എടുക്കുമ്പോള്‍ നബി(സ) തലപ്പാവിന്‍മേല്‍ തടവി എന്നാണ് ഹദീസിലുള്ളത്. ഖുര്‍ആനില്‍ 'നിങ്ങള്‍ തല തടവുകയും ചെയ്യുക' (മാഇദ) എന്ന് വ്യക്തമായിപ്പറഞ്ഞതാണ്. അപ്പോള്‍ പ്രസ്തുത ഹദീസിനെ വ്യാഖ്യാനിക്കേണ്ടതായി വരുന്നു. തലയില്‍ നിന്ന് അല്‍പം തടവിയതിന് ശേഷം ബാക്കി തലപ്പാവില്‍ പൂര്‍ത്തിയാക്കിത്തടവുകയാണ് നബി(സ) ചെയ്തത് എന്ന് പണ്ഡിതന്‍മാര്‍ വ്യാഖ്യാനിക്കുന്നു. ഇത് കര്‍മശാസ്ത്ര സരണികള്‍ അംഗീകരിച്ച കാര്യമാണ്.
ഇങ്ങനെ വ്യാഖ്യാനിക്കേണ്ടിവന്നത് ബുഖാരിയില്‍ പ്രബലമല്ലാത്ത ഹദീസ് വന്നുചേര്‍ന്നു എന്നതിനാലല്ല. ഈ സംഭവം നിവേദനം ചെയ്ത സ്വഹാബി 'തലപ്പാവില്‍ തടവി' എന്ന ആശയം തന്റെ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുകയും പ്രസ്തുത സംഭവം കണ്ണിമുറിയാതെ ബുഖാരി വരെ എത്തുകയും, തന്റെ വ്യവസ്ഥക്കനുസരിച്ച് സ്വഹീഹാണെന്നു വന്നപ്പോള്‍ ബുഖാരി(റ) സംഭവം രേഖപ്പെടുത്തുകയും ചെയ്തു. പിന്നെ വ്യാഖ്യാനിക്കേണ്ടവരും മറുവിധി പുറത്തെടുക്കേണ്ടവരും പണ്ഡിതന്‍മാരാണ്. അതവര്‍ നിര്‍വഹിക്കുകയും ചെയ്യും.
ഇത്തരം ഹദീസുകള്‍ മാത്രം ഉദ്ധരിച്ച് ബുഖാരിയെയും മുസ്‌ലിമിനെയും ചിലയാളുകള്‍ ബോധപൂര്‍വം വിമര്‍ശിക്കുന്നുണ്ട്. ഉല്‍പതിഷ്ണുക്കളായ ഇത്തരം ആളുകള്‍ തങ്ങളുടെ വാദഗതികള്‍ സ്ഥാപിക്കാന്‍ വേണ്ടി, സ്വഹീഹൈനിയില്‍ ബലഹീനവും തെളിവിനു കൊള്ളാത്തവയുമായ ഹദീസുകളുണ്ടെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് അവരിതുകൊണ്ട് ലക്ഷ്യമാക്കുന്നത്. മേല്‍പറയപ്പെട്ട ഇരുന്നൂറ്റിപ്പത്ത് ഹദീസുകള്‍ക്കുമപ്പുറം അവരുടെ വിമര്‍ശനങ്ങള്‍ കടന്നു ചെല്ലുമ്പോള്‍ ഇത് ദുരുദ്ദേശ്യപരമാണെന്നു പറയാതെ നിര്‍വാഹമില്ല. ഈയടുത്തിറങ്ങിയ ഒരു ഹദീസ് പതിപ്പില്‍ 'വിമര്‍ശനവിധേയമായ ഹദീസുകള്‍ ബുഖാരിയിലും മുസ്‌ലിമിലും' എന്ന തലക്കെട്ടില്‍ ഒരു ലേഖനം തന്നെ കാണാം. പൊതുജനങ്ങളുടെ മുന്നില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നത്, പ്രത്യേകിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാതിരിക്കുമ്പോള്‍, ഒരു ഗുണവും ചെയ്യില്ല എന്ന തിരിച്ചറിവെങ്കിലും ലേഖകനു ഉണ്ടാകണമായിരുന്നു.
ഹദീസ് ഖുദ്‌സി, ഹദീസ് സാങ്കേതിക ശാസ്ത്രം തുടങ്ങി ഒട്ടനേകം വിഷയങ്ങള്‍ ഇനിയും പ്രതിപാദിക്കാനുണ്ട്. ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ- ഇന്ന് ലഭ്യമായ ഹദീസുകള്‍ ലക്ഷോപലക്ഷം ഹദീസുകളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ്. എങ്കില്‍, ലഭ്യമല്ലാത്ത ഹദീസുകള്‍ എത്രമാത്രം ഉണ്ടായിരിക്കും. നമ്മുടെ അനുഷ്ഠാനങ്ങള്‍ക്കും ആരധനാ രീതികള്‍ക്കും നാം അവലംബിക്കുന്ന  ഹദീസുകള്‍ ഇന്ന് ലിഖിതമായിക്കിടക്കുന്നവയാണ്. അവയെ ഇനിയും തലനാരിഴ കീറി പരിശോധിച്ച്, അനുവര്‍ത്തിച്ചു വരുന്ന കാര്യങ്ങളെ വിമര്‍ശിക്കുന്നത് മുസ്‌ലിം സമുദായത്തിന് എങ്ങനെ ഗുണം ചെയ്യും?
(സുന്നിഅഫ്കാര്‍ വാരിക, ഫെബ്രുവരി 12, 2007, സുന്നി മഹല്‍, മലപ്പുറം)

Friday, January 27, 2012

ഹദീസ്: പ്രമാണം, ക്രോഡീകരണം

ഹദീസ്: പ്രമാണം, ക്രോഡീകരണം
ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി

ഇസ്‌ലാമിക നിയമനിര്‍മാണത്തിന് മുഖ്യമായും നാലു പ്രമാണങ്ങളാണുള്ളത്- ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവ. ഈ നാലു പ്രമാണങ്ങളിലൂടെയാണ് ഇസ്‌ലാമിലെ കര്‍മശാസ്ത്ര ആചാരാനുഷ്ഠാന- വിശ്വാസ- ആദ്ധ്യാത്മിക കാര്യങ്ങള്‍ പിറവിയെടുക്കുന്നത്. ഖുര്‍ആനെ കുറിച്ചും ഖുര്‍ആന്‍ശാസ്ത്രത്തെക്കുറിച്ചും ഇന്ന് കേരളത്തില്‍ ധാരാളം പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഹദീസിനെക്കുറിച്ചും ഹദീസ് ശാസ്ത്രത്തെക്കുറിച്ചുമുള്ള പഠനങ്ങള്‍ താരതമ്യേന കുറവാണ്.
എന്നാല്‍, ഈയടുത്തായി ചില കേന്ദ്രങ്ങളില്‍ നിന്ന്, ഹദീസ് പതിപ്പുകളും പഠനങ്ങളും, സ്വിഹാഹുസ്സിത്തയുടെ പരിഭാഷയും വ്യാഖ്യാനവുമെല്ലാം പുറത്തിറങ്ങുകയുണ്ടായി. ഹദീസിന്റെ പ്രാമാണികതക്കു തന്നെ വെല്ലുവിളിയാകുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങളും ശ്രദ്ധയില്‍പ്പെടുകയുണ്ടായി.
ഇത്തരുണത്തില്‍, ഹദീസ് എങ്ങനെ പ്രമാണിമായിത്തീരും എന്നതിലേക്ക് വിരല്‍ചൂണ്ടാനാണ് ഈ പഠനം കൊണ്ട് ലക്ഷ്യമിടുന്നത്. അനന്തമായി വ്യാപിച്ചു കിടക്കുന്ന വിജ്ഞാനങ്ങള്‍ മുഴുവന്‍ പകര്‍ത്തിയെടുക്കാന്‍ നമ്മുടെ തൂലികകള്‍ക്കാവില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്താണ് ഹദീസ്?
'ഹദീസ്' എന്ന പദത്തിന്റെ അര്‍ത്ഥം സംസാരം എന്നാണ്. ഇന്ന് ഈ പദം പ്രവാചക (സ)ന്റെ സംസാരത്തിനാണ് പൊതുവെ പറയപ്പെടുന്നത്. 'കലാം' എന്ന പദത്തിനും സംസാരം എന്നര്‍ത്ഥമുണ്ടെങ്കിലും ഖുര്‍ആനെ കുറിച്ചാണ് 'അല്ലാഹുവിന്റെ കലാം' എന്നു പറയുന്നത്.
സാങ്കേതികമായിപ്പറഞ്ഞാല്‍, 'ഹദീസ്' വെറും സംസാരത്തേക്കാള്‍ വിശാലമായ ഒരു ആശയത്തെയാണ് കുറിക്കുന്നത്. നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൗനസമ്മതങ്ങള്‍ എന്നിവയ്ക്കാണ് സാങ്കേതികാര്‍ത്ഥത്തില്‍ 'ഹദീസ്' എന്നു പറയുന്നത്. സൂക്ഷ്മാര്‍ത്ഥത്തില്‍ വ്യത്യാസമുണ്ടെങ്കിലും ഖബര്‍ (വാര്‍ത്ത), അഥര്‍ (ചിഹ്‌നം), സുന്നത്ത് (ചര്യ) എന്നിവയും ഹദീസിന്റെ പര്യായമായി പ്രയോഗിക്കുന്നുണ്ട്.
നബി(സ) വാചികമായിത്തന്ന സന്ദേശങ്ങളാണ് പ്രവാകന്റെ വാക്കുകള്‍ (അഖ്‌വാല്‍) കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രവാചകന്‍(സ) ചെയ്ത് മാതൃക കാണിച്ച കാര്യങ്ങളെ പ്രവാചകപ്രവൃത്തികള്‍ (അഫ്ആല്‍) എന്നും വിളിക്കുന്നു. പ്രവാചക(സ)ന്റെ മുന്നില്‍ വെച്ച് കാര്യങ്ങള്‍ പറയപ്പെടുകയോ ഒരു സംഗതി പ്രവര്‍ത്തിക്കപ്പെടുകയോ ചെയ്യുകയും പ്രവാചകന്‍(സ) അതിനെ എതിര്‍ക്കാതിരിക്കുകയും ചെയ്താല്‍ അതിനെ മൗനസമ്മതങ്ങള്‍ (തഖ്‌രീര്‍) എന്നു പറയുന്നു. ഈ മൂന്ന് കാര്യങ്ങളുമാണ് ഹദീസിന്റെ സാങ്കേതികാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നത്.
ഖുര്‍ആനും ഹദീസും
ഖുര്‍ആനിന്റെ വ്യാഖ്യാനമാണ് ഹദീസ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്.
''ജനങ്ങള്‍ക്ക്, അവരിലേക്കവതരിപ്പിക്കപ്പെട്ടതിനെ താങ്കള്‍ വിശദീകരിക്കുവാന്‍ വേണ്ടി താങ്കളിലേക്ക് നാം സദുപദേശത്തെ അവതരിപ്പിച്ചു.'' (നഹ്ല്‍ 44).
ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
* ഖുര്‍ആനിന്റെ വിശദീകരണമാണ് ഹദീസ്.
* ഖുര്‍ആന്‍ വിശദീകരിക്കേണ്ടത് പ്രവാചകരാണ്.
* നബി(സ)യുടെ വിശദീകരണം അല്ലാഹുവില്‍ നിന്ന് ലഭിച്ച ആശയങ്ങള്‍ തന്നെയാണ്.
* ഖുര്‍ആന്‍ ഏതു ജനതയ്ക്കാണോ അവതരിപ്പിച്ചത് അതേ ജനതയ്ക്കാണ് ഹദീസും.
ഖുര്‍ആന്‍ സമഗ്രമായ ഒരു ഗ്രന്ഥമാണെന്നതു കൊണ്ട് തന്നെ, അതില്‍ സര്‍വ മതവിധികളും സവിസ്തരം പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ പല വിധികളും വിലക്കുകളും സന്ദര്‍ഭാനുസാരം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഖുര്‍ആനില്‍ 'നിങ്ങള്‍ നിസ്‌കരിക്കുക' എന്ന ആശയം പലവുരു ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും നിസ്‌കാരത്തിന്റെ സമ്പൂര്‍ണമായ രീതി എവിടെയും പ്രതിപാദിച്ചുകാണുന്നില്ല.
അതിനാല്‍ നിസ്‌കാരത്തിന്റെ നാം അനുവര്‍ത്തിച്ചു വരുന്ന രീതി, പ്രവാചകന്റെ പ്രവര്‍ത്തനത്തിലൂടെ മാത്രം ലഭിച്ചതാണ്. ''ഞാന്‍ നിസ്‌കരിക്കുന്നത് നിങ്ങള്‍ ഏതു പ്രകാരമാണോ കാണുന്നത് അപ്രകാരം നിങ്ങളും നിസ്‌കരിക്കുക'' എന്നു നബി(സ) പറയുകയും കണ്ടതനുസരിച്ച് അനുയായികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ഈ പ്രവര്‍ത്തനശൃംഖല ഇന്നേവരെ തുടര്‍ന്നു വരുന്നു. അതിനിടയില്‍ നിസ്‌കാരം എങ്ങനെ നിര്‍വഹിക്കുമെന്നതിനെക്കുറിച്ച് വാചികമായ സന്ദേശവും വന്നു. ഒരു സ്വഹാബി, വളരെ ധൃതിയില്‍ വന്ന് വേണ്ടത്ര ഗൗനിക്കാതെ വുളു ചെയ്യുകയും വസ്ത്രം വലിച്ചിഴക്കുകയും ചെയ്ത് നിസ്‌കരിച്ചപ്പോള്‍, നബി (സ) ആ സ്വഹാബിയെ വിളിച്ച് നിസ്‌കാരത്തിന്റെ ഓരോ പ്രവര്‍ത്തനവും അനുക്രമമായി പറഞ്ഞു കൊടുത്ത സംഭവം നിരവധി സ്വഹാബികള്‍ നിവേദനം ചെയ്തിട്ടുണ്ട്.
ചുരുക്കത്തില്‍, ഖുര്‍ആനിന്റെ വ്യാഖ്യാനപരമായ സമ്പൂര്‍ണതയ്ക്കും ഇസ്‌ലാമിക നിയമത്തിന്റെ പരിപൂര്‍ണതയ്ക്കും ഹദീസ് അത്യന്താപേക്ഷിതമാണ്. ഖുര്‍ആനിന്റെ വിധികള്‍ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടു വന്നതും നടപ്പാക്കിയതും നബി(സ)യാണല്ലോ. അതിനാല്‍, നബി(സ) എന്തു ചെയ്താലും അത് നിയമമായി മാറുന്നു.
അല്ലാഹുവിനെ അനുസരിക്കുന്നതുപോലെ പ്രവാചകനെയും അനുസരിക്കണമെന്ന് ധാരാളം സൂക്തങ്ങളില്‍ കാണാം.

''നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, തിരുദൂതെരയും അനുസരിക്കുക; നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും (അനുസരിക്കുക). ഇനി ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ തര്‍ക്കിച്ചാല്‍ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും നിങ്ങള്‍ അതിനെ മടക്കുക.'' എന്ന ആയത്തില്‍ ഇസ്‌ലാമിന്റെ നാലു പ്രമാണങ്ങള്‍ക്കുള്ള അടിസ്ഥാനപരമായ തെളിവുണ്ട്.
''നിങ്ങള്‍ക്ക് ദൈവദൂതന്‍ കൊണ്ടുവന്നത് സ്വീകരിക്കുക; എന്തിനെ തൊട്ട് വിരോധിച്ചുവോ അതില്‍ നിന്ന് വെടിഞ്ഞു നില്‍ക്കുക'' എന്ന ഖുര്‍ആന്‍ സൂക്തത്തിലും പ്രവാചകനെ അനുസരിക്കാനുള്ള വ്യക്തമായ സന്ദേശമാണുള്ളത്.
''നബിയേ, അങ്ങ് പറയുക- നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്നെ പിന്‍പറ്റുക, എങ്കില്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും'' എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. 'നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ നല്ല മാതൃകയുണ്ട'് എന്ന ഖുര്‍ആന്‍ സൂക്തവും പ്രസിദ്ധമത്രേ.
ഹദീസ് എങ്ങനെ
പ്രമാണമാകുന്നു?

ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണ് എന്നതു പോലെ ഹദീസിന്റെ ആശയങ്ങളും അല്ലാഹുവില്‍ നിന്നുള്ളതാണ്. ദൈവികമായ സന്ദേശമാണിതെന്നതു കൊണ്ടാണ് ഹദീസ് പ്രമാണമാകുന്നത്. നബി(സ)യില്‍ മനുഷ്യത്വം, പ്രവാചകത്വം എന്നീ രണ്ടു വശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇതില്‍ പ്രവാചകത്വം എന്ന വശത്തെ പരിഗണിക്കുമ്പോഴാണ് ഹദീസ് പ്രമാണമായി മാറുന്നത്. വെറും മനുഷ്യനായതു കൊണ്ട് പ്രവാചക വചനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, ദീനിന്റെ പല വശങ്ങളും മനുഷ്യനിര്‍മിതമാണെന്നു പറയേണ്ടി വരും.
ചുരുക്കത്തില്‍, ഹദീസില്‍ നബി(സ) സ്വേഷ്ട പ്രകാരം പറയുന്നതായി ഒന്നുമില്ല. ''അവിടുന്ന്, സ്വേഷ്ടപ്രകാരം ഒന്നും പറയുന്നില്ല, അത് ദിവ്യബോധനം നല്‍കപ്പെട്ട ബോധനമല്ലാതെ അല്ല.'' (നജ്മ്- 3,4).
പല വിഷയങ്ങളോടും നബി(സ)യോട് സംശയ നിവാരണം തേടിയപ്പോള്‍, പ്രവാചകന്‍(സ) മൗനം ദീക്ഷിക്കുകയും അല്‍പസമയത്തിനു ശേഷം ചോദ്യകര്‍ത്താവിനെ തിരക്കുകയും ചോദ്യം ആവര്‍ത്തിക്കാന്‍ പറയുകയും അതിനു വ്യക്തമായ മറുപടി നല്‍കുകയും ചെയ്ത സംഭവങ്ങള്‍ ധാരാളം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത സംശയങ്ങള്‍ക്കുള്ള മറുപടി വഹ്‌യിലൂടെ പ്രതീക്ഷിക്കുകയായിരുന്നു എന്നാണ് ഈ മൗനത്തിനു കാരണമായി ഹദീസ് വ്യാഖ്യാതാക്കള്‍ പറയുന്നത്.
ഖുര്‍ആനിന്റെ വിവരണമാണ് ഹദീസ് എന്നു പറയുമ്പോള്‍, പ്രവാചകന്റെ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മൗനാനുവാദങ്ങളിലൂടെയും സൃഷ്ടിച്ച മാതൃകയാണ് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ എന്നു പറയാം. ആയിശ ബീവി (റ)യോട് പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'തങ്ങളുടെ സ്വഭാവം ഖുര്‍ആനായിരുന്നു' എന്നു മറുപടി പറഞ്ഞത് ഇതുമായി ചേര്‍ത്തു വായിക്കാം.
ഹദീസുകളും അല്ലാഹുവില്‍നിന്നുള്ള സന്ദേശങ്ങളാണെങ്കില്‍ പിന്നെ, ഖുര്‍ആനും ഹദീസും തമ്മിലുള്ള വ്യത്യാസമെന്തായിരിക്കും? പ്രധാനമായും രണ്ടു വ്യത്യാസങ്ങളാണ് എണ്ണപ്പെടുന്നത്.
ഒന്ന്: ഖുര്‍ആനിന്റെ ആശയവും വചനങ്ങളും അല്ലാഹുവില്‍ നിന്നാണ്. ഹദീസില്‍ ആശയം അല്ലാഹുവില്‍നിന്നും പദവിന്യാസം പ്രവാചകനില്‍ നിന്നുമാണ്.
രണ്ട്: ഖുര്‍ആനിന്റെ സൂക്തങ്ങള്‍ ഉരുവിടുന്നത്, അര്‍ത്ഥമറിഞ്ഞാലും ഇല്ലെങ്കിലും ആരാധനയായി (തഅബ്ബുദ്) ഗണിക്കപ്പെടുന്നു. ഖുര്‍ആനിലെ ഒരക്ഷരം ഓതിയാല്‍ പത്ത് പുണ്യം ലഭിക്കുമെന്ന് ഹദീസില്‍ തന്നെ വന്നതാണ്. ഇങ്ങനെയൊരു ആരാധനാ സ്വഭാവം ഹദീസിനില്ല.
ഹദീസ് മുഴുവന്‍ ദൈവികമാണെങ്കില്‍, അവ മുഴുവന്‍ ചോദ്യംചെയ്യാതെ അംഗീകരിക്കാന്‍ നിര്‍ബന്ധമാവും. അപ്പോള്‍ ബാഹ്യമായ പരസ്പര വൈരുദ്ധ്യമോ ആശയപരമായ പൊരുത്തക്കേടോ ഉള്ള ഹദീസുകളില്‍ എന്തെങ്കിലും ഒന്നിന് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടിവരുന്നു. അങ്ങനെയാണെങ്കില്‍ മുന്‍ഗണനയുടെ മാനദണ്ഡങ്ങള്‍ എന്തായിരിക്കും?
നിവേദക ശൃംഖലയാണ് ഇവിടെ പഠനവിധേയമാക്കുന്നത്. ഹദീസ് വിശകലനം ചെയ്യുന്ന പണ്ഡിതന്, ഏത് നിവേദകര്‍ (റുവാത്) വഴിയാണ് ഈ ഹദീസ് ലഭിച്ചതെന്ന് പരിശോധിക്കുന്നു. അതില്‍ ഏറ്റവും സ്വീകാര്യമായത് അദ്ദേഹം സ്വീകരിക്കുകയും ബാക്കിയുള്ളത് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഒരു പണ്ഡിതന്‍ തനിക്ക് കിട്ടിയ നിവേദന ശൃംഖലയാണ് അവലംബിക്കുന്നത് എന്നതിനാല്‍, ഒരാളുടെ പക്ഷത്ത് ഏറ്റവും സ്വീകാര്യമായ ഒരു ഹദീസ് തന്നെ മറ്റൊരു പണ്ഡിതന്റെയടുക്കല്‍ ഏറെ സ്വീകര്യമാകണമെന്നില്ല. ഈ രീതിയിലാണ് വളരെ ചുരുക്കിപ്പറഞ്ഞാല്‍, കര്‍മശാസ്ത്ര സരണികള്‍ വ്യത്യാസപ്പെടുന്നത്.
ഹദീസ് നിവേദകപരമ്പര പൂര്‍ണമായും സ്വീകാര്യമാണെന്നും താരതമ്യേന കുറ്റമറ്റതാണെന്നും ബോധ്യപ്പെട്ടാല്‍, പിന്നെ നിവേദിത വചനത്തില്‍ പറഞ്ഞ ഹദീസുകള്‍ യുക്തിക്ക് നിരക്കുന്നതാണെന്നോ ശാസ്ത്രീയമായി തെളിയിക്കാവുന്നതാണെന്നോ മറ്റോ നേക്കേണ്ടതില്ല. കാരണം, പ്രവാചകന്‍(സ) ആ വചനം മൊഴിഞ്ഞുവെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം തെളിഞ്ഞാല്‍ അത് മതത്തിന്റെ ഭാഗമായി. നമ്മുടെ യുക്തി അംഗീകരിക്കുന്നത് മാത്രമാണ് മതം എന്നു പറയാവതല്ലല്ലോ.
എന്നാല്‍ ഹദീസുകള്‍ സ്വീകരിക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍ ഇവിടെയും പരിഗണനീയമാണ്. ഇത്തരം ചര്‍ച്ചകള്‍ക്കായി പ്രത്യേകം രൂപപ്പെട്ട വിജ്ഞാനശാഖയാണ് ഹദീസ് സാങ്കേതിക ശാസ്ത്രം (ഇല്‍മു മുസ്ഥലഹില്‍ ഹദീസ്).
ഹദീസ് സാങ്കേതിക ശാസ്ത്രം
ഹദീസില്‍ നിന്ന് വ്യത്യസ്തമായ എന്നാല്‍ ഹദീസ് വിജ്ഞാനവുമായി അഭേദ്യമായി ബന്ധപ്പെട്ട വിജ്ഞാന ശാഖയാണ് ഹദീസ് സാങ്കേതിക ശാസ്ത്രം (ഇല്‍മു മുസ്ഥലഹില്‍ ഹദീസ്). ഖുര്‍ആനെയും വ്യാഖ്യാനങ്ങളെയും യഥാവിധി മനസ്സിലാക്കുവാന്‍ ഉലൂമുല്‍ ഖുര്‍ആന്‍ അത്യന്താപേക്ഷിതമായ പോലെ, കര്‍മശാസ്ത്രം മനസ്സിലാക്കുന്നതിന് അതിന്റെ അടിസ്ഥാന മാനകങ്ങളായ ഉസ്വൂലുല്‍ ഫിഖ്ഹ് ആവശ്യമായ പോലെ, ഹദീസില്‍ നിന്ന് വിധികള്‍ കണ്ടെത്തുന്നതിനും, കണ്ടെത്തിയ വിധികള്‍ ഏതടിസ്ഥാനത്തിലെന്നു മനസ്സിലാക്കുന്നതിനും അത്യാവശ്യമായ ഒരു വിജ്ഞാനശാഖയാണ് ഹദീസ് ശാസ്ത്രം (ഇല്‍മുല്‍ ഹദീസ്).
''നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അവസ്ഥകള്‍ എന്നിവ അറിയാനുള്ള ഒരു വിജഞാനശാഖയാണിത്'' എന്ന് 'കശ്ഫുള്ളുനൂന്‍' നിര്‍വചിക്കുന്നു. ഹദീസ് പഠനത്തിന്റെ രീതി, നിവേദന ശാസ്ത്രം, നിവേദക ശൃംഖലയുടെ വ്യവസ്ഥകള്‍, ഹദീസുകളുടെ തരംതിരിവ്, ഹദീസ് സമാഹരണം, ഏതെല്ലാം ഹദീസുകള്‍ സ്വീകാര്യമാണ് തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ ഇല്‍മുല്‍ ഹദീസ് പ്രതിപാദിക്കുന്നുണ്ട്. ഈ ശാസ്ത്രത്തെ പൊതുവേ രണ്ടായി തരംതിരിക്കാറുണ്ട്.
1. ഹദീസ് നിവേദന ശാസ്ത്രം
(ഇല്‍മു റിവായതില്‍ ഹദീസ്).
നിവേദക ശൃംഖല പ്രവാചകനില്‍ എത്തി നില്‍ക്കുന്നോ ഇല്ലെയോ, നിവേദകന്‍മാര്‍ എത്രത്തോളം കണിശതയും നീതിയും പുലര്‍ത്തുന്നവരാണ് എന്നിങ്ങനെ നിവേദനവുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണിത്. ഇതിനെ 'ഹദീസ് അടിസ്ഥാന ശാസ്ത്രം' (ഇല്‍മു ഉസ്വൂലില്‍ ഹദീസ്) എന്നും പറയുന്നു. അടിസ്ഥാ ശാസ്ത്രം മറ്റൊരു ഉപശാഖയാണെന്ന് പറയുന്ന പണ്ഡിതന്‍മാരുമുണ്ട്.
2. ഹദീസ് ഗ്രഹണ ശാസ്ത്രം
(ഇല്‍മു ദിറായതില്‍ ഹദീസ്).
നിവേദിത വചനം (മത്ന്‍) ആണ് ഇവിടെ പ്രതിപാദ്യ വിഷയം. മത്‌നില്‍ നിന്ന് വിധികള്‍ കണ്ടെത്തുകയും, നബിവചനങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുകയാണ് ഈ ശാസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹദീസ് മനസ്സിലാക്കിയെടുക്കുന്നതിന് അറബി ഭാഷയിലെ അഗാധപരിജ്ഞാനം, ശരീഅത്തിന്റെ മാനദണ്ഡങ്ങള്‍ എന്നിവയെ അവലംബിക്കേണ്ടതുണ്ട്.
ഹദീസിന്റെ വിവിധയിനങ്ങള്‍
ഹദീസ് സാങ്കേതികശാസ്ത്രത്തില്‍ ഹദീസിന്റെ വിവിധ തരങ്ങളെക്കുറിച്ചുള്ള പഠനം പ്രത്യേകം പരിഗണനയര്‍ഹിക്കുന്നു. ഏതെല്ലാം രീതിയിലുള്ള ഹദീസുകള്‍ തെളിവായി സ്വീകരിക്കാമെന്നും, ഏതെല്ലാം തള്ളപ്പെടുമെന്നും സ്വീകാര്യമായവയില്‍ തന്നെ ഏതിന് മുന്‍ഗണന നല്‍കുമെന്നും മറ്റും തീരുമാനിക്കുന്നത് ഈ വിഭജനം മുന്‍നിര്‍ത്തിയാണ്.
ഹദീസ് നിവേദക ശൃംഖലയെയാണ് ഈ തരം തിരിവിന് ആശ്രയിക്കുന്നത്. പ്രധാനപ്പെട്ട ഇനങ്ങളെ ഉദാഹരണത്തിനായി ഇവിടെ പ്രതിപാദിക്കാം.
മുതവാതിര്‍:- നിവേദക ശൃംഖലയിലെ ഓരോ ഘട്ടത്തിലും കളവില്‍ യോജിക്കാന്‍ സാധിക്കാത്ത എണ്ണം ആളുകള്‍ നിവേദനം ചെയ്ത ഹദീസുകള്‍ക്കാണ് മുതവാതിര്‍ എന്നു പറയുന്നത്. ഹദീസിന്റെ വചനത്തിലും ആശയത്തിലും ഇതേ എണ്ണം ആളുകളുണ്ടെങ്കില്‍ അതിനെ വാചികമായ മുതവാതിര്‍ (മുതവാതിര്‍ ലഫ്‌ളീ) എന്നു പറയും. ആശയപരമായി മാത്രമേ ഇതുള്ളൂ എങ്കില്‍ മുതവാതിര്‍ മഅ്‌നവീ (ആശയപരമായ മുതവാതിര്‍) എന്നു പറയുന്നു.
മശ്ഹൂര്‍:- ശൃംഖലയുടെ ഓരോ ഘട്ടത്തിലും മൂന്നോ അതിലധികമോ നിവേദകന്‍മാരുണ്ടെങ്കില്‍ അതിനെ മശ്ഹൂര്‍ എന്നോ മുസ്തഫീള് എന്നോ വിളിക്കും.
അസീസ്:- നിവേദക ശൃംഖലയിലെ ഓരോ ഘട്ടത്തിലും രണ്ടോ അതിലധികമോ നിവേദകന്‍മാരുണ്ടെങ്കില്‍ അതിന് അസീസ് എന്നു പറയും.
ഗരീബ്:- നിവേദക ശൃംഖലയിലെ ഒരു ഘട്ടത്തിലോ, ഒന്നിലധികം ഘട്ടങ്ങളിലോ ഒരു നിവേദകന്‍ മാത്രമാണ് ഉള്ളതെങ്കില്‍ അതിനെ ഗരീബ് എന്നു വിളിക്കും.
മുതവാതിറായ ഹദീസിന്റെ വിധി ഖണ്ഡിതമാണ്. ഇതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം കാണില്ല. മുതവാതിറാകാത്തവയെ പൊതുവായി ഖബറുവാഹിദ്, ആഹാദ് എന്നൊക്കെ പറയാം. ഇവയില്‍ തെളിവുദ്ധരിക്കാന്‍ പറ്റുന്നവയും പറ്റാത്തയവയുമുണ്ട്.
സ്വഹീഹ്, ഹസന്‍ എന്നിങ്ങനെ, സ്വീകാര്യമായ ഹദീസുകളെ രണ്ടായി തിരിച്ചിരിക്കുന്നു.
വിശ്വസ്തതയും കൃത്യനിഷ്ഠതയും ഉള്ള നിവേദകര്‍, ഇടമുറിയാത്ത രീതിയിലുള്ള ശൃഖലയുടെ മറ്റു നിവേദനങ്ങളോട് ആശയപരമായി വിയോജിക്കാത്ത രീതിയില്‍ ഉദ്ധരിക്കുന്ന, ന്യൂനതകളില്ലാത്ത ഹദീസുകളാണ് സ്വഹീഹുകള്‍. ഇവയുടെ തൊട്ടുതാഴെയാണ് ഹസനിന്റെ സ്ഥാനം. അഥവാ, വിശ്വസ്തതയിലും, കൃത്യനിഷ്ഠയിലും സ്വഹീഹിലെ നിവേദകന്‍മാരുടെ സ്ഥാനത്തേക്കാള്‍ അല്‍പം കുറഞ്ഞ നിവേദകന്‍മാര്‍ ഉപര്യുക്ത രീതിയില്‍ രേഖപ്പെടുത്തുന്ന ഹദീസുകളാണിവ.
പ്രബലമല്ലാത്ത (ളഈഫ്) ഹദീസുകളാണ് തെളിവിനായി സ്വീകരിക്കാന്‍ പറ്റാത്തതായി ഉള്ളത്. എന്നാല്‍ ചില വ്യവസ്ഥകളോടെ അവയെ പുണ്യകരമായ ആരാധന സ്വീകരിക്കുന്നതിന് തെളിവാക്കാറുണ്ട്. ബലഹീനത ശക്തമാവരുത്, ശറഇലെ പൊതുവായ  നിയമത്തിനു കീഴില്‍ വരുന്നതാവണം, സ്വഹീഹായി വന്ന ഹദീസുകളുടെ ആശയത്തോട് വിരുദ്ധമാകാതിരിക്കണം എന്നീ വ്യവസ്ഥകള്‍ പരിഗണിച്ചതിനു ശേഷമേ ഇവ എന്തിനും തെളിവായി സ്വീകരിക്കാവൂ.
ഇതിനു പറമെ, മൗദൂഅ്, മുദല്ലസ്, മുന്‍ഖഥിഅ്, മുന്‍കര്‍, മുഅ്ദല്‍, മുര്‍സല്‍, മുഅല്ലല്‍, മതൂക് എന്നിങ്ങനെ നിവേദക ശൃംഖല അവലംബമാക്കി പല പേരുകളിലും ഹദീസുകള്‍ അറിയപ്പെടുന്നു. ഇവയില്‍ മൗദൂഅ് കെട്ടിച്ചമച്ച ഹദീസുകളാണ്. അവ തെളിവുദ്ധരിക്കാന്‍ തീരെ കൊള്ളില്ല.
ഒരു ഹദീസ് പ്രബലമല്ല, ളഈഫാണ് എന്നതുകൊണ്ട് പ്രവാചകന്‍ ആ വചനം മൊഴിഞ്ഞിട്ടില്ല എന്നര്‍ത്ഥമില്ല. പ്രത്യുത, ആ വചനം നമ്മിലേക്കെത്തിച്ച നിവേദക ശൃംഖലക്കാണ് യഥാര്‍ത്ഥത്തില്‍ കുഴപ്പം സംഭവിച്ചിരിക്കുന്നത്. ഉദാഹരണമായി നിവേദക ശൃംഖലയിലെ ഏതെങ്കിലുമൊരാള്‍ ജീവിതത്തില്‍ കളവു പറഞ്ഞതായി സ്ഥിരപ്പെട്ടാലോ, കൃത്യനിഷ്ഠയെക്കുറിച്ച് നാം അജ്ഞരായാലോ ഹദീസ് അസ്വീകാര്യമാകുന്നു. അതിന്റെയര്‍ത്ഥം, ഈ ഹദീസ് അദ്ദേഹം കെട്ടിച്ചമച്ചതാണെന്നല്ല. എന്നാല്‍ നാം ഹദീസ് സ്വീകരിക്കാതിരിക്കുന്നത് ദീനിലെ സൂക്ഷ്മതയുടെ ഭാഗമാണെന്നു പറയാം. അതിനാല്‍ പ്രബലമായ മതവിധികള്‍ പുറപ്പെടുവിക്കുന്നതിനും കര്‍മശാസ്ത്ര സരണികളും വിശ്വാസങ്ങളും രൂപപ്പെടുത്തുന്നതിനും ഇത്തരം ഹദീസുകള്‍ സ്വീകാര്യമല്ലെങ്കിലും സല്‍കര്‍മങ്ങളിലും, പ്രവാചകന്‍(സ) വാഗ്ദാനം ചെയ്ത പ്രതിഫലങ്ങള്‍ മനസ്സിലാക്കുന്നതിനും സദുപദേശങ്ങള്‍ നല്‍കുന്ന അവസരങ്ങളിലും ഇത്തരം ഹദീസ് സ്വീകരിക്കുന്നു.
ഹദീസ് ക്രോഡീകരണം
പ്രവാചകന്‍ (സ)ന്റെ കാലത്ത് ഹദീസുകള്‍ ക്രോഡീകരിക്കാന്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കപ്പെട്ടിരുന്നില്ല. ഖുര്‍ആന്‍ സൂക്തങ്ങളുമായി ഇടകലര്‍ന്ന് ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാന്‍ ഒരുവേള അത് വിലക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എഴുതിവെക്കാന്‍ അനുവാദം ചോദിച്ചവര്‍ക്ക് അതിന് അനുവാദം നല്‍കിയതായും പല സംഭവങ്ങളും വ്യക്തമായ സൂചനകളാണ് നല്‍കുന്നത്.
ആദ്യകാലത്ത് ഹദീസ് എഴുതപ്പെടാതിരിക്കാനും ക്രോഡീകരിക്കപ്പെടാതിരിക്കാനും മുഖ്യമായും നാലു കാരണങ്ങളാണ് പറയപ്പെടുന്നത്.
ഒന്ന്: നബി(സ)യില്‍ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല.
രണ്ട്: ജനങ്ങള്‍ വമ്പിച്ച ഗ്രഹണശക്തിയുടെയും മനഃപാഠശക്തിയുടെയും ഉടമസ്ഥരായിരുന്നു.
മൂന്ന്: ധര്‍മസമരം, മതപ്രചാരണം തുടങ്ങിയ കാര്യങ്ങളില്‍ ജനം വ്യാപൃതരായതിനാല്‍ ഹദീസ് ക്രോഡീകരണത്തിന് മതിയായ സമയം ലഭിച്ചില്ല.
നാല്: ജനങ്ങളില്‍ ഭൂരിഭാഗവും എഴുത്തും വായനയും അറിയാത്തവരായിരുന്നു. അതിനാല്‍ കൂടുതല്‍ പേര്‍ക്കും എഴുതാനോ, എഴുതിവെക്കപ്പെട്ടവയില്‍ നിന്ന് വല്ലതും നേടാനോ സാധിക്കുമായിരുന്നില്ല.
സ്വഹാബികളിലും താബിഉകളിലും ഹദീസ് എഴുതുന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. ഇബ്‌നു ഉമര്‍(റ), ഇബ്‌നു മസ്ഊദ് (റ), അബൂമൂസല്‍ അശ്അരി (റ) മുതലായവര്‍ ഹദീസ് എഴുതിവെക്കുന്നത് പ്രോത്സാഹജനകമല്ല എന്ന പക്ഷക്കാരായിരുന്നു. എന്നാല്‍ ഉമര്‍(റ), അലി(റ), ഹസന്‍(റ), അനസ്(റ), ജാബിര്‍(റ), അബ്ദുല്ലാഹിബ്‌നു അംറില്‍ ആസ്വ്(റ), അഥാഅ്(റ), സഈദുബ്‌നു ജുബൈര്‍(റ) തുടങ്ങിയവര്‍ ഹദീസ് എഴുതുന്നത് അനുവദനീയമാണെന്നു പറയുകയും അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്തു.
എന്നാല്‍ പില്‍ക്കാലത്ത് ഈ അഭിപ്രായവ്യത്യാസം അവസാനിച്ചുവെന്നും, ഹദീസ് ക്രോഡീകരണം അത്യന്താപേക്ഷിതമാണെന്ന അഭിപ്രായത്തില്‍ പണ്ഡിതന്‍മാരും ലോക മുസ്‌ലിംകളും എത്തിച്ചേര്‍ന്നുവെന്നും ഇബ്‌നുസ്സ്വലാഹ്, അല്‍ ഹാഫിസ് ഇബ്‌നു ഹജറില്‍ അസ്ഖലാനി തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യവസ്ഥാപിതമായ രീതിയില്‍, ഹദീസ് ക്രോഡീകരിക്കാന്‍ തുടങ്ങിയത്, ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കാലത്ത് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു. ഉമറുബ്‌നു അബ്ദുല്‍അസീസ് തന്റെ ഭരണപ്രവിശ്യയിലെ പണ്ഡിതന്‍മാരിലേക്ക് നേരിട്ടെഴുതുകയും ഹദീസുകള്‍ സമാഹരിക്കാന്‍ കല്‍പിക്കുകയും ചെയ്തു. സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ ഇല്‍മില്‍ ഇങ്ങനെ കാണാം: ''ഉമറുബ്‌നു അബ്ദുല്‍അസീസ്, അബൂബക്കര്‍ ബിന്‍ ഫാസ്മിന്ന് എഴുതി. നബി(സ)യുടെ ഹദീസുകളെക്കുറിച്ച് നീ ചിന്തിക്കുകയും എഴുതുകയും ചെയ്യുക, കാരണം, വിജ്ഞാനം മാഞ്ഞുപോവുന്നതും പണ്ഡിതന്‍മാര്‍ മരിച്ചുപോവുന്നതും ഞാന്‍ ഭയക്കുന്നു.''
ഇങ്ങനെ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ നിര്‍ദേശപ്രകാരം ഹദീസ് ക്രോഡീകണം നടത്തിയ ആദ്യത്തെ പണ്ഡിതന്‍ ഇമാം സുഹ്‌റി (ഹി.50-ഹി 124) ആണ്. മുഹമ്മദ് ബിന്‍ മുസ്‌ലിംബിന്‍ ഉബൈദില്ലാ ഹിബ്‌നി അബ്ദില്ലാഹിബ്‌നി ശിഹാബ് സ്സുഹ്‌രി എന്നാണ് മുഴുവന്‍ പേര്.
ഹദീസ് ക്രോഡീകരണത്തെ അഞ്ചു ഘട്ടങ്ങളായി തിരിക്കാം. ഹിജ്‌റ പതിനൊന്നു വരെയുള്ള അഥവാ, നബി(സ)യുടെ വഫാത്ത് വരെയുള്ള കാലമാണ് ഇതില്‍ ഒന്നാം ഘട്ടം. ജാബിറുബ്‌നു അബ്ദില്ല, സഅ്ദുബിനു ഉബാദ, അബ്ദുല്ലാഹിബ്‌നു അബീ ഔഫ് തുടങ്ങിയ പല സ്വഹാബികളും സ്വന്തമായി എഴുതിവെച്ച ഏടുകള്‍ മാത്രമാണ് ഈ ഘട്ടത്തില്‍ കാണാന്‍ കഴിയുന്നത്. നബി(സ)യുടെ കത്തിടപാടുകളും, സന്ധികളും, അഭയപത്രങ്ങളും ഈ കാലഘട്ടത്തില്‍ തന്നെ ലിഖിതരേഖയാണ്.
ഹിജ്‌റ പതിനൊന്നു മുതല്‍ 100 വരെയുള്ള കാലഘട്ടമാണ് ഹദീസ് ക്രോഡീകരണത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നത്. നബി(സ)യുടെ വഫാത്തിനു ശേഷം അലി(റ), ഇബ്‌നു അബ്ബാസ്(റ) തുടങ്ങിയ സ്വഹാബികളും, സുഹ്‌റി പോലെയുള്ള താബിഉകളും സമാഹരിച്ച ക്രോഡീകരണങ്ങളാണ് ഈ ഘട്ടത്തില്‍ പ്രധാനമായും എണ്ണപ്പെടുന്നത്.
ഹിജ്‌റ 101 മുതല്‍ 200 വരെയുള്ള കാലഘട്ടമാണ് ഹദീസ് ക്രോഡീകരണത്തിലെ മൂന്നാം ഘട്ടം. ഇക്കാലത്ത് നിരവധി ഹദീദ് പണ്ഡിതന്‍മാര്‍ വ്യവസ്ഥാപിതമായ രീതിയല്‍, വ്യത്യസ്ത നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഹദീസ് പഠനത്തിന്റെ വ്യാപനം നടത്തുകയുണ്ടായി. മഹാനായ ഇമാം മാലിക്ബ്‌നു അനസ്(റ)ന്റെ മുവഥ്ഥ്വയാണ് ഈ ഘട്ടത്തില്‍ സമാഹരിക്കപ്പെട്ട ഹദീസ് ഗ്രന്ഥം. ഇതിനെ ലക്ഷണമൊത്ത ആദ്യത്തെ ഹദീസ് ഗ്രന്ഥമായി വിശേഷിപ്പിക്കാം.
ഹിജ്‌റ 200 മുതല്‍ 300 വരെയുള്ള കാലഘട്ടത്തെ ഹദീസ് ക്രോഡീകരണത്തിന്റെ നാലാം ഘട്ടമായി കണക്കാക്കുന്നു. സ്വിഹാഹുസ്സിത്തയുടെ രചയിതാക്കളായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം(റ), അബൂദാവൂദ്(റ), തിര്‍മിദി(റ), നസാഈ(റ), ഇബ്‌നു മാജ(റ) എന്നീ ഗ്രന്ഥങ്ങളും മുസ്‌നദ് അഹ്മദ്, ദാരിമി, അല്‍വാഖിദി തുടങ്ങിയ മഹാഗ്രന്ഥങ്ങളും പ്രത്യക്ഷപ്പെട്ടത് ഈ കാലത്താണ്.
ഹിജ്‌റ 300 മുതല്‍ 600 വരെയുള്ള അഞ്ചാം ഘട്ടം ദാറഖുഥ്‌നീ, ബൈഹഖീ, അഹ്മദ്ബ്ന്‍ ഹുസൈന്‍ തുടങ്ങിയ പണ്ഡിതന്‍മാരുടെ യുഗമാണ്. ഈ പറയപ്പെടുന്ന പണ്ഡിതന്‍മാര്‍ മുഴുവനും ഹദീസ് നിവേദിത വചനത്തോടൊപ്പം നിവേദക ശൃംഖലയെയും ഉള്‍ക്കൊള്ളിച്ചാണ് രചന നടത്തിയത്. പില്‍ക്കാലത്ത് നിവേദക ശൃംഖലയുടെ പ്രസക്തി കുറഞ്ഞു പോവുകയും ഹദീസ് വചനങ്ങള്‍ മാത്രം സമാഹരിക്കപ്പെടുകയും ചെയ്തു.
ഉപര്യുക്ത കാലഘട്ടങ്ങളില്‍ സമാഹരിക്കപ്പെട്ട ഗ്രന്ഥങ്ങളെ അവലംബിച്ച്, വിഷയാധിഷ്ഠിതമായി ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളും ഉണ്ടായി. മിശ്കാതുല്‍ മസ്വാബീഹ്, ഇമാം നവവി (റ)യുടെ 'രിയാളുസ്സ്വാലിഹീന്‍' തുടങ്ങിയവ ഉദാരണം. അധ്യാത്മിക കര്‍മശാസ്ത്രം, സ്വഭാവസംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ആസ്പദമാക്കിയാണ് ഇത്തരം ക്രോഡീകരണം. അവലംബകൃതികളുടെ പേരും അതത് ഹദീസുകളുടെ കൂടെത്തന്നെ കാണിച്ചിരിക്കാം. ഹദീസ് നിവേദനം ചെയ്ത സ്വഹാബി, അല്ലെങ്കില്‍ താബിഈയുടെ പേരു മാത്രമേ നിവേദക ശൃംഖലയില്‍ കാണിച്ചിരിക്കൂ. ഇത്തരം ക്രോഡീകരണങ്ങള്‍ ഇന്നും നടക്കുന്നുണ്ട്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ നാം ഏതെങ്കിലും വിഷയത്തിനു തെളിവുകളുദ്ധരിക്കുമ്പോള്‍, നിവേദക ശൃംഖലയുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ മാത്രമേ പരിഗണിക്കാറുള്ളൂ.
ഗ്രന്ഥങ്ങള്‍ വിവിധയിനം
ക്രോഡീകരണത്തിന്റെ ശൈലിക്കും മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് ഹദീസ് ഗ്രന്ഥങ്ങള്‍ വിവിധ പേരുകളിലാണറിപ്പെടുന്നത്. അവയെക്കുറിച്ചുള്ള ലഘുപരിചയമാണ് താഴെ:
1. സ്വിഹാഹ്:- ഹദീസ് നിവേദന ശാസ്ത്രമനുസരിച്ച് സ്വഹീഹായ ഹദീസുകള്‍ മാത്രം ക്രോഡീകരിച്ചതാണ് സ്വിഹാഹ്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സ്വഹീഹു ഇബ്‌നു ഖുസൈമ എന്നിവ ഉദാഹരണം.
2. ജാമിഅ്:- വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ജാമിഅ്. വിശ്വാസം (അഖാഇദ്), വിധികള്‍ (അഹ്കാം), അധ്യാത്മികത, സംസ്‌കാരം (ആദാബ്), വ്യാഖ്യാനം (തഫ്‌സീര്‍), ചരിത്രം (താരീഖ്, സിയര്‍), വിപത്തുകള്‍ (ഫിതന്‍), വ്യക്തിവിശേഷണം (മനാഖിബ്) എന്നിങ്ങനെ എട്ടു വിഷയങ്ങള്‍ ജാമിഉകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ജാമിഉത്തിര്‍മിദിയാണ് ഏറെ പ്രസിദ്ധം. ബുഖാരിയും, മുസ്‌ലിമും, ജാമിആണെങ്കിലും, ജാമിഇനെക്കാള്‍ ഉന്നത സ്ഥാനത്താണ് സ്വിഹീഹ് എന്നതിനാല്‍ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നൊക്കെയാണ് പറയാറ്.
3. സുനന്‍ :- കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ വിഷയക്രമമനുസരിച്ച് വിധികള്‍ക്കും കര്‍മങ്ങള്‍ക്കും പ്രാധാന്യം നല്‍കി ക്രോഡീകരിക്കപ്പെട്ടവയാണിവ. സുനനുന്നസാഈ, സുനനു ഇബ്‌നുമാജ, സുനനു അബീദാവൂദ് എന്നിവയാണ് അറിയപ്പെട്ട സുനനുകള്‍. 'തുഹ്ഫത്തുല്‍ അഹ്‌വദി'യുടെ ആമുഖത്തില്‍ പതിനഞ്ചിലധികം സുനനുകളെക്കുറിച്ച് പറയുന്നുണ്ട്.
4. മുസ്‌നദ് :- ഹദീസ് നിവേദനം ചെയ്ത സ്വഹാബികളുടെ ക്രമമനുസരിച്ചോ, അക്ഷരമാലാ ക്രമമനുസരിച്ചോ ക്രോഡീകൃതമായ ഹദീസ് ഗ്രന്ഥങ്ങളാണിവ. മുസ്‌നദ് അഹ്മദ് ആണ് ഏറെ പ്രശസ്തമായത്. തുഹ്ഫത്തുല്‍ അഹ്‌വദിയുടെ ആമുഖത്തില്‍, മുബാറക് ഫൂരി നാല്‍പതിലധികം മുസ്‌നദുകളെ പ്രതിപാദിക്കുന്നുണ്ട്.
5. മആജിം :- ഹദീസ് നിവേദനം ചെയ്ത ശൈഖുമാരുടെ (ഗുരുനാഥന്‍മാര്‍) ക്രമമനുസരിച്ചാണ് ഇതിലെ ക്രോഡീകരണം. അക്ഷരമാലാ ക്രമത്തിലാണ് ഗുരുനാഥന്‍മാര്‍ക്ക് പൊതുവെയും മുന്‍ഗണന നല്‍കുന്നത്. ആദ്യത്തെ ഗുരുനാഥന്‍, തഖ്‌വയും സൂക്ഷ്മതയും കൂടുതലുള്ളവര്‍ എന്നിങ്ങനെയും മുന്‍ഗണന നല്‍കാറുണ്ട്. ഇമാം ഥബ്‌റാനിക്ക് ഈ ഗണത്തില്‍ ഗ്രന്ഥങ്ങളുണ്ട്.
6. മുസ്തദ്‌റക് :- മറ്റു ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്യപ്പെടാത്ത ഹദീസുകളെ തെരഞ്ഞുപിടിച്ച് ക്രോഡീകരിക്കപ്പെട്ടവയാണിത്. ഹാകിമിന്റെ അല്‍മുസ്തദ്‌റക് അലസ്സ്വഹീഹൈനി ഇതിനുദാഹരണമാണ്.
7. മുസ്തഖ്‌റജ് :- മറ്റുള്ള ഗ്രന്ഥങ്ങളില്‍ നിവേദനംചെയ്യപ്പെട്ട ഹദീസുകള്‍, സ്വീകാര്യമാണെന്നു സമര്‍ത്ഥിക്കുന്നതിന് മറ്റു നിവേദനശൃംഖലയിലൂടെയും അതേ ഹദീസുകള്‍ നിവേദനംചെയ്യുന്ന രീതി, ഇത്തരം ഹദീസുകളെ ക്രോഡീകരിച്ച ഗ്രന്ഥമാണ് മുസ്തഖ്‌റജ്. മുസ്തഖ്‌റജു അബീ അഹന ഉദാഹരണമാണ്.
8. അല്‍ അഫ്‌റാദ് വല്‍ ഗറാഇബ് :- ചില ഗുരുനാഥന്‍മാരില്‍നിന്നു മാത്രം കേട്ട ഒറ്റപ്പെട്ട ഹദീസുകളുടെ സമാഹാരം. ദാറഖുഥ്‌നിയുടെ കിതാബുല്‍ അഫ്‌റാദ് ഇതിനുദാഹരണമാണ്.
9. അല്‍ഇലല്‍ :- ഹദീസിലോ അദ്ധ്യായത്തിലോ നിവേദക ശൃംഖലയേയും നിവേദകന്‍മാരിലെ അന്തരങ്ങളെയും ക്രോഡീകരിക്കുന്ന രീതി.
10. അല്‍അമാലീ :- ഗുരുനാഥന്‍മാരില്‍ നിന്ന് ശിഷ്യഗണങ്ങള്‍ ഹദീസ് കേള്‍ക്കുകയും ശിഷ്യന്‍മാര്‍ ക്രോഡീകരിക്കുകയും ചെയ്തത്.
11. അല്‍ അര്‍ബഈനാത് :- നാല്‍പതു ഹദീസുകള്‍ മാത്രം ക്രോഡീകരിച്ച ഗ്രന്ഥം. വിശ്വാസപരവും അദ്ധ്യാത്മികപരവുമായ ഹദീസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഇമാം നവവി(റ)യുടെ മത്‌നുല്‍ അര്‍ബഈന്‍ അന്നവവിയ്യ ഏറെ പ്രശസ്തമാണ്.
12. അത്തആലീഖ് :- നിവേദക ശൃംഖല പറയാതിരിക്കുകയും നിവേദിത വചനം മാത്രം ഉള്‍ക്കൊള്ളിക്കുകയും ചെയ്തവ. ബഗ്‌വി(റ)യുടെ മസ്വാബീഹ് ഉദാഹരണം.
തറാജീം, അജ്‌സ്വാഅ്, മുസല്‍ബലാത്, അഥ്‌റാഫ് എന്നിങ്ങനെ ഇനിയും ധാരാളം വകുപ്പുകള്‍ ഉണ്ട്.
(സുന്നിഅഫ്കാര്‍ വാരിക, ഫെബ്രുവരി 12, 2007, സുന്നി മഹല്‍, മലപ്പുറം)

ജംഉം ഖസ്വ്‌റും


രണ്ട് സമയങ്ങളിലുള്ള നിസ്‌കാരങ്ങളെ ഏതെങ്കിലുമൊന്നിന്റെ സമയത്ത് നിസ്‌കരിക്കലണ് ജംഅ്. നാല് റക്അതുള്ള നിസ്‌കാരങ്ങളെ ചുരുക്കി രണ്ട് റക്അത് നിസ്‌കരിക്കലാണ് ഖസ്വ്‌റ്. ഈ രണ്ട് ഇളവുകളും ഒന്നിച്ച് അനുഭവിക്കാവുന്നതാണ്. ഇവ രണ്ടിനും പൊതുവായും അല്ലാതെയും പല നിബന്ധനകളും ബധകമാണ്.
പൊതുവായ നിബന്ധനകള്‍:
  •  യാത്ര ദീര്‍ഘമായിരിക്കുക. (132 km ലധികമായിരിക്കുക)
  •   അനുവദനീയ യാത്രയായിരിക്കുക.
  •   ലക്ഷ്യ സ്ഥാനം അറിഞ്ഞിരിക്കുക
  •   യാത്രികന്റെ നാട് വിട്ട് കടക്കുക
ഖസ്വ്‌റിന്റെ നിബന്ധനകള്‍:
അഞ്ച് വഖ്ത് നിസ്‌കാരങ്ങളില്‍ നാല് റക്അതുള്ളവയെ മാത്രമെ ഖസ്വ്‌റാക്കാവൂ. ഇവതന്നെ അദാഓ ഖസ്വ്‌റ് അനുവദനീയമായ യാത്രയില്‍ നഷ്ടപ്പെട്ടതോ ആയിരിക്കണം.ദീര്‍ഘയാത്രയില്‍ മാത്രമേ ഇതും ഖസ്വ്‌റാക്കാവൂ
  •   പൂര്‍ണ്ണമായ് നിസ്‌കരിക്കുന്നവനോട് തുടരാതിരിക്കുക.
  •   തുടക്കത്തില്‍ രന്നെ ഖസ്‌റിന്റെ നിയ്യത്ത് ചെയ്യുക
  •   തീരുവോളം പ്രസ്തുത നിയ്യത്തില്‍ ഉറച്ച് നില്‍ക്കുക
  •   നിസ്‌കാരം കഴിയുവോളം യാത്രയിലായിരിക്കുക
  •   ഖസ്വ്‌റ് അനുവദനീമാണെന്നറിയുക
ജംഅ്
      ളുഹ്‌റ്,അസ്വ്‌റ് ഇവതമ്മിലും മഗ്‌രിബ്,ഇശാഅ് ഇവ തമ്മിലും മാത്രമേ ജംആക്കാനാവൂ.. സൗകര്യാര്‍ത്ഥം മുന്തിച്ചും പിന്തിച്ചും ജംആക്കാം. രണ്ട് നിസ്‌കാരവും ആദ്യ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന്ന് മുന്തിച്ച് ജംആക്കല്‍ എന്നും രണ്ടും രണ്ടാം സമയത്ത് നിര്‍വ്വഹിക്കലിന് പിന്തിച്ച് ജംആക്കല്‍ എന്നും പറയുന്നു. ഇവ രണ്ടിനും വ്യത്യസ്ത നിബന്ധനകളാണ്.

മുന്തിക്കലിന്റെ നിബന്ധനകള്‍:
  • തുടക്കം ആദ്യ നിസ്‌കാരം കൊണ്ടായിരിക്കുക
  • ആദ്യ നിസ്‌കാരത്തില്‍നിന്ന് വിരമിക്കും മുമ്പായി ജംആക്കുന്നു എന്ന് കരുതുക
  • അധിക ഇടവേളയില്ലാതെ രണ്ടും തുടരെയായിരിക്കുക
  • രണ്ടാം നിസ്‌കാരം തുടങ്ങും വരെ യാത്രയിലായിരിക്കുക
പിന്തിക്കലിന്റെ നിബന്ധനകള്‍:
  • രണ്ടു നിസ്‌കാരവും പൂര്‍ത്തിയാകും വരെ യാത്രയിലായിരിക്കുക.
  • ആദ്യ നിസ്‌കാരത്തിന്റെ സമയം തീരും മുമ്പ് ജംഇനെ കരുതുക.
    മഗ്‌രിബ, സുബ്ഹ് എന്നിവയെ ഖസ്വ്‌റാക്കാനും സുബ്ഹിയെ ജംആക്കാനും പാടില്ലെന്ന് ഇവിടെ വ്യക്തമായി.
മേല്‍ നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത ജംഉം ഖസ്വ്‌റും നിഷ്ഫലമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പ്രസ്തുത നിബന്ധനകളെ ചെറുതായൊന്ന് പരിചയപ്പെടാം.
      ദീര്‍ഘയാത്രക്ക് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറഞ്ഞ പരിധി രണ്ടു മര്‍ഹല (48 ഹാഷിമി മൈല്‍)യാണ്.ആധുനിക കിലോമീറ്റര്‍ അളവനുസരിച്ച് ഇത് 132 km ആണ്.കാരണം ഒരു മൈല്‍ നാലായിരം ചുവടും ഒരു ചുവട് മൂന്നു കാല്‍പാദവും രണ്ടു പാദം ഒരു മുഴവും.അതിനാല്‍ ഒരു മൈല്‍ ആറായിരം മുഴമാണെന്നും ഫുഖഹാഅ് പറഞ്ഞിട്ടുണ്ട്.(തുഹ്ഫ:2/370) ക്ര്ത്യമായ അളവനുസരിച്ച് ഒരു മുഴം 46.1cm ആണ്.(അല്‍ഹിസാബുശ്ശറഇ ഫിന്നിളാമില്‍ മിതരീ പേജ് 21) അപ്പോള് 46.1x6000= 2766cm(2km 766m) ആണ് ഒരു ഹാഷിമി മൈല്‍ എന്ന് വന്നു. ഇനിയിത് 48ല്‍ ഗുണിച്ചാല്‍ 132768cm (132km 768) എന്ന് ലഭിക്കുന്നതാണ്.
     യാത്രയുടെ ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നതില്‍ കരയും കടലും തമ്മില്‍ വ്യത്യാസമില്ല. പ്രസ്തുത വഴിദൂരം യാത്ര ഉദ്ദേശിക്കുന്നെങ്കില്‍ കടല്‍ യാത്രികനും ജംഉം ഖസൃമാക്കാവുന്നതാണ്. ഇവിടെയെല്ലാം എത്ര ദൂരം യാത്രചെയ്യുന്നു എന്നതാണ് നോട്ടം. എത്ര സമയം എടുക്കുന്നു എന്നതല്ല. അതുകൊണ്ടുതന്നെ വിമാനയാത്രികാനും പ്രസ്തുതവഴിദൂരം യാത്ര ഉന്ടെന്കില്‍ ഇളവ്‌ ലഭ്യമാണ്. സമയ ഹ്ര്സ്വത ഇവിടെ പ്രശ്നമേയല്ല.
യാത്ര നിഷിധമാല്ലാതിരിക്കുക എന്നേ അനുവടനീയ്മായിരിക്കുക എന്നതിനര്തമുള്ളൂ അതുകൊണ്ട് തന്നെ കരാഹത്തായ യാത്രയിലും ഇളവുകള്‍ ലഭ്യമാണ്. യാത്രകാരണം ദോശിയായിതീരുന്നവര്‍ക്ക് ഇളവുകള്‍ ലഭ്യമല്ല. തിന്മകള്‍ക്കു ഇളവുകള്‍ ലഭ്യമല്ല എന്നതുതന്നെ കാരണം. അനുവദനീയ യാത്ര തുടരവേ അത് നിഷിദ്ധമാക്കി മാറ്റിയാലും അവിടം മുതല്‍ക്ക്‌ ഇളവുകള്‍ ലഭ്യമല്ല.
    നിഷിദ്ധയാത്ര തുടരവേ ശരിയായ തൌബ ചെയ്‌താല്‍ അവിടുന്നങ്ങോട്ട് ഇളവുകള്‍ ലഭ്യമാണ്.തുടര്‍ന്നും രണ്ടു മര്‍ഹാല യാത്ര ഉണ്ടെങ്കില്‍ ജംഉം ഖസൃമാക്കാം. എന്നാല്‍ ശരിയായ തൌബയല്ലെങ്കില്‍ ഇളവുകള്‍ ലഭ്യമല്ല.
       യാത്രികന് ഒരു ലക്ഷ്യമുണ്ടായിരിക്കെണ്ടാതുകൊണ്ടുതന്നെ തന്നെ തുടക്കത്തിലെ ഒരു നിര്ന്നിത സ്ഥലം കരുതെണ്ടതുണ്ട്. സ്ഥലം ക്ര്ത്യമായ്‌ അറിഞ്ഞു കൊള്ളണമെന്നില്ല. വഴിദൂരം അറിഞ്ഞാലും മതി. അഥവാ രണ്ടു മര്‍ഹലയെക്കാള്‍ ദൂരമുള്ള ഒരു സ്ഥലം കരുതനമെന്നര്‍ത്ഥം. ഇപ്രകാരം ഒരു ലക്‌ഷ്യം വെച്ച് യാത്ര പുറപ്പെട്ട ഒരാള്‍ ഇടയ്ക്കുവെച്ച് ആവശ്യം നിരവേറിയാലോ മറ്റോ രണ്ടു മര്‍ഹല എത്തും മുന്‍പ്‌ തന്നെ യാത്ര നിര്‍ത്തുമെന്ന് കരുതിയാലും അതുവരെ ഇളവുകള്‍ ലഭ്യമാണ്. ഒരു ലക്ഷ്യവുമില്ലാത്ത അലക്ഷ്യയാത്രികന് ജംഉം ഖസ്രുമാക്കാവതല്ലെന്നു ഇവിടെ വ്യക്തമായി.അവന്‍ല്‍ ചിട്ടിക്കറങ്ങി രണ്ടു മര്‍ഹാല താണ്ടിയാലും ഇത് തന്നെ വിധി.
    ഹ്രസ്വയാത്ര പുറപ്പെട്ട ഒരാള്‍ ഇടയ്ക്കുവെച്ച് ദീര്‍ഘ യാത്ര ഉദ്ദേശിച്ചാല്‍ അവിടുന്നങ്ങോട്ട് രണ്ടു മര്‍ഹാല ഉണ്ടെങ്കില്‍ മാത്രമേ ഇളവ്‌ ലഭ്യമാകൂ.മറ്റൊരാളെ തുടര്‍ന്ന് യാത്ര ചെയ്യുന്ന ഭാര്യ, അടിമ,സൈന്യം പോലോത്തവര്‍ക്ക് തുടരപ്പെടുന്നവന്റെ ലക്ഷ്യം അറിയില്ലെങ്കില്‍ രണ്ട് മര്‍ഹാല കഴിഞ്ഞാല്‍ ജംഉം ഖസൃമാക്കാം അതിനുമുന്‍പ്‌ പാടില്ല. എങ്കിലും യാത്ര രണ്ടു മര്‍ഹാല എത്തുമെന്ന് ഇവര്‍ക്ക് ബോധ്യമുണ്ടെങ്കില്‍ ഇളവ്‌ ലഭിക്കും.
   ലക്ഷ്യ സ്ഥാനത്തേക്ക് ദീര്‍ഘവും(രണ്ട് മര്‍ഹാലയുള്ളത്) ഹ്രസ്വവുമായ രണ്ട് വഴികലുണ്ടായിരിക്കെ ഒരാള്‍ ദീര്‍ഘ വഴി തെരഞ്ഞെടുത്താല്‍  യാത്രാ സൌകര്യം സിയാറത്ത് തുടങ്ങിയ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണ് ഇതെങ്കില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്.വഴി പിഴച്ചോ ഹ്രസ്വ വഴി ഉള്ളതാരിയാതെയോ ആണ് ദീര്‍ഘ വഴിയിലൂടെ യാത്ര തുടര്ന്നതെങ്കില്‍പരത്ത ആവശ്യങ്ങലോന്നുമില്ലെന്കിലും ഇളവുകള്‍ ലഭിക്കും. വെറുതെ നാട് കാണാന്‍ പോകുന്നവര്‍ക്ക് ഇളവുകള്‍ ലഭ്യമല്ല. എന്നാല്‍ ഉല്ലാസ യാത്രയാനെന്കില്‍ ഇളവ്‌ ലഭ്യമാണ്.മാനസിക പിരിമുറുക്കം ഒഴിവാക്കാനും മറ്റും പ്രയോജനകരമാനിതെന്നതുകൊണ്ട്.

(അപൂര്‍ണ്ണം)

നിസ്‌കാരങ്ങളില്‍ ഓതേണ്ട സൂറത്തുകള്‍


നിസ്‌കാരങ്ങളില്‍ ഫാതിഹക്ക് ശേഷം ഓതേണ്ട സൂറത്തുകള്‍ ചെറുതായി വിശകലനം ചെയ്യാം. ഒരൊറ്റ ആയത്തോ പൂര്‍ണാര്‍ത്ഥമുള്ള അല്‍പആയതോ ഓതിയാലും സൂറത്തോതുക എന്ന സുന്നത്ത് കരസ്ഥമാകും.എന്നാല്‍ മൂന്ന് ആയത്ത് ഓതലാണ് പൂര്‍ണത.ഉത്തമമോ ഒരു പൂര്‍ണ്ണ സുറത്ത് ഓതലും.
    ചില ഇമാമുകള്‍ വലിയ സൂറത്തിലെ ഏതാനും ആയത്തുകുകള്‍ ഓതി നിസ്‌കരിക്കുന്നത് കാണാം. ഉത്തമം ഇതല്ല പൂര്‍ണ്ണമായ ഒരു സൂറത്ത് ഓതി നിസ്‌കരിക്കലാണ്. ഇവന്‍ എത്ര കൂടുതല്‍ ആയത്ത് ഓതിയാലും അതിനേക്കാള്‍ ഉത്തമം ഒരു സൂറത്ത്-അതു ചെറുതെങ്കിലും-പൂര്‍ണ്ണമായി ഓതലാണ്. എന്നാല്‍ പ്രവാചകപൂങ്കവര്‍(സ) "ആയത്തുകള്‍ ഓതി" എന്ന് പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ പ്രസ്തുത ആയത്തുകള്‍ തന്നെ ഉത്തമം സൂറതല്ല. ഉദാ:തറാവീഹ്, തറാവീഹില്‍ ഒരു മാസം കൊണ്ട് ഒരു ഖത്മ് തീര്‍ക്കല്‍ പ്രത്യേക സുന്നത്താണ്.ഇത് ചെയ്യുന്നവന് അല്‍പ ഭാഗങ്ങള്‍ ഒതാം.അല്ലാത്തവന് പൂര്‍ണ്ണ സൂറത്ത് തന്നെ ഉത്തമം.
അഞ്ചു വഖ്ത് നിസ്കാരങ്ങള്‍ക്കും പ്രത്യേക സൂറത്തുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടോ ? നിര്ണ്ണിതമായി എല്ലാ വഖ്തിനുമില്ലെന്കിലും പൊതുവായി ഉണ്ട് എന്ന് തന്നെയാണ് മറുപടി. സുബ്ഹിയില്‍ ഓതേണ്ടത് "ഹുജ്രാതി"ന്റെയും "അമ്മ"യുടെയും ഇടയിലുള്ള സൂറതുകളും ളുഹറില്‍ഇതിനോട് അടുത്തുള്ള സൂറതുകളും അസ്രിലും ഇശാഇലും"അമ്മ"യുടെയും "വള്ളുഹാ"യുടെയും ഇടയിലുള്ള സൂറത്തുകളും മഗ്രിബില്‍ "വല്ലുഹാ" മുതല്‍ "നാസ്" വരെയുള്ള സൂരതുകലുമാണ് ഒതെണ്ടത്.
   എന്നാല്‍ വെള്ളിയാഴ്ചയിലെ നാല് വഖ്തുകളില്‍ ഇതിന് വിപരീതമായി ചില പ്രത്യേക സൂറത്തുകള്‍ പ്രവാചകരില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. അവതന്നെയാണ് അവിടങ്ങളില്‍ ഒതെണ്ടത്.
അവയിങ്ങനെ:
ജുമുഅയില്‍ "സൂറത്തുല്‍ ജുമുഅയും" "മുനാഫിഖൂനയുമോ" "സബ്ബിഹിസ്മ"യും "ഹല്‍അതാക"യുമോ ഒതുക. സുബ്ഹിയില്‍ "സജദ"യും "ഇന്‍സാനും" ഓതുക. വെള്ളിയുടെ സുബ്ഹിയില്‍ പ്രസ്തുത സൂറത്തുകള്‍ തന്നെ നിത്യമായി ഓതണമെന്ന് തന്നെയാണ്. പ്രവാചകര്‍ (സ) അതില്‍ നിത്യമായിരുന്നു എന്നത് തന്നെ കാരണം. എന്നാല്‍ ഈ സൂറകള്‍ ഒരാള്‍ ഓതുന്നില്ലെങ്കില്‍(അറിയാഞ്ഞിട്ടോ മറ്റോ)"സബ്ബിഹിസ്മ"യും ഹല്‍ "അതാക"യും ഓതണമെന്നും അതുമോതുന്നില്ലെങ്കില്‍ "കാഫിരൂനും" "ഇഖ്‌ലാസും" ഓതണമെന്നും ഖല്‍യൂബിയില്‍ കാണാം. വെള്ളിയാഴ്ച രാവില്‍  അഥവാ വ്യാഴം അസ്തമിച്ച ഇശായില്‍ ജുമുഅയില്‍ പറഞ്ഞ സൂറത്തുകള്‍ തന്നെയും മഗ്‌രിബില്‍ കാഫിറൂന്‍ ഇഖ്‌ലാസ് എന്നിവയുമാണ് ഓതേണ്ടത്.
    ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മേല്‍ പറഞ്ഞ സൂറത്തുകളുടെ ക്രമം തനിച്ച് നിസ്‌കരിക്കുന്നവനോ നിര്‍ണ്ണിത മഅ്മൂമീങ്ങളുള്ളയാള്‍ക്കോ ആണ് ബാധകം. അത്‌കൊണ്ട് തന്നെ നിര്‍ണ്ണിതമല്ലാത്ത മഅ്മൂമീങ്ങളുടെ ഇമാമിനും വഴിയോരപള്ളി(എപ്പോഴും മഅ്മൂമീങ്ങള്‍ വരാനിടയുള്ള പള്ളി) യിലെ ഇമാമിനും മുകളിലെ സൂറത്തുകള്‍ സുന്നത്തില്ല. അവന്‍ എല്ലാ നിസ്‌കാരങ്ങളിലും "വള്ളുഹാ"ക്ക് ശേഷമുള്ള സൂറത്തുകളാണ് ഓതേണ്ടത്. മഅ്മൂമുകള്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാനാണിത്. എന്നാല്‍ വെള്ളിയാഴ്ച പ്രത്യേകം പറഞ്ഞ സൂറത്തുകള്‍ ഇവനും ബാധകമാണ്. അവ അങ്ങനെ തന്നെ എല്ലാവരും ഓതേണ്ടതാണ്.
ഓതേണ്ട സൂറത്തുകള്‍ വ്യക്തമായല്ലോ.......ഇനി ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍.
  • 1.ആദ്യ റക്അത്തിലെ സൂറ രണ്ടാമത്തെ റക്അത്തിലെ സൂറയേക്കാള്‍ വലുതായിരിക്കണം.
  • 2.ഖുര്‍ആനിലെ ക്രമമനുസരിച്ചും തുടര്‍ച്ചയോടെയുമായിരിക്കണമോതേണ്ടത്.
    എന്നാല്‍ ഇപ്പറഞ്ഞ രണ്ടും ഇവക്കെതിരായി റിപ്പോര്‍ട്ട് ചെയ്യാതിടത്താണെന്ന് ശ്രദ്ധിക്കുക.
  • 3.ക്രമവും വലുപ്പവും എതിരായാല്‍ ക്രമത്തെയാണ് മാനിക്കേണ്ടത്.
ചില സുന്നത്ത് നിസ്‌കാരങ്ങള്‍ക്കും പ്രത്യേക സൂറത്തുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. അവ ഇവിടെ ചര്ച്ചക്കെടുത്തിട്ടില്ല. അത് പോലെ മഗിരിബില്‍ "വല്ലുഹാ"ക്ക് ശേഷമുള്ള ഏതുമാവാമെങ്കിലും ഓരോ ദിവസത്തെ മഗ്‌രിബിനും പ്രത്യേക സൂറത്തുകള്‍ പറയുന്ന ഒരു ബൈത്ത് പ്രസിദ്ധമാണ്. ഖസീനതുല്‍ അസ്‌റാറിന്റെ ഹാമിശില്‍ ഇതുള്ളതായി കേട്ടിട്ടുമുണ്ട്.
يسن في مغرب ليلة الاحد   فيل قريش أولين قد ورد
وليلة الاثنين والخميس   ماعون كوثر سنة في تين
وليلة الثلاث والجمعة   كافر إخلاص بلا ارتياب
وليلة الاربع والسبت   فلق برب الناس هن تمت
നമ്മുടെ സാധാരണയില്‍ ....അഥവാ അസ്തമിച്ച രാത്രി.....എന്നു വെച്ച് ഇവയെ ഇങ്ങനെ പറയാം.
ശനി : ഫീല്‍-ഖുറൈഷ്
ഞായര്‍ : മാഊന്‍- കൌസര്‍
തിങ്കള്‍ : കാഫിര്‍- ഇഖ്‌ലാസ്
ചൊവ്വ : ഫലഖ്- നാസ്
ബുധന്‍ : മാഊന്‍- കൌസര്‍
വ്യാഴം : കാഫിര്‍- ഇഖ്‌ലാസ്
വെള്ളി : ഫലഖ്- നാസ്
മേല്‍ വിവരണത്തില്‍ നിന്ന് ഒരാഴ്ചയിലെ ഓരോ നിസ്‌കാരത്തിനും പ്രത്യേക സുന്നത്തുകള്‍ കാണിക്കുന്ന പട്ടിക തയ്യാറാക്കല്‍ പ്രായോഗികമല്ല എന്ന് മനസ്സിലാകും.കാരണം മിക്ക നിസ്‌കാരങ്ങള്‍ക്കും ഒരു കൂട്ടം (മുഫസ്സല്‍) സൂറത്തുകളില്‍ ഏതുമോതാം എന്നാണ് പറഞ്ഞത്.



യമനൊളി

Thursday, January 26, 2012

അവകാശരക്ഷ നബിദര്‍ശനങ്ങളില്‍

അവകാശരക്ഷ നബിദര്‍ശനങ്ങളില്‍
അബ്ദുര്‍റശീദ് റഹ്മാനി കൈപ്രം

ഖലീഫത്തുല്ലാഹ് (അല്ലാഹുവിന്റെ പ്രതിനിധി) എന്ന  സവിശേഷമായ വ്യക്തിത്വമാണ് മനുഷ്യന് പ്രവാചക ദര്‍ശനം കല്‍പിച്ചു നല്‍കുന്നത്. അല്ലാഹുവിന് കീഴ്‌പ്പെടുകയും അവന് ആരാധിക്കുകയുമാണ് മനുഷ്യദൗത്യം. അല്ലാഹുവിന്റെ പ്രതിനിധിയായി ഗണിക്കപ്പെടുന്നതോടെ അവന്റെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സുപ്രധാനമായ ഒരര്‍ത്ഥം കൈവരിക്കുന്നു.
പ്രമുഖ ചിന്തകന്‍ മുര്‍ത്തസാ മുതഹ്വരിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ''മഹത്വത്തിന്റെ പാരമ്യതയിലേക്ക് നയിച്ച് അത് മനുഷ്യനെ മാലാഖമാരേക്കാള്‍ ഉന്നതനാക്കുന്നു. അത് അവന് ജീവിതവും ബുദ്ധിയും സര്‍ഗവൈഭവവും സ്വാതന്ത്ര്യവും അധികാരവും സ്‌നേഹവും കാരുണ്യവും വാത്സല്യവും നല്‍കുന്നു. അത് അവന്റെ സത്യത്തിന്റെ സംരക്ഷകനും നീതിയുടെ വാക്തവുമായി മാറുന്നു.
മനുഷ്യസമത്വം
ഗ്രീക്ക് ദാര്‍ശനികനായ പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന ഗ്രന്ഥത്തില്‍ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ''പൗരന്‍മാരേ, നിങ്ങള്‍ പരസ്പരം സഹോദരങ്ങളാവുക. എന്തെന്നാല്‍ ദൈവം നിങ്ങളെ വിവിധ അവസ്ഥകളിലാണ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളില്‍ ഒരുപറ്റം ആളുകള്‍ക്ക് ഭരണകഴിവുകളുണ്ട്. അവരെ ദൈവം സ്വര്‍ണം കൊണ്ടാണ് പടച്ചത്. വെള്ളിയാല്‍ സൃഷ്ടിക്കപ്പെട്ട മറ്റു ചിലര്‍ അവരുടെ സഹായികളായിരിക്കും. പിന്നെയുള്ളത് കര്‍ഷകരാണ്. അവരെ ദൈവം ലോഹം കൊണ്ട് സൃഷ്ടിച്ചു.''
അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തില്‍, 'ചിലര്‍ പ്രാകൃത്യാ സ്വതന്ത്രരായി ജനിക്കുന്നു. മറ്റു ചിലര്‍ അടിമകളായും' (ദി സ്റ്റേറ്റ്).
ഇന്ത്യന്‍ വേദങ്ങള്‍ പറഞ്ഞതിങ്ങനെയാണ്: ''ബ്രാഹ്മരാണ് ഈ പുരുഷന്റെ വായ. ക്ഷത്രിയര്‍ കൈകളും, വൈശ്യര്‍ ഇടകളും, ശൂദ്രര്‍ പാദങ്ങളും.'' (ഋഗ്വേദം 10/9/12).
ലോകചരിത്രത്തിലെ കിരാതമായ അനേകം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ദാര്‍ശനിക പശ്ചാത്തലമൊരുക്കിയത് ഇത്തരം വാദഗതികളും സിദ്ധാന്തങ്ങളുമാണ്. ജന്മം മാത്രമല്ല, വര്‍ണവും വര്‍ഗവും ദേശവും ഭാഷയും... എല്ലാം മനുഷ്യമഹത്വത്തിന്റെ മാനദണ്ഡങ്ങളായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.
എല്ലാ അസമത്വങ്ങളുടെയും മൂലകാരണങ്ങളുടെ വേരറുത്ത് മനുഷ്യമഹത്വവും മാനവസമത്വവും ഉയര്‍ത്തിപ്പിടിച്ചു എന്നതാണ് തിരുനബി(സ)യെ വേറിട്ടു നിര്‍ത്തുന്ന ഘടകം. തന്റെ വിശ്രുതമായ അറഫാ പ്രസംഗങ്ങളില്‍ അവിടുന്ന് അരുളി: ''മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ഇലാഹ് ഒന്നാണ്. എല്ലാവരുടെയും പിതാവും ഒരാള്‍ തന്നെ. എല്ലാവരും ആദമില്‍ നിന്നുള്ളവരാണ്; ആദം മണ്ണില്‍ നിന്നും. വെളുത്തവന് കറുത്തവനേക്കാള്‍, അറബിക്ക് അറബിയല്ലാത്തവനേക്കാള്‍ ശ്രേഷ്ഠതയില്ല, തഖ്‌വയുടെ അടിസ്ഥാനത്തിലല്ലാതെ.'' (മുസ്‌ലിം).
മനുഷ്യന്റെ മൗലികാവകാശങ്ങള്‍
1. ജീവിക്കാനുള്ള അവകാശം
മനുഷ്യ ജീവന്‍ പാവനമാണ്. അന്യായമായി അത് ഹനിക്കപ്പെടാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് ഏറ്റവും കടുത്ത ഏഴു പാപങ്ങളില്‍ (സബ്ഉല്‍ മൂബിഖാത്ത്) ഒന്നായാണ് തിരുനബി(സ) എണ്ണിയത്.
അബൂഹുറൈറ(റ) റിപ്പോര്‍ട്ടു ചെയ്യുന്നു: ''നബി (സ) പറഞ്ഞു. ഏഴ് വന്‍പാപങ്ങളെ നിങ്ങള്‍ വര്‍ജ്ജിക്കുക. ചോദിക്കപ്പെട്ടു: 'യാ റസൂലല്ലാഹ്, അവ ഏതൊക്കെയാണ്?' അവിടുന്ന് അരുളി: 'അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍ സിഹ്ര്‍ ചെയ്യല്‍, അല്ലാഹു ആദരിച്ച മനുഷ്യജീവന്‍ അന്യായമായി ഹനിക്കല്‍....'' (മുസ്‌ലിം).
ജാതിമത ഭേദമന്യേ ഇത് ബാധകമാണ്.
നബി(സ) പറഞ്ഞു: ''ആരെങ്കിലും ദിമ്മികളില്‍പെട്ട വല്ലവനെയും വധിച്ചാല്‍ സ്വര്‍ഗത്തിന്റെ സുഗന്ധം പോലും അവന് ലഭിക്കുകയില്ല.''
മറ്റൊരു പ്രവാചക വചനത്തില്‍ ഇങ്ങനെ കാണാം: ''അറിയുക, ആരെങ്കിലും ഉടമ്പടിയിലുള്ളവനെ ആക്രമിക്കുകയോ, അസാധ്യമായതിന് നിര്‍ബന്ധിക്കുകയോ അവന്റെ ഏതെങ്കിലും അവകാശം ഹനിക്കുകയോ അവന് ഇഷ്ടമില്ലാതെ വല്ലതും എടുക്കുകയോ ചെയ്താല്‍ ഖിയാമത്ത് നാളില്‍ ഞാന്‍ അവനു വേണ്ടി വാദിക്കുന്നവനായിരിക്കും.'' (അബൂയുസഫ്).
2- തുല്യത
സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaratiion of Human Rights) ഒന്നാം ഖണ്ഡിക പ്രഖ്യാപിക്കുന്നു: എല്ലാ മനുഷ്യരും സ്വതന്ത്രരായാണ് ജനിക്കുന്നത്. അവകാശങ്ങളിലും അഭിമാനത്തിലും എല്ലാ വ്യക്തികളും തുല്യരായിരിക്കും. ഖണ്ഡിക ഏഴ്, നിയമത്തിന്റെ മുമ്പില്‍ സര്‍വരും തുല്യരായിരിക്കും എന്ന് പറയുന്നു.
പ്രവാചക ജീവിതം പരിശോധിച്ചാല്‍ ഈ പ്രഖ്യാപനങ്ങളുടെ യഥാര്‍ത്ഥ പുലര്‍ച്ച കാണാന്‍ കഴിയും. തന്റെ വിടവാങ്ങിറപ സന്ദേശത്തില്‍ അവിടുന്നു പ്രഖ്യാപിച്ചു: ''നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിനത്തിന്റെ, ഈ മാസത്തിന്റെ, ഈ നാട്ടിന്റെ പവിത്രത പോലെ പവിത്രമാണ്.''
മനുഷ്യന്റെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്നത് അധിക്ഷേപാര്‍ഹമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്യുന്നു: ''ഇബ്‌നു മസ്ഊദ് പറഞ്ഞു: നബി(സ) പറഞ്ഞു: ''മുസ്‌ലിമിനെ ചീത്ത പറയല്‍ തെമ്മാടിത്തമാണ്; അവനോട് യുദ്ധം ചെയ്യല്‍ അവിശ്വാസവും.''
ഒരു യഥാര്‍ത്ഥ മുസ്‌ലിമിനെ തിരുനബി നിര്‍വചിച്ചതിനെങ്ങനെയാണ്: ''ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അപരനെ ആക്രമിക്കില്ല, നിന്ദിക്കില്ല, വധിക്കില്ല.'' (മുസ്‌ലിം).
അവകാശങ്ങളിലും മനുഷ്യന്‍ തുല്യനാണ്. പദവിയോ കുടുംബമഹിമയോ തൊലിയുടെ നിറമോ അവിടെ മാനദണ്ഡമല്ല. ഖുറൈശികളിലെ ഉന്നത കുടുംബമായ മഖ്‌സൂം ഗോത്രത്തിലെ ഒരു സ്ത്രീ മോഷ്ടിച്ച സംഭവം അതാണ് കാണിക്കുന്നത്.
അബൂബക്കര്‍ സിദ്ദീഖ്(റ) അടക്കമുള്ള ഉന്നതരായ സ്വഹാബികളുടെ സാന്നിധ്യത്തില്‍ നബിസന്നിധിയില്‍ നടന്ന പല സംഭവങ്ങളും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. തന്റെ ഏറ്റവും എളിയവനായ ഒരനുയായിക്ക് പോലും ഏറ്റവും ചെറിയ അവകാശങ്ങള്‍ പോലും വകവെച്ചുകൊടുക്കുന്ന പ്രവാചകനെ അവിടെ കാണാം.
3. നീതി
സൂറത്തുല്‍ ഹദീദില്‍ അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ തെളിഞ്ഞ തെളിവുകളുമായി നാം നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം കിതാബും തുലാസും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യന്‍ നീതി നിലനിര്‍ത്താന്‍.'' (57:25).
പ്രവാചകന്‍മാരോടൊപ്പം തുലാസ് അവതരിപ്പിച്ചിരിക്കുന്നു എന്നതിന്റെവ്യവസ്ഥ നീതിയാണ്. നീതിയുടെ കാവലാളുകളായിരുന്നു എല്ലാപ്രവാചകന്‍മാരും.
''ആര് ജനങ്ങളോട് ഇടപഴകുമ്പോള്‍ അവരോട് അനീതി കാണിക്കാതിരിക്കുകയും സംസാരിക്കുമ്പോള്‍ കള്ളം പറയാതിരിക്കുകയും ചെയ്യുന്നുവോ അവന്‍ മനുഷ്യത്വം പൂര്‍ണമാവുകയും നീതി പ്രകടമാവുകയും സൗഹൃദം സുനിശ്ചിതമാവുകയും ചെയ്തു.'' (അബൂദാവൂദ്) എന്ന വചനത്തിലൂടെ മനുഷ്യത്വത്തിന്റെ പൂര്‍ണതയായി നീതിയെ നബി(സ) ഉയര്‍ത്തിക്കാട്ടുന്നു.
മറ്റൊരു ഹദീസില്‍ അവിടുന്ന് അരുളി: ''അല്ലാഹു ഇബ്രഹീം(അ) വഹ്‌യ് നല്‍കി:  ''എന്റെ മിത്രമേ, സത്യനിഷേധികളോടായാലും നീ നന്നായി പെരുമാറുക.'' (തുര്‍മുദി).
മുസ്‌ലിമും ജൂതനും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സത്യം ജൂതന്റെ ഭാഗത്താണെന്ന് വ്യക്തമായപ്പോള്‍ അവന് അനുകൂലമായി വിധിച്ച സംഭവങ്ങള്‍ പ്രവാചക ജീവിതത്തില്‍ കാണാമല്ലോ.
4. സ്വത്ത് സമ്പാദിക്കാനുള്ള അവകാശം
പ്രവാചകന്‍ മനുഷ്യന് സമ്പത്ത് നേടാനും അത് സംരക്ഷിക്കാനുമുള്ള അവകാശവും അധികാരവും വകവെച്ചു കൊടുക്കുന്നു. സ്വത്ത്, ധനം സംരക്ഷിക്കാന്‍ വേണ്ടി മരിച്ചുവീണാല്‍ അവന്‍ രക്തസാക്ഷിയാണ് എന്നാണ് അവിടുത്തെ അരുളപ്പാട്. ഭൂമി എല്ലാവര്‍ക്കുമുള്ളതാണ്, അത് ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല എന്നാണ് പ്രവാചകാധ്യാപനം. സാമ്രാജ്യത്വ അധിനിവേശങ്ങളുടെ വര്‍ത്തമാനകാലത്ത് ഈ ദര്‍ശനത്തിന് പ്രസക്തിയേറെയാണ്. ആത്യന്തികമായി ഭൂമി ചിലര്‍ക്കു മാത്രം അവകാശപ്പെട്ടതാണ് എന്ന മുതലാളിത്ത കാഴ്ചയാണ് എല്ലാ അധിനിവേശങ്ങളുടെയും ഉള്‍ക്കാമ്പ്. കാപ്പിറ്റലിസത്തിന് സൈദ്ധാന്തിക പരിവേശം നല്‍കിയ ആഡംസ്മിത്തിന്റെ വാദപ്രകാരം കച്ചവടക്കാരും ഉല്‍പാദകരും ആയിരിക്കണം ലോകത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്ന പ്രധാന ശില്‍പികള്‍. മൂലധന ശക്തികള്‍ക്ക് അനുഭാവികളുള്ളതാണ് ലോകം. 'അര്‍ഹതയുള്ളവയുടെ അതിജീവനം' എന്ന ഡാര്‍വിനിസ്റ്റ് ചിന്താഗതിയും ഈ മുതലാളിത്ത കാഴ്ചപ്പാടാണ് പ്രതിനിധാനം ചെയ്യുന്നത്.
5- തൊഴിലെടുക്കാനുള്ള അവകാശം
ചാതുര്‍വര്‍ണ്യ സിദ്ധാന്തമനുസരിച്ച് കച്ചവടവും കൃഷിയും വൈശ്യരുടെ ചുമതലയായിരുന്നു. തോട്ടിപ്പണി തുടങ്ങിയ തൊഴിലുകളും അതെടുക്കുന്ന ശൂദ്രനും ഒരേപോലെ മ്ലേഛമായിരുന്നു. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ സിദ്ധാന്തം രൂപപ്പെട്ടതെന്ന വാദം മുഖവിലക്കെടുത്താല്‍ വ്യക്തമാവുന്ന ഒരു കാര്യം, അക്കാലത്തെ ജനസമൂഹം ചില തൊഴിലുകളോട് ദയനീയമായ അസ്പൃശ്യത കാണിച്ചിരുന്നുവെന്നാണ്. അത്തരം തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചില്ലെന്ന് മാത്രമല്ല അവരുടെ മനുഷ്യത്വം പോലും ചോദ്യംചെയ്യപ്പെട്ടിരുന്നു.
പ്രവാചകന്‍(സ) തൊഴിലിനെ ഏറ്റവും ഉത്തമമായ സ്ഥാനത്ത് പ്രതിഷ്ഠിച്ചു.
മിഖ്ദാദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു- നബി(സ) പറഞ്ഞു: ''സ്വന്തം കൈകള്‍ കൊണ്ട് അധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണം ആരും കഴിക്കുന്നില്ല. അല്ലാഹുവിന്റെ പ്രവാചകര്‍ ദാവൂദ്(അ) സ്വന്തം അധ്വാനത്തിലൂടെയാണ് ആഹരിച്ചിരുന്നത്.'' (ബുഖാരി).
മിഖ്ദാദുബ്‌നു മഅ്ദി യക്‌രിബ(റ)വില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: ''ഒരാളും സ്വന്തം കരങ്ങള്‍ കൊണ്ട് അധ്വാനിച്ചുണ്ടാക്കിയതിനേക്കാള്‍ ഉത്തമമായ ഒരു ജോലിയും ചെയ്തിട്ടില്ല. ഒരാള്‍ അയാള്‍ക്ക് വേണ്ടിയും ഭാര്യ, മക്കള്‍, ഭൃത്യര്‍ എന്നിവര്‍ക്കു വേണ്ടിയും ചെലവഴിക്കുന്നത് പുണ്യകര്‍മവുമാവുന്നു.'' (ഇബ്‌നുമാജ).
തൊഴിലിനെ മഹത്വപ്പെടുത്തുക മാത്രമല്ല തൊഴിലാളിയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും ചെയ്തു പ്രവാചകന്‍(സ). തൊഴിലാളിയുടെ വിയര്‍പ്പ് വറ്റും മുമ്പ് പ്രതിഫലം നല്‍കണം എന്ന പ്രവാചകാഹ്വാനത്തിന്റെ വിപ്ലവമൂല്യം അറിയാന്‍ ആ കാല ഘട്ടത്തില്‍ ലോകസമൂഹം തൊഴിലാൡള്‍ക്കും അടിമകള്‍ക്കും നേരെ കാണിച്ച ക്രൂരമായ മനോഭാവം പഠിച്ചറിയണം. തൊഴിലാളിക്ക് മാന്യമായ കൂലി, മാന്യമായ ഭക്ഷണം, പരിഗണന, സഹോദരഭാവത്തോടെയുള്ള പെരുമാറ്റം എന്നിവയെല്ലാം നല്‍കല്‍ തൊഴിലുടമയുടെ ബാധ്യതയാണെന്ന് തിരുനബി വിധിച്ചു. ഒരാളെയും അയാള്‍ക്ക് അസഹ്യമായ ജോലിയെടുപ്പിക്കാന്‍ പാടില്ല.
സ്വന്തം തൊഴിലാളിയെ ആക്ഷേപിച്ച അബൂദര്‍റ്(റ) വിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ആ വാക്കുകളില്‍ അനീതിയോടുള്ള കടുത്ത രോഷവും മനുഷ്യസ്‌നേഹത്തിന്റെ അഗാധതയും ദര്‍ശിക്കാനാവും.
''അബൂദര്‍റ്, നീ അവന്റെ ഉമ്മയെ ആക്ഷേപിക്കുകയോ? ജാഹിലിയ്യത്ത് ഇനിയും നിന്നില്‍ അവേശഷിക്കുന്നു. വേലക്കാര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരെ നിങ്ങളുടെ അധീനതയിലാക്കി. ഒരാളുടെ കീഴില്‍ അവന്റെ സഹോദരനുണ്ടെങ്കില്‍ അവന്‍ ഭക്ഷിക്കുന്നതില്‍ നിന്നും അവനെയും (തൊഴിലാളിയെ) ഭക്ഷിപ്പിക്കട്ടെ. അവന്‍ ധരിക്കുന്നത് അവനെയും ധരിപ്പിക്കട്ടെ.'' (ബുഖാരി).
അവശ വിഭാഗങ്ങളുടെ അവകാശങ്ങള്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും പറിച്ചുനടപ്പെടുകയും ചെയ്യുന്നവന്റെ പ്രശ്‌നങ്ങള്‍ ഇന്ന് നമ്മുടെ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഇഷ്ടവിഷയമാണ്.
ഹിറാ ഗുഹയില്‍ പരിക്ഷീണിതനായി പാഞ്ഞുവന്ന തിരുനബി(സ)യെ ഖദീജബീവി(റ) സമാധാനിപ്പിക്കുന്ന ആവാചകങ്ങള്‍ ചരിത്രത്തില്‍ മറക്കാനാവുമോ.
''അല്ലാഹു നിങ്ങളെ ഒരിക്കലും നിസാരനാക്കില്ല. അങ്ങ്  കുടുംബബന്ധം പുലര്‍ത്തുന്നു, ആലംബഹീനരെ സംരക്ഷിക്കുന്നു, അഗതികളെ ആശ്വസിപ്പിക്കുന്നു, അതിഥികളെ സംരക്ഷിക്കുന്നു, പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നു.''
അവശ ജനവിഭാഗങ്ങളെ ആദരിക്കലും അവരുടെ അവകാശങ്ങള്‍ മാനിക്കലും മുസ്‌ലിമിന്റെ ബാധ്യതയാണ്. പ്രവാചകന്‍ പഠിപ്പിക്കുന്നത് പാവങ്ങളെ നിന്ദിക്കല്‍ ദൈവനിന്ദക്ക് തുല്യമാെണന്നാണ്.
അബൂ ഹുബൈറ ആ ഉദ്ബ്‌നു അംറുല്‍ മുസ്‌നി(റ) നിവേദനം: ''സല്‍മാന്‍, സുഹൈബ്, ബിലാല്‍ തുടങ്ങിയ മക്കയിലെ ബലഹീനരായ ഒരു സംഘം സഹാബത്തിന്റെ അടുക്കല്‍ അബൂ സുഫ്‌യാന്‍ വന്നു. ഇത് കണ്ട അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ വാളുകള്‍ ഏല്‍ക്കേണ്ടിടത്ത് ഏറ്റിട്ടില്ല. ഇത് കേട്ട അബൂബക്കര്‍(റ) പറഞ്ഞു: ഖുറൈശികളുടെ നേതാവിനോട് നിങ്ങളിങ്ങനെ പറയുകയോ? നബി(സ) വന്നപ്പോള്‍ നബിയോട് അബൂബക്കര്‍(റ) കാര്യം പറഞ്ഞു. തിരുനബി ചോദിച്ചു: ''നീ അവരെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാകുമോ? നീ അവരെ ദേഷ്യം പിടിപ്പിച്ചുവെങ്കില്‍ അല്ലാഹുവിനെയാണ് നീ കോപിഷ്ഠനാക്കിയത്.'' (മുസ്‌ലിം).
ഹാരിസ്ബ്‌നു വഹ്ബ്(റ) പറഞ്ഞു: ''സ്വര്‍ഗവാസികളെ ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ, എല്ലാ ബലഹീനരും അടിച്ചമര്‍ത്തപ്പെട്ടവരും.'' (ബുഖാരി).
അനാഥകളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ ശക്തമായ ഭാഷയില്‍ തിരുനബി താക്കീത് ചെയ്തിട്ടുണ്ട്.
''അല്ലാഹുവേ, അനാഥകള്‍, സ്ത്രീകള്‍ എന്നീ അവശ വിഭാഗങ്ങളുടെ അവകാശം ഹനിക്കുന്നവരെ ഞാന്‍ താക്കീത് ചെയ്യുന്നു.'' (നസാഈ).
(സുന്നി അഫ്കാര്‍ വാരിക, 12 ഫെബ്രുവരി, 2007, സുന്നിമഹല്‍, മലപ്പുറം)


പ്രവാചകന്‍: സഹിഷ്ണുതയുടെ പാഠങ്ങള്‍

പ്രവാചകന്‍: സഹിഷ്ണുതയുടെ പാഠങ്ങള്‍
അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി

ഒരു വ്യക്തിയുടെ പ്രധാന ആകര്‍ഷണീയത്വം എന്താണ്? സല്‍സ്വഭാവം എന്നാണ് ഇതിനു കൃത്യമായ മറുപടി. പ്രവാചക വ്യക്തിത്വത്തില്‍ ഖുര്‍ആന്‍ എടുത്തുപറഞ്ഞ വസ്തുത ഇതു ബോധ്യപ്പെടുത്തുന്നു.
''താങ്കള്‍ ഉന്നതമായ സ്വഭാവത്തിനുടമയാണ്'' (68 : 4).
''നിങ്ങള്‍ നിര്‍മല സ്വഭാവിയാണ്. നിങ്ങള്‍ പരുഷ സ്വഭാവിയായിരുന്നെങ്കില്‍ നിങ്ങളുടെ ചുറ്റില്‍ നിന്നും അവര്‍ അകന്നുപോകുമായിരുന്നു'' (3 : 159).
പ്രവാചകന്റെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്ന് ആയിശ(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നബി(സ)യുടെ സ്വഭാവ ഗുണങ്ങള്‍ ഇമാം ഗസ്സാലി(റ) വിവരിക്കുന്നതിങ്ങനെ:
''നല്ല രീതിയിലുള്ള സഹവാസം, നൈര്‍മല്യം, സുകൃതം, വിശ്വാസികളും അവിശ്വാസികളുമായ അയല്‍വാസികളോട് നല്ല ബന്ധം പുലര്‍ത്തുക, വൃദ്ധരെ ബഹുമാനിക്കുക, ഔദാര്യം ചെയ്യുക, പരദൂഷണം, ഏഷണി, അസൂയ, മത്സരം, അഹന്ത, അക്രമം തുടങ്ങിയവ വര്‍ജ്ജിക്കുക'' (ഇഹ്‌യാ 2:359).
****
അനുയായികളോട് മാത്രമല്ല പ്രവാചകന്‍ തന്റെ സ്വഭാവഗുണങ്ങള്‍ പ്രകടിപ്പിച്ചത്. ആദര്‍ശ വൈരികളോടും പ്രവാചകന്റെ പെരുമാറ്റം ഹൃദ്യമായിരുന്നു.
യമാമയുടെ ഭരണാധികാരിയായ സുമാമ. ഇസ്‌ലാമിന്റെ കഠിന ശത്രു. ഏതാനും മുസ്‌ലിംകളെ വധിക്കുകയും ചെയ്തിട്ടുണ്ട്.
ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടതാണ് സുമാമ.
യാത്ര മദീനക്കരികിലൂടെയാണ്.
എന്നാല്‍ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.
അതിര്‍ത്തി സംരക്ഷണത്തിനു നബി(സ) നിയോഗിച്ച സഹാബികള്‍ സുമാമയെ പിടികൂടി. അദ്ദേഹം ആരാണെന്നു അവര്‍ക്കറിയില്ലായിരുന്നു.
എന്നാല്‍ തന്റെ മുമ്പില്‍ ഹാജറാക്കപ്പെട്ട കക്ഷിയെ പ്രവാചകന്‍ തിരിച്ചറിഞ്ഞു.
''വളരെ മാന്യമായി മാത്രമെ അദ്ദേഹത്തോട് പെരുമാറാവൂ. യമാമയുടെ ഭരണാധികാരി സുമാമയാണത്.'' -നബി(സ) നിര്‍ദേശിച്ചു.
പ്രവാചകന്‍ വീട്ടിലെത്തി.
ലഭ്യമായ ഭക്ഷണങ്ങള്‍ സുമാമക്ക് എത്തിച്ചുകൊടുത്തു.
''താങ്കളെന്തു പറയുന്നു സുമാമ?'' -സൗമ്യ ശബ്ദത്തില്‍ പ്രവാചകന്‍ ആരാഞ്ഞു.
''നല്ലത്, നിങ്ങളെന്നെ വധിക്കുന്നുവെങ്കില്‍ തികച്ചും ന്യായമാകും. കാരണം നിങ്ങളുടെ അനുയായികളില്‍ ചിലരെ ഞാന്‍ വധിച്ചിട്ടുണ്ടല്ലോ. എന്നാല്‍ എനിക്കു മാപ്പു നല്‍കുന്നുവെങ്കില്‍ നിശ്ചയമായും ഞാന്‍ നന്ദിയുള്ളവനാകും. സാമ്പത്തികം നിങ്ങള്‍ ലക്ഷ്യമാക്കുന്നുവെങ്കില്‍ ആവശ്യപ്പെടുന്നതു നല്‍കാന്‍ ഞാനൊരുക്കമാണ്.''
നബി(സ) മൗനിയായി പിന്‍മാറി.
രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു.
സുമാമക്കുള്ള ഭക്ഷണങ്ങള്‍ കൃത്യമായി സഹാബികള്‍ നല്‍കിക്കൊണ്ടിരുന്നു. തികഞ്ഞ ആദരവോടെയുള്ള പെരുമാറ്റവും.
വീണ്ടും നബി(സ) സുമാമക്കരികിലെത്തി.
''നിങ്ങളെന്തു തീരുമാനിച്ചു?''
സുമാമ തന്റെ പഴയ നിലപാടില്‍ ഉറച്ചു നിന്നു.
''നിങ്ങള്‍ സുമാമയെ മോചിപ്പിക്കുക!''
നബി(സ) കല്‍പിച്ചു.
തന്റെ വാഹനം തന്നെ പ്രതീക്ഷിച്ചെന്നവിധം പുറത്തു നില്‍ക്കുന്നു. അല്‍പം അകലെ വെള്ളം തേടി നടന്നു. ശരീര ശുദ്ധി വരുത്തി. മസ്ജിദുന്നബവിയിലേക്കു തിരിച്ചുവന്നു.
സുമാമ തന്റെ ലക്ഷ്യം പ്രവാചകനെ അറിയിച്ചു.
നബി(സ) അദ്ദേഹത്തിനു സത്യസാക്ഷ്യം ചൊല്ലിെക്കൊടുത്തു.
അദ്ദേഹം മനസ്സ് തുറന്നു: ''നബിയെ, താങ്കളുടെ മുഖത്തേക്കാള്‍ വെറുപ്പുള്ള മുഖം ഈ ഭൂമുഖത്ത് എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത്ര പ്രിയമുള്ളതായും മറ്റൊന്നില്ല. അതുപോലെ നിങ്ങളുടെ മതവും ഈ നാടും മുമ്പ് എനിക്ക് ഏറെ വെറുപ്പ് നിറഞ്ഞതായിരുന്നു. എന്നാല്‍ ഈ നിമിഷം മുതല്‍ അവയൊക്കെ മറ്റെന്തിനെക്കാളും എനിക്കു പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.''
പിന്നീട് സുമാമ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു: ''ഞാന്‍ അങ്ങയുടെ ചില അനുയായികളെ വധിച്ചിട്ടുണ്ട്. അതിന്റെ വിധി എന്ത്?''
''താങ്കള്‍ കുറ്റക്കാരനല്ല. ഇസ്‌ലാം പൂര്‍വപാപങ്ങളെയൊക്കെ മായ്ച്ചു കളയും.'' -നബി(സ) അദ്ദേഹത്തെ സമാധാനിപ്പിച്ചു.
****
ഒരു ജൂത ബാലന്‍ നബി(സ)ക്ക് ഭൃത്യവേല ചെയ്യാറുണ്ടായിരുന്നു. അവനു രോഗം ബാധിച്ചു.
നബി(സ) അവനെ സന്ദര്‍ശിക്കാനെത്തി. അവനെ ആശ്വസിപ്പിച്ചു. കുട്ടി തന്റെ അരികില്‍ നില്‍ക്കുന്ന പിതാവിന്റെ മുഖത്തേക്കു നോക്കൂ.
''നീ അനുസരിക്കൂ. മോനെ'' -അയാള്‍ കുട്ടിയോടു നിര്‍ദേശിച്ചു.
ആ കുട്ടി സത്യസാക്ഷ്യം ചൊല്ലി മുസ്‌ലിമായി (ബുഖാരി).

******
മക്കാ വിജയത്തിനു ശേഷം പ്രവാചകനെ ഭയന്ന് സഫ്‌വാനുബ്‌നു ഉമയ്യ യമനിലേക്കു രക്ഷപ്പെട്ടു.
ഉമൈറുബ്‌നു വഹബ്(റ) നബി(സ)യെ സമീപിച്ചു ചോദിച്ചു:
''അങ്ങ് അയാള്‍ക്കു അഭയം നല്‍കുമോ?''
നബി(സ) അനുകൂലമായി മറുപടി നല്‍കി.
നബിയുടെ മുമ്പില്‍ കീഴടങ്ങിയ സഫ്‌വാന്‍ ഇസ്‌ലാമിനെക്കുറിച്ചു ചിന്തിക്കാന്‍ രണ്ടു മാസത്തെ അവധി ആവശ്യപ്പെട്ടു.
തിരുനബി സഫ്‌വാനു നാലു മാസം അവധി നല്‍കി.
സഫ്‌വാന്‍ പിന്നീട് ഇസ്‌ലം സ്വീകരിച്ചു.
******
മക്കാ വിജയഘട്ടം.
അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ്, ഇക്‌രിമയുടെ (അബൂജഹ്‌ലിന്റെ പുത്രന്‍)  ഭാര്യ ഉമ്മുഹഖീം തുടങ്ങി ഏതാനും സ്ത്രീകള്‍ നബിക്കരികിലെത്തി.
ഹിന്ദ് തന്റെ മുഖം മറച്ചാണ് വന്നത്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചക പിതൃവ്യന്‍ ഹംസ(റ)യുടെ കൊലക്കു പ്രധാന കാരണക്കാരിയും മൃതശരീരം വികൃതമാക്കിയവളുമാണ് താന്‍!
തന്നെ കണ്ട ഉടന്‍ പ്രതികാരം ചെയ്യുമോ എന്ന ഭയത്താലാണ് മുഖംമൂടി ധരിച്ചിരിക്കുന്നത്.
ഹിന്ദ് സംസാരിക്കാന്‍ തുടങ്ങി: ''നബിയെ! നാം കുടുംബബന്ധമുള്ളവരാണ്. സത്യവിശ്വാസം സ്വീകരിക്കാനാണ് വന്നത്. നിങ്ങളില്‍ നിന്നും നന്മ പ്രതീക്ഷിക്കുന്നു. ഞാന്‍ ഉത്ബയുടെ മകള്‍ ഹിന്ദാണ്.''
''നിനക്കു സ്വാഗതം'' -പ്രവാചകന്‍ പറഞ്ഞു.
അടുത്തതു ഉമ്മുഹഖീമിന്റെ ഊഴമായിരുന്നു.
തന്റൈ ദൈന്യത ബോധ്യപ്പെടുത്തിക്കൊണ്ട് മഹതി പറഞ്ഞു: ''എന്റെ ഭര്‍ത്താവ് ഇക്‌രിമ നിങ്ങളെ ഭയന്ന് യമനിലേക്ക് ഒളിച്ചോടിയിരിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന് അഭയം നല്‍കിയാലും.''
പ്രതീക്ഷയോടെ ഉമ്മുഹഖീം കാതോര്‍ത്തു.
''ശരി അദ്ദേഹത്തിനു അഭയം നല്‍കാം. തിരിച്ചു വരട്ടെ.''
ഉമ്മുഹഖീം ഒട്ടും താമസിയാതെ പുറപ്പെട്ടു; കൂടെ അടിമയും.
ചെങ്കടല്‍ തീരത്തു വെച്ചു ഇക്‌രിമയെ കണ്ടെത്തി. സന്തോഷത്തോടെ മഹതി പറഞ്ഞു:
''മനുഷ്യ സമൂഹത്തില്‍ ഏറ്റവും മാന്യനായ ഒരു വ്യക്തിക്കരികില്‍ നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങള്‍ക്ക് അഭയംനല്‍കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചു. സമ്മതിക്കുകയും ചെയ്തു. അതുകൊണ്ട് ഇനിയും നാശത്തിലേക്ക് നീങ്ങരുത്. നമുക്കു മക്കയിലേക്കു മടങ്ങാം.''
തനിക്കു അഭയം നല്‍കാം എന്നു പറഞ്ഞതു ഇക്‌രിമക്കു ഉള്‍ക്കൊള്ളാനായില്ല.
''നീ അദ്ദേഹത്തോടു നേരിട്ട് സംസാരിച്ചോ?'' -ഇക്‌രിമ സംശയം പ്രകടിപ്പിച്ചു.
''അതേ, ഒട്ടും ഭയക്കണ്ട. അദ്ദേഹം മാന്യനാണ്. വാഗ്ദത്തം ലംഘിക്കില്ല.''
ഇക്‌രിമ മക്കയിലേക്കു തിരിച്ചു.
അദ്ദേഹം എത്തുംമുമ്പ് പ്രവാചകന്‍ സഹാബികളോട് പറഞ്ഞു: ''അധികം വൈകാതെ ഇക്‌രിമ ഇസ്‌ലാം സ്വീകരിക്കാന്‍ ഇവിടെ വരും. അയാള്‍ വരുമ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ പിതാവിനെ ആക്ഷേപിച്ചു സംസാരിക്കരുത്. അതു ഇക്‌രിമയെ വേദനിപ്പിക്കും.''
ഉമ്മുഹഖീമിന്റെ കൂടെ ഇക്‌രിമ നബിക്കരികിലെത്തി. നബി(സ) സന്തോഷത്തോടെ എഴുന്നേറ്റു ചെന്നു സ്വീകരിച്ചു.
''നിങ്ങള്‍ എനിക്കു അഭയം നല്‍കിയിരിക്കുന്നു എന്നു ഉമ്മുഹഖീം എന്നോട് പറഞ്ഞു. ശരിയാണോ?'' -മുഖവുരയില്ലാതെ അദ്ദേഹം ആരാഞ്ഞു.
''സത്യമാണ് അവള്‍ പറഞ്ഞത്. നിങ്ങള്‍ക്കു അഭയം നല്‍കാം.''
''എന്താണ് നിങ്ങളുടെ മാര്‍ഗം?'' -ഇക്‌രിമ ചോദിച്ചു.
നബി(സ) ഹ്രസ്വമായി ഇസ്‌ലാമിനെ വിശദീകരിച്ചു.
''നിങ്ങള്‍ സത്യത്തിലേക്കല്ലാതെ ക്ഷണിക്കില്ല. കാരണം, പ്രവാചകനാകും മുമ്പ് തന്നെ നിങ്ങള്‍ ഞങ്ങളില്‍ ഏറ്റവും ഉത്തമനും സത്യസന്ധനുമായിരുന്നല്ലോ.''
ഇക്‌രിമ ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം തുടര്‍ന്നു: ''പ്രവാചകരേ, ഞാന്‍ നിങ്ങളെ ഏറെ ദ്രോഹിച്ചു. ഈ വെളിച്ചം ഊതിക്കെടുത്താന്‍ പരമാവധി ശ്രമിച്ചു. നിങ്ങളെനിക്കു പൊറുത്തു കിട്ടാന്‍ തേടിയാല്‍ നന്നായിരുന്നു.''
നബി(സ) പ്രാര്‍ത്ഥിച്ചു.
ഇക്‌രിമയുടെ മുഖം സന്തോഷത്താല്‍ ചുവന്നു!
''നബിയെ, ഇനി എന്റെ ജീവിതം ഇസ്‌ലാമിനാണ്. ഇതു തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഇരട്ടി ഇത് വളര്‍ത്താന്‍ ഞാന്‍ പ്രയത്‌നിക്കും.''
പിന്നീടുള്ള തന്റെ ജീവിതത്തില്‍ ഈ പ്രതിജ്ഞ അദ്ദേഹം സാര്‍ത്ഥകമാക്കി.

******
മക്കാ വിജയം.
തന്റെ മുമ്പില്‍ നില്‍ക്കുന്നവരെ പ്രവാചകന്‍ ശ്രദ്ധിച്ചു.
തന്റെ രക്തത്തിനു ദാഹിച്ചവര്‍. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ തന്റെ അനുചരരില്‍ പലരെയും വധിച്ചവര്‍. ജന്മനാട് ഉപേക്ഷിക്കാന്‍ തന്നെ നിര്‍ബന്ധിച്ചവര്‍.
പക്ഷേ, അവര്‍ക്കു തല ഉയര്‍ത്താനാകുന്നില്ല. ഭീതി നിറഞ്ഞ മനസ്സും കുനിഞ്ഞ ശിരസ്സുമായി അവര്‍ നിലകൊണ്ടു.
തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ശിക്ഷയുടെ കാഠിന്യം അവരെ പാടേ തളര്‍ത്തിയിരിക്കുന്നു.
''എന്നില്‍ നിന്നും എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?''
പ്രവാചകന്റെ വാക്കുകള്‍ കേട്ട് അവര്‍ തലയുയര്‍ത്തി.
യാചന നിറഞ്ഞ നോട്ടം!
''ഒരു സഹോദരന്റെ സഹോദര പുത്രന്‍ ഞങ്ങളോടു സ്വീകരിക്കുന്ന നിലപാട് മാത്രം!!''
തികച്ചും തളര്‍ന്ന സ്വരത്തില്‍ അവര്‍ മന്ത്രിച്ചു.
പ്രവാചകന്റെ മുഖം വിടര്‍ന്നു.
ദയയും സഹതാപവും നിറഞ്ഞ നയനങ്ങളോടെ:
''നിങ്ങള്‍ക്കു പോകാം. നിരുപാധികം നിങ്ങള്‍ മോചിതരാണ്!''
കേട്ടതു വിശ്വസിക്കാനാകാതെ അവര്‍ തുറിച്ചു നോക്കി.
പലര്‍ക്കുമതു സത്യദീനിന്റെ തീരത്തണയാന്‍ കാരണമാവുകയും ചെയ്തു.
******
അധിനിവേശം കൊണ്ട് പൊറുതിമുട്ടിയ വര്‍ത്തമാന കാലത്തു പ്രവാചകന്റെ നിലപാടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
തന്റെ നിര്‍മല സ്വഭാവം കൊണ്ട് ശത്രുവിനെ കീഴടക്കിയ പ്രവാചകന്റെ വ്യക്തിത്വത്തിനു മുമ്പില്‍ നാം അണിനിരക്കുക -നന്മയുടെ പുതിയ പിറവിക്കു വേണ്ടി.
(സുന്നിഅഫ്കാര്‍ വാരിക, 12, ഫെബ്രുവരി, 2007, സുന്നിമഹല്‍, മലപ്പുറം)