Monday, April 30, 2012

മുഹമ്മദ് നബി (പതിനേഴ്)

17. രാജാക്കന്മാര്‍ക്ക് കത്തയക്കുന്നു

    ഹുദൈബിയ്യ സന്ധി പൂര്‍ണമാവുകയും സ്ഥിതിഗതികള്‍ ശാന്തമാവുകയും ചെയ്തതോടെ അറേബ്യന്‍ ഉപദ്വീപിന്റെ കാര്യത്തില്‍ പ്രവാചകന് ആത്മവിശ്വാസം കൈവന്നു. ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിട്ടിരുന്ന മക്കയിലും ഇതോടെ ഇസ്‌ലാമിന്റെ അലയൊലികല്‍ ഉയര്‍ന്നുതുടങ്ങി. ഇനി പുറം ലോകങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രവാചകന്‍ തിരിച്ചറിഞ്ഞു. ഇസ്‌ലാമിക സന്ദേശം ലോകരാജ്യങ്ങളിലേക്കും രാജഭരണകൂടപ്രദേശങ്ങളിലേക്കും കടന്നുചെല്ലേണ്ടതുണ്ട്. പ്രവാചകന്‍ ശേഷം അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുതുടങ്ങി.
    ആദ്യമായി വിവിധ രാജ്യങ്ങളെയും രാജാക്കന്മാരെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്കുള്ള കത്തുകള്‍ തയ്യാറാക്കുകയും ചെയ്തു. കത്തുകളില്‍ ഇസ്‌ലാമിനെയും തന്റെ പ്രവാചകത്വത്തെയും പരിചയപ്പെടുത്തി. മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് രഖപ്പെടുത്തിയ സീല്‍ തയ്യാറാക്കി ഓരോ കത്തിലും സീല്‍ വെച്ചു. അനുയായികളില്‍ അനുയോജ്യരായ ആളുകളെ വിളിച്ച് വിവിധ രാജാക്കന്മാരിലേക്ക് അതുമായി അവരെ പറഞ്ഞയച്ചു. അബ്‌സീനിയ, റോം, ഈജിപ്ത്, പേര്‍ഷ്യ, ബഹ്‌റൈന്‍, യമാമ, ഡമസ്‌കസ്, ഒമാന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സത്യസന്ദേശവുമായി അവര്‍ കടന്നുചെന്നു. പലരും അവരെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. ഇസ്‌ലാമിന്റെ സുഗമമായ പ്രചരണത്തിന് ഇത് വാതില്‍തുറന്നു. പലരും പുച്ഛത്തോടെ പരിഹസിച്ചുതള്ളുകയും ചെയ്തു. വധിക്കപ്പെട്ടുകൊണ്ടോ രാജഭരണം തകിടംമറിഞ്ഞുകൊണ്ടോ അതിന്റെ തിക്തഫലം അവര്‍ അനുഭവിക്കുകയും ചെയ്തു.

ഹിറഖലിന്റെ സമീപനം

    റോമാ ചക്രവര്‍ത്തി ഹിറഖല്‍ രാജാവ് വളരെ ആദരവോടെയാണ് പ്രവാചകരുടെ ദൂതനെ വരവേറ്റത്. അദ്ദേഹം കത്ത് കൈപറ്റുകയും പ്രവാചക സന്ദേശത്തിന്റെ ഗൗരവം ഉള്‍കൊള്ളുകയും ചെയ്തു. ശേഷം, പ്രവാചകനെക്കുറിച്ച് അന്വേഷിച്ചു. അബൂസുഫ്‌യാന്‍ കച്ചവടാവശ്യാര്‍ത്ഥം അവിടെയുണ്ടായിരുന്ന സമയമായിരുന്നു അത്. അറേബ്യയില്‍നിന്നുള്ള വ്യക്തിയെന്ന നിലക്ക് അദ്ദേഹത്തെ ഹാജറാക്കുകയും പ്രവാചകനെക്കുറിച്ച് അഭിപ്രായമാരായുകയും ചെയ്തു. താന്‍ കളവുകാരനായി മുദ്രകുത്തപ്പെടുമോ എന്നു ഭയന്ന അബൂ സുഫ്‌യാന്‍ കളവ് പറയാന്‍ മുതിര്‍ന്നില്ല. ഹിറഖലിന്റെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി കൊടുത്തു. ഇതു കേട്ട ഹിറഖലിന് ഇത് ഈ കാലഘട്ടത്തിന്റെ പ്രവാചകന്‍ തന്നെയാണെന്ന് ബോധ്യമായി. കാര്യം താങ്കള്‍ പറഞ്ഞപോലെയാണെങ്കില്‍ അദ്ദേഹം ഈ സ്ഥലം വരെ കീഴടക്കുമെന്നും ഒരു പ്രവാചകന്റെ വരവ് ഞാന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നിങ്ങളില്‍നിന്നായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ലെന്നും എനിക്ക് അദ്ദേഹത്തിലേക്കെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ കഴുകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശേഷം, പരിവാരങ്ങളെ ഒരുമിച്ചുകൂട്ടി. അദ്ദേഹം വാതിലടച്ച് അകത്തുനിന്നും അവരെ അഭിസംബോധന ചെയ്തു: റോമിലെ ജനങ്ങളെ, നിങ്ങള്‍ക്ക് നല്ലനിലയില്‍ നിങ്ങളുടെ ഭരണം നിലനില്‍ക്കണമെങ്കില്‍ അറേബ്യയില്‍ ഒരു പ്രവാചകന്‍ വന്നിട്ടുണ്ട്. അദ്ദേഹത്തെ നിങ്ങള്‍ അംഗീകരിക്കുക. ശേഷം, പ്രവാചകന്‍ അയച്ച കത്ത് അവിടെ വായിക്കപ്പെടുകയും ചെയ്തു. ഇതുകേട്ട ജനങ്ങള്‍ ക്ഷുഭിതരായി. ഇളകിമറിഞ്ഞ അവര്‍ രാജാവിനു നേരെ ഓടിയടുത്തു. വാതിലുകള്‍ അടക്കപ്പെട്ടിരുന്നതിനാല്‍ അവര്‍ക്ക് അകത്തു കയറാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ എതിര്‍സമീപനംകണ്ട് ഹിറഖലിന് പേടിയായി. ഇങ്ങനെപോയാല്‍ തന്റെ അധികാരം നഷ്ടപ്പെടുമെന്നും താന്‍ ഒറ്റപ്പെടുമെന്നും ചിന്തിച്ച അദ്ദേഹം ഇസ്‌ലാമിനെ സ്വീകരിക്കുന്നതില്‍നിന്നും പിന്‍വാങ്ങി. ഞാനൊരു തമാശക്കുവേണ്ടി പറഞ്ഞതായിരുന്നുവെന്നും ഇതിനോട് നിങ്ങളുടെ സമീപനം എന്തായിരുന്നുവെന്ന് നിരീക്ഷിക്കലായിരുന്നു ലക്ഷ്യമെന്നും പറഞ്ഞ് രാജാവ് ജനങ്ങളെ സമാധാനിപ്പിച്ചു. ജനങ്ങള്‍ ശാന്തരായി. അവര്‍ അദ്ദേഹത്തിനു മുമ്പില്‍ സാഷ്ഠാംഗം നമിച്ചു.
  ഇസ്‌ലാമാശ്ലേഷത്തിനു പകരം ഹിറഖല്‍ അധികാരത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ജനങ്ങളെ ഭയന്ന അദ്ദേഹം പ്രവാചക സന്ദേശത്തിന്റെ ഗൗരവം മറന്നുകളയുകയും ആദ്യകാല വിശ്വാസംതന്നെ വെച്ചുപുലര്‍ത്തുകയും ചെയ്തു. സിദ്ദീഖ് (റ) വിന്റെ കാലത്ത് മുസ്‌ലിംകള്‍ അദ്ദേഹകത്തിന്റെ സൈന്യവുമായി ഏറ്റുമുട്ടി. അതില്‍ അദ്ദേഹത്തിന്റെ അധികാരം തെറിക്കുകയാണുണ്ടായത്.

നജാശിയുടെയും മുഖൗഖിസിന്റെയും നിലപാട്

    അബ്‌സീനിയ രാജാവ് നജാശിയും ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി മുഖൗഖിസും വളരെ ആദരവോടെത്തന്നെ ദൂതന്മാരെ സ്വീകരിച്ചു. അവരുടെ കത്ത് വാങ്ങുകയും സന്ദേശങ്ങള്‍ വായിക്കുകയും ചെയ്തു. യഥാക്രമം അംറ് ബിന്‍ ഉമയ്യ അള്ളംരി, ഹാഥിബ് ബിന്‍ ബല്‍തഅ എന്നിവരാണ് കത്തുമായി ഇവരെ സമീപിച്ചിരുന്നത്. സന്തോഷവാനായ മുഖൗഖിസ് പ്രവാചകന് അനവധി സമ്മാനങ്ങള്‍ കൊടുത്തയച്ചു. കൂട്ടത്തില്‍ രണ്ട് അടിമസ്ത്രീകളുമുണ്ടായിരുന്നു. ഇതില്‍ മാരിയയെ പ്രവാചകന്‍ സ്വീകരിച്ചു. ഇതിലാണ് ഇബ്‌റാഹീം ഉണ്ടായത്. മറ്റൊരാളെ ഹസ്സാന്‍ ബിന്‍ സാബിത് (റ) വിന് നല്‍കുകയും ചെയ്തു.

കിസ്‌റയുടെ പ്രതികരണം

    എന്നാല്‍, വളരെ പുച്ഛത്തോടെയാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റ പ്രവാചക ദൂതന്മാരെ വരവേറ്റത്. അവരില്‍നിന്നും കത്തു വാങ്ങി അദ്ദേഹം പുച്ഛഭാവത്തില്‍ പിച്ചിച്ചീന്തി. വിവരമറിഞ്ഞ പ്രവാചകന്‍ 'അല്ലാഹു അവന്റെ അധികാരം പിച്ചിച്ചീന്തട്ടെ' എന്നു പ്രാര്‍ത്ഥിച്ചു. താമസിയാതെ ധിക്കാരിയായ കിസ്‌റ തന്റെ യമന്‍ ഗവര്‍ണറെ വിളിച്ച് മുഹമ്മദിനെ തനിക്കുമുമ്പില്‍ ഹാജറാക്കാന്‍ ഉത്തരവിട്ടു. പ്രവാചകരെ കൂടെകൂട്ടാനായി രാജദൂതന്‍ പ്രവാചക സവിധത്തിലെത്തി. താങ്കളെ പേര്‍ഷ്യന്‍ ചക്രവര്‍ത്തി വിളിക്കുന്നുവെന്ന വാര്‍ത്ത നല്‍കി. ഇതുകേട്ട പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ രാജാവ് അധികാര ഭ്രഷ്ടനായിരിക്കന്നു. അദ്ദേഹത്തിന്റെ മകന്‍ ശീറവൈഹി അദ്ദേഹത്തെ വധിക്കുകയും അധികാരം പിടിച്ചടക്കുകയും ചെയ്തിട്ടുണ്ട്. ഇതു കേട്ട  ദൂതന്‍ അമ്പരന്നു. തിരിച്ചുചെന്നപ്പോഴാണ് രാഷ്ട്രീയാന്തരീക്ഷമാകെ മാറിമറിഞ്ഞതും രാജാവ് വധിക്കപ്പെട്ടതും മകന്‍ ഭരണത്തിലേറിയതുമെല്ലാം അദ്ദേഹം അറിയുന്നത്. പ്രവാചക ദൂതന്മാരെ പുച്ഛിച്ചതിന് അല്ലാഹു നല്‍കിയ ഉത്തരമായിരുന്നു ഇത്.

കത്തുകളുടെ അനന്തരഫലം
    കത്തുകള്‍ വഴി ലോകത്തിന്റെ നാനാ ഭാഗത്തും വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശമെത്തി. പലരും അതിനെ ഉള്‍കൊള്ളുകയും അനന്തര പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്തു. ഇതോടെ, ഇസ്‌ലാം അറേബ്യന്‍ ഉപദ്വീപില്‍നിന്നും പുറംലോകങ്ങളിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. നാനാഭാഗത്തും അനുയായികള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പലരും സത്യം തേടി മദീനയിലെത്തി. പ്രവാചകരെ കണ്ട് ഇസ്‌ലാം സ്വീകരിച്ചു. ശേഷം, സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയി അവിടങ്ങളിലെല്ലാം ഇസ്‌ലാംമത പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കൊണ്ടിരുന്നു.

മാര്‍ക്‌സിസം; അതിജീവനം അസാധ്യം


കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ.

1848-ല്‍ മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്നു രചിച്ചതാണ്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ. പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം വിളംബരം ചെയ്‌ത സംഭവമായിരുന്നു അതിന്റെ പ്രസിദ്ധീകരണം. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെ ആകെ ബലം പ്രയോഗിച്ച്‌ മറിച്ചിട്ടാല്‍ മാത്രമെ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന്‌ കമ്യൂണിസ്റ്റുകാര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്യൂണിസ്റ്റ്‌ വിപ്ലവത്തെ ഓര്‍ത്ത്‌ ഭരണാധികാരി വര്‍ഗങ്ങള്‍ കിടിലം കൊള്ളട്ടെ. തൊഴിലാളികള്‍ക്ക്‌ സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്‌ടപ്പെടാനില്ല. അവര്‍ക്ക്‌ നേടാനോ ഒരു ലോകമുണ്ട്‌താനും എന്ന പ്രഖ്യാപനത്തോടെയാണ്‌ മാനിഫെസ്റ്റോ സമാപിക്കുന്നത്‌. പിന്നീട്‌ രചിക്കപ്പെട്ട ഒട്ടനേകം താത്വിക ഗ്രന്ഥങ്ങളില്‍ മാര്‍ക്‌സിസം വിശദീകരിക്കപ്പെടുന്നു. മാര്‍ക്‌സിനു ശേഷം ലെനിനും മറ്റു കമ്യൂണിസ്റ്റ്‌ ചിന്തകന്‍മാരും ഈ തത്വ ശാസ്‌ത്ര ശാഖയെ വികസിപ്പിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്‌തു. ജര്‍മ്മന്‍ തത്വ ശാസ്‌ത്രവും ഫ്രഞ്ച്‌ സോഷ്യലിസവും ഇംഗ്ലണ്ടിലെ ധനതത്വശാസ്‌ത്രവുമാണ്‌ മാര്‍ക്‌സിസത്തിന്റെ അടിത്തറയായി വര്‍ത്തിച്ചത്‌.

യുവാവായിരുന്നപ്പോള്‍ കാറല്‍ മാര്‍ക്‌സ്‌ വൈരുദ്ധ്യാത്മക ആശയവാദത്തിന്റെ ഉപജ്ഞാതാവായ ഹെഗലിന്റെ സിദ്ധാന്തങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ടു. തന്റെ സിദ്ധാന്തത്തിന്‌ രൂപം നല്‍കിയപ്പോള്‍ അദ്ദേഹം വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദമായി അതിനെ പരിഷ്‌ക്കരിച്ചു. നാളിതുവരെയുള്ള മാനവരാശിയുടെ ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണെന്ന്‌ മാര്‍ക്‌സ്‌ മാനിഫെസ്റ്റോയില്‍തന്നെ എഴുതി. പിന്നീട്‌ ചരിത്രപരമായ ഭൗതികവാദത്തിന്റെ രചനയിലൂടെ അതിനെ സമൂര്‍ത്തമാക്കി. മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്‌ത്രമായി അറിയപ്പെടുന്നത്‌ മൂലധനമാണ്‌. ഈ മൂന്ന്‌ രചനകളിലൂടെ അദ്ദേഹം ചരിത്രത്തെ ഭൗതികമായി വ്യാഖ്യാനിക്കുകയും അദ്ദേഹം വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ വ്യക്തമാക്കുകയും മുതലാളിത്ത ചൂഷണത്തിന്റെ ആന്തരിക പ്രതിഭാസങ്ങള്‍ വെളിവാക്കുകയും ചെയ്‌തു. ഈ മൂല ഗ്രന്ഥങ്ങളാണ്‌ കമ്യൂണിസ്റ്റുകാരുടെ ബൈബിള്‍.

അതിപുരാതന കാലഘട്ടത്തില്‍ വര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എല്ലാവരും അധ്വാനിക്കുകയും അധ്വാനത്തിന്റെ ഫലം തുല്യമായി പങ്കുവെക്കുകയും ചെയ്‌തിരുന്നതിനാല്‍ അതിനെ പ്രാകൃത കമ്യൂണിസമായി ചിത്രീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട്‌ അടിമ ഉടമ സമ്പ്രദായവും നാടുവാഴിത്തവും മുതലാളിത്തവും വളര്‍ന്നുവന്നു. ഓരോ സാമൂഹ്യ വ്യവസ്ഥയിലും കീഴാള വര്‍ഗ്ഗം പോരാട്ടം നടത്തി. അടിമ ഉടമ വ്യവസ്ഥയില്‍ അടിമകള്‍ ഉടമകള്‍ക്കെതിരായും നാടുവാഴിത്തത്തില്‍ അടിയാളര്‍ നാടുവാഴികള്‍ക്കെതിരായും മുതലാളിത്തത്തില്‍ തൊഴിലാളികള്‍ മുതലാളിമാര്‍ക്കെതിരായും സമരത്തിലേര്‍പ്പെട്ടു. ഇത്തരം വര്‍ഗ്ഗ സമരങ്ങള്‍ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെ അട്ടിമറിച്ച്‌ പുതിയ വ്യവസ്ഥക്ക്‌ ജന്മം നല്‍കുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാഭാവികമായും തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങള്‍ മുതലാളിത്ത സമ്പദ്‌ വ്യവസ്ഥയുടെ അന്ത്യം കുറിക്കുമെന്നും പിന്നീട്‌ സോഷ്യലിസ്റ്റ്‌ സാമൂഹ്യക്രമം നിലവില്‍വരുമെന്നും അദ്ദേഹം വാദിച്ചു. സോഷ്യലിസ്റ്റ്‌ സാമൂഹ്യവ്യവസ്ഥ കൂടുതല്‍ ശാസ്‌ത്രീയമായി വികാസം പ്രാപിക്കുന്നതിലൂടെ മനുഷ്യസമൂഹം കമ്യൂണിസ്റ്റ്‌ വ്യവസ്ഥയില്‍ എത്തിച്ചേരുമെന്നും അദ്ദേഹം കരുതി.

കമ്യൂണിസ്റ്റ്‌ വ്യവസ്ഥയില്‍ എല്ലാ മനുഷ്യരും തുല്യരും പൂര്‍ണ്ണമനുഷ്യരുമായി തീരുമെന്നും പിന്നീട്‌ ഭരണം തന്നെ പൊഴിഞ്ഞുപോകുമെന്നും അദ്ദേഹം സ്വപ്‌നം കണ്ടു. എല്ലാ മനുഷ്യര്‍ക്കും ആവശ്യാനുസരണം പ്രതിഫലം കിട്ടുകയും ജീവിതാവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുകയും ചെയ്യുമ്പോള്‍ സഹജാതരുടെ മൊഴി മറ്റുള്ളവര്‍ക്ക്‌ സംഗീതമായി തോന്നുമെന്ന്‌ അദ്ദേഹം കിനാവ്‌ കണ്ടു. അത്തരം ഒരു സ്വര്‍ഗ്ഗീയ സമൂഹത്തില്‍ ഒരു സര്‍ക്കാരോ, പട്ടാളമോ, പോലീസോ ഒന്നും ആവശ്യമുണ്ടാകുകയില്ലെന്നും ഓരോരുത്തരും സ്വയം നിയന്ത്രിക്കുമെന്നും ഭരണകൂടം പഴുത്ത ഒരിലപോലെ പൊഴിഞ്ഞുപോകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹം വര്‍ഗ്ഗരഹിതമായി തീരുന്നതിനാല്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും അതുവരെ മാത്രമെ നിലനില്‍ക്കുകയുള്ളൂ. സാമൂഹ്യ വികാസത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായിതന്നെ സോഷ്യലിസം വന്നുചേരുമെങ്കിലും അതിനെ ത്വരിതഗതിയിലാക്കുന്നതിനുവേണ്ടിയാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ സ്ഥാപിച്ചത്‌, ചരിത്രത്തിന്റെ വികാസ പരിണാമ ഘട്ടങ്ങളില്‍ അതില്‍ ഇടപെടുവാന്‍ തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്‌തമാക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണ്‌. അതാകട്ടെ, തൊഴിലാളി വര്‍ഗ്ഗത്തിന്റെ രാഷ്‌ട്രീയ കക്ഷിയുമാണ്‌. ഏംഗല്‍സും മാര്‍ക്‌സുമൊക്കെ വിശദീകരിച്ചതനുസരിച്ചാണെങ്കില്‍ ആദ്യം വിപ്ലവം നടക്കേണ്ടത്‌ ഇംഗ്ലണ്ടിലാണ്‌. അവിടെയായിരിക്കും ആദ്യം അത്‌ സംഭവിക്കുകയെന്ന്‌ അവര്‍ പറഞ്ഞിട്ടുണ്ട്‌. മുതാളിത്തം വികാസം പ്രാപിക്കുകയും തൊഴിലാളികള്‍ ഒരു വലിയ സഞ്ചയമായി നിലനില്‍ക്കുകയും ചെയ്യുന്നിടങ്ങളിലാണത്‌ സംഭവിക്കുകയെന്ന്‌ ഇവര്‍ പറഞ്ഞു.

വിപ്ലവം ഒരു ആഗോള പ്രതിഭാസമായിരിക്കുമെന്നും അവര്‍ കരുതി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അനേകം കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. അവയെല്ലാം അതാത്‌ രാജ്യങ്ങള്‍ക്ക്‌ അനുയോജ്യമെന്ന്‌ അവര്‍ കരുതിയ വിപ്ലവ രീതികള്‍ പരീക്ഷിച്ചു. മുതലാളിത്തം മൂത്തുനരച്ചു നില്‍ക്കുന്ന ബ്രിട്ടനിലെ തൊഴിലാളി വര്‍ഗ്ഗം മാര്‍ക്‌സ്‌ വിഭാവനം ചെയ്‌തപോലെ സംഘടിക്കുകയോ വിപ്ലവം നടത്തുകയോ ചെയ്‌തില്ല. അവിടെ സോഷ്യലിസം വന്നതുമില്ല. കാര്യമായൊരു കമ്യൂണിസ്റ്റുപാര്‍ട്ടിപോലും മുതലാളിത്തം ശക്തമായി നിലനിന്ന അതിവികസിത രാജ്യങ്ങളില്‍ ഉണ്ടായതേയില്ല.

മാര്‍ക്‌സ്‌ പ്രവചിച്ചതുപോലുള്ള വിപ്ലവം ലോകത്തൊരിടത്തും നടന്നില്ല. തൊഴിലാളി വര്‍ഗ്ഗം ഒരു വന്‍ സംഘടിതശക്തിയായും വിപ്ലവത്തിന്റെ ചാലക ശക്തിയായും ഒരിടത്തും ഉയര്‍ത്തെഴുന്നേറ്റില്ല. ചൈനയെപ്പോലുള്ള രാജ്യങ്ങളില്‍ മാര്‍ക്‌സിസം തന്നെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ മാവോയിസമായി. ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ വെറും നാമമാത്ര പാര്‍ട്ടികളായിരുന്നു. മഹത്തായ വിപ്ലവ ലക്ഷ്യങ്ങളൊന്നും ഏറ്റെടുക്കത്തക്ക സ്വാധീനമോ, ബുദ്ധി ശക്തിയോ, ആള്‍ ബലമോ എവിടെയും അവര്‍ക്കുണ്ടായില്ല. യൂറോപ്പിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ യൂറോ കമ്യൂണിസമെന്ന പേരില്‍ മാര്‍ക്‌സിസത്തില്‍ വെള്ളം ചേര്‍ത്തു. പൂര്‍ണ്ണ അര്‍ഥത്തില്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ലവം ലോകത്തൊരിടത്തും ഉണ്ടായില്ല.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ആദ്യം അധികാരത്തിലെത്തിയ റഷ്യയില്‍ തന്നെ മുതലാളിത്തം ശക്തമായിരുന്നില്ല. തൊഴിലാളികള്‍ ഒരു വിപ്ലവ ശക്തിയായി വളര്‍ന്നിട്ടുമുണ്ടായിരുന്നില്ല. പിന്നീട്‌ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്ന രാജ്യങ്ങളായ കിഴക്കന്‍ ജര്‍മ്മനി, ചെക്കോസ്ലോവാക്യ, യൂഗോസ്ലാവിയ, റുമേനിയ, അല്‍ബേനിയ, പോളണ്ട്‌ തുടങ്ങിയ രാജ്യങ്ങളില്‍ കാര്യമായ വിപ്ലവങ്ങളിലൂടെയെല്ല അധികാരം പിടിച്ചെടുത്തത്‌. കിഴക്കന്‍ ജര്‍മ്മനി രണ്ടാം ലോക യുദ്ധശേഷം ജര്‍മ്മനി വിഭജിച്ചു നേടിയതാണ്‌. ക്യൂബ, ചൈന എന്നിവിടങ്ങളില്‍ മാത്രമാണ്‌ വിപ്ലവത്തിന്‌ സമാനമായ വല്ലതും നടന്നത്‌. ഈ രാഷട്രങ്ങളിലൊന്നും വാസ്‌തവത്തില്‍ തൊഴിലാളി വര്‍ഗ്ഗം ശക്തി പ്രാപിച്ചിരുന്നില്ല. മുതാളിത്ത വികാസവും പൂര്‍ത്തിയായിരുന്നില്ല. പല രാഷ്‌ട്രങ്ങളിലും നാടുവാഴിത്ത വ്യവസ്ഥയാണ്‌ നിലവിലുണ്ടായിരുന്നതും. സോഷ്യലിസ്റ്റ്‌ സമ്പദ്‌ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍പോലും പലയിടങ്ങളിലും വിജയം കണ്ടെത്താനായില്ല.

കമ്യൂണിസം ഇതുവരെ ലോകത്ത്‌ ഒരു രാജ്യത്തും നിലവില്‍ വന്നിട്ടുമില്ല. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഭരണം കമ്യൂണിസമാണെന്ന്‌ കരുതുന്ന അനേകം നിഷ്‌കളങ്കര്‍ നമ്മുടെ നാട്ടിലുമുണ്ട്‌. വിവിധ രാഷ്‌ട്രങ്ങളില്‍ നിലനിന്നിരുന്ന കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളില്‍ അധികവും താമസിയാതെ തകര്‍ന്നുപോയി. ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന്‌ ജനങ്ങള്‍ ചവിട്ടിപ്പുറത്താക്കി. അനേകം കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പിരിച്ചുവിടപ്പെട്ടു. അവശേഷിക്കുന്ന ചൈനയും ക്യൂബയുമൊക്കെ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയും സ്വകാര്യ സ്വത്തവകാശവും സ്വീകരിക്കാന്‍ തുടങ്ങി. മാര്‍ക്‌സ്‌ വിഭാവനം ചെയ്‌ത കമ്യൂണിസം ഒരു മരീചികയായി കേവലം ഒരു പകല്‍ കിനാവായി മാറി. ഉത്തരകൊറിയയും വിയറ്റ്‌നാമും താമസിയാതെ സോഷ്യലിസ്റ്റ്‌ മാര്‍ഗ്ഗം കൈവെടിയാനുള്ള ശ്രമത്തിലാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അധികാരത്തില്‍ ഇരുന്ന രാജ്യങ്ങളിലെല്ലാം തന്നെ പൊതുവായ ചില ഭരണ രീതികള്‍ കാണപ്പെട്ടു. അവ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം.

1. ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. 2. ഏകാധിപത്യ വാഴ്‌ചയാണ്‌ ഫലത്തില്‍ നടന്നത്‌. 3. അധികാരം പാര്‍ട്ടി നേതൃത്വത്തിന്റെ കൈകളില്‍ പൂര്‍ണ്ണമായും അമര്‍ന്നു. 4. തൊഴിലാളികള്‍ക്കോ കൃഷിക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ അവരുടെ അവകാശങ്ങള്‍ ഉന്നയിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. 5. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒഴികെ ഒരു രാഷ്‌ട്രീയ കക്ഷിയും രൂപീകരിക്കാനോ പ്രവര്‍ത്തിക്കാനോ അനുവദിച്ചില്ല. 6. മാധ്യമ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടില്ല. 7. എതിരാളികളെന്ന്‌ സംശയിക്കപ്പെട്ടവരെ വിചാരണ കൂടാതെ തടവിലിടുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്‌തു. 8. പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥന്‍മാരും പ്രത്യേക വര്‍ഗ്ഗമായി വളര്‍ന്നു ജനങ്ങളെ ചൂഷണം ചെയ്‌ത്‌ സമ്പന്നരായി. 9. പൊതുമേഖലയില്‍ എല്ലാം വന്നതോടെ വന്‍തോതിലുള്ള ക്ഷാമവും ദാരിദ്ര്യവും ഉണ്ടായി. 10. ഉല്‍പാദനം കാര്യമായി കുറഞ്ഞു. സ്വന്തമെന്ന്‌ പറയാന്‍ ഒന്നുമില്ലാത്തതിനാല്‍ ജോലി ചെയ്യാന്‍ ആരും ഉത്സാഹം കാണിച്ചില്ല. 11. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ യഥേഷ്‌ടം ലോകത്ത്‌ നടക്കുന്ന കാര്യങ്ങള്‍ അറിയാനോ യാത്ര ചെയ്യാനോ ആര്‍ക്കും സാധ്യമായില്ല. അടച്ചിട്ട ഒരു സമൂഹമായി രാഷ്‌ട്രംമാറി. 12. സാഹിത്യ ശാഖകള്‍ കൂമ്പടഞ്ഞു. സ്വതന്ത്രമായി എഴുതാനും സംസാരിക്കുവാനും അനുവദിക്കപ്പെട്ടില്ല. 13. സമ്പത്ത്‌ തുല്യമായി വീതിക്കുന്നതിന്‌ പകരം ദാരിദ്ര്യം വീതിക്കപ്പെട്ടു. സാമ്പത്തിക അസമത്വം നിലവില്‍ വന്നു. 14. മത സ്വാതന്ത്ര്യം നിഷേധിച്ചു. ഈ കാരണങ്ങളാല്‍ ജനങ്ങള്‍ അധിക രാഷ്‌ട്രങ്ങളിലും കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളെ പിഴുതെറിഞ്ഞു. ജനാധിപത്യം പുനസ്ഥാപിച്ചു.

ഒരു തത്വശാസ്‌ത്രമെന്ന നിലയില്‍ മാര്‍ക്‌സിസം കാലഹരണപ്പെട്ടുകഴിഞ്ഞു. ശാസ്‌ത്ര സാങ്കേതിക വികാസവും സാമ്പത്തികമായ വളര്‍ച്ചയും വിദ്യാഭ്യാസപരമായ ഉയര്‍ച്ചയും ലോകത്തെ കീഴടക്കിയിരിക്കുന്നു. മാര്‍ക്‌സിന്റെ കാലഘട്ടം ഇന്നത്തേതില്‍ നിന്ന്‌ വളരെയേറെ വ്യത്യാസപ്പെട്ടതായിരുന്നു. ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഇനി മാര്‍ക്‌സിസ്റ്റുകള്‍ക്കാവില്ല. മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നു. മാര്‍ക്‌സിനും പിന്തുടര്‍ച്ചക്കാര്‍ക്കും കാണാനാവാത്ത നൂതനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ അപ്രാപ്‌തരാണ്‌. എല്ലാം പൊതുമേഖലയിലാക്കുന്ന സമ്പ്രദായവും എല്ലാം സ്വകാര്യ മേഖലക്കു തീറെഴുതുന്ന രീതിയും ശരിയല്ലെന്ന്‌ ലോകം തെളിയിച്ചു. വ്യക്തിയും സമൂഹവും ഒരുപോലെ മാനിക്കപ്പെടണം. ആരുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിച്ചുകൂട. ദൈവ വിശ്വാസമോ മതപരമായ ആചാര അനുഷ്‌ഠാനമോ ഒഴിവാക്കപ്പെടുവാന്‍ ലോകമുള്ള കാലത്തോളം ആരും അനുവദിക്കുകയില്ല.

മനുഷ്യന്‍ ഒരു ഭൗതിക ജീവിയല്ല. ആത്മ-ഭൗതികങ്ങളുടെ ആരോഗ്യകരമായ സമന്വയമാണ്‌. പരമാത്മാവും ആത്മാവും തമ്മിലുള്ള ബന്ധം പ്രകൃതി നിയമമാണ്‌. പരലോക ജീവിതത്തെയും വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും ദൈവത്തെ തന്നെയും നിഷേധിക്കുന്നത്‌ പ്രകൃതി വിരുദ്ധമായ നടപടികൂടിയാണ്‌. ആത്മാവില്ലാത്ത ഒരു സമൂഹത്തിന്‌ നിലനില്‍പില്ല. മാര്‍ക്‌സിസം മനുഷ്യ സമൂഹത്തിന്റെ ആത്മാവിനെ തന്നെ ചോര്‍ത്തിക്കളയുന്ന സിദ്ധാന്തമാണ്‌. ഒരു സിദ്ധാന്തമെന്ന നിലയില്‍ മാര്‍ക്‌സിസവും ഒരു വ്യവസ്ഥയെന്ന നിലയില്‍ സോഷ്യലിസവും ഒരു പാര്‍ട്ടിയെന്ന നിലയില്‍ കമ്യൂണിസ്റ്റുകളും പരാജയപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ നടത്തുന്ന ഒരു ദേശീയ കൂട്ടായ്‌മയാണ്‌. ഈ സമ്മേളന കാലയളവിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും അടുത്ത മൂന്നു വര്‍ഷത്തെ പരിപാടികള്‍ ആവിഷ്‌ക്കരിക്കാനും ചേരുന്നതാണത്‌. കാലിക വിഷയങ്ങള്‍ മാത്രമെ അവിടെ പ്രസക്തമാവുന്നുള്ളൂ. ആഴമേറിയ പ്രത്യയ ശാസ്‌ത്ര ചര്‍ച്ചകള്‍ക്കിവിടെ സ്ഥാനമില്ല.

ഒരു ജനക്കൂട്ടം ഒരുമിച്ച്‌ നിന്ന്‌ ഒരു പ്രത്യയ ശാസ്‌ത്രത്തിന്‌ രൂപം കൊടുത്ത ചരിത്രം ഇന്നേവരെ ആരും കേട്ടുകാണുകയില്ല. ചില പ്രത്യയ ശാസ്‌ത്ര നിഗമനങ്ങള്‍ക്ക്‌ പുതിയ വ്യാഖ്യാനം ചമക്കാന്‍ കഴിഞ്ഞെന്നു വന്നേക്കാം. അതിലപ്പുറം ഒന്നും സാധ്യമാവുകയില്ല. അതുപോലും നേരത്തെ ആരെങ്കിലും ഒരാള്‍ എഴുതി തയ്യാറാക്കുന്നതാണ്‌. ഒരു കൂട്ടായ്‌മയില്‍ നിന്ന്‌ ഉരുത്തിരിയുന്നതല്ല. ഭേദഗതികള്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും നടത്താറുണ്ട്‌. ഇടവേളകള്‍ വ്യത്യാസപ്പെടാറുണ്ടെന്നുമാത്രം. അതൊന്നും മാര്‍ക്‌സിസത്തെ ധന്യമാക്കുകയില്ല. സംഘടനാപരമായ ഒരു നടപടി ക്രമം മാത്രമാണത്‌. സിദ്ധാന്തം കാലഹരണപ്പെട്ടുപോയാല്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയായി സംഘടന മാറും. ആ അസ്ഥിപഞ്‌ജരം അധികകാലം നിലനില്‍ക്കുകയില്ല. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക്‌ മാര്‍ക്‌സിസത്തേയോ പാര്‍ട്ടിയേയോ രക്ഷിക്കാനാവില്ല. ആ ചോദ്യം തന്നെ അപ്രസക്തമാണ്‌.
Sathyadhara April 1-14, 2012

മലബാര്‍-പൈതൃകവും പ്രതാപവും: ഒരു ദേശത്തിന്റെ പ്രഭാവസഞ്ചാരങ്ങള്‍


മഹ്‌മൂദ്‌ കൂരിയ
അക്കാദമിക തലങ്ങളില്‍ കേരളത്തെക്കാളേറെ മലബാറാണ്‌ പഠനവിധേയമായിട്ടുള്ളതെന്ന്‌ പലപ്പോഴും തോന്നാറുണ്ട്‌. ചരിത്രപരമായും സാമൂഹികശാസ്‌ത്രപരമായും ഭൂമിശാസ്‌ത്രപരമായും നരവംശശാസ്‌ത്രപരമായുമെല്ലാം മലബാറിനെക്കുറിച്ച്‌ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. തദ്ദേശീയരായ പണ്ഡിതന്മാരെക്കാളേറെ, വിദേശ അക്കാദമികവൃന്ദങ്ങളാണ്‌ പലപ്പോഴും മലബാറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നതും വിസ്‌മയം. റൊണാള്‍ഡ്‌ മില്ലര്‍, സ്റ്റീഫന്‍ ഡെയ്‌ല്‍, അഷിന്‍ദാസ്‌ ഗുപ്‌ത, മൈക്കല്‍ പിയേഴ്‌സണ്‍, ഇയാന്‍ മക്‌ഡൊണാള്‍ഡ്‌, ജി. ടാരബൗട്ട്‌, ഫിലിപ്പോ ഒസെല്ല, കരോലിന്‍ ഒസെല്ല, എറിക്‌ മില്ലര്‍ തുടങ്ങിയവരും സി. ഗോപാലന്‍ നായര്‍, കെ.എം. പണിക്കര്‍, കെ.എന്‍. പണിക്കര്‍, കെ.കെ.എന്‍. കുറുപ്പ്‌, എം.ജി.എസ്‌. നാരായണന്‍, ദിലീപ്‌ മേനോന്‍, എം.ആര്‍ രാഘവ വാര്യര്‍, എസ്‌.എം. മുഹമ്മദ്‌ കോയ, ജി. അരുണിമ, എം. ഗംഗാധരന്‍, എന്‍.എം. നമ്പൂതിരി, കെ.എന്‍. ഗണേഷ്‌, കെ. ഗോപാലന്‍കുട്ടി, ജോണ്‍ ഓച്ചന്തുരുത്ത്‌, കെ.വി. അബ്‌ദുറഹ്‌മാന്‍, പ്രവീണ കോടോത്ത്‌, കെ.എസ്‌. മാത്യു, പി. രാധാകൃഷ്‌ണന്‍ തുടങ്ങിയ കേരളീയരും വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌. അപ്രകാശിതമായിത്തുടരുന്ന ഗവേഷണപ്രബന്ധങ്ങളെക്കൂടി മുഖവിലക്കെടുത്താല്‍, കേരളത്തെക്കാളേറെ മലബാര്‍ തന്നെയാണ്‌ പഠിക്കപ്പെട്ടിട്ടുള്ളതെന്ന ധാരണ ശക്തമാകും.

അക്കാദമികപഠനങ്ങളൂടെ ഈ ബാഹുല്യങ്ങള്‍ക്കിടയില്‍, മലബാറില്‍ നിന്ന്‌ അടുത്ത കാലത്തായി പുറത്തിറങ്ങിയ രചനകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു സമാഹാരമാണ്‌ മലബാര്‍: പൈതൃകവും പ്രതാപവും. പി.ബി. സലീം ഐ.എ.എസ്‌., എന്‍.പി. ഹാഫിസ്‌ മുഹമ്മദ്‌, എം.സി. വസിഷ്‌ഠ്‌ എന്നിവര്‍ ചേര്‍ന്ന്‌ എഡിറ്റ്‌ ചെയ്‌ത്‌ മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഗ്രന്ഥം. `മലബാറിന്റെ ഭൂമിശാസ്‌ത്ര, നരവംശശാസ്‌ത്ര, ചരിത്ര, സാമൂഹികശാസ്‌ത്ര, സാംസ്‌കാരികസവിശേഷതകള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥം' എന്നാണ്‌ പുസ്‌തകത്തിന്റെ പുറംചട്ട അവകാശപ്പെടുന്നത്‌. മലബാര്‍, മലബാര്‍ എന്ന്‌ കൃതിയുടെ സാമാന്യത്വം നിരന്തരം വിളിച്ചു പറയുന്നുണ്ടെങ്കിലും കോഴിക്കോട്‌ എന്ന ദേശത്തിലൂടെയുള്ള സാംസ്‌കാരികവും അക്കാദമികവുമായ എഴുത്തുയാത്രകളാണ്‌ ഉള്ളടക്കത്തില്‍ ഭൂരിപക്ഷവും. തലക്കെട്ടിലും ആമുഖത്തിലും ഓരോ ഭാഗങ്ങളുടെ തുടക്കത്തിലും പുറംചട്ടയിലും നിരന്തരമായി ആവര്‍ത്തിക്കുന്ന വ്യര്‍ഥമായ ഈ അവകാശവാദത്തിന്‌ പകരം, കോഴിക്കോട്‌ എന്ന്‌ ആത്മാര്‍ഥമായി നല്‍കിയിരുന്നെങ്കില്‍ ഉള്ളടക്കവുമായി കൂടുതല്‍ സത്യസന്ധത പുലര്‍ത്താന്‍ എഡിറ്റര്‍മാര്‍ക്കും പ്രസാധകര്‍ക്കും സാധിക്കുമായിരുന്നു.

`എനിക്ക്‌ മണ്‍പശിമയും അമ്മപ്പിരിശവും സ്‌നേഹാശ്ലേഷ ചുംബനച്ചൂടും വേണ്ടതിന്‍വണ്ണം തന്ന്‌ എന്നെ ഈവണ്ണമൊക്കെ രൂപപ്പെടുത്തി ജീവിതത്തിന്റെ ഊടും പാവും നെയ്‌ത്‌ കരപറ്റിക്കൊള്‍വാന്‍ പ്രാപ്‌തിയുണ്ടാക്കിത്തന്ന നഗരമാണ്‌ കോഴിക്കോട്‌' (വെണ്‍മയുടെ വര്‍ത്തകമനസ്സ്‌, പു. 41) എന്ന യൂ.എ. ഖാദറിന്റെ ആത്മപ്രകാശനം പുസ്‌തകത്തിന്റെ സാരസ്യങ്ങളിലേക്ക്‌ വാതില്‍ തുറക്കുന്നു. കോഴിക്കോടുമായി ഉള്‍ചേര്‍ന്ന്‌ കിടക്കുന്ന ജീവിത, സാംസ്‌കാരിക, ചരിത്ര, സാമൂഹ്യ ദര്‍ശനങ്ങളെ ഏറെക്കുറെ ആഴത്തില്‍ സ്‌പര്‍ശിക്കുന്നു മലബാര്‍: പൈതൃകവും പ്രതാപവും.

എണ്‍പത്തെട്ട്‌ രചനകള്‍ ആറ്‌ ഭാഗങ്ങളിലായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. സ്‌നേഹസംഗമഭൂമി, ചരിത്രം, ദേശം, ദേശീകര്‍, മതനിരപേക്ഷത, സാംസ്‌കാരികം എന്നീ ഭാഗങ്ങള്‍, ഉള്ളിലടങ്ങിയ രചനകളുടെ വൈവിധ്യത്താല്‍ ഭാഗീകരണത്തിലെ സാംഗത്യം മനസ്സിലാക്കുക ബുദ്ധിമുട്ടാക്കിത്തീര്‍ക്കുന്നു. ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളും അവയിലെ രചനകളും പരസ്‌പരം നീതി പുലര്‍ത്തുന്നവയാണ്‌. എന്നാല്‍, ശേഷമുള്ള ഭാഗങ്ങള്‍ പരസ്‌പരം വിഭിന്നമാകുന്നത്‌ എങ്ങനെയെന്നോ, രണ്ടാംഭാഗമായ ചരിത്രത്തില്‍ നിന്ന്‌ എങ്ങനെ വേറിട്ട്‌ നില്‍ക്കുന്നുവെന്നോ ഇഴ പിരിച്ചെടുക്കുന്നത്‌ ഒരു സാമാന്യവായനക്കാരനെ സംബന്ധിച്ചിടത്തോളം അല്‍പം വിഷമം പിടിച്ച ജോലിയാണ്‌. ദേശം, ദേശീകര്‍, സാംസ്‌കാരികം തുടങ്ങിയ സംജ്ഞകള്‍ ഭാഷാപരമായി അത്ര ക്ലിഷ്‌ടത ആവശ്യമില്ലാത്ത പദങ്ങളാണ്‌. പക്ഷേ, ഈ സമാഹാരത്തിലെ ഭാഗീകരണത്തിലെത്തുമ്പോള്‍ അവയുടെ നിര്‍മലത്വം നഷ്‌ടമാകുന്നു. ഭാഗീകരണത്തിലെ സാംഗത്യം എന്താണെന്ന്‌ ഗ്രന്ഥപരിശോധകര്‍ വ്യക്തമാക്കുന്നുമില്ല. ഏതൊരു സംയോജിത കൃതിയിലും ഭാഗീകരണത്തിനു പിന്നിലെ സാംഗത്യം വ്യക്തമാക്കുന്നത്‌ സമാഹര്‍ത്താക്കളുടെ അലിഖിത ഉത്തരവാദിത്തമാണ്‌. അത്‌ ഈ കൃതിയില്‍ സംഭവിച്ചില്ലെന്നു മാത്രമല്ല, വളരെ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന തരത്തില്‍ ഭാഗീകരണം നടത്തുകയും ചെയ്‌തിരിക്കുന്നു ഈ സമാഹാരത്തിന്റെ സംയോജകര്‍.

മലബാറിനകത്ത്‌ മലബാറിനെക്കുറിച്ച്‌ വ്യവസ്ഥാപിതവും സൂക്ഷ്‌മവുമായ അക്കാദമിക പഠനങ്ങള്‍ വേണ്ടത്ര നടക്കുന്നില്ല, നടന്നിട്ടില്ല എന്നതിന്റെ പ്രകടനം കൂടിയായിരിക്കാം ഈ കൃതി നേരെചൊവ്വെയല്ലാത്ത സാക്ഷ്യം. കൃതിയുടെ ആമുഖത്തില്‍ സമാഹൃത്താക്കള്‍ എടുത്തുപറയുന്നുണ്ടിക്കാര്യം: `സര്‍വകലാശാലകളിലോ, സന്നദ്ധസേവാസംഘടനാതലത്തിലോ പഴയതും പുതിയതുമായ മലബാറിനെ സൂക്ഷ്‌മതലങ്ങളില്‍ വിശകലനം ചെയ്യാനുള്ള പ്രത്യേകസ്ഥാപനങ്ങളോ വിഭാഗങ്ങളോ, സാമൂഹ്യശാസ്‌ത്രവിഭാഗത്തിന്‌ തന്നെയുമോ, രൂപം കൊടുത്തിട്ടില്ല. ഈയൊരു സാധ്യതകള്‍ക്കും പരിമിതികള്‍ക്കുമിടയിലാണ്‌ മലബാര്‍: പൈതൃകവും പ്രതാപവും ഒരുക്കപ്പെടുന്നത്‌'. ഈ പരിമിതകളെ മറികടക്കുന്നതനപ്പുറം അടിവരയിടുകയാണ്‌ സമാഹാരം ചെയ്യുന്നതെന്ന്‌ പറയാതെ വയ്യ.

ആദ്യഭാഗം `സ്‌നേഹസംഗമഭൂമി'യില്‍ എം.ടി. വാസുദേവന്‍ നായര്‍, ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍, യു.എ. ഖാദര്‍, തിരക്കഥാകൃത്ത്‌ ടി.എ. റസാക്ക്‌, കൈതപ്രം, പത്രപ്രവര്‍ത്തകന്‍ പി. ദാമോദരന്‍, എഴുത്തുകാരി കെ.പി. സുധീര എന്നിവര്‍ കോഴിക്കോട്‌ എന്ന ദേശത്തിന്റെ നന്മകളെ ഹൃദ്യമായി വരച്ചിടുന്നു. എം.ടി.യും യു.എ. ഖാദറും കഴിഞ്ഞ അമ്പത്‌, അറുപത്‌ വര്‍ഷങ്ങളായി കോഴിക്കോടിന്റെ ജീവല്‍സ്‌പന്ദങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നവരാണ്‌ എന്നതിനാല്‍ തന്നെ അവരുടെ എഴുത്തുകള്‍ക്ക്‌ ചരിത്രരചനാപരമായി സമകാലികചരിത്രത്തിന്റെ പ്രാഥമികസ്രോതസ്സുകളുടെ സ്ഥാനമുണ്ട്‌. സത്യത്തിന്റെ തുറമുഖനഗരം എന്ന കോഴിക്കോടിനെക്കുറിച്ചുള്ള വിശേഷണം, തങ്ങള്‍ എങ്ങനെ ജീവിച്ചറിഞ്ഞു എന്ന്‌ ഈ ഭാഗത്തെ ഓരോ എഴുത്തുകളും അടിവരയിടുന്നു.

മുപ്പതോളം രചനകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം ഭാഗം `ചരിത്രം', ശിലായുഗസംസ്‌കാരം മുതല്‍ സമകാലിക ചരിത്രം വരെയുള്ള ദീര്‍ഘമായ സഹസ്രാബ്‌ധങ്ങളിലൂടെ, ശതാബ്‌ധങ്ങളിലൂടെ കടന്നുപോകുന്നു. ചില ലേഖനങ്ങള്‍ കോഴിക്കോടിന്‌ പുറത്തേക്ക്‌ വ്യാപിക്കുമ്പോള്‍ തന്നെ, മറ്റു ചിലത്‌ മലബാറിന്‌ പുറത്തേക്കും വ്യാപിക്കുന്നു. മലബാറിന്റെ ശിലായുഗസംസ്‌കാരത്തെക്കുറിച്ചുള്ള കെ.കെ. മുഹമ്മദിന്റെ നിരീക്ഷണങ്ങളും, കേരള-ചീനാ ബന്ധങ്ങളെക്കുറിച്ചുള്ള എം.ആര്‍ രാഘവരാരിയറുടെ പഠനവും, എന്‍.എം. നമ്പൂതിരിയുടെ രേവതി പട്ടത്താനത്തിന്റെ പശ്ചാത്തലവിവരണങ്ങളും, കോഴിക്കോടിന്റെ പോര്‍ച്ചുഗീസുകാരുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങള്‍ വിശകലനം ചെയ്യുന്ന കെ.എസ്‌. മാത്യുവിന്റെ പ്രബന്ധവും, മലബാര്‍ കലാപത്തെക്കുറിച്ചുള്ള കെ.എന്‍. പണിക്കരുടെ എഴുത്തുകളും, മലബാറിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള കെ. ഗോപാലന്‍കുട്ടിയുടെ പഠനവും, കേരളീയ മുസ്‌ലിംകളുടെ മതവിദ്യാഭ്യാസത്തെപ്പറ്റിയുള്ള എം. സുമയ്യയുടെ വിശകലനങ്ങളും, തൊഴിലാളി സംഘടനാപാരമ്പര്യം അനാവരണം ചെയ്യുന്ന കെ.എസ്‌. ഹക്കീമിന്റെ രചനയും, നീതിനിര്‍വഹണത്തെക്കുറിച്ചുള്ള എ.ബി. രാജീവിന്റെ ലേഖനവും, മലബാറിലേക്കുള്ള ക്രിസ്‌ത്യന്‍ കര്‍ഷകകുടിയേറ്റത്തിന്റെ ചരിത്രവഴികള്‍ തേടുന്ന ജോണ്‍ ഓച്ചന്തുരുത്തിന്റെ അന്വേഷണവും ഈ ഭാഗത്ത്‌ വേറിട്ടു നില്‍ക്കുന്ന ശ്രദ്ധേയമായ സംഭാവനകളാണ്‌. പഠനങ്ങളുടെ മൗലികത്വവും സമഗ്രതയും അക്കാദമികമായ അഭിനവത്വവുമാണ്‌ ഈ പ്രബന്ധങ്ങളെ വ്യത്യസ്‌തമാക്കുന്നത്‌.

മറ്റുള്ള രചനകളില്‍ മിക്കവയും പ്രാഥമികമായ പഠനങ്ങള്‍ക്കോ ആലോചനകള്‍ക്കോ മുതിര്‍ന്നിട്ടില്ലെന്നാണ്‌ അവയുടെ ഉള്ളടക്കങ്ങള്‍ വ്യക്തമാക്കുന്നത്‌. മലബാറിലെ ഹിന്ദു-മുസ്‌ലിം ബന്ധത്തെക്കുറിച്ച്‌ എം. ഗംഗാധരന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ തന്നെയാണ്‌ ഏറ്റവും വലിയ ഉദാഹരണം. ചരിത്രപരമായി നിരവധി അബദ്ധങ്ങള്‍ മുന്നോട്ടുവെക്കുന്ന ഗംഗാധരന്‍, തന്റെ തനതായ സാംസ്‌കാരിക വിമര്‍ശന രചനാരീതി ചരിത്രരചനയിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹമുയര്‍ത്തുന്ന വാദങ്ങളില്‍ ചിലതിന്‌ തൊട്ടുമുമ്പുള്ള അധ്യായത്തില്‍ വിജയലക്ഷ്‌മി എം. തന്നെ ചില ഖണ്ഡനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. എഴുത്തുകാരുടെ ആശയങ്ങള്‍ ഒരേ സംയോജിത കൃതിയില്‍ പരസ്‌പരം വൈരുധ്യമാകുന്നത്‌ സമാഹാരത്തിന്റെ താല്‍പര്യങ്ങളെ ഹനിക്കുമെന്നതാണ്‌ സ്വാഭാവികമായ അക്കാദമികവൃത്താന്തം. അത്തരം വൈരുധ്യങ്ങളാണെങ്കില്‍ മലബാര്‍: പൈതൃകവും പ്രതാപവും പലയിടങ്ങളിലായി ആവര്‍ത്തി ക്കുന്നതായി കാണാം. അവ വരാതെ സൂക്ഷിക്കാന്‍ പോലും ഗ്രന്ഥപരിശോധകര്‍ തയ്യാറായില്ലെങ്കില്‍, ആത്യന്തികമായി അവര്‍ നിര്‍വഹിച്ചതെന്താണ്‌?

മൂന്നാം ഭാഗം `ദേശം' പതിനഞ്ചിലധികം രചനകള്‍ ഉള്‍ക്കൊള്ളുന്നു. എടക്കല്‍, ഏഴിമല, പൊന്നാനി, തിരുമരതൂര്‍, കല്‍പാത്തി, ഗുരുവായൂര്‍ തുടങ്ങിയ ഏതാനും ഇടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ ഭാഗത്തെ മിക്കവാറും ലേഖനങ്ങള്‍ കോഴിക്കോടിന്റെ മത സാംസ്‌കാരിക വൈവിധ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവയാണ്‌. തളി മഹാദേവക്ഷേത്രം, കുറ്റിച്ചിറയിലെ പള്ളികള്‍, മിസ്‌കാല്‍ പള്ളി, ദേവമാത കത്ത്രീഡല്‍ എന്നീ കോഴിക്കോട്ടെ ദേവാലയങ്ങളാണ്‌ `മലബാര്‍: ദേശം' എന്ന ഉപഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌ എന്നത്‌, മേല്‍പറഞ്ഞ വിമര്‍ശനസംശയങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. ഇവയുമായി കൂടിക്കുഴയുന്നതോ, വേറിട്ട്‌ നില്‍ക്കുന്നതോ ആണ്‌ ബിന്ദുമാത്യുവിന്റെ എടക്കല്‍ ഗുഹാചിത്രവിവരണവും, എം.ജി.എസ്‌. നാരായണന്റെ കോഴിക്കോടിന്റെ ഉദയവുമായി ബന്ധപ്പെട്ടുള്ള ചരിത്രനിരീക്ഷണവും, ലൈല പി.യുടെ കോഴിക്കോടന്‍ സ്ഥലപ്പേരുകളുടെ സംജ്ഞാന്വേഷണവും, സത്യന്‍ എടക്കാടിന്റെയും ഷൈജു ഹെന്‍ഡ്രിക്‌സിന്റെയും വിവിധ കോട്ടകളെക്കുറിച്ചുള്ള എഴുത്തുകളും, കിഷോര്‍കുമാര്‍ കെ.യുടെ മലബാറിലെ പുഴകളും കാടുകളും വിശദമാക്കുന്ന ലേഖനവും, മുഹമ്മദ്‌ ജാഫര്‍ പാലോട്ടിന്റെയും സി. രാധാകൃഷ്‌ണന്റെയും ജന്തുവൈവിധ്യത്തെക്കുറിച്ചുള്ള പഠനവും. ലേഖനങ്ങളുടെ ക്രമം ഏതടിസ്ഥാനത്തിലാണെന്നത്‌ ചികഞ്ഞന്വേഷിക്കേണ്ടതുണ്ട്‌. കാലക്രമത്തിനനുസരിച്ചാണ്‌ എന്ന്‌ പ്രഥമദൃഷ്‌ട്യാ തോന്നുന്നുവെങ്കിലും അങ്ങനെയാകാന്‍ വഴിയില്ല. കാരണം, അങ്ങനെയെങ്കില്‍ പുഴകളും കാടുകളും ജന്തുവൈവിധ്യവുമെല്ലാം ഉപഭാഗത്തിന്റെ അവസാനങ്ങളിലേക്ക്‌ പോകുമായിരുന്നില്ലല്ലോ.

എട്ട്‌ രചനകള്‍ അടങ്ങിയ നാലാം ഭാഗം `ദേശീകര്‍' ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വലിയ തെറ്റില്ലാത്ത സാമ്യത പുലര്‍ത്തുന്നു. മലബാറിലെ ആദിവാസികള്‍, നമ്പൂതിരിമാര്‍, ഭാഷാന്യൂനപക്ഷങ്ങള്‍, മുസ്‌ലിംവിഭാഗങ്ങള്‍, കോയമാര്‍ എന്നിവരാണ്‌ ഈ ഭാഗത്ത്‌ ചര്‍ച്ച ചെയ്യപ്പെടുന്ന ദേശീകര്‍. കൂടെ ജന്മിവ്യവസ്ഥ, ജാതിവ്യവസ്ഥ, അടിമത്തവ്യവസ്ഥ എന്നി വയും ചര്‍ച്ചിതമാകുന്നു. ഇവ എന്തുകൊണ്ട്‌ രണ്ടാം ഭാഗം `ചരിത്ര'ത്തില്‍ ഉള്‍ക്കൊള്ളിക്കാമായിരുന്നില്ല? ആദിവാസികളെയും നമ്പൂതിരിമാരെയും കുറിച്ചുള്ള പഠനങ്ങള്‍ അക്കാദമികമായും വസ്‌തുതാപരമായും ഏറെ വിശ്വാസ്യത പുലര്‍ത്തുന്നു. എന്നാല്‍, അക്കാദമികമാക്കാനുള്ള വ്യര്‍ഥശ്രമത്തിലൂടെ മലബാറിലെ മുസ്‌ലിംകളെക്കുറിച്ച്‌ മുഹമ്മദ്‌ ഫക്രുദ്ദീന്‍ അലി നടത്തുന്ന `സിദ്ധാന്തീകരണങ്ങള്‍' എഴുത്തുകാരന്‌ തന്നെ മനസ്സിലായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. അര്‍ജുന്‍ അപ്പാദുരൈ എന്ന സാമൂഹ്യ-സാംസ്‌കാരിക നരവംശശാസ്‌ത്രജ്ഞനെ അര്‍ജുനന്‍ അപ്പാദുരൈയായും പിന്നീട്‌ ഗ്രന്ഥസൂചിയില്‍ അരവിന്ദന്‍ അപ്പാദുരൈയായും ഫക്രുദ്ദീന്‍ അലി അവതരിപ്പിക്കുന്നത്‌ കാണുമ്പോള്‍ സഹതാപം തോന്നേണ്ടത്‌ ആരോടാണ്‌? മലബാറില്‍, ചുരുങ്ങിയത്‌ കോഴിക്കോട്ട്‌, വ്യത്യസ്‌ത ജാതി-മതവിഭാഗങ്ങളിലായി നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന വിവിധ `ദേശീകര്‍' നിലനില്‍ക്കെ കോഴിക്കോട്ടെ കോയമാരെക്കുറിച്ച്‌ മാത്രം (എന്‍.പി. ഹാഫിസ്‌ മുഹമ്മദിന്റെ ലേഖനനം, പു. 424-427) ചര്‍ച്ച ചെയ്യുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല.

അഞ്ചാം ഭാഗം `മതനിരപേക്ഷത' അഞ്ച്‌ ലേഖനങ്ങളാണ്‌ ഉള്‍ക്കൊള്ളുന്നത്‌. മതനിരപേക്ഷത എന്ന ആശയലോകത്തെ സ്ഥിരീകരിക്കുന്ന ഒരു പഠനവും ഈ ഭാഗത്തില്‍ കാണാന്‍ കഴിയുന്നില്ല. മറിച്ച്‌, ഓരോ ലേഖനവും മുന്നോട്ടുവെക്കുന്നത്‌ വ്യത്യസ്‌ത ആശയപരിസരങ്ങളാണ്‌. സാമൂതിരി രാജവംശത്തിന്റെ മതനിരപേക്ഷതയെക്കുറിച്ചുള്ള ടി.ബി. സെലുരാജിന്റെ രചന, സാമൂതിരിമാര്‍ മാപ്പിളമാരോട്‌ കാണിച്ചിരുന്ന സൗഹാര്‍ദത്തിലാണ്‌ പ്രധാനമായും ഊന്നുന്നത്‌. അതിനെ മതസൗഹാര്‍ദം എന്ന്‌ വിളിക്കാമെന്നതിനപ്പുറം മതനിരപേക്ഷത എന്നതിലേക്ക്‌ വളരുന്നതെങ്ങനെയാണ്‌? മതസൗഹാര്‍ദം, മതേതരത്വം, മതനിരപേക്ഷത എന്നീ പ്രയോഗങ്ങള്‍ സൈദ്ധാന്തികമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സമകാലിക ബൗദ്ധികപശ്ചാത്തലങ്ങളില്‍ പ്രത്യേകിച്ചും. ഈ തരംതിരിവുകളോടും മതേതരത്വമെന്ന പ്രയോഗത്തോടും ഏറെക്കുറെ കൂറു പുലര്‍ത്തുന്നത്‌ ഫ്രഡറിക്‌ സുനില്‍കുമാര്‍ എഴുതിയ ബാസല്‍ മിഷനെക്കുറിച്ചും അവരുടെ മതേതരവിദ്യാഭ്യാസശ്രമങ്ങളെക്കുറിച്ചുമുള്ള പഠനമാണ്‌. പതിനാറ്‌-പതിനേഴ്‌ നൂറ്റാണ്ടുകളിലെഴുതപ്പെട്ട ഫത്‌ഹുല്‍ മുബീന്‍ എന്ന കൃതിയുടെ ഉള്ളടക്ക അനാവരണങ്ങളിലൂടെ കോഴിക്കോടിന്റെ സാംസ്‌കാരികപാരമ്പര്യത്തെക്കുറിച്ച്‌ പി.പി. അബ്‌ദുല്‍ റസാക്‌ എഴുതിയ പഠനം, ഒരിക്കല്‍ കൂടി `മതനിരപേക്ഷത' എന്ന ശീര്‍ഷകത്തെ ചോദ്യം ചെയ്യുന്നു. റസാക്‌ തന്നെ എഴുതുന്നത്‌ പോലെ, ഒരു ബഹുസ്വര/ബഹുമതസമൂഹത്തിലെ ജീവിതത്തിന്റെ ശൈലിയും, കോഴിക്കോടിന്റെ `സാമുദായിക സഹവര്‍ത്തിത്വ'ത്തിന്റെ ചരിത്രപരമായ രൂപീകരണവുമാണ്‌ ഈ കൃതി വിളിച്ചറിയിക്കുന്നത്‌. മതേതരസമൂഹ നിര്‍മിതിയില്‍ മലബാറിലെ സ്‌ത്രീസമൂഹം വഹിച്ച പങ്കിനെക്കുറിച്ച്‌ വാസന്തി വി. മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങളും, മതമൈത്രിയുടെ ചില അടയാളങ്ങള്‍ എടുത്തുകാണിക്കുന്ന പി.എന്‍.എം. കദീജയുടെയും എം. ബാബുരാജിന്റെയും വരികളും തുടര്‍ന്നുള്ള അധ്യായങ്ങളാണ്‌.

ഇരുപതിലധികം രചനകള്‍ ഉള്ളടങ്ങുന്ന ആറാം ഭാഗം `സാംസ്‌കാരികം' മലബാറിന്റെ വിവിധ കലാ-കായിക-സംഗീത-വിനോദതലങ്ങളിലൂടെ കടന്നപോകുന്നു. സംസ്‌കാരം ചരിത്രത്തിന്റെ ഭാഗമാണെന്നും, ചരിത്രം ചുരുങ്ങിയത്‌ ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ സാംസ്‌കാരികചരിത്രത്തെ നെഞ്ചിലേറ്റിത്തുടങ്ങിയിട്ടുമുണ്ടെന്ന ബൗദ്ധികവസ്‌തുതകള്‍ നിലനില്‍ക്കെ, രണ്ടാം ഭാഗം `ചരിത്ര'ത്തില്‍ നിന്ന്‌ ആറാം ഭാഗത്തെ വ്യത്യസ്‌തമാക്കുന്ന മാനദണ്ഡങ്ങള്‍ അപ്രത്യക്ഷമാകുന്നു. അനുഷ്‌ഠാനകലകള്‍, തെയ്യം, അറബി-മലയാളം, മാപ്പിളക്കലകള്‍, സംഗീതം, വടക്കന്‍പാട്ട്‌, കളരിപ്പയറ്റ്‌, കായികം, നാടകം, ചലച്ചിത്രം, റേഡിയോ, ദിനപത്രങ്ങള്‍, വേഷങ്ങള്‍, സാഹിത്യം, ഭക്ഷണങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നു. പരമ്പരാഗതതൊഴിലുമായി ബന്ധപ്പെട്ടുള്ള കപ്പല്‍നിര്‍മാണവും മറ്റുമെല്ലാം ഈ ഭാഗത്ത്‌ കടന്നുവരുന്നത്‌, ഒരിക്കല്‍ കൂടി ഈ ഭാഗത്തിന്റെ തനിമയ്‌ക്ക്‌ മങ്ങലേല്‍പിക്കുന്നു.

കേരളത്തിന്റെ, മലബാറിന്റെ, കോഴിക്കോടിന്റെ പൈതൃകവും പാരമ്പര്യവും ചര്‍ച്ച ചെയ്യുന്ന വിവിധ തലങ്ങളില്‍ നിന്നുള്ള നിരവധി രചനകള്‍ ഒരു പുസ്‌തകത്തില്‍ സമാഹരിച്ചു എന്നതാണ്‌ മലബാര്‍: പൈതൃകവും പ്രതാപവുത്തിന്റെ പ്രഭാവം. ഉദ്ധൃതദേശങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ക്ക്‌ ആത്യന്തികമായി അവലംബിക്കാവുന്ന പ്രഥമകൃതികളിലൊന്നായി ഈ സമാഹാരം നമ്മുടെ ഗ്രന്ഥശേഖരങ്ങളില്‍ ഇടംപിടിക്കുമെന്ന്‌ തീര്‍ച്ച. മലബാറുമായി ബന്ധപ്പെട്ടുള്ള പുസ്‌തകങ്ങളില്‍ നല്ലൊരു ശതമാനവും ഏതെങ്കിലുമൊരു തലത്തില്‍ മാത്രം ശ്രദ്ധയൂന്നുവയാണ്‌ എന്നതിനാല്‍, പൈതൃകവും സംസ്‌കാരവും സാമൂഹികതയും ചരിത്രവുമെല്ലാം ഒരുമിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഈ പുസ്‌തകത്തിന്‌ പ്രസക്തിയുണ്ട്‌. ഗ്രന്ഥപരിശോധനയിലെ പരിശോധകരുടെ സ്വാഭാവികമല്ലാത്ത പാളിച്ചകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, മലബാര്‍: പൈതൃകവും പ്രതാപവും അടുത്ത കാലത്തായി മലയാളവായനാലോകം കണ്ട ഉത്തമകൃതികളിലൊന്നാണെന്ന്‌ സംശയലേശമന്യേ പറയാം.
Sathyadhara April 1-14, 2012

കുഞ്ഞാണി മുസ്‌ലിയാര്‍; നിശ്ശബ്‌ദനായ ജ്ഞാനപ്രതിഭ


അബൂബക്കര്‍ താമരശ്ശേരി
നിറഞ്ഞ പാണ്ഡിത്യം, അപാരമായ ബുദ്ധിശക്തി, വിനയാന്വിതമായ പെരുമാറ്റം, ജീവിതത്തില്‍ പുലര്‍ത്തുന്ന അതീവ സൂക്ഷ്‌മത, വലിയ സമ്പത്തിനുടമയാണെങ്കിലും ലളിതമായ ജീവിതം. വിജ്ഞാനപ്രചരണം ഒരു തപസ്യയാക്കി മാറ്റിയ ജീവിതം. പുത്തനഴി കുഞ്ഞാണി മുസ്‌ലിയാരെ നമുക്ക്‌ ഇങ്ങനെ ഒരു പരിചയപ്പെടുത്തലില്‍ ഒതുക്കാന്‍ കഴിയില്ല. അതിനേക്കള്‍ വിശാലമാണ്‌ ആ വ്യക്തിത്വം. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന്‌ 49 വര്‍ഷംമുമ്പ്‌ തുടങ്ങിയ അധ്യാപക ജീവിതം. 71-ാം വയസ്സിലും കുഞ്ഞാണി മുസ്‌ലിയാര്‍ കര്‍മ്മനിരതന്‍ തന്നെ. ഇപ്പോള്‍ ആഴ്‌ചയില്‍ മൂന്ന്‌ ദിവസം പട്ടിക്കാട്‌ ജാമിഅന്നൂരിയ്യയില്‍ പ്രതിഫലം പറ്റാതെയുള്ള സേവനം. എന്തുകൊണ്ട്‌ പ്രതിഫലം സ്വീകരിച്ചുകൂടാ എന്ന ചോദ്യത്തിന്‌ വേതനം പറ്റി ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ കഴിയാതെ വന്നാല്‍ അതൊരു പ്രയാസമാകുമെന്നു മറുപടി. പാണ്ഡിത്യത്തിന്റെ പ്രൗഡിയോ ജാടകളോ ഇല്ലാതെ ശാന്തനായി നടന്നുനീങ്ങുന്ന ഈ പണ്ഡിതവര്യന്‍ നാലര പതിറ്റാണ്ടായി കരുവാരകുണ്ടിനടുത്ത പുത്തനഴി പ്രദേശത്തുകാരുടെ ഖാളിയും മുദരിസ്സുമെല്ലാമാണ്‌.
ഗുരുകുല വിദ്യാഭ്യാസത്തെകുറിച്ച്‌ കേട്ടറിവ്‌ മാത്രമേയുള്ളു നമുക്ക്‌. എന്നാല്‍ കുഞ്ഞാണി മുസ്‌ലിയാര്‍ അതിന്റെ പ്രയോക്താവാണ്‌. ഒഴിവുദിവസങ്ങളില്‍ തന്റെ വീട്ടില്‍വെച്ച്‌ ദര്‍സ്‌ നടത്തുന്നു എന്നത്‌ കേവലം ഭംഗിവാക്കല്ല. കുഞ്ഞാണിമുസ്‌ലിയാര്‍ വീട്ടിലുണ്ടാകുന്ന വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ്‌ ഇത്‌ കൂടുതലും നടക്കുക. വിവിധ ദിക്കുകളില്‍ മുദരിസുമാരായി ജോലി ചെയ്യുന്നവരായിരിക്കും വിദ്യാര്‍ത്ഥികളില്‍ അധികവും. ആഴ്‌ചകളില്‍ ലഭിക്കുന്ന ഒഴിവുദിവസങ്ങള്‍ ഇവിടെ ചെലവഴിച്ച്‌ ആവോളം വിദ്യ നുകര്‍ന്ന്‌ തിരിച്ചുപോകുന്നവര്‍ എത്രയോ ഉണ്ടായിരുന്നു. ഭക്ഷണവും താമസവും എല്ലാം ഈ പണ്ഡിതവര്യന്റെ വക ഫ്രീ. പൊതുവെ പണ്ഡിതന്മാരില്‍ പലര്‍ക്കും പ്രയാസകരമായി അനുഭവപ്പെടുന്ന ``മഅ്‌ഖൂലാത്ത്‌'' വിഷയങ്ങളിലാണ്‌ കുഞ്ഞാണി മുസ്‌ലിയാര്‍ക്ക്‌ കൂടുതലും താല്‍പര്യം എന്നത്‌ പഴയകാല ആലിമുകള്‍ ഈ വിജ്ഞാവശാഖയോടു കാണിച്ചിരുന്ന പ്രതിപത്തിയും താല്‍പര്യവും നമുക്ക്‌ ബോധ്യപ്പെടുത്തിതരും. വൈജ്ഞാനികരംഗത്ത്‌ പുതിയ തലമുറ വലിയ വിസ്‌ഫോടനങ്ങള്‍ സൃഷ്‌ടിച്ച്‌ മുന്നേറുമ്പോഴും ഈ ഗ്രാമപ്രദേശത്ത്‌ ഇങ്ങനെ ഒരു മഹാപണ്ഡിതന്‍ പഴമയുടെ വിശുദ്ധിയും നന്‍മയും കെടാതെ സൂക്ഷിച്ച്‌ വിജ്ഞാനപ്രചരണം തന്റെ ജീവിതനിയോഗമായി കരുതി ഗുരുകുല വിദ്യാഭ്യാസത്തിന്‌ പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നുവെന്നത്‌ പലര്‍ക്കും അറിയാത്തതോ, അല്‍ഭുതപ്പെടുത്തുന്നതോ ആയിരിക്കും.

കുടുംബം 
1940 ഡിസംബര്‍29-ന്‌ പൊറ്റയില്‍ ഉണ്ണിമോയിന്‍ മുസ്‌ലിയാരുടെയും പുതുക്കൊള്ളി ഉമ്മു ആയിശകുട്ടി(ഉമ്മാച്ച കുട്ടി) യുടെ മകനായി കരുവാരക്കുണ്ടിനടുത്ത്‌ പുത്തനഴി പുത്തന്‍കുളത്തെ തറവാട്ടുവീട്ടില്‍ ജനനം. കാപ്പ്‌കൊളപ്പറമ്പ്‌ സ്വദേശിനി പി.സഫിയ്യയാണ്‌ കുഞ്ഞാണിമുസ്‌ലിയാരുടെ സഹധര്‍മ്മിണി.
എം.എസ്‌.എഫ്‌ മുന്‍ സംസ്ഥാന ജ.സെക്രട്ടറിയും നിലവില്‍ സംസ്ഥാന മുസ്‌ലിംയൂത്ത്‌ലീഗ്‌ ട്രഷററുമായ പി.എം ഹനീഫ്‌ ഉള്‍പ്പെടെ അഞ്ചു മക്കള്‍.

പൊന്നാനിയില്‍ നിന്നെത്തിയ ഖാളി കുടുംബം 
പൊന്നാനിയായിരുന്നു ഏറെകാലം കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രം. മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ഖാളിമാരേയും ഖത്തീബുമാരേയും അയച്ചു കൊടുത്തിരുന്നതും പൊന്നാനിയില്‍ നിന്നായിരുന്നു. വിവിധ പ്രദേശങ്ങളില്‍ ഖാളിമാരായി എത്തിപ്പെടുന്നവര്‍ അവിടെതന്നെ സ്ഥിരതാമസമാക്കുകയും നാട്ടുകാരുടെ സ്‌നേഹാദരവുകള്‍ പറ്റി ആ നാടിന്റെ ഭാഗമായി തീരുകയുമാണ്‌ പതിവ്‌. അങ്ങിനെ വള്ളുവനാട്‌ ഭാഗത്തേക്ക്‌ ഖാളിമാരായി വന്നവരുടെ തലമുറയാണ്‌ കുഞ്ഞാണി മുസ്‌ലിയാരുടെ പൊറ്റയില്‍ തറവാട്‌. മുസ്‌ലിയാരകത്ത്‌, ഓടക്കല്‍ തുടങ്ങിയ കുടുംബപരമ്പരകളും ഇങ്ങനെ പൊന്നാനിയില്‍ നിന്നെത്തിയ ഖാളി കുടുംബാംഗങ്ങളാണ്‌. പിതാമഹന്മാരില്‍ ആരോ ഈ ഭാഗത്തേക്ക്‌ ഖാളിയായി നിശ്ചയിക്കപ്പെടുകയും അങ്ങനെ ഈ പ്രദേശത്തിന്റെ ആത്മീയനേതൃത്വം ഏറ്റെടുത്ത്‌ ഈ മണ്ണിന്റെ ഭാഗമായിത്തീരുകയും ചെയ്‌തു. പൊന്നാനി മഖ്‌ദും കുടുംബത്തിലേക്കാണ്‌ ഇവരുടെയെല്ലാം വേരുകള്‍ വന്നുചേരുന്നത്‌. കുഞ്ഞാണി മുസ്‌ലിയാരുടെ പിതാമഹന്‍മാരെല്ലാം പ്രസിദ്ധരായ പണ്ഡിതന്‍മാരായിരുന്നു. പിതാവ്‌ ഉണ്ണിമോയിന്‍ മുസ്‌ലിയാര്‍ `അസ്‌മാഅ്‌' ചികില്‍സയില്‍ പ്രഗല്‍ഭനായിരുന്നു. പിശാച്‌ ബാധയേറ്റയാളുടെ തലയില്‍ കത്തി അടിച്ചുകയറ്റി ബാധയൊഴിപ്പിക്കുന്ന ചികില്‍സാരീതി വരെ അദ്ദേഹത്തിനറിയാമായിരുന്നു.

ഓര്‍മ്മകളിലൂടെ പഠനകാലത്തേക്ക്‌ 
ഓത്ത്‌ പള്ളികളായിരുന്നു അന്നത്തെ പഠനകേന്ദ്രങ്ങള്‍. ഖുര്‍ആന്‍ പഠനത്തോടൊപ്പം `മഈനത്തുല്‍ ഇസ്‌ലാം' എന്ന പേരില്‍ ഇസ്‌ലാം കാര്യങ്ങള്‍, ഈമാന്‍ കാര്യങ്ങള്‍ നിത്യജീവിതത്തില്‍ അത്യാവശ്യമായ കാര്യങ്ങള്‍, മൗലൂദ്‌ കിതാബുകള്‍, ബദ്‌ര്‍ ബൈത്ത്‌ എന്നിവയൊക്കെയാണ്‌ അന്ന്‌ ഓത്ത്‌ പള്ളികളില്‍ വെച്ച്‌ പഠിപ്പിച്ചിരുന്നത്‌. മൗലൂദ്‌ ബൈത്തുകള്‍ കാണാതെ ചൊല്ലാന്‍ പഠിപ്പിക്കുക അന്നത്തെ ഒരു രീതിയായിരുന്നു. തന്റെ എട്ടാമത്തെ വയസ്സില്‍ പുലാമന്തോള്‍ സ്വദേശി മയമുണ്ണി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നുകൊണ്ടാണ്‌ ദര്‍സ്‌ പഠനത്തിന്‌ തുടക്കമിടുന്നത്‌. പിന്നെ വള്ളിക്കാപ്പറ്റ കോയണ്ണി മുസ്‌ലിയാരുടെ കീഴില്‍ എടപ്പറ്റ, ഏപീക്കാട്‌ എന്നീ സ്ഥലങ്ങളില്‍ മൂന്ന്‌ വര്‍ഷത്തോളം ഓതി താമസിച്ചെങ്കിലും തന്റെ അടങ്ങാത്ത വിജ്ഞാനതൃഷ്‌ണ കൂടുതല്‍ നല്ല ദര്‍സും ഏറ്റവും നല്ല ഗുരുവര്യരെയും തേടിപോകാന്‍ കുഞ്ഞാണി മുസ്‌ലിയാര്‍ക്ക്‌ പ്രചോദനമായി. അങ്ങനെയാണ്‌ പ്രമുഖപണ്ഡിതനും സൂഫിവര്യനുമായ അരിപ്ര സി.കെ.മൊയ്‌തീന്‍ ഹാജിയുടെ ദര്‍സിലെത്തുന്നത്‌. അടുത്തവര്‍ഷം തലശ്ശേരിക്കടുത്ത പുല്ലൂക്കര ദര്‍സില്‍ ചേര്‍ന്നെങ്കിലും ഒരു പ്രത്യേകതരം പനി പടര്‍ന്നുപിടിച്ചത്‌ കാരണം അവിടെ കൂടുതല്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഏതാനും മാസങ്ങള്‍ തുവ്വൂരിലെ കുഞ്ഞിമുസ്‌ലിയാരുടെ ദര്‍സില്‍ പഠിച്ചു. ശൈഖുനാ കെ.സി.ജമാലുദ്ദീന്‍ മുസ്‌ലിയാരുടെ കൂടെയായിരുന്നു അടുത്തത്‌. കരുവാരക്കുണ്ടിലും പയ്യനാട്ടുമായി ഓരോ വര്‍ഷങ്ങള്‍. പിറ്റെ വര്‍ഷം പ്രമുഖപണ്ഡിതന്‍ ഒ.കെ.ഉസ്‌താദിന്റെ ചാലിയത്തെ ദര്‍സില്‍ ഒരു വര്‍ഷം. വീണ്ടും കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാരുടെകൂടെ കരുവാരകുണ്ട്‌ ദര്‍സിലേക്ക്‌. അടുത്തവര്‍ഷം ബാഖിയാത്തില്‍ പോകാനായിരുന്നു പരിപാടിയെങ്കിലും വെള്ളത്തിന്റെ ദൗര്‍ബ്ബല്യമോ മറ്റോ കാരണം ബാഖിയത്ത്‌ അടച്ചിട്ടതിനാല്‍ ആ ലക്ഷ്യം സഫലമാകാതെ പോവുകയും കെ.സി.ഉസ്‌താദ്‌ ഹജ്ജിന്‌ പോവുകയും ചെയ്‌തതിനാല്‍ അല്‍പകാലം ഉസ്‌താദ്‌ കുട്ടി മുസ്‌ലിയാര്‍ ഫള്‌ഫരിയുടെ പൊടിയാട്ടെ ദര്‍സില്‍ ചേര്‍ന്നു. ഹജ്ജിന്‌ ശേഷം വീണ്ടും കെ.സി. ഉസ്‌താദിന്റെ കൂടെതന്നെ ചേര്‍ന്നു. അടുത്ത വര്‍ഷം ബാഖിയാത്തില്‍ പോയി. രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം 1965-ല്‍ ബാഖിയാത്തില്‍ നിന്നു പിരിഞ്ഞു.


അധ്യാപന ജീവിതം 
1965-ല്‍ മഞ്ചേരിക്കടുത്ത മുടിക്കോട്‌ ജമുഅ മസ്‌ജിദില്‍ മുദരിസായികൊണ്ടാണ്‌ കുഞ്ഞാണി മുസ്‌ലിയാര്‍ തന്റെ അധ്യാപന ജീവിതത്തിന്‌ തുടക്കമിടുന്നത്‌. ഉയര്‍ന്ന കിതാബുകള്‍, ഓതുന്ന മുതിര്‍ന്ന കുട്ടികള്‍ അടക്കം 27 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു ആ ദര്‍സില്‍. ആ പ്രദേശത്തുകാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ വേറെയും. സ്വന്തം നാടായ പുത്തനഴിയിലാണ്‌ പിന്നീട്‌ അദ്ദേഹം ദര്‍സ്‌ തുടങ്ങിയത്‌. ബിരുദധാരികളും അല്ലാത്തവരുമായ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ നിത്യസന്ദര്‍ശകരായി. സമീപപ്രദേശങ്ങളിലെ മുദരിസുമാര്‍ക്കും ഖാളിമാര്‍ക്കുമെല്ലാം സംശയങ്ങള്‍ തീര്‍ക്കാനും മസ്‌അലകളുടെ കുരുക്കഴിക്കാനും ഒരു ആശ്വാസതുരുത്തും അഭയകേന്ദ്രവുമായി ഈ പ്രദേശവും ഇവിടുത്തെ ഈ മഹാ ഗുരുവര്യനും മാറി. അന്നുമുതല്‍ ഇതുവരെ നാലര പതിറ്റാണ്ടിലതികമായി ഈ പ്രദേശത്തുകാരുടെ ഖാളിയും മുദരിസുമായി കുഞ്ഞാണി മുസ്‌ലിയാര്‍ ഉണ്ട്‌.

കര്‍ഷകനായ പണ്ഡിതന്‍ 
സാധാരണ പണ്ഡിതരെപ്പോലെ ജോലി കഴിഞ്ഞുവന്ന്‌ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കാനൊന്നും കുഞ്ഞാണി മുസ്‌ലിയാരെ കിട്ടില്ല. ഗ്രന്ഥപാരായണത്തോടൊപ്പം അദ്ദേഹത്തിന്‌ ഇഷ്‌ടപ്പെട്ട വിനോദമാണ്‌ കൃഷിയും. ഒരുപക്ഷെ പണ്ഡിതര്‍ക്കിടയിലെ സമ്പന്നനും സമ്പന്നര്‍ക്കിടയിലെ പണ്ഡിതനും ആയിരിക്കും അദ്ദേഹം. പൂര്‍വ്വികമായി ലഭിച്ചതും തന്റെ സ്വപരിശ്രമത്താല്‍ നേടിയെടുത്തതുമായ വിശാലമായ കൃഷിയിടത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെയാണ്‌ വീട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതും ഒട്ടേറെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതും.

സംഘടനാ രംഗത്തേക്ക്‌ 
ഇന്ന്‌ സമസ്‌തയുടെ മലപ്പുറം ജില്ല ജ.സെക്രട്ടറിയാണ്‌ കുഞ്ഞാണി ഉസ്‌താദ്‌. കെ.ടി. ഉസ്‌താദിന്റെ വിയോഗം സൃഷ്‌ടിച്ച വിടവ്‌ നികത്താന്‍ മറ്റൊരു പേരും ആര്‍ക്കും നിര്‍ദ്ദേശിക്കാനുണ്ടായിരുന്നില്ല. ശാന്തപ്രകൃതനും നിശ്ശബ്‌ദനും ആണെങ്കിലും അതിസൂക്ഷ്‌മതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഈ ജ്ഞാനപ്രതിഭയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അര്‍ഹതപ്പെട്ട പദവിതന്നെയാണ്‌ ഈ സ്ഥാനലബ്‌ദി. അഗാധമായ പാണ്ഡിത്യവും ജീവിതത്തില്‍ പുലര്‍ത്തുന്ന അതിസൂക്ഷ്‌മതയും കുഞ്ഞാണി മുസ്‌ലിയാരെ മറ്റു പലരില്‍നിന്നും വ്യത്യസ്‌തനാക്കുന്നു. ദീനിസ്ഥാപന നടത്തിപ്പ്‌ വ്യവസായവല്‍ക്കുകയും സ്ഥാപനത്തോടൊപ്പമോ അതിനേക്കാളേറെയോ സ്ഥാപന നടത്തിപ്പുകാര്‍ വളരുകയും ചെയ്യുന്ന ഇക്കാലത്ത്‌ കുഞ്ഞാണി മുസ്‌ലിയാരെപോലെയുള്ള സൂക്ഷ്‌മാലുക്കളായ ഒരു പണ്ഡിതനെ അപൂര്‍വ്വമായേ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
മര്‍ഹൂം നാട്ടിക ഉസ്‌താദിന്റെ സ്വപ്‌ന പദ്ധതിയായിരുന്നുവല്ലൊ മേലാറ്റൂര്‍ ദാറുല്‍ഹികം ഇസ്‌ലാമിക്‌ സെന്റെര്‍. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദീനി സേവനാസംരഭങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ബൃഹത്‌പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ അതൊരു മഹാസംഭവമാകുമായിരുന്നു. മേലാറ്റൂര്‍ ടൗണില്‍ നിലവിലുണ്ടായിരുന്ന ഓട്ടുകമ്പനിയും ഏഴ്‌ ഏക്കറോളം വരുന്ന സ്ഥലങ്ങളും വിലക്ക്‌ വാങ്ങികൊണ്ട്‌ പദ്ധതിക്ക്‌ അതിഗംഭീരമായി തുടക്കം കുറിക്കപ്പെടുകയും പ്രാഥമികപ്രവര്‍ത്തനങ്ങല്‍ നടക്കുകയും ചെയ്‌തു. സമുദായ സ്‌നേഹികളെയും പ്രസ്ഥാനബന്ധുക്കളെയും മാത്രമല്ല നാട്ടിലെ നന്മ കാംക്ഷിക്കുന്ന മുഴുവന്‍ ആളുകളിലും പ്രതീക്ഷകള്‍ നല്‍കി ദാറുല്‍ഹികം പിച്ചവെക്കാന്‍ തുടങ്ങുമ്പോഴാണ്‌ അതിന്റെ നായകന്റെ വിടവാങ്ങല്‍. സമുദായത്തിനും ദാറുല്‍ഹികമിനും വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ആ കര്‍മ്മയോഗി രോഗിയാവുകയും ആരും നിനച്ചിരിക്കാത്ത ഒരു സമയത്ത്‌ അദ്ദേഹം നമ്മെ വിട്ടുപിരിയുകയും ചെയ്‌തു. ദാറുല്‍ഹികം അനാഥമാകുമോ എന്നുപോലും തോന്നിയ ഘട്ടം. ആ സന്നിഗ്‌ദ്ധഘട്ടത്തിലാണ്‌ തന്റെ വാര്‍ദ്ധക്യവും അവശതകളും മാറ്റിവെച്ചുകൊണ്ട്‌ കുഞ്ഞാണി മുസ്‌ലിയാരുടെ രംഗപ്രവേശനം. നേരത്തെതന്നെ ദാറുല്‍ഹികമിന്റെ വൈ:പ്രസിഡന്റായിരുന്നുവെങ്കിലും മൂസ മുസ്‌ലിയാരുണ്ടായിരുന്നതുകൊണ്ട്‌ ബാധ്യതകളൊന്നും തന്റെ ചുമലില്‍ വരുമായിരുന്നില്ല.

ആശങ്കപ്പെട്ടത്‌ തന്നെ സംഭവിച്ചു 
ദാറുല്‍ഹികമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച നാളുകളില്‍ ഒന്നില്‍ നാട്ടിക ഉസ്‌താദിനെ കാണാന്‍വേണ്ടി മേലാറ്റൂരില്‍ എത്തിയതാണ്‌ ഈ ലേഖകന്‍. സമയം ഉച്ചയോട്‌ അടുത്തിരിക്കുന്നു. മൂസ മുസ്‌ലിയാര്‍ സ്ഥലത്തില്ലാത്തതുകൊണ്ട്‌ അല്‌പം വിശ്രമിക്കാമെന്നു കരുതി ഒരു പ്രസ്ഥാന ബന്ധു നടത്തുന്ന ബുക്ക്‌ഷോപ്പില്‍ കയറി. കുഞ്ഞാണി മുസ്‌ലിയാരും അവിടെ മൂസ മുസ്‌ലിയാരെ കാത്തിരിക്കുകയായിരുന്നു. അന്ന്‌ ദാറുല്‍ഹികമിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ കുഞ്ഞാണിമുസ്‌ലിയാര്‍ ഗൗരവഭാവം പൂണ്ടു. പിന്നെ പതിഞ്ഞസ്വരത്തില്‍ പറഞ്ഞു. `വലിയ വലിയ പദ്ധതികളാ.... ഇതൊക്കെ നടപ്പാക്കാനായാല്‍ നല്ലത്‌.' ആ വാക്കുകളില്‍ എവിടെയൊക്കെയോ ആശങ്കകള്‍ മുറിഞ്ഞുവീഴുന്നത്‌ പോലെ എനിക്കുതോന്നി. ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മൂസ മുസ്‌ലിയാരുടെ സ്വപ്‌നങ്ങളെകുറിച്ചാണ്‌ കുഞ്ഞാണി മുസ്‌ലിയാര്‍ സംസാരിക്കുന്നത്‌. അവസാനം താന്‍ ആശങ്കപ്പെട്ടതുപോലെ തന്നെ ആ ബാധ്യതയുടെ വലിയ ചുമടുകള്‍ തന്റെ ചുമലില്‍ തന്നെ വന്നുചേരുകയും ചെയ്‌തു.

Sathyadhara April 1-15, 2012

Sunday, April 29, 2012

പരിണമിക്കാത്ത ഡാര്‍വനിസം


കെ. ഷെബിന്‍ മുഹമ്മദ്‌
ഭൂമിയില്‍ ജീവനുണ്ടായത്‌ എങ്ങിനെ എന്ന കാര്യത്തില്‍ ശാസ്‌ത്രലോകത്ത്‌ ഇന്നും തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ ഈ ചോദ്യം ഒരു ഹയര്‍സെക്കണ്ടറി സയന്‍സ്‌ വിദ്യാര്‍ത്ഥിയോട്‌ ചോദിച്ചാല്‍, അജൈവ പദാര്‍ത്ഥങ്ങളില്‍ നിന്ന്‌ ജീവനുള്ള ലഘുകോശം ആകസ്‌മികമായ പ്രക്രിയയിലൂടെ ഉരിത്തിരിഞ്ഞുവെന്നും തുടര്‍ന്നുണ്ടായ ജീവികള്‍ സ്വയം പരിണമിച്ച്‌ ലളിതഘടനയില്‍ നിന്ന്‌ സങ്കീര്‍ണ്ണഘടനയിലേക്ക്‌ എത്തിച്ചേര്‍ന്നു എന്ന പരിണാസിദ്ധാന്തം പഠിച്ചത്‌ അതുപോലെ നമുക്ക്‌ മുന്‍പില്‍ ചര്‍ദിച്ചു തരുകയാണ്‌ ചെയ്യുക. ശാസ്‌ത്രലോകത്തെ ചില ബുദ്ധിജീവികളും നിയോ-ഡാര്‍വിനിസ്റ്റുകളും ഈ വിഷയത്തില്‍ വാദപ്രതിവാദം നടത്തിക്കൊണ്ടിരിക്കുന്നു എന്ന വസ്‌തുത ആ വിദ്യാര്‍ത്ഥിസമൂഹം അറിയാതെ പോവുന്നു. ഈ സിദ്ധാന്തമനുസരിച്ച്‌ ജീവനില്ലാത്ത വസ്‌തുക്കളില്‍ നിന്ന്‌ പെട്ടെന്ന്‌ ജീവനുള്ള ഒരുകോശം ``സ്വയം'' ഉണ്ടാകുകയും അത്‌ പരിണമിച്ച്‌ ഓരോ ജീവിയിലൂടെയും കടന്നുപോയി ചിമ്പാന്‍സികള്‍ക്കു ശേഷം മനുഷ്യനിലേക്ക്‌ പരിണമിച്ചു. മനുഷ്യനായി കഴിഞ്ഞതോടെ പരിണാമം അവസാനിച്ചോ എന്ന്‌ ചോദിക്കരുത്‌. കാരണം ഇത്‌ ശാസ്‌ത്രമാണ്‌. ഈ ``ശാസ്‌ത്ര സിദ്ധാന്തത്തില്‍ ചോദ്യമില്ല.'' ഇന്നും കൃത്യതയില്ലാത്ത തെളിയിക്കാന്‍ പറ്റാത്ത ഭൗതികവാദം മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ഈ സിദ്ധാന്തം ഒരു ഭൗതികസിദ്ധാന്തം മാത്രമായി പരിണമിച്ചിരിക്കുന്നു. ബയോളജി, പാലിയന്തോളജി ജെനറ്റിക്‌സ്‌(ഉല്‍പത്തിശാസ്‌ത്രം) എന്നീ ശാസ്‌ത്രശാഖകളിലെ കണ്ടെത്തലുകളുടെ തെളിവില്ലാത്ത വ്യാഖ്യാനം മാത്രമായിരുന്നു ഡാര്‍വിനിസം. എന്നാല്‍ ഈ തര്‍ക്കവിഷയത്തിന്റെ പോസിറ്റീവായ ഭാഗം മാത്രം സ്‌കൂളുകളില്‍ ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഡാര്‍വിനു മുന്‍പും ചില ശാസ്‌ത്രജ്ഞര്‍ ജീവിപരിണാമത്തെ കുറിച്ച്‌ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. 1753-ല്‍ ഫ്രഞ്ച്‌ പ്രകൃതി ശാസ്‌ത്രജ്ഞനായ ജോര്‍ജ്‌ ലൂയിസ്‌ വിഭര്‍ഗ്‌ മനുഷ്യന്റെയും കുതിരകളുടെയും അസ്ഥികൂടത്തെ താരതമ്യപഠനം നടത്തി. അസ്ഥികൂട ഘടനയില്‍ കണ്ട അത്ഭുതകരമായ സാമ്യം ഈ ജീവികള്‍ ഒരേ പൂര്‍വ്വികരില്‍ നിന്ന്‌ ഉരുത്തിരിഞ്ഞതാവാം എന്ന്‌ അനുമാനത്തിലെത്തിച്ചു. എന്നാല്‍ ഈ കണ്ടെത്തല്‍ ദൈവനിഷേധമാവും എന്ന ഭയത്താല്‍ ദൈവത്തിന്റെ സൃഷ്‌ടി പദ്ധതിയുടെ ഉറപ്പായ ഒരടയാളമായി ഇതിനെ വ്യാഖ്യാനിച്ചു.

ജീവജാതികള്‍ക്കിടയില്‍ സാദൃശ്യം മാത്രമല്ല വൈജാത്യങ്ങളുണ്ടെന്നും അവയില്‍ പരിസ്ഥിതിയോട്‌ കൂടുതല്‍ യോജിച്ചു പോകുന്നവ നിലനില്‍ക്കും. അല്ലാത്തവ നശിക്കും. ഇങ്ങനെ കോടികണക്കിനു വര്‍ഷത്തെ മന്ദഗതിയിലുള്ള പരിവര്‍ത്തനം വഴിയാണ്‌ ഭൂമിയില്‍ ജീവജാലങ്ങള്‍ വളര്‍ന്നതും വികസിച്ചതും എന്ന്‌ ഡാര്‍വിനിസം വ്യാഖ്യാനിക്കുന്നു. അഥവാ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും പൊതുപൂര്‍വ്വികര്‍ അതിപ്രാചീനവും സൂക്ഷ്‌മവുമായ ഒരു ജൈവകണമാണ്‌. ഇങ്ങനെ ഉണ്ടാകുന്ന ജീവജാലങ്ങളുടെ വംശവര്‍ദ്ധനവ്‌ ജീവജാലങ്ങള്‍ തമ്മിലുള്ള ഭക്ഷണത്തിനും താമസത്തിനും വേണ്ട മത്സരം സൃഷ്‌ടിക്കുകയും കഴിവുള്ളവ നിലനില്‍ക്കുകയും ചെയ്യുമെന്ന്‌ പരിണാമ സിദ്ധാന്തത്തിലൂടെ ഡാര്‍വിന്‍ വ്യാഖ്യാനിക്കുന്നു. മാത്രമല്ല ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെ ശക്തി പ്രാപിക്കുന്ന ജീവജാലങ്ങള്‍ തങ്ങളിലുണ്ടായ മാറ്റങ്ങളെയും കഴിവുകളെയും പുതുതലമുറയിലേക്ക്‌ കൈമാറ്റം ചെയ്യുകയും പുതുതലമുറ പൂര്‍വ്വികരില്‍ നിന്ന്‌ വ്യത്യസ്‌ത ഘടനയിലായിരിക്കുകയും ചെയ്യും. എങ്ങനെ ഉണ്ട്‌ സിദ്ധാന്തം? പക്ഷേ ഈ പറച്ചില്‍ മാത്രമേ ഇപ്പോഴും നിയോ ഡാര്‍വിനിസ്റ്റുകളുടെ കയ്യിലൊള്ളു. തെളിവ്‌ മാത്രമില്ല. ഭൗതികവാദത്തിനു എങ്ങിനെ തെളിവ്‌ ലഭിക്കും?... പൂര്‍വ്വികരില്‍ നിന്നും വ്യത്യസ്‌തമായ ഒരു വിഭാഗം ഉണ്ടെങ്കില്‍ അത്‌ തെളിയിക്കപെടേണ്ടത്‌ ആവശ്യമാണ്‌. പക്ഷേ ഇന്നേവരെ അങ്ങിനെ ഒരു ഫോസില്‍ കണ്ടെത്തിയിട്ടില്ല. കൂടാതെ ബ്രിട്ടീഷ്‌ ഫോസില്‍ വിദഗ്‌ദനായ ഡെരിക്‌ പറഞ്ഞത്‌ ഫോസില്‍ രേഖകള്‍ സൂചിപ്പിക്കുന്നത്‌ അനുക്രമമായ മാറ്റമല്ല മറിച്ച്‌ പൊടുന്നനെയുള്ള ജൈവവിസ്‌ഫോടനമാണ്‌ എന്നാണ്‌. മനുഷ്യന്റെ കാര്യം അവിടെ നില്‍ക്കട്ടെ, കാരണം മനുഷ്യന്‌ 2 ലക്ഷം വര്‍ഷത്തിന്റെ പഴക്കമേയുള്ളൂ. ലക്ഷോപലക്ഷം പഴക്കമുള്ള മറ്റു പക്ഷിമൃഗാദികളുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു തലമുറയില്‍ ഇങ്ങനെ മധ്യവര്‍ഗ്ഗം ഉണ്ടായതായി തെളിയിക്കേണ്ടതല്ലേ! പകുതി മുയലും പകുതി മാന്‍പേടയുമായോ, പകുതി മത്സ്യവും പകുതി പാമ്പുമായോ ഉള്ള ഒരു മധ്യവര്‍ഗ്ഗഫോസിലും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത്‌ ഡാര്‍വിനിസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നു.

ഇതേ അവസരത്തില്‍ തന്നെ ശാസ്‌ത്രലോകത്തെ ഒരുകൂട്ടം ബുദ്ധിജീവികള്‍ പരിണാമ സിദ്ധാന്തത്തെ എതിര്‍ത്ത്‌ ബുദ്ധിപൂര്‍വ്വമായ രൂപ സംവിധാനം എന്ന ആശയം മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. ഇതില്‍ ഡാര്‍വിനിസം തെളിവില്ലാത്ത വെറും വാദങ്ങള്‍ മാത്രമാണെന്നും ഭൂമിയില്‍ ജീവന്റെ തുടക്കവും മനുഷ്യന്റെ തുടക്കവും എല്ലാം ഒരു സൃഷ്‌ടാവില്‍ നിന്നാണെന്ന്‌ വാദിക്കുന്നു. ഈ ബുദ്ധിജീവി കൂട്ടത്തിലെ ശാസ്‌ത്രജ്ഞര്‍ മൈക്കല്‍ ബിഹി 1996-ല്‍ ``ഡാര്‍വിനിന്റെ കറുത്ത പെട്ടി''(Darwin�s Black Box) എന്ന പുസ്‌തകത്തില്‍ ലഘൂകരിക്കാനാവാത്ത സങ്കീര്‍ണ്ണത എന്ന ഒരു ഭാഗം വിവരിക്കുന്നുണ്ട്‌; നിരവധി വ്യത്യസ്‌ത ഭാഗങ്ങളുള്ള ഒരു യന്ത്രം അവയിലേതെങ്കിലും ഭാഗങ്ങള്‍ നീക്കം ചെയ്‌താല്‍ പ്രവര്‍ത്തിക്കില്ല. സമാനമായി ആകൃതിയിലും ധര്‍മ്മത്തിലുമൊക്കെ അതിശയകരമായ വൈവിധ്യം പുലര്‍ത്തുന്നുവെങ്കിലും നമ്മുടെ ശരീരത്തിലെ ലഘുവെന്ന്‌ വിശേഷിപ്പിക്കാവുന്ന കോശംപോലും അതി സങ്കീര്‍ണ്ണമായ വിധത്തില്‍ പരസ്‌പര ബന്ധിതമായി പ്രവര്‍ത്തിക്കുന്നു. 200 ലധികം വ്യത്യസ്‌ത തരത്തിലുള്ള ഏതാണ്ട്‌ 100 ലക്ഷം കോടി അതിസൂക്ഷ്‌മ കോശങ്ങള്‍ മനുഷ്യശരീരത്തിലുണ്ട്‌. ഏറ്റവും ലളിതമായ കോശങ്ങളില്‍ കാണുന്ന സാങ്കേതിക മികവിനുപോലും കിടപിടിക്കാന്‍ ഇതുവരെ മനുഷ്യന്റെ ഒരു കണ്ടുപിടുത്തത്തിനും സാധിച്ചിട്ടില്ല. അതിനാല്‍ ഈ സങ്കീര്‍ണ്ണമായ രൂപകല്‌പന ചെയ്‌തെടുത്ത ഒരു രൂപസംവിധായകന്‍ അല്ലെങ്കില്‍ സ്രഷ്‌ടാവ്‌ ഉണ്ടെന്ന്‌ മൈക്കല്‍ ബീനിയും Intelligence design എന്ന movement ഉം വാദിച്ചുകൊണ്ടിരിക്കുന്നു. തുര്‍ക്കിപോലുള്ള ഇസ്‌ലാമിക രാഷ്‌ട്രങ്ങളില്‍ പരിണാമ സിദ്ധാന്തത്തിന്റെ കൂടെ Intelligence design അഥവാ ബുദ്ധിപൂര്‍വ്വമായ രൂപസംവിധാനവും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്‌.

പരിണാമ സിദ്ധാന്തം ശരിയാണെങ്കില്‍ ആദ്യത്തെ ലഘുകോശം ആകസ്‌മികമായി ഉണ്ടായത്‌ എങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം നല്‍കേണ്ടേ? പക്ഷേ അതുണ്ടായിട്ടില്ല. ബലിഷ്‌ഠമായ അടിത്തറയില്ലാത്ത ഒരംബരചുംബി തകര്‍ന്നടിയുന്നതുപോലെ ജീവന്റെ വിശദീകരണം നല്‌കാത്ത പരിണാമം തകര്‍ന്നടിയുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഡാര്‍വിനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കാരണം അദ്ദേഹത്തിന്റെ കാലത്തെ ശാസ്‌ത്രവികാസം ഇത്രക്ക്‌ ഇല്ലായിരുന്നു. ആ ഭൗമസാഹചര്യം ഗവേഷകര്‍ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്‌ടിക്കുകയും തുടര്‍ന്ന്‌ നടത്തിയ പരീക്ഷണത്തില്‍ സചേതന വസ്‌തുക്കളില്‍ കാണപ്പെടുന്ന ചില തന്മാത്രകളെ നിര്‍മ്മിച്ചെടുക്കുകയും അതൊരു വലിയ തെളിവായി ആവര്‍ത്തിക്കുകയുമാണ്‌ ചെയ്‌തത്‌. പക്ഷേ ഒരു കോശത്തിന്റെ നിലനില്‍പിനു പ്രോട്ടീന്‍ തന്മാത്രകളും ആര്‍.എന്‍.എ തന്മാത്രകളും സംയോജിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. പക്ഷേ ആര്‍.എന്‍.എ തന്മാത്ര ആകസ്‌മികമായി ഉണ്ടാകില്ല. യാദൃശ്ചികമായി ഉണ്ടാകുമെന്നതു ശരിയാണ്‌. ഇവ ഒരേ സമയത്ത്‌ ഒരേ സ്ഥലത്ത്‌ യാദൃശ്ചികമായി ഉണ്ടാകുകയും അവ സഹകരിച്ച്‌ പ്രവൃത്തിക്കുകയും ഉണ്ടാകുക എന്നത്‌ അസംഭവ്യമാണെന്ന്‌ ഇന്ന്‌ ശാസ്‌ത്രം തെളിയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ ജീവനില്ലാത്ത പദാര്‍ത്ഥങ്ങളില്‍ നിന്നും ആകസ്‌മികമായി ജീവനുണ്ടാകില്ലെന്നും ഉറപ്പാണ്‌.

ഇനി മറ്റൊരു വസ്‌തുത ആകസ്‌മികമായ സംഭവങ്ങളുടെ ഒരു പരമ്പരയിലൂടെ ഡി.എന്‍.എ ഉളവാക്കപ്പെട്ടു എന്ന വ്യാഖ്യാനത്തിനും തെളിവ്‌ നല്‍കപ്പെട്ടിട്ടില്ല. മനുഷ്യശരീരത്തിലെ ഡി.എന്‍.എയുടെ പ്രവര്‍ത്തനവും അതിന്റെ സങ്കീര്‍ണ്ണതയും ഒന്നു പരിശോധിച്ചാല്‍ തന്നെ അതിന്റെ സൃഷ്‌ടിപ്പിനു പിന്നില്‍ ചിട്ടയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ബുദ്ധികേന്ദ്രം/ സ്രഷ്‌ടാവ്‌ ഉണ്ടെന്ന്‌ മനസിലാവും. കാരണം കോശങ്ങളുടെ മാസ്റ്റര്‍ പ്രോഗ്രാമായ ഡി.എന്‍.എയില്‍ നടക്കുന്ന വിവരകൈമാറ്റങ്ങളെ ഒരു എഞ്ചിനീയറിംങ്ങ്‌ വിസ്‌മയം എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. കോശം വേര്‍പിരിയുന്നതിനു മുന്‍പേ ഡി.എന്‍.എയുടെ പകര്‍പ്പെടുത്തു പുനരാവര്‍ത്തന പ്രക്രിയയും തന്മാത്രകള്‍ നിര്‍മ്മിക്കാനായി വായിക്കപ്പെടുന്ന വിധവും അതീവ സങ്കീര്‍ണ്ണവും ആസൂത്രിതവുമാണ്‌. A,T,G,C എന്നീ നാല്‌ അക്ഷരങ്ങളിലാണ്‌ ഡി.എന്‍.എയില്‍ കാണുന്ന കോഡുഭാഷയിലുള്ളത്‌. ഈ കോശങ്ങള്‍ ചേര്‍ന്ന്‌ ജീനുകള്‍ അഥവാ ഖണ്ഡികകളാവുന്നു. ഓരോ ജീനിലും 27,000 അക്ഷരങ്ങള്‍ ഉണ്ട്‌. ജീനുകള്‍ ചേര്‍ന്ന്‌ ക്രോമോസോം അഥവാ അധ്യായങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം 23 ജോഡി ക്രോമോസോമുകള്‍ ചേര്‍ന്ന്‌ പുസ്‌തകം ഉണ്ടാകുന്നു.

ഒരു ജീവിയുടെ ജജനിതക വിവരങ്ങളുടെ ആകെ തുകയാണല്ലോ ജീനോം. ഒരു കോശത്തിന്റെ ജീനോമില്‍ രണ്ട്‌ സമ്പൂര്‍ണ്ണപതിപ്പുകള്‍ ഉണ്ടാകും. അങ്ങിനെ മൊത്തം 46 ക്രോമോസോമുകള്‍. ഒരു ജീനോമില്‍ തന്നെ ഏതാണ്ട്‌ 300 കോടി ബേസ്‌ ജോഡികളുള്ള വിവരങ്ങളാണുള്ളത്‌. ഒരൊറ്റ കോശത്തിന്റെ ഡി.എന്‍.എയിലെ ജനിതക വിവരങ്ങള്‍ ഒരു സര്‍വ്വവിജ്ഞാന കോശത്തിലാക്കാന്‍ ശ്രമിച്ചാല്‍ ഏതാണ്ട്‌ 80 വര്‍ഷം നിറുത്താതെ ടൈപ്പ്‌ ചെയ്യേണ്ടി വരും. ഇത്തരം 100 ലക്ഷം കോടി അതിസൂക്ഷ്‌മ കോശങ്ങള്‍ മനുഷ്യശരീരത്തിലുണ്ട്‌. ഒരു ടിസ്‌പൂണ്‍ ഡി.എന്‍.എ ഉപയോഗിച്ച്‌ ഇപ്പോഴത്തെ ലോകജനസംഖ്യയുടെ 350 മടങ്ങ്‌ മനുഷ്യരെ ഉണ്ടാക്കാനുള്ള വ്യത്യസ്‌ത വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. അതിനാല്‍ എഴുത്തുകാരനില്ലാത്ത പുസ്‌തകമില്ലാത്തതുപോലെ ഡി.എന്‍.എയിലെ ജനിതകവിവരങ്ങള്‍ക്കും ഒരെഴുത്തുകാരന്‍ ഉണ്ട്‌ എന്നു തലയ്‌ക്ക്‌ വെളിവുള്ള ആര്‍ക്കും നിഷ്‌പ്രയാസം മനസിലാക്കാവുന്നതേയുള്ളൂ.

ഇതെല്ലാം മാറ്റിവെക്കാം. ഇനി കോശമെടുത്ത്‌ പരിശോധിച്ചാലോ, ഒരു കോശം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനഘടകങ്ങള്‍ Amino Acid ഉം Minerals ഉം ആണ്‌. അപ്പോള്‍ ഇത്‌ അടിസ്ഥാനപരമായി മണ്ണാണ്‌. മനുഷ്യനെ മണ്ണില്‍ നിന്നുണ്ടാക്കി എന്ന ദൈവീകഗ്രന്ഥങ്ങളുടെ പരാമര്‍ശത്തിന്‌ ശക്തി പകരുന്നു. നിയോ ഡാര്‍വിന്‍സുകളില്‍ പെടുന്ന ഡോക്‌ടര്‍ ഹ്യൂറോസ്‌ Darwinisms fine Feathered Friends A Metter Interpretation എന്ന പുസ്‌തകത്തില്‍ പറയുന്നത്‌ ഫോസില്‍ രേഖകള്‍ കണ്ടെത്തപ്പെട്ടിരിക്കുന്ന രണ്ട്‌ വര്‍ഗ്ഗത്തിന്റെയും (കോഡീപ്‌ പെട്രിക്‌സ്‌, പ്രോട്ടോ ആര്‍ക്കിയോടെറിക്‌സ്‌) ശരീരത്തിലെ ചിറകും വാലും ഇന്നു കാണുന്ന പറക്കാന്‍ സാധിക്കാത്ത പക്ഷികളുടെ ചുറകുകള്‍ക്ക്‌ സമാനമാണ്‌ എന്നാണ്‌. ചിറകുള്ളതും എന്നാല്‍ പറക്കാന്‍ കഴിയാത്തതുമായ പക്ഷിവര്‍ഗ്ഗങ്ങള്‍ ഇന്നുമുണ്ട്‌. ഉദാഹരണം ഒട്ടകപക്ഷി. ഡിനോസറുള്‍ക്ക്‌ വംശനാശം സംഭവിച്ചിട്ടില്ല എന്നൊരു വാദവും ഡാര്‍വിനിസത്തിലുണ്ട്‌. എന്നാല്‍ ഇത്‌ വളരെ വ്യക്തമായി തെളിയിക്കപ്പെട്ട വസ്‌തുക്കളോട്‌ യാതൊരുവിധത്തിലും നീതി പുലര്‍ത്താത്ത വാദം മാത്രമാണ്‌. ഒന്നിലധികം ദിനോസറുകള്‍ ഭൂമുഖത്തുനിന്നും തൂത്തെറിയപ്പെട്ടു എന്നതിന്‌ പഴയ തെളിവുകള്‍ക്ക്‌ പുറമെ പുതിയ തെളിവുകളും ലഭ്യമാണ്‌. ഭൂമിയില്‍ ഒരു ഭൂമകേതു ഏകദേശം 65 മില്യന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കൂട്ടിയിടിച്ചതിന്റെ ഫലമായി അവസാനത്തെ ദിനോസര്‍ യുഗമായ ക്രിട്ടാശ്വാസ്‌ യുഗവും (The cretaceous) അവസാനിച്ചു എന്നു ശാസ്‌ത്രം ഇന്ന്‌ തെളിയിച്ചിരിക്കുന്നു. ജുറാസിക്‌-ക്രിട്ടാശ്വാസ്‌ കാലയളവിലാണ്‌ ഇത്‌ നടന്നിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ജുറാസിക്‌ ഡിനോസറുകളൊക്കെ തന്നെ നശിച്ചിട്ടുണ്ടാകുമെന്നും ശാസ്‌ത്രം ലോകം കണ്ടെത്തിയിരിക്കുന്നു. ഈ തെളിവില്‍കൂടി വ്യക്തമാക്കുന്നത്‌ ആധുനിക ഒട്ടക പക്ഷികളുടെ പൂര്‍വ്വികരല്ല ഡിനോസറുകള്‍ എന്നാണ്‌. ട്രിയാസിക്‌-ജുറാസിക്‌, ക്രിട്ടാശ്വാസ്‌ കാലയളവിലുണ്ടായ ധൂമകേതു വാല്‍നക്ഷത്ര ആഘാതങ്ങളില്‍ ഭൂമിയില്‍ എലികളെക്കാള്‍ വലിയ ഒരു ജീവിയും അവശേഷിക്കാന്‍ സാധ്യമല്ല എന്നാണ്‌.

അതെല്ലാം പോകട്ടെ. ഇനി ഭൂമിയിലേക്ക്‌ വരാം, ഇവിടെ ജീവനുണ്ടായതിനെ കൂട്ടുപിടിച്ചാണല്ലോ പരിണാമ സിദ്ധാന്തം വാദിക്കുന്നത്‌. അഥവാ 13.7 മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളെപ്പോലെ ജീവനില്ലാത്ത ഭൂമിയില്‍ പെട്ടെന്ന്‌ ഒരു മഹത്തായ മഹാ വിസ്‌ഫോടനം സംഭവിക്കുകയും തത്‌ഫലമായി ഓക്‌സിജന്‍ ഉണ്ടാകുകയും ചെയ്‌തു എന്നാണല്ലോ. അങ്ങനെയെങ്കില്‍ ആ മഹാ വിസ്‌ഫോടനത്തിനു പിറകിലെ ശക്തി ആരായിരിക്കും? കൂടാതെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ നിയമങ്ങള്‍, കാന്തിക-വൈദ്യുത ശക്തി, ഭൂമിയുചടെ കൃത്യമായ നിയമങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ തന്നെ ഡാര്‍വിനിസത്തിന്റെ ഭൗതികവാദം മനസിലാക്കാം. ഉദാഹരണത്തിനു സൂര്യനില്‍ നിന്ന്‌ ഭൂമി സന്തുലിതമായ ഒരു അകലം വെച്ചുപുലര്‍ത്തുന്നു. സൂര്യനില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ അകലുകയാണെങ്കില്‍ ഭൂമി ഒരു ഐസാപ്പിളിന്‍സമമാകും, എന്നാല്‍ സൂര്യനിലേക്ക്‌ ഒരു കിലോമീറ്റര്‍ അടുത്താല്‍ ഭൂമി ഒരു മരുഭൂമിയായി മാറും. ഇനി ഭൂമിയുടെ കൃത്യമായ ചരിവിന്റെ അളവില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ കാലാവസ്ഥാ ചക്രംതന്നെ സ്ഥിരതയില്ലാതെയാകും. കൂടാതെ ഭൂമിയുടെ കൃത്യമായ വലിപ്പം അതിലെ ഗുരുത്വാകര്‍ഷണശക്തി എന്നിവ ജീവജാലങ്ങളുടെ നിലനില്‍പ്‌ സന്തുലിതമാക്കുന്നു. വലിപ്പം അല്‌പം കൂടിയാല്‍ ഗുരുത്വാകര്‍ഷണം വര്‍ദ്ധിക്കുകയും ഹൈഡ്രജന്‍, കാര്‍ബണ്‍ഡൈഓക്‌സെഡ്‌ എന്നീ വാതകങ്ങളെ താഴേക്ക്‌ വലിക്കുകയും ഭൂമിയെ മനുഷ്യവാസമില്ലാതാക്കുകയും ചെയ്യും. കൂടാതെ ചന്ദ്രന്റെ കൃത്യമായ വലിപ്പമാണ്‌ കടലിന്റെ തിരയെയും, കാറ്റിന്റെ ഗതിയെയും സഹായിക്കുന്നത്‌. ഭൂമിയുടെ ചരിവ്‌ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ചന്ദ്രന്‍ സഹായിക്കുന്നു. ഇങ്ങനെ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനാധാരമായത്‌ ഒരു സൃഷ്‌ടാവിന്റെ ബുദ്ധിപൂര്‍വ്വമായ രൂപസംവിധാനം തന്നെയാണ്‌.

അങ്ങിനെയെങ്കില്‍ പരിണാമ സിദ്ധാന്തത്തിന്റെ പ്രസക്തി എന്താണ്‌? കാരണം ഒരു കൂട്ടം യുക്തിവാദീ ശാസ്‌ത്രജ്ഞര്‍ നെയ്‌തെടുത്ത ഒരു മെറ്റീരിയലിസ്റ്റിക്‌ കാഴ്‌ചപ്പാട്‌ മാത്രമാണ്‌ ഡാര്‍വിനിസം. മതപരമായ ഒരു ചട്ടകൂടിനെ തകര്‍ക്കല്‍ യുക്തിവാദികളുടെ ലക്ഷ്യമാണല്ലോ. ദൈവത്തെ തള്ളിപ്പറയാന്‍ വേണ്ടിമാത്രം ഒരു കൂട്ടം ആളുകള്‍ മെനഞ്ഞെടുത്ത തെളിവില്ലാത്ത സങ്കല്‍പം മാത്രമായിരുന്നു ഈ സിദ്ധാന്തം. അതിനായി മഹാ വിസ്‌ഫോടന സിദ്ധാവും, അതില്‍നിന്നും ജീവനില്ലാത്ത പദാര്‍ത്ഥത്തില്‍ നിന്നും പെട്ടെന്ന്‌ ലഘുകോശം ഉണ്ടാവുകയും അത്‌ ജീവപദാര്‍ത്ഥം ആയി മാറി എന്നും പറയുന്നു. ഈ കോശ സങ്കീര്‍ണ്ണതകള്‍ സംഭവിച്ച്‌ മന്ദഗതിയില്‍ ഓരോ ജീവിവര്‍ഗ്ഗമായി പരിണമിച്ച്‌ അവസാനം ചിമ്പാന്‍സിയില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന്‌ ഡാര്‍വിനിസം വിളിച്ചുകൂവുമ്പോള്‍ വിശ്വസിക്കാന്‍ തലയില്‍ കളിമണ്ണ്‌ മാത്രം വേണ്ടിവരും. ഇതെഴുതാനും, വായിക്കാനും, ചിന്തിക്കാനും മനുഷ്യന്‌ മാത്രമായുള്ള ബുദ്ധിക്ക്‌ പരിണാമ വ്യാഖ്യാനം എങ്ങിനെ വിശ്വസിക്കാനാകും.

ഡാര്‍വിനിസത്തിന്റെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ 

1. കാലാവസ്ഥക്കനുസരിച്ച്‌ പ്രകൃതിയില്‍ ജീവിക്കുവാനാവശ്യമായ അനുകൂലനങ്ങള്‍ എങ്ങനെയാണ്‌ മനുഷ്യനില്‍ എത്തിയത്‌?

2. പരിണാമവാദികളില്‍ പ്രഗല്‍ഭവാനായ ``ഗോര്‍ഡന്‍ ചൈല്‍ഡ്‌'' എഴുതിയത്‌ അപേക്ഷികമായി മോശമായ തന്റെ ശാരീരികവിഭവങ്ങള്‍ക്ക്‌ പകരമായി നഷ്‌ടപരിഹാരമെന്നോണം മനുഷ്യന്‌ ലഭിച്ചിട്ടുള്ളത്‌ വിപുലവും ഒരു നാഡീപടലത്തിന്റെ കേന്ദ്രമായി വലുതും സങ്കീര്‍ണ്ണവുമായ ഒരു തലച്ചോറാണ്‌. മസ്‌തിഷ്‌കം വളര്‍ന്നപ്പോള്‍ മറ്റ്‌ കഴിവുകളെല്ലാം കൊഴിഞ്ഞുപോയി എന്ന തികച്ചും വിചിത്രമായ ഒരു വാദമാണ്‌ ഇവ്വിഷയകമായി പരിണാമവാദികള്‍ക്ക്‌ അവതരിപ്പിക്കാനുള്ളതെന്ന്‌ സാരം. കൊഴിച്ചിലിനു തെളിവായി അവതരിപ്പിക്കാന്‍ പറ്റിയ ഫോസില്‍ റെക്കോഡുകളോ ഭ്രൂമശാസ്‌ത്ര തെളിവുകളോ മുന്നോട്ടുവെക്കുവാന്‍ ഇതുവരെ പരിണാമവാദികള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

3. ശാരീരിക കഴിവുകളില്‍ മൃഗങ്ങളെക്കാള്‍ പിന്നോക്കം നില്‍ക്കുന്ന മനുഷ്യനെ തന്നെക്കാള്‍ എത്രയോ മടങ്ങ്‌ ശക്തിയുള്ള മൃഗങ്ങളെപ്പോലും വരുതിയില്‍ നിര്‍ത്തുവാന്‍ കഴിയുമാറാകുന്ന ശക്തിയാണ്‌ ബുദ്ധി. മുകളില്‍ പറഞ്ഞതും പറയാത്തതുമായ കഴിവുകളെല്ലാം നേടിയെടുക്കാന്‍ മനുഷ്യനെ പര്യാപ്‌തനാക്കിയത്‌ അവന്റെ ബുദ്ധിശക്തിയാണ്‌. ഈ ബുദ്ധിശക്തി ജീവപരിണാമത്തിന്റെ ഏത്‌ ഘട്ടത്തിലാണ്‌ മനുഷ്യന്‌ കരഗതമായതെന്ന്‌?

4. കളിമണ്ണിന്റെ സത്തയില്‍ നിന്ന്‌ സൃഷ്‌ടിക്കപ്പെട്ട മനുഷ്യനെ ജീവപരിണാമത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടു മാത്രം അവന്റെ കഴിവുകളൊന്നും വിശദീകരിക്കാന്‍ സാധ്യമല്ല. പരിസ്ഥിതിയുമായി പൊരുത്തപ്പെടാനായി ജീവികള്‍ നേടിയെടുത്തിട്ടുള്ള അനുകൂലനങ്ങള്‍ പരിണാമം വഴി അനന്തര തലമുറകളിലേക്ക്‌ സംക്രമിക്കുന്നുവെന്നാണല്ലോ പരിണാമസിദ്ധാന്തം പറയുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ നൈസര്‍ഗികമായ കഴിവുകള്‍ ഏറ്റവുമധികം ഉണ്ടാവേണ്ടത്‌ മനുഷ്യനാണ്‌. പരിണാമചക്രത്തിലെ ഏറ്റവും പുരോഗമിച്ച ജീവിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്‌ ധ്രുവക്കരടിയെക്കാള്‍ നല്ല തൊലിയും, പരുന്തിനെക്കാള്‍ നല്ല ചിറകും, ബീവറിനേക്കാള്‍ നന്നായി പാര്‍പ്പിടമുണ്ടാക്കുവാനുള്ള ജന്മവാസനയും ഉണ്ടാവേണ്ടതായിരുന്നില്ലേ?

5. ഭൂരിപക്ഷമോ, ന്യൂനപക്ഷമോ ആവട്ടെ, ചെറുതും വലുതുമായ ജീവജാലങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടായിട്ടും അതിജീവിക്കാതെ എങ്ങനെയാണ്‌ വംശനാശം സംഭവിച്ചത്‌?

മുഹമ്മദ് നബി (പതിനാറ്)

16. ഹുദൈബിയ്യ സന്ധി

ഉംറക്കുവേണ്ടി മക്കയിലേക്ക്
    അഞ്ചുവര്‍ഷം കഴിഞ്ഞതോടെ മദീനയില്‍ മുസ്‌ലിംകള്‍ക്ക് നിര്‍ഭയമായ ഒരസ്തിത്വം കൈവന്നു. ഇനി തങ്ങളുടെ ഹൃദയഭൂമിയായ മക്കയിലേക്കു കടന്നുചെല്ലുന്നതിനെക്കുറിച്ച് അവര്‍ ആഗ്രഹിച്ചുതുടങ്ങി. അപ്പോഴേക്കും അതിന്റെ സാധ്യതകള്‍ പ്രകടമായിത്തുടങ്ങിയിരുന്നു. ആയിടെയാണ് താന്‍ മക്കയിലേക്കു പ്രവേശിക്കുന്നതും കഅബാലയം പ്രദക്ഷിണം ചെയ്യുന്നതുമായി പ്രവാചകന്‍ ഒരു സ്വപ്നം കാണുന്നത്. അവരിത് അനുയായികളുമായി പങ്കുവെച്ചു. സ്വഹാബികള്‍ക്ക് സന്തോഷിക്കാനുള്ള അവസരമായിരുന്നു ഇത്. അടുത്തുതന്നെ മക്കാപ്രവേശം സാധ്യമാകുമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. അതിനായി തയ്യാറാവുകയും ചെയ്തു.
    ഹിജ്‌റ വര്‍ഷം ആറ്; ദുല്‍ഖഅദ മാസം. പ്രവാചകന്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്കു പുറപ്പെട്ടു. കൂടെ ആയിരത്തി അഞ്ഞൂറോളം അനുചരന്മാരുമുണ്ടായിരുന്നു. ഇഹ്‌റാമിന്റെ വേശത്തിലായിരുന്നു യാത്ര. മദീനയുടെ മീഖാത്തായ ദുല്‍ഹുലൈഫയിലെത്തിയപ്പോള്‍ ഉംറക്കുവരുന്നവരാണെന്നറിയിക്കാന്‍ ബലിമൃഗങ്ങളുടെമേല്‍ അടയാളങ്ങള്‍ വെച്ചു. യാത്ര തുടര്‍ന്നു.
    വിവരം ഖുറൈശികളുടെ അടുത്തെത്തി. മുഹമ്മദ് യുദ്ധത്തിനുള്ള പുറപ്പാടാണെന്നു ചിന്തിച്ച അവര്‍ താമസിയാതെ സൈന്യത്തെ സജ്ജീകരിക്കുകയും ഒരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയും ചെയ്തു. പ്രവാചകന്‍ അസ്ഫാനിലെത്തിയപ്പോള്‍ ഖുറൈശികള്‍ തനിക്കെതിരെ പുറപ്പെട്ടിട്ടുണ്ടെന്ന വിവരം കിട്ടി. ഖാലിദ് ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ നൂറോളം വരുന്ന കുതിരപ്പടയാളികള്‍ തങ്ങളെ ലക്ഷ്യം വെച്ച് കടന്നുവരുന്നു. പ്രവാചകന്‍ പ്രധാന വഴിയില്‍നിന്നും മാറി ഒരു ഉള്‍വഴിയിലൂടെ ഹുദൈബിയ്യയിലേക്കു പുറപ്പെട്ടു. അവിടെയെത്തിയ സ്വഹാബികള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിച്ചില്ല. അവര്‍ പ്രവാചകനോട് ആവലാതിപ്പെട്ടു. പ്രവാചകന്‍ ആവനാഴിയില്‍നിന്നും ഒരമ്പെടുക്കുകയും അവിടത്തെ ഒരു കുളത്തില്‍ വെക്കുകയും ചെയ്തു. വെള്ളം ധാരാളമായി ഉറവുപൊട്ടി സ്വഹാബികള്‍ ആവശ്യത്തിന് അതുപയോഗിച്ചു. പ്രവാചകനും അനുയായികളും ഹുദൈബിയ്യയിലെത്തിയെന്നറിഞ്ഞതോടെ ഖുറൈശിപ്പട മക്കയിലേക്കു തിരിച്ചു. മുസ്‌ലിംകളെ പ്രതിരോധിക്കാന്‍ തയ്യാറായി നിന്നു.

പ്രതിനിധി സംഘങ്ങള്‍
    ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതിന്റെ ഭവിഷ്യത്ത് മുഴുവന്‍ തങ്ങള്‍ക്കായിരിക്കുമെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ മധ്യവര്‍ത്തികള്‍വഴി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണ് തുടക്കംമുതലേ ശ്രമിച്ചത്. അതനുസരിച്ച്, ആദ്യമായി ഖുസാഅ ഗോത്രക്കാരനായ ബദീല്‍ ബിന്‍ വര്‍ഖാഅ് ഒരു സംഘത്തോടൊപ്പം പ്രവാചക സവിധം വന്നു. തങ്ങള്‍ വന്ന കാരണമന്വേഷിച്ചു. കഅബ സന്ദര്‍ശനാര്‍ത്ഥമാണ് തങ്ങള്‍ വന്നതെന്നും യുദ്ധമോ മാര്‍ഗത്തടസ്സമുണ്ടാക്കലോ തങ്ങളുടെ ലക്ഷ്യമല്ലെന്നും പ്രവാചകന്‍ പറഞ്ഞു. ബദീല്‍ തിരിച്ചുപോയി. ഖുറൈശികളെ വിവരമറിയിച്ചു. അവര്‍ മിക്‌രിസ് ബിന്‍ ഹഫ്‌സിനെ ഇതേ ദൗത്യവുമായി വീണ്ടും വിട്ടു. അതേ പ്രതികരണംതന്നെയാണ് അദ്ദേഹത്തിനും ലഭിച്ചത്. മൂന്നാമതായി ഹലീസ് ബിന്‍ അല്‍ഖമ നിയമിക്കപ്പെട്ടു. അദ്ദേഹത്തെ കണ്ടമാത്രയില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: ബലിമൃഗങ്ങളെ ആദരിക്കുന്ന വ്യക്തിയാണിത്. അതിനാല്‍ അവയെ അദ്ദേഹത്തിന് അഭിമുഖമായി നിര്‍ത്തുക. ബലിമൃഗങ്ങളെ കാണേണ്ട സമയംതന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഅബാലയത്തിലേക്ക് ബലിമൃഗവുമായി വരുന്നവര്‍ അതിനെ ഒരിക്കലും ആക്രമിക്കുകയില്ലെന്ന് അദ്ദേഹം ഖുറൈശികളോട് പറഞ്ഞു. ഈ പ്രതികരണം അവര്‍ക്ക് രസിച്ചില്ല. കുപിതരായ അവര്‍ സഖീഫ് ഗോത്രക്കാരനായ ഉര്‍വത് ബിന്‍ മസ്ഊദിനെ പറഞ്ഞയച്ചു. അദ്ദേഹത്തോടും പ്രവാചകരുടെ മറുപടി അതുതന്നെയായിരുന്നു. പ്രവാചകരുടെയും അനുചരന്മാരുടെയും ഇടപാടുകള്‍ വീക്ഷിച്ച അദ്ദേഹത്തിന് അല്‍ഭുതമായി. ഖുറൈശികള്‍ക്കടുത്ത് തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു: 'ഞാന്‍ പല രാജാക്കന്മാരെയും സന്ദര്‍ശിച്ചിട്ടുണ്ട്. കിസ്‌റയുടെയും ഖൈസറിന്റെയും നജാശിയുടെയും സിംഹാസനത്തില്‍ പോയിട്ടുണ്ട്. പക്ഷെ, മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ ആദരിക്കുന്നപോലെയുള്ള ഒരാദരവ് മറ്റെവിടെയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം അംഗശുദ്ധി വരുത്തുമ്പോള്‍ ആ വെള്ളം താഴെ വീഴാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല.' ഒരു യുദ്ധത്തന് അവസരം കാത്തിരുന്ന ഖുറൈശീ യോദ്ധാക്കളെ സംബന്ധിച്ചിടത്തോളം ഈ മറുപടിയൊന്നും തൃപ്തികരമായിരുന്നില്ല. ഒരു സന്ധിക്ക് അവസരമൊരുങ്ങാതെ കാര്യങ്ങള്‍ മുന്നോട്ടുപോവാനായിരുന്നു അവരുടെ ശ്രമം. ഒടുവില്‍ അവരില്‍നിന്നും എഴുപതോളമാളുകള്‍ രാത്രിയുടെ മറവില്‍ പ്രവാചകരുടെ വിവരങ്ങളറിയാന്‍ പുറപ്പെട്ടു. പ്രവാചകരുടെ സൈന്യത്തിലേക്ക് നുഴഞ്ഞു കയറാനായിരുന്നു അവരുടെ ശ്രമം. പക്ഷെ, പാതിവഴിയില്‍ പിടിക്കപ്പെടുകയും പ്രവാചക സവിധം ഹാജറാക്കപ്പെടുകയും ചെയ്തു. ഒരു സന്ധിയുടെ സാധ്യതകള്‍ കണ്ട പ്രവാചകന്‍ അവരെ വെറുതെ വിടുകയായിരുന്നു.

ബൈഅതുര്‍രിള്‌വാന്‍
    ഒടുവില്‍ നേരിട്ടുതന്നെ ഒരു ദൂതനെ പറഞ്ഞയക്കാനും താന്‍ വന്ന കാര്യം ഔദ്യോഗികമായി ഖുറൈശികളെ അറിയിക്കാനും പ്രവാചകന്‍ തീരുമാനിച്ചു. അങ്ങനെ, ഉസ്മാന്‍ (റ) വിനെ അവരുടെ അടുക്കലേക്ക് പറഞ്ഞയച്ചു. അബൂ സുഫ്‌യാനടക്കം എല്ലാ പ്രമുഖരെയും കണ്ട് ഉസ്മാന്‍ (റ) സന്ദേശം കൈമാറി. എല്ലാം കഴിഞ്ഞപ്പോള്‍, താങ്കള്‍ക്കുവേണമെങ്കില്‍ ഥവാഫ് ചെയ്തു പോവാമെന്നായിരുന്നു അവരുടെ പ്രതികരണം. പ്രവാചകന്‍ കടന്നുവരികയും ഥവാഫ് നിര്‍വഹിക്കുകയും ചെയ്യാതെ ഞാനത് ചെയ്യുകയില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു.
    അതിനിടെ, ഉസ്മാന്‍ (റ) വധിക്കപ്പെട്ടിരിക്കുന്നുവെന്നൊരു വാര്‍ത്ത സ്വഹാബികള്‍ക്കിടയില്‍ പ്രചരിച്ചു. ഇതവരെ രോഷാകുലരാക്കി. ശത്രുക്കളോട് പടപൊരുതിയിട്ടല്ലാതെ തങ്ങള്‍ തിരിച്ചുപോകില്ലെന്ന് അവര്‍ പ്രവാചകരോട് പ്രതിജ്ഞ ചെയ്തു. തന്റെ ഒരു കൈ മറ്റെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ ഉസ്മാന്‍ (റ) വിന്റെ ബൈഅത്തും നടത്തി. എല്ലാം കഴിഞ്ഞതോടെ ഉസ്മാന്‍ (റ) തിരിച്ചെത്തി. ഹുദൈബിയ്യയിലെ ഒരു മരച്ചുവട്ടിവെച്ചായിരുന്നു ഈ സംഭവം. ഇത് ബൈഅതുര്‍രിള്‌വാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: 'ആ മരച്ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്ത സംന്ദര്‍ഭം, നിശ്ചയം അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു' (ഫതഹ്:18).

സന്ധിയും നിബന്ധനകളും
    ഒടുവില്‍, ഒരു സന്ധിയുടെ ആവശ്യകത ഖുറൈശികള്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ സുഹൈല്‍ ബിന്‍ അംറിനെ പ്രവാചക സവിധം പറഞ്ഞയച്ചു. എന്തുതന്നെയായാലും, ഈ വര്‍ഷം തിരിച്ചുപോകണമെന്നതായിരുന്നു തീരുമാനം. സുഹൈല്‍ വരുന്നത് കണ്ടതോടെത്തന്നെ സന്ധി തീരുമാനമായ വിവരം പ്രവാചകന് മനസ്സിലായി. സന്ധിയിലെ നിബന്ധനകളുമായി ബന്ധപ്പെട്ട് അയാള്‍ പ്രവാചകരുമായി കുറേ നേരം സംസാരിച്ചു. ശേഷം, സന്ധിയില്‍ ഒപ്പുവെച്ചു. കരാറിലെ നിബന്ധനകള്‍ സ്വഹാബികളെ ചിന്തിപ്പിച്ചു. നാം സത്യത്തിന്റെ ആളുകളായിരിക്കെ എന്തിന് ശത്രുക്കളുടെ മുമ്പില്‍ താഴ്ന്നുകൊടുക്കണമെന്നായിരുന്നു അവരുടെ ഉള്ളകം മന്ത്രിച്ചുകൊണ്ടിരുന്നത്. ഉമര്‍ (റ) സിദ്ദീഖ് (റ) വിനെ കണ്ട് ഇക്കാര്യം ചോദിച്ചു. ശേഷം, പ്രവാചകനു മുമ്പിലും ഇതിന്റെ ആവശ്യകത ആരാഞ്ഞു. 'ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനും ദൂതനുമാണ്; അവന്‍ എന്നെ കൈവെടിയുകയില്ലായെന്നായിരുന്നു' പ്രവാചകരുടെ പ്രതികരണം.
    സന്ധിയനുസരിച്ച് അതിലെ വ്യവസ്ഥകള്‍ ഇങ്ങനെയായിരുന്നു:
    1) ഈ വര്‍ഷം മുഹമ്മദും അനുയായികളും ഉംറ നിര്‍വഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോവുക. അടുത്ത വര്‍ഷം വന്നു ഉംറ നിര്‍വഹിക്കാം.
    2) പത്ത് വര്‍ഷത്തോളം ഇരു വിഭാഗവും തമ്മില്‍ യുദ്ധം പാടില്ല. ജനങ്ങളെ പേടിയില്ലാതെ ജീവിക്കാന്‍ അനുവദിക്കുക.
    3) മുഹമ്മദുമായി സഖ്യത്തിലാവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഖുറൈശികളുമായി സഖ്യമാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്തരം സഖ്യകക്ഷികളെ അവയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നതായിരിക്കും. സഖ്യകക്ഷികളെ ആക്രമിക്കല്‍ അവയെ ആക്രമിക്കുന്നതിനു തുല്യമാണ്.
    4) മുഹമ്മദിന്റെ ഭാഗത്തുനിന്നും ആരെങ്കിലും ഖുറൈശികളുടെ പക്ഷത്തേക്കു പോയാന്‍ അവനെ അവിടെ കഴിയാന്‍ അനുവദിക്കണം. നേരെമറിച്ച്, ഖുറൈശികളുടെ പക്ഷത്തുനിന്നും ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്കു പോയാല്‍ അവനെ തിരികെ നല്‍കേണ്ടതാണ്.
    അലി (റ) വാണ് പ്രവാചകര്‍ക്കു വേണ്ടി സന്ധി വ്യവസ്ഥകള്‍ എഴുതിയിരുന്നത്. മുഹമ്മദ് റസൂലുല്ലാഹി എന്ന് എഴുതാനാണ് പ്രവാചകന്‍ പറഞ്ഞിരുന്നതെങ്കിലും സുഹൈല്‍ അതിന് സമ്മതിച്ചില്ല. ഞങ്ങള്‍ അങ്ങയെ ദൈവദൂതനായി അംഗീകരിക്കാത്ത പക്ഷം മുഹമ്മദ് ബിന്‍ അബ്ദില്ലാഹ് എന്നെഴുതണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധം. നിങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നു പറഞ്ഞ പ്രവാചകന്‍ അവസാനം അത് സമ്മതിച്ചു. എല്ലാം കഴിഞ്ഞതോടെ, അടുത്ത വര്‍ഷം ഉംറക്കു വരാം എന്ന ഉറപ്പില്‍ പ്രവാചകനും അനുയായികളും മദീനയിലേക്കു തന്നെ തിരിച്ചുപോയി.

സന്ധിയുടെ നേട്ടങ്ങള്‍
    സന്ധി വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്കു എതിരായി തോന്നിയിരുന്നുവെങ്കിലും എല്ലാ അര്‍ത്ഥത്തിലും ഇസ്‌ലാമിന് അനുകൂലമായിരുന്നു അത്. മക്കയുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായിത്തന്നെ മക്കയില്‍ വന്ന് ഉംറ നിര്‍വഹിക്കാനുള്ള  അവസരമുണ്ടായി. പത്തു വര്‍ഷം യുദ്ധം നിഷിദ്ധമാക്കിയത് ഇരു വിഭാഗങ്ങള്‍ക്കും സധൈര്യം പരസ്പരം ബന്ധപ്പെടാനും അതുവഴി എല്ലാവര്‍ക്കും ഇസ്‌ലാമിനെ മനസ്സിലാക്കാനുമുള്ള വഴിയൊരുക്കി. പ്രവാചകരുമായി സഖ്യത്തിലേര്‍പ്പെടുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും അവരെപ്പോലെയുള്ള പരിഗണനയും പ്രഖ്യാപിച്ചത് എല്ലാ അര്‍ത്ഥത്തിലും ഇസ്‌ലാമിക വളര്‍ച്ചയിലെ വലിയൊരു വിപ്ലവത്തിനുതന്നെ വാതില്‍ തുറന്നു. പ്രവാചകരുമായി ഏതു ഗോത്രങ്ങള്‍ക്കും ബന്ധപ്പെടാനും ഇസ്‌ലാമിനെ മനസ്സിലാക്കാനും അവസരമുണ്ടായി. ഇങ്ങനെ, നാനാവിധേനയും ഈ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദമായിരുന്നു. സന്ധി കഴിഞ്ഞ് ഹിജ്‌റ ഏഴാം വര്‍ഷമായപ്പോഴേക്കും മക്കയില്‍നിന്നും അനവധിയാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. പല പൗരപ്രധാനികളും പ്രവാചകരുടെ നിത്യസന്ദര്‍ശകരായി മാറി. ഒരു ഫതഹു മക്കക്ക് വഴി തുറക്കാന്‍ മാത്രം ഇത് അവര്‍ക്കിടയില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വേര് നല്‍കി. 

Saturday, April 28, 2012

മുഹമ്മദ് നബി (പതിനഞ്ച്)

15. ബനൂ ഖുറൈള യുദ്ധം

കരാര്‍ പൊളിക്കപ്പെടുന്നു
    പ്രവാചകന്‍ മദീനയിലെത്തിയ ഉടനെത്തന്നെ ജൂതന്മാരുമായി ഒരു കരാറിലേര്‍പ്പെട്ടിരുന്നു. അതനുസരിച്ച് ഈ കരാറിനെ തകര്‍ക്കുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാനും നല്ല കാര്യങ്ങളില്‍ പരസ്പരം സഹായിക്കാനും മദീനക്കെതിരെ തിരിയുന്നവരോട് സംഘടിതമായി പോരാടാനും തീരുമാനിക്കുണ്ടായി. കുറച്ചു കാലത്തോളം ഇതായിരുന്നു മുസ്‌ലിംകളുടെയും ജൂതന്മാരുടെയും ഇടയിലെ ബന്ധത്തിന്റെ ആകെത്തുക. എന്നാല്‍, ഖന്ദഖ് യുദ്ധത്തോടെ ഈ ബന്ധം തകര്‍ന്നടിഞ്ഞു. ബനൂ നളീറും ഖുറൈശികളും സംഘടിക്കുകയും മുഹമ്മദുമായി ചെയ്ത കരാര്‍ പൊളിക്കാന്‍ ബനൂ ഖുറൈളയെ നിര്‍ബന്ധിക്കുകയും ചെയ്തു. കരാറിന്റെ മഹത്വം മനസ്സിലാക്കി കുറേ നേരം അവരതിന് വിസമ്മതിച്ചെങ്കിലും ബനൂ നളീര്‍ മേധാവി ഹയ്യ് ബ്‌നു അഖ്ഥബിന്റെ നിരന്തരമായ പ്രേരണമൂലം ഒടുവില്‍ ബനൂ ഖുറൈള തലവന്‍ കഅ്ബ് ബിന്‍ അസദ് അത് സമ്മതിക്കുകയായിരുന്നു. വിവരമറിഞ്ഞ പ്രവാചകന്‍ ഔസ് ഗോത്രക്കാരനായ സഅ്ദ് ബിന്‍ മുആദ് (റ) വിനെയും ഖസ്‌റജ് ഗോത്രക്കാരനായ സഅ്ദ് ബിന്‍ ഉബാദ (റ) നെയും വിവരമന്വേഷിക്കാനായി അങ്ങോട്ട് പറഞ്ഞയച്ചു. മുഹമ്മദുമായി ഞങ്ങള്‍ക്ക് യാതൊരു കരാര്‍ ബന്ധവുമില്ലെന്നായിരുന്നു അവരുടെ  പ്രതികരണം. കൂടാതെ, മുസ്‌ലിംകളെ പിന്നില്‍നിന്നും ആക്രമിക്കാനുള്ള ശക്തമായ ശ്രമങ്ങളിലായിരുന്നു അവര്‍. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഭീഷണിയായിരുന്നു. ഓര്‍ക്കാപ്പുറത്തുള്ള ഈ ചുവടുമാറ്റം അവരെ ജാഗരൂഗരാക്കി.

പടപ്പുറപ്പാട്
    ഖന്ദഖ് യുദ്ധം കഴിഞ്ഞ് പ്രവാചകരും അനുയായികളും മദീനയിലെത്തിയ സന്ദര്‍ഭം. ജിബ്‌രീല്‍ (അ) അവതരിച്ചുകൊണ്ട് പറഞ്ഞു: 'പ്രവാചകരെ, അങ്ങ് ആയുധം അഴിച്ചുവച്ചോ? ഞങ്ങള്‍ മാലാഖമാര്‍  ആയുധമഴിച്ചുവെച്ചിട്ടില്ല. അങ്ങയോട് ബനൂ ഖുറൈളയിലേക്ക് യുദ്ധത്തിനു പുറപ്പെടാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ട്. ഞങ്ങളിതാ പുറപ്പെടുന്നു.' പ്രവാചകന്‍ ഉടെനെ അനുയായികളെ വിളിച്ച് യുദ്ധത്തിന്റെ വിളിയാളമറിയിച്ചു. ഉടനെ പുറപ്പെടണമെന്നും ബനൂ ഖുറൈളയിലെത്തിയിട്ട് അസ്വര്‍ നിസ്‌കരിച്ചാല്‍ മതിയെന്നും പറഞ്ഞു. സ്വഹാബികള്‍ പ്രവാചകരുടെ ആജ്ഞ സ്വീകരിച്ചു. കഴിയും വേഗത്തില്‍ ബനൂ ഖുറൈളയിലെത്തി. പലരും പാതിവഴിയില്‍ അസ്ര്‍ നിസ്‌കരിച്ചു യാത്ര തുടര്‍ന്നു. മറ്റു ചിലര്‍ പ്രവാചക കല്‍പനയുടെ ധ്വനി മനസ്സിലാക്കി ബനൂ ഖുറൈളയിലെത്തിയ ശേഷം ഇശാഇനു ശേഷം അസ്ര്‍ നിസ്‌കരിച്ചു. രണ്ടു രൂപത്തെയും പ്രവാചകന്‍ എതിര്‍ത്തില്ല.
    മുവ്വായിരം കാലാള്‍ പടയും മുപ്പത് അശ്വഭടന്മാരുമായി പ്രവാചകന്‍ ബനൂ ഖുറൈളയിലെത്തി. ജൂതന്മാരുടെ കോട്ടകള്‍ ഉപരോധിച്ചു. ഉപരോധം ശക്തമായി. അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. മൂന്നു മാര്‍ഗങ്ങളേ അവര്‍ക്കു മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ: മുസ്‌ലിമാവുക, മരണംവരെ പോരാടുക, ശാബ്ബത്ത് ദിനം ഓര്‍ക്കാപ്പുറത്ത് കടന്നാക്രമിക്കുക. നേതാവ് കഅബ് ഇവ മുന്നോട്ടു വെച്ചെങ്കിലും അണികള്‍ക്കിത് സമ്മതമായില്ല. മുസ്‌ലിംകളില്‍നിന്നും തങ്ങളുമായി സഖ്യത്തിലുള്ള ഒരാളെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച നടത്താനായിരുന്നു അവരുടെ തീരുമാനം. അതനുസരിച്ച് അബൂ ലുബാബയെ പ്രവാചകന്‍ വിട്ടുകൊടുക്കുകയും അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. അബൂ ലുബാബയെ കണ്ടതോടെ സ്ത്രീകളും കുട്ടികളും കരയാന്‍ തുടങ്ങി. ഇതു കണ്ട് അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. 'ഞങ്ങള്‍ മുഹമ്മദിന്റെ കല്‍പനക്കു വിധേയരായി പുറത്തുവരണമെന്നാണോ താങ്ങളുടെ അഭിപ്രായം?' അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അതെ. വധമായിരിക്കും ഇതിന്റെ പരിണതിയെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. പിന്നീട് ചിന്തിച്ചപ്പോള്‍ ഈ പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചു. താന്‍ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ചിരിക്കുന്നുവെന്ന് മനസ്സിലായ അദ്ദേഹം മദീനയിലേക്കു തിരിച്ചു. സ്വന്തം ശരീരത്തെ പള്ളിയിലെ ഒരു തൂണുമായി ബന്ധിച്ചു. പ്രവാചകനല്ലാതെ ഇതഴിക്കുകയില്ലെന്നും ഇനി ഞാന്‍ ബനൂ ഖുറൈളയിലേക്ക് കടക്കുകയില്ലെന്നും സത്യം ചെയ്തു. (അഞ്ചു ദിവസത്തിനു ശേഷം അദ്ദേഹത്തിന്റെ തൗബ സ്വീകരിച്ചതായി ഖുര്‍ആന്‍ അവതരിക്കുകയും ശേഷം പ്രവാചകന്‍ തന്നെ അത് അഴിക്കുകയുമാണുണ്ടായത്.)

തിരിച്ചടി വരുന്നു
    ഒടുവില്‍ പ്രവാചകരുടെ കല്‍പനക്കു വിധേയമായി പുറത്തിറങ്ങാന്‍തന്നെ ബനൂ ഖുറൈള തീരുമാനിച്ചു. നീണ്ട ഉപരോധം അവര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. പുരുഷന്മാരെ ബന്ധിക്കപ്പെടുകയും സ്ത്രീകളെ മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിനിടെ ഔസ് ഗോത്രം രംഗത്തുവരുകയും അവരുമായി സഹകരണത്തിലായിരുന്ന ബനൂ ഖുറൈളയുടെ കാര്യത്തില്‍ പ്രവാചകരോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. നിങ്ങളില്‍നിന്നുള്ള ഒരാള്‍തന്നെ ഇത് തീരുമാനിക്കട്ടെയെന്നായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേഹം. സഅ്ദ് ബിന്‍ മുആദ് (റ) വിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. അവരത് അംഗീകരിച്ചു. ഖന്ദഖ് യുദ്ധത്തില്‍ മുറിവ് പറ്റി കിടക്കുകയായിരുന്നു സഅ്ദ്. അദ്ദേഹം കൊണ്ടുവരപ്പെട്ടു. ഞങ്ങളില്‍ നല്ലൊരു അഭിപ്രായം പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സഅ്ദ് (റ) തനിക്കു കൈവന്ന ഈ വലിയ ഉത്തരവാദിത്തത്തിന്റെ ഗൗരവം മനസ്സിലാക്കി ഇങ്ങനെ പ്രതികരിച്ചു: പുരുഷന്മാര്‍ വധിക്കപ്പെടുക, സ്തീകള്‍ ബന്ധികളാക്കപ്പെടുക, സ്വത്തുക്കള്‍ വിഹിതിക്കപ്പെടുക.
    സഅ്ദിന്റെ തീരുമാനം അംഗീകരിക്കപ്പെട്ടു. താങ്കള്‍ അല്ലാഹുവിന്റെ കല്‍പനയാണ് ഇതില്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രവാചകന്‍ അദ്ദേഹത്തെ ശരിവെച്ചു. താമസിയെ വിധി നടപ്പാക്കപ്പെട്ടു.  ജൂതന്മാരുടെ ഉള്ളില്‍നിന്നുള്ള ആക്രമണങ്ങളില്‍നിന്നും മുസ്‌ലിംകള്‍ പൂര്‍ണമായും മുക്തരായി.
    ജൂതന്മാരുടെ കൊടിയ ചതിശ്രമങ്ങളുമായി ചേര്‍ത്തുനോക്കുമ്പോള്‍ സഅ്ദ് (റ) വിന്റെ ഈ തീരുമാനം എല്ലാ അര്‍ത്ഥത്തിലും നീതിയായിരുന്നു. മുസ്‌ലിംകളെ മദീനയില്‍നിന്നും പിഴുതെറിയാന്‍ ബനൂ ഖുറൈള ശക്തമായ ശ്രമങ്ങള്‍ നടത്തുകയും ചാരപ്പണികള്‍ മെനയുകയും ചെയ്തിരുന്നു. അസംഖ്യം വാളുകളും കുന്തങ്ങളും പരിചകളുമാണ് അവര്‍ ഇതിനായി ഒരുക്കിവെച്ചിരുന്നത്. ശേഷം, ഇതെല്ലാം മുസ്‌ലിംകളുടെ കരങ്ങളില്‍ വരികയായിരുന്നു.
    ഹിജ്‌റ വര്‍ഷം അഞ്ച് ദുല്‍കഅദയിലായിരുന്നു സംഭവം. ഇരുപത്തിയഞ്ച് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഉപരോധം. ഈ വക കാര്യങ്ങളെല്ലാം സൂറത്തുല്‍ അഹ്‌സാബില്‍ അല്ലാഹു സവിശദം പരാമര്‍ശിച്ചിട്ടുണ്ട്.



മുഹമ്മദ് നബി (പതിനാല്)

14. ഖന്ദഖ് യുദ്ധം
    ഹിജ്‌റ വര്‍ഷം അഞ്ച്; ശവ്വാല്‍ മാസം അരങ്ങേറിയ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധങ്ങളിലൊന്നാണ് ഖന്ദഖ് യുദ്ധം. ശത്രുക്കളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ കിടങ്ങ് കുഴിച്ചിരുന്നതിനാലാണ് യുദ്ധത്തിന് ഖന്ദഖ് എന്ന പേര് വന്നത്. വിവിധ വിഭാഗങ്ങള്‍ പങ്കെടുത്തതിനാല്‍ ഇത് അഹാസാബ് എന്ന പേരിലും അറിയപ്പെട്ടു. ദിവസങ്ങള്‍ നീണ്ടുനിന്ന ഉപരോധം കാരണം ശക്തമായ പരീക്ഷണങ്ങള്‍ക്കു വിധേയമായെങ്കിലും ഒടുവില്‍ മുസ്‌ലിംകള്‍ക്ക് വിജയം വന്നെത്തുകയായിരുന്നു.

ജൂതന്മാരുടെ ചരടുവലി

    പലയിടത്തും നേരിട്ട തിരിച്ചടികള്‍ ജൂതരുടെ മനസ്സില്‍ ഒരഗ്നിയായി പുകയുന്നുണ്ടായിരുന്നു. ഇസ്‌ലാമിക വിരുദ്ധ ശക്തികളുടെ സമ്പൂര്‍ണ കൂട്ടായ്മയൊരുക്കി ഒരു ശക്തമായ മുന്നേറ്റം നടത്തുന്നതേ ഇനി ഫലം ചെയ്യുകയുള്ളൂവെന്ന് അവര്‍ ചിന്തിച്ചു. നേരത്തെ ഖൈബറിലേക്ക് നാടുകടത്തപ്പെട്ട ബനൂ നളീര്‍ ഇതിന് നേതൃത്വം നല്‍കി. പ്രമുഖരായ ഇരുപത് നേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് മുസ്‌ലിംകള്‍ക്കെതിരെ യുദ്ധത്തിനുള്ള സഹായാഭ്യര്‍ത്ഥനയുമായി അവര്‍ മക്കയില്‍ ചെന്നു. യാതൊരു ചിന്തക്കും കാത്തുനില്‍ക്കാതെ അവര്‍ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു. സംഘം പിന്നീട് ഗഥ്ഫാനിലേക്കു പോയി. അവരും സഹായിക്കാന്‍ തയ്യാറായി. ശേഷം, പല അറബ് ഗോത്രങ്ങളിലൂടെയും സഞ്ചരിക്കുകയും അവരുടെയെല്ലാം പിന്തുണ ഉറപ്പ് വരുത്തുകയും ചെയ്തു. ചുരുക്കത്തില്‍, മുസ്‌ലിംകള്‍ക്കെതിരെ വിവിധ വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടുന്നതില്‍ ജൂതന്മാര്‍ വിജയിച്ചു. ഖുറൈശികള്‍ നാലായിരത്തോളം വരുന്ന സൈന്യത്തെയും ഗഥ്ഫാനികള്‍ ആറായിരത്തോളം വരുന്ന സൈന്യത്തെയും സമാഹരിച്ച് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ പതിനായിരത്തോളം വരുന്ന ഒരു വന്‍ നൈ്യം മദീനയിലേക്കു തിരിച്ചു.

മുസ്‌ലിംകളുടെ തയ്യാറെടുപ്പ്
    ജൂതന്മാര്‍ നടത്തുന്ന പുതിയ യുദ്ധ സന്നാഹങ്ങളെക്കുറിച്ച് പ്രവാചകന് വിവരം ലഭിച്ചു. ഉടനെ സ്വഹാബികളെ ഒരുമിച്ചുകൂട്ടുകയും യുദ്ധത്തിന് തയ്യാറാവുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. സംസാരത്തിനിടയില്‍ പേര്‍ഷ്യക്കാരനായിരുന്ന സല്‍മാനുല്‍ ഫാരിസി പുതിയൊരു യുദ്ധതന്ത്രം പരിചയപ്പെടുത്തി; കിടങ്ങ് കുഴിക്കല്‍. പ്രവാചകന്‍ അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിച്ചു. പ്രതിരോധത്തിന്റെ ആദ്യപടിയെന്നോണം ശത്രുക്കള്‍ കടന്നുവരുന്ന പ്രധാന വഴിയില്‍തന്നെ ഒരു കിടങ്ങ് കുഴിക്കാന്‍ തീരുമാനമായി. ഓരോ പത്തു പേര്‍ക്കും നാല്‍പത് മുഴം എന്ന കണക്കില്‍ പ്രവാചകര്‍ എല്ലാവര്‍ക്കും സ്ഥലം വിഹിതിച്ചുകൊടുത്തു. 
    കിടങ്ങിന്റെ പണി തുടങ്ങി. പ്രവാചകരും സ്വഹാബികളോടൊന്നിച്ച് ജോലിയില്‍ പങ്കു ചേര്‍ന്നു. വളരെ ക്ലേശപൂര്‍ണമായിരുന്നു ജോലി. വിശപ്പകറ്റാന്‍ ആവശ്യത്തിന് ഭക്ഷണമുണ്ടായിരുന്നില്ല. ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ കുറഞ്ഞ സാധനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അബൂ ഥല്‍ഹ (റ) പറയുന്നു: 'വിശന്നു വലഞ്ഞ ഞങ്ങള്‍ വയറില്‍ കല്ലുവെച്ചുകെട്ടി. പ്രവാചകരുടെ അടുത്തുചെന്ന് ആവലാതി പറഞ്ഞു. പ്രവാചകന്‍ സ്വന്തം വയറ്റില്‍ രണ്ടു കല്ല് വെച്ചുകെട്ടിയത് അപ്പോഴാണ് ഞങ്ങള്‍ കണ്ടത്.' സ്വന്തം വിശപ്പ് മറന്ന് ജോലി ചെയ്യുകയായിരുന്നു പ്രവാചകന്‍. തന്റെ അനുചരന്മാര്‍ക്ക് വന്നുപെട്ട വെഷമവും അവര്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, പ്രവാചകന്‍ അതിനിടെ പലവുരു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു: 'നഥാ, നിശ്ചിതം ജീവിതം പാരത്രിക ജീവിതമാണ്. അതിനാല്‍, മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും നീ മോഷം നല്‍കേണമേ.' സ്വഹാബികള്‍ ആവേശം വീണ്ടെടുത്ത് വീണ്ടും ജോലിയില്‍ മുഴുകി. അതിനിടെ വലിയൊരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. എത്രി ശ്രമിച്ചിട്ടും അത് ഉടഞ്ഞില്ല. അവര്‍ പ്രവാചകരോട് കാര്യം പറഞ്ഞു. പ്രവാചകന്‍ ബിസ്മി ചൊല്ലി ആഞ്ഞുകൊത്തി. പാറ തകര്‍ന്നു തരിപ്പണമായി. ഈ നിര്‍ണായ വേളയില്‍ നടന്ന പ്രവാചകരുടെ ഒരു മുഅ്ജിസത്തായിരുന്നു ഇത്. കുറഞ്ഞ ഭക്ഷണം ആയിരം പേര്‍ക്ക് സുഭിക്ഷമായി ഭക്ഷിക്കാന്‍മാത്രം വര്‍ദ്ധിച്ചതും ഈ വേളയില്‍ നടന്ന പ്രവാചകരുടെ മറ്റൊരു മുഅ്ജിസത്തായിരുന്നു. മഹാനായ ജാബിര്‍ (റ) പ്രവാചകരുടെ വിശപ്പ് മനസ്സിലാക്കി; വീട്ടില്‍ ചെന്ന് അല്‍പം ഭക്ഷണം തയ്യാറാക്കി. പ്രവാചകരെയും കുറഞ്ഞ സ്വഹാബികളെയും ക്ഷണിച്ചു. വിവരമറിഞ്ഞ പ്രവാചകന്‍ ആയിരത്തോളംവരുന്ന സ്വഹാബികളെയും കൂട്ടി ജാബിറിന്റെ വീട്ടില്‍ ചെന്നു. ജാബിര്‍ (റ) പേടിച്ചപോയി. പ്രവാചകന്‍ തന്റെ വിശുദ്ധ ഉമനീര് അല്‍പം അതിലാക്കി. ശേഷം, ഓരോരുത്തര്‍ക്കായി ഭക്ഷണം വിതരണം ചെയ്തു. ആയിരമാളുകള്‍ സുഭക്ഷമായി കഴിച്ചിട്ടും പാത്രത്തില്‍ അത്രതന്നെ ഭക്ഷണം ശേഷിക്കുന്നുണ്ടായിരുന്നു.

സൈന്യങ്ങള്‍ മുഖാമുഖം
    അബൂ സുഫ്‌യാന്റെ നേതൃത്വത്തില്‍ പുറപ്പെട്ട പതിനായിരത്തോളം വരുന്ന സൈന്യം സ്ഥലത്തെത്തി. സര്‍വ്വായുധവിഭൂഷിതരായിരുന്ന അവര്‍ വന്‍ സന്നാഹങ്ങളോടെയാണ് കടന്നുവന്നത്. കിടങ്ങ് കണ്ട അവര്‍ അന്തിച്ചുപോയി. അറബികള്‍ക്ക് തീരെ പരിചയമില്ലാത്ത ഒരു യുദ്ധതന്ത്രമായിരുന്നു ഇത്. അടുത്ത പദ്ധതികള്‍ ആവിഷ്‌കരിച്ച് അവര്‍ കിടങ്ങിനപ്പുറത്ത് തമ്പടിച്ചു.
    മുവ്വായിരംവരുന്ന സൈന്യവുമായാണ് പ്രാവചകന്‍ കടന്നുവന്നത്. സില്‍അ് പര്‍വതം പിന്നിലും ഖന്ദഖ് മുന്നിലുമായി അവര്‍ സ്ഥാനമുറപ്പിച്ചു. അബ്ദുല്ലാഹിബ്‌നു ഉമ്മി മഖ്തൂമിന് മദീനയുടെ ചുമതല നല്‍കി. സ്ത്രീകളെയും കുട്ടികളെയും കോട്ടയുടെ മുകളില്‍ പാര്‍പ്പിച്ചു.
    ഇടയില്‍ കിടങ്ങായതിനാല്‍ നേരിട്ടുള്ള ഒരു കടന്നാക്രമണത്തിന് അവസരമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഉപരോധത്തിലൂടെ മുസ്‌ലിംകളെ ബുദ്ധിമുട്ടാക്കുകയെന്നതായിരുന്നു ശത്രുക്കളുടെ നയം. അതോടൊപ്പം അമ്പെയ്ത്തുയുദ്ധമാണ് പ്രധാനമായും നടന്നത്. കിടങ്ങിന്റെ വീതികുറഞ്ഞ ഭാഗം നോക്കി ചിലര്‍ കുതിരയെ അപ്പുറം ചാടിച്ചു യുദ്ധത്തിന് വന്നു. അംറ് ബിന്‍ അബ്ദില്‍ വുദ്ദ്, ഇക്‌രിമ ബിന്‍ അവീ ജഹല്‍, ളിറാര്‍ ബിന്‍ ഖഥാബ് തുടങ്ങിയവരാണ് ഇതിനു തയ്യാറായത്. അലി (റ) ഒരു സംഘത്തോടൊപ്പം അവരെ നേരിട്ടു. അംറുമായി ദന്ദ്വയുദ്ധത്തിലേര്‍പ്പെടുകയും വധിച്ചുകളയുകയും ചെയ്തു. ഇതു കണ്ട ബാക്കിയുള്ളവര്‍ ജീവനുംകൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. ശേഷവും പല ദിവസങ്ങളില്‍ കിടങ്ങ് മുറിച്ചുകടക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും മുസ്‌ലിംകളുടെ പ്രതിരോധത്തിനു മുമ്പില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. നിരന്തരം യുദ്ധമുഖത്ത് ഉറച്ചുനില്‍ക്കേണ്ടിയിരുന്നതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാന്‍പോലും സമയം കിട്ടിയിരുന്നില്ല. തന്റെ നിസ്‌കാരം ഖളാ ആക്കിയ ശത്രുക്കള്‍ക്കെതിരെ പ്രവാചകന്‍ ഈ വേളയില്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി.
    അമ്പെയ്ത്തു തന്നെയായിരുന്നു പ്രധാനമായും ഖന്ദഖിലെ യുദ്ധമുറ. ഇതില്‍ മുസ്‌ലിം പക്ഷത്തുനിന്നും ആറു പേരും ശത്രു പക്ഷത്തുനിന്നും പത്തു പേരും വധിക്കപ്പെട്ടു. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് വാളിനിരയായത്.

ജൂതഗൂഢാലോചനകള്‍

    ശക്തമായ ഉപരോധവും യുദ്ധമുറകളും അരങ്ങേറുമ്പോഴും ജൂതന്മാര്‍ മുസ്‌ലിംകള്‍ക്കെതിരെ ഗൂഢാലോചനയിലായിരുന്നു. ബനൂ ഖുറൈളയെയും കൂടെ കൂട്ടി ഉള്ളില്‍നിന്നുതന്നെ പ്രവാചകനെതിരെ തിരിയാനായിരുന്നു പദ്ധതി. കാരണം, ബനൂ ഖുറൈളക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഉടമ്പടി നിലനില്‍ക്കുന്ന സമയമായിരുന്നു അത്. ഇത് തകര്‍ത്തിട്ടേ കാര്യമുള്ളൂവെന്ന് അവര്‍ മനസ്സിലാക്കി. താമസിയാതെ ബനൂ നളീര്‍ നേതാവ് ഹയ്യ് ബ്‌നു അഖ്ഥബ് ബനൂ ഖുറൈള നേതാവ് കഅ്ബ് ബിന്‍ അസദിന്റെ മുമ്പില്‍വന്നു. മുസ്‌ലിംകള്‍ക്കെതിരെയുള്ള ഒരു കടന്നാക്രമണത്തെക്കുറിച്ച് സംസാരിച്ചു. പക്ഷെ, അദ്ദേഹം പ്രവാചകരുമായുള്ള ഉടമ്പടി പൊളിക്കാന്‍ തയ്യാറായില്ല. നിരന്തരമായ ശ്രമത്തിനൊടുവില്‍ ഹയ്യ് ലക്ഷ്യം കണ്ടു. കഅ്ബ് ഉടമ്പടി പൊളിക്കാന്‍ തയ്യാറായി. ഉള്ളില്‍നിന്നുതന്നെ പ്രവാചര്‍ക്കെതിരെ കടന്നാക്രമിക്കാന്‍ വാതില്‍ തുറന്നു.
    അതിനിടെ ജൂതന്മാരില്‍ ചിലര്‍ മുസ്‌ലിം സ്ത്രീകളും കുട്ടികളും താമസിച്ചിരുന്ന കോട്ടയുടെ അടുത്തുപോവുകയും അവരെ ആക്രമിക്കാന്‍ ശ്രമം നടത്തുകയുമുണ്ടായി. ഇതു കണ്ട സ്വഫിയ്യ (റ) ഒരു മരക്കഷ്ണവുമായി പുറത്തുചാടുകയും അയാളുമായി പോരാട്ടം നടത്തി, വകവരുത്തുകയും ചെയ്തു. ഇതുകണ്ട ശത്രുക്കള്‍ ഭീതിയോടെ പിന്നീട് അങ്ങോട്ട് അടുത്തിരുന്നില്ല.

ഉപരോധത്തിന്റെ ക്രൂരതകള്‍
    ബനൂ ഖുറൈള ഉടമ്പടി പൊളിച്ചിട്ടുണ്ടെന്ന വിവരം പ്രവാചകരെ വേദനിപ്പിച്ചു. ശത്രുക്കള്‍ ഒന്നടങ്കം സംഘടിക്കുകയും നാലുഭാഗത്തുനിന്നും ശക്തമായ ഉപരോധം നയിക്കുകയും ചെയ്യുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ ഇത് വലിയൊരു ഭീഷണിയായിരുന്നു. പ്രവാചകന്‍ ദൂതന്മാരെ വിട്ട് കാര്യം ഉറപ്പുവരുത്തി. ജൂതന്മാര്‍ തങ്ങള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെട്ട വിവരം ബോധ്യപ്പെട്ടു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായൊരു ഘട്ടമായിരുന്നു ഇത്. മുമ്പില്‍നിന്നുംവരുന്ന ശത്രുക്കളില്‍നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ മാത്രമേ മുസ്‌ലിംകള്‍ നടത്തിയിരുന്നുള്ളൂ. പിന്നില്‍നിന്നുംവരുന്ന ബനൂ ഖുറൈളയുടെ ആക്രമണങ്ങള്‍ തടയാന്‍ യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. അറബികള്‍ മൊത്തം സംഘടിക്കുകയും മുസ്‌ലിംകളെ മുള്‍മുനയില്‍നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സന്ദര്‍ഭം. എന്തെങ്കിലും ഒരു രക്ഷാമാര്‍ഗം സ്വീകരിക്കണമെന്ന് പ്രവാചകന്‍ മനസ്സിലാക്കി. ശത്രുക്കള്‍ക്കെതിരെ പ്രതിരോധമെന്നോണം മദീനയിലെ ഫലങ്ങളുടെ മൂന്നിലൊന്നു നല്‍കി ഗഥ്ഫാനുമായി ഉടമ്പടിയുണ്ടാക്കിയാലോ എന്നു വരെ ചിന്തിച്ചു. ശേഷം, ഈ നിര്‍ണായക ഘട്ടത്തില്‍ എന്തു ചെയ്യണമെന്ന് അനുയായികളായ സഅ്ദ് ബിന്‍ മുആദുമായും സഅ്ദ് ബിന്‍ ഉബാദയുമായും ചര്‍ച്ച ചര്‍ച്ച നടത്തി. ക്രൂരരായ ശത്രുക്കളുമായി ഇത്തരമൊരു ഉടമ്പടിക്ക് ഒരിക്കലും തയ്യാറാവേണ്ടതില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. 'ഇത് അല്ലാഹുവിന്റെ തീരുമാനമാണെങ്കില്‍ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഇനി, ഞങ്ങള്‍ക്കു വേണ്ടിയാണ് അങ്ങ് ഇത് ചെയ്യുന്നതെങ്കില്‍ ഒരിക്കലും ഇതിന്റെ ആവശ്യമില്ല. അവര്‍ക്ക് മദീനയുടെ പഴയങ്ങളല്ല; വാളാണ് വേണ്ടത്.' അവര്‍ പറഞ്ഞു. 'അറബികള്‍ ഒന്നടങ്കം നമുക്കെതിരെ തിരിയുമ്പോള്‍ അങ്ങനെ ചെയ്താലോ എന്ന് ചിന്തിച്ചുപോവുക മാത്രമായിരുന്നു' പ്രവാചകന്‍ പ്രതികരിച്ചു.

വിജയത്തിലേക്കു നയിച്ച യുദ്ധതന്ത്രം
    ഈയൊരു നിര്‍ണായക ഘട്ടത്തില്‍ അറിയാതെ ഒരു യുദ്ധതന്ത്രം മുസ്‌ലിംകളെ തുണക്കാനെത്തി. ഗഥ്ഫാന്‍ ഗോത്രക്കാരനായ നഈം ബിന്‍ മസ്ഊദ് പ്രവാചകരുടെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു: 'പ്രവാചകരെ, ഞാന്‍ മുസ്‌ലിമാണ്. പക്ഷെ, ഈ കാര്യം എന്റെ ഗോത്രം അറിയില്ല. അതിനാല്‍, ഇവിടെ ഞാന്‍ എന്താണ് ചെയ്യേണ്ടത്?'. പ്രവാചകന്‍ പറഞ്ഞു: 'നീ ഒരാളല്ലെയുള്ളൂ. യുദ്ധം ഒരു തന്ത്രമാണ്. അതിനാല്‍, നിനക്ക് കഴിയുന്നത് ചെയ്യുക.' താമസിയാതെ അദ്ദേഹം ബനൂ ഖുറൈള ഗോത്രത്തിലെത്തി. അവരോട് തങ്ങളിലൊരാളായി സംസാരിച്ചു. അവര്‍ സ്വീകരിച്ചി നിലപാടിന്റെ പ്രശ്‌നങ്ങള്‍ വിശദീകരിച്ചുകൊടുത്തു: 'ഖുറൈശികളും ഗഥ്ഫാനും ഈ നാട്ടുകാരല്ല. അവരുടെ ശത്രുക്കളായ മുഹാജിറുകളും അന്‍സ്വാറുകളുമാണ് ഈ നാടിന്റെ അന്തേവാസികള്‍. അവരാണ് എന്നും നിങ്ങളോടൊപ്പമുണ്ടാവുക.  ഖുറൈശും ഗഥ്ഫാനും ഇന്നല്ലെങ്കില്‍ നാളെ തിരിച്ചുപോകും. അങ്ങനെ വന്നാല്‍, മുഹമ്മദും അനുയായികളും പ്രതികാരം ചെയ്യും. അപ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടാവില്ല. അതിനാല്‍ ആള്‍ ജാമ്യം തരുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം യുദ്ധത്തില്‍ പങ്ക് ചേരരുത്. അവരെ സഹായിക്കുകയുമരുത്.' നഈമിന്റെ അഭിപ്രായത്തില്‍ സത്യമുണ്ടെന്ന് ബനൂ ഖുറൈളക്കു തോന്നി. അവരത് സമ്മതിച്ചു.
    താമസിയാതെ അദ്ദേഹം ഖുറൈശികള്‍ക്കടുത്തു ചെന്നു. തന്റെ വിശ്വാസ്യത പറഞ്ഞുബോധിപ്പിച്ചു. മുഹമ്മദും അനുയായികളുമായുള്ള കരാര്‍ പൊളിച്ചതില്‍ ജൂതന്മാര്‍ ഖേദിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ നിങ്ങളോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാന്‍ അവര്‍ ആള്‍ജാമ്യം ആവശ്യപ്പെടുന്നുണ്ടെന്നും അറിയിച്ചു. അങ്ങനെയെങ്കില്‍, ഒരിക്കലും ആള്‍ജാമ്യം നല്‍കരുതെന്ന ഉപദേശവും നല്‍കി. ശേഷം, നഈം ഗഥ്ഫാനികളുടെ അടുത്തെത്തി. അവരോടും ഇതുപോലെ പറഞ്ഞു. എല്ലാവരും അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി കരുതുകയും അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
    യുദ്ധത്തിന്റെ സമയം വന്നണഞ്ഞു. മുഹമ്മദിനെതിരെ ഇറങ്ങിപ്പുറപ്പെടാന്‍ ഖുറൈശികള്‍ ജൂതന്മാരെ വിളിച്ചു. അവര്‍ തയ്യാറായില്ല. ആള്‍ജാമ്യം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിന് ഖുറൈശികളും തയ്യാറായില്ല. ഇതോടെ അവര്‍ക്കിടയില്‍ പ്രശ്‌നമായി. ഭിന്നിപ്പ് രൂപപ്പെട്ടു. നഈമിന്റെ ശ്രമം വിജയിക്കുകയും ഇരുവരും രണ്ടു വിഭാഗമായി പിരിയുകയും ചെയ്തു.
    ഖുറൈശികള്‍ക്ക് വന്‍ തിരിച്ചടി നേരിട്ട ഈ സമയം. അല്ലാഹുവിന്റെ ഭാഗത്തുനിന്നും ശീതക്കാറ്റും കടന്നുവന്നു. സൈന്യത്തിന് പിടിച്ചുനില്‍ക്കാനായില്ല. അവരുടെ കൂടാരങ്ങളും സാമഗ്രികളും പറന്നുപോയി. ഇനി നല്‍ക്കക്കള്ളിയില്ലെന്നു കണ്ടപ്പോള്‍ അവര്‍ മടക്കയാത്രയാരംഭിച്ചു. ഖന്ദഖ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയം വന്നെത്തി. ഒരു മാസത്തോളം നീണ്ടുനിന്ന ഉപരോധത്തില്‍നിന്നും മോചനം ലഭിച്ചു. മദീനയില്‍ ആരുതന്നെ സംഘടിച്ചാലും അവിടെ വേരുപിടിച്ച മുസ്‌ലിംകളെ പിഴുതെറിയാല്‍ ഒരാള്‍ക്കും സാധിക്കില്ലെന്ന് ഇത് തെളിയിച്ചു.
   



Thursday, April 26, 2012

മുഹമ്മദ് നബി (പതിമൂന്ന്)

13. ഉഹ്ദ് യുദ്ധവും അനന്തര സംഭവങ്ങളും
   
പ്രതികാരദാഹം
    ബദറിലേറ്റ പരാജയം ഖുറൈശികളെ ഏറെ ദു:ഖിപ്പിച്ചു. തങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട പല നേതാക്കന്മാരുടെയും വേര്‍പാട് അവരെ സംബന്ധിച്ചിടത്തോളം സഹിക്കുന്നതിലുമപ്പുറത്തായിരുന്നു. ഈയൊരു നിര്‍ണായക ഘട്ടത്തില്‍ ജാഹിലിയ്യത്തിന്റെ പ്രതികാരാഗ്നി അവരുടെ ഉള്ളകങ്ങളില്‍ ആളിക്കത്തി. മുഹമ്മദിനും അനുയായികള്‍ക്കുമെതിരെ എത്രയും വേഗം പ്രതികാരം ചെയ്യണമെന്ന് അവര്‍ ഗൗരവമായി ചിന്തിച്ചു. ശാമില്‍നിന്നും വന്ന കച്ചവട സാധനങ്ങളില്‍ ഷയറുണ്ടായിരുന്നവരില്‍നിന്നും യുദ്ധാവശ്യങ്ങള്‍ക്കായി വലിയൊരു സംഖ്യ ഓഫര്‍ ചെയ്യിച്ചു. ബദ്‌റില്‍ നേരിട്ട പചാജയത്തിന് പ്രതികാരം ചെയ്യാന്‍ എന്തുതന്നെ ചെലവഴിക്കാനും അവര്‍ സന്നദ്ധമായിരുന്നു. ഇതോടെ മക്കയില്‍ പുതിയൊരു യുദ്ധത്തിനുള്ള കാഹളം മുഴങ്ങി. ബദറില്‍ ദുരിതമനുഭവിക്കേണ്ടിവന്ന കുടുംബങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി പ്രതികാര യുദ്ധത്തിനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചു. ജനങ്ങളെ യുദ്ധോത്സുകരാക്കി മാറ്റാന്‍ ഒരു പിടി കവികളെയും സ്ത്രീകളെയും ഇതിനു പിന്നില്‍ നിര്‍ത്തി. ഹിജ്‌റ വര്‍ഷം മൂന്ന് ശവ്വാല്‍ പതിനഞ്ചിന് ഒരു വന്‍ സൈന്യത്തിന്റെ അകമ്പടിയോടെ അവര്‍ ഉഹ്ദ് ലക്ഷ്യമാക്കി സഞ്ചരിച്ചു. മുവ്വായിരത്തോളം വരുന്നതായിരുന്നു അവരുടെ സൈന്യം. ആവശ്യത്തിലധികം ഒട്ടകങ്ങളും കുതിരകളും മറ്റു യുദ്ധ സന്നാഹങ്ങളും കൂടെയുണ്ടായിരുന്നു.

മുസ്‌ലിംകളുടെ തീരുമാനം
    ഖുറൈശികള്‍ പ്രതികാര വാഞ്ഛയോടെ മദീന ലക്ഷ്യമാക്കി പുറപ്പെട്ട വിവരം പ്രവാചകനു ലഭിച്ചു. ഈയൊരു നിര്‍ണായക ഘട്ടത്തില്‍ മദീന വിട്ടു പുറത്തിറങ്ങേണ്ടതില്ലെന്നും അവര്‍ ഉള്ളില്‍ പ്രവേശിക്കുന്ന പക്ഷം അവിടെവെച്ച് അവരുമായി യുദ്ധംചെയ്യാമെന്നുമായിരുന്നു പ്രവാചകന്‍ വിചാരിച്ചിരുന്നത്. മുനാഫിഖുകളുടെ നേതാവായിരുന്ന അബ്ദുല്ലാഹ് ബിന്‍ ഉബയ്യും ഇത് അംഗീകരിച്ചു. പ്രവാചകന്‍ സ്വഹാബി പ്രമുഖരെ വിളിച്ചുവരുത്തി ഇവ്വിഷയകമായി ചര്‍ച്ച നടത്തി. പലരും പ്രവാചകരുടെ അഭിപ്രായത്തോട് യോജിച്ചു. എന്നാല്‍, ബദറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതിരുന്ന ആളുകള്‍ ഇതിനോട് യോജിച്ചില്ല. തങ്ങള്‍ക്ക് യുദ്ധം ചെയ്യാനായി കൈവന്ന അവസരം നഷ്ടപ്പെട്ടുപോവാതിരിക്കാനായി അവര്‍ ശ്രദ്ധിച്ചു. നാം ഭീരുക്കളായി ഇവിടെ നില്‍ക്കേണ്ടതില്ലെന്നും സധീരം മദീനക്കു പുറത്തിറങ്ങി യുദ്ധം ചെയ്യാമെന്നും അവര്‍ പറഞ്ഞു. അവസാനം പ്രവാചകനും അതംഗീകരിച്ചു. ആയിരത്തോളം വരുന്ന ഭടന്മാരുമായി അവരും യുദ്ധത്തിനു പുറപ്പെട്ടു. ഉഹ്ദിനടുത്തെത്തിയപ്പോള്‍ മുനാഫിഖായിരുന്ന അബ്ദുല്ലാഹ് ബിനു ഉബയ്യ് തന്റെ അനുയായികളുമായി യുദ്ധത്തില്‍നിന്നും പിന്‍മാറി. മുന്നൂറോളം ആളുകള്‍ സൈന്യത്തില്‍നിന്നും പിരിഞ്ഞുപോയി. 

യുദ്ധമുഖത്ത്
    പ്രവാചകനും സൈന്യവും ഉഹ്ദിലെത്തി. മദീനയില്‍നിന്നും മൂന്നു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു മലഞ്ചരുവാണ് ഉഹ്ദ്. തന്റെ കല്‍പന വരുന്നതുവരെ ആരും യുദ്ധത്തിനിറങ്ങരുതെന്ന് അവര്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. ശേഷം, സൈന്യത്തെ സജ്ജീകരിക്കാന്‍ തുടങ്ങി. നിപുണരായ അമ്പത് അമ്പൈത്തുകാരെ മലക്കുമുകളില്‍ നിയമിച്ചു. അബ്ദുല്ലാഹ് ബിന്‍ ജുബൈറിനെ അവരുടെ നേതാവാക്കി. യുദ്ധാവസാനം വരെ മലമുകളില്‍ ഉറച്ചുനില്‍ക്കണമെന്നും മുസ്‌ലിംകള്‍ ഗനീമത്ത് മുതലുകള്‍ ഒരുമിച്ചുകൂട്ടുന്നത് കണ്ടാല്‍പോലും ഇറങ്ങിവരരുതെന്നും അവരോട് പ്രത്യേകം നിര്‍ദ്ദേശിച്ചു. മലക്കു പിന്‍വശത്തുകൂടി ശത്രുക്കള്‍ കടന്നാക്രമിക്കുന്നതിനെ തടയാനാണ് പ്രവാചകന്‍ ഇത്രയും ഊന്നല്‍ നല്‍കി പറഞ്ഞിരുന്നത്. ശേഷം, പടയങ്കി ധരിക്കുകയും എഴുന്നൂറില്‍ താഴെ മാത്രം വരുന്ന സൈന്യവുമായി യുദ്ധത്തിനിറങ്ങുകയും ചെയ്തു. മുസ്അബ് ബിന്‍ ഉമൈറാണ് പതാക വഹിച്ചിരുന്നത്.
    അഹങ്കാരത്തിന്റെ വന്‍ മേളകളോടുകൂടിയായിരുന്നു ഖുറൈശികളുടെ യുദ്ധപ്പുറപ്പാട്. കവികളും സ്ത്രീകളും ഭടന്മാരില്‍ യുദ്ധോത്സുകത വര്‍ദ്ധിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ബദറില്‍ വധിക്കപ്പെട്ട പിതാവ് ഉത്ബയുടെ പ്രതികാരം ചോദിക്കാനായിരുന്നു ഹിന്ദ് എത്തിയിരുന്നത്.
    ആരവങ്ങളുടെയും അട്ടഹാസങ്ങളുടെയും ഇടയില്‍ യുദ്ധമാരംഭിച്ചു. സത്യവും അസത്യവും രണഭൂമിയില്‍ അടരാടാന്‍ തുടങ്ങി. പലരും മരിച്ചുവീണു. പലരും ജീവനുംകൊണ്ടോടി. ജുബൈര്‍ ബിന്‍ മുഥ്ഇമിന്റെ അടിമ വഹ്ശി ഹസ (റ) വിനെ വധിക്കാന്‍ ഉന്നം നോക്കിയിരിക്കുകയാണ്. ഹംസയെ വധിച്ചാല്‍ അദ്ദേഹത്തിന് മോചനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഹിന്ദ് അതിനെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ വഹ്ശിയുടെ ചാട്ടുളി ഹംസയുടെ ശരീരത്തില്‍ തുളച്ചുകയറി. അദ്ദേഹം ശഹീദായി. തുടക്കത്തില്‍ മുസ്‌ലിംകളുടെ ഭാഗത്തായിരുന്നു വിജയ സാധ്യത. അവരുടെ ധീരമായ മുന്നേറ്റത്തിനിടയില്‍ തുടക്കത്തില്‍തന്നെ  എതിര്‍പക്ഷത്തുനിന്നും പതിനൊന്നോളം ആളുകള്‍ വധിക്കപ്പെട്ടു. ഇതു കണ്ട് ഭയവിഹ്വലരായ ശത്രുക്കള്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. മുസ്‌ലിംകള്‍ സന്തോഷിച്ചു. അവര്‍ വിജയമുറപ്പിക്കുകയും ഗനീമത്ത് മുതലുകള്‍ സമാഹരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇതുകണ്ട മലമുകളിലെ അമ്പൈത്തുകാര്‍ താഴെയിറങ്ങി. അബ്ദുല്ലാഹി ബ്‌നു ജുബൈര്‍ അവരെ പ്രവാചകരുടെ നിര്‍ദ്ദേശങ്ങള്‍ ഓര്‍മിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഈയൊരു അവസരം ശത്രുക്കള്‍ മുതലെടുത്തു. എല്ലാവരും താഴെയിറങ്ങിയ തക്കം നോക്കി  ഖാലിദ് ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു കുതിരപ്പട മലക്കു എതിര്‍വശത്തുകൂടി തിരിച്ചുവന്നു. മുസ്‌ലിംകള്‍ക്കെതിരെ അമ്പൈത്തിലൂടെ ശക്തമായി പോരാടി. ഓര്‍ക്കാപ്പുറത്തുവന്ന ആക്രമണം മുസ്‌ലിംകള്‍ക്ക് പ്രതിരോധിക്കാനായില്ല. അവര്‍ നാലുഭാഗത്തേക്കും ചിതറിയോടി. ഒന്നും തിരിച്ചറിയാനാവാതെ അവര്‍ പരസ്പരം പോരാടി. അതിനിടെ പലരും വധിക്കപ്പെട്ടു. ധ്വജവാഹകനായ മുസ്അബ് ബ്‌നു ഉമൈറും രക്തസാക്ഷിയായി. മുഹമ്മദ് വധിക്കപ്പെട്ടുവെന്ന ഒരാക്രോശം അന്തരീക്ഷത്തില്‍ മുഴങ്ങി. ഇതു കേട്ട മുസ്‌ലിംകള്‍ അമ്പരന്നു. പ്രവാചകന്‍ രണഭൂമിയില്‍ തന്നെ ഉണ്ടായിരുന്നു. സംഘട്ടനത്തില്‍ പ്രവാചകരുടെ പല്ല് പൊട്ടുകയും ചുണ്ടിനും മുഖത്തും മുറിവ് പറ്റുകയും ചെയ്തു. മുസ്‌ലിംകള്‍ യുദ്ധമുഖം വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും അതിനു സാധിച്ചില്ല. പലരും ചിതറിയോടി. ചെറിയൊരു വിഭാഗം മാത്രം പോര്‍ക്കളത്തില്‍ പ്രവാചരോടൊപ്പം ഉറച്ചുനിന്നു. യുദ്ധത്തില്‍ പ്രവാചക കരങ്ങളാല്‍ ഉബയ്യ് ബിന്‍ ഖലഫും വധിക്കപ്പെട്ടു.
    മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വന്‍ പരാജയമായിരുന്നു ഉഹ്ദ്. ആദ്യം വിജയമായിരുന്നുവെങ്കിലും പ്രവാചകരുടെ കല്‍പന മാനിക്കാതെ മലമുകളിലുണ്ടായിരുന്നവര്‍ താഴെ ഇറങ്ങിയത് അവര്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. മുസ്‌ലിംപക്ഷത്തുനിന്നും എഴുപതോളം ആളുകള്‍ വധിക്കപ്പെട്ടു. നൂറ്റി അമ്പതിലേറെ പേര്‍ക്ക് മുറിവ് പറ്റി. 23 പേര്‍ മാത്രമാണ് ശത്രുപക്ഷത്തുനിന്നും വധിക്കപ്പെട്ടത്. ഹംസ (റ) അടക്കം പല പ്രമുഖരെയും മുസ്‌ലിംകള്‍ക്ക് ഇതില്‍ നഷ്ടപ്പെടുകയായിരുന്നു. യുദ്ധത്തില്‍ വധിക്കപ്പെട്ടവരെ പ്രവാചകരുടെ നേതൃത്വത്തില്‍ ഉഹ്ദില്‍ തന്നെ ഖബറടക്കി. ശേഷം, എല്ലാവരും മദീനയിലേക്കു തിരിച്ചു. ശവ്വാല്‍ ഏഴ് ശനിയാഴ്ച വൈകുന്നേരം അവര്‍ മദീനയിലെത്തി.

ഹംറാഉല്‍ അസദ് യുദ്ധം
    യുദ്ധത്തില്‍ വിജയിച്ചെങ്കിലും കൂടുതല്‍ സമ്പാദിക്കാന്‍ സാധിക്കാത്തത് രണ്ടാമതൊരു മദീനാ ആക്രമണത്തിന് ഖുറൈശികളെ പ്രേരിപ്പിക്കുമോ എന്ന് പ്രവാചകന്‍ പേടിച്ചു. അതുകൊണ്ടുതന്നെ, അതിനെതിരെ ഒരു സൈനിക മുന്നേറ്റം നടത്താനും ഉഹ്ദ് യുദ്ധം കഴിഞ്ഞ് തിരിച്ചുപോകുന്ന ശത്രുക്കളെ പിന്തുടരാനും പ്രവാചകന്‍ തീരുമാനിച്ചു. സ്വഹാബികളില്‍ പലരും മുറിവേറ്റവരായിരുന്നു. ഉഹ്ദില്‍ പങ്കെടുത്തവര്‍ മാത്രമേ ഇതിലും വരേണ്ടതുള്ളൂവെന്ന് പ്രവാചകന്‍ പ്രത്യേകം പറഞ്ഞു. എല്ലാ വേദനകളും സഹിച്ച് സ്വഹാബികള്‍ പ്രവാചകനോടൊപ്പം പുറപ്പെട്ടു. ശത്രുക്കള്‍ കടന്നുപോയ വഴിയില്‍ എട്ടു നായിക സഞ്ചരിച്ച് ഹംറാഉല്‍ അസദ് എന്ന സ്ഥലത്തെത്തി. പക്ഷെ, അവരെ കണ്ടെത്താനായില്ല.
    അതിനിടയിലാണ് ഖുറൈശികള്‍ വഴിയില്‍ ഹൗറാഅ്  എന്ന സ്ഥലത്തിറങ്ങി തമ്പടിച്ച് യുദ്ധകാര്യങ്ങള്‍ വിലയിരുത്തുന്നത്. ഒരിക്കലൂടെ തിരിച്ചുപോയി അവിടെ ബാക്കിയായവരെയും വകവരുത്തണമെന്നായിരുന്നു പലരുടെയും ആവശ്യം. യുദ്ധത്തിലെ പല നിലപാടുകളെയും ചൊല്ലി അവര്‍ക്കിടയില്‍ പലവിധ തര്‍ക്കങ്ങളും നടന്നുകൊണ്ടിരുന്നു. മുഹമ്മദും അനുയായികളും തങ്ങളെ ലക്ഷ്യം വെച്ച് പുറപ്പെട്ടിട്ടുണ്ടെന്ന വിവരം അതിനിടെ അബൂസുഫ്‌യാന് ലഭിച്ചു. കിട്ടിയ വിവരമനുസരിച്ച് അവരുടെ സന്നാഹവും ഒരുക്കവും കണ്ട് പേടിച്ച അവര്‍ ഇനുയും ഒരു ശക്തി പരീക്ഷണത്തിന് വരുന്നത് ശരിയല്ലായെന്ന് മനസ്സിലാക്കി. സൈന്യത്തെയും കൂട്ടി അവര്‍ വേഗം മക്കയിലേക്കു തിരിച്ചു.
     പ്രവാചകരും അനുയായികളും ഹംറാഉല്‍ അസദില്‍ മൂന്നു ദിവസം താമസിച്ചു. ഇതിനിടെ പലരും പ്രവാചക സവിധത്തില്‍ വന്ന് മുസ്‌ലിമായി. ശേഷം, അവര്‍ മദീനയിലേക്കു തിരിച്ചു. ഹംറാഉല്‍ അസദ്  ഒരു സ്വതന്ത്ര യുദ്ധമല്ലെന്നും ഉഹ്ദ് യുദ്ധത്തിന്റെ പൂരണമാണെന്നുമാണ് പലരും പറയുന്നത്.

ഉഹ്ദിന്റെ പ്രതികരണങ്ങള്‍
    ഉഹ്ദില്‍ നേരിട്ട പരാജയം മുസ്‌ലിംകള്‍ക്ക് പല നിലക്കും അപമാനം വരുത്തി. ശത്രുക്കളുടെ മനസ്സില്‍ മുസ്‌ലിംകളുടെ ശക്തി ചെറുതാവുകയും അതുവഴി മുസ്‌ലിംകള്‍ക്കെതിരെ നാനാ ഭാഗത്തുനിന്നും അവര്‍ കടന്നു കയറുകയും ചെയ്തു. ചെറിയ വിഭാഗങ്ങള്‍വരെ മുസ്‌ലിംകള്‍ക്കെതിരെ തങ്ങളാലാവുന്നത് ചെയ്യാന്‍ ഒരുമ്പെട്ടു. മദീനക്കു ചുറ്റും മുസ്‌ലിംകളെ ഉന്നംവെച്ച് പലവിധ വലകളും വിരിക്കപ്പെട്ടു. മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാന്‍തന്നെ പലരും സ്വപ്നംകണ്ട് രംഗത്തെത്തി. മദീനയിലെ ജൂതന്മാരും ഈ അവസരം നല്ലപോലെ ഉപയോഗപ്പെടുത്തി. കഴിയുംവിധത്തിലെല്ലാം അവര്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമണങ്ങള്‍ അഴിച്ചുവിടാന്‍ അവസരമുണ്ടാക്കി. വിശ്വാസികളെ ആഹുതി വരുത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
    എന്നാല്‍, പ്രവാചകന്‍ (സ്വ) ഈ അവസരം ശക്തമായി രംഗത്തിറങ്ങുകയും ബദറിലൂടെ അതിനു ലഭിച്ച പ്രതാപം വീണ്ടെടുക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ദീര്‍ഘദര്‍ശനത്തോടെയുള്ള പ്രവാചകരുടെ പല നിലപാടുകളും ഇതിന് ഏറെ സഹായകമായി. വളരെ വേഗത്തില്‍തന്നെ മുസ്‌ലിംകളോടുണ്ടായിരുന്ന ആ ഭയം ജൂതന്മാരുടെയും മുശ്‌രിക്കുകളുടെയും ഇടയില്‍ തിരിച്ചവന്നു. ഹംറാഉല്‍ അസദ് യുദ്ധം അതിനൊരു ഉദാഹരണമായിരുന്നു.

തുടര്‍ന്നുണ്ടായ ചില സരിയ്യത്തുകള്‍
    ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കുണ്ടായ പരാജയത്തില്‍നിന്നും ലഭിച്ച ആത്മധൈര്യം ഉപയോഗിച്ച് ശേഷം അസദ് ബിന്‍ ഖുസൈമ ഗോത്രം ആദ്യമായി മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങളുമായി രംഗത്തുവന്നു. വിവരമറിഞ്ഞ പ്രവാചകന്‍ അബൂ സലമയുടെ നേതൃത്വത്തില്‍ 150 പേരടങ്ങുന്ന ഒരു സൈന്യത്തെ അവര്‍ക്കെതിരെ നിയോഗിച്ചു. സൈന്യം കടന്നു ചെല്ലുകയും അവര്‍ പുറപ്പെടുന്നതിനുമുമ്പുതന്നെ പിടികൂടാന്‍ ശ്രമംനടത്തുകയുമുണ്ടായി. വിവരമറിഞ്ഞ അവര്‍ വീട് വിട്ട് ഓടുകയായിരുന്നു. മുസ്‌ലിംകള്‍ക്ക് ആടുകളും ഒട്ടകങ്ങളുമായി ധാരാളം ഗനീമത്ത് സ്വത്തുകള്‍ ലഭിച്ചു. വിജയശ്രീലാളിതരായ അവര്‍ ശേഷം മദീനയില്‍ തിരിച്ചെത്തി. ഹിജ്‌റ വര്‍ഷം നാല് മുഹര്‍റം തുടക്കത്തിലായിരുന്നു ഈ സംഭവം.
    ഇതേ മാസംതന്നെ ഹുദൈല്‍ ഗോത്രക്കാരനായ ഖാലിദ് ബിന്‍ സുഫ്‌യാനും മുസ്‌ലിംകള്‍ക്കെതിരെ യുദ്ധവിളിയുമായി രംഗത്തുവന്നു. പ്രവാചകന്‍ അബ്ദുല്ലാഹ് ബിന്‍ ഉനൈസിനെ അവര്‍ക്കെതിരെ നിയോഗിക്കുകയും മുളയില്‍തന്നെ അത് അടിച്ചമര്‍ത്തുകയും ചെയ്തു.

റജീഅ് സംഭവം
    ഉഹ്ദ് യുദ്ധാനന്തരം പ്രവാചകരെയും അനുയായികളെയും വളരെ വേദനിപ്പിച്ച ഒരു സംഭമായിരുന്നു റജീഅ് സംഭവം. ഹിജ്‌റ വര്‍ഷം നാല്; സ്വഫര്‍ മാസത്തിലായിരുന്നു ഇത്. ഉളല്‍, ഖാറ ഗോത്രങ്ങളില്‍നിന്ന് ഒരു സംഘം പ്രവാചകനു മുമ്പില്‍ വന്നു. ഞങ്ങളുടെ നാട്ടില്‍ മുസ്‌ലിംകളുണ്ടെന്നും അവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഒരു സംഘത്തെ അയച്ചുതരണമെന്ന് പ്രവാചകനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകന്‍ ആറു പേരടങ്ങുന്ന ഒരു സംഘത്തെ അവരോടൊപ്പം അയച്ചുകൊടുത്തു. ആസ്വിം ബിന്‍ സാബിത്ത്, ഖുബൈബ് ബിന്‍ അദിയ്യ്, സൈദ് ബിന്‍ ദസ്‌ന തുടങ്ങി പല പ്രമുഖരും അതിലുണ്ടായിരുന്നു. മക്കയോടടുത്ത റജീഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ കോലം മാറി. വിശ്വസ്തരായ സ്വഹാബികളെ മര്‍ദ്ദിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങി. സ്വഹാബികള്‍ സഹായമഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ക്ക് ആരുടെയും സഹായം എത്തിയില്ല. ഒടുവില്‍ ശത്രുക്കള്‍ അവര്‍ ഓരോരുത്തരെയും നിഷ്‌കരുണം വഞ്ചിച്ച് കൊല ചെയ്യുകയായിരുന്നു. മുഹമ്മദിനെ തള്ളിപ്പറയുന്ന പക്ഷം നിങ്ങളെ വെറുതെ വിടാമെന്ന് ശത്രുക്കള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഞങ്ങള്‍ ജീവിച്ചിരിക്കെ പ്രവാചകരുടെ കാലില്‍ ഒരു മുള്ള് തറക്കുന്നതുപോലും ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ലായെന്നായിരുന്നു അവരുടെ പ്രതികരണം.

ബിഅ്‌റ് മഊന സംഭവം
    ബനു ആമിര്‍ ഗോത്രിത്തിന്റെ നേതാവായ ആമിര്‍ ബിന്‍ മാലികിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് പ്രവാചകന്‍ ഒരു സംഘത്തെ പറഞ്ഞയച്ചു. പക്ഷെ, അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ല. പകരം, തങ്ങളുടെ നാടായ നജ്ദില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യാന്‍ ഒരു സംഘമാളുകളെ ആവശ്യമുണ്ടെന്ന് പ്രവാചകനോട് ആവശ്യപ്പെട്ടു. അവര്‍ക്ക് താന്‍ അഭയം നല്‍കുമെന്നും വാക്കു നല്‍കി. ഹിജ്‌റ വര്‍ഷം നാല്; സ്വഫര്‍ മാസത്തില്‍തന്നെയായിരുന്നു ഈ സംഭവവും. മുന്‍ദിര്‍ ബിന്‍ അംറ് (റ) വിന്റെ നേതൃത്വത്തില്‍ എഴുപത് അംഗ സംഘത്തെ പ്രവാചകന്‍ അവിടെക്കു പറഞ്ഞയച്ചു. ബിഅ്‌റ് മഊനയിലെത്തിയ സംഘം ഹറാം ബിന്‍ മല്‍ഹാന്‍ (റ) വിന്റെ അടുത്ത് പ്രവാചകരുടെ കത്ത് അവിടത്തെ നേതാവയ ആമിര്‍ ബിന്‍ ഥുഫൈലിന് കൊടുത്തയച്ചു. ആമിര്‍ ബിന്‍ മാലികിന്റെ സഹോദര പുത്രനായിരുന്ന അദ്ദേഹം ഇസ്‌ലാമിന്റെ കൊടി വിരോധിയും ശത്രുവുമായിരുന്നു. അദ്ദേഹം പ്രവാചകരുടെ കത്ത് പരിഗണിച്ചതേയില്ല. പകരം അതുമായി വന്ന ഹറാം (റ) വിനെ വധിച്ചുകളഞ്ഞു. ബാക്കിയുള്ളവരെയും കൊല നടത്താനായി തന്റെ സമൂഹത്തിന്റെ സഹായം തേടി. പക്ഷെ, ആമിര്‍ ബിന്‍ മാലിക് നല്‍കിയ അഭയം തകിടംമറിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതു കണ്ട ആമിര്‍ ബിന്‍ ഥുഫൈല്‍ സുലൈം ഗോത്രത്തില്‍നിന്നും ആളുകളെ വിളിച്ചുവരുത്തുകയും രണ്ടുപേരൊഴികെ ബാക്കി വരുന്ന എല്ലാ  മുസ്‌ലിംകളെ ഒന്നടങ്കം കൊന്നു കളയുകയും ചെയ്തു. കഅബ് ബിന്‍ സൈദും അംറ് ബിന്‍ ഉമയ്യയും മാത്രം ഒഴിവാക്കപ്പെട്ടു.
    റജീഅ് സംഭവത്തിന്റെ വേദനിപ്പിക്കുന്ന വാര്‍ത്തയറിഞ്ഞ അതേ നിമിഷംതന്നെയാണ് അതിദാരുണമായ ബിഅ്‌റ് മഊന സംഭവവും പ്രവാചകരുടെ അടുത്തെത്തുന്നത്. ഇതു കേട്ട പ്രവാചകന്‍ അതിയായി ദു:ഖിച്ചു. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ തന്റെ അനുചരന്മാര്‍ക്കു വന്ന വെഷമത്തില്‍ വല്ലാതെ വേദനിച്ചു. ദു:ഖം സഹിക്കവയ്യാതെ പ്രവാചകന്‍ ഒരു മാസത്തോളം എല്ലാ നിസ്‌കാരങ്ങളിലും ഈ കൊടിയ ശത്രുവിനെതിരെ പ്രാര്‍ത്ഥന നടത്തി. അല്ലാഹു ഈ പ്രാര്‍ത്ഥന സ്വീകരിച്ചു. ഒടുവില്‍, ആമിര്‍ ബിന്‍ ഥുഫൈല്‍ തന്റെ കുടുംബക്കാരാല്‍തന്നെ അതിദയനീയമായി കൊല്ലപ്പെടുകയായിരുന്നു.
   
ബനൂ നളീര്‍ യുദ്ധം
    ജൂതഗോത്രമാണ് ബനൂ നളീര്‍. കാലങ്ങളായി ശത്രുതവെച്ചുപുലര്‍ത്തിയിരുന്ന അവര്‍ പ്രവാചകനും മുസ്‌ലിംകള്‍ക്കുമെതിരെ അവസരം പാര്‍ത്തിരിക്കുകയായിരുന്നു. ഉഹ്ദ് യുദ്ധത്തിനു ശേഷം അവര്‍ മുസ്‌ലിംകള്‍ക്കെതിരെ കൂടുതല്‍ രംഗത്തിറങ്ങി. ബനു നളീര്‍ യുദ്ധത്തിന് ഈയൊരു പശ്ചാത്തലത്തിലാണ് അവസരമൊരുങ്ങുന്നത്.
    സംഭവം ഇങ്ങനെ സംഗ്രഹിക്കാം: ബിഅ്‌റ് മഊന സംഭവത്തില്‍നിന്നും രക്ഷപ്പെട്ട അംറ് ബിന്‍ ഉമയ്യ (റ) മദീനയിലേക്കു മടങ്ങുകയായിരുന്നു. വഴിയില്‍ ബനൂ ആമിര്‍ ഗോത്രത്തിലെ രണ്ടു പേരെ കണ്ടുമുട്ടി. അറുപതിലേറെ മുസ്‌ലിംകളെ നിഷ്‌കരുണം വധിച്ചതിന് പ്രതികാരമെന്നോണം അവരെ അദ്ദേഹം വകവരുത്തി. പ്രവാചക സവിധം വന്ന് കാര്യം പറഞ്ഞു. അവരും പ്രവാചകരും ഉടമ്പടിയിലാണെന്ന കാര്യം അപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. പ്രവാചകന്‍ ഉടനെ ബനൂ നളീര്‍ ഗോത്രത്തിന്റെ അടുത്തുചെന്നു. കാരണം, ബനൂ നളീറും ബനൂ ആമിറും സഖ്യത്തിലായിരുന്നു. ബനൂ ആമിര്‍ ഗോത്രത്തില്‍നിന്നും വധിക്കപ്പെട്ടവരുടെ ദിയത്ത് നല്‍കുന്ന കാര്യത്തില്‍ സഹായമഭ്യര്‍ത്ഥിച്ചു. അവര്‍ സമ്മതം മൂളി. ഇപ്പോള്‍ വരാമെന്ന ഭാവത്തില്‍ അകത്തുപോയി. പ്രവാചകന്‍ പുറത്ത് ചുമരിനോട് ചാരിയിരിക്കുകയാണ്. ഈ തക്കം നോക്കി പിശാച് അവരെ സമീപിക്കുകയും മുഹമ്മദിനെ വധിക്കാന്‍ ഏറ്റവും പറ്റിയ സമയമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. അവര്‍ അകത്ത് യോഗം ചേര്‍ന്നു. വലിയ പാറക്കല്ല് ചുമരിനു മുകളിലൂടെ പ്രവാചകരുടെ തലക്കു മുകളിലിട്ട് വധിക്കാന്‍ തീരുമാനമായി. താമസിയാതെ ജൂതന്മാരുടെ ഈ കുതന്ത്രം അല്ലാഹു പ്രവാചകന് അറിയിച്ചുകൊടുത്തു.
    വളരെ തന്ത്രപരമായി തന്നെ വധിക്കാന്‍ ശ്രമിച്ച ബനൂ നളീറിനെ പാഠം പഠിപ്പിക്കല്‍ അനിവാര്യമായിരുന്നു. പ്രവാചകന്‍ ഉടനെ എഴുന്നേറ്റ് മദീനയിലേക്കു പുറപ്പെട്ടു. അനുചരന്മാരോട് യുദ്ധത്തിനു തയ്യാറാവന്‍ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനുള്ളില്‍ നാടു വിട്ട് പോവണമെന്ന സന്ദേശവുമായി മുഹമ്മദ് ബിന്‍ മസ്‌ലമയെ ബനൂ നളീര്‍ ഗോത്രത്തിലേക്ക് പറഞ്ഞയച്ചു. ഇത് അവരെ സംബന്ധിച്ചിടത്തോളം പ്രയാസമായി. ഈ സമയംനോക്കി മുനാഫിഖുകള്‍ അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. നാട് വിടേണ്ടതില്ലെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അവര്‍ ഉറപ്പ് കൊടുത്തു. ദിവസങ്ങള്‍ കടന്നുപോയി. മുനാഫിഖുകളുടെ വാഗ്ദാനത്തില്‍ അവര്‍ വഞ്ചിതരായി. അവരെ സഹായിക്കാന്‍ ഒരാളുമെത്തിയില്ല. അതോടെ പ്രവാചകന്‍ സൈന്യസമേതം ബനൂനളീളേക്ക് കടന്നുചെന്നു. അവരുടെ കോട്ടകള്‍ ഉപരോധിച്ചു. ആറു ദിവസത്തോളം ഉപരോധം നീണ്ടു. ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നു കണ്ടപ്പോള്‍ അവര്‍ കീഴടങ്ങി. എത്രയും വേഗം സ്ഥലം വിടാമെന്നു സമ്മതിച്ചു. ആയുധങ്ങളൊഴികെ ഒട്ടകത്തിനു ചുമക്കാന്‍ സാധിക്കുന്നത്ര സാധനങ്ങളുമായി പുറപ്പെട്ടുപോകാമെന്നതായിരുന്നു തീരുമാനം. അതനുസരിച്ച് കിട്ടിയ സാധനങ്ങളുമായി അവര്‍ നാട് വിട്ടു. ചിലര്‍ ഖൈബറിലും ചിലര്‍ ശാമിലും ഇറങ്ങി താമസിച്ചു.
    ആയുധങ്ങളും മറ്റുമായി വലിയൊരു അളവോളം ഗനീമത്ത് മുതലുകള്‍ ഉണ്ടായിരുന്നു. പ്രവാചകന്‍ എല്ലാം സമാഹരിക്കുകയും മുഹാജിറുകള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. മുസ്‌ലിംകളുടെ ശക്തി തുറന്നുകാട്ടുകയും പ്രതാപം ഉയര്‍ത്തുകയും ചെയ്ത ഒരു സംഭവമായിരുന്നു ഇത്.

ദാത്തുര്‍രിഖാഅ് യുദ്ധം
    ഹിജ്‌റ വര്‍ഷം നാല്; ജമാദുല്‍ ഊലാ മാസം. ഗഥ്ഫാനിലെ ബനൂ സഅലബയും ബനൂ മഹാരിബും ഇസ്‌ലാമിനെതിരെ സംഘടിക്കുകയും ഗൂഢാലോചനകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന വിവരം  പ്രവാചകനു ലഭിച്ചു. ഈ ശ്രമത്തെ മുളയില്‍തന്നെ നുള്ളിക്കളയണമെന്നു മനസ്സിലാക്കിയ പ്രവാചകന്‍  നജ്ദിനു നേരെ പടപ്പുറപ്പാടിനൊരുങ്ങി. നാന്നൂറോളം വരുന്ന സൈന്യവുമായിട്ടായിരുന്നു പുറപ്പാട്. വളരെ ദുര്‍ഘടമായിരുന്നു യാത്ര. പലരുടെയും കാലുകളില്‍ മുറിവ് പറ്റുകയും നഖങ്ങള്‍ പോവുകയും ചെയ്തു. അവര്‍ തുണിക്കഷ്ണങ്ങള്‍കൊണ്ട് കാലുകെട്ടി വീണ്ടും യാത്ര തുടര്‍ന്നു. ഈ കാരണത്താല്‍ യുദ്ധം ദാത്തുര്‍രിഖാഅ് എന്ന പേരില്‍ അറിയപ്പെട്ടു. സൈന്യങ്ങള്‍ പരസ്പരം  ഈ യുദ്ധത്തില്‍ ഏറ്റുമട്ടലുണ്ടായില്ല. പ്രവാചകരുടെ ആഗമനമറിഞ്ഞ ശത്രുവിഭാഗം മലമുകളില്‍പോയി ഒളിക്കുകയായിരുന്നു. അവരെ ഭീതിപ്പെടുത്തിയ മുസ്‌ലിംകള്‍ പിന്നീട് മദീനയിലേക്ക് മടങ്ങുകയാണുണ്ടായത്. ഈ യാത്രയില്‍ പ്രവാചകന്‍ സ്വലാത്തുല്‍ ഖൗഫ് നിര്‍വഹിച്ചിരുന്നു.

രണ്ടാം ബദര്‍ യുദ്ധം
    ഉഹ്ദ് യുദ്ധാനന്തരം പ്രവാചകരും അബൂ സുഫ്‌യാനും തമ്മില്‍ ഒരു രണ്ടാം യുദ്ധത്തിന്റെ വാഗ്ദാനം നടന്നിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങളും മറ്റു സമരമുറകളും നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആ വാഗ്ദത്ത ദിനം വന്നടുത്തു. ഹിജ്‌റ വര്‍ഷം നാല്; ശഅബാന്‍ മാസം. പ്രവാചകന്‍ ആയിരത്തി അഞ്ഞൂറോളം വരുന്ന സൈന്യവുമായി ബദറിലേക്കു പുറപ്പെട്ടു. അലി (റ) വായിരുന്നു പതാക വാഹകന്‍. ഈ സമയം മുസ്‌ലിംകളുമായി ബദറില്‍വെച്ച് ഒരിക്കല്‍കൂടി ഏറ്റുമുട്ടുന്നത് ആരോഗ്യകരമല്ലായെന്ന് അബൂ സുഫ്‌യാന് നല്ല ബോധമുണ്ടായിരുന്നു. എന്നിരുന്നാലും രണ്ടായിരത്തോളം കാലാള്‍പടയും അമ്പതോളം അശ്വഭടന്മാരുമായി അദ്ദേഹവും യുദ്ധത്തിനു പുറപ്പെട്ടു. മിജന്നയിലെത്തിയപ്പോള്‍ അവിടെ ഇറങ്ങുകയും തമ്പടിച്ചു കൂടുകയും ചെയ്തു. ഇനിയും മുന്നോട്ടു പോവാന്‍ അദ്ദേഹത്തിനൊരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും സൈന്യവുമായി മക്കയിലേക്കു തന്നെ തിരിച്ചുപോകുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. ഇത് വരള്‍ച്ചാകാലമാണെന്നും ഇക്കാലത്ത് നമ്മെ സംബന്ധിച്ചിടത്തോളം യുദ്ധം ഏറെ പ്രയാസകരമാണെന്നും അതിനാല്‍ നമുക്ക് തിരിച്ചുപോകാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീതി അവരെ അതിജയിച്ചതുകൊണ്ടുതന്നെ മറുത്തൊന്നു പറയാന്‍ സൈന്യവും തയ്യാറായില്ല. അവര്‍ മക്കയിലേക്കുതന്നെ തിരിച്ചു. പ്രവാചകനും അനുയായികളും എട്ടു ദിവസത്തോളം അവരെ പ്രതീക്ഷിച്ച് ബദറില്‍ ചെലവഴിച്ചു. അവര്‍ വരില്ലെന്നുറപ്പായപ്പോള്‍ മദീനയിലേക്കുതന്നെ മടങ്ങി. ഇത് ചരിത്രത്തില്‍ രണ്ടാം ബദര്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
   
ദൗമത്തുല്‍ ജന്‍ദല്‍ യുദ്ധം
    മദീനയില്‍നിന്ന് പതിനഞ്ചു ദിവസവും ഡമസ്‌കസില്‍നിന്ന് അഞ്ചു ദിവസവും വഴിദൂരമകലെ ശാമിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ദൗമത്തുല്‍ ജന്‍ദല്‍. അവിടെയുള്ളവര്‍ ആ വഴി യാത്ര പോകുന്നവരെ തടഞ്ഞുവെച്ച് കവര്‍ച്ച ചെയ്യുന്നുണ്ടെന്നും മദീനക്കെതിരെ ഒരു ആക്രമണം നടത്താന്‍ സന്നാഹങ്ങളൊരുക്കുന്നുണ്ടെന്നുമുള്ള വിവരം പ്രവാചകരുടെ ചെവിയിലെത്തി. ഇത് അമ്പേ പരാജയപ്പെടുത്താന്‍തന്നെ പ്രവാചകന്‍ തീരുമാനിച്ചു. ഹിജ്‌റ വര്‍ഷം അഞ്ച്; റബീഉല്‍ അവ്വലില്‍നിന്നും അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരത്തോളം വരുന്ന സ്വഹാബികളുമായി പ്രവാചകന്‍ അങ്ങോട്ടു പുറപ്പെട്ടു. രാത്രി സമയങ്ങളില്‍ സഞ്ചരിച്ചും പകല്‍ സമയങ്ങളില്‍ ഒളിഞ്ഞിരുന്നുമായിരുന്നു യാത്ര.
    അടുത്തെത്തിയപ്പോള്‍ പ്രവാചകനും സൈന്യവും വരുന്നുണ്ടെന്ന വിവരം ഗ്രാമവാസികള്‍ അറിഞ്ഞു. ഒരു യുദ്ധത്തെ നേരിടാന്‍മാത്രം സജ്ജരല്ലാതിരുന്ന അവര്‍ ചെറുത്തുനില്‍പിന് മുതിര്‍ന്നില്ല. പകരം, ജീവനുംകൊണ്ടോടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പ്രവാചകന് അവിടെ ഒരാളെയും കണ്ടെത്താന്‍ സാധിച്ചില്ല. പ്രവാചകനും അനുയായികളും അവിടെ കുറച്ചുകാലം താമസിച്ചു. സൈന്യത്തെ വിട്ട് പലയിടങ്ങളിലും അന്വേഷണങ്ങള്‍ നടത്തി. അവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അവസാനം അവരില്‍നിന്നും ഒരാളെ ലഭിച്ചു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ശേഷം, പ്രവാചകരും അനുയായികളും വിജയ ശ്രീലാളിതരായി മദീനയിലേക്കു തന്നെ തിരിക്കുകയായിരുന്നു.
   
ബനുല്‍ മുസ്ഥലിഖ് യുദ്ധം
    ബനുല്‍ മുസ്ഥലിഖ് ഗോത്രം മുസ്‌ലിംകള്‍ക്കെതിരെ ക്രൂര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും  മദീനക്കെതിരെ യുദ്ധത്തിനിറങ്ങിയിട്ടുണ്ടെന്നുമുള്ള വിവരം പ്രവാചകനു ലഭിച്ചു. ഹാരിസ് ബിന്‍ അബീ ളിറാറിന്റെ നേതൃത്വത്തിലായിരുന്നു സംഭവം. ഹിജ്‌റ വര്‍ഷം അഞ്ച്; ശഅബാന്‍ മാസത്തില്‍ പ്രവാചകന്‍ എഴുന്നോറോളം വരുന്ന സൈന്യവുമായി അങ്ങോട്ട് പുറപ്പെട്ടു. മദീനയുടെ ചുമതല അബൂദര്‍റുല്‍ ഗിഫാരിയെ ഏല്‍പിച്ചു. ലക്ഷ്യസ്ഥാനത്തെത്തുകയും ശത്രുക്കളുമായി ഘോരമായ യുദ്ധം നടക്കുകയും ചെയ്തു. യുദ്ധത്തില്‍ അനവധി പേര്‍ വധിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളുമായി ധാരാളം പേര്‍ ബന്ധിയായി പിടിക്കപ്പെട്ടു. യുദ്ധത്തില്‍ വന്‍വിജയം കൈവന്ന മുസ്‌ലിംകള്‍ക്ക് ധാരാളം ഗനീമത്ത് സ്വത്തുകള്‍ ലഭിച്ചു. പ്രവാചകന്‍ അത് അനുചരന്മാര്‍ക്കിടയില്‍ വിഹിതിച്ചു നല്‍കി. മദീനയിലേക്കു തിരിച്ചു.



Wednesday, April 25, 2012

മുഹമ്മദ് നബി (പന്ത്രണ്ട്)

12.  ബദര്‍ യുദ്ധം

    ഇസ്‌ലാമിന്റെ വികാസ ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മഹത്തായ പ്രഥമ പ്രതിരോധ സമരമായിരുന്നു ബദര്‍ യുദ്ധം. മക്കക്കും മദീനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ബദര്‍ എന്ന സ്ഥലത്തുവെച്ചാണ് ഇത് നടന്നിരുന്നത് എന്നതിനാല്‍ അതേ പേരില്‍തന്നെ അറിയപ്പെട്ടു. ഹിജ്‌റ വര്‍ഷം രണ്ട് റമദാന്‍ പതിനേഴിനായിരുന്നു സംഭവം. യുദ്ധത്തിന്റെ പെട്ടന്നുണ്ടായ കാരണങ്ങളും പശ്ചാത്തലവും ഇങ്ങനെ സംഗ്രഹിക്കാം:

യുദ്ധകാരണം
    അബൂ സുഫ്‌യാനും കൂട്ടരും കച്ചവടംകഴിഞ്ഞ് വന്‍ ലാഭവിഹിതവുമായി ശാമില്‍നിന്നും മടക്കമാരംഭിച്ചിട്ടുണ്ടെന്ന വിവരം പ്രവാചകന്‍ അറിഞ്ഞു. തങ്ങളെ മക്കയില്‍നിന്നും ആട്ടിപ്പുറത്താക്കിയ ശേഷം അവര്‍ നേടുന്ന വന്‍ ലാഭമായിരുന്നു ഇത്. ഈ ഘട്ടത്തില്‍ അവരെ നേരിടുന്ന പക്ഷം സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും ഇത് അവര്‍ക്കു നേരെയുള്ള കനത്ത തിരിച്ചടിയായിരിക്കും. ബിംബാരാധകരായ അവരുടെ ധിക്കാരപരമായ മുന്നേറ്റത്തിനേല്‍ക്കുന്ന ആഘാതവുമായിരിക്കും. പ്രവാചകന്‍ ഈ അവസരം മുതലെടുക്കാനും അവര്‍ക്കെതിരെ പുറപ്പെടാനും തീരുമാനിച്ചു. ആയിരം ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നത്ര ചരക്കുകളുമായിട്ടായിരുന്നു ശത്രുക്കളുടെ കച്ചവട സംഘം. നാല്‍പത് പേരായിരുന്നു പാറാവുകാര്‍. അന്ന് ഇസ്‌ലാമിന്റെ കൊടിയ ശത്രുവായിരുന്ന അബൂസുഫ്‌യാനാണ് സംഘത്തെ നയിച്ചിരുന്നത്. വലിയൊരു യുദ്ധം മുന്നില്‍ കണ്ടിരുന്നില്ലെങ്കിലും തങ്ങളുടെ വന്‍ സ്വത്തുക്കള്‍ കൊള്ളയടിച്ച അവര്‍ക്ക് ഒരു നഷ്ടം വരുത്തിവെക്കുകയെന്നതായിരുന്നു മുസ്‌ലിംകളുടെ ഉദ്ദേശ്യം.
    മുഹമ്മദും അനുയായികളും തങ്ങള്‍ക്കുനേരെ പുറപ്പെട്ടിട്ടുണ്ടെന്ന വിവരമറിഞ്ഞ അബൂ സൂഫ്‌യാന്‍ താമസിയാതെ മക്കയിലേക്ക് ദൂതനെ പറഞ്ഞയക്കുകയും സഹായമാവശ്യപ്പെടുകയും ചെയ്തു. വിവരംകിട്ടിയാപാടെ മക്കയിലെ പ്രമുഖരൊന്നടങ്കം അദ്ദേഹത്തിന് ഉത്തരം നല്‍കി. അബൂലഹബ് ഒഴികെ ബാക്കിയെല്ലാവരും പുറപ്പെട്ടു. എന്നാല്‍, വളരെ ശ്രദ്ധയോടെയാണ് അബൂസുഫ്‌യാന്‍ തന്റെ സൈന്യത്തെ മുന്നോട്ടു നയിച്ചിരുന്നത്. മുസ്‌ലിംകളുടെ വഴിയില്‍നിന്നും മാറി സഞ്ചരിച്ച അദ്ദേഹം അവരുടെ പിടിത്തത്തില്‍നിന്നും രക്ഷപ്പെടുമെന്നു കണ്ടപ്പോള്‍ മടങ്ങിപ്പോയ്‌കൊള്ളാന്‍ മക്കക്കാര്‍ക്ക് സന്ദേശം നല്‍കി. സന്ദേശം ലഭിച്ച അവര്‍ തിരിച്ചുപോവാന്‍ സന്നദ്ധമായെങ്കിലും അബൂ ജഹല്‍ സമ്മതിച്ചില്ല. ബദറില്‍പോയി മൂന്നു ദിവസം വിജയം ആഘോഷിച്ച ശേഷം മടങ്ങാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഒടുവില്‍ ഭൂരിപക്ഷം ഈ തീരുമാനം സ്വീകരിക്കുകയും ബദറിലേക്ക് പുറപ്പെടുകയും ചെയ്തു.

വിശ്വാസികളുടെ സന്നദ്ധത
    മക്കക്കാര്‍ ബദറിലേക്കു പുറപ്പെട്ട വിവരം പ്രവാചകനു ലഭിച്ചു. അവര്‍ സ്വഹാബികളെ വിളിച്ചുകൂട്ടുകയും ഒരു യുദ്ധത്തിനുവേണ്ടി തയ്യാറാവുന്നതുസംബന്ധമായി അവരോട് ചര്‍ച്ചചെയ്യുകയും ചെയ്തു. അബൂബക്ര്‍ സിദ്ദീഖ് (റ) വും ഉമര്‍ (റ) വും പ്രവാചകന് പരിപൂര്‍ണ പിന്തുണ നല്‍കി. ഒരു യുദ്ധമാണെങ്കില്‍ അതിന് തങ്ങളെല്ലാവരും തയ്യാറാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ശേഷം മുഹാജിറുകളുമായി പ്രവാചകന്‍ സംസാരിച്ചു. തങ്ങളുടെ നേതാവായ അങ്ങ് എന്തു പറഞ്ഞാലും അതു ചെയ്യാന്‍ തങ്ങള്‍ സജ്ജരാണെന്നായിരുന്നു അവരുടെ പ്രിതകരണം. ശേഷം, അന്‍സ്വാറുകള്‍ക്കു നേരെ തിരിഞ്ഞ് അഭിപ്രായമാരാഞ്ഞു. അവരുടെ നേതാവായ സഅദ് ബ്‌നു മുആദ് (റ) എഴുന്നേറ്റു നിന്ന് പറഞ്ഞു: 'പ്രവാചകരെ, അങ്ങ് ഉദ്ദേശിക്കുന്നത് ചെയ്യുക; പോകാനുദ്ദേശിക്കുന്നിടത്ത് പോവുക; നിശ്ചയം ഞങ്ങള്‍ അന്‍സ്വാറുകള്‍ അങ്ങയോടൊപ്പം ഉണ്ടായിരിക്കും. ആവശ്യമുള്ളത് ചോദിക്കുക; അങ്ങേക്കു നല്‍കുന്നതാണ് ഞങ്ങള്‍ക്ക് ശേഷിക്കുന്നതിനെക്കാള്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. അങ്ങ് ഞങ്ങളോട് ഒരു നദിയില്‍ ചാടാന്‍ പറഞ്ഞാലും ശങ്കലേശമന്യെ ഞങ്ങളതിന് തയ്യാറാണ്.' മിഖ്ദാദ് (റ) പറഞ്ഞു: 'പ്രവാചകരെ, പണ്ട്, മൂസാ നബിയോട് തന്റെ അനുയായികള്‍ പറഞ്ഞതുപോലെ, 'നീയും നിന്റെ ദൈവവും പോയി യുദ്ധം ചെയ്യുക; ഞങ്ങള്‍ ഇവിടെ വിശ്രമിക്കാം' എന്ന് ഞങ്ങള്‍ ഒരിക്കലും പറയുന്നതല്ല.' അനുചരന്മാരുടെ പ്രതികരണങ്ങള്‍ കേട്ട് പ്രവാചകന് സന്തോഷമായി. വേണ്ടിവന്നാല്‍ മക്കക്കാരുമായി യുദ്ധം ചെയ്യാന്‍തന്നെ അവര്‍ തീരുമാനിച്ചു.
    യുദ്ധം പ്രവാചകാനുയായികള്‍ക്കിടയില്‍ വന്‍ ആവേശമാണ് ഉളവാക്കിയത്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദിന്റെയും അനന്തര ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കിയ അവര്‍ യുദ്ധാനുമതി ലഭിക്കാന്‍ പ്രവാചക സവിധം ഓടിയെത്തി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍പോലും അനുമതി ലഭിക്കാനായി പ്രവാചകനു മുമ്പില്‍ കെഞ്ചുകയായിരുന്നു. തങ്ങള്‍ക്ക് കൈവന്ന ഒരു ഭാഗ്യംപോലെ സ്വഹാബികല്‍ ഇതിനെ സ്വീകരിച്ചു.

സൈന്യങ്ങള്‍
    വന്‍ സൈന്യവും സന്നാഹവുമായാണ് ഖുറൈശികള്‍ യുദ്ധത്തിനു വന്നത്. മുസ്‌ലിംകളെ അപേക്ഷിച്ച് മൂന്നു മടങ്ങ് കൂടുതലായിരുന്നു അവരുടെ അംഗബലം. നൂറ് കുതിരപ്പടയാളികളും അറുനൂറ് അങ്കികളും അനവധി ഒട്ടകങ്ങളുമുണ്ടായിരുന്നു അവര്‍ക്ക്. ആയിരത്തിലേറെ അംഗബലമുള്ള സൈന്യത്തെ അബൂ ജഹലാണ് നയിച്ചിരുന്നത്. അഹങ്കാരവും ദുരഭിമാനവും കാണിച്ച് അവര്‍ ബദര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.
    എന്നാല്‍, വളരെ ലളിതവും ചെറുതുമായിരുന്നു മുസ്‌ലിം സൈന്യം. വലിയ തയ്യാറെടുപ്പുകളോ യുദ്ധ സന്നാഹങ്ങളോ അവരുടെ കൂടെ ഉണ്ടായിരുന്നില്ല. ഭടന്മാരായി മുഹാജിറുകളും അന്‍സ്വാറുകളുമടക്കം 313 പേരാണ് അവര്‍ ഉണ്ടായിരുന്നത്. കുതിരകളും ഒട്ടകങ്ങളും അംഗുലീപരിമിതം. ആയുധങ്ങളുടെയും അവസ്ഥ അതുതന്നെയായിരുന്നു. അലി (റ) മുഹാജിറുകളുടെയും സഅദ് ബിന്‍ മുആദ് (റ) അന്‍സ്വാറുകളുടെയും നേതാവായി നിശ്ചയിക്കപ്പെട്ടു. മുസ്അബ് ബിന്‍ ഉമൈറായിരുന്നു മുഖ്യസൈന്യാധിപന്‍.
    ബദ്‌റിലെത്തിയ മുസ്‌ലിം സൈന്യം അവിടത്തെ ജലസംഭരണിക്കടുത്ത് സ്ഥാനമുറപ്പിച്ചു. ബണ്ട് കെട്ടി ആവശ്യത്തിന് വെള്ളം ശേഖരിച്ചു. മക്കാമുശ്‌രിക്കുകള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. അന്നു രാത്രി ശക്തമായ മഴ വര്‍ഷിച്ചു. മുസ്‌ലിംകള്‍ക്കിത് വലിയ അനുഗ്രഹമായി. എന്നാല്‍, ശത്രുക്കള്‍ക്കിത് വലിയൊരു വിപത്തിറങ്ങിയ പ്രതീതിയായിരുന്നു.

യുദ്ധക്കളത്തില്‍ മുഖാമുഖം
    മുസ്‌ലിംകളും മുശ്‌രിക്കുകളും മുഖാമുഖം നിന്നു; യുദ്ധത്തിനു തയ്യാറായി. പടക്കളത്തിനരികില്‍ പ്രവാചകനു നില്‍ക്കാനായി ഒരു കൂടാരം തയ്യാറാക്കപ്പെട്ടു. യുദ്ധമാരംഭിക്കാനായപ്പോള്‍ പ്രവാചകന്‍ അനുയായികളെയും കൂട്ടി പടക്കളത്തിലിറങ്ങി ചുറ്റും നടന്നു. യുദ്ധത്തില്‍ ഓരോ ഖുറൈശീ നേതാവും പിടഞ്ഞുവീഴുന്ന സ്ഥലം അവര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. റമളാന്‍ മാസം പതിനേഴിനായിരുന്നു ഇത്. രണ്ടു സൈന്യവും ഇരു ഭാഗങ്ങളിലായി അണിനിരന്നു. പ്രവാചകന്‍ സൈന്യത്തെ ശരിപ്പെടുത്തി.  ശേഷം, അബൂബക്ര്‍ സിദ്ദീഖ് (റ) വിനൊപ്പം കൂടാരത്തിലേക്കു കയറി. ഇരു കരങ്ങളും ആകാശത്തിലേക്കുയര്‍ത്തി കുറേ നേരം പ്രാര്‍ത്ഥിച്ചു: 'നാഥാ, ഇത് നിന്റെ സൈന്യമാണ്. ഇന്നിവര്‍ പരാചയപ്പെടുത്തപ്പെട്ടാല്‍ മേലില്‍ നീ ഭൂമിയില്‍ ആരാധിക്കപ്പെടുകയില്ല. അതിനാല്‍, ഞങ്ങളെ നീ സഹായിക്കേണമേ.' തേങ്ങിക്കൊണ്ടുള്ള പ്രവാചകരുടെ പ്രാര്‍ത്ഥന കേട്ട് അബൂബക്ര്‍ സിദ്ദീഖ് (റ) അവരെ സമാധാനിപ്പിച്ചു. ശേഷം പ്രവാചകന്‍ സൈന്യത്തിനിടയിലേക്ക് ഇറങ്ങിവന്നു. അനുചരന്മാര്‍ക്ക് ആവേശം പകര്‍ന്നു. യുദ്ധമാരംഭിക്കുകയായി.
    ഖുറൈശി പ്രമുഖരായ ഉത്ബയും ശൈബയും വലീദും രംഗത്തുവന്നു. തങ്ങളോട് ദന്ത്വയുദ്ധത്തിന് തയ്യാറുള്ളവര്‍ ആരെന്ന് വെല്ലുവിളിച്ചു. അന്‍സ്വാറുകളില്‍നിന്നും മൂന്നു പേര്‍ അതിന് ഉത്തരം നല്‍കി. തങ്ങളോട് പോരാടാന്‍ തറവാട്ടുകാര്‍തന്നെ വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതനുസരിച്ച് ഉബൈദത്തു ബ്‌നുല്‍ ഹാരിസ്, ഹംസ, അലി (റ) എന്നിവര്‍ മുന്നോട്ടു വന്നു. താമസിയാതെ യുദ്ധം തുടങ്ങി. ഉബൈദ ഉത്ബയെയും ഹംസ ശൈബയെയും അലി വലീദിനെയും നേരിട്ടു. ഹംസയും അലിയും താമസംവിനാ തങ്ങളുടെ പ്രതിയോഗികളെ വെട്ടിവീഴ്ത്തി. ഉത്ബയും ഉബൈദത്തും തമ്മില്‍ ഘോരമായ യുദ്ധം നടക്കുകയായിരുന്നു. ഹംസയും അലിയും ഉത്ബക്കുനേരെ ചാടിവീണു. അയാളെ വകവരുത്തി. മുറിവ് പറ്റിയ ഉബൈദത്തിനെ എടുത്തുകൊണ്ടുവന്നെങ്കിലും താമസിയാതെ അദ്ദേഹവും ശഹീദായി.

വിജയത്തിലേക്ക്
    അടുത്ത നിമഷം. മുസ്‌ലിംകള്‍ക്കും മുശ്‌രിക്കുകള്‍ക്കുമിടയില്‍ ഘോരമായ യുദ്ധമാരംഭിച്ചു. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് സൈന്യം മുന്നോട്ടുനീങ്ങി. ശത്രുക്കള്‍ക്കിടയിലേക്കു പാഞ്ഞുകയറിയ വിശ്വാസികളെ കണ്ട് അവര്‍ അമ്പരന്നു. ഒരിക്കലും പിടിച്ചുനില്‍ക്കാനാവില്ലായെന്നു കണ്ടപ്പോള്‍ അവര്‍ പിന്തിരിഞ്ഞോടി. മാലാഖമാരുടെ സാഹായം ബദറില്‍ മുസ്‌ലിംകള്‍ക്ക് വലിയൊരു അത്താണിയായിരുന്നു. യുദ്ധത്തില്‍ പലരും ശഹീദായി. അനവധി മുശ്‌രിക്കുകള്‍ വധിക്കപ്പെട്ടു. ഉമൈര്‍ ബിന്‍ ഹുമാം എന്ന അന്‍സ്വാരിയായിരുന്നു അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ട പ്രഥമ വിശ്വാസി. അബൂജഹല്‍, ഉത്ബ, ശൈബ തുടങ്ങി തങ്ങളുടെ വലിയൊരു നായക നിരതന്നെ ഈ യുദ്ധത്തില്‍ ഖുറൈശികള്‍ക്ക് നഷ്ടപ്പെട്ടു. ഖുറൈശികള്‍ പിന്തിരിഞ്ഞതോടെ പ്രവാചകന്‍ വിജയം പ്രഖ്യാപിച്ചു. അസത്യത്തിനുമേല്‍ സത്യം വിജയിച്ചപ്പോള്‍ അവര്‍ അല്ലാഹുവിന് നന്ദി പറഞ്ഞു.
    യുദ്ധത്തില്‍ ശത്രുക്കളുടെ ഭാഗത്തുനിന്നും എഴുപത് പേര്‍ വധിക്കപ്പെടുകയും എഴുപത് പേര്‍ ബന്ധികളായി പിടിക്കപ്പെടുകയും ചെയ്തു. മുസ്‌ലിംപക്ഷത്തുനിന്നും ആറു മുഹാജിറുകളും എട്ടു അന്‍സ്വാറുകളും ശഹീദായി. വധിക്കപ്പെട്ട മുശ്‌രിക്കുകളെ ബദറിലെ ഒരു കിണറ്റില്‍ മറമാടപ്പെട്ടു. ബന്ധികളെ പ്രവാചകാനുയായികള്‍ക്കിടയില്‍ വിഹിതിക്കപ്പെടുകയും ചെയ്തു.
    യുദ്ധം കഴിഞ്ഞ് പ്രവാചകരും അനുയായികളും വിജയ ശ്രീലാളിതരായി മദീനയില്‍ തിരിച്ചെത്തി. മുസ്‌ലിംകളുടെ വിജയം കണ്ട് ഇസ്‌ലാമിന്റെ ശത്രുക്കള്‍ പേടിച്ചു. പലരും ഇസ്‌ലാമിലേക്കു കടന്നുവന്നു. അതേസമയം തോല്‍വി വിവരമറിഞ്ഞ മക്കയില്‍ കൂട്ടക്കരച്ചില്‍ ഉയരുകയായിരുന്നു. തങ്ങളുടെ നേതാക്കന്മാര്‍ വധിക്കപ്പെട്ടത് അവര്‍ക്ക് വലിയ തിരിച്ചടിയായി. അംഗബലം കുറവാണെങ്കിലും മുസ്‌ലിംകളുടെ ശക്തി ബദറിലൂടെ സത്യനിഷേധികള്‍ തിരിച്ചറിഞ്ഞു.
    യുദ്ധത്തില്‍ പിടിക്കപ്പെട്ട ബന്ധികളെ പിന്നീട് മോചന ദ്രവ്യം വാങ്ങി വെറുതെ വിട്ടു. മോചന ദ്രവ്യം നല്‍കാന്‍ കഴിവില്ലാത്തവരെ അന്‍സ്വാരീ കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കണമെന്ന നിബന്ധനയോടെ വിട്ടയച്ചു.