Tuesday, May 29, 2012

ഇമാം ശാഫിഈ


ത്യാഗിയും സാത്വികനും ഭക്തനും നിഷ്‌കളങ്കനുമായ പണ്ഡിതനും മദ്ഹബിന്റെ ഇമാമുകളില്‍ അദ്വിതീയനുമാണ് ഇമാമുനശ്ശാഫിഈ(റ). പിതാവിന്റെ പേര് ഇദ്‌രീസ്. പ്രപിതാമഹന്‍ ശാഫിഈലേക്ക് ചേര്‍ക്കപ്പെട്ടുകൊണ്ടാണ് അറിയപ്പെടുന്നത്. നബി(സ്വ)യുടെ പ്രപിതാമഹന്‍ അബ്ദുമനാഫില്‍ ഇവരുടെ ഗോത്രം സന്ധിക്കുന്നു. ബൈത്തുല്‍മഖ്ദിസിനരികിലുള്ള 'ഗസ്സ'യില്‍ ഹിജ്‌റ 150 ല്‍ ജനിച്ചു. വളര്‍ന്നതും പഠിച്ചതും മക്കയിലാണ്. പിതാവ് നന്നേ ചെറുപ്പത്തില്‍തന്നെ മരണപ്പെട്ടിരുന്നു. ഹിജ്‌റ 204 ല്‍ 54-ാം വയസ്സില്‍ കഥാപുരുഷന്‍ മരണപ്പെട്ടു. ഈജിപ്തിലെ ഖറാഫയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
മഹാനവര്‍കളുടെ ബുദ്ധിവൈഭവവും ഓര്‍മശക്തിയും അപാരമായിരുന്നു. 7-ാം വയസ്സില്‍ തന്നെ ഖുര്‍ആനും 10-ാം വയസ്സില്‍ ഇമാം മാലികിന്റെ മുവത്ത്വയും ഹൃദിസ്ഥമാക്കി. 15-ാം വയസ്സില്‍ തന്നെ ഫത്‌വാ നല്‍കിത്തുടങ്ങിയിരുന്നു. ഇമാം മുഹമ്മദും സുഫ്‌യാനുബ്‌നു ഉയൈനയും പ്രധാന ഗുരുവര്യരാണ്. മദീന, യമന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇല്‍മ് പഠിക്കാനായി യാത്ര ചെയ്തു. 81 മുഹദ്ദിസുകളില്‍ നിന്ന് ഹദീസ് കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ നാടുകളില്‍ ചുറ്റിക്കറങ്ങി മക്കയില്‍ തന്നെ തിരിച്ചെത്തി 9 വര്‍ഷക്കാലം അവിടെ ദര്‍സ് നടത്തി. അവസാന കാലത്ത് ഈജിപ്തിലായിരുന്നു താമസം.
വൈജ്ഞാനികമായി അവരുടെ പദവി വളരെ ഉന്നതമായിരുന്നു. 10 ലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയിരുന്ന ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പോലും മഹാനവര്‍കളുടെ ശിഷ്യഗണത്തിലാണ്. അബുല്‍വലീദ്, മൂസബ്‌നു ജാറൂദ്, അബൂഅലിയ്യുസ്സഗ്‌വാനി, ഇമാം മുസ്‌നീ, റബീഉല്‍ മറാദി, ബുവൈത്തി തുടങ്ങിയ പണ്ഡിത പ്രമുഖരും മഹാനവര്‍കളുടെ ശിഷ്യസമ്പത്താണ്.
സ്വന്തം ഗുരുവര്യരെ അതിയായി ബഹുമാനിച്ചിരുന്നു ഇമാം ശാഫിഈ. ഒരു ഒട്ടകത്തിന് വഹിക്കാന്‍ മാത്രമുള്ള ഇല്‍മ് ഇമാം മുഹമ്മദില്‍ നിന്ന് താന്‍ നേടിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹനീഫയുടെ ഖബ്ര്‍ ഇടക്കിടെ സന്ദര്‍ശിക്കുക പതിവായിരുന്നു. സംശുദ്ധമായ വ്യക്തിജീവിതമാണ് അവര്‍ നയിച്ചിരുന്നത്. ജീവിതത്തിലൊരിക്കലും വന്‍ദോഷം ചെയ്യുകയോ കളവ് പറയുകയോ ചെയ്തിട്ടില്ല. സത്യം ചെയ്യുകയോ ഹറാം അകത്താക്കുകയോ ചെയ്തിട്ടുമില്ല. എന്നാല്‍ ഇതോടൊപ്പം ആരാധനാ രംഗത്തും മഹാനവര്‍കള്‍ വളരെ പ്രാഥമ്യം നിലനിറുത്തിയതായി കാണാം. രാത്രി മൂന്നായി ഭാഗിച്ച് ഒന്നില്‍ ഉറങ്ങുകയും മറ്റൊന്നില്‍ എഴുതുകയും വേറെയൊന്നില്‍ ഇബാദത്തെടുക്കുകയും ചെയ്തിരുന്നു. ദിനേന ഖുര്‍ആന്‍ ഒരാവൃത്തിയും റമളാനില്‍ രണ്ടാവൃത്തിയും ഓതിത്തീര്‍ക്കും. നമസ്‌കാരത്തില്‍ വളരെ കൂടുതല്‍ കരയുക പതിവാണ്. ചുരുക്കത്തില്‍, വൈജ്ഞാനികമായി അത്യുന്നത സേവനം അര്‍പ്പിക്കുന്നതോടൊപ്പം ആരാധനാരംഗത്തും അസൂയാവഹമായ  പുരോഗതി തന്നെ!
മഹാനവര്‍കള്‍ വളരെ കൂടുതല്‍ വിനയവും താഴ്മയും പ്രകടിപ്പിക്കുകയും നബികുടുംബത്തെ അതിയായി ബഹുമാനിക്കുകയും ചെയ്തു. ഒരിക്കല്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ 7 പ്രാവശ്യം എഴുന്നേല്‍ക്കുന്നതും ഇരിക്കുന്നതും ശിഷ്യന്മാരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അതിനെക്കുറിച്ചന്വേഷിച്ചു. 'ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അലി(റ)യുടെ സന്താനപരമ്പരയില്‍ പെട്ട ഒരു കുട്ടി കളിച്ചുകൊണ്ട് എന്റെ മുന്നില്‍ വന്നുനിന്നു. 7 പ്രാവശ്യം ആ കുട്ടി അപ്രകാരം ചെയ്തു. റസൂല്‍ ÷ യുടെ സന്താനപരമ്പരയില്‍ പെട്ട ഒരു കുട്ടി എന്റെ മുന്നില്‍ വരുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കുന്നത് എനിക്ക് ചേര്‍ന്നതല്ല'-ഇതായിരുന്നു കഥാപുരുഷന്റെ മറുപടി.
ഹഖ്ഖ് തുറന്നുപറയുക, അനീതിക്കെതിരെ ശബ്ദിക്കുക ഇതും അവരുടെ സ്വഭാവ ഗുണമായിരുന്നു. ഒരിക്കല്‍ ഈ പുണ്യപുരുഷന്‍ നജ്‌റാനിലെ ആമിലായി നിശ്ചയിക്കപ്പെട്ടു. അന്ന് യമന്‍ പ്രവിശ്യയിലെ അമീര്‍ അക്രമിയും രക്തദാഹിയുമായിരുന്നു. അയാളുടെ അനീതിക്കും അക്രമത്തിനും വിരാമം കുറിക്കാനായി മഹാനവര്‍കള്‍ അക്ഷീണം യ്തനിക്കുകയും അയാളെ ഉപദേശിക്കുകയും ചെയ്തു. പക്ഷേ, ഇതുകൊണ്ട് ഗുണത്തിലേറെ ദോഷമാണുണ്ടായത്. അയാള്‍ ക്ഷോഭിച്ചു. ഇമാം ശാഫിഇയോട് പകയുമായി. അവസാനം അയാള്‍ ഹാറൂന്‍ റശീദിന് ഇങ്ങനെ എഴുതി: 'ഇമാം ശാഫിഈ-അലവീ സാദാത്തുക്കളുടെ കൂടെയാണ്. അതുകൊണ്ട് വലിയ ഭീഷണിയുണ്ട്.'
ഇത് കേട്ടപ്പോള്‍ ഖലീഫ ഹാറൂന്‍ റശീദിനും കലി കയറി. ഇമാം ശാഫിഇയെ അറസ്റ്റു ചെയ്യാന്‍ ഖലീഫ ഉത്തരവിട്ടു. അമീര്‍ ഇമാമവര്‍കളെ അറസ്റ്റു ചെയ്ത് ബഗ്ദാദിലെ ദര്‍ബാറില്‍ എത്തിച്ചു. ഈ വിവരമറിഞ്ഞപ്പോള്‍ ബഗ്ദാദിലെ അന്നത്തെ ഖാളി ഇമാം മുഹമ്മദും ദര്‍ബാറിലെത്തി. ഖലീഫയുടെ ചോദ്യത്തിനുത്തരമായി ഇമാം ശാഫിഈ പറഞ്ഞു: 'ഞാന്‍ അലവി സയ്യിദല്ല. ബനുല്‍മുത്ത്വലിബാണ് എന്റെ പരമ്പര. അക്രമമായാണ് എന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത്. നിങ്ങളുടെ ഈ ഖാളിയോട് ചോദിക്കുക, അവര്‍ക്കറിയാം സത്യാവസ്ഥ.' ഇമാം ശാഫിഈ പറഞ്ഞത് ഇമാം മുഹമ്മദ് ശരിവെച്ചപ്പോള്‍ ഹാറൂന്‍ റശീദ് മഹാനവര്‍കളെ വെറുതെ വിട്ടയച്ചു. ഇതിനു ശേഷമാണ് താന്‍ ഇമാം മുഹമ്മദിന്റെ ശിഷ്യത്വം സ്വീകരിച്ചത്.
ഇമാം ശാഫിഈ നിരവധി കിതാബുകള്‍ എഴുതിയിട്ടുണ്ട്. രിസാല, ഉമ്മ്, സുനന്‍ തുടങ്ങിയവ അതില്‍ പ്രസിദ്ധമാണ്.

ഇമാം മാലിക്


അല്ലാമ ഖാളീ ഇയാള് ഉദ്ധരിക്കുന്നു: ബഗ്ദാദിലെ ഖലീഫയായിരുന്ന മന്‍സ്വൂര്‍ മസ്ജിദുന്നബവിയില്‍ വന്നു. ഇമാം മാലികും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ഖലീഫ അദ്ദേഹത്തോട് ചില കാര്യങ്ങള്‍ സംസാരിച്ചു. ഇടക്ക് മന്‍സ്വൂറിന്റെ ശബ്ദം അല്‍പം ഉയര്‍ന്നപ്പോള്‍ ഇമാം മാലിക്(റ) അദ്ദേഹത്തോട് വളരെ കര്‍ശനമായി പറഞ്ഞു: 'റസൂല്‍ ÷ യുടെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്താന്‍ പാടില്ലെന്ന ഖുര്‍ആന്റെ ശാസന നിങ്ങള്‍ക്കറിഞ്ഞുകൂടേ? റസൂല്‍ ÷ യുടെ ജീവിതകാലത്ത് എപ്രകാരമാണോ അവരോട് പെരുമാറിയിരുന്നത്, അപ്രകാരം തന്നെയാണ് വഫാത്തിന് ശേഷവും പെരുമാറേണ്ടത്. അതുകൊണ്ട് റസൂല്‍ ÷ യുടെ റൗളയുടെ സമീപം വെച്ച് ശബ്ദം ഉയര്‍ത്തിപ്പോകരുത്.'
മന്‍സ്വൂര്‍ ഈ ഉപദേശം വളരെ അനുസരണത്തോടെ ശ്രവിച്ചു. ഒന്നും പ്രതികരിച്ചില്ല. കുറെ നേരത്തേക്ക് സംസാരിച്ചതുമില്ല... പതുങ്ങിയ സ്വരത്തിലുള്ള ഒരു ചോദ്യം കൊണ്ടായിരുന്നു മന്‍സ്വൂര്‍ ആ മൗനം ഭജ്ഞിച്ചത്. അദ്ദേഹം ചോദിച്ചു: 'ഞാന്‍ റസൂല്‍ ÷ ക്ക് സലാം ചൊല്ലി. ഇനി എങ്ങനെയാണ് സിയാറത്ത് ചെയ്യേണ്ടത്; ഖിബ്‌ലക്ക് മുഖം തിരിച്ചോ റസൂലുല്ലാഹി ÷ യിലേക്ക് മുഖം തിരിച്ചോ?'
ഇതിനുത്തരമായി ഇമാം പറഞ്ഞു: അല്ലാഹുവിന്റെ തിരുസന്നിധിയില്‍ നിങ്ങളുടെയും ആദ്യപിതാവായ ആദമി(അ)ന്റെയും വസീലയാണ് നമ്മുടെ നബി(സ്വ). അതുകൊണ്ട് റസൂലുല്ലാഹിയിലേക്ക് മുഖം തിരിച്ചു അല്ലാഹുവിനോട് ചോദിക്കുക. അവര്‍ വസീലയായുള്ള ദുആ അല്ലാഹു പ്രത്യേകം സ്വീകരിക്കും.
മന്‍സ്വൂര്‍ ഇതെല്ലാം അനുസരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.
**** **** ****
ഖലീഫ ഹാറൂന്‍ റശീദ് ഇമാം മാലിക്(റ)വിനെ അതിയായി ബഹുമാനിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം ഇമാമിനോട് പറഞ്ഞു: 'നിങ്ങള്‍ രാജദര്‍ബാറില്‍ വന്ന് എന്റെ കുട്ടികള്‍ക്ക് ഹദീസ് പഠിപ്പിച്ചാല്‍ വളരെ ഉപകാരമായിരുന്നു.'
ഇമാം മാലിക്(റ) ഈ ക്ഷണം നിരസിച്ചു. പിന്നീട് ഹാറൂന്‍ റശീദ് രണ്ടു പുത്രന്മാരെയും കൂട്ടി ഇമാമിന്റെ സന്നിധിയില്‍ വന്ന് പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ പ്രസിദ്ധമായ മുവത്ത്വ ഞങ്ങള്‍ക്ക് വായിച്ചുകേള്‍പിക്കുക. ഞങ്ങള്‍ കേള്‍ക്കാം.'
മഹാനവര്‍കള്‍ അതിനും കൂട്ടാക്കിയില്ല. ഞാനൊരിക്കലും ഹദീസ് ശിഷ്യന്മാര്‍ക്ക് അങ്ങോട്ട് വായിച്ചുകൊടുക്കാറില്ലെന്നും അതുകൊണ്ട് എനിക്കതിന് സാധ്യമല്ലെന്നും പറഞ്ഞു.
ഇതും സ്വീകരിക്കാതായപ്പോള്‍ റശീദ് പറഞ്ഞു: 'ഞങ്ങള്‍ ഹദീസ് വായിച്ചുകൊള്ളാം; പക്ഷേ, നിങ്ങള്‍ സാധാരണക്കാരെ മജ്‌ലിസില്‍ നിന്ന് പുറത്താക്കണം. ഞങ്ങള്‍ സ്വന്തമായിരിക്കണം സദസ്സില്‍.'
ഇമാമവര്‍കള്‍ ഇതിന് പ്രതിവചിച്ചതിപ്രകാരമാണ്: 'പ്രത്യേകക്കാര്‍ക്കു വേണ്ടി സാധാരണക്കാരെ പുറത്താക്കുകയാണെങ്കില്‍ അതുകൊണ്ട് പ്രത്യേകക്കാര്‍ക്കും ഒന്നും ലഭിക്കുകയില്ല.'
താന്‍ പറഞ്ഞ കാര്യങ്ങളൊന്നും കണക്കിലെടുക്കാത്തതിനെ സംബന്ധിച്ച് മറ്റൊരിക്കല്‍ ഖലീഫ ചോദിച്ചപ്പോള്‍ ഇമാമവര്‍കള്‍ പ്രസ്താവിച്ചു: 'അന്‍പതിനായിരം വര്‍ഷം യാത്ര ചെയ്താണ് നുബുവ്വത്തിന്റെ വിജ്ഞാനം നമ്മിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ട് അതിനെ നാം അതിയായി ബഹുമാനിച്ചാദരിക്കേണ്ടതുണ്ട്.'
മദ്ഹബിന്റെ നാല് ഇമാമുകളില്‍ പ്രമുഖനാണ് ഇമാം മാലിക്(റ). പ്രസിദ്ധ സ്വഹാബി അബൂ ആമിര്‍ പ്രപിതാമഹനാണ്. പിതാവിന്റെ പേര് അനസ്. മദീനയാണ് സ്വദേശം. ജനനം ഹിജ്‌റ 93 ലാണ്; വഫാത്ത് ഹിജ്‌റ 179 ലും.
വളരെ ഭക്തനും വിനയാന്വിതനും അഹന്തയില്ലാത്തവരുമായിരുന്നു ഇമാം മാലിക്(റ). ഒരിക്കല്‍ ഹാറൂന്‍ റശീദ് ഇമാമവര്‍കളോട് പറഞ്ഞു: 'മുവത്ത്വ കഅ്ബാലയത്തില്‍ നമുക്ക് കെട്ടിത്തൂക്കാം. എന്നാല്‍ ജനങ്ങളെല്ലാം അതനുസരിച്ച് പ്രവര്‍ത്തിക്കുമല്ലോ.' പേരും പ്രശസ്തിയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു അസുലഭാവസരമായിരുന്നു ഇത്. പക്ഷേ, പാരത്രിക മോക്ഷം മാത്രമാഗ്രഹിച്ച ആ പണ്ഡിതവര്യന്‍ അതിന് അനുവദിച്ചില്ല. അവര്‍ പ്രതികരിച്ചു: 'സ്വഹാബികള്‍ക്കിടയില്‍ തന്നെ ശാഖാപരമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കെ ജനങ്ങളെ ഒരേ അഭിപ്രായത്തില്‍ ഉറപ്പിച്ചുനിറുത്താന്‍ നമുക്കെങ്ങനെ കഴിയും?'...
അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദീ പറയുന്നു: ഒരിക്കല്‍ ഇമാം മാലിക്(റ)യുടെ മജ്‌ലിസില്‍ വന്നുകൊണ്ട് ഒരാള്‍ പറഞ്ഞു: 'ബഹുവന്ദ്യരേ, ആറു മാസക്കാലം യാത്ര ചെയ്താണ് ഞാനിവിടെ വന്നിരിക്കുന്നത്. ഒരു മസ്അല ചോദിക്കാന്‍ വന്നതാണ്.' 'ചോദിക്കൂ'-മാലിക്(റ) പറഞ്ഞു. അദ്ദേഹം ഒരു മസ്അല ചോദിച്ചപ്പോള്‍ 'അത് എനിക്കറിഞ്ഞുകൂടാ' എന്നായിരുന്നു ഇമാമിന്റെ പ്രതികരണം. ചോദ്യകര്‍ത്താവ് ആകെ അമ്പരന്നു. അദ്ദേഹം ചോദിച്ചു: 'എന്റെ നാട്ടുകാരുടെ പ്രതിനിധിയായാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്; ഞാന്‍ അവരോടെന്തു പറയും?'
മാലിക് പ്രതികരിച്ചു: 'ഞാന്‍ നിന്നോട് പറഞ്ഞ കാര്യം നീ അവരെ അറിയിക്കുക...' അങ്ങനെ അയാള്‍ നിരാശനായി തിരിച്ചുപോയി.
**** **** ****
പണ്ഡിത ലോകം മുഴുവന്‍ മഹാനവര്‍കളെ അതിയായി ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഇമാം ശാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍, ഇമാം ബുഖാരി(റ) തുടങ്ങിയ ജ്ഞാനപര്‍വതങ്ങളെല്ലാം അവരെ പ്രശംസിച്ചവരില്‍ പെടും.
ഉന്നതരായ എഴുപത് പണ്ഡിതന്മാര്‍ ഫത്‌വ നല്‍കാന്‍ എനിക്കര്‍ഹതയുണ്ടെന്ന് അംഗീകാരം നല്‍കിയാല്‍ മാത്രമേ ഞാന്‍ ഫത്‌വ നല്‍കുകയുള്ളൂവെന്ന് ഇമാം മാലിക്(റ) പറഞ്ഞിരുന്നു. അവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അവരുടെ അംഗീകാരം ലഭിക്കുമ്പോള്‍ കഥാപുരുഷന് 17 വയസ്സ് മാത്രം പ്രായമായിരുന്നു!
നബി ÷ യെ ഇമാമവര്‍കള്‍ അതിയായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നല്ല വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് മാത്രമേ അവര്‍ ഹദീസ് ദര്‍സ് നടത്തിയിരുന്നുള്ളൂ. ഇരുന്ന ഇരുപ്പില്‍ എന്തെങ്കിലും മാറ്റം പോലും വരുത്തിയിരുന്നില്ല. ഒരിക്കല്‍ ഹദീസ് ദര്‍സ് നടത്തുമ്പോള്‍ ഒരു തേള്‍ വന്ന് ശക്തിയായി കുത്തി മുറിവാക്കി. വേദനയാല്‍ മുഖമാകെ വിവര്‍ണമായി. എന്നിട്ടും അദ്ദേഹം അനങ്ങിയില്ല; ദര്‍സ് നിറുത്തിയതുമില്ല. തേളിന്റെ ദംശനമേല്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടായിരുന്നില്ല ഇത്; പ്രത്യുത ഹദീസിനോടുള്ള ബഹുമാനത്താലായിരുന്നു. നബി ÷ യോടുള്ള അതിരറ്റ ബഹുമാനത്താല്‍ മദീനയിലെ ഹറം മേഖലയില്‍ അവര്‍ കാഷ്ഠിച്ചിരുന്നില്ല. മദീനയില്‍ വാഹനപ്പുറത്ത് സവാരി ചെയ്യുന്നതും പരിവര്‍ജിച്ചു. മദീനയിലെ പള്ളിയില്‍ ശബ്ദമുയര്‍ത്താന്‍ ആരെയും അനുവദിച്ചിരുന്നുമില്ല ആ യുഗപുരുഷന്‍.
ഹഖ്ഖ് തുറന്നുപറയുന്നതില്‍ മഹാനവര്‍കള്‍ ആരെയും ഭയപ്പെട്ടിരുന്നില്ല. മന്‍സ്വൂറിന്റെ ഭരണകാലത്ത് സ്ഥിതിഗതികള്‍ വഷളാവുകയും നാട്ടില്‍ സമാധാനം നഷ്ടപ്പെടുകയും അഹ്‌ലുബൈത്തിന് കഠിന യാതനകള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തപ്പോള്‍ പീഡിതവിഭാഗത്തില്‍ നിന്ന് ഖിലാഫത്ത് വാദവുമായി രംഗത്തുവന്ന മുഹമ്മദ്, ഇബ്‌റാഹീം എന്നിവരെ മഹാനവര്‍കള്‍ പിന്തുണക്കുകയും ഭരണകൂടത്തിന് എതിരായും ഇവര്‍ക്ക് അനുകൂലമായും ഫത്‌വ ഇറക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ മദീനാ ഗവര്‍ണര്‍ മഹാനവര്‍കളെ ചാട്ടവാര്‍ കൊണ്ട് എഴുപത് പ്രാവശ്യം അടിക്കുകയുണ്ടായി. ഖലീഫ മന്‍സ്വൂര്‍ ഈ വിവരമറിഞ്ഞ് അതിയായി ഖേദം പ്രകടിപ്പിച്ചു. അവരുടെ ശ്രേഷ്ഠതകളും മദ്ഹുകളും നിരവധിയാണ്.

ഇമാം അഹ്മദുബ്‌നു ഹമ്പല്‍


ഖലീഫാ മഅ്മൂന്‍ ഒരു നല്ല ഭരണാധികാരിയായിരുന്നുവെങ്കിലും ഖുര്‍ആന്‍ സൃഷ്ടിയാണെന്ന മുഅ്തസിലീ വിശ്വാസക്കാരനായിരുന്നു. ഇത് അദ്ദേഹം ജനങ്ങളില്‍ അടിച്ചേല്‍പിക്കുകയും ചെയ്തു.
ഹിജ്‌റ 217 ല്‍ ഇവ്വിഷയകമായി പണ്ഡിതരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് അദ്ദേഹം അവര്‍ക്കെല്ലാം കത്തെഴുതി. ചിലര്‍ സ്വന്തം ഇഷ്ടപ്രകാരവും മറ്റു ചിലര്‍ വാള്‍ ഭയന്നും ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് ഏറ്റുപാടി.
എന്നാല്‍ സത്യത്തിന്റെ മുമ്പില്‍ പതറാത്ത ചില പണ്ഡിതരും മഹാത്മാക്കളും അന്നുണ്ടായിരുന്നു. അവര്‍ മഅ്മൂനിന്റെ വാളിന് തരിമ്പും വില കല്‍പിച്ചില്ല. അവരില്‍ പ്രമുഖനായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍. ഖല്‍ഖുല്‍ ഖുര്‍ആന്‍ സംബന്ധമായി ഇവരുടെ അഭിപ്രായമാരായാനായി ഇസ്ഹാഖുബ്‌നു ഇബ്‌റാഹീമിനെയാണ് മഅ്മൂന്‍ നിശ്ചയിച്ചിരുന്നത്. അദ്ദേഹം ഓരോരുത്തരെയും വിചാരണ ചെയ്തു തുടങ്ങി. അഹ്മദുബ്‌നു ഹമ്പലിന്റെ ഊഴം വന്നപ്പോള്‍ ഇസ്ഹാഖ് അദ്ദേഹത്തോട് ചോദിച്ചു: 'ഖുര്‍ആനിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്ത്?' 'ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്'-ഇമാം പ്രതിവചിച്ചു.
'അത് സൃഷ്ടിയാണോ അല്ലയോ?'-ഇസ്ഹാഖ് വീണ്ടും ചോദിച്ചു. 'ഇതിലുപരി ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'-ഇമാമിന്റെ പ്രതികരണം. ഓരോ പണ്ഡിതരുടെ മറുപടിയും ഇസ്ഹാഖ് ഖലീഫക്ക് അയച്ചുകൊടുത്തു.
വീണ്ടും ഒന്നുകൂടി അവരുടെ മനോഗതി പുനഃപരിശോധിക്കാനും അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് പിന്‍മാറുന്നില്ലെങ്കില്‍ തല വെട്ടി അയച്ചുകൊടുക്കാനും ഖലീഫ ഉത്തരവിട്ടു. ഇതുകൂടിയായപ്പോള്‍ വാളിനെ ഭയന്ന് പലരും യഥാര്‍ഥ വിശ്വാസം ഉള്ളിലൊതുക്കി ഖലീഫയുടെ വിശ്വാസം ഏറ്റുപാടി. നാലുപേരെ മാത്രം ഇതിനും കിട്ടിയില്ല. അവര്‍ സ്വന്തം വിശ്വാസത്തില്‍ നിന്ന് അണുഅളവ് വ്യതിചലിച്ചില്ല...
ഇസ്ഹാഖ് ഈ നാലുപേരെയും അറസ്റ്റ് ചെയ്തു. വധശിക്ഷ ഭയന്ന് രണ്ടാള്‍ കൂടി പിന്മാറി. ഇതോടെ ദൃഢമനസ്‌കരായ രണ്ടാള്‍ മാത്രം അവശേഷിച്ചു-ഇമാം അഹ്മദുബ്‌നു ഹമ്പലും മുഹമ്മദുബ്‌നു നൂഹും. ഇവരെ ഖലീഫയുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അവര്‍ അവിടെ എത്തുന്നതിനു മുമ്പായിത്തന്നെ ഖലീഫ മരിച്ചു. അങ്ങനെ ഇവര്‍ തല്‍ക്കാലം ജയിലിലടക്കപ്പെട്ടു.
മഅ്മൂനിനു ശേഷം അയാളുടെ പിന്‍ഗാമിയായി മുഅ്തസ്വിം ബില്ലാഹി സ്ഥാനാരോഹണം ചെയ്തു. സഹോദരന്‍ മഅ്മൂനിന്റെ 'ഖല്‍ഖുല്‍ ഖുര്‍ആന്‍' വാദം ഇയാളും ആവര്‍ത്തിച്ചു. ഇമാം അപ്പോഴും റഖ്ഖയിലെ ജയിലില്‍ തന്നെ.
ഖലീഫ റോമില്‍ നിന്നും യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ഇമാമിനെ ജയിലില്‍ നിന്ന് തന്റെ സന്നിധിയിലേക്ക് വരുത്തുകയും പണ്ഡിതരുമായി വിവാദം നടത്തിക്കുകയും ചെയ്തു. ഇമാം തന്റെ ലക്ഷ്യങ്ങളെല്ലാം സമര്‍ഥമായി അവതരിപ്പിച്ചെങ്കിലും വെറും ഒരു പട്ടാളക്കാരനായ മുഅ്തസ്വിമിന് അതത്ര സ്വീകാര്യമായി തോന്നിയില്ല. മുഅ്തസ്വിം അന്ത്യശാസനം നല്‍കി: 'ഒന്നുകില്‍ വീണ്ടും ജയില്‍! അല്ലെങ്കില്‍ ഈ വിശ്വാസത്തില്‍ നിന്ന് പിന്മാറുക.'
ഇമാമവര്‍കള്‍ സത്യത്തിന്റെ ബന്ധനങ്ങള്‍ക്കാണ് കപട സ്വാതന്ത്ര്യത്തെക്കാള്‍ പ്രാധാന്യം നല്‍കിയത്. അങ്ങനെ മഹാനവര്‍കള്‍ വീണ്ടും ജയിലിലടക്കപ്പെടുകയും അവിടെ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. കാലിലിട്ട ചങ്ങലയും അരയില്‍ കെട്ടുന്ന കയറിന്റെ അഗ്രവും പരസ്പരം ബന്ധിച്ചതുകാരണം മഹാനവര്‍കള്‍ക്ക് ജയിലില്‍ അനങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഉറക്കസമയത്തും നമസ്‌കാരം നിര്‍വഹിക്കാനും മാത്രമേ ഈ കയറ് അഴിച്ചിരുന്നുള്ളൂ.
പക്ഷേ, ഈ ജയിലും ചങ്ങലയും ഇമാമര്‍കളെ ഒട്ടും പിന്തിരിപ്പിച്ചില്ല. അദ്ദേഹം ആരാധനാദികര്‍മങ്ങള്‍ നിര്‍വഹിച്ചും ജനങ്ങള്‍ക്ക് സദുപദേശങ്ങള്‍ നല്‍കിയും ജയില്‍ ജീവിതം ധന്യമാക്കി. വിദ്യാര്‍ഥികള്‍ വരുമ്പോള്‍ അവര്‍ക്ക് ദര്‍സ് നടത്തുകയും ചെയ്തു. ഇമാമിനു വേണ്ടി രണ്ട് കാവല്‍ഭടന്മാരെ മുഅ്തസ്വിം ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ ദിനേന ഇമാമിനോട് ചോദിക്കും: 'നിങ്ങളുടെ ചിന്താഗതിക്ക് മാറ്റമുണ്ടോ?'
ഇമാം പ്രതികരിക്കും: 'ഇല്ല. എന്റെ വിശ്വാസത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല.'
ഈ നില കുറെ കാലം തുടര്‍ന്നു. മഹാനവര്‍കള്‍ക്ക് യാതൊരു മാനസാന്തരവുമില്ല. ഒരു ചങ്ങലക്കു പകരം നാല് ചങ്ങലകള്‍ കാലില്‍ ബന്ധിച്ചു. എന്നിട്ടും യാതൊരു വ്യതിയാനവുമില്ല. ഈ വിഷമങ്ങളും ബുദ്ധിമുട്ടുകളും ക്ഷമാപൂര്‍വം സ്വീകരിച്ചു. അവര്‍ അല്ലാഹുവിന് സദാ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടേയിരുന്നു...
ഇമാമവര്‍കളുടെ ദൃഢമനസ്‌കതയും സ്ഥൈര്യവും സ്വാതന്ത്ര്യപ്രേമവും കണ്ട് മുഅ്തസ്വിം പറഞ്ഞു: 'ജയിലും ചങ്ങലയും എത്ര കാലം?... ഒന്നുകില്‍ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് പറയുക; അല്ലെങ്കില്‍ മൂര്‍ച്ചയേറിയ വാള്‍.'
ഇതനുസരിച്ച് ഇമാം വീണ്ടും ഖലീഫാ സന്നിധിയില്‍ കൊണ്ടുവരപ്പെട്ടു.
ഈ ദാരുണസംഭവം അഹ്മദുബ്‌നു ഹന്‍ബല്‍(റ) തന്നെ ഇങ്ങനെ വിവരിക്കുന്നു: 'എന്നെ ഖലീഫയുടെ സന്നിധിയിലെത്തിക്കാനായി ഒരു സവാരിവണ്ടിയിലിരുത്തി. രണ്ടു കാലുകളും ചങ്ങലക്കിട്ടതിനാല്‍ വളരെ ഭാരമായിത്തോന്നിയിരുന്നു. ഓരോ കാലടി മുന്നോട്ടുവെക്കുമ്പോഴും മറിഞ്ഞുവീഴുമെന്ന ഭയം. അങ്ങനെ ഖലീഫയുടെ ദര്‍ബാറിലെത്തി. ആരാച്ചാര്‍ മൂര്‍ച്ചയേറിയ വാളുകളും ചാട്ടവാറുകളുമായി അവിടെ കാത്തിരിപ്പായിരുന്നു.'
'നിങ്ങള്‍ വിശ്വാസം മാറ്റാന്‍ തയ്യാറുണ്ടോ?'-ആരോ ചിലര്‍ എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു: 'ഇല്ല, ഒരിക്കലുമില്ല. അല്ലാഹുവിന്റെ കിതാബും റസൂലുല്ലാഹിയുടെ തിരുചര്യയും കൈവിട്ട് ഞാന്‍ ഒന്നും സ്വീകരിക്കാന്‍ തയ്യാറില്ല...'
കിങ്കരന്മാര്‍ക്ക് ഉത്തരവ് ലഭിച്ചു: 'ഇമാമിനെ ചാട്ടവാര്‍ കൊണ്ട് പൊതിരെ തല്ലുക.' അവര്‍ ആഞ്ഞുവീശി അടി തുടങ്ങി... ഓരോ അടി ശരീരത്തില്‍ വീഴുമ്പോഴും അദ്ദേഹം തസ്ബീഹും തഹ്‌ലീലും ഉറക്കെ പറഞ്ഞിരുന്നു. 19 അടി ശരീരത്തിലേറ്റപ്പോഴേക്കും മഹാനവര്‍കള്‍ അബോധാവസ്ഥയിലായി നിലംപൊത്തി. ശരീരഭാഗങ്ങളില്‍ നിന്നെല്ലാം രക്തം ധാരധാരയായി പ്രവഹിച്ചിരുന്നു.
അഹ്മദുബ്‌നു ഹമ്പലിന്റെ ദൃഢമാനസം കണ്ട് മുഅ്തസ്വിം അത്ഭുതപ്പെടുകയും അവസാനം ഇമാം ജയില്‍ മോചിതനാക്കപ്പെടുകയും ചെയ്തു... 30 മാസക്കാലം മഹാനവര്‍കള്‍ കഠിന യാതന കടിച്ചിറക്കിക്കൊണ്ട് ജയില്‍ വാസം വരിച്ചു.
ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ ജനനം ഹിജ്‌റ 164 ല്‍ ബഗ്ദാദില്‍ ആയിരുന്നു. അവിടെ വെച്ചുതന്നെ ഹിജ്‌റ 241 ല്‍ വഫാതാവുകയും ചെയ്തു.
നിരുപമനും നിസ്തുലനുമായൊരു പണ്ഡിതനാണ് ഇമാം അഹ്മദ്. നിരവധി നാടുകളില്‍ വിജ്ഞാനത്തിനു വേണ്ടി ചുറ്റിക്കറങ്ങി. തന്റെ യുഗത്തിലെ പണ്ഡിതന്മാരില്‍ നിന്നെല്ലാം വിജ്ഞാനമാര്‍ജ്ജിച്ചു. ഇമാം ശാഫിഈ, ഇമാം അബൂയൂസുഫ്, യസീദുബ്‌നു ഹാറൂന്‍, സുഫ്‌യാന്‍ തുടങ്ങിയവര്‍ പ്രമുഖ ഗുരുവര്യരില്‍ ചിലരാണ്.
ഹൃദിസ്ഥമാക്കാനുള്ള കഴിവില്‍ അവര്‍ കിടയറ്റവരാണ്. 10 ലക്ഷം ഹദീസ് സനദ് സഹിതം മനഃപാഠമാക്കിയിരുന്നു. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്(റ) തുടങ്ങിയ ഹദീസ് വിജ്ഞാന വേദിയിലെ ദിവ്യജ്യോതിസ്സുകളെല്ലാം അവരുടെ ശിഷ്യസമ്പത്താണ്. ജീവിതം വളരെ ലളിതമായിരുന്നു. ഉണക്കറൊട്ടി മാത്രമായിരുന്നു ഭക്ഷണം. ആരുടെയും പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ദിനേന 300 റക്അത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നു. ജയിലിലെ അടിയേറ്റ് കാലില്‍ വ്രണം വന്നപ്പോഴും 150 റക്അത്തില്‍ ചുരുങ്ങിയില്ല.
മഹാനവര്‍കള്‍ പൊതുസമ്മതനായിരുന്നു. അവരുടെ മരണവാര്‍ത്ത കേട്ട് ജനങ്ങള്‍ വിങ്ങിപ്പൊട്ടി. ജനാസയില്‍ 8 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു! ഇത്രയും വലിയ ജനക്കൂട്ടം കണ്ട് നിരവധി അഗ്നിയാരാധകരും ക്രിസ്ത്യാനികളും ഇസ്‌ലാം അവലംബിക്കുകപോലുമുണ്ടായി. മഹാനവര്‍കളില്‍ നിന്ന് നിരവധി കറാമത്തുകളും ഉണ്ടായിട്ടുണ്ട്.

ഇമാം അബൂഹനീഫ


മന്‍സ്വൂറിന്റെ ഭരണകാലത്ത് മുഹമ്മദ് നഫ്‌സ് ദകിയ്യയും സഹോദരന്‍ ഇബ്‌റാഹീമും യഥാക്രമം ഖിലാഫത്ത് വാദവുമായി മുന്നോട്ടുവന്നു. മന്‍സ്വൂര്‍ ഭരണം പിടിച്ചുപറ്റിയതാണെന്നും ജനങ്ങള്‍ നിര്‍ബന്ധ പൂര്‍വം ബൈഅത്ത് ചെയ്തതാണെന്നും ഖിലാഫത്ത് മുഹമ്മദിനും ഇബ്‌റാഹീമിനും അര്‍ഹമാണെന്നും ഇമാം മാലിക് അടക്കമുള്ള അന്നത്തെ പണ്ഡിതര്‍ ഫത്‌വയും നല്‍കിയിരുന്നു. മന്‍സ്വൂറുമായുള്ള ഏറ്റുമുട്ടലില്‍ ആദ്യം മുഹമ്മദും തുടര്‍ന്ന് ഇബ്‌റാഹീമും കൊല്ലപ്പെട്ടു. ഇവരുടെ വധത്തോടെ ഇവരെ പിന്തുണച്ചവരെയും തേടിപ്പിടിക്കാന്‍ മന്‍സ്വൂര്‍ ഉത്തരവിട്ടു. ഇമാം അബൂഹനീഫയും അക്കൂട്ടത്തിലായിരുന്നു.
ഖലീഫാ മന്‍സ്വൂര്‍ ഈ വിദ്വേഷം ഉള്ളിലൊതുക്കിക്കൊണ്ട് ഇമാം അബൂഹനീഫയെ തന്റെ ദര്‍ബാറിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു: 'ഞാന്‍ നിങ്ങളെ ഖാളിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.'
'ഹേയ്, ഞാനതിനര്‍ഹനല്ല; ഞാനത് സ്വീകരിക്കുകയുമില്ല'-ഇമാം പ്രതിവചിച്ചു.
മന്‍സ്വൂര്‍ അതൃപ്തനായിക്കൊണ്ട്: 'നിങ്ങള്‍ കളവ് പറയുകയാണോ?'
ഇമാം: 'ഞാന്‍ കളവ് പറഞ്ഞവനാണെങ്കില്‍ ഞാനതിന് അര്‍ഹനല്ല എന്ന് പ്രസ്താവിച്ചതില്‍ ഞാന്‍ സത്യവാനാണ്. കാരണം, ഖാളിക്ക് കളവ് പറഞ്ഞുകൂടല്ലോ.'
മന്‍സ്വൂര്‍ സത്യം ചെയ്തുകൊണ്ട്: 'നിങ്ങള്‍ അത് സ്വീകരിക്കുകതന്നെ വേണം.'
ഇമാമും സത്യം ചെയ്തുകൊണ്ട്: 'ഞാനൊരിക്കലും അത് സ്വീകരിക്കുകയില്ല.'
ഇമാമിന്റെ ഈ ധൈര്യവും സ്ഥൈര്യവും കണ്ട് മന്‍സ്വൂര്‍ ആകെ അമ്പരന്നു. അയാള്‍ ഭീഷണിയോടെ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ഖാളി പീഠത്തില്‍ ചെന്നിരുന്ന് തിരിച്ചുവന്ന് അദ്ദേഹം പറഞ്ഞു: 'എനിക്കിതിന് സാധ്യമല്ല...'
ഉടനെ മന്‍സ്വൂര്‍ ഇമാമവര്‍കളെ ജയിലിലടച്ചു. മരണം വരെയും അവര്‍ ആ ജയിലില്‍ തന്നെയായിരുന്നു.
ഇമാമവര്‍കളെ ജയിലിലടച്ചത് വലിയ കോളിളക്കത്തിനിടയാക്കി. അവിടത്തെ പണ്ഡിതകേന്ദ്രം ഇതിനെ ശക്തിയായി വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് ജയിലിലാണെങ്കിലും അദ്ദേഹത്തിന്റെ ഇഷ്ടത്തിനെതിരായി ഒന്നും ചെയ്യാന്‍ മന്‍സ്വൂറിന് കഴിഞ്ഞിരുന്നില്ല. ജയിലിലായിരിക്കുമ്പോഴും വിജ്ഞാനദാഹികള്‍ക്ക് ജ്ഞാനം പകര്‍ന്നുകൊടുത്തിരുന്നു. ഇങ്ങനെ ജയില്‍ വാസവും അദ്ദേഹത്തിന് ഉന്നതിയിലേക്കുള്ള ഒരു കോണിയായി മാറി. ഇതിലും മന്‍സ്വൂറിന് അതിയായ അസന്തുഷ്ടി ഉണ്ടായിരുന്നുവെങ്കിലും ജനങ്ങളെ ഭയന്ന് പരസ്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ഗതിമുട്ടിയ മന്‍സ്വൂര്‍ ഇമാമവര്‍കള്‍ക്ക് വിഷം നല്‍കി ജീവന്‍ അപഹരിക്കുകയാണുണ്ടായതെന്ന് പറയപ്പെടുന്നു.
ഇമാം അബൂഹനീഫയുടെ പ്രധാന ശിഷ്യനായ ഇമാം മുഹമ്മദ് ഈ ജയില്‍ഖാനയില്‍ വെച്ചാണ് മഹാനവര്‍കളില്‍ നിന്ന് വിജ്ഞാനം പകര്‍ന്നെടുത്തത്.
സത്യം ആരുടെ മുമ്പിലും സ്ഫുടമായി അവതരിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇമാം അബൂഹനീഫ. ഒരിക്കല്‍ കൂഫയിലെ ഗവര്‍ണറായ ഇബ്‌നു ഹുബൈറ ഇമാം അബൂഹനീഫയോട് പറഞ്ഞു: നിങ്ങള്‍ ഇടക്കിടെ ഇവിടെ വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അത് എനിക്ക് ചെയ്യുന്ന വലിയ ഉപകാരമായിരിക്കും.
അപ്പോള്‍ ഇമാമവര്‍കള്‍ ചോദിച്ചു: 'വന്നിട്ടെന്താണ് കാര്യം? നിങ്ങള്‍ സ്‌നേഹത്തോടും വാത്സല്യത്തോടുമാണ് എന്നോട് പെരുമാറുന്നതെങ്കില്‍ അത് ഭയപ്പെടേണ്ട കാര്യമാണ്. ഇവിടെ അതിഥിയായി വന്ന് നിങ്ങളെ എങ്ങനെ ആക്ഷേപിക്കും? നിങ്ങളുടെ സമ്പത്തും പണവുമാകട്ടെ അത് എനിക്ക് ആവശ്യവുമില്ല. എന്റെ കൈവശമുള്ളതാകട്ടെ ആര്‍ക്കും കവര്‍ന്നെടുക്കാനും സാധ്യമല്ല. പിന്നെ ഞാനെന്തിന് വരണം?'
ഇങ്ങനെ കാര്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. തന്റെ മുന്നില്‍ വെച്ച് ഇങ്ങനെ പറയാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഇമാമവര്‍കള്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് കയറിവന്ന് ഇമാമവര്‍കളോട് ഒരു മസ്അല ചോദിച്ചു. അതിനദ്ദേഹം മറുപടി നല്‍കിയപ്പോള്‍ ആ യുവാവ് പ്രതികരിച്ചു: 'നിങ്ങള്‍ പറഞ്ഞത് ശരിയല്ല.'
ഇതുകേട്ടപ്പോള്‍ സദസ്സിലുണ്ടായിരുന്ന അബുല്‍ഖത്താബ് ജുര്‍ജാനിക്ക് ദേഷ്യം വന്നു. അദ്ദേഹം അവിടെ കൂടിയിരുന്നവരോടായി പറഞ്ഞു: 'നിങ്ങള്‍ എന്തു മനുഷ്യരാണ്? ഇമാമവര്‍കളോട് ഒരു പയ്യന്‍ ഇപ്രകാരം സംസാരിച്ചിട്ടുകൂടി നിങ്ങള്‍ക്ക് യാതൊരു ചലനവുമില്ലല്ലോ.'
ഇതുകേട്ട് ഇമാം അബൂഹനീഫ പറഞ്ഞു: 'അവരെ കുറ്റപ്പെടുത്തേണ്ട; ഞാനവര്‍ക്ക് അതിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിലുള്ള അപാകതകള്‍ ജനങ്ങള്‍ തിരുത്താന്‍ വേണ്ടിയാണ് ഞാനിവിടെ ഇരിക്കുന്നതുതന്നെ...!'
ഇമാമുല്‍ അഅ്‌ളം എന്ന പേരില്‍ വിഖ്യാതനായ അബൂഹനീഫയുടെ യഥാര്‍ഥ നാമം നുഅ്മാന്‍ എന്നാണ്. പിതാവ് സാബിത് ഫാര്‍സീ വംശജനായൊരു കച്ചവടക്കാരനായിരുന്നു. അബ്ദുല്‍ മലികിന്റെ ഭരണകാലത്ത് ഹിജ്‌റ 80 ല്‍ കൂഫയില്‍ ജാതനായി. ഹിജ്‌റ 150 ല്‍ ബഗ്ദാദില്‍ വഫാതായി. ഇരുപതില്‍പരം സ്വഹാബികളെ കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായിട്ടുണ്ട്.
ചെറുപ്പത്തില്‍ കച്ചവടത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മുഹദ്ദിസ് ഇമാം ശഅ്ബിയുടെ നിര്‍ദേശപ്രകാരം വിജ്ഞാനരംഗത്തേക്ക് ഇറങ്ങിത്തിരിച്ചു. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവഗാഹം നേടി. അവരുടെ ബുദ്ധിവൈഭവവും പാണ്ഡിത്യവും സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. ലോകത്തുള്ള മുസ്‌ലിം ജനസംഖ്യയുടെ വലിയൊരു ശതമാനം ഇവരുടെ മുഖല്ലിദുകളാണ്.
ഇമാം അബൂഹനീഫ നാലായിരം മുഹദ്ദിസുകളില്‍ നിന്ന് ഹദീസ് രിവായത്ത് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. വളരെയധികം സൂക്ഷ്മാലുവും സര്‍വസംഗ പരിത്യാഗിയും ഭക്തനുമായിരുന്നു. അവരുടെ ഇബാദത്തിനെക്കുറിച്ച് 13-ാം അധ്യായത്തില്‍ പറയുന്നുണ്ട്.

ഇമാം ഗസ്സാലി



ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസ്സാലി ഫല്‍സഫ, തസ്വവ്വുഫ്, ഇല്‍മുല്‍കലാം എന്നീ വിജ്ഞാന ശാഖകളിലെ ഇമാമാണ്. ജ്ഞാനസാഗരത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങി വിജ്ഞേയങ്ങളായ നിരവധി ഗ്രന്ഥങ്ങള്‍ മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്. തന്റെ ഇഹ്‌യാ ഉലൂമിദ്ദീന്‍ വിശ്വപ്രസിദ്ധമാണ്.
ഹിജ്‌റ 499 ല്‍ ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ പുണ്യ മഖ്ബറയില്‍ വെച്ച് അദ്ദേഹം മൂന്ന് കാര്യങ്ങള്‍ കരാര്‍ ചെയ്യുകയുണ്ടായി:   1) രാജദര്‍ബാറില്‍ പോവുകയില്ല. 2) രാജാക്കളില്‍ നിന്നുള്ള യാതൊരു വിധ ആനുകൂല്യവും സ്വീകരിക്കുകയില്ല. 3) ആരുമായും വാഗ്വാദം നടത്തുകയില്ല.
മഹാനവര്‍കള്‍ സത്യം തുറന്നുപറയാനും എഴുതാനും ഒട്ടും മടിച്ചിരുന്നില്ല. അപാകതകള്‍ ആരില്‍ നിന്ന് കണ്ടാലും അത് വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അന്നത്തെ ചില പണ്ഡിതന്മാര്‍ ഇമാം ഗസ്സാലി(റ)യെ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ ഇമാമിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു. അന്ന് ഖുറാസാനിലെ ഭരണാധികാരി സുല്‍ഥാന്‍ സന്‍ജറുബ്‌നു മാലിക് സല്‍ജൂഖിയായിരുന്നു. ഇദ്ദേഹം പണ്ഡിതനായിരുന്നില്ല; താടിയും തലപ്പാവുമുള്ള ആരും പറയുന്നതെല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരനായിരുന്നു. ഇമാം ഗസ്സാലി(റ)യെക്കുറിച്ച് അസൂയാലുക്കളായ ചിലര്‍ പറഞ്ഞതെല്ലാം ഇദ്ദേഹം വിശ്വസിക്കുകയും അതനുസരിച്ച് ഇമാമവര്‍കളെ രാജസദസ്സിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
ഇമാം ഗസ്സാലി(റ) സുല്‍ഥാന്റെ ക്ഷണത്തിന് ഇപ്രകാരം മറുപടി എഴുതി: ഏതെങ്കിലും രാജാവിനെ സമീപിക്കുകയില്ലെന്ന് ഞാന്‍ കരാര്‍ ചെയ്തിരിക്കുന്നു; പത്തുവര്‍ഷമായി ഇതനുസരിച്ച് പ്രവര്‍ത്തിച്ചുവരികയാണ് ഞാന്‍. സുല്‍ഥാന്‍ മലിക് ശാഹ് എന്നെ ക്ഷണിക്കാറുണ്ടായിരുന്നില്ല. ഇപ്പോള്‍ രാജസദസ്സില്‍ വരാന്‍ എനിക്കിതാ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നു. അങ്ങനെ നിര്‍ബന്ധിതാവസ്ഥയില്‍ ഞാനിതാ വരുന്നു.
ഇമാം ദര്‍ബാറിലെത്തിയപ്പോള്‍ സുല്‍ഥാന്‍ അദ്ദേഹത്തെ സ്വീകരിക്കുകയും തന്റെ പാര്‍ശ്വത്തിലായി ഇരിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം വിവിധ കാര്യങ്ങളെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്തു. പിരിഞ്ഞുപോരുമ്പോള്‍ ഇമാം സുല്‍ഥാനോട് പറഞ്ഞു: പീഡനങ്ങളാലും സല്‍ഭരണത്തിന്റെ അഭാവത്താലും ഥൂസിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. ഇപ്പോള്‍ തണുപ്പും ക്ഷാമവും കൂടിയായപ്പോള്‍ അവര്‍ ആകെ വാടിത്തളര്‍ന്നിരിക്കയാണ്. നിങ്ങള്‍ അവരോട് കരുണ ചെയ്യും. പക്ഷേ, ഇന്ന് ഥൂസിന്റെ അവസ്ഥയോ! ജനങ്ങളുടെ പിരടികള്‍ വിഷമത്താല്‍ പൊട്ടിയിരിക്കുന്നു; നിങ്ങളുടെ കുതിരകളുടെ പിരടികള്‍ ആഭരണ ഭാരത്താലും പൊട്ടിയിരിക്കുകയാണ്!!
ബഗ്ദാദിലെ മദ്‌റസാ നിസാമിയ്യയുടെ സ്വദ്ര്‍ മുദര്‍രിസായി സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുല്‍ഥാന്‍ സന്‍ജറിന്റെ മന്ത്രി മുഹമ്മദുബ്‌നു ഫഖ്‌റ ഇമാം ഗസ്സാലി(റ)ക്കൊരു കത്തെഴുതി. ബഗ്ദാദിലെ ഖലീഫ മുസ്തള്ഹിര്‍ ബില്ലാഹിയുടെയും മറ്റും നിര്‍ദേശമനുസരിച്ചായിരുന്നു ഈ ക്ഷണം. ഇമാം ഗസ്സാലി(റ) ഈ ക്ഷണക്കത്തിന് സുദീര്‍ഘമായൊരു മറുപടി എഴുതി. തനിക്ക് ബഗ്ദാദില്‍ വരാന്‍ പറ്റാത്തതിനുള്ള കാരണങ്ങള്‍ അതില്‍ വിവരിച്ചത് ഇപ്രകാരമായിരുന്നു:
1) ഞാന്‍ ബഗ്ദാദില്‍ വരുന്നതോടെ എന്റെ ദര്‍സില്‍ പഠിക്കുന്ന 150 വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകും. 2) ഞാന്‍ വാഗ്വാദങ്ങളോ വാദപ്രതിവാദങ്ങളോ നടത്തുകയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ബഗ്ദാദില്‍ അതെല്ലാം അനിവാര്യമായിവരും. 3) ബഗ്ദാദില്‍ ഇടക്കിടെ രാജദര്‍ബാറുകളില്‍ ഹാജറാകേണ്ടതായിവരും; അതും സാധ്യമല്ലെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു. 4) ഞാന്‍ അധ്യാപനത്തിന് ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൈപ്പറ്റാറില്ല; ബഗ്ദാദില്‍ അത് സ്വീകരിക്കേണ്ടതായിവരും. കാരണം, അവിടെ എനിക്ക് ഭൂസ്വത്തുക്കളോ മറ്റു വരുമാനമാര്‍ഗങ്ങളോ ഒന്നുമില്ല.
സ്വഹാബികളും ഉത്തമ നൂറ്റാണ്ടുകളിലെ പ്രസിദ്ധരായ പണ്ഡിതരും മതാധ്യാപനത്തിന് ഗവണ്‍മെന്റ് ശമ്പളം കൈപ്പറ്റിയിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇപ്രകാരം എഴുതി:
'സ്വഹാബത്തിന്റെ കാലത്തും തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും ബൈത്തുല്‍മാലിലെ പണം ഹലാലായിരുന്നു. അതിലുപരി അന്ന് ഭരണാധികാരികളെയും ഉമറാഇനെയും തൃപ്തിപ്പെടുത്തേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ (ഹിജ്‌റ 5-ാം നൂറ്റാണ്ട്) സ്ഥിതി അതല്ല. ഇന്ന് ശമ്പളം പറ്റണമെങ്കില്‍ ദര്‍ബാറില്‍ പോകണം; രാജാവിനെ പ്രശംസിക്കണം; എല്ലാ നിലയിലും രാജാവിനെ പിന്തുണക്കുകയും സഹായിക്കുകയും അയാളുടെ ന്യൂനതകള്‍ മറച്ചുവെക്കുകയും വേണം. ഇങ്ങനെ പല അനര്‍ഥങ്ങളും വന്നുചേരുന്നുണ്ട്. ഈ പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാതിരുന്നാല്‍ രാജാവ് ഒരു ചില്ലിക്കാശുപോലും തരില്ല.' ഇമാം ഗസ്സാലി(റ)യുടെ ഈ കത്ത് ലഭിച്ചപ്പോള്‍ ഭരണകൂടം അവരുടെ പരിപാടി വേണ്ടെന്നുവെച്ചു.
ഭരണാധികാരികള്‍ക്ക് നിര്‍ദേശോപദേശങ്ങള്‍ നല്‍കുന്നതില്‍ മഹാനവര്‍കള്‍ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല. നിഷ്‌കളങ്കമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം സത്യവും യാഥാര്‍ഥ്യവും തുറന്നുപറഞ്ഞതിനാല്‍ പലവിധ വിഷമങ്ങളും സഹിച്ചിട്ടുണ്ട്. ഊരിയ വാളുകളും തിളങ്ങുന്ന കുന്തങ്ങളും ഒന്നും ആ മഹാനുഭാവനെ പിന്തിരിപ്പിച്ചില്ല.
ഒരിക്കല്‍ അദ്ദേഹം സുല്‍ഥാന്‍ സന്‍ജറിന്റെ സഹോദരന്‍ മുഹമ്മദുബ്‌നു മലിക് ശായ്ക്ക് 'നസ്വീഹത്തുല്‍ മുലൂക്' എന്ന ശീര്‍ഷകത്തില്‍ ഒരു കത്തെഴുതി. അതിലെ ചില പ്രധാനവരികള്‍ ശ്രദ്ധിക്കുക: 'വന്ദ്യരായ സുല്‍ഥാന്‍! നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് തുടങ്ങി അല്ലാഹുവുമായുള്ള കടപ്പാടുകളില്‍ വല്ല വീഴ്ചകളും വന്നിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ അല്ലാഹു അത് പൊറുത്തേക്കാം; എന്നാല്‍ ജനങ്ങളുമായുള്ള കടപ്പാടുകള്‍ അങ്ങനെയല്ല. ഓ, സുല്‍ഥാന്‍, ചിന്തിക്കുക! മഹാനായ ഉമര്‍(റ) വളരെയധികം നീതിയും നിഷ്പക്ഷതയും സൂക്ഷ്മതയും പാലിച്ചിട്ടുകൂടി അന്ത്യനാളിനെക്കുറിച്ച് എത്രത്തോളം ഭയപ്പെട്ടിരുന്നു... എന്നാല്‍ നിന്റെ സ്ഥിതിയെന്താണ്? നിന്റെ പ്രജകളെക്കുറിച്ച് നീ ചിന്തിക്കാറുണ്ടോ? അക്രമത്തില്‍ നിന്നും അനീതിയില്‍ നിന്നും നീ മാത്രം അകന്നുനിന്നാല്‍ പോരാ. നിന്റെ ഭൃത്യരും സേവകരും പരിചാരകരും ഉദ്യോഗസ്ഥരും ആരെയും ഒരുവിധത്തിലും അക്രമിക്കാന്‍ പാടില്ല. ഓ സുല്‍ഥാന്‍! നീ ഒരു കാര്യം മറ്റൊരാളെ ചെയ്യാന്‍ പോകുന്നതിനുമുമ്പായി, ആ കാര്യം അവന്‍ നിന്നെ ചെയ്താലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണം. നിനക്ക് സ്വീകാര്യമല്ലാത്തൊരു കാര്യം മറ്റൊരാളില്‍ നീ അടിച്ചേല്‍പിക്കുകയാണോ?'
ഇമാമവര്‍കള്‍ സുല്‍ഥാന് മാത്രമല്ല, മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇത്തരം നിര്‍ദേശങ്ങളടങ്ങിയ കത്തുകള്‍ അയക്കാറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല.
രാജാക്കളോടും ഉമറാഇനോടും സല്‍കര്‍മം കൊണ്ട് കല്‍പിക്കുക എന്ന ശീര്‍ഷകത്തിലായി അദ്ദേഹം തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഒരു അധ്യായം തന്നെ വെച്ചിട്ടുണ്ട്. അതില്‍ സുല്‍ഥാന്മാരെയും ഉമറാഇനെയും ഉപേദശിക്കാനായി എല്ലാ പണ്ഡിതരോടും ആഹ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹം എഴുതുന്നു: സുല്‍ഥാനെ ഉപദേശിക്കുന്നതിനാല്‍ നാട്ടില്‍ കുഴപ്പമുണ്ടാകുമെങ്കില്‍ അത് പാടില്ലാത്തതാണ്. സ്വജീവനും സ്വത്തിനും മാത്രമേ ഇതുകൊണ്ട് അപായം വരൂ എങ്കില്‍ ഇത് ജാഇസാണെന്നു മാത്രമല്ല, നല്ലതുകൂടിയാണ്. മുന്‍ഗാമികള്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തിപ്പോലും സുല്‍ഥാന്മാരുടെയും മറ്റും മുന്നില്‍ സ്വതന്ത്രമായി സംസാരിക്കുകയും അവരെ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് തടയുകയും ചെയ്തിരുന്നു.

Monday, May 28, 2012

ഇമാം റാസി


    മധ്യകാല ലോകത്തിന്റെ സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞ ധിഷണാശാലിയായിരുന്നു റാസി. അബൂബക്ര്‍ മുഹമ്മദ് ബിന്‍ സകരിയ്യ അര്‍റാസി എന്നു ശരിയായ നാമം. 865 ല്‍ ജനിച്ചു. ആധുനിക ടെഹ്‌റാനിനടുത്ത റയ്യിലായിരുന്നു ജീവിതം. പാശ്ചാത്യര്‍ റാസെസ് എന്നു വിളിച്ച അദ്ദേഹം മുസ്‌ലിം ലോകം ദര്‍ശിച്ച ഏറ്റവും വലിയ വൈദ്യശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നു. മത ഭൗതിക വിജ്ഞാനീയങ്ങളുടെ അല്‍ഭുതകരമായ സമന്വയം ആ ജീവിതത്തിന്റെ അസാധാരണമായ ഒരനുഭൂതിയായിരുന്നു. ഇന്നും വിശ്വാസികളുടെ മനസ്സാന്തരങ്ങളിലെന്നപോലെ ശാസ്ത്രകാരന്റെ നിഘണ്ടുവിലും ആ നാമം ജ്വലിച്ചു നില്‍ക്കുന്നു.
    അറിയപ്പെട്ട ഗണിതജ്ഞനും ഫിലോസഫറുമായിരുന്നിട്ടും സംഗീതത്തോടായിരുന്നു താല്‍പര്യം. ആധുനിക ഗിത്താറിന്റെ അനുരൂപമായ പുല്ലാങ്കുഴല്‍ വായിക്കാന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. പീന്നീട് സ്വര്‍ണ വ്യാപാരിയും കാഷ് ക്രയവിക്രയ മേധാവിയുമായി പ്രവര്‍ത്തിച്ചു.
    തന്റെ നാല്‍പതാം വയസ്സോടെയാണ് റാസി ഔദ്യോഗികമായി വൈദ്യശാസ്ത്ര പഠനങ്ങളിലേക്കു കടക്കുന്നത്. ഇതിന് പ്രധാനമായും പറയപ്പെടുന്ന ഒരു കാരണമുണ്ട്. രസതന്ത്രജ്ഞനായി കഴിഞ്ഞു കൂടുന്ന കാലത്ത് തന്റെ കണ്ണിനേറ്റ പരിക്ക് കാഴ്ചയെത്തന്നെ സാരമായി ബാധിക്കുകയുണ്ടായി. ഇത് അദ്ദേഹത്തെ രോഗവിപാടന ശാസ്ത്രം (രൗൃമശേ്‌ല രെശലിരല) പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് സുപ്രസിദ്ധ ഫിസിഷ്യനും ഫിര്‍ദൗസുത്ത്വബ്‌രി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവുമായ അലിയ്യുത്ത്വബ്‌രിയെ അദ്ദേഹം സമീപിക്കുന്നത്. അവിടെ നിന്നു ലഭിച്ചു തുടങ്ങിയ ജ്ഞാനപ്രവാഹം റാസിയുടെ ഭാവി ഭാഗധേയം നിര്‍ണയിക്കുകയായിരുന്നു. യവന ദാര്‍ശനികരുമായി ആശയപരമായി സാമ്യതയുണ്ടായിരുന്നുവെങ്കിലും തനിമയാര്‍ന്ന സമീപനങ്ങള്‍തന്നെയാണ് അദ്ദേഹത്തെ ഏറെ വ്യതിരിക്തനാക്കുന്നത്.
    അന്നത്തെ പുസ്തക ലഭ്യതയും സാഹചര്യങ്ങളും വെച്ചുനോക്കുമ്പോള്‍ ഗ്രീക്ക് ജ്ഞാനികളായ പ്ലാറ്റോ, അരിസ്റ്റോട്ടില്‍, ഹിപ്പോക്രാറ്റസ്, ഗാലന്‍, പ്ലൂട്ടാര്‍ക്ക്, ഒറിബസിയസ് തുടങ്ങിയവര്‍ ഏറെ വായിക്കപ്പെട്ടിരുന്നു. അന്ധമായി അനുകരിക്കുന്നതിനു പകരം റാസിയെ സംബന്ധിച്ചിടത്തോളം ഇവിടെ നിരൂപണത്തിന്റെ ആവശ്യകത നിഴലിച്ചു നില്‍ക്കുണ്ട്. അദ്ദേഹത്തിന്റെ അതു തന്നെ കാഴ്ച വെച്ചു. യവന പഠനങ്ങളിലും ഗ്രന്ഥങ്ങളിലും പിണഞ്ഞ അനേകായിരം തെറ്റുകളും അബദ്ധ സങ്കല്‍പങ്ങളും നിര്‍ദ്ധാരണം ചെയ്യുന്നതോടൊപ്പം തല്‍സ്ഥാനത്ത് വസ്തുതകള്‍ എഴുതിച്ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
    അതുല്യ ജ്ഞാന വൈഭവത്തോടെ വേറിട്ടു നിന്ന റാസിയുടെ പ്രശസ്തി വളരെ വേഗത്തില്‍ പടര്‍ന്നു പന്തലിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തെ തേടി ആളുകള്‍ ഒഴുകിയെത്തി. ഇക്കാലത്ത് റയ്യിലെ കൊട്ടാര വൈദ്യനായി അദ്ദേഹം നിയമിക്കപ്പെട്ടു. അന്നവിടെ ഗവര്‍ണറായിരുന്നത് മന്‍സൂര്‍ ബിന്‍ ഇസ്ഹാഖെന്ന രാഷ്ട്ര മീമാംസകനാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം റാസിയെ പലനിലക്കും സഹായിച്ചു. അങ്ങനെയാണ് തന്റെ വിഖ്യാത രചനകളായ കിത്താബുല്‍ മന്‍സൂരിയും കിത്താബു ത്ത്വിബ്ബില്‍ റൈഹാനിയും ജന്മമെടുക്കുന്നത്.
    ബാഗ്ദാദായിരുന്നു റാസിയുടെ അറിവ് പരിപോഷണ കേന്ദ്രം. അബ്ബാസി ഭരണാധികാരി മുക്തഫിയുടെ കാലമായിരുന്നു ഇത്. അദ്ദേഹം റാസിയെ ഹാര്‍ദ്ദവമായി സ്വീകരിക്കുകയും തന്റെ രാഷ്ട്ര വികസന പ്രവര്‍ത്തനങ്ങളില്‍ കൂടെക്കൂട്ടുകയും ചെയ്തു. നാട്ടിലൊരു സമുന്നത ഹോസ്പിറ്റല്‍ നിര്‍മിക്കുകയെന്നത് അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. റാസിയെ ലഭിച്ചതോടെ അതിന്റെ ചുമതല അദ്ദേഹം റാസിയെ ഏല്‍പിച്ചു. റാസി അത് ഏറ്റെടുത്തു. ആദ്യമായി ഹോസ്പിറ്റല്‍ നിര്‍മാണത്തിന് സ്ഥല നിര്‍ണയം നടത്തി. ഇതിന് അദ്ദേഹം സ്വീകരിച്ച നിരീക്ഷണ ശൈലി യൂറോപ്പിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. നാടിന്റെ നാനാ ഭാഗത്തും പച്ച മാംസ ക്കഷ്ണങ്ങള്‍ കെട്ടിത്തൂക്കിയായിരുന്നു പരീക്ഷണം. മണിക്കൂറുകള്‍ക്കു ശേഷം അവയില്‍ ഏതാണോ അവസാനമായി അഴുകുന്നത് ആ സ്ഥാനമാണ് അദ്ദേഹം ഹോസ്പിറ്റല്‍ നിര്‍മാണത്തിനായി തെരഞ്ഞെടുത്തത്. മനുഷ്യശരീരങ്ങളെ രോഗഗ്രസ്തമാക്കുന്ന ബാക്ടീരിയകള്‍ അവിടെ വളരെ കുറവാണെന്നാണ് അദ്ദേഹമിതിന് കാരണമായി പറയുന്നത്. ശേഷം, ഹോസ്പിറ്റല്‍ നിര്‍മിക്കപ്പെടുകയും ഏറെ ഖ്യാതി നേടുകയും ചെയ്തു. റാസി തന്നെയായിരുന്നു അവിടത്തെ ചീഫ് ഫിസിഷ്യന്‍. ചികിസ്തയിലെ വൈദഗ്ധ്യവും രോഗികളോടുള്ള പെരുമാറ്റ രീതിയും കൊണ്ട് അദ്ദേഹം ആരുടെയും മനസ്സ് കവര്‍ന്നിരുന്നു. പാവങ്ങളോട് അനുകമ്പയോടെ വര്‍ത്തിച്ച അദ്ദേഹം ഫീസ് ഈടാക്കാതെയാണ് ചികിത്സിച്ചിരുന്നത്. ഇക്കാലത്ത് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ ക്ലാസുകളില്‍ പങ്കെടുക്കാനായി ആളുകളെത്തി.
    ആധുനിക മെഡിക്കല്‍ കോളേജുകളോട് സാദൃശ്യമുള്ളതായിരുന്നു റാസിയുടെ ഹോസ്പിറ്റല്‍. ഒരു ഭാഗത്ത് ചികിത്സയും രോഗനിര്‍ണയവും നടക്കുമ്പോള്‍ മറുഭാഗത്ത് പഠനവും പരീക്ഷണവും നടന്നുകൊണ്ടിരുന്നു. ഏതു സമയവും എന്തിനും തയ്യാറായ ഒരു സന്നദ്ധ സേന അവിടെയുണ്ടായിരുന്നു. രോഗികളെ ചികിത്സിക്കാനും പരിചരിക്കാനുമായി റാസി അവരുടെ സഹായം ഉപയോഗപ്പെടുത്തി. അവര്‍ രോഗനിര്‍ണയം നടത്തുന്നതില്‍ തെറ്റു വന്നാല്‍ തിരുത്തി അദ്ദേഹം രോഗികളെ നേരിട്ടു ചികിത്സിച്ചു. തന്റെ പിന്‍ഗാമികളായ ഒരു പറ്റം ഡോക്ടര്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ ശ്രമത്തിന് സാധിച്ചു. ഇസ്‌ലാമിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന പോലെ രോഗിയുടെ മാനസിക നില മനസ്സിലാക്കിയായിരുന്നു അദ്ദേഹം രോഗ നിര്‍ണയം നടത്തിയിരുന്നത്. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചു.
    ചികിത്സക്കും അധ്യാനപത്തിനുമൊപ്പം ഗ്രന്ഥരചനയിലും റാസി നല്ലപോലെ ശ്രദ്ധപതിപ്പിച്ചു. ശാസ്ത്രത്തിന്റെ പല മേഖലകളിലായി 250 ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിലുള്ള നാല്‍പതോളം ഗ്രന്ഥങ്ങള്‍ ഇന്നും ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിപ്പുണ്ടത്രെ.
    കിത്താബുത്ത്വിബ്ബില്‍ മന്‍സൂരി എന്ന ബൃഹത്തയ രചന വൈദ്യശാസ്ത്രത്തിലെ സര്‍വ്വ വിജ്ഞാന കോശമാണ്. പത്തോളം വോള്യങ്ങളുള്ള ഇത് യഥാക്രമം ശരീരശാസ്ത്രം, പരിസ്ഥിതി, ഒറ്റമൂലികള്‍, ആരോഗ്യപരിരക്ഷണം, ത്വക്ക് രോഗങ്ങള്‍, ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ജെറാള്‍ഡ് ക്രമോണ ലാറ്റിന്‍ ഭാഷയിലേക്ക് ഇത് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കിത്തബുത്ത്വിബ്ബുര്‍റൂഹാനി ആരോഗ്യശാസ്ത്രത്തെ കൈകാര്യം ചെയ്യുന്ന രചനയാണ്. ഇതിലെ ഇരുപത് അധ്യായങ്ങളും ശരീരശാസ്ത്രത്തിന്റെ വിവിധ വശങ്ങളിലൂടെ കടന്നുപോകുന്നു. ഇന്നും വൈദ്യലോകത്ത് അണയാതെ നില്‍ക്കുന്ന നാമമാണ് ഇമാം റാസി.

അബൂ ഉബൈദ ബിന്‍ ജര്‍റാഹ് (റ)


    പ്രമുഖ സ്വഹാബി വര്യന്‍. അബൂ ഉബൈദ ആമിര്‍ ബിന്‍ അബ്ദില്ല ബിന്‍ ജര്‍റാഹ് എന്ന് പൂര്‍ണ നാമം. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തില്‍ ഒരാള്‍. അമീനുല്‍ ഉമ്മ (സമുദായത്തിന്റെ സൂക്ഷിപ്പുകാരന്‍) എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചു. പ്രവാചകന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച വ്യക്തികള്‍ ആരെന്നു ചോദിക്കപ്പെട്ടപ്പോള്‍ ആയിശ (റ) എണ്ണിയ മൂന്നു പേരില്‍ ഒരാള്‍. അബൂബക്ര്‍ (റ) വും ഉമര്‍ (റ) വുമായിരുന്നു മറ്റു രണ്ടു പേര്‍.
    ആദ്യകാലം മുതല്‍ പ്രവാചകരോടൊപ്പം ഇസ്‌ലാമില്‍ ഉറച്ചുനിന്നു. അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി. പ്രവാചകരോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. പല സരിയ്യത്തുകളുടെയും നായക സ്ഥാനം വഹിച്ചു. ബദര്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തുണ്ടായിരുന്ന പിതാവുമായി ഏറ്റുമുട്ടുകയും വധിക്കുകയും ചെയ്തു. ശേഷം, പ്രവാചക സവിധം വന്നു സലാം പറഞ്ഞു. പ്രവാചകന്‍ സലാം മടക്കിയില്ല. താമസിയാതെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ശരിവെച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ സ്വന്തം മാതാപിതാക്കള്‍ ആയാല്‍ പോലും അവരോട് യുദ്ധം ചെയ്യാമെന്ന വിധിയുണ്ടായി.  അതോടെ പ്രവാചകന്‍ സലാം മടക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ശരിവെച്ചു. ഇസ്‌ലാമിന്റെ വഴിയില്‍ ഒരാളെയും പേടിക്കാത്ത ധീര വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകരുടെ മുഖത്ത് തറച്ച വട്ടക്കണ്ണികള്‍ കടിച്ചൂരിയാത് അദ്ദേഹമായിരുന്നു.
    യുദ്ധതന്ത്രങ്ങളില്‍ പിടിപാടുള്ള ആളായിരുന്നു അബൂ ഉബൈദ (റ). അതുകൊണ്ടുതന്നെ, പല യുദ്ധങ്ങളിലും പ്രവാചകന്‍ അദ്ദേഹത്തെ പ്രധാന പദവി നല്‍കി അയച്ചിരുന്നു. സരിയ്യത്തു സൈഫുല്‍ ബഹ്ര്‍ ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ യാത്രാവേളയില്‍ അവര്‍ ഭക്ഷണം കിട്ടാതെ വിഷമിച്ചു. അവര്‍ കടലിനടുത്തെത്തി. അല്‍ഭുതമെന്നോണം തിരമാലയില്‍ ഒരു വന്‍ മത്സ്യം കരക്കണഞ്ഞു. പതിനെട്ടു ദിവസത്തോളം അവരത് സുഭിക്ഷമായി ഭക്ഷിച്ചു.
    അദ്ദേഹത്തിന്റെ മഹത്വവും സ്ഥാനവും ശരിക്കും മനസ്സിലാക്കിയ ഒരാളായിരുന്നു ഉമര്‍ (റ). താന്‍ വഫാത്താവാനടുത്തപ്പോള്‍ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനായി പ്രഗല്‍ഭരായ ആറംഗസംഘത്തെ ചുമതലപ്പെടുത്തിയപ്പോള്‍ കൂട്ടത്തില്‍ അബൂ ഉബൈദയുമുണ്ടായിരുന്നു. വര്‍ദ്ധിച്ച ആരാധനയിലും ഭൗതിക പരിത്യാഗത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഉമര്‍ (റ) വിന്റെ കാലം. ശാമിലെ ഗവര്‍ണറായി സേവനം ചെയ്യുന്ന സമയം. ഒരിക്കല്‍ ഉമര്‍ (റ) അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു. യുദ്ധം ചെയ്യാനുള്ള വാളും പരിചയും വാഹനവുമല്ലാതെ അവിടെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇതു കണ്ട ഖലീഫ വ്യസനിക്കുകയും മറ്റൊന്നുമില്ലേയെന്നു അന്വേഷിക്കുകയും ചെയ്തു. ഇതുതന്നെ എത്രയോ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരിച്ചുപോയ ഉമര്‍ (റ) ഭൃത്യനടുത്ത് നാന്നൂറ് ദീനാര്‍ കൊടുത്തയച്ചു. അദ്ദേഹം വന്ന് അത് അബൂ ഉബൈദക്കു കൈമാറി. അബൂ ഉബൈദ അത് സ്വീകരിക്കുകയും അഞ്ചും പത്തുമായി പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. സ്വന്തത്തിനായി യാതൊന്നും ബാക്കിവെച്ചില്ല.
    ഹിജ്‌റ വര്‍ഷം പതിനെട്ട്. ഉമര്‍ (റ) അബൂഉബൈദയുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ ജോര്‍ദാനിലേക്കു പറഞ്ഞയച്ചു. സൈന്യം അവിടെ എത്തിയപ്പോള്‍ നാട്ടിലാകെ പ്ലാഗ് പര്‍ന്നുപിടിച്ച നേരമായിരുന്നു. വിവരമറിഞ്ഞ ഉമര്‍ (റ) അദ്ദേഹത്തോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ട് കത്തെഴുതി. പക്ഷെ, രോഗം പിടിച്ച് മരിക്കുന്നത് രക്ഷസാക്ഷിത്വത്തിന് തുല്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം തിരിച്ചുവരാന്‍ തയ്യാറായില്ല. താനിപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധ വഴിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതു കേട്ട ഉമര്‍ (റ) കരഞ്ഞുപോയി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചന്വേഷിച്ചപ്പോള്‍ വളരെ മോശമാണെന്നു വിവരം ലഭിച്ചു. താമസിയാതെ ഉമര്‍ (റ) അദ്ദേഹത്തെ തിരിച്ചു വിളിച്ചുകൊണ്ട് വീണ്ടും കത്തെഴുതി.  അമീറുല്‍ മുഅ്മിനീന്റെ ആവശ്യം പരിഗണിച്ച് അദ്ദേഹം തിരികെ യാത്രയാരംഭിച്ചു. താമസിയാതെ പ്ലാഗിന്റെ പിടിയിലകപ്പെടുകയും സൈനിക ചുമതല മുആദ് ബിന്‍ ജബല്‍ (റ) വിനെ ഏല്‍പിക്കുകയും ചെയ്തു. ശാമിലെ ബൈസാന്‍ എന്ന പ്രദേശത്തെത്തിയപ്പോള്‍ അദ്ദേഹം മരണപ്പെട്ടു. മുആദ് ബിന്‍ ജബല്‍ (റ) നിസ്‌കാരത്തിന് നേതൃത്വം നല്‍കി. അദ്ദേഹത്തിന് 58 വയസ്സുണ്ടായിരുന്നു. പ്രവാചകരില്‍നിന്നും പതിനാലോളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Sunday, May 27, 2012

അല്‍ബിറൂനി


    മധ്യകാലത്ത് പ്രകൃതി ശാസ്ത്രരംഗത്ത് വന്‍ സംഭാവനകള്‍ നല്‍കിയ മുസ്‌ലിം ശാസ്ത്ര വിശാരദനാണ് അല്‍ബിറൂനി. മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബിറൂനി എന്നു പൂര്‍ണ നാമം. 973 ല്‍ അഫ്ഗാനിലെ ഖവാറസ്മിനടുത്ത് ജനിച്ചു. ഗണിതശാസ്ത്രം, ഗോളശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ നല്ല കഴിവുണ്ടായിരുന്ന അദ്ദേഹം അതില്‍ അനവധി ഗ്രന്ഥ രചനകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ, തുര്‍ക്കി, സിറിയക്, ഹിബ്രു, സംസ്‌കൃതം, അറബി തുടങ്ങിയ ഭാഷകളിലും അദ്ദേഹം വ്യുല്‍പത്തി നേടിയിരുന്നു. പക്ഷെ, ഇസ്‌ലാമിക നാഗരികതയുടെ വളര്‍ച്ചാ ഘട്ടത്തില്‍ അനിവാര്യതയായി മാറിയ ഗ്രീക്ക് ഭാഷയില്‍ കഴിവുണ്ടായിരുന്നില്ല.
    ഗോളശാസ്ത്രത്തില്‍ പാശ്ചാത്യലോകത്തെ പോലും അമ്പരപ്പിച്ച അനവധി നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അല്‍ബിറൂനി. 1030 ല്‍ രചിക്കപ്പെട്ട ഖാനൂനുല്‍ മസ്ഊദി ഫില്‍ ഹൈഅത്തി വന്നുജൂം എന്ന ഗ്രന്ഥം ഈ മേഖലയിലെ അദ്ദേഹത്തിന്റെ അതി മഹത്തായ സംഭാവനയാണ്. അന്നത്തെ ഭരണാധികാരി അല്‍ മസ്ഊദിക്കാണ് ഈ കൃതി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വാനലോകത്തെ അതിഗഹനമായി പഠനവിധേയമാക്കുന്ന ഈ കൃതി യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍വരെ പഠിപ്പിക്കപ്പെട്ടിരുന്നു.
    മഹ്മൂദ് ഗസ്‌നി ഇന്ത്യ കീഴടക്കിയപ്പോള്‍ ഇന്ത്യ സന്ദര്‍ശിച്ച മഹാന്മാരില്‍ ഒരാളായിരുന്നു അല്‍ ബിറൂനി. ഇവിടെനിന്നും ഹൈന്ദവ ദര്‍ശനങ്ങളില്‍ അവഗാഹം നേടിയ അദ്ദേഹം ഇവിടത്തെ തന്റെ അനുഭവങ്ങളും പഠനങ്ങളും സമാഹരിച്ച് അല്‍ ഹിന്ദ് എന്ന പേരില്‍ ഒരു ഗ്രന്ഥമെഴുതി. ഹൈന്ദവ വിശ്വാസങ്ങളും അനുവര്‍ത്തന-അനുഷ്ഠാന മുറകളും സവിശദം പ്രതിപാദിക്കുന്ന ഈ കൃതിയില്‍ ഇന്ത്യ, പാക്കിസ്താന്‍ പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര വിശേഷങ്ങള്‍ അതീവ സൂക്ഷ്മമായിതന്നെ വിവരിക്കുന്നുണ്ട്. അനവധി പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇതിന്റെ രചന പൂര്‍ത്തിയാക്കിയിരുന്നത്.
    പ്രകൃതിയെ വല്ലാതെ സ്‌നേഹിച്ച അല്‍ബിറൂനി ഒരു നാച്വറല്‍ സയന്റിസ്റ്റ് കൂടിയായിരുന്നു. പ്രകൃതി നിരീക്ഷണത്തില്‍ ആനന്ദം കണ്ടെത്തിയ അദ്ദേഹം പല വിധ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും പഠനം നടത്തി.  ആകാശ രാശികളെ കുറിക്കുന്ന രാശി ചിത്രപ്രഭയും വേലിയേറ്റ-വേലിയിറക്ക സംബന്ധമായ മാറ്റങ്ങളും അദ്ദേഹം പഠിച്ചു. വസന്ത കാലങ്ങളില്‍ ജലാശയങ്ങളിലെ വെള്ളം വര്‍ദ്ധിക്കുന്നതിന്റെ കാരണവും അദ്ദേഹത്തിന്റെ നിരീക്ഷണ വിഷയമായിരുന്നു. കൂടാതെ, സിന്ധുനദീതടം ആദ്യം സമുദ്രത്തിന്റെ ഭാഗമായിരുന്നുവെന്നും ക്രമേണ ജലപ്രവാഹം ദിശമാറി തീരം ജന്മമെടുത്തതാണെന്നും അദ്ദേഹം തെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ത്ഥിച്ചു. ചോദ്യോത്തര ശൈലിയില്‍ രചിക്കപ്പെട്ട തന്റെ കിത്താബുത്തഫ്ഹീം ലി അവാഇലി സ്സ്വിനാഅത്തി ത്തന്‍ജീം എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം ഇത്തരം ആശയങ്ങള്‍ പുറത്തു വിടുന്നത്.
    ഊര്‍ജതന്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയവയായിരുന്നു അല്‍ബിറൂനിയുടെ പഠനങ്ങളും ചിന്തകളും കടന്നുപോയ മറ്റു മേഖലകള്‍. ഈ വിഷയങ്ങളിലും അദ്ദേഹത്തിന്റെ രചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ പല സ്ഥലങ്ങളിലൂടെ അദ്ദേഹം നടത്തിയ പഠന യാത്രകളായിരുന്നു ഇവക്കെല്ലാം സ്രോതസുകളായി വര്‍ത്തിച്ചിരുന്നത്. ധാതുഖനന സംബന്ധമായും അദ്ദേഹം രചനകള്‍ നടത്തി. ഒരേ സമസയം വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ അഗാധമായ ജ്ഞാനമുള്ള പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഭൂമി സ്വയം അച്ചുതണ്ടില്‍ കറങ്ങുന്നിനെക്കുറിച്ചും ഭൂമിയുടെ അക്ഷാംശ-രേഖാംശങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പഠനങ്ങള്‍ വളരെ കൃത്യമായിതന്നെ വിവരം നല്‍കുന്നുണ്ട്.
    അല്‍ ഖാസിനീസ് മീസാനുല്‍ ഹികം എന്ന കൃതിയിലൂടെ പല വിധ ലോഹങ്ങളെക്കുറിച്ചും പ്രകൃതിയിലെ രത്‌നങ്ങളെക്കുറിച്ചും വിവരം നല്‍കുന്നു. വര്‍ഷങ്ങളോളം ഇന്ത്യയില്‍ തങ്ങി പഠനം നടത്തിയ അദ്ദേഹം ഒരു ശാസ്ത്ര കാരന്‍ എന്നതിലുപരി ഒരു പണ്ഡിതനും പണ്ഡിതസ്‌നേഹിയും തികഞ്ഞ ഭക്തനുമായിരുന്നു. വിവിധ മേഖലകളിലായി 120 ലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അല്‍ അമലു ബില്‍ അസ്തുര്‍ലാബ്, മഫാതീഹു ഇല്‍മില്‍ ഹൈഅ, അദ്ദസ്തൂര്‍ തുടങ്ങിയവ സുപ്രധാനമായ ചില രചനകളാണ്.
    ഡോ. സാര്‍ട്ടണ്‍ന്റെ ഭാഷയില്‍ ഗവേഷകനും ദാര്‍ശനികനും ഗണിതജ്ഞനും ഭൂമിശാസ്ത്രജ്ഞനുമായിരുന്നു അല്‍ ബിറൂനി. മുസ്‌ലിം പണ്ഡിത നിരയില്‍ സമ്മുന്നതമായ ഒരു സ്ഥാനം തന്നെ അദ്ദേഹം അലങ്കരിക്കുന്നു.
   

അലി ബിന്‍ അബീ ഥാലിബ് (റ)


    ഇസ്‌ലാമിന്റെ നാലാം ഖലീഫയും പ്രവാചക പുത്രി ഫാഥിമയുടെ പ്രിയ ഭര്‍ത്താവുമാണ് അലി (റ).  നുബുവ്വത്തിന്റെ പത്തു വര്‍ഷം മുമ്പ് ബനൂ ഹാശിം കുടുംബത്തില്‍ ജനിച്ചു. പിതാവ് പ്രവാചക പിതൃവ്യനായ അബൂ ഥാലിബ്. മാതാവ് ഫാഥിമ ബിന്‍തു അസദ്. അബുല്‍ ഹസന്‍ അബൂ തുറാബ് എന്നീ പേരുകളിലാണ് വിളിക്കപ്പെട്ടിരുന്നത്. ഹൈദര്‍, അസദുല്ല തുടങ്ങിയവയായിരുന്നു സ്ഥാനപ്പേരുകള്‍. പ്രവാചകരുടെ വീട്ടിലായിരുന്നു ചെറുപ്പകാല ജീവിതം. കുട്ടികളില്‍ നിന്നും ആദ്യമായി ഇസ്‌ലാംമതം വിശ്വസിച്ചു. പ്രവാചകരോട് അടുത്ത ബന്ധം നിലനിര്‍ത്തുകയും ഇസ്‌ലാമിന്റെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്തു.
    പ്രവാചകന്‍ മദീനയിലേക്കു ഹിജ്‌റ പോകാന്‍ ഉദ്ദേശിച്ച നേരം. ശത്രുക്കള്‍ വീട് വളഞ്ഞപ്പോള്‍ അലി(റ) നെ സ്വന്തം വിരിപ്പില്‍ കിടത്തിയായിരുന്നു പ്രവാചകന്‍ രക്ഷപ്പെട്ടിരുന്നത്. ഹിജ്‌റാ വേളയില്‍ പ്രവാചകരുടെ അടുത്തുണ്ടായിരുന്ന സൂക്ഷിപ്പുമുതലുകള്‍ അതിന്റെ അവകാശികളിലേക്കു തിരിച്ചുകൊടുക്കാന്‍ ഏല്‍പിക്കപ്പെട്ടതും അദ്ദേഹം തന്നെ. പ്രവാചകന്‍ പുറപ്പെട്ടു മൂന്നു ദിവസത്തിനു ശേഷമാണ് അലി (റ) മദീനയിലെത്തുന്നത്. പ്രവാചക പുത്രി ഫാഥിമയെ വിവാഹം കഴിച്ചു. പ്രവാചകരുടെ ഇഷ്ട പേരമക്കളായ ഹസനും ഹുസൈനും ഇതില്‍ പിറന്നവരാണ്. തബൂക്ക് യുദ്ധമൊഴികെ ബാക്കി എല്ലാ യുദ്ധങ്ങളിലും പ്രവാചകരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഖൈബര്‍ യുദ്ധ ദിവസം. അല്ലാഹുവിന്റെയും റസൂലിന്റെയും തൃപ്തി സമ്പാദിച്ച ഒരു വ്യക്തിയായിരിക്കും ഇന്ന് പതാക വഹിക്കുകയെന്ന് പ്രവാചകന്‍ പ്രസ്താവിച്ചു. സ്വഹാബികള്‍ ഓരോരുത്തരും അത് തങ്ങളായിരുന്നുവെങ്കിലെന്ന് അഭിലശിച്ചു. ഒടുവില്‍ പ്രവാചകന്‍ പതാക കൈമാറിയത് അലി (റ) വിന്റെ കരങ്ങളിലായിരുന്നു. അദ്ദേഹം ഖൈബറില്‍ മുസ്‌ലിം സൈന്യത്തിന് നേതൃത്വം നല്‍കി. ഇഹലോകത്തും പരലോകത്തും അലി എന്റെ കൂട്ടുകാരനാണെന്നു പ്രവാചകന്‍ അരുളിയിട്ടുണ്ട്.
    ധീരനും ഭക്തനും പണ്ഡിതനും സാഹിത്യകാരനുമായിരുന്നു അലി (റ). പ്രവാചകരില്‍നിന്നും അനവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിശ (റ) യോട് മസ്അലകള്‍ ചോദിച്ചുവരുന്നവരോട് നിങ്ങള്‍  അലിയോട് ചോദിക്കുകയെന്നാണ് പലപ്പോഴും മഹതി പറഞ്ഞിരുന്നത്. ഞാന്‍ അറിവിന്റെ പട്ടണവും അലി അതിന്റെ കവാടവുമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
    ഉസ്മാന്‍ (റ) വിനു ശേഷം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. നീതിമാനും കാര്യബോധവുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. ഖലീഫയായി സ്ഥാനമേറ്റെടുത്തതോടെ കേന്ദ്രം മദീനയില്‍നിന്നും ഇറാഖിലേക്കു  മാറ്റി. പ്രജകളുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്ന അദ്ദേഹം അങ്ങാടികളില്‍ ഇറങ്ങി നടക്കുകയും ജനങ്ങളെ ദൈവഭക്തിയിലും അളവിലും തൂക്കത്തിലും സൂക്ഷ്മത പുലര്‍ത്തുന്നതിലും ഉപദേശിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു നല്‍കുകയും ചെയ്തു.
    എങ്കിലും, ഇക്കാലം ഭരണ മേഖല പലവിധ അഭ്യന്തര പ്രശ്‌നങ്ങള്‍ക്കും രംഗവേദിയായി. ഒരു വിഭാഗം ഉസ്മാന്‍ (റ) വിന്റെ ഘാതകരെ പിടികൂടിയിട്ടുമതി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്നു വാദിച്ചു. എന്നാല്‍, അന്തരീക്ഷം ശാന്തമായിട്ടുമതി ഘാതകരെ പിടികൂടല്‍ എന്നായിരുന്നു അലി (റ) വിന്റെ നിലപാട്. ഈ അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിക്കുകയും ജനങ്ങള്‍ രണ്ടു വിഭാഗങ്ങളായി പിരിയാന്‍ നിമിത്തമാവുകയും ചെയ്തു. ജമല്‍-സ്വിഫീന്‍ യുദ്ധങ്ങള്‍ അരങ്ങേറി. ജമല്‍ യുദ്ധത്തില്‍ അലി (റ) വിജയിച്ചു. സ്വിഫീന്‍ മദ്ധ്യസ്ഥം പറഞ്ഞ് കെട്ടടങ്ങി. എന്നാല്‍, മദ്ധ്യസ്ഥം ശരിയല്ലെന്നും അത് ഖുര്‍ആനിനെതിരാണെന്നും പറഞ്ഞ് ഒരു വിഭാഗം രഗത്തു വന്നു. അവരാണ് ഖവാരിജുകള്‍. എതിരാളികളായിരുന്ന ഖവാരിജുകള്‍ എന്നും ഭരണത്തിനെതിരെ ഭീഷണിയുയര്‍ത്തി. വീണ്ടും ഏറ്റുമുട്ടലുകള്‍ നടന്നു. അവരില്‍ പലരും വധിക്കപ്പെട്ടു. ഒടുവില്‍, ഈ എതിര്‍പ്പ് അലി (റ) വിന്റെ വധത്തില്‍ കലാശിക്കുകയായിരുന്നു. ഒരു ദിവസം സുബഹി നിസ്‌കാരത്തിനായി പോകുമ്പോള്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ മുല്‍ജിം എന്ന ഖവാരിജ് അദ്ദേഹത്തെ വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നു ദിവസത്തിനു ശേഷം അദ്ദേഹം ലോകത്തോടു വിടപറഞ്ഞു. ഹിജ്‌റ വര്‍ഷം നാല്‍പതിലായിരുന്നു ഇത്. അന്ന് അദ്ദേഹത്തിന് 65 വയസ്സുണ്ടായിരുന്നു. കൂഫയിലാണ് ഖബര്‍. നാവു വര്‍ഷവും എട്ടു മാസവും ഖലീഫയായിരുന്നു.

ഇബ്‌നു ബത്തൂത്ത



    സാമൂഹ്യശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയില്‍ ഏറെ പ്രസിദ്ധനാണ് ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്ത. 1304സഫെബ്രുവരി 25 ന് മൊറോക്കോയിലെ താന്‍ജീര്‍ പട്ടണത്തില്‍ ജനിച്ചു. ശംസുദ്ദീന്‍ അബൂ അബ്ദില്ല മുഹമ്മദ് ബിന്‍ അബ്ദില്ല എന്ന് പൂര്‍ണ നാമം.
    ചെറുപ്പകാലംമുതല്‍തന്നെ സഞ്ചാരത്തില്‍ അതീവ തല്‍പരനായിരുന്നു. നാടുകള്‍ ചുറ്റിക്കാണുന്നതിലും അവിടങ്ങളിലെ വിസ്മയങ്ങള്‍ ദര്‍ശിക്കുന്നതിലും ഭാഷകളും സംസ്‌കാരങ്ങളും പഠന വിധേയമാക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ഇരുപത്തൊന്നു വയസ്സായതോടെ ലോകസഞ്ചാരത്തെക്കുറിച്ച് ചിന്തിച്ചു. ആദ്യമായി മക്കയും മദീനയും സന്ദര്‍ശിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്തു. 1325 ജൂണ്‍ പതിമൂന്നിന് സ്വദേശമായ താന്‍ജീരില്‍നിന്ന് വാഹനം കയറുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ലോകസഞ്ചാരത്തെക്കുറിച്ച വലിയ ചിന്തകളൊന്നുമുണ്ടായിരുന്നില്ല. മക്കയിലെത്തി കര്‍മങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ചിരകാലാഭിലാശമായിരുന്ന ലോകസഞ്ചാരം ഉള്ളില്‍ ശക്തമാവുകയായിരുന്നു. അതോടെ യാത്രയാരംഭിക്കുകയും ചെയ്തു. 25 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഈ യാത്ര. ഒന്നാം ഘട്ടത്തില്‍ വടക്കെ ആഫ്രിക്ക, ഈജിപ്ത്, സിറിയ, ദമസ്‌കസ്, ഇറാഖ്, ഖൂസിസ്താന്‍, പേര്‍ഷ്യ, ജിബാല്‍, തബ്‌രീസ്, ബാഗ്ദാദ്, മൗസ്വില്‍ തുടങ്ങിയ പ്രദേശങ്ങള്‍ ചുറ്റിക്കറങ്ങി മക്കയില്‍തന്നെ തിരിച്ചെത്തി. ആരാധനകളും മറ്റുമായി മൂന്നു വര്‍ഷം അവിടെ ചെലവഴിച്ചു. ഹജ്ജും നിര്‍വഹിച്ചു.
    ജിദ്ദയില്‍ നിന്നും തുടങ്ങി ചങ്കടലിലൂടെ യമന്‍ തീരങ്ങളിലേക്കായിരുന്നു രണ്ടാം ഘട്ട യാത്ര. ഏദന്‍, സബീദ് തുടങ്ങിയ ചരിത്ര പ്രാധാന്യമേറിയ പ്രദേശങ്ങള്‍ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ചു.
    ഓരോ സ്ഥലം സന്ദര്‍ശിക്കുമ്പോഴും അതിന്റെതായ ആളുകളെ കണ്ട് കാര്യങ്ങള്‍ ചൂഴ്ന്നു മനസ്സിലാക്കി. ഭാഷ, ശൈലി, ജനസംഖ്യ, ജീവിത രീതി, മതങ്ങള്‍, സംസ്‌കാരങ്ങള്‍, വരുമാനമാര്‍ഗം, തുടങ്ങി സര്‍വതും രേഖപ്പെടുത്തി. ഇവയെല്ലാം സമാഹരിച്ച് ഒരു ഗ്രന്ഥം രചിക്കുകയെന്നതിലപ്പുറം ഇത്തരം അമൂല്യമായ വിവരങ്ങള്‍ മാലോകര്‍ക്ക് കൈമാറുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
    സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവായിരുന്നു അടുത്ത ലക്ഷ്യം. ഉടനെ യാത്ര തിരിച്ച അദ്ദേഹം പല പൂര്‍വ്വാഫ്രിക്കന്‍ വ്യാപാര കന്ദ്രങ്ങളുമായും ബന്ധം പുതുക്കി. ഒമാനിലൂടെ പേര്‍ഷ്യന്‍ ഉള്‍ക്കടലും കടന്ന് വീണ്ടും മക്കയിലേക്കു മടങ്ങി ഹജ്ജ് നിര്‍വഹിച്ചു.
    പിന്നീട്, ഈജിപ്ത്, സിറിയ, ഏഷ്യാ മൈനര്‍, ഗോള്‍ഡന്‍ ഹോര്‍ഡ് പ്രദേശങ്ങള്‍, കോണ്‍സ്റ്റാന്റ്‌നോപ്പിള്‍, തുര്‍ക്കി, ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടെനിന്നാണ് 1333 സെപ്തംബര്‍ പന്ത്രണ്ടിന് അദ്ദേഹം ഇന്ത്യയിലെത്തിയത്. അന്ന് ഇന്ത്യ ഭരിച്ചിരുന്ന മുഹമ്മദ് ബ്‌നു തുഗ്ലക്ക് അദ്ദേഹത്തെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. വര്‍ഷങ്ങളോളം ഇവിടെ തങ്ങിയ അദ്ദേഹം പിന്നീട് ചൈനയിലേക്കു പോയി. അതിനിടെ മലബാറിന്റെ ചില ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. പല കാര്യങ്ങളും പഠന വിധേയമാക്കി. യാത്രക്കിടയില്‍ കപ്പല്‍ തകര്‍ന്നതു കാരണം അദ്ദേഹത്തിന് പല കൂട്ടാളികളെയും നഷ്ടമായി.
    കരയിലായിരുന്നതു കൊണ്ട് രക്ഷപ്പെട്ട ഇബ്‌നു ബത്തൂത്ത കോഴിക്കോട് സന്ദര്‍ശിച്ചു. അവിടെനിന്നും മാലദ്വീപിലേക്കു പോയി. തുടര്‍ന്ന് പലയിടങ്ങളിലും കറങ്ങി ഒടുവില്‍ ചൈനയിലെത്തി. അവിടെനിന്ന് വീണ്ടും മക്കയിലേക്കു തിരിച്ചു. പിന്നീട്, നാട്ടിലേക്കു പുറപ്പെട്ട അദ്ദേഹം സ്‌പെയിന്‍, കൊറഡോബ തുടങ്ങിയവ സന്ദര്‍ശിച്ചു. മറ്റു ചില ഭാഗങ്ങളില്‍ക്കൂടി ചുറ്റിക്കറങ്ങിയ അദ്ദേഹം ശേഷം മൊറോക്കോ ഭരണാധികാരിയായിരുന്ന അബൂ ഇനാന്റെ ആസ്ഥാന നഗരിയായ ഫാസില്‍ സ്ഥിര താമസമാക്കി. 28 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു ഇബ്‌നു ബത്തൂത്തയുടെ ലോക സഞ്ചാരം. 124000 കിലോമീറ്ററുകള്‍ സഞ്ചരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
    താന്‍ യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ സമാഹരിച്ചുകൊണ്ട് ഇബ്‌നു ബത്തൂത്ത വിശ്വവിഖ്യാതമായൊരു യാത്രാവിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്. രിഹ്‌ലതു ഇബ്‌നു ബത്തൂത്ത എന്ന പേരിലത് അറിയപ്പെടുന്നു. താന്‍ സന്ദര്‍ശിച്ച ഓരോ പ്രദേശങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്ന ഈ കൃതി ഭൂമിശാസ്ത്രത്തില്‍ അതിപ്രധാനമായൊരു സംഭാവനയാണ്. ജനങ്ങള്‍, സംസാരം, ഭാഷ, ജീവിത രീതി, തൊഴില്‍, മതം, ആരാധനകള്‍ തുടങ്ങി ഓരോ നാടിന്റെയും സര്‍വ്വ സ്പന്ദനങ്ങളും അദ്ദേഹം ഇതില്‍ വരച്ചുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പഠനങ്ങളുടെ വസ്തുനിഷ്ഠതയറിയാന്‍ കേളത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ഭാഗം മാത്രമെടുത്തു പരിശോധിച്ചാല്‍ മതി. കേരളത്തില്‍ ഏഴിമല, ശ്രീകണ്ഠാപുരം, ധര്‍മടം, വളപ്പട്ടണം, പന്തലായനി, കോഴിക്കോട്, ചാലിയം, കൊല്ലം തുടങ്ങിയ സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം വളരെ ആഴത്തില്‍തന്നെ അവയെ പ്രദിപാതിക്കുന്നുണ്ട്.

ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)


    പ്രമുഖ സ്വഹാബി വര്യനും ഇസ്‌ലാമിന്റെ മൂന്നാം ഖലീഫയുമാണ് ഇസ്മാന്‍ (റ). പിതാവ്: അഫ്ഫാന്‍. മാതാവ്: അര്‍വ. ഓമനപ്പേര് അബൂ അംറ്. സ്ഥാനപ്പേര് ദുന്നൂറൈനി. പ്രവാചക ജനനത്തിന്റെ ആറാം വര്‍ഷം  ബനൂ ഉമയ്യ ഗോത്രത്തില്‍ ഥാഇഫില്‍ ജനിച്ചു. ആദ്യകാലത്തുതന്നെ ഇസ്‌ലാമാശ്ലേഷിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. അബൂബക്ര്‍ സിദ്ദീഖ് (റ) വിന്റെ ക്ഷണപ്രകാരമാണ് ഇസ്‌ലാമില്‍ വന്നത്. ഇതുകണ്ട പിതൃവ്യന്‍ ഹകം ശക്തമായി മര്‍ദ്ധിക്കുകയും അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും ചെയ്തു. പുതിയ മതം പരിത്യജിച്ചാലല്ലാതെ സ്വതന്ത്രനാക്കില്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. പക്ഷെ, എന്തുതന്നെ സംഭവിച്ചാലും ഈ മതം കൈവെടിയുന്ന പ്രശ്‌നമില്ലെന്ന് ഉസ്മാന്‍ (റ) തുറന്നു പ്രഖ്യാപിച്ചതോടെ അദ്ദേഹം സ്വതന്ത്രനാക്കപ്പെടുകയായിരുന്നു. നബി (സ്വ) യുടെ രണ്ടു പെണ്‍കുട്ടികളെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖിയ്യ ബീവിയെയും അവരുടെ മരണത്തിനു ശേഷം ഉമ്മു കുല്‍സൂം ബീവിയെയും.  അതിനാല്‍ ദുന്നൂറൈനി എന്ന പേരില്‍ അറിയപ്പെട്ടു.
    എളിമയും ഔദാര്യവും മുഖമുദ്രയാക്കിയ വ്യക്തിയായിരുന്നു ഉസ്മാന്‍ (റ). ശാന്തത, ഭയഭക്തി, നീതിനിഷ്ഠ തുടങ്ങിയവ സവിശേഷ ഗുണങ്ങളാണ്. ബദര്‍ യുദ്ധമൊഴികെ ബാക്കിയെല്ലാ യുദ്ധങ്ങളിലും പ്രവാചകരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഭാര്യ റുഖിയ്യാ ബീവിക്ക് അസുഖമായിരുന്നതിനാല്‍ ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. യുദ്ധത്തിനു വരുന്നതിനു പകരം അവരെ ശുശ്രൂഷിക്കാന്‍ പ്രവാചകന്‍ അവരോട് കല്‍പിക്കുകയായിരുന്നു.
    ഖലീഫ ഉമറിന്റെ വിയോഗത്തിനു ശേഷം ആറോളം വരുന്ന ആലോചനാകമ്മിറ്റി അദ്ദേഹത്തെ ഇസ്‌ലാമിന്റെ മൂന്നാം ഖലീഫയായി തെരഞ്ഞെടുത്തു. സത്യത്തിലെ അടിയുറച്ച വിശ്വാസവും കൃത്യനിര്‍വഹണ ബോധവും അഹങ്കാരം തീണ്ടാത്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തെ ഇതിന് പ്രാപ്തനാക്കിയത്. പന്ത്രണ്ട് വര്‍ഷം ഭരണം നടത്തി. പേര്‍ഷ്യന്‍ സാമ്രാജ്യം, സൈപ്രസ് ദ്വീപ്, ട്രിപ്പൊളി മുതല്‍ ഡാഞ്ചര്‍ വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയവ ഇസ്‌ലാമിനു കീഴില്‍ വന്നതാണ് ഈ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. കപ്പലുകള്‍ ഉപയോഗിച്ച് ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ പ്രതിരോധമാരംഭിച്ചതും അബൂബക്ര്‍ സിദ്ദീഖ് (റ) സമാഹരിച്ച ഖുര്‍ആന്‍ കോപ്പികളാക്കി പ്രചരിപ്പിച്ചതും ഇക്കാലത്തെ മറ്റു സുപ്രധാന നേട്ടങ്ങളാണ്. ജനങ്ങള്‍ക്ക് കൃത്യമായി നിസ്‌കാരത്തിനെത്തുന്നതിന്റെ സൗകര്യം പരിഗണിച്ച് ജുമുഅയുടെ രണ്ടാം ബാങ്ക് ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
    ധാരാളമായി ആരാധനകളില്‍ മുഴുകുകയും രാത്രി നമസ്‌കാരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്ത ആളായിരുന്നു ഉസ്മാന്‍ (റ). അദ്ദേഹം രക്തസാക്ഷിയാവുമെന്ന് പ്രവാചകന്‍ പ്രവചിച്ചിരുന്നു. തന്റെ ഭരണ കാലം ഏറെ ശാന്തവും സുന്ദരവുമായിരുന്നുവെങ്കിലും അവസാന കാലത്ത് ചില പ്രശ്‌നങ്ങള്‍ അരംങ്ങേറി. പലരും അതിനെ ഊതിവീര്‍പ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്‍ അവസരം മുതലെടുക്കുകയും മുസ്‌ലിംകളെ തമ്മിലടിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി ഹിജ്‌റ വര്‍ഷം മുപ്പത്തിയഞ്ച് ദുര്‍ഹിജ്ജ മാസം പതിനെട്ടിന് വെള്ളിയാഴ്ച ദിവസം ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെ അബ്ദുല്ലാഹിബ്‌നു മുല്‍ജിം എന്ന മനുഷ്യന്‍ അദ്ദേഹത്തെ ചതിയിലൂടെ കൊലപ്പെടുത്തി. അന്ന് അദ്ദേഹത്തിന് എണ്‍പത്തിരണ്ട് വയസ്സുണ്ടായിരുന്നു. സുബൈര്‍ ബ്‌നുല്‍ അവ്വാം നിസ്‌കാരത്തിനും മറ്റു കര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കി. ശനിയാഴ്ച രാത്രി പ്രവാചകരുടെ അടുത്തുതന്നെ അടക്കം ചെയ്തു.

Saturday, May 26, 2012

ഉമര്‍ ബിന്‍ ഖഥാബ് (റ)


    ആനക്കലഹ സംഭവത്തിന്റെ മൂന്നാം വര്‍ഷം മക്കയിലെ പ്രമുഖ ഖുറൈശീ കുടുംബത്തില്‍ ജനിച്ചു. മുസ്‌ലിമാകുന്നതിനു മുമ്പ് കടുത്ത ഇസ്‌ലം വിരോധിയും പ്രവാചകരുടെ കൊടിയ ശത്രുവുമായിരുന്നു. പുതിയ മതവുമായി വന്ന മുഹമ്മദ് നാട്ടില്‍ ഛിദ്രതയുണ്ടാക്കുകയാണെന്നാണ് വിശ്വസിച്ചത്. അതനുസരിച്ച് ഒരിക്കല്‍ പ്രവാചകരെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ടു. വഴിയില്‍ ഒരാളെ കണ്ടുമുട്ടി. അങ്ങനെയെങ്കില്‍ നിങ്ങള്‍ ആദ്യം ശരിയാക്കേണ്ടത് നിങ്ങളുടെ സ്വന്തം സഹോദരിയായ ഫാഥിമയെയാണ്; അവര്‍ മുഹമ്മദില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതു കേട്ട ഉമറിന്റെ രക്തം തിളച്ചു. അദ്ദേഹം നേരെ സഹോദരിയുടെ വീട്ടിലെത്തി. അവര്‍ ഭര്‍ത്താവിനോടൊപ്പം ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. ഇതുകേട്ട അദ്ദേഹത്തിന്റെ മനസ്സ് മാറുകയും ഇസ്‌ലാംമതം സ്വീകരിക്കുകയും ചെയ്തു. ശേഷം ദാറുല്‍ അര്‍ഖമില്‍ പ്രവാചകരെ ചെന്നു കണ്ട് തന്റെ ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചു. രണ്ടാലൊരു ഉമറിനെക്കൊണ്ട് ഇസ്‌ലാമിനെ നീ ശക്തിപ്പെടുത്തേണമേ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥന നടത്തിയ സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ഉമറിന്റെ ഇസ്‌ലാമാശ്ലേഷണം എല്ലാവര്‍ക്കും ശക്തി പകര്‍ന്നു.  പ്രവാചകരെയും അനുയായികളെയും കൂട്ടി അദ്ദേഹം കഅബാലയത്തിനടുത്തു പോവുകയും ഇസ്‌ലാമിക സന്ദേശം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം, അവിടെ നിന്നും പ്രാര്‍ത്ഥനകള്‍ നടത്തി. ഇതു കണ്ടു ഖുറൈശി പ്രമുഖര്‍ അമ്പരന്നു. ഉമറിന്റെ മതം മാറ്റം അവരെ ക്ഷീണത്തിലാക്കി. അന്നു മുതല്‍, സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വിട്ടുപിരിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ ഫാറൂഖ് എന്ന അപര നാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു. മദീനയിലേക്കുള്ള പലായന വേളയില്‍ എല്ലാവരും രഹസ്യമായി പുറപ്പെട്ടപ്പോള്‍ എല്ലാവരും കാണെ, അവരെ വെല്ലുവിളിച്ചുകൊണ്ടാണ് ഉമര്‍ (റ) ഹിജ്‌റ നടത്തിയിരുന്നത്. മദീനയിലെത്തിയ ശേഷം പ്രവാചകരോടൊപ്പം സര്‍വ്വ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. ജീവിതത്തിലുടനീളം പ്രവാചകരുടെ സഹായിയും സേവകനുമായി നിലകൊണ്ടു.
    ഇസ്‌ലാമിന്റെ വഴിയില്‍ ധീരനും കര്‍മകുശലനും വില്ലാളിവീരനുമായിരുന്നു ഉമര്‍ (റ). ഇസ്‌ലാമിക സന്ദേശം എന്നും എവിടെയും പരസ്യമായി പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇസ്‌ലാമിന്റെ വഴിയില്‍ ഒരാളെയും അദ്ദേഹം പേടിച്ചില്ല. അതുകൊണ്ടുതന്നെ ശത്രുക്കളുടെ പേടിസ്വപ്നമായി അദ്ദേഹം നിലകൊണ്ടു. അനുയോജ്യ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിലും നിലപാടുകളെടുക്കുന്നതിലും ഏറെ നിപുണനായിരുന്നു അദ്ദേഹം. പലതവണ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ടുണ്ട്. പ്രവാചകരും ഒന്നാം ഖലീഫയും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് വില കല്‍പിച്ചിരുന്നു.
    സിദ്ദീഖ് (റ) വിനു ശേഷം ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി ഉമര്‍ (റ) തെരഞ്ഞെടുക്കപ്പെട്ടു. ധീരനെന്നപോലെ നീതീമാനായ ഭരണാധികാരിയായി ശേഷം അദ്ദേഹം വിശ്രുതനായി. സത്യത്തിന്റെ ഉറഞ്ഞ വാളായി നിലകൊണ്ട അദ്ദേഹം തന്റെ പ്രജകളുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം അര്‍ഹമായ  പരിഹാരങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തു. രാത്രി സമയങ്ങളില്‍ ഭരണീയരുടെ വേദനകളറിയാന്‍ തന്റെ ഭരണ പ്രദേശങ്ങളിലൂടെ ഇറങ്ങി നടന്ന അദ്ദേഹം സാധാരണക്കാരനില്‍ സാധാരണക്കാരനായിട്ടാണ് ജീവിച്ചത്. പൊതുഖജനാവ് കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം അതില്‍നിന്നും സ്വന്തത്തിനായി യാതൊന്നുംതന്നെ ഉപയോഗിച്ചില്ല. സൂക്ഷ്മതയും നീതിബോധവും മതകാര്യങ്ങളിലെ കര്‍ക്കഷ മനസ്ഥിതിയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
    പത്തര വര്‍ഷം ഭരണം നടത്തിയ അദ്ദേഹം ഇസ്‌ലാമിക ഭരണ പ്രദേശങ്ങളെ വികസിപ്പിക്കുകയും ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങള്‍ ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ കൊണ്ടുവരികയും ചെയ്തു. കൊട്ടാരമോ അംഗരംക്ഷകരോ ഇല്ലാതെ ജീവിച്ച അദ്ദേഹത്തിന് നല്ലൊരു വീടുപോലുമുണ്ടായിരുന്നില്ല. ഏവര്‍ക്കും മാതൃകായോഗ്യമായ ജീവിതം നയിച്ച അദ്ദേഹം പലപ്പോഴും കീറിയ പായയിലാണ് കിടന്നുറങ്ങിയിരുന്നത്. ഹിജ്‌റ വര്‍ഷം ഇരുപത്തിമൂന്ന് ദുല്‍ഹജ്ജ് മാസം സുബഹി നമസ്‌കരിച്ചുകൊണ്ടിരിക്കെ അബൂ ലുഅ്‌ലുഅ് എന്ന ജൂതന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുയും അതിനെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ് (റ) നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. തനിക്കു ശേഷം മുസ്‌ലിംകളുടെ നേതൃത്വം വഹിക്കാന്‍ ഒരാളെ തെരഞ്ഞെടുക്കാനായി ആറുപേരെ ചുമതലപ്പെടുത്തിയ ശേഷം  അദ്ദേഹം ലോകത്തോടു വിടപറഞ്ഞു. സിദ്ദീഖ് (റ) വിന്റെ ഖബറിനരികെ ഖബറടക്കി.

അബൂബക്ര്‍ സിദ്ദീഖ് (റ)


    ആദ്യപേര് അബ്ദുല്‍ കഅ്ബ. ഇസ്‌ലാമാശ്ലേഷിച്ചതോടെ പ്രവാചകന്‍ അബ്ദുല്ല എന്ന് പേര് മാറ്റി. അബൂബക്ര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. പ്രവാചകരുടെ ആകാശാരോഹണ സംഭവം ഉടനടി വിശ്വസിച്ചിരുന്നതിനാല്‍ സിദ്ദീഖ് എന്ന പേരിലും വിളിക്കപ്പെട്ടു. പിതാവ് അബൂ ഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മ ബിന്‍ത് സ്വഖ്ര്‍. പ്രവാചക ജന്മത്തിന്റെ രണ്ടര വര്‍ഷത്തിനു ശേഷം മക്കയില്‍ ജനിച്ചു. മാന്യനും തന്റേടമുള്ളവനുമായിട്ടായിരുന്നു ആദ്യകാല ജീവിതം. കച്ചവട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഒരാളായി കഴിഞ്ഞു. ഖുറൈശികളുടെ വംശാവലിയില്‍ അഗ്രഗണ്യനായിരുന്നു.
    പുരുഷന്മാരില്‍നിന്നും ഇസ്‌ലാം വിശ്വസിച്ച ആദ്യവ്യക്തിയായിരുന്നു സിദ്ദീഖ് (റ). പ്രവാചകരുടെ പില്‍ക്കാല പ്രബോധന ജീവിതത്തില്‍ ഉറ്റ കൂട്ടാളിയും സഹപ്രവര്‍ത്തകനുമായി നിലകൊണ്ടു. അബൂബക്ര്‍ എന്റെ കൂട്ടുകാരനാണെന്നുവരെ പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി അനവധിയാളുകള്‍ ഇസ്‌ലാംമതം വിശ്വസിച്ചിട്ടുണ്ട്. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, സുബൈര്‍ ബിന്‍ അവ്വാം, ഥല്‍ഹ ബിന്‍ ഉബൈദില്ല, സഅദ് ബിന്‍ അബീ വഖാസ്, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്. രഹസ്യ പ്രബോധനവുമായി പ്രവാചകന്‍ ഇറങ്ങിപ്പുറപ്പെട്ട നേരം. അത് മറച്ചുപിടിക്കേണ്ടതല്ലെന്നും പരസ്യമായി പ്രഖ്യാപിക്കണമെന്നും സിദ്ദീഖ് (റ) പ്രവാചകരെ ബോധിപ്പിച്ചു. അതനുസരിച്ച് അദ്ദേഹം കഅബാലയത്തിനടുത്തു വരികയും ഇസ്‌ലാമിനെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതു കണ്ട ഖുറൈശികള്‍ അദ്ദേഹത്തിനു നേരെ ചാടിവീഴുകയും ശക്തമായി വേദനിപ്പിക്കുകയും ചെയ്യുകയുണ്ടായി. ബോധരഹിതനായി വീണ അദ്ദേഹത്തിന് ബോധം തിരിച്ചു ലഭിച്ചപ്പോള്‍ ആദ്യമായി അന്വേഷിച്ചത് പ്രവാചകരുടെ സുഖവിവരങ്ങളായിരുന്നു. ഇങ്ങനെ ഇസ്‌ലാമിന്റെ തുടക്കം മുതല്‍ അതിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളിയായി നിലകൊള്ളുകയും എല്ലാ നിര്‍ണായക ഘട്ടങ്ങളിലും പ്രവാചകരോടൊപ്പം അടിയുറച്ചു നില്‍ക്കുകയും ചെയ്തു. വീട്ടുമുറ്റത്തു തന്നെ പള്ളിയുണ്ടാക്കി ആരാധനകള്‍ നടത്തി. പല ഘട്ടങ്ങളിലായി ശത്രുക്കള്‍ തനിക്കെതിരെ രംഗത്തുവന്നെങ്കിലും ഇതെല്ലാം ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ തൃണവല്‍ഗണിക്കുകയും പ്രവാചകരുടെ വലംകയ്യായി പ്രവര്‍ത്തിക്കുകയും ചെയ്തു.
    ഇസ്‌ലാമിക നിയമങ്ങള്‍ സംരംക്ഷിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യണമെന്ന് ശക്തമായി വാദിച്ച അദ്ദേഹം പ്രവാചകരെ അതിരറ്റു സ്‌നേഹിച്ചു. സമ്പാദ്യം മുഴുവന്‍ ഇസ്‌ലാമിന്റെ വഴിയില്‍ ചെലവഴിച്ചു. പ്രവാചകന്‍ നേതൃത്വം നല്‍കിയിരുന്ന യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അവയെ ശാരീരികമായും സാമ്പത്തികമായും സഹായിക്കുകയും ചെയ്തു. പ്രവാചകരുടെ അവസാന കാലം; രോഗബാധിതനായ സമയത്ത് ജനങ്ങള്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പ്രവാചകന്‍ തെരഞ്ഞെടുത്തത് സിദ്ദീഖ് (റ) വിനെയായിരുന്നു. തനിക്കു ശേഷം ജനങ്ങളുടെ ഖലീഫയായി വരേണ്ടത് അദ്ദേഹമാണെന്നതിലേക്കുള്ള സൂചനയായിരുന്നു ഇത്. സിദ്ദീഖ് (റ) മഹത്വത്തെ അംഗീകരിക്കുന്ന ഇത്തരം അനവധി സംഭങ്ങള്‍ പ്രവാചകരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.
    പ്രവാചക വിയോഗാനന്തരം സ്വഹാബികള്‍ ഒരുമിച്ചുകൂടുകയും സിദ്ദീഖ് (റ) വിനെ ഇസ്‌ലാമിന്റെ പ്രഥമ ഖലീഫയായി തെരഞ്ഞെടുക്കുകയും ചെയ്തു. ശേഷം, അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലാണ് ജനാസ കര്‍മങ്ങളെല്ലാം നിര്‍വഹിക്കപ്പെട്ടിരുന്നത്. ശേഷം, രണ്ടു വര്‍ഷവും കുറഞ്ഞ മാസങ്ങളും അദ്ദേഹം ഭരണം നടത്തി. തീര്‍ത്തും നീതിപൂര്‍ണമായ ഭരണമായിരുന്നു അത്. അദ്യമായി ഉസാമത്ത് ബിന്‍ സൈദ് (റ) വിന്റെ നേതൃത്വത്തില്‍ പ്രവാചകന്‍ നിയോഗിച്ചിരുന്ന സൈന്യത്തെ യുദ്ധത്തിനയച്ചു. സക്കാത്ത് വിരോധികളും മതപരിത്യാഗികളുമായി രംഗത്തു വന്നവര്‍ക്കെതിരെ സന്ധിയില്ലാസമരം നടത്തി. യുദ്ധങ്ങളില്‍ ഖുര്‍ആന്‍ മന:പാഠമുള്ള ഹാഫിളുകള്‍ മരിച്ചുപോകുന്നതു കണ്ടപ്പോള്‍ സ്വഹാബികളെ വിളിച്ചുകൂട്ടുകയും ഖുര്‍ആന്‍ സമാഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
    ഹിജ്‌റ വര്‍ഷം പതിമൂന്ന് ജമാദുല്‍ ഉഖ്‌റ ഏഴിന് മഹാന്‍ ലോകത്തോട് വിടപറഞ്ഞു. അന്ന് അറുപത്തിമൂന്ന് വയസ്സുണ്ടായിരുന്നു. പ്രവാചകരുടെ അടുത്തുതന്നെ ഖബറടക്കി. ഭാര്യ അസ്മാഅ് ബിന്‍ത്ത് ഉമൈസ്. മക്കള്‍: അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍, മുഹമ്മദ്, ആയിശ, അസ്മാഅ്, ഉമ്മു കുല്‍സൂം.

Friday, May 25, 2012

ജലാലുദ്ദീന്‍ റൂമി (1207-1273)



    കവി, തത്ത്വജ്ഞാനി, സൂഫി എന്നീനിലകളില്‍ പ്രസിദ്ധനായ റൂമി, മൗലവി എന്ന ആദ്ധ്യാത്മിക സരണിയുടെ സ്ഥാപകനാണ്. 1207 സെപ്തംബര്‍ മുപ്പതിന് പേര്‍ഷ്യയുടെ വടക്കു കിഴക്കന്‍ പ്രവിശ്യയായ ബല്‍ഖിലെ ഒരു ഭക്ത കുടുംബത്തില്‍ ജനിച്ചു. (ഇപ്പോള്‍ ഈ സ്ഥലം അഫഗാനിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.) മൗലാനാ ജലാലുദ്ദീന്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ അര്‍റൂമി എന്ന് പൂര്‍ണ്ണ നാമം. വിഖ്യാത മതപണ്ഡിതന്‍ ബഹാഉദ്ദീനാണ് പിതാവ്. അദ്ദേഹത്തില്‍നിന്നാണ് ജലാലുദ്ദീന്‍ റൂമി പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
    തന്റെ അഞ്ചാമത്തെ വയസ്സില്‍ റൂമിയുടെ കുടുംബം ബാഗ്ദാദിലേക്ക് താമസം മാറ്റി. മൂന്നുവര്‍ഷത്തിനു ശേഷം അവിടെനിന്നും ഹജ്ജിനായി മക്കയിലേക്ക് തിരിച്ചു. ശേഷം, ഡമസ്‌കസിലേക്കും പിന്നെ, മാല്‍ദിയ(വെസ്റ്റേണ്‍ യൂഫ്രട്ടീസ്)യിലേക്കും ചെന്നെത്തി. ഒരു ദശകക്കാലം പലയിടങ്ങളിലായി സഞ്ചരിച്ച കുടുംബം അവസാനമായി പേര്‍ഷ്യയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ കൊനിയയില്‍ വന്നു സ്ഥിരതാമസമാക്കി. ഏകദേശം, 1226 നോടനുബന്ധിച്ച വര്‍ഷങ്ങളിലായിരുന്നു ഇത്.  ഇന്ന് ഈ സ്ഥലം തുര്‍ക്കിയിലാണ് പെടുന്നത്. അക്കാലത്തിത് സല്‍ജൂഖ്  ഭരണകൂടത്തിന്റെ ഭാഗവും അവരുടെ തലസ്ഥാന നഗരിയുമായിരുന്നു. മംഗോളിയന്മാരുടെ ആക്രമണങ്ങളും കൊലവിളികളും ഭയന്നായിരുന്നു റൂമികുടുംബത്തിന്റെ ഈ പലായനങ്ങള്‍.
    പത്തൊമ്പതാമത്തെ വയസ്സില്‍ റൂമി വിവാഹിതനായി. ജൗഹര്‍ ഖാത്തൂനായിരുന്നു ഭാര്യ. 1231 ല്‍ പിതാവ് മരണപ്പെട്ടു. അന്ന് റൂമിക്ക് 24 വയസ്സുണ്ടായിരുന്നു. അതോടെ അദ്ദേഹം പിതാവ്   പഠിപ്പിച്ചിരുന്ന കൊനിയയിലെ ഒരു കലാലയത്തില്‍ മതാദ്ധ്യാപകനായി കയറി. പിതാവിനുശേഷം, പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന സയ്യിദ് ബുര്‍ഹാനുദ്ദീനായിരുന്നു അദ്ദേഹത്തിന് ആത്മീയ ശിക്ഷണം നല്‍കിയിരുന്നത്. തുടര്‍ന്നുള്ള ഒമ്പത് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തിലായിരുന്നു. അതിനിടെ നാല്‍പത് ദിവസത്തെ പ്രത്യേഗം പരിശീലനങ്ങളും ചില ധ്യാനമുറകളും അദ്ദേഹം നല്‍കിയിരുന്നു.   
    അതോടെ, മത ആദ്ധ്യാത്മിക രംഗത്തെ ഒരു ഉന്നത പണ്ഡിയനായി റൂമി പരിഗണിക്കപ്പെട്ടു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ റൂമി ഉപരി പഠനത്തിനായി അലപ്പോയിലേക്ക് പോയി.            ശേഷം, ഡമസ്‌കസിലേക്കും അദ്ദേഹം കടന്നുചെന്നു. തുടര്‍ന്നുള്ള നാല് വര്‍ഷങ്ങള്‍ അന്നത്തെ സുപ്രസിദ്ധപണ്ഡിതരുമായി ആദ്ധ്യാത്മിക ബന്ധം സ്ഥാപിച്ച് കഴിച്ചുകൂട്ടി. സയ്യിദ് ബുര്‍ഹാനുദ്ദീനാണ് അദ്ദേഹത്തിന് ആത്മീയ ശിക്ഷണം നല്‍കിയിരുന്നത്.
ദര്‍വീശൂം സൂഫിയും
    വര്‍ഷങ്ങള്‍ കഴിഞ്ഞുപോകുംതോറും റൂമിയുടെ ജ്ഞാനവും ദൈവബോധവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അതോടെ, താന്‍ തന്റെ സുഹൃത്തികന്റെ മകനില്‍ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന് ബുര്‍ഹാനുദ്ദീന് ബോദ്ധ്യമായി. അദ്ദേഹം സ്തൃപ്തിയോടെ സ്വദേശത്തേക്കുതിരിച്ചു. അതിനുമുമ്പ്, ഇനിയും താങ്കളെ ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുപോകാന്‍ ഒരു ദര്‍വീശ് കടന്നുവരുമെന്ന് അദ്ദേഹം റൂമിക്ക് വിവരം നല്‍കിയിരുന്നു.
    ഒടുവില്‍ അത് വന്നണഞ്ഞു. 1244 നവംബര്‍ 28 ന് റൂമി അലഞ്ഞുതിരിയുന്ന ദര്‍വീഷ് ശംസുദ്ദീന്‍ തബ്‌രീസിയെ ആദ്യമായി കണ്ടുമുട്ടി. 'അദ്ദേഹത്തിന് മുമ്പില്‍ ഒരു ദിവ്യാനുഭവം എനിക്കനുഭവപ്പെട്ടു... ഒരു ജയിലിലെന്ന പ്രതീതിയായിരുന്നു അപ്പോള്‍.'  ഈ സംഗമത്തെക്കുറിച്ച് പിന്നീട് റൂമി അനുസ്മരിച്ചത് അങ്ങനെയായിരുന്നു. ഈ സംഗമത്തിനുമുമ്പ് റൂമി ഒരു മതപണ്ഡിതനും വിഖ്യാത സൂഫിയുമായിരുന്നു. എന്നാല്‍, ഈ സംഗമത്തോടെ അദ്ദേഹം മാനുഷ്യകത്തോട് സ്‌നേഹവും അനുരാഗവും നിറഞ്ഞ ഒരു കവിയായിമാറി.
    പക്ഷെ, ഈ കൂട്ടുകെട്ട് താരതമ്യേന കാലദൈര്‍ഘ്യം കുറഞ്ഞതായിരുന്നു. 1246 ല്‍ ശംസ് അദ്ദേഹത്തെ വിട്ടുപോയി. റൂമിയുടെ മകന്‍ സൂല്‍ഥാന്‍ വാലിദ് അദ്ദേഹത്തെ ഡമസ്‌കസിലേക്ക്  കൊണ്ടുവരാനും ബന്ധം പുന:സ്ഥാപിക്കാനും ശ്രമം നടത്തി. പക്ഷെ, 1247 ഓടെ അദ്ദേഹം ഒരിക്കലും കണ്ടെത്തപ്പെടാനാകാത്ത വിധം അപ്രത്യക്ഷനാവുകയായിരുന്നു. ഇതോടെ അതീവ ദു:ഖിതനായ റൂമി തന്റെ ആത്മമിത്രം നഷ്ടപ്പെട്ട വേതനയില്‍ 30,000 ത്തോളം വരികള്‍ വരുന്ന ഒരു കവിത എഴുതി. ഈ അസാധാരണ ബന്ധത്തില്‍ അപ്രിയരായിരുന്ന ആരോ അദ്ദേഹത്തെ വധിക്കുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ആത്മീയതയുടെ ഈരടികള്‍
    ശംസുമായുള്ള പ്രഥമ ആത്മീയബന്ധത്തിന്റെ പത്തുവര്‍ഷങ്ങള്‍ക്കുശേഷം മുതല്‍തന്നെ റൂമി ഗസല്‍ രചന ആരംഭിച്ചിരുന്നു. ഇത് പിന്നീട് ദീവാനെ കബീര്‍ എന്നപരില്‍ ബൃഹത്തായൊരു ഗ്രന്ഥമായി സമാഹരിക്കപ്പെടുകയുണ്ടായി. ഇക്കാലയളവില്‍ റൂമി  ഹുസാമുദ്ധീന്‍ ചലപിയുമായി ആഴത്തിലുള്ള ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം റൂമിയോട് ജനങ്ങള്‍ക്ക് ഹൃദയശമനിയായൊരു ഗ്രന്ഥം തയ്യാറാക്കിത്തരാന്‍ ആവശ്യപ്പെട്ടു. റൂമി പുഞ്ചിരിച്ചുകൊണ്ട് തന്റെ തലപ്പാവിനുള്ളില്‍നിന്നും ഒരു കടലാസുകഷ്ണം പുറത്തെടുത്തുനീട്ടി. തന്റെ വിഖ്യാത കൃതി മസ്‌നവിയുടെ ആരംഭത്തിലുള്ള 18 വരികളായിരുന്നു അതിലുണ്ടായിരുന്നുത്. 'ശ്രവിക്കുക; ഈ പുല്ലാങ്കുഴലിന്‍ കഥനങ്ങള്‍...വേര്‍പാടിന്റെ നെടുവീര്‍പ്പുകള്‍...' എന്നിങ്ങനെയായിരുന്നു അതിന്റെ തുടക്കം.
    അല്‍ഭുതപ്പെട്ട ഹുസാമുദ്ദീന്‍ സന്തോഷംകൊണ്ട് കണ്ണീര്‍ പൊഴിച്ചു. ഉടനെത്തന്നെ അത് പൂര്‍ണ്ണമായി എഴുതിത്തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ, 'താങ്കള്‍ അത് എഴുതിയെടുക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പറഞ്ഞുതരാം' എന്നായിരുന്നു റൂമിയുടെ പ്രിതികരണം.
    ശേഷം, ഹുസാമുദ്ദീന്‍ റൂമിയുടെ അധരങ്ങളില്‍നിന്നും അവ പകര്‍ത്തിക്കൊണ്ടിരുന്നു. അദ്ദേഹം പിന്നീട് ഇത് ഇങ്ങനെ അനുസ്മരിക്കുന്നു: ''മസ്‌നവിയടെ രചനാവേളയില്‍ അദ്ദേഹം പേന കയ്യിലെടുത്തിട്ടേയില്ല. കലാലയത്തിലാവട്ടെ, ഇല്‍ഗിന്‍ ഉഷ്ണമേഘലകളിലാകട്ടെ കൊനിയന്‍ കുളിമുറികളിലാകട്ടെ മേരാം മുന്തിരിത്തോപ്പുകളിലാകട്ടെ അദ്ദേഹം എന്തു ഉരുവിടുന്നുവോ ഞാന്‍ അത് പകര്‍ത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ രാപ്പകലുകള്‍ വിത്യാസമില്ലാതെ അദ്ദേഹത്തെ പിന്തുടരേണ്ടിയിരുന്നു. ചിലപ്പോഴാകട്ടെ മാസങ്ങളോളം അല്ലങ്കില്‍ വര്‍ഷങ്ങളോളം ഇവ്വിഷയകമായി യാതൊന്നും പറയുകയും ചെയ്യുമായിരുന്നില്ല. ഓരോ പുസ്തകവും എഴുതിക്കഴിയുമ്പോഴും ഞാന്‍ അദ്ദേഹത്തിന് ഒരാവൃത്തി  വായിച്ചുകേള്‍പ്പിക്കുമായിരുന്നു. വല്ല പിശകുകളും പിണഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം അത് തിരുത്തിത്തരുമായിരുന്നു.''
    24,660 ഈരടികളിലായി പരന്നുകിടക്കുന്ന ഏഴു വാള്യങ്ങളുള്ള ഈ മഅ്‌നവിയെ മസ്‌നവിയാണ്  വിരചിതമായ ആത്മീയ സംബന്ധമായ രചനകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇതില്‍ അധികവും തന്റെ മാതൃഭാഷയായ ഫാരിസിയിലും ചിലത് അറബിയിലുമാണ്. ദൈവസ്‌നേഹത്തെ മുഖ്യവിഷയമാക്കി മനുഷ്യന്റെ പ്രശ്‌ന പരിഹാരത്തിലേക്കും ജീവിതാര്‍ത്ഥത്തിലേക്കും ദൈവസാമീപ്യത്തിലേക്കും കൂട്ടിക്കൊണ്ടുപോവുകയാണ് ഈ കൃതി ചെയ്യുന്നത്. ലോകത്തെതന്നെ ഏറ്റവും വലിയ ആത്മീയജ്ഞാന പ്രകാശനസംബന്ധിയായ ഈ കൃതിയില്‍ അതീന്ദ്രിയ ജ്ഞാനം, ധര്‍മം, മതം, സംസ്‌കാരം, രാഷ്ട്രീയം, അഭ്യന്തര പ്രശ്‌നങ്ങള്‍, സൂഫിസം തുടങ്ങി അനവധി വിഷയങ്ങള്‍ അനാവൃതമാകുന്നുണ്ട്. ഇസ്‌ലാമിക ചിന്തയെയും സാഹിത്യത്തെയും മസ്‌നവി ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. പ്രകൃതി ലോകങ്ങളും ഭൂമിശാസ്ത്രവും ചരിത്രവും എല്ലാം ഇതില്‍ തെളിഞ്ഞുവരുന്നു.
    ദീവാനെ ശംസ് എന്നപേരില്‍ റൂമി മറ്റൊരു കവിതാസമാഹാരം തയ്യാറാക്കിയിട്ടുണ്ട്. ശംസ് തിബ്‌രീസിയുടെ അപതാനങ്ങളാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. 45,000 ഈരടികളുള്ള ഇത് ഫാരിസിയിലാണ്. ഫീഹി മാ ഫീഹി അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ചിന്തകളുടെ മറ്റൊരു സമാഹാരാമാണ്.
ചുറ്റിത്തിരിയുന്ന ദര്‍വീശുമാര്‍
    വിഖ്യാത സൂഫീ ജ്ഞാനി ജലാലുദ്ദീന്‍ റൂമി 1273 ഡിസംബര്‍ 17 സൂര്യാസ്തമയ സമയം ലോകത്തോട് വിടപറഞ്ഞു. അഞ്ച് സമുദായത്തില്‍പെട്ട ആളുകള്‍ അദ്ദേഹത്തിന്റെ ജനാസയെ (ശവമഞ്ചം) പിന്തുടര്‍ന്നിരുന്നു. പിതാവിനടുത്തുതന്നെയാണ് അദ്ദേഹം  അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ ഇന്ന് 13 ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട മൗലാനാ ശവകുടീരം സ്ഥിചെയ്യുന്നു. ഇതിനോടനുബന്ധമായി ഒരു പള്ളി, നൃത്ത മുറി, ദര്‍വീശ് കോട്ടേഴ്‌സ്, സ്‌കൂള്‍,   മൗലവി ഥരീഖത്തിലെ മറ്റു ആചാര്യന്മാരുടെ ഖബറുകള്‍ തുടങ്ങിയവ നിലകൊള്ളുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും  വിവിധയിനം തീര്‍ത്ഥാടകര്‍ ഇവിടെക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.
    ജലാലുദ്ദീന്‍ റൂമി സ്ഥാപിച്ച മൗലവി ഥരീഖത്തിന്റെ ആചാര്യന്മാര്‍ ഇന്ന് ആത്മീയരംഗത്തെ ചുറ്റിത്തിരിയുന്ന ദര്‍വീശൂമാര്‍ എന്നാണ് അറിയപ്പെടുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ആത്മീയ ധാരകള്‍ ഇന്ന് ഏറെ അസാധാരണമായി രംഗപ്രവേശം ചെയ്തിരിക്കുന്നു.
    ആത്മീയ രംഗത്തെ ഇടപെടലുകള്‍ നടത്തി, അന്നത്തെപ്പോലെ ദര്‍വീശുമാരുടെ ഒരു രഹസ്യസംഘം നാടിന്റെ നാനാഭാഗത്തുകൂടെയും ഇറങ്ങിനടക്കാന്‍ സമയം ഇനിയും ഏറെ വൈകേണ്ടിവരില്ല.

ഇബ്‌നു റുശ്ദ്(എ.ഡി 1126-1198)



    വിഖ്യാത മുസ്‌ലിം ചിന്തകരിലൊരാളാണ് ഇബ്‌നു റുശ്ദ്.  അബുല്‍ വലീദ് മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റുശ്ദ് എന്ന് പൂര്‍ണ്ണ നാമം. യവന ചിന്തകളെയും വിശിഷ്യ, അരിസ്റ്റോട്ടില്‍ അദ്ധ്യാപനങ്ങളെയും പരമ്പാഗത ഇസ്‌ലാമിക ചിന്തയെയും കൂട്ടിയിണക്കി സ്വന്തമായൊരു ചിന്താവേദി അദ്ദേഹത്തിനുണ്ടായിരുന്നു.
    പാശ്ചാത്യ ലോകത്ത് അവിറോസ് എന്ന പേരില്‍ പ്രസിദ്ധനായ ഈ അറബ്-സ്പാനിഷ് പണ്ഡിതന്‍ എ.ഡി 1126 ല്‍ സ്‌പെയ്‌നിലെ കൊറഡോബയില്‍ ജനിച്ചു. മുമ്പുമുതലേ തന്റെ പിതാമഹനും ശേഷം, പിതാവും ന്യായാധിപരായി സേവനം ചെയ്തിരുന്ന സ്ഥലമായിരുന്നു അത്. പിതാവില്‍നിന്നുതന്നെ ഇസ്‌ലാമിക നിയമശാസ്ത്രം പഠിച്ചു. അറബ് തത്ത്വജ്ഞാനി ഇബ്‌നു ഥുഫൈലി(1105-85)ല്‍നിന്നും ദൈവശാസ്ത്രം, തത്ത്വചിന്ത, ഗണിതം തുടങ്ങിയവ സ്വായത്തമാക്കി. അറബ് വൈദ്യന്‍ അവന്‍സോറില്‍നിന്നും വൈദ്യപരിജ്ഞാനവും നേടി.
    പരമ്പരാഗത മുസ്‌ലിം ജ്ഞാന സ്രോതസ്സുകളായ വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അവഗാഹമുണ്ടായിരുന്നതുകൊണ്ടുതന്നെ ഇബ്‌നു റുശ്ദ് 1169 ല്‍ സെവില്ലയിലെ നിയമാധിപനായി നിയമിക്കപ്പെട്ടു. 1171 ല്‍ കൊറഡോബയിലെ മുഖ്യനിയമാധിപനെന്ന പദവിയിലേക്കും അദ്ദേഹം എത്തി. 1182 ല്‍ അറബ് തത്ത്വജ്ഞാനി ഇബ്‌നു ഥുഫൈല്‍ മരിച്ചതോടെ മൊറോക്കോയിലെ അല്‍മൊഹദ് ഭരണാധികാരി യാഖൂബ് യൂസുഫിന്റെ കൊട്ടാര വൈദ്യനായും ശേഷം, 1184 ല്‍ അദ്ദേഹത്തിന്റെ മകന്‍ അബൂ യൂസുഫ് യാഖൂബിന്റെ കൊട്ടാര വൈദ്യനായും അദ്ദേഹം സേവനം ചെയ്തു.
    1169 ല്‍ ഇബ്‌നു ഥുഫൈലാണ് അവിറോസിനെ ആദ്യമായി ഖലീഫ അബൂ യാഖൂബിന് പരിചയപ്പെടുത്തിയത്. അദ്ദേഹവും ഒരു തികഞ്ഞ തത്ത്വചിന്താപ്രേമിയായിരുന്നു. ആകാശലോകങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണോ, അല്ലേ തുടങ്ങിയ ചോദ്യങ്ങളുമായി അദ്ദേഹം പലപ്പോഴും ഇബ്‌നു റുശ്ദിനെ കുഴക്കിയിരുന്നു. അദ്ദേഹം പരാചയപ്പെടുമ്പോള്‍ ഖലീഫ തന്നെ അതിന് മറുപടി പറയും. അങ്ങനെ പലവിധ ചര്‍ച്ചകളും അവര്‍ക്കിടയില്‍ നടക്കുമായിരുന്നു. തിരിച്ചുപോരുമ്പോള്‍ അവിറോസിന് വലിയ സമ്മാനങ്ങളും ലഭിച്ചിരുന്നു.
അരിസ്റ്റോട്ടിലിനെ പുനരവതരിപ്പിക്കുന്നു
    ഈ സംഗമങ്ങള്‍ പിന്നീടൊരിക്കലും ഇല്ലാത്തവിധം അവിറോസിനെ ആഴത്തില്‍ സ്വാധീനിച്ചു. അതിനിടെ, അരിസ്റ്റോട്ടില്‍ ചിന്തകളുടെ യഥാര്‍ത്ഥ വ്യാഖ്യാനം എഴുതിത്തരാന്‍ ഖലീഫ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു ന്യായാധിപന്‍ എന്ന നിലക്ക് കൃത്യന്തരബാഹുല്യങ്ങള്‍ക്കിടയിലും അദ്ദേഹമതിന് സമയം കണ്ടെത്തി.  1169 നും 1195 നുമിടയിലായിരുന്നു അത്. താമസിയാതെ, അരിസ്റ്റോട്ടിലിന്റെ അനവധി കൃതികള്‍ക്ക് വ്യഖ്യാനങ്ങള്‍ തയ്യാറാക്കപ്പെട്ടു. Organon, Rhetorica, Poetica, De Anima, De Partibus  Animalium, Physica,  Metaphysica, Parva Naturalia, Metorologica, Nicomachean Ethics തുടങ്ങിയവ അതില്‍ ചിലതു മാത്രം. അതിബൃഹത്തായ ഈ വ്യഖ്യാനങ്ങള്‍ ക്രൈസ്തവ-ജൂത പണ്ഡിതന്മാരെ സ്വാധീനിക്കുകയുണ്ടായി. അവരിതിന്റെ ലാറ്റിന്‍, ഹിബ്രു പരിഭാഷകള്‍ പുറത്തുകൊണ്ടുവന്നു. നൂറ്റാണ്ടുകളായി മങ്ങിക്കൊണ്ടിരുന്ന അരിസ്റ്റോട്ടിലിയന്‍ രചനകളുടെ പ്രഭാവം ഇതോടെ ഒന്നുകൂടി പുനരവതരിപ്പിക്കപ്പെടുകയായിരുന്നു.
    പ്രകൃതി ശാസ്ത്രങ്ങളെക്കുറിച്ച അരിസ്റ്റോട്ടില്‍നിബന്ധങ്ങള്‍ക്ക് ഇബ്‌നു റുശ്ദ് തയ്യാറാക്കിയ വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ ഉല്‍ഗ്രഥന ശേഷിയും വീക്ഷണ രൂക്ഷതയും വ്യക്തമാക്കിത്തരുന്നു. അവിറോസിന്റെ സരളമായ അവതരണത്തിലൂടെ ജനങ്ങള്‍ക്ക് ഗ്രീക്കിന്റെ മഹാനായ തത്ത്വചിന്തകനെ എളുപ്പത്തില്‍ വായിച്ചെടുക്കാവുന്നതാണ്.
    കുല്ലിയ്യാത്ത് (ജനറല്‍ മെഡിസിന്‍) ആണ് ഇബ്‌നു റുശ്ദിന്റെ പ്രഥമ രചന. 1162 നും 1169 നുമിടയിലാണ് ഇത് വിരചിതമായത്. 1179-1180 കാലയളവില്‍ മത-തത്ത്വജ്ഞാന-താര്‍ക്കിക വിഷയങ്ങളെ പുരസ്‌കരിച്ച് മൂന്നോളം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഫസ്ല്‍ (The Decisive Treatis on the Agreement Between Religious Law and Philosophy), മനാഹിജ്(Appendix: Examination of the Methods of Proof Concerning the Doctrines of Religion), തഹാഫുതുത്തഹാഫുത്(The Incoherence of the Incoherence) എന്നിവയാണവ. തത്ത്വചിന്തയെ ശക്തമായി ന്യായീകരിക്കുന്ന കൃതിയാണ് തഹാഫുത്തു ത്തഹാഫുത്ത്. ഇതിലദ്ദേഹം നിയോപ്ലാറ്റോണിക് സിദ്ധാന്തങ്ങള്‍ക്കും അരിസ്റ്റോട്ടിലിയന്‍ ഫിലോസഫിക്കുമെതിരെ തിരിഞ്ഞ ദൈവശാസ്ത്ര വിശാരദനും ഇസ്‌ലാമിക ചിന്തകനുമായ ഇമാം ഗസ്സാലിയെ ശക്തമായി  വിമര്‍ശിക്കുന്നു. അബദ്ധ ജടില വാദങ്ങളാണ് അദ്ദേഹത്തിന്റെതെന്ന് ആരോപിക്കുകയും ചെയ്യുന്നു.
    തന്റെ ആദ്യത്തെ രണ്ടു രചനകളില്‍,  ചില തെളിവുകളുമായിരിക്കുന്ന അതീന്ദ്രിയ ജ്ഞാനികള്‍ മാത്രമേ, മതത്തിന്റെ ശരീഅത്ത് നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍ പാടുള്ളുവെന്ന് ഇബ്‌നു റുശ്ദ് അവകാശപ്പെടുന്നു. എന്നാല്‍, യുക്തിയുപയോഗിക്കുന്ന ദൈവശാസ്ത്രജ്ഞന്മാരെ (മുതകല്ലിമൂന്‍) സംബന്ധിച്ചിടത്തോളം അവര്‍ക്കിതിനുള്ള അവകാശമില്ല. കാരണം, യുക്തിയുടെ അടിസ്ഥാനത്തിലാണ് അവര്‍ കാര്യങ്ങളെ വിലയിരുത്തുന്നത്. അദ്ദേഹം പറയുന്നു: എന്നാല്‍, ഫിലോസഫികൊണ്ടുള്ള യഥാര്‍ത്ഥ ലക്ഷ്യമെന്നത്, സത്യം പുറത്തുകൊണ്ടുവരലും മതവിശ്വാസത്തിന്റെ ആന്തരികാര്‍ത്ഥങ്ങളെ വെളിയില്‍ പ്രകടിപ്പിക്കലുമാണ്. അതുകൊണ്ടുതന്നെ, ഇത് മനുഷ്യചിന്തയെ സ്വാധീനിക്കാത്ത കാലത്തോളം അവര്‍ക്ക് പരമ സത്യത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല.
    മുമ്പ് ഫാറാബിയും പ്ലാറ്റോയും കണ്ടിരുന്നപോലെ തത്ത്വജ്ഞാനികളെമാത്രം ഉന്നതരായി മനസ്സിലാക്കുന്ന ഒരു ലോകത്തെ ഇബ്‌നു റുശ്ദും ഭാവനയില്‍ കണ്ടിരുന്നു. പക്ഷെ, പ്ലാറ്റോയുടെ സാങ്കല്‍രപികലോകത്തിന് വിരുദ്ധമായി, ഇസ്‌ലാമിക മാതൃകാരാജ്യം ഏവര്‍ക്കും സന്തോഷം നല്‍കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യവനസങ്കല്‍പത്തെക്കാള്‍ അദ്ദേഹം അതിന് പ്രാമുഖ്യം നല്‍കുകയായിരുന്നു. എങ്കിലും, പ്ലാറ്റോ തന്റെ റിപബ്ലിക്കില്‍ സ്ത്രീക്ക് നല്‍കുന്ന സ്വാതന്ത്യം ഇസ്‌ലാമില്‍ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞില്ല. ഇതില്‍ അദ്ദേഹം ദു:ഖിതനായിരുന്നു. മാത്രമല്ല, സ്ത്രീയെ സന്താനോല്‍പാദനത്തിനും പോറ്റിവളര്‍ത്താനും  മാത്രം പരിഗണിക്കുന്നത്, രാഷ്ട്രത്തിന്റെ പുരോഗതിക്ക് ഒരിക്കലും നിരക്കുന്നതല്ലായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു- തീര്‍ച്ചയായും  ഇക്കാലത്തെ ധീരോദാത്തമായ ഒരു നിലപാടായിരുന്നു ഇത്.
    ഇസ്‌ലാമിനെയും തത്ത്വജ്ഞാനത്തെയും ശരിക്കും മനസ്സിലാക്കിയാല്‍ അവക്കിടയില്‍ യാതൊരു വിയോജിപ്പും അനുഭവപ്പെടുകയില്ലായെന്ന് അവിറോസ് പറയുന്നു. ഒരു സാധാരണക്കാരന്‍ ഖുര്‍ആനിലൂടെയും ഹദീസിലൂടെയുമാണ് പരമ സത്യത്തെ  അടുത്തറിയുന്നത്. അതിന് അവനൊരിക്കലും തത്ത്വജ്ഞാനിയെ കാണുന്നില്ല. നോര്‍ത്താഫ്രിക്കയിലെയും മുസ്‌ലിംസ്‌പെയ്‌നിലെയും സാഹചര്യങ്ങള്‍ ഒരിക്കലും തത്ത്വചിന്തക്ക് അനുകൂലമയിരുന്നില്ല. കാരണം, തത്ത്വചിന്തയെ ഇസ്‌ലാമിക വിരുദ്ധമായും തത്ത്വജ്ഞാനികളെ സംശയദൃഷ്ടിയോടുമാണ് വീക്ഷിക്കപ്പെട്ടിരുന്നത്.
    1195 ല്‍ ഇബ്‌നു റുശ്ദിന് ഖലീഫ അബു യൂസുഫില്‍നിന്നും അകലേണ്ടിവന്നു. ക്രിസ്ത്യന്‍ സ്‌പെയ്‌നിനെതിരെ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഇബ്‌നു  റുശ്ദ്  സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയും ലൂസിനയിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. യുദ്ധവേളയില്‍ പൊതുജനത്തിന്റെ സപ്പോര്‍ട്ട് ഉറപ്പുവരുത്താനും ദൈവശാസ്ത്ര വിശാരദന്മാരെ പ്രീതിപ്പെടുത്താനുമായിരുന്നു ഖലീഫ ഇങ്ങനെ ചെയ്തിരുന്നത്. ഇക്കാലയളവില്‍ തര്‍ക്കശാസ്ത്രപരവും അതീന്ദ്രിയ ജ്ഞാനപരവുമായ ഇബ്‌നു റുശ്ദിന്റെ അനവധി രചനകള്‍ അഗ്നിക്കിരയാക്കപ്പെടുകയുണ്ടായി.
    ഇബ്‌നു റുശ്ദിന്റെ നാടുകടത്തല്‍ വളരെ ചുരുങ്ങിയ കാലത്തേക്കു മാത്രമായിരുന്നു. ഉടനെത്തന്നെ ഖലീഫ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. ഒരു താല്‍ക്കാലിക അകല്‍ച്ച സംഭവിച്ചുവെങ്കിലും,   ഖലീഫയുടെ പിന്‍ബലമില്ലാതെ തന്റെ തത്ത്വചിന്താപരമായ സമീപനങ്ങള്‍ മുന്നോട്ടുപോകില്ലായെന്ന് ഇബ്‌നു റുശ്ദിന് അറിയാമായിരുന്നു. ഇതംഗീകരിച്ച അദ്ദേഹം ഒരു നന്ദിപ്രകടനമെന്നോണം  പ്ലാറ്റോയുടെ റിപ്പബ്ലിക്കിനെഴുതിയ തന്റെ വ്യാഖ്യാന കൃതി ഖലീഫയുടെ പേരില്‍ സമര്‍പ്പിക്കുകയായിരുന്നു.
ദ്വിസത്യങ്ങള്‍
    ഇബ്‌നു റുശ്ദിന്റെ കൃതികള്‍ മതപരം, തത്ത്വചിന്താപരം എന്നിങ്ങനെ ദ്വിസത്യങ്ങളെ മുന്നോട്ടുവെക്കുന്നുവെന്ന് പില്‍ക്കാലത്ത് ക്രിസ്ത്യന്‍ ചിന്തകന്മാര്‍ വ്യഖ്യാനിക്കുകയുണ്ടായ. പക്ഷെ, അദ്ദേഹം അങ്ങനെ ചെയ്തിരുന്നില്ല. ലാറ്റിന്‍ അവിറോയിസ്റ്റുകള്‍       അദ്ദേഹത്തിന്റെ പേരില്‍ 'ദ്വിസത്യങ്ങള്‍' എന്ന പുതിയൊരു ഫോര്‍ മുല രൂപീകരിക്കുകയായിരുന്നു. ഒരേയൊരു സത്യത്തെ മാത്രമാണ് അവിറോസ് അംഗീകരിച്ചിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന് വ്യക്തമാകുന്നത്. മതപരമായ സത്യമാണത്. തത്ത്വജ്ഞാനികള്‍ പുല്‍കാനായി നിരന്തരം തേടിക്കൊണ്ടിരിക്കുന്ന പാതയെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നതും ഇതേ പാതയാണ്. പ്രതിഫലം, ശിക്ഷ, പരലോകം തുടങ്ങിയവയെക്കുറിച്ച മതാദ്ധ്യാപനങ്ങളെ ഏതൊരാളും ഉള്‍കൊള്ളുന്നുവെന്ന് അദ്ദേഹം പറയുന്നു.
    ചരിത്രത്തിന്റെ ഏതോ ഒരു സന്ധിയില്‍ സൃഷ്ടിക്കപ്പെട്ടതാണ് പ്രപഞ്ചം എന്ന സങ്കല്‍പത്തെ നിശിതമായി വിമര്‍ശിച്ച അദ്ദേഹം അതിനൊരു തുടക്കമില്ലായെന്ന വാദക്കാരനായിരുന്നു.  ദൈവമാണ് മുഖ്യചാലക ശക്തിയെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ശക്തിയെ പ്രവൃത്തിയാക്കി പരിവര്‍ത്തിപ്പിക്കുന്നത് അവനാണ്. മനുഷ്യത്മാവ് പ്രാപഞ്ചിക ആത്മാവിന്റെ കേവലം ഉറവയല്ലാതെ മറ്റൊന്നുമല്ല... അദ്ദേഹം പറയുന്നു.
    ഖലീഫ തിരിച്ചുവിളിച്ച ശേഷം മറാക്കുശിലേക്ക് തിരിച്ച  ഇബ്‌നു റുശ്ദ്, തന്റെ അവസാന കാലങ്ങള്‍ അവിടെയാണ് കഴിച്ചുകൂട്ടിയത്. 1198 ല്‍ അവിടെ വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അവിടെത്തന്നെ മറമാടപ്പെട്ട അദ്ദേഹത്തിന്റെ ഭൗതിക ശരീരം പിന്നീട് കൊറഡോബയിലെ തങ്ങളുടെ ഫാമിലി റ്റോമ്പിലേക്ക് മാറ്റപ്പെടുകയായിരുന്നു. ആദ്ധ്യാത്മ വിദ്യയിലെ രചനകള്‍ക്കുപുറമെ വൈദ്യം, ഗോളശാസ്ത്രം, നിയമം, വ്യാഗരണം തുടങ്ങിയവയിലും ഈ മുസ്‌ലിം തത്ത്വചിന്തകന്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. 13 -ാം നൂറ്റാണ്ടില്‍ പാരീസില്‍ 'അവിറോയിസം' പഠിപ്പിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ സ്വാധീനത്തെയാണ് വിളിച്ചറിയിക്കുന്നത്. മതത്തില്‍നിന്നും തത്ത്വചിന്താപരമായ സത്യങ്ങളെ    വ്യതിരിക്തമായി സ്വീകരിച്ച് അവതരിപ്പിച്ച അവിറോയിസ്റ്റുകളായിരുന്നു ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഇമാം ഗസ്സാലി (എ.ഡി 1058-1111)



    മുസ്‌ലിം ദൈവശാസ്ത്ര വിശാരദനും ആത്മജ്ഞാനിയുമായിരുന്ന ഇമാം ഗസ്സാലി എ.ഡി 1058 ല്‍ കിഴക്കന്‍ ഇറാനിലെ തൂസില്‍ ജനിച്ചു. അബൂ ഹാമിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അത്തൂസി അല്‍ ഗസ്സാലി എന്ന് പൂര്‍ണ്ണ നാമം. ചെറുപ്പത്തില്‍തന്നെ പിതാവ് മരണപ്പെട്ടു.
    എന്നിരുന്നാലും, അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ ഗസ്സാലിക്ക് ഉന്നതമായ വിദ്യാഭ്യാസം ഉറപ്പുവരുത്തി. തൂസില്‍നിന്നുതന്നെയായിരുന്നു പഠനത്തിന്റെ ആരംഭം. ശേഷം, ജുര്‍ജാനിലേക്കും നിശാപൂരിലേക്കും പോയി. നിശാപൂരില്‍ അന്നത്തെ വിഖ്യാത പണ്ഡിതന്‍ അല്‍ ജുവൈനിയില്‍നിന്നാണ് വിദ്യ സ്വീകരിച്ചിരുന്നത്.
    തന്റെ ധൈഷണിക പ്രഭാവം തിരിച്ചറിഞ്ഞ അബ്ബാസീ ഭരണാധികാരി നിസാമുല്‍ മുല്‍ക്ക് 33 -ാമത്തെ വയസ്സില്‍തന്നെ ഗസ്സാലിയെ ബാഗ്ദാദിലെ നിസാമിയ്യാ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായി നിയമിച്ചു. അന്ന് മുസ്‌ലിംലോകത്തെ ഏറെ പ്രസിദ്ധമായ വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. യവന തത്ത്വചിന്ത ഗസ്സാലിയെയും നല്ലപോലെ സ്വാധീനിച്ചിരുന്നു.
    തന്റെ വിഖ്യാതമായ നാല്‍പതോളം ഗ്രന്ഥങ്ങള്‍ക്കിടയില്‍,    ഇസ്മാഈലീ ചിന്താഗതികളെ എതിര്‍ക്കാനാണ് ഗസ്സാലീ തന്റെ പല രചനകളും നടത്തിയിരുന്നത്. അതില്‍ ഏറെ ശ്രദ്ധേയമാണ് ഫളാഇഹുല്‍ ബാഥിനിയ്യ വ ഫളാഇലുല്‍ മുസ്തസ്ഹിരിയ്യ എന്ന കൃതി. കിത്താബുല്‍ മുസ്തസ്ഹിരി എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
    ബാഗ്ദാദില്‍ അദ്ധ്യാപകനായതിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, ഗസ്സാലിയുടെ മനസ്സിനെ ചിന്താപരമായ ആശയക്കുഴപ്പം പിടികൂടി. ഇതിന്റെ അനന്തരഫലമെന്നോണമാണ് തത്ത്വചിന്തയെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹം തുനിയുന്നത്. തന്നെ നേരിട്ട ധൈഷണിക പ്രതിസന്ധിക്ക് പരിഹാരമായി യാതൊന്നും അദ്ദേഹത്തിനു മുമ്പിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ഉത്തരമില്ലാത്ത അനന്തമായ ചോദ്യങ്ങളുടെ, മതകീയമായ ഒരു കൊടുങ്കാറ്റുതന്നെ തന്നെ പിന്തുടരുന്നതായി അദ്ദേഹത്തിന് തോന്നി. ഈയൊരു സമരാത്മകമായ ഘട്ടം ചില മാനസിക പ്രതിസന്ധിയിലേക്ക് അദ്ദേഹത്തെ തള്ളിവിടുകയും തന്റെ ജോലിയില്‍നിന്നും രാജിവെക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകുയും ചെയ്തു. ശേഷം, സ്വന്തം കുടുംബത്തെപ്പോലും പരിത്യജിച്ച അദ്ദേഹം സത്യം തേടി ഇറങ്ങിത്തിരിക്കാന്‍ ഉദ്ദേശിക്കുകയായിരുന്നു. ബാഗ്ദാദില്‍നിന്നുമുള്ള ഈ പുറപ്പാടിന്റെ മുമ്പ്, അവസാനമായി വിരചിതമായ അദ്ദേഹത്തിന്റെ രചനയാണ് കിത്താബുല്‍ മുസ്തസ്ഹിരി. പിന്നീട് 1095 ല്‍ മരിക്കുന്നതുവരെ പുതിയൊരു ജീവിതമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ആത്മീയ രൂപാന്തീകരണം
    നിരന്തരമായ അന്വേഷണയാത്രയിലൂടെ സൂഫിസത്തിലാണ് സത്യമെന്ന് ഗസ്സാലി തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള ജീവിതത്തില്‍ ആത്മീയ രൂപാന്തീകരണത്തിന് വിധേയനായ അദ്ദേഹം സൂഫീ പരിവേഷത്തിലാണ് ജീവിച്ചിരുന്നത്. ചിന്തക്കും ഇന്ദ്രിയങ്ങള്‍ക്കുമപ്പുറത്തുള്ള ഈ ധാരയിലാണ് അതീവ ജാഗ്രത നല്‍കേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കി. തീര്‍ച്ചയായും ഈ പാതയിലാണ് ഒരാള്‍ക്ക് ദൈവത്തെ നേരില്‍ അനുഭവിക്കാന്‍ സാധിക്കുന്നത്. പ്രവാചകന്മാര്‍ പോലും ദൈവിക വെളിപാടുകള്‍ സ്വീകരിക്കുന്നത് ഇത്തരമൊരു വഴിയിലാണെന്ന് അദ്ദേഹം അനുഭവത്തിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞു. ഇത്തരമൊരു അനുഭവമുണ്ടാകുന്നതിലൂടെ ഏതൊരാള്‍ക്കും തന്റെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുന്നതാണ്. മാത്രമല്ല, അവന്‍ പരമ സത്യത്തിന്റെ ഗുണഭോക്താവായി മാറുന്നതുമാണ്.
    പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം, ഗസ്സാലി വീണ്ടും തന്റെ അദ്ധ്യാപനത്തിന്റെ വഴിയിലേക്കുതന്നെ തിരിച്ചുവന്നു.  ഇസ്‌ലാമിക സൂഫിസത്തിലൂടെ മോചനപാത കണ്ടെത്തിയ, സമര്‍പ്പിതനായ ഒരു മത തത്ത്വജ്ഞാനിയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ശിഷ്ടകാലം സൂഫീ ആശയങ്ങളില്‍ സമര്‍പ്പിതനായിട്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്.
    ബൃഹത്തായ അനവധി ഗ്രന്ഥങ്ങളുടെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില രചനകളാണ് അല്‍ മുന്‍ഖിദു മിനള്ളലാല്‍, തഹാഫുത്തുല്‍ ഫലാസിഫ, ഇഹ്‌യാഉ ഉലൂമിദ്ദീന്‍ എന്നിവ.
    തന്റെ ആന്തരിക സംഘട്ടനങ്ങളെക്കുറിച്ചും ബൗദ്ധിക പുരോഗതിയെക്കുറിച്ചും സൂഫിസത്തിലൂടെ മോചനം വരിച്ചതിനെക്കുറിച്ചുമാണ് അല്‍ മുന്‍ഖിദു മിനള്ളലാല്‍ പ്രതിപാദിക്കുന്നത്. സ്വന്തം ജീവിതയാത്രയുടെ പ്രകാശനമായതുകൊണ്ടുതന്നെ  ഒരു ആത്മകഥയോട് ഇത് അടുത്തുനില്‍ക്കുന്നു. 'ദ കണ്‍ഫെശ്യന്‍  ഓഫ് സെന്റ് അഗസ്റ്റിന്‍' (സെന്റ് അഗസ്റ്റിന്റെ കുമ്പസാരം) എന്ന പുസ്തകത്തോടാണ് പാശ്ചാത്യന്മാര്‍ ഇതിനെ താരതമ്യപ്പെടുത്തുന്നത്. സൂഫീധാരയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക്  അനുവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെതാണ് തന്റെ ബിദായത്തുല്‍ ഹിദായ.
    തത്ത്വചിന്തയെക്കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷം, ഗസ്സാലി   സംശയാസ്പദമായ ഇസ്‌ലാമിക് തിയോളജിയെയും ഗ്രീക്ക് ഫിലോസഫിയെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരു പുസ്തകമെഴുതി. അതായിരുന്നു തഹാഫുത്തുല്‍ ഫലാസിഫ. ഇബ്‌നു സീനയെപോലുള്ള (യാഥാസ്തികതയെ എതിര്‍ത്ത) നിയോപ്ലാറ്റോണിക് മുസ്‌ലിം തത്ത്വചിന്തകന്മാര്‍ക്കുള്ള ശക്തമായ മറുപടിയായിരുന്നു ഇത്.
    പാരമ്പര്യം, ബുദ്ധി, സൂഫിസം എന്നിങ്ങനെ മൂന്ന് സ്രോതസ്സുകളില്‍നിന്നുള്ള മത ചിന്തകളുടെ സമ്മിശ്ര അവതരണമാണ്    ഇഹ്‌യാഉ ഉലൂമിദ്ദീന്‍. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക ഗ്രന്ഥമെന്ന് പലരും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
    ഗോളശാസ്ത്രത്തിലും ഗസ്സാലി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. മദ്ധ്യകാലത്തുതന്നെ അദ്ദേഹത്തിന്റെ രചനകള്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ഗസ്സാലീ ചിന്തകള്‍ക്കുള്ള അംഗീകാരമായിരുന്നു ഇത്.
ചിന്താതീതമായ സത്യം
    തന്റെ തത്ത്വചിന്താപരമായ നിബന്ധങ്ങളില്‍, പരമസത്യത്തെ പ്രാപിക്കുന്ന വിഷയത്തില്‍ യുക്തിയുടെ അശക്തതയെ ഇമാം ഗസ്സാലി ചൂണ്ടിക്കാണിക്കുന്നുണ്ട്. യുക്തി ഒരിക്കലും പൂര്‍ണ്ണമല്ലെന്നും അത് നിരീക്ഷണങ്ങളില്‍ മാത്രം പരിമിതവുമാണെന്നും അദ്ദേഹം പറയുന്നു. പ്രപഞ്ചത്തെക്കുറിച്ച് പല മുസ്‌ലിം തത്ത്വചിന്തകന്മാരും വെച്ചുപുലര്‍ത്തിയ വീക്ഷണങ്ങള്‍ക്കുവിരുദ്ധമായി, സ്ഥലത്തിലും സമയത്തിലും പരിമിതമാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്.
    യുക്തിക്കും മതത്തിനും ഇടയില്‍ ഒരു പ്രത്യേക ബാലന്‍സ് നിലനിര്‍ത്തുന്നതായിരുന്നു ഗസ്സാലിയുടെ തര്‍ക്കശാസ്ത്ര വീക്ഷണം. യുക്തിയെ പരിമിതവും മതത്തെ അപരിമേയവുമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഈ വീക്ഷണം യാഥാസ്തിക ഇസ്‌ലാമിനും സൂഫിസത്തിനും ഏറെ ഉപകാരം ചെയ്യുന്നതായിരുന്നു. അടിസ്ഥാനപരമായിത്തന്നെ സൂഫിസത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ആളായിരുന്നു ഗസ്സാലി. പരമ്പരാഗത ഇസ്‌ലാമിന്റെ ശാക്തീകരണമായിരുന്നു ഇതിലൂടെ നടന്നിരുന്നത്. അല്ലാഹുവിനെ വരിക്കാനുള്ള നേര്‍പാതയാണ് സൂഫിസമെന്ന് അദ്ദേഹം പറയുകയുണ്ടായി.
    എ.ഡി 1111 ഡിസംബര്‍ 18 ന് മരണം വരിക്കുന്നതിനു മുമ്പുതന്നെ, പ്രായോഗിക ഇസ്‌ലാമിക ചിന്ത, വിശ്വാസരംഗം,  ധൈഷണിക രംഗം എന്നീ മൂന്നു തലങ്ങളിലും മുസ്‌ലിംലോകത്തെ            അത്യുന്നതചിന്തകന്‍ എന്ന അംഗീകാരം സ്വന്തം ജന്മ നാടായ തൂസില്‍  തന്നെ ഇമാം ഗസ്സാലിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ യത്‌നങ്ങളിലൂടെ, അന്നേവരെ രഹസ്യമായി നിലകൊണ്ട സൂഫിസത്തിന് പൊതുതലത്തില്‍ അംഗീകാരം ലഭിക്കുകയുണ്ടായി.

ഇബ്‌നു സീന (എ.ഡി 980-1037)



    പാശ്ചാത്യ ലോകത്ത് അവിസെന്ന എന്ന പേരില്‍ പ്രസിദ്ധനായ അബൂ അലി അല്‍ ഹുസൈന്‍ ബിന്‍ അബ്ദില്ല ബിന്‍ സീന ബുഖാറക്ക(ഉസ്‌ബെക്കിസ്ഥാന്‍)ടുത്ത അഫ്ശാനയില്‍ ജനിച്ചു. പിതാവ് അബ്ദുല്ല, ബല്‍ഖ് നിവാസിയും മാതാവ് ബുഖാറക്കടുത്ത ഒരു ഗ്രാമീണയുമാണ്. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നും കരസ്ഥമാക്കി. മത രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന ഇസ്മാഈലിസത്തില്‍ നിലകൊണ്ട ആളായിരുന്നു പിതാവ്. അതീവ ബുദ്ധിശാലിയായിരുന്നു ഇബ്‌നു സീന. പത്താമത്തെ വയസ്സോടെ ഖുര്‍ആനില്‍നിന്നും വലിയൊരു ഭാഗം ഹൃദിസ്ഥമാക്കി. അനവധി ശാസ്ത്രങ്ങളില്‍ വ്യുല്‍പത്തി നേടുകയും ചെയ്തു.  ഇസ്മാഈലീ ചിന്താഗതിയോട് അടുപ്പിക്കുന്നതായിരുന്നു  അദ്ദേഹത്തിന്റെ സമീപനങ്ങള്‍.
    ശേഷം, ഇബ്‌നു സീന ഫിലോസഫി പഠനം ആരംഭിച്ചു.  തദ്വിഷയകമായി യവന-മുസ്‌ലിം ഗ്രന്ഥങ്ങള്‍ വായിച്ചു. അന്നത്തെ സുപ്രസിദ്ധ പണ്ഡിതനായിരുന്ന അബൂ അബ്ദില്ല നാദിലിയുടെ ശിഷ്യത്വം നേടി. അദ്ദേഹത്തില്‍നിന്നും തര്‍ക്കശാസ്ത്രവും അതീന്ദ്രിയജ്ഞാനവും കരസ്ഥമാക്കി.
    എവിടെയും തന്റെ അദ്ധ്യാപകരെ കവച്ചുവെക്കുന്ന നിലക്കായിരുന്നു ഇബ്‌നു സീനയുടെ വളര്‍ച്ചയുണ്ടായിരുന്നത്. തുടര്‍ന്നുള്ള കുറഞ്ഞ വര്‍ഷങ്ങള്‍ അദ്ദേഹം സ്വന്തമായി അറിവിന്റെ വഴികള്‍ അന്വേഷിച്ചു. ഇക്കാലയളവില്‍ ഇസ്‌ലാമിക നിയമവ്യവസ്ഥയും വൈദ്യവും പരിചയപ്പെടാന്‍ അവസരമുണ്ടായി. വൈദ്യം ഏറെ ലളിതമാണെന്ന് അന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
     പതിനെട്ടാമത്തെ വസയ്യോടെ ഇബ്‌നു സീന തന്റെ ശ്രദ്ധ വൈദ്യരംഗത്തേക്കു തിരിച്ചു. ആ രംഗം പഠിച്ചുതുടങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രശസ്തി നാടെങ്ങും പ്രചരിക്കാന്‍ തുടങ്ങി. ഇക്കാലത്താണ് സമാനീ ഭരണാധികാരിയും ബുഖാറാ ചക്രവര്‍ത്തിയുമായിരുന്ന നൂര്‍ ബിന്‍ മന്‍സൂറിനെ ചികിത്സിക്കാന്‍ അദ്ദേഹം  ക്ഷണിക്കപ്പെടുന്നത്. അനവധി ഭിഷഗ്വരന്മാര്‍ ചികിത്സിച്ചിട്ടും ഭേദമാകാത്ത രോഗമായിരുന്നു അദ്ദേഹത്തിന്റെത്. പക്ഷെ, ഇബ്‌നു സീന അതില്‍ വിജയം കണ്ടു. സന്തുഷ്ടനായ രാജാവ് നന്ദിപൂര്‍വ്വം അദ്ദേഹം ആവശ്യപ്പെടുന്ന എന്തും സമ്മാനമായി നല്‍കാന്‍ തയ്യാറായി. പക്ഷെ, അമൂല്യഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികള്‍ നിറഞ്ഞുകിടന്നിരുന്ന റോയല്‍ ലൈബ്രറിയില്‍ പ്രവേശിക്കാനുള്ള  അനുമതി മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.
    21 വയസ്സായപ്പോഴേക്കും വിവിധ ജ്ഞാനശാഖകളില്‍ അനവധി ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.  തീര്‍ത്തും സ്വന്തമായിത്തന്നെ ഒരു പുസ്തകമെഴുതാന്‍ അനുയോജ്യമായ പരുവത്തിലായിരുന്നു അദ്ദേഹമപ്പോള്‍ ഉണ്ടായിരുന്നത്. ഇതിനിടെ ഭരണരംഗത്ത് ഇടപെടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഒരു ക്ലര്‍ക്ക് എന്ന നിലക്കായിരുന്നു പ്രധമനിയോഗം.
അലഞ്ഞുതിരിച്ചില്‍
    പിന്നീടങ്ങോട്ട് കുറച്ചുകാലം ഇബ്‌നുസീനക്ക് ദൗര്‍ഭാഗ്യങ്ങളുടെ കാലമായിരുന്നു. ആദ്യമായിത്തന്നെ, സ്വന്തം പിതാവ് മരണപ്പെട്ടു.  രണ്ടാമതായി, തന്റെ ആശാകേന്ദ്രമായ സമാനീ ഭരണാധികാരി അട്ടിമറിക്കപ്പെടുകയും തുര്‍ക്കിയുടെ ഇതിഹാസം മഹ്മൂദ് ഗസ്‌നി തല്‍സ്ഥാനത്തേക്ക് രംഗപ്രവേശം നടത്തുകയും ചെയ്തു. ഇറാനും അഫ്ഗാനിസ്ഥാനുമുള്‍പ്പെടുന്നനിലക്ക്   വിശാലാര്‍ത്ഥത്തില്‍ അദ്ദേഹം തന്റെ ഭരണ പ്രദേശം സംവിധാനിച്ചു. അന്ന് ഡമസ്‌കസ് എന്നാണ് ആ ഭാഗങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഇതോടെ, ഇബ്‌നു സീന തന്റെ സ്വദേശമായ ബുഖാറയോട് വിടപറഞ്ഞ് ഖുറാസാന്റെ വിവിധ സിറ്റികളിലൂടെ അലഞ്ഞുതിരിയാന്‍ തുടങ്ങി. ബുഖാറയുടെ പടിഞ്ഞാര്‍ ഭാഗത്തേക്കാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. അതിനിടെ, ഖിവ ഭരണാധികാരി അലി ബിന്‍ മഅ്മൂന്റെ കൊട്ടാര സേവകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
    പക്ഷെ, മഹ്മൂദ് ഗസ്‌നവി തന്നെ കവര്‍ന്നുകളയുമോയെന്ന് ഭയന്ന അദ്ദേഹം വീണ്ടും അലഞ്ഞുതിരിയലിന്റെ പാതതന്നെ സ്വീകരിക്കുകയായിരുന്നു. പിന്നീട്, അനവധി സഞ്ചാരങ്ങള്‍ക്കുശേഷം, അദ്ദേഹം കാസ്പിയന്‍ കടല്‍തീരത്ത് സ്ഥിതിചെയ്യുന്ന ജുര്‍ജാന്‍ എന്ന പ്രദേശത്തെത്തി. അന്നത്തെ കാസ്പിയന്‍ ഭരണാധികാരി അറിവിന്റെ സംരക്ഷകന്‍ എന്ന നിലക്ക് പ്രസിദ്ധനായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിനടുത്ത് അഭയം ലഭിച്ചേക്കുമോയെന്ന് ഇബ്‌നു സീന പ്രത്യാശിച്ചു. പക്ഷെ, ഇബ്‌നു സീനയെത്തി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും വധിക്കപ്പെടുകയുമായിരുന്നു. എങ്കിലും, ഇബ്‌നു സീന തര്‍ക്കശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും ലച്ചറിങ് നടത്തി കുറച്ചുകാലം അവിടെത്തന്നെ കഴിച്ചുകബട്ടി. അന്നാണ് പാശ്ചാത്യലോകത്ത് Canon എന്ന പേരില്‍ പ്രസിദ്ധമായ തന്റെ വിഖ്യാത രചന ഖാനൂന്‍ ഫിത്ത്വിബ്ബിന്റെ ആദ്യം ഭാഗം എഴുതാന്‍ ആരംഭിക്കുന്നത്.
    ശേഷം, ഇബ്‌നു സീന ഇന്നത്തെ ടഹ്‌റാനിനടുത്ത് സ്ഥിതി ചെയ്തിരുന്ന റയ്യിലേക്കും അവിടെനിന്ന്, ഖസ്‌വീനിലേക്കും പുറപ്പെട്ടു. അന്നൊക്കെ ഒരു വൈദ്യന്‍ എന്ന നിലക്ക് സ്വന്തത്തെ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷെ, യാത്രയിലെവിടെയും ശാന്ത സുന്ദരമായി ജീവിക്കാനോ സ്വതന്ത്രമായി തന്റെ ജോലികള്‍ ചെയ്തുതീര്‍ക്കാനോ പറ്റിയ ഒരിടം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അങ്ങനെ പടിഞ്ഞാറന്‍ സെന്‍ട്രല്‍ പേര്‍ഷ്യയിലെ ഹമദാന്‍ എന്ന പ്രദേശത്ത് അദ്ദേഹം എത്തിപ്പെട്ടു. ശംസുദ്ദൗല എന്ന ഭരണാധികാരിയാണ് അന്നവിടെ ഭരണം നടത്തിയിരുന്നത്. അദ്ദേഹം ശക്തമായ ഉദരരോഗം ബാധിച്ച് കിടപ്പിലായിരുന്നു. ഇബ്‌നു സീന അദ്ദേഹത്തെ ചികിത്സിക്കുകയും അല്‍ഭുതകരമായി രോഗം ഭേദമാവുകയും ചെയ്തു.
    ഇതോടെ ഇബ്‌നു സീന അദ്ദേഹത്തിന്റെ കൊട്ടാര വൈദ്യനായി നിയമിതനായി. തന്റെ ഉത്തമ സ്വഭാവം കണ്ടതോടെ താമസിയാതെ മന്ത്രിയായും അവരോധിക്കപ്പെട്ടു. പക്ഷെ, ഇത് ചിലയാളുകള്‍ക്ക് തീരെ സഹിച്ചില്ല. ഉള്ളില്‍നിന്നുതന്നെ അദ്ദേഹത്തെ പുറത്തുകടത്താനുള്ള ഗൂഢതന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. അതോടെ അദ്ദേഹം കുറച്ചുകാലത്തേക്ക് തുറുങ്കിലടക്കപ്പെടുകയായി. പക്ഷെ, ഭാഗ്യകരമെന്നുപറയട്ടെ, ശംസുദ്ദൗല വീണ്ടും ഉദരരോഗത്തിന്റെ പിടിയിലകപ്പെട്ടു. അതോടെ അദ്ദേഹം തിരിച്ചുവിളിക്കപ്പെടുകയും മന്ത്രിപ്പദവിയില്‍ പുനരവരോധിക്കപ്പെടുകയും  ചെയ്തു.
വൈദ്യശാസ്ത്രിത്തിലെ മികച്ച രചനകള്‍
    ഈ കാലഘട്ടത്തില്‍, പകല്‍സമയം ജോലിത്തിരക്കായിരുന്നതുകൊണ്ടുതന്നെ, രാത്രിനേരങ്ങളില്‍ കൂടുതല്‍ മണിക്കൂറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു പാഠം നല്‍കാനും തന്റെ പുസ്തകങ്ങള്‍ക്ക്  പോയ്ന്റ് ശേഖരിക്കാനുമായി അദ്ദേഹത്തിന് നീക്കിവെക്കേണ്ടിവന്നു. അന്ന് അദ്ദേഹം തന്റെ മറ്റൊരു കൃതിയായ കിതാബുശ്ശിഫായുടെ  രചനയിലായിരുന്നു. ശാസ്ത്ര-തത്ത്വചിന്താവിഷയകമായ വിശാലമായൊരു വിജ്ഞാനകോശമാണിത്. ഇവ്വിഷയകമായി  ഒരേയൊരു രചയിതാവിനാല്‍ വിരചിതമായ ഏറ്റവും വലിയ കൃതിയെന്നാണ് ഇതിനെക്കുറിച്ച് പറയപ്പെടുന്നത്. തന്റെ ജയില്‍വാസ  ഘട്ടത്തില്‍പോലും ഇബ്‌നു സീന തന്റെ എഴുത്ത് മുറിഞ്ഞുപോകാതെ തുടര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ തര്‍ക്കശാസ്ത്രം, മന:ശാസ്ത്രം, പ്രകൃതി ശാസ്ത്രം, ഗണിതശാസ്ത്രം, ക്ഷേത്രഗണിതം, ഗോളശാസ്ത്രം, സംഗീതം, അതീന്ദ്രിയജ്ഞാനം തുടങ്ങിയവയില്‍ പരന്നുകിടക്കുകയാണ്. ഇതില്‍ പല നിബന്ധങ്ങളിലും അദ്ദേഹത്തിന്റെ ചിന്തകളെ അരിസ്റ്റോട്ടിലടക്കം പല യവന ചിന്തകരും സ്വാധീനിച്ചതായി കാണാവുന്നതാണ്. മൊത്തം ഈ ഗ്രന്ഥങ്ങളിലെല്ലാം ഒളിഞ്ഞുകിടക്കുന്ന പൊതുതത്ത്വം ദൈവാസ്തിക്യത്തിന്റെ  സാധൂകരണമാണ്.
    പാശ്ചത്യലോകത്തും പൗരസ്ത്യലോകത്തും ഏറെ പ്രസിദ്ധി നേടിയ ഖാനൂന്‍ ഫിത്ത്വിബ്ബാണ് ഈ ഘട്ടത്തില്‍ അദ്ദേഹം എഴുതിക്കൊണ്ടിരുന്ന മറ്റൊരു കൃതി. ഒരു മില്യനോളം പദങ്ങള്‍ ദൈര്‍ഘ്യമുള്ള വൈദ്യശാസ്ത്രത്തിലെ ബൃഹത്തായൊരു വിജ്ഞാനകോശമാണിത്. തുടക്കത്തില്‍ യവന-അറബ് വൈദ്യശാസ്ത്ര വിശാരദരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയും പിന്നീട്     വൈദ്യത്തിലെ സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയുമാണ്   അത് സംവിധാനിക്കപ്പെട്ടിട്ടുള്ളത്. പക്ഷെ, തന്റെ അലഞ്ഞുതിരിയലിനിടയില്‍ ഇതിലെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടുപോയിരുന്നു. വൈദ്യത്തിലെ അത്യുത്തമ രചനയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇതില്‍ 760 മരുന്നുകളെ പരിചയപ്പെടുത്തുന്നുണ്ട്. ശരീരശാസ്ത്രം, സ്ത്രീരോഗ വിജ്ഞാനീയം, ശിശു ആരോഗ്യം തുടങ്ങിയവയിലും   ഈ രചന വലിയ സംഭാവനകള്‍ നല്‍കുന്നു. മസ്തിഷ്‌ക ചര്‍മവീക്കത്തെ ആദ്യമായി പരിചയപ്പെടുത്തിയതും അദ്ദേഹമായിരുന്നു.
    എ.ഡി 1022 ല്‍ ശംസുദ്ദൗല മരണപ്പെട്ടതോടെ ഇബ്‌നു സീനയുടെ ജീവിതം ഒരിക്കലൂടെ ദുരിതങ്ങളുടെ നടുവിലായി. അതിനിടെ കുറച്ചുകാലം ജയിലില്‍ കഴിയേണ്ടിയും വന്നു. അതോടെ അദ്ദേഹം ടെഹ്‌റാനിന്റെ തെക്കുഭാഗത്ത് 250 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിലേക്ക് ഓടിപ്പോയി. തുടര്‍ന്നുള്ള 14 വര്‍ഷങ്ങള്‍ ആപേക്ഷികമായി സമാധാന പൂര്‍ണ്ണമായിരുന്നു. ഈ ഘട്ടത്തിലാണ് അദ്ദേഹം തന്റെ സുപ്രധാനമായ  രണ്ടു ഗ്രന്ഥങ്ങളും എഴുതി തീര്‍ക്കുന്നത്. മാത്രമല്ല, തന്റെ മറ്റു ചില നബന്ധങ്ങള്‍ തയ്യാറാക്കിയിരുന്നതും ഇവിടെവെച്ചുതന്നെയായിരുന്നു. അന്ന് ഇസ്ഫഹാന്‍ ഭരണാധികാരി അലാഉദ്ദൗലയുടെ കൊട്ടാരസേവകനായിട്ടായിരുന്നു അദ്ദേഹം കഴിഞ്ഞുകൂടിയിരുന്നത്. വൈദ്യ-സാഹിത്യ രംഗങ്ങളില്‍ രാജാവിന്റെ ഉപദേഷ്ഠാവുകൂടിയായിരുന്നു അദ്ദേഹം. ചിലനേരങ്ങളില്‍ അദ്ദേഹം രാജാവിനൊപ്പം യുദ്ധങ്ങളില്‍വരെ പോവാറുണ്ടായിരുന്നു.
ബൃഹത്തായ നിബന്ധങ്ങള്‍
    ഇക്കാലത്തുതന്നെയാണ് ഇബ്‌നു സീന ഫിലോസഫിയിലെ തന്റെ വിഖ്യാത കൃതി കിത്താബുല്‍ ഇശാറാത്തി വത്തന്‍ബീഹാത്ത് രചിക്കുന്നത്. ഇതില്‍ അദ്ദേഹം യാഥാര്‍ത്ഥ്യത്തിന്റെ തീരത്തുനിന്നും തുടങ്ങി ദൈവദര്‍ശനത്തില്‍ അവസാനിക്കുന്ന ആത്മീയ യാത്രകളെ വിവരിക്കുന്നുണ്ട്.
    തന്റെ രചനകളിലുടനീളം ഇബ്‌നു സീന യവന യുക്തിചിന്തയെയും ഇസ്‌ലാമിക ചിന്തയെയും വ്യവസ്ഥാപിതമായി സമന്വയിപ്പിക്കാന്‍ പാട്‌പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ വഴിയില്‍ അദ്ദേഹം പല യാഥാസ്തിക വിശ്വാസങ്ങളെയും മാറ്റിവെക്കുന്നു. മനുഷ്യാത്മാവിന്റെ അനശ്വരത, പ്രപഞ്ച സൃഷ്ടിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തുടങ്ങിയവ ഉദാഹരണം. അതുകൊണ്ടുതന്നെ, യാഥാസ്തിക ദൈവശാസ്ത്രജ്ഞന്‍ ഇമാം ഗസ്സാലിയടക്കം പലരും പിന്നീട് അദ്ദേഹത്തിന്റെ വിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. എന്നിരുന്നാലും, മതം മാനുഷ്യകത്തിനായി ഉണ്ടാക്കപ്പെട്ട ഒരു ആലങ്കാരിക ഫിലോസഫിതന്നെയാണെന്ന് തുറന്നുപറയാന്‍ ഇബ്‌നു സീന ധൈര്യം കാണിച്ചു. ധൈഷണിക സമവാക്യങ്ങള്‍ എന്ന നിലക്ക് തത്ത്വചിന്താപരമായ സത്യങ്ങള്‍ അവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും ശരി.
    വിടപറയുംമുമ്പ് 99 -ഓളം വിശിഷ്ട രചനകള്‍ ഇബ്‌നു സീന നടത്തിയിട്ടുണ്ട്. അന്ന് മുസ്‌ലിംലോകത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന അറബി ഭാഷയിലായിരുന്നു ഇതില്‍ അധികവും. ഇതില്‍ രണ്ടെണ്ണം തന്റെ സ്വദേശ ഭാഷയായ ഫാരിസിയിലാണ് എഴുതിയിരിക്കുന്നത്. ദാനിശ് നാമയെ അലായ് (എന്‍സൈക്ലോപീഡിയ ഓഫ് ഫിലോസഫിക്കല്‍ സയന്‍സസ്) ആണ് അതിലൊന്ന്. നാഡീസ്പന്ദനത്തെക്കുറിച്ച ഒരു നിബന്ധമാണ് മറ്റേത്. ഇബ്‌നു സീനയുടെ രചനകളില്‍ 68 എണ്ണം ദൈവശാസ്ത്രത്തിലും അതീന്ദ്രിയ ജ്ഞാനങ്ങളിലുമാണ്. 16 എണ്ണം വൈദ്യത്തിലും 11 എണ്ണം ഗോളശാസ്ത്രത്തിലും നാലെണ്ണം കവിതാസംബന്ധിയുമാണ്. സ്വര്‍ഗലോകത്തുനിന്നും മനുഷ്യ ശരീരത്തിലേക്ക് ഇറങ്ങിവരുന്ന ആത്മാവിനെ വര്‍ണ്ണിച്ചുകൊണ്ടുള്ളതാണ് അറബിയില്‍ അദ്ദേഹത്തിന്റെ   ഏറ്റവും മനോഹരമായ കവിത.
    നിരന്തരമായ യാത്രകളും അവസാനിക്കാത്ത ജോലിയും  എഴുത്തും ഇബ്‌നു സീനയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ഇതില്‍ ചെങ്ങാതിമാരുടെ ഉപദേശങ്ങളുണ്ടായിരുന്നിട്ടുപോലും അദ്ദേഹമവ മുഖവിലക്കെടുത്തിരുന്നില്ല. അലാഉദ്ദൗലയോടൊന്നിച്ച് സമരമുഖത്ത് നിലകൊള്ളവെയാണ് അദ്ദേഹം രോഗബാധിതനാകുന്നത്. സ്വന്തമായി ചികിത്സിക്കാന്‍ ചില ശ്രമങ്ങളൊക്കെ നടത്തിനോക്കിയെങ്കിലും രക്ഷിക്കാനായില്ല. 1037 ല്‍ ഹമദാനില്‍വെച്ച് അദ്ദേഹം മരണപ്പെട്ടു. അന്ന് 58 വയസ്സായിരുന്നു. ഹമദാനില്‍തന്നെ മറമാടപ്പെടുകയും ചെയ്തു.

അല്‍ ഫാറാബി (എ.ഡി 870-950)



    മുസ്‌ലിം തത്ത്വജ്ഞാനി മുഹമ്മദ് ബിന്‍ തര്‍ഖാന്‍ ബിന്‍ ഉസലാഗ് അല്‍ ഫാറാബി എ.ഡി 870 ല്‍ തുര്‍ക്കിസ്ഥാനിലെ ഫാറാബിനടുത്ത വാസിജ് ഗ്രാമത്തില്‍ ടര്‍ക്കിഷ് ദമ്പദികളുടെ മകനായി പിറന്നു. ഉസ്ബക്കിസ്ഥാനിലാണ് ഈ പ്രദേശം ഇന്ന് നിലകകൊള്ളുന്നത്. അബൂ നസ്‌റുല്‍ ഫാറാബി എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. പേര്‍ഷ്യന്‍ പാരമ്പര്യമുള്ളവരായിരുന്നു തന്റെ കുടുംബം. മാതാപിതാക്കള്‍ തുര്‍ക്കിസ്ഥാനിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഒരു സൈനിക വേധാവിയായിരുന്നു ഫാറാബിയുടെ പിതാവ്.
    ഫാറാബ്, ഖുറാസാന്‍ എന്നിവിടങ്ങളില്‍നിന്നും പ്രാഥമിക പഠനം നടത്തി. ഉന്നത വിദ്യാഭ്യാസത്തിനായി ബാഗ്ദാദിലേക്കു തിരിച്ചു. അവിടെനിന്ന് സുരിയാനീ ക്രിസ്ത്യന്‍ അദ്ധ്യാപകരുടെ സഹായത്തോടെ യവന തത്ത്വചിന്ത സ്വായത്തമാക്കി. എ.ഡി 901-942 കാലയളവില്‍ പഠനവും പ്രവര്‍ത്തനങ്ങളുമായി അവിടെത്തന്നെ നിലകൊണ്ടു. ഈ കാലയളവിലാണ് ഫാറാബി അനവധി ഭാഷകളിലും വിവിധ ജ്ഞാനശാഖകളിലും പരിജ്ഞാനം നേടുന്നത്.
    യവന സ്വാധീനത്തിന്റെ ഫലമായി, മുസ്‌ലിം ലോകത്തേക്ക് ആദ്യമായി പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ചിന്തകള്‍  കൊണ്ടുവന്ന മുസ്‌ലിംതത്ത്വജ്ഞാനികളിലൊരാളായിരുന്നു ഫാറാബി. ഇത് മുസ്‌ലിം തത്ത്വജ്ഞാനികളായ ഇബ്‌നു സീന (അവിസെന്ന), ഇബ്‌നു റുശ്ദ് (അവിറോസ്) പോലെയുള്ളവരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. യുക്തിചിന്തയുടെ വെളിച്ചത്തില്‍ ഒരു പരമ ശക്തിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് ഫാറാബി വിശ്വസിച്ചിരുന്നു. ഈ യുക്തിചിന്ത മനുഷ്യരിലും കുടികൊള്ളുന്നതായി അദ്ദേഹം മനസ്സിലാക്കി. മാത്രമല്ല, ഇത് അവരിലാണ് കൂടുതല്‍ അനശ്വരമായി നിലകൊള്ളുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ, മനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രഥമ ലക്ഷ്യം, ഈ ധൈഷണിക തലം വികസിപ്പിക്കുകയെന്നതാണെന്ന് അദ്ദേഹം പറയുന്നു.
    വിദ്യ തേടിക്കൊണ്ട് ഫാറാബി വിദൂര ദേശങ്ങളിലൂടെ യാത്രകള്‍ നടത്തിയിരുന്നു. അതിനിടെ ഈജിപ്തിലും ഡമസ്‌കസിലും കാലങ്ങള്‍ താമസിച്ചതിനുശേഷമാണ് ബാഗ്ദാദിലേക്കു തിരിച്ചിരുന്നത്. ഒടുവില്‍ അദ്ദേഹം അലപ്പോ ഭരണാധികാരി സൈഫുദ്ദൗല (എ.ഡി 916-67) യുടെ കൊട്ടാരത്തിലെത്തി അവിടെ സ്ഥിരതാമസമാക്കി. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി മാറുകയും അദ്ദേഹത്തിനവിടെ പ്രിസിദ്ധി വന്നുചേരുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഒരു നിയമാധിപന്‍ (ഖാസി) എന്ന നിലയിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ശേഷം, അദ്ധ്യാപന രംഗത്തേക്കു തിരിഞ്ഞു. ഒടുവില്‍ ജീവിത പ്രതിസന്ധികള്‍ വന്നുചേര്‍ന്നതോടെ അദ്ദേഹം അവിടത്തെ തോട്ട പാറാവുകാരന്‍ വരെ  ആയി.
    ലോകത്ത് ഒന്നടങ്കമുള്ള തത്ത്വജ്ഞാന വസ്തുതകള്‍ എല്ലാം ഒന്നുതന്നെയാണെന്ന് സ്ഥാപിച്ച പ്രഥമ മുസ്‌ലിം ഫിലോസഫറായിരുന്നു ഫാറാബി. മതകീയ അടിത്തറയില്‍തന്നെയാണ് അവയെ അദ്ദേഹം ക്രമീകരിച്ചിരുന്നത്. ലോകത്തുള്ള സര്‍വ്വ മതങ്ങളും മാതൃകായോഗ്യമായ ഒരു പ്രാപഞ്ചിക മതത്തിന്റെ കേവലം പ്രതീകാത്മക പ്രകടനങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
സാഹിതീയ സംഭാവനകള്‍
    വിപുലമായ അനവധി രചനകള്‍ നടത്തിയ ഒരു എഴുത്തുകാരനായിരുന്നു ഫാറാബി. 117-ാളം രചനകള്‍ അദ്ദേഹത്തിന്റെതായി തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ, കാലത്തിന്റെയും ചരിത്രത്തിന്റെയും തിരിമറികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ അനവധി രചനകള്‍ നഷ്ടപ്പെടുകയായിരുന്നു. തര്‍ക്കശാസ്ത്രത്തിലാണ് 43 രചനകള്‍ അദ്ദേഹം നടത്തിയിരിക്കുന്നത്. പതിനൊന്നെണ്ണം ആദ്ധ്യത്മിക ജ്ഞാനത്തിലും സദാചാരം, രാഷ്ട്രമീമാംസ എന്നിവയില്‍ ഏഴുവീതവും അദ്ദേഹം രചന നടത്തി. സംഗീതം, വൈദ്യം, സമൂഹശാസ്ത്രം എന്നിവയിലായി 17 പുസ്തകങ്ങളും മറ്റു വ്യാഖ്യാനങ്ങളായി പതിനൊന്ന് ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. അരിസ്റ്റോട്ടില്‍ കൃതികള്‍ക്ക് അദ്ദേഹം എഴുതിയിട്ടുള്ള വ്യാഖ്യാനങ്ങള്‍ അദ്ദേഹം 'രണ്ടാം അദ്ധ്യാപകന്‍' എന്ന അപരനാമത്തില്‍ അറിയപ്പെടാന്‍ വഴിയൊരുക്കി. അരിസ്റ്റോട്ടിലായിരുന്നു 'ഒന്നാം അദ്ധ്യാപകന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.
    നൂറ്റാണ്ടുകളോളം മുസ്‌ലിം കലാലയങ്ങളില്‍ ടെക്‌സറ്റു ബുക്കായി പഠിപ്പിക്കപ്പെട്ടിരുന്ന ഫുസൂസുല്‍ ഹികം അദ്ദേഹത്തിന്റെ വിഖ്യാത രചനയാണ്. മുസ്‌ലിം ലോകത്ത് ചില കേന്ദ്രങ്ങളില്‍ ഇന്നുപോലും ഇത് പഠിപ്പിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ആറാഉ അഹ്‌ലില്‍ മദീന അല്‍ ഫാദില രാഷ്ട്രീയ മീമാംസയിലും സാമൂഹ്യ ശാസ്ത്രത്തിലും പുറത്തുവന്ന ആദ്യകാല രചനകളിലൊന്നായിരുന്നു.
    മൗലിക ഘടകങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രത്തെ വര്‍ഗീകരിച്ചുകൊണ്ട് ഫാറാബി തയ്യാറാക്കിയ മറ്റൊരു പുസ്തകമാണ് ശാസ്ത്ര സൂചിക (Catalogue of Sciences) എന്നത്. മനുഷ്യന്റെ അറിവുകളെ വ്യവസ്ഥാപിതമായി ക്രമീകരിക്കാനാണ് അദ്ദേഹം ഇതില്‍ ശ്രമിക്കുന്നത്. ഇത്തരമൊരു രചന നടത്തിയ പ്രഥമ മുസ്‌ലിം ചിന്തകനായിരുന്നു അദ്ദേഹം. ഇവക്കുപുറമെ, അല്‍ മൂസീഖുല്‍ കബീര്‍ (Great Book of Music) അക്കാലത്തെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സാഹിത്യ സംഭാവനകളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ പല രചനകളും ഇന്ന് മദ്ധ്യകാല ലാറ്റിന്‍ വിവര്‍ത്തനങ്ങളില്‍ മാത്രമേ എത്തിക്കപ്പെടുകയുള്ളൂ.
    തന്റെ രചനകളിലൂടെ ഫാറാബി തത്ത്വചിന്ത, ശാസ്ത്രം,  തര്‍ക്കശാസ്ത്രം, സമൂഹശാസ്ത്രം, വൈദ്യം, സംഗീതം, ഗണിതം   എന്നിവക്ക് സമൃദ്ധമായ സംഭാവനകള്‍ തന്നെ നല്‍കുകയുണ്ടായി. തഖയ്യൂല്‍ (ആശയം), സുബൂത്ത് (തെളിവ്) എന്നിങ്ങനെ രണ്ടായിത്തിരിച്ച് അദ്ദേഹം തര്‍ക്കശാസ്ത്ര പഠനം ഏറെ സരളമാക്കി.
    ജീവിതം മുഴുക്കെ അവിവാഹിതനായി കഴിച്ചുകൂട്ടിയ ഫാറാബി എ.ഡി 950 ല്‍ ഡമസ്‌കസില്‍ അന്തരിച്ചു. അന്ന് അദ്ദേഹത്തിന് 80 വയസ്സുണ്ടായിരുന്നു.

കെ.എസ്. അബ്ദുല്ല




    കാസര്‍കോടിന്റെ സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളില്‍ അനുപമമായ വ്യക്തിമുദ്ര പതിച്ച ഒരു കര്‍മ്മയോഗിയാണ് മര്‍ഹൂം കെ.എസ് അബ്ദുള്ള സാഹിബ്. ഇല്ലാത്തവന്റെ കണ്ണീരൊപ്പാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും യത്‌നങ്ങളും ചില്ലറയല്ല. നാടിനെ പുരോഗതിയിലേക്കു നയിക്കുന്നതില്‍ അത് വളരെയേറെ സഹായകമായി. വികസനം മുരടിച്ച വിദ്യാഭ്യാസ മേഖലയെ മനസാവാചാ കര്‍മ്മണാ പിന്തുണനല്‍കി ഉദ്ദീപിപ്പിച്ച അദ്ദേഹത്തിന്റെ ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല.
    നിര്‍ധനരെ സഹായിക്കാനുള്ള മനസ്സും വിദ്യാഭ്യാസ അഭിവാഞ്ഛയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ആതുര രംഗത്തെ പ്രവര്‍ത്തനഫലങ്ങള്‍ ഇന്നും ജനങ്ങള്‍ ഓര്‍മ്മിച്ചും അനുഭവിച്ചും കൊണ്ടിരിക്കുന്നു. ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങള്‍ അവയുടെ മൂര്‍ധന്യതയില്‍ തന്നെ നടത്തിക്കൊണ്ടുപോയ കാസര്‍കോട്ടെ ഒരു പ്രധാന വ്യക്തിയാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. പത്രങ്ങളിലും പേജുകളിലും നിറഞ്ഞു നില്‍ക്കാതെതന്നെ ഇവിടത്തെ വിദ്യാഭ്യാസ വിപ്ലവത്തിന് അദ്ദേഹം ചുക്കാന്‍ പിടിച്ചു. ഈ രംഗത്ത് മതപരമെന്നോ ഭൗതികമെന്നോ ഉള്ള വേര്‍തിരിവ് അദ്ദേഹത്തിനുണ്ടായിരുന്നുല്ല. മുസ്‌ലിം പുരോഗതിക്ക് അനിവാര്യമെന്ന് കണ്ട നല്ല എന്തിനെയും സഹായിക്കാന്‍ അദ്ദേഹം മുമ്പിലുണ്ടായിരുന്നു.
    ചെറുപ്പം മുതലേ കെ.എസ്സുമായി നല്ല ബന്ധമായിരുന്നു എനിക്കുണ്ടായിരുന്നത്. പ്രവര്‍ത്തന സഹകരണ രംഗത്തുമാത്രമല്ല കുടുംബപരമായും  ഞങ്ങള്‍ ഒത്തുകുടിയിരുന്നു. പ്രമുഖ തൊപ്പി വ്യവസായിയും എക്‌സ്‌പോര്‍ട്ടറുമായിരുന്ന കെ.എസ് അബ്ദുള്‍ ഖാദര്‍ ഹാജി പിതാവാണ്. കല്ലിങ്കാല്‍ മൊയ്തീന്‍ ഹാജിയുടെയും തായലങ്ങാടി മര്‍യമ്മായുടെയും മകളായ ആസ്യമ്മയാണ് കെ.എസ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ഭാര്യ. കെ.എസ് അബ്ദുള്‍ ഖാദര്‍ ഹാജി-ആസ്യമ്മ ദമ്പതികള്‍ക്ക് കെ.എസ് അബ്ദുള്ളയടക്കം അഞ്ച് മക്കളാണ്. മാഞ്ഞമ്മ, ഖദീജ, സുലൈമാന്‍(ഹാജി),മുഹമ്മദ് ഹബീബുള്ള എന്നിവരാണവര്‍. മക്കളില്‍ ചിലരുടെ ചെറുപ്പകാലത്ത് തന്നെ ആസ്യമ്മ മരണപ്പെട്ടു. സന്താനങ്ങളുടെ പരിചരണത്തിന് ഒരു സ്ത്രീ ആവശ്യമായി വന്നു. ഇത് ഒരു രണ്ടാം വിവാഹത്തിന് അബ്ദുള്‍ ഖാദര്‍ ഹാജിയെ നിര്‍ബന്ധിതനാക്കി. അങ്ങനെ എന്റെ പിതാവിന്റെ മരുമകള്‍ ബീഫാത്തുമ്മ ഹജ്ജുമ്മയെ അബ്ദുള്‍ ഖാദര്‍ ഹാജി രണ്ടാം വിവാഹം കഴിച്ചു. സുപ്രസിദ്ധനായ കാസര്‍കോട് ഖാസി അബ്ദുള്ള ഹാജി(ഔളാജി തങ്ങള്‍)യുടെ പ്രധാന ഉസ്താദായിരുന്ന കൂഴൂര്‍ ഇബ്രാഹീം മുസ്ലിയാരുടെ മകന്‍ (കാസര്‍കോട് മാലിക്ദീനാര്‍ പള്ളിയില്‍ കുറേക്കാലം മുദരിസായിരുന്നു) അബ്ദുല്ലകുഞ്ഞി മുസ്ലിയാരുടെ മകളാണ് ബീഫാത്തുമ്മ ഹജ്ജുമ്മ. രണ്ടാം ഭാര്യയില്‍ കെ.എസ് അബ്ദുള്‍ ഖാദര്‍ ഹാജിക്ക് മക്കളില്ല. കുടുംബ ബന്ധമെന്ന നിലക്ക് മാത്രമല്ല. അതിലുപരി എല്ലാകാര്യങ്ങളിലും സഹകരിച്ചും സ്‌നേഹിച്ചും കൊണ്ടായിരുന്നു ഞങ്ങളുടെ ജീവിതം.
    പിതാവിന്റെ തൊപ്പി വ്യാപാരവുമായി ബന്ധപ്പെട്ടുകൊണ്ടാണ് കെ.എസ് അബ്ദുള്ളയുടെ ചെറുപ്പകാലം തുടങ്ങുന്നത്. സാമൂഹ്യപ്രവര്‍ത്തനം അന്നുമുതല്‍ തന്നെ ആ ചെറുപ്പകാരനില്‍ കാണാമായിരുന്നു. തൊപ്പി വ്യവസായികളുടെ ഒരു യൂണിയനുവേണ്ടി സജീവപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടതായി എനിക്കോര്‍മ്മയുണ്ട്. തളങ്കര മുസ്‌ലിം ഹൈസ്‌കൂളില്‍ എന്റെ ജൂനിയറായ സ്‌കൂള്‍മേറ്റ് ആയിരുന്നു കെ.എസ് അബ്ദുള്ള. 1950-ല്‍ ഫൈനല്‍ പൂര്‍ത്തിയാക്കി വിട്ടശേഷം സ്‌കൂളുമായി ബന്ധം നിലനിര്‍ത്താന്‍ എനിക്കു സാധിച്ചിരുന്നില്ല.
    പിതാവിന്റെ തൊപ്പി വ്യാപാരവുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു കെ.എസ് അബ്ദുള്ളയുടെ ബിസിനസ്സ് രംഗത്തുള്ള ജീവിതം ആരംഭിക്കുന്നതെങ്കിലും മത്സ്യ വ്യാപാരിയായിരുന്ന സഹോദരീ ഭര്‍ത്താവ് കെ.മമ്മൂഞ്ഞിയോടൊപ്പം മഹാരാഷ്ട്രയിലേക്ക് തിരിഞ്ഞതോടെയാണ് ബിസിനസ്സ് രംഗത്ത് കെ.എസ് സജീവമായത്.
    തളങ്കര കേന്ദ്രമാക്കി കെ.എസ് നടത്തിയ വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. മാലിക് ദീനാര്‍ ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും കാസര്‍കോട് ഗവണ്‍മെന്റ് മുസ്ലിം ഹൈസ്‌കൂളിന്റെ വികസനവും ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെയും മാലിക് ദീനാര്‍ യത്തീം ഖാനയുടെയും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്  കെ.എസ്സിന്റെ വിദ്യാഭ്യാസ-സാമൂഹിക താല്‍പര്യങ്ങളാണ്. ഇതിന്റെയെല്ലാം വികസനത്തിനു വേണ്ടി കെ.എസ് ചെയ്തുവെച്ച സേവനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അദ്ദേഹത്തിന്റെ പ്രഗത്ഭമായ നേതൃത്വവും ഭരണ പാടവവും ആര്‍ക്കും നിഷേധിക്കാനാവില്ല. തുടര്‍ച്ചയായി അതിന്റെ നേതൃസ്ഥാനത്ത് അദ്ദേഹം നിയോഗിക്കപ്പെട്ടത് അതിന്റെ ഫലമാണ്.
        ഭൗതിക വിദ്യാഭ്യാസ കാര്യത്തില്‍ മാത്രമല്ല മതവിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അദ്ദേഹം ഇതേതാല്‍പര്യമാണ് കാണിച്ചത്. അതിന്റെ ഫലമായാണ് കാസര്‍കോട്ടെ വലിയ ജുമുഅത്ത് പള്ളിയോടനുബന്ധിച്ച് മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമി സ്ഥാപിതമായത്. പള്ളി ദര്‍സുകള്‍ ശോഷിക്കുമ്പോള്‍ അവിടെ ഒരു ശൂന്യത സൃഷ്ടിക്കപ്പെടാതെ അതിനുപകരം നില്‍ക്കുന്ന ഉജ്ജ്വലവും കാലോചിതവുമായ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ വരേണ്ടത് ആവശ്യമാണെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവാണ് അത് വ്യക്തമാക്കുന്നത്. പിണക്കങ്ങളുണ്ടായ അവസരത്തില്‍  അതില്ലാതാക്കുവാന്‍ വേണ്ടി നല്ലൊരു ശ്രമം കെ.എസ് നടത്തുകയുണ്ടായി. അതിന്നുവേണ്ടി നെട്ടോട്ടം നടത്തുകയും പലരെയും സമീപിക്കുകയുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ അതിന് പൂര്‍ണ്ണ വിജയം ഉണ്ടായില്ലെങ്കിലും യോജിപ്പിന്റെ കാലാവസ്ഥ സൃഷ്ടിക്കാന്‍ ആ പരിശ്രമങ്ങള്‍ ഉതകിയിട്ടുണ്ട്.
    ഒരു സുന്നീ ആശയക്കാരനായിരുന്നു കെ.എസ് എന്നതില്‍ എനിക്ക് സംശയമില്ല. സുന്നീ വിരുദ്ധ ആശയങ്ങള്‍ പുലര്‍ത്തുന്ന സംഘടനകളും സ്ഥാപനങ്ങളുമായി അദ്ദേഹം അടുത്തിടപെട്ടിരുന്നു വെങ്കിലും സുന്നീ ആശയാദര്‍ശ്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് ഒരിക്കലും വിട്ടുമാറിയിരുന്നില്ല. മാലിക്ദീനാര്‍ ഉറൂസുകള്‍ക്ക് വേണ്ടി ആവേശത്തോടെ അത്യാധ്വാനം ചെയ്യുന്നത് എപ്പോഴും കാണാമായിരുന്നു. മാലിക്ദീനാര്‍ മഖാമിന്നരികിലെത്തിയാല്‍ ഒരു എളിയദാസനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. രണ്ടു കൈപ്പടങ്ങളും ചേര്‍ത്തുപിടിച്ച് ആ കബറിനെ തൊട്ടു ചുംബിക്കുന്നത് കണ്ടിട്ടുണ്ട്. മാലിക്ക് ദീനാറി(റ)നോടുള്ള അതിരറ്റ ബഹുമാനമാണ് താന്‍ സ്ഥാപിച്ച ആതുരാലയത്തിന് മാലിക്ക് ദീനാര്‍ ഹോസ്പിറ്റല്‍ എന്നു പേരു നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കാസര്‍രകോട്ട് ഖാസിമാരുമായി നല്ല സ്‌നേഹത്തിലും ബഹുമാനത്തിലുമായിരുന്നു കെ.എസ്. ശരീഅത്തിന്റെ കാര്യത്തില്‍ ശരിയായൊരു വിധി കര്‍ത്താവിനോടുള്ള ആദരവും ബഹുമാനവും അദ്ദേഹം ഖാസിമാര്‍ക്കു നല്‍കി. ഖാസിമാര്‍ക്കും മതപണ്ഡിതന്മാര്‍ക്കും അന്തസ്സാര്‍ന്ന പദവി നല്‍കണമെന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഈ മനോഗതം മനസ്സിലാക്കിയിട്ടുണ്ട്. യോഗ്യരായ ആളുകള്‍ അടുത്ത് കുടുംബാംഗങ്ങളിലുണ്ടായിട്ടുപോലും കെ.എസ്സിന്റെ ജനാസ നിസ്‌കാരത്തിന് നേതൃത്വം വഹിക്കുവാന്‍ നാട്ടിലെ ഖാസിയെ തന്നെ അവര്‍ അധികാരപ്പെടുത്തിയത് അതാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ കെ.എസ് മുന്‍പന്തിയിലുണ്ടായിരുന്നു. മാലിക്ദീനാര്‍ ആശുപത്രി സ്ഥാപിക്കുന്നതില്‍ അദ്ദേഹം കാണിച്ച ആവേശം അതാണ് എടുത്തു കാണിക്കുന്നത്. ആസ്പത്രി ഉല്‍ഘാടന വേളയില്‍ അശാസ്ത്രിയമായ ചികിത്സ സമ്പ്രദായത്തില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. മുസ്ലിം സ്ത്രീ പുരുഷന്‍മാര്‍ അശാസ്ത്രീയ ചികിത്സാമുറകളില്‍ ഏര്‍പ്പെടുന്നതിനാലാവണം ഒരു ആധുനിക രീതിയിലുള്ള ആശുപത്രി സ്ഥാപിക്കുവാന്‍ അദ്ദേഹം പ്രേരിതനായത്. അല്ലാതെ ഹോസ്പിറ്റലില്‍ ബിസിനസ്സ് നടത്തുവാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

(ഖാസി സി.എം. അബ്്ദുല്ല മൗലവിയുടെ സ്മാരക ഗ്രന്ഥത്തില്‍ നിന്ന്...)