Monday, April 2, 2012

ബോഡിയും ബോഡി വെയ്‌സ്റ്റും


പിണറായി വിജയനും കൂടി മുടി വിവാദത്തില്‍ കണ്ണിയായി. വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദിയായ കമ്മ്യൂണിസ്റ്റു നായകന്‌ തിരുകേശം തിരിയാത്തതുകൊണ്ട്‌ കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുപൊട്ടിക്കുന്ന ശൈലിതന്നെ കേശവിവാദത്തിലും സ്വീകരിച്ചു. ബാഹ്യപ്രപഞ്ചത്തിനപ്പുറത്തുള്ള സത്യത്തെ കാണുവാന്‍ കമ്മ്യൂണിസ്റ്റുകാരന്‌ കഴിയുന്നില്ലെന്നാണ്‌ പൊതുവെ വിശ്വാസം. പിണറായിയുടെ തലതൊട്ടപ്പനായ സാക്ഷാല്‍ വള്‌ദ്‌മീര്‍ ഇലിയിച്ച്‌ ലെനിന്‍ തമ്പുരാനെ വളരെ പവിത്രതയോടെ സൂക്ഷിക്കുകയാണ്‌. ബോഡിവെയ്‌സ്‌റ്റിനെ കുറിച്ച്‌ പറഞ്ഞ പിണറായി വിജയന്റെ പ്രത്യയശാസ്‌ത്ര വീരനായകന്റെ ബോഡിതന്നെയാണ്‌ സൂക്ഷിക്കപ്പെടുന്നത്‌. 1924-ല്‍ അന്തരിച്ച ലെനിന്റെ ശവം ഇപ്പോഴും സംസ്‌കരിച്ചിട്ടില്ല. ലെനില്‍ ടോംബിനകത്ത്‌ പതിനായിരങ്ങളുടെ സന്ദര്‍ശനം ഭക്ത്യാദരപൂര്‍വ്വം പതിറ്റാണ്ടുകളായി നടന്നുവരികയാണ്‌.

കമ്മ്യൂണിസ്റ്റുകാരന്‍ എപ്പോഴും അങ്ങനെയാണ്‌. മറ്റുള്ളവരുടെ നേതാക്കളെയോ മഹാരഥന്മാരെയോ അവഹേളിക്കുന്ന വല്ല പുസ്‌തകവും നാടകവും നിരോധിക്കപ്പെട്ടാല്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വാളെടുക്കും. നബി തിരുമേനി(സ)യുടെ പ്രിയപത്‌നിയെ ആക്ഷേപിക്കുന്ന വിധത്തില്‍ സല്‍മാന്‍ റുഷ്‌ദി എഴുതിയ `പൈശാചിക വചനങ്ങള്‍' ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതിന്റെ പേരില്‍ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ വാളെടുത്തവരാണ്‌ കമ്മ്യൂണിസ്റ്റുകള്‍. എന്നാല്‍ കമ്മ്യൂണിസ്റ്റ്‌ ദാര്‍ശനികനായ പി.ഗോവിന്ദന്‍ പിള്ള മലയാള മനോരമയില്‍ ഇ.എം.എസ്സിനെതിരായി പരാമര്‍ശം നടത്തിയത്‌ വലിയ പാതകമായാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ കണ്ടത്‌. ഗൗരിയമ്മയും എം.വി രാഘവനും കേരളത്തില്‍ അനുഭവിച്ച കദനം മാലോകര്‍ക്ക്‌ മുഴുവന്‍ അറിയാം. സാക്ഷാല്‍ കമ്മ്യൂണിസ്റ്റു റഷ്യയില്‍ അഭിപ്രായസ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിട്ടിരുന്നു. ചൈനയിലെ ടിയാന്‍മെന്റ്‌ ഡ്വക്‌യറില്‍ അഭിപ്രായസ്വാതന്ത്യത്തിനായി കൂടിയ ആയിരകണക്കിന്‌ തരുണരക്തങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ ഉരുണ്ട മുഷ്‌ടികളാല്‍ അറുംകൊല ചെയ്യപ്പെട്ടത്‌ ലോകം കണ്ടതാണ്‌. അഭിപ്രായസ്വാതന്ത്യമെന്നാല്‍ കമ്മ്യൂണിസ്റ്റുകാരനോ, കമ്മ്യൂണിസ്റ്റു അനുയായികള്‍ക്കോ സവിശേഷസ്വാതന്ത്യമാണ്‌. മറ്റുള്ളവര്‍ക്ക്‌ അങ്ങനെ യഥേഷ്‌ടം പറയാന്‍ പാടില്ല, ഇതാണ്‌ കമ്മ്യൂണിസ്റ്റ്‌ ശൈലി. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ്‌, രണ്ടുപതിറ്റാണ്ട്‌ കാലമായി മാര്‍കിസ്റ്റ്‌ ആശയവും പദ്ധതിയും നടപ്പിലാക്കുന്നവര്‍ ബിരിയാണി വച്ചുവിളമ്പുന്ന കോഴിക്കോട്‌ കാന്തപുരത്ത്‌ ഒരു മുസ്‌ലിയാര്‍ തിരുനബി(സ)യുടെ പേരില്‍ വ്യാജകേശം കൊണ്ടുവന്നത്‌. കമ്മ്യൂണിസ്റ്റുശൈലിയില്‍ അവിടെയും അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ മുസ്‌ലിയാര്‍ വളരെ നാണക്കേടിലായി. പിണറായിക്ക്‌ കേശവിവാദത്തിന്‌ ഇടപെടാനുള്ള അധികാരമില്ലെന്നാണ്‌ കാന്തപുരത്തിന്റെ നിലപാട്‌. അഭിപ്രായസ്വാതന്ത്യത്തിന്റെ വ്യാപ്‌തിയില്‍ അന്യമതനേതാക്കളെ അവമതിക്കുന്ന പ്രസ്‌താവനയാണ്‌.

ഒരു ജനാധിപത്യ രാജ്യത്തില്‍ കമ്മ്യൂണിസ്റ്റുഭരണം ശക്തമല്ലാത്തതുകൊണ്ടുതന്നെ അഭിപ്രായസ്വാതന്ത്ര്യമുണ്ട്‌. ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനു ന്യായമായ അവകാശവുമുണ്ട്‌. മറ്റുള്ളവരുടെ വിശ്വാസത്തിന്‌ ഹാനികരമാകാത്ത ഏത്‌ അഭിപ്രായവും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണയിലെ ആക്‌ട്‌ 19-20 ലുമെല്ലാം പൗരന്റെ അവകാശമായി സ്ഥിരീകരിക്കുന്നുണ്ട്‌. എന്നാല്‍ മതവികാരത്തെ വ്രണപ്പെടുത്തും വിധമുള്ള അഭിപ്രായങ്ങള്‍ നമ്മുടെ ശിക്ഷാനിയമം അനുസരിച്ച്‌ കുറ്റകരവുമാണ്‌.

പിണറായി അരുതാത്തതാണ്‌ പറഞ്ഞത്‌. ലോകമുസ്‌ലിംങ്ങള്‍ അനിഷേധ്യമായി വിശ്വസിക്കുന്ന വിശുദ്ധപ്രവാചകന്റെ(സ) തിരുകേശത്തെയും പ്രതിചേര്‍ത്താണ്‌ പിണറായി പ്രസ്‌താവന ഇറക്കിയത്‌. വ്യാജമുടിയെ കുറിച്ച്‌ കേരളത്തിലെ പണ്ഡിതന്‍മാര്‍ അഭിപ്രായം പറഞ്ഞത്‌. കോഴിക്കോട്‌ മര്‍കസില്‍ സൂക്ഷിക്കുന്ന കേശം നബിതിരുമേനിയുടേത്‌ അല്ലെന്ന്‌ വ്യക്തമാക്കുന്ന വിധത്തിലുള്ള മാറ്റിപറച്ചിലുകള്‍ നടത്തിയപ്പോഴാണ്‌ ആ മുടിയുടെ പിന്നിലുള്ള അന്വേഷണം വ്യാപകമാക്കിയത്‌. സനദ്‌ വേണമെന്ന്‌ പറഞ്ഞവര്‍ തന്നെ സൗദ്‌ ഇല്ലെങ്കില്‍ എന്തുകുഴപ്പമെന്ന്‌ തിരിച്ചുചോദിക്കുന്നവിധം മുടിയാട്ടത്തിന്റെ വിവിധ രൂപങ്ങള്‍ കണ്ടപ്പോഴാണ്‌ കാന്തപുരം തന്നെ മുടിക്കൊണ്ടുവന്ന ബോംബെ കേന്ദ്രത്തില്‍ നിന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാക്കള്‍ മുടികൊണ്ടുവന്ന്‌ പരീക്ഷണം നടത്തിയത്‌. കേരളത്തിലെ പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കും അതിന്റെ പിന്നാമ്പുറം സുവ്യക്തമായി ബോധ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ പിണറായി ഈ വിവാദത്തില്‍പെടാനും കാരണം ഇതാണ്‌. വ്യാജമുടി കൊണ്ടുവന്ന്‌ വാണിഭം നടത്തുന്ന പണ്ഡിതനെ ഇരുപത്‌ വര്‍ഷത്തെ പരിചയംകൊണ്ട്‌ നന്നായി അറിയുന്ന പിണറായിയുടെ പ്രസ്‌താവന സ്വാഭാവികം മാത്രമാണ്‌.

പിണറായിയുടെ പ്രസ്‌താവന വന്നതോടെ കാന്തപുരം മുസ്‌ലിയാര്‍ പ്രവാചകസ്‌നേഹത്തിന്റെ കപടാശ്രു പൊഴിക്കുകയാണ്‌. മുസ്‌ലിയാര്‍ ഒറ്റക്കാര്യം ചെയ്‌താല്‍ ഈ ഉമ്മത്ത്‌ നാണക്കേടില്‍ നിന്ന്‌ രക്ഷപ്പെടും. അദ്ദേഹത്തിന്റെ കൈകൊണ്ട്‌ അവതാരിക എഴുതിയ തിരുകേശം മഹത്വവും വര്‍ത്തമാനവും എന്ന പുസ്‌തകം തുറന്നുനോക്കുക. പ്രസ്‌തുത പുസ്‌തകത്തില്‍ ഉദ്ധരിക്കുന്ന വിധം ഹസനുബ്‌നു മലീഹ്‌ (റ)നെ അനുകരിക്കുക. എന്നാല്‍ പിണറായി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ മറുപടി നല്‍കാനുള്ള ഒരു സുവര്‍ണാവസരമായി. താങ്കളുടെ കൈവശമുള്ളത്‌ സത്യമാണെങ്കില്‍ അത്‌ തെളിയിക്കാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കരുത്‌. ഇല്ലെങ്കില്‍ താങ്കളുടെ ചൂഷണത്തിനെതിരെ ഉമ്മത്ത്‌ സമരരംഗത്തിറങ്ങും.

No comments:

Post a Comment