Wednesday, May 23, 2012

ഫത്‌വ,

സൃഷ്‌ടികളെ കൊണ്ട്‌ സത്യംചെയ്യല്‍

ചോദ്യം: ഇസ്‌ലാമിക വിശ്വാസ പ്രകാരം സ്രഷ്‌ടാവായ അല്ലാഹുവിനോടല്ലാതെ സത്യം ചെയ്യാന്‍ പാടില്ലെന്ന്‌ ഖുര്‍ആന്‍ മുഖേനയും ഹദീസ്‌ മുഖേനയും വ്യക്തമായതാണ്‌. എന്നാല്‍ കേരളത്തിലെ സുന്നീ വിഭാഗം എന്ന്‌ അവകാശപ്പെടുന്നവര്‍ അല്ലാഹുവിനോടല്ലാതെ സത്യം ചെയ്യല്‍ ഹറാം മാത്രമാണെന്നു വാദിക്കുന്നു. ഇബ്‌നു ഉമര്‍(റ) വില്‍ നിന്നു നിവേദനം. കഅബയാണ്‌ സത്യം എന്ന്‌ ഒരാള്‍ പറയുന്നത്‌ അദ്ദേഹം കേട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നീ അല്ലാഹുവിനെകൊണ്ടല്ലാതെ സത്യം ചെയ്യരുത്‌. നിശ്ചയം വല്ലവനും അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്‌താല്‍ അവന്‍ കാഫിറായി. അല്ലെങ്കില്‍ ശിര്‍ക്കു ചെയ്‌തു എന്ന്‌ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌(തുര്‍മുദ്‌ 3252)

ഇതേ കാര്യം അബൂദാവൂദ്‌ 3252 ലും തുര്‍മുദി 1535 ലും വന്നിട്ടുണ്ട്‌. ശിര്‍ക്കിനെയും കുഫ്‌റിനെയും കേവലം ഹറാമാക്കി ചിത്രീകരിക്കുന്ന സുന്നീ മുസ്‌ല്യാക്കന്മാരേ... നിങ്ങളാണോ അഹ്‌ലുസുന്നത്തിന്റെ വക്താക്കള്‍?


ഉത്തരം: പറയുന്ന വിഷയം ഗൗരവപ്പെട്ടതാണന്ന്‌ അറിയിക്കാനാണ്‌ സാധാരണ സത്യം ചെയ്യാറുള്ളത്‌. അതിനു സ്രഷ്‌ടാവിനെ തന്നെ സാക്ഷിയായി പറയുന്നതാണ്‌ ഉചിതം. അതിനു പകരം ഒരു വിശ്വാസി ഏതെങ്കിലുമൊരു സൃഷ്‌ടി കൊണ്ട്‌ സത്യം ചെയ്‌താല്‍ അത്‌ കൊണ്ടു മാത്രം അയാള്‍ ശിര്‍ക്കിന്റെയോ കുഫ്‌റിന്റെയോ വക്താവായി മാറുന്നില്ല. ഒരു പ്രവര്‍ത്തികൊണ്ട്‌ മാത്രം ശിര്‍ക്ക്‌ സംഭവിക്കുകയുമില്ല. വിശ്വാസമാണ്‌ ശിര്‍ക്കിന്റെയും തൗഹീദിന്റെയും മാനദണ്ഡം. അതുകൊണ്ടു തന്നെ അല്ലാഹുവില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ഒരു മുസ്‌ലിം കഅ്‌ബയാണേ സത്യം, പള്ളിയാണേ സത്യം, നബി തങ്ങളാണേ സത്യം... എന്നിങ്ങനെ ഏതെങ്കിലും സൃഷ്‌ടികളെ കൊണ്ട്‌ സത്യം ചെയ്‌താല്‍ അത്‌ ശിര്‍ക്കോ കുഫ്‌റോ ആകുന്നില്ല.

അല്ലാഹു അല്ലാത്തവയെ കൊണ്ട്‌ സത്യം ചെയ്യല്‍ ഹറാമാണെന്നു പോലും മുസ്‌ലിം പണ്ഡിത ഭൂരിപക്ഷത്തിനു അഭിപ്രായമില്ല. പിന്നെയല്ലേ ശിര്‍ക്ക്‌! അത്‌ കറാഹത്താണെന്ന പക്ഷത്താണ്‌ ഭൂരിപക്ഷ ഉലമാക്കളും. അതു തന്നെ ബോധപൂര്‍വമല്ലാതെ സ്വാഭാവികമായി പറഞ്ഞുപോയതാണങ്കില്‍ കറാഹത്തുമില്ലെന്നാണ്‌ അവര്‍ വിധി പറഞ്ഞിട്ടുള്ളത്‌. ചുരുക്കം ചിലര്‍ ഹറാമാണെന്ന വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്‌. അല്ലാഹു അല്ലാത്തവരെ കൊണ്ടുള്ള സത്യം ശിര്‍ക്കോ കുഫ്‌റോ ആണെന്നു ധരിക്കാനിടയുള്ള ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഹദീസ്‌ മുന്നില്‍ വെച്ചു തന്നെയാണവര്‍ ഈ വിധി പറഞ്ഞിട്ടുള്ളത്‌. അല്ലാഹുവിനോട്‌ കാണിക്കേണ്ട ബഹുമാനാദരവുകളും കീഴ്‌വണക്കവും കാണിക്കാന്‍ സത്യം ചെയ്യപ്പെടുന്ന സൃഷ്‌ടികള്‍ അര്‍ഹരാണെന്ന വിശ്വാസത്തോടെ സത്യം ചെയ്യുമ്പോള്‍ മാത്രമേ ശിര്‍ക്കും കുഫ്‌റും സംഭവിക്കുകയുള്ളൂ എന്നും അത്തരം സത്യങ്ങളെ കുറിച്ചാണ്‌ നടേ ഉദ്ധരിക്കപ്പെട്ട ഹദീസകളിലെ പരാമര്‍ശങ്ങളെന്നും പ്രസ്‌തുത ഹദീസ്‌ വിശദീകരിച്ച പണ്ഡിതന്മാരെല്ലാം ഏകകണ്‌ഠമായി അഭിപ്രായപ്പെട്ടതാണ്‌. ശിര്‍ക്കു കുഫ്‌റ്‌ ആരോപണങ്ങളുടെ ആചാര്യനായ ഇബ്‌നു തീമിയ്യ പോലും സൃഷ്‌ടികളെ കൊണ്ട്‌ സത്യം ചെയ്യല്‍ ശിര്‍ക്കാണെന്നോ കുഫ്‌റാണെന്നോ വാദിക്കുന്നില്ല. തന്റെ ഫതാവയില്‍ പ്രസ്‌തുത ഹദീസ്‌ നിരത്തി വെച്ചു ഹറാമാണെന്നും കറാഹത്താണെന്നുമുള്ള രണ്ടു വീക്ഷണങ്ങളും ഉദ്ധരിച്ചു ഹറാമിനു പ്രാബല്യം നല്‍കുകയാണദ്ദേഹം.

അപ്പോള്‍ ഒരു മുസ്‌ലിം അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്യുന്നതുകൊണ്ട്‌ ശിര്‍ക്ക്‌ സംഭവിക്കുകയില്ലെന്ന വാദം കേരളത്തിലെ സുന്നീ മുസ്‌ലിയാക്കളുടേത്‌ മാത്രമല്ല. ഇമാം ശാഫിഈ, ഇമാം നവവി, ഇമാമുല്‍ ഹറമൈന്‍ തുടങ്ങിയ ദീനിന്റെ ഇമാമുകളൊന്നടങ്കം തുറന്നു പറഞ്ഞതും ഇബ്‌നു തീമിയ്യ മുതല്‍ സയ്യിദ്‌ സാബിഖ്‌ വരെയുള്ള ബിദഈ ആചാര്യന്മാര്‍ അംഗീകരിച്ചതുമാണത്‌. അതിനു വിരുദ്ധമായി ഈ ഹദീസിനെ അക്ഷരാര്‍ത്ഥത്തില്‍ ആരെങ്കിലും ആയുധമാക്കിയ പ്രാമാണിക പണ്ഡിതരാരെങ്കിലുമുണ്ടെങ്കില്‍ വിമര്‍ശകര്‍ അത്‌ ചൂണ്ടികാണിക്കണം. ശിര്‍ക്ക്‌, കുഫ്‌ര്‍ എന്നിങ്ങനെയുള്ള പരാമര്‍ശം കാണുമ്പോഴേക്ക്‌ അഹ്‌ലുസുന്നത്തിനെതിരെ വാളോങ്ങുന്നവര്‍ കാളപെറ്റെന്ന്‌ കേള്‍ക്കുമ്പോഴേക്ക്‌ കുട്ടിയെ കെട്ടാന്‍ കയറെടുക്കുന്നവരുടെ നിലപാടാണിവിടെ സ്വീകരിക്കുന്നത്‌.

ശുഭദിനവും അശുഭദിനവും?

ചോദ്യം: ദിവസങ്ങളെയെല്ലാം അല്ലാഹു പടച്ചത്‌ ഒരുപോലെയാണ്‌. അതില്‍ ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തിനു പ്രത്യേക പുണ്യമോ ദോഷമോ ഇല്ലെന്ന്‌ ഇസ്‌ലാം പറയുന്നു. എന്നിട്ടും വിവാഹം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകള്‍ക്കെല്ലാം പല മുസ്‌ലിംകളും ചില പ്രത്യേക ദിവസങ്ങളും മുഹൂര്‍ത്തങ്ങളും തിരഞ്ഞു നടക്കുകയും മത പണ്ഡിതന്മാര്‍ അതിന്‌ അരു നില്‍ക്കുകയും ചെയ്യുന്നു. ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ജിഹാദ്‌ നടത്തുന്നവര്‍ ഇത്തരം കാര്യങ്ങളെ എതിര്‍ക്കാത്തത്‌ എന്തുകൊണ്ടാണ്‌?

ദിവസങ്ങളെയെല്ലാം അല്ലാഹു ഒരു പോലെയാണ്‌ പടച്ചതെന്നും അതില്‍ ഒന്നിനു മറ്റൊന്നിനെക്കാള്‍ മഹത്വമോ പുണ്യമോ ഇല്ലെന്നുമുള്ള വാദം ഇസ്‌ലാമികമല്ല. ചില മാസങ്ങള്‍ അനുഗ്രഹീതമായതു പോലെ ചില ദിവസങ്ങളും സമയങ്ങളും അനുഗ്രഹീതമാണ്‌. മറ്റു പല ദിവങ്ങള്‍ക്കും സമയങ്ങള്‍ക്കും ഇല്ലാത്ത പ്രത്യേകത ഉണ്ടായത്‌ കൊണ്ടാണല്ലോ അവ അനുഗ്രഹീതമായത്‌. റമള്വാന്‍ മാസവും വെള്ളിയാഴ്‌ചയും ഉദാഹരണം.

ആദം(അ) സൃഷ്‌ടിക്കപ്പെട്ടതും ഭൂമിലേക്ക്‌ വന്നതും മരണമടഞ്ഞതും അന്ത്യനാള്‍ സംഭവിക്കുന്നതുമെല്ലാം വെള്ളിയാഴ്‌ചയാണെന്ന്‌ ഹദീസുകളില്‍ (അബൂദാവൂദ്‌, തുര്‍മുദി) കാണാം. ആ ദിവസത്തിനു പ്രത്യേകതയുണ്ടെന്നാണല്ലോ അതിനര്‍ത്ഥം. കഅ്‌ബ്‌ ബിന്‍ മാലിക്‌ പറയുന്നു: നബി(സ) വ്യാഴാഴ്‌ചയല്ലാതെ യാത്ര പുറപ്പെടുന്നത്‌ അപൂര്‍വമായിരുന്നു(അബൂദാവൂദ്‌,2238). വ്യാഴം തന്നെ നബി(സ) യാത്രക്ക്‌ തിരഞ്ഞെടുത്തിരുന്നത്‌ യാദൃശ്ചികമല്ലല്ലോ. സഖ്‌റുല്‍ ഗാമിദ്‌(റ) പറയുന്നു: നബി(സ) കച്ചവട സംഘത്തെയും യുദ്ധ സംഘത്തെയും രാവിലെ പറഞ്ഞയക്കുകയും എന്റെ സമുദായത്തിന്റെ പ്രഭാതങ്ങളെ അനുഗ്രഹീതമാക്കണേ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു. കച്ചവടക്കാരനായ സഖ്‌റ്‌ തന്റെ കച്ചവട സംഘത്തെ പ്രഭാതത്തില്‍ തന്നെ പറഞ്ഞുവിടുകയും അക്കാരണത്താല്‍ എമ്പാടും ലാഭം ലഭിക്കുകയും ചെയ്‌തിരുന്നു (അബൂദാവൂദ്‌2239). പ്രഭാത വേളയില്‍ പ്രത്യേകതയുണ്ടന്നല്ലേ ഈ ഹദീസ്‌ പഠിപ്പിക്കുന്നത്‌.

അംറ്‌ ബിന്‍ അബസ(റ)യില്‍ നിന്നുദ്ധരണി. രാത്രിയിലെ ഏറ്റവും സ്വീകാര്യമായ സമയമേതെന്ന്‌ ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ അരുളി: പാതി രാത്രിക്കു ശേഷം. അന്നേരം മുതല്‍ ഇഷ്‌ടമുള്ളയത്രയും നീ നമസ്‌കരിക്കുക. സ്വുബഹി വരെ നിസ്‌കാരം തുടരാം. പിന്നെ സൂര്യന്‍ ഒന്നോ രണ്ടോ കുന്തത്തോളം ഉദിച്ചുയരുന്നത്‌ വരെ നിസ്‌കാരം നിറുത്തി വെക്കുക. പിശാചിന്റെ കൊമ്പുകള്‍ക്കിടയിലാണ്‌ അത്‌ ഉദിക്കുന്നത്‌. അന്നേരം അവിശ്വാസികള്‍ അതിനെ നമസ്‌കരിക്കും. പിന്നീട്‌ നട്ടുച്ചവരെ നീ നമസ്‌കരിക്കുക. നട്ടുച്ചനേരം നിസ്‌കാരം നിറുത്തി വെക്കുക. നരകം കത്തി ജ്വലിക്കുകയും അതിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്ന സമയമാണത്‌. സൂര്യന്‍ മുന്നോട്ട്‌ നീങ്ങിയാല്‍ അസ്വര്‍ വരെ നമസ്‌കരിക്കുക. പിന്നെ സൂര്യാസ്‌തമയം വരെ നമസ്‌കാരം നിറുത്തി വെക്കുക. അത്‌ പിശാചിന്റെ രണ്ടു കൊമ്പുകള്‍ക്കിടയിലാണ്‌ അസ്‌തമിക്കുന്നത്‌. അവിശ്വാസികള്‍ സൂര്യനെ നമസ്‌കരിക്കുന്ന നേരമാണത്‌ (അബൂദാവൂദ്‌ 1085). ചില പ്രത്യേക സമയങ്ങള്‍ പ്രാര്‍ത്ഥനാ യോഗ്യമാണെന്നും മറ്റു ചില സമയങ്ങള്‍ അഭിലഷണീയമല്ലെന്നും ഈ ഹദീസ്‌ വ്യക്തമാക്കുന്നു.

അബൂ ഹുറൈറ(റ)യില്‍ നിന്നുദ്ധരണി. നബി(സ) പറഞ്ഞു: പതിനേഴ്‌, പത്തൊമ്പത്‌, ഇരുപത്തി ഒന്ന്‌ തിയതികളില്‍ ഹിജാമ(കൊമ്പ്‌ വെക്കല്‍) നിര്‍വഹിച്ചാല്‍ രോഗ ശമനം ലഭിക്കുന്നതാണ്‌.(അബൂദാവൂദ്‌ 3363).

കബ്‌ശ ബിന്‍ത്‌ അബീബക്കര്‍(റ) പറയുന്നു; ചെവ്വാഴ്‌ച ദിവസം ഹിജാമ നിര്‍വഹിക്കുന്നതിനെ പിതാവ്‌ വിലക്കിയിരുന്നു. അന്നേ ദിവസം രക്ത ദിനമാണെന്നും അതിലെ ഒരു പ്രത്യേക സമയത്ത്‌ മുറിവ്‌ പറ്റിയാല്‍ രക്തം നിലക്കുകയില്ലെന്നും നബി(സ) പറഞ്ഞതായി അദ്ദേഹം വാദിച്ചിരുന്നു (അബൂദാവൂദ്‌ 3364).

ചില സമയങ്ങള്‍ക്കും ദിവസങ്ങള്‍ക്കും പ്രത്യേകതയുണ്ടെന്നും ശുഭ മുഹൂര്‍ത്തവും അശുഭ വേളയും അതിലുണ്ടെന്നും ഈ ഹദീസുകള്‍ പഠിപ്പിക്കുന്നു. അത്‌കൊണ്ടുതന്നെ നല്ലസമയവും അനിയോജ്യമായ ദിവസവും അന്വേഷിക്കുന്നത്‌ തെറ്റാണെന്നോ അതിനു പണ്ഡിതന്മാര്‍ അരു നില്‍ക്കുന്നത്‌ ആത്മീയ ചൂഷണമാണെന്നോ പറയാനാകില്ല.

No comments:

Post a Comment