ത്യാഗിയും സാത്വികനും ഭക്തനും നിഷ്‌കളങ്കനുമായ പണ്ഡിതനും മദ്ഹബിന്റെ ഇമാമുകളില്‍ അദ്വിതീയനുമാണ് ഇമാമുനശ്ശാഫിഈ(റ). പിതാവിന്റെ പേര് ഇദ്‌രീസ്. പ്രപിതാമഹന്‍ ശാഫിഈലേക്ക് ചേര്‍ക്കപ്പെട്ടുകൊണ്ടാണ് അറിയപ്പെടുന്നത്. നബി(സ്വ)യുടെ പ്രപിതാമഹന്‍ അബ്ദുമനാഫില്‍ ഇവരുടെ ഗോത്രം സന്ധിക്കുന്നു. ബൈത്തുല്‍മഖ്ദിസിനരികിലുള്ള 'ഗസ്സ'യില്‍ ഹിജ്‌റ 150 ല്‍ ജനിച്ചു. വളര്‍ന്നതും പഠിച്ചതും മക്കയിലാണ്. പിതാവ് നന്നേ ചെറുപ്പത്തില്‍തന്നെ മരണപ്പെട്ടിരുന്നു. ഹിജ്‌റ 204 ല്‍ 54-ാം വയസ്സില്‍ കഥാപുരുഷന്‍ മരണപ്പെട്ടു. ഈജിപ്തിലെ ഖറാഫയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
മഹാനവര്‍കളുടെ ബുദ്ധിവൈഭവവും ഓര്‍മശക്തിയും അപാരമായിരുന്നു. 7-ാം വയസ്സില്‍ തന്നെ ഖുര്‍ആനും 10-ാം വയസ്സില്‍ ഇമാം മാലികിന്റെ മുവത്ത്വയും ഹൃദിസ്ഥമാക്കി. 15-ാം വയസ്സില്‍ തന്നെ ഫത്‌വാ നല്‍കിത്തുടങ്ങിയിരുന്നു. ഇമാം മുഹമ്മദും സുഫ്‌യാനുബ്‌നു ഉയൈനയും പ്രധാന ഗുരുവര്യരാണ്. മദീന, യമന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇല്‍മ് പഠിക്കാനായി യാത്ര ചെയ്തു. 81 മുഹദ്ദിസുകളില്‍ നിന്ന് ഹദീസ് കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ നാടുകളില്‍ ചുറ്റിക്കറങ്ങി മക്കയില്‍ തന്നെ തിരിച്ചെത്തി 9 വര്‍ഷക്കാലം അവിടെ ദര്‍സ് നടത്തി. അവസാന കാലത്ത് ഈജിപ്തിലായിരുന്നു താമസം.
വൈജ്ഞാനികമായി അവരുടെ പദവി വളരെ ഉന്നതമായിരുന്നു. 10 ലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയിരുന്ന ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പോലും മഹാനവര്‍കളുടെ ശിഷ്യഗണത്തിലാണ്. അബുല്‍വലീദ്, മൂസബ്‌നു ജാറൂദ്, അബൂഅലിയ്യുസ്സഗ്‌വാനി, ഇമാം മുസ്‌നീ, റബീഉല്‍ മറാദി, ബുവൈത്തി തുടങ്ങിയ പണ്ഡിത പ്രമുഖരും മഹാനവര്‍കളുടെ ശിഷ്യസമ്പത്താണ്.
സ്വന്തം ഗുരുവര്യരെ അതിയായി ബഹുമാനിച്ചിരുന്നു ഇമാം ശാഫിഈ. ഒരു ഒട്ടകത്തിന് വഹിക്കാന്‍ മാത്രമുള്ള ഇല്‍മ് ഇമാം മുഹമ്മദില്‍ നിന്ന് താന്‍ നേടിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹനീഫയുടെ ഖബ്ര്‍ ഇടക്കിടെ സന്ദര്‍ശിക്കുക പതിവായിരുന്നു. സംശുദ്ധമായ വ്യക്തിജീവിതമാണ് അവര്‍ നയിച്ചിരുന്നത്. ജീവിതത്തിലൊരിക്കലും വന്‍ദോഷം ചെയ്യുകയോ കളവ് പറയുകയോ ചെയ്തിട്ടില്ല. സത്യം ചെയ്യുകയോ ഹറാം അകത്താക്കുകയോ ചെയ്തിട്ടുമില്ല. എന്നാല്‍ ഇതോടൊപ്പം ആരാധനാ രംഗത്തും മഹാനവര്‍കള്‍ വളരെ പ്രാഥമ്യം നിലനിറുത്തിയതായി കാണാം. രാത്രി മൂന്നായി ഭാഗിച്ച് ഒന്നില്‍ ഉറങ്ങുകയും മറ്റൊന്നില്‍ എഴുതുകയും വേറെയൊന്നില്‍ ഇബാദത്തെടുക്കുകയും ചെയ്തിരുന്നു. ദിനേന ഖുര്‍ആന്‍ ഒരാവൃത്തിയും റമളാനില്‍ രണ്ടാവൃത്തിയും ഓതിത്തീര്‍ക്കും. നമസ്‌കാരത്തില്‍ വളരെ കൂടുതല്‍ കരയുക പതിവാണ്. ചുരുക്കത്തില്‍, വൈജ്ഞാനികമായി അത്യുന്നത സേവനം അര്‍പ്പിക്കുന്നതോടൊപ്പം ആരാധനാരംഗത്തും അസൂയാവഹമായ പുരോഗതി തന്നെ!
മഹാനവര്‍കള്‍ വളരെ കൂടുതല്‍ വിനയവും താഴ്മയും പ്രകടിപ്പിക്കുകയും നബികുടുംബത്തെ അതിയായി ബഹുമാനിക്കുകയും ചെയ്തു. ഒരിക്കല്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ 7 പ്രാവശ്യം എഴുന്നേല്‍ക്കുന്നതും ഇരിക്കുന്നതും ശിഷ്യന്മാരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അതിനെക്കുറിച്ചന്വേഷിച്ചു. 'ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അലി(റ)യുടെ സന്താനപരമ്പരയില്‍ പെട്ട ഒരു കുട്ടി കളിച്ചുകൊണ്ട് എന്റെ മുന്നില്‍ വന്നുനിന്നു. 7 പ്രാവശ്യം ആ കുട്ടി അപ്രകാരം ചെയ്തു. റസൂല്‍ ÷ യുടെ സന്താനപരമ്പരയില്‍ പെട്ട ഒരു കുട്ടി എന്റെ മുന്നില്‍ വരുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കുന്നത് എനിക്ക് ചേര്‍ന്നതല്ല'-ഇതായിരുന്നു കഥാപുരുഷന്റെ മറുപടി.
ഹഖ്ഖ് തുറന്നുപറയുക, അനീതിക്കെതിരെ ശബ്ദിക്കുക ഇതും അവരുടെ സ്വഭാവ ഗുണമായിരുന്നു. ഒരിക്കല്‍ ഈ പുണ്യപുരുഷന്‍ നജ്‌റാനിലെ ആമിലായി നിശ്ചയിക്കപ്പെട്ടു. അന്ന് യമന്‍ പ്രവിശ്യയിലെ അമീര്‍ അക്രമിയും രക്തദാഹിയുമായിരുന്നു. അയാളുടെ അനീതിക്കും അക്രമത്തിനും വിരാമം കുറിക്കാനായി മഹാനവര്‍കള്‍ അക്ഷീണം യ്തനിക്കുകയും അയാളെ ഉപദേശിക്കുകയും ചെയ്തു. പക്ഷേ, ഇതുകൊണ്ട് ഗുണത്തിലേറെ ദോഷമാണുണ്ടായത്. അയാള്‍ ക്ഷോഭിച്ചു. ഇമാം ശാഫിഇയോട് പകയുമായി. അവസാനം അയാള്‍ ഹാറൂന്‍ റശീദിന് ഇങ്ങനെ എഴുതി: 'ഇമാം ശാഫിഈ-അലവീ സാദാത്തുക്കളുടെ കൂടെയാണ്. അതുകൊണ്ട് വലിയ ഭീഷണിയുണ്ട്.'
ഇത് കേട്ടപ്പോള്‍ ഖലീഫ ഹാറൂന്‍ റശീദിനും കലി കയറി. ഇമാം ശാഫിഇയെ അറസ്റ്റു ചെയ്യാന്‍ ഖലീഫ ഉത്തരവിട്ടു. അമീര്‍ ഇമാമവര്‍കളെ അറസ്റ്റു ചെയ്ത് ബഗ്ദാദിലെ ദര്‍ബാറില്‍ എത്തിച്ചു. ഈ വിവരമറിഞ്ഞപ്പോള്‍ ബഗ്ദാദിലെ അന്നത്തെ ഖാളി ഇമാം മുഹമ്മദും ദര്‍ബാറിലെത്തി. ഖലീഫയുടെ ചോദ്യത്തിനുത്തരമായി ഇമാം ശാഫിഈ പറഞ്ഞു: 'ഞാന്‍ അലവി സയ്യിദല്ല. ബനുല്‍മുത്ത്വലിബാണ് എന്റെ പരമ്പര. അക്രമമായാണ് എന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത്. നിങ്ങളുടെ ഈ ഖാളിയോട് ചോദിക്കുക, അവര്‍ക്കറിയാം സത്യാവസ്ഥ.' ഇമാം ശാഫിഈ പറഞ്ഞത് ഇമാം മുഹമ്മദ് ശരിവെച്ചപ്പോള്‍ ഹാറൂന്‍ റശീദ് മഹാനവര്‍കളെ വെറുതെ വിട്ടയച്ചു. ഇതിനു ശേഷമാണ് താന്‍ ഇമാം മുഹമ്മദിന്റെ ശിഷ്യത്വം സ്വീകരിച്ചത്.
ഇമാം ശാഫിഈ നിരവധി കിതാബുകള്‍ എഴുതിയിട്ടുണ്ട്. രിസാല, ഉമ്മ്, സുനന്‍ തുടങ്ങിയവ അതില്‍ പ്രസിദ്ധമാണ്.
No comments:
Post a Comment