പൗരാണിക കാലത്ത് തന്നെ ഇസ്ലാമിക ശാസ്ത്രജ്ഞന്മാര്‍ മെനെഞ്ഞെടുത്ത ഒരു ശാസ്ത്ര ശാഖയാണ് 'ഇല്‍മുല്‍മീഖാത്ത്' അഥവാ 'സ്ഥലകാല നിര്‍ണയ ശാസ്ത്രം'. നമസ്‌കാര സമയങ്ങളും ഖിബ്‌ല നിശ്ചയിക്കുവാനുള്ള ശാസ്ത്രവുമാണിത്. ഈ വിശയത്തില്‍ പ്രാവീണ്യരായ പണ്ഡിതന്മാര്‍ കേരളത്തില്‍ വിരളമാണ്. എന്നാല്‍ സയ്യിദ് യു.കെ. ആറ്റക്കോയ തങ്ങള്‍ ആ വിരളമായവരില്‍ പ്രമുഖനെന്നു മാത്രമല്ല കേരളത്തില്‍ ആധുനിക ഇല്‍മുല്‍ മീഖാത്തിലെ ആചാര്യന്‍ തന്നെയാണ് എന്നതില്‍ സംശയിക്കേണ്ടതില്ല. മര്‍ഹൂം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഈ വിശയത്തില്‍ കേരളത്തിലെ പ്രഥമനാണെന്നു കാര്യം വിസ്മരിക്കുന്നില്ല. അദ്ധേഹത്തിന്റെ കൃതികള്‍ അടിസ്ഥാനമാക്കിക്കൊണ്ട് തന്നെ ആധുനിക ഗണിതശാസ്ത്ര മാര്‍ഗത്തില്‍കൂടി അതിനെ പ്രയോഗ വല്‍കരിച്ച കേരളത്തിലെ ആദ്യ പണ്ഡിതനായിരുന്നു യു കെ ആറ്റക്കോയ തങ്ങള്‍. പാദവൃത്തഫലകം പ്രയോഗിച്ചു കൊണ്ടു നമസ്‌കാരസമയം കണ്ടെത്താനുള്ള 'രിസാലത്തുല്‍ മാറദീനി' എന്ന കൃതിയും അതേ ലക്ഷ്യം ഗണിത രൂപേണ കണ്ടെത്തുവാനുള്ള 'രിസാലത്തുല്‍ ഹിസാബ്' എന്ന കൃതിയുമാണ് കേരളത്തിലെ ദര്‍സുകളില്‍ പാഠ്യഗ്രന്ദങ്ങളായിട്ടുണ്ടായിരുന്നത്. രിസാലത്തുല്‍ ഹിസാബിലെ ഗണന മാര്‍ഗം പൗരാണികമാണ്. അക്കങ്ങള്‍ക്കു പകരം അറബി അക്ഷരങ്ങള്‍ (അബ്ജദ്) പ്രയോഗിച്ചു കൊണ്ടുള്ള ഗണന രീതിയാണ് ആ കൃതിയില്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് വഴി നമസ്‌കാര സമയങ്ങളും ഖിബ്‌ല സൂചികകളും തയ്യാറാക്കുക എന്നത് ഇക്കാലത്തിനെ സംബന്ധിച്ചിടത്തോളം വളരെ ആയാസകരമാണ്. എന്നാല്‍ ഇതേ മാര്‍ഗം സ്വീകരിച്ചു കൊണ്ട് ചെറുപ്പകാലത്ത് തന്നെ നമസ്‌കാര സമയപട്ടിക നിര്‍മിച്ച ആളാണ് സയ്യിദ് യു കെ ആറ്റക്കോയ തങ്ങള്‍. ബുദ്ധിശാലിയും പ്രയത്‌നപ്രിയനുമായ അദ്ധേഹത്തിന് അതില്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അദ്ധേഹം ഈ ലക്ഷ്യത്തിന് വേണ്ടിയുള്ള ആധുനിക ഗണിതശാസ്ത്ര മാര്‍ഗം കണ്ടെത്തുകയുണ്ടായി. 'ലൊഗരിതം' എന്ന ഗണനപ്രയോഗ വഴി നമസ്‌കാര സമയങ്ങളും ഖിബ്‌ല നിര്‍ണയും നിര്‍വ്വഹിക്കുവാനുമുള്ള സൂത്രം അദ്ധേഹം സ്വന്തമായി തന്നെ പഠിച്ചു. മലേഷ്യയിലെ ശൈഖ് മുഹമ്മദ് ത്വാഹിര്‍ മന്‍ഗബാവിയുടെ 'നുഖ്ബത്തുത്തക്ക്‌രീറാത്ത്' എന്ന അമൂല്യ കൃതി അധികം സമ്പാദിക്കുകയും അതുവഴി നിശ്പ്രയാസം നമസ്‌കാര സമയപട്ടികകളും ഖിബ്‌ല നിര്‍ണയങ്ങളും നടപ്പിലാക്കുകയും ചെയ്തു. മംഗലാപുരം കണ്ണൂര്‍ തുടങ്ങിയ വിവിധ പട്ടണങ്ങളെ കേന്ദ്രമാക്കിയുള്ള പട്ടികകള്‍ അദ്ധേഹം തയ്യാറാക്കിയിട്ടുണ്ട്. വിശേഷം ഇതാണ്. മറ്റാരെങ്കിലും നേരത്തെ തയ്യാര്‍ ചെയ്ത പട്ടികകളെ കട്ടെടുത്ത് അതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തി തന്റേതാണെന്ന് വരുത്തിതീര്‍ക്കുന്ന വഴി സ്വീകരിക്കുകയല്ല തങ്ങള്‍ ചെയ്തത്. നേരെ മറിച്ച് ആ വിഷയം വേണ്ടത്ര പഠിച്ച ശേഷം അതിന്റെ എല്ലാ ഉപാദികളും പാലിച്ചു സ്വന്തമായ കണ്ടെത്തലുകളാണ് അദ്ധേഹം ചെയ്തത്. ഈ വിശയത്തില്‍ ഈയുള്ളവന്റെ മാര്‍ഗദര്‍ശിയും ഗുരുനാഥനുമാണ് സയ്യിദ് ആറ്റക്കോയ തങ്ങള്‍. മേല്‍പറഞ്ഞ കൃതിയെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് അദ്ധേഹമാണ്. ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരു അമൂല്യസമ്മാനമാണ് ഇത് മൂലം അദ്ധേഹം എനിക്ക് നല്‍കിയത്. ലോഗാരിതം സ്വന്തമായി പഠിക്കുവാനും അതില്‍ കൃതികള്‍ രചിക്കുവാനും എനിക്കത് പ്രചോദനമായി.
സയ്യിദ് യു കെ ആറ്റക്കോയ തങ്ങളെ ചെറുപ്പകാലം തൊട്ട് തന്നെ എനിക്ക് പരിചയമാണ്. 1942മുതല്‍ 1950വരെയുള്ള കാലഘട്ടത്തില്‍ കാസറഗോഡിലെ ഗവണ്‍മെന്റ് മുസ്ലിം ഹൈസ്‌കൂളില്‍ ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് കാസറഗോഡ് വലിയ ജുമുഅത്ത് പള്ളിയില്‍ (മാലിക് ദീനാര്‍ പള്ളി) ഞാന്‍ കിത്താബ് ഓതാന്‍ പോവുകയും ചെയ്തിരുന്നു. അന്ന് തൊട്ട് തന്നെ ആറ്റക്കോയ തങ്ങളെയും അനുജന്‍ പൂക്കോയ തങ്ങളെയും എനിക്ക് പരിചയമാണ്. അവരുമായി നല്ല ബന്ധവുമായിരുന്നു. കാസറഗോഡ് വലിയ ജുമുഅത്ത് പള്ളിയില്‍ 35വര്‍ഷം ഖാസി സ്ഥാനത്തിരിക്കുകയും ദര്‍സ് നടത്തുകയും ചെയ്ത ശേഷം 1978ല്‍ അന്തരിച്ച ബഹു എ പി അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍(അവറാന്‍ മുസ്ലിയാര്‍) ആറ്റക്കോയ തങ്ങളുടെ പ്രധാനപ്പെട്ട ഗുരുനാഥനായിരുന്നു. കാസറഗോഡ് ദര്‍സില്‍ വര്‍ഷങ്ങളോളം ആറ്റക്കോയ തങ്ങള്‍ ഓതിപ്പഠിക്കുകയുണ്ടായി. പിന്നീടദ്ധേഹം ഉള്ളാളം 'കന്‍സുല്‍ ഉലൂം' ദര്‍സില്‍ പഠിച്ചു. തന്റെ ഭാര്യപിതാവും കൂടിയായ സയ്യിദ് അബ്ദുല്‍ റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളായിരുന്നു ഗുരുനാഥന്‍. അതേ ദര്‍സില്‍ ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കാലത്തും ആറ്റക്കോയ തങ്ങളുമായി വലിയ പരിചയത്തിലും അടുപ്പത്തിലുമായിരുന്നു ഞങ്ങള്‍. ഈ സമയത്തുണ്ടായ ഒരനുഭവം ഞാന്‍ ഓര്‍ക്കുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ ഉന്നത പഠനത്തിന് തയ്യാറെടുപ്പായി സയ്യിദ് ആറ്റക്കോയ തങ്ങള്‍ 'തഫ്‌സീര്‍ ബൈളാവി ' ഓതാന്‍ തുടങ്ങിയപ്പോള്‍ ആ ദര്‍സില്‍ ഞാനും കൂടിക്കൊള്ളട്ടെയോ എന്ന് ഉസ്താദിനോട് ഞാന്‍ അനുവാദംതേടുകയുണ്ടായി. ഉള്ളാളം ദര്‍സില്‍ ചേര്‍ന്ന ആദ്യ കാലമായതിനാല്‍ 'മുഖ്തസ്വര്‍' തുടങ്ങിയ അറബി സാഹിത്യഗ്രന്ഥങ്ങള്‍ അന്ന് ഞാന്‍ ഓതിയിരുന്നില്ല. അതിനാല്‍ 'ബൈളാവി' ദര്‍സില്‍ കൂടുന്നതിന്നു ഉസ്താദ് അന്ന് അനുവാദം തന്നില്ല. ബൈളാവിയില്‍ തഫ്‌സീര്‍ മാത്രമല്ല ഇല്‍മുല്‍മആനിയും ബയാനുമൊക്കെയുണ്ടെന്ന് ഉസ്താദ് ചൂണ്ടിക്കാണിക്കുയുണ്ടായി. എന്നാല്‍ 'ഖുലാസ്വതുല്‍ ഹിസാബ്''ഊഖലദീസ്' തുടങ്ങിയ ഗണിത ശാസ്ത്ര കിതാബുകളില്‍ ചേരാന്‍ അനുവദിക്കുകയും ചെയ്തു. എസ് എസ് എല്‍ സി പാസായ ശേഷം ദര്‍സില്‍ ചേര്‍ന്നതായതിനാല്‍ രണ്ടുവിഷയങ്ങള്‍ എനിക്ക് പ്രയാസം കുറഞ്ഞതും രസകരവുമായിരുന്നു. പക്ഷേ സയ്യിദ് ആറ്റക്കോയ തങ്ങളോടൊപ്പം 'ബൈളാവി' പഠിക്കുവാന്‍ എനിക്ക് അവസരം നഷ്ടപ്പെട്ടു. എന്നാല്‍ കാസറഗോഡ് നെല്ലിക്കുന്നില്‍ ആറ്റക്കോയ തങ്ങള്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് അവിടെ ചെന്ന് 'രിസാലത്തുല്‍ ഹിസാബ്' ഓതിക്കൊണ്ട് അദ്ധേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുവാന്‍ എനിക്ക് ഭാഗ്യം ലഭിക്കുകയുണ്ടായി. മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ദര്‍സ് മാറ്റി വെച്ച് കൊണ്ടാണ് എനിക്ക് അദ്ധേഹം രിസാല ഓതിത്തന്നത്. പകരം ആ വിദ്യാര്‍ത്ഥികള്‍ക്ക് 'മിശ്കാത്ത്' ഓതിക്കൊടുക്കാന്‍ എന്നെ ചുമതലപ്പെടുത്തുകയുണ്ടായി. ഉള്ളാളം ദര്‍സില്‍ പഠിച്ച ശേഷം സയ്യിദ് ആറ്റക്കോയ തങ്ങള്‍തമിഴ് നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് അറബിക്കോളേജില്‍ ഉന്നത പഠനം തേടി 'മൗലവി ഫാളില്‍' ബിരുദം കരസ്ഥമാക്കുകയുണ്ടായി. അവിടെ മര്‍ഹൂം ശൈഖ് ഹസന്‍ ഹസ്‌റത്തായിരുന്നു പ്രധാന ഗുരുനാഥന്‍. തന്റെ സഹപാഠികളോടൊപ്പം ഹസ്‌റത്തിന്റെ ദര്‍സില്‍ ക്ലാസ് നടക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആറ്റക്കോയ തങ്ങളെ മാത്രമേ ഹസ്‌റത്ത് അനുവദിച്ചിരുന്നു പോല്‍. തങ്ങളുടെ ഗ്രഹണശേഷിയും ബുദ്ധിവൈഭവവുമാണ് ഇത് സൂചിപ്പിക്കുന്നത്. ആറ്റക്കോയ തങ്ങളുടെ ബുദ്ധിവൈഭവവും ജീവിത രീതിയും ശൈഖ് ഹസ്‌റത്തിനെ തന്നെ ആകര്‍ശിച്ചു. ആറ്റക്കോയതങ്ങളെ ശൈഖ് ഹസന്‍ ഹസ്‌റത്ത് ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. അതിലേറെ ആറ്റക്കോയ തങ്ങള്‍ ഉസ്താദിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഉസ്താദിനോടുള്ള ആസ്‌നേഹാദരവുകള്‍ അന്ത്യനിമിഷം വരെ ആറ്റക്കോയ തങ്ങളില്‍ കാണാമായിരുന്നു. ശൈഖ് ഹസനില്‍ കണ്ട നിറഞ്ഞ പാണ്ഡിത്യത്തിന്റെയും പെരുമാറ്റത്തിന്റെയും മേന്മയായിരുന്നു അതിന് കാരണം.
മഞ്ചേശ്വരം, കുഞ്ചത്തൂര്‍, കോട്ടിക്കുളം എന്നീ മഹല്ലുകള്‍ക്ക് പുറമെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ ദ്വീതിയ ഖാസിയുമായിരുന്നു സയ്യിദ് ആറ്റക്കോയ തങ്ങള്‍. 1995ലാണ് കാഞ്ഞങ്ങാട് സംയുക്ത ഖാസി പദവി അദ്ധേഹം ഏറ്റെടുത്തത്. മര്‍ഹൂം സംയുക്തജമാഅത്തിന്റെ പ്രഥമ ഖാസിയായിരുന്ന മട്ടന്നൂര്‍ പി എ അബ്ദുല്ല മൗലവി അന്തിരിച്ചതിനെ തുടര്‍ന്നാണ് ഈ ചുമതല ഏറ്റെടുത്തത്. വലിയൊരു പ്രദേശത്തിന്റെ അധികാര സ്ഥാനത്തിരിക്കുമ്പോള്‍ സ്വാഭാവികമായുമുണ്ടാകാറുള്ള വിശമങ്ങളും പ്രയാസങ്ങളും വിമര്‍ശനശകാരങ്ങളും ഏറെ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ആറ്റക്കോയ തങ്ങള്‍ അതിലൊന്നും പതറാതെ അന്ത്യനിമിഷം വരെ പ്രശസ്തനീയമായി ആ സ്ഥാനത്ത് അദ്ധേഹം തുടര്‍ന്നു. പ്രഗത്ഭനായ ഒരു പണ്ഡിതനാണെന്ന നിലക്കും സമര്‍ത്ഥനായ ഒരു വിധികര്‍ത്താവാണെന്ന നിലക്കും ധീരനായ ബുദ്ധി വൈഭവത്തിന്റെ ഉടമയാണെന്ന നിലക്കും ജനങ്ങളും പണ്ഡിത സമൂഹവും അദ്ധേഹത്തിനു അംഗീകാരം നല്‍കിയിട്ടുണ്ട്. ദീനിയായ കാര്യത്തിലും സ്വന്തം ജീവിത പരിശുദ്ധിയുടെ കാര്യത്തിലും വളരെ സൂക്ഷമമായ രീതിയില്‍ കൂടിയായിരുന്നു അദ്ധേഹത്തിന്റെ എല്ലാ ചലനങ്ങളും. കര്‍മ്മശേഷിയും വായനാശീലവും അദ്ധേഹത്തില്‍ എപ്പോഴും പ്രകടമായിരുന്നു. ധന സ്ഥാന മോഹങ്ങള്‍ അദ്ധേഹത്തെ തീണ്ടിയിട്ടേയില്ല. സയ്യിദും മുത്തഖിയുമായ അദ്ധേഹത്തോടൊപ്പം നാമെല്ലാവരെയും സര്‍വ്വനാഥന്‍ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടിത്തരുമാറാകട്ടെ.
(ഖാസി സി.എം. അബ്്ദുല്ല മൗലവിയുടെ സ്മാരക ഗ്രന്ഥത്തില്‍ നിന്ന്...)
No comments:
Post a Comment