Friday, May 25, 2012

കെ.എസ്. അബ്ദുല്ല




    കാസര്‍കോടിന്റെ സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളില്‍ അനുപമമായ വ്യക്തിമുദ്ര പതിച്ച ഒരു കര്‍മ്മയോഗിയാണ് മര്‍ഹൂം കെ.എസ് അബ്ദുള്ള സാഹിബ്. ഇല്ലാത്തവന്റെ കണ്ണീരൊപ്പാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും യത്‌നങ്ങളും ചില്ലറയല്ല. നാടിനെ പുരോഗതിയിലേക്കു നയിക്കുന്നതില്‍ അത് വളരെയേറെ സഹായകമായി. വികസനം മുരടിച്ച വിദ്യാഭ്യാസ മേഖലയെ മനസാവാചാ കര്‍മ്മണാ പിന്തുണനല്‍കി ഉദ്ദീപിപ്പിച്ച അദ്ദേഹത്തിന്റെ ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല.
    നിര്‍ധനരെ സഹായിക്കാനുള്ള മനസ്സും വിദ്യാഭ്യാസ അഭിവാഞ്ഛയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ആതുര രംഗത്തെ പ്രവര്‍ത്തനഫലങ്ങള്‍ ഇന്നും ജനങ്ങള്‍ ഓര്‍മ്മിച്ചും അനുഭവിച്ചും കൊണ്ടിരിക്കുന്നു. ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങള്‍ അവയുടെ മൂര്‍ധന്യതയില്‍ തന്നെ നടത്തിക്കൊണ്ടുപോയ കാസര്‍കോട്ടെ ഒരു പ്രധാന വ്യക്തിയാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. പത്രങ്ങളിലും പേജുകളിലും നിറഞ്ഞു നില്‍ക്കാതെതന്നെ ഇവിടത്തെ വിദ്യാഭ്യാസ വിപ്ലവത്തിന് അദ്ദേഹം ചുക്കാന്‍ പിടിച്ചു. ഈ രംഗത്ത് മതപരമെന്നോ ഭൗതികമെന്നോ ഉള്ള വേര്‍തിരിവ് അദ്ദേഹത്തിനുണ്ടായിരുന്നുല്ല. മുസ്‌ലിം പുരോഗതിക്ക് അനിവാര്യമെന്ന് കണ്ട നല്ല എന്തിനെയും സഹായിക്കാന്‍ അദ്ദേഹം മുമ്പിലുണ്ടായിരുന്നു.
    ചെറുപ്പം മുതലേ കെ.എസ്സുമായി നല്ല ബന്ധമായിരുന്നു എനിക്കുണ്ടായിരുന്നത്. പ്രവര്‍ത്തന സഹകരണ രംഗത്തുമാത്രമല്ല കുടുംബപരമായും  ഞങ്ങള്‍ ഒത്തുകുടിയിരുന്നു. പ്രമുഖ തൊപ്പി വ്യവസായിയും എക്‌സ്‌പോര്‍ട്ടറുമായിരുന്ന കെ.എസ് അബ്ദുള്‍ ഖാദര്‍ ഹാജി പിതാവാണ്. കല്ലിങ്കാല്‍ മൊയ്തീന്‍ ഹാജിയുടെയും തായലങ്ങാടി മര്‍യമ്മായുടെയും മകളായ ആസ്യമ്മയാണ് കെ.എസ് അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ഭാര്യ. കെ.എസ് അബ്ദുള്‍ ഖാദര്‍ ഹാജി-ആസ്യമ്മ ദമ്പതികള്‍ക്ക് കെ.എസ് അബ്ദുള്ളയടക്കം അഞ്ച് മക്കളാണ്. മാഞ്ഞമ്മ, ഖദീജ, സുലൈമാന്‍(ഹാജി),മുഹമ്മദ് ഹബീബുള്ള എന്നിവരാണവര്‍. മക്കളില്‍ ചിലരുടെ ചെറുപ്പകാലത്ത് തന്നെ ആസ്യമ്മ മരണപ്പെട്ടു. സന്താനങ്ങളുടെ പരിചരണത്തിന് ഒരു സ്ത്രീ ആവശ്യമായി വന്നു. ഇത് ഒരു രണ്ടാം വിവാഹത്തിന് അബ്ദുള്‍ ഖാദര്‍ ഹാജിയെ നിര്‍ബന്ധിതനാക്കി. അങ്ങനെ എന്റെ പിതാവിന്റെ മരുമകള്‍ ബീഫാത്തുമ്മ ഹജ്ജുമ്മയെ അബ്ദുള്‍ ഖാദര്‍ ഹാജി രണ്ടാം വിവാഹം കഴിച്ചു. സുപ്രസിദ്ധനായ കാസര്‍കോട് ഖാസി അബ്ദുള്ള ഹാജി(ഔളാജി തങ്ങള്‍)യുടെ പ്രധാന ഉസ്താദായിരുന്ന കൂഴൂര്‍ ഇബ്രാഹീം മുസ്ലിയാരുടെ മകന്‍ (കാസര്‍കോട് മാലിക്ദീനാര്‍ പള്ളിയില്‍ കുറേക്കാലം മുദരിസായിരുന്നു) അബ്ദുല്ലകുഞ്ഞി മുസ്ലിയാരുടെ മകളാണ് ബീഫാത്തുമ്മ ഹജ്ജുമ്മ. രണ്ടാം ഭാര്യയില്‍ കെ.എസ് അബ്ദുള്‍ ഖാദര്‍ ഹാജിക്ക് മക്കളില്ല. കുടുംബ ബന്ധമെന്ന നിലക്ക് മാത്രമല്ല. അതിലുപരി എല്ലാകാര്യങ്ങളിലും സഹകരിച്ചും സ്‌നേഹിച്ചും കൊണ്ടായിരുന്നു ഞങ്ങളുടെ ജീവിതം.
    പിതാവിന്റെ തൊപ്പി വ്യാപാരവുമായി ബന്ധപ്പെട്ടുകൊണ്ടാണ് കെ.എസ് അബ്ദുള്ളയുടെ ചെറുപ്പകാലം തുടങ്ങുന്നത്. സാമൂഹ്യപ്രവര്‍ത്തനം അന്നുമുതല്‍ തന്നെ ആ ചെറുപ്പകാരനില്‍ കാണാമായിരുന്നു. തൊപ്പി വ്യവസായികളുടെ ഒരു യൂണിയനുവേണ്ടി സജീവപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടതായി എനിക്കോര്‍മ്മയുണ്ട്. തളങ്കര മുസ്‌ലിം ഹൈസ്‌കൂളില്‍ എന്റെ ജൂനിയറായ സ്‌കൂള്‍മേറ്റ് ആയിരുന്നു കെ.എസ് അബ്ദുള്ള. 1950-ല്‍ ഫൈനല്‍ പൂര്‍ത്തിയാക്കി വിട്ടശേഷം സ്‌കൂളുമായി ബന്ധം നിലനിര്‍ത്താന്‍ എനിക്കു സാധിച്ചിരുന്നില്ല.
    പിതാവിന്റെ തൊപ്പി വ്യാപാരവുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു കെ.എസ് അബ്ദുള്ളയുടെ ബിസിനസ്സ് രംഗത്തുള്ള ജീവിതം ആരംഭിക്കുന്നതെങ്കിലും മത്സ്യ വ്യാപാരിയായിരുന്ന സഹോദരീ ഭര്‍ത്താവ് കെ.മമ്മൂഞ്ഞിയോടൊപ്പം മഹാരാഷ്ട്രയിലേക്ക് തിരിഞ്ഞതോടെയാണ് ബിസിനസ്സ് രംഗത്ത് കെ.എസ് സജീവമായത്.
    തളങ്കര കേന്ദ്രമാക്കി കെ.എസ് നടത്തിയ വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. മാലിക് ദീനാര്‍ ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും കാസര്‍കോട് ഗവണ്‍മെന്റ് മുസ്ലിം ഹൈസ്‌കൂളിന്റെ വികസനവും ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെയും മാലിക് ദീനാര്‍ യത്തീം ഖാനയുടെയും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്  കെ.എസ്സിന്റെ വിദ്യാഭ്യാസ-സാമൂഹിക താല്‍പര്യങ്ങളാണ്. ഇതിന്റെയെല്ലാം വികസനത്തിനു വേണ്ടി കെ.എസ് ചെയ്തുവെച്ച സേവനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അദ്ദേഹത്തിന്റെ പ്രഗത്ഭമായ നേതൃത്വവും ഭരണ പാടവവും ആര്‍ക്കും നിഷേധിക്കാനാവില്ല. തുടര്‍ച്ചയായി അതിന്റെ നേതൃസ്ഥാനത്ത് അദ്ദേഹം നിയോഗിക്കപ്പെട്ടത് അതിന്റെ ഫലമാണ്.
        ഭൗതിക വിദ്യാഭ്യാസ കാര്യത്തില്‍ മാത്രമല്ല മതവിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അദ്ദേഹം ഇതേതാല്‍പര്യമാണ് കാണിച്ചത്. അതിന്റെ ഫലമായാണ് കാസര്‍കോട്ടെ വലിയ ജുമുഅത്ത് പള്ളിയോടനുബന്ധിച്ച് മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമി സ്ഥാപിതമായത്. പള്ളി ദര്‍സുകള്‍ ശോഷിക്കുമ്പോള്‍ അവിടെ ഒരു ശൂന്യത സൃഷ്ടിക്കപ്പെടാതെ അതിനുപകരം നില്‍ക്കുന്ന ഉജ്ജ്വലവും കാലോചിതവുമായ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ വരേണ്ടത് ആവശ്യമാണെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവാണ് അത് വ്യക്തമാക്കുന്നത്. പിണക്കങ്ങളുണ്ടായ അവസരത്തില്‍  അതില്ലാതാക്കുവാന്‍ വേണ്ടി നല്ലൊരു ശ്രമം കെ.എസ് നടത്തുകയുണ്ടായി. അതിന്നുവേണ്ടി നെട്ടോട്ടം നടത്തുകയും പലരെയും സമീപിക്കുകയുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ അതിന് പൂര്‍ണ്ണ വിജയം ഉണ്ടായില്ലെങ്കിലും യോജിപ്പിന്റെ കാലാവസ്ഥ സൃഷ്ടിക്കാന്‍ ആ പരിശ്രമങ്ങള്‍ ഉതകിയിട്ടുണ്ട്.
    ഒരു സുന്നീ ആശയക്കാരനായിരുന്നു കെ.എസ് എന്നതില്‍ എനിക്ക് സംശയമില്ല. സുന്നീ വിരുദ്ധ ആശയങ്ങള്‍ പുലര്‍ത്തുന്ന സംഘടനകളും സ്ഥാപനങ്ങളുമായി അദ്ദേഹം അടുത്തിടപെട്ടിരുന്നു വെങ്കിലും സുന്നീ ആശയാദര്‍ശ്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് ഒരിക്കലും വിട്ടുമാറിയിരുന്നില്ല. മാലിക്ദീനാര്‍ ഉറൂസുകള്‍ക്ക് വേണ്ടി ആവേശത്തോടെ അത്യാധ്വാനം ചെയ്യുന്നത് എപ്പോഴും കാണാമായിരുന്നു. മാലിക്ദീനാര്‍ മഖാമിന്നരികിലെത്തിയാല്‍ ഒരു എളിയദാസനെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. രണ്ടു കൈപ്പടങ്ങളും ചേര്‍ത്തുപിടിച്ച് ആ കബറിനെ തൊട്ടു ചുംബിക്കുന്നത് കണ്ടിട്ടുണ്ട്. മാലിക്ക് ദീനാറി(റ)നോടുള്ള അതിരറ്റ ബഹുമാനമാണ് താന്‍ സ്ഥാപിച്ച ആതുരാലയത്തിന് മാലിക്ക് ദീനാര്‍ ഹോസ്പിറ്റല്‍ എന്നു പേരു നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കാസര്‍രകോട്ട് ഖാസിമാരുമായി നല്ല സ്‌നേഹത്തിലും ബഹുമാനത്തിലുമായിരുന്നു കെ.എസ്. ശരീഅത്തിന്റെ കാര്യത്തില്‍ ശരിയായൊരു വിധി കര്‍ത്താവിനോടുള്ള ആദരവും ബഹുമാനവും അദ്ദേഹം ഖാസിമാര്‍ക്കു നല്‍കി. ഖാസിമാര്‍ക്കും മതപണ്ഡിതന്മാര്‍ക്കും അന്തസ്സാര്‍ന്ന പദവി നല്‍കണമെന്ന് അദ്ദേഹം വാദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഈ മനോഗതം മനസ്സിലാക്കിയിട്ടുണ്ട്. യോഗ്യരായ ആളുകള്‍ അടുത്ത് കുടുംബാംഗങ്ങളിലുണ്ടായിട്ടുപോലും കെ.എസ്സിന്റെ ജനാസ നിസ്‌കാരത്തിന് നേതൃത്വം വഹിക്കുവാന്‍ നാട്ടിലെ ഖാസിയെ തന്നെ അവര്‍ അധികാരപ്പെടുത്തിയത് അതാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ കെ.എസ് മുന്‍പന്തിയിലുണ്ടായിരുന്നു. മാലിക്ദീനാര്‍ ആശുപത്രി സ്ഥാപിക്കുന്നതില്‍ അദ്ദേഹം കാണിച്ച ആവേശം അതാണ് എടുത്തു കാണിക്കുന്നത്. ആസ്പത്രി ഉല്‍ഘാടന വേളയില്‍ അശാസ്ത്രിയമായ ചികിത്സ സമ്പ്രദായത്തില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. മുസ്ലിം സ്ത്രീ പുരുഷന്‍മാര്‍ അശാസ്ത്രീയ ചികിത്സാമുറകളില്‍ ഏര്‍പ്പെടുന്നതിനാലാവണം ഒരു ആധുനിക രീതിയിലുള്ള ആശുപത്രി സ്ഥാപിക്കുവാന്‍ അദ്ദേഹം പ്രേരിതനായത്. അല്ലാതെ ഹോസ്പിറ്റലില്‍ ബിസിനസ്സ് നടത്തുവാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

(ഖാസി സി.എം. അബ്്ദുല്ല മൗലവിയുടെ സ്മാരക ഗ്രന്ഥത്തില്‍ നിന്ന്...)

No comments:

Post a Comment