ഖലീഫാ മഅ്മൂന്‍ ഒരു നല്ല ഭരണാധികാരിയായിരുന്നുവെങ്കിലും ഖുര്‍ആന്‍ സൃഷ്ടിയാണെന്ന മുഅ്തസിലീ വിശ്വാസക്കാരനായിരുന്നു. ഇത് അദ്ദേഹം ജനങ്ങളില്‍ അടിച്ചേല്‍പിക്കുകയും ചെയ്തു.
ഹിജ്‌റ 217 ല്‍ ഇവ്വിഷയകമായി പണ്ഡിതരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് അദ്ദേഹം അവര്‍ക്കെല്ലാം കത്തെഴുതി. ചിലര്‍ സ്വന്തം ഇഷ്ടപ്രകാരവും മറ്റു ചിലര്‍ വാള്‍ ഭയന്നും ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് ഏറ്റുപാടി.
എന്നാല്‍ സത്യത്തിന്റെ മുമ്പില്‍ പതറാത്ത ചില പണ്ഡിതരും മഹാത്മാക്കളും അന്നുണ്ടായിരുന്നു. അവര്‍ മഅ്മൂനിന്റെ വാളിന് തരിമ്പും വില കല്‍പിച്ചില്ല. അവരില്‍ പ്രമുഖനായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍. ഖല്‍ഖുല്‍ ഖുര്‍ആന്‍ സംബന്ധമായി ഇവരുടെ അഭിപ്രായമാരായാനായി ഇസ്ഹാഖുബ്‌നു ഇബ്‌റാഹീമിനെയാണ് മഅ്മൂന്‍ നിശ്ചയിച്ചിരുന്നത്. അദ്ദേഹം ഓരോരുത്തരെയും വിചാരണ ചെയ്തു തുടങ്ങി. അഹ്മദുബ്‌നു ഹമ്പലിന്റെ ഊഴം വന്നപ്പോള്‍ ഇസ്ഹാഖ് അദ്ദേഹത്തോട് ചോദിച്ചു: 'ഖുര്‍ആനിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്ത്?' 'ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്'-ഇമാം പ്രതിവചിച്ചു.
'അത് സൃഷ്ടിയാണോ അല്ലയോ?'-ഇസ്ഹാഖ് വീണ്ടും ചോദിച്ചു. 'ഇതിലുപരി ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'-ഇമാമിന്റെ പ്രതികരണം. ഓരോ പണ്ഡിതരുടെ മറുപടിയും ഇസ്ഹാഖ് ഖലീഫക്ക് അയച്ചുകൊടുത്തു.
വീണ്ടും ഒന്നുകൂടി അവരുടെ മനോഗതി പുനഃപരിശോധിക്കാനും അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് പിന്‍മാറുന്നില്ലെങ്കില്‍ തല വെട്ടി അയച്ചുകൊടുക്കാനും ഖലീഫ ഉത്തരവിട്ടു. ഇതുകൂടിയായപ്പോള്‍ വാളിനെ ഭയന്ന് പലരും യഥാര്‍ഥ വിശ്വാസം ഉള്ളിലൊതുക്കി ഖലീഫയുടെ വിശ്വാസം ഏറ്റുപാടി. നാലുപേരെ മാത്രം ഇതിനും കിട്ടിയില്ല. അവര്‍ സ്വന്തം വിശ്വാസത്തില്‍ നിന്ന് അണുഅളവ് വ്യതിചലിച്ചില്ല...
ഇസ്ഹാഖ് ഈ നാലുപേരെയും അറസ്റ്റ് ചെയ്തു. വധശിക്ഷ ഭയന്ന് രണ്ടാള്‍ കൂടി പിന്മാറി. ഇതോടെ ദൃഢമനസ്‌കരായ രണ്ടാള്‍ മാത്രം അവശേഷിച്ചു-ഇമാം അഹ്മദുബ്‌നു ഹമ്പലും മുഹമ്മദുബ്‌നു നൂഹും. ഇവരെ ഖലീഫയുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അവര്‍ അവിടെ എത്തുന്നതിനു മുമ്പായിത്തന്നെ ഖലീഫ മരിച്ചു. അങ്ങനെ ഇവര്‍ തല്‍ക്കാലം ജയിലിലടക്കപ്പെട്ടു.
മഅ്മൂനിനു ശേഷം അയാളുടെ പിന്‍ഗാമിയായി മുഅ്തസ്വിം ബില്ലാഹി സ്ഥാനാരോഹണം ചെയ്തു. സഹോദരന്‍ മഅ്മൂനിന്റെ 'ഖല്‍ഖുല്‍ ഖുര്‍ആന്‍' വാദം ഇയാളും ആവര്‍ത്തിച്ചു. ഇമാം അപ്പോഴും റഖ്ഖയിലെ ജയിലില്‍ തന്നെ.
ഖലീഫ റോമില്‍ നിന്നും യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ഇമാമിനെ ജയിലില്‍ നിന്ന് തന്റെ സന്നിധിയിലേക്ക് വരുത്തുകയും പണ്ഡിതരുമായി വിവാദം നടത്തിക്കുകയും ചെയ്തു. ഇമാം തന്റെ ലക്ഷ്യങ്ങളെല്ലാം സമര്‍ഥമായി അവതരിപ്പിച്ചെങ്കിലും വെറും ഒരു പട്ടാളക്കാരനായ മുഅ്തസ്വിമിന് അതത്ര സ്വീകാര്യമായി തോന്നിയില്ല. മുഅ്തസ്വിം അന്ത്യശാസനം നല്‍കി: 'ഒന്നുകില്‍ വീണ്ടും ജയില്‍! അല്ലെങ്കില്‍ ഈ വിശ്വാസത്തില്‍ നിന്ന് പിന്മാറുക.'
ഇമാമവര്‍കള്‍ സത്യത്തിന്റെ ബന്ധനങ്ങള്‍ക്കാണ് കപട സ്വാതന്ത്ര്യത്തെക്കാള്‍ പ്രാധാന്യം നല്‍കിയത്. അങ്ങനെ മഹാനവര്‍കള്‍ വീണ്ടും ജയിലിലടക്കപ്പെടുകയും അവിടെ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. കാലിലിട്ട ചങ്ങലയും അരയില്‍ കെട്ടുന്ന കയറിന്റെ അഗ്രവും പരസ്പരം ബന്ധിച്ചതുകാരണം മഹാനവര്‍കള്‍ക്ക് ജയിലില്‍ അനങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഉറക്കസമയത്തും നമസ്‌കാരം നിര്‍വഹിക്കാനും മാത്രമേ ഈ കയറ് അഴിച്ചിരുന്നുള്ളൂ.
പക്ഷേ, ഈ ജയിലും ചങ്ങലയും ഇമാമര്‍കളെ ഒട്ടും പിന്തിരിപ്പിച്ചില്ല. അദ്ദേഹം ആരാധനാദികര്‍മങ്ങള്‍ നിര്‍വഹിച്ചും ജനങ്ങള്‍ക്ക് സദുപദേശങ്ങള്‍ നല്‍കിയും ജയില്‍ ജീവിതം ധന്യമാക്കി. വിദ്യാര്‍ഥികള്‍ വരുമ്പോള്‍ അവര്‍ക്ക് ദര്‍സ് നടത്തുകയും ചെയ്തു. ഇമാമിനു വേണ്ടി രണ്ട് കാവല്‍ഭടന്മാരെ മുഅ്തസ്വിം ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ ദിനേന ഇമാമിനോട് ചോദിക്കും: 'നിങ്ങളുടെ ചിന്താഗതിക്ക് മാറ്റമുണ്ടോ?'
ഇമാം പ്രതികരിക്കും: 'ഇല്ല. എന്റെ വിശ്വാസത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല.'
ഈ നില കുറെ കാലം തുടര്‍ന്നു. മഹാനവര്‍കള്‍ക്ക് യാതൊരു മാനസാന്തരവുമില്ല. ഒരു ചങ്ങലക്കു പകരം നാല് ചങ്ങലകള്‍ കാലില്‍ ബന്ധിച്ചു. എന്നിട്ടും യാതൊരു വ്യതിയാനവുമില്ല. ഈ വിഷമങ്ങളും ബുദ്ധിമുട്ടുകളും ക്ഷമാപൂര്‍വം സ്വീകരിച്ചു. അവര്‍ അല്ലാഹുവിന് സദാ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടേയിരുന്നു...
ഇമാമവര്‍കളുടെ ദൃഢമനസ്‌കതയും സ്ഥൈര്യവും സ്വാതന്ത്ര്യപ്രേമവും കണ്ട് മുഅ്തസ്വിം പറഞ്ഞു: 'ജയിലും ചങ്ങലയും എത്ര കാലം?... ഒന്നുകില്‍ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് പറയുക; അല്ലെങ്കില്‍ മൂര്‍ച്ചയേറിയ വാള്‍.'
ഇതനുസരിച്ച് ഇമാം വീണ്ടും ഖലീഫാ സന്നിധിയില്‍ കൊണ്ടുവരപ്പെട്ടു.
ഈ ദാരുണസംഭവം അഹ്മദുബ്‌നു ഹന്‍ബല്‍(റ) തന്നെ ഇങ്ങനെ വിവരിക്കുന്നു: 'എന്നെ ഖലീഫയുടെ സന്നിധിയിലെത്തിക്കാനായി ഒരു സവാരിവണ്ടിയിലിരുത്തി. രണ്ടു കാലുകളും ചങ്ങലക്കിട്ടതിനാല്‍ വളരെ ഭാരമായിത്തോന്നിയിരുന്നു. ഓരോ കാലടി മുന്നോട്ടുവെക്കുമ്പോഴും മറിഞ്ഞുവീഴുമെന്ന ഭയം. അങ്ങനെ ഖലീഫയുടെ ദര്‍ബാറിലെത്തി. ആരാച്ചാര്‍ മൂര്‍ച്ചയേറിയ വാളുകളും ചാട്ടവാറുകളുമായി അവിടെ കാത്തിരിപ്പായിരുന്നു.'
'നിങ്ങള്‍ വിശ്വാസം മാറ്റാന്‍ തയ്യാറുണ്ടോ?'-ആരോ ചിലര്‍ എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു: 'ഇല്ല, ഒരിക്കലുമില്ല. അല്ലാഹുവിന്റെ കിതാബും റസൂലുല്ലാഹിയുടെ തിരുചര്യയും കൈവിട്ട് ഞാന്‍ ഒന്നും സ്വീകരിക്കാന്‍ തയ്യാറില്ല...'
കിങ്കരന്മാര്‍ക്ക് ഉത്തരവ് ലഭിച്ചു: 'ഇമാമിനെ ചാട്ടവാര്‍ കൊണ്ട് പൊതിരെ തല്ലുക.' അവര്‍ ആഞ്ഞുവീശി അടി തുടങ്ങി... ഓരോ അടി ശരീരത്തില്‍ വീഴുമ്പോഴും അദ്ദേഹം തസ്ബീഹും തഹ്‌ലീലും ഉറക്കെ പറഞ്ഞിരുന്നു. 19 അടി ശരീരത്തിലേറ്റപ്പോഴേക്കും മഹാനവര്‍കള്‍ അബോധാവസ്ഥയിലായി നിലംപൊത്തി. ശരീരഭാഗങ്ങളില്‍ നിന്നെല്ലാം രക്തം ധാരധാരയായി പ്രവഹിച്ചിരുന്നു.
അഹ്മദുബ്‌നു ഹമ്പലിന്റെ ദൃഢമാനസം കണ്ട് മുഅ്തസ്വിം അത്ഭുതപ്പെടുകയും അവസാനം ഇമാം ജയില്‍ മോചിതനാക്കപ്പെടുകയും ചെയ്തു... 30 മാസക്കാലം മഹാനവര്‍കള്‍ കഠിന യാതന കടിച്ചിറക്കിക്കൊണ്ട് ജയില്‍ വാസം വരിച്ചു.
ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ ജനനം ഹിജ്‌റ 164 ല്‍ ബഗ്ദാദില്‍ ആയിരുന്നു. അവിടെ വെച്ചുതന്നെ ഹിജ്‌റ 241 ല്‍ വഫാതാവുകയും ചെയ്തു.
നിരുപമനും നിസ്തുലനുമായൊരു പണ്ഡിതനാണ് ഇമാം അഹ്മദ്. നിരവധി നാടുകളില്‍ വിജ്ഞാനത്തിനു വേണ്ടി ചുറ്റിക്കറങ്ങി. തന്റെ യുഗത്തിലെ പണ്ഡിതന്മാരില്‍ നിന്നെല്ലാം വിജ്ഞാനമാര്‍ജ്ജിച്ചു. ഇമാം ശാഫിഈ, ഇമാം അബൂയൂസുഫ്, യസീദുബ്‌നു ഹാറൂന്‍, സുഫ്‌യാന്‍ തുടങ്ങിയവര്‍ പ്രമുഖ ഗുരുവര്യരില്‍ ചിലരാണ്.
ഹൃദിസ്ഥമാക്കാനുള്ള കഴിവില്‍ അവര്‍ കിടയറ്റവരാണ്. 10 ലക്ഷം ഹദീസ് സനദ് സഹിതം മനഃപാഠമാക്കിയിരുന്നു. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്(റ) തുടങ്ങിയ ഹദീസ് വിജ്ഞാന വേദിയിലെ ദിവ്യജ്യോതിസ്സുകളെല്ലാം അവരുടെ ശിഷ്യസമ്പത്താണ്. ജീവിതം വളരെ ലളിതമായിരുന്നു. ഉണക്കറൊട്ടി മാത്രമായിരുന്നു ഭക്ഷണം. ആരുടെയും പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ദിനേന 300 റക്അത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നു. ജയിലിലെ അടിയേറ്റ് കാലില്‍ വ്രണം വന്നപ്പോഴും 150 റക്അത്തില്‍ ചുരുങ്ങിയില്ല.
മഹാനവര്‍കള്‍ പൊതുസമ്മതനായിരുന്നു. അവരുടെ മരണവാര്‍ത്ത കേട്ട് ജനങ്ങള്‍ വിങ്ങിപ്പൊട്ടി. ജനാസയില്‍ 8 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു! ഇത്രയും വലിയ ജനക്കൂട്ടം കണ്ട് നിരവധി അഗ്നിയാരാധകരും ക്രിസ്ത്യാനികളും ഇസ്‌ലാം അവലംബിക്കുകപോലുമുണ്ടായി. മഹാനവര്‍കളില്‍ നിന്ന് നിരവധി കറാമത്തുകളും ഉണ്ടായിട്ടുണ്ട്.
No comments:
Post a Comment