Tuesday, May 29, 2012

ഇമാം അബൂഹനീഫ


മന്‍സ്വൂറിന്റെ ഭരണകാലത്ത് മുഹമ്മദ് നഫ്‌സ് ദകിയ്യയും സഹോദരന്‍ ഇബ്‌റാഹീമും യഥാക്രമം ഖിലാഫത്ത് വാദവുമായി മുന്നോട്ടുവന്നു. മന്‍സ്വൂര്‍ ഭരണം പിടിച്ചുപറ്റിയതാണെന്നും ജനങ്ങള്‍ നിര്‍ബന്ധ പൂര്‍വം ബൈഅത്ത് ചെയ്തതാണെന്നും ഖിലാഫത്ത് മുഹമ്മദിനും ഇബ്‌റാഹീമിനും അര്‍ഹമാണെന്നും ഇമാം മാലിക് അടക്കമുള്ള അന്നത്തെ പണ്ഡിതര്‍ ഫത്‌വയും നല്‍കിയിരുന്നു. മന്‍സ്വൂറുമായുള്ള ഏറ്റുമുട്ടലില്‍ ആദ്യം മുഹമ്മദും തുടര്‍ന്ന് ഇബ്‌റാഹീമും കൊല്ലപ്പെട്ടു. ഇവരുടെ വധത്തോടെ ഇവരെ പിന്തുണച്ചവരെയും തേടിപ്പിടിക്കാന്‍ മന്‍സ്വൂര്‍ ഉത്തരവിട്ടു. ഇമാം അബൂഹനീഫയും അക്കൂട്ടത്തിലായിരുന്നു.
ഖലീഫാ മന്‍സ്വൂര്‍ ഈ വിദ്വേഷം ഉള്ളിലൊതുക്കിക്കൊണ്ട് ഇമാം അബൂഹനീഫയെ തന്റെ ദര്‍ബാറിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു: 'ഞാന്‍ നിങ്ങളെ ഖാളിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.'
'ഹേയ്, ഞാനതിനര്‍ഹനല്ല; ഞാനത് സ്വീകരിക്കുകയുമില്ല'-ഇമാം പ്രതിവചിച്ചു.
മന്‍സ്വൂര്‍ അതൃപ്തനായിക്കൊണ്ട്: 'നിങ്ങള്‍ കളവ് പറയുകയാണോ?'
ഇമാം: 'ഞാന്‍ കളവ് പറഞ്ഞവനാണെങ്കില്‍ ഞാനതിന് അര്‍ഹനല്ല എന്ന് പ്രസ്താവിച്ചതില്‍ ഞാന്‍ സത്യവാനാണ്. കാരണം, ഖാളിക്ക് കളവ് പറഞ്ഞുകൂടല്ലോ.'
മന്‍സ്വൂര്‍ സത്യം ചെയ്തുകൊണ്ട്: 'നിങ്ങള്‍ അത് സ്വീകരിക്കുകതന്നെ വേണം.'
ഇമാമും സത്യം ചെയ്തുകൊണ്ട്: 'ഞാനൊരിക്കലും അത് സ്വീകരിക്കുകയില്ല.'
ഇമാമിന്റെ ഈ ധൈര്യവും സ്ഥൈര്യവും കണ്ട് മന്‍സ്വൂര്‍ ആകെ അമ്പരന്നു. അയാള്‍ ഭീഷണിയോടെ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ഖാളി പീഠത്തില്‍ ചെന്നിരുന്ന് തിരിച്ചുവന്ന് അദ്ദേഹം പറഞ്ഞു: 'എനിക്കിതിന് സാധ്യമല്ല...'
ഉടനെ മന്‍സ്വൂര്‍ ഇമാമവര്‍കളെ ജയിലിലടച്ചു. മരണം വരെയും അവര്‍ ആ ജയിലില്‍ തന്നെയായിരുന്നു.
ഇമാമവര്‍കളെ ജയിലിലടച്ചത് വലിയ കോളിളക്കത്തിനിടയാക്കി. അവിടത്തെ പണ്ഡിതകേന്ദ്രം ഇതിനെ ശക്തിയായി വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് ജയിലിലാണെങ്കിലും അദ്ദേഹത്തിന്റെ ഇഷ്ടത്തിനെതിരായി ഒന്നും ചെയ്യാന്‍ മന്‍സ്വൂറിന് കഴിഞ്ഞിരുന്നില്ല. ജയിലിലായിരിക്കുമ്പോഴും വിജ്ഞാനദാഹികള്‍ക്ക് ജ്ഞാനം പകര്‍ന്നുകൊടുത്തിരുന്നു. ഇങ്ങനെ ജയില്‍ വാസവും അദ്ദേഹത്തിന് ഉന്നതിയിലേക്കുള്ള ഒരു കോണിയായി മാറി. ഇതിലും മന്‍സ്വൂറിന് അതിയായ അസന്തുഷ്ടി ഉണ്ടായിരുന്നുവെങ്കിലും ജനങ്ങളെ ഭയന്ന് പരസ്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ഗതിമുട്ടിയ മന്‍സ്വൂര്‍ ഇമാമവര്‍കള്‍ക്ക് വിഷം നല്‍കി ജീവന്‍ അപഹരിക്കുകയാണുണ്ടായതെന്ന് പറയപ്പെടുന്നു.
ഇമാം അബൂഹനീഫയുടെ പ്രധാന ശിഷ്യനായ ഇമാം മുഹമ്മദ് ഈ ജയില്‍ഖാനയില്‍ വെച്ചാണ് മഹാനവര്‍കളില്‍ നിന്ന് വിജ്ഞാനം പകര്‍ന്നെടുത്തത്.
സത്യം ആരുടെ മുമ്പിലും സ്ഫുടമായി അവതരിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇമാം അബൂഹനീഫ. ഒരിക്കല്‍ കൂഫയിലെ ഗവര്‍ണറായ ഇബ്‌നു ഹുബൈറ ഇമാം അബൂഹനീഫയോട് പറഞ്ഞു: നിങ്ങള്‍ ഇടക്കിടെ ഇവിടെ വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അത് എനിക്ക് ചെയ്യുന്ന വലിയ ഉപകാരമായിരിക്കും.
അപ്പോള്‍ ഇമാമവര്‍കള്‍ ചോദിച്ചു: 'വന്നിട്ടെന്താണ് കാര്യം? നിങ്ങള്‍ സ്‌നേഹത്തോടും വാത്സല്യത്തോടുമാണ് എന്നോട് പെരുമാറുന്നതെങ്കില്‍ അത് ഭയപ്പെടേണ്ട കാര്യമാണ്. ഇവിടെ അതിഥിയായി വന്ന് നിങ്ങളെ എങ്ങനെ ആക്ഷേപിക്കും? നിങ്ങളുടെ സമ്പത്തും പണവുമാകട്ടെ അത് എനിക്ക് ആവശ്യവുമില്ല. എന്റെ കൈവശമുള്ളതാകട്ടെ ആര്‍ക്കും കവര്‍ന്നെടുക്കാനും സാധ്യമല്ല. പിന്നെ ഞാനെന്തിന് വരണം?'
ഇങ്ങനെ കാര്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. തന്റെ മുന്നില്‍ വെച്ച് ഇങ്ങനെ പറയാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഇമാമവര്‍കള്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് കയറിവന്ന് ഇമാമവര്‍കളോട് ഒരു മസ്അല ചോദിച്ചു. അതിനദ്ദേഹം മറുപടി നല്‍കിയപ്പോള്‍ ആ യുവാവ് പ്രതികരിച്ചു: 'നിങ്ങള്‍ പറഞ്ഞത് ശരിയല്ല.'
ഇതുകേട്ടപ്പോള്‍ സദസ്സിലുണ്ടായിരുന്ന അബുല്‍ഖത്താബ് ജുര്‍ജാനിക്ക് ദേഷ്യം വന്നു. അദ്ദേഹം അവിടെ കൂടിയിരുന്നവരോടായി പറഞ്ഞു: 'നിങ്ങള്‍ എന്തു മനുഷ്യരാണ്? ഇമാമവര്‍കളോട് ഒരു പയ്യന്‍ ഇപ്രകാരം സംസാരിച്ചിട്ടുകൂടി നിങ്ങള്‍ക്ക് യാതൊരു ചലനവുമില്ലല്ലോ.'
ഇതുകേട്ട് ഇമാം അബൂഹനീഫ പറഞ്ഞു: 'അവരെ കുറ്റപ്പെടുത്തേണ്ട; ഞാനവര്‍ക്ക് അതിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിലുള്ള അപാകതകള്‍ ജനങ്ങള്‍ തിരുത്താന്‍ വേണ്ടിയാണ് ഞാനിവിടെ ഇരിക്കുന്നതുതന്നെ...!'
ഇമാമുല്‍ അഅ്‌ളം എന്ന പേരില്‍ വിഖ്യാതനായ അബൂഹനീഫയുടെ യഥാര്‍ഥ നാമം നുഅ്മാന്‍ എന്നാണ്. പിതാവ് സാബിത് ഫാര്‍സീ വംശജനായൊരു കച്ചവടക്കാരനായിരുന്നു. അബ്ദുല്‍ മലികിന്റെ ഭരണകാലത്ത് ഹിജ്‌റ 80 ല്‍ കൂഫയില്‍ ജാതനായി. ഹിജ്‌റ 150 ല്‍ ബഗ്ദാദില്‍ വഫാതായി. ഇരുപതില്‍പരം സ്വഹാബികളെ കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായിട്ടുണ്ട്.
ചെറുപ്പത്തില്‍ കച്ചവടത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മുഹദ്ദിസ് ഇമാം ശഅ്ബിയുടെ നിര്‍ദേശപ്രകാരം വിജ്ഞാനരംഗത്തേക്ക് ഇറങ്ങിത്തിരിച്ചു. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവഗാഹം നേടി. അവരുടെ ബുദ്ധിവൈഭവവും പാണ്ഡിത്യവും സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. ലോകത്തുള്ള മുസ്‌ലിം ജനസംഖ്യയുടെ വലിയൊരു ശതമാനം ഇവരുടെ മുഖല്ലിദുകളാണ്.
ഇമാം അബൂഹനീഫ നാലായിരം മുഹദ്ദിസുകളില്‍ നിന്ന് ഹദീസ് രിവായത്ത് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. വളരെയധികം സൂക്ഷ്മാലുവും സര്‍വസംഗ പരിത്യാഗിയും ഭക്തനുമായിരുന്നു. അവരുടെ ഇബാദത്തിനെക്കുറിച്ച് 13-ാം അധ്യായത്തില്‍ പറയുന്നുണ്ട്.

No comments:

Post a Comment