അല്ലാമ ഖാളീ ഇയാള് ഉദ്ധരിക്കുന്നു: ബഗ്ദാദിലെ ഖലീഫയായിരുന്ന മന്‍സ്വൂര്‍ മസ്ജിദുന്നബവിയില്‍ വന്നു. ഇമാം മാലികും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ഖലീഫ അദ്ദേഹത്തോട് ചില കാര്യങ്ങള്‍ സംസാരിച്ചു. ഇടക്ക് മന്‍സ്വൂറിന്റെ ശബ്ദം അല്‍പം ഉയര്‍ന്നപ്പോള്‍ ഇമാം മാലിക്(റ) അദ്ദേഹത്തോട് വളരെ കര്‍ശനമായി പറഞ്ഞു: 'റസൂല്‍ ÷ യുടെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്താന്‍ പാടില്ലെന്ന ഖുര്‍ആന്റെ ശാസന നിങ്ങള്‍ക്കറിഞ്ഞുകൂടേ? റസൂല്‍ ÷ യുടെ ജീവിതകാലത്ത് എപ്രകാരമാണോ അവരോട് പെരുമാറിയിരുന്നത്, അപ്രകാരം തന്നെയാണ് വഫാത്തിന് ശേഷവും പെരുമാറേണ്ടത്. അതുകൊണ്ട് റസൂല്‍ ÷ യുടെ റൗളയുടെ സമീപം വെച്ച് ശബ്ദം ഉയര്‍ത്തിപ്പോകരുത്.'
മന്‍സ്വൂര്‍ ഈ ഉപദേശം വളരെ അനുസരണത്തോടെ ശ്രവിച്ചു. ഒന്നും പ്രതികരിച്ചില്ല. കുറെ നേരത്തേക്ക് സംസാരിച്ചതുമില്ല... പതുങ്ങിയ സ്വരത്തിലുള്ള ഒരു ചോദ്യം കൊണ്ടായിരുന്നു മന്‍സ്വൂര്‍ ആ മൗനം ഭജ്ഞിച്ചത്. അദ്ദേഹം ചോദിച്ചു: 'ഞാന്‍ റസൂല്‍ ÷ ക്ക് സലാം ചൊല്ലി. ഇനി എങ്ങനെയാണ് സിയാറത്ത് ചെയ്യേണ്ടത്; ഖിബ്‌ലക്ക് മുഖം തിരിച്ചോ റസൂലുല്ലാഹി ÷ യിലേക്ക് മുഖം തിരിച്ചോ?'
ഇതിനുത്തരമായി ഇമാം പറഞ്ഞു: അല്ലാഹുവിന്റെ തിരുസന്നിധിയില്‍ നിങ്ങളുടെയും ആദ്യപിതാവായ ആദമി(അ)ന്റെയും വസീലയാണ് നമ്മുടെ നബി(സ്വ). അതുകൊണ്ട് റസൂലുല്ലാഹിയിലേക്ക് മുഖം തിരിച്ചു അല്ലാഹുവിനോട് ചോദിക്കുക. അവര്‍ വസീലയായുള്ള ദുആ അല്ലാഹു പ്രത്യേകം സ്വീകരിക്കും.
മന്‍സ്വൂര്‍ ഇതെല്ലാം അനുസരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.
**** **** ****
ഖലീഫ ഹാറൂന്‍ റശീദ് ഇമാം മാലിക്(റ)വിനെ അതിയായി ബഹുമാനിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം ഇമാമിനോട് പറഞ്ഞു: 'നിങ്ങള്‍ രാജദര്‍ബാറില്‍ വന്ന് എന്റെ കുട്ടികള്‍ക്ക് ഹദീസ് പഠിപ്പിച്ചാല്‍ വളരെ ഉപകാരമായിരുന്നു.'
ഇമാം മാലിക്(റ) ഈ ക്ഷണം നിരസിച്ചു. പിന്നീട് ഹാറൂന്‍ റശീദ് രണ്ടു പുത്രന്മാരെയും കൂട്ടി ഇമാമിന്റെ സന്നിധിയില്‍ വന്ന് പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ പ്രസിദ്ധമായ മുവത്ത്വ ഞങ്ങള്‍ക്ക് വായിച്ചുകേള്‍പിക്കുക. ഞങ്ങള്‍ കേള്‍ക്കാം.'
മഹാനവര്‍കള്‍ അതിനും കൂട്ടാക്കിയില്ല. ഞാനൊരിക്കലും ഹദീസ് ശിഷ്യന്മാര്‍ക്ക് അങ്ങോട്ട് വായിച്ചുകൊടുക്കാറില്ലെന്നും അതുകൊണ്ട് എനിക്കതിന് സാധ്യമല്ലെന്നും പറഞ്ഞു.
ഇതും സ്വീകരിക്കാതായപ്പോള്‍ റശീദ് പറഞ്ഞു: 'ഞങ്ങള്‍ ഹദീസ് വായിച്ചുകൊള്ളാം; പക്ഷേ, നിങ്ങള്‍ സാധാരണക്കാരെ മജ്‌ലിസില്‍ നിന്ന് പുറത്താക്കണം. ഞങ്ങള്‍ സ്വന്തമായിരിക്കണം സദസ്സില്‍.'
ഇമാമവര്‍കള്‍ ഇതിന് പ്രതിവചിച്ചതിപ്രകാരമാണ്: 'പ്രത്യേകക്കാര്‍ക്കു വേണ്ടി സാധാരണക്കാരെ പുറത്താക്കുകയാണെങ്കില്‍ അതുകൊണ്ട് പ്രത്യേകക്കാര്‍ക്കും ഒന്നും ലഭിക്കുകയില്ല.'
താന്‍ പറഞ്ഞ കാര്യങ്ങളൊന്നും കണക്കിലെടുക്കാത്തതിനെ സംബന്ധിച്ച് മറ്റൊരിക്കല്‍ ഖലീഫ ചോദിച്ചപ്പോള്‍ ഇമാമവര്‍കള്‍ പ്രസ്താവിച്ചു: 'അന്‍പതിനായിരം വര്‍ഷം യാത്ര ചെയ്താണ് നുബുവ്വത്തിന്റെ വിജ്ഞാനം നമ്മിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ട് അതിനെ നാം അതിയായി ബഹുമാനിച്ചാദരിക്കേണ്ടതുണ്ട്.'
മദ്ഹബിന്റെ നാല് ഇമാമുകളില്‍ പ്രമുഖനാണ് ഇമാം മാലിക്(റ). പ്രസിദ്ധ സ്വഹാബി അബൂ ആമിര്‍ പ്രപിതാമഹനാണ്. പിതാവിന്റെ പേര് അനസ്. മദീനയാണ് സ്വദേശം. ജനനം ഹിജ്‌റ 93 ലാണ്; വഫാത്ത് ഹിജ്‌റ 179 ലും.
വളരെ ഭക്തനും വിനയാന്വിതനും അഹന്തയില്ലാത്തവരുമായിരുന്നു ഇമാം മാലിക്(റ). ഒരിക്കല്‍ ഹാറൂന്‍ റശീദ് ഇമാമവര്‍കളോട് പറഞ്ഞു: 'മുവത്ത്വ കഅ്ബാലയത്തില്‍ നമുക്ക് കെട്ടിത്തൂക്കാം. എന്നാല്‍ ജനങ്ങളെല്ലാം അതനുസരിച്ച് പ്രവര്‍ത്തിക്കുമല്ലോ.' പേരും പ്രശസ്തിയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു അസുലഭാവസരമായിരുന്നു ഇത്. പക്ഷേ, പാരത്രിക മോക്ഷം മാത്രമാഗ്രഹിച്ച ആ പണ്ഡിതവര്യന്‍ അതിന് അനുവദിച്ചില്ല. അവര്‍ പ്രതികരിച്ചു: 'സ്വഹാബികള്‍ക്കിടയില്‍ തന്നെ ശാഖാപരമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കെ ജനങ്ങളെ ഒരേ അഭിപ്രായത്തില്‍ ഉറപ്പിച്ചുനിറുത്താന്‍ നമുക്കെങ്ങനെ കഴിയും?'...
അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദീ പറയുന്നു: ഒരിക്കല്‍ ഇമാം മാലിക്(റ)യുടെ മജ്‌ലിസില്‍ വന്നുകൊണ്ട് ഒരാള്‍ പറഞ്ഞു: 'ബഹുവന്ദ്യരേ, ആറു മാസക്കാലം യാത്ര ചെയ്താണ് ഞാനിവിടെ വന്നിരിക്കുന്നത്. ഒരു മസ്അല ചോദിക്കാന്‍ വന്നതാണ്.' 'ചോദിക്കൂ'-മാലിക്(റ) പറഞ്ഞു. അദ്ദേഹം ഒരു മസ്അല ചോദിച്ചപ്പോള്‍ 'അത് എനിക്കറിഞ്ഞുകൂടാ' എന്നായിരുന്നു ഇമാമിന്റെ പ്രതികരണം. ചോദ്യകര്‍ത്താവ് ആകെ അമ്പരന്നു. അദ്ദേഹം ചോദിച്ചു: 'എന്റെ നാട്ടുകാരുടെ പ്രതിനിധിയായാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്; ഞാന്‍ അവരോടെന്തു പറയും?'
മാലിക് പ്രതികരിച്ചു: 'ഞാന്‍ നിന്നോട് പറഞ്ഞ കാര്യം നീ അവരെ അറിയിക്കുക...' അങ്ങനെ അയാള്‍ നിരാശനായി തിരിച്ചുപോയി.
**** **** ****
പണ്ഡിത ലോകം മുഴുവന്‍ മഹാനവര്‍കളെ അതിയായി ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഇമാം ശാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍, ഇമാം ബുഖാരി(റ) തുടങ്ങിയ ജ്ഞാനപര്‍വതങ്ങളെല്ലാം അവരെ പ്രശംസിച്ചവരില്‍ പെടും.
ഉന്നതരായ എഴുപത് പണ്ഡിതന്മാര്‍ ഫത്‌വ നല്‍കാന്‍ എനിക്കര്‍ഹതയുണ്ടെന്ന് അംഗീകാരം നല്‍കിയാല്‍ മാത്രമേ ഞാന്‍ ഫത്‌വ നല്‍കുകയുള്ളൂവെന്ന് ഇമാം മാലിക്(റ) പറഞ്ഞിരുന്നു. അവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അവരുടെ അംഗീകാരം ലഭിക്കുമ്പോള്‍ കഥാപുരുഷന് 17 വയസ്സ് മാത്രം പ്രായമായിരുന്നു!
നബി ÷ യെ ഇമാമവര്‍കള്‍ അതിയായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നല്ല വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് മാത്രമേ അവര്‍ ഹദീസ് ദര്‍സ് നടത്തിയിരുന്നുള്ളൂ. ഇരുന്ന ഇരുപ്പില്‍ എന്തെങ്കിലും മാറ്റം പോലും വരുത്തിയിരുന്നില്ല. ഒരിക്കല്‍ ഹദീസ് ദര്‍സ് നടത്തുമ്പോള്‍ ഒരു തേള്‍ വന്ന് ശക്തിയായി കുത്തി മുറിവാക്കി. വേദനയാല്‍ മുഖമാകെ വിവര്‍ണമായി. എന്നിട്ടും അദ്ദേഹം അനങ്ങിയില്ല; ദര്‍സ് നിറുത്തിയതുമില്ല. തേളിന്റെ ദംശനമേല്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടായിരുന്നില്ല ഇത്; പ്രത്യുത ഹദീസിനോടുള്ള ബഹുമാനത്താലായിരുന്നു. നബി ÷ യോടുള്ള അതിരറ്റ ബഹുമാനത്താല്‍ മദീനയിലെ ഹറം മേഖലയില്‍ അവര്‍ കാഷ്ഠിച്ചിരുന്നില്ല. മദീനയില്‍ വാഹനപ്പുറത്ത് സവാരി ചെയ്യുന്നതും പരിവര്‍ജിച്ചു. മദീനയിലെ പള്ളിയില്‍ ശബ്ദമുയര്‍ത്താന്‍ ആരെയും അനുവദിച്ചിരുന്നുമില്ല ആ യുഗപുരുഷന്‍.
ഹഖ്ഖ് തുറന്നുപറയുന്നതില്‍ മഹാനവര്‍കള്‍ ആരെയും ഭയപ്പെട്ടിരുന്നില്ല. മന്‍സ്വൂറിന്റെ ഭരണകാലത്ത് സ്ഥിതിഗതികള്‍ വഷളാവുകയും നാട്ടില്‍ സമാധാനം നഷ്ടപ്പെടുകയും അഹ്‌ലുബൈത്തിന് കഠിന യാതനകള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തപ്പോള്‍ പീഡിതവിഭാഗത്തില്‍ നിന്ന് ഖിലാഫത്ത് വാദവുമായി രംഗത്തുവന്ന മുഹമ്മദ്, ഇബ്‌റാഹീം എന്നിവരെ മഹാനവര്‍കള്‍ പിന്തുണക്കുകയും ഭരണകൂടത്തിന് എതിരായും ഇവര്‍ക്ക് അനുകൂലമായും ഫത്‌വ ഇറക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ മദീനാ ഗവര്‍ണര്‍ മഹാനവര്‍കളെ ചാട്ടവാര്‍ കൊണ്ട് എഴുപത് പ്രാവശ്യം അടിക്കുകയുണ്ടായി. ഖലീഫ മന്‍സ്വൂര്‍ ഈ വിവരമറിഞ്ഞ് അതിയായി ഖേദം പ്രകടിപ്പിച്ചു. അവരുടെ ശ്രേഷ്ഠതകളും മദ്ഹുകളും നിരവധിയാണ്.
No comments:
Post a Comment