മഖ്ദൂമുമാരും അധിനിവേശ വിരുദ്ധ പോരാട്ടവും
ടി.വി. അബ്ദുറഹ്മാന്‍ കുട്ടി
ടി.വി. അബ്ദുറഹ്മാന്‍ കുട്ടി
ഇന്ത്യയിലെ ഇതര പ്രദേശങ്ങളേക്കാള്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് ഏറ്റവും ആദ്യം ആരവംകുറിച്ച സുപ്രധാന പങ്കാളിത്തം അവകാശപ്പെടാവുന്ന ദേശമാകും പൊന്നാനി. കേരളത്തില്‍ ദേശത്തിനു വേണ്ടിയുള്ള പല പടയോട്ടങ്ങളുടെയും ചരിത്രം ഇന്നും ഗവേഷണ വിധേയമാണ്. ഇതില്‍നിന്നു വിഭിന്നമായി ആധികാരിക രേഖകളുടെ പിന്‍ബലമുള്ള മഹത്തായ പൈതൃകം അവകാശപ്പെടാവുന്നതാണ് പൊന്നാനി പോരാട്ടങ്ങള്‍. ചരിത്രത്തിന്റെ നാള്‍വഴിലൂടെ സഞ്ചരിച്ചാല്‍ മലബാറിലെ പല പോരാട്ടങ്ങള്‍ക്കും അനുപമനേതൃത്വം ഈ നാട് വഹിച്ചത് നമുക്കു കാണാന്‍ കഴിയും. പറങ്കികള്‍ക്കെതിരെ സാമൂതിരി മരക്കാര്‍ മഖ്ദൂം സംയുക്ത സേന രൂപീകരണം, ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിന് വഭിവസമാഹരണശേഷി സംഭരിക്കാന്‍ നവാബ് ഹൈദറലിയുടെയും ടിപ്പു സുല്‍ത്താന്റെയും പടയോട്ടങ്ങള്‍, ഗാന്ധിയന്‍ യുഗത്തിനു ഒരു നൂറ്റാണ്ട് മുമ്പ് വെളിയംകോട് ഉമര്‍ഖാസിയുടെ നികുതിനിഷേധ ഗര്‍ജനം, മതമൈത്രിയുടെ നേര്‍ക്കാഴ്ച, കേളപ്പജിയും ഇമ്പിച്ചിക്കോയ തങ്ങളും സംഗമിക്കുന്നു. മലബാര്‍ കലാപ സമാധാനസന്ധി സംഭാഷണം, സ്വാത്ര്രന്ത്യ സമരത്തിന്റെ ത്യാഗോജ്വല മുന്നേറ്റങ്ങള്‍ തുടങ്ങിയ പല ചരിത്രസത്യങ്ങള്‍ക്കും ഈ നാട് സാക്ഷിയായിട്ടുണ്ട്.
മാലിക്കുബ്‌നു ദീനാറിനും അനുചരന്മാര്‍ക്കും ശേഷം കേരള മുസ്‌ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത യുഗപ്രഭാവനായ ചരിത്രപുരുഷന്‍ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്റെ പാദസ്പര്‍ശനത്താല്‍ പുണ്യപുളകിതമായ ഈ നഗരവീഥികളിലൂടെയുള്ള ആദ്യ ചുവടുകളാണ് ഇതിനെല്ലാം ആധാരം. കേരളത്തിന്റെ മുസ്‌ലിം വൈജ്ഞാനികനും സൂഫിവര്യനും അഗാധപണ്ഡിതനും ഉന്നത ഗ്രന്ഥകാരനുമായിരുന്ന ശൈഖ് തന്റെ അസുലഭമായ സിദ്ധിവിശേഷം മതവിജ്ഞാനത്തിന്റെയും ദേശത്തിന്റെയും സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വിനിയോഗിക്കുന്നതോടൊപ്പം അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വല നായകത്വം വഹിച്ചുവെന്നതാണ് അദ്ദേഹത്തെ മുസ്‌ലിം കേരളത്തിന്റെ പോയ നൂറ്റാണ്ടുകളിലെ അനിഷേധ്യ നേതാവാക്കി ഉയര്‍ത്താന്‍ ഹേതുവായത്.
ഇന്ത്യാ ചരിത്രത്തില്‍ നിര്‍ണായക നാഴികക്കല്ലുകളില്‍ ഒന്നായ ഔദ്യോഗികമായി ഒന്നാം സ്വാതന്ത്ര്യസമരമെന്നും തോറ്റു നേടിയ സമരമെന്നും വിശേഷിപ്പിക്കപ്പെട്ട 1857-ലെ രക്തരൂക്ഷിത വിപ്ലവത്തിന് മൂന്നര നൂറ്റാണ്ടു മുമ്പേ ഉല്‍ബോധനം നടത്തിയും മഹാകാവ്യങ്ങള്‍ രചിച്ചും ഗ്രാമഗ്രാമാന്തരങ്ങളിലും നഗരനഗരാന്തരങ്ങളിലും സഞ്ചരിച്ചും ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന മഹനീയ സന്ദേശത്തിലൂടെ ഒരു ജനതയെ വൈദേശികവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളുടെ സുശക്ത റെജിമെന്ററാക്കി നെഞ്ചുറപ്പോടെ അടര്‍ക്കളത്തില്‍ അടരാടിയ പൊന്നാനി പോലുള്ള ദേശങ്ങള്‍ അപൂര്‍വ്വം. ഒന്നാം സ്വാതന്ത്ര്യ സമരം പരാജയം ഏറ്റുവാങ്ങിയതായിരുന്നുവെങ്കില്‍ ഈ പോരാട്ടങ്ങള്‍ അധികവും വിജയം കൊയ്തതായിരുന്നു.
ഇന്ത്യയിലേക്ക് ചെങ്കടല്‍ മാര്‍ഗത്തിലൂടെ കടല്‍ വ്യാപാരം മദ്ധ്യകാലം വരെ മുസ്‌ലിംകളുടെ കുത്തകയായിരുന്നു. ഇത് തകര്‍ക്കുന്നതില്‍ 15-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ പറങ്കികള്‍ ശ്രമം ആരംഭിച്ചു. പോര്‍ച്ചുഗീസ് രാജാവ് ഡോം മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശപ്രകാരം പോപ്പിന്റെ അനുഗ്രഹ ആശീര്‍വാദത്തോടുകൂടിയാണ് കൊട്ടാരത്തിലെ നാവിക ഉദ്യോഗസ്ഥന്‍ വാസ്‌കോഡിഗാമ ക്രി. വ. 1497 ജൂലൈ 8-ാം തിയ്യതി ലിബഡിനിലെ ബലം തുറമുഖത്ത് നിന്ന് യാത്ര ആരംഭിച്ചത്. 1498 ആഗസ്റ്റ് 20ന് കോഴിക്കോട് പന്തലായനി കാപ്പാട് (കപ്പക്കടവ്) കരക്കണിഞ്ഞപ്പോള്‍ 15-ാം നൂറ്റാണ്ടുവരെയുണ്ടായിരുന്ന വിദേശവ്യാപാര ബന്ധങ്ങളിലെല്ലാം കാതലായ വ്യതിയാനം വരുത്താന്‍ ഈ യാത്ര ഇടയായി. ഗാമയുടെ കപ്പല്‍ മലബാറിന്റെ പുറംകടലില്‍ നങ്കൂരമിട്ടപ്പോള്‍ സാമൂതിരി രണ്ടാം ആസ്ഥാനം പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു.
''ഗാമയുടെ സഹയാത്രികരായ പറങ്കി മത്സ്യത്തൊഴിലാളിയോടൊപ്പം കോഴിക്കോട്ടെത്തി. സാമൂതിരി പൊന്നാനിയിലാണെന്ന് അറിഞ്ഞ് അവര്‍ അവിടെ ചെന്ന് കണ്ടു. ആഗമനോദ്ദ്യേശ്യം അറിയിച്ചു.'' (കേരള പഴമ -ഡോക്ടര്‍ റവ. ഹെര്‍മന്‍ ഗുണ്ടര്‍വ്)
കോഴിക്കോട് രാജധാനിയിലെത്തിയ സാമൂതിരി പരമ്പരാഗത ആചാരമനുസരിച്ച് ഗാമക്കു സ്വീകരണവും കച്ചവടം നടത്താന്‍ അനുവാദവും നല്‍കി. വാണിജ്യ വികസനം എന്ന ലക്ഷ്യത്തോടെ സുഗന്ധവ്യജ്ഞനങ്ങളുടെ തീരം തേടിയാണ് ഗാമയുടെ വരവെന്നാണ് സാമൂതിരി ആദ്യം ധരിച്ചത്. ക്രമേണ കുടില തന്ത്രങ്ങള്‍ ഒരോന്നായി തിരിച്ചറിഞ്ഞ സാമൂതിരി ഗാമയെ കയ്യൊഴിഞ്ഞു. പ്രകോപിതരായ പറങ്കികള്‍ സാമൂതിരിയുടെ സാമന്തനും മാനസികമായി അദ്ദേഹത്തോട് പകയുമുള്ള കണ്ണൂര്‍ (കോലത്തിരി) രാജാവ്, കൊച്ചി രാജാവ് തുടങ്ങിയവരുമായി വ്യാപാര കരാറില്‍ ഒപ്പുവെച്ചു.
ഇന്ത്യാ ചരിത്രത്തില്‍ ഈ ഉടമ്പടികള്‍ ചോരയില്‍ കുതിര്‍ത്ത അദ്ധ്യായത്തിന്റെ ആരംഭമായിരുന്നു. കപ്പലോട്ടം പോലെ തന്നെ യുദ്ധങ്ങളും ഗാമക്ക് ലഹരിയായിരുന്നു. പിടിച്ചുപറിയും പിടിച്ചടക്കലും കൊള്ളയും കൊള്ളിവെയ്പ്പും ആര്‍ത്തിയും അതിക്രമവും നിത്യസംഭവമായി. തീരദേശ കച്ചവടം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായതിനാല്‍ ഏറ്റവും കൂടുതല്‍ ക്രൂരതക്ക് ഇരയായത് അവരായിരുന്നു. പൂര്‍വ്വ വൈരാഗ്യത്തോടെയായിരുന്നു മുസ്‌ലിംകളോട് പറങ്കികളുടെ തുടര്‍ചെയ്തികള്‍. മുസ്‌ലിം സ്ത്രീകളെ മാനഭംഗപ്പെടുത്തുക, വിശുദ്ധ ഖുര്‍ആനും മഹത് ഗ്രന്ഥങ്ങളും കത്തിക്കുക, മുസ്‌ലിം പണ്ഡിതരെയും തങ്ങന്മാരെയും ബന്ധനസ്ഥരാക്കുക, മലിനജലം കെട്ടിനില്‍ക്കുന്ന വഴികളില്‍ മുസ്‌ലിംകളെ വാഹനമാക്കി ഉപയോഗിക്കുക, മുഖത്തും ശരീരത്തും കാര്‍ക്കിച്ചു തുപ്പുക, പ്രവാചകന്മാരെ പരിഹസിക്കുക, മുസ്‌ലിംകളെ ചങ്ങലക്കിട്ട് മതിവരോളം മര്‍ദ്ദിക്കുക, മര്‍ദ്ദനമേറ്റ് അവശരായവരെ പട്ടണങ്ങള്‍തോറും കൊണ്ടുനടന്നു പ്രദര്‍ശിപ്പിക്കുക, നിര്‍ബന്ധ മതപരിവര്‍ത്തനം ചെയ്യിപ്പിക്കുക തുടങ്ങി നിരവധി പീഡനങ്ങളും മലബാര്‍ കൊങ്കന്‍ ഗുജറാത്ത് തീരങ്ങളില്‍ വമ്പിച്ച സൈന്യസമേതം സഞ്ചരിച്ച് മുസ്‌ലിം വ്യാപാരികളുടെ കപ്പല്‍ തകര്‍ക്കുക, സമ്പത്ത് കൊള്ള ചെയ്യുക, നിഷ്‌കരുണം കൊല്ലുക എന്നിവയും സാര്‍വ്വത്രികമായി.
മലബാറില്‍ ഹിന്ദുക്കളും മുസ്‌ലിംകളും വളരെ സൗഹാര്‍ദത്തില്‍ ജീവിച്ചിരുന്ന അവസരത്തിലാണ് ഗാമയുടെ വരവ്. ശാന്തിയിലും സമാധാനത്തിലും വര്‍ത്തിച്ചിരുന്ന മലയാളക്കരയില്‍ അശാന്തിയുടെയും അസമാധാനത്തിന്റെയും ഭീകരാന്തരീക്ഷം പരന്നു. അതിപ്രാചീന കേരളത്തില്‍ മുസ്‌രിസ് (കൊടുങ്ങല്ലൂര്‍) കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള തിദീസ് തുറമുഖം, സാമൂതിരിയുടെ രണ്ടാം തലസ്ഥാനം, നാവികസേനയുടെ ഹെഡ്‌ക്വോര്‍ട്ടേഴ്‌സ്, തീരദേശത്തെ പ്രമുഖ വാണിജ്യ കേന്ദ്രം, മഖ്ദൂമുകളുടെ വാസസ്ഥലം, ഇന്ത്യയിലെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ആസ്ഥാനം തുടങ്ങിയ നിലകളില്‍ പ്രസിദ്ധമായ പൊന്നാനി പതിനാറാം ശതകത്തിന്റെ ആദ്യം മുതല്‍ അന്ത്യംവരെ പറങ്കികള്‍ക്കെതിരെ പോരാട്ടത്തിന്റെ മുഖ്യദേശമായി മാറി. ഈ നാട് പിടിച്ചടക്കാന്‍ അക്കാലത്ത് പറങ്കികള്‍ പലവട്ടം പൊരുതി ഉഗ്രയുദ്ധങ്ങള്‍ നടന്നു.
കൊടുങ്ങല്ലൂര്‍, ചേറ്റുവ തീരങ്ങൡ പറങ്കികള്‍ക്കെതിരെ പോരാടി കനത്ത തിരിച്ചടി നല്‍കിയ മമ്മാലി മരക്കാരുടെ പിന്‍ഗാമി കുട്ട്യാലി മരക്കാരുടെ മകനാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍. യഥാര്‍ത്ഥ പേര് മുഹമ്മദ്. ജനനം കൊച്ചിയില്‍. വ്യാപാര പ്രമുഖനായ പിതാവിന്റെയും കുടുംബത്തിന്റെയും കൊച്ചിയിലെ കച്ചവടശാലകളും കപ്പലുകളും പറങ്കികള്‍ കൊള്ള ചെയ്തു. മര്‍ദ്ദനം ക്രൂരമായപ്പോള്‍ മുഹമ്മദ് മരക്കാറും കുടുംബവും പൊന്നാനിയിലേക്ക് താമസം മാറ്റി. പറങ്കികള്‍ ഇവിടെയും മുസ്‌ലിംകളെ നിരന്തരമായി ആക്രമിച്ചു. കിരാതമര്‍ദ്ദനത്തില്‍ സഹികെട്ട മരക്കാര്‍ ഇവിടുത്തെ മുസ്‌ലിം യുവാക്കളെ സംഘടിപ്പിച്ച് അഭ്യാസമുറകള്‍ പഠിപ്പിച്ച് സുശക്തമായ പോരാട്ടത്തിന് സുസജ്ജമാക്കി. അദ്ദേഹവും അനുജന്‍ ഇബ്രാഹീം മരക്കാരും സാമൂതിരിയെ മുഖം കാണിച്ചു. അക്രമികളായ പറങ്കികളെ ഭാരതത്തിന്റെ മണ്ണില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത മരക്കാരുടെയും സംഘത്തിന്റെയും പോരാട്ട വൈദഗ്ധ്യം നേരിട്ട് ബോധ്യപ്പെട്ട സാമൂതിരി മുഹമ്മദ് മരക്കാരെ നാവിക സേനയുടെ നായകനായി നിയമിച്ചു. ഔദ്യോഗിക ചിഹ്നമായ പട്ടുതൂവാല കെട്ടാനുള്ള അവകാശവും കുഞ്ഞാലി മരക്കാര്‍ എന്ന സ്ഥാനപ്പേരും നല്‍കി. മരക്കാരും കുടുംബവും ഇവിടെ പാര്‍ത്തു. മരക്കാര്‍ പരമ്പരയുടെ ഇവിടത്തെ പിന്‍മുറക്കാരായ പല തറവാട്ടുകാര്‍ അതേ നാമത്തില്‍ അറിയപ്പെട്ടു. കുട്ട്യാമു മരക്കാരകം, കുട്ടുസ്സ മരക്കാരകം, കുഞ്ഞി മരക്കാരകം, മാമു മരക്കാരകം, മൂസക്കോയ മരക്കാരകം തുടങ്ങിയവ ഉദാഹരണം. ഒന്നാം സ്ഥാനക്കാരന്‍ കുഞ്ഞാലിയെന്നും രണ്ടാം സ്ഥാനക്കാരന്‍ കുട്ടിഹസ്സന്‍ എന്നും അറിയപ്പെട്ടു. മരക്കാര്‍ സേനയുടെ യുദ്ധനൈപുണ്യവും തന്ത്രവും ധീരതയും ചരിത്രം പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. ഇവിടെനിന്നും കോഴിക്കോട്ടേക്കും ഇരിങ്ങൂര്‍ കോട്ടക്കലേക്കും പിന്നീടവര്‍ പ്രവര്‍ത്തനകേന്ദ്രം മാറ്റി.
കുഞ്ഞാലിമാരുടെ ബഹുമാനാര്‍ത്ഥം മുംബൈയില്‍ ഒരു നാവികസ്ഥാപനത്തിന് ഐ.എന്‍.എസ്. കുഞ്ഞാലി എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്റെയും കുഞ്ഞാലി ഒന്നാമന്റെയും ജന്മദേശം കൊച്ചി ആയതിനാല്‍ അവര്‍ ആദ്യമെ സ്‌നേഹിതരായിരിക്കാം. അതുകൊണ്ടാണ് അക്കാലത്ത് മലബാറിന്റെ തലസ്ഥാനവും പ്രസിദ്ധ പട്ടണവും മുസ്‌ലിംകള്‍ കൂടുതല്‍ വസിക്കുന്ന ഇടവും കോഴിക്കോടായിരുന്നിട്ടുകൂടി പൊന്നാനിയില്‍ മരക്കാര്‍ അഭയം തേടിയെത്തിയത്. ഇവിടെ മഖ്ദൂം ഭവനം പഴയകത്തിനോടടുത്താണ് മരക്കാരും വസിച്ചിരുന്നത്. ഇവിടെനിന്ന് അര കിലോമീറ്റര്‍ താഴെയാണ് സാമൂതിരിയുടെ തൃക്കാവ് കോവിലകത്തേക്കുള്ള ദൂരം. 16-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ സാമൂതിരി-മരക്കാര്‍-മഖ്ദൂം ബന്ധം സുദൃഢമായിരിക്കുമെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തില്‍ ആദ്യമായി അധിനിവേശവിരുദ്ധ പോരാട്ടത്തിന് ആരംഭം കുറിച്ച ഇടം പൊന്നാനിയാണെന്ന് ന്യായമായും ഉറപ്പിക്കാം. സാമൂതിരി മരക്കാര്‍ മഖ്ദൂം സംയുക്ത സേന രൂപീകരിച്ച് പോരാട്ടങ്ങള്‍ നടന്ന കാലഘട്ടം 1584 വരെയാണ്. ഈ സേന പല ഉജ്ജ്വലവിജയങ്ങളും നേടിയിട്ടുണ്ട്. നിര്‍ണായക സ്ഥാനം പൊന്നാനിക്കായിരുന്നു. 1498-നും 1600-നും ഇടയില്‍ ഒരു നൂറ്റാണ്ടില്‍ 15ഓളം സാമൂതിരിമാരും സേന നായകരായ നാല് കുഞ്ഞാലി മരക്കാരുമാരും മഖ്ദൂമുകളില്‍ ഏറ്റവും പ്രഗദ്ഭരായ ശൈഖ് സൈനുദ്ദീന്‍ ഇബ്‌നു അലി, അബ്ദുല്‍ അസീസ് ഇബ്‌നു സൈനുദ്ദീന്‍, അഹമ്മദ് സൈനുദ്ദീന്‍ ഇബ്‌നു ഗസ്സാലി എന്നീ മൂന്നു മഖ്ദൂമുകളും ജീവിച്ചിരുന്നു. സാമൂതിരി പദവി അലങ്കരിക്കാന്‍ അക്കാലത്തെ രാജവാഴ്ച വ്യവസ്ഥയനുസരിച്ച് പ്രായക്കൂടുതലുള്ളവര്‍ക്കേ അധികാരമുള്ളൂ. അതുകൊണ്ടാണ് ഈ കാലയളവില്‍ പറങ്കികള്‍ക്കെതിരെ ഈ തൃമൂര്‍ത്തി കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നീട് ബ്രിട്ടീഷ് ഇന്ത്യക്ക് പകരം പോര്‍ച്ചുഗീസ് ഇന്ത്യയാകുമായിരുന്നുവെന്ന് ചരിത്രപണ്ഡിതര്‍ പറയുന്നത്.
ചോരകൊണ്ടെഴുതിയ പടയോട്ടങ്ങളുടെ വീരേതിഹാസം രചിച്ച നൂറ്റാണ്ടെന്നു ചരിത്രം ഒരേസ്വരത്തില്‍ പറഞ്ഞ 1500 മുതല്‍ 1600 വരെ, ഒരു നൂറ്റാണ്ടുകാലത്തെ സുപ്രധാന സംഭവങ്ങളിലേക്ക് തുഹ്ഫത്തുല്‍ മുജാഹിദീനിന്റെ പ്രസക്ത ഭാഗങ്ങളിലൂടെയും ഇതര ചരിത്രരേഖകളിലൂടെയും നമുക്കൊന്നു കണ്ണോടിച്ചാല്‍ പൊന്നാനിയുടെ സുപ്രധാന പങ്ക് ഗ്രഹിക്കാം.
ക്രി. വ. 1500-ല്‍ ഗാമയെ തുടര്‍ന്നു പെഡ്രോ അല്‍വാരിസ് കബ്രാംഇന്റെ നേതൃത്വത്തില്‍ പറങ്കികളുടെ കപ്പലുകള്‍ കൊച്ചിയിലെത്തി. ബര്‍ത്തലൊമിയോഡയസ്, നിക്കോലാസ് കൊയിലോ തുടങ്ങിയ പ്രമുഖരും കബ്രാളിന്റെ കൂടെ വന്നു. ആറു കപ്പലുകളുമായി കോഴിക്കോട്ടെത്തിയ കബ്രാള്‍ ചരക്കുകള്‍ക്ക് അധിക വില നല്‍കാമെന്ന് പറഞ്ഞു സാമൂതിരി ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചും മറ്റും മുസ്‌ലിംകള്‍ക്ക് ചരക്കുകള്‍ നല്‍കുന്നതും അറബി നാടുകളിലേക്ക് കയറ്റി അയക്കുന്നതും തടഞ്ഞു. പ്രതികരിച്ച മുസ്‌ലിംകളെ അതിക്രൂരമായി മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് സാമൂതിരി അക്രമികളായ പറങ്കികളെ കണ്ടെത്തി വധശിക്ഷ ഉള്‍പ്പെടെ ശിക്ഷാനടപടികള്‍ നടപ്പാക്കി. കോഴിക്കോടു സുരക്ഷിതമല്ലെന്ന് ഗ്രഹിച്ച പറങ്കികള്‍ സാമൂതിരിയുടെ അധികാരം അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചു കൊച്ചിരാജാവുമായി സഖ്യം ശക്തിപ്പെടുത്തി സാമൂതിരിയെയും മുസ്‌ലിംകളെയും ശക്തമായി എതിര്‍ ക്കാന്‍ തുടങ്ങി. സാമന്തനായി കഴിയാനുള്ള അപമാനംകൊണ്ടാണ് കൊച്ചി പറങ്കികളെ സഹര്‍ഷം സ്വാഗതം ചെയ്തത്.
1502. ഗാമയുടെയും സംഘത്തിന്റെയും രണ്ടാം വരവ് കണ്ണൂരിലേക്കായിരുന്നു. ഇന്ത്യ, അറേബ്യ, പേര്‍ഷ്യ എന്നീ രാജ്യങ്ങളുടെയും ഇന്ത്യന്‍മഹാ സമുദ്രത്തിന്റെയും അഡ്മിറലായി (ഇന്ത്യന്‍ സമുദ്രപതി) ട്ടായിരുന്നു വരവ്. ലൂയീസ് കുട്ടിഞ്ഞൊ, ഫ്രാന്‍സെസ്‌കോഡാകു, ജാവൊ ലോപസ്സ് പൊറൊസ്റ്റില്ലാ, അഫോണ്‍സോഡാ അഗുയാര്‍ റൈസാ, കാസ്റ്റിന്നാഡാ ഡയാഗാ, ഫെര്‍ണാണ്ടസ് കൊറിയ, ആന്റോണിയോ ഡാ കാബോ തുടങ്ങിയ കപ്പിത്താന്മാരും ഗാമയെ അനുഗമിച്ചു. ഈ യാത്രക്കിടയില്‍ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങിവരുന്ന ഒരു കപ്പല്‍ ഏഴിമലക്കടുത്ത് എട്ടികുളത്തുവെച്ച് പറങ്കികള്‍ തട്ടിയെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാനൂറോളം ഹാജിമാര്‍ കപ്പലിലുണ്ടായിരുന്നു. ധാരാളം ചരക്കുകളും സ്വര്‍ണവും പണവും വേറെയും കപ്പലിലെ മുഴുവന്‍ ചരക്കുകളും സമ്പത്തും മറ്റും നല്‍കാമെന്നും മറ്റുപല ഉറപ്പുകളും ഗാമക്ക് നല്‍കി. ഇതിനെല്ലാം പുറമെ മോചനദ്രവ്യമായി വലിയൊരു തുക വേറൊരു തുക കൊടുക്കാമെന്ന് കപ്പലുടമ ഏറ്റു. ജീവനുവേണ്ടി യാത്രക്കാര്‍ കേണപേക്ഷിച്ചു. വര്‍ഗീയ തിമിരം ബാധിച്ച ഗാമ അതൊന്നും ശ്രവിക്കാന്‍ ഒരുക്കമല്ലായിരുന്നു. കപ്പലിലെ സമ്പത്ത് മുഴുവന്‍ കൊള്ളചെയ്ത് ഹാജിമാരെ ചങ്ങലക്കിട്ടു കപ്പലിന് അതിദാരുണമായി തീവെച്ചു. യാത്രക്കാര്‍ കുട്ടികളെയും കയ്യിലേന്തി അട്ടഹസിച്ച് കരയുന്നത് ഗാമ കണ്ടു രസിച്ചു. ഈ സംഭവം വിശദീകരിച്ചതില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രസിദ്ധ ചരിത്രകൃതികള്‍ ഈ ചെയ്തികളെ പൈശാചികം എന്നാണ് വിശേഷിപ്പിച്ചത്.
ഇത് മലബാറിന്റെ മനഃസാക്ഷിയെ മുഴുവനും തട്ടിയുണര്‍ത്തി. മുസ്‌ലിം സിരകൡ രക്തം തിളച്ചു. മഖ്ദൂം ഒന്നാമന്‍ വിശുദ്ധ യുദ്ധത്തിന് (ജിഹാദ്) ആഹ്വാനം ചെയ്തു. മുസ്‌ലിംകള്‍ കൂട്ടത്തോടെ പറങ്കികള്‍ക്കെതിരെ പോരാടാനും ജീവത്യാഗത്തിനും തയ്യാറായി. തഹ്‌രീള് അലാ അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ത്വാന്‍ എന്ന പേരില്‍ 177 വരികളുള്ള കാവ്യങ്ങള്‍ രചിച്ച് വിവിധ ദേശങ്ങളില്‍ വിതരണം നടത്തി സമരോത്സുകരാക്കി. മകന്‍ അബ്ദുല്‍ അസീസ് മഖ്ദൂം അടര്‍ക്കളത്തിന് നേതൃത്വം നല്‍കി.
1503. പറങ്കികളെ തുരത്താന്‍ ആദ്യമായി കൊച്ചിയിലേക്ക് പുറപ്പെട്ട സാമൂതിരിയുടെ സൈന്യത്തോടൊപ്പം മൂന്നു വഞ്ചി നിറയെ പൊന്നാനി യോദ്ധാക്കളും പങ്കെടുത്തു. തുടര്‍ന്നു വെളിയംകോട്, പന്തലായനിക്കാട് പ്രദേശങ്ങളിലെ പോരാളികള്‍ ഏഴു വഞ്ചികളില്‍ പോയി പറങ്കി കപ്പലുകള്‍ തടഞ്ഞു. ഉഗ്ര യുദ്ധം നടന്നു. തദ്ദേശീയര്‍ക്കായിരുന്നു വിജയം.
1507. പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ഫ്രാന്‍സിസ് കോഡി അല്‍ മേഡയും സൈന്യവും പൊന്നാനി ആക്രമിച്ചു. ഈ സംഘത്തിലെ പ്രമുഖ അംഗം വാര്‍ത്തോമ ഇങ്ങനെ പറയുന്നു: ''മറ്റേത് പ്രദേശത്തേക്കാളും ഉഗ്രമായ പോരാട്ടമാണ് നമുക്കവിടെ നേരിടേണ്ടിവന്നത്. പശ്ചിമതീരത്തെ ശക്തിദുര്‍ഗമായ ഈ ദേശം ആക്രമിക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് അതിയായ സന്തോഷമുണ്ട്.''
ഈ പോരാട്ടത്തില്‍ പറങ്കികള്‍ക്കെതിരെ തദ്ദേശീയരുടെ ചെറുത്തുനില്‍പ്പ് ശക്തമായിരുന്നു. രക്തസാക്ഷികളാവാന്‍ പ്രതിജ്ഞയെടുത്ത അവര്‍ 18 പറങ്കികളെ കൊന്നു. (മലബാര്‍ മാന്വല്‍)
ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും മക്കയിലും ഉപരിപഠനം നടത്തിയ ബഹുഭാഷാ പണ്ഡിതരായ മഖ്ദൂമുകള്‍ അറേബ്യന്‍ രാഷ്ട്ര തലവന്മാരുമായി കത്തിടപാടുകള്‍ നടത്താനും നയതന്ത്രം മെച്ചപ്പെടുത്താനും സമൂതിരിയെ സഹായിച്ചു. ഈജിപ്തിലേക്ക് ഒരു നിവേദകസംഘത്തെ അയച്ചു. സംഘത്തില്‍ സാമൂതിരിയുടെ പ്രത്യേക ദൂതനായി മരക്കാരുമുണ്ടായിരുന്നു.
1510. ഈജിപ്ത് സുല്‍ത്താന്‍ ഖാസി സുല്‍ഗൗരി യുദ്ധമന്ത്രി മീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ 13 കപ്പല്‍ നിറയെ 1500 ഭടന്മാരെ ഇന്ത്യയിലേക്ക് അയച്ചു. ഇവര്‍ സാമൂതിരി സൈന്യവുമായി ചേര്‍ന്ന് ഗുജറാത്തിന്റെ തെക്ക് ചൗള്‍ ദ്വീപില്‍ പറങ്കികളുമായി ഉഗ്രപോരാട്ടം നടന്നു. അവരെ പരാജയപ്പെടുത്തി. ഈ വര്‍ഷം കോഴിക്കോട്ട് നടന്ന യുദ്ധത്തെ തുടര്‍ന്നു നാഖുദാ മിസ്‌ക്കാല്‍ പള്ളി പറങ്കികള്‍ തീവെച്ചു. പൊന്നാനിയിലെത്തിയ പറങ്കികള്‍ കടപ്പുറത്ത് അമ്പത് വഞ്ചികള്‍ അഗ്നിക്കിരയാക്കുകയും എഴുപത് മുസ്‌ലിംകളെ വധിക്കുകയും ചെയ്തു.
ഈജിപ്ത് (മിസര്‍) സൈന്യം കുറച്ചുനാള്‍ പൊന്നാനിയിലും തമ്പടിച്ചു. ഇവര്‍ കേന്ദ്രീകരിച്ച സ്ഥലത്താണ് മിസിരി പള്ളി. പൊന്നാനിയിലെ പുരാതന പള്ളികളില്‍നിന്ന് വിഭിന്നമായി മരക്കാന്മാരുടെ കോട്ടക്കല്‍ പള്ളിയോട് ഏകദേശം രൂപസാദൃശ്യമുള്ളതാണ് മിസ്‌രി പള്ളി.
(സുന്നി അഫ്കാര്‍ വാരിക, 2009, സുന്നി മഹല്‍, മലപ്പുറം)
No comments:
Post a Comment