സക്കത്ത്: അര്‍ത്ഥം, ലക്ഷ്യം , രീതി
ബി.യൂസുഫ് ബാഖവി മൊറയൂര്‍
“ഇസ്‌ലാം കാര്യം അഞ്ചാണ്. അവകള്‍ അറിയല്‍ ഫര്‍ളാണ്. ഈമാന്‍ ഇസ്‌ലാം അറിയില്ലെങ്കില്‍ നരകം അവരുടെ വീടാണ്”. എന്നാല്‍ ഈമാനും ഇസ്‌ലാമും അറിഞ്ഞാല്‍ സ്വര്‍ഗം അവരുടെ വീടാകുമോ?. ഇല്ല. സ്വര്‍ഗം വീടാകണമെങ്കില്‍ ഈമാനും ഇസ്‌ലാമും അറിയുന്നതോടൊപ്പം അവയില്‍ കഴിയുന്നതെല്ലാം ചെയ്യണം.
സകാത്ത് ഇസ്‌ലാമിലെ മൂന്നാമത്തെ കാര്യമാണെന്നറിഞ്ഞാല്‍ മാത്രം പോരാ, അത് കൃത്യമായി കൊടുക്കുക കൂടി ചെയ്യുമ്പോഴേ ഒരാള്‍ യഥാര്‍ത്ഥ മുസ്‌ലിമാമാവുകയുള്ളൂ. ഇല്‍മിലും, അമലിലും അവഗണന നേരിടുന്ന ഒരു വിഷയമാണ് എന്നതില്‍ കവിഞ്ഞ് കൂടുതല്‍ അറിയാന്‍ പലര്‍ക്കും താല്പര്യമില്ല. എന്നാല്‍ അറിയിക്കേണ്ടവരെ അറിയിക്കേണ്ടതുപോലെ അറിയക്കേണ്ട ഉത്തവാദിത്വം പ്രബോധകര്‍ക്കുണ്ട്.
നാലുകാലുള്ളൊരു മേശ ഒരു കാലില്ലാതെ വരുമ്പോള്‍ നേരെ നില്‍ക്കില്ല എന്നത് പോലെ ഇസ്‌ലാം അതിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നില്ലാതെയാമ്പുമ്പോള്‍ നിലം പൊത്തും. ഇസ്‌ലാം ഒരു സൗധമാണെന്നും അഞ്ച് സ്തൂപങ്ങളുടെ മേലാണ് അതിന്റെ സ്ഥാപനം എന്നും പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമ്പാദനം ഇസ്‌ലാമില്‍
അധ്വാനത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ലോകാവസാനം ആസന്നനായ നിമിഷത്തില്‍ പോലും നിങ്ങളില്‍ ആരുടെയെങ്കിലും അടുക്കല്‍ ഒരു ഈന്തപ്പനത്തൈയുണ്ടെങ്കില്‍ അവനത് നട്ടുകൊള്ളട്ടെ. എന്നാണ് നബി(സ)യുടെ നിര്‍ദ്ദേശം. അധ്വാനഫലം ഉടമപ്പെടുത്താനും ഹലാലായ മാര്‍ഗത്തിലൂടെ അത് അനുഭവിക്കാനും ഇസ്‌ലാം അനുവദിക്കുന്നു. വ്യക്തി എന്ത് സമ്പാദിച്ചാലും അത്
രാഷ്ട്രത്തിന്റെതാണെന്ന കമ്മ്യൂണിസത്തിന്റെ ക്രൂരവാദം ഇസ്‌ലാമിലില്ല. അതേ സമയം അത് നിരുപാധികം വ്യക്തിയുടേതുമാത്രമാണെന്ന മുതലാളിത്ത ചൂഷണവ്യവസ്ഥക്കും ഇസ്‌ലാം എതിരാണ്. ഒന്നാമത്തെ ചിന്താഗതി മനുഷ്യനെ നിഷ്‌ക്രിയമാക്കുമ്പോള്‍ രണ്ടാമത്തേത് മനുഷ്യനെ കൂടുതല്‍ സ്വാര്‍ത്ഥനാക്കുന്നു. വ്യക്തിയുടെ ശ്രമഫലമായിട്ടാണ് സന്തത്തുണ്ടാവുന്നതെങ്കിലും അതിന്റെ ദായകന്‍ ആയത് കൊണ്ടു തന്നെ അവന്റെ നിയമങ്ങള്‍ക്കനുസൃതമായ ക്രയവിക്രിയങ്ങള്‍ മാത്രമെ സമ്പത്തില്‍ നടക്കാവൂ എന്നാണ് ഇസ്‌ലാം പറയുന്നത്. കൊടുക്കാന്‍ പറഞ്ഞത് കൊടുക്കുകയും തടയാന്‍ പറഞ്ഞത് തടയുകയും വേണം. കൊടുക്കേണ്ട പട്ടികയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സക്കാത്ത്.
ശേഷിയുള്ളവര്‍ സകാത്തി കൊടുക്കലും ശേഷിയില്ലാത്തവര്‍ സക്കാത്ത് സ്വീകരിക്കലും ഫര്‍ളാണ്. പക്ഷേ ആദ്യത്തേത് ഫര്‍ള് ************* രണ്ടാമത്തേത്***********യുമാണ്.
സകാത്ത് സമ്പന്നന്റെ ഔദാര്യമല്ല എന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തിമാണ്. കാരണം ഔദാര്യം സ്വീകരിക്കാന്‍ ഇസ്‌ലാം ആരെയും നിര്‍ബന്ധിക്കില്ലല്ലോ. ഖുര്‍ആന്‍ പറഞ്ഞു. “നിങ്ങളുടെ സമ്പത്തില്‍ ചോദിക്കുന്നവനും അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടവനും അവകാശമുണ്ട്”.
അധ്വാനിക്കുന്ന പാവപ്പെട്ടവന് വേതനം പൂര്‍ണ്ണമായും ലഭിക്കണമെന്നാണ് കാറല്‍മാര്‍ക്ക് പറഞ്ഞതെങ്കില്‍ അധ്വാനിക്കാതെ തന്നെ സമ്പന്നന്റെ അധ്വാനഫലത്തില്‍ നിന്ന് പാവപ്പെട്ടവനിലേക്ക് ഒഴുകണമെന്നാണ് സക്കാത്തിലൂടെ ഇസ്‌ലാം പറയുന്നത്.
സക്കാത്ത് എന്ത്?
സമ്പന്നരുടെ സമ്പത്തില്‍ നിന്നും നിശ്ചയിക്കപ്പെട്ട അവകാശികള്‍ക്ക് നല്‍കുപ്പെടുന്ന വിഹിതമാണ് സക്കാത്തി. സംസ്‌കരണം എന്നാണ് 'സക്കാത്ത്' എന്ന അറബി ശബ്ദത്തിന്റെ അര്‍ത്ഥം. ഈ സംസ്‌കരണം ധനികന്റെ സമ്പത്തിലും, ദേഹത്തിലും, ദേഹിയിലും നടക്കുന്നുണ്ട്. സക്കാത്ത് കൊടുക്കാതിരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ മുതലും മേനിയും, മനസ്സും മലീമസമാവുന്നു. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് സ്വന്തം സ്വത്തില്‍ ഉള്‍പ്പെടുമ്പോള്‍ അത് അശുദ്ധം തന്നെയല്ലേ? അശുദ്ധ ചേരുവയുള്ള സമ്പാദ്യം ഒരാള്‍ ഭക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാംസവും മജ്ജയും വൃത്തികേടാവുന്നു. അത് ഭക്ഷിക്കുന്ന അയാളുടെ ആശ്രിതരുടെ അവസ്ഥയും അത് തന്നെ. ഹറാം ആഹരിച്ചുണ്ടാവുന്ന മാംസം നരകത്തോട് ഏറ്റവും ബന്ധപ്പെട്ടതാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
കൊടുക്കേണ്ടത് കൊടുക്കേണ്ട എന്ന് മന്ത്രിക്കുന്ന മനസ്സ് എത്രമാത്രം വൃത്തിഹീനവും സങ്കുചിതവുമാണ്. “സങ്കുചിത വീക്ഷണം മനസ്സിന്റെ കൂടപ്പിറപ്പാണ്. സങ്കുചിത ചിന്താഗതിയില്‍ നിന്ന് മുക്തമാക്കപ്പെട്ടവര്‍ മാത്രമാണ് വിജയികള്‍-”ഖുര്‍ ആന്‍.
അഭിവൃദ്ധി
സകാത്ത് എന്ന പദത്തിന് ഇങ്ങനെയൊരു അര്‍ത്ഥവുമുണ്ട്. സക്കാത്തിലൂടെ സാമൂഹികം, സാമ്പത്തികം, വൈയക്തികം തുടങ്ങിയമേഖലകളില്‍ അനുഭവപ്പെടുന്നു. സമ്പത്ത് ഉള്ളവരില്‍ നിന്നും ഇല്ലാത്തവരിലേക്ക് നീങ്ങുമ്പോള്‍ അവിടെ സാമൂഹികാവൃദ്ധി ഉണ്ടാവുന്നു. മാലിന്യം നീക്കപ്പെട്ട സമ്പത്തില്‍ പ്രത്യേകം അഭിവൃദ്ധി നല്‍കും. 'നിങ്ങള്‍ നന്ദി കാണിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഞാന്‍ അഭിവൃദ്ധി ഏറ്റിയേറ്റിത്തരും എന്നാണല്ലോ' ധാവിന്റെ വാഗ്ദാനം.
കൊടുക്കുന്നതിലൂടെ വിശാലമനസ്‌കത കാണിച്ച മനസ്സിനെ സങ്കുചിതത്തില്‍ നിന്നു മുക്തമാക്കുന്നു. വിശാല മനസ്‌കതയാണല്ലോ മഹനീയ വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ അടയാളം. ഇങ്ങനെ വൈയക്തീക അഭിവൃദ്ധി കൈവരുന്നു. ഈ സകല സത്യങ്ങളിലേക്കും ഖുര്‍ആന്റെ ഹ്രസ്വ വചനം വെളിച്ചം വീശുന്നു. 'നബിയെ'! സത്യവിശ്വാസികളുടെ സമ്പത്തില്‍ നിന്നും തങ്ങള്‍ സക്കാത്ത് ഈടാക്കുക. അത് വിശ്വാസി സമൂഹത്തില്‍ നിന്നും തങ്ങള്‍ സംസ്‌കരണവും അഭിവൃദ്ധിയും പ്രദാനം ചെയ്യും.
മരണപ്പെട്ടവന്റെ സക്കാത്ത്
ഒരാള്‍ സക്കാത്ത് കൊടുക്കാതെ മരണപ്പെട്ടാല്‍ സക്കാത്ത് വിഹിതം കൊടുത്ത് വീട്ടിയതിന് ശേഷമേ അനന്തരാവകാശികള്‍ക്ക് അനന്തര സ്വത്തില്‍ അവകാശമുള്ളൂ. കടത്തിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് സക്കാത്തിനാണ്. മരണശേഷം കൊടുക്കപ്പെടുന്നത് കൊണ്ട് സ്വത്ത് ശുദ്ധിയാവും എന്നല്ലാതെ മരണപ്പെട്ടവന്‍ സക്കാത്ത് കൊടുക്കാത്ത കുറ്റത്തില്‍ നിന്നും ഒഴിവാകുകയില്ല.
സക്കാത്ത് നിര്‍ബന്ധമാവുന്ന സാധനങ്ങള്‍
1. നാണയം (സ്വര്‍ണ്ണം, വെള്ളി, പണം)
2. കന്നുകാലികള്‍ (ആട്, മാട്, ഒട്ടകം)
3. പഴങ്ങള്‍ (കാരക്ക, അുന്തിരി)
4. ധാന്യങ്ങള്‍ (അരി, ഗോതമ്പ് തുടങ്ങി മുഖ്യ ആഹാരമായി ഉപയോഗിക്കുന്നത്)
5. കച്ചവടച്ചരക്കുകള്‍
6. ഖനിജങ്ങള്‍
7. നിധികള്‍
2,3 നമ്പറുകള്‍ നമ്മുടെ നാടുകളില്‍ സുലഭമല്ലാത്തതിനാല്‍ വിശദീകരിക്കുന്നില്ല. ബാക്കിയുള്ളവ ചര്‍ച്ച ചെയ്യാം.
സക്കാത്തിന്റെ നിശ്ചിത കണക്ക്
പറയപ്പെട്ട എല്ലാ സാധനങ്ങളിലും സക്കാത്ത് നിര്‍ബന്ധമാവാന്‍ നിസ്വാബ് ശര്‍ത്താണ്.
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും നിസ്വാബ്
സ്വര്‍ണ്ണം 20 മിസ്ബാല്‍ (85 ഗ്രാം) വെള്ളി 200 ദിര്‍ഹം (595 ഗ്രാം) ഇത്രയും കളങ്കമില്ലാത്ത സ്വര്‍ണ്ണമോ വെള്ളിയോ ഒരാള്‍ ഒരു വര്‍ഷം ഉടമയാക്കി സൂക്ഷിച്ച് വെച്ചാല്‍ അയാള്‍ സക്കാത്ത് കൊടുക്കാന്‍ ബാധ്യസ്തനായി. രണ്ടര ശതമാനമാണ് കൊടുക്കേണ്ടത്. സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിച്ചത് നാണയമായിട്ടോ അല്ലാതെയോ ആയാലും സക്കാത്ത് നിര്‍ബന്ധമാണ്.
ആഭരണങ്ങള്‍
സ്ത്രീകള്‍ക്കും ചെറിയ ആണ്‍കുട്ടികള്‍ക്കും ധരിക്കാനായി ഉണ്ടാക്കപ്പെട്ട ആഭരണങ്ങളില്‍ സക്കാത്തില്ല. പക്ഷേ ആദാസകരമാം വിധം ആഭരണങ്ങളില്‍ ധൂര്‍ത്തുണ്ടാവരുത്. സ്വര്‍ണ്ണം സൂക്ഷിക്കാന്‍ വേണ്ടി ആഭരണമാക്കപ്പെട്ടാല്‍ സക്കാത്ത് കൊടുക്കണം.ഒരു ലക്ഷം രൂപ കൈവശമുള്ള ഒരാള്‍ ആ പണം സൂക്ഷിക്കുന്നതിന് പകരം പത്ത് വളകള്‍ വാങ്ങി സൂക്ഷിച്ച് വെച്ചാല്‍ സക്കാത്ത് കൊടുക്കണം.
ഉരുക്കി തീര്‍ക്കേണ്ട വിധം കേട് വന്ന ആഭരണം ഒരു വര്‍ഷം സൂക്ഷിച്ചാലും സക്കാത്ത് നിര്‍ബന്ധമാവും. കാരണം ധരിക്കാന്‍ സാധിക്കാത്തത് ആഭരണം അല്ലല്ലോ? ചെറിയ കേടുകള്‍ ഉള്ള ആഭരണം നന്നാക്കി ഉപയോഗിക്കണം എന്ന ഉദ്ദേശ്യത്തോട് കൂടി എത്രകാലം വെച്ചാലും സക്കാത്ത് നിര്‍ബന്ധമാവുകയില്ല.
നബി(സ) ഒരു സ്ത്രീയുടെ കൈയ്യില്‍ വളകണ്ടപ്പോള്‍ നീ ഇതിന്റെ സക്കാത്ത് നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. അത് മിതത്തിന്റെ പരിധി ലംഘിച്ചത് കൊണ്ടാണ് അപ്രകാരം ചോദിച്ചത് എന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.
പണം
പണത്തിന്റെ നിസ്വാബ് വെള്ളിയുടെ നിസ്വാബ് ആണ്. നബിയുടെ കാലത്തുണ്ടായിരുന്ന പണം സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും നാണയങ്ങളായിരുന്നു. അന്ന് വില്‍ക്കാനും വാങ്ങാനും മാധ്യമമായി ഉപയോഗിക്കപ്പെട്ടിരുന്നത് ഈ രണ്ട് നാണയങ്ങള്‍ മാത്രമായിരുന്നു. പിന്നീട് കാലക്രമേണ ആ സ്ഥാനത്ത് ഓരോ രാജ്യങ്ങളിലും പ്രത്യേക കറന്‍സികള്‍ ഉണ്ടായി. സൗദി അറേബ്യയിലെ റിയാലും, കുവൈത്തിലെ ദീനാറും, ഇന്ത്യയിലെ രൂപയും, അമേരിക്കന്‍ ഡോളറുമെല്ലാം ഇതിനുദാരണങ്ങളാണ്.
ആയതിനാല്‍ പണമുള്ളവര്‍ സക്കാത്തില്‍ പരിഗണിക്കേണ്ടത് വെള്ളിയുടെ കണക്കാണ്. 595 ഗ്രാം വെള്ളി വാങ്ങാന്‍ ആവശ്യമായ പണം ഒരാളുടെ കൈവശം വന്ന് വര്‍ശഷം പൂര്‍ത്തിയായാല്‍ അവന്‍ സക്കാത്ത് കൊടുക്കണം. ഈ പണം പെട്ടിയില്‍ സൂക്ഷിക്കപ്പെട്ടാലും ബേങ്കിലോ, മുറിയിലോ അടക്കപ്പെട്ടാലും അല്ലെങ്കില്‍ ഒരാള്‍ക്ക് കംെ കൊടുക്കുകയോ ഒരു ജോലിക്ക് സെക്യൂരിറ്റി തുകയായി നല്‍കുകയോ ചെയ്താലും വര്‍ഷം തികയുന്നതോടെ അഃിന്റെ രണ്ടരശതമാനം പാവപ്പെട്ടവരുടെ അവകാശമായി മാറും.
സ്വര്‍ണ്ണത്തേക്കാള്‍ മുന്‍ഗണന വെള്ളിക്കോ?
പണത്തിന്റെ നിസ്വാബില്‍ സ്വര്‍ണ്ണം പരിഗണിക്കുന്നതിന് കാരണം വെള്ളിയുടെ വിലക്കുറവാണ്. 595 ഗ്രാം വെള്ളി വാങ്ങാന്‍ വേണ്ടുന്ന പണം 85ഗ്രാം സ്വര്‍ണ്ണം വാങ്ങുന്ന പണത്തെ അപേക്ഷിച്ച് എത്രയോ കുറവാണ്. വെള്ളിയുടെ കണക്കനുസരിച്ചാവുമ്പോള്‍ കുറേ ആളുകള്‍ സക്കാത്ത് കൊടുക്കേണ്ടി വരും. സ്വര്‍ണ്ണകണക്കാകുമ്പോള്‍ കൊടുക്കേണ്ടവര്‍ കുറയും. കുറേ ആളുകള്‍ കൊടുക്കേണ്ടിവരുമ്പോള്‍ കുറേ പാവങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമല്ലോ? സക്കാത്ത് കൊടുക്കേണ്ടവരുടെ താല്പര്യമല്ല കിട്ടേണ്ടവരുടെ താല്പര്യമാണ് പരിഗണിക്കേണ്ടത് എന്ന് ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്.
ധാന്യങ്ങളുടെ സക്കാത്ത്
എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും സക്കാത്ത് നല്‍കണമെന്ന് വാദിക്കുന്ന പുത്തന്‍ വാദികളുണ്ട്. അത ് അവരുടെ മതമാണ്, ഇസ്ലാമല്ല. മുഖ്യാഹാരമായി ഉപയോഗിക്കുന്ന അരി, ഗോതമ്പ് പോലെയുള്ളവയിലാണ് സക്കാത്തുള്ളത്. അത്
അഴ അല്ലെങ്കില്‍ സമീപത്തുള്ള നദീജലം തുടങ്ങിയവകൊണ്ട് ചെലവില്ലാതെ നനഞ്ഞുണ്ടായവയാണെങ്കില്‍ പത്തില്‍ ഒന്നും അതല്ല മോട്ടോര്‍ വെച്ചോ കോരിയൊഴിച്ചോ അധ്വാനിച്ച് നനച്ചുണ്ടാക്കിയതാണെങ്കില്‍ ഇരുപതില്‍ ഒന്നുമാണ് സക്കാത്ത്.
ഉമി നീക്കി അരിയായി തീരുമ്പോള്‍ അഞ്ച് വസ്ഖ് ഉണ്ടെങികലേ സക്കാത്ത് നല്‍കേണ്ടതുള്ളൂ. 918 ലിറ്റര്‍ ആണ് അഞ്ച് വസ്ഖ്. ധാനിയങ്ങളുടെ സക്കാത്തില്‍ വര്‍ഷം തികയേണ്ടതില്ല. വിളവെടുക്കുമ്പോള്‍ നിശ്ചിത അളവുണ്ടെങ്കില്‍ സക്കാത്ത് കൊടുക്കാം.
കച്ചവടച്ചരക്കുകളിലുള്ള സക്കാത്ത്
കച്ചവടം ഏറ്റവും നല്ലതൊഴിലാണ്. ലാഭമാണ് കച്ചവടക്കാരുടെ ലക്ഷ്യം. ലാഭം കിട്ടിയാലും ഇല്ലെങ്കിലും വര്‍ഷാവസാനം നിസാബ് ഉണ്ടെങ്കില്‍ സക്കാത്ത് കൊടുക്കണം. ലാഭം ഉദ്ദേശിച്ചു കൊണ്ടുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും കച്ചവടത്തില്‍പെടുന്നു. കച്ചവടത്തില്‍ അല്ലാഹു നിശ്ചയിച്ച ടാക്‌സാണ് സക്കാത്ത്. വലിയ കച്ചവടക്കാരനാണെങ്കിലും ചെറിയ കച്ചവടക്കാരനാണെങ്കിലും വര്‍ഷം തികയുമ്പോള്‍ സാധനങ്ങളുടെ സ്റ്റോക്കെടുക്കണം. സ്റ്റോക്ക് വിലയും കൈവശമുള്ള വിറ്റ് കിട്ടിയ പണവും, ലാഭവും മൊത്തം കൂട്ടി 595 ഗ്രാം വെള്ളി വാങ്ങാനുള്ള പണമുണ്ടെങ്കില്‍ 2.5 ശതമാനം സക്കാത്ത് കൊടുക്കണം. കിട്ടുമെന്ന് ഉറപ്പുള്ള ലാഭവും ഈ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതെല്ലാം കൂടി ഉപഹരിക്ത സംഖ്യയില്ലെങ്കില്‍ സക്കാത്തില്ല.
ലാഭം വേറെത്തന്നെ മാറ്റി നിര്‍ത്തി പണമായി സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വര്‍ഷം നോക്കി അതിന് വേറെത്തന്നെ സക്കാത്ത് കൊടുക്കണം. അതായത് ചരക്കിന്റെ വില കിട്ടുമ്പോള്‍ അതിലുള്‍പ്പെടുത്തേണ്ടതില്ല.
ഒരു വര്‍ഷം തികയും മുമ്പ് കച്ചവടം നിര്‍ത്തുകയോ മറ്റൊരാള്‍ക്ക് മൊത്തം വില്‍ക്കുകയോ കച്ചവടക്കാരന്‍ മരിക്കുകയോ ചെയ്താല്‍ സക്കാത്ത് നിര്‍ബന്ധമില്ല. ഉപ്പ മരണപ്പെട്ടതിനാല്‍ മകന്‍ കട ഏറ്റെടുത്താല്‍ ഏറ്റെടുത്തത് മുതല്‍ സക്കാത്ത് പരിഗണിക്കപ്പെടുന്നു. ഉപ്പയുടെ കച്ചവട വര്‍ഷം നോക്കി മകന്‍ സക്കാത്ത് കൊടുക്കേണ്ടതില്ല.
വ്യവസായം
വാങ്ങിയ സാധനം തന്നെ വില്‍ക്കണമെന്നില്ല. അതില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന മറ്റ് സാധനങ്ങള്‍ വില്‍ക്കലും കച്ചവടം തന്നെ. തേങ്ങയാട്ടി എണ്ണ വില്‍ക്കുന്നവരും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി ചെരുപ്പ് നിര്‍മ്മിച്ച് വില്‍ക്കുന്നവരും, ചെറുനാരങ്ങയും, മാങ്ങയും വാങ്ങി അച്ചാറുണ്ടാക്കി വില്‍ക്കുന്നവരും കച്ചവടക്കാര്‍ തന്നെ. വര്‍ഷാവസാനം ഫാക്ടറിയില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന കണക്കാണ് നോക്കേണ്ടത്. ഉപകരണങ്ങളുടെയും മെഷീനുകളുടെയും കണക്കെടുക്കേണ്ടതില്ല. കാരണം അതല്ലല്ലോ കച്ചവടം.
കച്ചവടം അല്ലാത്ത വില്‍പന
പണം കൊടുത്ത് വാങ്ങാത്ത ഉടമസ്ഥതയില്‍ വരുന്ന സാധനം വിറ്റാല്‍ അവന്‍ കച്ചവടക്കാരനല്ല. വീട്ടില്‍ വളര്‍ത്തുന്ന കോഴി, പുഴയില്‍ നിന്നും വാരുന്ന പൂഴി, പിടിക്കുന്ന മത്സ്യം, കാട്ടില്‍ നിന്നും വെട്ടുന്ന വിറക്, അരിയുന്ന പുല്ല് ഇതൊന്നും വില്‍ക്കുന്നവര്‍ കച്ചവടക്കാരനല്ല. ഇവരില്‍ നിന്നും പണത്തിന് സാധനം വാങ്ങി വില്‍ക്കുമ്പോള്‍ കച്ചവടക്കാരായിരിക്കും.
ചെലവുകള്‍
സ്വന്തം ആവശ്യത്തിന് വേണ്ടി കടയില്‍ നിന്നെടുത്ത സാധനങ്ങള്‍ കച്ചവടത്തില്‍ നിന്നും ലഭിച്ച് ചെലവഴിക്കപ്പെട്ട പണം എന്നിവ ഒന്നും തന്നെ വര്‍ഷാവസാനം കണക്കില്‍ കൂട്ടേണ്ടതില്ല. കറണ്ട് ചാര്‍ജ്ജ് റൂം വാടക, തൊഴിലാളികളുടെ വേതനം എല്ലാം കഴിച്ച് മാത്രമേ സക്കാത്ത് കൊടുക്കേണ്ടതുള്ളൂ. പക്ഷേ വര്‍ഷം അവസാനിക്കുന്നതിന്റെ മുമ്പ് ഈ പറയപ്പെട്ട ചെലവുകള്‍ എല്ലാം തീര്‍ത്തിരിക്കണം. വര്‍ഷം അവസാനിക്കുന്നതിന്റെ ശേഷമാണ് ഈ പറയപ്പെട്ട ചെലവുകള്‍ ഏതെങ്കിലും വരുന്നതെങ്കില്‍ അത് സക്കാത്തില്‍ നിന്നും ഒഴിവാകുകയില്ല.
കടം
കച്ചവടാവശ്യാര്‍ത്ഥം ഒരാള്‍ കടം വാങ്ങിയിട്ടുണ്ടെങ്കില്‍ കടം സക്കാത്തിനെ ബാധിക്കില്ല. വര്‍ഷാവസാനം കണക്കെടുക്കുമ്പോള്‍ ഒരു ലക്ഷം രൂപയുടെ സ്റ്റോക്കുണ്ട്. അതേ സമയം കച്ചവടത്തിന് വേണ്ടി അവന്‍ ഒന്നരലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവിടെ കടമുള്ള ഒന്നരലക്ഷം ഒരു ലക്ഷത്തിന് സക്കാത്ത് നിര്‍ബന്ധമാകുന്നതിന് തടസ്സമാകുകയില്ല.
ഷെയര്‍ മാര്‍ക്കറ്റ്
ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കപ്പെടുന്ന തുകയും ലാഭവും വര്‍ഷാവസാനം കൂട്ടുമ്പോഴും നിസ്വാബുണ്ടെങ്കില്‍ നാല്‍പതിലൊന്ന് സക്കാത്ത് കൊടുക്കണം. ഷെയര്‍ മൂല്യം ഇടക്കാലത്ത് കൂടട്ടെ കുറയട്ടെ അവസാനമെന്തുണ്ട് എന്നതാണ് നോക്കേണ്ടത്.
കൊടുക്കേണ്ടത് എന്ത്? എവിടെ?
കച്ചവടത്തിന്റെ സക്കാത്തായി കൊടുക്കേണ്ടത് ചരക്കല്ല. പകരം പണമാണ്. എവിടെയാണോ കച്ചവടം അവിടെ അവകാശികളും വിതരണ സൗകര്യമുണ്ടെങ്കില്‍ അവിടെത്തന്നെ സക്കാത്ത് കൊടുക്കേണ്ടതുണ്ട്. മറ്റു സ്ഥലത്തേക്ക് നീക്കാന്‍ പാടില്ല.
നിധികള്‍, ഖനിജങ്ങള്‍
സ്വര്‍ണ്ണത്തിന്റെയോ, വെള്ളിയുടെയോ നിധികള്‍ സ്വന്തം പറമ്പില്‍ നിന്ന് ലഭിച്ചാല്‍ അതിന്റെ 20 ശതമാനം സക്കാത്ത് കൊടുക്കണം. അധ്വാനമില്ലാതെ ലഭിക്കുന്നത് കൊണ്ടാണ് ആപേക്ഷികമായി ശതമാനം കൂടിയത്. ഭൂമിയില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണ്ണം, വെള്ളി എന്നിവകളില്‍ രണ്ടര ശതമാനം സക്കാത്ത് കൊടുക്കേണ്ടതാണ്. ഇവിടെ വര്‍ഷം പൂര്‍ത്തിയാവേണ്ടതില്ല. നിസ്വാബ് പൂര്‍ത്തിയാവണം.
ഫിത്വ്‌റ് സക്കാത്ത്
ആഘോഷദിനമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ വെക്കാന്‍ അരിയില്ലാത്ത അവസ്ഥ ഒരു വീട്ടിലും സംജാതമാകരുത് എന്നതാണ് ഫിത്വ്‌റ് സക്കാത്തിന്റെ ഉദ്ദേശ്യം. ഇത് നിര്‍ബന്ധമാകാന്‍ ഉയര്‍ന്ന സാമ്പത്തിക നിലയൊന്നും വേണ്ട. പെരുന്നാള്‍ രാത്രിയിലും, പകലിലും തനിക്കും തന്റെ ആശ്രിതര്‍ക്കും വേണ്ട ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം കഴിഞ്ഞ് ശിഷ്ടമുള്ളവര്‍ക്കെല്ലാം ഫിത്വ്‌റ് സക്കാത്ത് നിര്‍ബന്ധമാണ്.
ഇത് ശരീരത്തിന്റെ സകാത്താണ്. സ്വന്തം ശരീരത്തിന് വേണ്ടിയും, താന്‍ പോറ്റാല്‍ നിര്‍ബന്ധമായ ശരീരങ്ങള്‍ക്ക് വേണ്ടിയും ഒരു സ്വഅ് വീതം കൊടുക്കണം. സ്വഅ് നബിയുടെ കാലത്തുള്ള ഒരു അളവ് പാത്രമാണ്. മൂന്ന് ലിറ്ററും 200 മില്ലി ലിറ്ററും ആണ് നമ്മുടെ നാട്ടിലെ കണക്ക്. ഏകദേശം രണ്ടര കിലോഗ്രാം അരിയാണ്.
നാട്ടില്‍ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന ധാന്യമാണ് നല്‍കേണ്ടത്. കേരളത്തിലെ മുഖ്യ ആഹാരം അരിയാണല്ലോ?. അരിപ്പൊടിയോ, പൊടികൊണ്ടുണ്ടാക്കിയ പലഹാരങ്ങളോ അരിയുടെ വിലയോ നല്‍കിയാല്‍ സകാത്ത് വീടുകയില്ല. നല്ല അരിയാണ് കൊടുക്കേണ്ടതി. പുഴുക്കുത്തുള്ളതോ മറ്റെന്തെങ്കിലും കുറവുള്ളതോ ആകരുത്.
ആര്‍ക്ക് വേണ്ടിയാണ് കൊടുക്കുന്നത് ആ വ്യക്തി ഉള്ള സ്ഥലത്താണ് കൊടുക്കേണ്ടത്. ഗള്‍ഫുകാര്‍ അവര്‍ക്ക് വേണ്ടി അവിടെയും കുടുംബത്തിനുവേണ്ടി നാട്ടിലും കൊടുക്കണം. കുടുംബനാഥനാണ് സകാത്ത് കൊടുക്കേണ്ടത് എന്ന് പറഞ്ഞുവല്ലോ. സ്ഥലത്തില്ലാത്തത് കൊണ്ടോ മറ്റു കാരണങ്ങളാലോ ഒരാള്‍ക്ക് കൊടുക്കാന്‍ സാധിക്കാതെ വന്നാല്‍ അതിനായി മറ്റൊരാളെ ഏല്‍പിക്കാന്‍ നിര്‍ബന്ധമാണ്. അത് സ്വന്തം ഭാര്യയോ, പക്വതയുള്ള സന്താനങ്ങളോ മറ്റോ ആവാം. റംസാന്‍ മാസം ഒന്നു മുതല്‍ തന്നെ ഫിത്വ്‌റ് സകാത് കൊടുക്കാം. റംസാന്‍ അവസാനിക്കുന്നതോടു കൂടിയാണ് നിര്‍ബന്ധമാകുന്നത്. പെരുന്നാള്‍ നിസ്‌കാരത്തിന് പോകുന്നതിന് മുമ്പ് കൊടുക്കലാണ് ഏറ്റവും ഉത്തമം. നിസ്‌കാരത്തിന് ശേഷം കൊടുക്കല്‍ കറാഹതാണ്. പെരുന്നാള്‍ ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെ ചിന്തിക്കുന്നത് ഹറാമാണ്. 'ഇത് എന്റെ ഫിത്വ ്‌റ് സകാതാണ്'എന്ന നിയ്യത്തോട് കൂടി അരി അളന്ന് മാറ്റിവെക്കുകയോ വിതരണം ചെയ്യുകയോ ചെയ്യണം.
അവകാശികള്‍
ഖുര്‍ആനില്‍ പറയപ്പെട്ട 8 കൂട്ടരാണ് അവകാശികള്‍. ലോകത്ത് പ്രയാസം(സാമ്പത്തികം) അനുഭവിക്കുന്ന ഏതൊരാളും ഈ 8ല്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടും.
1. ഫഖീര്‍::- തനിക്കും ആശ്രിതര്‍ക്കും ആവശ്യമായ നിത്യബലവിന്റെ അടുത്തൊന്നും എത്ര പരിശ്രമിച്ചിട്ടും എത്തിക്കാത്തവന്‍ 100 രൂപ വേണ്ട സ്ഥാനത്ത് 40 രൂപ എത്തിക്കുന്നവരെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. ആവശ്യത്തിന്റെ പ്രധാനഭാഗവും കിട്ടാത്തവന്‍ എന്നര്‍ത്ഥം. സാമ്പത്തികമായി ഏറ്റവും അടിത്തട്ടില്‍ ഉള്ളവരാണിവര്‍.
2. മിസ്‌കീന്‍ :- തൊഴിലില്‍ നിന്നോ ധനത്തില്‍ നിന്നോ ജീവിക്കാന്‍ സാധിക്കുന്നു. പക്ഷേ അത് പര്യാപ്തമല്ല. 100 വേണ്ട സ്ഥാനത്ത് 80 ലഭിക്കുന്നു. ഒന്നാമന്‍ പരമ ദരിദ്രനാണ്. രണ്ടാമന്‍ ഒന്നാമത്തവനെക്കാള്‍ മെച്ചപ്പെട്ടവനാണ്.
3. ഉദ്യോഗസ്ഥര്‍ :- ഇസ്‌ലാമിക ഭരണമുള്ള സ്ഥലത്ത് ഭരണാധികാരി നിശ്ചയിക്കുന്ന സക്കാത്തുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് ഇവര്‍.
4. പുതു വിശ്വാസികള്‍ :- ഇവര്‍ക്ക് സകാത്ത് കൊടുക്കുന്നതിന്റെ ലക്ഷ്യം ഇവരെ വിശ്വാസത്തില്‍ ഉറപ്പിക്കലോ, ഇവരെപ്പോലെയുള്ളവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കലോ ആശാം.
5. സ്വതന്ത്ര പത്രം എഴുതപ്പെട്ട അടിമ
6. കടക്കാരന്‍ :- തന്റെ സ്ഥാനത്തിനൊത്ത വീട്, വിവാഹം, ഭക്ഷണച്ചെലവ് തുടങ്ങിയ ഹലാലായ കാര്യങ്ങള്‍ക്ക് വേണ്ടി കടം വാങ്ങി വാട്ടാന്‍ സാധിക്കാതെ കുടുങ്ങിയവരാണ് കടം കൊണ്ട് വലഞ്ഞവര്‍. പള്ളി, മദ്രസ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കോ, മറ്റ് പൊതു ആവശ്യങ്ങള്‍ക്കോ കടം വാങ്ങിയ ധനികവും ഈ വിഭാഗത്തില്‍പെടും.
7. യോദ്ധാക്കള്‍ :- മുസ്‌ലിം ഭരണാധികാരിയുടെ വേതനം പറ്റാത്ത വിശുദ്ധയുദ്ധം നടത്തുന്ന യോദ്ധാക്കളാണ് ഉദ്ധേശ്യം. എന്നതിന് ദൈവമാര്‍ഗം എന്ന കേവലം അര്‍ത്ഥം പറഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വരെ ഈ ഇനത്തില്‍പെടുത്തിയ പുത്തന്‍വാദികളുണ്ട്. ഈ ദുര്‍വ്യാഖ്യാനത്തിനു പിന്നില്ട അവരുടെ സ്വാര്‍ത്ഥത മാത്രമാണ്. യോഗ്യനായ ഒരു പണ്ഡിതനും ഇപ്രകാരം അഭിപ്രായം പറഞ്ഞിട്ടില്ല.
8. യാത്രക്കാര്‍ :- സകാത്ത് നാട്ടില്‍ നിന്ന് യാത്രപുറപ്പെടുന്നവരും, ആ നാട്ടിലൂടെ പോകുന്നവരും ഈ ഇനത്തില്‍ ഉള്‍പ്പെടും. വിമാനം റാഞ്ചല്‍, ട്രെയിന്‍ അപകടം, പോക്കറ്റടി ഇതിലെല്ലാം അകപ്പെട്ട് കുടുങ്ങിയ യാത്രികരെ ഇതിലൂടെ സഹായിക്കപ്പെടാം. സകാത്തിന്റെ ഉദ്യോഗസ്ഥരും, അടിമകളും, യോദ്ധാക്കളും നമ്മുടെ നാട്ടില്‍ ഇല്ല. ബാക്കി അഞ്ച് വിഭാഗങ്ങളും ഉണ്ടാകും.
നല്‍കേണ്ടത്എത്ര? എങ്ങിനെ?
ഫഖീറും മിസ്‌കീനും ദാരിദ്രത്തില്‍ നിന്നും കരകയറണം. അതിനുള്ള വകയാണ് നല്‍കേണ്ടത്. ഒരു തൊഴിലും ചെയ്യാന്‍ സാധിക്കാത്തവരാണെങ്കില്‍ ശരാശരി ആയുസ്സ്(70വയസ്സ്‌വരെ) തനിക്കും ആശ്രിതര്‍ക്കും ജീവിക്കാനുള്ള മാര്‍ഗ്ഗം
ഉണ്ടാക്കി കൊടുക്കണം. സ്ഥിരവരുമാനമുള്ള കടയോ പറമ്പോ മറ്റോ വാങ്ങാനുള്ള തുക നല്‍കിയാണ് ഇതിനുള്ള വഴി കണ്ടത്തേണ്ടത്. അനുയോജ്യമായ തെഴില്‍ അറിയുന്നവരാണെങ്കില്‍ തൊഴില്‍ മാര്‍ഗ്ഗം ഉണ്ടാക്കികൊടുക്കണം. കൊത്തുന്നവന് മഴു,തുന്നുന്നവന് തുന്നല്‍ മെഷീന്‍, ഡ്രൈവിംങ്ങ് അറിയുന്നവന് ഓട്ടോ, കാര്‍ ഇതെക്കെ വാങ്ങാനുള്ള തുക നല്‍കി അവനെസക്കാത്തിന്റെ അവകാശികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണം. എന്നാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത്. കടക്കാരന് കടം വീടാനുള്ള തുകയും പുതുവിശ്വാസിക്ക് പറയപ്പെട്ട ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ദായകന്‍ ആവശ്യപ്പെടുന്ന തുകയും നല്‍കണം. യാത്രക്കാരന് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള തുകയും മടക്കമുണ്ടെങ്കില്‍ അതിന്റെ ചെലവുമാണ് നല്‍കേണ്ടത്. ഈവിധം കൊടുക്കല്‍ വിജയകരവും പ്രായോഗികവും ആകുമോ? കാരണം ഇതിനൊക്കെ ഭാരിച്ച സംഖ്യ വേണ്ടിവരില്ലെ എന്ന സംശയം ഉണ്ടാവാം. ഇസ്‌ലാമിക ഭരണാധികാരമുള്ള സ്ഥലമാണെങ്കില്‍, ഗവണ്‍മെന്റ് സകാത്ത് പിരിക്കുകയാണെങ്കില്‍ നിഷ്പ്രയാസം സാധിക്കും. ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ സക്കാത്ത് വാങ്ങാന്‍ ആളില്ലാതെ സക്കാത്തിന്റെ സമ്പത്ത് ബൈത്തുല്‍മാലില്‍ കെട്ടികിടന്ന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചതായി നമുക്ക് കാണാം. മുഴുവന്‍ സമ്പന്നരും മനസ്സ് വെച്ച് കൃത്യമായി സക്കാത്ത് നല്‍കാന്‍ തയ്യാറായാല്‍ ഇപ്പോഴും ഏറെക്കുറെ ലക്ഷ്യം കാണാന്‍ കഴിയും. ഒരാള്‍ക്ക് മാത്രം എല്ലാവരേയും കരകയറ്റാന്‍ സാധ്യമല്ലെങ്കിലും പലരും പലരേയും ശ്രദ്ധിച്ചാല്‍ ഏറെക്കുറെ കാര്യം നടക്കും. ഈ ഒരു ലക്ഷ്യത്തില്‍ സകാത്ത് കൊടുക്ക ുന്നവര്‍ സംഘടിച്ച് വിതരണം ചെയ്യുന്നതിനെഫിഖ്ഹീഗ്രന്ഥങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ഇവിടെ വ്യക്തമായി മനസ്സിലാക്കണം. സക്കാത്ത് കൊടുക്കുന്നവര്‍ ഒരു സംഘടനയെ ഏല്‍പ്പിക്കുന്നകാര്യമല്ല പറയുന്നത്. അങ്ങനെഒരു രീതി ഇസ്‌ലാമിലില്ല. മറിച്ച് സക്കാത്ത് കെടുക്കുന്നവര്‍ സംഘടിച്ച് വിതരണം ചെയ്യുന്നു എന്നതാണ് വിഷയം. സക്കാത്ത് കെടുക്കേണ്ട കുറെ ആളുകള്‍ ഒരുമിച്ച് കൂടി എല്ലാവരുടെയും സ്വത്ത് സമാഹരിച്ച് അവകാശികളുടെ ലിസ്റ്റ് നോക്കി എല്ലാവരും അല്ലെങ്കില്‍ മറ്റുള്ളവരുടെ സമ്മതത്തോടെ അവരില്‍ ഒരാള്‍ വിതരണം ചെയ്യുന്നു. ഇത് കൊള്ളാം എന്ന് ഉംദയില്‍ പറഞ്ഞിട്ടുണ്ട്.
മൂന്ന് രീതികള്‍ മാത്രമാണ് സകാത്ത് വിതരണത്തില്‍ ഇസ്ലാം അനുവദിക്കുന്നത്. 1- മുസ്ലിം ഭരണാധികാരിയെ ഏല്‍പ്പിക്കല്‍. 2- സ്വന്തം കൊടുക്കല്‍. 3- വകീലിനെഏല്‍പിക്കല്‍. കമ്മിറ്റിയെ ഏല്‍പിക്കുന്ന ഏര്‍പ്പാട് ചരിത്രത്തില്‍ മാതൃക ഇല്ലാത്തതും ഫിഖ്ഹീനിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്. നിയമ വിരുദ്ധമായി ചെയ്യപ്പെടുന്നത് സ്വീകാര്യമല്ലല്ലോ?
ഇത് വക്കാലത്തില്‍ പെട്ടതല്ലേ എന്ന് സംശയംചോദിച്ചേക്കാം. അല്ല എന്നാണ് ഉത്തരം. കാരണം വക്കാലത്തിന്റെ പ്രധാനപ്പെട്ട നിബന്ധനയാണ് ഏല്‍പ്പിക്കപ്പെടുന്നത് നിശ്ചിത വ്യക്തിയായിരിക്കല്‍. കമ്മിറ്റി വ്യക്തിയല്ല. മറിച്ച് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങി വ്യത്യസ്ത പദവികളുള്ള വ്യക്തികളുടെ കൂട്ടായ്മയാണ്. എന്നാല്‍ കമ്മിറ്റിയില്‍ പെട്ട പ്രസിഡന്റിനെയോ സെക്രട്ടറിയെയോ ട്രഷററെയോ ഏല്‍പ്പിക്കാമോ? ഏല്‍പ്പിക്കാം. അത് കമ്മിറ്റിയുടെ പ്രസിഡന്റോ സെക്രട്ടറിയോ ട്രഷററോ ആയത് കൊണ്ടല്ല. പക്വമതിയായ ആരെയും ഏല്‍പ്പിക്കാമെന്ന് നേരത്തൈ സൂചിപ്പിച്ച അടിസ്ഥാനത്തിലാണ്. അയാളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്ന പദവിക്കോ അയാള്‍ അടങ്ങുന്ന കമ്മിറ്റിക്കോ ഇവിടെ ഒരു വിലയും ഇല്ല.
ഒരു നിലയും വിലയും ഇല്ലാത്ത അപ്രസക്തമായ കമ്മിറ്റി. ആ കമ്മിറ്റിയെ ഏല്‍പിക്കുന്നതിലാണു നിയമ പ്രശ്‌നങ്ങളുള്ളത്. അതാണിവിടെ എതിര്‍ക്കപ്പെടുന്നത് സംഘടിത സക്കാത്ത് വാദികള്‍ ചെയ്യുന്നതും ഇതാണ്. കമ്മറ്റിയെ ഏല്‍പ്പിക്കുക എന്ന തെറ്റുതിരുത്തി കൊള്ളാവുന്ന ഒരുവ്യക്തിയെ ഏല്‍പിക്കുക എന്ന ശരി ചെയ്താല്‍ അത് അംഗീകരിക്കാം.
മഹല്ലിനെകുറിച്ചും മഹല്ലിലെ അവകാശികളെ കുറിച്ചും നന്നായി അറിയുന്ന കണക്കുംകാര്യവു മൊക്കെ പിടിപാടുള്ള ഒരാളെ സകാത് ദായകരെല്ലാം വകാലത്താക്കിയാല്‍ അതില്‍ തെറ്റില്ല. കിട്ടുന്നവര്‍ക്ക് പറയത്തക്ക എന്തെങ്കിലും കിട്ടാന്‍ ഇത് സഹായകരമാവുകയും ചെയ്യും. ഏറ്റവും നല്ലത് സ്വന്തം നിലയില്‍ കൊടുക്കല്‍ തന്നെയാണ് എന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ സകാത്ത് കൊടുക്കുന്നവരെല്ലാം സംഘടിച്ച് അവരുടെ സകാത്തൊക്കെ സമാഹരിച്ച് ധാരണയിലെത്തി അവ ഒന്നിച്ച് വിതരണം ചെയ്യുകയാണെങ്കില്‍ ഏറ്റവും നല്ല വിതരണ രീതി അവലംബിക്കുന്നതോടെപ്പം ലക്ഷ്യ സാക്ഷാത്കാരവും എളുപ്പമാവും. സകാത് ദായകരെ സംഘടിപ്പിക്കുന്നതിലും, സകാത്ത് സംബന്ധമായ മസ്അലകള്‍ അവരെ പഠിപ്പിക്കുന്നതിലും, അവകാശികളെ കുറിച്ച് വിവരം നല്‍കുന്നതിലും മഹല്ല് ജമാഅത്തിന് വേണമെങ്കില്‍ അവരെ സഹായിക്കാം. ഫിഖ്ഹീ നിയമങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ സകാത്ത് വിതരണം ശാസ്ത്രീയമാക്കാനും കാര്യക്ഷമമാക്കാനും സാധിക്കും. എല്ലാത്തിനും കൊടുക്കേണ്ടവര്‍ കൃത്യമായി കൊടുക്കാന്‍ തയ്യാറാവണം. അതിനായി ശക്തമായ ബോധവല്‍ക്കരണം സമൂഹത്തില്‍ നടക്കേണ്ടതുണ്ട്.
ഒരാളുടെ സക്കാത്ത് നാട്ടിലുള്ള എല്ലാ അവകാശികള്‍ക്കും പറയപ്പെട്ട പ്രകാരം കൊടുക്കാന്‍ മാത്രമുണ്ടെങ്കില്‍ ആരെയും വിടാതെ എല്ലാവര്‍ക്കും കൊടുക്കണം. അതിന് തികയില്ലെങ്കില്‍ ഓരോ വിഭാഗത്തില്‍ നിന്നും മൂന്ന് പേര്‍ക്കെങ്കിലും കൊടുക്കണം. അപ്പോള്‍ അഞ്ച് വിഭാഗം നാട്ടിലുണ്ടെങ്കില്‍ പതിനഞ്ച് ആള്‍ക്ക് സകാത്ത് കിട്ടണം.
ഇവിടെ വ്യക്തികള്‍ക്കിടയില്‍ തുല്യത പാലിക്കേണ്ടതില്ല. അതേ സമയം വിഭാഗങ്ങള്‍ക്കിടയില്‍ തുല്യത പാലിക്കണം. ഒരു ഫക്കീറിന്ന് 1000 രൂപയും മറ്റൊരാള്‍ക്ക് 100ഉം മൂന്നാമന് 10ഉം കൊടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ 'ഫഖീര്‍'വിഭാഗത്തിന് ഇപ്പോള്‍ ആകെ കൊടുത്ത 1110 രൂപ ബാക്കിയുള്ള എല്ലാ ഓരോ വിഭാഗക്കാര്‍ക്കും കൊടുക്കണം.
സക്കാത്ത് വാങ്ങുന്നവര്‍ മുസ്ലിമീങ്ങളായിരിക്കണം. പ്രവാചക കുടുംബത്തിന് സക്കാത്ത് വാങ്ങാന്‍ പറ്റില്ലെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
എല്ലാ കാര്യത്തിനുമെന്ന പോലെ സകാത്തിനും നിയ്യത്ത് വേണം. ഇത് എന്റെ ധനത്തിന്റെ സക്കാത്താണ് എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. നിയ്യത്ത് നന്നാക്കി ദീനില്‍ പറഞ്ഞ പ്രകാരം അമല്‍ ചെയ്യാന്‍ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ! ആമീന്‍.
സാമ്പാ: ജുനൈദ് അസ്അദി വായാട്
അസ്അദിയ്യ: അറബിക് കോളേജ് പാപ്പിനിശ്ശേരി
| :+91 9747356552 | junduvayad@gmail.com |
No comments:
Post a Comment