നിസ്‌കാരത്തിലെ ഖുനൂത്ത്
നിസ്‌കാരത്തിന്റെ പതിനാലു ഫര്‍ളുകളില്‍ ചെറിയ ഫര്‍ളുകള്‍ എന്ന നിലയ്ക്കു അറിയപ്പെടുന്നത് ഇഅ്തിദാല്‍, രണ്ടു സുജൂദിന്റെ ഇടയിലെ ഇരുത്തം എന്നീ രണ്ടെണ്ണമാണ്. ഇവ പതിവില്‍ കവിഞ്ഞു നീട്ടാന്‍ പാടില്ല. ഇഅ്തിദാല്‍ ഫാതിഹ ഓതുന്ന കണക്കും രണ്ടു സുജൂദിന്റെ ഇടയിലെ ഇരുത്തം ചുരുങ്ങിയ അത്തഹിയ്യാത്തിന്റെ അത്രയും ദീര്‍ഘിപ്പിച്ചാല്‍ അതുതന്നെ മനഃപൂര്‍വ്വം ചെയ്തതാണെങ്കില്‍ നിസ്‌കാരം ബാത്വിലാവും.
സുബ്ഹ് നിസ്‌കാരത്തിലെ അവസാനത്തെ ഇഅ്തിദാലില്‍ ഖുനൂത്ത് ഓതല്‍ സുന്നത്താണല്ലോ. അതുകൊണ്ടുതന്നെ ഖുനൂത്ത് ഓതാന്‍ വേണ്ടി പ്രസ്തുത ഫര്‍ള് ദീര്‍ഘിപ്പിക്കാം. പ്രാര്‍ത്ഥന ഉള്‍കൊള്ളുന്ന ഒരു സൂക്തം പ്രാര്‍ത്ഥന എന്ന ഉദ്ദേശ്യത്തോടെ ഓതിയാലും ഖുനൂത് ഓതിയതിന്റെ സുന്നത്തു ലഭിക്കും. അതുകൊണ്ടുതന്നെ ഖുനൂതിന്റെ പദം നിര്‍ണ്ണയമല്ല. എന്നാല്‍ നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട, ഏവര്‍ക്കും സുപരിചിതമായ 'അല്ലാഹുമ്മഹ്ദിനീ...' എന്ന പ്രാര്‍ത്ഥനയാണു ഏറ്റം ഉത്തമം. ഈ ഖുനൂതില്‍ ആരംഭിച്ചാല്‍ ഇതു നിര്‍ണ്ണയമായി. പിന്നെ ഖുനൂതിന്റെ സ്ഥാനത്ത് മറ്റു പ്രാര്‍ത്ഥന മതിയാവില്ല. ഇതില്‍നിന്ന് ഒരക്ഷരം ഒഴിവാക്കിയാല്‍ പോലും സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ട്.
ഖുനൂതിനു ശേഷം നബി(സ)യും കുടുംബത്തിന്റെയും സ്വഹാബത്തിന്റെയും മേലില്‍ സ്വലാത്തും സലാമും ചൊല്ലല്‍ സുന്നത്താണ്. ഖുനൂതിന്റെ വേളയില്‍ ചുമലിന്റെ നേരെ ഉയര്‍ത്തിയ കൈ ഖുനൂത് കഴിഞ്ഞാല്‍ താഴ്ത്തിയിടണം. അതിനു ശേഷമാണ് സുജൂദിലേക്ക് കുനിയേണ്ടത്. പലരും ഉയര്‍ത്തിയ കൈ അതേപ്പടി തുടര്‍ന്നു സുജൂദിലേക്ക് പോകുന്നതു കാണാം. ഇതു സുന്നത്തിനു വിരുദ്ധമാണ്. നബിയുടെയും കുടുംബത്തിന്റെയും പേരിലുള്ള സ്വലാത്ത് ഖുനൂതില്‍ ഒഴിവാക്കിയാലും സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ട്.
ഖുനൂതിനും സ്വലാത്തിനും ശേഷം 'റബ്ബിഗ്ഫിര്‍വര്‍ഹം വ അന്‍ത ഖൈറുര്‍റാഹിമീന്‍' എന്നു പറയല്‍ നല്ലതാണ് (സുന്നത്താണ്) എന്ന് ഇമാം റൂയാനി(റ) പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ അനുകരിക്കുന്നവര്‍ക്ക് ഈ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാം. ഇമാമിനു ഉറക്കെയും ചൊല്ലാം. അതേസമയം ശാഫിഈ മദ്ഹബു പ്രകാരം പ്രസ്തുത ദുആ സുന്നത്തില്ലാത്തതിനാല്‍ ഇതു ഒഴിവാക്കിയാല്‍ സഹ്‌വിന്റെ സുജൂദ് സുന്നത്തില്ല. ഇമാം റൂയാനി(റ) സ്വന്തം നിലയില്‍ അഭിപ്രായപ്പെട്ട ഈ പ്രാര്‍ത്ഥന ഇമാം അര്‍ദബീലി(റ), ഇമാം ഇബ്‌നു ഹജര്‍(റ) തുടങ്ങിയ പലരും എടുത്തുദ്ധരിച്ചിട്ടുണ്ട്.
ഇമാം, തനിച്ചു നിസ്‌കരിക്കുന്നവര്‍ തുടങ്ങിയവര്‍ ഖുനൂത് മനപ്പൂര്‍വ്വം ഒഴിവാക്കുകയും റുകൂഇന്റെ അതിര്‍ത്തിയിലേക്ക് എത്തിയ ശേഷം ഖുനൂതിലേക്ക് മടങ്ങുകയും ചെയ്താല്‍ നിസ്‌കാരം ബാത്വിലാവും. ഇവര്‍ മറന്നുകൊണ്ടാണ് ഖുനൂത് ഒഴിവാക്കിയതെങ്കില്‍ ഫര്‍ളുമായി ബന്ധപ്പെടുംമുമ്പ് (സുജൂദില്‍ നെറ്റിവെയ്ക്കും മുമ്പ്) ഓര്‍മ വന്നാല്‍ ഖുനൂതിലേക്ക് മടങ്ങല്‍ സുന്നത്തുണ്ട്. റുകൂഇന്റെ അതിര്‍ത്തിയിലേക്ക് എത്തിയ ശേഷമാണ് മറന്നു ഖുനൂത് ഒഴിവാക്കിയവര്‍ മടങ്ങിയതെങ്കില്‍ സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ട്. ഫര്‍ളുമായി ബന്ധപ്പെട്ട ശേഷം ഖുനൂതിലേക്ക് മടങ്ങിയാല്‍ നിസ്‌കാരം ബാത്വിലാവും. ഹറാമാണെന്ന വിവരമില്ലാതെയോ മറന്നോ മടങ്ങിയാല്‍ ബാത്വിലാവില്ല.
മഅ്മൂം ഖുനൂത് മറന്നു ഒഴിവാക്കിയാല്‍ ഫര്‍ളുമായി ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ഖുനൂതിലേക്ക് മടങ്ങി ഇമാമിനോടു പിന്‍പറ്റണം. അല്ലെങ്കില്‍ 'ഇമാമുമായി വിട്ടുപിരിയുന്നു' എന്നു കരുതണം. രണ്ടുമില്ലെങ്കില്‍ അവന്റെ നിസ്‌കാരം ബാത്വിലാവും.
മഅ്മൂം മനപ്പൂര്‍വ്വം ഖുനൂത് ഒഴിവാക്കിയാല്‍ ഖുനൂതിലേക്ക് മടങ്ങുകയോ സുജൂദില്‍ ഇമാമിനെ പ്രതീക്ഷിക്കുകയോ ഇമാമുമായി വിട്ടുപിരിയുന്നുവെന്നു കരുതുകയോ ചെയ്യാം. ഖുനൂതിലേക്ക് മടങ്ങലാണു ഉത്തമം.
No comments:
Post a Comment