ഹദീസ്: പ്രമാണം, ക്രോഡീകരണം
ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി
ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി
ഇസ്‌ലാമിക നിയമനിര്‍മാണത്തിന് മുഖ്യമായും നാലു പ്രമാണങ്ങളാണുള്ളത്- ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവ. ഈ നാലു പ്രമാണങ്ങളിലൂടെയാണ് ഇസ്‌ലാമിലെ കര്‍മശാസ്ത്ര ആചാരാനുഷ്ഠാന- വിശ്വാസ- ആദ്ധ്യാത്മിക കാര്യങ്ങള്‍ പിറവിയെടുക്കുന്നത്. ഖുര്‍ആനെ കുറിച്ചും ഖുര്‍ആന്‍ശാസ്ത്രത്തെക്കുറിച്ചും ഇന്ന് കേരളത്തില്‍ ധാരാളം പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഹദീസിനെക്കുറിച്ചും ഹദീസ് ശാസ്ത്രത്തെക്കുറിച്ചുമുള്ള പഠനങ്ങള്‍ താരതമ്യേന കുറവാണ്.
എന്നാല്‍, ഈയടുത്തായി ചില കേന്ദ്രങ്ങളില്‍ നിന്ന്, ഹദീസ് പതിപ്പുകളും പഠനങ്ങളും, സ്വിഹാഹുസ്സിത്തയുടെ പരിഭാഷയും വ്യാഖ്യാനവുമെല്ലാം പുറത്തിറങ്ങുകയുണ്ടായി. ഹദീസിന്റെ പ്രാമാണികതക്കു തന്നെ വെല്ലുവിളിയാകുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങളും ശ്രദ്ധയില്‍പ്പെടുകയുണ്ടായി.
ഇത്തരുണത്തില്‍, ഹദീസ് എങ്ങനെ പ്രമാണിമായിത്തീരും എന്നതിലേക്ക് വിരല്‍ചൂണ്ടാനാണ് ഈ പഠനം കൊണ്ട് ലക്ഷ്യമിടുന്നത്. അനന്തമായി വ്യാപിച്ചു കിടക്കുന്ന വിജ്ഞാനങ്ങള്‍ മുഴുവന്‍ പകര്‍ത്തിയെടുക്കാന്‍ നമ്മുടെ തൂലികകള്‍ക്കാവില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്താണ് ഹദീസ്?
'ഹദീസ്' എന്ന പദത്തിന്റെ അര്‍ത്ഥം സംസാരം എന്നാണ്. ഇന്ന് ഈ പദം പ്രവാചക (സ)ന്റെ സംസാരത്തിനാണ് പൊതുവെ പറയപ്പെടുന്നത്. 'കലാം' എന്ന പദത്തിനും സംസാരം എന്നര്‍ത്ഥമുണ്ടെങ്കിലും ഖുര്‍ആനെ കുറിച്ചാണ് 'അല്ലാഹുവിന്റെ കലാം' എന്നു പറയുന്നത്.
സാങ്കേതികമായിപ്പറഞ്ഞാല്‍, 'ഹദീസ്' വെറും സംസാരത്തേക്കാള്‍ വിശാലമായ ഒരു ആശയത്തെയാണ് കുറിക്കുന്നത്. നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൗനസമ്മതങ്ങള്‍ എന്നിവയ്ക്കാണ് സാങ്കേതികാര്‍ത്ഥത്തില്‍ 'ഹദീസ്' എന്നു പറയുന്നത്. സൂക്ഷ്മാര്‍ത്ഥത്തില്‍ വ്യത്യാസമുണ്ടെങ്കിലും ഖബര്‍ (വാര്‍ത്ത), അഥര്‍ (ചിഹ്‌നം), സുന്നത്ത് (ചര്യ) എന്നിവയും ഹദീസിന്റെ പര്യായമായി പ്രയോഗിക്കുന്നുണ്ട്.
നബി(സ) വാചികമായിത്തന്ന സന്ദേശങ്ങളാണ് പ്രവാകന്റെ വാക്കുകള്‍ (അഖ്‌വാല്‍) കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രവാചകന്‍(സ) ചെയ്ത് മാതൃക കാണിച്ച കാര്യങ്ങളെ പ്രവാചകപ്രവൃത്തികള്‍ (അഫ്ആല്‍) എന്നും വിളിക്കുന്നു. പ്രവാചക(സ)ന്റെ മുന്നില്‍ വെച്ച് കാര്യങ്ങള്‍ പറയപ്പെടുകയോ ഒരു സംഗതി പ്രവര്‍ത്തിക്കപ്പെടുകയോ ചെയ്യുകയും പ്രവാചകന്‍(സ) അതിനെ എതിര്‍ക്കാതിരിക്കുകയും ചെയ്താല്‍ അതിനെ മൗനസമ്മതങ്ങള്‍ (തഖ്‌രീര്‍) എന്നു പറയുന്നു. ഈ മൂന്ന് കാര്യങ്ങളുമാണ് ഹദീസിന്റെ സാങ്കേതികാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നത്.
ഖുര്‍ആനും ഹദീസും
ഖുര്‍ആനിന്റെ വ്യാഖ്യാനമാണ് ഹദീസ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്.
''ജനങ്ങള്‍ക്ക്, അവരിലേക്കവതരിപ്പിക്കപ്പെട്ടതിനെ താങ്കള്‍ വിശദീകരിക്കുവാന്‍ വേണ്ടി താങ്കളിലേക്ക് നാം സദുപദേശത്തെ അവതരിപ്പിച്ചു.'' (നഹ്ല്‍ 44).
ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
* ഖുര്‍ആനിന്റെ വിശദീകരണമാണ് ഹദീസ്.
* ഖുര്‍ആന്‍ വിശദീകരിക്കേണ്ടത് പ്രവാചകരാണ്.
* നബി(സ)യുടെ വിശദീകരണം അല്ലാഹുവില്‍ നിന്ന് ലഭിച്ച ആശയങ്ങള്‍ തന്നെയാണ്.
* ഖുര്‍ആന്‍ ഏതു ജനതയ്ക്കാണോ അവതരിപ്പിച്ചത് അതേ ജനതയ്ക്കാണ് ഹദീസും.
ഖുര്‍ആന്‍ സമഗ്രമായ ഒരു ഗ്രന്ഥമാണെന്നതു കൊണ്ട് തന്നെ, അതില്‍ സര്‍വ മതവിധികളും സവിസ്തരം പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ പല വിധികളും വിലക്കുകളും സന്ദര്‍ഭാനുസാരം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഖുര്‍ആനില്‍ 'നിങ്ങള്‍ നിസ്‌കരിക്കുക' എന്ന ആശയം പലവുരു ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും നിസ്‌കാരത്തിന്റെ സമ്പൂര്‍ണമായ രീതി എവിടെയും പ്രതിപാദിച്ചുകാണുന്നില്ല.
അതിനാല്‍ നിസ്‌കാരത്തിന്റെ നാം അനുവര്‍ത്തിച്ചു വരുന്ന രീതി, പ്രവാചകന്റെ പ്രവര്‍ത്തനത്തിലൂടെ മാത്രം ലഭിച്ചതാണ്. ''ഞാന്‍ നിസ്‌കരിക്കുന്നത് നിങ്ങള്‍ ഏതു പ്രകാരമാണോ കാണുന്നത് അപ്രകാരം നിങ്ങളും നിസ്‌കരിക്കുക'' എന്നു നബി(സ) പറയുകയും കണ്ടതനുസരിച്ച് അനുയായികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ഈ പ്രവര്‍ത്തനശൃംഖല ഇന്നേവരെ തുടര്‍ന്നു വരുന്നു. അതിനിടയില്‍ നിസ്‌കാരം എങ്ങനെ നിര്‍വഹിക്കുമെന്നതിനെക്കുറിച്ച് വാചികമായ സന്ദേശവും വന്നു. ഒരു സ്വഹാബി, വളരെ ധൃതിയില്‍ വന്ന് വേണ്ടത്ര ഗൗനിക്കാതെ വുളു ചെയ്യുകയും വസ്ത്രം വലിച്ചിഴക്കുകയും ചെയ്ത് നിസ്‌കരിച്ചപ്പോള്‍, നബി (സ) ആ സ്വഹാബിയെ വിളിച്ച് നിസ്‌കാരത്തിന്റെ ഓരോ പ്രവര്‍ത്തനവും അനുക്രമമായി പറഞ്ഞു കൊടുത്ത സംഭവം നിരവധി സ്വഹാബികള്‍ നിവേദനം ചെയ്തിട്ടുണ്ട്.
ചുരുക്കത്തില്‍, ഖുര്‍ആനിന്റെ വ്യാഖ്യാനപരമായ സമ്പൂര്‍ണതയ്ക്കും ഇസ്‌ലാമിക നിയമത്തിന്റെ പരിപൂര്‍ണതയ്ക്കും ഹദീസ് അത്യന്താപേക്ഷിതമാണ്. ഖുര്‍ആനിന്റെ വിധികള്‍ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടു വന്നതും നടപ്പാക്കിയതും നബി(സ)യാണല്ലോ. അതിനാല്‍, നബി(സ) എന്തു ചെയ്താലും അത് നിയമമായി മാറുന്നു.
അല്ലാഹുവിനെ അനുസരിക്കുന്നതുപോലെ പ്രവാചകനെയും അനുസരിക്കണമെന്ന് ധാരാളം സൂക്തങ്ങളില്‍ കാണാം.
''നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, തിരുദൂതെരയും അനുസരിക്കുക; നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും (അനുസരിക്കുക). ഇനി ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ തര്‍ക്കിച്ചാല്‍ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും നിങ്ങള്‍ അതിനെ മടക്കുക.'' എന്ന ആയത്തില്‍ ഇസ്‌ലാമിന്റെ നാലു പ്രമാണങ്ങള്‍ക്കുള്ള അടിസ്ഥാനപരമായ തെളിവുണ്ട്.
''നിങ്ങള്‍ക്ക് ദൈവദൂതന്‍ കൊണ്ടുവന്നത് സ്വീകരിക്കുക; എന്തിനെ തൊട്ട് വിരോധിച്ചുവോ അതില്‍ നിന്ന് വെടിഞ്ഞു നില്‍ക്കുക'' എന്ന ഖുര്‍ആന്‍ സൂക്തത്തിലും പ്രവാചകനെ അനുസരിക്കാനുള്ള വ്യക്തമായ സന്ദേശമാണുള്ളത്.
''നബിയേ, അങ്ങ് പറയുക- നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്നെ പിന്‍പറ്റുക, എങ്കില്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും'' എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. 'നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ നല്ല മാതൃകയുണ്ട'് എന്ന ഖുര്‍ആന്‍ സൂക്തവും പ്രസിദ്ധമത്രേ.
ഹദീസ് എങ്ങനെ
പ്രമാണമാകുന്നു?
ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണ് എന്നതു പോലെ ഹദീസിന്റെ ആശയങ്ങളും അല്ലാഹുവില്‍ നിന്നുള്ളതാണ്. ദൈവികമായ സന്ദേശമാണിതെന്നതു കൊണ്ടാണ് ഹദീസ് പ്രമാണമാകുന്നത്. നബി(സ)യില്‍ മനുഷ്യത്വം, പ്രവാചകത്വം എന്നീ രണ്ടു വശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇതില്‍ പ്രവാചകത്വം എന്ന വശത്തെ പരിഗണിക്കുമ്പോഴാണ് ഹദീസ് പ്രമാണമായി മാറുന്നത്. വെറും മനുഷ്യനായതു കൊണ്ട് പ്രവാചക വചനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, ദീനിന്റെ പല വശങ്ങളും മനുഷ്യനിര്‍മിതമാണെന്നു പറയേണ്ടി വരും.
ചുരുക്കത്തില്‍, ഹദീസില്‍ നബി(സ) സ്വേഷ്ട പ്രകാരം പറയുന്നതായി ഒന്നുമില്ല. ''അവിടുന്ന്, സ്വേഷ്ടപ്രകാരം ഒന്നും പറയുന്നില്ല, അത് ദിവ്യബോധനം നല്‍കപ്പെട്ട ബോധനമല്ലാതെ അല്ല.'' (നജ്മ്- 3,4).
പല വിഷയങ്ങളോടും നബി(സ)യോട് സംശയ നിവാരണം തേടിയപ്പോള്‍, പ്രവാചകന്‍(സ) മൗനം ദീക്ഷിക്കുകയും അല്‍പസമയത്തിനു ശേഷം ചോദ്യകര്‍ത്താവിനെ തിരക്കുകയും ചോദ്യം ആവര്‍ത്തിക്കാന്‍ പറയുകയും അതിനു വ്യക്തമായ മറുപടി നല്‍കുകയും ചെയ്ത സംഭവങ്ങള്‍ ധാരാളം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത സംശയങ്ങള്‍ക്കുള്ള മറുപടി വഹ്‌യിലൂടെ പ്രതീക്ഷിക്കുകയായിരുന്നു എന്നാണ് ഈ മൗനത്തിനു കാരണമായി ഹദീസ് വ്യാഖ്യാതാക്കള്‍ പറയുന്നത്.
ഖുര്‍ആനിന്റെ വിവരണമാണ് ഹദീസ് എന്നു പറയുമ്പോള്‍, പ്രവാചകന്റെ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മൗനാനുവാദങ്ങളിലൂടെയും സൃഷ്ടിച്ച മാതൃകയാണ് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ എന്നു പറയാം. ആയിശ ബീവി (റ)യോട് പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'തങ്ങളുടെ സ്വഭാവം ഖുര്‍ആനായിരുന്നു' എന്നു മറുപടി പറഞ്ഞത് ഇതുമായി ചേര്‍ത്തു വായിക്കാം.
ഹദീസുകളും അല്ലാഹുവില്‍നിന്നുള്ള സന്ദേശങ്ങളാണെങ്കില്‍ പിന്നെ, ഖുര്‍ആനും ഹദീസും തമ്മിലുള്ള വ്യത്യാസമെന്തായിരിക്കും? പ്രധാനമായും രണ്ടു വ്യത്യാസങ്ങളാണ് എണ്ണപ്പെടുന്നത്.
ഒന്ന്: ഖുര്‍ആനിന്റെ ആശയവും വചനങ്ങളും അല്ലാഹുവില്‍ നിന്നാണ്. ഹദീസില്‍ ആശയം അല്ലാഹുവില്‍നിന്നും പദവിന്യാസം പ്രവാചകനില്‍ നിന്നുമാണ്.
രണ്ട്: ഖുര്‍ആനിന്റെ സൂക്തങ്ങള്‍ ഉരുവിടുന്നത്, അര്‍ത്ഥമറിഞ്ഞാലും ഇല്ലെങ്കിലും ആരാധനയായി (തഅബ്ബുദ്) ഗണിക്കപ്പെടുന്നു. ഖുര്‍ആനിലെ ഒരക്ഷരം ഓതിയാല്‍ പത്ത് പുണ്യം ലഭിക്കുമെന്ന് ഹദീസില്‍ തന്നെ വന്നതാണ്. ഇങ്ങനെയൊരു ആരാധനാ സ്വഭാവം ഹദീസിനില്ല.
ഹദീസ് മുഴുവന്‍ ദൈവികമാണെങ്കില്‍, അവ മുഴുവന്‍ ചോദ്യംചെയ്യാതെ അംഗീകരിക്കാന്‍ നിര്‍ബന്ധമാവും. അപ്പോള്‍ ബാഹ്യമായ പരസ്പര വൈരുദ്ധ്യമോ ആശയപരമായ പൊരുത്തക്കേടോ ഉള്ള ഹദീസുകളില്‍ എന്തെങ്കിലും ഒന്നിന് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടിവരുന്നു. അങ്ങനെയാണെങ്കില്‍ മുന്‍ഗണനയുടെ മാനദണ്ഡങ്ങള്‍ എന്തായിരിക്കും?
നിവേദക ശൃംഖലയാണ് ഇവിടെ പഠനവിധേയമാക്കുന്നത്. ഹദീസ് വിശകലനം ചെയ്യുന്ന പണ്ഡിതന്, ഏത് നിവേദകര്‍ (റുവാത്) വഴിയാണ് ഈ ഹദീസ് ലഭിച്ചതെന്ന് പരിശോധിക്കുന്നു. അതില്‍ ഏറ്റവും സ്വീകാര്യമായത് അദ്ദേഹം സ്വീകരിക്കുകയും ബാക്കിയുള്ളത് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഒരു പണ്ഡിതന്‍ തനിക്ക് കിട്ടിയ നിവേദന ശൃംഖലയാണ് അവലംബിക്കുന്നത് എന്നതിനാല്‍, ഒരാളുടെ പക്ഷത്ത് ഏറ്റവും സ്വീകാര്യമായ ഒരു ഹദീസ് തന്നെ മറ്റൊരു പണ്ഡിതന്റെയടുക്കല്‍ ഏറെ സ്വീകര്യമാകണമെന്നില്ല. ഈ രീതിയിലാണ് വളരെ ചുരുക്കിപ്പറഞ്ഞാല്‍, കര്‍മശാസ്ത്ര സരണികള്‍ വ്യത്യാസപ്പെടുന്നത്.
ഹദീസ് നിവേദകപരമ്പര പൂര്‍ണമായും സ്വീകാര്യമാണെന്നും താരതമ്യേന കുറ്റമറ്റതാണെന്നും ബോധ്യപ്പെട്ടാല്‍, പിന്നെ നിവേദിത വചനത്തില്‍ പറഞ്ഞ ഹദീസുകള്‍ യുക്തിക്ക് നിരക്കുന്നതാണെന്നോ ശാസ്ത്രീയമായി തെളിയിക്കാവുന്നതാണെന്നോ മറ്റോ നേക്കേണ്ടതില്ല. കാരണം, പ്രവാചകന്‍(സ) ആ വചനം മൊഴിഞ്ഞുവെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം തെളിഞ്ഞാല്‍ അത് മതത്തിന്റെ ഭാഗമായി. നമ്മുടെ യുക്തി അംഗീകരിക്കുന്നത് മാത്രമാണ് മതം എന്നു പറയാവതല്ലല്ലോ.
എന്നാല്‍ ഹദീസുകള്‍ സ്വീകരിക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍ ഇവിടെയും പരിഗണനീയമാണ്. ഇത്തരം ചര്‍ച്ചകള്‍ക്കായി പ്രത്യേകം രൂപപ്പെട്ട വിജ്ഞാനശാഖയാണ് ഹദീസ് സാങ്കേതിക ശാസ്ത്രം (ഇല്‍മു മുസ്ഥലഹില്‍ ഹദീസ്).
ഹദീസ് സാങ്കേതിക ശാസ്ത്രം
ഹദീസില്‍ നിന്ന് വ്യത്യസ്തമായ എന്നാല്‍ ഹദീസ് വിജ്ഞാനവുമായി അഭേദ്യമായി ബന്ധപ്പെട്ട വിജ്ഞാന ശാഖയാണ് ഹദീസ് സാങ്കേതിക ശാസ്ത്രം (ഇല്‍മു മുസ്ഥലഹില്‍ ഹദീസ്). ഖുര്‍ആനെയും വ്യാഖ്യാനങ്ങളെയും യഥാവിധി മനസ്സിലാക്കുവാന്‍ ഉലൂമുല്‍ ഖുര്‍ആന്‍ അത്യന്താപേക്ഷിതമായ പോലെ, കര്‍മശാസ്ത്രം മനസ്സിലാക്കുന്നതിന് അതിന്റെ അടിസ്ഥാന മാനകങ്ങളായ ഉസ്വൂലുല്‍ ഫിഖ്ഹ് ആവശ്യമായ പോലെ, ഹദീസില്‍ നിന്ന് വിധികള്‍ കണ്ടെത്തുന്നതിനും, കണ്ടെത്തിയ വിധികള്‍ ഏതടിസ്ഥാനത്തിലെന്നു മനസ്സിലാക്കുന്നതിനും അത്യാവശ്യമായ ഒരു വിജ്ഞാനശാഖയാണ് ഹദീസ് ശാസ്ത്രം (ഇല്‍മുല്‍ ഹദീസ്).
''നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അവസ്ഥകള്‍ എന്നിവ അറിയാനുള്ള ഒരു വിജഞാനശാഖയാണിത്'' എന്ന് 'കശ്ഫുള്ളുനൂന്‍' നിര്‍വചിക്കുന്നു. ഹദീസ് പഠനത്തിന്റെ രീതി, നിവേദന ശാസ്ത്രം, നിവേദക ശൃംഖലയുടെ വ്യവസ്ഥകള്‍, ഹദീസുകളുടെ തരംതിരിവ്, ഹദീസ് സമാഹരണം, ഏതെല്ലാം ഹദീസുകള്‍ സ്വീകാര്യമാണ് തുടങ്ങിയ ഒട്ടനവധി വിഷയങ്ങള്‍ ഇല്‍മുല്‍ ഹദീസ് പ്രതിപാദിക്കുന്നുണ്ട്. ഈ ശാസ്ത്രത്തെ പൊതുവേ രണ്ടായി തരംതിരിക്കാറുണ്ട്.
1. ഹദീസ് നിവേദന ശാസ്ത്രം
(ഇല്‍മു റിവായതില്‍ ഹദീസ്).
നിവേദക ശൃംഖല പ്രവാചകനില്‍ എത്തി നില്‍ക്കുന്നോ ഇല്ലെയോ, നിവേദകന്‍മാര്‍ എത്രത്തോളം കണിശതയും നീതിയും പുലര്‍ത്തുന്നവരാണ് എന്നിങ്ങനെ നിവേദനവുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണിത്. ഇതിനെ 'ഹദീസ് അടിസ്ഥാന ശാസ്ത്രം' (ഇല്‍മു ഉസ്വൂലില്‍ ഹദീസ്) എന്നും പറയുന്നു. അടിസ്ഥാ ശാസ്ത്രം മറ്റൊരു ഉപശാഖയാണെന്ന് പറയുന്ന പണ്ഡിതന്‍മാരുമുണ്ട്.
2. ഹദീസ് ഗ്രഹണ ശാസ്ത്രം
(ഇല്‍മു ദിറായതില്‍ ഹദീസ്).
നിവേദിത വചനം (മത്ന്‍) ആണ് ഇവിടെ പ്രതിപാദ്യ വിഷയം. മത്‌നില്‍ നിന്ന് വിധികള്‍ കണ്ടെത്തുകയും, നബിവചനങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുകയാണ് ഈ ശാസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹദീസ് മനസ്സിലാക്കിയെടുക്കുന്നതിന് അറബി ഭാഷയിലെ അഗാധപരിജ്ഞാനം, ശരീഅത്തിന്റെ മാനദണ്ഡങ്ങള്‍ എന്നിവയെ അവലംബിക്കേണ്ടതുണ്ട്.
ഹദീസിന്റെ വിവിധയിനങ്ങള്‍
ഹദീസ് സാങ്കേതികശാസ്ത്രത്തില്‍ ഹദീസിന്റെ വിവിധ തരങ്ങളെക്കുറിച്ചുള്ള പഠനം പ്രത്യേകം പരിഗണനയര്‍ഹിക്കുന്നു. ഏതെല്ലാം രീതിയിലുള്ള ഹദീസുകള്‍ തെളിവായി സ്വീകരിക്കാമെന്നും, ഏതെല്ലാം തള്ളപ്പെടുമെന്നും സ്വീകാര്യമായവയില്‍ തന്നെ ഏതിന് മുന്‍ഗണന നല്‍കുമെന്നും മറ്റും തീരുമാനിക്കുന്നത് ഈ വിഭജനം മുന്‍നിര്‍ത്തിയാണ്.
ഹദീസ് നിവേദക ശൃംഖലയെയാണ് ഈ തരം തിരിവിന് ആശ്രയിക്കുന്നത്. പ്രധാനപ്പെട്ട ഇനങ്ങളെ ഉദാഹരണത്തിനായി ഇവിടെ പ്രതിപാദിക്കാം.
മുതവാതിര്‍:- നിവേദക ശൃംഖലയിലെ ഓരോ ഘട്ടത്തിലും കളവില്‍ യോജിക്കാന്‍ സാധിക്കാത്ത എണ്ണം ആളുകള്‍ നിവേദനം ചെയ്ത ഹദീസുകള്‍ക്കാണ് മുതവാതിര്‍ എന്നു പറയുന്നത്. ഹദീസിന്റെ വചനത്തിലും ആശയത്തിലും ഇതേ എണ്ണം ആളുകളുണ്ടെങ്കില്‍ അതിനെ വാചികമായ മുതവാതിര്‍ (മുതവാതിര്‍ ലഫ്‌ളീ) എന്നു പറയും. ആശയപരമായി മാത്രമേ ഇതുള്ളൂ എങ്കില്‍ മുതവാതിര്‍ മഅ്‌നവീ (ആശയപരമായ മുതവാതിര്‍) എന്നു പറയുന്നു.
മശ്ഹൂര്‍:- ശൃംഖലയുടെ ഓരോ ഘട്ടത്തിലും മൂന്നോ അതിലധികമോ നിവേദകന്‍മാരുണ്ടെങ്കില്‍ അതിനെ മശ്ഹൂര്‍ എന്നോ മുസ്തഫീള് എന്നോ വിളിക്കും.
അസീസ്:- നിവേദക ശൃംഖലയിലെ ഓരോ ഘട്ടത്തിലും രണ്ടോ അതിലധികമോ നിവേദകന്‍മാരുണ്ടെങ്കില്‍ അതിന് അസീസ് എന്നു പറയും.
ഗരീബ്:- നിവേദക ശൃംഖലയിലെ ഒരു ഘട്ടത്തിലോ, ഒന്നിലധികം ഘട്ടങ്ങളിലോ ഒരു നിവേദകന്‍ മാത്രമാണ് ഉള്ളതെങ്കില്‍ അതിനെ ഗരീബ് എന്നു വിളിക്കും.
മുതവാതിറായ ഹദീസിന്റെ വിധി ഖണ്ഡിതമാണ്. ഇതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം കാണില്ല. മുതവാതിറാകാത്തവയെ പൊതുവായി ഖബറുവാഹിദ്, ആഹാദ് എന്നൊക്കെ പറയാം. ഇവയില്‍ തെളിവുദ്ധരിക്കാന്‍ പറ്റുന്നവയും പറ്റാത്തയവയുമുണ്ട്.
സ്വഹീഹ്, ഹസന്‍ എന്നിങ്ങനെ, സ്വീകാര്യമായ ഹദീസുകളെ രണ്ടായി തിരിച്ചിരിക്കുന്നു.
വിശ്വസ്തതയും കൃത്യനിഷ്ഠതയും ഉള്ള നിവേദകര്‍, ഇടമുറിയാത്ത രീതിയിലുള്ള ശൃഖലയുടെ മറ്റു നിവേദനങ്ങളോട് ആശയപരമായി വിയോജിക്കാത്ത രീതിയില്‍ ഉദ്ധരിക്കുന്ന, ന്യൂനതകളില്ലാത്ത ഹദീസുകളാണ് സ്വഹീഹുകള്‍. ഇവയുടെ തൊട്ടുതാഴെയാണ് ഹസനിന്റെ സ്ഥാനം. അഥവാ, വിശ്വസ്തതയിലും, കൃത്യനിഷ്ഠയിലും സ്വഹീഹിലെ നിവേദകന്‍മാരുടെ സ്ഥാനത്തേക്കാള്‍ അല്‍പം കുറഞ്ഞ നിവേദകന്‍മാര്‍ ഉപര്യുക്ത രീതിയില്‍ രേഖപ്പെടുത്തുന്ന ഹദീസുകളാണിവ.
പ്രബലമല്ലാത്ത (ളഈഫ്) ഹദീസുകളാണ് തെളിവിനായി സ്വീകരിക്കാന്‍ പറ്റാത്തതായി ഉള്ളത്. എന്നാല്‍ ചില വ്യവസ്ഥകളോടെ അവയെ പുണ്യകരമായ ആരാധന സ്വീകരിക്കുന്നതിന് തെളിവാക്കാറുണ്ട്. ബലഹീനത ശക്തമാവരുത്, ശറഇലെ പൊതുവായ നിയമത്തിനു കീഴില്‍ വരുന്നതാവണം, സ്വഹീഹായി വന്ന ഹദീസുകളുടെ ആശയത്തോട് വിരുദ്ധമാകാതിരിക്കണം എന്നീ വ്യവസ്ഥകള്‍ പരിഗണിച്ചതിനു ശേഷമേ ഇവ എന്തിനും തെളിവായി സ്വീകരിക്കാവൂ.
ഇതിനു പറമെ, മൗദൂഅ്, മുദല്ലസ്, മുന്‍ഖഥിഅ്, മുന്‍കര്‍, മുഅ്ദല്‍, മുര്‍സല്‍, മുഅല്ലല്‍, മതൂക് എന്നിങ്ങനെ നിവേദക ശൃംഖല അവലംബമാക്കി പല പേരുകളിലും ഹദീസുകള്‍ അറിയപ്പെടുന്നു. ഇവയില്‍ മൗദൂഅ് കെട്ടിച്ചമച്ച ഹദീസുകളാണ്. അവ തെളിവുദ്ധരിക്കാന്‍ തീരെ കൊള്ളില്ല.
ഒരു ഹദീസ് പ്രബലമല്ല, ളഈഫാണ് എന്നതുകൊണ്ട് പ്രവാചകന്‍ ആ വചനം മൊഴിഞ്ഞിട്ടില്ല എന്നര്‍ത്ഥമില്ല. പ്രത്യുത, ആ വചനം നമ്മിലേക്കെത്തിച്ച നിവേദക ശൃംഖലക്കാണ് യഥാര്‍ത്ഥത്തില്‍ കുഴപ്പം സംഭവിച്ചിരിക്കുന്നത്. ഉദാഹരണമായി നിവേദക ശൃംഖലയിലെ ഏതെങ്കിലുമൊരാള്‍ ജീവിതത്തില്‍ കളവു പറഞ്ഞതായി സ്ഥിരപ്പെട്ടാലോ, കൃത്യനിഷ്ഠയെക്കുറിച്ച് നാം അജ്ഞരായാലോ ഹദീസ് അസ്വീകാര്യമാകുന്നു. അതിന്റെയര്‍ത്ഥം, ഈ ഹദീസ് അദ്ദേഹം കെട്ടിച്ചമച്ചതാണെന്നല്ല. എന്നാല്‍ നാം ഹദീസ് സ്വീകരിക്കാതിരിക്കുന്നത് ദീനിലെ സൂക്ഷ്മതയുടെ ഭാഗമാണെന്നു പറയാം. അതിനാല്‍ പ്രബലമായ മതവിധികള്‍ പുറപ്പെടുവിക്കുന്നതിനും കര്‍മശാസ്ത്ര സരണികളും വിശ്വാസങ്ങളും രൂപപ്പെടുത്തുന്നതിനും ഇത്തരം ഹദീസുകള്‍ സ്വീകാര്യമല്ലെങ്കിലും സല്‍കര്‍മങ്ങളിലും, പ്രവാചകന്‍(സ) വാഗ്ദാനം ചെയ്ത പ്രതിഫലങ്ങള്‍ മനസ്സിലാക്കുന്നതിനും സദുപദേശങ്ങള്‍ നല്‍കുന്ന അവസരങ്ങളിലും ഇത്തരം ഹദീസ് സ്വീകരിക്കുന്നു.
ഹദീസ് ക്രോഡീകരണം
പ്രവാചകന്‍ (സ)ന്റെ കാലത്ത് ഹദീസുകള്‍ ക്രോഡീകരിക്കാന്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കപ്പെട്ടിരുന്നില്ല. ഖുര്‍ആന്‍ സൂക്തങ്ങളുമായി ഇടകലര്‍ന്ന് ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാന്‍ ഒരുവേള അത് വിലക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എഴുതിവെക്കാന്‍ അനുവാദം ചോദിച്ചവര്‍ക്ക് അതിന് അനുവാദം നല്‍കിയതായും പല സംഭവങ്ങളും വ്യക്തമായ സൂചനകളാണ് നല്‍കുന്നത്.
ആദ്യകാലത്ത് ഹദീസ് എഴുതപ്പെടാതിരിക്കാനും ക്രോഡീകരിക്കപ്പെടാതിരിക്കാനും മുഖ്യമായും നാലു കാരണങ്ങളാണ് പറയപ്പെടുന്നത്.
ഒന്ന്: നബി(സ)യില്‍ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല.
രണ്ട്: ജനങ്ങള്‍ വമ്പിച്ച ഗ്രഹണശക്തിയുടെയും മനഃപാഠശക്തിയുടെയും ഉടമസ്ഥരായിരുന്നു.
മൂന്ന്: ധര്‍മസമരം, മതപ്രചാരണം തുടങ്ങിയ കാര്യങ്ങളില്‍ ജനം വ്യാപൃതരായതിനാല്‍ ഹദീസ് ക്രോഡീകരണത്തിന് മതിയായ സമയം ലഭിച്ചില്ല.
നാല്: ജനങ്ങളില്‍ ഭൂരിഭാഗവും എഴുത്തും വായനയും അറിയാത്തവരായിരുന്നു. അതിനാല്‍ കൂടുതല്‍ പേര്‍ക്കും എഴുതാനോ, എഴുതിവെക്കപ്പെട്ടവയില്‍ നിന്ന് വല്ലതും നേടാനോ സാധിക്കുമായിരുന്നില്ല.
സ്വഹാബികളിലും താബിഉകളിലും ഹദീസ് എഴുതുന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. ഇബ്‌നു ഉമര്‍(റ), ഇബ്‌നു മസ്ഊദ് (റ), അബൂമൂസല്‍ അശ്അരി (റ) മുതലായവര്‍ ഹദീസ് എഴുതിവെക്കുന്നത് പ്രോത്സാഹജനകമല്ല എന്ന പക്ഷക്കാരായിരുന്നു. എന്നാല്‍ ഉമര്‍(റ), അലി(റ), ഹസന്‍(റ), അനസ്(റ), ജാബിര്‍(റ), അബ്ദുല്ലാഹിബ്‌നു അംറില്‍ ആസ്വ്(റ), അഥാഅ്(റ), സഈദുബ്‌നു ജുബൈര്‍(റ) തുടങ്ങിയവര്‍ ഹദീസ് എഴുതുന്നത് അനുവദനീയമാണെന്നു പറയുകയും അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്തു.
എന്നാല്‍ പില്‍ക്കാലത്ത് ഈ അഭിപ്രായവ്യത്യാസം അവസാനിച്ചുവെന്നും, ഹദീസ് ക്രോഡീകരണം അത്യന്താപേക്ഷിതമാണെന്ന അഭിപ്രായത്തില്‍ പണ്ഡിതന്‍മാരും ലോക മുസ്‌ലിംകളും എത്തിച്ചേര്‍ന്നുവെന്നും ഇബ്‌നുസ്സ്വലാഹ്, അല്‍ ഹാഫിസ് ഇബ്‌നു ഹജറില്‍ അസ്ഖലാനി തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യവസ്ഥാപിതമായ രീതിയില്‍, ഹദീസ് ക്രോഡീകരിക്കാന്‍ തുടങ്ങിയത്, ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കാലത്ത് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു. ഉമറുബ്‌നു അബ്ദുല്‍അസീസ് തന്റെ ഭരണപ്രവിശ്യയിലെ പണ്ഡിതന്‍മാരിലേക്ക് നേരിട്ടെഴുതുകയും ഹദീസുകള്‍ സമാഹരിക്കാന്‍ കല്‍പിക്കുകയും ചെയ്തു. സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ ഇല്‍മില്‍ ഇങ്ങനെ കാണാം: ''ഉമറുബ്‌നു അബ്ദുല്‍അസീസ്, അബൂബക്കര്‍ ബിന്‍ ഫാസ്മിന്ന് എഴുതി. നബി(സ)യുടെ ഹദീസുകളെക്കുറിച്ച് നീ ചിന്തിക്കുകയും എഴുതുകയും ചെയ്യുക, കാരണം, വിജ്ഞാനം മാഞ്ഞുപോവുന്നതും പണ്ഡിതന്‍മാര്‍ മരിച്ചുപോവുന്നതും ഞാന്‍ ഭയക്കുന്നു.''
ഇങ്ങനെ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ നിര്‍ദേശപ്രകാരം ഹദീസ് ക്രോഡീകണം നടത്തിയ ആദ്യത്തെ പണ്ഡിതന്‍ ഇമാം സുഹ്‌റി (ഹി.50-ഹി 124) ആണ്. മുഹമ്മദ് ബിന്‍ മുസ്‌ലിംബിന്‍ ഉബൈദില്ലാ ഹിബ്‌നി അബ്ദില്ലാഹിബ്‌നി ശിഹാബ് സ്സുഹ്‌രി എന്നാണ് മുഴുവന്‍ പേര്.
ഹദീസ് ക്രോഡീകരണത്തെ അഞ്ചു ഘട്ടങ്ങളായി തിരിക്കാം. ഹിജ്‌റ പതിനൊന്നു വരെയുള്ള അഥവാ, നബി(സ)യുടെ വഫാത്ത് വരെയുള്ള കാലമാണ് ഇതില്‍ ഒന്നാം ഘട്ടം. ജാബിറുബ്‌നു അബ്ദില്ല, സഅ്ദുബിനു ഉബാദ, അബ്ദുല്ലാഹിബ്‌നു അബീ ഔഫ് തുടങ്ങിയ പല സ്വഹാബികളും സ്വന്തമായി എഴുതിവെച്ച ഏടുകള്‍ മാത്രമാണ് ഈ ഘട്ടത്തില്‍ കാണാന്‍ കഴിയുന്നത്. നബി(സ)യുടെ കത്തിടപാടുകളും, സന്ധികളും, അഭയപത്രങ്ങളും ഈ കാലഘട്ടത്തില്‍ തന്നെ ലിഖിതരേഖയാണ്.
ഹിജ്‌റ പതിനൊന്നു മുതല്‍ 100 വരെയുള്ള കാലഘട്ടമാണ് ഹദീസ് ക്രോഡീകരണത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നത്. നബി(സ)യുടെ വഫാത്തിനു ശേഷം അലി(റ), ഇബ്‌നു അബ്ബാസ്(റ) തുടങ്ങിയ സ്വഹാബികളും, സുഹ്‌റി പോലെയുള്ള താബിഉകളും സമാഹരിച്ച ക്രോഡീകരണങ്ങളാണ് ഈ ഘട്ടത്തില്‍ പ്രധാനമായും എണ്ണപ്പെടുന്നത്.
ഹിജ്‌റ 101 മുതല്‍ 200 വരെയുള്ള കാലഘട്ടമാണ് ഹദീസ് ക്രോഡീകരണത്തിലെ മൂന്നാം ഘട്ടം. ഇക്കാലത്ത് നിരവധി ഹദീദ് പണ്ഡിതന്‍മാര്‍ വ്യവസ്ഥാപിതമായ രീതിയല്‍, വ്യത്യസ്ത നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഹദീസ് പഠനത്തിന്റെ വ്യാപനം നടത്തുകയുണ്ടായി. മഹാനായ ഇമാം മാലിക്ബ്‌നു അനസ്(റ)ന്റെ മുവഥ്ഥ്വയാണ് ഈ ഘട്ടത്തില്‍ സമാഹരിക്കപ്പെട്ട ഹദീസ് ഗ്രന്ഥം. ഇതിനെ ലക്ഷണമൊത്ത ആദ്യത്തെ ഹദീസ് ഗ്രന്ഥമായി വിശേഷിപ്പിക്കാം.
ഹിജ്‌റ 200 മുതല്‍ 300 വരെയുള്ള കാലഘട്ടത്തെ ഹദീസ് ക്രോഡീകരണത്തിന്റെ നാലാം ഘട്ടമായി കണക്കാക്കുന്നു. സ്വിഹാഹുസ്സിത്തയുടെ രചയിതാക്കളായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം(റ), അബൂദാവൂദ്(റ), തിര്‍മിദി(റ), നസാഈ(റ), ഇബ്‌നു മാജ(റ) എന്നീ ഗ്രന്ഥങ്ങളും മുസ്‌നദ് അഹ്മദ്, ദാരിമി, അല്‍വാഖിദി തുടങ്ങിയ മഹാഗ്രന്ഥങ്ങളും പ്രത്യക്ഷപ്പെട്ടത് ഈ കാലത്താണ്.
ഹിജ്‌റ 300 മുതല്‍ 600 വരെയുള്ള അഞ്ചാം ഘട്ടം ദാറഖുഥ്‌നീ, ബൈഹഖീ, അഹ്മദ്ബ്ന്‍ ഹുസൈന്‍ തുടങ്ങിയ പണ്ഡിതന്‍മാരുടെ യുഗമാണ്. ഈ പറയപ്പെടുന്ന പണ്ഡിതന്‍മാര്‍ മുഴുവനും ഹദീസ് നിവേദിത വചനത്തോടൊപ്പം നിവേദക ശൃംഖലയെയും ഉള്‍ക്കൊള്ളിച്ചാണ് രചന നടത്തിയത്. പില്‍ക്കാലത്ത് നിവേദക ശൃംഖലയുടെ പ്രസക്തി കുറഞ്ഞു പോവുകയും ഹദീസ് വചനങ്ങള്‍ മാത്രം സമാഹരിക്കപ്പെടുകയും ചെയ്തു.
ഉപര്യുക്ത കാലഘട്ടങ്ങളില്‍ സമാഹരിക്കപ്പെട്ട ഗ്രന്ഥങ്ങളെ അവലംബിച്ച്, വിഷയാധിഷ്ഠിതമായി ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളും ഉണ്ടായി. മിശ്കാതുല്‍ മസ്വാബീഹ്, ഇമാം നവവി (റ)യുടെ 'രിയാളുസ്സ്വാലിഹീന്‍' തുടങ്ങിയവ ഉദാരണം. അധ്യാത്മിക കര്‍മശാസ്ത്രം, സ്വഭാവസംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ആസ്പദമാക്കിയാണ് ഇത്തരം ക്രോഡീകരണം. അവലംബകൃതികളുടെ പേരും അതത് ഹദീസുകളുടെ കൂടെത്തന്നെ കാണിച്ചിരിക്കാം. ഹദീസ് നിവേദനം ചെയ്ത സ്വഹാബി, അല്ലെങ്കില്‍ താബിഈയുടെ പേരു മാത്രമേ നിവേദക ശൃംഖലയില്‍ കാണിച്ചിരിക്കൂ. ഇത്തരം ക്രോഡീകരണങ്ങള്‍ ഇന്നും നടക്കുന്നുണ്ട്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ നാം ഏതെങ്കിലും വിഷയത്തിനു തെളിവുകളുദ്ധരിക്കുമ്പോള്‍, നിവേദക ശൃംഖലയുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ മാത്രമേ പരിഗണിക്കാറുള്ളൂ.
ഗ്രന്ഥങ്ങള്‍ വിവിധയിനം
ക്രോഡീകരണത്തിന്റെ ശൈലിക്കും മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് ഹദീസ് ഗ്രന്ഥങ്ങള്‍ വിവിധ പേരുകളിലാണറിപ്പെടുന്നത്. അവയെക്കുറിച്ചുള്ള ലഘുപരിചയമാണ് താഴെ:
1. സ്വിഹാഹ്:- ഹദീസ് നിവേദന ശാസ്ത്രമനുസരിച്ച് സ്വഹീഹായ ഹദീസുകള്‍ മാത്രം ക്രോഡീകരിച്ചതാണ് സ്വിഹാഹ്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സ്വഹീഹു ഇബ്‌നു ഖുസൈമ എന്നിവ ഉദാഹരണം.
2. ജാമിഅ്:- വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ജാമിഅ്. വിശ്വാസം (അഖാഇദ്), വിധികള്‍ (അഹ്കാം), അധ്യാത്മികത, സംസ്‌കാരം (ആദാബ്), വ്യാഖ്യാനം (തഫ്‌സീര്‍), ചരിത്രം (താരീഖ്, സിയര്‍), വിപത്തുകള്‍ (ഫിതന്‍), വ്യക്തിവിശേഷണം (മനാഖിബ്) എന്നിങ്ങനെ എട്ടു വിഷയങ്ങള്‍ ജാമിഉകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ജാമിഉത്തിര്‍മിദിയാണ് ഏറെ പ്രസിദ്ധം. ബുഖാരിയും, മുസ്‌ലിമും, ജാമിആണെങ്കിലും, ജാമിഇനെക്കാള്‍ ഉന്നത സ്ഥാനത്താണ് സ്വിഹീഹ് എന്നതിനാല്‍ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നൊക്കെയാണ് പറയാറ്.
3. സുനന്‍ :- കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ വിഷയക്രമമനുസരിച്ച് വിധികള്‍ക്കും കര്‍മങ്ങള്‍ക്കും പ്രാധാന്യം നല്‍കി ക്രോഡീകരിക്കപ്പെട്ടവയാണിവ. സുനനുന്നസാഈ, സുനനു ഇബ്‌നുമാജ, സുനനു അബീദാവൂദ് എന്നിവയാണ് അറിയപ്പെട്ട സുനനുകള്‍. 'തുഹ്ഫത്തുല്‍ അഹ്‌വദി'യുടെ ആമുഖത്തില്‍ പതിനഞ്ചിലധികം സുനനുകളെക്കുറിച്ച് പറയുന്നുണ്ട്.
4. മുസ്‌നദ് :- ഹദീസ് നിവേദനം ചെയ്ത സ്വഹാബികളുടെ ക്രമമനുസരിച്ചോ, അക്ഷരമാലാ ക്രമമനുസരിച്ചോ ക്രോഡീകൃതമായ ഹദീസ് ഗ്രന്ഥങ്ങളാണിവ. മുസ്‌നദ് അഹ്മദ് ആണ് ഏറെ പ്രശസ്തമായത്. തുഹ്ഫത്തുല്‍ അഹ്‌വദിയുടെ ആമുഖത്തില്‍, മുബാറക് ഫൂരി നാല്‍പതിലധികം മുസ്‌നദുകളെ പ്രതിപാദിക്കുന്നുണ്ട്.
5. മആജിം :- ഹദീസ് നിവേദനം ചെയ്ത ശൈഖുമാരുടെ (ഗുരുനാഥന്‍മാര്‍) ക്രമമനുസരിച്ചാണ് ഇതിലെ ക്രോഡീകരണം. അക്ഷരമാലാ ക്രമത്തിലാണ് ഗുരുനാഥന്‍മാര്‍ക്ക് പൊതുവെയും മുന്‍ഗണന നല്‍കുന്നത്. ആദ്യത്തെ ഗുരുനാഥന്‍, തഖ്‌വയും സൂക്ഷ്മതയും കൂടുതലുള്ളവര്‍ എന്നിങ്ങനെയും മുന്‍ഗണന നല്‍കാറുണ്ട്. ഇമാം ഥബ്‌റാനിക്ക് ഈ ഗണത്തില്‍ ഗ്രന്ഥങ്ങളുണ്ട്.
6. മുസ്തദ്‌റക് :- മറ്റു ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്യപ്പെടാത്ത ഹദീസുകളെ തെരഞ്ഞുപിടിച്ച് ക്രോഡീകരിക്കപ്പെട്ടവയാണിത്. ഹാകിമിന്റെ അല്‍മുസ്തദ്‌റക് അലസ്സ്വഹീഹൈനി ഇതിനുദാഹരണമാണ്.
7. മുസ്തഖ്‌റജ് :- മറ്റുള്ള ഗ്രന്ഥങ്ങളില്‍ നിവേദനംചെയ്യപ്പെട്ട ഹദീസുകള്‍, സ്വീകാര്യമാണെന്നു സമര്‍ത്ഥിക്കുന്നതിന് മറ്റു നിവേദനശൃംഖലയിലൂടെയും അതേ ഹദീസുകള്‍ നിവേദനംചെയ്യുന്ന രീതി, ഇത്തരം ഹദീസുകളെ ക്രോഡീകരിച്ച ഗ്രന്ഥമാണ് മുസ്തഖ്‌റജ്. മുസ്തഖ്‌റജു അബീ അഹന ഉദാഹരണമാണ്.
8. അല്‍ അഫ്‌റാദ് വല്‍ ഗറാഇബ് :- ചില ഗുരുനാഥന്‍മാരില്‍നിന്നു മാത്രം കേട്ട ഒറ്റപ്പെട്ട ഹദീസുകളുടെ സമാഹാരം. ദാറഖുഥ്‌നിയുടെ കിതാബുല്‍ അഫ്‌റാദ് ഇതിനുദാഹരണമാണ്.
9. അല്‍ഇലല്‍ :- ഹദീസിലോ അദ്ധ്യായത്തിലോ നിവേദക ശൃംഖലയേയും നിവേദകന്‍മാരിലെ അന്തരങ്ങളെയും ക്രോഡീകരിക്കുന്ന രീതി.
10. അല്‍അമാലീ :- ഗുരുനാഥന്‍മാരില്‍ നിന്ന് ശിഷ്യഗണങ്ങള്‍ ഹദീസ് കേള്‍ക്കുകയും ശിഷ്യന്‍മാര്‍ ക്രോഡീകരിക്കുകയും ചെയ്തത്.
11. അല്‍ അര്‍ബഈനാത് :- നാല്‍പതു ഹദീസുകള്‍ മാത്രം ക്രോഡീകരിച്ച ഗ്രന്ഥം. വിശ്വാസപരവും അദ്ധ്യാത്മികപരവുമായ ഹദീസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഇമാം നവവി(റ)യുടെ മത്‌നുല്‍ അര്‍ബഈന്‍ അന്നവവിയ്യ ഏറെ പ്രശസ്തമാണ്.
12. അത്തആലീഖ് :- നിവേദക ശൃംഖല പറയാതിരിക്കുകയും നിവേദിത വചനം മാത്രം ഉള്‍ക്കൊള്ളിക്കുകയും ചെയ്തവ. ബഗ്‌വി(റ)യുടെ മസ്വാബീഹ് ഉദാഹരണം.
തറാജീം, അജ്‌സ്വാഅ്, മുസല്‍ബലാത്, അഥ്‌റാഫ് എന്നിങ്ങനെ ഇനിയും ധാരാളം വകുപ്പുകള്‍ ഉണ്ട്.
(സുന്നിഅഫ്കാര്‍ വാരിക, ഫെബ്രുവരി 12, 2007, സുന്നി മഹല്‍, മലപ്പുറം)
No comments:
Post a Comment