ഇസ്‌ലാമിലെ യുദ്ധങ്ങള്‍
ഖന്തഖ്
എഡി 627 ഫെബ്രുവരി (ഹിജ്‌റ 5 ശവ്വാല്‍) മാസത്തിലാണ് ചരി ്രപ്രസിദ്ധമായ ഖന്തഖ് യുദ്ധം ഉണ്ടായത്. എന്നാല്‍ ചരിത്രപണ്ഡിതനായ ഇബ്‌നുഖുല്‍ദൂന്‍ ഹിജ്‌റ നാലിനാണ് ഖന്തഖ് സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന് ഉപോല്‍ബലകമായി ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സീറഇബ്‌നുഹിശാം, താരീഖുത്തിബ്‌രി തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ പ്രസ്തുത ഹദീസിന്റെ പിന്‍ബലത്തിലാണ് ഇബ്‌നുഖുല്‍ദുന്‍ ഖന്തഖ് യുദ്ധം ഹിജ്‌റ നാലിലാണെന്ന് സമര്‍ത്ഥിച്ചത്. എന്നാല്‍ ചരിത്ര പണ്ഡിതന്‍മാര്‍ ഈ വിശദീകരണം സ്വീകരിച്ചിട്ടില്ല. അവര്‍ ഐകകണ്‌ഠ്യേന സമര്‍ത്ഥിച്ചത് ഖന്തഖ് യുദ്ധം ഹിജ്‌റ അഞ്ചില്‍ തന്നെയാണെന്നാണ്.
മദീനയില്‍ സ്ഥിരതാമസക്കാരായ യഹൂദികളെ സ്വാധീനിച്ചു നബി(സ)ക്കെതിരില്‍ ഖുറൈശികള്‍ ഉപജാപങ്ങള്‍ സംഘടിച്ചുപോന്നു. ഇസ്‌ലാം മതത്തെ യഹൂദികള്‍ വളരെ ആദരവോടെയാണ് ആദ്യം വീക്ഷിച്ചിരുന്നത്. ഖുറൈശികളുടെ മതത്തില്‍ വിഗ്രഹാരാധന ഉള്ളതുകൊണ്ട് യഹൂദികള്‍ക്ക് പ്രസ്തുത മതത്തോട് തീരെ മതിപ്പില്ലായിരുന്നു. ജൂതമതത്തില്‍ വിഗ്രഹാരാധന ഇല്ലെന്നത് സ്മരണീയമാണ്. എന്നാല്‍ ഈ നയത്തില്‍ മാറ്റം വരുത്തുകയും, മക്കക്കാരുടെ മതത്തിന് ഇസ്‌ലാമിനേക്കാള്‍ പദവിയുണ്ടെന്നവര്‍ പില്‍ക്കാലത്ത് പ്രചരിപ്പിച്ചും തുടങ്ങി. അവര്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നതയുണ്ടാക്കിയ ഈ നയംമാറ്റം 'താരീഖുല്‍ യഹൂദ്' 142-ല്‍ വിവരിച്ചിട്ടുണ്ട്.
ഖൈബര്‍
മദീനയില്‍ നിന്ന് സിറിയയുടെ ഭാഗത്തായി 96 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഫലഭൂയിഷ്ടമായ ഒരു മലഞ്ചെരുവാണ് ഖൈബര്‍. എല്ലാ അനാശാസ്യങ്ങളുടെയും അക്രമത്തിന്റെയും കേന്ദ്രമായ ഖൈബര്‍ മുറഹിബ് (ഇദ്ദേഹം ഒരു പൊതുപടനായകനാണെന്നും ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്) എന്നൊരു ജൂതന്റെ അധികാരപരിധിയിലായിരുന്നു.
മൂന്ന് വന്‍കോട്ടകള്‍ കെട്ടി അതിനകത്തായിരുന്നു ഖൈബറുകാരുടെ ആയുധങ്ങളും, സമ്പത്തുകളും സൂക്ഷിച്ചിരുന്നത്. യുദ്ധക്കൊതിയന്‍മാരും ധിക്കാരികളുമായിരുന്ന ഖൈബറിലെ ജൂതന്‍മാര്‍ വളരെ കാലങ്ങള്‍ക്കു മുമ്പേ അവിടുത്തേക്ക് കുടിയേറി താമസം തുടങ്ങിയവരായിരുന്നു.
ഈത്തപ്പന കൃഷിക്ക് പേരുകേട്ട ഖൈബര്‍, വിട്ടുമാറാത്ത പനിക്കും പേരുകേട്ട സ്ഥലമാണ്. മദീനയില്‍ താമസിച്ചിരുന്ന ജൂതന്‍മാരുമായി പല നിലക്കും ബന്ധം പുലര്‍ത്തിയിരുന്ന ഖൈബറിലെ ജൂതന്മാര്‍ നബി
(സ)ക്കും സഹാബാത്തിനും ശല്യവും, ബുദ്ധിമുട്ടുമുണ്ടാക്കിക്കൊണ്ടിരുന്നു. അഹങ്കാരികളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ ധര്‍മ്മച്യുതിക്ക് ആക്കം കൂട്ടുകയും, സമാധാന ജീവിതത്തിനു ഭംഗം വരുത്തുകയും ചെയ്യുമായിരുന്നു. മദ്യവും, മദിരാക്ഷിയും മാത്രമല്ല, അത്യന്തം ആപല്‍ക്കരമായ സംഘട്ടന പ്രിയരും, കലഹക്കാരുമായിരുന്നു ഖൈബറിലെ യഹൂദികള്‍. കാര്‍ഷിക മേഖലയായ ഖൈബറിലെ സമ്പല്‍സമൃദ്ധി യഹൂദികളെ അഹങ്കാരികളും, എന്തിനും മടിക്കാത്തവരുമാക്കിത്തീര്‍ത്തു. ഖൈബറിലെ ജൂതരുടെ സംസ്‌ക്കാരശൂന്യമായ സാമൂഹ്യ ജീവിത പശ്ചാത്തലം 'താരീഖുല്‍ യഹൂദി ബി ബിലാദുല്‍ അറബ്' പേജ് 170-ല്‍ വിശദമാക്കിയിട്ടുണ്ട്.
നബി(സ) ഹുദൈബിയ്യയില്‍ മടങ്ങിയ ശേഷം മുഹര്‍റ മാസത്തിലാണ് ഖൈബറിലേക്ക് പുറപ്പെട്ടത് (ഹിജ്‌റ 7, മുഹറം; എ.ഡി 628 ആഗസ്ത്). 200 കുതിരപ്പടയാളികളുള്‍പ്പെടെ 1500 സഹാബാക്കളാണ് നബി തങ്ങളെ അനുഗമിച്ചിരുന്നത്. അവിടുത്തെ പത്‌നി ഉമ്മുസല്‍മ(റ) തങ്ങളോടൊപ്പമുണ്ടായിരുന്നു. അനസ്(റ)വില്‍ നിന്ന് 'സഹീഹുല്‍ ബുഖാരി' ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) ഖൈബറില്‍ ഒരു രാത്രിയാണ് എത്തിച്ചേര്‍ന്നതെന്നും അന്നവിടെ ഉറങ്ങിയെന്നും, നേരം പുലര്‍ന്നതില്‍ പിന്നെയാണ് യുദ്ധം തുടങ്ങിയതെന്നും കാണുന്നു. നാലു ദിവസത്തെ യാത്രക്കു ശേഷമാണ് നബിതങ്ങളും, സംഘവും ഖൈബറിലെത്തിച്ചേര്‍ന്നത്. 10,000 യുദ്ധഭടന്‍മാരുള്ള ഖൈബറുകാര്‍ കോട്ടകളില്‍ കയറി വാതിലടച്ചു നബി(സ)ക്കെതിരില്‍ അസ്ത്രയുദ്ധം ആരംഭിച്ചു. ഇതുകാരണം മുസ്‌ലിം സൈന്യത്തിന് വമ്പിച്ച പ്രയാസങ്ങള്‍ നേരിട്ടു. മുഹമ്മദ്ബ്‌നു മസ്‌ലമ(റ) അമ്പേറ്റ് ശഹീദായി. ഒരു ദിവസം അതികഠിനമായ യുദ്ധം നടത്തിയെങ്കിലും കോട്ട കീഴടക്കാന്‍ കഴിഞ്ഞില്ല.
ചെങ്കണ്ണ് ബാധിച്ചു കിടപ്പിലായിരുന്ന അലി(റ)വിനെ വരുത്തി നബി
(സ) തന്റെ ഉമിനീര്‍ പുരട്ടി കണ്ണുരോഗം സുഖപ്പെടുത്തുകയും, അവിടുത്തെ തൃക്കരം കൊണ്ട് അലി(റ)വിന് തലയില്‍ കെട്ടിക്കൊടുക്കുകയും, യുദ്ധം നയിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. യുദ്ധതന്ത്രജ്ഞനും, ധൈര്യശാലിയുമായ മഹാനായ അലി(റ) ഖൈബറിലെ യഹൂദികള്‍ക്കെതിരില്‍ അവിടുത്തെ പ്രസിദ്ധമായ 'ദുല്‍ഫുഖാര്‍' ചലിപ്പിച്ചു. പൊതുമൈതാനത്തു നിന്ന് യുദ്ധം ചെയ്യാന്‍ ഭയന്ന യഹൂദികള്‍ കോട്ടക്കകത്തു നിന്നായിരുന്നു യുദ്ധം നിയന്ത്രിച്ചിരുന്നത്. അലി(റ) കോട്ടവാതിലിലെത്തിയപ്പോള്‍ യുദ്ധനിപുണനും, യഹൂദികളുടെ നേതാവും മുറഹിബിന്റെ സഹോദരനുമായ ഹാരിസ് അലി(റ) വിനെ നേരിട്ടു. അധികം താമസിയാതെ ആ അതികായന്റെ കഥ അലി(റ) കഴിച്ചു. അതില്‍പിന്നെ സര്‍വ്വായുധങ്ങളും, ചമയങ്ങളുമായി സാക്ഷാല്‍ മുറഹിബ് തന്നെ യുദ്ധത്തിന് തയ്യാറായി. രണ്ട് അങ്കിയും, രണ്ടു വാളും ധരിച്ച മുറഹിബ് തലക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ തലയില്‍ കല്ലു വെച്ചുകെട്ടിയിരുന്നു. കൂടാതെ അമ്പും കുന്തവും ഉണ്ടായിരുന്നു. (മുഹമ്മദ് റസൂലുല്ലാഹ്- പേജ് 280).
മുഅ്ത
ഇസ്‌ലാമിക ചരിത്രത്തിലെ വീരേതിഹാസങ്ങളിലൊന്നാണ് ഹിജ്‌റ ഏഴാം വര്‍ഷം ജമാദുല്‍ ഊലയില്‍ നടന്ന മുഅ്ത: യുദ്ധം. അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) റോമാ ചക്രവര്‍ത്തി ഹിറഖല്‍ രാജാവിന്റെ സന്നിധിയിലേക്ക് നിയോഗിച്ച സന്ദേശവാഹകന്‍ ഹാരിസ്ബ്‌നു ഉമൈര്‍ അല്‍- അസ്ദി(റ)യെ മുഅ്ത: യെന്ന സ്ഥലത്തു വെച്ച് ശുറഹ്ബീലുബ്‌നു അംറില്‍ ഗസ്സാനിയെന്ന റോമന്‍ സൈനികന്‍ വധിച്ചുകളഞ്ഞതാണ് യുദ്ധത്തിന്റെ കാരണം. ഹാരിസി(റ)ന്റെ വധത്തില്‍ അത്യന്തം ദുഃഖിച്ച മഹാനായ പ്രവാചകന്‍(സ) റോമക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
താമസിയാതെ പുണ്യ റസൂല്‍(സ) ഒരു സൈന്യത്തെ സജ്ജമാക്കുകയും അവരോട് ഹാരിസ്ബ്‌നു ഉമൈറി(റ)ന്റെ രക്തത്തിനു പകരം ചോദിക്കാന്‍ റോമിലേക്ക് മാര്‍ച്ച് ചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്തു. മൂവ്വായിരത്തോളം അംഗങ്ങളുണ്ടായിരുന്ന ആ സേനയുടെ നായകത്വം സൈദുബ്‌നു ഹാരിസ് (റ)യെ ആണ് റസൂല്‍ ഏല്‍പിച്ചത്. സൈദ് രക്തസാക്ഷിയാകുന്നപക്ഷം ജഅ്്ഫറുബ്‌നു അബീഥാലിബി(റ)നെയും അദ്ദേഹം വധിക്കപ്പെട്ടാല്‍ അബ്ദുല്ലാഹിബ്‌നുറവാഹ(റ) യെയും നേതാവായി നിശ്ചയിക്കാന്‍ നിര്‍ദേശിച്ച പ്രവാചകന്‍ ജഅ്ഫറി(റ)ന്റെ മരണം സംഭവിച്ചാല്‍ ആരെ നിശ്ചയിക്കണമെന്ന് വ്യക്തമാക്കിയിരുന്നില്ല.
മുസ്‌ലിം സൈന്യത്തിന്റെ പുറപ്പാട് കേട്ടറിഞ്ഞ ഹിര്‍ഖല്‍ ഒരു ലക്ഷം റോമന്‍ യോദ്ധാക്കളും അറബ് വംശജരായ ഒരു ലക്ഷം ക്രിസ്ത്യാനികളുമുള്‍പ്പെടുന്ന രണ്ടു ലക്ഷത്തിലേറെ അംഗബലമുള്ള ഒരു വന്‍സൈന്യവുമായി യുദ്ധത്തിന് കോപ്പുകൂട്ടി. ശത്രുക്കളുടെ അംഗബലം കേട്ടറിഞ്ഞ മുസ്‌ലിംകള്‍ കൂടുതല്‍ സൈനികരെ അയച്ചുതരാന്‍ റസൂലിനോട് ആവശ്യപ്പെടണമോ എന്ന് ശങ്കിക്കുകയും പിന്നീട് ആ ഉദ്യമം ഉപേക്ഷിച്ച് ധൈര്യം സംഭരിച്ച് യാത്ര തുടരുകയും ചെയ്തു. മുസ്‌ലിം സൈന്യം ബല്‍ഖാഇലെത്തിയപ്പോള്‍ ഹിര്‍റഖലിന്റെ സേന അവിടെ തമ്പടിച്ചിരുന്നു. ശേഷം ഇരുപക്ഷവും തമ്മില്‍ ശക്തമായ ഒരേറ്റുമുട്ടല്‍ തന്നെ അരങ്ങേറുകയുണ്ടായി. മുസ്‌ലിംകള്‍ ശത്രുനിരകള്‍ ഭേദിച്ച് മുന്നേറുന്നതിനിടയില്‍ സേനാനായകന്‍ സൈദുബ്‌നു ഹാരിസ്(റ) വെട്ടേറ്റു വീണു. പ്രവാചകരുടെ മുന്‍നിര്‍ദേശ പ്രകാരം ജഅ്ഫറുബ്‌നു അബീഥാലിബ്(റ) പതാകയേന്തി യുദ്ധത്തിന് ചുക്കാന്‍ പിടിച്ചു.
പോരാട്ടം മുറുകുന്നതിനിടെ വലതു കൈയിനു വെട്ടേറ്റ ജഅ്ഫര്‍ (റ) ഇടതുകൈയില്‍ കൊടിയേന്തി. അല്‍പം കഴിഞ്ഞ് ഇടതുകൈയും മുറിഞ്ഞെങ്കിലും പതാക വീണുപോകാതിരിക്കാന്‍ അദ്ദേഹമതിനെ നെഞ്ചോടണച്ചുപിടിച്ചു. അധികം താമസിയാതെ പോര്‍ക്കളത്തില്‍ രക്തസാക്ഷിയായി വീണ ജഅ്ഫറി(റ)ല്‍ നിന്നും അബ്ദുല്ലാഹിബ്‌നു റവാഹ പതാകയേറ്റുവാങ്ങി. സൈന്യത്തെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹവും രക്തസാക്ഷ്യം വരിച്ചു. ശേഷം നേതൃത്വമേറ്റെടുത്ത ഖാലിദ്ബ്‌നുല്‍ വലീദ്(റ) തന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ ശത്രുസേനയെ അടിയറവു പറയിച്ചു. രണ്ടു ലക്ഷം പേരുള്ള ഒരു വന്‍ സേനാവ്യൂഹം തുച്ഛം വരുന്ന മൂവ്വായിരം പേരോട് പരാജയപ്പെട്ടത് ചരിത്രത്തിന്റെ അപൂര്‍വതകളില്‍പ്പെട്ടതാണെന്നു പറയാം.
മഅ്ത: യുദ്ധം പ്രവാചകന്റെ നയതന്ത്ര മര്യാദയെയാണ് ഒര്‍മിപ്പിക്കുന്നത്. ദൂതന്‍മാരെ ബഹുമാനിക്കുകയെന്ന ചിരപരിചിതമായ രാഷ്ട്രീയ തത്വം ഹിര്‍ഖലിന്റെ ആളുകള്‍ പാലിക്കാതിരുന്നപ്പോള്‍ അവരെ ശിക്ഷിക്കാന്‍ തീരുമാനിച്ച പ്രവാചകരുടെ ഉദ്യമം രാഷ്ട്ര തന്ത്രങ്ങളോടുള്ള അവിടുത്തെ പ്രതിബദ്ധതയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. അംഗബലവും ആയുധശേഷിയും കൊണ്ട് എന്തും നേടാമെന്ന് അഹങ്കരിച്ചെത്തിയ റോമുകാരെ യഥാര്‍ത്ഥ വിജയം വിശ്വാസത്തിന്റെ കരുത്തുകൊണ്ടേ നേടാനാകൂ എന്ന് പഠിപ്പിക്കുകയായിരുന്നു മഹാന്‍മാരായ സഹാബികള്‍. ശത്രുപക്ഷത്ത് നിന്നും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വിധം ആള്‍നാശമുണ്ടായത് സഹാബത്തിന്റെ സമരവീര്യം എത്രമാത്രമായിരുന്നു എന്ന് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു.
ഫതഹു മക്ക
ഐതിഹാസികമായ ഒരു മഹാസംഭവമാണ് മക്കാ കീഴടങ്ങല്‍. ലോകത്ത് നിരവധി പടയോട്ടങ്ങള്‍ നടന്നിട്ടുണ്ട്. പല രാജാക്കന്‍മാരും നിരവധി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായ തികച്ചും ആദരണീയമായ ഒരധ്യായമായി 'മക്കം ഫത്ഹ്' ചരിത്രമാക്കപ്പെട്ടിട്ടുണ്ട്. ഹുദൈബിയ്യ: സന്ധിയില്‍ വ്യവസ്ഥ ചെയ്തിരുന്ന കരാറുകള്‍ മക്കക്കാര്‍ ലംഘിച്ചതാണ് ഈ സായുധ നീക്കത്തിന് കാരണമാക്കിയത്. നബി(സ)യുടെ സഖ്യകക്ഷിയായിരുന്ന ബനൂഗുസാഅഃ ഗോത്രക്കാരും, ഖുറൈശികളുടെ സഖ്യകക്ഷിയായ ബനൂബക്കര്‍ ഗോത്രക്കാരും നിലവിലുണ്ടായിരുന്ന കരാറനുസരിച്ച് പരസ്പരം സഹായിക്കാന്‍ പാടില്ലാത്തതായിരുന്നു. എന്നാല്‍ ഇക്‌രിമത്ത്ബ്‌നു അബൂജഹല്‍, സഫ്‌വാനുബ്‌നു ഉമയ്യത്ത് തുടങ്ങിയ ഖുറൈശി നേതാക്കളുടെ നേതൃത്വത്തില്‍ ബനൂബക്കര്‍ ഗോത്രക്കാര്‍ക്കു വേണ്ടി നബി(സ)യുടെ സഖ്യകക്ഷിയായ ബനൂഖുസാഅഃ ഗോത്രക്കാരെ ആക്രമിക്കുകയും ഇരുപത്തിമൂന്ന് പേരെ കൊന്നൊടുക്കുകയും ചെയ്തു. (ചില അഭിപ്രായത്തില്‍ ഇരുപത് പേരാണ് കൊല്ലപ്പെട്ടത്. മു:റ: 303) ഈ കരാര്‍ ലംഘനം കടുത്ത അപരാധമായി പുരാതന കാലം മുതല്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. പത്തു വര്‍ഷങ്ങള്‍ യുദ്ധമില്ലെന്ന കരാര്‍ ഇതോടെ ഖുറൈശികള്‍ തന്നെ ലംഘിച്ചു.
മദീനയില്‍ നിന്ന് മക്കയിലേക്ക് ഒരു സൈനിക നീക്കം നബി(സ) ഉദ്ദേശിക്കുന്നതായി സഹാബാക്കളില്‍ ചിലര്‍ക്ക് ധാരണയുണ്ടായിരുന്നു. ഈ നീക്കം വളരെ രഹസ്യമായി മക്കക്കാരെ അറിയിക്കാന്‍ ചിലര്‍ ശ്രമിക്കാനും മുതിര്‍ന്നിരുന്നു. പൂര്‍ണ്ണമായും നല്ല ഉദ്ദേശ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നതും. ബദ്ര്‍ യുദ്ധത്തില്‍ പങ്കാളിയായ ഖാത്തിബ്(റ) ഒരു സ്ത്രീ മുഖാന്തിരം വളരെ ഗോപ്യമായി ഒരു കത്ത് ഖുറൈശികളിലേക്കയച്ചിരുന്നു. ഈ കത്ത് നബി(സ)യുടെ നിര്‍ദ്ദേശാനുസരണം വഴിക്കുവെച്ച് അലി
(റ) പിടിച്ചെടുക്കുകയാണുണ്ടായത്. ഖാത്തിബ്(റ)വിനെ വധിക്കണമെന്ന ഉമര്‍(റ)വിന്റെ ഇംഗിതം നബി(സ) നിരാകരിക്കുകയും ബദ്‌രീങ്ങളുടെ മഹത്വത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുകയാണുണ്ടായത്.
പരിശുദ്ധ റമസാന്‍ 20നു ശേഷമാണ് നബി(സ) മദീനയില്‍ നിന്നു പുറപ്പെട്ടത്. നബി(സ) നോമ്പുകാരനായിരുന്നു. 980 കുതിരപ്പടയാളികള്‍ ഉള്‍പ്പെടെ 12,000 സൈനികരായിരുന്നു അവിടുത്തോടൊപ്പം മക്കയിലേക്ക് നീങ്ങിയത്. മക്കക്കാരായ മുഹാജിറുകള്‍ 1000 പേരും, അന്‍സാറുകള്‍ 900 പേരുമുള്‍പ്പെടെ മദീനക്കാര്‍ 10,000 പേരും ചുറ്റുഭാഗക്കാരായ നാട്ടുകാര്‍ 2000 പേരുമുള്‍പ്പെടെ 12,000 വരുന്ന സൈനിക വ്യൂഹം ഹിജ്‌റ 8ല്‍ റമസാന്‍ 20നു ശേഷം ഒരു ജനുവരി മാസം ആദ്യവാരത്തില്‍ മദീനയില്‍ നിന്ന് പ്രയാണമാരംഭിച്ചു. 'ഫത്തഹുമക്ക' കൃത്യമായ ദിവസം നിര്‍ണയിക്കുന്നതില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉള്ളതുകൊണ്ട് മിക്ക ചരിത്രഗ്രന്ഥങ്ങളും കൊല്ലവും മാസവും മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. ഫത്തഹ് മക്ക ഹിജ്‌റ 8, റമസാന്‍, എ.ഡി 630 ജനുവരി എന്നാണ് മു:റ: 302-ല്‍ രേഖപ്പെടുത്തിയത്.
പരിശുദ്ധ മക്കയില്‍ പ്രവേശിച്ച നബി(സ) പരിശുദ്ധ കഅ്ബാലയം ത്വവാഫ് ചെയ്തു. കഅ്ബാലയത്തില്‍ തൂക്കിയിരുന്ന 360 വിഗ്രഹങ്ങള്‍ നീക്കം ചെയ്തു. മക്കയുടെ വിവിധ ഭാഗങ്ങളിലൂടെ ഹറമിലേക്ക് ഇരമ്പിക്കയറിയ മുസ്‌ലിം സൈനികര്‍ക്ക് പറയത്തക്ക എതിര്‍പ്പുകളൊന്നും നേരിട്ടില്ല. എവിടെയും രക്തം ചിന്തിയില്ല. പാവനവും പവിത്രവും പരിശുദ്ധവുമായ പരിശുദ്ധ ഹറം ശരീഫില്‍ ശാന്തിയും സമാധാനവും സഹവര്‍ത്തിത്വവും പഠിപ്പിക്കുന്ന പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിന്റെ ദിവ്യവെളിച്ചം വീണു പ്രഭാപൂരിതമായി. ബിലാലുല്‍ മുആദില്‍(റ) കഅ്ബാലയത്തില്‍ നിന്നു 'ളുഹര്‍' ബാങ്ക് വിളിച്ചു. അബൂബക്കര്‍ സിദ്ദീഖ്(റ)വിന്റെ പിതാവ് മക്കം ഫത്ഹ് നാളിലാണ് ഇസ്‌ലാം ആശ്ലേഷിച്ചത്. 18 ദിവസങ്ങള്‍ നബി(സ) മക്കയില്‍ താമസിച്ചു. ചരിത്രത്തിലാദ്യമായി എല്ലാ അക്രമികള്‍ക്കും പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടു. പരിശുദ്ധ ദീനിന്റെ ശീതളമായ, ശാന്തസുന്ദരമായ താഴ്‌വരയിലേക്ക് ജനങ്ങള്‍ കൂട്ടം കൂട്ടമായി ഒഴുകിയെത്തി. യാതൊരു അട്ടഹാസങ്ങളോ, ആര്‍ത്തനാദങ്ങളോ, അതിക്രമങ്ങളോ ഇല്ലാതെ തികച്ചും സമാധാനപരമായി ഒരു മഹാസംഭവം പര്യവസാനിച്ചു. സധാരണയായി കണ്ടുവരുന്ന വിജയാഹ്ലാദങ്ങളോ, അതിനിടയില്‍ നടക്കുന്ന നരനായാട്ടുകളോ അന്നവിടെ കണ്ടില്ല. 8 വര്‍ഷങ്ങള്‍ക്കു മുമ്പ് വധശിക്ഷ വിധിക്കപ്പെട്ടു രാത്രിയുടെ യാമങ്ങളില്‍ ഇരുളിനെ കീറിമുറിച്ചു രക്ഷപ്പെട്ട പ്രവാചകനേതാവ്, തന്റെ വീടുവളഞ്ഞ ആയുധധാരികളായ ഖുറൈശി യോദ്ധാക്കള്‍ക്കും മറ്റുള്ളവര്‍ക്കും പൊതുമാപ്പു നല്‍കി. നബി(സ) അവരോട് പറഞ്ഞു: ''നിങ്ങള്‍ പോവുക, നിങ്ങള്‍ സ്വതന്ത്രരാണ്. ഇന്ന് പ്രതികാരമില്ല.''
അവരെ സ്‌നേഹത്തോടെ അവിടുന്ന് പരിചരിച്ചു. മക്കക്കാര്‍ക്ക് ഇസ്‌ലാമില്‍ അഭയവും അസ്തിത്വവും സുരക്ഷിതത്വും അവിടുന്ന് ഉറപ്പ് നല്‍കി. പരിശുദ്ധ മക്കയില്‍ നിന്ന് അന്ന് നബി(സ) ലോകത്തോട് പ്രഖ്യാപനം ചെയ്തു: മനുഷ്യരാശി പരസ്പരം കഴുത്തറുത്ത് മരിക്കേണ്ടവരല്ല. മനുഷ്യനിര്‍മിതങ്ങളായ വിഗ്രഹങ്ങളെ പൂജിച്ചു സമയം കളഞ്ഞു വിഡ്ഢികളാവേണ്ടവരുമല്ല. പ്രപഞ്ചനാഥനായ, സര്‍വ്വശക്തനായ, രക്ഷാ-ശിക്ഷകളുടെ അധികാരസ്ഥനായ ഏക ഇലാഹില്‍ വിശ്വസിച്ചു മനുഷ്യര്‍ക്കിവിടെ ചെയ്തു തീര്‍ക്കാനുള്ള കടമകളും, ധര്‍മ്മങ്ങളും ചെയ്തു തീര്‍ത്തു പരലോക ജീവിതം ധന്യമാക്കേണ്ടവരാണ്. അഹങ്കാരം ആപത്താണ്. വിനയം വിജയസോപാനത്തിലേക്കുള്ള ചവിട്ടുപടിയും.
നബി(സ)യുടെ ഈ അരുള്‍പ്പാടു കേട്ടു മക്കാ ശരീഫിലെ ചെറുകുന്നുകള്‍ പോലും അന്നു വിജ്രംബിതരായി. ഇളം തെന്നലുകള്‍ ആ ദിവ്യസേന്ദശത്തിന്റെ വാഹകരായി ജബലുഖുബൈസ് കടന്നു അറഫയിലേക്ക് ഓടിപ്പോയി. ചരിത്രത്തിലെ ഒരു മഹാസംഭവം അതുകൊണ്ടുതന്നെ മറ്റൊരു ചരിത്രമായി ചിത്രീകരിക്കപ്പെട്ടു. കാലത്തിന്റെ കലണ്ടര്‍ ഒരു പേജു കുടി മറിഞ്ഞു.
തിരുസുന്നത്തുകള്‍ നിലനിര്‍ത്തി പ്രവാചക സ്മരണ അര്‍ത്ഥപൂര്‍ണ്ണമാക്കുക. നന്മകള്‍ ഇഷ്ടപ്പെടാത്തവരുയര്‍ത്തുന്ന പ്രചാരണങ്ങള്‍ നന്മകൊണ്ട് തടയുക.
ക്ഷേമലോകത്തിനു വേണ്ടി ഏറെ കഷ്ടകള്‍ അനുഭവിച്ച നബി(സ)ക്ക് നൂറ്റാണ്ടുകളായി മുസ്‌ലിംലോകം നേരുന്ന ക്ഷേമവചനമാണ് ''യാ നബീ സലാം, അലൈക്കും......''
ഹുനൈന്‍ യുദ്ധം
ഖുറൈശികളുടെ അപ്രമാദിത്തം മക്കയില്‍ വെച്ചു തന്നെ തകര്‍ക്കപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ ബദലായി ഒരു പുതുശക്തിയെന്ന നിലയില്‍ അറിയപ്പെടാന്‍ ഹവാസിന്‍ ഗോത്രക്കാര്‍ക്ക് ചെറിയൊരാഗ്രഹം ജനിച്ചു. അങ്ങനെ സഖീഫ്- ഹവാസിന്‍ ഗോത്രക്കാര്‍ സംഘടിച്ച് മുസ്‌ലിംകള്‍ക്കെതിരെ സൈനിക നീക്കത്തിന് തയ്യാറെടുത്തു. വിവരമറിഞ്ഞ പ്രവാചകന്‍(സ) പന്ത്രണ്ടായിരം അനുയായികളുമായി യാത്രപുറപ്പെട്ടു.
ഹുനൈന്‍ താഴ്‌വരയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ശത്രുക്കളില്‍ നിന്നും മുസ്‌ലിംകള്‍ക്ക് നേരെ അപ്രതീക്ഷിതമായ ചില ബുദ്ധിമുട്ടുകളും ആക്രമണങ്ങളും നേരിടേണ്ടി വന്നു. പരിഭ്രാന്തരായ മുസ്‌ലിംകള്‍ ചിതറിയോടാന്‍ തുടങ്ങിയപ്പോള്‍ പ്രവാചകരുടെ പിന്നില്‍ ചുരുക്കം ചിലര്‍ മാത്രമാണ് നിലയുറപ്പിച്ചത്. ഒടുവില്‍ തിരുദൂതരുടെ ആജ്ഞപ്രകാരം മഹാനായ അബ്ബാസ്(റ) മുസ്‌ലിംകളോട് പ്രവാചക സന്നിധിയിലേക്ക് മടങ്ങിവരാന്‍ വിളിച്ചു പറയുകയും ഓടിപ്പോയവര്‍ യുദ്ധരംഗത്തേക്ക് തിരിച്ചുവരുകയും ചെയ്തു. തുടര്‍ന്ന് അരങ്ങേറിയ കടുത്ത പോരാട്ടത്തില്‍ ശത്രുസൈന്യം ഛിന്നഭിന്നമായി. ശത്രുക്കളുടെ ആക്രമങ്ങളുടെ മുനയൊടിച്ചുകൊണ്ട് മുസ്‌ലിം സൈന്യം മുന്നേറിയപ്പോള്‍ ദയനീയ പരാജയമേറ്റുവാങ്ങി ഹവാസിന്‍- സഖീഫ് ഗോത്രക്കാര്‍ക്ക് പോര്‍മുഖത്ത് നിന്നും പിന്‍മാറേണ്ടി വന്നു.
ഹുനൈനില്‍ അല്ലാഹുവിന്റെ ശക്തമായ സഹായം മുസ്‌ലിംകള്‍ക്ക് ലഭിച്ചതുകൊണ്ടാണ് ഇത്രയും വലിയൊരു വിജയം നേടിയെടുക്കാനായതെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അംഗബലം കൊണ്ട് മുസ്‌ലിംകള്‍ ആദ്യമൊന്ന് നിലവിട്ടു ചിന്തിച്ചപ്പോള്‍ അതിനു കിട്ടിയ പരീക്ഷണമായിരുന്നു ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍. പിന്നീട്, അല്ലാഹു വിശദീകരിക്കുന്നതു പോലെ പ്രവാചകരുടെയും അനുയായികളുടെയും മേല്‍ സമാധാനം വര്‍ഷിക്കുകയും അവര്‍ക്കു കാണാത്ത ഒരു സൈന്യത്തെ അല്ലാഹു നിയോഗിക്കുകയും, നിഷേധിക്കുമ്പോള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തുവെന്നാണ് ഖുര്‍ആന്റെ ഭാഷ്യം.
അമിതമായ ആത്മവിശ്വാസം വഴി വിശ്വാസത്തിന് ചാഞ്ചല്യം സംഭവിക്കരുതെന്ന് ഹുനൈന്‍ വിശ്വാസി സമൂഹത്തെ ഓര്‍മപ്പെടുത്തുന്നുണ്ട്. അചഞ്ചലമായ വിശ്വാസം മനസ്സിലുണ്ടെങ്കില്‍ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാഹുവിന്റെ സഹായം ലഭ്യമാകുമെന്നും ഹുനൈന്‍ സൂചിപ്പിക്കുന്നു.
തബൂക് യുദ്ധം
തബൂക്ക് എന്ന പേര് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്നത് സത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടി എന്തും സഹിക്കുവാനുള്ള സ്വഹാബത്തിന്റെ ത്യാഗസന്നദ്ധതയാണ്. ഹിജ്‌റ ഒമ്പതാം വര്‍ഷത്തില്‍ കൊടുംക്ഷാമവും പ്രയാസവും അലട്ടുന്ന സന്ദര്‍ഭത്തില്‍ മദീനയില്‍ നിന്നും കാതങ്ങളോളം അകലെയുള്ള തബൂക്കിലേക്ക് യാത്ര ചെയ്യുകയെന്നത് തികച്ചും ദുഷ്‌കരമായിരുന്നു. പക്ഷേ, സത്യദീനിന്റെ കാര്യത്തിലാകുമ്പോള്‍ ആ പ്രയാസങ്ങള്‍ക്കൊന്നും സ്വഹാബികള്‍ വില കല്‍പ്പിക്കാറില്ല. പ്രവാചകന്‍ ഒരുങ്ങിക്കൊള്ളാന്‍ പറഞ്ഞതു കേട്ട് സ്വഹാബികള്‍ സന്നാഹങ്ങള്‍ തുടങ്ങി. യുദ്ധഫണ്ടിലേക്ക് സംഭാവനകളും സാമഗ്രികളും ഒഴുകി.
ഒടുവില്‍ അനുയായികളുമൊത്ത് പ്രവാചകര്‍ പുറപ്പെട്ടു. മദീനയെ കടന്നാക്രമിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട റോമുകാരെ മദീനക്കു പുറത്തുവെച്ചു തന്നെ നേരിടാനായിരുന്നു പ്രവാചകരുടെ യാത്ര. ക്ലേശ നിര്‍ഭരമായ യാത്രക്കൊടുവില്‍ നബി(സ)യുടെ കൂട്ടരും തബൂക്കിലെത്തിച്ചേര്‍ന്നു. നബി(സ)യുടെ വരവറിഞ്ഞ് 'ഐല'യിലെ ഭരണാധികാരി യഹ്‌നയും ജര്‍ബാഉകാരും അദ്‌റഹ് പ്രദേശക്കാരും പ്രവാചകരോട് സന്ധിയാകുകയും മേല്‍ക്കോയ്മ അംഗീകരിക്കുകയും ചെയ്തു. പിന്നീട് മഹാനായ ഖാലിദ്ബ്‌നുല്‍ വലീദി(റ)നെ ഉകൈദര്‍ രാജാവിനെ പിടിച്ചുകൊണ്ടുവരാന്‍ വേണ്ടി നിയോഗിച്ച നബി(സ) അയാള്‍ സന്ധിയിലേര്‍പ്പെട്ടതിനാല്‍ ജിസ്‌യ വാങ്ങി വെറുതെ വിടുകയാണ് ചെയ്തത്. തബൂക്കില്‍ പതിമൂന്നു നാള്‍ കഴിച്ചുകൂട്ടിയ ശേഷം മദീനയിലേക്ക് മടങ്ങിയ റസൂലിനും അനുയായികള്‍ക്കും പക്ഷേ, ഈ യാത്രയില്‍ ഒരെതിര്‍പ്പും നേരിടേണ്ടിവന്നില്ല.
പ്രവാചകരുടെ കാലഘട്ടത്തില്‍ നടന്ന മുഴുവന്‍ യുദ്ധങ്ങളും തെളിയിക്കുന്നത് പ്രവാചകന്‍(സ) ഒരു യുദ്ധക്കൊതിയനായിരുന്നില്ലെന്നും എന്നാല്‍ അവിടുത്തെ ശത്രുക്കള്‍ നബി (സ)യെയും അനുയായികളെയും പോര്‍ക്കളങ്ങളിലേക്ക് വിളുച്ചു വരുത്തുകയായിരുന്നുവെന്നുമാണ്. ബദ്‌റായാലും ഉഹ്ദായാലും ഫതഹ് മക്കയായാലുമെല്ലാം ഈ വസ്തുത തന്നെയാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. ശത്രുക്കള്‍ ആക്രമണത്തിന് ഒരുക്കം കൂട്ടുമ്പോള്‍ പ്രതിരോധിക്കാന്‍ മാത്രമായിരുന്നു റസൂല്‍(സ) ആയുധമെടുത്തത്. യുദ്ധത്തില്‍ പിടിക്കപ്പെട്ടിരുന്ന തടവുകാരോട് അവിടുത്തെ പെരുമാറ്റരീതികള്‍ വളരെ സൗമ്യതയോടെയും മാനുഷിക പരിഗണനയോടെയുമായിരുന്നു. മക്ക വിജയ വേളയില്‍ അവിടുന്ന് നടത്തിയ പൊതുമാപ്പ് പ്രഖ്യാപനവും ബദ്‌റിലെ ബന്ദികള്‍ക്ക് മോചനത്തിനു വേണ്ടി നിര്‍ദ്ദേശിച്ച സാക്ഷരതാ നിര്‍ദേശവും മറ്റുമൊക്കെ ചരിത്രത്തില്‍ മറ്റൊരു ഭരണാധികാരിക്കും സേനാനായകനും ഇല്ലാത്ത സുന്ദരമായ മാതൃകകളാണ്. എതിരാളികള്‍ പറയുന്നതല്ല പ്രവാചകരുടെ ജീവിതമെന്നും പ്രത്യുത, അത് ഉത്തമമായ ജീവിതരീതിയുടെ പ്രായോഗിക വശമായിരുന്നുവെന്നും ലോക മനസ്സാക്ഷി മനസ്സിലാക്കേണ്ടതായിരുന്നു.
ഇസ്‌ലാമിലെ യുദ്ധങ്ങള്‍ പരക്കെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ബോധപൂര്‍വം ചിലര്‍ എഴുതിയ രേഖകളാണ് ഇസ്‌ലാമിന് ഒരു യുദ്ധത്തിന്റെ മുഖച്ഛായ നല്‍കാന്‍ കാരണം. വാസ്തവത്തില്‍ ലോകത്തു നടന്ന വിപ്ലവങ്ങളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു മക്കയിലും, മദീനയിലും നടന്ന മാറ്റങ്ങള്‍. ഇസ്‌ലാമിന്റെ വരവ് അസഹിഷ്ണുതയോടെ നോക്കിക്കണ്ടു പ്രതികരിച്ചവര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ നടത്തിയ സായുധകലാപമാണ് മിക്ക യുദ്ധങ്ങളുടെയും കാരണം.
23 വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന ഇസ്‌ലാമിക യുദ്ധങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സഹാബികള്‍ നയിച്ച 47 യുദ്ധങ്ങളും, നബി(സ) നേരിട്ട് നയിച്ച 27 യുദ്ധങ്ങളുമാണവ. എന്നാല്‍ നബി(സ) നയിച്ച 27 യുദ്ധങ്ങളില്‍ 8 എണ്ണത്തില്‍ മാത്രമാണ് സായുധ ഏറ്റുമുട്ടല്‍ നടന്നത്. ഈ യുദ്ധങ്ങളിലെല്ലാം കൂടി 259 മുസ്‌ലിംകളും, 759 മറ്റുള്ളവരും ഉള്‍പ്പെടെ 1018 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ഈ വസ്തുത മറച്ചുവെച്ചാണ് ഇസ്‌ലാമിന്റെ പേരില്‍ യുദ്ധങ്ങള്‍ കെട്ടിവെക്കുന്നത്. 74 യുദ്ധങ്ങളിലായി കേവലം 1018 പേര്‍ക്കുണ്ടായ ജീവഹാനിയില്‍നിന്നു ഇസ്‌ലാമിക യുദ്ധം മനുഷ്യ ജീവനു മുന്തിയ പരിഗണനയും, ശ്രദ്ധയും നല്‍കിയിരുന്നു എന്നല്ലേ ഈ കണക്കുകള്‍ നല്‍കുന്ന ഗുണപാഠം?
നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഏറെ പ്രാധാന്യം നല്‍കിയ വിഷയം മനുഷ്യാവകാശമായിരുന്നു. രക്തവും അഭിമാനവും പവിത്രമാണെന്നും യാതൊരു നിലക്കുമുള്ള ഇടപെടലുകളും പാടില്ലെന്നും അവിടുന്ന് പ്രഖ്യാപിച്ചു. ദുര്‍ബലരെ പ്രബലര്‍ സംരക്ഷിക്കുക വേണമെന്നും, അടിച്ചമര്‍ത്തരുതെന്നും ഉണര്‍ത്തി. ധനവിനിയോഗം പരിശുദ്ധമാണെന്നും അവയുടെ പങ്ക് പാവപ്പെട്ടവര്‍ക്ക് ലഭിക്കണമെന്നും ശക്തിയായി ഊന്നിപ്പറഞ്ഞു.
No comments:
Post a Comment