Saturday, January 21, 2012

മഖ്ദൂമുമാരും അധിനിവേശവിരുദ്ധ പോരാട്ടവും (ഭാഗം രണ്ട്)

മഖ്ദൂമുമാരും അധിനിവേശവിരുദ്ധ പോരാട്ടവും (ഭാഗം രണ്ട്)
ടി.വി. അബ്ദുര്‍റഹ്മാന്‍ കുട്ടി

1523. കൊടുങ്ങല്ലൂരില്‍ മുസ്‌ലിംകളും ജൂതരും തമ്മിലുണ്ടായ വഴക്കില്‍ ഒരു മുസ്‌ലിം കൊല്ലപ്പെട്ടു. പിന്നീടത് യുദ്ധത്തില്‍ കലാശിച്ചു. കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ അക്കാലത്ത് ദുര്‍ബലരായിരുന്നതിനാല്‍ പൊന്നാനി ഉള്‍പ്പെടെ മലബാറിന്റെ വിവിധ ഭാഗങ്ങൡ നിന്ന് ജൂതരുമായുള്ള യുദ്ധത്തിന് കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ടു. വിജയം മുസ്‌ലിം പക്ഷത്തായിരുന്നു.
1524. ഡി.മെനിസ്സസ്സിന്റെ നേതൃത്വത്തില്‍ പൊന്നാനി അതിക്രൂരമായ ആക്രമണത്തിനുവിധേയമായി. വീടുകള്‍, പാണ്ടികശാലകള്‍, പള്ളികള്‍ അഗ്നിക്കിരയാക്കി. മുസ്‌ലിംകളെ സാമ്പത്തികമായി നട്ടല്ലൊടിക്കാന്‍ പുഴയോരത്ത് തിങ്ങിനിറഞ്ഞുനിന്നിരുന്ന കായ്ഫലമുള്ള ധാരാളം തെങ്ങിന്‍ തൈകള്‍ വെട്ടി നശിപ്പിച്ചു. ഇവിടെ നിരവധി മുസ്‌ലിംകള്‍ രക്തസാക്ഷിത്വംവരിച്ചു.
1528. വെട്ടത്ത്‌നാട് (താനൂര്‍) രാജാവ് പൊന്നാനിപ്പുഴക്ക് വടക്ക് തന്റെ അധീനത്തിലുള്ള ദേശത്ത് കോട്ട നിര്‍മ്മിക്കാന്‍ പറങ്കികള്‍ക്ക് അനുവാദം നല്‍കി. സാമൂതിരി സംഘത്തിന്റെ വ്യാപാരം മുടക്കലും പൊന്നാനി തകര്‍ക്കലുമായിരുന്നു മുഖ്യ ലക്ഷ്യം. കോട്ട നിര്‍മ്മാണത്തിന് സാധന സാമഗ്രികളുമായി ഒരുപറ്റം കപ്പല്‍ കൊച്ചിയില്‍നിന്നു പുറപ്പെട്ടു. വെളിയങ്കോടിനരികെ ഒരു ചെറിയ കപ്പല്‍ ഒഴികെ എല്ലാം കൊടുങ്കാറ്റിലകപ്പെട്ടു തകര്‍ന്നു. പറങ്കികളുടെ യുദ്ധപദ്ധതി പൊളിഞ്ഞു.
1529. മലബാറില്‍ ആധിപത്യത്തിനു കരുത്തേകിയ ചാലിയംകോട്ട പറങ്കി ഗവര്‍ണര്‍ നൂനൊ ഡാകുന്‍ പണിതു.
1540. സാമൂതിരി പ്രതിനിധി നാവിക സൈന്യാധിപന്‍ കുഞ്ഞാലി മരക്കാരുടെ ബന്ധുവായ കുട്ട്യാലി മരക്കാരും പറങ്കി പ്രതിനിധി ഡോം അല്‍ വാരിസും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നു ഇരുവിഭാഗവും സന്ധിചെയ്യാന്‍ തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍, താനൂര്‍ നാടുവാഴികള്‍ ഈ സന്ധിയെ പ്രോത്സാഹിപ്പിച്ചു. തുടര്‍ന്നു സന്ധി സംഭാഷണത്തിന് വേണ്ടി തൃക്കാവ് കോവിലകത്തായിരുന്ന സാമൂതിരിയെ പ്രതീക്ഷിച്ച് പൊന്നാനി തുറമുഖത്തെത്തിയ പറങ്കിപ്പടക്കപ്പല്‍ എസ്. മാത്യൂസില്‍വെച്ച് സാമൂതിരിയും പറങ്കി തലവനും ഉടമ്പടി ഒപ്പുവെച്ചു.
1550. ഇവിടത്തെ അനവധി വീടുകളും കച്ചവടശാലകളും ചരിത്രപ്രസിദ്ധമായ വലിയ പള്ളി അടക്കം നാലു പള്ളികളും പറങ്കികള്‍ തീവെച്ചു നശിപ്പിച്ചു.
1553. തൃക്കാവ് കോവിലകത്തായിരുന്ന സാമൂതിരിയെ തുര്‍ക്കി സ്വദേശി യൂസുഫ് സന്ദര്‍ശിച്ച് പറങ്കികള്‍ക്കെതിരെ സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി. അദ്ദേഹം കൊണ്ടുവന്ന പറങ്കി തോക്കുകളുടെ ശേഖരം സാമൂതിരിക്ക് നല്‍കി. യൂസുഫ് കുറച്ചുനാള്‍ പൊന്നാനിയില്‍ തങ്ങി. തോക്കുകളുമായി സാമൂതിരി പറങ്കികളുമായി പോരാട്ടത്തിന് ഒരുങ്ങി.
1556. ബംഗാളില്‍നിന്ന് നെല്ല്, പഞ്ചസാര തുടങ്ങിയ ഫലവ്യജ്ഞനങ്ങളുമായി വരുന്ന കപ്പല്‍ പൊന്നാനി തീരത്തുവെച്ചു പിടിച്ചെടുത്തു.
അധിനിവേശ വിരുദ്ധ സമര ചരിത്രത്തില്‍ പൊന്നാനിയുടെ രോമാഞ്ഛമായ ക്യാപ്റ്റന്‍ കുട്ടിപ്പോക്കര്‍, മലബാറിന് അഭിമാനിക്കാവുന്ന സേനാനായകനാണ്. കച്ചവടക്കപ്പലുകളെ പറങ്കികളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യ ചുമതല. ഏറ്റെടുത്ത കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പോരാട്ടരംഗത്ത് വെട്ടിത്തിളങ്ങുകയും തന്ത്രജ്ഞതയും മെയ്‌വഴക്കവും സൂത്രശാലിത്വവും പ്രതികാരവാഞ്ഛയും മുഖമുദ്രയായ നാടിന്റെ ഈ വീരപുരുഷന്‍ കുഞ്ഞാലി രണ്ടാമന്റെയും മൂന്നാമന്റെയും സൈന്യത്തില്‍ ഉപമേധാവിയായിരുന്നു.
1568. പൊന്നാനിക്കാരും പന്തലായനിക്കാരും അയല്‍ദേശക്കാരും ഉള്‍പ്പെട്ട സൈനിക വ്യൂഹം പതിനേഴു കപ്പലില്‍ ഇവിടെനിന്നു പുറപ്പെട്ടു. കുട്ടിപ്പോക്കരായിരുന്നു നായകന്‍. ചാലിയത്തിനടുത്തു പറങ്കികളുമായി നടന്ന ഉഗ്രപോരാട്ടത്തില്‍ പൂര്‍ണ വിജയം പോക്കര്‍ സേനക്കായിരുന്നു. മലബാറിലെ മികച്ച പോരാട്ടങ്ങളില്‍ ഒന്നായിരുന്നു ഇത്. തുടര്‍ന്നു കായംപട്ടണം ലക്ഷ്യമാക്കി നീങ്ങിയ സേന ചോളമണ്ഡലത്തില്‍നിന്നും ധാന്യങ്ങള്‍ കയറ്റിവരുന്ന ഇരുപത്തിരണ്ട് പറങ്കി കപ്പല്‍ പിടിച്ചെടുത്തു. യാത്രക്കാര്‍, സാധന സാമഗ്രികള്‍, ആനകള്‍ ഉള്‍പെടെ കപ്പലുകള്‍ പൊന്നാനിക്ക് കൊണ്ടുവന്നു.
1571. മലയാളക്കരയില്‍ പറങ്കികളുടെ അധിനിവേശ തകര്‍ച്ചക്ക് ആരംഭം കുറിച്ച, സാമൂതിരിയുടെ കണത്തിലേക്ക് നീട്ടിയ പീരങ്കിയെന്നും കഠാരയെന്നും ചരിത്രം വിശേഷിപ്പിച്ച പറങ്കികളുടെ ചാലിയംകോട്ട പിടിച്ചടക്കാന്‍ മുന്‍ ഒരുക്കങ്ങള്‍ നടത്തിയ ദേശങ്ങളില്‍ പ്രമുഖ സ്ഥാനം ഈ ദേശത്തിനാണ്. പൊന്നാനി, പറവണ്ണ, താനൂര്‍, ചാലിയം, പരപ്പനങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ യോദ്ധാക്കളും ജനങ്ങളും ഉള്‍പ്പെട്ട അനിതരസാധാരണമായ ഒത്തുചേരല്‍ മലബാറിനെ രോമാഞ്ചം അണിയിച്ചു. നേതൃത്വം സാമൂതിരി മന്ത്രിമാര്‍ക്കായിരുന്നു. കുഞ്ഞാലി മരക്കാരുടെയും കുട്ടിപ്പോക്കരുടെയും നേതൃത്വത്തില്‍ നാവിക സേന കടലില്‍ നിന്നും സാമൂതിരിയുടെ നായര്‍പട കരയില്‍നിന്നും കോട്ട വളഞ്ഞു. ഉപരോധം നാലു മാസത്തോളം നീണ്ടുനിന്നു. ഈ ചരിത്രമുഹൂര്‍ത്തത്തിന് നിറസാന്നിദ്ധ്യമേകാന്‍ സാമൂതിരിയും പരിവാരവും പുറപ്പെട്ടത് പൊന്നാനി തൃക്കാവ് കോവിലകത്തുനിന്നായിരുന്നു. ധാരാളം പറങ്കികള്‍ കൊല്ലപ്പെട്ടു. സാമൂതിരി പക്ഷത്ത് ആള്‍നാശം കുറവായിരുന്നു. വിജയശ്രീലാളിതനായ സാമൂതിരി മലബാറിന്റെ വാണിജ്യമേഖലയും മറ്റും പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
1573. കുട്ടിപ്പോക്കരും സൈന്യവും മംഗലാപുരത്തെ പറങ്കിക്കോട്ട തകര്‍ക്കുകയും കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു. മടക്കയാത്രയില്‍ കണ്ണൂരിനടുത്ത് പതിനഞ്ച് കപ്പല്‍ നിറയെ വന്നെത്തിയ പറങ്കികളുമായി നടന്ന ഉഗ്രയുദ്ധത്തില്‍ മലബാര്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച പോരാളികളില്‍പ്പെട്ട പൊന്നാനിയുടെ പടവാളേന്തിയ ധീരപുത്രന്‍ കുട്ടിപ്പോക്കരും കപ്പലും കടലില്‍ മുങ്ങി വീരചരമം പ്രാപിച്ചു. കുട്ടിപ്പോക്കരുടെ ചരിത്രം മലബാര്‍ ഡിസ്ട്രിക് ഗസറ്റിയേഴ്‌സ് മദ്രാസില്‍ വിവരിക്കുന്നുണ്ട്.
1578. കൊടുങ്ങല്ലൂര്‍ ക്ഷേത്രദര്‍ശനത്തിനുപോയ സാമൂതിരിയെ ഉന്നതനായ പറങ്കിദൂതന്‍ സന്ദര്‍ശിച്ച് സന്ധിസംഭാഷണം നടത്തി. കോഴിക്കോടും പൊന്നാനിയിലും കോട്ട പണിയാന്‍ അനുവദിക്കണമെന്നാണ് മുഖ്യ ആവശ്യം. കോഴിക്കോട് സാമൂതിരി അനുവാദം നല്‍കി. പൊന്നാനിയില്‍ പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. സംഭാഷണം തല്‍ക്കാലം അവസാനിപ്പിച്ചു.
1579. മൂന്നു പ്രതിനിധികള്‍ അടങ്ങുന്ന ഉന്നത സംഘത്തെ സാമൂതിരി ചര്‍ച്ചക്കായി പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായ ഗോവക്ക് അയച്ചു. വൈസ്രോയിയുടെ നേതൃത്വത്തില്‍ രാജകീയ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. പൊന്നാനിക്കോട്ടയുടെകാര്യത്തില്‍ പറങ്കികള്‍ ഉറച്ചുനിന്നു. സാമൂതിരിവിഭാഗം വിട്ടുവീഴ്ച ക്ക്തയ്യാറായില്ല. ചര്‍ച്ച അലസിപ്പിരിഞ്ഞു.
1582 - 83. കോഴിക്കോട്, പൊന്നാനി, പുതിയങ്ങാടി, കക്കാട്, പന്തലായനി, തിക്കോടി പ്രദേശങ്ങളില്‍ കച്ചവടയാത്രകള്‍ തടയാന്‍ പറങ്കികള്‍ കെണികള്‍ ഒരുക്കി. കച്ചവടം ആകെ മുടങ്ങി നാട്ടിലാകെ മുമ്പില്ലാത്ത രീതിയില്‍ പട്ടിണിയും ദാരിദ്ര്യവും അരങ്ങേറി.
1583-84. കച്ചവട സീസണ്‍ ആരംഭിച്ചപ്പോള്‍ പറങ്കികള്‍ വീണ്ടും സന്ധിക്ക് സന്നദ്ധമായി. പൊന്നാനി കോട്ട നിര്‍മ്മാണം അനുവദിച്ചു. പുതിയ വൈസ്രോയിയുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്നു സാമൂതിരിയുടെയും പ്രജകളുടെയും കച്ചവടസംഘം ഗുജറാത്ത് മുതലായ പ്രദേശങ്ങളിലേക്കും അറേബ്യന്‍ നാടുകളിലേക്കും കടലില്‍ നിര്‍ഭയം സഞ്ചരിക്കാന്‍ സുഗമമായ സന്ദര്‍ഭം തിരിച്ചുകിട്ടി. പക്ഷേ, പിന്നീടു പല കാരണങ്ങളാല്‍ പൊന്നാനിക്കോട്ട പൂര്‍ത്തിയാക്കാന്‍ ഉടനെ പറങ്കികള്‍ക്ക് സാധ്യമായില്ല. ഈ കാലഘട്ടങ്ങളില്‍ പോരാട്ടത്തില്‍ പങ്കെടുത്തു വീരചരമം പ്രാപിച്ചവരില്‍ പ്രമുഖരാണ് തെരുവത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശഹീദ് സയ്യിദ് അലിയ്യുല്‍ മിസിരിയും വെളിയംകോട്ട് കുഞ്ഞിമരക്കാര്‍ ശഹീദും.
മലബാര്‍ തീരത്തെ സുരക്ഷിതത്വവും തന്ത്രപ്രാധാന്യവും പരിഗണിച്ച് മര്‍മ്മ സ്ഥാനമായ പൊന്നാനിയില്‍ പറങ്കിക്കോട്ട നിര്‍മ്മാണത്തിനുള്ള അനുവാദം ആരംഭം മുതലേ മരക്കാന്മാര്‍ എതിര്‍ത്തിരുന്നു. തലസ്ഥാന നഗരി കോഴിക്കോട്ടു അനുവദിച്ചിട്ടും പൊന്നാനിയില്‍ വിസമ്മതിച്ച കാരണങ്ങളില്‍ പ്രധാനവും അതാണ്. അവസാനം പലവിധ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കോട്ട നിര്‍മ്മാണത്തിന് അനുവാദം നല്‍കിയത്. ഈ കോട്ട നിര്‍മ്മാണവും 1584-ല്‍ അധികാരത്തില്‍ വന്ന സാമൂതിരിയുടെ പറങ്കികള്‍ക്കനുകൂലമായ നയവ്യതിയാനവും സാമൂതിരി മരക്കാര്‍ മഖ്ദൂം ത്രിമൂര്‍ത്തി സംഖ്യത്തിന് പോറലേല്‍പ്പിച്ചു. തുടര്‍ന്ന് സാമൂതിരി ചരിത്രത്തിന്റെ ഗതിതന്നെ മാറി. പിന്നീടു നടന്ന പല പോരാട്ടങ്ങളിലും സാമൂതിരിക്ക് പൂര്‍വ്വകാല നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യമായില്ല.
ചാലിയം കോട്ടയുടെ നിര്‍മ്മാണത്തോടെ നാല്‍പത്തിരണ്ട് വര്‍ഷം പറങ്കികള്‍ക്ക് മലബാറില്‍ കൈവന്ന ശക്തിയും അന്തസ്സും കോട്ടയുടെ തകര്‍ച്ചയോടെ അനുദിനം കുറഞ്ഞുവന്നു. തുടര്‍ന്ന് സ്വാധീനം പുനഃസ്ഥാപിക്കാന്‍ പെടാപ്പാടുപെടുന്ന പറങ്കികളെയാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. ചരിത്രഗതി പരിവര്‍ത്തിതമാക്കിയ ഈ സംഭവത്തെ തുടര്‍ന്നു മുഖ്യ പരിഹാരമായി അവര്‍ സ്വീകരിച്ച മാര്‍ഗ്ഗം പൊന്നാനി കോട്ട നിര്‍മ്മാണമായിരുന്നു.
1585. പൊന്നാനിയില്‍ കോട്ട നിര്‍മ്മിച്ചതായി മലബാര്‍ ഗസറ്റിയര്‍ പറയുന്നു. സാമൂതിരിയുടെ പൂര്‍ണ അംഗീകാരം ഇതിനുണ്ടെങ്കിലും തദ്ദേശീയരുടെയും മരക്കാന്മാരുടെയും ശക്തമായ എതിര്‍പ്പും പറങ്കികളുടെ മുഖ്യമായും ഭരണരംഗത്തെ പിടിപ്പുകേടും ശക്തിക്ഷയവുംകാരണം കോട്ടയുടെ ആയുസ്സ് ദീര്‍ഘിക്കാന്‍ ഇടയില്ല. കോട്ട എവിടെയെന്നറിയില്ല.
1595. കുഞ്ഞാലി നാലാമന്‍ കോട്ടക്കല്‍ പുതുപട്ടണം കോട്ടയുടെയും സാമൂതിരി നാവികസേനയുടെയും അധിപനായി അവരോധിക്കപ്പെട്ടു. തുടര്‍ന്നു പൂര്‍വ്വികരെ അതിശയിപ്പിക്കുന്ന വിജയങ്ങള്‍ നേടുകയും ചെയ്തു. മരക്കാരും സാമൂതിരിയും തമ്മിലുള്ള മാനസിക ഭിന്നിപ്പും പറങ്കികളുടെ കുതന്ത്രവും ഹേതുവായി ഇദ്ദേഹം സാമൂതിരിയുടെ ശത്രുവായി ചിത്രീകരിക്കപ്പെട്ടു. ഇരുവിഭാഗവും സംയുക്തമായി മരക്കാരെ ആക്രമിച്ചു. പ്രതിരോധശക്തി തകര്‍ന്ന അദ്ദേഹം സാമൂതിരിക്ക് തന്റെ വാള്‍ അടിയറവെച്ചു. പ്രതാപശാലിയായ അദ്ദേഹത്തെ വധിക്കരുതെന്ന വ്യവസ്ഥയോടെ സാമൂതിരി പറങ്കികള്‍ക്ക് കൈമാറി. 1600-ല്‍ ഗോവയില്‍ വെച്ചു പറങ്കികള്‍ ആ ധീര പടനായകനെ അതിദാരുണമായി വധിച്ചു. നിറകണ്ണുകളോടെ ഓര്‍ക്കാവുന്ന ഈ സംഭവത്തോടെ മലബാറില്‍ അതുല്യപോരാട്ടങ്ങളുടെ വീരചരിത്രം രചിച്ച ഒരു നൂറ്റാണ്ടിനു അന്ത്യം കുറിച്ചു.
''ഈ പടത്തലവന്മാരുടെ വീരചരിത്രം കേരളത്തിനൊട്ടാകെ അഭിമാനവും അന്തസ്സും നല്‍കുന്നുവെന്ന കാര്യത്തെ കുറിച്ചു യാതൊരുസംശയവുമില്ല. എന്തെന്നാല്‍, പറങ്കികളുടെ നാവിക സ്വേച്ഛാധിപത്യത്തിനെതിരായി അവര്‍ നടത്തിയ ഐതിഹാസികമായ സമരങ്ങളും അതില്‍ കൈവരിച്ച നേട്ടങ്ങളും കേരള ചരിത്രത്തിലെ മഹത്തായ ഒരധ്യായമാണ്.''
(കേരള സ്വാതന്ത്ര്യ സമരം - സര്‍ദാര്‍ കെ.എം. പണിക്കര്‍)
''പോര്‍ച്ചുഗീസുകാരോട് ആദ്യം മുതല്‍ അവസാനം വരെ എതിര്‍ത്തു നിന്നത് സാമൂതിരിയാണ്. ഇടക്കിടെ സാമൂതിരിയുടെ ദൂരദൃഷ്ടി ഒട്ടൊന്ന് മങ്ങിയ വേളയില്‍ പോലും ആ ദുര മൂത്ത വഞ്ചകപ്പടയെ കേരളത്തിന്റെ ഫലഭൂയിഷ്ഠമായ മണ്ണില്‍നിന്ന് അകറ്റി നിര്‍ത്തി മാതൃഭൂമിയുടെ മാനം കാത്തത് അദ്ദേഹത്തിന്റെ സാമന്തരായ മലബാറിലെ മാപ്പിളമാരത്രെ. കോളനി വാഴ്ചക്കെതിരായ സമരത്തിന്റെ ഒരുജ്ജ്വലാധ്യായം അവര്‍ കേരള ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു. അല്ലെങ്കില്‍ ഇന്നത്തെ ഗോവ കോഴിക്കോടാകുമായിരുന്നു. പരശുരാമക്ഷേത്രമാകെ വോസ്‌കോഡിഗാമ സംസ്ഥാനമാകുമായിരുന്നു. ഒരുപക്ഷെ ബ്രിട്ടീഷ് ഇന്ത്യക്ക് പകരം പോര്‍ച്ചുഗീസ് ഇന്ത്യയും.'' (പറങ്കികളുടെ ഇന്ത്യ - ഡോ. എം. ജി.എസ്. നാരായണന്‍)   
(സുന്നി അഫ്കാര്‍ വാരിക, 2009, ഓഗസ്ത്, സുന്നിമഹല്‍, മലപ്പുറം)

No comments:

Post a Comment