Thursday, October 13, 2011

സാമൂഹിക മാറ്റങ്ങളും മുസ്‌ലിം കുടുംബവും (ഭാഗം രണ്ട്)

സാമൂഹിക മാറ്റങ്ങളും മുസ്‌ലിം കുടുംബവും (ഭാഗം രണ്ട്)
ഡോ. ഫൈസല്‍ ഹുദവി മാരിയാട്


സി. വ്യക്തി, കുടുംബം, സമൂഹം


വ്യക്തികള്‍ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിക സാമൂഹിക സംവിധാനങ്ങള്‍ നിലകൊള്ളുന്നത്. അതിനാല്‍, ഓരോ വ്യക്തിയെയും തന്റെ സാമൂഹിക വ്യവഹാരങ്ങളില്‍/ദൈനംദിന ജീവിത വൃത്തികളില്‍ ഉത്തരവാദിത്തബോധമുള്ളവനാക്കുക എന്നതിനാണ് ഇസ്‌ലാം ഊന്നല്‍ നല്‍കുന്നത്. ‘തന്റെ ഓരോപ്രവൃത്തിയെ കുറിച്ചും, സാമ്പത്തിക ക്രയവിക്രയങ്ങളെ കുറിച്ചും, സമയത്തെക്കുറിച്ചുമൊക്കെ ചോദ്യം ചെയ്യപ്പെടുന്നവനാകുന്നു മനുഷ്യന്‍’, ‘ഓരോ വ്യക്തിക്കും മറ്റു ചിലവ്യക്തികളുടെ മേല്‍ ചില ബാധ്യതകളും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും അവയെ കുറിച്ചു അവന്‍ വിചാരണചെയ്യപ്പടും’, തുടങ്ങിയ അധ്യാപനങ്ങളിലൂടെ വ്യക്തി ബന്ധങ്ങളിലും സാമൂഹിക ഇടപാടുകളിലും വളരെ കണിശത പുലര്‍ത്താന്‍ ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നുണ്ട്. 
വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും ഇസ്‌ലാം അനുവദിക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ സാധ്യമാവുമെങ്കില്‍ അത് ദൈവവുമായുള്ള ബന്ധത്തിന്റെ പേരിലാണ്, അഥവാ, ഏറ്റവും കൂടുതല്‍ ഭയഭക്തിയുള്ളയാള്‍ക്ക്/ഇസ്‌ലാമിക വിഭാവനകളെ പാലിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നവന് സമൂഹത്തില്‍ സ്ഥാനം കല്‍പിക്കപ്പെടുന്നു. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളുടെ തരംതിരിവില്‍ ഇസ്‌ലാം കാണുന്ന മറ്റൊരു പ്രധാന പരിഗണന സ്ത്രീ-പുരുഷ ലിംഗ ഭേദമാണ്. അഥവാ സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച് സമകാലിക പാശ്ചാത്യന്‍ സാമൂഹിക വീക്ഷണങ്ങളില്‍ വളരെ വ്യത്യസ്തവും വ്യക്തവുമായ കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ‘ആധുനികത’ യുടെ പേരില്‍ ഇസ്‌ലാം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന വിഷയമെന്ന നിലക്കും സമകാലിക മുസ്‌ലിംകുടുംബ വ്യവസ്ഥയെ കാര്യമായി ബാധിച്ചുകൊണ്ടി കൊണ്ടിരിക്കുന്ന വിഷയമെന്ന നിലക്കും ഇസ്‌ലാമിലെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ യാഥാര്‍ഥ്യങ്ങള്‍  വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ഇവ്വിഷയകമായി ആദ്യമേ ഉണര്‍ത്താനുള്ള സംഗതി, ആധുനിക പാശ്ചാത്യ ചിന്തകള്‍ മുന്നോട്ടു വെക്കുന്ന സമത്വ സങ്കല്‍പങ്ങളില്‍ നിന്നല്ല ഇസ്‌ലാം പുരുഷനെയും സ്ത്രീയെയും നോക്കിക്കാണുന്നത് എന്ന വസ്തുതയാണ്. ലൈഫ് പാര്‍ട്ണര്‍ എന്ന പാശ്ചാത്യ സങ്കല്‍പത്തിനു പകരം ‘സൗജ്’ (ഇണ) എന്ന സങ്കല്‍പമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. സ്ത്രീയെയും പുരുഷനെയും അല്ലാഹു സൃഷ്ടിച്ചത് ഇണകളായിട്ടാണ് എന്ന ഖുര്‍ആന്‍ (36:36; 78:8) പ്രസ്താവത്തില്‍ നിന്ന് ഇക്കാര്യം ബോധ്യമാവും. അഥവാ, ഇസ്‌ലാമിക ദൃഷ്ട്യാ, സ്ത്രീയുടെയും പുരുഷന്റെയും സാമൂഹിക ഭാഗദേയം പാരസ്പര്യത്തിന്റെതാണ്, മാത്സര്യത്തിന്റേതല്ല. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്ഠാന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലോ സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വങ്ങളിലോ സ്ത്രീയും പുരുഷനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല(അല്‍-അഹ്‌സാബ് 35; അന്നഹ്ല്‍: 97 അന്നിസാഅ്: 124). എന്നാല്‍ ഭൗതിക പരിഗണനകളാല്‍, അഥവാ, ജൈവികവും മനഃശാസ്ത്രപരവുമായ പൗരുഷത്തിന്റെയും സ്‌ത്രൈണതയുടെയും മുഴുവന്‍ ശക്തികളും ഉപയോഗപ്പെടുത്തപ്പെടാവുന്ന രീതിയിലായിരിക്കണം സാമൂഹിക ഉത്തരവാദിത്തങ്ങള്‍ വിഭജിക്കപ്പെടേണ്ടതെന്നും ഇസ്‌ലാം അനുശാസിക്കുന്നു. പുരുഷന്‍  കുടുംബത്തിന്റെ സുരക്ഷിതത്വവും സാമ്പത്തികാവശ്യങ്ങളും നിറവേറ്റുമ്പോള്‍ സ്ത്രീ കുടുംബത്തിന്റെ അഭ്യന്തരകാര്യങ്ങളും കുട്ടികളുടെ സംരക്ഷണവും പരിപാലനവും നടത്തേണ്ടവളാണ്.  ഇവിടെ പുരുഷന്റെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകളുടേതിനേക്കാള്‍ ഉയര്‍ന്നതോ അല്ലെങ്കില്‍ സ്ത്രീകളുടെ സാമൂഹിക ബാധ്യതകള്‍ പുരുഷന്മാരുടേതിനേക്കാള്‍ തരം താഴ്ന്നതോ ആയി കാണാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച് ഒന്ന് മറ്റൊന്നിന്റെ പരിപൂര്‍ത്തീകരണമാവുന്നു.
പുരുഷന്മാര്‍ വഹിക്കുന്ന സാമൂഹിക സ്ഥാനങ്ങളും നിര്‍ഹിക്കുന്ന ഉത്തരവാദിത്തങ്ങളും സ്ത്രീകളും ഏറ്റെടുക്കണമെന്ന വാദം, മുസ്‌ലിം പക്ഷത്തു നിന്നു നോക്കുമ്പോള്‍, രണ്ട് തരത്തില്‍ വിലയിരുത്താനാവും. ഒന്ന്, സ്ത്രീകളുടെ സഹജമായ സ്വഭാവഗുണങ്ങള്‍ പുരുഷന്റേതിനേക്കാള്‍ താഴ്ന്നതാണ്. രണ്ട്, സമ്പത്തും അധികാരവും സാമൂഹിക വ്യക്തിജീവിതത്തിന്റെ പരമമായ ലക്ഷ്യങ്ങളായി കാണുന്ന മുതലാളിത്ത വ്യവസ്ഥയില്‍ സാമൂഹിക ഭദ്രതയല്ല പ്രധാനം; മറിച്ച്, വ്യക്തിയുടെ സ്വാര്‍ഥതാത്പര്യങ്ങളാണ്.  ഇവ രണ്ടും ഇസ്ലാമിക വിഭാവനകള്‍ക്ക് എതിരാണ്. സമാധാനപൂര്‍ണവും സൗഹാര്‍ദപരവുമായ സാമൂഹിക നിലനില്‍പിനാണ് വൈയക്തികമായ താത്പര്യങ്ങളേക്കാള്‍ മുന്‍ഗണന നല്‍കപ്പെടേണ്ടതെന്നും സമ്പത്തും അധികാരവും സാമൂഹിക ഉത്തരവാദിത്തങ്ങളാണെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
മാത്രവുമല്ല, സ്ത്രീകളെയും പുരുഷന്മാരെയും ഇണകളായി സൃഷ്ടിച്ചത് പരസ്പരം സമാധാനവും ശാന്തിയും കൊള്ളാന്‍ വേണ്ടികൂടിയാണെന്ന് ഇസ്‌ലാം വിഭാവനം ചെയ്യുന്നു (വഖലക മിന്‍കും അസ്‌വാജന്‍ ലിതസ്‌കുനു ഇലയ്ഹാ) (അര്‍-റും; 21; അല്‍-അഅ്‌റാഫ്: 189). ശാന്തിയും സമാധാനവുമുള്ള ഇടം (മസ്‌കന്‍) എന്നാണ് ഇസ്‌ലാമിലെ വീടിന്റെ സങ്കല്‍പവും; ഭാര്യയും ഭര്‍ത്താവും നിയന്ത്രിക്കുന്ന ഉത്പാദന സംരഭമല്ല, മറിച്ച്, മനുഷ്യകുലത്തിന്റെ നിലനില്‍പിനാവശ്യമായ പ്രത്യുത്പാദന വ്യവസ്ഥയാണ്. പ്രത്യുത്പാദനമാണ് സമൂഹത്തെ നിലനിര്‍ത്തുന്നതെന്നിനാല്‍ പ്രസ്തുത പ്രക്രിയ പൂര്‍ണമായും സംസ്‌കരിക്കപ്പെട്ടതും വ്യവസ്ഥാപിതവുമായിരിക്കണമെന്ന് ഇസ്‌ലാമിന് നിഷ്‌കര്‍ശയുണ്ട്.  അഥവാ, സാമൂഹികാവസ്ഥയുടെ ഏറ്റവും അടിസ്ഥാനപരമായ സംവിധാനമാണ് കുടുംബമെന്നതിനാല്‍ സുഭദ്രമായ കുടുംബ നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ഇസ്‌ലാം നിയന്ത്രിച്ചിരിക്കുന്നത്. വസ്ത്രധാരണത്തിലായാലും മറ്റു സാമൂഹിക ഇടപെടലുകളിലായാലും ഇത്തരം നിയന്ത്രണങ്ങള്‍  ജീവശാസ്ത്രപരവും (biological) മനഃശാസ്ത്രപരവുമായ (psychological) പരിഗണനകള്‍വെച്ചാണ് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനാവും.
ചുരുക്കത്തില്‍, സ്ത്രീയെയും പുരുഷനെയും മതബാധ്യതകളില്‍ തുല്യരായി കണ്ടും സാമൂഹിക ബാധ്യതകളില്‍ വ്യത്യസ്തരായി കണ്ടുകൊണ്ടുമുള്ള തൊഴില്‍ വിഭജനത്തിന്റെ രൂപവും കൂടിയാണ് കുടുംബമെന്നും കുടുംബത്തിന്റെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്തം സന്താനപരിപാലനമാണെന്നും വരുന്നു.  അഥവാ, ധാര്‍മികതയും മാനവിക മൂല്യങ്ങളും വരും തലമുറയില്‍ വളര്‍ത്താനുതകുന്ന സാമൂഹിക പരിസ്ഥിതി (social environment) നല്‍കുന്നതായിരിക്കണം കുടുംബമെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സ്ത്രീയും പുരുഷനും സാമൂഹിക പദവികള്‍ക്കും സാമ്പത്തിക മേന്മക്കും പരസ്പരം മത്സരിക്കുകയും, ലൈംഗിക സ്വാതന്ത്ര്യവും നിയമാനുസൃതമല്ലാത്ത സന്താനങ്ങളും സമൂഹത്തിന്റെ അടിസ്ഥാനമാവുകയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം, കാമം, വികാരം,  ഉള്‍പ്രേരണ, തുടങ്ങിയവക്കിധിഷ്ഠിതമായി മനസ്സിലാക്കപ്പെടുകയും, സ്ത്രീയുടെ റോള്‍ ശൃംഗാരവും, ലൈംഗികവശീകരണവുമായി ചൂഷണംചെയ്യുപ്പെടുകയും സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി റിസപ്ഷണിസ്റ്റ്, എയര്‍ഹോസ്റ്റസ്സ് തുടങ്ങിയ തൊഴിലുകളാണ് സന്താനപരിപാലനങ്ങളേക്കാള്‍ ഉന്നതമെന്ന് തെറ്റുധരിക്കുകയും, ഭൗതികമായ ഉത്പാദനമാണ് മാനവരാശിക്ക് ധാര്‍മികമായ പരിശീലനം നല്‍കുന്നതിനേക്കാള്‍ പ്രധാനമെന്നും മനസ്ലിലാക്കപ്പെടുന്ന സാമുഹിക മാറ്റങ്ങള്‍ ഇസ്‌ലാമിക ദൃഷ്ട്യാ വിനാശകരവും പരാങ്മുഖവുമായ/പുരോഗമനപരമല്ലാത്തതുമാണ്.

ഡി. കേരള മുസ്‌ലിംകള്‍
മുകളില്‍ വിവരിച്ച ഇസ്‌ലാമിക സാമൂഹിക ക്രമങ്ങള്‍ കേരളമുസ്‌ലിംകള്‍ എങ്ങനെയാണ് ഏറ്റെടുത്തതെന്നും, അവയില്‍ എന്തല്ലാം മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പരിശോധിക്കാം.

1. ഇസ്‌ലാം ദൈനംദിന ജീവിതത്തില്‍
കേരളമുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ കുറിച്ച് പഠനം നടത്തിയിട്ടുളള പണ്ഡിതന്മാര്‍ അധികവും അടിവരയിടുന്ന ഒരു വസ്തുതയാണ്, അവരുടെ മതാഭിമുഖ്യം. ഉദാഹരണത്തിന്, 1970 കള്‍ മുതല്‍ മാപ്പിള മുസ്‌ലിംകളെ കുറിച്ചു ലഭ്യമായ എല്ലാ സ്രോതസ്സുകളും വെച്ച് വളരെ ആഴത്തില്‍ പഠനം നടത്തിയ റോളന്റ് മില്ലര്‍ പറയുന്നത് ശ്രദ്ധിക്കുക. “മതപരമായ സമര്‍പ്പണത്തിന്റെ തീവ്രതയാണ് മാപ്പിള മുസ്‌ലിംകളുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഇസ്‌ലാമികമായ ഈ സമര്‍പ്പണം യൂറോപ്യന്‍ അധിനിവേശം വരെ ഒരിക്കലും അതിരു വിട്ടു കടന്നിട്ടില്ല. ജനനം മുതല്‍ മരണം വരെ ഓരോ ജീവിത ഘട്ടങ്ങളും ഇസ്‌ലാമികമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.”  അഥവാ, ഇസ്‌ലാമിനെ വിശ്വാസാചാരങ്ങളുടെ ഒരു സാകല്യമായിട്ടായിരുന്നില്ല, മറിച്ച് ഒരു ജീവിതരീതിയായാണ് കേരള മുസ്‌ലിംകള്‍ ഏറ്റെടുത്തിരുന്നത്. വ്യക്തി, കുടുംബം, സമൂഹം തൂടങ്ങിയവയെകുറിച്ചുള്ള ഇസ്‌ലാമിക വിഭാവനകളും മനുഷ്യന്‍, പ്രകൃതി, ദൈവം തുടങ്ങിയവയെ കുറിച്ചുള്ള പ്രാപഞ്ചിക വീക്ഷണങ്ങളും ലഭ്യമായ തോതില്‍ സ്വീകരിക്കുകയും അവ ജീവിതത്തിലൂടെ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്.

2. ഇസ്‌ലാമികാവിഷ്‌കാരങ്ങള്‍
കേരളമുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തിന്റെ മറ്റൊരു സവിശേഷതയായി ഗവേഷകര്‍ കാണുന്നത് അവരുടെ സാംസ്‌കാരികാവിഷ്‌കാരങ്ങളാണ്. കോല്‍ക്കളി, ഒപ്പന, അറബന, ദഫ്മുട്ട്, ബൈത് പാട്ട്, കളരിപ്പയറ്റ് തൂടങ്ങിയ കലാരൂപങ്ങളും, മാലപ്പാട്ട്, ഖിസ്സപ്പാട്ട്, പടപ്പാട്ട്, കത്തുപാട്ട് തുടങ്ങിയ സംഗീത ശൈലികളിലുടെയും മാപ്പിള മുസ്‌ലിംകള്‍ അവരുടെ സാമൂഹിക ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളും കലാപരമായി ആവിഷ്‌കരിച്ചുകൊണ്ടിരുന്നു. പ്രാദേശിക കലാരൂപങ്ങളില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ സന്നിവേശിപ്പിച്ചാണ് ഇത്തരം ആവിഷ്‌കാരങ്ങള്‍ നടത്തപ്പെട്ടിരുന്നത്. 

3. സൂഫിസത്തിന്റെയും കര്‍മശാസ്ത്രത്തിന്റെയും പങ്ക്

പല ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി ശരീഅത്തിന്റെയും ഥരീഖതിന്റെയും സന്തുലിതമായ അവസ്ഥയായിരുന്നു കേരള ഇസ്‌ലാമിന്റേത്. ഇവിടെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ തന്നെയായിരുന്നു സൂഫിസത്തിന്റെയും പ്രചാരകര്‍ എന്നതിനാല്‍, കര്‍മശാസ്ത്ര നിയമങ്ങളെ മറികടക്കുന്ന രീതിയിലൊരു സൂഫിസം കേരളത്തില്‍ വളര്‍ന്നുവന്നില്ല. എന്നാല്‍ സൂഫീചിന്തകളാല്‍ പ്രചോദിതമായി പല പ്രാദേശിക സാംസ്‌കാരിക പ്രകടനങ്ങളെ ഇസ്‌ലാമികമായി പുനഃരാവിഷ്‌കരിക്കാനുമായി. മാല മൗലൂദുകളും ഔലിയാക്കളും ശുഹദാക്കളും മാപ്പിള മുസ്‌ലിംകളുടെ ജീവിതത്തിന്റെ ഭാഗമാവുന്നതും കേരളത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സൂഫിവര്യന്മാരുടെയും പണ്ഡിതമഹത്തുകളുടെയും പ്രത്യകതകൊണ്ടുകൂടിയാണ്.

4. മതനേതൃത്വവും സാമൂഹിക ഘടനയും

മുകളില്‍ പറഞ്ഞ രീതിയില്‍ കേരളത്തിലെ മുസ്‌ലിം സമൂഹം വളര്‍ന്നതിനു പിന്നില്‍ അവരുടെ പ്രത്യേക സാമൂഹിക ഘടനക്കും ഒരു നല്ല സ്വാധീനമുണ്ട്. ഉത്തരേന്ത്യന്‍ മുസ്‌ലിംകളില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിം ഭരണകൂടത്തിനു കീഴില്‍ കഴിഞ്ഞവരല്ല ഇവിടെയുള്ള മാപ്പിള മുസ്‌ലിംകള്‍. (കണ്ണുരിലെ അറക്കല്‍ രാജാക്കന്മാര്‍ മുസ്‌ലിംകളായിരുന്നുവെങ്കിലും മുസ്‌ലിം ഭരണരീതികളായിരുന്നില്ല അവര്‍ സ്വീകരിച്ചരിന്നത്, മാത്രവുമല്ല, അവരുടെ സ്വാധീനം വളരെ പരിമിതവുമായിരുന്നു) എന്നാല്‍ അമുസ്‌ലിം ഭരണാധികാരികള്‍ക്കു കീഴില്‍, ഇതര സമൂദായാംഗങ്ങളുമായി സൗഹാര്‍ദപരമായി നിലകൊണ്ടു തന്നെ, ഇസ്‌ലാമികമായി സാമൂഹിക സംസ്ഥാപനം സാധ്യമാക്കാനായി എന്നതാണ് കേരളമുസ്‌ലിംകളെ വ്യത്യസ്തമാക്കുന്ന മറ്റോരു പ്രത്യേകത. പള്ളികള്‍ കേന്ദ്രീകരിച്ച് അനൗദ്യോഗികവും അര്‍ധ-രാഷ്ട്രീയ സംവിധാനത്തിലുള്ളതുമായ മഹല്ലു വ്യവസഥയിലൂടെയാണ് ഇത് സാധ്യമാക്കിയിരുന്നത്. ഖാദി-ഇമാം/ഖഥീബ്-കാരണവര്‍-മഹല്ലുനിവാസികള്‍ എന്ന ഘടന ഇവിടെ സൃഷ്ടിച്ച സാമൂഹിക പരിസ്ഥിതിയും അതില്‍ സയ്യിദുമാര്‍ക്കും സൂഫീമഹത്തുക്കള്‍ക്കും മതപണ്ഡിതര്‍ക്കുമുണ്ടായിരുന്ന സ്ഥാനവും സ്വാധീനവുമായിരുന്നു കേരളമുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിനെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ജീവസ്സുറ്റതാക്കി നിലനിര്‍ത്തിയിരുന്നതെന്നും മനസ്സിലാക്കാന്‍ സാധിക്കും.

5. സാമൂഹികമാറ്റങ്ങള്‍
എന്നാല്‍ മേല്‍ പറഞ്ഞ മാതൃകയോട് സമകാലിക മുസ്‌ലിം സാമൂഹിക ചുറ്റുപാടുകള്‍ക്ക് എത്രകണ്ട് താതാത്മ്യം പ്രാപിക്കാനാവും? നമ്മുടെ ചുറ്റുപാടുകളിലെ നാം അനുഭവിക്കുന്ന സാമൂഹികാവസ്ഥകളും വാര്‍ത്താമാധ്യങ്ങളില്‍ വരുന്ന മുസ്‌ലിം പ്രതിനിധാനങ്ങളും എടുത്ത് മുകളില്‍ വിവരിച്ച കേരള മുസ്‌ലിം മാതൃകയുമായി തുലനം ചെയ്യുമ്പോള്‍ ബോധ്യമാവും കേരള മുസ്‌ലിംകള്‍ എത്ര കണ്ട് മാറിയിരിക്കുന്നുവെന്ന്. വിശദീകരണങ്ങളിലേക്കു കടക്കാതെ, പ്രസ്തുത മാറ്റങ്ങളെ ഇങ്ങനെ സംഗ്രഹിക്കാനാവും.
1. വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും ഇസ്‌ലാമിക മൂല്യബോധങ്ങള്‍ അതിവേഗം അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. സാംസ്‌കാരിക ജീര്‍ണതകള്‍ക്കെതിരെ ശക്തമായൊരു പൊതുബോധം അധികഭാഗങ്ങളിലും ഇന്നു നിലനില്‍ക്കുന്നില്ല. സ്ത്രീ-പുരുഷ ബന്ധങ്ങളിലും വേഷവിധാനങ്ങളിലും പ്രകടമായികൊണ്ടിരിക്കുന്ന മാറ്റങ്ങളും മദ്യം മയക്കുമരുന്നു എന്നിവയുടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗവും ഇക്കാര്യം വ്യക്തമാക്കുന്നു.
2. ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കും മതനേതൃത്വത്തിനും സമൂഹത്തില്‍ സ്ഥാനവും സ്വാധീനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഫലത്തില്‍ ആര്‍ക്കും ആരോടും ഒരു ഉത്തരവാദിത്തമോ വിധേയത്വമോ ഇല്ല എന്ന വിധത്തില്‍ ജീവിത്തെകുറിച്ചും മതത്തെകുറിച്ചും ഒരു ‘വിശാല’ കാഴ്പ്പാട് വളര്‍ന്നുവരികയും ചെയ്തിരിക്കുന്നു.
3. സമ്പത്ത്, അധികാരം തുടങ്ങിയ ഭൗതിക പരിഗണനകള്‍ സാമൂഹിക പദവികളുടെ മാനദണ്ഡങ്ങളാവുകയും അവ ആര്‍ജിക്കുകയെന്നത് ജീവിതത്തിന്റെ പരമലക്ഷ്യമെന്ന രീതിയില്‍ ജീവിതം ക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഫലത്തില്‍, സ്ത്രീയുടെയും പുരൂഷന്റെയും സാമൂഹിക മത ധര്‍മങ്ങള്‍ വരെ പുനരാലോചനകള്‍ക്കും പുനഃക്രമീകരണങ്ങള്‍ക്കും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയും വളരെ ആപത്കരമാം വിധം ഉപഭോഗസംസ്‌കാരം എല്ലാതലങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
4.  ഭൗതികപുരോഗതിയുടെ ഫലമായി സമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ വര്‍ധിക്കുകയും ശാരീരികക്ഷമത കൈവന്ന ആര്‍ക്കും അനായാസം പണം സമ്പാദിക്കാനാവുകയും ചെയ്തതോടെ, സാമ്പത്തികമായ പരസ്പരാശ്രയത്തം ചുരുങ്ങിവരികയും കുടുംബങ്ങളില്‍ മക്കള്‍ക്ക് വ്യക്തി സ്വാതന്ത്ര്യം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. അതായത്, രക്ഷിതാക്കള്‍ക്ക് മക്കളെ അധീനതയില്‍ നിര്‍ത്താനാവുന്നില്ല.
5.  ഇസ്‌ലാമികമായി മുസ്‌ലിം സാമൂഹിക ജീവിതം ആവിഷ്‌കരിക്കപ്പെടുന്നത് നിലക്കുകയും പകരം ആഭാസകരവും വാണിജ്യതാത്പര്യാധിഷ്ഠിതവുമായ നിരവധി കലാരൂപങ്ങള്‍ തല്‍സ്ഥാനത്ത് ഇടം പിടിക്കുകയും ചെയ്തിരിക്കുന്നു.

ഡി.3. കാരണങ്ങള്‍
ഇത്തരം മാറ്റങ്ങളുടെ സാമൂഹികവും ചരിത്രപരവുമായ പശ്ചാതലങ്ങള്‍ പരിശോധിക്കപ്പെടേണ്ടത് ആവശ്യമായ പ്രതിവിധികള്‍ കണ്ടെത്താനും ആവുന്ന പ്രതിരോധങ്ങള്‍ തീര്‍ക്കാനും അത്യാവശ്യമാണെന്ന് പറയേണ്ടതില്ല. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍ താഴെ പറയുംപ്രകാരം സംഗ്രഹിക്കാനാവും.

1. അധിനിവേശവും മതപരിഷ്‌കരണവാദങ്ങളും

നൂറ്റാണ്ടുകള്‍ നീണ്ട പാശ്ചാത്യന്‍ അധിനിവേശാനുഭവങ്ങള്‍ മാപ്പിള മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. അവര്‍ രാഷ്ട്രീയമായി അടിച്ചൊതുക്കപ്പെടുകയും സാമ്പത്തികമായി തളര്‍ത്തപ്പെടുകയും ബൗദ്ധികമായി നിഷ്‌ക്രിയരാക്കപ്പെടുകയുമുണ്ടായി. ഇസ്‌ലാമിക സംസ്‌കാരത്തെയും അതിന്റെ ആവിഷ്‌കാരങ്ങളെയും ഇല്ലാതാക്കാന്‍ നടന്ന ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ ഉയര്‍ന്നു വന്ന രണ്ട് പ്രതികരണങ്ങളായിരുന്നു പാരമ്പര്യാധിഷ്ഠിത  നവോത്ഥാന ശ്രമങ്ങളും ആധുനിക പുരോഗമനാശയങ്ങളാല്‍ പ്രചോദിതമായ മതപരിഷ്‌കരണ ശ്രമങ്ങളും.  അഥവാ, ഒരു ഭാഗത്ത് ഇസ്‌ലാമിക സാമൂഹിക സ്ഥാപനങ്ങളെയും പാരമ്പര്യമൂല്യങ്ങളെയും സുരക്ഷിതമായി നിലനിര്‍ത്താനള്ള ശ്രമങ്ങളുണ്ടായപ്പോള്‍, ആധുനികതയുടെ തുടക്കമായി വിശേഷിപ്പിക്കപ്പെടുന്ന മധ്യകാലയൂറോപ്പില്‍ ക്രസ്ത്യാനിസത്തിനകത്ത് രൂപപ്പെട്ട മതപരിഷ്‌കരണ ശൈലികളും വഹ്ഹാബിസം, അഹ്‌ലെ ഹദീസ്, സലഫിസം തുടങ്ങി മുസ്‌ലിംകള്‍ക്കകത്ത് രൂപപ്പെട്ട മതനവീകരണാശയങ്ങളും സ്വീകരിച്ച് ഇസ്‌ലാമിനെ പുനര്‍നിര്‍വചിക്കാനും പുനഃക്രമീകരിക്കാനുമാണ് മറ്റൊരു ഭാഗത്ത് ശ്രമങ്ങളുണ്ടായത്.
ഇസ്‌ലാമിനെ പുനര്‍ നിര്‍വചിക്കുവാനുള്ള ശ്രമങ്ങള്‍ കേരളമുസ്‌ലിംകളെ മതപരമായും ബൗദ്ധികമായും വളരെ ആഴത്തില്‍ ബാധിക്കുകയുണ്ടായി. സ്വകാര്യവും സാമൂഹികവുമായി ജീവിതത്തില്‍ ഇസ്‌ലാമിനെ സജീവമാക്കി നിലനിര്‍ത്തിയിരുന്ന പല സാംസ്‌കാരികാവിഷ്‌കാരങ്ങളെയും തള്ളിപ്പറഞ്ഞും നൂറ്റാണ്ടുകളായി കൈമാറിപോന്നിരുന്ന ഇസ്‌ലാമിക ജ്ഞാനശേഖരങ്ങളെ തിരസ്‌കരിച്ചും നടത്തപ്പെട്ട ഇത്തരം ശ്രമങ്ങള്‍ സമൂഹത്തില്‍ പ്രത്യേക തരത്തിലുള്ള വ്യക്തിമാഹാത്മ്യവാദവും (individualism) യുക്തിവാദവും (rationalism) വളര്‍ത്താന്‍ ഇടയാക്കി. മുസ്‌ലിം വീടുകളിലും മറ്റു പൊതുമണ്ഡലങ്ങളിലും ആധ്യാത്മികാന്തരീക്ഷം ഉണ്ടാക്കുകയും കുടുംബ-സാമൂഹികബന്ധങ്ങളെ സൗഹാര്‍ദപരവും സുദൃഢവുമാക്കി നിലനിര്‍ത്തുകയും ചെയ്തിരുന്ന മാല-മൗലൂദുകളും നേര്‍ച്ച റാത്തീബുകളും സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ തുടങ്ങിയത് അങ്ങനെയാണ്.
ഇസ്‌ലാമിക വിശ്വാസാനുഷ്ഠാന കാര്യങ്ങളില്‍ സംശയങ്ങള്‍ ജനിപ്പിക്കപ്പെടുകയും ഇസ്‌ലാമിക വ്യവസ്ഥകളിലെ ആധികാരികതയെയും പ്രാമാണികതയെയും സംബന്ധിച്ചു തെറ്റുധാരണകള്‍ സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുകയുണ്ടായി. അതുപോലെ ഇസ്‌ലാമിനെ അതിന്റെ തനിമയോടെ നിലനിര്‍ത്തിയിരുന്ന പണ്ഡിതരെയും സൂഫിമഹത്തുകളെയും പൗരോഹിത്യവും യാഥാസ്ഥിതികത്വവും ആരോപിച്ച് അവരെ ഇകഴ്ത്തുവാനായി നടത്തിയ ശ്രമങ്ങള്‍  സമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനവും സ്വാധീനവും കുറക്കുവാന്‍ കാരണമായിട്ടുണ്ട്.

2. സാമൂഹിക സംവിധാനങ്ങളുടെ ശക്തിക്ഷയം

കുടുംബം, അയല്‍പക്കം, മഹല്ല്, തുടങ്ങിയ സാമൂഹിക സംവിധാനങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ദൃഢതയോ കാര്യക്ഷമതയോ ഇന്നില്ല. ഇതിനുള്ള പ്രധാന കാരണം, മുമ്പ് വ്യക്തമാക്കിയ പ്രകാരം,  ഇസ്‌ലാമിലെ സാമൂഹിക ഘടനയുടെ അടിത്തറ ആധ്യാത്മികമൂല്യങ്ങള്‍ക്കുമേല്‍ എടുക്കപ്പെടുന്നതിനു പകരം ഭൗതികമായ പരിഗണനകളാല്‍ സംവിധാനിക്കപ്പെടുന്നതാണ്. കുടുംബത്തില്‍ ഇസ്‌ലാമികാന്തരീക്ഷം പുലര്‍ത്താനാവാത്തതു പോലെ മഹല്ലുകള്‍  നിയന്ത്രിക്കുന്നത് വ്യക്തി ജീവിതത്തിലും സമൂഹജീവിതത്തിലും പൂര്‍ണമായി ഇസ്‌ലാമികാധ്യാപനങ്ങള്‍ പാലിക്കുന്നവരാണെന്ന് ഉറപ്പുവരുത്താന്‍ നമുക്കാവുന്നില്ല. അതിനാലാണ്, സാംസ്‌കാരിക ജീര്‍ണതകള്‍ക്കെതിരെ ശക്തമായൊരു പൊതുബോധം അധികഭാഗങ്ങളിലും ഇന്നു നിലനിന്നു കാണാത്തത്.

3. വാര്‍ത്താമാധ്യമങ്ങളും വിവര സാങ്കേതിക വിദ്യകളും
വാര്‍ത്താമാധ്യമങ്ങള്‍ ഇന്ന് വ്യക്തികളുടെയും സമൂഹത്തിന്റെയും എല്ലാ തലങ്ങളിലും ശക്തമായ സ്വാധീനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അറിഞ്ഞും അറിയാതെയും മനുഷ്യന്റെ അഭിരുചികള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് അവ വളര്‍ന്നിരിക്കുന്നു. വളരെ ഗുണപരമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഇത്തരം മാധ്യമങ്ങളില്‍ നല്ലൊരു ശതമാനവും നിലനില്‍ക്കുന്നത് മനഷ്യന്റെ ലോല വികാരങ്ങളെ മുതലെടുത്താണ്. അതിനാല്‍, മാനുഷികമൂല്യങ്ങളും ധാര്‍മികചോദനകളും വളര്‍ത്തുന്നതിനു പകരം മൃഗീയതൃഷ്ണകളെ പോഷിപ്പിക്കാനും അധമവികാരങ്ങളെ ഉണര്‍ത്താനുമാണ് ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

4. ഗള്‍ഫ്കുടിയേറ്റം
രണ്ടു വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് കേരളത്തിലെ കുടിയേറ്റക്കാരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുസ്‌ലിംകളാണ്. അഥവാ, മൊത്തം കുടിയേറ്റക്കാരുടെ 40 ശതമാനം. അധിനിവേശാനന്തരം മുസ്‌ലിം സമൂഹത്തിന് ഒരു പരിധിവരെ സാമ്പത്തികമായി നിലമെച്ചപ്പെടുത്താനായതും മതസാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കാനായതും ഇത്തരത്തിലുള്ള കുടിയേറ്റംകൊണ്ടാണെന്ന് വളരെ വ്യക്തമായ വസ്തുതയാണ്. എന്നാല്‍, മുസ്‌ലിം കുടുംബാന്തരീക്ഷത്തില്‍ ഇതിനുണ്ടായ പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. അതിലേറ്റവും എടുത്തുപറയേണ്ടതായിട്ടുള്ളത്, രക്ഷാകര്‍തൃത്വത്തിന്റെ ബാധ്യതകളുമായി ബന്ധപ്പെട്ടതാണ്.

5. മതസംഘടനകളുടെ വ്യക്തിവത്കരണം
ആധുനിക പ്രവണതകളോടു ഏറെക്കുറെ ക്രിയാത്മകമായി പ്രതികരിക്കാന്‍ കേരളമുസ്‌ലിംകളെ പ്രാപ്തരാക്കികൊണ്ടിരിക്കുന്നതില്‍ മതസംഘടനകള്‍ക്കുള്ള പങ്ക് പലരും എടുത്തുകാണിക്കുന്നതാണ്. എന്നാല്‍ ഇത്തരം സംഘടനകള്‍ വരെ ഇന്നു മതമൂല്യങ്ങളെ തിരസ്‌കരിക്കുകയോ പാര്‍ശ്വവത്കരിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തന ശൈലികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാതെവയ്യ. ആശയ സംവാദങ്ങളുടെയും മറ്റും പേരില്‍ പൊതുജനസമക്ഷം സഭ്യതകളുടെ യാതൊരു അതിര്‍വരമ്പുകളും പാലിക്കപ്പെടാതെ നടക്കുന്ന കോലാഹലങ്ങള്‍ സമൂഹത്തെ എത്രമാത്രം ബാധിച്ചിരിക്കുന്നുവെന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന യുവതലമുറയുടെ സംഘബോധവും പ്രസ്തുത സംരഭങ്ങളോടുള്ള പ്രതികരണങ്ങളും പരിശോധിച്ചാല്‍ മനസ്സിലാക്കാനാവും. കുറച്ചെങ്കിലും നിലനില്‍ക്കുന്ന സംഘബോധവും ആത്മിക ചിന്തകളും ചൂഷണം ചെയ്യപ്പെടുകയും വ്യക്തിതാതപര്യങ്ങള്‍ക്ക് വേണ്ടി അവ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതിന്റെയും ദൃഷ്ടാന്തങ്ങള്‍ ഇവിടെ പറയണമെന്നു തോന്നുന്നില്ല. എന്നാല്‍, മതപണ്ഡിത വിഭാഗത്തോടു മൊത്തത്തിലും അവരുടെ മതപ്രബോധന പ്രവര്‍ത്തനങ്ങളോട് പ്രത്യകിച്ചും അഭ്യസ്ഥവിദ്യരായ യുവതലമുറയില്‍ സംശയങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രസ്തുത പ്രവണതകളെന്നു ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.

6. വിദ്യാഭ്യാസത്തിന്റെ പോരായ്മകള്‍
സാക്ഷരതയുടെ കാര്യത്തിലായാലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നില്‍ നില്‍ക്കുന്നവരാണ് കേരളത്തിലെ മുസ്‌ലിംകള്‍. മതവിദ്യാഭ്യാസ രംഗത്തും ഭൗതിക വിദ്യാഭ്യാസ രംഗത്തും സ്വന്തമായ വ്യവസ്ഥകളും സംവിധാനങ്ങളുമുണ്ടവര്‍ക്ക്. പ്രാഥമിക മതവിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തുക പ്രയാസമാകും. വഅ്ദും, ഖുര്‍ആന്‍ പഠനക്ലാസുകളും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, കേരളത്തില്‍ മുമ്പുണ്ടായിരുന്നു മതബോധമോ സാമൂഹികപരിസ്ഥിതിയോ സൃഷ്ടിക്കപ്പെടുന്നില്ല. ഇതിന്റെ പ്രധാന കാരണം, നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഫോകസിന്റെ പ്രശ്‌നമാണെന്ന് എനിക്കു തോന്നുന്നു. അഥവാ, എന്താണ് ഇസ്‌ലാം എന്നു പറഞ്ഞു കൊടുക്കുന്ന രീതികളാണ് നമുക്കുള്ളത്. പകരം, മുമ്പ് നിലനിന്നിരുന്ന പോലെ, എങ്ങനെ മുസ്‌ലിമാവാം എന്നു കാണിച്ചുകൊടുക്കുന്ന സംവിധാനമായി നമ്മുടെ മതവിദ്യാഭ്യാസരംഗം മാറിവരേണ്ടതുണ്ട്. ഈ അര്‍ഥത്തില്‍, ഔദ്യോഗികമായ വിദ്യാഭ്യാസ സംവിധാനങ്ങളേക്കാളോ അതിനു തുല്യമോ സാമൂഹിക പരിതസ്ഥിതികള്‍ക്കും ഊന്നല്‍ നല്‍കപ്പെടേണ്ടതുണ്ട്. അഥവാ, സാമൂഹിക മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതിരോധിക്കാനാവണമെങ്കില്‍, മദ്രസകളേക്കാളോ അതിനു തുല്യമോ ആയ പങ്ക് മുസ്‌ലിം കുടുംബങ്ങളും മറ്റു സാമൂഹിക സ്ഥാപനങ്ങളും ഏറ്റെടുത്തു നടത്തണമെന്നര്‍ഥം.
(തെളിച്ചം മാസിക, ജൂലൈ 2011, ദാറുല്‍ഹുദാ, ചെമ്മാട്)

No comments:

Post a Comment