Wednesday, October 12, 2011

കര്‍മശാസ്ത്രം ചില വര്‍ത്തമാന ചിന്തകള്‍

കര്‍മശാസ്ത്രം ചില വര്‍ത്തമാന ചിന്തകള്‍
ഡോ. കെ.എം. ബഹാഉദ്ദീന്‍ ഹുദവി, മേല്‍മുറി

കര്‍മശാസ്ത്രം എന്ന മതവിജ്ഞാന ശാഖയും മറ്റു ശാസ്ത്ര ശാഖകളെപ്പോലെ നിരന്തരമായ പുരോഗതിയുടെ പാതയിലാണ്. അഥവാ പ്രവാചകന്റെ കാലഘട്ടത്തിലോ ഖുലഫാഉര്‍റാശിദിന്റെ കാലഘട്ടത്തിലോ ഇതിന്റേതായ ഊടും പാവും നല്‍കപ്പെട്ടിരുന്നില്ല. പ്രവാചകനും സച്ചരിതരായ ഖുലഫാഉം മുസ്‌ലിം ഉമ്മത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം നിര്‍ദേശിക്കുകയായിരുന്നു. പില്‍ക്കാലത്ത് മുസ്‌ലിം ഭരണപ്രദേശം വികാസം പ്രാപിക്കുകയും മുസ്‌ലിം ഉമ്മത്തിന് നാനാതലത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്യേണ്ടി വന്നപ്പോള്‍ ഫിഖ്ഹ് എന്ന പ്രത്യേക കര്‍മശാസ്ത്രത്തിന് തന്നെ രൂപം നല്‍കപ്പെട്ടു.

കര്‍മശാസ്ത്രം എന്നാല്‍...
ഫിഖ്ഹ് എന്നാല്‍ ഭാഷാര്‍ത്ഥത്തില്‍ അറിവ്, ഗ്രഹിക്കല്‍ എന്നെല്ലാമാണ് നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത്. ഇബ്‌നു അബ്ബാസ് (റ)നു വേണ്ടി റസൂല്‍ ചെയ്ത പ്രാര്‍ത്ഥനയില്‍ 'അല്ലമ' എന്നും 'ഫഖ്ഖഹ' എന്നും വെവ്വേറെ പ്രയോഗിച്ചതായി കാണാം. എന്നിരുന്നാലും കര്‍മശാസ്ത്ര വിശാരദരെക്കുറിച്ച്  ഫഖീഹ് എന്ന് പ്രവാചകന്റെയോ സ്വഹാബത്തിന്റെയോ കാലത്ത് നിര്‍വ്വചിക്കപ്പെട്ടിരുന്നില്ല. ആദ്യകാലത്ത്, പ്രത്യേകിച്ച് സ്വഹാബത്തിന്റെ കാലത്ത് കര്‍മശാസ്ത്രജ്ഞന് 'ഖാരിഅ്', ബഹുവചനം 'ഖുര്‍റാഅ്' എന്ന് ഉപയോഗിക്കുമായിരുന്നു. ഇബ്‌നു ഖല്‍ദൂന്‍ പറയുന്നതു പോലെ എല്ലാ സ്വാഹാബികളും ഫത്‌വ നല്‍കുമായിരുന്നില്ല. ഖുര്‍ആനില്‍ നല്ല പരിജ്ഞാനമുള്ള 'നാസിഖ്, മന്‍സൂഖ്, മുഹ്കമ്, മുതകാസിര്‍ തുടങ്ങിയവയില്‍ അഗാധ ജ്ഞാനമുള്ളവരില്‍ നിന്നു മാത്രമേ ഫത്‌വകള്‍ സ്വീകരിക്കപ്പെടുമായിരുന്നുള്ളൂ. അതിനാല്‍ അവര്‍ ഖുര്‍ആന്‍ നന്നായി പാരായണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നുവെന്നര്‍ത്ഥത്തില്‍ 'ഖുര്‍റാഅ്' എന്നറിയപ്പെട്ടു (മുഖദ്ദിമ: പേ.446). മുന്‍കാലത്ത് മുസ്‌ലിം നഗരങ്ങള്‍ വികസിക്കുകയും ഖുര്‍ആനിന്റെ ഇടപെടല്‍ കൊണ്ട് അറബികളിലെ നിരക്ഷരത നീങ്ങിപ്പോകുകയും അവര്‍ ഖുര്‍ആനില്‍ നിന്ന് വിധികള്‍ മനസ്സിലാക്കിത്തുടങ്ങുകയും ചെയ്തു. അപ്പോള്‍ അവര്‍ 'ഉലമ' എന്നും 'ഫുഖഹാ'എന്നും അറിയപ്പെട്ടു (മുഖദ്ദിമ: 446).
ഉത്ഭവം, വളര്‍ച്ച
കര്‍മശാസ്ത്രത്തിന്റെ പ്രാരംഭം പ്രവാചക നിയോഗത്തോടെയാണ്. പിന്നീട് വളര്‍ച്ചയുടെ ഘട്ടമായി. കര്‍മശാസ്ത്ര ചരിത്രകാരന്മാര്‍ വളര്‍ച്ചയുടെ അഞ്ചു ഘട്ടങ്ങളെ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രവാചകന്റെ ജീവിത കാലഘട്ടമാണ് നിയമ നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം. എ.ഡി 610 മുതല്‍ 622 വരെ നീണ്ടുനില്‍ക്കുന്ന അക്കാദമി കാലഘട്ടമാണ് ഇസ്‌ലാമിക നിയമനിര്‍മാണത്തിന്റെ ഒന്നാം ഘട്ടമായി ഗണിക്കുന്നത്. മനുഷ്യനെ നെറികേടില്‍ നിന്ന് വഴിനടത്തുന്ന വിഷയങ്ങള്‍ സംബന്ധമായ നിയമനിര്‍മാണമാണ് കൂടുതലായി അന്ന് നടന്നത്. ഇസ്‌ലാമികവും നവീനവുമായ ഒരു ശക്തിയെ വാര്‍ത്തെടുക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന സ്വാഭാവിക ചോദ്യങ്ങള്‍ക്ക് അന്നത്തെ നിയമങ്ങളെന്നു പറയാം. 622 മുതല്‍ 632 വരെയുള്ള മദീനാ ജീവിത കാലമാണ് യഥാര്‍ത്ഥ നിയമനിര്‍മാണം നടക്കുന്നത്. ഈ ഘട്ടത്തില്‍ അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളിലും പ്രവാചകന്റെ വാക്യങ്ങളിലും കൂടുതല്‍ നിയമങ്ങളുള്‍ക്കൊള്ളുന്നു. എ.ഡി 632ല്‍ പ്രവാചകന്‍ (സ) വഫാത്തായത് മുതല്‍ എ.ഡി 661ല്‍ മുആവിയ (റ)യുടെ വഫാത്ത് വരെയുള്ള ഘട്ടമാണ് ഇസ്‌ലാമിക നിയമനിര്‍മാണത്തിന്റെ രണ്ടാം ഘട്ടം. സ്വഹാബത്തിന്റെ കാലഘട്ടം വിശിഷ്യാ ഖുലഫാഉര്‍റാശിദിന്റെ കാലഘട്ടമാണ് ഇത് എന്നൊരുസവിശേഷതയും ഇതിനുണ്ട്. മതപരവും രാഷട്രീയ പരവുമായ നേതൃത്വം ഈ കാലഘട്ടത്തില്‍ ഖലീഫമാരില്‍ നിക്ഷിപ്തമായിരുന്നു. സ്വഹാബത്തിന്റെ കര്‍മശാസ്ത്രത്തില്‍ പ്രകടമായ അഭിപ്രായാന്തരങ്ങളുണ്ടായിരുന്നു. 'അല്‍ ഇന്‍സാഫ് ഫീ ബയാനി അസ്വ്ഹാബില്‍ ഇഖ്തിലാഫ്' എന്ന ഗ്രന്ഥത്തല്‍ ശാഹ് വലിയുള്ളാഹിദ്ദഹ്‌ലവി ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. മുസ്‌ലിംലോകം വ്യാപ്തിപ്രാപിച്ചപ്പോള്‍ സ്വഹാബത്തിന്റെ കര്‍മമണ്ഡലവും വികസിച്ചു. കര്‍മശാസ്ത്രത്തിന്റെ പ്രഭവസ്ഥാനങ്ങള്‍ അവരായിമാറി. ഖുര്‍ആനിലും അവര്‍ ഹൃദിസ്ഥമാക്കിയ ഹദീസുകളിലും മതവിധികള്‍ കണ്ടെത്താനായില്ലെങ്കില്‍ സ്വയം ഗേവഷണം നടത്തുകയായിരുന്നു അവരുടെ പതിവ്. ഇതാണ് ഇവരുടെ വീക്ഷണങ്ങളില്‍ വ്യതിയാനംവരാന്‍ കാരണം. ഹദീസുകളിലും ഖുര്‍ആന്‍ സൂക്തങ്ങളിലും ഇവര്‍ കണ്ടെത്തിയ തത്വം അഥവാ ഹിക്മത് മാറുന്നതിനനുസരിച്ച് നിയമം അഥവാ ഹുക്മ് മാറിക്കൊണ്ടിരിക്കുമെന്നത് പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലോ. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ), ഉമറുബ്‌നുല്‍ ഖത്താബ് (റ), അലിയ്യുബ്‌നു അബീ ഥാലിബ് (റ), അബുദുല്ലാഹിബ്‌നു മസ്ഊദ് (റ), സൈദുബ്‌നു സാബിത് (റ), അബുദുല്ലാഹിബ്‌നു അബ്ബാസ് (റ), അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ), അബൂബക്കര്‍ സിദ്ദീഖ് (റ), മുആദുബ്‌നു ജബല്‍ (റ) അബൂ സഈദില്‍ ഖുദ്‌രി (റ), അബൂമൂസല്‍ അശ്അരി (റ) തുടങ്ങിയവരാണ് സ്വഹാബത്തിന്റെ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍. ഇവരെല്ലാം സ്വതന്ത്രമായ വീക്ഷണഗതിയുള്ളവരാണെങ്കില്‍ തന്നെ എന്തെങ്കിലും വിഷയത്തില്‍ സ്വയം ഹദീസ് മനപാഠമില്ലെങ്കില്‍ അപരരോട് അന്വേഷിക്കുക പതിവായിരുന്നു. ഒരു വിധത്തിലും ഹദീസ് ഹൃദിസ്ഥമായില്ലെങ്കിലാണ് അവര്‍ നിലവിലുള്ള തെളിവുകള്‍ ഗവേഷണം ചെയ്യുന്നത്. ഹദീസ് കിട്ടുമ്പോള്‍ സ്വന്തം ഗവേഷണത്തില്‍ നിന്ന് പിന്‍മാറുക അവരുടെ പതിവായിരുന്നു.
എ.ഡി 661 മുതല്‍ 750 വരെയുള്ള കാലഘട്ടം കര്‍മശാസ്ത്രത്തിന്റെ മൂന്നാംഘട്ടമായി വിവരിക്കപ്പെടുന്നു. താബിഉകളുടെ കാലഘട്ടം അല്ലെങ്കില്‍ അമവികളുടെ കാലഘട്ടം എന്നിതിനെ വിളിക്കാം. അമവികള്‍ രാഷ്ട്ര ഭരണത്തിനപ്പുറം ജനങ്ങളുടെ വിശ്വാസത്തിലോ കര്‍മവീഥികളിലോ ഇടപെടുമായിരുന്നില്ല. അതിനാല്‍ ഓരോ നഗരപ്രദേശങ്ങളും കേന്ദ്രീകരിച്ച് സ്വതന്ത്രമായ കര്‍മശാസ്ത്ര സരണി രൂപപ്പെട്ടു. മക്കയില്‍ അതാഉബ്‌നു റബാഅ്, അംറുബ്‌നു ദീനാര്‍ എന്നിവരാണ് പ്രസിദ്ധരായത്. മദീനയില്‍ പ്രസിദ്ധരായ ഏഴ് ഫുഖഹാക്കള്‍ക്ക് പുറമെ സ്വാലിഹ്ബ്‌നു അബദുല്ല, ഇബ്‌നുശിഹാബുസ്സുഹ്‌രി, റബീഅ, യഹ്‌യബിനുസഅദ്, മാലിക്ബ്‌നു അനസ് എന്നിവരും പ്രസിദ്ധരായിരുന്നു. എന്നതുപോലെ ബസ്വ്‌റയില്‍ മൂന്നുപേരും കൂഫയില്‍ ഏഴുപേരും സിറിയയില്‍ നാലു പേരും ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചു. (താരീഖുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി - മുഹമ്മദ് അലി അശ്ശാഇ. ഒറിജിന്‍ ഓഫ് ദി ഏളി സ്‌കൂള്‍ ഓഫ് ലോ, അഹ്മദ് ഹസന്‍).
താബിഉകളിലെ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ചക്രവാളങ്ങള്‍ നിറഞ്ഞു. ഇന്ത്യ, ഖുറാസാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, മൗസില്‍, ഖിയാറു റബീഅ്, ഖിയാറു മുളര്‍ തുടങ്ങിയ ഈജിപ്ത്, ആഫ്രിക്ക, സ്‌പെയ്ന്‍, ബാര്‍ബേറിയന്‍ പ്രവിശ്യകള്‍, ഹിജാസ്, യമന്‍, അറേബ്യന്‍ ഉപദ്വീപ്, ഇറാഖ്, അഫ്ഗാന്‍, പേര്‍ഷ്യ, കിര്‍മാന്‍, കാബൂള്‍, ഇസ്ഫഹാന്‍, സബിസ്താന്‍, ജുര്‍ജാന്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും താബിഉകളിലെ ഫുഖഹാക്കളെക്കൊണ്ട് സമ്പുഷ്ടമായിരുന്നു. അവരെ മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തുക അസാധ്യമാണെങ്കിലും ഇവര്‍ ചില സ്ഥലങ്ങളില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ചിരുന്നു.(മൗസൂആത്ത് ജമാല്‍ അബ്ദുന്നാസര്‍, ഈജിപ്ത്, 1386 ഹിജ്‌റ).
താബിഉകളുടെ കാലത്ത് കര്‍മ്മശാസ്ത്രത്തിന് മുഖ്യമായും നാലു പ്രമാണങ്ങളാണുണ്ടായിരുന്നത്. ഖുര്‍ആന്‍, സുന്നത്ത്, സ്വഹാബത്തിന്റെ വീക്ഷണങ്ങള്‍, സ്വന്തം ഗവേഷണങ്ങള്‍ എന്നിവയായിരുന്നു അവ. അഥവാ കര്‍മ്മശാസ്ത്രത്തിന്റെ നിദാനങ്ങള്‍ നാള്‍ക്കുനാള്‍ വികാസം പ്രാപിച്ചു. ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രത്തിന്റെ ക്രോഡീകരണ കാലഘട്ടത്തെ മുസ്‌ലിം ചരിത്രത്തിന്റെ നാലാം കാലഘട്ടം എന്നു വിളിക്കാം. എ.ഡി. 750 മുതല്‍ 1258 വരെ നീണ്ടു നില്‍ക്കുന്ന  അബ്ബാസികളുടെ കാല ഘട്ടമായിരുന്നു ഇത്. അമവികളില്‍ നിന്ന് വിഭിന്നമായി അബ്ബാസികള്‍  ചിന്താപരവും വിശ്വാസപരവും കര്‍മ്മപരവുമായ കാര്യങ്ങളില്‍ ഇടപെടുമായിരുന്നു.  അതിനാല്‍ അവര്‍ ക്രോഡീകരണത്തിനും വീക്ഷണ ഗതികളുടെ പ്രചാരണത്തിനും ഊന്നല്‍ നല്‍കി. കര്‍മ്മ ശാസ്ത്രത്തിലെയും ഹദീസിലെയും ആദി ഗ്രന്ഥമായ മുവഥ്വ തന്നെ ക്രോഡീകൃതമായത് ഖലീഫ മന്‍സൂറിന്റെ പ്രേരണ മൂലമാണ്. ചുരുക്കത്തില്‍ ഖിലാഫത്തിന്റെ തണലില്‍ ഒരുപാട് മദ്ഹബുകള്‍ രൂപപ്പെട്ടു. അഹ്‌ലുസ്സുന്നയില്‍ തന്നെ എട്ട് മദ്ഹബുകള്‍ ഉണ്ടായി.  അതില്‍ സുഫ്‌യാനുസൗരി, ഔജാഇ, ദാവൂദുള്ളാഹിരി, ഇബ്‌നു ജലിയ്യിഥ്വബ്‌രി തുടങ്ങിയവരുടെ വീക്ഷണങ്ങള്‍ തുടക്കത്തില്‍ അനുധാവനം ചെയ്യപ്പെട്ടെങ്കിലും പില്‍ക്കാലത്ത് വിവിധ കാരണങ്ങളാല്‍ കാലഹരണപ്പട്ടു. എന്നതുപോലെ ശിയാ വിഭാഗത്തിനും സൈദിയ്യ, ഇമാമിയ്യ, ഇബാളിയ്യ തുടങ്ങിയ മദ്ഹബുകള്‍ മാത്രമവശേഷിച്ചു. അബ്ബാസികളുടെ കാലഘട്ടത്തിലാണ് കര്‍മ്മശാസ്ത്രത്തിന് ഏറെ വികാസമുണ്ടായത്. ഇതിന്റെ കാരണങ്ങള്‍ പലതാണ്. പണ്ഡിത ശ്രേഷ്ഠര്‍ക്ക് ഖലീഫമാര്‍ നല്‍കിയ മുന്തിയ പരിഗണന, ആവിഷ്‌കാര സ്വാതന്ത്ര്യം, മദ്ഹബുകള്‍ തമ്മില്‍ നടന്ന സംവാദങ്ങള്‍, മുസ്‌ലിം ലോകത്ത് പുതുതായി രൂപപ്പെട്ട കര്‍മ്മശാസ്ത്രമായി ഉത്തരം തേടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഈ വികാസത്വം നിര്‍വ്വഹിച്ചു. ഓരോ മദ്ഹബിലും അന്ന് ധാരാളം ഗ്രന്ഥ രചനകള്‍ നടന്നു. മറ്റു മദ്ഹബുകളിലെ ന്യൂനതകള്‍ വരച്ചുകാട്ടാനും തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാനും നടന്ന ഗ്രന്ഥ രചനകളുടെ ശൈലി തന്നെ സര്‍വ്വ സജ്ജരായി മാറി. ഗ്രന്ഥ രചയിതാവിന്റെ മുമ്പില്‍  ഒരു എതിര്‍ കക്ഷിയുണ്ടെന്ന സങ്കല്‍പത്തില്‍ സാങ്കല്‍പികമായ കുറെ ചോദ്യങ്ങളുടെ മറുപടി എന്ന രീതിയിലാണ് ഒരുപാട് രചനകള്‍ നടന്നത്.
 കര്‍മ്മശാസ്ത്രം അബ്ബാസികള്‍ക്കു ശേഷം
അബ്ബാസികള്‍ക്കു ശേഷം കര്‍മ്മശാസ്ത്രത്തിന്റെ അല്‍ഭുത പൂര്‍വ്വമായ വളര്‍ച്ച നിന്നെങ്കിലും ഓരോ മദ്ഹബും ധാരാളം വളര്‍ച്ച നേടി. നിലവിലുള്ള ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനം, മാര്‍ജിനെഴുത്ത്, ബൃഹത്തായ ഗ്രന്ഥങ്ങള്‍ സംഗ്രഹിക്കല്‍, സംഗ്രഹീത ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കല്‍, ഗദ്യ ഗ്രന്ഥങ്ങള്‍ പദ്യമാക്കല്‍, പദ്യങ്ങള്‍ക്ക് വ്യാഖ്യാനം എഴുതല്‍ തുടങ്ങിയ കാര്യങ്ങളാണ് പില്‍ക്കാലം നടന്നത്. വ്യക്തിഗത ഗവേഷണങ്ങള്‍ക്ക് പില്‍ക്കാലത്ത് കൂടുതല്‍ പ്രാധാന്യം ലഭിച്ചില്ല, എന്നു മാത്രമല്ല, നിരുള്‍സാഹപ്പെടുത്തപ്പെടുകയും ചെയ്തു. ഇമാം സ്വുയൂഥി (റ), ശാഹ് വലിയ്യുള്ളാഹിദ്ദഹ്‌ലവി  (റ) തുടങ്ങിയവരാണ് പിന്നീട് സ്വതന്ത്ര്യ ഗവേഷണത്തിന് അല്പമെങ്കിലും പ്രാധാന്യം നല്‍കിയത്. ഇമാം സുയൂഥി (റ) തന്റെ കാലത്ത് സ്വതന്ത്ര മുജ്തഹിതാണെന്ന് (മുജ്തഹിദ് മുഥ്‌ലഖ്) വാദിക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം അതില്‍ നിന്ന് പിന്മാറി. എന്നാല്‍ ശാഹ് വലിയ്യുള്ളാഹിദ്ദഹ്‌ലവി (റ) സ്വതന്ത്രമായി ഇജ്തിഹാദ് വാദം  ഉയര്‍ത്തുകയല്ല ചെയ്തത്. മദ്ഹബുകള്‍ തമ്മിലുള്ള അകല്‍ച്ച കണ്ടെത്തുന്നതിലേക്ക് വഴിവെച്ചപ്പോള്‍ എല്ലാ മദ്ഹബുകളെയും നിഷ്പക്ഷമായി വിലയിരുത്താന്‍ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെ അഭിപ്രായാന്തരങ്ങളുള്ള മസ്അലകളെ സ്വന്തമായി ഗവേഷണത്തിന് വിധേയമാക്കിയപ്പോള്‍ താന്‍ അനുവര്‍ത്തിച്ചു പോന്ന ഹനഫീ മദ്ഹബിനോട് എണ്‍പത് ശതമാനം മസ്അലകളിലും വിയോചിക്കേണ്ടി വന്നു. ഇതില്‍ തന്നെ എഴുപത് ശതമാനം മസ്അലളും ശാഫീ മദ്ഹബിന് അനുകൂലമാണെന്നാണ് താന്‍ കണ്ടെത്തിയത് (ശാഹ് വലിയ്യുള്ളാഹിദ്ദഹ്‌ലവി(റ), അക്ബര്‍ വഖാ, പാകിസ്ഥാന്‍). ഇന്ത്യയില്‍ അദ്ദേഹം കര്‍മ്മപരമായി ഹനഫീ മദ്ഹബ് അംഗീകരിച്ചിരുന്നു. താന്‍ കര്‍മ്മപരമായി ഹനഫിയാണെന്ന് തന്റെ സ്വഹീഹുല്‍ ബുഖാരിയുടെ കോപ്പിയുടെ അവസാനത്തില്‍ തന്റെ പേന കൊണ്ടു തന്നെ അദ്ദേഹം എഴുതി വെച്ചിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയുടെ ഈ കോപ്പി പട്‌നയിലെ ഖുദാബഖ്ശ് ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു.
ന്യൂനപക്ഷകര്‍മശാസ്ത്രം
വ്യക്തികളെ സംബന്ധിക്കുന്ന നിയമങ്ങള്‍ കര്‍മശാസ്ത്രത്തിന്റെ പകുതിയിലധികം വരും. എന്നാല്‍ രാഷ്ട്രം, കോടതി തുടങ്ങിയവയെ സംബന്ധിക്കുന്ന നിരവധി നിയമങ്ങള്‍ കര്‍മശാസ്ത്രമുള്‍ക്കൊള്ളുന്നു. ഒരു മുസ്‌ലിം ഭരണപ്രദേശത്ത് അനുവര്‍ത്തിക്കേണ്ട നിയമങ്ങളും ഒരുപാട് കോടതിവിധികളും അടങ്ങുന്ന കര്‍മശാസ്ത്രം മുസ്‌ലിംകള്‍ അന്യമതസ്ത്ഥന്റെ കീഴില്‍ ജീവിക്കുന്ന സ്ഥലങ്ങളില്‍ പ്രായോഗികമാകുമോ എന്ന് ന്യൂപക്ഷകര്‍മശാസ്ത്രം ചര്‍ച്ചചെയ്യന്നു.
രാഷ്ട്രനിയമങ്ങള്‍ പലപ്പോഴും മുസ്‌ലിം നിയമങ്ങള്‍ക്ക് എതിരാവാറുണ്ട്. അറബ് രാഷ്രട്രങ്ങളെ മുഴുവന്‍ കൊളോണിയല്‍ ശക്തികള്‍ അടക്കിവാണപ്പോള്‍ അവരുടെ നിയമങ്ങള്‍ പലപ്പോഴും മുസ്ലിം നിയമങ്ങള്‌ക്കെതിരായിട്ടുണ്ട്. അവരുടെ നിയമങ്ങള്‍ക്ക് കര്‍മശാസ്ത്ര പരമായി എന്തെങ്കിലും ന്യായീകരണം കണ്ടെത്താന്‍ ശ്രമിച്ചതിന്റെ ഫലമായി മസ്‌ലഹ മുര്‍സല അല്ലെങ്കില്‍ ഇസ്തിഹ്‌സാന്‍ എന്ന കര്‍മശാസ്ത്ര പ്രമാണത്തില്‍ അവര്‍ അത്താണികണ്ടെത്തി. പൊതുജന താല്‍പര്യങ്ങളാണ് മസ്‌ലഹ മുര്‍സല എന്നായിരുന്നു അവരുടെ കണ്ടെത്തല്‍. അതിനാല്‍ രാഷ്ട്രം നിര്‍മിക്കുന്ന എല്ലാ നിയമങ്ങളും പൊതുജന താല്‍പര്യപരമായതിനാല്‍ അവ ശിരസാവഹിക്കാന്‍ മുസ്‌ലിംകള്‍ മുഴുവനും ബാധ്യസ്ഥരാണെന്ന് കൊളോണിയല്‍ ശക്തികള്‍ വിളിച്ചുപറഞ്ഞു.
എന്നാല്‍ ശാഫിഈ മദ്ഹബ് മസ്‌ലഹ മുര്‍സലയെ നേരത്തെ തന്നെ പ്രമാണമായി അംഗീകരിച്ചിട്ടില്ല. 'ഇസ്തിഹ്‌സാന്‍ അനുവര്‍ത്തിച്ചവന്‍ സുഖം കണ്ടെത്തി' എന്ന് ശാഫിഈ ഇമാം രിസാലയില്‍ പ്രതിപാദിച്ചട്ടുണ്ട്. ഹനഫീ മദ്ഹബാണെങ്കില്‍ അതിനെ അഞ്ചാം പ്രമാണമായി കാണുന്നുണ്ടുതാനും. തുര്‍ക്കീ ഖിലാഫത്തിന്റെ സ്വാധീനം മൂലം ലോകമുസ്‌ലിംകളില്‍ ഭൂരിപക്ഷം പേരും ഹനഫീ മദ്ഹബിന്റെ വക്താക്കളായതിനാല്‍ അവര്‍ക്കിതില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ സുഖമായിരുന്നു. മുസ്‌ലിം പണ്ഡിതന്‍മാര്‍ ഈ നീക്കത്തിനെതിരെ സംഘടിതമായിത്തന്നെ രംഗത്ത് വന്നിട്ടുണ്ട് എന്നും പറയാതെ വയ്യ.
മുസ്‌ലിം രാഷട്രങ്ങളും കര്‍മശാസ്ത്രവും
ഇന്ന് മുസ്ലിം രാഷ്ട്രങ്ങളില്‍ ഏറിയ കൂറും മദ്ഹബിന്റെ അടിസ്ഥാനത്തിലുള്ള കര്‍മശാസ്ത്രം അതേപടി അംഗീകരിക്കുന്നില്ല. തുര്‍ക്കി ഖിലാഫത്ത് തന്നെ തങ്ങളുടെ അസ്തമയത്തിന്റെ വര്‍ഷങ്ങള്‍ മുമ്പ്  കര്‍മശാസ്ത്രം വലിച്ചെറിയുകയും സ്വന്തം രാഷ്ട്ര നിയമത്തിന് വീജാപാപം നല്‍കുകയും ചെയ്തു.

നെപ്പോളിയന്‍ ബോണാപാര്‍ട്ട ഫ്രഞ്ചുകാര്‍ക്ക് വേണ്ടി നിര്‍മിച്ചെടുത്ത നിയമം മാതൃകയാക്കി, 1840ല്‍ തുര്‍ക്കി ഖലീഫ തന്റെ രാഷ്ട്രത്തിന് സ്വയം നിയമങ്ങള്‍ സൃഷ്ടിച്ചെടുത്തു. അന്ന് മുതല്‍ മുസ്‌ലിംകള്‍ കര്‍മപരമായി തങ്ങളുടെ അസ്ഥിത്വത്തില്‍ നിന്ന് അകലാന്‍ തുടങ്ങി. ആയതിനാല്‍ പിന്നീടുവന്ന കൊളോണിയല്‍ ശക്തികള്‍ക്ക് മുസ്‌ലിംകളെ കുരങ്ങുകളിപ്പിക്കല്‍ സുഖമമായ പ്രക്രിയയായി മാറി. വൈദേശികാധിപത്യത്തില്‍ നിന്ന് മുസ്‌ലിം രാഷ്ട്രങ്ങള്‍ മോചനം നേടിയപ്പോഴും അവര്‍ പഴയ കര്‍മശാസ്ത്രത്തിലേക്ക് തിരിച്ചുപോയില്ല. സഊദി അറേബ്യ മാത്രമാണ് ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ ശ്രമിച്ചത്.
സംഘടിത ശ്രമങ്ങള്‍
വ്യക്തികത ഗവേഷണങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇല്ലാതായിട്ടുണ്ട് എന്ന് ആരും അംഗീകരിക്കും. വ്യക്തികത ഗവേഷണത്തിന്റെ അന്ത്യവും കര്‍മശാസ്ത്രസരണിയിലേതെങ്കിലുമൊന്നിനെ പിന്തുടര്‍ന്നു ജീവിക്കലും സ്വാഭാവികമായ ഒരു അനിവാര്യതയായിരുന്നു. എന്നിരുന്നാലും മുസ്‌ലിം സമൂഹത്തിന് അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
മാറുന്ന ലോകത്ത് ഇടപാടുകളുടെയും ഉടമസ്ഥാവകാശത്തിന്റെയും സ്വത്തവകാശത്തിന്റെയും നിര്‍വചനങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍, ശാഷ്ട്രത്തിന്റെ കണ്ടെത്തലുകള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍ മുസ്‌ലിം ജനതക്ക് പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടത്തെല്‍ അനിവാര്യമാകുന്നു. ഇല്ലെങ്കില്‍ ഇസ്‌ലാമിന്റെ സാര്‍വജനീനമെന്ന സവിശേഷത വിസ്മരിക്കപ്പെടാവതാണ്.
ഈയൊരു പരിതസ്ഥിതിയിലാണ് സംഘടിത ഗവേഷണത്തെക്കുറിച്ച് മുസ്‌ലിം ലോകം ചിന്തിച്ചത്. അഥവാ വിവിധ രാഷ്ട്രങ്ങളില്‍-ഇന്ത്യയിലും കേരളത്തിലും- ഫിഖ്ഹീ അക്കാദമികളും കൗണ്‍സിലുകളും ഫത്‌വാ കമ്മിറ്റികളും നിലവില്‍വന്നു. ആള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദിമി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫത്‌വാ കമ്മിറ്റി തുടങ്ങിയവ ഉദാഹരണം. പുതിയ മസ്അലകള്‍ വരുമ്പോള്‍ തലയെടുപ്പുള്ള പണ്ഡിതന്‍മാര്‍ ഒന്നിച്ചിരുന്ന് വിഷയങ്ങള്‍ അപഗ്രഥിച്ച് ചര്‍ച്ചയിലൂടെ മറുപടി കണ്ടെത്തലാണ് ഇതിന്റെ രീതി. എന്നാല്‍ പലേടത്തും ഇത് ലക്ഷ്യത്തിലെത്തുന്നില്ല എന്നതാണ് ഖേദകരം.
(തെളിച്ചം മാസിക, ഓഗസ്റ്റ്്, 2010, ദാറുല്‍ഹുദാ, ചെമ്മാട്)


No comments:

Post a Comment