Friday, October 14, 2011

വിവാഹം ഇസ്ലാമില്‍


ദൈവ സൃഷ്ടിപ്പിന്റെ ഓരോ അംശത്തിലും ഇണകളെ കാണാം. അല്ലാഹു  പറയുന്നു  എല്ലാ വസ്തുക്കളില്‍ നിന്നും നാം ഇണകളെ സൃഷ്ടിച്ചു (അല്‍-ദാരിയാത്ത്‌ : 49), ഭൂമി മുളപ്പിക്കുന്ന വസ്തുക്കളിലും അവരുടെ വര്‍ഗത്തില്‍ ‍ തന്നെയും അവരറിയാത്തവയില്‍  പെട്ട എല്ലാറ്റിലും ഇണകളെ സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍. (യാസീന്‍ 36). പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളിലും കാണപ്പെടുന്ന ഈ ഇണ  സാന്നിധ്യം എത്ര താളാത്മകമാണെന്ന് ഒന്നാലോചിച്ചു നോക്കുക.

മനുഷ്യനിലെ ഇണകളെ തമ്മില്‍ യോജിപ്പിക്കുന്ന കര്‍മ്മ മാണല്ലോ വിവാഹം. മനുഷ്യന്‍റെ ഇഹപര വിജയത്തിന്‍റെ നിദാനവും അവന്റെ കണ്ണിനു കുളിര്‍മയേകുന്ന ഒരു കാര്യവുമായിട്ടാണ് ഇസ്‌ലാമതിനെ കാണുന്നത്. അല്ലാഹു പറയുന്നു: ഞങ്ങളുടെ ഇണകളെയും സന്താനങ്ങളെയും ഞങ്ങള്‍ക്ക്‌ കണ്കുളിര്‍മയക്കുകയും ഞങ്ങളെ ദൈവ ഭക്തരുടെ നായകരാക്കുകയും ചെയ്യണേ. (അല്‍-ഫുര്‍ഖാന്‍ 74). സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ കുടംബത്തിന്‍റെ രൂപീകരണത്തിനുള്ള നിയമ വിധേയമായ മാര്‍ഗമാണ് വിവാഹം.

നബി (സ) വിവാഹം പ്രോത്സാഹിപ്പിക്കുകയും സാഹചര്യങ്ങള്‍ ഒത്തു വരുമ്പോള്‍ വിവാഹം ചെയ്യാന്‍ അനുശാസിക്കുകായും ചെയ്യുന്നു. തിരു ദൂതര്‍ പറയുന്നു യുവ സമൂഹമേ, വൈവാഹിക ബാധ്യതകള്‍ നിറവേറ്റാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ വിവാഹം ചെയ്യുക. അത് കണ്ണുകളെ അടപ്പിക്കുകയും ജനനേന്ദ്രിയത്തെ സംരക്ഷിക്കുകയും ചെയ്യും. അതിനു കഴിയാത്തവന്‍ വ്രതമനുഷ്ടിക്കട്ടെ. അത് അവനു ഒരു പരിചയാണ്. (ബുഖാരി, മുസ്‌ലിം).

വിവാഹത്തിനു കഴിവുണ്ടായിരിക്കെ അതൊഴിവാക്കുന്നവരെ പ്രവാചകന്‍ (സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അനസ്‌ (റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഒരു മൂവര്‍ സംഘം നബി (സ്വ) യുടെ ഭാര്യമാരുടെ വീടുകളിലേക്ക് നബി (സ്വ)യുടെ ആരാധനയെക്കുറിച്ച് ചോദിച്ചു കൊണ്ട് വന്നു. അതിനെക്കുറിച്ച് അവര്‍ക്ക്‌ പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ക്കത് കുറവായി അനുഭവപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: നാമും നബി(സ്വ)യും തമ്മില്‍ എത്ര അന്തരമുണ്ട്. നബിക്ക്‌ അല്ലാഹു കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുത്തിട്ടുണ്ടല്ലോ. അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: ഞാന്‍ രാത്രിയില്‍ പൂര്‍ണ്ണമായി കാലാകാലം നിസ്കരിക്കും. രണ്ടാമന്‍ പറഞ്ഞു: ഞാന്‍ സ്ഥിരമായി നോമ്പ് നോല്‍ക്കും. ഒരിക്കലും നോമ്പ് ഒഴിവാക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കും. ഒരിക്കലും വിവാഹം ചെയ്യില്ല. അങ്ങനെ നബി (സ്വ) സ്ഥലത്തെത്തി. അപ്പോള്‍ നബി (സ്വ) പറഞ്ഞു : ഇപ്രകാരം പറഞ്ഞവര്‍ നിങ്ങളാണോ? അല്ലാഹുവിനെ തന്നെ സത്യം! നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവും ഭയക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവന്‍ ഞാനാണ്. പക്ഷേ ഞാന്‍ വ്രതം അനുഷ്ടിക്കാറുണ്ട്, വ്രതം ഒഴിവാക്കാറുണ്ട്. (രാത്രിയില്‍) നിസ്കരിക്കാറുണ്ട്; ഉറങ്ങാറുണ്ട്. ഞാന്‍ വിവാഹം ചെയ്യുകയും ചെയ്യുന്നു. ആരെങ്കിലും എന്‍റെ ചര്യക്കപ്പുറ ആഗ്രഹിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല.  (ബുഖാരി, മുസ്‌ലിം).

വിവാഹത്തിനുള്ള ഉപാധികലുള്ളനിര ഒരു വ്യക്തിക്ക്, വിവാഹം കഴിച്ചില്ലെങ്കില്‍ വഴിതെറ്റി പോകുമെന്ന് തോന്നുന്ന പക്ഷം അയാള്‍ക്ക് വിവാഹം നിര്‍ബ്ബന്ധവും അല്ലെങ്കില്‍ സുന്നതുമാണെന്നാണ് മത നിലപാട്.

വിവാഹം ഒരു പാട് നന്മകളിലേക്ക് വാതില്‍ തുറക്കുന്നു. ഉത്തരവാദിത്ത ബോധവും ആത്മ നിയന്ത്രണവും അച്ചടക്കവുമുള്ള വ്യക്തികളാക്കി മനുഷ്യനെ മാറ്റുന്നതില്‍ വിവാഹത്തിനു വലിയ പങ്കുണ്ട്. വഴിവിട്ട ജീവിതവും നിയന്ത്രണമില്ലാത്ത ജീവിത ശൈലിക്കും അറുതിവരുത്താനും വിവാഹത്തിന് കഴിയും. നബി (സ്വ) പറയുന്നു: മൂന്നു പേരെ സഹായിക്കേണ്ടത് അല്ലാഹുവിന്‍റെ ബാധ്യതയാണ്: ദൈവ മാര്‍ഗത്തില്‍ ധര്‍മ്മ സമരം ചെയ്യുന്നവന്‍, ബാധ്യത നിറവേറ്റാന്‍ ആഗ്രഹിക്കുന്ന മോചന പത്രം എഴുതപ്പെട്ട അടിമ. ചാരിത്ര്യ സംശുദ്ധി ആഗ്രഹിക്കുന്ന വിവാഹിതനും. (തിര്‍മിദി, അഹമദ്, ഹാകിം). ദൈവിക സഹായം ലഭിക്കുന്ന ഒരു സദ്‌ പ്രവര്‍ത്തനമാണ് വിവാഹമെന്നു ഉപര്യുക്ത ഹദീസ്‌ നമ്മെ ബോധ്യപ്പെടുത്തുന്നു.

നിയമ വിധേയമായ ലൈംഗിക ബന്ധമാണല്ലോ വിവാഹത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ലൈംഗിക ബന്ധം ദൈവിക പ്രതിഫലത്തിനു അര്‍ഹമായ കാര്യമായിട്ടാണ് ഇസ്ലാം കാണുന്നത്. ഒരിക്കല്‍ നബി (സ്വ) പറഞ്ഞു: നിങ്ങളുടെ ഇണകളുമായുള്ള ലൈംഗിക ബന്ധത്തിലും നിങ്ങള്‍ക്ക്‌ ധര്‍മ്മത്തിന്‍റെ പ്രതിഫലമുണ്ട് ഇത് കേട്ടപ്പോള്‍ അനുചരര്‍ ചോദിച്ചു. ദൈവ ദൂതരേ: ഞങ്ങളുടെ കാമ പൂര്‍ത്തീകരണത്തിനും ഞങ്ങള്‍ക്ക് പ്രതിഫലം ഉണ്ടോ? അവിടുന്ന് പ്രതിവചിച്ചു: അതിനെ നിങ്ങള്‍ നിഷിദ്ധമയത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ നിങ്ങള്ക്ക് കുറ്റം ലഭിക്കുമോ? അവര്‍ പറഞ്ഞു: അതെ. നബി (സ്വ) പറഞ്ഞു: അതുപോലെ തന്നെ അതിനെ അനുവദനീയമായതില്‍ ഉപയോഗിച്ചാല്‍ അതിനു പ്രതിഫലവും ലഭിക്കും. (മുസ്‌ലിം).
മനുഷ്യവംശത്തിന്‍റെ നിലനില്‍പിനാധാരം വിവാഹമാണല്ലോ. ജനങ്ങളേ! ഒരു ശരീരത്തില്‍നിന്നും നിങ്ങളെ സൃഷ്‌ടിച്ച അതില്‍ നിന്ന് അതിന്‍റെ ഇണയെ സൃഷ്ടിച്ച അവര്‍ രണ്ടു പേരില്‍ നിന്ന് അനേകം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ച നിങ്ങളെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക (അല്‍- നിസാഅ: 1). മനുഷ്യ ജീവിതത്തിന്‍റെ സുഗമമായ തുടര്‍ച്ചയും വളര്‍ച്ച വിവാഹം ഉറപ്പുവരുത്തുന്നു. മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ സമഗ്ര വളര്‍ച്ചക്ക് വേണ്ടി പാട് പെടുമ്പോള്‍ വാര്‍ദ്ധക്യത്തിലെ ത്തുന്ന മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കുകയും ചെയ്യുന്നു.

നല്ല സന്താനങ്ങള്‍ മാതാപിതാക്കളുടെ മരണ ശേഷവും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും. നബി (സ്വ) പറയുന്നു: ആദം സന്തതി (മനുഷ്യന്‍) മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങള്‍ ഒഴികെ മറ്റെല്ലാം അവസാനിക്കും; നിലനില്‍ക്കുന്ന ദാനധര്‍മ്മ അല്ലെങ്കില്‍ ഉപകരിക്കുന്ന വിജ്ഞാനം അല്ലെങ്കില്‍ തനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്ന സദ്‌ സന്താനം. (മുസ്‌ലിം)
സാമൂഹ്യ ബന്ധങ്ങളിലെ അടിസ്ഥാനം ഘടകം കുടുംബ ബന്ധമാണല്ലോ. അതിനു തറക്കല്ലിടുന്നത് വിവാഹത്തിലൂടെയാണ്. ഇണക്കവും സ്നേഹവും ഇണകള്‍ക്കിടയില്‍  പടച്ചവന്‍ ഉണ്ടാക്കി. അല്ലാഹു പറയുന്നു: അവന്‍ നിങ്ങളുടെ വര്‍ഗത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിച്ചു തന്നു. അവരിലൂടെ നിങ്ങള്‍ ശാന്തി നേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഇതൊക്കെയും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്. (അല്‍-റൂം: 21). സ്നേഹ സമ്പന്നമായ വൈവാഹിക ബന്ധത്തിലൂടെ സമൂഹത്തിന്‍റെ എല്ലാ തട്ടിലേക്കും സ്നേഹ അന്തരീക്ഷം  വ്യാപിക്കും. മനുഷ്യന്‍റെ ബന്ധങ്ങള്‍ കൂടുതല്‍  വികസിക്കുന്നതിന് വിവാഹം കാരണമാവുന്നു. അല്ലാഹു പറയുന്നു: ജലത്തില്‍ മനുഷ്യനെ സൃഷ്ടിച്ചവനാണവന്‍ അങ്ങനെ അവനെ രക്തബന്ധമുള്ളവാനും വിവാഹ ബന്ധമുള്ളവനുമാക്കി. നിന്‍റെ നാഥന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്.

സാധ്യമായ എല്ലാവര്ക്കും വിവാഹ സൗഭാഗ്യം ലഭിക്കണമെന്നതാണ് ഇസ്‌ലാം വിവക്ഷിക്കുന്നത്. നിങ്ങളില്‍ ഇണകളില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീ പുരുഷന്മാരില്‍ നിന്നും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു അവന്റെ ഔദാര്യത്താല്‍ അവരെ ഐശ്വര്യമുള്ളവരാക്കും. അല്ലാഹു അതിവിശാലനും സര്‍വജ്ഞനുമത്രെ. (അല്‍-നൂര്‍ : 32)

യോജിച്ച ഇണയെ കിട്ടുമ്പോള്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കാതിര്‍ക്കുന്നത് കുഴപ്പങ്ങള്‍ക്ക് കാരണമാവുമെന്നു തിരു നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. സ്വഭാവും ദീനി നിഷ്ഠയും നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍  നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍  അയാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം ഭൂമിയില്‍ പ്രശ്നങ്ങളും കുഴപ്പവുമുണ്ടാവും.

വിവാഹിതരാവുന്നതോടെ ഒരു സന്തുഷ്ട ഇസ്‌ലാമിക കുടുംബം ഉണ്ടാക്കിയെടുക്കാനായിരിക്കണം ദമ്പതികള്‍ ശ്രദ്ധിക്കേണ്ടത്. ജൈവികമായ വികാര പൂര്‍ത്തീകരണത്തിന്‍റെ നിയമവിധേയമായ മാര്‍ഗമെന്നതു പോലെ തന്നെ ഒരാളുടെ ഇഹപര നന്മക്കുള്ള കവാടം തുറക്കുന്നതു കൂടിയാകണം വിവാഹം. ലൈംഗിക സംശുദ്ധി നേടുന്നതോടൊപ്പം ജീവിതത്തിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ ധര്‍മ്മത്തിന്‍റെ പാതയില്‍ ഉറച്ചു നില്‍ക്കാന്‍ ദാമ്പത്യം സഹായകമാവണം. നബി (സ്വ) പറഞ്ഞു: ആര്‍ക്കെങ്കിലും അല്ലാഹു സദ് വൃത്തയായ ഭാര്യയെ നല്‍കിയാല്‍ അവനെ ദീനിന്‍റെ പകുതിയുടെ കാര്യത്തില്‍ സഹായിച്ചിരിക്കുന്നു. ബാക്കിയുള്ള പകുതിയില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ. (ഹാകിം).

കേവലം ശാരീരിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണമായി മാത്രം മാറരുത് വൈവാഹിക ബന്ധം. ഇണകളെ സൃഷ്ടിച്ചതുതന്നെ സമാധാനത്തോടെ ഒത്തു ചേരുന്നതിനു വേണ്ടിയാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു (അല്‍-റൂം 21). മനുഷ്യന് അല്ലാഹു നല്കിയിട്ടുള്ള വികാരങ്ങളില്‍ ഏറ്റവും ഉദാത്തമാണ് സ്നേഹം. പ്രേമത്തിന്‍റെയും പ്രണയത്തിന്‍റെയും അനുരാഗത്തിന്‍റെയും സംതൃപ്തമായ ഒത്തുചേരലിന്‍റെയും സാക്ഷാത്കാരത്തിനുള്ള വേദിയായിട്ടാണ് ഇസ്‌ലാം അതിനെ കാണുന്നത്. വിവാഹത്തിനു മുമ്പ് പ്രേമിക്കുകയും വിവാഹത്തോടെ എല്ലാ പ്രണയവും അസ്തമിക്കുകയും ചെയ്യുന്ന സങ്കല്പമല്ല ഇസ്ലാമിന്‍റെത്. മറിച്ച്, വിവാഹത്തെ തുടര്‍ന്ന് അങ്ങോട്ട് പൂര്‍ണമായും അറിഞ്ഞും പ്രണയിച്ചും സ്നേഹിച്ചും കൊച്ചു കൊച്ചു സന്തോഷങ്ങളുമായി മുന്നോട്ടു പോകുന്ന മാതൃക ദാമ്പത്യമാണ് അതിന്‍റെ കാഴ്ചപ്പാട്. നബി (സ്വ) പറയുന്നു. പരസ്പരം ഇഷ്ടപ്പെടുന്ന  രണ്ടുപേര്‍ക്ക്‌ വിവാഹം പോലെ മറ്റൊന്നില്ല (ഇബ്നുമാജ, ബൈഹഖി).
ഭാര്യ ഭര്‍ത്താവ് എന്നതിനപ്പുറം ഇണയും തുണയും എന്നതാണ് മതത്തിന്‍റെ വീക്ഷണം. ഖുര്‍ആന്‍ പറയുന്നു: അവര്‍ നിങ്ങളുടെ വസ്ത്രവും നിങ്ങള്‍ അവരുടെ വസ്ത്രവുമാണ്‌ (അല്‍-ബഖറ: 187).

No comments:

Post a Comment