Thursday, October 13, 2011

മുഹമ്മദ് നബി: ജീവിതവും ദര്‍ശനവും (ഭാഗം രണ്ട്)

മുഹമ്മദ് നബി: ജീവിതവും ദര്‍ശനവും (ഭാഗം രണ്ട്)
ഖാസി സി.എം. അബ്ദുല്ല മൗലവി, ചെമ്പിരിക്ക

പ്രവാചകന്‍ മദീനയിലെത്തുന്നു
    നബിയുടെ ആഗമനത്തെ സംബന്ധിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ മദീനാനിവാസികള്‍ വന്‍തോതില്‍ സ്വീകരണ സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു. ദിനേന അവര്‍ പ്രവാചകരുടെ വരവ് പ്രതീക്ഷിച്ച് കാത്തുനനില്‍ക്കുക പതിവായിരുന്നു. ഒടുവില്‍ പ്രവാചകന്‍ എത്തുകയും സാക്ഷാല്‍ മദീനയില്‍ നിന്ന് മൂന്നു മൈല്‍ അകലെയുള്ള ഖുബാ എന്ന സ്ഥലത്ത് താല്‍കാലികമായി താമസിക്കുകയും ചെയ്തു. ഇതിനിടക്ക് മൂന്നുദിവസം പിന്നിട്ട് പുറപ്പെട്ട അലി (റ) വും എത്തിച്ചേരുകയുണ്ടായി. ഖുബായില്‍ പ്രവാചകന്‍ എത്തിയത് നുബുവ്വത്തിന്റെ പതിമൂന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ എട്ടാം തിയ്യതിയായിരുന്നു. ഖുബായിലെ താമസക്കാലത്ത് പ്രവാചകന്‍ ആദ്യമായി ചെയ്തത് അവിടെ ഒരു പള്ളിനിര്‍മിക്കുക എന്നതായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം അവിടെനിന്നു മദീനയിലേക്കു പുറപ്പെട്ടു. അതൊരു വെള്ളിയാഴ്ചയായിരുന്നു. മധ്യാഹ്നമായപ്പോള്‍  വഴിയില്‍ ബനൂ സാലിം ഗോത്രക്കാരുടെ സ്ഥലത്ത് വെച്ച് പ്രവാചകന്‍ ആദ്യ ഖുഥുബയും ജുമുഅ നിസ്‌കാരവും നിര്‍വ്വഹിച്ചു. പ്രവാചകന്‍ മദീനയില്‍ പ്രവേശിച്ചതോടെ തങ്ങളുടെ വീട്ടില്‍ പ്രവാചകന്‍ താമസിക്കണമെന്ന് പ്രധാനപ്പെട്ട എല്ലാ ഗോത്രക്കാരും ആഗ്രിച്ചു. എല്ലാവരും പ്രവാചകരെ ഹൃദയംഗമമായി സ്വാഗതം ചെയ്തു. കുട്ടികള്‍ ദഫ് മുട്ടി പാട്ടു പാടി:
    ഥലഅല്‍ ബദ്‌റു അലൈനാ     മിന്‍ ഥനിയ്യാത്തില്‍ വദാഈ   
    വജബ ശ്ശുക്‌റു അലൈനാ     മാ ദആ ലില്ലാഹി ദാഈ
    അയ്യുഹാല്‍ മബ്ഊസു ഫീനാ     ജിഅ്ത ബില്‍ അംരില്‍ മുഥാഈ
    ആരുടെ വീടിനു മുമ്പിലാണ് എന്റെ ഒട്ടകം നില്‍ക്കുന്നത് അവിടെ ഞാന്‍ താമസിക്കാം എന്നു പ്രവാചകന്‍ പ്രഖ്യാപിച്ചു. അബൂ അയ്യൂബുല്‍ അന്‍സ്വാരീ (റ) വിന് ഈ ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ വീട് രണ്ട് നിലകളുള്ളതായിരുന്നു. താഴെ നിലയാണ് പ്രവാചകന്‍ സ്വീകരിച്ചത്. മേലെ നില അബൂ അയ്യൂബിനും കിട്ടി. പ്രവാചകന്‍ ഏഴുമാസം ഈ വീട്ടില്‍ താമസിച്ചു. പിന്നീട് മദീനാ പള്ളി നിര്‍മിതമായപ്പോള്‍ അതിനോട് ചേര്‍ന്ന് പ്രവാചകര്‍ക്കുവേണ്ടി പ്രത്യേകം കെട്ടിയുണ്ടാക്കിയ മുറിയിലേക്ക് താമസം മാറ്റി.
    മദീനയില്‍ പ്രവാചകന്‍ ആദ്യമായി ചെയ്ത സുപ്രധാന കൃത്യം പള്ളിനിര്‍മിച്ചതാണ്. നബി താമസിച്ചിരുന്ന വീടിനു സമീപം രണ്ടു അനാഥകളുടെ കുറച്ചു സ്ഥലമുണ്ടായിരുന്നു. അത് വിലക്കു വാങ്ങി, ആ സ്ഥലത്ത് പള്ളി നിര്‍മിക്കുകയാണുണ്ടായത്. ഈ പള്ളി നിര്‍മിക്കുമ്പോള്‍ പ്രവാചകന്‍ ഒരു വേലക്കാരനെപ്പോലെ പണയെടുത്തു. വളരെ ലളിതമായിരുന്നു ഈ പള്ളി. അതിന്റെ ചുമരുകള്‍ കട്ടകൊണ്ടും തൂണുകള്‍ ഈത്തപ്പനത്തടികൊണ്ടുമായിരുന്നു. മച്ച് ഈത്തപ്പനയോലകൊണ്ട് തയ്യാറാക്കി. ഇക്കാലത്ത് നിസ്‌കാരം ബൈത്തുല്‍ മുഖദ്ദസിന്റെ നേരെയായിരുന്നതിനാല്‍ ഈ പള്ളിയുടെ ഖിബ്‌ല ആ ഭാഗത്തേക്കായിരുന്നു. പിന്നീട് ഖിബ്‌ല മക്കയിലെ കഅബയുടെ നേരെയായി മാറ്റം വന്നപ്പോള്‍ പള്ളിക്കും ആവശ്യമായ അറ്റക്കുറ്റപ്പണികള്‍ തീര്‍ക്കുകയുണ്ടായി. പള്ളിയുടെ ഒരു അറ്റത്ത് ഒരു തിണ്ണ (സ്വുഫ്ഫ) ഉണ്ടായിരുന്നു. ഹൃഹ രഹിതരായ മുസ്‌ലിംകള്‍ക്ക് താമസിക്കാന്‍വേണ്ടിയായിരുന്നു അത്.
    പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ പ്രവാചകന്‍ തന്റെ ഭാര്യമാര്‍ക്കുവേണ്ടി പള്ളിയോട് തൊട്ടുതന്നെ അറകള്‍ നിര്‍മിക്കുകയുണ്ടായി. കട്ടകള്‍ കൊണ്ടും ഈത്തപ്പനകള്‍കൊണ്ടും തന്നെയായിരുന്നു ഇവയുടെയും നിര്‍മാണം. ഏഴുമുഴം വീതിയും പത്തു മുഴം നീളവും കഷ്ടിച്ച് നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്നത്ര ഉയരവുമായിരുന്നു ഇവക്കുണ്ടായിരുന്നത്.

അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നു

    മക്കയില്‍നിന്ന് നാടും വീടും കൈയൊഴിച്ചുകൊണ്ടു മദീനയിലേക്കുവന്ന മിക്ക മുഹാജിറുകളും ദരിദ്രരായിരുന്നു. മക്കയില്‍ നിവര്‍ത്തിയുണ്ടായിരുന്നവര്‍ക്കാകട്ടെ അവരുടെ സ്വത്തുക്കളോട സാധനങ്ങളോ മദീനയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചതുമില്ല. ഇവരെല്ലാം തന്നെ മദീനാമുസ്‌ലിംകളുടെ അതിഥികളായിട്ടാണ് മദീനയില്‍ താമസിച്ചിരുന്നത്. ഇവരുടെ ജീവിത സ്ഥിരത ഒരു ചിന്താ വിഷയമായിരുന്നു. മസ്ജിദുന്നബവിയുടെ നിര്‍മാണം കഴിഞ്ഞ ഉടനെ പ്രവാചകന്‍ ഇതിന് പരിഹാരം നിര്‍ദ്ദേശിച്ചു. മുഹാജിറുകളുടെയും അന്‍സ്വാറുകകളുടെയും ഇടയില്‍ സാഹോദര്യബന്ധം പ്രഖ്യാപിക്കുകയായിരുന്നു ഈ നിര്‍ദ്ദേശം. ഓരോ മുഹാജിറിനെയും ഓരോ അന്‍സ്വാരിയുടെ സഹോദരനായി നിശ്ചയിച്ചു, അയാള്‍ക്ക് ഏല്‍പിച്ചുകൊടുത്തു. ഏല്‍പിക്കപ്പെട്ട മുഹാജിറിനെയും കൂട്ടി അന്‍സ്വാരി തന്റെ വീട്ടിലേക്കു പോവുകയും തന്റെ എല്ലായിനം സ്വത്തുക്കളുടെയും പാതി ഈ മുഹാജിറായ സഹോദരന് കൈമാറുകയും ചെയ്തു. അങ്ങനെ മദീനയില്‍ വീടും കുടി.യും നിവര്‍ത്തിയുമില്ലാതിരുന്ന മുഹാജിറുകളുടെ ജീവിത പ്രശ്‌നം പരിഹൃതമായി. ഇതോടുകൂടി മുഹാജിറുകളില്‍ പലരും വ്യാപാരം തുടങ്ങിയ ജോലികളില്‍ പ്രവേശിക്കുകയും ചെയ്തു.

ഇസ്‌ലാമിക പ്രബോധനം പുതിയ ഘട്ടത്തില്‍
    ഹിജ്‌റക്കു മുമ്പ് മക്കയില്‍ ഇസ്‌ലാമിക പ്രബോധനം അജ്ഞരായിരുന്ന മുശ്‌രിക്കുകളോടായിരുന്നു. അവര്‍ക്കാണെങ്കില്‍ ഈ പ്രസ്ഥാനം പുതിയ സാധനമായിരുന്നു. ഹിജ്‌റക്കു ശേഷം മദീനയിലെ അവസ്ഥ ഇതില്‍നിന്നും വ്യത്യാസപ്പെട്ടു. പലവിധ മാറ്റങ്ങള്‍ വന്നു കഴിഞ്ഞതാണെങ്കിലും ജൂതന്മാരെ അവിടെനിന്നും അഭിമുഖീകരിക്കേണ്ടിവന്നു. ഒരു പരിഷ്‌കര്‍ത്താവിന് പരിഷ്‌കരിക്കുവാന്‍ കഴിയാത്തവിധം അവരുടെ അന്തരംഗങ്ങള്‍ ദുഷിച്ചുപോയിരുന്നു. ഏതൊരു സത്യപ്രബോധകനെയും തങ്ങളുടെ ആത്മ ശത്രുവായി കരുതുവാനെ അവര്‍ ഒരുക്കമുണ്ടായിരുന്നുള്ളൂ. തങ്ങളുടെ കുടുംബത്തില്‍ നിന്നല്ലാതെ പ്രവാചകന്മാര്‍ വരികയില്ലെന്ന് അവര്‍ കരുത്തിക്കളഞ്ഞു!
    കൂടാതെ അറേബ്യയുടെ നാനാ ഭാഗത്തുനിന്നും മുസ്‌ലിംകള്‍ വന്ന് മദീനയില്‍ ഒരുമിച്ചുകൂടുവാന്‍ തുടങ്ങി. അവുടെയുള്ള മുഹാജിറുകളോടും അന്‍സ്വാറുകളോടും ചേര്‍ന്നുജീവിക്കുകയും ചെയ്തു. അങ്ങനെ മദീനയില്‍ പ്രവാചകരുടെ നേതൃത്വത്തില്‍ ഒരു കൊച്ചു രാഷ്ട്രം നിലവില്‍ വരികയായിരുന്നു. അതിനാല്‍ മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ നാനാ വശങ്ങളെയും സ്പര്‍ശിക്കുന്ന നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാവേണ്ട ആവശ്യം നേരിട്ടു. അതിനാല്‍, ഈ വശത്തിലേക്കും പ്രവാചകന്‍ വേണ്ട ശ്രദ്ധ പതിപ്പിക്കുകയുണ്ടായി.
    മറ്റൊരു മാറ്റവും ശ്രദ്ധേയമാണ്: മക്കയില്‍ മുസ്‌ലിംകളടെ സ്ഥിതി മര്‍ദ്ദനങ്ങള്‍ അനുഭവിക്കുക മാത്രമായിരുന്നു. ഇപ്പോള്‍ അവര്‍ സ്വതന്ത്രമായ ഒരു കൊച്ചു രാഷ്ട്രത്തിലാണ്. പക്ഷെ, ഈ കൊച്ചു രാഷ്ട്രത്തിന്റെ ചുറ്റും ശത്രുക്കളായ അമുസ്‌ലിംകളുടെ കോട്ടകള്‍ സ്ഥിതിചെയ്യുന്നുണ്ടായിരുന്നു. അവരാണെങ്കില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം വളര്‍ന്നുവരുന്നത് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഇസ്‌ലാമിന്റെ ശക്തി തങ്ങളുടെ നാശഹേതുവാണെന്ന് അവര്‍ കരുതി. അതിനാല്‍, ഈ ചെറു രാഷ്ട്രത്തെ നശിപ്പിക്കണമെന്നതായിരുന്നു അവരുടെ തീരുമാനം. ഈ ഗുരുതരാവസ്ഥയെ നേരിടുന്നതിനു വേണ്ടി മുസ്‌ലിംകള്‍ക്ക് ചില കാര്യങ്ങള്‍ പരിഗണിക്കല്‍ അനിവാര്യമായിരുന്നു:
    1. ശക്തമായ ലക്ഷ്യങ്ങള്‍ സഹിതം പ്രചാരവേല നടത്തി കഴിയുന്നത്ര ആളുകളെ തങ്ങളുടെ പക്ഷത്ത് കൊണ്ടുവരിക.
    2. വിവിധ നാടുകളില്‍നിന്ന് വന്നടിഞ്ഞവര്‍ക്ക് ജീവിത സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും എത്ര കഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ടും സ്ഥിതിഗതികളെ നേരിടുവാനുള്ള മന:ശക്തിയും സ്വഭാവ വിശേഷണങ്ങളും അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുക.
    3. ശത്രുക്കള്‍ അക്രമിക്കുവാന്‍ വരുമ്പോള്‍ എന്തു ത്യാഗം സഹിച്ചുകൊണ്ടും അവരോടെതിര്‍ക്കുവാന്‍ വേണ്ടി മുസ്‌ലിംകളെ ഒരുക്കിനിര്‍ത്തുക. ഇതിനാവശ്യമായ വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണ ബോധവും അവരില്‍ അങ്കുരിപ്പിക്കുകയും ചെയ്യുക.
    മസ്ജിദുന്നബവിയുടെ നിര്‍മാണം പൂര്‍ത്തിയാവുകയും മുഹാജിറുകളുടെ വാസ സൗകര്യം ശരിപ്പെടുകയും ചെയ്തശേഷം ഉപര്യുക്ത കാര്യങ്ങളില്‍ പ്രവാചകന്‍ വേണ്ട ശ്രദ്ധ ചെലുത്തുകയുണ്ടായി. സൂറത്തുല്‍ ബഖറയുടെ വലിയൊരു ഭാഗം ഈ കാലത്താണ് ഇറങ്ങിയത്. അതില്‍ ഈ കൃത്യങ്ങളെല്ലാം സഗൗരവം പരാമര്‍ശിച്ചിട്ടുണ്ട്.

യഹൂദികളുമായി ഉടമ്പടി
    മദീനയുടെ ചുറ്റുപാടും യഹൂതികളുടെ വാസ കേന്ദ്രങ്ങളായിരുന്നു. ഇവരോട് ഇസ്‌ലാം മത പ്രബോധനം നടത്തുന്നതിനു പുറമെ അവരുമായി രാഷ്ട്രീയ ബന്ധം ശരിപ്പെടുത്തേണ്ടതുണ്ടായിരുന്നു. കാരണം മദീന ഏതു സമയത്തും ഖുറൈശികളില്‍നിന്നുള്ള ഒരു ആക്രമണത്തിന് വിധേയമാകാന്‍ ഇടയുണ്ടായിരുന്നുവെന്നതുതന്നെ. അങ്ങനെ മദീന മുതല്‍ ചെങ്കടല്‍ തീരത്തു വസിച്ചിരുന്ന ഗോത്രങ്ങളുമായി സംഭാഷണം തുടങ്ങി. ഇവരില്‍ ഒരു വിഭാഗത്തിനോട് നിഷ്പക്ഷതാ കരാര്‍ ചെയ്യിപ്പിച്ചു. ഖുറൈശികളുമായി മുസ്‌ലിംകള്‍ക്ക് യുദ്ധം ചെയ്യേണ്ടി വന്നാല്‍ തങ്ങള്‍ ഒരു പക്ഷത്തും ചേരാതെ നിന്നുകൊള്ളാമെന്ന് അവര്‍ ഏറ്റു. മറ്റൊരു വിഭാഗം യുദ്ധം വന്നാല്‍ മുസ്‌ലിംകളുടെ പക്ഷത്ത് നില്‍ക്കാമെന്ന് ഉറപ്പു തരികയും ചെയ്തു.

മുനാഫിഖുകള്‍ (കപട വിശ്വാസികള്‍)
    മുസ്‌ലിം സമൂഹത്തിന് അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു പ്രശ്‌നം മുനാഫിഖുകളായിരുന്നു. ഇസ്‌ലാമിനു വേണ്ടി ത്യാഗം വരിക്കുവാനുള്ള വിശ്വാസ ദാര്‍ഢ്യമില്ലാത്തവരും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തല്‍ കുടുങ്ങി മതത്തില്‍ ചേര്‍ന്നവരും കുഴപ്പം സൃഷ്ടിക്കുവാന്‍ വേണ്ടിമാത്രം സമൂഹത്തില്‍ കടന്നുകൂടിയവരുമെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. ഐഹികമായ നേട്ടങ്ങള്‍ക്കുവേണ്ടി ബാഹ്യമായി ഇസ്‌ലാമിനെ പ്രകടിപ്പിക്കുകയും രഹസ്യത്തില്‍ നിരന്തരം മുശ്‌രിക്കുകളുമായി നിരന്തരം ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്നവരുമായിരുന്നു ഇവര്‍. ഇവരുടെ നിലനില്‍പും പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക പ്രസ്ഥാനത്തിന് വലിയൊരു ശല്യമായിത്തീര്‍ന്നു. ഇവരുമായി തരുതലോടെ പെരുമാറേണ്ടി വന്നു മുസ്‌ലിം സമൂഹത്തിന്. സന്നഗ്ദഘട്ടങ്ങളില്‍ സൂക്ഷ്മതയുടെ നിലപാട് സ്വീകരിക്കുന്നതിനുവേണ്ടി അവരെ വ്യക്തമായി തിരിച്ചറിയേണ്ടതുണ്ടായിരുന്നു. കപടവിശ്വാസികള്‍ യഥാര്‍ഥ വിശ്വാസികളില്‍നിന്നും വേര്‍തിരിഞ്ഞുകിട്ടേണ്ടതുണ്ടായിരുന്നു.

ഖിബ്‌ല മാറ്റം
    ഇതുവരെ മുസ്‌ലിംകള്‍ നിസ്‌കരിച്ചുകൊണ്ടിരുന്നത് ബൈത്തുല്‍ മുഖദ്ദസിനുനേരെ തിരിഞ്ഞുകൊണ്ടിയിരുന്നു. യഹൂതികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കാര്യമായിരുന്നു ഇത്. എന്നാല്‍, ഹിജ്‌റ രണ്ടാം വര്‍ഷം ശഅബാന്‍ മാസം മക്കയിലുള്ള കഅബയുടെ നേരെ തിരിഞ്ഞുനിസ്‌കരിക്കുവാന്‍ കല്‍പന വന്നു. നബിയും സ്വഹാബത്തും നിസ്‌കരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കല്‍പന വന്നത്. തല്‍ക്ഷണം നിസ്‌കാരത്തില്‍വെച്ചുതന്നെ കഅബയുടെ ഭാഗത്തേക്ക് തിരിയുകയും ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരി
ത്രത്തില്‍ ഒരു സുപ്രധാന സംഭവമാണിത്. ഇതിനെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇങ്ങനെയാണ്: 'നബിയോട് പിന്‍പറ്റുന്നവരും പിന്തിരിഞ്ഞു കളയുന്നവരും ആരൊക്കെയാണെന്ന് അറിയപ്പെടുവാന്‍ വേണ്ടി നാം കഅബയെ നിങ്ങളുടെ ഖിബ്‌ലയാക്കിയിരിക്കുകയാണ്.'
    ലോകത്തിന്റെ സാസ്‌കാരിക നേതൃത്വം ഇനി മേല്‍ യഹൂതികള്‍ക്കില്ലെന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു ഈ സംഭവം.
    ഈ സംഭവത്തെ തുടര്‍ന്ന് ഉള്ളില്‍ വിശ്വാസമില്ലാതിരുന്ന വളരെയധികം ആളുകളുടെ കള്ളി പുറത്തായി. അവര്‍ ഈ പ്രവര്‍ത്തിയില്‍ പ്രവാചകരെ കഠിനമായി വിമര്‍ശിക്കുവാന്‍ തുടങ്ങി. അങ്ങനെ ഇസ്‌ലമില്‍ അവര്‍ക്കുള്ള സ്ഥാനമെന്തെന്ന് മനസ്സിലായി. ഇതിന്റെ ഫലമായി എത്രയോ ഇരുമുഖ മുസ്‌ലിംകള്‍ സമൂഹത്തില്‍നിന്ന് വേര്‍പ്പെട്ടുപോയി. അങ്ങനെ ക്ഷുദ്രജീവികളില്‍നിന്ന് ഒരളവോളം മുസ്‌ലിംജമാഅത്ത് സംശുദ്ധമായി.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രതിരോധ നടപടികള്‍

    മക്കയിലെ അഖബ എന്ന സ്ഥലത്തുവെച്ച് മദീനക്കാരായ ആളുകള്‍ പ്രവചകരോട് ഒരു കരാറ് ചെയ്തതും പ്രവാചകരെ മദീനയിലേക്കു ക്ഷണിച്ചതും മുമ്പ് പറഞ്ഞുവല്ലോ. ഈ നടപടി യഥാര്‍ഥത്തില്‍ മുഴുവന്‍ അറബികള്‍ക്കെതിരില്‍ മദീനാ നിവാസികള്‍ ഒരു യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് ദീര്‍ഘ ദൃക്കുകളായ ചിലര്‍ മനസ്സിലാക്കുകയും അക്കാര്യം മദീനക്കാരെ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. അന്ന് അതിന് അവര്‍ പറഞ്ഞ മറുപടികള്‍ തങ്ങളുടെ സ്വത്തുകളെയും കുടുംബങ്ങളെയുമെല്ലാം അപകടപ്പെടുത്തിക്കൊണ്ടുപോലും ഈ പ്രസ്ഥാനത്തിന്റെ വിജയത്തിനുവേണ്ടി സമരത്തിനിറങ്ങുവാന്‍ തയ്യാറാണെന്നയിരുന്നു. ഇപ്പോള്‍ ആ സമരത്തിന്റെ സമയം വന്നിരക്കുകയാണ്.
    പ്രവാചകരും സ്വഹാബികളും മദീനയിലേക്ക് താമസം മാറ്റിയതോടുകൂടി മുസ്‌ലിംകള്‍ക്ക് ഒരു സ്ഥിരം ആസ്ഥാനം ലഭിക്കുകയുണ്ടായി. തികഞ്ഞ സത്യസന്ധതയും മികച്ച ക്ഷമയും വ്യക്തമായ സാന്മാര്‍ഗികതയും കൈമുതലായിട്ടുള്ള സുശക്തരായ ഒരു മുസ്‌ലിം സമൂഹം മദീനയില്‍ വളര്‍ന്നുവികസിക്കുവാന്‍ തുടങ്ങി.  ഇത് ഖുറൈശികള്‍ക്ക് ഒരു ഭീഷണിയായിരുന്നു. മദീനയില്‍ ഖുറൈശികള്‍ ശക്തി പ്രാപിക്കുന്നത് തങ്ങളുടെ മരണത്തിന്റെ കാഹളമാണെന്ന് അവര്‍ കരുതി.
    മറ്റൊരു അപകടമുണ്ടായിരുന്നത് ഇതാണ്: ഖുറൈശികളുടെ ജീവിതത്തിന് ആധാരമായിരുന്നത് യമനിലെയും ശാമിലെയും വ്യാപാരമായിരുന്നു. ശാമിലേക്കുള്ള കച്ചവടയാത്രയുടെ വഴിയിലാണ് മദീന സ്ഥിതിചെയ്യുന്നത്. മദീനയില്‍ മുസ്‌ലിംകള്‍ സംഘടിച്ചതിന്റെ ഫലമായി ഖുറൈശികളുടെ കച്ചവടം രണ്ടാലൊരു കാര്യത്തിന്മേല്‍ തങ്ങിനില്‍ക്കുകയായി. ഒന്നുകില്‍ മുസ്‌ലിംകളുമായി സൗഹൃദം പുലര്‍ത്തണം. അല്ലെങ്കില്‍,  അവരെ എന്നെന്നേക്കുമായി നിഷ്‌കാസനം ചെയ്യണം ഇതായിരുന്നു ആ രണ്ടു കാര്യങ്ങള്‍. ഇതു മനസ്സിലാക്കിയതു കൊണ്ടായിരുന്നു ആദ്യ കാലം മുതല്‍തന്നെ മുസ്‌ലിംകള്‍ മദീനയില്‍ സംഘടിക്കുന്നതിനെ തടസ്സപ്പെടുത്തുവാന്‍ ഖുറൈശികള്‍ എല്ലാ അടവുകളും പ്രയോഗിച്ചത്. എന്നാല്‍ അതെല്ലാം പരാചയപ്പെട്ടപ്പോള്‍ അവര്‍ തീരുമാനിച്ചത് എന്തുതന്നെ വേണ്ടിവന്നാലും ഈ വളര്‍ന്നുവരുന്ന ശക്തിയെ ഇപ്പോള്‍ തന്നെ അമര്‍ത്തിക്കളയണമെന്നായിരുന്നു.
അബ്ദുല്ലാഹിബ്‌നു ഉബയ്യ്
    ഇയാള്‍ മദീനയിലെ ഒരു നേതാവായിരുന്നു. പ്രവാചകരുടെ ഹിജ്‌റയുടെ അല്‍പം മുമ്പ് ഇയാളെ മദീനയിലെ രാജാവായി വാഴിക്കാന്‍ അവിടത്തുകാര്‍ക്ക് പ്ലാനുണ്ടായിരുന്നു. പക്ഷെ, മദീനയിലെ അധികമാളുകളും ഇസ്‌ലാം സ്വീകരിച്ചതോടുകൂടി ഈ പ്ലാന്‍ തകര്‍ന്നുപോയി. ഇതില്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിന് വലിയ മനോ വേദനയുണ്ടായിരുന്നു. ഈ തക്കം ഉപയോഗപ്പെടുത്തി ഖുറൈശികള്‍ അയാളെ ഇളക്കിവിടാന്‍ ശ്രമം നടത്തി. എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ അതു ഫലിച്ചില്ല.
    മദീനയുടെ നേതാവായ സഅദുബ്‌നു മുആദ് (റ) ഉംറക്കുവേണ്ടി മക്കയില്‍ ചെന്നപ്പോള്‍ അബൂ ജഹ്ല്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഇതിന് മറുപടിയായി സഅദ് (റ) ഇങ്ങനെ പറഞ്ഞു: 'ഞങ്ങളെ തൊട്ടുകളിക്കുകയാണെങ്കില്‍ ശാമിലേക്കുള്ള നിങ്ങളുടെ കച്ചവട യാത്ര തടസ്സപ്പെടുത്തുന്നതാണ്.' ഇത് ഖുറൈശികള്‍ക്ക് കനത്തൊരു താക്കീതായിരുന്നു.

ഖുറൈശികളുടെമേല്‍ സമ്മര്‍ദ്ദം
    ഇസ്‌ലാമിക പ്രസ്ഥാനത്തെ തകര്‍ത്തുകളയുവാനുള്ള ഖുറൈശികളുടെ നീക്കത്തെ നേരിട്ടു പരാചയപ്പെടുത്തുവാന്‍ വേണ്ടി മുസ്‌ലിംകളുടെ മുമ്പില്‍ ഒരു മാര്‍ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശാമിലേക്കുള്ള അവരുടെ വാണിജ്യ യാത്ര തടസ്സപ്പെടുത്തുകയെന്നതായിരുന്നു അത്. ഈ മാര്‍ഗം സ്വീകരിക്കുവാന്‍ മുസ്‌ലികള്‍ നിര്‍ബന്ധിതരായി. ഖുറൈശി വാണിജ്യ സംഘങ്ങളെ ഭീഷണിപ്പെടുത്തുവാനായി ചെറു മുസ്‌ലിം സംഘങ്ങളെ ആ വഴിക്ക് അയക്കുവാന്‍ തുടങ്ങി. രക്തച്ചൊരിച്ചില്‍ ഉണ്ടാക്കലോ ധനം കൊള്ളയടിക്കലോ ഒന്നും തന്നെ ഇതിന്റെ ലക്ഷ്യമായിരുന്നില്ല. മുസ്‌ലിംകളെ തൊട്ടുകളിച്ചാല്‍ തങ്ങളുടെ വ്യാപാരം സ്തംഭിപ്പിച്ചുകളയുമെന്ന് ഖുറൈശികള്‍ക്കു മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം.
    ഇതിനിടക്ക് ഖുറൈശികളുടെ നീക്കങ്ങളെ സംബന്ധിച്ച് സൂക്ഷ്മ വിവരങ്ങള്‍ കിട്ടുവാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരുന്നു പ്രവാചകന്‍. ഈ ആവശ്യാര്‍ത്ഥം പന്ത്രണ്ടു പേരോടുകൂടി അബ്ദുല്ലാഹിബ്ന്‍ ജഹ്ശിയെ ബഥ്ന്‍ നഖ്‌ലയുടെ ഭാഗത്തേക്കയച്ചു. ഖുറൈശികളുടെ സ്ഥിതിഗതികള്‍ അറിഞ്ഞ് വിവരം നല്‍കണമെന്ന് അവര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ആരെയെങ്കിലും ദേഹോപദ്രവം ചെയ്യുവാനോ മുതല്‍ പിടിച്ചെടുക്കുവാനോ അദ്ദേഹത്തോട് കല്‍പിച്ചിരുന്നില്ല. എന്നാല്‍, സംഗതിവശാല്‍ ഒരു ചെറു ഖുറൈശി സംഘവുമയി അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടിവന്നു. ഖുറൈശികളില്‍നിന്ന് ഒരാള്‍ വധിക്കപ്പെട്ടു. മറ്റു രണ്ടുപേരെ തടവിലാക്കി. മുതലുകള്‍ പിടിച്ചെടുത്തു. ഈ വിവരമറിഞ്ഞപ്പോള്‍ പ്രവാചകന്‍ വളരെയേറെ വ്യസനം രേകപ്പെടുത്തുകയും കുണ്ഠിതപ്പെടുകയുമാണുണ്ടായത്. കാരണം, ഇത് പ്രവാചകര്‍ കല്‍പിച്ചതോ ഉദ്ദേശിച്ചിരുന്നതോ ആയിരുന്നില്ല. കൊല്ലപ്പെട്ട ആള്‍ കുലീനനായിരുന്നു. ഇത് ഖുറൈശികളില്‍ വലിയ ക്ഷോഭമുണ്ടാക്കി. യുദ്ധം ചെയ്യുവാന്‍ തക്കവും കാത്തുകൊണ്ടിരുന്ന അവര്‍ ഈ സംഭത്തെ തികച്ചും ഉപയോഗപ്പെടുത്തി. ഇതിനെ പ്രചരണായുധമാക്കിയുംകൊണ്ട് മുസ്‌ലിംകള്‍ക്കെതിരില്‍ തീവ്രമായ ക്ഷോഭവും പ്രതികാര വാഞ്ഛയും ഇളക്കിവിട്ടു.
    ഹിജ്‌റ വര്‍ഷം രണ്ട്, ശഅബാന്‍ മാസം ഖുറൈശികളുടെ ഒരു വലിയ വാണിജ്യ സംഘം ശാമില്‍നിന്നും തിരിച്ചുവരികയാണ്. ഈ സംഘത്തിന്റെ നേതാവ് അബൂസുഫ്‌യാന്‍ ആയിരുന്നു. അമ്പതിനായിരം സ്വര്‍ണത്തിന്റെ മുതലുണ്ടായിരുന്നു സംഘത്തോടൊപ്പം. കേവലം നാല്‍പത് സംരക്ഷകരേ അതിനോടൊപ്പം ഉണ്ടായിരുന്നുള്ളൂ. ഈ സംഘം മുസ്‌ലിംകളാല്‍ അക്രമിക്കപ്പെട്ടേക്കുമോ എന്ന ഭീതി സ്വാഭാവികമായും അബൂ സൂഫ്‌യാനുണ്ടായിരുന്നു. ഉടനെ അദ്ദേഹം ഒരു ദൂതനെ വളരെ ധൃതിയില്‍ മക്കയിലെത്തിച്ചു. അയാള്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: കച്ചവടസംഘത്തെ മുസ്‌ലിംകള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷക്കായി ഉടനെ അങ്ങോട്ടു കുതിക്കുവിന്‍!
    ഇതൊരു കൂട്ടു കച്ചവടമായിരുന്നു. മക്കയിലെ ഏതാണ്ട് എല്ലാവരുടെയും മുതല്‍ ഇതിലുണ്ടായിരുന്നു. അതിനാല്‍, വളരെ വേഗത്തില്‍ ഒരു സുസജ്ജ സേന തയ്യാറായി. മക്കയിലെ എല്ലാ വന്‍ തോക്കുകളും അതില്‍ പങ്ക് ചേര്‍ന്നു. മുസ്‌ലിംകളടുടെ നിഷ്‌കാസനത്തിനുവേണ്ടി മദീനയെ ലക്ഷ്യമാക്കി പുറപ്പെടുകയും ചെയ്തു.
    അപ്പുറത്ത് പ്രവാചകന്‍ സ്ഥിതിഗതികളെ സംബന്ധിച്ചിടത്തോളം ബോധവാനായിരുന്നു. ഈ പ്രാവശ്യം ഖുറൈശികള്‍ക്ക് അവരുടെ ഉദ്ദേശ്യം സാധിക്കുകയാണെങ്കില്‍ ഇസ്‌ലാമിന്റെ ശബ്ദം തന്നെ ഭൂമുഖത്തുനിന്ന് തിരോധാനം ചെയ്യപ്പെടുവാനാണ് സാധ്യതയുള്ളത്. മദീനയിലെ സ്ഥിതി ഗൗരവവുമാണ്. എല്ലാം മക്കിയില്‍ വിട്ടൊഴിച്ചുപോന്ന മുഹാജിറുകള്‍ ദരിദ്രരായിരുന്നു. മദീനാവാസികളായ അന്‍സ്വാറുകള്‍ക്കാണെങ്കില്‍ യുദ്ധ പരിചയം കുറവ്. ചുറ്റുപാടുമുണ്ടായിരുന്ന യഹൂദികളാണെങ്കില്‍ കരാര്‍ ലംഘിക്കാന്‍ ഇടയുണ്ട്.  മദീനയില്‍തന്നയുള്ള കപടവിശ്വാസികളും മുശ്‌രിക്കുകളും മറ്റൊരു ശല്യവുമായിരുന്നു. ഈയവസരത്തില്‍ ഖുറൈശികള്‍ മദീനയെ കടന്നാക്രമിക്കുകയാണെങ്കില്‍ കുഴപ്പമുണ്ടാകുവാനും അംഗുലീപരിമിതമായ മുസ്‌ലിം സമൂഹം നിഷ്‌കാസനം ചെയ്യപ്പെടുവാനും തികച്ചും സാധ്യതയുണ്ട്.
    ഇനി അവര്‍ മദീനയെ അക്രമിക്കാതെ തങ്ങളുടെ ശക്തി പ്രകടിപ്പിച്ച് വാണിജ്യ സംഘത്തെ രക്ഷപ്പെടത്തിക്കൊണ്ടുപോവുകയാണെങ്കിലും സ്ഥിതി അപകടകരമാവും. ചുറ്റുപാടുമുള്ള ശത്രുക്കള്‍ക്ക് മുസ്‌ലിംകളടെ മേലിട്ടുകയറുവാന്‍ ധൈര്യം വന്നുചേരും. മദീനയിലെ മുനാഫിഖുകളും യഹൂദികളും മുശ്‌രികുകളുമെല്ലാം തല ഉയര്‍ത്തും. അങ്ങനെ മുസ്‌ലിംകളുടെ നിലനില്‍പുതന്നെ അപകടപ്പെടും. ഈ സന്നിഗ്ദ ഘട്ടത്തില്‍ പ്രവാചകനുമുമ്പില്‍ ഒരു മാര്‍ഗമേ അവശേഷിച്ചിരുന്നുള്ളൂ. ഉള്ള കഴിവുകളോടുകൂടി രംഗത്തിറങ്ങുകയെന്നതായിരുന്നു ആ മാര്‍ഗം. ഒന്നുകില്‍, വാണിജ്യ സംഘത്തെ തടഞ്ഞുകളയണം. അല്ലെങ്കില്‍, ഖുറൈശിപ്പടയെ നേരിടണം. ഇതിനുവേണ്ടി പുറപ്പെടുകതന്നെ.

മുസ്‌ലിംകളുടെ തയ്യാറെടുപ്പ്
    പുറപ്പെടുവാനുള്ള തീരുമാനമെടുത്ത ഉടനെ പ്രവാചകന്‍ മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികളെ വിളിച്ചുകൂട്ടുകയും യുദ്ധത്തിനുവേണ്ടി ഒരുക്കമാണോ എന്ന് അവരോട് അഭിപ്രായമാരായുകയും ചെയ്തു. എല്ലാവരും ഏക സ്വരത്തില്‍ പറഞ്ഞ മറുപടി ഇതായിരുന്നു: 'അങ്ങ് ഇഷ്ടമുള്ളത് ഞങ്ങളോട് കല്‍പിക്കുക; ഞങ്ങള്‍ അത് അനുസരിക്കാന്‍ തയ്യാറാണ്. പൂര്‍ണ സന്നദ്ധരാണ്. അങ്ങയുടെ കണ്‍ കുളിര്‍ക്കുന്ന പ്രവൃത്തി ഞങ്ങളില്‍നിന്നും അല്ലാഹു കാണിച്ചുതരും.'
    ഇതോടെ, മക്കയില്‍നിന്നും അബൂ ജഹ്‌ലിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട സൈന്യത്തെ നേരിടുവാന്‍ നേരിടുവാന്‍ തീരുമാനമായി. എന്നാല്‍, ഇത് എളുപ്പമുള്ള കാര്യമായിരുന്നില്ല. കാരണം, ഖുരൈശീ സേന ആയിരത്തോളം അംഗസംഖ്യ അടങ്ങിയ സജ്ജമായ ഒരു വന്‍ശക്തിയായിരുന്നു. നേരെമറിച്ച് മുസ്‌ലിംയോദ്ധാക്കളുടെ അംഗബലം മുന്നൂറില്‍ അല്‍പം കവഞ്ഞതേയുള്ളൂ. എഴുപത് ഒട്ടകങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുതിരകളാണെങ്കില്‍ രണ്ടോ മൂന്നോ മാത്രം. യുദ്ധ സാമഗ്രികള്‍ തീരെ അപര്യപ്തമായിരുന്നു. അറുപത് പേരുടെ കയ്യില്‍ യാതൊന്നുമുണ്ടായിരുന്നില്ല. ഇത്രയും ദുര്‍ബലമായ ഒരു പാര്‍ട്ടിയെ ഒരു വന്‍ സൈന്യത്തിന്റെ വായിലേക്ക് കൊണ്ടുപോകുന്നത് മന:പൂര്‍വ്വം നാശത്തെ വിളിച്ചുവരുത്തുകയാണെന്ന് ചിലര്‍ക്കു തോന്നി. എന്നാല്‍, ഖുറൈശികളുടെ രണ്ടു സംഘങ്ങളില്‍ ഒന്നിനെ അല്ലാഹു നമുക്ക് തന്നുകഴിഞ്ഞിരിക്കുന്നുവെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. തല്‍ഫലമായി മുസ്‌ലിംകളില്‍ വിശ്വാസവും ധൈര്യവും രൂഢമൂലമായി. അങ്ങനെ ഹിജ്‌റ വര്‍ഷം രണ്ട് റമദാന്‍ പന്ത്രണ്ടിന് പ്രവാചകന്‍ മുന്നൂറില്‍ അല്‍പം കവിയുന്ന ഒരു സംഘവുമായി പുറപ്പെട്ടു. ഖുറൈശീ സൈന്യത്തെ ലക്ഷ്യമാക്കിക്കൊണ്ട് തെക്കു പടിഞ്ഞാറ് ഭാഗത്തേക്കു നീങ്ങി. റമദാന്‍ പതിനാറിന് ബദ്‌റിലെത്തി. അപ്പോഴേക്കും ഖുറൈശികളും അവിടെ എത്തിക്കഴിഞ്ഞിരുന്നു. തങ്ങളുടെ കച്ചവട സംഘം മുസ്‌ലിംകളുടെ വലയത്തില്‍നിന്നു രക്ഷപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്ന് അറിഞ്ഞതിനാല്‍ കാഫിരീങ്ങളുടെ കൂട്ടത്തില്‍നിന്ന് ചില ഗോത്രങ്ങള്‍ പിന്‍മാറിക്കളഞ്ഞു. എന്നാല്‍, അബൂ ജഹ്ല്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. അതിനാല്‍, അവശേഷിച്ചവര്‍ യുദ്ധത്തിനുതന്നെ ഒരുങ്ങി.
    റമദാന്‍ പതിനേഴിന് സുബ്ഹ് നിസ്‌കാരാനന്തരം പ്രവാചകന്‍ അനുചരന്മാര്‍ക്ക് യുദ്ധം സംബന്ധമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കി. അണികളെ ശരിപ്പെടുത്തി. അന്നുരാത്രി മഴയുണ്ടായിരുന്നു. മുസ്‌ലിംകള്‍ സമാധാനത്തോടുകൂടി അന്തിയുറങ്ങി. കുളങ്ങളില്‍ വെള്ളം കൂടിയിരുന്നു. മുസ്‌ലിംകള്‍ ആവേശത്തോടും  ഉന്മേശത്തോടുമാണ് രാവിലെ ഉണര്‍ന്നിരുന്നത്.

യുദ്ധാരംഭം
    അല്ലാഹുവിന്റെ ഏകത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന 313 മുസ്‌ലിംകള്‍ ഒരു ഭാഗത്തും ബഹുദൈവവിശ്വാസികളായ ആയിരത്തില്‍ പരം വരുന്ന സുസജ്ജമായ ഒരു സേന മറുഭാഗത്തും അണിനിരന്നു. പ്രവാചകന്‍ ലോകരക്ഷിതാവായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു:
    ''നാഥാ, ഖുറൈശികള്‍ ഇതാ അവരുടെ സര്‍വ്വ സജ്ജീകരണങ്ങളോടുകൂടി നിന്റെ യഥാര്‍ഥ അടിമകളെ നശിപ്പിക്കുവാനായി വന്നിരിക്കുന്നു. ഇന്ന് ഈ ഒരു പിടി മുസ്‌ലിംകള്‍ നശിപ്പിക്കപ്പെടുകയാണെങ്കില്‍  പിന്നെ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവര്‍ ഉണ്ടായിരിക്കുകയില്ല.''

ഖുറൈശികളുടെ പരാജയം
    കഠിനമായി മുസ്‌ലിംകളുടെ ഈമാന്‍ പരീക്ഷിക്കപ്പെട്ട ശേഷം അതാ അല്ലാഹുവിന്റെ സഹായം വരുന്നു. ഖുറൈശികള്‍ ദയനീയമായി പരാജയപ്പെട്ടു. അവരുടെ ശക്തി സൗധം തകര്‍ന്നുപോയി. അവരുടെ വന്‍തോക്കുകളില്‍ മിക്കവരും വധിക്കപ്പെട്ടു. ശൈബ, ഉത്ബ, അബൂ ജഹ്ല്‍, സംഅ, ഉമയ്യ മുതലായ തലവന്മാര്‍ അവരില്‍ ചിലരാണ്. ഖുറൈശികളുടെ പക്ഷത്തുനിന്ന് എഴുപത് പേര്‍ കൊല്ലപ്പെടുകയും അത്രതന്നെ പേര്‍ തടവിലാക്കപ്പെടുകയും ചെയ്തപ്പോള്‍ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് ആറു മുഹാജിറുകളും എട്ടു അന്‍സ്വാറുകളും മാത്രമേ രക്തസാക്ഷികളായുള്ളൂ.
    തടവുകാരെ സംരക്ഷണത്തിനായി ഈരണ്ടും നന്നാലും പേരുകളായി പ്രവാചകന്‍ അനുചരന്മാര്‍ക്ക് വിഹിതിച്ചുകൊടുത്തു. അനുചരന്മാരാണെങ്കില്‍ സ്വന്തമായി കഷ്ടങ്ങള്‍ സഹിച്ചിട്ടുപോലും ഈ തടവുകാര്‍ക്ക് നന്നായി ഭക്ഷണവും പാര്‍പിടവും മറ്റും നല്‍കി അവരെ സംരക്ഷിച്ചു. ഈ നല്ല പെരുമാറ്റം കാരണം തടവുകാര്‍ക്ക് ഇസ്‌ലാമിനോട് മമതയുണ്ടായി. പിന്നീട്, ഈ തടവുകാരെ മോചിപ്പിക്കുവാന്‍ തുടങ്ങി. കുറേ പേരെ ധനം പ്രതിഫലമായി വാങ്ങി മോചിപ്പിച്ചു. മറ്റുചിലരെ മദീനയിലെ പത്തുവീതം കുട്ടികള്‍ക്ക് എഴുത്തും വായനയും അഭ്യസിപ്പിക്കണമെന്ന തീര്‍പ്പിന്മേലും മോചിപ്പിച്ചു.
    ഖുറൈശികള്‍ ഇസ്‌ലാമിനെ തള്ളിക്കളഞ്ഞതുകാരണമായി അവര്‍ക്ക് വിധിക്കപ്പെട്ട ശിക്ഷകളുടെ ഒരു ഭാഗമായിരുന്നു ബദര്‍ യുദ്ധം. ഭാവി സ്ഥിതിഗതികളുടെ ഗതി എങ്ങോട്ടായിരിക്കുമെന്ന് നിര്‍ണ്ണയിച്ച ഈയുദ്ധത്തിന് ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു സ്ഥാനമാണുള്ളത്. പരിശുദ്ധ ഖുര്‍ആനിലെ സൂറ അന്‍ഫാലില്‍ ഈ യുദ്ധത്തെ സവിശദം അവലോകനം ചെയ്തിട്ടുണ്ട്.
    ഇസ്‌ലാമിനു മുമ്പു യുദ്ധം അറബികള്‍ക്ക് ഒരു ഹോബിയായിരുന്നു. യുദ്ധം വഴി കിട്ടുന്ന ധനം അവര്‍ക്ക് എത്രയും പ്രിയങ്കരമായിരുന്നു. ഇസ്‌ലാമിലാണെങ്കില്‍ യുദ്ധത്തിന്റെ ലക്ഷ്യം ഒരിക്കലും ധനം അല്ല. ധനത്തില്‍നിന്നും എത്രയോ ഉയര്‍ന്ന ഒന്നായിരുന്നു ഇസ്‌ലാമിലെ യുദ്ധ ലക്ഷ്യം. അല്ലാഹുവിന്റെ ശബ്ദം ഉയര്‍ത്തിനിര്‍ത്തലാണത്. മനുഷ്യരുടെ സാസ്‌കാരിക തകര്‍ച്ചയെ ശരിപ്പെടുത്തലും മനുഷ്യവര്‍ഗത്തെ അല്ലാഹു അല്ലാത്തവരുടെ അടിമത്വത്തില്‍നിന്ന് മോചിപ്പിക്കലുമാണത്. ഈ തത്ത്വം മുസ്‌ലിംകളുടെ ഹൃദയങ്ങളില്‍ ഉറച്ചുകഴിഞ്ഞുവോ എന്ന് പരിശോധിക്കലും ബദ്ര്‍ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. യുദ്ധമുതല്‍ യഥാര്‍ഥത്തില്‍ യുദ്ധത്തിന്റെ പ്രതിഫലമല്ല. മറിച്ച് അല്ലാഹുവിന്റെ വകയായുള്ള ഒരു സമ്മാനം (അന്‍ഫാല്‍) മാത്രമാണ്. യുദ്ധത്തിന്റെ യഥാര്‍ഥ പ്രതിഫലം പരലോകത്തില്‍വെച്ചാണ്. യുദ്ധമുതല്‍ മുഴുവനും അല്ലാഹുവിനും റസൂലിനുമുള്ളതാണ്. അതില്‍ സ്വന്തമായി ആര്‍ക്കും യാതൊരു അവകാശവുമില്ല. അല്ലാഹുവും റസൂലും അതില്‍നിന്ന് ആര്‍ക്ക് വിഹിതിച്ചുകൊടുക്കുന്നുവോ അവന് അത് സ്വീകരിക്കുവാനുള്ള അവകാശം മാത്രമാണുള്ളത്. ബദര്‍ യുദ്ധാനന്തരം ഈ സംഗതികളെല്ലാം നല്ലവണ്ണം മുസ്‌ലിംകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും യുദ്ധമുതല്‍ വിഹിതിക്കേണ്ട നിയമങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. അല്ലാഹുവിന്റെയും റസൂലിന്റെയും ആജ്ഞകള്‍ അക്ഷരം പ്രതി അനുസരിക്കലും യാതൊരു പരിതസ്ഥിതിയിലും  അവ ചോദ്യം ചെയ്യാതിരിക്കലും മുസ്‌ലിംകളുടെ ബാധ്യതയാണന്നും അവരെ ബോധ്യപ്പെടുത്തി.
    ഈ യുദ്ധ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ മറ്റൊരു പാഠം യഥാര്‍ഥത്തില്‍ യുദ്ധ വിജയത്തിന്റെ നിദാനം അല്ലാഹുവിന്റെ സഹായമാണ് എന്നതാണ്. സജ്ജീകരണങ്ങളും ആയുധങ്ങളും ആവശ്യം തന്നെ. പക്ഷെ, അതിന്മേലായിരിക്കരുത് അര്‍പ്പണവും ആശ്രയവും. അത് അല്ലാഹുവില്‍ മാത്രമായിരിക്കണം. 'നിങ്ങളല്ല അവരെ വധിച്ചത്; അല്ലാഹുവാണ് അവരെ വധിച്ചത്' എന്ന ഖുര്‍ആന്‍ സൂക്തം ഈ കാര്യം വ്യക്തമാക്കുന്നു.
    യുദ്ധക്കളത്തില്‍നിന്ന് പിന്തിരിഞ്ഞ് ഓടിക്കളയല്‍ മഹാപാപമാണ്. മുസ്‌ലിംകള്‍ക്ക് തങ്ങളുടെ സ്വത്ത്, സന്താനങ്ങള്‍, ജീവന്‍ എന്നിവയെക്കാളെല്ലാം പ്രധാനമായിട്ടുള്ളത് ആദര്‍ശമാണ്. അപ്പോള്‍ വേണ്ടിവന്നാല്‍ ആദര്‍ശത്തിനും ദീനിനും വേണ്ടി എല്ലാം ഉപേക്ഷിക്കുവാന്‍ അവന്‍ തയ്യാറാവണം. യുദ്ധരംഗങ്ങളില്‍ ഈ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ പരീക്ഷിക്കപ്പെടുന്നതാണ്. ഇങ്ങനെയുള്ള പല കാര്യങ്ങളും ബദര്‍ യുദ്ധാനന്തരം പരിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്കു വിവരിച്ചുകൊടുത്തു. ഇസ്‌ലാമില്‍ യുദ്ധത്തിന്റെ ലക്ഷ്യവും അടിസ്ഥസ്ഥാന തത്ത്വങ്ങളും എന്താണെന്ന് വ്യക്തമാക്കുകയും ഇസ്‌ലാമിക യുദ്ധത്തിന്റെ ന്യായ യുക്തങ്ങളായ സവിശേഷതകള്‍ എടുത്തുകാട്ടുകയും ചെയ്തു.
ഉഹ്ദ് യുദ്ധം
    ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായ അല്‍ഭുതകരമായ വിജയം അറബികളെയാകെ ഞെട്ടിപ്പിക്കുകയുണ്ടായി. ഈ പുതിയ പ്രസ്ഥാനത്തെ ഇഷ്ടപ്പെടാത്തവരെല്ലാം കണ്ണുതുറന്നു. ഈ പ്രസ്ഥാനത്തെ അമര്‍ത്തിക്കളയണമെന്ന അവരുടെ അഭിവാഞ്ഛ ശതഗുണീഭവിക്കുകയുണ്ടായി. കൂടാതെ ബദറില്‍ വധിക്കപ്പെട്ട ഖുറൈശീ നേതാക്കന്മാരുടെ രക്തത്തിന് പ്രതികാരം ചോദിക്കുവാനുള്ള തീവ്രമായ ആഗ്രഹം അവരുടെ കുടുംബാദികളില്‍ തിളച്ചുപൊങ്ങുകയും ചെയ്തു. ജൂതന്മാര്‍ മുസ്‌ലിംകളോട് ചെയ്ത കരാറുകളെ അവഗണിച്ചുതുടങ്ങി. ബനൂ നളീറിന്റെ നേതാവായ കഅബ് ബിന്‍ അശ്‌റഫ് മുസ്‌ലിംകള്‍ക്കെതിരില്‍ അന്ധവും നിന്ദ്യവുമായ ശത്രുത പ്രകടിപ്പിച്ചു. മദീനാ നഗരം ആപത്തിന്റെ വക്കിലെത്തി. മുസ്‌ലിംകളടെ സാമ്പത്തിക നിലയാണെങ്കില്‍ ദാരുണമാംവിധം താഴ്ന്നുവപോവുകയും ചെയ്തു.
    ഖുറൈശികളില്‍ പ്രതികാര ദാഹത്തിന്റെ അഗ്നിജ്വാലകള്‍ പൊങ്ങിക്കൊണ്ടിരിക്കവെ യഹൂദികളില്‍നിന്ന് യുദ്ധത്തിന്റെ പ്രേരണയും അവര്‍ക്ക് ലഭിച്ചു. ഇത് തീയില്‍ എണ്ണയൊഴിച്ച ഫലം ഉളവാക്കി. ഭയങ്കരമായ ഒരു സൈന്യവുമായി മദീനയെ ആക്രമിക്കുവാന്‍ ഖുറൈശികള്‍ സജ്ജമായി നില്‍ക്കുകയാണെന്ന വാര്‍ത്ത മദീനയില്‍ എത്തിത്തുടങ്ങി. രഹസ്യവിവരങ്ങള്‍ ശേഖരിക്കുവാന്‍ വേണ്ടി പ്രവാചകന്‍ ആളെ അയക്കുകയും  അതുവഴി ഖുറൈശികള്‍ മദീനയുടെ വളരെ സമീപത്ത് എത്തിക്കഴിഞ്ഞുവെന്ന് വിവരം ലഭിക്കുകയുമുണ്ടായി.  യുദ്ധതന്ത്രത്തെ സംബന്ധിച്ച് സ്വഹാബികളോട് പ്രവാചകന്‍ കൂടിയാലോചന നടത്തിയപ്പോള്‍ മദീനയില്‍തന്നെ നിലയുറപ്പിച്ചുകൊണ്ട് യുദ്ധം ചെയ്യാമെന്ന് ഒരു വിഭാഗവും അതല്ലെ, പുറത്തുപോയി യുദ്ധം നേരിടുകയാണ് വേണ്ടതെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. ഹിജ്‌റ മാസം മൂന്ന് ശവ്വാല്‍ മാസത്തിലാണ് ഈ സംഭവം. ഖുറൈശികള്‍ വന്നു മദീനക്കു സമീപത്തുള്ള ഉഹ്ദ് മലയുടെ ഒരു ഭാഗത്ത് താവളമടിച്ചു. പ്രവാചകന്‍ ആയിരം പേരോടു കൂടി അങ്ങോട്ടു പുറപ്പെട്ടു. കൂട്ടത്തില്‍ കപടവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യും അവന്റെ കൂട്ടാളികളുമുണ്ടായിരുന്നു. ഇടക്കുവെച്ച് അവന്‍ മുന്നൂറ് സില്‍ബന്ധികളോടുകൂടി പിന്‍മാറി. അവശേഷിച്ച 700 പേരടങ്ങുന്ന മുസ്‌ലിം സൈന്യം ആത്മവീര്യം നഷ്ടപ്പെടാതെ മുന്നോട്ടു ഗമിച്ചു.
    ഉഹ്ദ് മലയെ പിന്‍വശത്താക്കിക്കൊണ്ട് പ്രവാചകന്‍ അനുയായികളെ അണിനിരത്തി. പിന്നില്‍നിന്ന് ഒരു മലമടക്കിലൂടെ ശത്രുക്കള്‍ കടന്നാക്രമിക്കാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ ആ വഴിയില്‍ അമ്പത് പേരടങ്ങിയ ഒരു അസ്ത്ര സേനാ വിഭാഗത്തെ അബ്ദുല്ലാഹിബ്‌നു ജുബൈര്‍ (റ) വിന്റെ നേതൃത്വത്തില്‍ നിര്‍ത്തുകയുണ്ടായി. എന്തുവന്നാലും നിങ്ങള്‍ ഇവിടെനിന്ന് അനങ്ങിപ്പോകരുതെന്ന് അവരോട് കല്‍പിക്കുകയും ചെയ്തു.
    മുവ്വായിരം ഭടന്മാരുള്ള സര്‍വ്വ സജ്ജരായ ഒരു വന്‍ സേനയായിരുന്നു ഖുറൈശികളുടെത്. ധാരാളം  സ്ത്രീകളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ബദ്‌റില്‍വെച്ച് മക്കളും ഭര്‍ത്താക്കന്മാരും നഷ്ടപ്പെട്ടവരായിരുന്നു അവരില്‍ ഗണ്യമായ ഒരു വിഭാഗം. തങ്ങളുടെ ഇഷ്ട ജനങ്ങളുടെ ഘാതകരുടെ രക്തം കുടിച്ചിട്ടല്ലാതെ തങ്ങള്‍ അടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്തവരായിരുന്നു അവര്‍. യുദ്ധം ആരംഭിച്ചു അല്‍പം കഴിഞ്ഞപ്പോഴേക്കും മുസ്‌ലിംകളുടെ വിജയ സാധ്യതകള്‍ തെളിഞ്ഞു കണ്ടു. ശത്രുക്കളില്‍ വിഭ്രാന്തി ഉളവായി. യുദ്ധക്കളം തങ്ങള്‍ക്ക് അധീനമായെന്ന് മുസ്‌ലിംകള്‍ക്കു തോന്നി. പ്രഥമ വിജയത്തെ അന്ത്യം വരെ എത്തിക്കുന്നതിന് അദ്ധ്വാനിക്കുന്നതിനു പകരം യുദ്ധ മുതലുകള്‍ ധൃതിപിടിച്ചു ശേഖരിക്കുന്നതിലായി അവരുടെ ശ്രദ്ധ. മലയിടുക്കില്‍ കാവല്‍നിന്നവര്‍ ഇതുകണ്ടപ്പോള്‍ യുദ്ധം അവസാനിച്ചുവെന്നു ധരിച്ച് യുദ്ധ മുതല്‍ വാരിക്കൂട്ടുവാന്‍ താഴേക്ക് ഉറങ്ങുവാന്‍ ഭാവിച്ചു. അബ്ദുല്ലാഹിബ്‌നു ജുബൈര്‍ ഇത് വിലക്കിയെങ്കിലും അദ്ദേഹവും അല്‍പചിലരുമൊഴിച്ച് മറ്റെല്ലാവരും ഇറങ്ങിക്കളയുകതന്നെ ചെയ്തു. ശത്രു സൈന്യത്തിലെ ഒരു വിഭാഗത്തിനെ നയിച്ചുകൊണ്ടിരുന്ന സമര്‍ത്ഥനായ ഖാലിദുബ്‌നുല്‍ വലീദ് ഈ തക്കം പ്രയോജനപ്പെടുത്തി. പിന്നില്‍കൂടി വന്ന് പൊടുന്നനെ മുസ്‌ലിംകളെ ആക്രമിച്ചു. ഓര്‍ക്കാപുറത്തുകിട്ടിയ ഈ അടിയില്‍ മുസ്‌ലിംകള്‍ അമ്പരന്നുപോയി. പരിഭ്രാന്തരായി ഛിന്നിച്ചിതറി പലഭാഗത്തും ഓട്ടം തുടങ്ങി. ഈ നെട്ടോട്ടത്തില്‍ മുസ്‌ലിംകളുടെ കരങ്ങളാല്‍തന്നെ മുസ്‌ലിംകള്‍ വധിക്കപ്പെടുകയുണ്ടായി. പ്രവാചകന്‍ വധിക്കപ്പെട്ടുവെന്ന കിംവദന്തിയും ഇതിനടക്ക് പ്രചരിച്ചു. ഇതോടുകൂടി ശേഷിച്ചവരുടെ മനോവീര്യം തകര്‍ന്നുപോയി. യഥാര്‍ഥത്തില്‍ ഈ സമയത്ത് പത്തു പന്ത്രണ്ട് സ്വഹാബികള്‍ ചേര്‍ന്ന് ഒരു വലയം സൃഷ്ടിച്ച് അതിനകത്ത് പ്രവാചകര്‍ക്ക് സംരക്ഷണം നല്‍കിയിരിക്കുകയായിരുന്നു. പ്രവാചകര്‍ക്ക് ചെറിയ പരിക്കുകളും ഏറ്റിരുന്നു. സ്വഹാബികള്‍ നബിയെയും കൊണ്ട് ഒരു കുന്നിന്റെ ഭാഗത്തേക്കു കുതിച്ചു. ഈ സമയം പ്രവാചകന്‍ ആരോഗ്യത്തോടുകൂടി ജീവിച്ചിരിപ്പുണ്ടെന്ന വിവരം മുസ്‌ലിംകള്‍ കണ്ടുമനസ്സിലാക്കി. തല്‍സമയം അവര്‍ തിരിച്ചുവന്ന് നബിയുടെ ചുറ്റും ഒരുമിച്ചുകൂടി. എന്തുകൊണ്ടാണെന്നറിഞ്ഞില്ല ഇതോടുകൂടി മുശ്‌രിക്കുകള്‍ അവരുടെ യുദ്ധവിജയം സമ്പൂര്‍ണ്ണമാക്കുവാന്‍ നില്‍ക്കാതെ യുദ്ധക്കളം വിട്ടുപോവുകയാണുണ്ടായത്.  കുറച്ചകലെ ചെന്നപ്പോള്‍ അവര്‍ക്ക് ബോധം തെളിഞ്ഞതുപോലെയുള്ള പ്രതീതിയുണ്ടായി. അവര്‍ പരസ്പരം ചോദിച്ചു:  നാം എന്താണീ ചെയ്തത്? മുസ്‌ലിംകളെ പരമനിഷ്‌കാസനം ചെയ്യുവാന്‍ നമുക്ക് കിട്ടിയ സന്ദര്‍ഭം നാം പാഴാക്കിക്കളഞ്ഞല്ലോ.
    അങ്ങനെയവര്‍ ഒരു സ്ഥലത്ത് യാത്രനിര്‍ത്തി. കൂടിയാലോചന തുടങ്ങി. വീണ്ടും തിരിച്ചുപോയി മദീനയെ കടന്നാക്രമിക്കുവാനുള്ള കാര്യം ചെര്‍ച്ചചെയ്യുകയായിരുന്നു കൂടിയാലോചനാ വിഷയം. എന്നാല്‍, അവര്‍ക്ക് അതിനുള്ള ധൈര്യം നേടുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മക്കയിലേക്കുതന്നെ യാത്ര തുടര്‍ന്നു.
    മറുവശത്ത് പ്രവാചകര്‍ക്ക് ഖുറൈശികള്‍ വീണ്ടും അക്രമത്തിന് മിതര്‍ന്നേക്കുമോ എന്ന സംശയമുണ്ടായി. ഉടനെ സ്വഹാബികളെ വിളിച്ചുകൂട്ടി ഖുറൈശികളെ പിന്തുടരണമെന്നു കല്‍പിച്ചു. ഒരു ഭയങ്കര യുദ്ധത്തില്‍ ക്ഷീണിക്കുകയും വ്രണങ്ങളും മറ്റും വേദനകള്‍കൊണ്ട് നരകിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന         സ്വഹാബികള്‍ക്ക് ഇത് ഒരു വലിയ പരീക്ഷണ ഘട്ടമായിരുന്നു. യഥാര്‍ഥ വിശ്വാസികളായിരുന്ന ആ ജനത സര്‍വ്വവും അല്ലാഹുവില്‍ അര്‍പിച്ചുകൊണ്ട് അതാ ആത്മത്യാഗത്തിനു സന്നദ്ധരാവുന്നു. പ്രവാചകരും സ്വഹാബികളും കുറേ നേരം മുശ്‌രികുകളെ പിന്തുടര്‍ന്നുപോയി. ഖുറൈശികള്‍ മക്കയിലേക്കുതന്നെ  പിന്തിരിഞ്ഞുവെന്ന് ഉറപ്പായതിനാല്‍ ഹംറാഉല്‍ അസദ് എന്നസ്ഥലത്തുവെച്ച് മദീനയിലേക്കു തിരിച്ചു. ഉഹ്ദ് യുദ്ധത്തില്‍ 70 മുസ്‌ലിംകള്‍ രക്കതസാക്ഷികളാവുകയുണ്ടായി.
    ഉഹ്ദ് യുദ്ധത്തെ ആദ്യന്തം അവലോകനം ചെയ്യുന്ന ഏതൊരാള്‍ക്കും അതില്‍ മുസ്‌ലിംകള്‍ക്ക് നേരിട്ട പ്രഥമ പരാചയത്തിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടായിരിക്കുകയില്ല. സമ്പത്തിനോടുള്ള സ്‌നേഹം, ബാധ്യത വിട്ടുകളയല്‍, ഉത്തരവദപ്പെട്ടവരുടെ ആജ്ഞ തിരസ്‌കരിക്കല്‍, ശത്രുക്കളുടെ ശക്തിമുഴുവന്‍ അമര്‍ത്തിക്കളയുന്നതിനു മുമ്പ് ശത്രുക്കളുടെ യുദ്ധ മുതല്‍ ശേഖരിക്കുന്നതിലേക്ക് ശ്രദ്ധതിരിക്കല്‍ മുതലായവയാണ് ആ കാരണങ്ങള്‍. ഉഹ്ദ് യുദ്ധാനന്തരം, ഇസ്‌ലാമിക വീക്ഷണ കോണില്‍കൂടി മുസ്‌ലിംകളില്‍ തങ്ങിനിന്നിരുന്ന ന്യൂനതകള്‍ ഓരോന്നായി വെളിപ്പെടുത്തുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന കുറേ സൂക്തങ്ങള്‍ ഇറങ്ങുകയുണ്ടായി. ആലു ഇംറാന്‍ സൂറത്തിന്റെ അവസാന ഭാഗത്ത്  അവ കാണാം: എല്ലാ പരാചയത്തിനും കാരണം മരണത്തെ ഭയക്കലാണ്. എന്നാല്‍, അല്ലാഹു നിശ്ചയിച്ച അവധിക്കല്ലാതെ ആരുംതന്നെ മൃത്യുവിന്നിരയാവുകയില്ല. ആ അവധിക്കുശേഷം ഒരു നിമിഷവും പിന്തിക്കപ്പെടുകയുമില്ല. അതിനാല്‍, ഒരു യഥാര്‍ഥ വിശ്വാസിക്ക് ചിന്തിക്കുവാനുള്ളത് താന്‍ മരിച്ചുപോകുമോ എന്നതല്ല. പ്രത്യുത, മരണം വരെയുള്ള തന്റെ ഇഹലോക ജീവിതം ഇഹലോക സമ്പാദ്യത്തിനുവേണ്ടിയോ അതല്ല, പരലോക നേട്ടത്തിനുവേണ്ടിയോ എന്തിനാണ് വിനിയോഗിക്കേണ്ടത് എന്നതാണ്. ഈ പഠനങ്ങളെല്ലാം ഉഹ്ദ് യുദ്ധാനന്തരം മുസ്‌ലിംകളെ വീണ്ടും പഠിപ്പിക്കുകയുണ്ടായി.
    ഉഹ്ദ് യുദ്ധത്തെ തുടര്‍ന്ന് അറേബ്യയിലെ പല ഗോത്രക്കാരും ഇസ്‌ലാമിനെതിരില്‍ തലയുയര്‍ത്തിവരാന്‍ തുടങ്ങി. പ്രവാചകന്‍ അവയെല്ലാം നേരിടുകയും ആളുകളെ അയച്ച് അമര്‍ത്തിക്കളയുകയും ചെയ്തു. ഇതിനിടക്ക് ഹിജ്‌റ നാലാം വര്‍ഷം ഒരു ദാരുണ സംഭവമുണ്ടായി. കിലാബ് ഗോത്രതലവന്‍ അബൂ ബര്‍റാഅ് പ്രവാചകരെ സമീപിച്ച് തന്റെ ജനതയില്‍ ഇസ്‌ലാം മത പ്രചരണം നടത്താന്‍ കുറെയാളുകളെ തന്റെ കൂടെ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു. പ്രവാചകന്‍ 70 പേരെ അയച്ചുകൊടുത്തു. കിലാബ് ഗോത്രക്കാര്‍ ഇവരെ വളയുകയും ഒരാള്‍ ഒഴിച്ച് ബാക്കി എല്ലാവരെയും നിര്‍ദയം വധിച്ചുകളയുകയും ചെയ്തു. ഇതിനെ തുടര്‍ന്നു ഒരു മാസക്കാലം പ്രവാചകര്‍ നിസ്‌കാരങ്ങളില്‍ ഈ കൂട്ടര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.  മറ്റു ചില ഗോത്രക്കാരും ഇത്തരം വഞ്ചന ചെയ്തിട്ടുണ്ട്. മുസ്‌ലിംകള്‍ തികഞ്ഞ ആത്മ സംയമനത്തോടുകൂടി ഇവയെ നേരിടുകയാണ് ചെയ്തത്.
    ഇതേയവസരം, മറുവശത്ത് യഹൂദികളും മുസ്‌ലിംകള്‍ക്കെതിരില്‍ വിവിധ ദ്രോഹങ്ങള്‍ അഴിച്ചുവിട്ടു. മദീനയില്‍ ഇസ്‌ലാമിക പ്രസ്ഥാനം ശക്തിപ്രാപിക്കുന്നതോടുകൂടി നിലവിലുണ്ടായിരുന്ന യഹൂദികളുടെ മതപരമായ മേധാവിത്വവും അതിന്റെ പേരിലുള്ള ചൂഷണ തട്ടിപ്പുകളും നഷ്ടപ്പെട്ടു തുടങ്ങിയതും അവരുടെ ഉള്ളുകള്ളികള്‍ തുറന്നു കാണിക്കുന്ന ഖുര്‍ആന്‍ ആയത്തുകള്‍ ഇറങ്ങിയതുമൂലം അവരില്‍ ഉളവായ അമര്‍ശങ്ങളും മറ്റുമായിരുന്നു ഇതിനു കാരണം.

ബനൂ കൈനുകാഅ് യുദ്ധം
    പ്രവാചകരുമായി ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചുകൊണ്ട് ഹിജ്‌റ വര്‍ഷം രണ്ട് ശവ്വാല്‍ മാസത്തില്‍   ബനൂ കൈനുകാഅ് ഗോത്രക്കാരായ യഹൂദികള്‍ മുസ്‌ലിംകള്‍ക്കെതിതിരില്‍ യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. ഇതിനു ശേഷം ഈ കൂട്ടത്തില്‍പെട്ട ഒരു യഹൂദി ഒരു മുസ്‌ലിം വനിതയെ മാനഭംഗപ്പെടുത്തിയതുകാരണം അവരുടെ ഭര്‍ത്താവ് കോപിഷ്ഠനായി അവനെ കൊന്നുകളഞ്ഞു. അതിനു പ്രതികാരമായി യഹൂദികള്‍ ഈ മുസ്‌ലിമിനെയും വധിക്കുകയുണ്ടായി. തുടര്‍ന്നുണ്ടായ കുഴപ്പത്തെ സമാധാനപരമായി ഒതുക്കുവാന്‍ പ്രവാചകന്‍ ശ്രമിച്ചുവെങ്കിലും വിജയിക്കുകയുണ്ടായില്ല. യഹൂദികല്‍ തെറികല്‍ പറയുവാനാണ് മുതിര്‍ന്നത്. തുടര്‍ന്നു ഇരുവിഭാഗങ്ങളില്‍നിന്നും യുദ്ധം തന്നെ പ്രഖ്യാപിക്കപ്പെട്ടു. പതിനഞ്ചു ദിവസം കോട്ട വളയപ്പെടുകയും ഒടുവില്‍ അവരെ നാടുകടത്താന്‍ തീരുമാനിക്കപ്പെടുകയും ചെയ്തു. അങ്ങനെ 700 യഹൂദികള്‍ നാടുവിട്ടുപോയി.

കഅ്ബ് ബിന്‍ അശ്‌റഫ്
    വിഖ്യാതനായ ഒരു കവിയായിരുന്നു കഅ്ബ് ബിന്‍ അശ്‌റഫ്. ബദ്‌റ് യുദ്ധാനന്തരം അയാള്‍ എഴുതി ശോക കാവ്യങ്ങള്‍ മക്കാനിവാസികളുടെ രക്തത്തിന് തീപിടിപ്പിക്കുവാന്‍ പോന്നതായിരുന്നു. മക്കയില്‍ ഈ ഗാനങ്ങള്‍ കേള്‍ക്കുന്നവരെല്ലാം വാവിട്ടു കരയുമായിരുന്നു. മദീനയിലും പ്രവാചകരെ അവഹേളിച്ചുകൊണ്ടുള്ള കവിതകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഇളക്കിവിട്ടു. ഒരു പ്രാവശ്യം ഒരു സല്‍കാരത്തിനെന്ന വ്യാജേന  നബിയെ ക്ഷണിക്കുവാനുള്ള പ്ലാനിടുകകൂടി ചെയ്തു ഈ ദുഷ്ടന്‍. ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോള്‍ പ്രവാചകരുടെ അനുവാദപ്രകാരം ഹിജ്‌റ മൂന്നാം വര്‍ഷം റബീ ഉല്‍ അവ്വലില്‍ മുഹമ്മദ് എന്നയാള്‍ ഈ കഅബിനെ വധിച്ചു.

ബനൂന്നളീര്‍

    ബനൂന്നളീര്‍ എന്ന യഹൂദി ഗോത്രം കരാറുകളെല്ലാം ലംഘിക്കുവാന്‍ തുടങ്ങി. മാത്രമല്ല, പ്രവാചകരെ വധിച്ചുകളയുവാനുള്ള പല ഗൂഢ തന്ത്രങ്ങളും പ്രയോഗിച്ചു നോക്കുകയും ചെയ്തു. ഇത്തരം ദ്രോഹനീക്കങ്ങളില്‍ ഇവര്‍ക്ക് മക്കക്കാരില്‍നിന്ന് പ്രചോദനം ലഭിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഇവരുടെ ശല്യം തടയുവാന്‍ മറ്റുമാര്‍ഗമൊന്നുമില്ലെന്ന് കണ്ടപ്പോള്‍ പ്രവാചകന്‍ അവരുടെ കോട്ട വളഞ്ഞു. പതിനഞ്ചുദിവസത്തെ ഉപരോധത്തിനുശേഷം അവര്‍ നാടുവിട്ടു പോകുവാന്‍ നിര്‍ബന്ധിതരായി. ഒട്ടകപ്പുറത്ത് കയറ്റിക്കൊണ്ടുപോകുവാന്‍ സാധിക്കുന്ന സാമഗ്രികള്‍ കൂടെ കൊണ്ടുപോകുവാന്‍ പ്രവാചകന്‍ അവരെ അനുവദിച്ചു. അങ്ങനെ  കഴിയുന്ന എല്ലാ സാധനങ്ങളുമെടുത്തുകൊണ്ട് അവര്‍ ഖൈബറിലേക്ക് വിട്ടുപോയി.
    ഈ സംഭവത്തിനുശേഷം മുശ്‌രിക്കുകളും യഹൂദികളും സംഘടിച്ചുകൊണ്ട് മുസ്‌ലിംകളെ അറുതി വരുത്തുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇവരില്‍നിന്ന് ആക്രമങ്ങള്‍ ഉണ്ടായേക്കുമോ എന്ന് ഭയക്കുമ്പോഴെല്ലാം പ്രവാചകന്‍ മുസ്‌ലിം സേനയുമായി പ്രവാചകന്‍ ഇവരെയും തേടിയുംകൊണ്ട് മദീനക്ക് പുറത്തുപോവുക പതിവായിരുന്നു. അങ്ങനെ ഹിജ്‌റ വര്‍ഷം 5 മുഹര്‍റമാസത്തില്‍ ദാത്തുര്‍രിഖാഅ് എന്ന സ്ഥലം വരെയും റബീഉല്‍ അവ്വലില്‍ ദൗമത്തുല്‍ ജന്തല്‍ എന്ന സ്ഥലം വരെയും യാത്ര ചെയ്തു.

അഹ്‌സാബ് യുദ്ധം
    അറബികളായ വിവിധ ഗോത്രക്കാര്‍ ഒത്തുചേര്‍ന്ന് ഒരു ഐക്യമുന്നണിയായി മദീനയെ ആക്രമിക്കുവാന്‍ പുറപ്പെട്ടതുകൊണ്ടാണ് ഈ സംഭവത്തിന് അഹ്‌സാബ് യുദ്ധം (ഐക്യമുന്നണി യുദ്ധം) എന്നു പേരുവന്നത്. സ്വരക്ഷക്കു വേണ്ടി മുസ്‌ലിംകള്‍ കിടങ്ങ് കീറിയിരുന്നതിനാല്‍ ഈ യുദ്ധത്തിന് ഖന്തഖ് യുദ്ധം എന്നും പേരുണ്ട്. മദീനയില്‍നിന്ന് ഖൈബറിലേക്ക് നാട് കടത്തപ്പെട്ട യഹൂദികളാണ് മുന്നണി സംഘടിപ്പി#്കുകന്നതിന് മുന്നിട്ടിറങ്ങിയത്. തങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങളെയും ഇസ്‌ലാമിനെതിരില്‍ അണി നിരത്തിയതിനു പുറമെ അവര്‍ മക്കയില്‍ ചെന്നു ഖുറൈശികളെയും ഇളക്കിവിട്ട് യുദ്ധ സജ്ജരാക്കി. അങ്ങനെ യഹൂദികളും ഖുറൈശികളും ചേര്‍ന്ന് പതിനായിരം ഭടന്മാര്‍ അടങ്ങിയ ഒരു വന്‍ പട തയ്യാറായി.
    തുറന്ന മൈതാനിയില്‍നിന്നുകൊണ്ട് ഇത്ര വലിയ സേനയെ നേരിടുന്നത് ക്ഷന്തവ്യമായിരിക്കുകയില്ലെന്ന് കണ്ടതിനാല്‍ സല്‍മാനുല്‍ ഫാരിസീ (റ) വിന്റെ അഭിപ്രായമനുസരിച്ച് കിടങ്ങു കീറുവാന്‍ തീരുമാനിക്കപ്പെട്ടു.
    മദീനയുടെ മൂന്നു ഭാഗങ്ങളില്‍ വീടകളും തോട്ടങ്ങളുമായിരുന്നു. ഒരു വശം മാത്രം തുറന്നു കിടന്നു. ഈ ഭാഗത്താണ് കിടങ്ങ് കീറിയത്. മുവ്വായിരം പേര്‍ ഇരുപത് ദിവസം ജോലി ചെയ്താണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്.
    ശത്രുക്കള്‍  മൂന്നു വിഭാഗങ്ങളായി പിരിഞ്ഞ് മദീനയെ മൂന്നു വശങ്ങളില്‍ കൂടി ഒന്നിച്ചു ആക്രമിച്ചു.  ഇതൊരു ഭയങ്കര ഘട്ടമായിരുന്നു. വലിയൊരു പരീക്ഷണവും. മരം കോച്ചുന്ന തണുപ്പ്, ഭക്ഷണ ദുര്‍ഭിക്ഷത, ഭയങ്കര സേന നാടു വളഞ്ഞത് കിടിലം കൊള്ളിക്കുവാന്‍ ഇതിലപ്പുറം മറ്റെന്തു വേണം? കപട വിശ്വാസികളിടെ പൂച്ച പുറത്തു ചാടി. അവര്‍ പരസ്യമായി വിളിച്ചു കൂവി: 'അല്ലാഹു ചെയ്ത വാഗ്ദാനങ്ങളെല്ലാം വഞ്ചനയാണ്!' ഇതിനു പുറമെ രക്ഷപ്പെടുവാനായി അവര്‍ പല വഴികളും തിരഞ്ഞു. തങ്ങളുടെ വീടുകള്‍ക്ക് രക്ഷയില്ലാതായിട്ടുണ്ടെന്നും അങ്ങോട്ടു പോകുവാന്‍ അനുവാദം നല്‍കണമെന്നും അവര്‍ പ്രവാചകരോട് ആവശ്യപ്പെട്ടു. എന്നാല്‍, യഥാര്‍ഥ വിസ്വാസികള്‍ ഈ ഘട്ടത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്. അവരുടെ ഈമാന്‍ രൂഢമൂലമാവുകയും ആവേശം ആളിക്കത്തുകയും ചെയ്തു. ഈ സംഗതികളെല്ലാം സൂറത്തുല്‍ അഹ്‌സാബില്‍ സവിശദം വിവരിച്ചിട്ടുണ്ട്.
    ശത്രുക്കള്‍ മൂന്നു മാസം മദീനയെ വളഞ്ഞുനിന്നു. മുസ്‌ലിംകള്‍ അത്യന്തം ക്ലേശിച്ചു. കാഫിറുകള്‍ക്ക് കിടങ്ങു മുറിച്ചു കടക്കുവാന്‍ സാധിച്ചില്ല. അങ്ങുമിങ്ങും ശരപ്രയോഗങ്ങളും അസ്ത്ര പ്രയോഗങ്ങളും പലപ്പോഴും നടന്നു. ഒറ്റയും തെറ്റയുമായി ചില സംഘട്ടനങ്ങളും.
    ഉപരോധ കാലം ദീര്‍ഘിക്കുംതോറും ശത്രുക്കളുടെ സമരാവേശം കുറഞ്ഞുവരാന്‍ തുടങ്ങി. പതിനായിരം പേര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ തയ്യാറാക്കുകയെന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. കൂടാതെ, അസഹ്യമായ തണുപ്പ് അവരെ കണക്കിന് ദ്രോഹിച്ചു. ഇതിനിടക്ക് ഭയങ്കരമായൊരു കൊടുങ്കാറ്റ് വന്നു. കാഫിറുകളുടെ തമ്പുകള്‍ മറിഞ്ഞുവീണു. വിളക്കുകളെല്ലാം അണഞ്ഞുപോയി. യഹൂദികള്‍ മുമ്പുതന്നെ തടിയൂരിക്കളഞ്ഞിരുന്നു. ഖുറൈശികള്‍ ഇരുട്ടില്‍ തപ്പിത്തടയുകയായി. നാട്ടിലേക്ക് തിരിച്ചുപോവുകയല്ലാതെ ഗത്യന്തരമില്ലാതായി. അങ്ങനെ മലപോലെ വന്ന ഈ ആക്രമണത്തെ അല്ലാഹു മഞ്ഞുപോലെ അവസാനിപ്പിച്ചു. പതിനായിരം ഭടന്മാര്‍ അടങ്ങിയ ഒരു വന്‍ സൈന്യത്തിന് വെറും മുവ്വായിരം പേര്‍ അടങ്ങിയ മുസ്‌ലിം സേനയെ ഒന്നും ചെയ്യാന്‍ സാധിക്കാതെ തിരിച്ചുപോകേണ്ടിവന്ന ഈ സംഭവം യഥാര്‍ഥ ശക്തിയും സഹായവും അല്ലാഹുവില്‍നിന്ന് വരുന്നത് മാത്രമാണെന്ന് തെളിയിച്ചു. യഥാര്‍ഥ വിശ്വാസികളില്‍നിന്ന് കപടവിശ്വാസികളെ വകതിരിച്ച് കാട്ടിയത് ഈ സംഭവത്തിന്റെ മറ്റൊരു നേട്ടമായിരുന്നു. പ്രവാചകരില്‍ നിലകൊണ്ടിരുന്ന മാതൃകാപരമായ സ്ഥിരത, ക്ഷമ, അര്‍പ്പണം എന്നീ ഗുണങ്ങള്‍ എന്നീ ഗുണങ്ങള്‍ ഈ സംഭവത്തില്‍ എത്രയും വ്യക്തമായി പ്രത്യക്ഷപ്പെട്ടു. ലോകാവസാനം വരെ വന്നുകൊണ്ടിരിക്കുന്ന സത്യപ്രബോധന പോരാളികള്‍ക്ക് ഇതില്‍ നല്ല പാഠമാണുള്ളത്.
ബനു ഖുറൈളയുടെ അന്ത്യം
    പ്രവാചകന്‍ മദീനയില്‍ വന്ന ഉടനെ യഹൂദി ഗോത്രങ്ങളോടെല്ലാം സമാധാന ഉടമ്പടികള്‍ ചെയ്തിരുന്നുവെന്ന് മുമ്പു പ്രസ്താവിച്ചുവല്ലോ. എന്നാല്‍ ഖന്തഖ് യുദ്ധത്തിന്റെ ആപല്‍ ഘട്ടത്തില്‍ ബനൂ ഖുറൈള  ഈ കരാര്‍ ലംഘിച്ചുകൊണ്ട് ശത്രു പക്ഷത്ത് ചേരുകയുണ്ടായി. ഇത്തരം സന്നിഗ്ധാവസരങ്ങളില്‍ കരാറുകള്‍ ലംഘിച്ച് ശത്രുവിന്റെ ഭാഗത്തേക്കു ചേരുകയെന്നത് കടുത്ത രാജ്യദ്രോഹമാണെന്നും അത് ആരാലും പൊറുക്കുക സാധ്യമല്ലെന്നും സുവിദിതമാണെല്ലോ. ഖന്തക്കിന്റെ കാറ്റും കോളും തെളിഞ്ഞ ഉടനെ ബനൂ ഖുറൈളയുടെ നേരെ തിരിഞ്ഞ് അവരുടെ കടും ചതിക്ക് തക്കതായ ശിക്ഷകൊടുക്കുന്നതിലായി പ്രവാചകരുടെ ശ്രദ്ധ. അങ്ങനെ പ്രവവാചകരും അനുചരന്മാരും അവരുടെ കോട്ട വളഞ്ഞു. ഒരു മസത്തെ ഉപരോധത്തിനു ശേഷം അവര്‍ ആയുധം വെക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് അര്‍ഹമായ ശിക്ഷ അവര്‍ക്ക് നല്‍കപ്പെട്ടു. അവരുടെ യോദ്ധാക്കള്‍ വധിക്കപ്പെടുകയും മറ്റുള്ളവര്‍ തടവിലാക്കപ്പെടുകയും ചെയ്തു. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടപ്പെടുകയുമുണ്ടായി.

ഹുദൈബിയ്യ സന്ധി
    ഇസ്‌ലാമിന്റെ യഥാര്‍ഥ കേന്ദ്രമായ കഅബയുടെ നാട്ടില്‍നിന്ന് മുസ്‌ലിംകള്‍ പുറന്തള്ളപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ കേന്ദ്രം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം അവരുടെ ഹൃദയങ്ങളില്‍ തിങ്ങിവിങ്ങിക്കിടക്കുകയാണ്. അങ്ങനെ ഹിജ്‌റ വര്‍ഷം ആറ്, ദുല്‍ ഖഅദ് മാസത്തില്‍ കഅബ സന്ദര്‍ശിക്കുവാനുള്ള തീരുമാനം പ്രവാചകന്‍ പ്രഖ്യാപിച്ചു. തല്‍ക്ഷണം മുഹാജിറുകളും അന്‍സ്വാറുകളുമടങ്ങുന്ന 1400 അനുയായികള്‍ പ്രവാചകരോടുകൂടി ഈ ഉദ്ദ്യമത്തില്‍ പങ്കുചേരുവാന്‍ തയ്യാറായി. ദുല്‍ഹുലൈഫയില്‍ വെച്ച് എല്ലാവരും ഉംറക്കു ഇഹ്‌റാം കെട്ടി. അതുവഴി തങ്ങളുടെ ഈ യാത്ര തികച്ചും ഒരു തീര്‍ഥ യാത്രയാണെന്നും അല്ലാതെ ഒരു യുദ്ധ സന്നാഹമല്ലെന്നും പ്രവാചകനും അനുയായികളും വ്യക്തമാക്കി. എന്നിട്ടും മക്കക്കാര്‍ ഇത് സമ്മതിക്കുവാന്‍ തയ്യാറായില്ല. അവര്‍ സര്‍വ്വ ഗോത്രങ്ങളെയും ഒരുമിച്ച് കൂട്ടി മക്കക്കു പുറത്ത് പ്രതിരോധത്തിനുവേണ്ടി താവളമടിക്കുകയാണുണ്ടായത്. പ്രവാചകരും അനുയായികളും മുന്നോട്ടു നീങ്ങുകയും ഹുദൈബിയ്യ എന്ന സ്ഥലത്ത് ഇറങ്ങുകയും ചെയ്തു. ഹുദൈബിയ്യ എന്നത് ഒരു കിണറ്റിന്റെ പേരാണ്. ഇത് സ്ഥിതി ചെയ്ത നാട്ടിനും ഇതേ പേര് തന്നെ വന്നു. ഇവിടെ വെച്ച് പ്രവാചകന്‍ ആളെ അയച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യം ഉംറ നിര്‍വഹിക്കല്‍ മാത്രമാണെന്നും അതില്‍ തങ്ങളെ തടയരുതെന്നും ഖുറൈശികളെ അറിയിച്ചു.  പക്ഷെ, അവര്‍ അതിന് കൂട്ടാക്കിയില്ല. അക്രമത്തനൊരുങ്ങുവാനായി അവരുടെ ഭാവം. അതിനിടക്ക് അവരില്‍ തന്നെ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നു. ഒടുവില്‍ ഉര്‍വ എന്നൊരാള്‍ അവരില്‍നിന്നും സംഭാഷണത്തിനായി വന്നു. പക്ഷെ, ഫലം നാസ്തിയായിരുന്നു. അനന്തരം ഉസ്മാന്‍ (റ) വിനെ അനന്തര സംഭാഷണത്തിനുവേണ്ടി അവരുടെ അടുത്തേക്കയച്ചു. അതും ഫലപ്രദമായില്ല. അതിനിടക്ക് ഉസ്മാന്‍ (റ) വധിക്കപ്പെട്ടുവെന്നൊരു കിംവദന്തി മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുകയുണ്ടായി.

ബൈഅത്തുര്‍രിള്‌വാന്‍

    ഉസ്മാന്‍ (റ) കൊല ചെയ്യപ്പെട്ടുവെന്ന് കേട്ടപ്പോള്‍ അങ്ങനെയാണെങ്കില്‍ ഇതിന് പകരം ചോദിക്കാതെ നിവൃത്തിയില്ലെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കുകയും സ്വഹാബികളെയെല്ലാം വിളിച്ച് ഒരു മരത്തിന് ചുവട്ടിലിരുന്ന് ഒരു ഉടമ്പടി ചെയ്യുകയും ചെയ്തു. മരണം വരിക്കേണ്ടി വന്നാലും യുദ്ധം ചെയ്ത് ഉസ്മാന്‍ (റ) വിന്റെ ചോരക്ക് ചോരക്ക് പകരം വീട്ടിയിട്ടല്ലാതെ അടങ്ങുകയില്ലെന്നായിരുന്നു കരാറിന്റെ സാരം. ഇതിനെ തുടര്‍ന്നു മുസ്‌ലിംകളില്‍ എന്തെന്നില്ലാത്ത ആവേശം ഉയര്‍ന്നുവന്നു. അവര്‍ എന്തിനും സന്നദ്ധരായി. ഈ  ഉടമ്പടിയാണ് ബൈഅത്തുര്‍രിള്‌വാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിക്കുകയുണ്ടായി.
    പിന്നീട് ഉസ്മാന്‍ (റ) വധിക്കപ്പെട്ടുവെന്ന വാര്‍ത്ത അവാസ്തവമാണെന്ന് തെളിഞ്ഞു. മുസ്‌ലിംകളുടെ സമരാവേശം ഖുറൈശികളെ തെല്ല് നെടുക്കുകയുണ്ടായി. ഖുറൈശികള്‍ സന്ധിക്ക് സന്നദ്ധരായി. അവര്‍ സുഹൈല്‍ ബിന്‍ അംറ് എന്നയാളെ തങ്ങളുടെ പ്രതിനിധിയായി പ്രവാചകരുടെ അടുത്തേക്കയച്ചു. സന്ധിയുടെ നിബന്ധനകള്‍ പൂര്‍ത്തിയായി. സന്ധി പത്രം എഴുതുവാന്‍ അലി (റ) വിളിക്കപ്പെട്ടു. സന്ധിയിലെ വ്യവസ്ഥകള്‍ ഇങ്ങനെയായിരുന്നു:
    1. മുസ്‌ലിംകള്‍ ഈ വര്‍ഷം ഉംറ നിര്‍വഹിക്കാതെ തിരിച്ചുപോവുക.
    2. അടുത്ത വര്‍ഷം വരികയും മൂന്നുദിവസം മാത്രം മക്കയില്‍ താമസിച്ചു മടങ്ങിപ്പോവുകയും ചെയ്യുക.
    3. വരുമ്പോള്‍ സായുധരാകാന്‍ പാടില്ല. വാളു മാത്രം എടുക്കാം. അതും ഉറക്കുള്ളില്‍ മാത്രം.
    4. മക്കയില്‍ അവശേഷിച്ച മുസ്‌ലിംകളില്‍നിന്ന് ആരെയും കൊണ്ടുപോകരുത്. അതേസമയം, ആരെങ്കിലും മക്കയിലേക്ക് വരാനുദ്ദേശിച്ചാല്‍ തടയുകയും ചെയ്യരുത്.
    5. കാഫിറുകളില്‍നിന്നോ മുസ്‌ലിംകളില്‍നിന്നോ ആരെങ്കിലും മദീനയിലേക്കു പോയാല്‍ അയാളെ മക്കയിലേക്കു തിരിച്ചയക്കണം. പക്ഷെ, ഏതെങ്കിലുമൊരു മുസ്‌ലിം മക്കയിലേക്കു വന്നാല്‍ അയാളെ മക്കയിലേക്ക് തിരിച്ചുകൊടുക്കുന്നതല്ല.
    6. ഇഷ്ടമുള്ള പക്ഷത്ത് ചേരുവാന്‍ അറബി ഗോത്രങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്.
    7. ഈ കരാറിന്റെ പ്രാബല്യ കാലം പത്തുവര്‍ഷമായിരിക്കും.
    സന്ദര്‍ഭവശാല്‍ സഹ്‌ലിന്റെ മകന്‍ അബൂ ജന്തല്‍ (റ) എങ്ങനെയോ രക്ഷപ്പെട്ട് മക്കയില്‍നിന്ന് പ്രവാചകരുടെ അടുക്കല്‍ വന്ന് അഭയം തേടി. പക്ഷെ, മഷി ഉണങ്ങിക്കഴിഞ്ഞിട്ടില്ലാത്ത കരാറിലെ വ്യവസ്ഥയനുസരിച്ച് അദ്ദേഹത്തെ മക്കയിലേക്ക് തിരിച്ചയക്കുകയല്ലാതെ വേറെ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞു: 'അബൂജന്തലെ, നിങ്ങളും നിങ്ങളെപ്പോലെയുള്ള മറ്റു മര്‍ദ്ദിതരും ക്ഷമ പാലിക്കുക. അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലുമൊരു മാര്‍ഗം തുറന്നു തരുന്നതാണ്.'
    സന്ധി കാര്യങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രവാചകരും അനുയായികളും ഉംറ പൂര്‍ത്തിയാക്കാതെതന്നെ ബലിയറുത്തുകൊണ്ടും തല മുണ്ഡനം ചെയ്തുകൊണ്ടും അതില്‍നിന്ന് വിരമിച്ചു. മൂന്നു ദിവസം ഹുദൈബിയ്യയില്‍ പിന്നെയും താമസിച്ച ശേഷം മദീനയിലേക്കു യാത്രതിരിച്ചു. വഴി മധ്യേ സൂറത്തുല്‍ ഫത്ഹ് ഇറങ്ങി. അതില്‍ ഈ സന്ധിയെ വ്യക്തമായ ഒരു വിജയമായി വിശേഷിപ്പിച്ചു. പ്രഥമ വീക്ഷണത്തില്‍ ഈ വിശേഷണം അല്‍ഭുതത്തിന് വക നല്‍കുമെങ്കിലും പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ അതിനെ തികച്ചും അന്വര്‍ത്ഥമാക്കുകയാണ് ചെയ്തത്.
    ഈ സന്ധിയുടെ ഫലമായി യുദ്ധത്തിന്റെ ഭീകരാന്തരീക്ഷം നീങ്ങുകയും മുസ്‌ലിംകള്‍ക്കും ഖുറൈശികള്‍ക്കുമിടയില്‍ പരസ്പരം ബന്ധപ്പെടുവാനും കുടുംബ ബന്ധങ്ങളും വ്യാപാര ബന്ധങ്ങളും പുനസ്ഥാപിക്കുവാനും അവസരം ലഭിച്ചു. ഏതൊരാളെയും ആകര്‍ഷിക്കുന്ന മുസ്‌ലിംകളുടെ സമുന്നതങ്ങളായ സ്വഭാവ വിശേഷങ്ങളും വിശിഷ്ടമായ ജീവിത സമ്പ്ദായവും അടുത്തു നിന്ന് നോക്കിക്കാണുവാന്‍ കാഫിറുകള്‍ക്ക് സന്ദര്‍ഭം കിട്ടി. ഇതിന്റെ ഫലമായി പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നവരുടെ സംഖ്യ പൂര്‍വ്വാതീതമായി വര്‍ധിക്കുവാന്‍ തുടങ്ങി. ഖുറൈശികളില്‍നിന്ന് എണ്ണപ്പെട്ടവരായ പല നേതാക്കന്മാര്‍ പോലും ഇസ്‌ലാം മതം സ്വീകരിച്ചു. ഖാലിദ് ബ്‌നുല്‍ വലീദ്, അംറു ബ്‌നുല്‍ ആസ് എന്നിവര്‍ ഇക്കാലത്ത് ഇസ്‌ലാമിലേക്ക് വന്നവരാണ്.
    ചുരുക്കത്തില്‍, ഇസ്‌ലാമിക വൃത്തം എത്രയും വികസിക്കുകയും ശക്തിപ്പെടുകയും ചെയ്തു. തല്‍ഫലമായി ഖുറൈശികള്‍ക്ക് തങ്ങളുടെ അന്ത്യം ദൃശ്യമായിത്തുടങ്ങി. ഈ നില തുടര്‍ന്നുപോവാന്‍ അനുവദിച്ചാല്‍ തങ്ങളുടെ പരമനാശം സുനിശ്ചിതമാണെന്ന് അവര്‍ക്കു ബോധ്യമായി. അതിനാല്‍, കഴിയുന്നത്ര വേഗം  ഈ കരാറ് പൊളിക്കണമെന്നും മലവെള്ളം കണക്കെ ഇരമ്പിക്കയറുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരില്‍ ഒന്നുകൂടി ഏറ്റു മുട്ടി ഭാഗ്യം പരീക്ഷിച്ചുകളയാമെന്നും അവര്‍ ചിന്തിച്ചു തുടങ്ങി. മുസ്‌ലിംകളെ അപേക്ഷക്ഷിച്ച് ഈ സന്ധി വ്യക്തമായ ഒരു വിജയമായിരുന്നുവെന്നതിന് ഇതിലപ്പുറം മറ്റെന്തു തെളിവ് വേണം?

രാഷ്ട്രത്തലവന്മാര്‍ക്കു എഴുത്തുകള്‍
    ഹുദൈബിയ്യ സന്ധി കാരണമായ തെല്ല് ശാന്തി കൈവന്നപ്പോള്‍ പ്രവാചകന്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പൂര്‍വ്വാധികം ശ്രദ്ധ പുലര്‍ത്തുവാന്‍ തുടങ്ങി. ലോകത്തിലെ വിവിധ രാഷ്ട്രത്തലവന്മാര്‍ക്ക് എഴുത്തുകള്‍ അയ്ച്ചു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള രാഷ്ട്രത്തലവന്മാര്‍ക്കുള്ള എഴുത്തുകള്‍ അയച്ച ഈ കാലഘട്ടത്തിലാണ് (ഹിജ്‌റ ആറിന്റെ അന്ത്യം) റോമാ രാജാവായിരുന്ന ഖൈസറിന് ദിഹ്‌യത്തുല്‍ കല്‍ബി (റ) വിന്റെ അടുത്തും പേര്‍ഷ്യന്‍ മേധാവിയായ കുസ്രു പര്‍വേസിന് അബ്ദുല്ലാഹിബ്‌നു ഖുസാഫത്തുസ്സഹ്മീ (റ) വിന്റെ അടുത്തും ഈജിപ്തിലെ മേധാവിക്ക് ഹാതിബ് ബ്‌നു അബീ ബല്‍തഅത്തിന്റെ അടുത്തും അബ്‌സീനിയ രാജാവായ നജാശിക്ക് ഉമറുബ്‌നു ഉമയ്യത്തിന്റെ അടുത്തും കത്തുകള്‍ കൊടുത്തയക്കുന്നത്.  അബ്‌സീനിയയിലെ നജാശി സത്യം അംഗീകരിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. മിസ്‌റിലെ അസീസ് എഴുത്തുവായിച്ച് ഇസ്‌ലാം സ്വീകരിച്ചില്ല. എങ്കിലും ബഹുമാനം പ്രകടിപ്പിക്കുകയും സമ്മാനങ്ങള്‍  കൊടുത്തയക്കുകയും ചെയ്തു. റോമാ ഭരണത്തലവനായ ഹിറഖല്‍ കത്തു വായിച്ച ശേഷം പ്രവാചകനെ പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്തുകയുണ്ടായി. അനന്തരം പ്രവാചകരുടെ സത്യസന്ധത അയാള്‍ക്ക് ബോധ്യമായെങ്കിലും പരിവാരങ്ങളുടെയും അനുയായികളുടെയും അസംതൃപ്തിയും കലാപവും ഭയന്ന് സത്യമത സ്വീകരണം തിരസ്‌കരിക്കുകയാണുണ്ടായത്. പേര്‍ഷ്യന്‍ രാജാവിന്റെ കഥ ഇതില്‍നിന്നെല്ലാം ഭിന്നമായിരുന്നു. തന്റെ പദവിയില്‍ അഹങ്കാരം പൂണ്ടിരുന്ന അയാള്‍ക്ക് ഈ എഴുത്തോ അതിന്റെ ശൈലിയോ തീരെ പിടിച്ചില്ലെന്നു മാത്രമല്ല അത് അയാളില്‍ വലിയ രോഷം ഉളവാക്കുകയും ചെയ്തു. കത്ത് അയാള്‍ തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. മാത്രമല്ല, പ്രവാചകരെ പിടിച്ചുകൊണ്ടുവരാന്‍ രണ്ടാളുകളെ അയക്കാന്‍ യമനിലെ തന്റെ കീഴ്‌രാജാവിന് കല്‍പന കൊടുക്കുകയും ചെയ്തു. അനന്തരം യമന്‍ രാജാവ് രണ്ട് മല്ലന്മാരെ പ്രവാചകരെ പിടികൂടാന്‍ അയക്കുകയും ചെയ്തു. ഇതിനിടക്ക് കുസ്രു പര്‍വേസിനെ തന്റെ സ്വന്തം മകന്‍ വധിക്കുകയും അധികാരപീഠത്തില്‍ ഉപവിഷ്ടനാവുകയും ചെയ്യുകയുണ്ടായി. തന്നെ സമീപിച്ച മല്ലന്മാര്‍ക്ക് ഈ വിവരം നല്‍കിയത് പ്രവാചകന്‍ (സ്വ) തങ്ങളായിരുന്നു. ശേഷം, പ്രവാചകന്‍ അവരോട് പറഞ്ഞു: 'നിങ്ങള്‍ പോയ്‌കൊള്ളുക, എന്നിട്ട് രാജാവിനോട് പറയുക; ഇസ്‌ലാമിന്റെ ആധിപത്യം കുസ്രുവിന്റെ തലസ്ഥാനം വരെ എത്തുമെന്ന്...' പ്രവാചകരുടെ അടുക്കല്‍നിന്ന് തിരിച്ചുപോയി യമനിലെത്തിയപ്പോള്‍ തങ്ങളെ അയക്കുവാന്‍ ഉത്തരവിട്ട കുസ്രു പര്‍വേസ് വധിക്കപ്പെട്ടിരിക്കുന്നുവെന്ന പ്രവാചകന്‍ അവര്‍ക്ക് നല്‍കിയ വിവരം സത്യമായിരുന്നുവെന്ന് മല്ലന്മാര്‍ക്ക് ബോധ്യമായി.

ഖൈബര്‍ ആക്രമണം
    നാളിതുവരെ പ്രതിരോധ യുദ്ധങ്ങളായിരുന്നു മുസ്‌ലിംകള്‍ നടത്തിവന്നത്. തങ്ങളെ ആക്രമിച്ചു നശിപ്പിക്കുവാന്‍ ശത്രുക്കള്‍ വരുന്ത് കാണുമ്പോള്‍ ആയുധമെടുത്ത് അവരെ പ്രതിരോധിക്കുവാന്‍ പ്രവാചകരും സ്വഹാബത്തും പുറപ്പെടും. അല്ലാഹു അവരെ തുണക്കുകയും ചെയ്യും. ഇതായിരുന്നു ആ യുദ്ധങ്ങളുടെ പൊതു സ്വഭാവം.
    എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മറ്റൊന്നായി മാറിയിരിക്കുന്നു. എവിടെയെങ്കിലും എവിടെയെങ്കിലും വല്ല അപകട സാധ്യതയും നാമ്പെടുക്കുന്നത് കാണുമ്പോള്‍ അത് വ്യവസ്ഥാപിതമായ രൂപം കൈക്കൊള്ളുന്നതിന് മുമ്പു തന്നെ അങ്ങോട്ടു കടന്നുചെന്ന് അതിനെ ദുരീകരിക്കേണ്ട ഘട്ടം വന്നിരിക്കുകയാണ്. ഏതൊരു പ്രസ്ഥാനത്തിന്റെ സംസ്ഥാപനത്തിനും നിലനില്‍പിനും പ്രതിരോധ സമരങ്ങള്‍ ആവശ്യമാണെന്നത്‌പോലെ ചില സന്ദര്‍ഭങ്ങളില്‍ കടന്നാക്രമണങ്ങളും അനിവാര്യമായിത്തീരുന്നു. ഇസ്‌ലാം ഇതിന് ഒരു അപവാദമല്ല. ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥിതിയാണ്. അതിന്റെ സംസ്ഥാപനത്തിന് സമരം കൂടിയേ തീരൂ. ഈ സമരം ഇതര വ്യവസ്ഥിതികളുടെ സംരക്ഷകരില്‍നിന്നുള്ള കടന്നാക്രമണത്തെ പ്രതിരോധിക്കുവാന്‍ വേണ്ടി മാത്രം മതിയാവുകയില്ല. പ്രത്യുത, ഈ വ്യവസ്ഥിതിയുടെ നിലനില്‍പിനുവേണ്ടി, ചിലപ്പോള്‍ ഇതര വ്യവസ്ഥിതികളെ പിഴുതെറിയാന്‍ മുന്നോട്ടു കടന്നുവന്ന് പ്രവര്‍ത്തിക്കേണ്ടിയും വരുന്നു.  ഖന്ദക്ക് യുദ്ധത്തിനു ശേഷം ഇസ്‌ലാമിക പ്രസ്ഥാനം ഈ ഘട്ടത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതേ കാലത്ത്  പ്രവാചകന്‍ അരുള്‍ചെയ്യുകയുണ്ടായി: ജനങ്ങള്‍ നമ്മുടെ മേല്‍ പാഞ്ഞുവീഴുന്ന സ്ഥിതി ഇനി വയ്യ. നാം മുന്നോട്ടു ഗമിച്ച് കടന്നാക്രമണം നടത്തുന്നതാണ്. (മൂളിഹുല്‍ ഖുര്‍ആന്‍ കാണുക)
    മദീനയില്‍നിന്ന് ഭഹിഷ്‌കൃതരായ യഹുദികള്‍ ഖൈബറില്‍ കേന്ദ്രീകരിക്കുകയും അവിടെ സുശക്തങ്ങളായ കോട്ടകളും മറ്റും സ്ഥാപിച്ച് ഇസ്‌ലാമിനെതിരില്‍ നിരന്തരമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അറേബ്യേയിലെ വിവിധ ഗോത്രങ്ങളെ മാത്രമല്ല മദീനയിലെ കപട വിശ്വാസികളെപേലും  മുസ്‌ലിംകള്‍ക്കെതിരില്‍ പ്രത്യക്ഷ്യമായും പരോക്ഷമായും ഇളക്കിവിട്ടുകൊണ്ടിരിക്കുകയാണവര്‍. അവരുമായി ന്യായമായ വല്ല സന്ധിയിലുമേര്‍പെട്ട് അവരുടെ ദ്രോഹപ്രവര്‍ത്തനങ്ങളില്‍നിന്ന് അവരെ തടഞ്ഞുനിര്‍ത്തുവാന്‍ വേണ്ടി പ്രവാചകന്‍ ചെയ്ത എല്ലാ സമാധാന ശ്രമങ്ങളും പരാചയത്തില്‍ കലാശിക്കുകയാണുണ്ടായത്. തങ്ങളുടെ ഈത്തപ്പന തോട്ടങ്ങളിലെ വരുമാനത്തില്‍നിന്ന് വിഹിതം തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് പല അറബ് ഗോത്രങ്ങളെയും അവര്‍ വശത്താക്കി. ഇതിന്റെയെല്ലാം ഫലമായി സുശക്തമായ ഒരു ആക്രമണ ഭീഷണിക്ക് വിധേയമാവുകയുണ്ടായി മദീനാനഗരം. അങ്ങനെ ഖൈബറിലെ യഹൂദികളുടെ വര്‍ധമാനമായ നശീകരണ പ്രവര്‍ത്തനങ്ങളെ തടഞ്ഞുനിര്‍ത്തല്‍ അനിവാര്യമായിത്തീര്‍ന്നു. പ്രവാചകന്‍ സൈനിക സജ്ജീകരണം തുടങ്ങി. ഹിജ്‌റ മാസം ഏഴ് മുഹര്‍റമാസത്തില്‍ ഖൈബറിലേക്ക് പുറപ്പെട്ടു. 1600 ഭടന്മാരായിരുന്നു കൂടെയുണ്ടായിരുന്നത്. ഇവരില്‍ 200 പേര്‍ വാഹനയാത്രക്കാരായിരുന്നു. ബാക്കിയുള്ളവര്‍ പാദചാരികളും.
    ഖൈബറില്‍ ആറു കോട്ടകളും അവക്കകത്ത് ഇരുപതിനായിരം ഭടന്മാരുമുണ്ടായിരുന്നു. അവര്‍ യാതൊു വിധ സമാധാന സന്ധിക്കും തയ്യാറില്ലെന്നു കണ്ടപ്പോള്‍ പ്രവാചകന്‍ ഒരു ഉജ്ജ്വല പ്രസംഗം ചെയ്തു. സ്വഹാബികളെ യുദ്ധ സജ്ജരാക്കുകയും അനന്തരം കോട്ടകള്‍ വളയുകയും ചെയ്തു. ഇരുപത് ദിവസത്തെ ഉപരോധത്തിനു ശേഷം മുസ്‌ലിംകള്‍ വിജയ ശ്രീലാളിതരായി. 93 യഹൂദികള്‍ വധിക്കപ്പെട്ടു. 15 മുസ്‌ലിംകള്‍ രക്തസാക്ഷികളായി. വിജയത്തിനു ശേഷം യഹൂദികളുടെ അഭ്യര്‍ത്ഥന അനുസരിച്ച് പകുതി വരുമാനം തരാമെന്ന കരാറില്‍ യഹൂദികളുടെ കൈവശമുണ്ടായിരുന്ന ഭൂമികള്‍ കൃഷിക്കായി അവര്‍ക്കുതന്നെ വിട്ടുകൊടുത്തു.
    (അദ്ദഅവ മാസിക, 1984, സഅദ്ദിയ്യ അറബിക് കോളേജ്, ദേളി, കാസര്‍കോട്)

No comments:

Post a Comment