Wednesday, October 12, 2011

പാംസുസ്‌നാനം

പാംസുസ്‌നാനം
മഹാകവി വള്ളത്തോള്‍

ഹാ കണ്ടതില്‍ക്കണ്ടതിലീശ്വരത്വം
കല്‍പിച്ചു കല്‍പിച്ചു നടന്നൊടുക്കം
നിരീശ്വരത്വത്തിലടിഞ്ഞു വീണൂ;
നിരസ്ത വിശ്വാസരറേബിയക്കാര്‍!

കുറുമ്പു മാറാത്ത ഖുറൈശിവര്യ-
ര്‍ക്കോതിക്കൊടുത്തേന്‍ പലവട്ടവും ഞാന്‍;
'ഈ നിങ്ങള്‍ കൂപ്പും മരമല്ല, കല്ല-
ല്ല, ള്ളാവു സര്‍വാതിഗ ശക്തനേകന്‍.

ഇവര്‍ക്കിരുട്ടേ പ്രിയമിത്ര:-മൂതി-
ക്കെടുക്കയായ്, കൈത്തിരി കൊണ്ടുചെന്നാല്‍;
മിന്നാമിനുങ്ങിന്‍ ചെറുതാം വെളിച്ചം-
പോലും സഹിക്കാത്ത തമസ്സിതേതോ!

കലാവിശേഷം കൊലയിബ്ബലോഗ്ര-
ര്‍ക്കി;-ത്തൃഡ്വശന്മാര്‍ക്കെരികള്ളിളമ്പാല്‍;
പിശാചര്‍ വംശേശ്വരരിക്കു ഭക്ത-
ര്‍ക്കി;-തില്‍ക്കവിഞ്ഞെന്തവിവേകമുള്ളൂ?

കഷ്ടാപമാനങ്ങളില്‍ വീഴ്ത്തിടുന്നു
കാമാതിരേകാല്‍ക്കുലനാരിമാരെ;
ആരാധ്യമാരാമവരമ്മപെങ്ങ-
ന്മാരെന്നു കാണ്മാനിവര്‍ കണ്മിഴിക്കാ!

മൃഗോപമന്മാര്‍ പെരുമക്കൃഷിക്കു
നുകങ്ങള്‍ വെപ്പൂ, നരര്‍ തന്‍ കഴുത്തില്‍,
സഗര്‍ഭ്യരെച്ചെന്നടിമക്കുടുക്കി-
ട്ടങ്ങോട്ടുമിങ്ങോട്ടുമിഴച്ചിടുന്നു!

സൗധങ്ങള്‍ തോറും സമസൃഷ്ട ദുഃഖ-
ക്കണ്ണീരു കൊണ്ടേ പനിനീരൊഴുക്കി,
അനേക ദുര്‍വൃത്തികളെപ്പുണര്‍ന്നു,
രമിക്കയാണി,സ്സുഖലോലുപന്മാര്‍!

അശക്തമാമെന്നുടെ ഹസ്തമെങ്ങീ-
യധഃസ്ഥിതോദ്ധാരണകൃത്യമെങ്ങോ?
ചളിക്കകത്താഴുമൊരാനയെപ്പോയ്-
പ്പിടിച്ചുകേറ്റാന്‍ കുഴിയാന താനോ!

കരുത്തനമ്മാമനു, മാത്മനാഥ
ഖദീജയും കീര്‍ത്തവ്യശേഷരായ്‌പ്പോയ്;
ഞാനേകനെ;-ന്‍ ചുറ്റുമൊരെട്ടുപത്ത-
ല്ലെ,ന്‍ ചോരയില്‍ തൃഷ്ണ വളര്‍ന്ന ഖഡ്ഗം!

ഇതൊക്കെയാവാം നിനവാ,യിരത്തി-
മുന്നൂറു കൊല്ലത്തിനു മുമ്പൊരിക്കല്‍,
മക്കായിലെക്കൈവഴിയൊന്നിലൂടെ
നടന്നുപോകും നബി തന്‍ മനസ്സില്‍.

കില്ലില്ല, ഞാനെന്നുടെ ചോര കൊണ്ടു-
മിദ്ധര്‍മ സസ്യത്തെ നനച്ചു നോക്കും;
ആ മാതൃകാ കര്‍ഷകനായ ക്രിസ്തു-
വവ്വണ്ണമല്ലോ ഭുവി ചെയ്തു കാട്ടി.

അധൈര്യമേ, നിന്‍ കെടുമഞ്ഞു വീഴാ-
യ്കഹമ്മദിന്‍ സജ്ജ്വരമായ നെഞ്ചില്‍;
ചന്ദ്രാര്‍ക്കരെക്കൈകളില്‍ വെച്ചു തന്നാല്‍-
പ്പോലും നിറുത്തില്ല,വനിപ്രയത്‌നം!

ഇത്തീര്‍പ്പു പേര്‍ത്തും മുറുകീ, മഹാന്റെ
പാഴ്‌ചൊല്ലു തീണ്ടാത്ത ശുഭാധരത്തില്‍
ഓരോ പരിക്ലേശവുമീദൃശന്മാ-
ര്‍ക്കുച്ചൈര്‍ഗതിക്കുള്ള ചവിട്ടുകല്ലാം.

പെട്ടെന്നു പാര്‍ശ്വങ്ങളില്‍ നിന്നു- ഹാ, ഹാ-
മണ്‍കോരിയിട്ടാര്‍ ചില മുഷ്‌കരന്മാര്‍,
കൃതജ്ഞരെങ്കില്‍ക്കനകാഭിഷേകം
ചെയ്യേണ്ടതാമീ ഗുരുവിന്‍ ശിരസ്സില്‍!

രജസ്തമോ ദോഷമകറ്റി നാട്ടില്‍-
സ്സത്ത്വം പരത്തുന്നൊരു സത്യവാനെ,
രജസ്സു വര്‍ഷിച്ചു നിറം കെടുത്താ-
നൊരുങ്ങി പോല്‍, മര്‍ത്യകുലേ പിറന്നോര്‍!

മറ്റെന്തു, മന്നിന്‍ നിഴല്‍ പൂകി ചന്ദ്രന്‍;
പാഴ്മഞ്ഞിനാല്‍ പ്രാവൃതമായ് പ്രഭാതം;
മിഥ്യാപവാദത്തില്‍ മറഞ്ഞു സത്യ;-
മവിദ്യ തന്‍ മൂടലിലായ് വിബോധം!

വിജ്ഞാന ഗര്‍ഭം തിരുമൗലി തൊട്ടു
സന്മാര്‍ഗ സഞ്ചാരി പദം വരേക്കും
പാംസൂല്‍ക്കരം പറ്റിയ ശുദ്ധിമാനെ-
പ്പാര്‍ത്തെങ്ങു തെമ്മാടികള്‍ കൂക്കിയാര്‍ത്തു:

'അയ്യയ്യ, മണ്‍ കൊണ്ടഭിഷിക്തനായി-
ക്കഴിഞ്ഞുവല്ലോ, മത സാര്‍വ ഭൗമന്‍;
മുഴക്കുവിന്‍ ഹേ ജയ ശബ്ദമെങ്ങും;
വാഴട്ടെ,യിസ്‌ലാം തിരുമേനി നീണാള്‍!'

അന്നീ നരസ്‌നേഹി നമസ്‌കരിച്ചു
കിടന്നപോതി ത്തിരുവങ്കഴുത്തില്‍
ഒരൊട്ടകത്തിന്‍ കുടര്‍മാല ചാര്‍ത്തി-
പ്പാനേ ലഭിച്ചുള്ളൂ നമുക്ക് ഭാഗ്യം!

മദോന്നതം, മറ്റൊരു യേശുവാമീ
മതാധിരാജന്റെയുമുത്തമാംഗം
ശ്രീമുള്‍ക്കിരീടാര്‍പ്പണയോഗ്യമല്ലോ;
കര്‍ത്തവ്യ കര്‍മങ്ങളില്‍ മന്ദര്‍ നമ്മള്‍!

ഈ ധൂളി കൊണ്ടോ കളിയാക്കല്‍ കൊണ്ടോ
മുഖാഭ മങ്ങാതെയഭംഗസത്ത്വന്‍,
മണ്ണില്‍ കുളിച്ചൊരു ഗജം കണക്കെ
മന്ദം നടന്നാത്മ ഗൃഹത്തിലെത്തി.

ആ മൂര്‍ദ്ധ പാദം പൊടിമണ്‍ പുരണ്ട
പിതാവിനെക്കണ്ടതിവെമ്പലോടെ
താന്‍ താന്‍ കുളിപ്പിപ്പതിനായ് മുതിര്‍ന്നു
തണ്ണീര്‍ക്കുടം കൊണ്ട,ഴലാണ്ട പുത്രി.

പിടിച്ചിരുത്തിച്ചളി പോക്കുവാനായ്-
പ്പകര്‍ന്ന കുംഭോദകമോടു കൂടി,
താതന്റെ ഗോത്രങ്ങളിലാപതിച്ചു,
കുമാരിയാള്‍ തന്‍ ചൂടു കണ്ണുനീരും.

മാലാര്‍ന്നു കേഴും മകളെത്തലോടി-
ക്കൊണ്ടാശ്വസിപ്പിച്ചു സുശാന്ത ശീലന്‍:
'നിന്നച്ഛനെക്കാത്തരുളാതിരിക്കി-
ല്ലള്ളാവു; പാഴില്‍ കരയായ്ക കുഞ്ഞേ!'
(തെളിച്ചം മാസിക, ഫെബ്രുവരി, 2011, ദാറുല്‍ഹുദാ, ചെമ്മാട്)

No comments:

Post a Comment