കെ.ടി. മാനുമുസ്‌ലിയാര്‍
നബി(സ)യുടെ കാലത്ത് തന്നെ ഇസ്‌ലാം കേരളത്തില്‍ കടന്നുവന്നിട്ടുണ്ടെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. മുഹമ്മദ് ഖാസിം ഫരിശ്‌ത്തഃ ഈ അഭിപ്രായക്കാരനാണ്. പല ചരിത്രകാരന്മാരും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്ന വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഇസ്‌ലാം കടന്നുവന്നത് മൂന്ന് പ്രധാന മാര്‍ഗ്ഗങ്ങളിലൂടെയാണ്. അറബിനാട്ടില്‍ നിന്ന് കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ മുസ്‌ലിം കച്ചവടക്കാര്‍ മുഖേന കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ചു എന്നതാണ് ഒന്നാമത്തെ മാര്‍ഗ്ഗം. പുരാതന കാലം മുതല്‍ തന്നെ അറേബ്യന്‍ കച്ചവടക്കാരും കേരളവും തമ്മില്‍ വ്യാപാരബന്ധം നിലനിന്നുവരുന്നു. നബി(സ)യുടെ ആഗമനത്തിന് ശേഷം ഇസ്‌ലാമിക പ്രവര്‍ത്തനം അറബുനാടുകളില്‍ വ്യാപകമായി. കേരളവുമായുള്ള വ്യാപാരബന്ധം തുടര്‍ന്നുവന്നതിനാല്‍ അറബ് മുസ്‌ലിം വ്യാപാരികളില്‍ നിന്ന് കേരളീയര്‍ ഇസ്‌ലാമിനെ മനസ്സിലാക്കി. ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ചത് കൊടുങ്ങല്ലൂര്‍ രാജാവ് തന്നെയായിരുന്നു.
വലീദുബ്‌നു അബ്‌ദില്‍ മലിക്കിന്റെ ഭരണകാലം. ഹജ്ജാജുബ്‌നു യൂസുഫാണ് ഇറാഖിലെ ഗവര്‍ണര്‍. സിലോണില്‍ നിന്ന് ഇറാഖിലേക്ക് വരികയായിരുന്ന ഒരു കപ്പല്‍ സിന്ധില്‍ തടയപ്പെട്ടു. അതില്‍ യാത്ര ചെയ്‌തിരുന്ന മുസ്‌ലിംകളെ വിട്ടയക്കണമെന്നും സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ വേണ്ടത് ചെയ്യണമെന്നും അവിടത്തെ ഭരണാധികാരിയോട് ഹജ്ജാജ് ദൂതന്‍ മുഖേന ആവശ്യപ്പെട്ടു. ധിക്കാരപൂര്‍വ്വമായിരുന്നു പ്രതികരണം. ഒരു സൈനിക ഇടപെടലിന് അത് നിമിത്തമായി. മുഹമ്മദ് ബ്‌നു ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ ഹജ്ജാജ് സിന്ധിലേക്ക് അയച്ചു. സിന്ധ് വിജയം കൈവരിച്ച മുഹമ്മദുബ്‌നു ഖാസിം അവിടെ ഒരു ഭരണകൂടം സ്ഥാപിച്ചു. ഹി. 92 ക്രി.711 ലാണത്. ഇന്ത്യയില്‍ ഇസ്‌ലാം കടന്നുവന്ന രണ്ടാമത്തെ മാര്‍ഗ്ഗമായിരുന്നു അത്.
ഹിജ്‌റ 392 ല്‍ ക്രി. 1001 ല്‍ മഹ്‌മൂദ് ഗസ്‌നവി ഇന്ത്യയില്‍ കടന്നുവന്ന് ഭരണകൂടം സ്ഥാപിച്ചു. അതുവഴി ഇസ്‌ലാമും പ്രചരിച്ചു. ഇതാണ് മൂന്നാമത്തെ മാര്‍ഗ്ഗം. ഇവിടെ രാഷ്‌ട്രീയമായ ഉദ്ദേശ്യവും സൈനിക ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അക്രമത്തിന് വിധേയരായ മുസ്‌ലിംകളുടെ മോചനവും സംരക്ഷണവുമാണ് രണ്ടാമത്തെ മാര്‍ഗ്ഗത്തിന്റെ ലക്ഷ്യമെങ്കിലും അവിടെയും സൈനിക ഇടപെടല്‍ കാണാം. തികച്ചും അനിവാര്യവും നീതിപൂര്‍വ്വവുമായിരുന്നു അത് എന്നതൊരു വസ്‌തുതയാണെങ്കിലും.
എന്നാല്‍ കേരളത്തില്‍ യാതൊരു നിര്‍ബന്ധവും സമ്മര്‍ദ്ദവും ഇല്ലാതെ സമാധാനപൂര്‍വ്വവും സൗഹാര്‍ദ്ദപൂര്‍വ്വവുമായിട്ടാണ് ഇസ്‌ലാം കടന്നുവന്നത്. അനന്തരം പല ഇസ്‌ലാമിക പ്രവര്‍ത്തകരും ഇവിടെ വരികയുണ്ടായി. സ്വഹാബികള്‍, താബിഉകള്‍, താബിഇത്താബിഉകള്‍, വിശ്രുതരായ പണ്ഡിതന്മാര്‍, എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും സംസ്‌ക്കാരവും ജീവിത വിശുദ്ധിയും കൈവരുത്താനും പര്യാപ്‌തമായ മതം ഇസ്‌ലാം മാത്രമാണെന്ന് കേരളീയര്‍ മനസ്സിലാക്കി. മുസ്‌ലിംകളുടെ സംശുദ്ധവും മാതൃകാപരവുമായ ജീവിതം അവരെ ആകര്‍ഷിക്കുകയും ചെയ്‌തു. കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെയുള്ള വസ്‌തുക്കളെ ഉല്‍കൃഷ്‌ഠനായ മനുഷ്യന്‍ ആരാധിക്കുന്നത് ബുദ്ധിഹീനമാണെന്നും ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ ഉച്ചനീചത്വം കല്‍പ്പിക്കുന്നത് മൗഢ്യമാണെന്നും അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഇസ്‌ലാമിലേക്ക് ആളുകള്‍ കടന്നുവന്നുകൊണ്ടേയിരുന്നു. മുസ്‌ലിംകളുടെ അംഗസംഖ്യ വര്‍ദ്ധിച്ചു. സ്വന്തത്തിന്റെ മാത്രമല്ല, ദേശത്തിന്റെ ഐശ്വര്യത്തിലും പുരോഗതിയിലും അവര്‍ തല്‌പരരായി. വ്യവസായത്തിലും വാണിജ്യത്തിലും വ്യാപൃതരായിക്കൊണ്ട് നാടിന്റെയും നാട്ടുകാരുടെയും അന്തസ്സും അഭിവൃദ്ധിയും അവര്‍ നിലനിര്‍ത്തി.
ഭരണാധികാരികള്‍ മുസ്‌ലിംകളായിരുന്നില്ല. പക്ഷെ, മുസ്‌ലിംകള്‍ മഹാപിള്ളമാരാണ്, നാടിന്റെ നന്മക്ക് ആവശ്യമാണ്, സത്യസന്ധമാണ്, ദേശസ്‌നേഹികളാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതാണ്. ഇതൊക്കെ കണ്ടറിഞ്ഞ് മുസ്‌ലിംകളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും മുന്നോട്ടുവന്നു. തല്‍ഫലമായി പള്ളികളും പാര്‍പ്പിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവര്‍ മുസ്‌ലിംകള്‍ക്ക് നിര്‍മ്മിച്ചുകൊടുത്തു. ഖാസിമാരെയും മുഅല്ലിംകളെയും നിശ്ചയിക്കുകയും അവര്‍ക്ക് വേതനം നല്‍കുകയും ചെയ്‌തു. യാതൊരു തരത്തിലുള്ള നികുതിയും മുസ്‌ലിംകളില്‍ നിന്ന് ഈടാക്കിയിരുന്നില്ല. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരുമൊക്കെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളെന്നപോലെ കേരളത്തെയും കണ്ണുവെച്ചു.അവരുടെ ദുഷ്‌ടലാക്ക് നടപ്പില്‍ വരാന്‍ ദേശത്തിന്റെ പുരോഗതിയിലും സുരക്ഷിതത്വത്തിലും ബദ്ധശ്രദ്ധരായ മുസ്‌ലിംകളെ ഭരണാധികാരികളില്‍ നിന്നും ഭൂരിപക്ഷ ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തേണ്ടത് ആവശ്യമാണെന്ന് മനസ്സിലാക്കി. അതിന് അവര്‍ മെനഞ്ഞ തന്ത്രത്തിന്റെ ഫലമായിട്ടാണ് ചില അകല്‍ച്ചയും വൈരാഗ്യവും ഉടലെടുത്തത്. ഈ പശ്ചാത്തലത്തിലാണ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടാന്‍ സൈനുദ്ദീന്‍ മഖ്‌ദൂം ആഹ്വാനം ചെയ്‌തത്.
ഇസ്‌ലാമിക പ്രബോധകരും പണ്ഡിതന്മാരും ബാധ്യത നിറവേറ്റിക്കൊണ്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമായി കേരളത്തില്‍ കോഴിക്കോട്, കൊച്ചി, പൊന്നാനി എന്നീ പ്രദേശങ്ങള്‍ ഒരു കാലത്ത് ഇസ്‌ലാമിക വിജ്ഞാന പ്രവര്‍ത്തന കേന്ദ്രങ്ങളായി മാറി. മഖ്‌ദൂം കുടുംബത്തിന്റെ നേതൃത്വത്തില്‍ വിജ്ഞാന വിതരണ പ്രക്രിയയില്‍ പൊന്നാനി പില്‍ക്കാലത്ത് മികച്ചു നിന്നു. മഖ്‌ദൂം ഒന്നാമനും മഖ്‌ദൂം രണ്ടാമനും നിരവധി മതഗ്രന്ഥങ്ങള്‍ തന്നെ അറബിഭാഷയില്‍ രചിക്കുകയുണ്ടായി. ഓത്തുപള്ളികളില്‍ നിന്നും മറ്റുമായി ഖുര്‍ആന്‍ ഓതാന്‍ പഠിച്ചുകഴിഞ്ഞാല്‍ പിന്നെയുള്ള മതപഠനം പള്ളിദര്‍സുകളിലായിരുന്നു. അതിനാവശ്യമായ ഗ്രന്ഥങ്ങള്‍ മഖ്‌ദൂമുമാര്‍ തയ്യാര്‍ ചെയ്‌തു. അറബിഭാഷാ വ്യാകരണം, കര്‍മ്മശാസ്‌ത്രം, ആത്മസംസ്‌ക്കരണ ശാസ്‌ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ അവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ വിലപ്പെട്ടവയും അക്കാലത്തെ അംഗീകൃത പാഠപദ്ധതിക്കനുസൃതങ്ങളുമായിരുന്നു. മഖ്‌ദൂം രണ്ടാമന്‍ രചിച്ച കര്‍മ്മശാസ്‌ത്ര ഗ്രന്ഥമായ ഫത്‌ഹുല്‍ മുഈന്‍ ലോകപ്രശസ്‌തമായി.
പണ്ഡിതന്മാര്‍ പ്രവാചകരുടെ അനന്തരാവകാശികളാണ് എന്ന നബിവചനം അന്വര്‍ത്ഥമാക്കിക്കൊണ്ട് തന്നെയായിരുന്നു അക്കാലത്തെ പണ്ഡിതന്മാരുടെ ജീവിതരീതിയും പ്രവര്‍ത്തനങ്ങളും. അതുകൊണ്ടുതന്നെ അവരെ അംഗീകരിച്ചും അനുസരിച്ചും സാധാരണക്കാര്‍ ജീവിച്ചുപോന്നു. പണ്ഡിതന്മാരുടെ ഉപദേശം സ്വീകരിച്ചും വിവരമില്ലാത്ത കാര്യങ്ങള്‍ അവരോട് ചോദിച്ചറിഞ്ഞും ജീവിതം മതകീയമാക്കുന്നതില്‍ സാധാരണക്കാര്‍ തല്‍പരരായിരുന്നു. അക്കാരണത്താല്‍ മുസ്‌ലിംകള്‍ക്കിടയില്‍ മതപരമായി യാതൊരു ഛിദ്രതയോ അനൈക്യമോ ഉണ്ടായിരുന്നില്ല.
ക്രി. 1600 ല്‍ ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ ഈസ്റ്റ് ഇന്ത്യാകമ്പനി എന്ന പേരില്‍ ഒരു സ്ഥാപനമുണ്ടാക്കി. ഇന്ത്യയിലെ വിലപ്പെട്ട ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലക്ക് വാങ്ങി യൂറോപ്പില്‍ ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ബോംബെ, മദിരാശി, കല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളില്‍ അതിനായി അവര്‍ ചില കേന്ദ്രങ്ങള്‍ തുറന്നു. ക്രമേണ ഇന്ത്യയെ സ്വന്തം ആധിപത്യത്തില്‍ കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇത് കണ്ടറിയുക മാത്രമല്ല; കൊണ്ടറിയുക തന്നെ ചെയ്‌തപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വിപ്ലവം നടത്താന്‍ ഇന്ത്യക്കാര്‍ തീരുമാനിച്ചു. ഹി. 1374 ക്രി. 1857 ലായിരുന്നു അത്. വിപ്ലവത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യയിലെ അവസാനത്തെ മുസ്‌ലിം ഭരണാധികാരിയായിരുന്ന സിറാജുദ്ദീന്‍ ബഹാദൂര്‍ഷാ സഫര്‍ ആണ്. പക്ഷെ; സമയം വളരെ വൈകിപ്പോയിരുന്നു. വിപ്ലവം പരാജയപ്പെട്ടു. സിറാജുദ്ദീനെയും കുടുംബത്തെയും ബ്രിട്ടീഷുകാര്‍ റങ്കൂണിലേക്ക് നാടുകടത്തി. അവിടെ വെച്ച് ക്രി. 1866 ല്‍ അദ്ദേഹം മരണപ്പെട്ടു. അങ്ങനെ എട്ടര നൂറ്റാണ്ട് കാലം ഇന്ത്യയില്‍ നിലനിന്ന മുസ്‌ലിം ഭരണത്തിന് അന്ത്യമായി. ഈസ്റ്റ് ഇന്ത്യാ കമ്പനി ആധിപത്യത്തില്‍ നിന്ന് പൂര്‍ണ്ണമായും ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍ വന്നതായി വിക്‌ടോറിയാ രാജ്ഞി വിളംബരം ചെയ്‌തു.
പക്ഷെ, ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ സമരം തുടര്‍ന്നുകൊണ്ടേയിരുന്നു. സമരത്തില്‍ കോണ്‍ഗ്രസും ഗാന്ധിജിയുമാണുണ്ടായിരുന്നത്. മുസ്‌ലിംകള്‍ അവരുടേതായ പങ്കും വേണ്ടവിധം വഹിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടു. സഖ്യകക്ഷികള്‍ തുര്‍ക്കി സുല്‍ത്താനെ അവഗണിച്ചു. സംഖ്യത്തെ അവഗണിച്ചുകൊണ്ട് ഗ്രീസ് തുര്‍ക്കിയോട് യുദ്ധം ചെയ്‌തു. അങ്ങനെ മുസ്‌ലിം ഖിലാഫത്ത് സ്ഥാനത്ത്‌നിന്ന് തുര്‍ക്കി സുല്‍ത്താന്‍ നീക്കം ചെയ്യപ്പെട്ടു. ഇതിനെതിരില്‍ ശബ്‌ദിക്കാനും പ്രതിഷേധിക്കാനുമായി ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയില്‍ രൂപീകൃതമായി. അലി സഹോദരന്മാരും മറ്റു മുസ്‌ലിം നേതാക്കളും അതില്‍ സജീവമായി. ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്‌ലിംകളുടെ പരിപൂര്‍ണ്ണ പിന്തുണ തേടാന്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്താമെന്ന് ഗാന്ധിജി മനസ്സിലാക്കി. സ്വാതന്ത്ര്യ സമര സമ്മേളനങ്ങളില്‍ കോണ്‍ഗ്രസും ഖിലാഫത്ത് പ്രസ്ഥാനക്കാരും ഒന്നിച്ച് അണിനിരന്നു. സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളും അഹമഹമികയാ പങ്കുചേര്‍ന്നു. കോഴിക്കോട് ചേര്‍ന്ന സമ്മേളനത്തില്‍ ഗാന്ധിജിയും മൗലാനാ ശൗക്കത്തലിയും സംബന്ധിച്ചു. ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരത്തിനുള്ള ആഹ്വാനത്തെക്കാള്‍ ശൗക്കത്തലിയുടെ ജിഹാദിനുള്ള ആഹ്വാനമാണ് മുസ്‌ലിംകള്‍ക്ക് പ്രചോദനം നല്‍കിയത്. ഇവിടെ ജിഹാദും സമരവും ഒരേ അര്‍ത്ഥത്തിലായിരുന്നെങ്കിലും ജിഹാദിനെ സായുധ സമരമായി പലരും തെറ്റിദ്ധരിച്ചു. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ബ്രിട്ടീഷ് പട്ടാളവും ഉദ്യോഗസ്ഥ മേധാവികളും അക്രമമാര്‍ഗ്ഗങ്ങളും മര്‍ദ്ദന മുറകളും സ്വീകരിച്ചപ്പോള്‍ മലബാര്‍ മുസ്‌ലിംകള്‍ ആയുധമണിഞ്ഞു. അതിനായി അവരെ പ്രേരിപ്പിച്ച് പട്ടാളക്കാരുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുത്ത പണ്ഡിതന്മാരും ഉണ്ടായിരുന്നു. 1921 ലെ മലബാറിലെ മാപ്പിളമാരുടെ സ്വാതന്ത്ര്യ സമരം ഉഗ്രരൂപം പൂണ്ടു. അപ്പോഴേക്കും പ്രചോദനം നല്‍കിയ പലരും സ്ഥലം വിട്ടിരുന്നു.
10000 ല്‍ പരം മാപ്പിളമാര്‍ കൊല്ലപ്പെട്ടു. 20000 പേര്‍ നാടുകടത്തപ്പെട്ടു. 50000 പേര്‍ തടവിലാക്കപ്പെടുകയും 10000ല്‍ പരം ആളുകളെ കാണാതാകുകയും ചെയ്‌തു. ഇതായിരുന്നു അനന്തര ഫലം. വാഗണ്‍ട്രാജഡിയും കൊയമ്പത്തൂര്‍, വെല്ലൂര്‍, ബല്ലാരി, അന്തമാന്‍ തുടങ്ങിയ നാടുകളും അവിടങ്ങളിലെ ജയിലുകളും മലബാര്‍ മുസ്‌ലിംകളെ ഇപ്പോഴും ഭീതിപ്പെടുത്തുന്നു.
എല്ലാം നഷ്‌ടപ്പെട്ട മുസ്‌ലിംകളെ പൂര്‍വ്വസ്ഥിതിയിലെത്തിക്കാനും മതബോധവും മതചിട്ടയും വളര്‍ത്താനും സമാധാനാന്തരീക്ഷം സ്ഥാപിച്ച് ഐക്യവും രഞ്‌ജിപ്പും ഊട്ടിയുറപ്പിക്കാനും ശ്രമിക്കുന്നതിന് പകരം തെക്കന്‍ ഭാഗത്തേക്ക് നാടുവിട്ടുപോയവര്‍ 1922 ല്‍ അവിടെ തന്നെ ഐക്യസംഘമെന്ന സുന്ദരമായ പേരില്‍ ഒരു അനൈക്യ സംഘമുണ്ടാക്കി. 1924 ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ വക്രമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഒരു പണ്‌ഡിത സംഘടനക്കും രൂപം നല്‍കി. കേരളത്തില്‍ ഇസ്‌ലാം കടന്നുവന്നതും അത് പ്രചരിപ്പിച്ചതും നിലനിന്നതുമായ ചരിത്രം മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. അന്നൊന്നും അറിയപ്പെടാത്ത, ആ മഹാപണ്ഡിതന്മാരൊന്നും പ്രചരിപ്പിക്കാത്ത ചില ആശയങ്ങളും വാദഗതികളുമാണ് പുതിയ സംഘടനയിലൂടെ അനൈക്യക്കാര്‍ പ്രചരിപ്പിച്ചത്. അക്കാലമത്രയും കേരള മുസ്‌ലിംകള്‍ വിശ്വസിച്ചും ആചരിച്ചും വന്നിരുന്ന കാര്യങ്ങലെല്ലാം ശിര്‍ക്കും ബിദ്‌അത്തുമാണെന്ന് അവര്‍ പ്രചരിപ്പിച്ചു. ലോകമുസ്‌ലിംകള്‍ അംഗീകരിച്ച നാല് മദ്‌ഹബുകളെ തള്ളിപ്പറയാനും ഖുര്‍ആനും സുന്നത്തും തന്നിഷ്‌ടത്തിനൊത്ത് വ്യാഖ്യാനിച്ച് അതാണ് ഇസ്‌ലാമെന്ന് തെറ്റുദ്ധരിപ്പിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. നബിമാരുടെ മുഅ്‌ജിസത്തുകളും ഔലിയാഇന്റെ കറാമത്തുകളും ഖുര്‍ആനും സുന്നത്തും അസന്നിഗ്‌ധമായി പ്രതിപാദിച്ചതാണെങ്കില്‍ പോലും ഇടവും വലവും നോക്കാതെ അവര്‍ നിഷേധിക്കുന്നു. കലിമത്തുത്തൗഹീദിന്റെ അര്‍ത്ഥംപോലെ വികലമാക്കുന്നു. എന്നിട്ട് തങ്ങളാണ് യഥാര്‍ത്ഥ അഹ്‌ലുസ്സുന്നത്തിന്റെ വക്താക്കള്‍ എന്ന അവകാശവാദവും. തുടക്കത്തില്‍ ചെറിയ ചെറിയ വൈകല്യങ്ങളാണ് അവരുടെ വാദങ്ങളില്‍ ദൃശ്യമായതെങ്കിലും പരിണാമം മുന്‍കൂട്ടി കണ്ട ദീര്‍ഘദൃക്കുകളായ നമ്മുടെ പണ്ഡിതന്മാര്‍ പ്രതിരോധ നിര സൃഷ്‌ടിക്കാന്‍ തന്നെ നിശ്ചയിച്ചു. അതിന്റെ ഫലമാണ് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്‌ഡിത സംഘടന.
1924-ല്‍ ആദ്യമായി രൂപീകരിക്കപ്പെട്ട സംഘടന 1925 ല്‍ വിപുലമായി പുനഃസംഘടിപ്പിക്കപ്പെട്ടു. ഇസ്‌ലാമിക പ്രബോധനവും പ്രചരണവുമാണ് അതിന്റെ ലക്ഷ്യം. അഹ്‌ലുസുന്നത്ത് വല്‍ജമാഅത്തിന്റെ വീക്ഷണത്തിലായിരിക്കും അത് പ്രവര്‍ത്തിക്കുക. ഇസ്‌ലാമിനെ വികലമാക്കിയും ഇച്ഛാനുസരണം ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിച്ചും ബഹുജനങ്ങളെ വഴിതെറ്റിക്കുന്നവരെ പ്രതിരോധിക്കുക, മുസ്‌ലിംകളില്‍ മതവിജ്ഞാനവും മതബോധവും വളര്‍ത്തുകയും ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്യുക, ഇസ്‌ലാമിന് വിരുദ്ധമല്ലാത്തവിധം ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുക. മുസ്‌ലിംകളുടെ പൊതുവായ ആവശ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക മുതലായവയെല്ലാം സമസ്‌തയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പെട്ടതാണ്.
ഈ ലക്ഷ്യങ്ങളുടെ സാക്ഷാത്‌ക്കാരത്തിനുവേണ്ടി പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും മുഖേന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രവര്‍ത്തിച്ചു. പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പലതും പുതുതായി ഉല്‍ഭവിക്കുന്നതിനാല്‍ സമസ്‌തയുടെ ഈ പ്രവര്‍ത്തനം ശക്തിയായി തുടര്‍ന്നുവരുന്നു. തുടരേണ്ടിയും വരുന്നു.
ഓത്തുപള്ളികളോ മുല്ലമാരുടെ വസതികളോ ആയിരുന്നു മുമ്പ് പ്രാഥമിക വിദ്യാലയങ്ങള്‍. ബ്രിട്ടീഷ് ഭരണകാലത്ത് സ്‌കൂളുകള്‍ മതപഠനത്തിന് അനുവദിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം മതേതര രാഷ്‌ട്രത്തിന്റെ പേരില്‍ അത് നിരോധിക്കപ്പെട്ടു. മുസ്‌ലിംകള്‍ അതൊരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് മദ്‌റസകള്‍ സ്ഥാപിക്കാന്‍ മുമ്പോട്ടുവന്നു. നമ്മുടെ പണ്ഡിതന്മാര്‍ അതിന് പ്രചോദനം നല്‍കി.
മുമ്പ് വിവരിച്ചതുപോലെ ഓത്തുപള്ളികളില്‍ നിന്നും മറ്റും ഖുര്‍ആന്‍ ഓതാന്‍ പഠിച്ചുകഴിഞ്ഞാല്‍ പിന്നെ പള്ളിദര്‍സുകളായിരുന്നു പഠനത്തിന് അവലംബം. പലകാരണങ്ങളാലും ബഹുഭൂരിപക്ഷം ആളുകളും അതില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. അതുകൊണ്ട് പ്രാഥമിക മതപഠനരംഗം വിശാലമാക്കപ്പെടേണ്ടതിന്റെ ആവശ്യകത സമസ്‌ത മനസ്സിലാക്കി. അതിനാവശ്യമായ കരിക്കുലം തയ്യാറാക്കേണ്ടതുണ്ട്. പാഠപുസ്‌തകങ്ങള്‍ രചിക്കേണ്ടതുണ്ട്. ശാസ്‌ത്രീയവും വ്യവസ്ഥാപിതവുമാകണമെങ്കില്‍ മറ്റുപല സംവിധാനങ്ങളുമേര്‍പ്പെടുത്തണം. ഇതൊക്കെ സമസ്‌തയില്‍ ചര്‍ച്ചക്ക് വന്നു. അതിന്റെ ഫലമാണ് സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. 1951 ലാണ് അതിന് രൂപം നല്‍കിയത്.
അംഗീകൃത മദ്‌റസകളില്‍ ബോര്‍ഡ് തയ്യാറാക്കിയ പാഠ്യപദ്ധതിയനുസരിച്ച് മതപഠനം നടത്തപ്പെടുന്നു. അതിനാവശ്യമായ പാഠപുസ്‌തകങ്ങള്‍ ബോര്‍ഡിന്റെ കീഴിലുള്ള പാഠപുസ്‌തക കമ്മിറ്റി രചിക്കുന്നു. മുഅല്ലിംകളെ പ്രാപ്‌തരാക്കാന്‍ പരിശീലനക്ലാസുകളും പരീക്ഷകളും ഏര്‍പ്പെടുത്തുന്നു. ഇന്ന് ബോര്‍ഡിന്റെ കീഴില്‍ അംഗീകരിക്കപ്പെട്ട മദ്‌റസകളുടെ എണ്ണം ഒന്‍പതിനായിരം കവിഞ്ഞിരിക്കുന്നു. പത്തുലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നു. കേരളത്തില്‍ മാത്രമല്ല; തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്‌ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലും അന്തമാന്‍, ലക്ഷദ്വീപുകളും അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശ രാജ്യങ്ങളിലും സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനാല്‍ അംഗീകരിക്കപ്പെട്ട മദ്‌റസകളുണ്ട്. എണ്‍പതിനായിരത്തോളം മുഅല്ലിംകള്‍ അവയില്‍ സേവനമനുഷ്‌ഠിക്കുന്നു.
1 മുതല്‍ 5 കൂടി പ്രൈമറി, 6,7 അപ്പര്‍ പ്രൈമറി, 8,9,10 സെക്കന്‍ഡറി, 11,12 ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെ ക്ലാസുകള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. 5,7,10,12 എന്നീ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ വിദ്യാഭ്യാസ ബോര്‍ഡ് നേരിട്ടും മറ്റു ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളും എല്ലാ ക്ലാസുകളിലെയും പാദ, അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ മുഖേനയും നടത്തുന്നു. 20 ലക്ഷത്തില്‍പരം കുട്ടികള്‍ പരീക്ഷ പാസ്സായി ഇതിനകം പുറത്തുപോയിട്ടുണ്ട്. മുഅല്ലിംകളുടെ സംഘടനയാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. റൈഞ്ച് ജില്ലാതലശാഖകളും കേന്ദ്രകമ്മിറ്റിയും അതിനുണ്ട്.
മദ്‌റസകള്‍ സന്ദര്‍ശിക്കാനും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ബോര്‍ഡ് നിയമിച്ച ഉദ്യോഗസ്ഥന്മാരാണ് മുഫത്തിശുമാര്‍. ജംഇയ്യത്തുല്‍ മുഫത്തിശീനും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
സുന്നീ യുവജനസംഘം സമസ്‌തയുടെ പോഷക ഘടകവും ബഹുജന സംഘടനയുമാണ്. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുകയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന `എസ്.വൈ.എസ്' ന്റെ സേവനം അതിപ്രധാനമാണ്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പോഷക ഘടകമാണ് സമസ്‌ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍.
മത-ഭൗതിക വിദ്യാര്‍ത്ഥികളെ കൂട്ടിയിണക്കി അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ പാതയിലൂടെ ഇസ്‌ലാമിക പ്രവര്‍ത്തനം നടത്തുകയും വിജ്ഞാനവും വിനയവും സേവന മനഃസ്ഥിതിയും അച്ചടക്കവും അനുസരണവുമെല്ലാം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ആ സംഘടനയുടെ പ്രധാന ലക്ഷ്യം. പ്രാഥമിക ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സംഘടനയാണ് സുന്നി ബാലവേദി. സമസ്‌തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹല്ല് സ്ഥാപന ഭാരവാഹികളുടെ കൂട്ടായ്‌മയാണ് സുന്നീ മഹല്ല് ഫെഡറേഷന്‍. മദ്‌റസാ ഭാരവാഹികളുടെ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷനും പ്രവര്‍ത്തിക്കുന്നു.
ഒരുകാലത്ത് പൊന്നാനി `വിളക്കത്തിരിക്കുക' എന്നതായിരുന്നു മലബാര്‍ പ്രദേശത്തെ മതപഠന ബിരുദം. സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്‍ സ്ഥാപിച്ചതും ഇബ്‌നുഹജരില്‍ ഹൈത്തമി പോലും ദര്‍സ് നടത്തിയതുമാണ് പൊന്നാനി ജുമുഅത്ത് പള്ളി ദര്‍സ്. ഉപരിപഠനത്തിന് അവലംബിച്ചിരുന്നത് ആ പള്ളി ദര്‍സാണ്. കേരള മുസ്‌ലിംകള്‍ അതിന് വലിയ അംഗീകാരമാണ് നല്‍കിയിരുന്നത്.
പില്‍ക്കാലത്ത് വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്, ദയൂബന്ദ് ദാറുല്‍ ഉലൂം മുതലായ കോളജുകളെയാണ് ഉപരിപഠനത്തിന് ആശ്രയിച്ചിരുന്നത്. കേരളത്തെപോലെ പ്രാഥമിക മദ്‌റസകളും പള്ളി ദര്‍സുകളും സുലഭമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രദേശം ലോകത്ത് തന്നെയില്ല. എന്നിട്ടും ഉപരിപഠനത്തിനൊരു സ്ഥാപനമില്ല എന്നത് വലിയൊരു കുറവ് തന്നെയായിരുന്നു. മാത്രമല്ല; വിദൂരദിക്കുകളില്‍ പോയി ഉപരിപഠനം നടത്തുക എന്നത് പലര്‍ക്കും പ്രയാസകരവുമായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപിതമായത്. സമസ്‌തയുടെ ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു അത്. ഫൈസി ബിരുദധാരികള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്‌തു വരുന്നു.
ഭൗതിക വിദ്യാഭ്യാസ രംഗത്തും വിദ്യാഭ്യാസ ബോര്‍ഡ് ശ്രദ്ധ പതിപ്പിച്ചു വരുന്നു. വെളിമുക്കില്‍ സ്ഥിതി ചെയ്യുന്ന ക്രസന്റ് വിദ്യാഭ്യാസ സമുച്ചയം, കോഴിക്കോട് വരക്കല്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് ഇംഗ്ലീഷ് മീഡിസം സ്‌കൂള്‍ എന്നിവ വിദ്യാഭ്യാസ ബോര്‍ഡിന്റേതാണ്. പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനിയറിംഗ് കോളജ്, സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡും ജാമിഅ നൂരിയ്യയും സംയുക്തമായി നടത്തുന്ന വലിയൊരു സ്ഥാപനമാണ്. കുല്ലിയത്തുല്‍ ബനാത്ത്, ട്രൈനിംഗ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തിലും നടത്തപ്പെടുന്നു.
ഇങ്ങനെ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആവിര്‍ഭാവം മുതല്‍ക്കുള്ള പ്രവര്‍ത്തനം പരിശോധിച്ചാല്‍ താഴെ പറയുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ അതിന് സാധിച്ചു എന്ന് കാണാം. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ കേരള മുസ്‌ലിംകളെ ഐക്യത്തോടെ അണിനിരത്തി വികൃതാശയങ്ങളുടെ വേലിയേറ്റത്തെ തടഞ്ഞുനിര്‍ത്തി.
മുസ്‌ലിം ബഹുജനങ്ങളില്‍ സംഘടനാ ബോധവും മതബോധവും വളര്‍ത്തി. മതബോധവും സാമാന്യമായ മതവിജ്ഞാനവും സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായി കാണുന്നത് കേരള മുസ്‌ലിംകളുടെ പ്രത്യേകതയാണ്.
നിസ്‌തുലമായ മദ്‌റസാ പ്രസ്ഥാനം നിലവില്‍ വരുത്തി. മതവിദ്യാഭ്യാസത്തിലും ഭൗതിക വിദ്യാഭ്യാസത്തിലും മുസ്‌ലിം ബഹുജനങ്ങളുടെ താല്‍പര്യം വര്‍ദ്ധിപ്പിച്ചു. അതിനുള്ള സ്ഥാപനങ്ങളും സാഹചര്യങ്ങളും ഒരുക്കി മതഭൗതിക സ്ഥാപനങ്ങളുണ്ടാക്കുന്നതിലും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സാരമായ പങ്ക് വഹിച്ചു.
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ വെട്ടിത്തെളിയിച്ച് പാകപ്പെടുത്തിയ ഭൂമിയിലാണ് മറ്റുള്ളവര്‍ കൃഷിയിറക്കിയതും ഇറക്കിക്കൊണ്ടിരിക്കുന്നതും. സ്വന്തമായി വെട്ടിത്തെളിയിക്കാനോ കൃഷിയിറക്കാനോ ഇപ്പോഴും അവര്‍ക്ക് സാധിച്ചിട്ടില്ല.
സമസ്‌തയെ പിളര്‍ക്കാനും സമസ്‌തയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും ചില `കത്തിപ്പിടി'കളും `മഴുത്തായ'കളും ശ്രമിച്ചുനോക്കി. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അഖിലേന്ത്യന്‍ പട്ടം ചമഞ്ഞും മുഹമ്മദ് നബി(സ) യോട് സാദൃശ്യപ്പെടുത്തിയും അവര്‍ ജനങ്ങളെ വഞ്ചിക്കുന്നു. പണവും നുണയും വളരെയധികം ഉപയോഗിക്കുന്നു. രാഷ്‌ട്രീയക്കാരെയും അധികാര വര്‍ഗ്ഗത്തെയും കൂട്ടുപിടിക്കുന്നു. നിരീശ്വര നിര്‍മ്മത പ്രസ്ഥാനങ്ങളെപ്പോലും അവര്‍ ആദരിച്ച് അംഗീകരിക്കുന്നു. എന്നിട്ടും കേരള മുസ്‌ലിം ജനമനസ്സുകളില്‍ നിന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയോടുള്ള ബന്ധം മുറിച്ചുകളയാന്‍ അവര്‍ക്കായില്ല. ഇപ്പോഴും കുരുട്ടുവിദ്യകളും കുടിലതന്ത്രങ്ങളും അവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്.
എല്ലാം അല്ലാഹു കാണുന്നു. സത്യം കുറച്ചുകാലം മൂടിക്കിടന്നാലും ഒടുവില്‍ വെളിച്ചപ്പെടാതിരിക്കില്ല. അന്തിമ വിജയം സത്യത്തിന് തന്നെയാണ്. അല്ലാഹു നമ്മെ സഹായിച്ച് അനുഗ്രഹിക്കട്ടെ. ആമീന്‍.
No comments:
Post a Comment