Wednesday, March 14, 2012

പിളര്‍പ്പിനു പിന്നില്‍ മുസ്‌ലിം വിരുദ്ധര്‍

പിളര്‍പ്പിനു പിന്നില്‍ മുസ്‌ലിം വിരുദ്ധര്‍

ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

ഒരു ജനതയുടെ സാമൂഹിക വികാസത്തിന്റെ ചരിത്രം വിശകലനം ചെയ്യപ്പെടുമ്പോള്‍ അന്വേഷണ വിധേയമാക്കേണ്ട ഒരു ഘടകമാണ്‌, ഈ മാറ്റത്തിന്‌ കാരണമായിത്തീര്‍ന്ന, അവരില്‍ മുഴുക്കെ സ്വാധീനം ചെലുത്തിയ ആശയസമീപനങ്ങള്‍. ഏത്‌ മാറ്റവും വിലയിരുത്തപ്പെടുമ്പോഴും അതത്‌ സമൂഹങ്ങളില്‍ ആഴത്തില്‍ സ്വാധീനിച്ച ചിന്താരീതികള്‍ സുപ്രധാന ഘടകമാണ്‌. കേരള മുസ്‌ലിം സമാജത്തിന്റെ വികാസചരിത്രം, പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ചവരുടെ മുന്നേറ്റ ചരിത്രമാണ്‌. ആശയപരമായി യാഥാസ്ഥിതികത്വം മുറുകെപിടിച്ചു സ്വത്വബോധത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സാമ്രാജ്യത്വ വിരുദ്ധപോരാട്ടവും കൂടി ഒരുമിപ്പിച്ചവരാണ്‌ മുസ്‌ലിം കേരളത്തിന്റെ മുന്‍ഗാമികള്‍.

എം.എന്‍.കാരശ്ശേരി സൂചിപ്പിച്ചപോലെ ആയിരം കൊല്ലത്തെ കേരള മുസ്‌ലിം സമൂഹത്തിന്‌ സഹവര്‍ത്തിത്വത്തിന്റെ ചരിത്രമാണുള്ളത്‌. ശൈഖ്‌ സൈനുദ്ദീന്റെയും ഖാളി മുഹമ്മദിന്റെയും പുസ്‌തകങ്ങള്‍ ഇവിടുത്തെ സഹോദര സമുദായങ്ങളോട്‌ എങ്ങനെ സമാധാനത്തിലും സാഹോദര്യത്തിലും ജീവിക്കണമെന്ന്‌ പറയുന്നു. അമുസ്‌ലിം ഭരണാധികാരിക്ക്‌ കീഴില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തോടെ ജീവിക്കാനാവുന്നതിന്റെ ഉദാഹരണമാണ്‌ ഖാളിമുഹമ്മദിന്റെയും ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദമിന്റെയും ഗ്രന്ഥങ്ങള്‍. പാരമ്പര്യ ഇസ്‌ലാമികാചാര്യങ്ങള്‍ നിലനിര്‍ത്താനാവശ്യമാംവിധം മുഹ്‌യിദ്ദീന്‍മാലയും, മന്‍ഖൂസ്‌മൗലിദും എഴുതിയവര്‍ തന്നെയാണ്‌ സാമ്രാജ്യത്വവിരുദ്ധവും പുരോഗമനാത്മകവുമായ രാഷ്‌ട്രീയ സാമൂഹിക ചിന്തയുടെ വിധാതാക്കളായും മാറിയത്‌.

കേരള മുസ്‌ലിം നവോത്ഥാനത്തെ അടയാളപ്പെടുത്തുന്നിടത്ത്‌ ഈ രണ്ട്‌ മൂവ്‌മെന്റുകളും ഒരുമിച്ച്‌ കൊണ്ടുപോയവരെ മാറ്റിനിര്‍ത്താനാവുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ സാമൂഹിക നേതൃത്വത്തിന്‌ അവരെ അര്‍ഹരാക്കിയ ഒരു ആശയഗതി ഇവിടെ ആയിരമാണ്ടിന്റെ പാരമ്പര്യമായി നിലനിന്നിരുന്നു. സനാഉല്ലാ മക്കിതങ്ങളും സയ്യിദ്‌ ഹമദാനിയും വക്കം അബ്‌ദുല്‍ഖാദിര്‍ മൗലവിയും ഈ വൃത്തത്തിന്‌ പുറത്താണ്‌ നില്‍ക്കുന്നത്‌. കേരളത്തിന്റെ മുസ്‌ലിം സിംഹഭൂരിപക്ഷം മക്തി-ഹമദാനി-വക്കം പ്രഭൃതികളുടെ ആശയഗതികള്‍ സ്വീകരിക്കാതെ നിന്നത്‌ ആയിരത്താണ്ടിന്റെ സുകൃത പാരമ്പര്യത്തിന്റെ സ്വാധീനം കൊണ്ടാണ്‌. ഈ പാരമ്പര്യത്തിന്റെ വഴിയിലാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കഴിഞ്ഞ എണ്‍പത്തിയഞ്ച്‌ കൊല്ലമായി പ്രവര്‍ത്തിക്കുന്നത്‌.

എ.പി.അബ്‌ദുല്‍വഹാബ്‌ തുറന്ന്‌ സമ്മതിക്കുന്നപോലെ കേരളത്തിലെ മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷത്തേയും പ്രതിനിധീകരിക്കുന്ന മതസംഘടനയാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ. പണ്ഡിതപ്രഭവരായ മഹാമനീഷികളാണ്‌ അതിന്‌ രൂപം നല്‍കിയതും നയിച്ചതും. മുമ്പിലുള്ള എഴുത്തുകാര്‍ സൂചിപ്പിച്ചപോലെ വിദ്യാഭ്യാസം സാമൂഹികരംഗത്തെ സമസ്‌തയുടെ സ്വാധീനമാണ്‌ വ്യത്യസ്‌തമായ സാമൂഹിക പരിസരം രൂപപ്പെടുത്തുന്നതില്‍ കേരള മുസ്‌ലിംകളെ സഹായിച്ചത്‌. സൗഹൃദവും സഹവര്‍ത്തിത്വവും നിലനിര്‍ത്താനാവുംവിധം മുസ്‌ലിം പൊതുബോധത്തെ നിയന്ത്രിക്കുകയും നമ്മുടെ ദേശീയ മതേതര സംവിധാനങ്ങളോട്‌ ആവുംവിധം സമരസപ്പെടാനും പാകമാക്കിയതില്‍ സമസ്‌തയുടെ പണ്ഡിത നേതൃത്വത്തിന്റെ പങ്ക്‌ വലുതാണ്‌.

ഖിലാഫത്ത്‌ പ്രക്ഷോഭ കാലത്തും തുടര്‍ന്നും മതന്യൂനപക്ഷങ്ങളോട്‌ കോണ്‍ഗ്രസ്‌ കാണിച്ച നിലപാട്‌ ശരിയായില്ലെന്ന്‌ 1936-ല്‍ സമസ്‌ത പാസാക്കിയ പ്രമേയം മുസ്‌ലിം ലീഗിലേക്ക്‌ സുന്നികളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്‌. ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിലേക്ക്‌ വരുന്നതോടുകൂടി ഈ പ്രവണത ശക്തിപ്പെട്ടിട്ടുമുണ്ട്‌. എന്നാല്‍ രാഷ്‌ട്രീയമായ ഇടപെടലുകള്‍ സമസ്‌തയുടെ അജണ്ടയല്ല. അതൊരു പണ്ഡിതസഭയുടെ ദൗത്യവുമല്ല. സമസ്‌തയുടെ പ്രഖ്യാപിത നയം തന്നെ, മുസ്‌ലിം വിരുദ്ധമല്ലാത്ത രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന്‌ അതിന്റെ പ്രവര്‍ത്തകരെ വിലക്കുന്നില്ല. ഏതെങ്കിലും ഒരു പ്രത്യേക രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ജിഹ്വയായി അത്‌ നിലകൊണ്ടിട്ടില്ല. മലബാറിലെ മുസ്‌ലിം ഭൂരിപക്ഷത്തിനിടയില്‍ സ്വാധീനശക്തിയുള്ള മുസ്‌ലിംലീഗിനോടുള്ള സമസ്‌തയുടെ ബന്ധം പ്രശ്‌നാധിഷ്‌ഠിതമാണ്‌. അബ്‌ദുല്‍ വഹാബ്‌ ആരോപിക്കുന്നതുപോലെ അതൊരു രാഷ്‌ട്രീയ അടിമത്വമല്ല. അനിവാര്യഘട്ടങ്ങളില്‍ മുസ്‌ലിം പൊതുധാരയോടൊപ്പം സമസ്‌തക്ക്‌ നിലകൊള്ളേണ്ടി വന്നു. അത്‌ സാമുദായിക താല്‍പര്യമാണ്‌. ശരീഅത്ത്‌ വിവാദകാലത്ത്‌ ശരീഅത്ത്‌ വിരുദ്ധ ലോബികള്‍ക്കെതിരെ മുസ്‌ലിം പൊതുകൂട്ടായ്‌മ രൂപീകരിക്കുന്നതില്‍ മുസ്‌ലിംലീഗില്‍ സമസ്‌തയും നേതൃപരമായ പങ്ക്‌ വഹിച്ചു. പൊതുവിഷയങ്ങളില്‍ അവാന്തര അഭിപ്രായ പ്രശ്‌നങ്ങള്‍ മാറ്റിവെക്കുകയും ഒന്നിക്കുകയും ചെയ്യാന്‍ സമസ്‌തയുടെ വിശാലവീക്ഷണം കൊണ്ട്‌ കഴിഞ്ഞിട്ടുണ്ട്‌. അതൊരിക്കലും ആശയപരമായ വിട്ടുവീഴ്‌ചയല്ലതാനും. ഈയടിസ്ഥാനത്തില്‍ തീവ്രവാദികള്‍ക്കെതിരെ നടന്ന കൂട്ടായ്‌മകളും സമസ്‌തയും ലീഗും ഒന്നിച്ച്‌ വിജയിപ്പിച്ചുവെന്നത്‌ സമീപകാലം ചരിത്രം കണ്ടതാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും അനിവാര്യമായ ഘട്ടങ്ങളില്‍ ലീഗിന്റെ ചില നിലപാടുകളില്‍ സക്രിയമായി തിരുത്തുകയും ചെയ്‌തിട്ടുണ്ട്‌. വഹാബ്‌ സൂചിപ്പിക്കുന്ന വിധത്തില്‍ അടിമത്വമില്ലെങ്കിലും ലീഗിനോട്‌ സമസ്‌തക്ക്‌ ഗുണകാംക്ഷയുണ്ട്‌. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ പിന്നില്‍ നില്‍ക്കുകയും ആവശ്യമെങ്കില്‍ ബി.ജെ.പി.പോലെയുള്ള തീര്‍ത്തും മുസ്‌ലിം വിരുദ്ധ സംഘടനകള്‍ക്കുപോലും സഹായം ചെയ്യുന്ന കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ സമീപനങ്ങള്‍ സമസ്‌തയെ സംബന്ധിച്ചിടത്തോളം ഇല്ലെന്നത്‌ അതിന്റെ അടിസ്ഥാനവിശുദ്ധിയുടെ തെളിവാണ്‌. കാന്തപുരത്തിന്റെ നിലപാടിന്റെ അവസരവാദം അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ വ്യക്തമാണ്‌. `ഞങ്ങളുടേത്‌ സുന്നി സംഘടനയാണ്‌. ആ സുന്നീ സംഘടനയില്‍ കേരളത്തിലെ എല്ലാ രാഷ്‌ട്രീയക്കാരനും ഉണ്ട്‌. ബി.ജെ.പി. അടക്കം. ബി.ജെ.പി എന്നുപറയുമ്പോള്‍ ബി.ജെ.പി. ഭരിക്കുമ്പോള്‍ അവരുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നവര്‍ അടക്കം. ഇപ്പോള്‍ കര്‍ണാടക സംസ്ഥാനത്ത്‌ ബി.ജെ.പി. ഗവണ്‍മെന്റാണ്‌. അവര്‍ മുസ്‌ലിംകളെ വഖഫ്‌ബോര്‍ഡിലും ഹജ്ജ്‌ കമ്മിറ്റിയിലും മറ്റ്‌ ബോര്‍ഡുകളിലും എടുത്തിട്ടുണ്ട്‌. അപ്പോള്‍ ബി.ജെ.പി. ഗവണ്‍മെന്റാണ്‌ സ്വീകരിക്കില്ലായെന്ന്‌ പറയാന്‍പറ്റുമോ. കിട്ടിയത്‌ വാങ്ങുക (കാന്തപുരത്തിന്റെ അഭിമുഖം - കലാകൗമുദി പേജ്‌ 27, 2.12 - ഫെബ്രുവരി 12)

ഇത്തരമൊരു അവസരവാദ സമീപനമാണ്‌ ജമാഅത്തെ ഇസ്‌ലാമിയും കാന്തപുരവും ചെയ്‌ത്‌. തങ്ങള്‍ക്ക്‌ പ്രയോജനം കിട്ടുമെങ്കില്‍ ഏത്‌ മുസ്‌ലിം വിരുദ്ധ സംഘടനകളുമായി ഒരുമിച്ച്‌ പോവുന്നതിന്‌ വിരോധമില്ലെന്നാണ്‌ കാന്തപുരം തുറന്ന്‌ പറയുന്നത്‌. ഇതുതന്നെയാണ്‌ എം.എന്‍.കാരശ്ശേരി എഴുതുന്നത്‌. മുസ്‌ലിം സംഘടിതശക്തിയെ തകര്‍ക്കാന്‍ കേരളത്തിലെ രാഷ്‌ട്രീയ - പത്ര - മാധ്യമസ്ഥാപനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു കടലാസു പുലിയാണ്‌ യഥാര്‍ത്ഥത്തില്‍ കാന്തപുരം ഗ്രൂപ്പ്‌. കേരളത്തില്‍ മാറിവരുന്ന തെരഞ്ഞെടുപ്പുകളില്‍ അവകാശവാദവുമായി വരാറുള്ള ഇവരുടെ പുറംപൂച്ച്‌ വ്യക്തമായതാണ്‌ പൊന്നാനി - മഞ്ചേരി പാര്‍ലമെന്റ്‌ മണ്ഡലങ്ങളില്‍ നടന്ന പ്രത്യക്ഷമായ പോരാട്ടം. പക്ഷേ മുസ്‌ലിംലീഗിനെതിരെ കാന്തപുരത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്‌ മുസ്‌ലിംവിരുദ്ധ ലോബിയുടെ അജണ്ടയായിരുന്നു. മാധ്യമലോകത്തിന്റെ തന്നെ തലതൊട്ടപ്പന്മാരുടെയും രാഷ്‌ട്രീയ മേലാളന്മാരുടെയും ഒത്താശയിലാണ്‌ ലീഗ്‌ വിരുദ്ധമായ കാന്തപുരം ഗ്രൂപ്പ്‌ ഇത്രകാലം പിടിച്ചുനിന്നത്‌ എന്ന രഹസ്യമാണ്‌ കാരശ്ശേരി സ്വാനുഭവ സാക്ഷ്യമായി കുറിച്ചത്‌. ഇതുതന്നെയാണ്‌ ഞങ്ങള്‍ കാലങ്ങളായി സാമുദായ സംഘടനാശക്തിയുടെ നേതൃത്വത്തെയും ഉണര്‍ത്തിവരുന്നത്‌. പലപ്പോഴും കാന്തപുരത്തിനു കിട്ടുന്ന പത്ര-മാധ്യമങ്ങളില്‍ കിട്ടുന്ന സ്വീകാര്യതയുടെ കാരണമിത്‌ തന്നെയാണ്‌. മുസ്‌ലിം പൊതുധാര സമസ്‌തയോടൊപ്പവും അവരിലെ സിംഹഭാഗവും മുസ്‌ലിംലീഗിന്റെ രാഷ്‌ട്രീയ വീക്ഷണത്തോടൊപ്പവുമാണ്‌. അതുമൂലമുണ്ടായ മുന്നേറ്റത്തിന്‌ തടയിടാന്‍ ഒരു വിരുദ്ധ ഗ്രൂപ്പിന്‌ അമിതപ്രാധാന്യം നല്‍കണം. മുസ്‌ലിം വിരുദ്ധ ലോബികള്‍ മാതൃഭൂമിയും രാഷ്‌ട്രീയ നേതൃത്വവും കാന്തപുരത്തെ അതിനുപയോഗിച്ചു. ഇതൊരു ഞെട്ടിക്കുന്ന സത്യം തന്നെ. വഹാബിന്റെ സൂചനപോലെയുള്ള ആരോപണങ്ങളുടെ മര്‍മവും ഇവിടെയാണ്‌. സമുദായ നവോത്ഥാനത്തിന്‌ സംഘടിത മുന്നേറ്റം കേരളത്തിന്റെ പൊതുസമൂഹത്തിന്റെ വിശ്വാസവും പിന്തുണയും ആര്‍ജ്ജിച്ച്‌ മുന്നേറുമ്പോള്‍ സമസ്‌തയെന്ന പണ്ഡിതസഭയുടെ പണി ഗുണകാംക്ഷയോടെ, അതിന്‌ പ്രശ്‌നാധിഷ്‌ഠിത പിന്തുണ നല്‍കുക എന്നതാണ്‌. പ്രത്യേകിച്ച്‌ പാണക്കാട്‌ കുടുംബത്തിന്റെ നേതൃത്വം കേരള മുസ്‌ലിംകളുടെ അനുഗ്രഹമായിരിക്കേ, അത്തരമൊരു ഗുണപരമായ നിലപാടിന്‌ സാമാന്യമായ പിന്തുണ കൊടുക്കുകയും ആശയപരമായി വലിയ വ്യതിയാനം വരുന്നിടത്ത്‌ പി.സുരേന്ദ്രന്‍ പരാതിപ്പെട്ടത്‌ പോലെ ഇടപെടുകയും ചെയ്യുന്നതില്‍ സമസ്‌ത അലംഭാവം കാട്ടിയിട്ടില്ല. സ്‌ത്രീ രാഷ്‌ട്രീയ പ്രവേശനത്തില്‍ അനിവാര്യമായ നിയന്ത്രണങ്ങള്‍ അതുകൊണ്ടുതന്നെയാണ്‌ വന്നത്‌. സങ്കുചിതമായ നിലപാട്‌ എന്ന്‌ സുരേന്ദ്രന്‍ പരാതിപ്പെടുമ്പോഴും സ്‌ത്രീ പൊതുപ്രവേശനത്തിന്റെ അനിയന്ത്രിതമായ അഴിഞ്ഞാടല്‍ എവിടെയെത്തുമെന്ന്‌ സുരേന്ദ്രന്‌ തന്നെ ആലോചിക്കാവുന്നതേയുള്ളൂ. സിനിമപോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉണ്ടാക്കുന്ന നിഷേധാത്മകമായ രീതികളാണ്‌ സമസ്‌ത എതിര്‍ക്കുന്നത്‌. മതത്തിന്റെ ആധ്യാത്മിക വിശുദ്ധി നഷ്‌ടപ്പെട്ട്‌, സമൂലമായി ധാര്‍മ്മിക ജീര്‍ണതയിലേക്ക്‌ കൂപ്പ്‌കുത്തുന്നതില്‍നിന്ന്‌ ഒരു പരിധിവരെ തടയുന്നത്‌, ഈ ഇടപെടലുകളാണ്‌. സാമ്രാജ്യത്വത്തിന്റെ ഉപോല്‍പന്നങ്ങളായി നമ്മുടെ മുമ്പില്‍ വന്ന്‌ നില്‍ക്കുന്ന ആധുനിക സംവിധാനങ്ങളെ നിരീക്ഷിക്കുകയും അവയില്‍ വരുന്ന തിന്മകളെ കൃത്യമായി അവലോകനം ചെയ്‌ത്‌ സമസ്‌ത നടത്തുന്ന ഉല്‍ബോധനങ്ങള്‍ മുസ്‌ലിം സമുദായത്തിന്‌ സ്വീകാര്യമായത്‌ കൊണ്ടാണ്‌. മറ്റുള്ളവരില്‍ വ്യത്യസ്‌തമായി സ്വന്തം ഐഡന്റിറ്റി കാത്തുസൂക്ഷിക്കാന്‍ കേരളം മുസ്‌ലിംകള്‍ക്ക്‌ സാധിക്കുന്നതും.

വിദ്യാഭ്യാസ വിപ്ലവത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിന്റെ സാക്ഷ്യമാണ്‌ ഡോ.ഫസല്‍ ഗഫൂര്‍ സൂചിപ്പിച്ചത്‌. ഒരു എം.എല്‍.എ.യില്‍ ഒതുങ്ങാതെ സമഗ്രമായ ഒരു വിദ്യാഭ്യാസ ഏജന്‍സിയെന്ന നിലയില്‍ സമസ്‌തയുടെ പ്രവര്‍ത്തനം മുന്നോട്ട്‌ പോവണമെന്ന്‌ ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശം അര്‍ത്ഥവത്താണ്‌. കത്തോലിക്കാസഭപോലെ സര്‍വ്വവും പിടിച്ചുവാങ്ങുന്ന സമ്മര്‍ദ്ദശക്തിയായി മാറുകവഴി സമസ്‌തയുടെ വിശുദ്ധിയില്‍ കളങ്കമുണ്ടാവരുത്‌. എന്നാല്‍ സാമുദായിക പ്രശ്‌നങ്ങളില്‍ അനിവാര്യമായപ്പോള്‍ സമസ്‌ത ഇടപെട്ടിട്ടുണ്ട്‌. വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ അനഭിലഷണീയമല്ലാത്ത പ്രവണതകള്‍ക്കെതിരെ സമസ്‌ത സമരമുഖം തീര്‍ത്ത്‌ `മതമില്ലാത്ത ജീവന്‍' പോലെയുള്ള വിഷയങ്ങളില്‍ ഇടപെട്ടത്‌ ഡോ.ഫസല്‍ ഗഫൂറിന്‌ അറിവുള്ളതാണല്ലോ. എന്നാല്‍ തന്നെ ഇപ്പോള്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. നടത്തുന്ന ട്രന്റും സ്റ്റെപ്പുമെല്ലാം വിദ്യാഭ്യാസ ബോധവല്‍ക്കരണ യജ്ഞങ്ങളുടെ മുന്‍നിരയിലാണുള്ളത്‌. ഭാവിയില്‍ ഡോ. ഫസല്‍ ഗഫൂര്‍ സൂചിപ്പിച്ചപോല, സമഗ്രവിദ്യാഭ്യാസ ഏജന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സമസ്‌തയും വിദ്യാര്‍ത്ഥി സംഘടനയും ചില പദ്ധതികള്‍ ആലോചിക്കുന്നുണ്ട്‌. ഒരു പണ്ഡിതസഭയെന്ന നിലയില്‍ പരിപക്വമായ ഒരു നേതൃത്വമായി സമസ്‌ത ഇതിനെയെല്ലാം തണല്‍ വിരിച്ച്‌ മുന്നോട്ട്‌ നയിക്കുന്നുണ്ട്‌. ഡോക്‌ടര്‍ നവാസ്‌ നിസാര്‍ സൂചിപ്പിച്ചപോലെ സമസ്‌ത ഒരു പണ്ഡിതസഭയാണ്‌. അതൊരു ജനകീയ സഭയല്ല. സമരമുഖങ്ങള്‍ തീര്‍ത്ത്‌ പൊതുവെ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്ന രീതി അതിന്റെ സമീപനമല്ല. എങ്കിലും അനിവാര്യഘട്ടങ്ങളില്‍ അതിന്റെ ശക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ചേകന്നൂര്‍ ആശയപരമായി സമസ്‌തയുടെയും എതിരാളിയാണെങ്കിലും കൊലപാതകം അന്യായമാണെന്ന്‌ സമസ്‌ത തുറന്നുപറഞ്ഞതാണ്‌. കാരശ്ശേരി മാഷ്‌ അതുശ്രദ്ധിക്കാതെ പോയതാവാം. ഊന്നിപ്പറയേണ്ട, ഒരു കാര്യം അനധികൃതമായ ഏത്‌ കൊലപാതകവും അകാരണമാണ്‌. അങ്ങനെയുള്ള ഒരോ ഹത്യയും മനുഷ്യകുലത്തെ മുഴുവന്‍ ഹനിക്കുന്നതിന്‌ തുല്യമാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണ്‌.

കൈവെട്ടും കൊലയും പതിവാക്കിയവരെ മുഴുവന്‍ സമസ്‌തയാണ്‌ എന്നും എതിര്‍ത്തത്‌. കാരശ്ശേരി സൂചിപ്പിച്ചപോലെ, കേരളത്തിലെ മുസ്‌ലിം വിരുദ്ധലോബി വിലക്കെടുത്തയാളാണ്‌ കാന്തപുരം. അദ്ദേഹത്തിന്റെ അനുയായികളാണ്‌ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയും സുന്നീ ടൈഗര്‍ഫോഴ്‌സും ഉണ്ടാക്കിയത്‌. കാന്തപുരത്തിന്റെ ആശീര്‍വാദവും അദൃശ്യമായ പിന്തുണയും ഇവക്കുണ്ട്‌. അദൃശ്യമാകാന്‍ കാരണം അധികാരങ്ങള്‍ക്ക്‌ മീതെയും നില്‍ക്കുന്ന പണമാണ്‌. കാന്തപുരം അത്‌ മൂലമാണ്‌ പിടിച്ചുനിന്നത്‌. അതുകൊണ്ടുതന്നെ ചേകന്നൂര്‍ വധത്തിലും കൈവെട്ടിലും എല്ലാം സ്വാധീനിച്ച തീവ്രചിന്തകള്‍ സമുദായ വിരുദ്ധമാണെന്ന്‌ നാം പറയുന്നത്‌. ജനാധിപത്യപരമായ വ്യക്തിയുടെ അവകാശം നിലനില്‍ക്കുകയും ആശയപരമായ സമരങ്ങള്‍ അങ്ങനെ കാണുകയും വേണമെന്നാണ്‌ സമസ്‌തയുടെ അഭിപ്രായം. മറിച്ചൊരു അഭിപ്രായം സമസ്‌തക്കില്ല. അധികാരം ഉത്തരവാദിത്തപ്പെടുത്തിയ വിധം നിയമാനുസൃതമല്ലാത്ത ഏത്‌ ഹത്യയേയും, തീവ്രവാദമായി കാണാതെ തരമില്ല.

പൊതുധാരയില്‍ സുന്നികളെ കൊണ്ടുവരുന്നതില്‍ സമസ്‌ത നിലപാട്‌ വിജയിച്ചു എന്നാണ്‌ ഇവിടെ മുഴുവന്‍ പേരും സൂചിപ്പിച്ചത്‌. കാരശ്ശേരി അത്‌ വ്യക്തമാക്കുന്നുമുണ്ട്‌. മുന്നോട്ട്‌ പോവാന്‍ ഇനിയും ഉണ്ടെന്ന പരാതിയെ അര്‍ത്ഥവത്തായി ഉള്‍ക്കൊള്ളുന്നു. മഹല്ല്‌ തല ഏകോപനവും ജീര്‍ണതാ വിപാടനത്തിനുള്ള സമഗ്ര പദ്ധതികളും നമുക്ക്‌ വേണം. ഇപ്പോള്‍ കേരളത്തിനുപുറത്ത്‌ പശ്ചിമബംഗാളിലും തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ സമസ്‌തയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി വരുന്നുണ്ട്‌. പശ്ചിമബംഗാളില്‍ ദാറുല്‍ഹുദാ യൂണിവേഴ്‌സിറ്റിയും അതുപോലെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. തുടരുന്ന പ്രവര്‍ത്തനങ്ങള്‍ വിജയം കാണുകയാണ്‌. സമഗ്രമായ പല പദ്ധതികളും ഈ സമ്മേളനത്തിന്റെ ഉപോല്‍പ്പന്നമായി വരാനുണ്ട്‌. കേരളത്തിലെ സാംസ്‌കാരിക സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന്‌ പ്രത്യാശയുണ്ട്‌. ആ വഴിയില്‍ ഈ ജൈത്രയാത്ര എട്ടരപതിറ്റാണ്ടില്‍നിന്ന്‌ നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ മുന്നോട്ട്‌ പോവുകയാണ്‌.

No comments:

Post a Comment