യു.പി. മുഹമ്മദ് ഷാഫി ഹുദവി
upmuhammedshafi00@gmail.com
ഇലാഹിയ്യായ നിയോഗത്തിലൂടെ ഒരു കാലഘട്ടത്തെ അപ്പാടെ സംസ്‌കരിച്ചെടുക്കുകയും ആഗോള മുസ്ലിംകള്‍ക്ക് അധ്യാത്മിക നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മുഹിയുദ്ദീന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പ്രവിശാലമായ ആത്മീയ ലോകത്തിലൂടെയും മഹത്തായ ദര്‍ശനങ്ങൡൂടെയും ഇന്നും ലോക മുസ്ലിം ഹൃദയങ്ങളില്‍ ജീവിക്കുന്നു. മുഹിയുദ്ദീന്‍ എന്ന പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ മഹത്തായ കര്‍മ്മ ജീവിതം കൊണ്ട് പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ ജീവിപ്പിച്ചവരായിരുന്നു അവര്‍. ബഗ്ദാദ് പട്ടണത്തില്‍ നിന്നും വെളിച്ചത്തിന്റെ അനശ്വരമായ പ്രവാഹമായി ജീലാനി ഇസ്ലാമിക ലോകത്തിന്റെ സകല കോണുകളിലേക്കും ഒഴുകിയെത്തി. അങ്ങനെ ഇസ്ലാമിക ലോകത്തിനെ അപചയങ്ങളില്‍ നിന്നും ജീലാനി ശൈഖ് പുതിയ ചൈതന്യത്തിന്റെ ലോകത്തേക്ക് ആനയിക്കുകയും പ്രവാചകനും സ്വഹാബത്തിനും ശേഷം ദീനിന് പുനര്‍ജന്‍മം നല്‍കുകയം ചെയ്തു. യുഗങ്ങളായി ജീലാനി(റ) ഇസ്ലാമിക ലോകത്തിന് വെളിച്ചം പകര്‍ന്നു കൊണ്ടിരിക്കുന്നു. ആധുനിക ഇസ്ലാമിക ലോകം ഒരുപാട് അപചയങ്ങളെയും ആപത്തുകളെയും അഭിമുഖീകരിച്ച് കൊണ്ടിരിക്കുമ്പോള്‍ ജീലാനി(റ) ന്റെ ഉന്നതമായ ജീവിതത്തെ വായിക്കലും ജീലാനി(റ) കാണിച്ചു തന്ന ഉന്നതമായ മൂല്യങ്ങളെ വായിച്ചറിഞ്ഞ് അതിനനുസൃതമായി ജീവിതത്തെ പുനഃക്രമീകരിക്കലും വിശ്വാസിയുടെ ബാധ്യതയാണ്.
ജനനം.
ഹി: 470ല്‍ പേര്‍ഷ്യയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ജയ്‌ലാന്‍ എന്ന സ്ഥലത്തായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി എന്ന യുഗപ്രഭാവനായ പണ്ഡിത മഹാത്മാവിന്റെ ജനനം. ജയ്‌ലാന്‍ എന്ന സ്ഥലത്തേക്ക് ചേര്‍ത്താണ് അദ്ദേഹം ജീലാനി എന്നറിയപ്പെട്ടത്. അലി(റ) ന്റെ മകന്‍ ഹസന്‍ (റ) ല്‍ ചെന്നവസാനിക്കുന്നു അവരുടെ വംശ പരമ്പര. ഹി: 488 ല്‍ ജീലാനി(റ) ബഗ്ദാദിലേക്ക് വന്നു. പതിനെട്ട് വയസ്സായിരുന്നു അന്ന് അവരുടെ പ്രായം. നിസാമിയ്യ സര്‍വ്വകലാശാലയിലെ അധ്യാപനം ഉപേക്ഷിച്ച് ആത്മീയ ജ്ഞാനം അന്വേഷിച്ച് ഹുജ്ജത്തുല്‍ ഇസ്ലാം ഇമാം ഗസ്സാലി(റ) ബഗ്ദാദ് ഉപേക്ഷിച്ച് പോയ അതേ വര്‍ഷമായിരുന്നു ശൈഖ് ജീലാനി(റ) ബഗ്ദാദിന്റെ ഭൂമികയിലെത്തിയത്. അങ്ങനെ കര്‍മ്മ മണ്ഡലമായി ഇസ്ലാമിന്റെ വൈജ്ഞാനിക തലസ്ഥാനമായ ബഗ്ദാദ് അദ്ദേഹം തെരഞ്ഞെടുത്തു.
ഒരിക്കല്‍ യുവാവായിരുന്ന ഗൗസുല്‍ അഅഌ ഒരു യുവാവിനെ കണ്ടു മുട്ടി. യുവാവായിരുന്നെങ്കിലും വൃദ്ധനെപ്പോലെ ശോഷിച്ചിരുന്നു. ജീലാനി(റ) അയാളുടെ അടുത്ത് ചെന്ന് സലാം പറഞ്ഞ് യുവാവിനെ എഴുന്നേല്‍പ്പിച്ചു. യുവാവ് ഊര്‍ജ്ജ സ്വലനായി എഴുന്നേറ്റിരുന്നു. അമ്പരന്ന ഗൗസുല്‍ അഅഌ ചോദിച്ചു. താങ്കള്‍ ആരാണ്?. യുവാവ് പറഞ്ഞു. ഞാന്‍ പരിശുദ്ധ ദീനുല്‍ ഇസ്ലാമാണ്. എന്നെ പരിചരിക്കാന്‍ ആളില്ലാതെ ഊര്‍ദ്ധ ശ്വാസം വലിച്ച് കിടക്കുകയായിരുന്നു. ഇപ്പോള്‍ അങ്ങ് എനിക്ക് പുതുജീവന്‍ നല്‍കി. താങ്കള്‍ ദീനിനു ജീവന്‍ നല്‍കിയവനാണ്. താങ്കള്‍ മുഹിയുദ്ദീന്‍ ആണ്. മുഹിയുദ്ദീന്‍ (റ) നടന്നു നീങ്ങി.
വിദ്യാഭ്യാസം.
ഉയര്‍ന്ന നിശ്ചയ ദാര്‍ഢ്യത്തോടെ ഉന്നതമായ നീതി ബോധത്തോടെയായിരുന്നു ജീലാനി(റ) ബഗ്ദാദിന്റെ ഭൂമികയിലെത്തിയത്. ചെറുപ്പത്തില്‍ തന്നെ താന്‍ ഉന്നതനും ഉല്‍കൃഷ്ട വ്യക്തിത്വവുമാണെന്നതിന്റെ സൂചനകള്‍ ജീലാനി(റ) ല്‍ നിന്ന് വെളിവായിരുന്നു. ബഗ്ദാദിലെത്തിയ ശേഷം അവര്‍ അതീവ താല്‍പര്യത്തോടെ വിദ്യ നുകരാന്‍ തുടങ്ങി. ഇബാദത്തിനോടുളള അദമ്യമായ ആഗ്രഹം ഇല്‍മിന്റെ വഴികളില്‍ ഒരിക്കലും തടസ്സം സൃഷ്ടിച്ചില്ല. ആലിമിന്റെയും ആബിദിന്റെയും മേന്‍മകള്‍ ജീലാനി(റ) ല്‍ നിന്ന് ചെറുപ്പത്തിലേ പ്രകടമായിരുന്നു. അത്യാവശ്യവും പരിമിതവുമായ അളവില്‍ ഒതുക്കി നിര്‍ത്താതെ അക്കാലത്ത് പ്രചാരത്തിലുണ്ടായ എല്ലാ വിജ്ഞാനങ്ങളിലും ജീലാനി(റ) തന്റെ വ്യക്തി മുദ്ര പതിപ്പിക്കുകയും തല്‍ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം കരസ്ഥമാക്കുകയും ചെയ്തു.
അക്കാലത്തെ ഇസ്ലാമിക ലോകത്തെ മഹാന്‍മാരായിരുന്നു അവരുടെ ഗുരുക്കന്‍മാര്‍. അബുല്‍ വഫ ഇബ്‌നു ഉഖൈല്‍(റ), അബൂ സകരിയ്യ തബിരീസി(റ), മുഹമ്മദുല്‍ ഹസനില്‍ ബാഖില്ലാനി(റ), തുടങ്ങിയ മഹാ മനീഷികള്‍ ബഗ്ദാദില്‍ മഹാനവര്‍കളുടെ ഗുരുക്കന്‍മാരായിരുന്നു. ശൈഖ് അബുല്‍ ഖൈര്‍ ഹമ്മാദുബ്‌നു മുസ്്‌ലിമുദ്ദബാസില്‍ നിന്നാണ് അദ്ദേഹം ആത്മീയ ലോകത്തേക്കുളള വഴി (ത്വരീഖത്ത്) സ്വീകരിച്ചത്. ഖാസി അബൂ സഈദുല്‍ മഖ്‌റമിയെ സമീപിച്ച് അവര്‍ ആത്മീയ ജ്ഞാനം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ആത്മീയ ലോകത്തേക്കുളള പ്രയാണം ആരംഭിക്കുകയും ചെയ്തു.
ജീലാനിയുടെ സന്ദേശം.
വിശ്വാസി ജീവിതത്തില്‍ പകര്‍ത്തേണ്ട നിരവധി ഗുണങ്ങള്‍ ജീവിതത്തിലൂടെ ജീലാനി മാനവികതക്ക് പകര്‍ന്നു തന്നിട്ടുണ്ട്. മനുഷ്യ കുലത്തെ നിയന്ത്രിച്ചിരുന്ന അവര്‍ക്ക് ആത്മീയ നേതൃത്വം നല്‍കിയിരുന്ന ഉന്നത വ്യക്തിത്വമായിരുന്നെങ്കിലും സാധാരണക്കാരെപ്പോലെ അവര്‍ക്കൊപ്പമായിരുന്നു ജീലാനി(റ) ജീവിച്ചിരുന്നത്. ലളിതമായ ജീവിതവും പാവങ്ങളോടുളള ആഭിമുഖ്യവും കറാമത്തുകള്‍ നിറഞ്ഞ അധ്യാത്മിക ജീവിതവും വന്‍ജനപ്രവാഹങ്ങള്‍ പങ്കു കൊണ്ട വൈജ്ഞാനിക ജീവിതവും ജീലാനി(റ) വിനെ തികഞ്ഞ ഒരു പണ്ഡിതനാക്കിത്തീര്‍ത്തു. പാണ്ഡിത്യത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴും പൊതുജനങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും കയ്യൊഴിഞ്ഞു കൊണ്ടുളള ഒരു ജീവിതമായിരുന്നില്ല ജീലാനി(റ) വിന്റേത്. ഇത്തരം സവിശേഷ ഗുണങ്ങള്‍ ആധുനിക പണ്ഡിത സമൂഹത്തിനും നേതൃത്വത്തിനും കൈമോശം വന്നു കൊണ്ടിരിക്കുമ്പോള്‍ ഇസ്ലാമിക ലോകത്ത് അവരെ വ്യതിരക്തനാക്കി നിര്‍ത്തിയ ആ ഗുണങ്ങള്‍ വായനാ വിധേയമാവേണ്ടതുണ്ട്.
ലളിതമായ ജീവിതം
ഉന്നത സ്ഥാനത്തിന്റെ ഉടമയായിരുന്നെങ്കിലും ശൈഖ് ജീലാനി വിനയാന്വിതനായിരുന്നു. അവര്‍ ചെറിയവരുടെയും ഭൃത്യന്‍മാരോടും സഹവസിക്കുമായിരുന്നു. ദരിദ്രരുടെ കൂടെ ഇരിക്കും. അവരുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കും. പ്രമുഖരെയും ഭരണാധികാരികളെയും കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാറില്ല. മന്ത്രിയുടെയോ സുല്‍ത്താന്റെയോ കവാടത്തില്‍ അദ്ദേഹം ഒരിക്കലും പോയില്ല. ഖലീഫയോ മന്ത്രിയോ വീട്ടില്‍ വന്നു കയറുമ്പോള്‍ ശൈഖ് പുറത്തുപോകുമായിരുന്നു. അവര്‍ക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അവരുടെ ഉല്‍കൃഷ്ട സ്വഭാവം, ഉയര്‍ന്ന മനോദാര്‍ഢ്യം, വിനയം, ഉദാരത, അര്‍പ്പണ ബോധം തുടങ്ങിയവയുടെ ഉത്തമ നിദര്‍ശനങ്ങളാണ് സമകാലിക പണ്ഡിതരുടെ ഏക സ്വരത്തിലുളള സാക്ഷ്യങ്ങളും ജനസംസാരങ്ങളും.
ഹാഫിസ് മുഹമ്മദുബ്‌നു യൂസഫ് ബര്‍സാലി എഴുതുന്നു: പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നവര്‍, പെട്ടെന്ന് കണ്‍തടങ്ങള്‍ നിറയുന്നവര്‍, സദാ ദിക്‌റ് ചെല്ലുന്നവര്‍, കൂടുതല്‍ ചിന്തിക്കുന്നവര്‍, ലോല ഹൃദയമുളളവര്‍, എപ്പോഴും പ്രസന്ന ഭാവം പ്രകടിപ്പിച്ചവര്‍, മഹാമനസ്‌കന്‍ ഇതെല്ലാമായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ).
പാവങ്ങളുടെ സംരക്ഷകന്‍.
പാവപ്പെട്ടവര്‍ക്കും ആപത്തിലകപ്പെട്ടവര്‍ക്കും ഭക്ഷണം നല്‍കുന്നതിലും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ശൈഖ് ജീലാനി(റ) അതിയായ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അല്ലാമാ അന്നജ്ജാര്‍ അദ്ദേഹത്തിന്റെ താരീഖില്‍ രേഖപ്പെടുത്തുന്നു: 'ജുബ്ബാഇ പറഞ്ഞു: ശൈഖ് അബ്ദുല്‍ഖാദിര്‍ പറഞ്ഞു: 'എല്ലാ അമലുകളെയും ഞാന്‍ പരിശോധിച്ചു. മറ്റുളളവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനേക്കാള്‍ ശ്രേഷ്ടമായ, സല്‍ സ്വഭാവത്തേക്കാള്‍ ഉല്‍കൃഷ്ടമായ മറ്റൊന്നും ഞാന്‍ കണ്ടെത്തിയില്ല. ലോകം മുഴുവന്‍ എന്റെ കയ്യിലായിരുന്നെങ്കില്‍ അതു കൊണ്ട് വിശക്കുന്നവനെ ഭക്ഷിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ കൈ തുളക്കപ്പെട്ടതാണ്. അത് ഒന്നിനെയും പിടിച്ചു നിര്‍ത്തുകയില്ല. എനിക്കം ആയിരം ദീനാര്‍ കിട്ടിയാല്‍ എന്റെ കൈവശം അത് തങ്ങുകയില്ല'.
സാമൂഹിക സേവന പാതയിലേക്ക്.
ഇല്‍മിന്റെ വഴിയില്‍ ദീര്‍ഘ കാലം തപസ്സിരുന്ന ശേഷം മഹാനവര്‍കള്‍ താന്‍ അഭ്യസിച്ച വിദ്യ സമൂഹത്തിന് സമര്‍പ്പിക്കാനും അതിലൂടെ അവരെ സംസ്‌കരിക്കാനും വേണ്ടി ജനമധ്യത്തിലേക്കിറങ്ങി. അക്കാലത്ത് ബഗ്ദാദ് നഗരത്തിന്റെയും മുസ്്‌ലിം ലോകത്തിന്റെയും അവസ്ഥ താരതമ്യേന പരിതാപകരമായിരുന്നു. ഒരു പരിഷ്‌കര്‍ത്താവിന്റെയും നവോത്ഥാന നായകന്റെയും വരവിനായി മുസ്്‌ലിം ലോകം കാത്തിരുന്നപ്പോഴായിരുന്നു ജീലാനി(റ) മുസ്്‌ലിംകളുടെ ആത്മീയ ദാഹം ശമിപ്പിക്കാനായി അവതരിച്ചത്. ഇസ്ലാമിന്റെ നേതൃത്വവും ഇല്‍മിന്റെ നേതൃത്വവും അവരില്‍ എല്ലാ അര്‍ത്ഥത്തിലും പ്രകടമായിരുന്നു. ബാബുല്‍ അസജില്‍ സ്ഥാപിക്കപ്പെട്ട ഒരു ചെറിയ മതപാഠശാലയുടെ നേതൃത്വം അവര്‍ ഏറ്റെടുത്തു. അങ്ങനെ സമൂഹത്തിന്റെ വേദനകള്‍ മനസ്സിലാക്കാനും അവര്‍ക്കാവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും തുടങ്ങി. ശൈഖിന്റെ ആത്മീയോപദേശങ്ങളുടെ പ്രസിദ്ധി നാടൊട്ടുക്കും വ്യാപിക്കുകയും അങ്ങനെ വിദൂര കേന്ദ്രങ്ങളില്‍ നിന്നു പോലും ജനങ്ങള്‍ ഉപദേശ സദസ്സുകളില്‍ പങ്കാളികളാവാന്‍ ബാബുല്‍ അസജിലെത്തുകയും ചെയ്തു.
കാലത്തിന്റെ ആവശ്യകതകളെ തിരിച്ചറിഞ്ഞ് ജീലാനി(റ) പാഠശാലയെ വിപുലീകരിക്കുകയും ഹി:528ല്‍ പാഠശാലയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു. ബഗ്ദാദിലെ ധനികന്‍മാരും ദരിദ്രരും ഈ പാഠശാലയുടെ നിര്‍മാണത്തിനായി ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ചിരുന്നു. ധനികര്‍ സമ്പത്തും ദരിദ്രര്‍ അവരുടെ അധ്വാനവും പാഠശാലയുടെ നിര്‍മ്മാണത്തിനായി ചെലവഴിച്ചു. ഈ പാഠശാലയിലിരുന്ന് ജീലാനി(റ) വഅഌനും സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അങ്ങനെ ഇറാഖിലെ പ്രബോധനസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ശൈഖ് ജീലാനിയുടെ കരങ്ങളിലര്‍പ്പിതമായി. ജനസാഗരങ്ങള്‍ ജീലാനി(റ) ന്റെ ഉപദേശങ്ങള്‍ ശ്രവിക്കാനായി ബഗ്ദാദിലേക്കണഞ്ഞു. ഖലീഫമാരും സുല്‍ത്താന്‍മാരും ഏകാധിപതികളും ജീലാനി(റ)ന്റെ പ്രഭാവത്തെ ബഹുമാനിക്കാനും ഭയപ്പെടാനും തുടങ്ങി. അവരുടെ പ്രസംഗ സദസ്സുകളില്‍ ശ്രോതാക്കളായി എത്തിയിരുന്ന രാജാക്കന്‍മാരും ഖലീഫമാരും മന്ത്രിമാരുമൊക്കെ അച്ചടക്കത്തോടെ സാധാരണക്കാരെപ്പോലെ സദസ്സുകളില്‍ ഉപവിഷ്ടരാവുകയും ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുകയും ചെയ്തു. ശൈഖ്(റ)ന്റെ സദസ്സുകളില്‍ എണ്ണമറ്റ പണ്ഡിതര്‍ പങ്കെടുത്തിരുന്നു എന്ന് ചരിത്രം പറയുന്നു. അങ്ങനെ ഉത്തമനായ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ ജീലാനി(റ)വില്‍ ബഗ്ദാദ് നഗരവും മുഴുവന്‍ ലോകവും ദര്‍ശിച്ചു.
ജീലാനിയുടെ പഠന സദസ്സുകള്‍.
മുസ്ലിം ലോകത്തെ ആത്മീയ നേതൃത്വം അളളാഹു ശൈഖ് ജീലാനിക്ക് സജ്ജമാക്കിക്കൊടുത്തു. അബ്ബാസി സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയും മുസ്ലിം ലോകത്തിന്റെ ഹൃദയവുമായ ബഗ്ദാദിനെ ഇതിനു വേണ്ടി അവര്‍ തെരഞ്ഞെടുത്തു. ശൈഖ് ജീലാനി(റ) പറയുന്നു: എന്റെ സംസാരം കേള്‍ക്കാനായി രണ്ടോ മൂന്നോ പേര്‍ എന്റെ സദസ്സില്‍ ഇരിക്കുമായിരുന്നു. പിന്നീട് അനേകം പേര്‍ വിവരം പരസ്പരം കൈമാറുകയും എന്റെ സദസ്സിലേക്കൊഴുകുകയും ചെയ്തു. ബാബുല്‍ ഹല്‍ബയിലെ മുസല്ലയിലായിരുന്നു ഞാന്‍ ഇരുന്നത്. സ്ഥലം മതിയാകാതെ വന്നപ്പോള്‍ അടുപ്പുകള്‍ക്കിടയിലെ കട്ടിലുകള്‍ക്കുളളിലേക്ക് അവര്‍ കസേരകള്‍ കൊണ്ടു വെച്ചു. കുതിര, ഒട്ടകം, കോവര്‍ കഴുത, തുടങ്ങിയ വാഹനങ്ങളില്‍ കയറി ജനങ്ങള്‍ എന്റെ സദസ്സില്‍ എത്തിച്ചേര്‍ന്നിരുന്നു. എഴുപതിനായിരത്തോളം പേര്‍ എന്റെ സദസ്സില്‍ പങ്കെടുക്കുമായിരുന്നു.
ശൈഖ് ജീലാനിയുടെ സദസ്സുകള്‍ ഉപകാര പ്രദവും ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്നതുമായിരുന്നു.ശൈഖ് ഉമറുല്‍ കൈസാനി പറയുന്നു: ജൂതക്രിസ്ത്യാനികളില്‍ നിന്ന് ഇസ്ലാം മതം സ്വീകരിക്കുന്നവര്‍, വഴികൊളളക്കാര്‍, കൊലയാളികള്‍, കുറ്റവാളികള്‍ തുടങ്ങിയവരില്‍ നിന്ന് പശ്ചാതപിച്ചു മടങ്ങുന്നവര്‍ തുടങ്ങിയവരാല്‍ സമൃദ്ധമായിരുന്നു ജീലാനി(റ) ടെ സദസ്സുകള്‍. സംസ്‌കരണം തന്റെ ദൗത്യമാണെന്ന് ജീലാനി(റ) വിശ്വസിച്ചിരുന്നു. ഒരു സഭയില്‍ അവര്‍ പറഞ്ഞു: ജനങ്ങളെ ഉപദേശിക്കണമെന്ന ചിന്ത എന്റെ ഹൃത്തടത്തില്‍ തോന്നിച്ചു തന്ന, അതിനെ എന്റെ പ്രധാന ചിന്തയാക്കിയ അളളാഹു എത്ര പരിശുദ്ധന്‍.
ജീലാനിയുടെ ആത്മീയ ലോകം.
അളളാഹുവില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു ശൈഖ് ജീലാനിയുടേത്. അളളാഹുവിന്റെ വിധികളില്‍ സംതൃപ്തരാവാന്‍ അനുയായി വൃന്ദത്തെ അവര്‍ ഉപദേശിക്കുകയും അത്തരം ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. അനുവദനീയമായ രൂപത്തില്‍ ദുന്‍യാവ് ആസ്വദിക്കുന്നതില്‍ അവര്‍ അരുതായ്മകള്‍ കണ്ടിരുന്നില്ല. ദുന്‍യാവിനു വേണ്ടി ജീവിക്കുന്നതും അത്യാര്‍ത്തിയോടെ ദുന്‍യാവിന്റെ സുഖങ്ങളില്‍ മുഴുകുന്നതും അവര്‍ വെറുക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്തു. അനുസരിപ്പിക്കുന്ന യജമാനനെപ്പോലെ മനുഷ്യന്‍ ദുന്‍യാവിനോട് ഇടപെടണം. അനുസരിക്കുന്ന അടിമയെപ്പോലെ ഇടപെടരുത് എന്നായിരുന്നു ജീലാനിയുടെ ദര്‍ശനം. വീട്ടില്‍ ദുന്‍യാവ് ഇടംപിടിക്കുന്നതിനെ എതിര്‍ക്കാതെ മനസ്സില്‍ ദുന്‍യാവ് ഇടംപിടിക്കലിനെ എതിര്‍ത്ത യോഗീവര്യനായിരുന്നു ജീലാനി(റ).
അധ്വാനിക്കാതെ അന്യനെ ആശ്രയിച്ചു കഴിഞ്ഞു കൂടുന്ന ജീവിതത്തെ ജീലാനി(റ) നിരന്തരം എതിര്‍ത്തിരുന്നു. അനുവദനീയമായ സമ്പത്ത് കൊണ്ട് ഇബാദത്തിന് സഹായമഭ്യര്‍ത്ഥിക്കാനും ഹലാല്‍ ഭക്ഷിക്കുന്ന അനുസരണയുളള അടിമയായി മാറാനും അവര്‍ അനുയായികളോട് നിരന്തരം ആഹ്വാനം ചെയ്തു. സുഖാഡംബരങ്ങളില്‍ മുഴുകി മതത്തെയും മതധര്‍മ്മങ്ങളെയും കാറ്റില്‍ പറത്തി ഇസ്ലാമിക അവകാശങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രം മുസ്്‌ലിമായി ജീവിക്കുന്ന കപടന്‍മാരെ അവര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ' കപടന്‍മാരെ ദീന്‍ രാക്കഥയാണെന്നും ദീനീ കാര്യങ്ങള്‍ വെറുതെയാണെന്നും നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നിങ്ങള്‍ക്കും പിശാചുക്കള്‍ക്കും നിങ്ങളുടെ കപടന്‍മാരായ കൂട്ടുകാര്‍ക്കും സദാ നാശം ഭവിക്കട്ടെ.അളളാഹുവേ, നീ എന്റെയും അവരുടെയും പാപമോചന പ്രാര്‍ത്ഥനകള്‍ സ്വീകരിക്കൂ, കാപട്യത്തില്‍ നിന്നും നിന്ദ്യതയില്‍ നിന്നും അവരെ രക്ഷിക്കൂ'. ജീലാനി(റ) നിരന്തരമായി പറയാറുണ്ടായിരുന്ന വാക്കുകളാണിവ.
അമാനുഷികതയുടെ അല്‍ഭുത ലോകം.
ശൈഖ് ജീലാനിയുടെ കറാമത്തുകള്‍ ധാരാളമാണെന്നതില്‍ ചരിത്ര പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. 'മുഗ്്‌നി'യുടെ കര്‍ത്താവ് ശൈഖ് മുവഫ്ഫുഖുദ്ദീന്‍ പറയുന്നു:ശൈഖ് അബ്ദുല്‍ ഖാദിറിനേക്കാള്‍ കറാമത്തുകള്‍ ഉദ്ധരിക്കപ്പെട്ട ആരെയും ഞാന്‍ കേട്ടിട്ടില്ല. ശൈഖ് ഇസ്സുദ്ദീന്‍ ഇബ്‌നു അബ്ദിസ്സലാം പറയുന്നു. ജീലാനിയുടെ കറാമത്തുകളുടെ ആധികാരികതയില്‍ പണ്ഡിതന്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടേയില്ല.
ഊഷരമായ മനസ്സുകളെയും ഹൃദയങ്ങളെയും ശാദ്വലമാക്കി അവയെ നേരിന്റെ പാതയിലേക്ക് നയിക്കലായിരുന്നു ശൈഖിന്റെ ഏറ്റവും വലിയ കറാമത്ത്. വഴിപിഴച്ച മനസ്സുകളില്‍ അവരുടെ ഐന്ദ്രജാലികമായ വാക്കുകള്‍ അണഞ്ഞു പോയ ദൈവഭയത്തിന്റെ തീക്കനലുകളെ ആളിക്കത്തിച്ചു കൊണ്ടേയിരുന്നു. ശൈഖിന്റെ ഉപദേശങ്ങളും സംസ്‌കരണ പ്രവര്‍ത്തനങ്ങളും നിമിത്തം മനുഷ്യ ഹൃദയങ്ങളില്‍ ഈമാനിന്റെ കാറ്റ് അടിച്ചു വീശി. അണഞ്ഞു പോയ മനസ്സുകള്‍ ഉന്‍മേഷഭരിതമായി.
ശൈഖ് ജീലാനി(റ) തന്റെ മക്കളോട് പറഞ്ഞു. എന്റെ ചുറ്റുമുളളവരെ നിങ്ങള്‍ ദൂരെയാക്കുക. ബാഹ്യമായി ഞാന്‍ നിങ്ങളുടെ കൂടെയാണ്. ആന്തരികമായി മറ്റുളളവരുടെ കൂടെയാണ്. എന്റെയടുത്ത് നിങ്ങളല്ലാത്ത പലരും വന്നിട്ടുണ്ട്. അവര്‍ക്ക് സൗകര്യങ്ങള്‍ ചെയതു കൊടുക്കൂ. അവരോട് മര്യാദയോടെ പെരുമാറൂ. ഇവിടെ വലിയ അനുഗ്രഹമുണ്ട്. നിങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
ജീലാനി(റ) പറഞ്ഞു: എന്റെയും നിങ്ങളുടെയും മറ്റു സൃഷ്ടികളുടെയും ഇടയില്‍ ആകാശഭൂമികളുടെ അകലമുണ്ട്. ആരോടും നിങ്ങള്‍ എന്നെ തുലനം ചെയ്യരുത്. വേദനയെപ്പറ്റിയും രോഗാവസ്ഥയെപ്പറ്റിയും മകന്‍ അബ്ദുല്‍ അസീസ് ചോദിച്ചപ്പോള്‍ ശൈഖ് പറഞ്ഞു: ഒന്നിനെപ്പറ്റിയും ആരും എന്നോട് ചോദിക്കരുത്. അളളാഹുവിന്റെ ഇല്‍മില്‍ മുഴുകുകയാണ് ഞാന്‍.
ശാരീരികമായി എന്താണ് നിങ്ങളെ വേദനിപ്പിക്കുന്നത് എന്ന് മകന്‍ അബ്ദുല്‍ ജബ്ബാര്‍ ചോദിച്ചപ്പോള്‍ ശൈഖ് പറഞ്ഞു: 'ഹൃദയമൊഴികെ എല്ലാ അവയവും എന്നെ വേദനിപ്പിക്കുന്നു. ഹൃദയത്തിന് ഒരു വേദനയുമില്ല. അത് അളളാഹുവോട് ശരിയായ ബന്ധത്തിലാണ്.' പിന്നീട് അവരുടെ മരണം സംഭവിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: 'ഈ വചനം കൊണ്ടാണ് ഞാന്‍ സഹായം തേടുന്നത്; അളളാഹു അല്ലാതെ ഒരാരാധ്യനുമില്ല. അവന്‍ പരിശുദ്ധനാണ്. ഉന്നതനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. അവന്‍ മരിക്കുകയില്ല. നഷ്ടത്തെ ഭയപ്പെടുകയില്ല. പരമശക്തി കൊണ്ട് പ്രതാപിയായ, അടിമകളെ മരണം കൊണ്ട് അടക്കി ഭരിക്കുന്ന അളളാഹു എത്ര പരിശുദ്ധന്‍. ലാ ഇലാഹ ഇല്ലല്ലാഹ്'.ഇതോടെ ശൈഖിന്റെ ആത്മാവ് അന്ത്യയാത്രയായി.
സുന്നീ നായകന്‍.
വിജ്ഞാന പ്രചാരണത്തിനും ആദര്‍ശപ്രചാരണവും ജീവിതദൗത്യമായി കണ്ടതു കൊണ്ടു തന്നെ ബിദ്അത്തുകാര്‍ക്കെതിരെ ജീലാനി(റ) നിരന്തരം പോരാടിയിരുന്നു. അഖീദയിലും ഇസ്ലാമിക ശരീഅത്തിന്റെ കാര്യങ്ങളിലും അവര്‍ മുന്‍ഗാമികളായ പണ്ഡിതരെ പിന്തുടര്‍ന്നു. വിവിധ വിജ്ഞാന ശാഖകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു ആ മഹാ പണ്ഡിതന്. പതിമൂന്നിനം വിജ്ഞാന ശാഖകളില്‍ അവര്‍ ക്ലാസ് നടത്തുമായിരുന്നു. പാഠശാലയില്‍ വെച്ച് തഫ്‌സീറിലും ഹദീസിലും മദ്ഹബിലും വ്യത്യസ്ത പാഠങ്ങള്‍ അനുയായികള്‍ ശൈഖവര്ഡകളില്‍ നിന്ന് പകര്‍ത്തുമായിരുന്നു. ശാഫിഈ, ഹമ്പലി, മദ്ഹബുകളനുസരിച്ചായിരുന്നു അവര്‍ കര്‍മ്മ ശാസ്ത്ര വിഷയങ്ങളില്‍ വിധികള്‍ നല്‍കിയിരുന്നത്. കര്‍മ്മ ശാസ്ത്ര നിലപാടുകള്‍ പണ്ഡിതന്‍മാരെ ഹഠാദാകര്‍ഷിച്ചിരുന്നു.വ്യാജ ത്വരീഖത്തുക്കള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപ്പിക്കുകയും ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്ത പണ്ഡിതനായിരുന്നു ശൈഖ് ജീലാനി(റ). മുഅ്മിനീങ്ങളോട് പ്രത്യേക വാല്‍സല്യം പുലര്‍ത്താനും സല്‍സ്വഭാവത്തോടെ അവരെ സമീപിക്കാനും ജീലാനി(റ) പ്രത്യേക വാല്‍സല്യമായിരുന്നു എന്ന് ചരിത്രം പറയുന്നു.ഹിജ്‌റ 561ല്‍ തൊണ്ണൂറാം വയസ്സിലായിരുന്നു യുഗപ്രഭാവനായ ആ അധ്യാത്മികാചാര്യന്റെ വിയോഗം. ഇസ്ലാമിക സമൂഹത്തിന് അതുല്യമായ ദര്‍ശനങ്ങള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു ആ വലിയ ജീവിതത്തിന് അന്ത്യമായത്.
മുഹിയുദ്ദീന്‍ മാല; ജീലാനീ സ്തുതിയുടെ അമരകാവ്യങ്ങള്‍.
മുസ്ലിം കൈരളിയുടെ സാഹിത്യചരിത്ത്രില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്തു കിടക്കുന്ന വചസ്സുകളാണ് ഖാളി മുഹമ്മദ് രചിച്ച മുഹിയുദ്ദീന്‍ മാല.ഗൗസുല്‍ അഅഌ(റ)ന്റെ കറാമത്തുകളും അമാനുഷിക പ്രവര്‍ത്തനങ്ങളും സര്‍വ്വോപരി അവരുടെ മഹത്തങ്ങളും കാവ്യഗീതികളായി വിവരിക്കുന്നു മുഹിയുദ്ദീന്‍ മാലയില്‍ അഹ്്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിമര്‍ശകര്‍ സുന്നത്ത് വിരോധത്തിന്റെ പേരില്‍ അന്ധമായി മുഹിയുദ്ദീന്‍ മാലയെയും എതിര്‍ക്കുന്നു.പുത്തന്‍വാദികള്‍ അനുവദനീയമായതിനെ നിഷിദ്ധമാക്കുകയും നിഷിദ്ധമായവയെ അനുവദനീയമാക്കുകയും ചെയ്യുന്ന പുത്തന്‍വാദികളുടെ പതിവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മുഹിയുദ്ദീന്‍ മാലക്ക് നേരെ ഉയരുന്ന ആരോപണവും. പ്രവാചകന്‍മാരെ സ്മരിക്കല്‍ ആരാധനയും സച്ചരിതരെ സ്മരിക്കല്‍ പശ്ചാത്താപവുമാണെന്നാണ് പണ്ഡിത മതം. അതു കൊണ്ടു തന്നെ അത്യുത്തമനായ മുഹിയുദ്ദീന്‍ ജീലാനിയെ സ്മരിക്കലും അവരുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തലും സല്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ജീലാനിയെന്ന അമര വ്യക്തിത്തത്തെ വായിക്കലും അവരുടെ നന്‍മകള്‍ ജീവിതത്തില്‍ പകര്‍ത്തലും വിശ്വാസിയുടെ ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. അളളാഹു ആ മഹാന്റെ ആത്മീയ പാത പിന്തുടര്‍ന്ന് ജീവിക്കുന്നവരുടെ കൂട്ടത്തില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ...ആമീന്‍.
No comments:
Post a Comment