Thursday, March 15, 2012

സമസ്‌ത കാവല്‍നിന്ന എണ്‍പത്തഞ്ച്‌ വര്‍ഷങ്ങള്‍

സമസ്‌ത കാവല്‍നിന്ന എണ്‍പത്തഞ്ച്‌ വര്‍ഷങ്ങള്‍

മന്‍സൂര്‍ ഹുദവി പാതിരമണ്ണ


സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ, അതിന്റെ പ്രവര്‍ത്തന വഴിയില്‍ കര്‍മ്മനിരതയുടെ 85 ആണ്ടുകള്‍ പിന്നിടുകയാണ്‌. തുടര്‍ന്നുള്ള പ്രയാണത്തിന്‌ കൂടുതല്‍ ഊര്‍ജ്ജവും ആവേശവും നേടിയെടുക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കൂരിയാടില്‍ സംഗമിക്കുമ്പോള്‍ ഗതകാല പ്രയാണത്തിലെ സ്‌മൃതി പഥങ്ങളെ ഓര്‍ത്തെടുക്കുന്നത്‌ നന്നായിരിക്കും

വിശുദ്ധ ഖുര്‍ആന്‍ അടിസ്ഥാന പ്രമാണമായി കാണുകയും ഏകദൈവ വിശ്വാസം അടിസ്ഥാന തത്വമായി അംഗീകരിക്കുകയും ചെയ്യുന്ന മതമാണ്‌ ഇസ്‌ലാം. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ മുമ്പ്‌ തന്നെ ഇസ്‌ലാം നിലനില്‍ക്കുന്നുണ്ട്‌. ലോക സ്രഷ്‌ടാവായ അല്ലാഹുവിന്റെ നിര്‍ബന്ധ വിശേഷണങ്ങളില്‍ പെട്ടതാണ്‌ അവന്റെ ഏകത്വം. ഈ ഒരു വിശ്വാസമായിരുന്നു മനുഷ്യര്‍ക്കിടയില്‍ പ്രഥമമായി ഉണ്ടായിരുന്നത്‌. ഏകദൈവ വിശ്വാസത്തിന്‌ പല ഘട്ടങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്‌. ആദം നബി (അ) സ്വര്‍ഗത്തിലായിരുന്നപ്പോള്‍ തൗഹീദിന്റെ ഇടം അവിടെയായിരുന്നു. ഭൂമിയിലെ പ്രഥമ മനുഷ്യനായി അദ്ദേഹം ഭൂമിയില്‍ വന്നപ്പോള്‍ ഭൂമിയിലും തൗഹീദിന്റെ പ്രചാരണം തുടങ്ങി. പില്‍കാലത്ത്‌ പല കാലങ്ങളിലും പല സമൂഹങ്ങളിലുമായി നിയുക്തരായ പ്രവാചകന്മാരുടെ ദൗത്യവും തൗഹീദീ പ്രചാരണമായിരുന്നു. പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായിരുന്ന മുഹമ്മദ്‌ നബിയും ഏറ്റെടുത്തത്‌ ബഹുദൈവ വിശ്വാസങ്ങളില്‍ നിന്നും പൂജകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക എന്നതായിരുന്നു. മുഹമ്മദ്‌ നബിയുടെ വഫാത്തിന്‌ ശേഷവും പണ്ഡിതന്റെ ശ്രേഷ്‌ഠമായ ദൗത്യം പൂര്‍ണ്ണമായും തൗഹീദിനെ ഉള്‍കൊളളുന്ന മത പ്രബോധനം നിര്‍വ്വഹിക്കുക എന്നതായിരുന്നു. ഇസ്‌ലാമിക സന്ദേശം ദേശഭാഷാ തിര്‍ത്തികള്‍ ഭേദിച്ച്‌ സര്‍വ്വ പ്രദേശങ്ങളിലേക്കും വ്യാപിച്ചപ്പോഴും അടിസ്ഥാനമായി പ്രചരിച്ചിരുന്നത്‌ അതിലെ വിശ്വാസം തന്നെയായിരുന്നു. മുഹമ്മദ്‌ നബി(സ) തങ്ങളുടെ കാലത്ത്‌ സ്‌പഷടവും നിസ്‌തര്‍ക്കവുമായി നിയമമാക്കപ്പെട്ട വിശ്വാസം തന്നെയാണ്‌ ഇസ്‌ലാമിന്റെ പേരില്‍ എക്കാലത്തും പ്രബലമായി നിന്നിരുന്നത്‌. പൊതുധാരയില്‍ നിന്ന്‌ വികല വിശ്വാസങ്ങളുമായി മാറിനില്‍ക്കുന്ന ഒരു വിഭാഗം എക്കാലത്തും ഉണ്ടായിരുന്നു. കൃത്യമായ ആശയങ്ങളോ ആദര്‍ശങ്ങളോ മാനദണ്‍ഡങ്ങളോ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു കാലത്തും ഉണ്ടായിരുന്നില്ല, കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ അവ അനുസ്യൂതം മാറ്റങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരുന്നു.

നിരന്തരം മാറ്റങ്ങള്‍ക്ക്‌ വിധേയമാവുക എന്നത്‌ മതകീയ പ്രസ്ഥാനങ്ങളുടെ ചര്യയോട്‌ നിരക്കുന്നതല്ല. ഇസ്‌ലാമില്‍ അതൊരിക്കലും സാധ്യവുമല്ല. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദൗത്യവും ഇവിടെയാണ്‌ പ്രസക്തമാകുന്നത്‌. നിലനില്‍ക്കുന്ന മതകീയമായ വിശ്വാസങ്ങളും ആചാരങ്ങളും പലതും ഇസ്‌ലാം അംഗീകരിക്കാത്ത ബിദ്‌അത്ത്‌ ആണെന്ന്‌ ചിലര്‍ വാദ മുന്നയിച്ചപ്പോഴാണ്‌ സമസ്‌ത ജന്മമെടുത്തത്‌. പിന്നീട്‌ അതൊരു സംഘടിത രൂപം സ്വീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.

മുസ്‌ലിം മനസ്സുകളെ സ്വാധീനിക്കാന്‍ മത വിഷയങ്ങള്‍ ആധുനിക ലോകത്തിനനുസരിച്ച്‌ ഒരു മത നവീകരണ പ്രവണത അറബ്‌ ലോകത്ത്‌ സംജാതമാവുകയുണ്ടായി. തുര്‍ക്കിയില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമിക ഖിലാഫത്ത്‌ (ഈ ഭരണം പാരമ്പര്യ ഇസ്‌ലാമിക വിശ്വാസത്തില്‍ അധിഷ്‌ഠിതമായിരുന്നു) തകര്‍ക്കുക എന്നത്‌ പടിഞ്ഞാറന്‍ ശക്തികളുടെ ആവശ്യമായിരുന്നു. അതിനവര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ കൂട്ടത്തില്‍ മതകീയമായ ഭിന്നിപ്പ്‌ ഉണ്ടാക്കാനും അവര്‍ ശ്രമിച്ചു. ഇസ്‌ലാമിക ഖിലാഫത്തിനോട്‌ തര്‍ക്കിച്ച്‌ നിന്നിരുന്ന അറബ്‌ നാടുകളില്‍ പല തരത്തിലുമുള്ള ഇസ്‌ലാമിക ആശയങ്ങള്‍ തല പൊക്കിയത്‌ ഇങ്ങനെയാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ലോകത്ത്‌ പ്രചരിച്ച മുഴുവന്‍ നവീന വാദങ്ങളുടെയും ഉറവിടം അറേബ്യയോ ബ്രിട്ടീഷ്‌ കോളനികളോ ആണ്‌. നവീന പ്രസ്ഥാനങ്ങള്‍ക്ക്‌ പിന്നിലെ ബ്രിട്ടീഷ്‌ സ്വാധീനം ഇവിടെ നിന്ന്‌ വായിച്ചെടുക്കാവുന്നതാണ്‌.

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന ആശയത്തിന്‌ കേരളത്തില്‍ തുടക്കം കുറിക്കുന്നത്‌ ഈ ഒരു പശ്ചാത്തലത്തിലാണ്‌. ജനങ്ങളെ തമ്മില്‍ തര്‍ക്കിക്കാന്‍ വിട്ട്‌ കൊളോണിയല്‍ വിരുദ്ധ വികാരം ഇല്ലായ്‌മ ചെയ്യാന്‍ ബ്രട്ടീഷുകാര്‍ എല്ലാ കോളനികളിലും നടപ്പാക്കിയ ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി നമുക്കിതിനെ വിലയിരുത്താം. ഈജിപ്‌തിലും സഊദിയിലും ലണ്ടനിലും ഉടലെടുത്ത വികല ചിന്തകള്‍ കേരളത്തിലെ ചില വ്യക്തികളുടെ ചര്‍ച്ചക്ക്‌ വിഷയമാകുന്നത്‌ അങ്ങനെയാണ്‌. ഈ ചര്‍ച്ചകള്‍ ഐക്യ സംഘം എന്ന പേരില്‍ സംഘടനയുടെ രൂപം പ്രാപിച്ചപ്പോള്‍ കേരളം മതകീയമായ ആശയ ചര്‍ച്ചകളുടെ വേദിയായിത്തീര്‍ന്നു.

പല പേരിലുമായി മത നവീകരണ പ്രസ്ഥാനങ്ങള്‍ക്കെതിരെയുളള ഇസ്‌ലാമിക വിശ്വാസികളുടെ ഉയിര്‍ത്തെഴുനേല്‍പ്‌ ഇസ്‌ലാമിക ലോകത്ത്‌ ഒട്ടുമിക്ക സ്ഥലത്തും ഉണ്ടായിട്ടുണ്ട്‌. സഊദി അറേബ്യയില്‍ യൂസുഫുന്നബ്‌ഹാനിയെപ്പോലെയുള്ള പണ്ഡിതര്‍ ഒറ്റക്കായും ചിലര്‍ കൂട്ടമായും ഇതിനെതിരെ രംഗത്ത്‌ വരികയുണ്ടായി. തന്റെ വിഖ്യാതമായ റാഇഅത്തു സുഗ്‌റാ എന്ന കൃതി വിരചിതമായത്‌ തന്നെ ഈ ഒരു ചരിത്ര പശ്ചാത്തലത്തിലായിരുന്നു. അധികാരത്തിന്റെ ബലത്തില്‍ പാരമ്പര്യ വിശ്വാസ പ്രചാരകരെ അറേബ്യന്‍ നാടുകളില്‍ ഇല്ലായ്‌മ ചെയ്‌തു.

ആഗോള തലത്തില്‍ പല പണ്ഡിതന്മാരും ഏറ്റെടുത്ത കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്‌ കേരളത്തില്‍ സമസ്‌തയും ഏറ്റെടുത്തത്‌. കേരളത്തിലെ ഇസ്‌ലാം മത വിശ്വാസികളെ നവീന ചിന്താഗതികളില്‍ നിന്നും രക്ഷപ്പെടുത്തി പാരമ്പര്യ ത്തനിമ നില നിര്‍ത്തുന്ന വിശ്വാസത്തില്‍ അടിയുറപ്പിച്ച്‌ നിര്‍ത്തുക എന്ന ലക്ഷ്യ സാക്ഷാല്‍ക്കാരത്തില്‍ സമസ്‌ത വിജയിച്ചിട്ടുണ്ട്‌. പ്രമാണിത്തവും ആഢ്യത്തവും സമ്പത്തും നവീനതക്കൊപ്പം നിന്ന കാലത്തും സമസ്‌ത ദൗത്യ പൂര്‍ത്തീകരണവുമായി മുന്നോട്ട്‌ നീങ്ങി. കേരള ജനസംഖ്യയിലെ മുസ്‌ലിം വിശ്വാസികളിലെ സിംഹ ഭാഗവും സുന്നീ വിശ്വാസികളാണ്‌. സമസ്‌തക്ക്‌ മുമ്പേ പ്രവര്‍ത്തനം തുടങ്ങിയ മത നവീകരണ പ്രസ്ഥാനങ്ങളുടെയും സമസ്‌തയുടെയും എട്ടര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പത്രം തുലനം ചെയ്യാവുന്നതിലുമപ്പുറം അന്തരം പ്രകടമാണ്‌.

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രഥമമായി ശ്രദ്ധിക്കേണ്ട വിഷയം സമൂഹത്തിന്റെ വിശ്വാസ സംരക്ഷണമായിരുന്നു. സമസ്‌ത ഏറ്റെടുത്ത ദൗതവും അത്‌ തന്നെയായിരുന്നു. മത നവീകരണ പ്രസ്ഥാനങ്ങള്‍ ആദ്യമായി കൈവെച്ചതും ഈ വിശ്വാസ കാര്യങ്ങളിലായിരുന്നു. പ്രവാചകര്‍(സ)യുടെ പ്രബോധന കാലഘട്ടത്തിന്‌ ശേഷമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ വിലയിരുത്തുമ്പോള്‍ നമുക്ക്‌ ബോധ്യപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്‌. കര്‍മ്മ പരമായ മേഖലകളില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രാമാണിക പണ്ഡിതന്‍മാര്‍ക്കിടയില്‍ ഉണ്ടായി. ഇതിന്റ ഫലമായിട്ടാണ്‌ വ്യത്യസ്‌ത ഭാഗങ്ങളില്‍ പല മദ്‌ഹബുകളും ക്രോഢീകരിക്കപ്പെട്ടത്‌. എന്നാല്‍ വിശ്വാസപരമായ ഭിന്നിപ്പുകളുമായി വരുന്നവരെ നേരിടാന്‍ കര്‍മ്മ പരമായ ഭിന്നിപ്പുകള്‍ മറന്ന്‌ ഉലമാക്കള്‍ ഒന്നിച്ചിരിക്കാറുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ വിശ്വാസ വൈകല്യങ്ങളുമായി വന്നവര്‍ക്ക്‌ അധിക കാലം പിടിച്ച്‌ നില്‍ക്കാന്‍ കഴിഞില്ല. ഖിലാഫത്ത്‌, വഹ്‌യ്‌ തുടങ്ങിയ വിശ്വാസങ്ങളില്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ വെച്ച്‌ പുലര്‍ത്തിയ ശീഇസത്തെ മറ്റൊരു ജന വിഭാഗമായിട്ടാണ്‌ ഇസ്‌ലാമിക ലോകം വിലയിരുത്തിയത്‌.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും മത നവീകരണ വാദികള്‍ വിശ്വാസ പരമായ പല അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തുടക്കമിട്ടു. മത നവീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ ആശയ പരമായ സംഭാവനകള്‍ നല്‍കിയ വ്യകതികളില്‍ പ്രമുഖനായിരുന്നു ഈജിപ്‌തില്‍ ജനിച്ച്‌ മരിച്ച്‌ പോയ റശീദ്‌ രിള. നിരവധി വികല ആശയങ്ങള്‍ തന്റെ ചിന്താമണ്‌ഡലത്തില്‍ ഭാവിച്ചെടുക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്‌ത ആളായിരുന്നു അദ്ദേഹം.

വിശ്വാസ കാര്യങ്ങളില്‍ ദൃശ്യം അദൃശ്യം എന്നൊരു ആസൂത്രിത വിഭജനം ഈകാലത്ത്‌ നടക്കുകയുണ്ടായി. ദൃശ്യമായത്‌, അദൃശ്യമായത്‌ എന്ന വിശ്വാസ പരമായ ഒരു ആപേക്ഷികതയെ ഇവര്‍ സങ്കീര്‍ണ്ണമാക്കുകയും അദൃശ്യ പരമായത്‌ വിശ്വസിക്കുന്നത്‌ ആധുനിക ലോകത്തിന്‌ ചേര്‍ന്നതല്ല എന്ന്‌ പ്രചരിപ്പിക്കുകയും ചെയ്‌തു. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി ഉയര്‍ന്ന്‌ വന്ന സിദ്ധാന്തങ്ങളും ശാസ്‌ത്രീയ സമീപനങ്ങളും യൂറോപ്യര്‍ക്കിടയിലും അമുസ്‌ലിംകള്‍ക്കിടയിലും അവര്‍ക്ക്‌ സ്വീകാര്യത നേടിക്കൊടുത്തു.

ഈമാന്‍ കാര്യങ്ങള്‍ എന്നറിയപ്പെടുന്ന ആറ്‌ വിശ്വാസകാര്യങ്ങളില്‍ പെട്ട മലക്കുകള്‍ കൊണ്ടുള്ള വിശ്വാസത്തെ വരെ അവര്‍ ചോദ്യം ചെയ്‌തു. പ്രവാചകന്‍മാരുടെ അറിവിന്റെ ഉറവിടമായ വഹ്‌യില്‍ വരെ നിരവധി സംശയങ്ങള്‍ ജനിപ്പിക്കുന്ന രീതിയില്‍ വിശദീകരിച്ചു. ഈ ആശയങ്ങള്‍ സംഘടിത രൂപം പ്രാപിച്ചതായിരുന്നു കേരളത്തിലെ മുജാഹിദ്‌ പ്രസ്‌ഥാനം. കേരള ജനതയുടെ ബുദ്ധിയില്‍ മുജാഹിദിസത്തിന്റെ വികല ആശയങ്ങള്‍ ഇടം നേടാതെ പോയത്‌ സമസ്‌ത യുടെ പ്രവര്‍ത്തനം കൊണ്ട്‌ മാത്രമായിരുന്നു.

ഇസ്‌ലാമിക തത്വങ്ങളെ രാഷ്‌ട്രീയമായി വ്യാഖ്യാനിക്കാന്‍ ശ്രമം നടത്തിയ വ്യക്തിയായിരുന്നു അബുല്‍ അഅ്‌ലാ മൗദൂദി. ഇസ്‌ലാമിലെ പവിത്രമായ ആരാധനാ ക്രമങ്ങളെ പ്പോലും അദ്ദേഹം പരിഹാസ്യമാക്കി മാറ്റി. അദ്ദേഹം രൂപം കൊടുത്ത പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ജമാഅത്ത്‌ രൂപീകരിക്കപ്പെട്ട്‌ അധികം കഴിയുന്നതിന്‌ മുമ്പ്‌ തന്നെ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. അതിലെ ആശയ വൈകല്യങ്ങള്‍ കണ്ടപ്പോള്‍ സമസ്‌തക്ക്‌ അതിനെയും എതിര്‍ക്കേണ്ടി വന്നു. കേരള ജനങ്ങള്‍ക്കിടയില്‍ ഒരു ഇസ്‌ലാമിക ആശയം എന്ന നിലയില്‍ സ്വാധീനമുറപ്പിക്കാന്‍ ഇന്നും ജമാഅത്തെ ഇസ്‌ലാമിക്ക്‌ സാധിച്ചിട്ടില്ല.

ഖാദിയാനിസം എന്നൊരു അമുസ്‌ലിം പ്രസ്ഥാനം ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തനം തുടങ്ങുകയും കേരളത്തിലും അതിന്റെ ചില പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷ്യപ്പെടുകയും ചെയ്‌തു. സമസ്‌തക്ക്‌ അതില്‍ നിലപാടെടുക്കേണ്ടി വന്നു. അവരുടെ ആശയങ്ങള്‍ പഠിച്ച ശേഷം ഖാദിയാനിസത്തില്‍ വിശ്വസിക്കുന്നവന്‍ കുഫ്‌രിയ്യത്തില്‍ വിശ്വസിക്കുന്നവനാണ്‌ എന്ന ഫത്‌വ ഇറക്കുകയും അതോടെ സമൂഹം പാടെ അവരെ തള്ളിക്കളയുകയും ചെയ്‌തു. ഖാദിയാനിസത്തിന്റെ തനിനിറം തുറന്ന്‌ കാണിക്കാന്‍ സമസ്‌ത ആര്‍ജ്ജവം കാണിച്ച ശേഷമാണ്‌ പല ആഗോള ഇസ്‌ലാമിക സംഘടനകളും അവരെ മതത്തില്‍ നിന്ന്‌ പുറത്താക്കിയത്‌. പല സ്ഥലങ്ങളിലും പല കാലങ്ങളിലുമായി വന്ന നിരവധി വ്യാജ ത്വരീഖത്തുകളുടെ ജന്മത്തിനും ചരമത്തിനും സാക്ഷിയായ മണ്ണാണ്‌ കേരളത്തിന്റെത്‌. വികല ആശയങ്ങളുമായി കടന്ന്‌ വന്ന ഓരോ പ്രസ്ഥാനത്തിന്റെയും ആയുസ്സ്‌ പലപ്പോഴും സമസ്‌ത അതില്‍ നിലപാട്‌ പ്രഖ്യാപിക്കുന്നത്‌ വരെയായിരുന്നു. നൂരിശ ത്വരീഖത്ത്‌, ചോറ്റൂര്‍ ത്വരിഖത്ത്‌, ആലുവ ത്വരീഖത്ത്‌ തുടങ്ങിയവ അതിന്റെ ഉദാഹരണങ്ങളാണ്‌.

എണ്‍പത്തി അഞ്ച്‌ വര്‍ഷങ്ങള്‍ക്കിടയിലെ സമസ്‌തയുടെ ചരിത്രത്തില്‍ സ്‌മരിക്കപ്പെടേണ്ടത്‌ കേരളത്തിന്റെ വിശ്വാസ സംരക്ഷണത്തിന്‌ കാവല്‍ നിന്നത്‌ സമസ്‌ത യായിരുന്നു എന്നതാണ്‌. സമസ്‌ത നടത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയൊക്കെയും കാതലായ ലക്ഷ്യം ഈ സാക്ഷാല്‍ക്കാരമാണ്‌. തുടര്‍ന്നും ഈ ഒരു ദൗത്യം ഏറ്റെടുക്കാനും അത്‌ ഭംഗിയായി നിര്‍വ്വഹിക്കാനും കഴിയുക സമസ്‌തക്ക്‌ മാത്രമാണ്‌ എന്ന്‌ ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന ഒരു മുഹൂര്‍ത്തം കൂടിയാണിത്‌. അല്ലാഹു സമസ്‌തയുടെ നേതൃത്വത്തിന്‌ അതിനുള്ള തൗഫീഖ്‌ പ്രദാനം ചെയ്യുമാറാകട്ടെ... ആമീന്‍.

No comments:

Post a Comment