Wednesday, March 14, 2012

സമസ്‌ത സംഘടനയല്ല; പണ്ഡിതസഭ

Print This page
ഡോ: നവാസ്‌ നിസാര്‍
ലോകത്ത്‌ നിലവിലുള്ള മുസ്‌ലിം സമൂഹങ്ങളുടെ കൂട്ടത്തില്‍ താരതമ്യേന ഉന്നത ജീവിത നിലാവരവും ഭൗതിക നിലവാരവും പുലര്‍ത്തുന്ന ഒരു സമൂഹമാണ്‌ കേരളത്തിലെ മുസ്‌ലിം സമൂഹം. ചരിത്രബോധം നമ്മെ ഓര്‍മപ്പെടുത്തുന്നത്‌ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്‌ ഏകദേശം പതിമൂന്ന്‌ പതിനാല്‌ നൂറ്റാണ്ടിന്റെ പ്രായമുണ്ടെന്നതാണ്‌. കേരളത്തിലെ മുസ്‌ലിം സമൂഹം ഒരു ബഹുസ്വരസമൂഹത്തില്‍ എങ്ങനെ മുസ്‌ലിംകള്‍ ജീവിക്കണമെന്ന്‌ താരതമ്യേന നല്ല രീതിയില്‍ കാണിച്ചുതന്നിട്ടുള്ള സമൂഹമാണ്‌. അതുപോലെതന്നെ ഇതര സമൂഹങ്ങളോട്‌ ചേര്‍ന്ന്‌ പൊതുജീവിതം നയിക്കാനും മതം പ്രധാനം ചെയ്യുന്ന ആത്മീയവും ഭൗതികവുമായ ചട്ടക്കൂടുകള്‍ പുലര്‍ത്താനും ഇവ കലഹിക്കാത്ത രീതിയില്‍ കൊണ്ടുപോകാനും കേരളത്തിലെ മുസ്‌ലിം സമൂഹത്തിനു സാധിച്ചു. രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളുടെ സ്വഭാവവും കേരളത്തിലെ മുസ്‌ലിംകളെ വ്യതിരിക്തമാക്കുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിലും രാഷ്‌ട്രീയ- സാമൂഹിക- സാംസ്‌കാരിക- സാഹിത്യ മേഖലകളുടെ വളര്‍ച്ചയെ സഹായിക്കുന്നതിലും സാമൂഹികാന്തരീക്ഷത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നതിലും മുസ്‌ലിംകള്‍ ഗണ്യമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അതുവഴി കേരളത്തിലെ മുസ്‌ലിം സമൂഹം ഇസ്‌ലാമിന്‌ മുതല്‍ക്കൂട്ടാവുന്ന ഒരു ജനവിഭാഗമായി കഴിഞ്ഞ പതിമൂന്ന്‌ നൂറ്റാണ്ടുകാലം നിലകൊണ്ടിട്ടുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സമകാലിക മുസ്‌ലിം സമൂഹത്തെ വിശകലനം ചെയ്യുമ്പോള്‍ സൂചിപ്പിക്കാറുള്ള തീവ്രവാദ സംഘടനകളുടെ കടന്നുവരവ്‌, സാമുദായിക സംഘടനകളുടെ പ്രാസ്ഥാനികവും ആശയപരവുമായ ഭിന്നിപ്പുകള്‍ തുടങ്ങിയവ മുപ്പതോ നാല്‍പ്പതോ വര്‍ഷം മാത്രം പഴക്കമുള്ളവയാണ്‌. ഇതൊന്നും നൂറ്റാണ്ടുകളായി ഉണ്ടാക്കിയെടുത്ത അടിത്തറ ഇളക്കുന്നതല്ലെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. സമീപ ഭൂതകാലം മാത്രം വിശകലനം ചെയ്‌ത്‌ കേരളത്തിലെ മുസ്‌ലിം സമൂഹത്തെ വിലയിരുത്താന്‍ പാടില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ ബഹുഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയാണ്‌ ജീവിക്കുന്നത്‌. കേരളത്തിലെ മുസ്‌ലിംകള്‍ മതന്യൂനപക്ഷമായാണ്‌. ഡല്‍ഹി പോലുള്ള ഒരു സ്ഥലത്ത്‌ കഴിഞ്ഞ ആറേഴു വര്‍ഷക്കലം കഴിഞ്ഞുകൂടാന്‍ സാധിച്ച ഒരാള്‍ എന്ന നിലയില്‍ എനിക്ക്‌ മനസ്സിലായത്‌, ചരിത്രപരവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ ഇതര പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ ഒരു തരത്തിലുള്ള സാമൂഹിക ഒറ്റപ്പെടലിനു വിധേയമായിട്ടുണ്ട്‌. അവരുടെ ആവാസവ്യവസ്ഥ നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും പ്രത്യേകമായി സജ്ജീകരിക്കപ്പെട്ടതാണ്‌. സാധാരണ ഗതിയില്‍ സമൂഹവുമായി ഇടപെടാനുപയോഗിക്കുന്ന ഉര്‍ദു ഭാഷപോലും അവര്‍ക്ക്‌ ഒറ്റപ്പെടലിന്റെ കാരണമാണ്‌. കൂടാതെ ഭാരമേറിയ വിഭജനത്തിന്റെ പശ്ചാത്തലം അവര്‍ വഹിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ വടക്കെ ഇന്ത്യയിലെ മുസ്‌ലിംകളെ കേരളത്തിലെ മുസ്‌ലിംകളുമായി താരതമ്യം ചെയ്‌തു കുറ്റം പറയുകയോ ഇവിടത്തെ മുസ്‌ലിംകളെ നന്നാക്കാന്‍ ശ്രമിക്കുകയോ ചെയ്യാന്‍ പാടില്ലെന്നതാണ്‌ എന്റെ അഭിപ്രായം.

സാമൂഹികമായ ഒരു ചലന സ്വഭാമുള്ള ഒരു സമൂഹമാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍. ഇതര മത ജാതികളുമായി അധികാരം പങ്കിടാന്‍ മുസ്‌ലിംകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. സജീവമായ സാമ്പത്തിക രാഷ്‌ട്രീയ ഇടപെടലുകള്‍ മുസ്‌ലിംകള്‍ക്കുണ്ട്‌. ഇതിന്റെ പ്രധാന കാരണം കേരളത്തിലെ ഇസ്‌ലാമിന്റെ പ്രചരണമാണ്‌. പണ്ഡിതന്മാരും അവരോടൊപ്പം വന്നവരുമാണ്‌ ഇവിടെ ആ ദൗത്യം നിര്‍വ്വഹിച്ചത്‌. പണ്ഡിതപരവും വ്യാപാരപരവുമായ ഒരു ലക്ഷ്യമുണ്ടായിരുന്നതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങള്‍ ഇസ്‌ലാമുമായി പരിചയപ്പെടാന്‍ ഇടയായിട്ടുണ്ട്‌. ഈ ചരിത്രസത്യത്തിന്റെ ഗുണഭോക്താക്കളാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍. കൂടാതെ, ലോകത്തൊരിടത്തും ലഭിച്ചിട്ടില്ലാത്ത ഹൃദ്യവും അനുരോധാത്മകവുമായ സ്വീകരണമാണ്‌ കേരളത്തിലെ ഇതര മതസ്ഥര്‍ മുസ്‌ലിംകള്‍ക്ക്‌ നല്‍കിയതെന്ന ചരിത്രസത്യം നമ്മള്‍ മറക്കരുത്‌.

വിവിധ പരീക്ഷണ ഘട്ടങ്ങളില്‍ കേരളത്തിലെ പൊതുസമൂഹത്തില്‍നിന്നും സാമൂഹികമായ ഒറ്റപ്പെടലില്ലാതിരിക്കാന്‍ മുസ്‌ലിം സമൂഹം ശ്രമിച്ചതാണ്‌ മറ്റൊന്ന്‌. ഇതിലൂടെയൊക്കെയാണ്‌ ഒരു സജീവ സാന്നിധ്യമായി പൊതുസമൂഹത്തില്‍ ഇടംപിടിക്കാന്‍ മുസ്‌ലിംകള്‍ക്ക്‌ സാധ്യമായത്‌. ഭൗതികമായ ഒറ്റപ്പെടല്‍ ഉണ്ടായില്ലെന്നത്‌ ഒരു പ്രധാന ഘടകമാണ്‌.

ചുരുക്കപ്പറഞ്ഞാല്‍ ഭൗതികവും ചരിത്രപരവും ആത്മീയവുമായ ഒരുപാട്‌ കാരണങ്ങളുടെ ഗുണഭോക്താക്കളാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍. ഇത്‌ കാത്തുസൂക്ഷിക്കാന്‍ ഇക്കാലമത്രയും പണ്ഡിതന്മാരും കുടുംബങ്ങളും സാധാരണക്കാരും ശ്രമിച്ചിട്ടുണ്ട്‌. ചരിത്രത്തില്‍നിന്ന്‌ ഗുണം പറ്റുകയും ആ ചരിത്രത്തോട്‌ ഉത്തരാവിദിത്വം കാണിക്കുകയും ചെയ്‌തവരാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍. ഈ പശ്ചാത്തലത്തില്‍ സമസ്‌ത ഒരു സംഘടനയോ പ്രസ്ഥാനമോ അല്ല. അത്‌ പണ്ഡിത സഭയാണ്‌. അതൊരു ജനകീയ പ്രസ്ഥാനമാണെന്ന്‌ ധരിക്കുമ്പോഴാണ്‌ പല ഗുണങ്ങളും ദോഷങ്ങളും കാണാന്‍ തോന്നുന്നത്‌.

പ്രത്യേക ചരിത്ര സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ ചട്ടക്കൂട്‌ പകര്‍ന്ന്‌ കൊടുക്കാനും അല്ലാഹുവിന്റെ റസൂലില്‍നിന്ന്‌ തുടങ്ങുന്ന പണ്ഡിത പാരമ്പര്യം നിലനിര്‍ത്താനും വേണ്ടിയാണീ പണ്ഡിത സഭ രൂപീകൃതമാവുന്നത്‌. എന്റെ അഭിപ്രായത്തില്‍ ആ പണ്ഡിത സമൂഹവും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താനുള്ള സമസ്‌തയുടെ അവയവങ്ങള്‍ മാത്രമാണ്‌ എസ്‌.വൈ.എസും, എസ്‌.കെ.എസ്‌.എസ്‌.എഫും.

ഞാന്‍ കണ്ട ഏറ്റവും വലിയ ഗുണമെന്നത്‌ സമസ്‌ത ഇസ്‌ലാമിന്റെ ഉദാര പാരമ്പര്യം നിലനിര്‍ത്തുന്നുവെന്നതാണ്‌. ഇസ്‌ലാമിന്റെ അനുഷ്‌ഠാനപരമായ സ്വഭാവമാണ്‌ ഇടപെടലുകളിലെ മിതത്വം. ഒരു പക്ഷെ, സമസ്‌തയോളം ഇടപെടലുകളില്‍ മിതത്വം പാലിക്കുന്ന ഒരു കൂട്ടായ്‌മ ഇല്ലെന്നുതന്നെ പറയാം. നിലനില്‍ക്കുന്ന രാഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍പെട്ട്‌ അടിസ്ഥാന സ്വഭാവം നഷ്‌ടപ്പെട്ടതാണ്‌ ലോകത്തെ ഒട്ടുമിക്ക മുസ്‌ലിം കൂട്ടായ്‌മകളുടെയൊക്കെ സ്വഭാവം. ഇതിനൊരു അപവാദമാമാണ്‌ 86 വര്‍ഷത്തെ സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍. സമസ്‌തയുടെ സ്വഭാവം ഇസ്‌ലാമിന്റെ സ്വഭാവത്തില്‍നിന്ന്‌ മാറാതിരുന്നിട്ടുണ്ട്‌. പല കാര്യങ്ങളിലും പ്രതികരിക്കാതിരിക്കലും ഒരു നല്ല സ്വഭാവമാണ്‌. ഇതെല്ലാം സമസ്‌തയുടെ പാരമ്പര്യത്തിലും കാണാം. വരക്കല്‍ തങ്ങള്‍, പതി അബ്‌ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത്‌ ഉസ്‌താദ്‌, ശംസുല്‍ ഉലമ, ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, കെ.ടി. മാനുമുസ്‌ലിയാര്‍ ഇപ്പോള്‍ ചെറുശ്ശേരി ഉസ്‌താദ്‌ എല്ലാവരിലും നമുക്ക്‌ കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ സമസ്‌തക്കാരനായി പിന്തുടരുകയെന്നത്‌ ഒരു ആവശ്യകത കൂടിയാണ്‌.

പണ്ഡിതസഭക്ക്‌ സാധാരണ വീഴ്‌ച പാറ്റില്ലെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. പക്ഷെ, സമസ്‌തയുടെ അവയവങ്ങളായ വ്യക്തികള്‍ പലപ്പോഴും സംഘടനയുടെയും പ്രസ്ഥാനത്തിന്റെയും ഭാഗമാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പോകാറുണ്ട്‌. മറ്റുള്ള സംഘടനകളെപ്പോലെ ആകാനും ശ്രമിക്കാറുണ്ട്‌. പ്രതികരണങ്ങളിലെ തുലനാവസ്ഥ നഷ്‌ടപ്പെടാറുണ്ട്‌. അത്‌ പരമാവധി കുറക്കല്‍ സമസ്‌തക്ക്‌ അത്യാവശ്യമാണ്‌. സമസ്‌തയുടെ വീഴ്‌ച എന്ന്‌ പലരും മനസ്സിലാക്കുന്നത്‌ പലപ്പോഴും സമസ്‌തക്ക്‌ ഗുണമാണ്‌. വീഴ്‌ചയായി എണ്ണാറുള്ളത്‌ പബ്ലിക്ക്‌ റിലേഷന്‍സ്‌ മാനേജ്‌മെന്റാണ്‌. തങ്ങള്‍ എന്താണ്‌ ചിന്തിക്കുന്നതെന്ന്‌ വേണ്ട രീതിയില്‍ ആവശ്യമുള്ള സോഴ്‌സ്‌ ഉപയോഗിച്ചു ചെയ്യുന്നില്ലെന്ന വാദം. എന്നാലിത്‌ ഗുണത്തെക്കാളേറെ ദോഷമാണെന്ന്‌ പലരുടെയും അനുഭവത്തില്‍നിന്ന്‌ മനസ്സിലാക്കാം. കൃത്യമായ സംഘടനാ ശൈലിയില്ലെന്ന്‌ പലരും പറയാറുണ്ട്‌. എന്നാല്‍ ഇതും ഒരു ഗുണമായിട്ടാണ്‌ ഞാനെണ്ണുന്നത്‌. കേഡര്‍ സ്വഭാവം ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിമിന്‌ നല്ലതല്ലെന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. ദൈനംദിന കാര്യങ്ങളില്‍ ഒരു അച്ചടക്ക സ്വഭാവമൊന്നും ഇല്ലെങ്കിലും ചുരുങ്ങിയ ഇടപെടലുകള്‍ കൊണ്ടുതന്നെ ലക്ഷക്കണക്കിന്‌ ആളുകല്‍ കൂടുന്ന തരത്തിലുള്ള ഒരു ജനപിന്തുണ സമസ്‌തക്കുണ്ട്‌.

സമൂഹത്തിന്റെ ആധുനിക വല്‍കരണത്തില്‍ സമസ്‌ത നടത്തിയിട്ടുള്ള സൂക്ഷ്‌മവും വിമര്‍ശനാത്മകവുമായ ഇടപെടല്‍ സമസ്‌തയുടെ ഒരു ഗുണമായാണ്‌ എനിക്ക്‌ തോന്നുന്നത്‌. സമസ്‌തയുടെ സാന്നിധ്യം മുസ്‌ലിംകളുടെ ആധുനിക വല്‍കരണത്തിന്‌ തടസ്സമാണെന്ന്‌ വിശ്വസിക്കുന്ന ഒരു വിഭാഗം മതത്തിനകത്തും പുറത്തുമുണ്ട്‌. വിമര്‍ശനാത്മകമായ ഒരു സൂക്ഷമതയാണ്‌ സമസ്‌തക്ക്‌ അതിലുള്ളതെന്ന്‌ എനിക്ക്‌ തോന്നുന്നു. ഇതൊരു പണ്ഡിത സഭയാണെന്ന്‌ സമസ്‌തക്കാര്‍ തന്നെ മനസ്സിലാക്കിയാല്‍ പ്രശ്‌നം തീരും.

ഇതൊരു സ്വാഭാവിക കൂട്ടായ്‌മയാണ്‌. മറ്റുള്ള എല്ലാ സംഘടനകള്‍ക്കും ഒരു സംഘടനാ സ്വഭാവവും കേഡര്‍ ഭാവവും ഉണ്ട്‌. ജനങ്ങളുടെ ദൈനംദിന ജീവിതമാണ്‌ സമസ്‌തയുടെ പ്രവര്‍ത്തനം. ഏതൊരു ചുറ്റുപാടിലാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ മറ്റുള്ള സംഘടനകളേക്കാള്‍ മനസ്സിലാക്കാന്‍ സമസ്‌തക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. മിതമായ പ്രചരണ ശൈലിയാണ്‌ സമസ്‌തക്കുള്ളത്‌. അക്രമണോത്സുകമായ പ്രചരണ ശൈലി സമസ്‌ത മനപൂര്‍വ്വം പിന്തുടരില്ലെന്ന്‌ തന്നെയാണ്‌ മനസ്സിലാകുന്നത്‌. ഇസ്‌ലാമിലെ ഗ്രന്ഥങ്ങള്‍ക്കും തെളിവുകള്‍ക്കും പുറമെ ഇസ്‌ലാമിന്റെ സാമൂഹികവും രാഷ്‌ട്രീയവും സാഹിത്യപരവും സാംസ്‌കാരികവുമായ ഒരുപാട്‌ വശങ്ങളെ മുസ്‌ലിം സമൂഹത്തിന്‌ പരിചയപ്പെടുത്തുന്നതില്‍ സമസ്‌ത വിജയിച്ചിട്ടുണ്ട്‌. ഏറ്റവും കുറഞ്ഞ ശ്രദ്ധ കിട്ടിയിട്ടും ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള കൂട്ടായ്‌മയായി നിലനില്‍ക്കാന്‍ കഴിയുന്നത്‌ ഈ വ്യതിരിക്തമായ ഗുണങ്ങള്‍കൊണ്ടാണ്‌. പൊതുജീവിതത്തില്‍ ഇസ്‌ലാമികമായ സ്വാഭാവികത കൊണ്ടുവരാന്‍ ശ്രമിച്ചുവെന്നതാണ്‌ സമസ്‌തയുടെ ഏറ്റവും വലിയ നേട്ടം. സാമ്പത്തികമായ ഇടപെടലുകളില്‍ സമസ്‌ത ഒരു കൂട്ടായ്‌മ എന്ന നിലയില്‍ ഇടപെടാറില്ല. രാഷ്‌ട്രീയ തീരുമാനങ്ങള്‍ ഒരു പരിധിവരെ സമസ്‌തയുടെ പണ്ഡിതന്മാരില്‍ നിന്നുണ്ടാകാറില്ല. വിദ്യാഭ്യാസ രംഗത്തെ ഇടപെടലാണ്‌ മറ്റൊന്ന്‌. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ശൃംഘല സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡാണ്‌, ലോകത്ത്‌ കാണാന്‍ കഴിയാത്ത മറ്റൊരു സംഭാവന. ഭൗതിക വിദ്യയോടൊപ്പം ആത്മീയ വിദ്യാഭ്യാസ പരിപോഷണമാണ്‌ ഇവിടെ നടക്കുന്നത്‌. ഇസ്‌ലാമിന്റെ ഈ സ്വഭാവികതയെ ഓരോ വ്യക്തി ജീവിതത്തിലേക്കും എത്തിക്കാന്‍ സ്വന്തം വിദ്യാഭ്യാസ പദ്ധതികള്‍ ഉപയോഗിച്ചുവെന്നതാണ്‌ ഇതിന്റെ പ്രത്യേകത.

സമസ്‌ത ചെയ്യുന്നത്‌ ഇപ്പോഴും തുടരുക. അടിയന്തിരമായി ചിലത്‌ ചെയ്യാനുണ്ട്‌. ഒരു കാലത്ത്‌ ഞങ്ങളുടെയൊക്കെ നാടിന്റെ, സാംസ്‌കാരിക കേന്ദ്രമായിരുന്നു മദ്‌റസ. പക്ഷെ, ഇന്ന്‌ ആളുകളുടെ സമീപനത്തില്‍ ചില മാറ്റം വന്നിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ മദ്‌റസകളെ പുനരുജ്ജീവിപ്പിക്കണമെന്നാണ്‌ പണ്ഡിത സഭയോടെനിക്ക്‌ അഭ്യര്‍ത്ഥിക്കാനുള്ള പ്രധാന കാര്യം. ഉസ്‌താദുമാര്‍ക്ക്‌ സാമ്പത്തിക സുസ്ഥിരത ഉറുപ്പുവരുത്തുകയും കൃത്യമായ മദ്‌റസാ സംസ്ഥാപനവും അത്യാവശ്യമാണ്‌. മുസ്‌ലിം സമൂഹത്തില്‍ സമസ്‌തക്കുള്ള പ്രാധാന്യം തിരിച്ചുപിടിക്കാന്‍ സമസ്‌തക്ക്‌ കഴിയണം. മദ്‌റസകളുടെ പ്രാധാന്യം കുറഞ്ഞത്‌ സമൂഹത്തിന്റെ മറ്റുചില പ്രതിലോമകരമായ രൂപാന്തരങ്ങള്‍ക്ക്‌ വഴിയൊരുക്കിയിട്ടുണ്ട്‌. മദ്‌റസകളുടെ ശാക്തീകരണത്തിലൂടെ മുസ്‌ലിംകളുടെ സാംസ്‌കാരിക കേന്ദ്രമായി അതിനെ മാറ്റണം.

(ഡല്‍ഹി യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌ ലേഖകന്‍)

No comments:

Post a Comment