Thursday, March 15, 2012

സമസ്‌ത; ആദര്‍ശ സംരക്ഷണവും പ്രബോധനവും

സമസ്‌ത; ആദര്‍ശ സംരക്ഷണവും പ്രബോധനവും

ജാഫര്‍ ഹുദവി കൊളത്തൂര്‍‌
കേരളീയ മുസ്‌ലിംകള്‍ക്കു ആത്മീയവും വൈജ്ഞാനികവുമായ മണ്ഡലങ്ങളില്‍ ദിശ നിര്‍ണയിച്ച ഒരു മഹത്‌പ്രസ്ഥാനമാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ. പ്രവാചകന്റെ കാലത്ത്‌ അനുചര ശിഷ്യരായ സ്വഹാബികളിലൂടെയും അവരില്‍ നിന്ന്‌ കലര്‍പ്പില്ലാതെ വിശ്വാസാചാരങ്ങള്‍ അനുശീലിച്ച ദീപസ്‌തംഭങ്ങളായ തലമുറകളിലൂടെയും വെളിച്ചം ആവാഹിച്ച പാരമ്പര്യ കണ്ണിയുടെ, പ്രാസ്‌ഥാനിക രുപമാര്‍ജ്ജിച്ച ആശയ ധാരയാണ്‌ സമസ്‌ത. ലോകത്ത്‌ ശ്രദ്ധേയമായ ഇടം നേടിയെടുക്കാന്‍ സാധിച്ച സമൂഹമെന്ന നിലയില്‍ ചരിത്ര പണ്ഡിതന്മാര്‍ പോലും അത്ഭുതം കൂറി നില്‍ക്കുന്നതാണ്‌ കേരള മുസ്‌ലിം പാരമ്പര്യത്തിന്റെ കാലഗണന. ആധ്യാത്മികതക്കൊപ്പം ആചാരനുഷ്‌ടാനങ്ങള്‍ക്കും പൂര്‍വ്വീക ജീവല്‍ മാതൃകകള്‍ക്കും അത്യധികം പ്രാധാന്യവും പരിഗണനയും നല്‍കിയ ഒരു പാരമ്പര്യത്തിന്റെ അവകാശികളാണ്‌ കേരളീയര്‍. സ്വഹാബാക്കളുടെ ആഗമനശേഷം വ്യക്തികളിലൂടെയും മഹിത പൈതൃകം തേടുന്ന കുടുംബങ്ങളിലൂടെയും പൂത്തുലഞ്ഞ്‌ നിന്ന ഇസ്‌ലാമിക തനിമയും ഓജസ്സും, ഇരുപാതം നൂറ്റാണ്ടിന്റെ ആദ്യാര്‍ധത്തില്‍ രൂപം പ്രാപിച്ച ആഗോള ഇസ്‌ലാമിക പ്രബോധനത്തിന്റെ മാതൃകകള്‍ക്ക്‌ അനുഗുണമായ രീതിയില്‍, നിലനിറുത്താനായിരുന്നു സമസ്‌ത കേരളീയ പ്രാദേശിക തലത്തില്‍ രൂപം കൊണ്ടത്‌.

പ്രസ്ഥാനത്തിന്‌ നിലമൊരുങ്ങുന്നു.

അധിനിവേശത്തിന്റെ കിരാത നുകത്തിന്‌ കീഴില്‍ ഇത്രയധികം അധമത്വം അനുഭവിച്ച ഒരു വിഭാഗം മാപ്പിളമാരല്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടാവാനിടയില്ല. പറങ്കികളുടെ കുരുശുയുദ്ധത്തില്‍ തുടങ്ങി ബ്രിട്ടീഷുകാരുടെ ചൂഷണാധിഷ്‌ഠിത സാമ്രാജ്യത്വം വരെ നീണ്ട്‌ നിന്ന നൂറ്റാണ്ടുകളുടെ അധിനിവേശ കഥകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ട്‌ ഈ നാട്‌. ആദ്യകാല അധിനിവേശങ്ങള്‍ ആത്മവീര്യവും പോരാട്ടബോധവും അങ്കുരിപ്പിച്ചിരുന്നുവെങ്കില്‍ വെള്ളക്കാരുടെ ആഗമനം ഒരുതരം നിഷ്‌ക്രയത്വമാണ്‌ കേരളീയരില്‍ അവശേഷിപ്പിച്ചത്‌. മാപ്പിളമാരുടെ പോരാട്ട വീര്യത്തെ തൊട്ടുണര്‍ത്തുന്ന അനേകം സമരകാവ്യങ്ങളും അന്ന്‌ രചിക്കപ്പെട്ടു. എന്നാല്‍ 1921ന്റെ കലുഷാന്തരീക്ഷത്തില്‍ ആഗോള മുസ്‌ലിം പിന്നോട്ടടിക്കു കാരണമായ പാശ്ചാത്യ ചിന്താ പ്രയോഗത്തിനായിരുന്നു കേരളീയ മുസ്‌ലികള്‍ അടിപ്പെട്ടത്‌. നൂറ്റാണ്ടുകളോളം ഇസ്‌ലാമിക തത്വാധിഷ്‌ഠിതമായി ജീവിതം നയിച്ച പണ്ഡിത, സയ്യിദ്‌ നേതൃത്വത്തിന്റെ കീഴില്‍ അണിനിരന്ന കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ ആധുനികവത്‌കരണത്തിന്റെ പ്രധാന ഘടകമായ സംഘടനാവത്‌കരണം സംഭവിക്കുന്നതും ഇക്കാലത്തായിരുന്നു.

സംശുദ്ധമായി നിലനിന്നിരുന്ന ഈ ആത്മീയ അന്തരീക്ഷത്തെ വിഷലിപ്‌തമാക്കുന്ന ഒരു സംഘടിത ശ്രമം കൂടി ഈ അവസ്ഥയില്‍ നടക്കുന്നുണ്ടായിരുന്നു. ആഗോള സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റ്‌-മാസോണിസ്റ്റ്‌ ലോപികളും സമുദായത്തിനകത്ത്‌ നുഴഞ്ഞ്‌ കയറി ആശയവ്യതിയാനങ്ങള്‍ വരുത്താന്‍ നിതാന്തജാഗ്രത പുലര്‍ത്തുന്ന അവസ്ഥ അന്നുണ്ടായിരുന്നു. സ്വതന്ത്ര ചിന്ത ജീവിതത്തില്‍ ആവാഹിച്ച മാസോണിസ്റ്റുകളെ ഇസ്‌ലാമിക ലോകത്ത്‌ ചിന്താവൈകല്യങ്ങള്‍ വരുത്താനുള്ള ഉപകരണങ്ങളായാണ്‌ പാശ്ചാത്യര്‍ ഉപയോഗിച്ചിരുന്നത്‌. ഈ അവസരത്തില്‍ കേരളത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌ കലാപകാലത്ത്‌ മലബാറില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ചില ഉത്‌പതിഷ്‌ണുക്കളായിരുന്നു.

ആഗോളടിസ്ഥാനത്തില്‍ വികാസം പ്രാപിച്ച്‌ കൊണ്ടിരുന്ന മുസ്‌ലിം സംഘടിത ബോധത്തിന്റെ ഫലമായി ഇന്ത്യയില്‍ രൂപപ്പെട്ട സംഘടനയായിരുന്നു മജ്‌ലിസുല്‍ ഉലമ. അതിന്റെ, ഈറോഡ്‌ വെച്ച്‌ ചേര്‍ന്ന 1921 ലെ വിശേഷാല്‍ യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരുകൂട്ടം പണ്ഡിതന്മാരും പങ്കെടുത്തിരുന്നു. അവരില്‍ നിന്ന്‌ ചിലര്‍ കേരളത്തിലും അതിന്റെ ഒരു പ്രാദേശിക സംഘടനക്ക്‌ രൂപം നല്‍കണമെന്ന്‌ വാദിച്ചു. പക്ഷെ, പാരമ്പര്യത്തിന്റെ അണമുറിയാത്ത ആശയത്തില്‍ കണ്ണിചേര്‍ന്ന പണ്ഡിത മഹത്തുകള്‍ക്ക്‌ ഈവാദം അക്ഷന്തവ്യമായിരുന്നു. ഒരു സംഘടിത രൂപമാര്‍ജ്ജിക്കാതെ പരസ്‌പര സൗഹാര്‍ദ്ദാന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്ന കേരളീയ മുസ്‌ലിംകളുടെ പാരമ്പര്യത്തിന്‌ കോട്ടം തട്ടുന്ന ഒരു വിധ ശ്രമങ്ങള്‍ക്കും അവര്‍ ഒരുക്കമായിരുന്നില്ല. മാത്രമല്ല ഈജിപ്‌തിന്റെ സ്വതന്ത്രമായ ഇസ്‌ലാമിക പരിസരത്ത്‌ നിന്നും ഇറക്കുമതി ചെയ്‌തുകൊണ്ടിരുന്ന മതനവീകരണത്തിന്റെ വക്താക്കള്‍ കൂടിയായിരുന്നു അവരെന്ന്‌ പാരമ്പര്യ പണ്ഡിതര്‍ മനസ്സിലാക്കി. ഇക്കാലത്ത്‌ ഒറ്റപ്പാലത്ത്‌ ചേര്‍ന്ന ഖിലാഫത്ത്‌ സമ്മേളനത്തില്‍ കെ.എം. മൗലവിയുടെ നേതൃത്വത്തില്‍ കേരള മജ്‌ലിസുല്‍ ഉലമ രൂപവല്‍കരിച്ചു. ശേഷം 1922ല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള എറിയാട്‌ വെച്ച്‌ പ്രസ്‌തുത സംഘടനയുടെ തുടര്‍ച്ചയായി കേരള മുസ്‌ലിം ഐക്യസംഘവും പിറന്നു വീണു.

പ്രത്യക്ഷത്തില്‍ സമുദായത്തിന്റെ ഭൗതിക വിദ്യഭ്യാസ ജാഗരണമാണ്‌ അജണ്ടയാക്കിയിരുന്നതെങ്കിലും മത നവീകരണത്തിന്റെ പേരില്‍ വിഷബാധയേല്‍പിക്കുന്ന മാസോസിസ്റ്റ്‌ തന്ത്രമായിരുന്നു അവര്‍ക്ക്‌ ഉണ്ടായിരുന്നത്‌. കേരളീയ മുസ്‌ലിംകളുടെ കൂട്ടായ്‌മയായിട്ടാണ്‌ ആദ്യകാല പണ്ഡിതര്‍ ഇവരെ കണ്ടിരുന്നതെങ്കിലും നിഗൂഢമായി അവര്‍ ആിവിഷ്‌കരിച്ച്‌ കൊണ്ടിരുന്ന സലഫി ആശയങ്ങളാണ്‌ ഇവര്‍ക്കെതിരെ സമൂഹത്തിന്റെ പൊതുബോധമുയരാന്‍ കാരണമായത്‌. ആദര്‍ശത്തെ നിഗ്രഹിക്കുന്ന മാരക വിഷം പേറുന്നവരായിട്ടും സമുദായത്തിന്റെ വിദ്യഭ്യാസം ലക്ഷീകരിച്ചതിനാല്‍ ധാരാളം സുന്നികളും ഇവര്‍ക്കൊപ്പം കൂടി. പക്ഷെ തുര്‍ക്കിയിലും ഈജിപ്‌തിലും പ്രചാരം നേടിയിരുന്ന പുതിയ ചിന്തകളെ പാരമ്പര്യ ഇസ്‌ലാമിന്റെ കോട്ടയായ കേരളത്തിലും പ്രചരിപ്പിക്കാനുള്ള നീക്കം പക്വമതികളായ പണ്ഡിതന്മാര്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു സമസ്‌തയുടെ രൂപീകരണം.ഐക്യ സംഘത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനത്തോടെ തനിനിറം വെളിപ്പെട്ട സമുദായ നേതൃത്വത്തിന്‌ ശങ്കിച്ച്‌ നില്‍ക്കേണ്ടി വന്നിരുന്നില്ല. തര്‍ക്ക പരിഹാരത്തിന്റെയും മസ്‌ലഹത്തിന്റെയും വ്യാജേനയായിരുന്നു അവര്‍ പൊതു സമൂഹത്തില്‍ ഇടം കണ്ടെത്തിയത്‌.

ഐക്യ സംഘത്തിന്റെ നിഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞ സൂക്ഷ്‌മദൃക്കുകളായ പണ്ഡിതന്മാര്‍ പാരമ്പര്യത്തിന്റെ ഇസ്‌ലാമിക മഹിമ തിരിച്ചറിഞ്ഞവരായിരുന്നു. അങ്ങനെ പണ്ഡിത ധര്‍മ്മം മനസ്സിലാക്കിയ സാദാത്തീങ്ങളും ആലിമീങ്ങളും 1925 ല്‍ കോഴിക്കോട്‌ കുറ്റിച്ചിറ ജുമുഅത്ത്‌ പള്ളിയില്‍ സംഘടിച്ച്‌ സലഫിയാശങ്ങളുടെ പ്രതിരോധനത്തിനായി കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പണ്ഡിത സംഘടനക്ക്‌ രൂപം നല്‍കി. വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാരും ആയിരുന്നു ഇതിന്റെ മുന്‍നിരയില്‍ നിന്ന്‌ പ്രവര്‍ത്തിച്ചത്‌. പ്രസ്‌തുത യോഗത്തില്‍ പി.കെ മീറാന്‍ മുസ്‌ലിയര്‍ പ്രസിഡന്റും പാറോല്‍ ഹുസൈന്‍ മുസ്‌ലിയാര്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. ഏകദേശം ഒരു വര്‍ഷം നീണ്ട വിപുലവും വ്യവസ്ഥാപിതവുമായ ആശയപ്രചരണത്തിന്‌ ശേഷം 1926 ജൂണ്‍ 26ന്‌ കോഴിക്കോട്‌ ടൗണ്‍ ഹാളില്‍ ഒരു വിപുലമായ കണ്‍വെന്‍ഷന്‍ നടത്തി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന നാമത്തില്‍ സംഘടന രൂപീകരിക്കുകയും പ്രസിഡന്റായി വരക്കല്‍ മുല്ലക്കോയ തങ്ങളും സെക്രട്ടറി മാരായി പി.പി മുഹമ്മദ്‌ മുസ്‌ലിയാരും പി.കെ മുഹമ്മദ്‌ മുസ്‌ലിയാരും തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. ഉദ്ദേശ്യ ലക്ഷ്യങ്ങളും നിബന്ധനകളുമെല്ലാം സവിസ്‌തരം പ്രതിപാദിക്കുന്ന ഭരണഘടന തയ്യാറാക്കി 1934 നവംബര്‍ 14 ന്‌ സമസ്‌ത ഔദ്യോഗിമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

സമസ്‌ത സാധ്യമാക്കിയ ഇസ്‌ലാമിക പ്രബോധനം

ആദര്‍ശപ്രചരണം, പ്രതിരോധം, അവകാശ സംരക്ഷണം, ഭൗതിക പുരോഗതി എന്നീ നാല്‌ അടിസ്ഥാന ലക്ഷ്യങ്ങളാണ്‌ രൂപീകൃത കാലം മുതല്‍ സമസ്‌ത ഉയര്‍ത്തിപ്പിടിച്ചത്‌. കാടിളക്കിയുള്ള പ്രതിപ്രവര്‍ത്തനത്തിന്‌ പകരം നിശ്ശബ്ദവും ബൗദ്ധികവുമായ ക്രമാനുക്രമ പ്രവര്‍ത്തനങ്ങളിലാണ്‌ ഇക്കാലമത്രയും സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ ഊന്നി നിന്നത്‌. സമൂഹത്തിന്റെ ഭൗതിക-ബൗദ്ധിക വികാസം തിരിച്ചറിഞ്ഞ്‌ ശത്രുക്കളുടെ കുപ്രചരണങ്ങളും പ്രതിലോമകാരികളുടെ നിഷേധ പ്രവര്‍ത്തനങ്ങളും തിരിച്ചറിഞ്ഞ്‌ ആവശ്യാനുസരണം ഇതര രംഗങ്ങളിലും സാന്നിധ്യമുറപ്പിക്കാന്‍ സമസ്‌തക്കായി. ആഗോള അടിസ്ഥാനത്തില്‍ മുസ്‌ലിം ചിന്തയെ വികലമാക്കികൊണ്ടിരുന്ന പാശ്ചാത്യന്‍ സ്വാധീനത്തെ ചെറുത്തു കൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാദേശിക തലത്തില്‍ രൂപപ്പെട്ട ഇസ്‌ലാമിക നവജാഗരണത്തിന്റെ അനുരണനങ്ങള്‍ തന്നെയാണ്‌ നമുക്ക്‌ സമസ്‌തയുടെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ കാണാനാവുന്നത്‌.

ഭൗതിക വികാസങ്ങള്‍ ഒന്നുമില്ലാത്ത പ്രബോധനപ്രവര്‍ത്തനങ്ങളായിരന്നു 1950 വരെയുള്ള രണ്ടര പതിറ്റാണ്ട്‌ കാലമുള്ള സമസ്‌തയുടെ ചരിത്രത്തില്‍ നടന്നത്‌. പുതുതായി തലയുയര്‍ത്തിയ അവാന്തര വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുകയും മഹത്തായ ഒരു മാപ്പിള പാരമ്പര്യത്തിന്റെ സംരക്ഷണം ഉറപ്പ്‌ വരുത്തുന്നതുമായിരുന്നു ഈ ഘട്ടം. ഐക്യസംഘക്കാര്‍ വാര്‍ഷിക സമ്മേളനങ്ങളിലൂടെ ആശയ പ്രചരണത്തിന്‌ ആക്കം കൂട്ടിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സമസ്‌ത ഊര്‍ജ്ജം ചെലവഴിച്ചു. 1950 വരെ ഇങ്ങനെ സംഘട്ടനങ്ങള്‍ നിറഞ്ഞ കാലമായിരുന്നു സമസ്‌തയുടെ ചരിത്രം. നാടൊട്ടുക്കുമുള്ള പ്രഭാഷണ പരമ്പരകളും ഉല്‍ബോധന സദസ്സുകളും ഈ ഘട്ടത്തിലെ പ്രബോധനത്തിന്റെ പ്രത്യേകതയായിരുന്നു.

1950 കള്‍ക്ക്‌ ശേഷമുള്ള സമസ്‌തയുടെ ചരിത്രം വിദ്യഭ്യാസ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിഞ്ഞ്‌ തുടങ്ങിയതും ക്രിയാത്മകവും നിര്‍മ്മാണാത്മകവുമായ പ്രവര്‍ത്തനങ്ങളിലേക്ക്‌ കാെലടുത്ത്‌ വെക്കുന്നതുമായിരുന്നു. പാരമ്പര്യ ആശയങ്ങള്‍ക്ക്‌ ആത്മീയതയുടെ കവചം തീര്‍ത്ത ശേഷം പ്രബോധന പ്രവര്‍ത്തനങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ എത്തുകയായിരുന്നു ഈ ഘട്ടത്തില്‍ സമസ്‌ത. 1951 മാര്‍ച്ചില്‍ വടകരയില്‍ വെച്ച്‌ ചേര്‍ന്ന സമസ്‌ത പത്തൊന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച്‌ ഏകീകൃതരൂപവും കേന്ദ്രീകൃത സിലബസുമുള്ള ഇസ്‌ലാമിക വിദ്യാഭ്യാസ ബോര്‍ഡ്‌ സ്ഥാപിതമായതോടെ മുസ്‌ലിം സാമൂഹിക പ്രതലത്തില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത ബാഫഖി തങ്ങളുടെ മദ്‌റസ പ്രഖ്യാപനം സാര്‍ത്ഥകമായി. ഇതോടെയാണ്‌ ഇന്ത്യന്‍ മുസ്‌ലിംകളില്‍ വേറിട്ട ഒരു സമൂഹമായി കേരളീയ മുസ്‌ലിംകള്‍ക്ക്‌ അസ്‌തിത്വം നേടാനായത്‌. മാത്രമല്ല, ലോക മുസ്‌ലിം സമൂഹത്തിനാകമാനം മാതൃകയാക്കാവുന്ന ഒരു ബഹുമുഖ വിദ്യഭ്യാസ പ്രവര്‍ത്തനമായി സമസ്‌തയുടെ പില്‍കാല ചരിത്രം രേഖപ്പെടുത്തപ്പെട്ടു.

സമസ്‌തയുടെ പ്രബോധന രീതിയില്‍ എടുത്ത്‌ പറയാവുന്നതാണ്‌ കള്ള നാണയങ്ങളെ സമൂഹമധ്യേ തുറന്ന്‌കാട്ടി ഇസ്‌ലാമിന്റെ യഥാര്‍ഥ പന്ഥാവ്‌ അഹ്‌ലുസ്സന്നയാണെന്ന്‌ സമര്‍പ്പിച്ച്‌ സമസ്‌ത ഇറക്കിയ പ്രഖ്യാപനങ്ങള്‍. സാമ്പത്തിക ലാഭവും ചൂഷണാധിഷ്‌ഠിത മനോഭാവവും പ്രകടിപ്പിച്ച്‌ കേരളീയ മുസ്‌ലിംകളുടെ ആത്മീയതയെ മുതലെടുത്ത്‌ വന്ന കള്ളത്വരീഖത്തുകളായിരുന്നു അവ. വസ്‌തു നിഷ്‌ഠവും സാഹചര്യധിഷ്‌ഠിതവുമായ തെളിവുകള്‍ കൊണ്ട്‌ അവയെ നിഷ്‌പ്രഭമാക്കുകയായിരുന്നു സമസ്‌ത ചെയ്‌ത മഹത്തായ ഒരു പ്രബോധന പ്രവര്‍ത്തനം

വിദ്യഭ്യാസത്തിന്‌ സമസ്‌ത പണിത മാതൃകകള്‍

വിദ്യഭ്യാസത്തിന്റെ കാഴ്‌ചപ്പാടില്‍ സമസ്‌ത ഏറെ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌. വ്യക്തമായ ഭരണഘടനയും ആധികാരിക ചരിത്രവും സ്വന്തമായുള്ള ഒരു പ്രസ്ഥാനമെന്ന നിലയില്‍ തികച്ചും പ്രതിലോമകരമായ ഒരാരോപണം മാത്രമായെ നമുക്കിതിനെ കാണാനാവൂ. സമസ്‌തയുടെ ലക്ഷ്യങ്ങള്‍ വിവരിച്ച ഭരണഘടനയിലെ ഡി. ഉപവകുപ്പില്‍ പറയുന്നത്‌ ശ്രദ്ധിക്കുക: മതവിദ്യഭ്യാസം പ്രചരിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിന്‌ പുറമെ മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കും ഹാനിതട്ടാത്ത വിധം ലൗകിക വിദ്യഭ്യാസത്തിനും വേണ്ടത്‌ പ്രവര്‍ത്തിക്കുക. മതവിദ്യാഭ്യാസം മാത്രമല്ല ഭൗതിക വിദ്യാഭ്യാസവും സമസ്‌ത അടിസ്ഥാനമായി കണ്ടിരുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

മതവിദ്യാഭ്യാസം കേരളീയ മുസ്‌ലിംകളുടെ ആത്മീയ പൈതൃകമാണ്‌. പ്രവാചകന്‍ മദീനയില്‍ ആവിഷ്‌കരിച്ച വിജ്ഞാന വെളിച്ചത്തില്‍ നിന്നും തിരിതെളിച്ച്‌ പരിലസിച്ചതാണ്‌ കേരളീയ മുസ്‌ലിംകളുടെ മതവിജ്ഞാനം. നൂറ്റാണ്ടുകളായി സംരക്ഷിച്ചു പോന്ന ആ മാതൃകക്ക്‌ ലോകോത്തര മഹിമയും കീര്‍ത്തിയും പകരാന്‍ സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. മൂല്യശോഷണം സംഭവിച്ച പൈതൃകത്തിന്റെ സംരക്ഷണമായാണ്‌ ചാലിലകത്തിന്റെ ആവിഷ്‌കാരത്തില്‍ നിന്ന്‌ ഊര്‍ജ്ജം നുകര്‍ന്ന്‌ കെട്ടിപ്പടുത്ത ബഹുമുഖമായ മതവിദ്യാഭ്യാസവും അതിന്റെ കാലിക പരിഷ്‌കരണങ്ങളും.

നൂറ്റാണ്ടുകളുടെ പ്രൗഢിയും പ്രതാപവും നിലനിര്‍ത്തിനിന്നിരുന്ന ദര്‍സീ വിജ്ഞാനത്തില്‍ ഉന്നത പഠനത്തിന്‌ സൗകര്യം ഒരുക്കി ലോകത്ത്‌ നിലനിന്നിരുന്ന ഇസ്‌ലാമിക വിജ്ഞാന മാതൃകക്ക്‌ കിടപിടിക്കാന്‍ പോന്ന ഒരു വൈജ്ഞാനിക മുന്നേറ്റമാണ്‌ ജാമിഅഃ നൂരിയ സംസ്ഥാപനത്തിലൂടെ സമസ്‌ത ആവിഷ്‌കരിച്ചത്‌. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ആധുനിക പ്രവണതക്ക്‌ സമസ്‌തയും മുന്‍കൈയെടുത്തതിന്റെ ദൃഷ്‌ടാന്തമാണിത്‌. ആയിരത്തി തൊള്ളായിരത്തി അറുപതിന്‌ ശേഷം സമസ്‌ത നടത്തിയ നിര്‍മ്മാണാത്മകതയുടെ പ്രാരംഭ ദശയായിരുന്ന ഇതിന്‌ നേതൃത്വം നല്‍കിയത്‌ യുഗപ്രഭാവരായ ബാഫഖി തങ്ങളും പൂക്കോയ തങ്ങളുമായിരുന്നു.

സമസ്‌ത നടത്തിയ വിദ്യാഭ്യാസത്തില്‍ ഏറ്റവും വിപ്ലവാത്മക സ്വഭാവമുള്ളതാണ്‌ മദ്‌റസാ വിദ്യഭ്യാസം. ചാലിലകത്തിന്റെ മദ്‌റസയില്‍ നടന്ന വിദ്യാഭാസ പരിഷ്‌കരണങ്ങളെ വിമര്‍ശന വിധേയമാക്കിയവരായിരുന്നു യാഥാസ്ഥിക പണ്ഡിതന്മാരെന്ന്‌ പറഞ്ഞ്‌ സമസ്‌തയുടെ മുന്നേറ്റത്തെ പിറകോട്ട്‌ വലിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയത്‌. പക്ഷെ ലോകത്തെ മുസ്‌ലിം ചരിത്രം വീക്ഷിക്കുന്നവര്‍ക്ക്‌ സൂക്ഷ്‌മതയിലും ദൈവഭക്തിയിലും പാരമ്പര്യ പണ്ഡിതര്‍ വെച്ച്‌ പുലര്‍ത്തിയ കണിശതയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാവൂ.

സ്വാതന്ത്ര്യാനന്തര കേരളത്തില്‍ സ്‌കൂളുകളില്‍ വെച്ച്‌ നടന്നിരുന്ന മത പഠനത്തിന്‌ വിലങ്ങ്‌ വീണപ്പോഴായിരുന്നു ഒരു ബദല്‍ സംവിധാനമായി വ്യവസ്ഥാപിത ശൈലിയില്‍ മദ്‌റസാ വിദ്യഭ്യാസത്തന്‌ നാന്ദികുറിക്കാന്‍ സമസ്‌ത മുന്നോട്ട്‌ വന്നത്‌. 1945 ല്‍ കാര്യവട്ടത്ത്‌ നടന്ന സമസ്‌തയുടെ പതിനാറാം സമ്മേളനത്തില്‍ വെച്ച്‌ യുഗപ്രഭാവനായ ബാഫഖി തങ്ങളായിരുന്നു പ്രസ്‌തുത സംരംഭത്തിന്റെ ആശയസ്രോതസ്സും പ്രയോക്താവും. സമ്മേളനത്തില്‍ തങ്ങള്‍ ചെയ്‌ത പ്രസംഗം വരാനിരിക്കുന്ന ഒരു സാമൂഹിക മാറ്റത്തെയും അവിടെ സ്വീകരിക്കേണ്ട ഇസ്‌ലാമിക ജാഗരണ പ്രവര്‍ത്തനവും ഉള്‍ചേര്‍ന്നതായിരുന്നു. അങ്ങനെ സജീവമായ ചര്‍വ്വിത ചര്‍വ്വണങ്ങള്‍ക്കൊടുവില്‍ 1949ല്‍ ബാഫഖി തങ്ങളുടെ തന്നെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒരു മുശാവറ യോഗത്തില്‍ എല്ലാ മഹല്ലുകളിലും മദ്‌റസ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ രണ്ട്‌ സ്ഥിരം ഓര്‍ഗനൈസര്‍മാരെ നിയമിക്കാന്‍ തീരുമാനിക്കുകയും തല്‍ഫലമായി മലബാറിലെ വിവിധപ്രദേശങ്ങില്‍ ഒട്ടനേകം മദ്‌റസകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്‌തു. അങ്ങനെ 1951 ലെ വടകര സമ്മേളനത്തിലാണ്‌ വ്യവസ്ഥാപിതമായ നടത്തിപ്പിനായി സമസ്‌ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ്‌ സ്ഥാപിതമായത്‌. ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന്റെ ഭാഗമായി നിയത സമയക്രമത്തോടെയുള്ള ഈ സംവിധാനം മറ്റ്‌ എവിടെയും നിലനിന്നിരുന്നില്ല എന്നതാണ്‌ ഇതിനെ പ്രശസ്‌തമാക്കുന്നത്‌.

1960-കള്‍ക്ക്‌ ശേഷം മുസ്‌ലിം ലോകത്തിന്റെ ചിന്താ മണ്ഡലങ്ങളില്‍ സജീവചര്‍ച്ചയായിരുന്നല്ലോ വിജ്ഞാനങ്ങളുടെ ഇസ്‌ലാമീകരണം. പാരമ്പര്യമായി തുടര്‍ന്ന്‌ വന്ന വിദ്യഭ്യാസ രീതിയുടെ കാലികപരിഷ്‌കരണങ്ങള്‍ക്ക്‌ എന്നും മുന്നില്‍ നിന്ന സമസ്‌തയുടെ പണ്ഡിതരും അത്തരം ഒരാശയത്തില്‍ പ്രചോദിതരായിരുന്നുവെന്ന്‌ നമുക്ക്‌ ചരിത്രത്തില്‍ നിന്ന്‌ ഊഹിക്കാനാവും. മത വിദ്യഭ്യാസ രീതിയിലും ഭൗതികവിദ്യഭ്യാസ രീതിയിലും പ്രകടമായ മതപരവും മതേതരവുമായ കുറവുകളെ കണ്ടെത്തി കാലിക പരിഹാരം നല്‍കുകയായിരുന്നു അക്കാലത്ത്‌ സമസ്‌ത. പ്രധാനമായും ഉന്നത വിദ്യഭ്യാസ രംഗത്ത്‌ കേരളമുസ്‌ലിംകള്‍ അനുഭവിച്ചിരുന്ന കഷ്‌ടതകളുടെ പരിഹാരം ലക്ഷീകരിച്ചായിരുന്നു മതഭൗതിക സമന്വയമെന്ന ജ്ഞാന സമ്പാദന രീതി സമസ്‌തയുടെ പണ്ഡിതര്‍ മുന്നോട്ട്‌ വെച്ചത്‌. ഇതോടെയാണ്‌ സമസ്‌തയുടെ ജ്ഞാന പാരമ്പര്യം കൂടുതല്‍ സാര്‍ത്ഥകമായ പ്രതിഫലനങ്ങള്‍ ഉളവാക്കിയതെന്നതിന്‌ ചരിത്രം സാക്ഷിയാണ്‌.

മുനയൊടിയുന്ന ആരോപണങ്ങള്‍

എണ്‍പത്തി അഞ്ച്‌ വര്‍ഷമെന്നത്‌ ഒരു പ്രസ്ഥാനത്തിന്റെ നിര്‍മാണാത്മകത അടയാളപ്പെടുത്താനും ചരിത്രത്തെ വിമര്‍ശിക്കാനും മതിയായ കാലം തന്നെയാണ്‌. ഈ സുദീര്‍ഘ കാലത്തിന്റെ പ്രാരമ്പദശകളില്‍, കേരളീയ മുസ്‌ലിംകളുടെ പാരമ്പര്യത്തെയും അധിനിവേശ ഘട്ടത്തില്‍ സ്വീകരിച്ച നിലപാടുകളെയും മുന്‍ നിര്‍ത്തി അനേകം വിമര്‍ശനങ്ങള്‍ സമസ്‌തക്കെതിരെ ഉയര്‍ന്ന്‌ വന്നു. പൂര്‍വ്വീകരെ കൊള്ളരുതാത്തവരും പഴഞ്ചരുമായി മുദ്രകുത്താനും അവരുടെ നയനിലപാടുകള്‍ ആധുനികതയോട്‌ താദാത്മ്യം പ്രാപിക്കാത്തതാണെന്ന സ്ഥാപിക്കലുമായിരുന്നു ഈ ആരോപണങ്ങളുടെ അടിസ്ഥാനം. പാരമ്പര്യത്തിന്റെ ഭാഗമായി തങ്ങളുടെ മനോമുകരത്തില്‍ താഴിട്ട്‌ സൂക്ഷിച്ചിരുന്ന ദൈവിക ഭക്തിയും ഈമാനികാവേശവുമായിരുന്നു പാരമ്പര്യ പണ്ഡിതരുടെ നിലപാടുകളെ രൂപീകരിച്ചത്‌ എന്നാണ്‌ ഇതിനുള്ള ലളിതമായ മറുപടി. സാഹചര്യങ്ങള്‍ പാടെ അവഗണിക്കുകയും സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി തങ്ങള്‍ക്കാവശ്യമുള്ളത്‌ മാത്രം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന പുത്തനാശയക്കാരുടെ കുത്സിത ശ്രമങ്ങളുടെ ഭാഗമായിരുന്നു മുഴുവന്‍ ആരോപണങ്ങള്‍.

ആര്യ ആംഗലേയ ഭാഷയോടെന്നല്ല ഭൗതിക വിദ്യഭ്യാസത്തോട്‌ തന്നെ മുഖം തിരിച്ച്‌ നിന്നവരായിരുന്നു സമസ്‌തക്കാരെന്നായിരുന്നു ആരോപണങ്ങളില്‍ ഒന്ന്‌. നിയതമായ ഭരണഘടനയുള്ള സമസ്‌ത അതിന്റെ വകുപ്പുകളില്‍ ഒന്നില്‍ കേരളീയ മുസ്‌ലികളുടെ ഭൗതികവിദ്യഭ്യാസത്തോടുള്ള നിലപാടുകള്‍ ക്രിയാത്മകമായിരിക്കണമെന്ന്‌ നിര്‍ദേശിക്കുന്നത്‌ നാം മുമ്പ്‌ പ്രസ്‌താവിച്ചത്‌ ഇതിനുള്ള മൗലികമായ മറുപടിയാണ്‌. സമസ്‌തയുടെ പ്രസിഡന്റായിരുന്ന വാളക്കുളം അബ്‌ദുല്‍ ബാരി മുസ്‌ലിയാര്‍ സ്വന്തം സ്ഥലത്ത്‌ ഒരു സ്‌കൂള്‍ നിര്‍മിക്കുകയും ശേഷം അത്‌ ഗവണ്‍മെന്റിന്‌ വിട്ട്‌കൊടുക്കുകയും ചെയ്‌തത്‌ ചരിത്രസാക്ഷ്യമാണ്‌. ഭൗതിക വിദ്യാഭ്യാസത്തിന്റെ മറവില്‍ വിഷലിപ്‌താശയങ്ങള്‍ പ്രസരിപ്പിക്കുന്ന ഉത്‌പതിഷ്‌ണുക്കളുടെ വിഹാര ഘട്ടത്തിലായിരുന്നു ഇത്‌.

മാത്രമല്ല, 1933 മാര്‍ച്ച്‌ 5ന്‌ ഫറോക്കില്‍ നടന്ന സമസ്‌തയുടെ ആറാം സമ്മേളനത്തില്‍ സര്‍വ്വ സമ്മതമായി അംഗീകരിച്ച പതിനൊന്നാം പ്രമേയത്തില്‍ ``യഥാര്‍ഥമായ ഒരു പഠനം ആവശ്യമാകയാല്‍ എല്ലാ ജുമുഅത്ത്‌ പള്ളികളിലും ദര്‍സ്‌ നടത്തപ്പെടണമെന്നും മുസ്‌ലിം സമുദായ അഭിവൃദ്ധിക്ക്‌ ഉതകുന്ന മറ്റ്‌ വിദ്യഭ്യാസങ്ങള്‍ പ്രചരിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു'' എന്ന്‌ കാണാനാവും. താനൂര്‍ ഇസ്‌ലാഹൂല്‍ ഉലൂമിന്റെ ഒരു വാര്‍ഷിക യോഗത്തില്‍ അറബി, ഉറുദു, മലയാളം പഠിപ്പിക്കാന്‍ നിശാപാഠശാല ഏര്‍പ്പെടുത്താന്‍ താനൂര്‍ ഡിസ്‌ട്രിക്‌റ്റ്‌ ബോര്‍ഡിനോടഭ്യര്‍ത്ഥിച്ച്‌ ഒരു പ്രമേയം പാസാക്കിയിരുന്നു എന്നതും ഉത്‌പതിഷ്‌ണുക്കളുടെ ആരോപണങ്ങള്‍ക്ക്‌ പ്രാരംഭഘട്ടത്തില്‍ തന്നെ നടന്ന മറുപടികളാണ്‌.

ആകെ ഇംഗ്ലീഷ്‌ ഭാഷയോടുള്ള മുസ്‌ലിം വിരോധം ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോടുള്ള വെറുപ്പും സംസ്‌കൃതിയായി തലമുറകള്‍ കൈമാറിയ അറബി ഭാഷയോടുള്ള അദമ്യമായ പ്രേമവും കാരണമായിരുന്നു. സാമൃാജ്യത്വത്തിന്റെ മറ പിടിച്ച്‌ നടത്തിയ ക്രിസ്‌തീയ വത്‌കരണവും പാശ്ചാത്യന്‍ വിദ്യഭ്യാസവും സാമ്രാജ്യത്ത്വ വിരോധവും രാജ്യസ്‌നേഹവും രൂഢമൂലമായ ഒരു സമൂഹത്തിന്റെ ഉന്മൂലനാശത്തിലേക്കാവും വഴിവെക്കുക എന്ന്‌ തിരിച്ചറിഞ്ഞ പണ്ഡിതര്‍ അതിനെ ചെറുക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗമായിരുന്നു അത്‌.

ഉത്‌പതിഷ്‌ണുക്കള്‍ ഉയര്‍ത്തിക്കാട്ടിയ മറ്റൊരാരോപണം സമസ്‌തയുടെ നാലാം വാര്‍ഷികത്തില്‍ അവതരിപ്പിച്ച, സ്‌ത്രീകളെ കൈയെഴുത്ത്‌ പഠിപ്പിക്കരുതെന്ന പ്രമേയത്തെ സ്‌ത്രീ വിദ്യഭ്യാസത്തോടുള്ള വൈമുഖ്യമായി വ്യാഖ്യാനിച്ചായിരുന്നു. ആകാലത്തും മുമ്പും മുസ്‌ലിം മങ്കമാര്‍ പലവിഷയങ്ങളിലും അവഗാഹം നേടി ദര്‍സ്‌ നടത്തിയതായി ഉത്‌പതിഷ്‌ണു വക്താവായ സി.എം അഹ്‌മദ്‌ മൗലവി പങ്ക്‌ചേര്‍ന്ന്‌ എഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ നമുക്ക്‌ കാണാനാവും. പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി മദ്‌റസകള്‍ സ്ഥാപിച്ച്‌ അവരുടെ മതപരമായ വളര്‍ച്ചക്ക്‌ ശക്തിപകര്‍ന്നവരാണ്‌ സമസ്‌തക്കാര്‍. പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ മദ്‌റസത്തുല്‍ ബനാത്ത്‌ സ്ഥാപിച്ചത്‌ ഇതിന്റെ ദൃഷ്‌ടാന്തമാണ്‌. സ്‌ത്രീകളെ നിങ്ങള്‍ മാളിക മുകളില്‍ താമസിപ്പിക്കരുത്‌, അവര്‍ക്ക്‌ എഴുത്ത്‌ പഠിപ്പിക്കുകയുമരുത്‌, അവര്‍ക്ക്‌ നൂല്‍നൂല്‍ക്കലും സൂറത്ത്‌ നൂറും പഠിപ്പിക്കുക എന്ന ആഇശ(റ) ഉദ്ധരിച്ച ഹദീസ്‌ സ്‌ത്രീയുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം ഗൃഹ പരിപാലനമാണെന്നും വ്യക്തമാക്കിയും സാക്ഷരതയുടെ പേരില്‍ പൊതുരംഗത്തിറക്കിക്കൊണ്ട്‌ മത പരിഷ്‌കരണവാദികളുടെ രഹസ്യഅജണ്ടയുടെ ഭാഗമായി നടക്കുന്നത്‌ എതിര്‍ത്തുമാണ്‌ സമസ്‌ത പ്രമേയം അവതരിപ്പിച്ചത്‌. പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെ ആഭാസകരമായ ചുവടുവെപ്പുകള്‍ക്ക്‌ കൂട്ടുനില്‍ക്കുന്ന സാമ്രാജ്യത്ത ദാസ്യത്തെയായിരുന്നു സമസ്‌ത എതിര്‍ത്ത്‌ തോല്‍പിച്ചത്‌.

1933 മാര്‍ച്ച്‌ അഞ്ചിന്‌ ഫറോക്കില്‍ സമസ്‌തയുടെ ആറാം സമ്മേളനത്തില്‍ കോണ്‍ഗ്രസില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കാനും അന്നത്തെ ഗവണ്‍മെന്റിനോട്‌ സഹകരിക്കാനും ആഹ്വാനം ചെയ്‌തുകൊണ്ടുള്ള ഒരു പ്രമേയമായിരുന്നു ഉത്‌പതിഷ്‌ണുക്കളുടെ മറ്റൊരാരോപണം. പ്രത്യേക സാഹചര്യത്തില്‍ കൊണ്ട്‌ വന്ന പ്രമേയം സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തിമാറ്റി തങ്ങളുടെ വാദമുഖങ്ങള്‍ക്ക്‌ ശക്തികൂട്ടാന്‍ ഉപയോഗിക്കുന്നതാണ്‌ ഈ ആരോപണം. 1921ലെ പ്രക്ഷുബ്‌ധ അന്തരീക്ഷത്തില്‍ ലഹളയില്‍ പങ്കെടുത്ത്‌ ജയിലില്‍ കഴിഞ്ഞ പാങ്ങില്‍ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാരായിരുന്നു ആ പ്രമേയത്തിന്റെ പിന്നിലുണ്ടായിരുന്നത്‌. തുര്‍ക്കി ഖിലാഫത്തിന്റെ തകര്‍ച്ചയെ വൈകാരികതക്ക്‌ ഉപയോഗിച്ച്‌ മുസ്ലിം സമൂഹത്തെ ആവേശഭരിതരാക്കി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ എതിരെ ഇളക്കിവിടുന്നതില്‍ അന്നത്തെ കോണ്‍ഗ്രസ്‌ സജീവ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. പക്ഷെ, മലബാറിലാകെ ആളിപടര്‍ന്ന ആ സമരാഗ്നി അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൊടിയ പീഢനങ്ങളത്രയും ഏറ്റുവാങ്ങേണ്ടി വന്നത്‌ മുസ്‌ലിംകളായിരുന്നു. കോണ്‍ഗ്രസുകാര്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ്‌ ചെയ്‌തത്‌. ഇതിന്‌ ശേഷമുള്ള മുസ്‌ലിംകളുടെ അവസ്ഥ മനസ്സിലാക്കി വൈകാരികതക്കപ്പുറം പക്വതയോടെ എടുത്ത യുക്തമായ ഒരു തീരുമാനമായി മാത്രമെ നമുക്ക്‌ ചരിത്ര വിശകലനത്തില്‍ ഈ തീരുമാനത്തെ ഗ്രഹിക്കാനാകൂ.

മതപ്രബോധന മേഖലയിലെ നൂതനാവിഷ്‌കാരങ്ങളോട്‌ നീരസം പ്രകടിപ്പിച്ചവരാണ്‌ സമസ്‌തക്കാരെന്നാണ്‌ ഉത്‌പതിഷ്‌ണുക്കള്‍ എന്നും ആരോപിക്കാറുള്ളത്‌. തഖ്‌വയും സൂക്ഷ്‌മതയും കൈമുതലാക്കി 1400 വര്‍ഷത്തോളം പഴക്കമുള്ള ഒരു പുകള്‍പെറ്റ സമുദായത്തിന്റെ വക്താക്കള്‍ക്ക്‌ ആധുനികതയെ പുല്‍കാനും പാരമ്പര്യത്തിന്റെ ഉന്നത മൂല്യങ്ങളെ കൂട്ട്‌ പിടിക്കേണ്ടതുണ്ടായിരുന്നു. ആഗോളതലത്തില്‍ രൂപം കൊണ്ട നൂതന പ്രവണതകളോട്‌ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒരു രീതിയും സമസ്‌തയുടെ ചരിത്രത്തില്‍ നമുക്ക്‌ കാണാനാവും.

സുഗന്ധങ്ങളായ നേതൃത്വം.

എട്ടരപ്പതിറ്റാണ്ട്‌ പിന്നിട്ട സമസ്‌തയുടെ വഴിയില്‍ സുഗന്ധം വമിപ്പിക്കുന്ന അനേകം നേതൃത്വങ്ങള്‍ ഉണ്ട്‌. സമസ്‌തയുടെ ഏറ്റവും വലിയ അനുഗ്രഹം തന്നെ യമനീ ഹിക്‌മത്തിന്റെ മര്‍മ്മമറിഞ്ഞ പണ്ഡിതന്മാരും സയ്യിദന്മാരും വിളക്കുമാടങ്ങളായി എന്നും സമസ്‌തക്കൊപ്പം ഉണ്ടായിരുന്നു എന്നതാണ്‌. വിദ്യഭ്യാസ രംഗത്തും മറ്റു ആധ്യാത്മിക ഭൗതിക രംഗത്തും ഇവര്‍ വ്യക്തമായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.കൂടാതെ ത്വരീഖത്തുകളുടെ ശൈഖുമാരായതിനാല്‍ ജനങ്ങള്‍ അവരെ ആത്മീയ നായകരായി എന്നും ഉയര്‍ത്തിക്കാട്ടി.

യമനിന്റെ യുക്തിയും വിശ്വാസവും സമന്വയിച്ചവരായിരുന്നു സമസ്‌തയുടെ സ്ഥാപകന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍. കേരളീയ പൊതു സമൂഹത്തിന്റെ സര്‍വ്വാദരങ്ങള്‍ ഏറ്റുവാങ്ങി സമസ്‌തയുടെ വളര്‍ച്ചക്ക്‌ അടിത്തറ ഒരുക്കിയതാണ്‌ തങ്ങളുടെ ഏറ്റവും വലിയ മഹത്വം. ആത്മീയ ഗിരിശൃംഖങ്ങളില്‍ ഉപവിഷ്‌ഠനായ ഒരു മഹാവ്യക്തിപ്രഭാവത്തിന്റെ ഉടമയായിരുന്നു തങ്ങള്‍. വരക്കല്‍ തങ്ങള്‍ വഴിയൊരുക്കിയ ജീവിതമായിരുന്നു ബാഫഖി തങ്ങളും പൂക്കോയ തങ്ങളും അനുധാവനം ചെയ്‌തത്‌. കേരളത്തിന്റെ ആത്മീയ വിഹായസ്സില്‍ പൊന്‍താരകങ്ങളായി പ്രോജ്ജ്വലിച്ച്‌ നിന്ന, ഭൗതികതയുടെ പുറം പൂച്ചുകളില്‍ നിന്ന്‌ അകലം പ്രാപിച്ചവരായിരുന്നു ഇരുവരും. മാത്രമല്ല, കേരളീയ മുസ്‌ലിം ഭാവിയെ കാലേകൂട്ടി നിര്‍ണയിക്കകൂടി അവര്‍ ചെയ്‌തു.

സയ്യിദന്മാര്‍ ഒരുക്കിയ ആത്മീയ അടിത്തറയില്‍ നിന്ന്‌ പ്രവര്‍ത്തിച്ച്‌ മഹത്തായ സൂഫി സരണികളില്‍ ആകൃഷ്‌ടരായി ജീവിതം നയിച്ച പണ്ഡിതന്മാരായിരുന്നു സമസ്‌തയുടെ പ്രബോധന പ്രചാരണ വഴിയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയത്‌. പാങ്ങില്‍ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ മാതൃക തീര്‍ത്ത സരണിയില്‍ പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാരും വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരും അഹ്‌മദ്‌ കോയ ശാലിയാത്തിയും അബ്ദുല്‍ ഖാദിര്‍ ഫള്‌ഫരിയുമെല്ലാം കേരളീയ അനുഷ്‌ഠാന സംരക്ഷണത്തില്‍ നേതൃത്വമേകി. പിന്നെ അമ്പതുകള്‍ക്ക്‌ ശേഷം നിര്‍മ്മാണാത്മകമായുള്ള സമസ്‌തയുടെ പ്രവര്‍ത്തനത്തില്‍ ഇതിഹാസ തുല്യരായ സൂഫിവര്യരായിരുന്നു സമസ്‌തക്കുള്ള നേതൃത്വം. ഉയര്‍ന്ന ബൗദ്ധിക പ്രഭാവമായിരുന്നു അവരുടെ നേതൃഗുണം. സൂക്ഷ്‌മതയുടെ പര്യായങ്ങളായിരുന്ന കണ്ണിയത്ത്‌ അഹ്‌മദ്‌ മുസ്‌ലിയാരും ശംസുല്‍ ഉലമയും ബശീര്‍ മുസ്‌ലിയാരും, സി.എച്ച്‌ ഐദറൂസ്‌ മുസ്‌ലിയാരുമടക്കമുള്ള പണ്ഡിത നേതൃത്വമായിരുന്നു ഈ കാലത്തെ കര്‍മ്മയോഗികള്‍. സമസ്‌തയില്‍ ഉടലെടുത്ത ഭിന്ന സ്വരങ്ങളെ കൂര്‍മ്മ ബുദ്ധിയോടെയും സാമൂഹികവും മതപരവുമായ നന്മ മുന്‍നിര്‍ത്തിയുമാണ്‌ അവര്‍ സമീപിച്ചിരുന്നത്‌. ഈ അവസരത്തിലായിരുന്നു ആനേതൃത്വത്തിന്റെ സുഗന്ധം ഏറെ അനുഭവപ്പെട്ടത്‌. കേരളീയ മുസ്‌ലിംകളുടെ സമകാലികമായ പ്രശ്‌നങ്ങളെ ഒരു തരം വൈകാരികതയോടെ വീക്ഷിച്ചതായിരുന്നുവല്ലോ 1989-ന്‌ ശേഷമുള്ള സമസ്‌തയുടെ ഭിന്നിപ്പിന്റെ കാരണമായത്‌. പൈതൃകമായി സൂക്ഷിച്ച ഒരാത്മീയ വഴിയില്‍ നിന്ന്‌ മുന്‍ഗാമികള്‍ പകര്‍ന്ന്‌ നല്‍കിയ നേതൃഗുണങ്ങളാണ്‌ സമസ്‌തയുട നായകര്‍ നാളിതുവരെ തുടര്‍ന്ന്‌ വന്നത്‌.

ഉപസംഹാരം.

എട്ടരപ്പതിറ്റാണ്ട്‌ കാലത്തെ സമസ്‌തയുടെ പ്രവര്‍ത്തനങ്ങള്‍ നിരാക്ഷേപകരവും കാലികവുമായിരുന്നുവെന്ന്‌ ചരിത്രം വായിച്ചാല്‍ നമുക്ക്‌ പറയാനാവും. മതനവീകരണത്തില്‍ തുടങ്ങി ചൂഷണാധിഷ്‌ഠിത ഭൗതിക വാദങ്ങള്‍ വരെയുള്ള വിലങ്ങ്‌ വാദങ്ങള്‍ കേരളീയ മുസ്‌ലിംകളുടെ വികാസത്തിന്‌ വിഘാതം സൃഷ്‌ടിച്ചപ്പോള്‍ ആദര്‍ശത്തിന്‌ പടയണി തീര്‍ത്തതാണ്‌ സമസ്‌തയുടെ നവോത്ഥാന മേന്മ. വിദ്യഭ്യാസ, സാമൂഹിക, സാംസ്‌കാരിക പൈതൃക സംരക്ഷണ വഴിയില്‍ കാവല്‍ നിന്ന്‌ സത്യസാക്ഷ്യത്തിന്റെ കാഹളം മുഴക്കിയതായിരുന്നു സമസ്‌തയുടെ എട്ടരപ്പതിറ്റാണ്ടിലെ വിജയം. ഇതായിരിക്കും അടുത്ത കാലം നിര്‍ണയിക്കുന്ന കേരളീയ മുസ്‌ലിംകളുടെ നവോത്ഥാനവും.

No comments:

Post a Comment