Monday, March 12, 2012

സത്യസാക്ഷികളാവുക

കെ.എം. അലാഉദ്ദീന്‍ ഹുദവി


കാലുഷ്യത്തിന്റെ മരുപ്പറമ്പില്‍ ദിശയറിയാതെ അനന്തതയിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന മാനവസമൂഹം. ദിശകാണിക്കേണ്ട ശാസ്‌ത്രവും സാങ്കേതിക വിദ്യയും പ്രതീക്ഷയുടെ തിരുവെട്ടം പോലും കാണിക്കാതെ അസ്വസ്ഥതയുടെ മരീചിക മാത്രം സൃഷ്‌ടിച്ച്‌ ജീവിതത്തിന്‌ മേല്‍ കരിനിഴല്‍ വീഴ്‌ത്തുന്നു. 

രക്ഷയും മോക്ഷവും തേടി വിശ്വമാനവികത അനേകായിരം വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. പക്ഷേ ബാഹ്യസൗന്ദര്യത്തിന്റെ ശബളിമക്കപ്പുറം വിമോചനത്തിന്റെ പന്ഥാവൊരുക്കാന്‍ അവക്കാവുന്നില്ലെന്ന്‌ മാത്രമല്ല, ഘനാന്ധകാരത്തിന്റെ അത്യഗാധതയിലേക്കാണ്‌ അവ മാനവകുലത്തെ നയിക്കുന്നത്‌. 

മതത്തിനുമേല്‍ പുരോഗതിയുടെ മേമ്പൊടി ചേര്‍ത്ത മതനവീകരണ പ്രസ്ഥാനങ്ങള്‍ മരുഭൂമിയിലെ മരുപ്പച്ച മോഹിപ്പിച്ച്‌ ഇരുട്ടിനെ പ്രണയിക്കാന്‍ പഠിപ്പിക്കുന്നു. മറ്റൊരു ഭാഗത്ത്‌ ഭൗതിക തിരസ്‌കാരത്തിന്റെ ഊഷ്‌മളത പകരേണ്ട ആത്മീയത ചൂഷണത്തിന്റെയും വിഴുപ്പലക്കലിന്റെയും പുകമറ സൃഷ്‌ടിക്കുകയും മതവിരുദ്ധ ശക്തികള്‍ക്ക്‌ വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കുകയും ചെയ്യുന്നു. 

ഇവിടെയാണ്‌ ചോദ്യത്തേക്കാള്‍ വലിയൊരു ചോദ്യചിഹ്നം ഉയരുന്നത.്‌ എവിടെയാണ്‌ രക്ഷ? ആരാണ്‌ വിമോചനത്തിന്റെ ദിവ്യപന്ഥാവ്‌ ഒരുക്കുക? സ്വപ്‌നങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ ഭൂമിക എവിടെയാണ്‌ നാം തെരേയണ്ടത്‌? സൈബര്‍ പേഴ്‌സില്‍ മുഴുവന്‍ കള്ളനാണയങ്ങള്‍ നിറയുമ്പോള്‍ തനിമയുടെയും നിഷ്‌കളങ്കതയുടെയും സ്വഛന്ദതാഴ്‌വാരങ്ങള്‍ ഏത്‌ ആദര്‍ശ വിഹായസ്സിന്‌ ചുവട്ടിലാണ്‌ മനോഹാരിതയോടെ നിലകൊള്ളുന്നത്‌?. 

അനേകായിരം ചോദ്യങ്ങള്‍ക്ക്‌ ഒരുത്തരവും നൂറുകൂട്ടം സമസ്യകള്‍ക്ക്‌ ഒരു പൂരണവും മാത്രമെ നമ്മുടെ മുമ്പിലുള്ളൂ. മുന്‍ഗാമികളിലേക്ക്‌, ഇന്നലകളുടെ ജ്വലിക്കുന്ന ഓര്‍മകളിലേക്ക്‌ ഒരു തീര്‍ത്ഥയാത്ര.`സത്യസാക്ഷികളാവുക'എന്ന പ്രമേയം സാരസമ്പൂര്‍ണ്ണവും അര്‍ത്ഥപൂര്‍ണവുമാകുന്നത്‌ ഇവിടെയാണ്‌. 

സത്യസാക്ഷികളാവുക 
താനല്ലാതെ ഇലാഹില്ല എന്നതിന്‌ അല്ലാഹു പലതെളിവുകളും വെളിപ്പെടുത്തിയിട്ടുണ്ട്‌. മലക്കുകളും ജ്ഞാനമുള്ളവരും അതിന്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവന്‍ നീതി പാലിക്കുന്നവനാണ്‌.അവനല്ലാതെ ഒരു ഇലാഹുമില്ല തന്നെ. അവന്‍ പ്രതാപവാനും മഹാതന്ത്രജ്ഞനുമാകുന്നു.(3:13) 

സത്യവും ധര്‍മ്മവുമാണ്‌ ലോകത്തിന്റെ നിലനില്‍പിന്‌ തന്നെ ആധാരം. അവയെന്ന്‌ തകര്‍ക്കപ്പെടുന്നുവോ അന്ന്‌ അണ്‌ഡകടാഹമാകെ ഉന്‍മൂല നാശത്തിന്‌ വിധേയമാക്കപ്പെടും. സത്യം സ്വയം ജീവിതത്തില്‍ പകര്‍ത്തുകയും കാലാന്തരങ്ങളിലൂടെ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സത്യത്തിന്റെ നിലക്കാത്ത പ്രവാഹത്തിന്‌ സാക്ഷിയാവുകയും ചെയ്യുമ്പോള്‍ മാത്രമാണ്‌ ജീവിതത്തിന്‌ തന്നെ അര്‍ത്ഥം കൈവരുന്നത്‌. 

പ്രശ്‌നകാലുഷ്യങ്ങളുടെ വേലിയേറ്റത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ്‌ ലോകം. ഒരു ഭാഗത്ത്‌ ഇസ്‌ലാം വിരുദ്ധലോബികള്‍ നശീകരണ ശ്രമങ്ങളുമായി അശ്രാന്ത പരിശ്രമങ്ങള്‍ നടത്തുമ്പോള്‍ മറ്റൊരു വിഭാഗം ആളുകള്‍ അതിഭൗതിക ഭ്രമം തലക്ക്‌ പിടിച്ച്‌ എല്ലാവിധ മൂല്യങ്ങളോടും ധര്‍മചിന്തകളോടും രാജിയായി സര്‍വ്വതന്ത്ര സ്വതന്ത്രരായി ജീവിതം ആസ്വദിക്കുന്നു. തീവ്രവാദം, മദ്യപാനം, അഴിമതി, അക്രമം തുടങ്ങിയ സാമൂഹ്യദ്രോഹങ്ങള്‍ വ്യാപകമായി സംക്രമിക്കുന്നു. ഇത്തരമൊരു പശ്ചാതലത്തില്‍ സത്യസാക്ഷികളായി ജീവിതം ക്രമീകരിക്കാന്‍ സമൂഹത്തെ പൊതുവെയും സത്യവിശ്വാസികളെ പ്രത്യേകിച്ചും ബോധവത്‌കരിക്കാന്‍ ഉത്തരവാദപ്പെട്ട പണ്‌ഡിതസഭക്കും അതിന്റെ കീഴ്‌ഘടകങ്ങള്‍ക്കും ബാധ്യതയുണ്ട്‌. അതുതന്നെയാണ്‌ പ്രസ്‌തുത പ്രമേയത്തെ ഇത്തരുണത്തില്‍ പ്രസക്തമാക്കുന്നത്‌. 

സത്യവിശ്വാസികള്‍ എല്ലാ ജനങ്ങള്‍ക്കും സാക്ഷികളാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. അല്ലാഹു മുസ്‌ലിം സമുദായത്തിന്‌ സന്മാര്‍ഗം നല്‍കി ഉത്തമ സമുദായമാക്കിയത്‌ ജനങ്ങള്‍ക്ക്‌ സത്യ സാക്ഷികളായി ജീവിതം നയിക്കാന്‍ വേണ്ടിയാണ്‌. മറ്റുള്ള സമൂഹത്തിന്‌ (മുഹമ്മദ്‌ നബി(സ)യുടെ ഉമ്മത്തല്ലാത്ത)പ്രവാചകദൗത്യവും സത്യസന്ദേശവും അല്ലാഹുവില്‍ നിന്ന്‌ ലഭിച്ചിരിക്കുന്നുവെന്ന്‌ പരലോകത്ത്‌ സാക്ഷ്യം പറയുന്നത്‌ ഈ ഉമ്മത്താണ്‌. അതിനാല്‍ ഐഹികജീവിതത്തില്‍ സത്യസന്ദേശത്തിന്റെ വാഹകരായ മുസ്‌ലിംകള്‍ ലോകജനതക്കിടയില്‍ സത്യസാക്ഷികളായി ജീവിതം നയിക്കാന്‍ കടപ്പെട്ടിരിക്കുന്നു.``അപ്രകാരം(നിങ്ങളെ സന്മാര്‍ഗികളാക്കിയ പോലെ) നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും വേണ്ടി''(അല്‍ ബഖറ 143) 

ഏകതയുടെ നിത്യദര്‍ശനം 
സത്യസാക്ഷ്യ പാതയെന്ന ഓമാനപ്പേരില്‍ സഹസ്രക്കണക്കിന്‌ ജീവിതസഞ്ചാര വീഥികള്‍, പൊലിപ്പിച്ച വര്‍ണ്ണ പ്രപഞ്ചമൊരുക്കി നമ്മുടെ മുമ്പിലുണ്ട്‌. പക്ഷേ സത്യം ഒന്ന്‌ മാത്രമെയുള്ളൂ. ഭിന്നതകള്‍ക്ക്‌ ഇടംനല്‍കാത്ത ഏകതയായിരിക്കണം നമ്മുടെ ലക്ഷ്യം. ഇസങ്ങളും ദര്‍ശനങ്ങളും സംഘടനാ ബാഹുല്യങ്ങളും പൊതു മണ്ഡലങ്ങളില്‍ നിന്ന്‌ മാറി ഏകാന്തതയില്‍ അഭയം കണ്ടെത്താന്‍ പ്രേരണ നല്‍കുമ്പോള്‍ ശരിയേതെന്ന അന്വേഷണം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ദുഷ്‌കരമാവുകയാണ്‌. 

മനുഷ്യന്‌ ഒരേയൊരു ജീവിതമാര്‍ഗമേയുള്ളൂ. അല്ലാഹു മാനവികതക്ക്‌ മാര്‍ഗദര്‍ശനമായി നല്‍കിയ പരിശുദ്ധ മതം. ആ മതത്തില്‍ ഭിന്നതക്ക്‌ ഇടമില്ല. ഏകസ്വരമായിരിക്കും മനുഷ്യന്റെ ജീവിത പന്ഥാവിലുടനീളം ദര്‍ശിതമാവേണ്ടത്‌. 

മുഹമ്മദ്‌ നബി(സ)യുടെ സദസ്സില്‍ സമ്മേളിച്ചിരിക്കുകയായിരുന്നു സ്വഹാബികള്‍. അവര്‍ക്കു മുമ്പില്‍ തിരുമേനി(സ)ഒരു നേര്‍രേഖ വരച്ചുകൊണ്ടു പറഞ്ഞു: `` ഇതാണ്‌ അല്ലാഹുവിന്റെ മാര്‍ഗം''. പിന്നീട്‌ പ്രസ്‌തുത വരയുടെ ഇടതും വലതുമായി കുറേ വരകളും, എന്നിട്ട്‌ പറഞ്ഞു. ``ഇതെല്ലാം പല വഴികളാണ്‌. ഈ വഴികളിലെല്ലാം നിന്നുകൊണ്ട്‌ പിശാച്‌ തന്റെ പക്ഷത്തേക്ക്‌ ആളുകളെ ക്ഷണിക്കുകയാണ്‌''. തുടര്‍ന്ന്‌ അല്‍-അന്‍ആം അധ്യായത്തിലെ 153-ാം വചനം നബി(സ) അവര്‍ക്ക്‌ ഓതിക്കൊടുത്തു. ``ഇതത്രേ എന്റെ നേര്‍വഴി. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയെല്ലാം നിങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്‌ വ്യതിചലിപ്പിച്ചു. നിങ്ങള്‍ സൂക്ഷ്‌മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.''(അഹ്‌മദ്‌, നസാഈ, ദാരിമി) 

യഥാര്‍ത്ഥ ഇസ്‌ലാം ഒരു നേര്‍രേഖയാണ്‌. വളവുകളും വൈകല്യങ്ങളും വ്യതിയാനങ്ങളുമില്ലാത്ത തെളിഞ്ഞ വഴി. ഈ രാജ പാതയിലൂടെയാണ്‌ ആദം (അ) മുതല്‍ മുഹമ്മദ്‌(സ) വരെയുള്ള സര്‍വ്വ പ്രവാചകന്മാരും കടന്നുപോയത്‌. അന്ത്യനാള്‍ വരെ കളങ്കവും കാലുഷ്യവും കലരാതെ നിത്യശോഭയോടെ ജ്വലിച്ചുനില്‍ക്കുന്ന സരണിയും അതുതന്നെ. 

വ്യതിയാന പാതയില്‍ പിശാചിന്റെ പ്രേരകം 
പക്ഷേ ഈ സത്യസാക്ഷിത്വത്തിന്റെ പാതയുടെ ഇരുപാര്‍ശ്വങ്ങളിലും സാത്താന്‍ പുതിയ കുറെ ഇടവഴികളും ഇടുങ്ങിയ ഗര്‍ത്തങ്ങളും വെട്ടിതുറന്നിട്ടുണ്ട്‌. അതാണ്‌ തിരുമേനി(സ) പ്രവചിച്ച `പലവഴി'കള്‍. നേരിന്റെ വഴിത്താരയിലൂടെ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുന്നവരെ കബളിപ്പിച്ച്‌ പ്രയാണവീഥി തെറ്റിക്കുകയാണവന്‍. യുക്തിയുടെ പ്രകടന പരതയും മത നവീകരണത്തിന്റെ ന്യായാന്യായങ്ങളുമാണവന്റെ ആയുധം.സല്‍സരണിയില്‍ സംശയങ്ങളുടെ പൊടിപടലങ്ങള്‍ സൃഷ്‌ടിച്ച്‌ വിശ്വാസികളെ അങ്കലാപ്പിലാക്കുകയാണവന്റെ ഹോബി. മതത്തിന്റെ യഥാര്‍ത്ഥ സംരക്ഷകന്റെ റോളിലാണവന്‍ പലപ്പോഴും പ്രത്യക്ഷപ്പെടുക.വിശ്വാസികളെ പെട്ടന്ന്‌ വഴിതെറ്റിക്കാന്‍ കഴിയുക മതത്തിന്റെ വേദവും വേഷവുമെല്ലാം സ്വീകരിക്കുന്നതിലൂടെയാണെന്ന്‌ അവനെന്നോ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ആ തിരിച്ചറിവിന്റെ ശേഷവിശേഷങ്ങളായിരുന്നു മതത്തിന്റെ പേരില്‍ ഉടലെടുത്ത അവാന്തര പ്രസ്ഥാനങ്ങള്‍. 

ഇസ്‌ലാമിന്റെ പേരില്‍ സാത്താന്റെ സിംബലുകളുയര്‍ത്തിപ്പിടിച്ച്‌ രംഗപ്രവേശം ചെയ്‌ത ഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാന്‍ മുന്നോട്ട്‌ വന്ന ഇസ്‌ലാമിന്റെ മുഖ്യധാരയാണ്‌ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ: അതൊരു പ്രസ്ഥാനമോ ചിന്താ സരണിയോ അല്ല. ഇടമുറിയാത്തപാരമ്പര്യത്തിലൂടെ മുസ്‌ലിം ബഹുഭൂരിപക്ഷം കടന്നുപോയ രാജവീഥിയാണത്‌. അല്ലാഹുവിന്റെ അനുഗ്രഹത്തിനു പാത്രീഭൂതരായ നബിമാര്‍, സ്വിദ്ദീഖുകള്‍,ശുഹദാക്കള്‍, സ്വാലിഹുകള്‍ തുടങ്ങിയവരെല്ലാം സഞ്ചരിച്ച സ്വിറാത്തുല്‍ മുസ്‌തഖീം ആണത്‌. പുതിയ വാദങ്ങളുയര്‍ത്തിയവരും നവീന ചിന്തകള്‍ക്ക്‌ വശംവദരായവരുമെല്ലാം വിഘടിച്ചു പോയത്‌ ഇവിടെ നിന്നാണ്‌. ഇസ്‌ലാമിന്റെ ഈ തറവാട്ടിനകത്ത്‌ കലഹം സൃഷ്‌ടിച്ച്‌ ഇറങ്ങിപോയവരെല്ലാം അധികാരവും സമ്പത്തുമുപയോഗിച്ച്‌ ഇതിനെ നശിപ്പിക്കാന്‍ നോക്കി. അവരെല്ലാം ആദ്യമൊന്ന്‌ ആളിക്കത്തിയെങ്കിലും പിന്നീട്‌ കെട്ടടങ്ങി. അഹ്‌ലുസ്സുന്ന: മാത്രം മങ്ങലേല്‍ക്കാതെ ജ്വലിച്ചുനിന്നു. ശൈഥില്യത്തിന്റെയും വ്യതിയാനത്തിന്റെയും വക്താക്കള്‍ക്ക്‌ ഒരിക്കല്‍പോലും സത്യസരണിയെ അതിജയിക്കാനായില്ല. അവരെല്ലാം ഈ തറവാട്ടുപടിക്കല്‍ പലപ്പോഴും മുട്ടുകുത്തേണ്ടിവന്നവരാണ്‌. വിഘടിച്ചുപോയ മുഴുവന്‍ കക്ഷികളും ഒന്നിച്ചു കൈകോര്‍ത്തിട്ടും ചരിത്രത്തിലൊരിക്കല്‍ പോലും അവര്‍ അഹ്‌ലുസ്സുന്ന:യുടെ അടുത്തെത്തിയില്ല. എക്കാലത്തുമുള്ള മുസ്‌ലിം ബഹുഭൂരിപക്ഷം ഈ മുഖ്യധാരയുടെ കൂടെയായിരുന്നു. 

ദാര്‍ശനിക പ്രപഞ്ചത്തില്‍ ഇസ്‌ലാമിന്റെ വര്‍ണ ചാരുത 
സത്യസാക്ഷികളാവുക എന്നതിന്റെ പ്രഥമ അടിസ്ഥാനം മുസ്‌ലിമാവുക എന്നതു തന്നെയാണ്‌. `മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' ആധുനികലോകത്ത്‌ എമ്പാടുമുയര്‍ന്നു കേള്‍ക്കുന്ന ഒരു തത്വഭാഷണമാണിത്‌. അതിന്റെ പ്രയോക്താക്കളുടെ അജ്ഞതയുടെ ആഴം അതില്‍ നിന്ന്‌ ഊഹ്യമാണ്‌. മനുഷ്യന്റെ ചലനനിശ്ചലനങ്ങളെയും ക്രിയവിക്രയാദികളെയും ചിട്ടപ്പെടുത്തി ക്രമീകരിച്ചാല്‍ മാത്രമെ അവന്ന്‌ ധാര്‍മികോന്നമനം കൈവരിക്കാനാവൂ. വ്യവസ്ഥാപിതവും സാര്‍വ്വത്രീകവുമായ ഒരു തത്വസംഹതയിലൂടെ മാത്രമെ ഉപര്യുക്ത ക്രമീകരണം സാധിതമാവുകയുള്ളൂവെന്നത്‌ അനിഷേധ്യമായൊരു യാഥാര്‍ത്ഥ്യമത്രെ. അത്തരമൊരു തത്വസംഹിത പരതി പ്രയാണം ചെയ്യുന്ന ഏതൊരാളും എത്തിച്ചേരുന്നത്‌ ഒരു ദൈവീക നിയമസംഹിതയുടെ സന്നിധിയിലാവുന്നു. അതത്രേ പരിശുദ്ധ ഇസ്‌ലാം. 

ഇസ്‌ലാം സനാതനവും സാര്‍വ്വത്രകവുമാവുന്നു. സര്‍വ്വജ്ഞനായ അല്ലാഹുവാണ്‌ അതിന്റെ സംവിധായകന്‍. ആദം(അ) മുതല്‍ അന്ത്യ പ്രവാചകര്‍ വരെയുള്ള പ്രവാചക പ്രവീണര്‍ അതിന്റെ പ്രബോധകര്‍ മാത്രമാണ്‌. ഒരു മതത്തിന്റെ ശിക്ഷണത്തില്‍ ജീവിക്കാനാഗ്രഹിക്കുന്നവന്‍ ഇസ്‌ലാമിനെ അംഗീകരിച്ചേ തീരൂ. മറ്റേതുമതത്തെ അംഗീകരിച്ചാലും ഒരു മതാനുയായി വര്‍ത്തിക്കുന്നതുകൊണ്ടുള്ള നേട്ടം ലഭ്യമാവുകയില്ല. ഇസ്‌ലാമേതര മതങ്ങളഖിലവും മനുഷ്യ നിര്‍മ്മിതമാവുന്നു. കാല-ദേശ-വര്‍ഗ്ഗ-വര്‍ണ്ണ സീമകളെ അതിജീവിക്കുവാന്‍ അവയിലൊന്നിന്നും സാധ്യമല്ല. അല്‍പജ്ഞനായ മനുഷ്യന്‍ ചില സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ സാഹചര്യങ്ങളെ വീക്ഷിച്ചുകൊണ്ട്‌ അതിന്റെ അടിസ്ഥാനത്തില്‍ വിചിന്തനവിശകലനം ചെയ്‌തു അവതരിപ്പിക്കുന്ന അഭിപ്രായാഭ്യൂഹങ്ങള്‍ക്ക്‌ ക്രോഡീകരണം നല്‍കി മതമെന്നപേരില്‍ എഴുന്നള്ളിച്ച നിയമവ്യവസ്ഥകള്‍ പില്‍കാലത്ത്‌ അപ്രായോഗികമാവല്‍ സ്വാഭാവികം മാത്രമാണല്ലോ?. മാറിമാറിവരുന്ന ജനങ്ങളുടെ ഗതിവിഗതിക്കൊത്ത്‌ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ അവയെല്ലാം പരാജയമടഞ്ഞിരിക്കുന്നു. സൂക്ഷ്‌മാവലോകനം ചെയ്‌താല്‍ ഇതരമതങ്ങളുടെ സംവിധാനത്തില്‍ അനല്‍പമായ അപാകതകള്‍ കാണാന്‍ കഴിയും. ചുരുക്കത്തില്‍ വൈവിദ്ധ്യവും വൈരുദ്ധ്യവുമാര്‍ന്ന എണ്ണമറ്റ സങ്കല്‍പങ്ങളുടെ ആകെത്തുകയാണ്‌ ഇതരമതങ്ങള്‍. 

സാര്‍വ്വത്രികമായ ഒരു നിയമസംഹിതാ ക്രോഡീകരണത്തിന്ന്‌ മനുഷ്യന്‍ അശക്തനാണെന്ന്‌ ഉല്‍ഘോഷിക്കുന്ന നിരവധി സത്യങ്ങളെ ബോധപൂര്‍വ്വം മറന്നുകൊണ്ടും ഇസ്‌ലാമേതര മതങ്ങള്‍ അസത്യജഡിലങ്ങളായ ആശയാദര്‍ശങ്ങളുടെ സമുച്ചയമാണെന്ന യാഥാര്‍ത്ഥ്യം മൂടിവെച്ചുകൊണ്ടും സര്‍വ്വമതസത്യവാദവുമായി രംഗത്തുവന്ന ഒരു വിഭാഗം മൂഷികരുണ്ടിവിടെ, ഇസ്‌ലാമിനെ തുരങ്കംവെക്കാനുള്ള ഒരു നവീനായുധമത്രേ അത്‌! ഇസ്‌ലാം മനുഷ്യനിര്‍മ്മിതമാണെന്ന്‌ സ്ഥാപിക്കുവാന്‍ വേണ്ടി വിവിധോന്മുഖ ഗോഷ്‌ടികള്‍ പ്രയോഗിച്ചു പരാജയപ്പെട്ട മോഡേണിസ്റ്റുകളും അവരുടെ റാന്‍മൂളികളായ മണ്ടന്‍ മൗലവിമാരുമാണ്‌ പ്രസ്‌തുത വാദത്തിന്റെ പ്രയോക്താക്കള്‍. ശരീഅത്തു നിയമം ഭേദഗതിചെയ്‌താല്‍ ആകാശം പൊളിഞ്ഞുവീഴുകയില്ലെന്ന്‌ ആക്രോഷിക്കുക വഴി സമുദായത്തിന്റെ നിരന്തരശാപത്തിന്നു ശരവ്യമായ അവര്‍ ഇസ്‌ലാം മനുഷ്യനിര്‍മ്മിതമാണെന്നും ഇതരമതങ്ങളെപ്പോലെ അതും ഭേദഗതിക്ക്‌ വിധേയമാക്കേണ്ടതാണെന്നും സമര്‍ത്ഥിക്കുവാന്‍ വേണ്ടി ആസൂത്രണംചെയ്‌ത ഒരു വക്രാശയമത്രെ സര്‍വ്വമതസത്യവാദം. ഇസ്‌ലാമിനെയും ഇതരമതങ്ങളേയും സമത്വദൃഷ്‌ടിയോടെയാണ്‌ അവര്‍ വീക്ഷിക്കുന്നതെന്ന്‌ അവരുടെ ഈ വാദം പ്രഷ്‌ടീകരിക്കുന്നു. ഇതരമതങ്ങളിലഖിലവും മനുഷ്യസൃഷ്‌ടിയാണെന്നതിന്‌ ചരിത്രത്തില്‍ വ്യക്തമായ തെളിവുകള്‍ നിരവധിയുണ്ടന്നിരിക്കെ ഇസ്‌ലാമിനെ ഇതരമതങ്ങളോട്‌ തുല്യപ്പെടുത്തുന്നത്‌ ഇസ്‌ലാം മനുഷ്യ നിര്‍മ്മിതമാണെന്ന വാദത്തിന്റെ പുതിയ പതിപ്പാണെന്ന കാര്യത്തില്‍ സന്ദേഹത്തിനവകാശമില്ല. 

ഇസ്‌ലാം അല്ലാഹുവില്‍ നിന്നുള്ളതും മറ്റുമതങ്ങള്‍ മനുഷ്യസൃഷ്‌ടികളാണെന്നും സമ്മതിക്കുന്നതോടുകൂടി സര്‍വ്വമതസത്യവാദത്തെ ന്യായീകരിക്കാന്‍ ബുദ്ധിയുള്ളവരാരും ഒരുമ്പെടുകയില്ലന്ന്‌ ന്യായമായും അവകാശപ്പെടാം.അത്രയും ദോഷഭൂയിഷ്‌ടമാണീവാദം. ഇതരമതങ്ങളുടെ നിര്‍മാതാക്കളായ സൃഷ്‌ടികള്‍ക്ക്‌ ഇസ്‌ലാമിന്റെ സംവിധായകനായ സ്രഷ്‌ടാവിനെപ്പോലെ ദീര്‍ഘവീക്ഷണവും അഗാധജ്ഞാനവും സമ്പൂര്‍ണ്ണശക്തിയും ഉണ്ടെന്നുള്ള നിഗൂഢസമര്‍ത്ഥനം പ്രസ്‌തുത വാദത്തില്‍ അന്തര്‍ഭവിച്ചുകിടക്കുന്നുണ്ട്‌.അപ്പോള്‍ ബഹുദൈവ വിശ്വാസത്തിന്റെ അഭിനവ രൂപേണയുള്ള അവതരണമായി ഈ വാദത്തെ നമുക്ക്‌ നിര്‍വചിക്കാം. 

അഹ്‌ലുസ്സന്നത്തി വല്‍ജമഅ: 
സത്യസാക്ഷികളാവുക എന്നതിന്റെ രണ്ടാമത്തെ ഉദ്ദേശ്യം അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വക്താവുക എന്നതു തന്നെയാണ്‌. ഇനി എന്താണ്‌ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ? ഈ പദ സമുച്ചയത്തെ ചുറ്റിപ്പറ്റിയാണിപ്പോള്‍ അവകാശവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌.മുഹമ്മദ്‌ നബി(സ)യെ അന്തിമ പ്രവാചകനായി അംഗീകരിക്കാത്ത ഖാദിയാനികള്‍ മുതല്‍ സ്വഹാബത്ത്‌ ദീനില്‍ തെളിവല്ലെന്ന്‌ വാദിക്കുന്ന നദ്‌വത്തുകാര്‍ വരെ ഈ അവകാശത്തര്‍ക്കത്തില്‍ രംഗത്തുണ്ട്‌. അതുകൊണ്ട്‌ തന്നെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ അര്‍ത്ഥവും ആശയവും എന്താണെന്നും അതില്‍ ആരെല്ലാം ഉള്‍പ്പെടുമെന്നും പരിശോധിക്കേണ്ടതുണ്ട്‌. 

ഇസ്‌ലാമിന്റെ മൗലിക പ്രമാണവും ഭരണഘടനയുമാണ്‌ ഖുര്‍ആന്‍. മുസ്‌ലിംകളായി അറിയപ്പെടുന്ന ആര്‍ക്കും ഇതില്‍ തര്‍ക്കമില്ല. പക്ഷേ, ആ ഭരണഘടനയെ ആര്‌ എങ്ങെനെ വ്യാഖ്യാനിക്കണം എന്നത്‌ ഒരു പ്രശ്‌നമാണ്‌. ഒരു ഭാഷാ നിഘണ്ടുവിന്റെ സഹായത്തോടെ ആര്‍ക്കും എങ്ങെനെയും ഖുര്‍ആന്‍ വ്യാഖ്യാനിക്കാം എന്ന നിലപാട്‌ ചിലര്‍ ഇടക്കാലത്ത്‌ സ്വീകരിച്ചു. അതിനെതിരെ മുസ്‌ലിം പൊതുസമൂഹം രംഗത്തുവന്നു. സ്രഷ്‌ടാവില്‍ നിന്ന്‌ വിശുദ്ധ ഖുര്‍ആന്‍ നേരിട്ടു സ്വീകരിച്ചത്‌ മുഹമ്മദ്‌ നബി(സ)യാണ്‌. അത്‌ വ്യാഖ്യാനിക്കാനാണ്‌ പ്രവാചകന്‍ നിയുക്തനായതുതന്നെ. അതുകൊണ്ട്‌ മുഹമ്മദ്‌ (സ) ഖുര്‍ആനിനു നല്‍കിയ വ്യാഖ്യാനങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ. ഖുര്‍ആനിനു മുഹമ്മദ്‌ നബി(സ)സ്വന്തം ജീവിതം കൊണ്ട്‌ നല്‍കിയ വ്യാഖ്യാനമാണ്‌ സുന്നത്ത്‌. അതിനനുസരിച്ച്‌ മാത്രമേ വ്യാഖ്യാനിക്കാന്‍ പാടുള്ളൂ. 

മുഹമ്മദ്‌ നബി(സ)യെ കണ്ടതും കേട്ടതും പഠിച്ചതും പകര്‍ത്തിയതും സ്വഹാബികളാണ്‌. ആ അടിസ്ഥാന സമൂഹമാണ്‌ പ്രവാചകന്റെ വ്യാഖ്യാന വിശദീകരണങ്ങള്‍ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയതും അതിന്റെ സ്ഥലകാല സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടതും. അതുകൊണ്ട്‌ അവര്‍ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ തിരസ്‌കരിച്ച്‌ സ്വന്തവും സ്വതന്ത്രവുമായ വ്യാഖ്യാന ശൈലി പാടില്ല. ഏതൊരു ഭരണഘടനയും വിശദീകരിക്കേണ്ടത്‌ അതില്‍ അവഗാഹം നേടിയവര്‍ മാത്രമാണ്‌. എല്ലാ പൗരന്മാര്‍ക്കും അത്‌ വിശദീകരിക്കാന്‍ ഒരു പോലെ അവകാശമില്ല... എന്നിങ്ങനെയുള്ള ന്യായങ്ങളിലൂടെ, ഖുര്‍ആന്‍ വ്യാഖ്യാനത്തിന്‌ സുന്നത്തിനെയും ജമാഅത്തിനെയും മാനദണ്ഡമാക്കണമെന്ന മുസ്‌ലിം മുഖ്യധാരയുടെ വാദമാണ്‌ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ എന്ന വിശേഷണത്തിന്‌ അവരെ അര്‍ഹരാക്കിയത്‌. 

സമസ്‌ത: സത്യസാക്ഷ്യത്തിന്റെ കേരളമോഡല്‍ 
സത്യസാക്ഷ്യ പാതയില്‍ കേരള മുസ്‌ലിമിന്‌ അവലംബിക്കാവുന്ന ഏക സഞ്ചാരവീഥി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ മാത്രമാണ്‌. കേരളത്തിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വേരുകള്‍ നുബുവ്വത്തിന്റെ ഉറവിടമായ അറേബ്യന്‍ സൈതക ഭൂമിയോട്‌ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മലബാര്‍ തീരവും മധ്യ പൗരസ്‌ത്യ ദേശങ്ങളുമായുള്ള ബന്ധത്തിന്‌ ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്‌. ബൈബിള്‍ പഴയ നിയമത്തിലെ `രാജാക്കന്മാരുടെ പുസ്‌തക'ത്തില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ അടയാള സൂചകങ്ങള്‍ കാണാം. ``സോളമന്‍ രാജാവ്‌ തന്റെ കപ്പലുകള്‍ ഫൊണീഷ്യന്‍ രാജാവായ ഹീരാമിന്റെ കപ്പലുകളോടൊപ്പം ഓഫീരിലേക്ക്‌ അയച്ചതായും, അവിടെ നിന്ന്‌ അവര്‍ സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്‌, കുരങ്ങുകള്‍, മയിലുകള്‍ എന്നിവ കൊണ്ടുവന്നതായും പറയപ്പെടുന്നു''. 

സത്യസാക്ഷ്യ പ്രചരണം; കേരളം മാതൃകയായ വിധം 
നബി(സ)യുടെ കാലത്ത്‌ തന്നെ ഇസ്‌ലാം കേരളത്തില്‍ കടന്നുവന്നിട്ടുണ്ടെന്ന്‌ പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. മുഹമ്മദ്‌ ഖാസിം ഫരിശ്‌ത്ത: ഈ അഭിപ്രായക്കാരനാണ്‌. പല ചരിത്രകാരന്മാരും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്ന വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്‌. 

ഇന്ത്യയില്‍ ഇസ്‌ലാം കടന്നുവന്നത്‌ മൂന്ന്‌ പ്രധാന മാര്‍ഗങ്ങളിലൂടെയാണ്‌. അറബ്‌ നാട്ടില്‍ നിന്ന്‌ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ മുസ്‌ലിം കച്ചവടക്കാര്‍ മുഖേന കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ചു എന്നതാണ്‌ ഒന്നാമത്തെ മാര്‍ഗം. പുരാതന കാലം മുതല്‍ തന്നെ അറേബ്യന്‍ കച്ചവടക്കാരും കേരളവും തമ്മില്‍ വ്യാപാരബന്ധം നിലനിന്നുവരുന്നു. നബി(സ)യുടെ ആഗമനത്തിന്‌ ശേഷം ഇസ്‌ലാമിക പ്രവര്‍ത്തനം അറബുനാടുകളില്‍ വ്യാപകമായി. കേരളവുമായുള്ള വ്യാപാരബന്ധം തുടര്‍ന്നുവന്നതിനാല്‍ അറബ്‌ മുസ്‌ലിം വ്യാപാരികളില്‍ നിന്ന്‌ കേരളീയര്‍ ഇസ്‌ലാമിനെ മനസ്സിലാക്കി. ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ചത്‌ കൊടുങ്ങല്ലൂര്‍ രാജാവ്‌ തന്നെയായിരുന്നു. 

പ്രചരണത്തിന്റെ ഭാവഭേദങ്ങള്‍ 
സത്യസാക്ഷിത്വത്തിന്റെ പാതയില്‍ മലയാള മണ്ണില്‍ നമുക്ക്‌ കരുത്തേകിയ അറിവിന്റെ തനതുവഴിയാണ്‌ പള്ളിദര്‍സുകള്‍. 1400 ലധികം വര്‍ഷങ്ങളായി ദര്‍സുകള്‍ ഉണ്ടായിട്ട്‌. അതിലൊട്ടും കുറയില്ല ഓത്തു പള്ളികളുടെ പ്രായം.മദ്രസകളുണ്ടായിട്ട്‌ 200 ലധികം വര്‍ഷങ്ങളായി. അറബി ഭാഷയിലും അറബി മലയാളത്തിലും വിരചിതമായ ഗ്രന്ഥങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കല്‍ പോലും അസാധ്യം. ഏതാണ്ട്‌ 55000 ഗ്രന്ഥങ്ങള്‍ അറബിയിലും അത്രതന്നെ ഗ്രന്ഥങ്ങള്‍ അറബി മലയാളത്തിലും രചിക്കപ്പെട്ടു. (ശ്രീ. ശൂരനാട്‌ കുഞ്ഞന്‍പിള്ള).അവയൊക്കെയും തന്നെ കേരളത്തിലെ പണ്ഡിതപ്പഴമക്ക്‌ മന:പാഠമായിരുന്നു. വീടിനു പുറത്തിറങ്ങാത്ത മുസ്‌ലിം പെണ്‍പഴമയാകട്ടെ മാലകളും സബീനയുമടക്കം അറബിയിലും അറബിമലയാളത്തിലും ഖുര്‍ആനും ഹദീസുമെല്ലാം 1930 വരെയുള്ള കാലയളവില്‍ ഹൃദിസ്ഥമാക്കി.(Mappila Muslims Of Kerala- Rolland E. Millor). 

മൗദൂദി സാഹിബ്‌ ജജിഹാദ്‌ കണ്ടു പിടിക്കും മുമ്പ്‌ മഖ്‌ദൂം തങ്ങന്മാരും മമ്പുറം തങ്ങന്മാരും മുസ്‌ലിംകള്‍ക്ക്‌ തുഹ്‌ഫ, തഹ്‌രീള്‌, സൈഫുല്‍ ബത്വാര്‍ എന്നിവയിലൂടെ ജിഹാദ്‌ നിര്‍ബന്ധമാക്കി. ആ ജിഹാദ്‌ വൈരനിര്യാതനത്വത്തിന്റേതായിരുന്നില്ല. അടിസ്ഥാന പ്രമാണത്തിന്റേതായിരുന്നു. ആലി മുസ്‌ലിയാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ അറബിയില്‍ നടത്തിയ (പുതുപൊന്നാനി)പ്രസംഗം ബ്രിട്ടീഷുകാരന്റെ പാദസേവകനായിരുന്ന ഖാന്‍ബഹദൂര്‍ ആമു സുപ്രണ്ടും മറ്റും മനസിലാകാതെ തരിച്ചുനിന്നപ്പോള്‍ തിരൂരങ്ങാടിയിലെ `അക്ഷരാഭ്യാസമില്ലാത്ത' ലവക്കുട്ടി അതുമനസിലാക്കി പ്രക്ഷോപം നടത്തി. വൈദേശികാധിപത്യങ്ങള്‍ക്കെതിരെ ഗാമയുടെ വരവു മുതല്‍ 1930 വരെ അനേകായിരം മാപ്പിള മക്കള്‍ പൊരുതിമരിച്ചു.(r.e. millaor) ഇതൊന്നും നവോത്ഥാനവും വിപ്ലവവുമല്ലേ! എന്തൊരു വൈരുദ്ധ്യം? 

കേരളത്തില്‍ മുസ്‌ലിംകള്‍ക്ക്‌ സ്‌കൂള്‍ പഠനത്തിന്‌ സൗകര്യമൊരുക്കിയത്‌ മദ്രസകളാണ്‌ (ഓത്തുപള്ളികള്‍). മദ്രസകളിലായിരുന്നു പലയിടത്തും ആദ്യകാലസ്‌കൂളുകള്‍ ആരംഭിച്ചത്‌. ഉച്ചവരെ ഉണ്ടായിരുന്ന മദ്രസാപഠനം സ്‌കൂളിന്‌ വേണ്ടി അഡ്‌ജസ്റ്റു ചെയ്‌തുകൊടുത്തു.ഇന്നാകട്ടെ അതേ സ്‌കൂളുകള്‍ മദ്രസാ പഠനം നമുക്ക്‌ തടസ്സമാണെന്നു പറയുന്നു. അതേതുടര്‍ന്ന്‌ പരിവര്‍ത്തന വാദികള്‍ മദ്രസാ വിദ്യാഭ്യാസം സ്‌കൂള്‍ സിലബസിനുള്ളില്‍ അടിച്ചമര്‍ത്തി. പുത്തന്‍പ്രസ്ഥാനക്കാര്‍ മദ്രസകള്‍ വെറും ഒഴിവു ദിനങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നുവെച്ചു. 

മദ്രസാ വിദ്യാഭ്യാസത്തിന്‌ ഇങ്ങനെ സ്‌കൂളുകളുടെ സിലബസ്‌ ആക്രമണങ്ങള്‍ക്കുള്ളില്‍ കിടന്നു ശ്വാസം മുട്ടുമ്പോള്‍ `മത-ഭൗതിക വിദ്യഭ്യാസത്തിന്റെ സമന്വയം' എന്നുപറഞ്ഞ്‌ അവര്‍ ആശ്വസിച്ചു. ഫലമോ? കെമിസ്‌ട്രി പഠിച്ച്‌ പരീക്ഷക്ക്‌ റാങ്കും മാര്‍ക്കും വാങ്ങുന്നതു പോലെയുള്ള ഒരേര്‍പ്പാടുതന്നെയാണ്‌ മതപഠനവും എന്നു തെറ്റിദ്ധരിച്ച വിദ്യാര്‍ത്ഥികള്‍ മതനിഷ്‌കര്‍ഷതകളില്‍ നിന്ന്‌ അപഥസഞ്ചലനത്തിലൂടെ മുന്നേറി നിര്‍ഗുണമായി അധ:പ്പതിച്ചു. ഈ നിര്‍ഗുണീകരണം വരുത്തിതീര്‍ക്കുന്നതില്‍ എല്ലാവര്‍ക്കും ഏക സ്വരമാണ്‌. തീവ്രസെക്കുലറിസ്റ്റും ആത്യന്തിക ദേശീയ വാദിയും കമ്മ്യൂണിസ്റ്റും, കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റും കപട മുസ്‌ലിം ബുദ്ധിജീവികളും കാവിക്കൊഴുപ്പും സലഫീ വിഴുപ്പുകെട്ടുകളും പ്രത്യയശാസ്‌ത്ര ഇസ്‌ലാമുകാരനും എല്ലാം ഒരേ പാട്ടുപാടുന്ന വേദിയാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തെ കുറിച്ചുണ്ടാകുന്നത്‌. 

അടിസ്ഥാനങ്ങള്‍ക്കു പകരം ഭൗതികവാദപരമായ ശാഖാ പ്രശ്‌നങ്ങളില്‍ മാത്രം നവോത്ഥാനം മതിയെന്ന ഇത്തരം നിലപാട്‌ പാരമ്പര്യനിഷേധമെന്ന മാനസികരോഗത്തിന്റെ സൂചനായാണെന്ന്‌ നമുക്ക്‌ സമാശ്വസിക്കാം. രോഗത്തിന്റെ ജനിതക കാലഘട്ടത്തിലോ മനുഷ്യസമൂഹത്തിന്റെ പരിണാമഗുപ്‌തിയിലോ ഇനി നടക്കാന്‍ പോകുന്ന നവോത്ഥാനം തങ്ങളില്‍ തന്നെ നടക്കുമെന്നും നവോത്ഥാന നായകന്‍ തങ്ങളുടെ സംഘടനാ ചട്ടക്കൂടില്‍ മെമ്പര്‍ഷിപ്പെടുത്തുകൊണ്ട്‌ കടന്നുവന്ന്‌ നവോത്ഥാനം നടത്തുമെന്നും നിശ്ചയിച്ചുവെച്ചിട്ടുണ്ട്‌. 

എതിര്‍പ്പിന്റെ അപ്പോസ്‌തലന്മാര്‍ 
ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്റെ അപ്പോസ്‌തലന്മാര്‍ സത്യസാക്ഷ്യത്വത്തിന്റെ പാതയില്‍ നിന്ന്‌ വ്യതിചലിക്കാനുള്ള കാരണം അവര്‍ നമ്മുടെ പാരമ്പര്യത്തെ മറന്നുകളഞ്ഞു എന്നതാണ്‌. റസൂല്‍(സ), സ്വഹാബികള്‍, ഖുലഫാഉര്‍റാശിദുകള്‍ എന്നിവര്‍ക്കു ശേഷം ഇമാം ഗസ്സാലിയിലേക്കും ഇബ്‌നുതൈമിയയിലേക്കും അവിടെനിന്ന്‌ ജമാലുദ്ദീന്‍ അഫ്‌ഘാനിയിലേക്കും മൗദൂദി-ബന്ന-ഖുതുബ്‌ ത്രയങ്ങളിലേക്കുമുള്ള മൂന്ന്‌ ചുവടുകള്‍ മാത്രമുള്ള ചാട്ടമാണ്‌ ചിലരുടെ വിലയിരുത്തലില്‍ നവോത്ഥാനം. ഇടക്കുള്ള കാലഘട്ടങ്ങളിലെല്ലാം ഇവര്‍ ഇരുട്ട്‌ പരത്തിവെച്ചിരിക്കുന്നു. ഇസ്‌ലാമിക നവോത്ഥാനം കണ്ണിമുറിഞ്ഞ ചങ്ങലയാണെന്നര്‍ത്ഥം! പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയുടെ ചരിത്രം മാത്രമല്ല, മഹാപുരുഷന്‍മാരുടെ ജീവകാണ്ഡങ്ങള്‍ വരെ ഈ വിസ്‌മൃതിയുടെ തനിയാവര്‍ത്തനങ്ങള്‍ കൊണ്ട്‌ തിരസക്കരിക്കപ്പെടുകയാണ്‌.അതിനാല്‍ ഒരോര്‍മപ്പെടുത്തിലിന്‌ ചില സൂചനകള്‍ ഇവിടെ എഴുതിച്ചേര്‍ക്കുകയാണ്‌. 

വിസ്‌മൃതി കൊടിയ വഞ്ചനയുടെ പ്രതീകം കൂടിയാണ്‌. അതിന്‌ വിവിധ തലങ്ങള്‍ ഉണ്ട്‌. നമുക്കൊരു കാര്യം പാടെ മറക്കാം.സ്വാഭാവികമായി മറവി കൊണ്ട്‌ അതു സംഭവിക്കാം. പക്ഷേ ചരിത്രത്തില്‍ നിന്ന്‌ ചിലത്‌ മാത്രം ചിലരെ മാത്രം എടുത്തുപറയുന്നത്‌ ക്രൂരമായ വഞ്ചനയാണ്‌. ബാലന്‍സ്‌ തെറ്റിയ ഇത്തരം ചരിത്രവീക്ഷണം പലതിനെയും മറച്ചുവെക്കുന്ന ചരിത്രത്തിന്റെ അപനിര്‍മാണം കൂടിയാണ്‌. 

മഹാന്മാരുടെ മഖ്‌ബറകളും പുണ്യസ്ഥലങ്ങളും അന്ധവിശ്വാസങ്ങളുടെ പ്രതീകങ്ങളാണ്‌ എന്ന വിലയിരുത്തല്‍ തിരിച്ചടിക്കപ്പെടും. അവ ഉജ്വലമായ ചരിത്രത്തിന്റെ സാക്ഷ്യങ്ങള്‍ കൂടിയാണ്‌. മഖാമുകളും മഖ്‌ബറകളുമാണ്‌ ഗ്രന്ഥങ്ങളുടെ അതിരടികളറിയാത്ത സാമാന്യജനത്തെ ആ ഓര്‍മകളുടെ ഊര്‍ജവത്തായ പാരമ്പര്യത്തില്‍ പിടിച്ചുനിര്‍ത്തുന്നത്‌.അവയെ എതിര്‍ക്കാതെ ജീവിച്ച ആര്‍ക്കും എതിരഭിപ്രായമില്ലാത്ത പ്രാമാണികരായ പണ്ഡിതന്‍മാര്‍ എവിടെയും ഉണ്ടായിരുന്നിട്ടുണ്ട്‌. ഒരു ചോദ്യം: മൗദൂദിയുടെ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ എഴുതിത്തീര്‍ത്ത പേന ലേലം ചെയ്യുന്നതും പ്രബോധനം വാരികയില്‍ അദ്ദേഹത്തെ അനുസ്‌മിരിക്കുമ്പോള്‍ 16 പേജില്‍ തുടര്‍ച്ചയായി ഒരേ ലക്കത്തില്‍ അദ്ദേഹത്തിന്റെ ചിത്രം കൊടുക്കുകയും ചെയ്യുന്നതിന്റെ നവോത്ഥാന ജ്ഞാനപരിസരം എന്താണ്‌? 

പാരമ്പര്യത്തില്‍ നിന്ന്‌ വേര്‍പ്പെട്ട പുതുമക്കും നവോത്ഥാനത്തിനും കരുത്തുണ്ടാവുകയില്ല. താങ്ങില്ലാത്ത വെറ്റിലക്കൊടി പോലെ അത്‌ നിലത്തമര്‍ന്ന്‌ കിടക്കും.``മണ്ണില്‍ നിന്ന്‌ വേര്‍പ്പെട്ട വേരുകള്‍ക്ക്‌ ചെടിയെ നിലനിര്‍ത്താനാവില്ല. അത്‌ സ്വാതന്ത്രവും നവോത്ഥാനവുമല്ല. പരമ്പരാഗതമായ ഭൂമിയില്‍ കിടക്കുന്ന മണ്ണിലേക്ക്‌ വേരുകള്‍ ആഴ്‌ന്നിറങ്ങുമ്പോഴാണ്‌ യഥാര്‍ത്ഥ നവോത്ഥാനവും (ഉയര്‍ച്ച)സ്വാതന്ത്ര്യവും (വളര്‍ച്ച)സംഭവിക്കുന്നത്‌.''(ടാഗോര്‍-ഗീതാഞ്‌ജലി.) 

പ്രത്യയശാസ്‌ത്ര നിര്‍മിതിയില്‍നിന്ന്‌ ദര്‍ശനത്തിന്റെ സൗന്ദര്യത്തിലേക്ക്‌ ചുവടുമാറിയിട്ടില്ലെങ്കില്‍ അതിന്റെ ഘടന ബുദ്ധിയെ ആക്രമിക്കും. അതാണ്‌ സത്യസാക്ഷ്യത്തിന്റെ വഴി. ഇത്‌ പാരമ്പര്യ സുന്നികള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌. പ്രത്യയശാസ്‌ത്രം യുക്തിവാദവും ദര്‍ശനം വിശ്വാസവുമാണ്‌. യാഥാസ്ഥികതയുടെ ചുവടുവഴികളിലാണ്‌ ദര്‍ശനത്തിന്റെ കരുത്തിന്റെ അധ്യായങ്ങളുള്ളത്‌. അതാകട്ടെ പാരമ്പര്യത്തിന്റെ വഴിതുടരുന്നവരുടെ കൈയിലാണ്‌. കമ്മ്യൂണിസത്തിന്‌ സമീപകാലത്ത്‌ നേരിട്ട തളര്‍ച്ചയുടെ ഘട്ടമാണ്‌ പ്രത്യായശാസ്‌ത്ര സങ്കലിതമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും വരാനിരിക്കുന്നത്‌. 

സത്യസാക്ഷ്യം: നവോത്ഥാനം സാധ്യമാണ്‌, പക്ഷേ, യുഗാന്തരങ്ങളായി തലമുറകളിലൂടെ കൈമാറിവരുന്ന സത്യസാക്ഷ്യത്തിന്റെ നാള്‍വഴിയെ അപഗ്രഥിക്കുമ്പോള്‍ കേരളത്തിലെ നവേത്ഥാനവും നമുക്ക്‌ സ്‌പര്‍ശിക്കേണ്ടി വരുന്നു. വാസ്‌തവത്തില്‍ കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രത്തില്‍ അനുസ്യൂതമായ ഒരു തുടര്‍ച്ച ഈ നവോത്ഥാന യത്‌നങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്ന്‌ തിരിച്ചറിയാനാവും. എന്നാല്‍ ആധുനിക നവോത്ഥാനത്തിന്റെ അവബോധഘടനയില്‍ നിന്നുകൊണ്ട്‌ ഇസ്‌ലാമിക സമൂഹത്തെ സമീപിച്ചവര്‍ക്ക്‌ 1921 നു മുമ്പുള്ള കേരള മുസ്‌ലിം ചരിത്രം യാഥാസ്ഥിതികവും ഇരുളടഞ്ഞതും അനാചാരങ്ങളാല്‍ കലുഷിതവുമാണ്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും ആധുനിക മാതൃകയിലുള്ള സംഘടിതത്വത്തിലുള്ള ആഹ്വാനങ്ങളും സ്വാംശീകരിച്ച്‌ രൂപപ്പെട്ട പരിഷ്‌ക്കരണ സവോത്ഥാന യത്‌നങ്ങള്‍ മാത്രമാണ്‌ ഇസ്‌ലാമിനെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ മാത്രമുള്ള അതിജീവന ക്ഷമതയുള്ളതാക്കിതീര്‍ത്തത്‌ എന്ന വളരെ പൊള്ളയായ ഒരു മിഥ്യാബോധം ആധുനിക നവോത്ഥാനവാദികള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്‌. അവരെ തിരുത്താന്‍ കെല്‍പ്പുള്ള ആശയ വീര്യമോ വിശകലന പാടവമോ ചരിത്ര ബോധമോ ഇല്ലാത്ത പരമ്പരാഗത സമൂഹം വല്ലാത്തൊരു അപകര്‍ഷ ബോധത്തോടെ ഈ വിമര്‍ശനങ്ങളെ ആന്തരവത്‌കരിച്ചിട്ടുണ്ട്‌.ഇവര്‍ തന്നെ ചരിത്രത്തില്‍ പുണ്യപുരുഷന്മാരായി പ്രതിഷ്‌ഠിച്ച സ്വാത്വികരായ പണ്ഡിത മഹത്തുക്കളുടെ യഥാര്‍ത്ഥ ചരിത്രത്തെ പുനരവലോകനം ചെയ്യാന്‍ ശ്രമിച്ചാല്‍ നവോത്ഥാനത്തിന്റെ പേരിലുള്ള ഈ വ്യാജകഥകള്‍ തകര്‍ന്ന്‌ വീഴുക തന്നെ ചെയ്യും. അധീശ ശക്തികളുടെ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ മേല്‍ക്കോയ്‌മയോട്‌ ചെറുക്കാനുള്ള രാഷ്‌ട്രീയവും സൈനികവുമായ അതിജീവനശേഷി പകര്‍ന്ന ഇതേ പണ്ഡിതന്മാര്‍ തന്നെയാണ്‌ ഇസ്‌ലാമികാദര്‍ശത്തിലേക്ക്‌ കടന്ന്‌ വന്ന അനിസ്‌ലാമികവും പുതുനിര്‍മിതവുമായ ആശയകാലുഷ്യങ്ങളെ ദൂരീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടത്‌. ഷിയാആഭിമുഖ്യമുള്ള ത്വരീഖത്തിന്റെ പേരില്‍ വളര്‍ന്ന്‌ വന്ന അഖീദയിലേയും അനുഷ്‌ഠാനങ്ങളിലേയും വ്യതിചലനങ്ങളെ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവേചിച്ചറിഞ്ഞ്‌ ജനസമൂഹങ്ങളുടെ ദീനീ ദിശയെ നിര്‍ണയിച്ച പലപണ്ഡിതന്മാരും കേരള മുസ്‌ലിം ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്‌. 

അഹ്‌ലുസ്സുന്നത്തിന്റെ ആശായാദര്‍ശങ്ങളുടെ കലര്‍പ്പറ്റ നിലനില്‍പ്‌ ആഗ്രഹിച്ച അത്തരം പണ്ഡിതന്മാരുടെ ആശയ രൂപീകരണങ്ങള്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ യാഥാര്‍ത്ഥ വീര്യം പ്രകാശിപ്പിക്കുന്നതായിരുന്നുവെന്നത്‌ പാരമ്പര്യത്തിന്റെ പേരില്‍ എല്ലാറ്റിനേയും പരിചയിച്ചവര്‍ക്ക്‌ ഇനിയും ഉള്‍കൊള്ളാനായിട്ടില്ല. തീര്‍ച്ചയായും നവോത്ഥാനത്തിന്റെ നിര്‍വചനത്തിലും പരിധിയിലും വരേണ്ട ഈപാരമ്പര്യങ്ങള്‍ ഇന്ന്‌ മുസ്ലിം വിഭാഗങ്ങള്‍ മുഴുവനുംതന്നെ കൈയൊഴിഞ്ഞാതായാണ്‌ നാം കാണുന്നത്‌. ഒരു പക്ഷേ, ആധുനിക ഇസ്ലാമിക നവോത്ഥാന മാതൃകകളോട്‌ ചേര്‍ന്ന്‌ നില്‍ക്കുകയോ അതിന്റെ മൂല്യമണ്ഡലത്തെ ആന്തരിക വത്‌കരിക്കുകയോ ചെയ്‌ത കേരളത്തിലെ മുസ്‌ലിം സമൂഹം നവോത്ഥാനത്തിന്റെയും അതിജീവനത്തിന്റെയും ഈ പാരമ്പര്യങ്ങളെ വിസ്‌മരിക്കുകയാണിന്ന്‌ ചെയ്‌തിട്ടുള്ളത്‌. 

പരമ്പരാഗത പുരോഗമന വിഭാഗങ്ങള്‍ തമസ്‌കരിച്ച കേരളത്തിലെ പാരമ്പര്യ ഇസ്‌ലാമിക പ്രതീകങ്ങളും വ്യക്തികളും ഇന്ന്‌ മതേതര, കമ്മ്യൂണിസ്റ്റ്‌ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ദത്തെടുക്കപ്പെടുകയാണ്‌. അല്ലാഹുവിന്റെ ആരിഫീങ്ങളും ഔലിയാക്കളുമായ അത്തരം വിശുദ്ധ വ്യകതിത്വങ്ങള്‍ `മതേതരന്മാരും'കമ്യൂണിസ്റ്റുകളുമായി തീരുന്നത്‌ എന്തുമാത്രം നിര്‍ഭാഗ്യകരമാണ്‌. 

ചരിത്രത്തില്‍ നവോത്ഥാനത്തിന്റെ ഈ പ്രതീകങ്ങളെ വീണ്ടെടുക്കാനുള്ള യത്‌നങ്ങള്‍ ഇസ്‌ലാമികമായ ദിശാബോധത്തോടെ നടക്കുമ്പോള്‍ മാത്രമെ കേരളത്തിന്റെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ ചരിത്രം നമുക്ക്‌ അനാവരണം ചെയ്യാനാവൂ. ആധുനികതയുടെയോ ഉത്തരാധുനികതയുടെയോ ആശയാവലികളോ അതിന്റെ വിശകലന മാനദണ്‌ഡങ്ങളോ പ്രയോഗിക്കാതെ തന്നെ ഇസ്‌ലാമിന്റെ മൗലിക സ്രോതസുകളുടെ വെളിച്ചത്തില്‍ വല്ലാതെ ഭൗതിക പ്രമത്തരായി തീര്‍ന്ന സമകാലിക മുസ്‌ലിം സമൂഹത്തെ ആദര്‍ശപരമായി പുനരേകീകരിക്കാനുള്ള യത്‌നം തീര്‍ച്ചയായും ത്വരിതപ്പെടുത്തേണ്ടതുണ്ട്‌. അതിന്‌ അനിവാര്യമായ മുന്നുപാധി ആധുനിക ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആധുനീകാംശങ്ങളെ കുടഞ്ഞെറിയാനുള്ള ആത്മ ശേഷിയാണ്‌. എന്നാല്‍ അതൊരിക്കലും ഉത്തരാധുനികതയുടെ കേവല പുനരുജ്ജീവന പ്രവണത മാത്രമായി ഒടുങ്ങിത്തീരാനും പാടില്ലാത്തതാണ്‌. ഒരുപക്ഷേ, ഏത്‌ നവോത്ഥാന പ്രവര്‍ത്തനവും ഇസ്‌ലാമിന്റെ മൗലിക സ്രോതസുകളായ ഖുര്‍ആനെയും തിരുചര്യയേയും സച്ചരിതരായ മഹത്തുക്കളുടെ മാതൃകകളേയും അടിസ്ഥാനപ്പെടുത്തിയാണ്‌ വികസിക്കേണ്ടത്‌ എന്നതും എല്ലാ അതിജീവനവും ഇസ്‌ലാമികാദര്‍ശത്തിന്റെ കലര്‍പ്പറ്റ അനുശീലനത്തെ ആശ്രയിച്ച്‌ മാത്രമാണ്‌ നിര്‍ണയിക്കപ്പെടുന്നത്‌ എന്നതും മൗലികമായി നാം തിരിച്ചറിയേണ്ടതുണ്ട്‌. 

സത്യസാക്ഷ്യം:ചിലഅനുബന്ധ വിചാരപ്പെടലുകള്‍ 
ഒന്ന്‌: വ്യക്തി ശുദ്ധിയില്‍ നിന്ന്‌ സമൂഹ ശുദ്ധിയിലേക്ക്‌ 

`` സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന്‌ നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത്‌ നിങ്ങള്‍ പറയുക എന്നുള്ളത്‌ അല്ലാഹുവിന്റെ വലിയ ക്രോധത്തിന്‌ കാരണമായിരിക്കുന്നു.''(സ്വഫ്‌ഫ്‌ 2-3). 

ഇതില്‍ നിന്ന്‌ നമുക്ക്‌ വ്യക്തമാകുന്ന വസ്‌തുത മനുഷ്യരാശിയെ സമുദ്ധരിക്കുക എന്ന പ്രക്രിയക്ക്‌ തുടക്കം കുറിക്കേണ്ടത്‌ സ്വന്തം ജീവിതത്തെ സമുദ്ധരിച്ച്‌കൊണ്ടാണെന്നാണ്‌. മുഹമ്മദ്‌ നബി(സ)യുടെ നിയോഗത്തോടെ സത്യവും സന്മാര്‍ഗവും മനുഷ്യരാശിയുടെ മുമ്പില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.സത്യസാക്ഷ്യത്തിന്റെ ഋജുവായ മാര്‍ഗരേഖ മാനവര്‍ക്ക്‌ വരച്ചുകാണിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആശയം ഇങ്ങനെ:``മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തിമായി വേര്‍തിരിഞ്ഞിരിക്കുന്നു.''(അല്‍ ബഖറ 256) പ്രസ്‌തുത മാര്‍ഗരേഖയിലുളള ജീവിതസഞ്ചാരമാണ്‌ വ്യക്തിയെ സത്യസാക്ഷിയാക്കുന്നത്‌. വിശ്വാസം,വാക്ക്‌, പ്രവൃത്തി, ജീവിതരീതി തുടങ്ങിയ സകലമാന കാര്യങ്ങളിലും സത്യത്തിന്റേയും സന്മാര്‍ഗത്തിന്റെയും സദാചാരത്തിന്റെയും ഋജുവായ പാതയാണ്‌ സത്യസാക്ഷി സ്വീകരിക്കുന്നത്‌. വക്രമോ, വികലമോ കൃത്രിമമോ ആയതൊന്നും അവനില്‍ പ്രകടമാകുന്നില്ല. ഏത്‌ കാര്യത്തിലും സത്യവും നീതിയും ശരിയായ നിലപാടും അവന്റെ പക്ഷത്തായിരിക്കും. അല്ലാഹുവിന്‌ വേണ്ടി ജീവിക്കുന്നവനായതിനാല്‍ സത്യവിശ്വാസി മനുഷ്യവംശത്തിന്‌ സത്യത്തിന്റെ സാക്ഷിയായ പ്രകാരം അല്ലാഹുവിന്റെ കൂടി സാക്ഷിയാണ്‌.അല്ലാഹു പറഞ്ഞതിന്റെ സാരം ശ്രദ്ധിക്കുക.``സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതിനിലനിര്‍ത്തുന്നവരായിരിക്കണം.''(അന്നിസാഅ്‌ 135) 

മറ്റൊരു സൂക്തത്തിന്റെ ആശയം ഇപ്രാകാരമാണ്‌.``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി നിലകൊള്ളുന്നവരും നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക.''(അല്‍ മാഇദ:8) 

രണ്ട്‌: ശൈഥില്യങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത! 

പരസ്‌പരം ഭിന്നിച്ചുകഴിയുന്ന മനുഷ്യരെ ഒന്നിപ്പിക്കാന്‍ വന്ന മതമാണ്‌ ഇസ്‌ലാം. വിവിധ ദൈവങ്ങളിലേക്കും സിംബലുകളിലേക്കും തിരിഞ്ഞുനിന്നവരെ ഒരു ദൈവത്തിലേക്കും ഖിബ്‌ലയിലേക്കും തിരിച്ചുനിര്‍ത്തി.ഒരു വിശ്വാസവും വേദഗ്രന്ഥവും സംസ്‌കാരവും സമ്മാനിച്ചു. പാരസ്‌പര്യത്തിന്റെ ഇഷ്‌ടികകളില്‍ ബന്ധിതമായ സുന്ദരസൗധമായി മുസ്‌ലിം ഉമ്മത്ത്‌ വാഴ്‌ത്തപ്പെട്ടു. ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ പോലെ സുഖ ദു:ഖങ്ങളും നിലപാടുകളുമെല്ലാം പങ്കുവെച്ചു. ഇത്‌ കണ്ട്‌ ശത്രുക്കള്‍ പോലും പറഞ്ഞു. മുസ്‌ലിംകള്‍ ഒരു ഏകശിലാ രൂപം തന്നെ. 

ഈ സമുദായത്തിലാണ്‌ പിന്നീട്‌ ശൈഥില്യത്തിന്റെ വിഷവിത്തുകള്‍ പൊട്ടിമുളച്ചതും കെട്ടുറപ്പുള്ള ഈ സമുച്ചയത്തിനു വിള്ളല്‍ വീഴ്‌ത്തിയതും. ഏറെ ആശ്ചര്യവും ദു:ഖവും കലര്‍ന്ന രംഗമാണിത്‌. ഛിദ്രശക്തികള്‍ നുഴഞ്ഞുകയറി സമുദായത്തെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുമെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടുകൊണ്ട്‌ തന്നെ വിശുദ്ധ ഖുര്‍ആനും തിരുനബി(സ)യും ഭിന്നിപ്പിനെതിരെ ശക്തമായ മുന്നറിയിപ്പ്‌ നല്‍കി. അതിന്റെ വക്താക്കളെക്കുറിച്ചും ഭവിഷത്തുകളെക്കുറിച്ചും സമുദായത്തെ ഉണര്‍ത്തി. അല്ലാഹു പറയുന്നു. `നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക്‌ അല്ലാഹു ചെയ്‌ത അനുഗ്രഹം ഓര്‍ക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു(ഖുര്‍ആന്‍ 3:103). 

സത്യസാക്ഷ്യം ഹൃദയത്തിലാവാഹിച്ചവര്‍ സ്വന്തം ജീവിതത്തില്‍ മാത്രമല്ല മറ്റുള്ളവരെ സമുദ്ധരിക്കാന്‍ കൂടി സമയം കണ്ടെത്തും.എന്നാല്‍ നന്മകല്‍പിക്കുന്നവര്‍ അത്‌ സ്വയം ഉള്‍കൊള്ളുമ്പോള്‍ മാത്രമാണ്‌ കാര്യങ്ങള്‍ എളുപ്പമാകുന്നത്‌. നാം പാരമ്പര്യായി കൈമാറിവരുന്ന സത്യസാക്ഷ്യം അത്‌ തന്നെയാണ്‌.നന്മ കല്‍പിക്കാനും തിന്മ തടയാനുമുള്ള പ്രധാന നിബന്ധന കല്‍പിക്കുന്ന വ്യക്തി നന്മ ഉള്‍കൊള്ളുന്നവനും തിന്മ വര്‍ജിക്കുന്നവനുമായിരിക്കുക എന്നതാണ്‌. അങ്ങനെയല്ലാത്തവര്‍ക്ക്‌ മറ്റുള്ളവരോട്‌ കല്‍പിക്കാന്‍ അവകാശമില്ലല്ലോ.നന്മ ഉപദേശിക്കുന്നവന്‍ അതുള്‍കൊള്ളാതിരിക്കുന്നത്‌ ആക്ഷേപാര്‍ഹമാണെന്ന്‌ മാത്രമല്ല, ശിക്ഷാര്‍ഹം കൂടിയാണ്‌. അതുസംബന്ധമായി അല്ലാഹു പറഞ്ഞതിന്റെ സാരം ഇപ്രകാരമാണ്‌.``നിങ്ങള്‍ ജനങ്ങളോട്‌ നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ?''(അല്‍ ബഖറ: 44) 

സത്യസാക്ഷ്യം: ചരിത്രത്തിന്റെ കരുതിവെപ്പ്‌ 
ചരിത്രത്തിലുടനീളവും ചരിത്രാതീത കാലത്തും സത്യവാന്മാര്‍ക്ക്‌ പിന്തുണ നല്‍കുന്ന ഒരു പറ്റം ജനതയെ തയ്യാറാക്കിയാണ്‌ അല്ലാഹു ഇസ്‌ലാമിന്റെ ജീവിത നൗകയെ കാറ്റിലും കോളിലും പെടാതെ സംരക്ഷിച്ചത്‌. തികച്ചും നിസ്സഹായ ഘട്ടത്തില്‍ നൂഹ്‌ നബി(അ)ക്ക്‌ പിന്തുണ പ്രഖ്യാപിച്ച ഒരു പറ്റം ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിച്ചത്‌, ലോകമൊന്നടങ്കം പ്രളയത്തില്‍ മുങ്ങിത്താഴ്‌ന്നപ്പോള്‍ ചരിത്രത്തിലെ ആദ്യത്തെ മനുഷ്യ നിര്‍മ്മിത കപ്പലിന്റെ രൂപത്തിലായിരുന്നു(വി.ഖു. 11/40). 

അല്ലാഹുവിന്റെ സത്യദൂതുമായി കടന്ന്‌ വന്ന പ്രവാചകര്‍ മൂസാ നബിയുടെ കൂടെ നിന്ന ഇസ്രാഈല്‍ സമൂഹത്തിന്‌ അല്ലാഹു കനിഞ്ഞരുളിയത്‌ ലോകത്തൊരു സമൂഹത്തിനും നല്‍കാത്ത പരശ്ശതം അനുഗ്രഹങ്ങളുടെ കലവറയായിരുന്നു. �അവരെ മാലോകരില്‍ അത്യുന്നത സമൂഹമാക്കി ഉയര്‍ത്തി�(വി.ഖു. 2/47). പ്രവാചകരോട്‌ കുനുഷ്‌ട്‌ കാണിച്ചപ്പോഴൊക്കെ അവര്‍ ശക്തമായ പരീക്ഷണങ്ങള്‍ക്ക്‌ വിധേയരായതും ചരിത്ര പാഠമത്രേ. കുഫ്‌റിന്റെയും കിബ്‌റിന്റെയും നെടുങ്കോട്ടക്കുള്ളില്‍ നിന്ന്‌ മൂസാനബി(അ)യുടെ സത്യപ്രസ്ഥാനത്തോട്‌ കൂറ്‌ തെളിയിച്ചതിന്റെ പേരില്‍ ജീവത്യാഗംചെയ്‌ത ബീവി ആസിയ(റ)ക്ക്‌ അല്ലാഹൂ പകരം നല്‍കിയത്‌ സ്വര്‍ഗ്ഗത്തിലെ അത്യാഢംബര പൂര്‍ണ്ണമായ മണിമേടയും സ്വര്‍ഗ്ഗസ്ഥ ഹൂറിമാരുടെ നായിക സ്ഥാനവുമാണ്‌ (വി.ഖു. 66/11). തൊട്ടപ്പുറത്ത്‌, പ്രവാചകരുടെ പത്‌നിമാരായിട്ടു പോലും സത്യസാക്ഷിത്വത്തില്‍ നിന്ന്‌ പുറംതിരിഞ്ഞതിന്റെ പേരില്‍ നികൃഷ്‌ട വനിതകളെന്ന്‌ ഖുര്‍ആന്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞത്‌ അത്യുല്‍ക്കൃഷ്‌ടരായ നബി നൂഹ്‌(അ), നബി ലൂത്വ ്‌(അ) എന്നിവരുടെ പത്‌നിമാരെക്കുറിച്ചുമാണ്‌. (66/10) 

ജാലൂത്തിന്റെ കിങ്കരന്മാര്‍ക്കെതിരെ പ്രതിരോധത്തിന്റെ പത്‌മവ്യൂഹം ചമക്കാന്‍ നിയോഗിതരായ ത്വാലൂത്തെന്ന സത്യവാഹകന്റെ പടയാളികളില്‍ അദ്ദേഹത്തിന്റെ കൂടെ നിന്ന വിശ്വസ്‌തര്‍ക്ക്‌ അല്ലാഹു നല്‍കിയത്‌ വിജയത്തിന്റെ മധുരക്കനിയും തന്റെ വ്യക്തിത്വത്തെ പരിഹസിച്ച്‌ തള്ളിയവര്‍ക്ക്‌ അല്ലാഹു നല്‍കിയത്‌ മരണത്തിന്റെ വിഷക്കനിയുമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (2/249, 250, 251). 

പരിഹാസവും അപമാനവും സഹിച്ച്‌, ജൂത മൃഗങ്ങളുടെ കൊലവിളി അവഗണിച്ച്‌ ഈസാ നബി (അ) യുടെ കൂടെ കൂടിയ ഒരു പറ്റം ഹവാരിയ്യുകള്‍, ഈസാ നബി (അ) യുടെ ദൂതന്മാരെ സമൂഹം പരിഹസിച്ച്‌ തള്ളിയപ്പോള്‍ അവര്‍ക്ക്‌ കൈതാങ്ങായി നിന്ന്‌ ക്രൂരമായി കൊല ചെയ്യപ്പെട്ട ഹബീബുന്നജ്ജാര്‍ എന്ന സത്യസാക്ഷിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ (വി. ഖു. 36/20-27), ദുരിത സാന്ദ്രമായ മക്കാ നിവാസക്കാലത്ത്‌ പ്രവാചക പുംഗവര്‍ക്ക്‌ താങ്ങായി നിന്ന ഒരു പറ്റം സത്യവിശ്വാസികള്‍, ഇസ്‌ലാം അതിശക്തമായ സ്വത്വപ്രതിസന്ധി നേരിട്ട ബദര്‍ യുദ്ധ വേളയില്‍ ഒരാള്‍ക്ക്‌ മുമ്പിലും കുനിക്കാത്ത ശിരസ്സുകള്‍ കൊലയാളികളുടെ വാള്‍തലപ്പുകളുടെ മുമ്പിലേക്ക്‌ നീട്ടിക്കൊടുത്ത്‌ ചോരയുടെ പൂത്താലമേന്തിയ ഒരുകൂട്ടം സത്യസാക്ഷികള്‍, സ്വാഹാബാ.... ഇസ്‌ലാമിക സത്യസാക്ഷിത്വത്തിന്റെ നിദാന നിദര്‍ശനങ്ങള്‍ക്ക്‌ അവസാനമില്ല. 

സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരായിരുന്നിട്ട്‌ പോലും അല്ലാഹു അവരോട്‌ കാണിച്ച സ്‌നേഹവും അവര്‍ക്ക്‌ പതിച്ച്‌ നല്‍കിയ അംഗീകാരവും ഖുര്‍ആനിന്റെ തങ്കലിപികളിലൂടെ ഇന്നും ലോകം ഏറ്റുപാടുകയാണ്‌ (വി.ഖു 6/52, 18/68, 61/14, 80/1-10). അഭിമാനം പണയപ്പെടുത്തേണ്ടി വന്ന ഇസ്‌റാഅ്‌ വിവാദ വേളയിലും എന്തിന്‌, സ്വന്തം ജീവന്‍ പോലും അപകടത്തിലായ സൗര്‍ ഗുഹാവാസത്തിനിടയില്‍ പ്രവാചകന്‍ എന്ന സത്യത്തെ മാറോടണച്ച അബൂബക്കര്‍ (റ), വിശുദ്ധ ഖുര്‍ആനെന്ന അനശ്വര സത്യത്തിന്‌ മുമ്പില്‍ സ്വയം ഉരുകിത്തീര്‍ന്ന ശിലാ ഹൃദയനായ ഉമര്‍ (റ), തനിക്കു ചുറ്റും ആര്‍ത്തലക്കുന്ന ശത്രുവ്യൂഹത്തിന്‌ നടുവിലും അവരുടെ അന്യായമായ ആവശ്യങ്ങള്‍ക്ക്‌ ചെവികൊടുക്കുന്നതിന്‌ പകരം കഴുത്ത്‌ നീട്ടിക്കൊടുത്ത്‌ സത്യറസൂലിന്റെ ഉമ്മത്തിനെ മാര്‍ഗ്ഗഭ്രംശത്തില്‍ നിന്ന്‌ രക്ഷിച്ച ഇമാം ഉസ്‌മാന്‍ (റ), ഉന്നത ശീര്‍ഷരായ സ്വഹാബീവര്യന്മാര്‍ക്കെതിരെയാണ്‌ വാളെടുക്കുന്നതെന്നറിഞ്ഞിട്ടും സത്യമെന്ന്‌ താന്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ പടവെട്ടാനിറങ്ങിയ അലി (റ) യുടെയും മുആവിയാ(റ) യുടെയും അനുയായികള്‍ കാണിച്ച മഹനീയവും കമനീയവുമായ പാരമ്പര്യം, ഇസ്‌ലാം അതിശക്തമായ വെല്ലുവിളി നേരിടുന്ന ആധുനാതന കാലത്തെ സത്യസാക്ഷ്യത്തിന്‌ വേണ്ടിയുളള ചരിത്രത്തിന്റെ കരുതിവെപ്പാണ്‌. 

No comments:

Post a Comment