Thursday, December 15, 2011

ഇബ്രാഹീം സുലൈമാന്‍ സേട്ടു സാഹിബ്

ഇബ്രാഹീം സുലൈമാന്‍ സേട്ടു സാഹിബ്
എ.കെ. കോഡൂര്‍

മെഹബൂബെ മില്ലത്ത് ഇബ്രാ ഹീം സുലൈമാന്‍ സേട്ടു സാഹിബ് (27-4-2005ന്) നമ്മെ വിട്ട് പിരിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശക്തനായ വക്താവായി മുസ്‌ലിംലീഗിന്റെ അഖിലേന്ത്യ സെക്രട്ടറിയും പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ച സേട്ടു സാഹിബിന് മറ്റൊരു പ്രത്യേകത കൂടി അവകാശപ്പെടാനുണ്ട്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍സാഹിബിനെപ്പോലെ അദ്ദേഹം മുസ്‌ലിംലീഗിലൂടെ മുസ്‌ലിംലീഗായി വളര്‍ന്ന ലീഗുകാരനായിരുന്നു. ഖാഇദെ അഅ്‌സം ജിന്നാ സാഹിബ് പോലും ആദ്യകാല കോണ്‍ഗ്രസായിരുന്നല്ലോ.
1906ല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് മുസ്‌ലിംലീഗ് രൂപീകരിച്ചവരെ മൗലാനാ ആസാദിനെക്കാളും ശക്തിമത്തായ ഭാഷയില്‍ എതിര്‍ത്തയാളാണ് ജിന്നാ സാഹിബ്. അദ്ദേഹത്തെ പിന്നീട് ലീഗിന്റെ നേതൃത്വമേറ്റെടുത്ത് ന്യൂനപക്ഷ സമൂഹത്തിന്റെ വാളും പരിചയുമായി  മാറ്റിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന സവര്‍ണ്ണ-ഫാസിസ്റ്റ് മേധാവിത്വ ചിന്തയായിരുന്നു.
ആ ചിന്തക്കെതിരെയുള്ള ചരിത്രപരമായ പോരാട്ടമായിരുന്നു സര്‍വ്വേന്ത്യാലീഗും, യൂണിയന്‍ ലീഗും നിര്‍വ്വഹിച്ചത്. സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ രേഖപ്പെടുത്തിയതുപോലെ, ആ പോരാട്ടത്തില്‍ അദ്ദേഹം ആവേശവും ആത്മാര്‍ത്ഥതയും കടുത്ത ത്യാഗമനോഭാവവും പ്രകടിപ്പിച്ചു. വ്യക്തിപരമായ ജീവിത വിശുദ്ധിയില്‍ ഇസ്‌ലാമിന്റെ സൈദ്ധാന്തിക ബാദ്ധ്യതകള്‍ പൂര്‍ണമായി നിര്‍വഹിച്ച സേട്ടു സാഹിബ് കാലത്തിന്റെ കണ്ണാടിയിലൂടെ നിര്‍വചിക്കാനാവാത്ത പ്രതിഭാസമായിരുന്നു. അതിന്റെ ഫലമാവട്ടെ അദ്ദേഹം ഒട്ടേറെ തെറ്റിദ്ധാരണകള്‍ക്ക് വിധേയനായി. ഒന്നാമത്, സേട്ടുസാഹിബ് ഒരു കടുത്ത മതതീവ്രവാദിയായിരുന്നുവെന്ന ധാരണ പരത്താന്‍ കപട മതേതര വാദികള്‍ക്ക് അവസരം ലഭിച്ചു. രണ്ടാമത്, അദ്ദേഹത്തെ ഒരു മത പരിഷ്‌കരണ വാദിയായൊ പ്രത്യേകിച്ച് ജമാഅത്തെ ഇസ്‌ലാമി സഹയാത്രികനായോ ചിത്രീകരിക്കാന്‍ ചില പത്രപ്രസിദ്ധീകരണങ്ങള്‍ക്കും മനസ്സിനെ മനുഷ്യവര്‍ഗ്ഗത്തിന്റെ ജീവല്‍പ്രശ്‌നങ്ങളില്‍ തളച്ചിട്ട് ഇസ്‌ലാമിന്റെ അതിവിശാലമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നവരെയൊക്കെ ഞമ്മന്റെ ആളുകള്‍ എന്ന് വിശേഷിപ്പിക്കുന്ന പരിഷ്‌കരണ വാദികളുടെ പതിവ് സ്വഭാവം നടപ്പാക്കാനോ കഴിഞ്ഞു. ഇതൊഴിച്ചാല്‍ അദ്ദേഹം 1982 മാര്‍ച്ച് 2ന് ലക്‌നോവില്‍ സുന്നി മുസ്‌ലിംകളും ഷിയാക്കളും തമ്മില്‍ ഒരു വഖഫ് സ്വത്ത് തര്‍ക്കത്തില്‍ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് പറഞ്ഞതുപോലെ, ''ഞാനൊരു മുസ്‌ലിമാണ്, സുന്നിയാണ്, മുസ്‌ലിംലീഗുകാരനാണ്, പാര്‍ലമെന്റംഗമാണ്. നിങ്ങള്‍ക്കിരുകൂട്ടര്‍ക്കും മധ്യസ്ഥനെന്ന നിലക്ക് ഞാന്‍ സ്വീകാര്യനാണെങ്കില്‍ ഇന്‍ശാ അല്ലാ, ഞാന്‍ ഈ തര്‍ക്കം സംസാരിച്ചുതീര്‍ക്കും.''
'അല്ലാഹു അക്ബര്‍' എന്നുച്ചത്തില്‍ വിളിച്ച് കൊണ്ടാണ് ഇരുകൂട്ടരും അത് സ്വീകരിച്ചത്. ലക്‌നോ നഗരത്തില്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച ഈ തര്‍ക്കം ഒരു നൂറ്റാണ്ടിനുശേഷം സേട്ടു സാഹിബ് രമ്യമായി തീര്‍ത്തു.
കാണ്‍പൂരില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെയും ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെയും നേതാക്കള്‍ ചേരിതിരിഞ്ഞ് അവകാശ വാദമുന്നയിച്ച ഒരു പള്ളിത്തര്‍ക്കമായിരുന്നു സേട്ടു സാഹിബ് ഒത്തുതീര്‍പ്പാക്കിയത്. എല്ലാ ന്യായങ്ങളും സുന്നികള്‍ക്കനുകൂലമായതിനാല്‍ പള്ളി സ്വാഭാവികമായും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റേതാണെന്ന് സേട്ടു സാഹിബ് തീരുമാനിച്ചു. പിന്നീട് ജമാഅത്തുകാര്‍ സേട്ടു സാഹിബിനെ ഒരു സുന്നി പക്ഷപാതിയായി ചിത്രീകരിച്ച് പത്രവാര്‍ത്തകള്‍ നല്‍കുകയുണ്ടായി.
മൈസൂരിലേക്ക് മാറിത്താമസിച്ച ഒരു ബിസിനസ് കുടുംബത്തിലാണ് സേട്ടു സാഹിബ് ജനിച്ചത്. പഠനങ്ങള്‍ക്ക് ശേഷം ബിസിനസ്സിലേക്ക് തിരിയുന്നതിന് പകരം സാമൂഹ്യസേവനവും അധ്യാപക വൃത്തിയും സ്വീകരിച്ച സേട്ടുസാഹിബ് ഒഴിവ് സമയങ്ങളില്‍ മൈസൂരിലും മംഗലാപുരത്തുമായുണ്ടായിരുന്ന അനേകം ബീഡിക്കമ്പനികളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങള്‍ക്ക് വേണ്ടി അവരെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനും തയ്യാറായി. 1946ല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അധ്യാപകജോലി വിടേണ്ടിവന്നപ്പോള്‍ അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചു. അന്ന് കേരളത്തിലെ പൊന്നാനിയിലും മറ്റും പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം ലേബര്‍ യൂണിയന്‍ പ്രവര്‍ത്തകരെ മൈസൂരിലേക്ക് ക്ഷണിച്ച് വരുത്തി ട്രേഡ് യൂണിയന്‍ രംഗം അദ്ദേഹം സജ്ജീവമാക്കി.
തലശ്ശേരിയില്‍ സത്താര്‍ സേട്ടു സാഹിബുമായി ബന്ധപ്പെട്ട് താമസിക്കുമ്പോഴാണദ്ദേഹം ലീഗ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1946ല്‍ സത്താര്‍ സേട്ടുസാഹിബ് മലബാറില്‍ നിന്ന് കേന്ദ്ര അസംബ്ലിയിലേക്ക് മത്സരിക്കുമ്പോള്‍ മലബാറിലെ പല പൊതുയോഗങ്ങളിലും ചെറുപ്പക്കാരനായ സേട്ടുസാഹിബിന്റെ ഇംഗ്ലീഷിലുള്ള തീപ്പൊരി പ്രസംഗം മുസ്‌ലിം ബഹുജനങ്ങളെ ആവേശം കൊള്ളിച്ചു.
ബാബ്‌രി മസ്ജിദ് പ്രശ്‌നത്തിന് ശേഷം ഡല്‍ഹിയില്‍ നടന്ന മുസ്‌ലിം ലീഗ് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ പരിണിതി ഒരര്‍ത്ഥത്തില്‍ സേട്ടു സാഹിബിന്റെ ശ്രദ്ധക്കുറവ് മൂലമുണ്ടായ ഒരു ചെറിയ പിഴവായിരുന്നുവെന്ന് വിലയിരുത്താനാണ് എല്ലാ ന്യായങ്ങളും കാണുന്നത്. അല്ലെങ്കില്‍ 'മുതുമാന് ചാട്ടമറിയില്ല ഇളമാന് കടവറിയില്ല' എന്ന മലപ്പുറം പഴമൊഴിയുടെ സാക്ഷാല്‍കാരമായി. അത് ലീഗിന്റെ ചരിത്രത്തില്‍ എങ്ങനെ വിലയിരുത്തപ്പെടുമെന്ന് നോക്കാന്‍ നില്‍ക്കാതെ അദ്ദേഹം യാത്രയായി
(സുന്നിഅഫ്കാര്‍ വാരിക, 2005, മെയ്: 11, സുന്നിമഹല്‍, മലപ്പുറം)

No comments:

Post a Comment