ഫത്‌വ
? തലമുടി കൊഴിഞ്ഞ് തട്ടത്തില്‍ ഒട്ടിപ്പിടിക്കുകയും തട്ടം അഴിച്ചു വെക്കുകയും ചെയ്തു. തട്ടത്തിലുള്ള മുടി നീക്കം ചെയ്യാതെ അതേ തട്ടം ധരിച്ച് നിസ്‌കരിക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നതു കേട്ടു. ഇത് ശരിയാണോ?
= ജീവനുള്ളവരുടെ ശരീരത്തില്‍ നിന്നും പിരിഞ്ഞ നഖം, മുടി മുതലായ വസ്തുക്കള്‍ നജസല്ല. അവ കുഴിച്ചിടല്‍ സുന്നത്താകുന്നു. സ്ത്രീകളുടെ മുടി വേര്‍പ്പെട്ടാലും അന്യ പുരുഷന്‍മാര്‍ കാണല്‍ ഹറാമായതിനാല്‍ അവര്‍ കാണാത്ത വിധം മറക്കല്‍ നിര്‍ബന്ധമാണ്. സ്ത്രീകളുടെ തലമുടി പുറത്തു കാണുന്നവിധം വസ്ത്രം ധരിച്ച് നിസ്‌കരിച്ചാല്‍ നിസ്‌കാരം സ്വഹീഹാകുന്നതല്ല. തലയില്‍നിന്നും വേര്‍പ്പെട്ട മുടി തട്ടത്തില്‍ ഉണ്ടായിക്കൊണ്ട് നിസ്‌കരിച്ചാല്‍ നിസ്‌കാരത്തിന് കുഴപ്പമൊന്നും വരാനില്ല. അത് തട്ടത്തിന്റെ പുറംഭാഗത്തായതിനാല്‍ മറ്റുള്ളവര്‍ കാണുന്നവിധത്തിലാണെങ്കിലും നിസ്‌കാരത്തിന് തകരാറില്ല. നജസല്ലാത്തതിനാല്‍ നജസ് ചുമക്കുന്ന പ്രശ്‌നവും വരുന്നില്ല.
? ജനാബത്ത് കുളിക്കുന്നതിന് മുമ്പ് സുന്നത്തായ വുളു ചെയ്യുകയും വുളു മുറിയുന്ന കാരണങ്ങളുണ്ടാവാതെ കുളി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇനി വുളു പുതുക്കാതെ നിസ്‌കാരം നിര്‍വഹിക്കാമോ? വുളു ചെയ്യുമ്പോള്‍ ജനാബത്തുകാരനായതുകൊണ്ട് സ്വഹീഹാവുമോ?
= ചോദ്യത്തില്‍ പറഞ്ഞതുപോലെ ജനാബത്ത്കുളിക്കുമ്പോള്‍ വുളു ചെയ്യുന്നത് കുളിയുടെ സുന്നത്തുകളില്‍ പെട്ടതാണ്. വുളു ചെയ്യാതെ കുളിച്ചാലും കുളി സ്വഹീഹാകും. ചെറുതും വലുതുമായ രണ്ട് അശുദ്ധിയും ഉള്ള ഒരാള്‍ വുളു ചെയ്യാതെ വലിയ അശുദ്ധിയുടെ മാത്രം നിയ്യത്ത് ചെയ്ത് കുളിച്ചാല്‍ രണ്ട് അശുദ്ധിയും ഉയരുന്നതാണ്. അയാള്‍ക്ക് നിസ്‌കാരം തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കാം. അപ്പോള്‍ വുളു ചെയ്തു കുളിച്ചാല്‍ ഏതായാലും നിര്‍വഹിക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വലിയ അശുദ്ധിയോടു കൂടെ ചെയ്യുന്ന വുളു സ്വഹീഹാകുന്നതാണ്. വലിയ അശുദ്ധി മാത്രമുള്ള ആള് കുളിക്കുമ്പോള്‍ ചെയ്യുന്ന വുളുവിന് 'നവൈത്തുല്‍ വുളൂഅ ലിസുന്നതില്‍ ഗുസ്‌ലി' എന്നോ 'നവൈതുല്‍ വുളൂഅ്' എന്നോ ആണ് നിയ്യത്ത് ചെയ്യേണ്ടത്. ചെറിയ അശുദ്ധികൂടിയുള്ള ആള് സാധാരണ വുളൂഇന്റെ നിയ്യത്ത് ചെയ്യണം.
(തുഹ്ഫ 1/278)
വലിയ അശുദ്ധിയുള്ള ആള് ഉറങ്ങുക, ഭക്ഷണം കഴിക്കുക, വീണ്ടും സംയോഗം ചെയ്യുക മുതലായവ ഉദ്ദേശിക്കുമ്പോള്‍ വുളു ചെയ്യല്‍ സുന്നത്താണ്. ഇത് ശര്‍ഇയ്യായ വുളൂആണെന്നും നിയ്യത്ത് നിര്‍ബന്ധമാണെന്നും ഫുഖഹാഅ് രേഖപ്പെടുത്തിയിരിക്കുന്നു (തുഹ്ഫ 1/384). ഇതില്‍നിന്നെല്ലാം മനസ്സിലാവുന്നത് വലിയ അശുദ്ധിയോടെ ചെയ്യുന്ന വുളു സ്വഹീഹാണെന്നാണ്.
? അന്യസ്ത്രീയുടെ ഫോട്ടോ പോക്കറ്റിലിട്ടു നിസ്‌കരിച്ചാല്‍ സ്വഹീഹാവുമോ?
= അന്യസ്ത്രീയുടെ ഫോട്ടോ വികാരത്തോടെ നോക്കല്‍ ഹറാമാണെങ്കിലും അത് പോക്കറ്റിലിട്ട് നിസ്‌കരിച്ചാല്‍ നിസ്‌കാരം സ്വഹീഹാകുന്നതാണ്.
? ബിദ്അത്ത്കാരനെ തുടര്‍ന്നു നിസ്‌കരിച്ചാല്‍ നിസ്‌കാരം സ്വഹീഹാവുമോ? ഫിഖ്ഹീ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഇങ്ങനെ നിസ്‌കരിക്കുന്നതിന്റെ വിധിയെന്താണ്?
= ഫാസിഖിനോടും ബിദ്അത്തുകാരനോടും തുടര്‍ന്നു നിസ്‌കരിക്കല്‍ കറാഹത്താകുന്നു. ഫാസിഖിനോടു തുടര്‍ന്നു നിസ്‌കരിക്കുന്നതിനേക്കാള്‍ ശക്തിയായ കറാഹത്ത് മുബ്തദിഇനോട് തുടരുന്നതിനുണ്ട്. ബിദ്അത്തുകാരനോട് തുടര്‍ന്നാല്‍ നിസ്‌കാരം സ്വഹീഹാകുമെങ്കിലും കറാഹത്തായതിനാല്‍ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതല്ല. മുബ്തദിഇനോട് തുടരുന്നതിനേക്കാള്‍ സ്വന്തം നിസ്‌കരിക്കലാണുത്തമം. (തുഹ്ഫ 2/294, 254)
? ഇമാം ഉറക്കെ ഓതുന്ന നിസ്‌കാരത്തില്‍ മഅ്മൂം ഫാതിഹഃ ഓതേണ്ടത് എപ്പോള്‍? ഇമാം ഫാതിഹ ഓതിയ ശേഷമാണെങ്കില്‍ ഇമാം സൂറത്ത് ഓതാന്‍ മറന്ന് ഫാതിഹയുടെ ഉടനെത്തന്നെ റുകൂഇലേക്ക് പോയാല്‍ മഅ്മൂം എന്ത് ചെയ്യണം?
= ഉറക്കെ ഓതുന്ന നിസ്‌കാരത്തില്‍ ഇമാം ഫാതിഹ ഓതുമ്പോള്‍ മഅ്മൂം അത് ശ്രദ്ധിച്ചു കേട്ടു നല്‍ക്കുകയാണ് ശ്രേഷ്ടേമറിയത്. ഇമാം ഫാതിഹ പൂര്‍ത്തിയാക്കിയ ശേഷം മഅ്മൂമിന് ഫാതിഹ ഓതാം. ഈ സമയം മൗനം പാലിക്കല്‍ ഇമാമിന് സുന്നത്താണ്. ഇമാം ഫാതിഹ ഓതുമ്പോഴും മഅ്മൂം വജ്ജഹ്തു ഓതല്‍ സുന്നത്താകുന്നു. ഇമാമിന്റെ ഓത്ത് കേള്‍ക്കുന്ന മഅ്മൂം വജ്ജഹ്തു വേഗത്തില്‍ ഓതല്‍ സുന്നത്താകുന്നു. ഇമാമിന്റെ ശേഷം ഓതാന്‍ സാധിക്കയില്ലെന്ന് കണ്ടാല്‍ കൂടെ ഓതണം. ഇമാമിന്റെ ഫാതിഹക്ക് ശേഷം സമയം ലഭിക്കുമെന്നു കരുതി മഅ്മൂം ഫാതിഹ ഓതാതെ കാത്തിരുന്നു. പക്ഷെ, ഇമാം പെട്ടെന്ന് റുകൂഇലേക്കു പോയി. ഈ സാഹചര്യത്തില്‍ ഇമാം റുകൂഇലേക്കു പോയാലും മഅ്മൂം ഫാതിഹ ഓതണം. ഇത് ഉദ്‌റിനു വേണ്ടിയുള്ള പിന്തലായതിനാല്‍ ദീര്‍ഘമായ മൂന്ന് ഫര്‍ള് വരെ പന്താവുന്നതാണ്. ഇഅ്തിദാലും രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തവും ദീര്‍ഘമായ ഫര്‍ള് എന്നതില്‍ പെടുകയില്ല. അപ്പോള്‍ ഇമാം രണ്ടാമത്തെ സുജൂദില്‍നിന്നും തല ഉയര്‍ത്തുന്നതിനു മുമ്പ് മഅ്മൂമിന്റെ ഫാതിഹ പൂര്‍ത്തിയായാല്‍ റുകൂഉം മറ്റും ചെയ്ത് ഇമാമിനോട് ചേരണം. ഇമാം തല ഉയര്‍ത്തുമ്പോഴും ഇയാളുടെ ഫാതിഹ തീര്‍ന്നിട്ടില്ലെങ്കില്‍ ബാക്കി ഭാഗവും തന്റെ നിസ്‌കാത്തിന്റെ ക്രമവും ഉപേക്ഷിച്ച് നാലാമത്തെ ഫര്‍ളില്‍ ഇമാമിനോട് യോജിക്കുകയാണ് വേണ്ടത്. അത് ഒന്നുകില്‍ നിറുത്തമോ അല്ലെങ്കില്‍ അത്തഹിയ്യാത്തോ ആയിരിക്കുമല്ലോ. ഇമാം സലാം വീട്ടിയ ശേഷം തനിക്കു ബാക്കിയുള്ളത് വീണ്ടെടുക്കുകയാണ് ഇവിടെ ചെയ്യുക. ഈ വസ്തുത അറിഞ്ഞുകൊണ്ട് ഇമാമിനെ വിട്ടുപിരിയുന്നുവെങ്കില്‍ പിരിയുന്നുവെന്നു കരുതാതെ മനഃപൂര്‍വ്വം നാലാം ഫര്‍ളില്‍ ഇമാമിനോട് യോജിച്ചില്ലെങ്കില്‍ നിസ്‌കാരം ബാത്വിലാകുന്നതാണ്.(ഫത്ഹുല്‍ മുഈന്‍ 125,126)
? തുണി ഉടുത്ത് നിസ്‌കരിക്കുന്ന ഒരാള്‍ സുജൂദ് ചെയ്യുമ്പോള്‍ പിറകില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന ഒരാള്‍ക്ക് മുട്ടിനു മുകളിലുള്ള കുറച്ചു ഭാഗം കാണുമല്ലോ. ഇങ്ങനെ കാണുന്നതുകൊണ്ട് നിസ്‌കാരം ബാത്വിലാകുമോ?
= ഔറത്ത് ഉപരിഭാഗത്തു നിന്നും ചുറ്റു ഭാഗത്തുനിന്നും മറക്കലാണ് നിര്‍ബന്ധം. അടിയില്‍നിന്നും മറക്കല്‍ നിര്‍ബന്ധമില്ല. അപ്പോള്‍ ചോദ്യത്തില്‍ പറഞ്ഞ വിധം, സുജൂദ് ചെയ്യുമ്പോള്‍ പിറകിലുള്ള ആള് കാല്‍മുട്ടിന് മുകളിലുള്ള ഭാഗം കാണുന്നതിന് വിരോധമില്ല. (തുഹ്ഫ 2/114)
? നായ, പന്നി, ഇവയില്‍നിന്ന് ജനിച്ച് ഉണ്ടായത് എന്നിവയല്ലാത്ത എല്ലാ ജീവികളുടെയും ശുക്ലം ശുദ്ധിയുള്ളതാകുന്നു. എങ്കിലും അത് അറപ്പുള്ള വസ്തു ആയതിനാല്‍ കുടിക്കല്‍ ഹറാമാണ് എന്ന് സുന്നി അഫ്കാര്‍ 13-ാം ലക്കത്തില്‍ കണ്ടു. ശുക്ലം ശുദ്ധിയുള്ളതാണെങ്കില്‍ എങ്ങനെ കുടിക്കല്‍ ഹറാമാകും?
= ഒരു വസ്തു ശുദ്ധിയുള്ളതായി എന്നതു കൊണ്ട് ഭക്ഷിക്കല്‍ അനുവദനീയമാവണമെന്നില്ല. കല്ലും മണ്ണും ശുദ്ധിയുള്ള വസ്തുക്കളാണല്ലോ. ബുദ്ധിമുട്ടുണ്ടാവുന്നവര്‍ക്ക് അത് ഭക്ഷിക്കല്‍ ഹറാമാണ്. വിഷമുള്ള വസ്തുക്കള്‍ ശുദ്ധിയുള്ളതാണെങ്കിലും ഭക്ഷിക്കാവതല്ല. ജീവനുള്ള പല്ലി ശുദ്ധിയുള്ള വസ്തുവാണ്. ചത്താല്‍ മാത്രമെ അത് നജസാവുകയുള്ളൂ. ശുദ്ധിയുണ്ടെന്ന്‌വച്ച് ജീവനുള്ള പല്ലിയെ വിഴുങ്ങാവതല്ല. ശവത്തിന്റെ തോല്‍ ഊറക്കിട്ടാല്‍ ശുദ്ധിയാവും. പക്ഷെ അത് ഭക്ഷിക്കാവതല്ല. മൂക്കില്‍ നിന്നും പിഴിഞ്ഞെടുത്ത മൂക്കട്ട, വായയില്‍ നിന്നും പുറത്തേക്ക് വന്ന ഉമിനീര് ഇവയൊന്നും നജസല്ല. പക്ഷെ ഇവ വീണ്ടും വായിലേക്ക് മടക്കി വിഴുങ്ങാവതല്ല. അത് മുസ്തഖ്ദര്‍ (വൃത്തികെട്ട വസ്തു) ആണെന്നതാണ് കാരണം. വായില്‍നിന്നും പുറത്തുവരാത്ത ഉമിനീര്‍ വിഴുങ്ങുന്നതിന് വിരോധമില്ല. പുറത്തേക്ക് തുപ്പിയശേഷം വീണ്ടും വായിലേക്ക് വിഴുങ്ങല്‍ ഹറാമാകുന്നു. പുറത്തുവന്ന മൂക്കട്ട, ഉമിനീര്‍ എന്നിവപോലെ ശുക്ലം നജസല്ലെങ്കിലും ഭക്ഷിക്കല്‍ ഹറാമാകുന്നു. അതൊരു മുസ്തഖ്ദറായ വസ്തു ആണെന്നതു തന്നെ കാരണം. അവ നജസല്ലാത്തതു കൊണ്ട് ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായാല്‍ കഴുകാതെ നിസ്‌കരിക്കാവുന്നതാണ്. ജലദോഷം തുടച്ചെടുത്ത ടവ്വല്‍ കീശയിലിട്ടും നിസ്‌കരിക്കാം. (തുഹ്ഫ 9/387, 388 പേജുകള്‍ നോക്കുക).
? ജമാഅത്ത് നിസ്‌കാരത്തില്‍ 'സബ്ബിഹിസ്മ'യും 'ഹല്‍അതാക'യും ഓതുമ്പോള്‍ ആദ്യ പകുതി പതുക്കെ ഓതി ബാക്കി ഭാഗം ഉറക്കെ ഓതി റുകൂഉ് ചെയ്യുന്നതായി പല ഇമാമുകളെയും കണ്ടുവരുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ? ഉണ്ടെങ്കില്‍ 'വല്‍ഫജ്‌രി' തുടങ്ങിയ സൂറത്തുകള്‍ ഓതുമ്പോള്‍ ഇങ്ങനെ ആവാമോ?
= ചോദ്യത്തില്‍ പറഞ്ഞ വിധം ഇമാമുമാര്‍ ഓതുന്നതിന് അടിസ്ഥാനമുണ്ട്. ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ പറയുന്നു: ''ഉറക്കെ ഓതുന്ന നിസ്‌കാരത്തില്‍ മഅ്മൂമിന് ഫാതിഹ ഓതാന്‍ ആവശ്യമായ സമയം ഇമാം (തന്റെ ഫാതിഹക്കു ശേഷം) മൗനം പാലിക്കല്‍ സുന്നത്താകുന്നു. ഈ മൗനത്തില്‍ (പതുക്കെ യുള്ള) പ്രാര്‍ത്ഥനകൊണ്ടോ ഖുര്‍ആന്‍ പാരായണം കൊണ്ടോ ജോലിയാവലും സുന്നത്താകുന്നു. ഖിറാഅത്ത് കൊണ്ടാവലാണുത്തമം. ഖിറാഅത്തുകൊണ്ട് ശുഗ്‌ലാവുമ്പോള്‍ ആ സമയത്ത് ഓതുന്നതും ശേഷം ഓതുന്നതും തമ്മില്‍ മുസ്വ്ഹഫിലെ ക്രമവും തുടര്‍ച്ചയും അനുസരിച്ചാവേണ്ടതാണ്. കാരണം. മുസ്വ്ഹഫിലെ ക്രമവും തുടര്‍ച്ചയും അനുസരിച്ച് ഓതലാണ് സുന്നത്ത്'' (തുഹ്ഫ 2/51). സബ്ബിഹിസ്മ തുടങ്ങിയ സൂറത്തുകള്‍ ഓതുമ്പോള്‍ ആദ്യഭാഗം പതുക്കെയും അവസാനം ഉറക്കെയും ഓതിയാല്‍ ഇപ്പറഞ്ഞതിനോട് യോജിച്ചുവരുമല്ലോ. വല്‍ ഫജ്‌രി തുടങ്ങിയവയും ഇപ്രകാരം തന്നെ.
No comments:
Post a Comment