Thursday, December 15, 2011

വേദങ്ങളുടെ പ്രാമാണികത

വേദങ്ങളുടെ പ്രാമാണികത
മുജീബ് ഫൈസി പൂലോട്‌

വേദങ്ങളുടെ പ്രാമാണികത സ്ഥിരപ്പെടുത്താന്‍ അബദ്ധജടിലവും സത്യവിരുദ്ധവുമായ കാര്യങ്ങള്‍ തല്‍പരകക്ഷികള്‍ എഴുന്നള്ളിക്കാറുണ്ട്. എന്നാല്‍ വേദങ്ങളും അനുബന്ധങ്ങളും പ്രമാദമുക്തമാണെന്നതിന് സ്വീകാര്യമായ ഒരു തെളിവും ഉന്നയിക്കപ്പെട്ടിട്ടില്ല. ശ്രുതികളുടെ കാര്യമെടുത്താല്‍ അവ 'ശ്രവിക്കപ്പെട്ടു' എന്നല്ലാതെ ആര് ആരില്‍നിന്ന് ശ്രവിച്ചു എന്ന് ഒരു തെളിവുമില്ല. പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തുന്നത് കാണുക. ''വേദം കേള്‍ക്കാനുണ്ടെന്നല്ലാതെ ഇത് ആര് നിര്‍മ്മിക്കപ്പെട്ടു, എവിടെ, എന്നുണ്ടായി എന്നൊന്നും അറിവാന്‍ പാടില്ല എന്നര്‍ത്ഥം. അല്ലെങ്കില്‍ അറിയേണ്ടത് എഴുതി പഠിക്കാന്‍ പാടില്ലാത്തത്...''(പരമേശ്വരന്‍ മൂസത്, വാചസ്മൃതി)

''ക്രമേണ പാഠാന്തരങ്ങളും ശാഖകളും നിലവില്‍ വരികയും ലോപിക്കുകയും ചെയ്തു. ചിലര്‍ ബ്രാഹ്മണങ്ങളെയും വേദങ്ങളില്‍ ഉള്‍പ്പെടുത്തി. ഇങ്ങനെ സംഹിതയും ബ്രാഹ്മണതയുമെല്ലാം കൂടിക്കുഴഞ്ഞപ്പോള്‍ വ്യാസന്‍ അവയെ പുനര്‍ നിര്‍ണയം ചെയ്തിരിക്കാം. അങ്ങനെയാവും വ്യാസന്‍ വേദം പകുത്തതെന്ന കഥ നിലവില്‍ വന്നത്.'' (നരേന്ദ്ര ഭൂഷണ്‍: വൈദിക സാഹിത്യ ചരിത്രം, പുറം 38)
 വേദസംഹിതകളില്‍ പലതും നഷ്ടപ്പെട്ടുപോയിട്ടുണ്ട് എന്ന് വേദ പണ്ഡിതന്‍മാര്‍ തന്നെ വ്യക്തമാകമാക്കിയതാണ്. (സംസ്‌കൃത സാഹിത്യ ചരിത്രം, ഹിന്ദു ധര്‍മ പരിചയം തുടങ്ങിയവ നോക്കുക.)
പുരാണങ്ങളുടെ താളുകളില്‍ തന്നെയും വേദങ്ങള്‍ പലതും നഷ്ടപ്പെട്ടുപോയി എന്ന് പ്രതിപാദിക്കുന്നുണ്ട് വാല്‍മീകി രാമായണത്തില്‍.
''താമഹം ആനയിഷ്യാമി
നഷ്ടാം വേദശ്രുതി മിവ''
(നഷ്ടപ്പെട്ടുപോയ വേദത്തെ വീണ്ടെടുത്തു കൊണ്ടുവന്ന തുപോലെ ഞാന്‍ സീതയെ കൊണ്ടുവരാം) എന്ന് ഹനുമാന്‍ പറയുന്നതായി കാണാം. വേദം നഷ്ടപ്പെട്ടു പോയിരുന്നു എന്ന് ഇവകളില്‍നിന്നൊക്കെ വ്യക്തമാണ്.
മഹാഭാരതം ശാന്തിപര്‍വ്വത്തില്‍ വിഷ്ണുവിന്റെ വചനമായി ഉദ്ധരിക്കുന്നു:
'യദാവേദ ശ്രുതിര്‍ നഷ്ടാമയാ പ്രത്യാഹൃതാ
പുനഃസവേദാ; സശ്രുതികാശ്ച കൃതാപൂര്‍വ്വം''
കൃതേയുഗേ.....'' (വേദശ്രുതി നഷ്ടപ്പെട്ടപ്പോള്‍ ഞാനവയെ വീണ്ടെടുത്ത് കൊണ്ടുവന്നു. എന്നിട്ട് അവയെ ബ്രാഹ്മണങ്ങളും മന്ത്രങ്ങളും കൊണ്ട് പൂര്‍ണമാക്കി. ഇത് പണ്ട് കൃതയുഗത്തിലും ഞാന്‍ ചെയ്തതാണ്. -മഹാഭാരതം: ശാന്തിപര്‍വ്വം 348:56)
വേദം എഴുതിവെക്കാതെ ശ്രുതികളായി മാത്രം സൂക്ഷിച്ചു. അഹാലേവ്യ സരസ്വതി.- എഴുതപ്പെടാത്ത വിദ്യയായി കണക്കാക്കി. കീഴ്ജാതിക്കാരന്‍ പഠിക്കരുതെന്ന നിര്‍ബന്ധബുദ്ധി അവിടെ നിഴലിച്ചിരുന്നു. ഉപനിഷത്തുകള്‍ അടക്കമുള്ള വേദാന്തങ്ങളും നിഗൂഢമാക്കിവെച്ചു. സവര്‍ണ്ണ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ ഇതില്‍ പലതും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കണമായിരുന്നു. അന്ന് നിലനിന്നിരുന്ന നിയമം ഏതുരൂപത്തിലായിരുന്നുവെന്ന് അറിയാന്‍ മനുസ്മൃതി  ഒരാവര്‍ത്തി കണ്ണോടിച്ചാല്‍ മാത്രം മതി.
''വേദം കേള്‍ക്കുന്ന ശൂദ്രന്റെ കാതില്‍ ഇയ്യവും അരക്കും ഉരുക്കി ഒഴിക്കണം. വേദമുച്ചരിക്കുന്ന ശൂദ്രന്റെ നാവറുത്ത് വേര്‍പ്പെടുത്തണം.''
''ശൂദ്രന്‍ സമീപത്തുള്ളപ്പോള്‍ വേദാന്ത്യായനം പാടില്ല.''
''മൂന്ന് സവര്‍ണ്ണമാതികളെ ശുശ്രൂഷിക്കുകയാണ് ശൂദ്രന്റെ ധര്‍മ്മം.''
ഈ ദുരുദ്ദേശ്യവുമായി വേദം എഴുതിവെക്കാതിരുന്നു. എഴുതിവെച്ചവയില്‍തന്നെ നല്ല ശതമാനം കൂട്ടിക്കടത്തലുകളും വെട്ടിച്ചുരുക്കലുകളും നടന്നിട്ടുണ്ട്. ഏത് കാലമാണ് വൈദിക കാലം എന്നു പോലും ക്ലിപ്തമല്ലെന്നതാണ് സത്യം.
അബദ്ധ ജടിലവും അശാസ്ത്രീയവുമായ നിരവധി പരാമര്‍ശങ്ങള്‍ വേദഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. വേദരചനാ കാലത്ത് ഉണ്ടായിരുന്ന ആചാരനിഷ്ഠകള്‍ വിജ്ഞാന പരുവത്തില്‍ ചേരുവകള്‍ ചേര്‍ത്തു വെച്ചതാണ് അവകളെന്ന് സുതാര്യം വ്യക്തമാണ്. എഴുതപ്പെട്ട കാലത്തുള്ള അന്ധവിശ്വാസങ്ങള്‍ വേദങ്ങളില്‍ കടന്നുകൂടുകയും അത് ശാസ്ത്രമായി ഗണിച്ചു പോരുകയും ചെയ്തു.
''സൂര്യദേവന്‍ ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയാണെന്ന് ''(ഋഗ്വേദം മ:1. സൂ. 50-ല്‍) പറയുന്നത് തികഞ്ഞ പൊട്ടത്തരമാണെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുകയാണ്. സൂര്യഗ്രഹണത്തിനു കാരണം അസുരപുത്രനായ രാഹു തമസ്സുകൊണ്ട് സൂര്യനെ മറക്കുന്നതാണ് എന്നും (ഋഗ്വേദം മ:10. സു.40) ചന്ദ്രനെ രാഹു വിഴുങ്ങുന്നതാണ് ചന്ദ്രഗ്രഹണത്തിനു കാരണമെന്നും പഠിപ്പിക്കുന്ന വേദങ്ങളെ സവര്‍ണ-ആര്യ വിശ്വാസം ചങ്കോടടുപ്പിക്കുന്ന അന്ധന്‍മാര്‍ക്കല്ലാതെ അംഗീകരിക്കാന്‍ കഴിയില്ല.
വേദങ്ങളുടെ  ലൈംഗികപരമായ ചര്‍ച്ചകള്‍ സകല സീമകളും അതിലംഘിക്കുന്നതാണ്. അശ്ലീല പ്രയോഗങ്ങള്‍ പലയിടങ്ങളിലും പച്ചയായി വിതറിക്കിടക്കുന്നുണ്ട്. സദാചാരപരമായ സര്‍വ്വ അതിര്‍വരമ്പുകളും തകര്‍ക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ കാണാം. പൃഷ്ഠ വായുവിനെയും പ്രാണ വായുവിനെയും നിയന്ത്രിക്കാന്‍ പെണ്ണാടുമായും വാക്‌വൈഭവം നേടാന്‍ മുട്ടനാടുമായും പരമമായ ഐശ്വര്യങ്ങള്‍ ലഭിക്കാന്‍ കാളയുമായും ലൈംഗിക ബന്ധം പുലര്‍ത്താന്‍ കല്‍പിക്കുന്ന വേദം (ശുക്ലയജുര്‍വേദം:21:60) ദൈവികമാണെന്ന് പറയാന്‍ ഒരിക്കലും കഴിയില്ല. സഹോദരനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്ന സഹോദരിയുടെ കഥ പറയുന്ന (യമന്റെ സഹോദരി കാമാതുര യമനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നു- ഋഗ്വേദം മ:10 സൂ 10,12) പിതാവ് സ്വന്തം പുത്രിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ചരിത്രം പറയുന്ന (അഥര്‍വ്വ വേദം: നവമകാണ്ഡം 10,12) വേദഗ്രന്ഥങ്ങള്‍ ഏത് ദൈവിക വെളിപാടിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല.
ഏതൊക്കെയോ കാലഘട്ടത്തില്‍ ഏതൊക്കെയോ വ്യക്തികള്‍ക്ക് എവിടെയോ വെച്ച് ദര്‍ശനീഭവിച്ചത് എന്ന് മുദ്രകുത്തപ്പെട്ട ഗ്രന്ഥസമുച്ചയങ്ങള്‍ ദൈവികമെന്ന ലേബലിട്ടതുകൊണ്ടുമാത്രം ദൈവികമാകുന്നില്ല.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജൂണ്‍: 1, സുന്നിമഹല്‍, മലപ്പുറം)


No comments:

Post a Comment