Wednesday, December 14, 2011

ഫത്‌വ

ഫത്‌വ

?    പരലോകത്ത് വെച്ച്, അക്രമിക്കപ്പെട്ടവന് അക്രമിയുടെ അമലുകള്‍ എടുത്തു കൊടുക്കുന്നതില്‍ നോമ്പ് പെടുകയില്ലെന്ന് ഒരു ഇസ്‌ലാമിക പ്രസിദ്ധീകരണത്തിലും, പെടുമെന്ന് മറ്റൊരു പ്രസിദ്ധീകരണത്തിലും കാണാനിടയായി. ഇതില്‍ ഏതാണ് ശരി?
=  ഹഖിടപാടുകള്‍ വീട്ടാന്‍ വേണ്ടി അക്രമിയുടെ സല്‍കര്‍മ്മങ്ങള്‍ അക്രമിക്കപ്പെട്ടവന് നല്കുന്ന കൂട്ടത്തില്‍ നോമ്പും ഉള്‍പെടുമെന്നാണ് പ്രബലാഭിപ്രായം. നോമ്പ് ഉള്‍പ്പെടുകയില്ല എന്ന അഭിപ്രായം ബലഹീനമാണ്. അമലുകളുടെ കൂട്ടത്തില്‍ നോമ്പും എടുക്കപ്പെടുമെന്ന മുസ്‌ലിമിന്റെ ഹദീസ് ഈ അഭിപ്രായത്തെ നിരാകരിക്കുന്നുണ്ടെന്ന് തുഹ്ഫ 3/453 ല്‍ പ്രസ്താവിച്ചിരിക്കുന്നു.
? ഇടതു കൈ കൊണ്ടാവുക എന്നത് ശൗച്യം ചെയ്യുന്നതിന്റെ മര്യാദകളില്‍ പെട്ടതാണല്ലോ. കല്ല് കൊണ്ട് ശൗച്യം ചെയ്യുമ്പോള്‍ ഇടതു കൈ കൊണ്ട് ലിംഗം പിടിക്കയാണെങ്കില്‍ കല്ല് വലതുകയ്യില്‍ പിടിക്കണം. വലതുകൈ കൊണ്ട് ലിംഗം പിടിച്ചാല്‍ കല്ല് ഇടതു കയ്യിലാണുണ്ടാവുക. രണ്ട് രൂപത്തിലും വലതു കൈക്ക് മുഖ്യമായ പങ്കുണ്ട്. കല്ലു കൊണ്ട് ശുചീകരണം നടത്തുമ്പോള്‍ വലതുകൈ ഒഴിവാക്കലെങ്ങനെ?
=  ഇടതു കൈ കൊണ്ടാവുക എന്നത് ശൗച്യം ചെയ്യുന്നതിന്റെ അദബുകളില്‍ പെട്ടത് തന്നെയാണ്. വലതുകൈ കൊണ്ട് ശൗച്യം ചെയ്യുന്നത് നബി(സ) വിരോധിച്ചതായി ഇമാം മുസ്‌ലിമും മറ്റും നിവേദനം ചെയ്തിട്ടുണ്ട്. അതിനാല്‍ വലതുകൈ കൊണ്ട് ശുചിയാക്കല്‍ കറാഹത്താകുന്നു. ഹറാമാണെന്നും അഭിപ്രായമുണ്ട്. വലതുകൈ കൊണ്ട് ലിംഗം സ്പര്‍ശിക്കുന്നതും ആവശ്യമില്ലെങ്കില്‍ വലതുകൈ സഹായത്തിന് കൂട്ടുന്നതും കറാഹത്താകുന്നു. വെള്ളം കൊണ്ട് മനോഹരിക്കുമ്പോള്‍ വലതുകൈ കൊണ്ട് വെള്ളം ഒഴിക്കുന്നതിന് വിരോധമില്ല. ചുമര്, വലിയ കല്ല് തുടങ്ങിയവയില്‍ ലിംഗം സ്പര്‍ശിച്ച് ശൗച്യം ചെയ്യുകയാണെങ്കില്‍ ഇടതുകൈ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതിയല്ലോ. ചെറിയ കല്ലാണെങ്കില്‍ രണ്ടു കാലിന്റെ മടമ്പുകളുടെയോ തള്ളവിരലുകളുടെയോ ഇടയില്‍ വെച്ച് ശൗച്യം ചെയ്യാവുന്നതാണ്. അപ്പോഴും ഇടതു കൈകൊണ്ട് ലിംഗം പിടിച്ച് വലതു കൈ ഒഴിവാക്കാം. ഇതൊന്നും സൗകര്യമായില്ലെങ്കില്‍ ഇടതുകൈ കൊണ്ട് ലിംഗവും വലതു കൊണ്ട് കല്ലും പിടിക്കണം. ഇവിടെ വലതു കൈ സഹായത്തിന് കൂട്ടിയത് ആവശ്യത്തിനാണല്ലോ. വലതുകൈയും കല്ലും ഇളകാതെ ഇടതുകൈയിലിരിക്കുന്ന ലിംഗം ചലിപ്പിച്ചുകൊണ്ടാണ് ശൗച്യം ചെയ്യേണ്ടത്. കല്ലും ലിംഗവും ഒപ്പം ചലിപ്പിക്കുകയോ കല്ല് മാത്രം ചലിപ്പിക്കുകയോ ചെയ്താല്‍ അത് വലതു കൈ കൊണ്ട് ശൗച്യം ചെയ്യലാവുന്നതാണ്. (തുഹ്ഫ: 1/185, ശര്‍വാനി 1/184)
?  സ്ത്രീയും മഹ്‌റമായ പുരുഷനും ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ പുരുഷനായ ഇമാമിന് വേണ്ടി മഉ്മൂമായ സ്ത്രീ ബാങ്കും ഇഖാമത്തും വിളിക്കാമോ?
=  സ്ത്രീകളുടെ മാത്രം ജമാഅത്തിന് ബാങ്കില്ല. ഇഖാമത്ത് സുന്നത്തുണ്ട്. അന്യ പുരുഷന്‍ അവിടെയുണ്ടെങ്കില്‍ സ്ത്രീ ബാങ്ക് കൊണ്ട് ശബ്ദമുയര്‍ത്തല്‍ ഹറാമാകുന്നു. സ്ത്രീകള്‍ മാത്രം കേള്‍ക്കത്തക്കവിധം സ്ത്രീ ഒച്ച ഉയര്‍ത്തി ബാങ്ക് കൊടുക്കുന്നത് സുന്നത്തില്ലെങ്കിലും അനുവദനീയമാണ്. അതൊരു ദിക്‌റായി പരിഗണിക്കാമല്ലോ. ബാങ്ക് വിളിക്കുന്ന ആള്‍ ആണാവല്‍ ബാങ്കിന്റെ നിബന്ധനയാകുന്നു. അതിനാല്‍ തൊട്ടാല്‍ വുളൂഉ് മുറിയാത്ത പുരുഷ ഇമാമിന് വേണ്ടിയാണെങ്കിലും സ്ത്രീ ബാങ്ക് കൊടുത്താല്‍ അത് സ്വഹീഹാകുന്നതല്ല (തുഹ്ഫ 1/472). അതുപോലെ പുരുഷ ഇമാമിനു വേണ്ടി സ്ത്രീ ഇഖാമത്ത് കൊടുത്താലും സാധുവാകുന്നതല്ല. (ശര്‍വാനി: 1/466)
?    അശുദ്ധിയോടു കൂടി ബാങ്കും ഇഖാമത്തും കൊടുക്കല്‍ കറാഹത്താണല്ലോ. എന്നാല്‍ അശുദ്ധിയോടുകൂടി ജമാഅത്തിനു വേണ്ടിയോ സ്വന്തം നിസ്‌കരിക്കാനോ ബാങ്കും ഇഖാമത്തും കൊടുത്താല്‍ സുന്നത്ത് വീടുമോ? ബാങ്കും ഇഖാമത്തും കറാഹത്തായതുപോലെ അശുദ്ധിക്കാര്‍ക്ക് ഖുര്‍ആന്‍ പാരായണവും മറ്റ് ദിക്‌റുകളും കറാഹത്തുണ്ടോ? ബാങ്ക് കൊടുക്കുന്നതിനിടയില്‍ വുളൂഉ് മുറിഞ്ഞാല്‍ എന്തുചെയ്യണം?
=  അശുദ്ധിയുള്ളവര്‍ ബാങ്കും ഇഖാമത്തും കൊടുക്കല്‍ കറാഹത്താകുന്നു. 'വുളൂഉ് ഉള്ളവനല്ലാതെ ബാങ്ക് കൊടുക്കരുത്' എന്ന് ഇമാം തുര്‍മുദി(റ) നിവേദനം ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. അശുദ്ധിയോടെ ഇഖാമത്ത് കൊടുക്കുന്നത് ബാങ്ക് കൊടുക്കുന്നതിനേക്കാള്‍ ഗൗരവമേറിയ കറാഹത്താകുന്നു. അതുപോലെ ചെറിയ അശുദ്ധിയോടെ കൊടുക്കുന്നതിനേക്കാള്‍ കറാഹത്തിന്റെ ശക്തി വലിയ അശുദ്ധിയോടെ  കൊടുക്കുന്നതിനുണ്ട്. (തുഹ്ഫ: 1/472). എങ്കിലും അശുദ്ധിയോടെ - അത് വലിയ അശുദ്ധിയാെണങ്കിലും, പള്ളിയില്‍ വെച്ചാണെങ്കിലും - ബാങ്കോ ഇഖാമത്തോ വിളിച്ചാല്‍ സുന്നത്ത് വീടുന്നതാണ്. അറിയിക്കലാണല്ലോ ബാങ്കിന്റെയും ഇഖാമത്തിന്റെയും ലക്ഷ്യം. അശുദ്ധിക്കാര്‍ കൊടുത്താലും പ്രസ്തുത ലക്ഷ്യം സാദ്ധ്യമാവുമല്ലോ. വലിയ അശുദ്ധിക്കാരന്‍ പള്ളിയില്‍വെച്ച് ബാങ്കു കൊടുക്കുന്നത് ഹറാമാണെങ്കിലും സുന്നത്ത് വീടും. ഹറാം വന്നു ചേര്‍ന്നത് ബാങ്ക് എന്ന നിലക്കല്ല; മറിച്ച് അവന്ന് പള്ളിയില്‍ താമസിക്കല്‍ ഹറാമായതുകൊണ്ടാണ്. (ശര്‍വാനി 1/472). വലിയ അശുദ്ധിയോടുകൂടെ ഖുര്‍ആന്‍ പാരായണം ഹറാമാണല്ലോ. മറ്റ് ദിക്‌റുകള്‍ ഹറാമോ കറാഹത്തോ ഇല്ല. നബി(സ) എല്ലാ സമയത്തും ദിക്ര്‍ ചൊല്ലാറുണ്ടായിരുന്നുവെന്ന് ആഇശ(റ) പ്രസ്താവിച്ചത് മുസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്. ചെറിയ അശുദ്ധിയോടുകൂടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോ ദിക്‌റ് ചൊല്ലുന്നതോ കറാഹത്തില്ല(ശര്‍വാനി). ബാങ്ക് വിളിക്കുന്നതിനിടയില്‍ വുളൂഉ് മുറിഞ്ഞാല്‍ ബാങ്ക് പൂര്‍ത്തിയാക്കല്‍ സുന്നത്താകുന്നു. (തുഹ്ഫ 1/472).
?    ഒന്നാമത്തെ റക്അത്തില്‍ ഓതാന്‍ മറന്ന സൂറത്ത് രണ്ടാമത്തെ റക്അത്തില്‍ വീണ്ടെടുക്കാമോ? എങ്കില്‍ സമയ ദൈര്‍ഘ്യം പ്രശ്‌നമാവുമോ?
=   ചില പ്രത്യേക നിസ്‌കാരങ്ങളില്‍ പ്രത്യേക സൂറത്തോതല്‍ സുന്നത്തുണ്ടല്ലോ. ഉദാഹരണത്തിന് ജുമുഅയിലും വെള്ളിയാഴ്ച രാവിലെ ഇശാഇലും സൂറത്തുല്‍ ജുമുഅയും സൂറത്തുല്‍ മുനാഫിഖൂനയും അല്ലെങ്കില്‍ സൂറത്തുല്‍ അഅ്‌ലായും ഗാശിയ സൂറയും ഓതല്‍ സുന്നത്താണ്. അതുപോലെ അന്നത്തെ സുബ്ഹില്‍ സജദയും ദഹ്‌റും ഓതല്‍ സുന്നത്തുണ്ട്. നിര്‍ണയിക്കപ്പെട്ട രണ്ട് സൂറത്തുകളിലൊന്ന് ആദ്യ റക്അത്തില്‍ ഓതാന്‍ വിട്ടുപോയാല്‍ രണ്ടാം റക്അത്തില്‍ രണ്ടും കൂടി ഓതണം. രണ്ടാം റക്അത്തില്‍ ഓതേണ്ടത് ഒന്നാം റക്അത്തില്‍ ഓതിയാല്‍ ഒന്നാം റക്അത്തില്‍ ഓതേണ്ടത് രണ്ടാമത്തേതില്‍ ഓതേണ്ടതാകുന്നു. (തുഹ്ഫ: 2/56). രണ്ട് സൂറയും കൂടി രണ്ടാം റക്അത്തില്‍ ഓതുമ്പോള്‍ ഒന്നാം റക്അത്തിനേക്കാള്‍ രണ്ടാമത്തേത് ദൈര്‍ഘ്യമേറിയതാവുമല്ലോ എന്നത് ഇവിടെ പരിഗണിക്കേണ്ടതില്ല. (ശര്‍വാനി)
?   രാത്രി തസ്ബീഹ് നിസ്‌കാരം ആരംഭിച്ചു. രണ്ടു റക്അത്ത് പൂര്‍ത്തിയായപ്പോള്‍ അനിയന്ത്രിതമായ ഉറക്കം കാരണം ബാക്കി പൂര്‍ത്തിയാക്കാനായില്ല. പകല്‍ സമയത്ത് ബാക്കി പൂര്‍ത്തിയാക്കിയാല്‍ മതിയോ? തസ്ബീഹ് നിസ്‌കാരത്തിലെ നാലു റക്അത്തും ഒരുമിച്ചു നിസ്‌കരിക്കണമെന്നുണ്ടോ?
=  തസ്ബീഹ് നിസ്‌കാരം നാല് റക്അത്താണ്. നാലും ഒരുമിച്ച് ഒരു സലാം വീട്ടിയും ഈ രണ്ട് റക്അത്ത് വീതമായും നിസ്‌കരിക്കാം. രണ്ട് റക്അത്ത് ഒരിക്കല്‍ നിസ്‌കരിച്ച് മറ്റൊരു സമയത്ത് ശേഷിച്ചത് പൂര്‍ത്തിയാക്കുന്നതിന് വിരോധമില്ല. തസ്ബീഹ് നിസ്‌കാരം ഈരണ്ടു റക്അത്തായി നിസ്‌കരിക്കുമ്പോള്‍ ഉടനെയാക്കല്‍ നിര്‍ബന്ധമില്ല. (ബിഗ്‌യ)
?    പ്രസവിച്ച ഉടനെ രക്തം കണ്ടു. പിന്നെ കണ്ടതുമില്ല. എങ്കില്‍ എപ്പോള്‍ മുതല്‍ നിസ്‌കാരം തുടങ്ങണം?
= പ്രസവരക്തം (നിഫാസ്) കുറഞ്ഞത് ഒരു സെക്കന്റും സാധാരണ 40 ദിവസവും കൂടിയത് 60 ദിവസവുമാണ്. പ്രസവിച്ച ഉടനെ രക്തം കണ്ടു. പിന്നെ കണ്ടില്ലെങ്കില്‍ കണ്ടതു മാത്രമാണ് അവളുടെ നിഫാസ്. അതിനു ശേഷം കുളിച്ചു നിസ്‌കാരം ആരംഭിക്കേണ്ടതാണ്.

No comments:

Post a Comment