ഫത്‌വ
? നിസ്‌കാരത്തെക്കുറിച്ചും നോമ്പിനെക്കുറിച്ചും മറ്റുമുള്ള ലേഖനങ്ങളില്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്‌ലിമിന്റെ മേലിലാണ് ഇവ നിര്‍ബന്ധമുള്ളതെന്ന് കാണാം. എന്നാല്‍ കാഫിറുകള്‍ക്ക് ഇതൊന്നും നിര്‍ബന്ധമില്ലേ? നിസ്‌കാരവും നോമ്പും നിര്‍വഹിക്കാത്തതിന് അവര്‍ക്ക് പരലോകത്ത് ശിക്ഷ ലഭിക്കയില്ലേ?
= കാഫിറുകള്‍ക്ക് നിസ്‌കാരവും നോമ്പും നിര്‍ബന്ധമില്ലെന്നതിന്റെ അര്‍ത്ഥം ഇഹലോകത്ത് അവരോട് ആവശ്യപ്പെടുകയില്ലെന്നാണ്. ഇസ്‌ലാമിക ഭരണകൂടത്തില്‍ നിസ്‌കരിക്കാത്തവനെ തല വെട്ടിക്കൊല്ലണമെന്നാണ് നിയമം. നോമ്പു നോല്‍ക്കാത്തവനെ ബലമായി നോല്‍പിക്കും. ജയിലിലിട്ട് പകല്‍ ഭക്ഷണ പാനീയങ്ങള്‍ തടയുമെന്നര്‍ത്ഥം. സക്കാത്ത് നല്‍കാത്തവനില്‍നിന്ന് ബലമായി വാങ്ങും. ഈ നിയമങ്ങള്‍ ഇസ്‌ലാമിക ഭരണത്തിന്റെ കീഴില്‍ താമസിക്കുന്ന അമുസ്‌ലിംകള്‍ക്കു ബാധകമല്ല. അതുപോലെ ഒരു അമുസ്‌ലിം ഇസ്‌ലാമിലേക്കു വന്നാല്‍ മുന്‍കാല നിസ്‌കാരങ്ങളോ നോമ്പുകളോ സകാത്തോ ഖളാഅ് വീട്ടേണ്ടതില്ല. ഇസ്‌ലാമില്‍ പ്രവേശിച്ചാല്‍ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. കഴിഞ്ഞകാല കര്‍മങ്ങളെല്ലാം വീട്ടിത്തീര്‍ക്കണമെന്ന് പുതുവിശ്വാസികളോടു കല്‍പിക്കുന്നത് ഇസ്‌ലാമിലേക്കു വരുന്നതിനെ നിരുല്‍സാഹപ്പെടുത്താന്‍ ഇടയുണ്ട്. എന്നാല്‍, ഇസ്‌ലാമിലേക്കു വരാത്തതിന് ശിക്ഷ ഉണ്ടായിരിക്കുന്നതിനു പുറമേ നിസ്‌കാരം, നോമ്പ് മുതലായവ നിര്‍വഹിക്കാത്തതിനും കാഫിറായി മരണപ്പെട്ടവര്‍ക്ക് പരലോകത്ത് ശിക്ഷയുണ്ടായിരിക്കുന്നതാണ്. 'നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ച കാര്യം എന്ത്' എന്ന് നരകത്തില്‍ കടന്ന കാഫിറുകളോടു ചോദിക്കുമ്പോള്‍, ഞങ്ങള്‍ നിസ്‌കരിച്ചിരുന്നില്ല, സാധുക്കള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല എന്നെല്ലാം അവര്‍ പറയുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ചാല്‍ മുന്‍കാല കര്‍മങ്ങള്‍ ഖളാഅ് വീട്ടേണ്ടതില്ലെന്നു പറഞ്ഞത് ആദ്യമേ കാഫിറായവരെ സംബന്ധിച്ചാണ്. മുസ്‌ലിമായ ഒരാള്‍ മുര്‍ത്തദ്ദാവുകയും പിന്നീട് ഇസ്‌ലാമിലേക്കു തിരിച്ചുവരികയും ചെയ്താല്‍ രിദ്ദത്തു കാലത്തെ സര്‍വ നിര്‍ബന്ധ കര്‍മങ്ങളും വീട്ടി ത്തീര്‍ക്കേണ്ടതാണ്. രിദ്ദത്ത് കാലത്ത് സല്‍കര്‍മം വല്ലതും ചെയ്തിട്ടുണ്ടെങ്കില്‍ അതു സാധുവാകുന്നതും അല്ല. ഒരാള്‍ മുര്‍ത്തദ്ദായി, തുടര്‍ന്ന് അയാള്‍ ഭ്രാന്തനായി. ദീര്‍ഘകാലം കഴിഞ്ഞാണ് ഭ്രാന്ത് മാറിയത്. പിന്നീട് ഇസ്‌ലാമിലേക്ക് വന്നാല്‍ ഭ്രാന്ത് കാലത്തെ നിസ്‌കാരം, നോമ്പ് തുടങ്ങിയവ കൂടി ഖളാഅ് വീട്ടേണ്ടതാണ്.
? വകതിരിവുള്ള കുട്ടികളോട് ഏഴു വയസ്സായാല്‍ നിസ്‌കരിക്കാന്‍ കല്‍പ്പിക്കണമെന്നും 10 വയസ്സായാല്‍ അടിച്ചും നിസ്‌കരിപ്പിക്കണമെന്നും നിയമമുണ്ടല്ലോ? ഈ നിയമം റമളാന്‍ നോമ്പിന് ബാധകമാണോ?
= ഏഴു വയസ്സായാല്‍ കല്‍പ്പിക്കുകയും 10 വയസ്സായാല്‍ അടിക്കുകയും വേണമെന്ന നിയമം നിസ്‌കാരത്തെപ്പോലെ നോമ്പിനും ബാധകമാണ്. വകതിരിവും നോമ്പുനോല്‍ക്കാന്‍ കഴിവുമുള്ള കുട്ടികളോട് ഏഴു വയസ്സായാല്‍ നോമ്പ് നോല്‍ക്കാന്‍ കല്‍പ്പിക്കുകയും 10 വയസ്സായ കുട്ടി നോമ്പുപേക്ഷിച്ചാല്‍ അടിക്കുകയും ചെയ്യുക എന്നത് രക്ഷിതാവിന്റെ മേല്‍ നിര്‍ബന്ധമാണ്. നോമ്പിന്റെ കാര്യത്തില്‍ പ്രത്യേകം ഹദീസ് വന്നിട്ടില്ലെങ്കിലും നിസ്‌കാരത്തോട് ഖിയാസ് ആക്കി നോമ്പും ഇപ്രകാരമാണെന്ന് ഫുഖഹാഅ് വിവരിച്ചിരിക്കുന്നു.
? രാത്രി നിയ്യത്ത് ചെയ്യാന്‍ മറന്നു. ഇനി എന്തു വേണം? രാത്രി നിയ്യത്ത് ചെയ്യാത്ത നോമ്പ് സ്വഹീഹാവാന്‍ ഏതെങ്കിലും മദ്ഹബില്‍ വല്ല മാര്‍ഗവുമുണ്ടോ?
= ഫര്‍ള് നോമ്പിന് രാത്രിയില്‍ തന്നെ നിയ്യത്ത് ചെയ്യണമെന്നാണ് ശാഫിഈ മദ്ഹബിലെ നിയമം. ഫജ്‌റിനു മുമ്പായി, രാത്രി നിയ്യത്ത് ചെയ്തില്ലെങ്കില്‍ അന്ന് നോമ്പില്ലെന്ന സ്വഹീഹായ ഹദീസാണ് ഇതിനു തെളിവ്. എന്നാല്‍, സുന്നത്ത് നോമ്പിന് പകല്‍ ഉച്ചക്കു മുമ്പായി നിയ്യത്ത് ചെയ്താലും മതി. നിയ്യത്ത് മറന്ന ആള്‍ 'ഇംസാക്ക്' ചെയ്യല്‍ നിര്‍ബന്ധമാണ്. നോമ്പല്ലെങ്കിലും അന്ന പാനീയാദികള്‍ വര്‍ജിച്ച് നോമ്പുകാരനെപ്പോലെ കഴിയുന്നതിനാണ് 'ഇംസാക്ക്' എന്നു പറയുക. പ്രസ്തുത നോമ്പ് ഖളാഉ് വീട്ടുകയും വേണം. എന്നാല്‍, ഹനഫീ മദ്ഹബില്‍ റമളാന്‍ നോമ്പിലും സുന്നത്ത് നോമ്പിലും രാത്രി നിയ്യത്ത് ചെയ്തില്ലെങ്കില്‍ പകല്‍ ഉച്ചയുടെ മുമ്പായി നിയ്യത്ത് ചെയ്താലും മതിയാകുന്നതാണ്. എന്നാല്‍ ഖളാഉ് വീട്ടുന്ന റമളാന്‍ നോമ്പ്, സമയം നിര്‍ണയിക്കാതെ നേര്‍ച്ചയാക്കിയ നോമ്പ്, വിവിധ കഫ്ഫാറത്തുകളുടെ നോമ്പ് എന്നിവ രാത്രി നിയ്യത്ത് ചെയ്താല്‍ മാത്രമേ ഹനഫീ മദ്ഹബിലും സ്വഹീഹാവുകയുള്ളൂ. (ഖുദൂരി പേജ് 51). റമളാനില്‍ രാത്രി നിയ്യത്ത് മറന്നാല്‍ ഹനഫീ മദ്ഹബ് തഖ്‌ലീദ് ചെയ്ത് ഉച്ചയുടെ മുമ്പ് നിയ്യത്ത് ചെയ്തു നോമ്പു നോല്‍ക്കാവുന്നതാണ്. ഇതിന് തഖ്‌ലീദിന്റെ നിയമങ്ങള്‍ അറിയുകയും പാലിക്കുകയും വേണ്ടിവരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
? റമളാനില്‍ രാത്രി നിയ്യത്ത് ചെയ്തു. പിന്നീട് ഭര്‍ത്താവുമായി ബന്ധപ്പെട്ടാല്‍ നിയ്യത്ത് പുതുക്കേണ്ടതുണ്ടോ? സുബ്ഹിനു മുമ്പ് കുളിക്കാതിരുന്നാല്‍ നോമ്പിന് വല്ല തകരാറും സംഭവിക്കുമോ?
= നോമ്പിന്റെ നിയ്യത്ത് ചെയ്ത ശേഷം സുബ്ഹിന് മുമ്പായി, നോമ്പുകാരന് പാടില്ലാത്ത സംയോഗം, ഭക്ഷണം കഴിക്കല്‍ തുടങ്ങിയവ കൊണ്ട് നോമ്പിന് തകരാര്‍ സംഭവിക്കുന്നതല്ല. അതിനാല്‍, നിയ്യത്ത് പുതുക്കേണ്ടതില്ല. എന്നാല്‍, നിയ്യത്തിനു വിരുദ്ധമായ കാര്യമുണ്ടായാല്‍ നിയ്യത്ത് വീണ്ടും ചെയ്യേണ്ടതാണ്. ഒരാള്‍ നോമ്പിന് നിയ്യത്ത് ചെയ്തു. പിന്നീട് നാളെ നോല്‍ക്കുന്നില്ലെന്നു കരുതി. ഇനി നോല്‍മ്പു നോല്‍ക്കണമെങ്കില്‍ നിയ്യത്ത് വീണ്ടും ചെയ്യേണ്ടതാണ്. ജനാബത്തോടെ നോറ്റാലും നോമ്പ് സ്വഹീഹാവുന്നതാണ്. എങ്കിലും പ്രഭാതത്തിനു മുമ്പ് തന്നെ കുളിക്കല്‍ സുന്നത്താകുന്നു.
? അത്താഴം കഴിക്കാന്‍ ശ്രേഷ്ഠമായ സമയം ഏതാണ്?
= 'നോമ്പ് തുറക്കല്‍ ഉളരിക്കുകയും അത്താഴം പിന്തിക്കുകയും ചെയ്യുന്നേടത്തോളം കാലം ജനങ്ങള്‍ നന്മയിലായിരിക്കു'മെന്ന് സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു. അതിനാല്‍, സമയമായെന്നുറപ്പായാല്‍ വേഗം നോമ്പു തുറക്കലും അത്താഴം പിന്തിക്കലും സുന്നത്താകുന്നു. 'ഞങ്ങള്‍ (സ)യോടൊപ്പം അത്താഴം കഴിക്കുകയും പിന്നീട് സുബ്ഹി നിസ്‌കാരത്തിലേക്കു എഴുന്നേല്‍ക്കുകയും ചെയ്യുമായിരുന്നു. അത്താഴത്തിന്റെയും സുബ്ഹിന്റെയും ഇടയില്‍ 50 ആയത്ത് ഓതാന്‍ വേണ്ട സമയമേ ഉണ്ടായിരുന്നുള്ളൂ' എന്ന് സ്വഹാബികള്‍ പറഞ്ഞതായി സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു.
്
? നോമ്പുകാരി ഭക്ഷണം രുചി നോക്കാമോ? ചെറിയ കുട്ടികള്‍ക്ക് കൊടുക്കാന്‍വേണ്ടി ഭക്ഷണം ചവക്കാമോ?
= രുചി നോക്കുമ്പോള്‍ ഭക്ഷണത്തിന്റെ അംശം ഉള്ളില്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയുന്നതാണ്. രുചി മാത്രമാണ് ഉള്ളില്‍ പോയതെങ്കില്‍ നോമ്പ് മുറിയുന്നതല്ല. തടിയുള്ള ഏതെങ്കിലും വസ്തു ഉള്ളില്‍ പ്രവേശിച്ചാലാണ് നോമ്പ് മുറിയുക. 'രുചി' തടിയുള്ള വസ്തു അല്ല. ഒരു അസര്‍ (അടയാളം) മാത്രമാണ്. ഒന്നും ഉള്ളിലേക്കു പോയില്ലെങ്കില്‍ നോമ്പ് മുറിയില്ലെന്നുറപ്പാണല്ലോ. നോമ്പുകാര്‍ ഭക്ഷണം രുചി നോക്കാതിരിക്കല്‍ സുന്നത്തും നോക്കല്‍ കറാഹത്തുമാണ്. ഭക്ഷണം ചവക്കലും ഇപ്രകാരം തന്നെ. ഒരു കുട്ടിക്കു ഭക്ഷണം നല്‍കണം, ചവച്ചു കൊടുക്കല്‍ ആവശ്യമായി വരുകയും നോമ്പില്ലാത്തവര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ ചവച്ചു കൊടുക്കുന്നതില്‍ കറാഹത്തില്ല. പ്രസവിച്ച ഉടനെ കാരക്ക ചവച്ചു അണ്ണാക്കില്‍ കൊടുക്കുന്നതും ഇപ്രകാരം തന്നെ. (ബുശ്‌റല്‍ കരീം 2/68).
No comments:
Post a Comment