ഫത്‌വ
? ഒരാള്‍ മരിച്ചാല്‍ അയാള്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യാം. എന്നാല്‍ പരേതനു വേണ്ടി നിസ്‌കാരം, നോമ്പ് തുടങ്ങിയ പുണ്യകര്‍മങ്ങള്‍ ചെയ്താല്‍ അതിന്റെ പ്രതിഫലം അയാള്‍ക്ക് ലഭിക്കുമോ?
= സ്വദഖ, പ്രാര്‍ത്ഥന എന്നിവ പരേതര്‍ക്കു വേണ്ടി ചെയ്താല്‍ അവര്‍ക്ക് പ്രതിഫലം ലഭിക്കുമെന്നതില്‍ മുസ്‌ലിം ലോകത്ത് അഭിപ്രായവ്യത്യാസമില്ല. ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം പരേതന് ലഭിക്കണമെങ്കില്‍ മയ്യിത്തിന്റെ സമീപം വെച്ച് ഓതിയിരിക്കണം. അല്ലെങ്കില്‍ മയ്യിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ഇത് രണ്ടുമില്ലാതെ, മയ്യിത്തിനെ കരുതിയതു കൊണ്ടുമാത്രം പ്രതിഫലം ലഭിക്കയില്ല. ഇമാം ഇബ്‌നു ഹജര്‍ (റ), ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരി തുടങ്ങിയവര്‍ ബലപ്പെടുത്തിയ അഭിപ്രായം ഇതാണ്. എന്നാല്‍ മയ്യിത്തിനെ കരുതിയാല്‍ മാത്രം ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം ലഭിക്കുമെന്ന് ഇമാം സുബ്കി (റ), ഇമാം റംലി (റ) തുടങ്ങിയ നിരവധി ശാഫിഈ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റു മൂന്ന് മദ്ഹബിന്റെ ഇമാമുകളും ഇതേ അഭിപ്രായക്കാരാണ്. നിസ്‌കാരം, നോമ്പ് തുടങ്ങിയ ഇബാദത്തുകള്‍ ചെയ്യുകയും ഇതിന്റെ പ്രതിഫലം മരിച്ചുപോയ ഇന്നയാള്‍ക്ക് എത്തിച്ചുകൊടുക്കണേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ അത് മരിച്ചവര്‍ക്ക് ഉപകാരം ചെയ്യുമെന്ന് തീര്‍ത്തു പറയേണ്ടതാണെന്ന് ഇബ്‌നു സ്വലാഹ് (റ) പറഞ്ഞതിനെ തുഹ്ഫ, നിഹായ, മുഗ്‌നി എന്നീ മിന്‍ഹാജിന്റെ മൂന്നു വ്യാഖ്യാനങ്ങളും ബലപ്പെടുത്തിയിട്ടുണ്ട്. (തുഹ്ഫ, ശര്‍വാനി സഹിതം 7/74, 75 നോക്കുക).
? എന്താവശ്യത്തിനാണെങ്കിലും വീട്ടില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ ഇടതുകാല്‍ മുന്തിക്കണമെന്ന് ചിലരും നിസ്‌കാരം, ഹജ്ജ് യാത്ര തുടങ്ങിയ നല്ല കാര്യങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ വലതുകാലും ബാത്ത് റൂമില്‍ പോവല്‍ മുതലായ നിന്ദ്യമായ കാര്യങ്ങള്‍ക്കാണെങ്കില്‍ ഇടതുകാലും മുന്തിക്കണമെന്ന് വേറെ ചിലരും പറയുന്നു. ഏതഭിപ്രായമാണ് ശരി?
= പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഏത് കാല്‍ മുന്തിക്കണമെന്ന സുന്നത്തായ നിയമം എന്താവശ്യത്തിനുവേണ്ടി പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്നു എന്ന് നോക്കിയിട്ടല്ല. എന്താവശ്യത്തിനാണെങ്കിലും വീട്ടില്‍ പ്രവേശിക്കുമ്പോള്‍ വലതുകാലും പുറത്തിറങ്ങുമ്പോള്‍ ഇടതുകാലുമാണ് മുന്തിക്കേണ്ടതെന്ന് ഫതാവല്‍ ഹദീസിയ്യ പേജ് 84ല്‍ ന്യായസഹിതം വിവരിച്ചിട്ടുണ്ട്.
? വിവാഹാവശ്യാര്‍ത്ഥം പെണ്ണുകാണുമ്പോള്‍ മുഖവും മുന്‍കയ്യും നോക്കല്‍ മാത്രമെ അനുവദനീയമാവൂ എന്നും അവളോട് സംസാരിക്കലും അവളെ സംസാരിപ്പിക്കലും നടത്തിനോക്കലും ഹറാമാണെന്നും ഒരു പ്രസംഗത്തില്‍ കേട്ടു. ഒരു വിശദീകരണം?
= വിവാഹാവശ്യാര്‍ത്ഥം പെണ്ണുകാണുമ്പോള്‍ മുഖവും മുന്‍കയ്യും മാത്രമെ നോക്കാവൂ എന്നത് ശരിയാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളൊന്നും നോക്കാവതല്ല. മുന്‍കയ്യിന്റെ ഉള്ളും പുറവും നോക്കാവുന്നതാണ്. ആവശ്യമാണെങ്കില്‍ ഒന്നിലധികം പ്രാവശ്യവും നേക്കാം. നോക്കുന്നതിന്റെ ആവശ്യം ഒന്നോ രണ്ടോ നോട്ടം കൊണ്ട് സാധിച്ചാല്‍ പിന്നീട് നോക്കാവതല്ല. പെണ്ണിന് ആണിനെ കാണലും സുന്നത്തുണ്ട്. ആണിന്റെ മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമല്ലാത്ത ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അവള്‍ക്ക് നോക്കാവുന്നതാണ്. ശബ്ദം ഔറത്തല്ലെന്നാണ് പൊതുവെ നിയമം. അതിനാല്‍ അവളോട് സംസാരിക്കുന്നതിനോ അവള്‍ സംസാരിക്കുന്നതിനോ അത് കേള്‍ക്കുന്നതിനോ വിരോധമില്ല. കാലിലേക്ക് നോക്കാത്തവിധം നടത്തിനോക്കുകയും ആവാം.
? അമുസ്‌ലിംകള്‍ക്ക് സകാത്തും സദഖയും കൊടുക്കാമോ?
= അമുസ്‌ലിംകള്‍ക്ക് സകാത്ത് കൊടുക്കാവതല്ല. സകാത്ത് മുസ്‌ലിമിന് മാത്രമെ നല്‍കാവൂ എന്നത്, ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. (തുഹ്ഫ 7-160). എന്നാല്‍ അമുസ്‌ലിംകള്‍ക്ക് സ്വദഖ നല്‍കാവുന്നതാണ്. പച്ചയായ എല്ലാ കരളിലും സ്വദഖയുണ്ട് എന്ന് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസില്‍ വന്നിരിക്കുന്നു. (തുഹ്ഫ 7:179).
? ഖബ്‌റിലെ ചോദ്യം ഏത് ഭാഷയിലായിരിക്കും?
= ഖബ്‌റിലെ ചോദ്യം എല്ലാവരോടും അറബി ഭാഷയിലായിരിക്കുമെന്നാണ് പ്രബലാഭിപ്രായം. അറബി അറിയാത്തവന് ചോദ്യം മനസിലാവുമോ, മറുപടി പറയാന്‍ സാധിക്കുമോ എന്ന സംശയങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. മരണശേഷമുള്ള അവസ്ഥ മറ്റൊന്നാണല്ലോ. സ്വര്‍ഗത്തിലെ ഭാഷയും അറബിയാണെന്ന് വന്നിട്ടുണ്ട്. ഖബ്‌റിലെ ചോദ്യം സുറിയാനി ഭാഷയിലായിരിക്കുമെന്നും അഭിപ്രായമുണ്ട്. (ഫതാവല്‍ ഹദീസിയ്യ, പേജ് 11).
? കുട്ടിയുടെ അഖീഖത്ത് അറുക്കേണ്ടത് ആരാണ്? പിതാവ് കഴിവില്ലാത്ത ആളാണെങ്കില്‍ കുട്ടിക്ക് സ്വത്തുണ്ടെങ്കില്‍ അതില്‍ നിന്നും കുട്ടിക്ക് വേണ്ടി അഖീഖത്ത് അറുക്കാമോ? പിതാവ് അറുത്തില്ലെങ്കില്‍ ഒരു കുട്ടിക്ക് സ്വന്തമായി അറുക്കാമോ? പ്രസവിച്ച ഉടനെ മരണപ്പെട്ട കുട്ടിക്ക് വേണ്ടി അഖീഖത്തറുക്കല്‍ സുന്നത്തുണ്ടോ?
= കുട്ടി ഫഖീറാണെന്ന് സങ്കല്‍പ്പിച്ചാല്‍ ആരാണോ ചെലവുകൊടുക്കേണ്ടത് അയാള്‍ അയാളുടെ മുതലില്‍ നിന്നാണ് അഖീഖത്ത് അറുക്കേണ്ടത്. കുട്ടിക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ അവന്റെ ചെലവ് അവന്‍ തന്നെയാണ് വഹിക്കേണ്ടത്. പക്ഷെ, കുട്ടിയുടെ അഖീഖത്ത് രക്ഷിതാവ് അറുക്കണം. അതിന് കുട്ടിയുടെ മുതല്‍ എടുക്കാന്‍ പാടില്ല. അഖീഖത്ത് ഒരു സുന്നത്തായ ദാനമാണല്ലോ. നിര്‍ബന്ധമുള്ള കാര്യങ്ങള്‍ക്ക് മാത്രമെ കുട്ടിയുടെ സ്വത്തുപയോഗപ്പെടുത്താവൂ. കുട്ടിയെ പ്രസവിച്ചതു മുതല്‍ നിഫാസിന്റെ അധിക കാലമായ 60 ദിവസം കഴിയുന്നതിനു മുമ്പ് രക്ഷിതാവിനു കഴിവുണ്ടായാല്‍ അയാള്‍ അഖീഖത്ത് അറുക്കല്‍ സുന്നത്താണ്.
'സകാതുല്‍ ഫത്വര്‍' നിര്‍ബന്ധമാവുന്ന കഴിവ് തന്നെയാണ് ഇവിടെയും 'കഴിവ്' കൊണ്ടുദ്ദേശിക്കുന്നത്. ഈ സമയത്ത് കഴിവില്ലാത്ത രക്ഷിതാവ് പിന്നീട് കഴിവുണ്ടായാലും അറുത്താല്‍ സുന്നത്തില്ല. അറുക്കല്‍ സ്വഹീഹാവുന്നതുമല്ല. ഈ സമയത്ത് കഴിവുണ്ടായ ഒരാള്‍ പ്രസ്തുത സമയം തീരുന്നതിനു മുമ്പ് അറുത്തില്ലെങ്കില്‍ കുട്ടിക്ക് പ്രായപൂര്‍ത്തി എത്തുന്നതുവരെ അറുക്കാവുന്നതാണ്. പ്രായപൂര്‍ത്തിവരെ രക്ഷിതാവ് അറുത്തില്ലെങ്കില്‍ പൂര്‍ത്തിക്ക് ശേഷം സ്വന്തം അഖീഖത്തറുക്കല്‍ സുന്നത്താകുന്നു. പ്രായപൂര്‍ത്തിക്ക് മുമ്പ് സ്വന്തം അറുത്താലും കുട്ടിയുടെ മുതലുകൊണ്ട് അറുത്താലും അഖീഖത്താവുകയില്ല.
പ്രസവത്തിനു ശേഷം മരണപ്പെട്ട കുട്ടിക്ക് വേണ്ടിയും അഖീഖ അറുക്കല്‍ സുന്നത്തുണ്ട്. (തുഹ്ഫ: 9/370).
? പെരുന്നാള്‍ക്ക് ഉള്ഹിയ്യത്തറുക്കാനുള്ള ഒരു മൂരിയുടെ ഏഴില്‍ ഒരു ഭാഗം ഞാന്‍ വാങ്ങിയിട്ടുണ്ട്. കൂട്ടുകാര്‍ അവരുടെ ഓഹരികള്‍ ഉള്ഹിയ്യത്താണ് ആക്കുന്നത്. ഞാന്‍ മാത്രം എന്റെ ഓഹരി കൊണ്ട് എന്റെ കുട്ടിയുടെ അഖീഖത്ത് കരുതുന്നതിന് വിരോധമുണ്ടോ?
= വിരോധമില്ല. കൂട്ടുകാരെല്ലാം ഉള്ഹിയ്യത്തും നിങ്ങള്‍ അഖീഖത്തും കരുതി ഒരു മൃഗത്തെ അറുക്കാവുന്നതാണ്. ഒരു ഓഹരി കൊണ്ട് രണ്ടും കൂടി കരുതിയാല്‍ രണ്ടും ലഭിക്കുകയില്ല.
? അറവു കച്ചവടക്കാരന്‍ പെരുന്നാളിനറുത്ത മൂരിയുടെ ഇറച്ചിയുടെ ഏഴില്‍ ഒരു ഓഹരി വാങ്ങി സ്വദഖ ചെയ്താല്‍ അത് ഉള്ഹിയ്യത്താവുമെന്ന് ഒരു പ്രസംഗത്തില്‍ കേള്‍ക്കാനിടയായി. ഇത് ശരിയാണോ?
= ശരിയ്യല്ല. പ്രസംഗം ശ്രദ്ധിക്കാത്തതു കൊണ്ടായിരിക്കും താങ്കള്‍ക്ക് ഇങ്ങനെ ഒരു ധാരണ വരാനിടയായത്. ഉള്ഹിയ്യത്താവണമെങ്കില്‍ നിബന്ധനയൊത്ത മൃഗമായിരിക്കണം. നിശ്ചിത സമയത്ത് അറുത്തിരിക്കണം. അറുക്കുമ്പോള്‍ നിയ്യത്ത് ചെയ്യണം.
നിയ്യത്ത് സ്വഹീഹാവണമെങ്കില്‍ ഉടമയുണ്ടായിരിക്കണം. നിബന്ധനയൊത്ത ഒരു ജീവനുള്ള മൃഗത്തിന്റെ ഏഴില്‍ ഒരു ഭാഗം അറവുകാരനില്‍ നിന്നു വാങ്ങുകയും നിശ്ചിത സമയത്ത് അറുക്കുകയും വാങ്ങിയ ആള്‍ അറക്കുന്ന സമയത്ത് ഉള്ഹിയ്യത്ത് കരുതുകയും ചെയ്താല്‍ ആയാളുടെ ഓഹരി ഉള്ഹിയ്യത്താകുന്നതാണ്. ഇനി ഇറച്ചിയുടെ ഏഴില്‍ ഒരു ഭാഗം വേര്‍തിരിച്ചെടുത്ത് ഉള്ഹിയ്യത്തു പോലെ വിനിയോഗിക്കാം. (തുഹ്ഫ 9/349).
No comments:
Post a Comment