Tuesday, December 13, 2011

ഫത്‌വ


ഫത്‌വ

?    ഇമാമാവാനും മഅ്മൂമാവാനും പറ്റാത്ത ആള്‍ ആരാണ്?
=    നിസ്‌കാരത്തില്‍ ഇമാമാവാനും പറ്റില്ല; മഅ്മൂമാവാനും പറ്റില്ല, സ്വന്തമായി നിസ്‌കരിക്കാം. അങ്ങനെ ഒരാളില്ല. പരസ്പരം തുടരാന്‍ പറ്റാത്ത രണ്ടു പേര്‍ എന്നാണെങ്കില്‍ ധാരാളം ആളുകളുണ്ട്. രണ്ടു പേര്‍ ഒരു വിരിപ്പില്‍ കിടന്നുറങ്ങി. ഉണര്‍ന്നുനോക്കുമ്പോള്‍ വിരിപ്പില്‍ ഇന്ദ്രിയം കാണുന്നു. അതാരുടേതാണെന്ന് രണ്ടു പേര്‍ക്കും അറിയില്ല. എന്നാല്‍ രണ്ടു പേര്‍ക്കും കുളി നിര്‍ബന്ധമില്ല (എങ്കിലും സുന്നത്തുണ്ട്). അവര്‍ പരസ്പരം തുടരാവതല്ലെന്നാണ് നിയമം. രണ്ടു പേര്‍ ഒരു സ്ഥലത്തു ചെന്നുപെട്ടു. ഖിബ്‌ല അറിയാന്‍ ഇജ്തിഹാദ് ചെയ്തു. രണ്ടു പേര്‍ക്കും രണ്ടു ഭാഗമാണ് കിട്ടിയത്. ഓരോരുത്തരും അവരുടെ ഇജ്തിഹാദ് പ്രകാരം നിസ്‌കരിക്കണം. പരസ്പരം തുടരാന്‍ പാടില്ല. അതുപോലെ, രണ്ടു ബക്കറ്റ് വെള്ളം. ഒന്നില്‍ നജസായി. ഏതിലാണെന്നുറപ്പില്ല. രണ്ടു പേരും ഇജ്തിഹാദ് ചെയ്തു. രണ്ടു പേര്‍ക്കും ലഭിച്ചത് വ്യത്യസ്തമായിരുന്നു. ഇവിടെയും പരസ്പരം തുടരാവതല്ല. ഇവിടെയെല്ലാം ഒരാള്‍ ഇമാമും മറ്റെ ആള്‍ മഉ്മൂമും ആയി നിസ്‌കരിക്കാന്‍ പാടില്ല എന്നേയുള്ളൂ. രണ്ടു പേര്‍ക്കും മൂന്നാമതൊരാളോട് തുടരാം. അവരോട് മറ്റുള്ളവര്‍ക്കും തുടരാം. ഇനി ഒരാള്‍ കണ്ണും ചെവിയും ഇല്ലാത്തയാളാണ്. ഇമാമിന്റെ നീക്കങ്ങള്‍ അറിയാന്‍ ഒരു മാര്‍ഗവുമില്ല. അയാള്‍ മഅ്മൂമായി നിസ്‌കരിക്കാവതല്ല. ഇമാമിന്റെ നീക്കങ്ങള്‍ അറിയല്‍ തുടര്‍ച്ച സ്വഹീഹാവാനുള്ള നിബന്ധനയാണല്ലോ. അയാള്‍ക്ക് ഇമാം ആകാവുന്നതാണ്. തൊട്ടറിയിച്ചോ മറ്റോ ഇമാമിന്റെ നീക്കങ്ങള്‍ അറിയിച്ചുകൊടുക്കാന്‍ ആളുണ്ടെങ്കില്‍ അയാള്‍
മഅ്മൂമായും നിസ്‌കരിക്കാവുന്നതാണ്. ഇനി ഒരാള്‍ ഊമനും ബധിരനും അന്ധനുമാണെങ്കിലോ? അറിയിച്ചുകൊടുക്കാനാളുണ്ടെങ്കില്‍ മഅ്മൂമായി നിസ്‌കരിക്കാവുന്നതാണ്. ഊമന് ഊമനെ തുടര്‍ന്ന് നിസ്‌കരിക്കാമെന്നാണ് ഇമാം ഇബ്‌നുഹജര്‍ (റ) ബലപ്പെടുത്തിയ അഭിപ്രായം (തുഹ്ഫ 2/286). ഇമാം റംലി പാടില്ലെന്നാണ് പറയുന്നത്). മേല്‍ പറഞ്ഞ ആള്‍ മറ്റൊരു ഊമന്ന് ഇമാം നില്‍ക്കുന്നത് ഇബ്‌നുഹജര്‍ (റ) വിന്റെ അഭിപ്രായപ്രകാരം സ്വഹീഹാവുന്നതാണ്. ഊമയോട് ഊമക്ക് പോലും തുടരാന്‍ പാടില്ലെന്ന ഇമാം റംലി (റ) യുടെ അഭിപ്രായമെടുത്താല്‍ യാതൊരു നിലക്കും ഇമാമിന്റെ നീക്കങ്ങള്‍ അറിയാന്‍ കഴിയാത്ത അന്ധനും ബധിരനും ഊമയും ആയ ഒരാള്‍ക്ക് ഇമാമോ മഅ്മൂമോ ആയി നിസ്‌കരിക്കാന്‍ പറ്റുന്നതല്ല. അയാള്‍ സ്വന്തമായി നിസ്‌കരിക്കേണ്ടിവരും.

?  അശുദ്ധി നിത്യമായ ഖത്വീബ് രണ്ടു പ്രാവശ്യം
വുളു എടുക്കണം. ഒന്ന് ഖുത്വ്ബ നിര്‍വഹിക്കാനും മറ്റൊന്ന് ജുമുഅ നിസ്‌കരിക്കാനും. നിസ്‌കാരത്തിനു ശേഷം മയ്യിത്ത് നിസ്‌കാരം ഉണ്ടെങ്കില്‍ അതിനു വേറെ വുളൂഅ് ചെയ്യണോ?
=  നിത്യ അശുദ്ധിക്കാരന്‍ വുളൂഅ് ചെയ്താല്‍ മാത്രം പോരാ. ഗുഹ്യസ്ഥാനം കഴുകുക, പഞ്ഞിവെക്കുക, വെച്ചുകെട്ടുക എന്നീ കാര്യങ്ങള്‍ കൂടി ചെയ്യണം. ഇവ ഒരു പ്രാവശ്യം ചെയ്യുന്നതുകൊണ്ട് രണ്ടു ഖുത്ബയും നിര്‍വഹിക്കാം. ജുമുഅ നിസ്‌കരിക്കണമെങ്കില്‍ ഇതെല്ലാം വീണ്ടും ചെയ്യണം. ഖുത്ബയുടെയും നിസ്‌കാരത്തിന്റെയും ഇടയിലുള്ള മുവാലാത്ത് (തുടര്‍ച്ചയാക്കല്‍) മുറിയാത്ത വിധമായിരിക്കുകയും വേണം. ഏറ്റവും ചുരുങ്ങിയ നിലയില്‍ രണ്ട് റക്അത്ത് നിര്‍വഹിക്കാന്‍ ആവശ്യമായ സമയമായാല്‍ മുവാലാത്ത് മുറിയുന്നതാണ്. ഇതിലും കുറഞ്ഞ സമയം കൊണ്ട് മേല്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്നര്‍ത്ഥം. ഫര്‍ള് നിസ്‌ക്കരിക്കാന്‍ വേണ്ടി ചെയ്ത വുളൂഅ് കൊണ്ട് സുന്നത്ത് നിസ്‌ക്കാരവും ജനാസ നിസ്‌കാരവും എത്ര വേണമെങ്കിലും നിര്‍വഹിക്കാം. അതിന് വുളൂഉം മറ്റു കാര്യങ്ങളും വേറെ ചെയ്യേണ്ടതില്ല. സുന്നത്ത് നിസ്‌കാരങ്ങളും ജനാസ നിസ്‌കാരവും ജുമുഅയില്‍ നിന്നു സലാം വീട്ടിയ ഉടനെ നിര്‍വഹിക്കണമെന്നു മാത്രം. വുളൂഅ് ചെയ്താല്‍ നിസ്‌കാരത്തിന്റെ മസ്‌ലഹത്തിന്നല്ലാതെ താമസമുണ്ടാവരുതെന്നാണ് നിയമം. (തുഹ്ഫ ശര്‍വാനി സഹിതം 2/396, 397 നോക്കുക). നമ്മുടെ നാട്ടില്‍ പ്രാചരമുള്ളതുപോലെ ജുമുഅക്ക് ശേഷമുള്ള ദിക്‌റുകളും ദുആയും കഴിഞ്ഞിട്ടാണ് മയ്യിത്ത് നിസ്‌കരിക്കുന്നുവെങ്കില്‍ ശൗച്യം ചെയ്യല്‍ മുതല്‍ വുളൂഅ് വരെയുള്ള കാര്യങ്ങള്‍ വീണ്ടും ചെയ്യേണ്ടിവരും.

?  മഗ്‌രിബ് നിസ്‌കാരത്തിനു മുമ്പ് രണ്ട് റക്അത്ത് റവാത്തിബ് സുന്നത്ത് നിസ്‌കരിക്കുന്നതായി ചില പള്ളികളില്‍ കാണുന്നു. ഇത് മുഅക്കദായ സുന്നത്താണോ?
=  മഗ്‌രിബ് നിസ്‌കാരത്തിനു മുമ്പ് നേരിയ നിലയില്‍ രണ്ട് റക്അത്ത് നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. ഇത് നിര്‍വഹിക്കാന്‍ നബി (സ) കല്‍പ്പിച്ചതായി ഇമാം ബുഖാരി നിവേദനം ചെയ്തിരിക്കുന്നു. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ സ്വഹാബത്തിലെ പ്രമുഖര്‍ സുന്നത്ത് നിസ്‌കരിക്കാനായി തൂണുകളിലേക്ക് ഉളരുമായിരുന്നുവെന്നും നിസ്‌കരിക്കുന്നവരുടെ പെരുപ്പത്താല്‍ ദൂരത്തുനിന്നു വന്നവര്‍ മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞിരിക്കുമെന്ന് വിചാരിക്കുമായിരുന്നുവെന്നും സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. 'മഗ്‌രിബിന് മുമ്പ് രണ്ട് റക്അത്ത് നിസ്‌കരിക്കുക' എന്ന ഒരു ഹദീസ് അബൂദാവൂദിലും കാണാം. ഇത് മുഅക്കദായ സുന്നത്തല്ല. ബാങ്കിന് ഇജാബത്ത് ചെയ്ത ശേഷമാണ് ഇത് നിസ്‌കരിക്കേണ്ടത്. ഇജാബത്ത് ചെയ്ത ശേഷം സുന്നത്ത് നിസ്‌കരിച്ചാല്‍ ഇമാമോടൊപ്പം തക്ബീറത്തുല്‍ ഇഹ്‌റാം ലഭിക്കില്ലെന്ന് കണ്ടാല്‍ സുന്നത്ത് നിസ്‌കാരത്തെ പിന്തിക്കുകയാണ് വേണ്ടത്. ഇജാബത്ത് ഉപേക്ഷിച്ച് നിര്‍വഹിക്കേണ്ടതില്ല. (തുഹ്ഫ 2/223,224).

?  സുന്നത്ത് കഴിക്കാത്ത കുട്ടികളെ ചാരികൊണ്ട് നിസ്‌കരിച്ചാല്‍ നിസ്‌കാരം സ്വഹീഹാവുകയില്ലെന്ന് ചിലര്‍ പറയുന്നു. ഇത് ശരിയാണോ?
=  ചോലാകര്‍മം ചെയ്യാത്ത കുട്ടിയെ ചാരിക്കൊണ്ട് നിസ്‌കരിച്ചതുകൊണ്ട് നിസ്‌കാരത്തിന് കുഴപ്പമൊന്നും വരില്ല. കുട്ടിയുടെ ലിംഗാഗ്രത്തില്‍ നജസുണ്ടാവുകയും നിസ്‌കരിക്കുന്നവന്‍ കുട്ടിയെയോ കുട്ടിയുടെ വസ്ത്രത്തെയോ കുട്ടി നിസ്‌കരിക്കുന്നവനെയോ പിടിക്കുകയും ചെയ്താല്‍ നിസ്‌കാരം സ്വഹീഹാവുന്നതല്ല.

?  തഹജ്ജുദ് നിസ്‌കാരത്തിന് ശ്രേഷ്ഠമായ സമയം എപ്പോള്‍?
= രാത്രിയുടെ രണ്ടാമത്തെ പകുതിയാണ് തഹജ്ജുദിന് അത്യുത്തമം. അവസാന പകുതിയില്‍ ഏറ്റവും നല്ലത് അത്താഴ സമയമാകുന്നു. 'അവര്‍ അത്താഴസമയത്ത് പൊറുക്കലിനെ തേടുന്നവരാണ്' എന്ന ഖുര്‍ആന്‍ വാക്യമാണിതിന് തെളിവ് (ഫത്ഹുല്‍ മുഈന്‍).

?  റമളാനിലെ നോമ്പ് ഖളാഉള്ള ആള്‍ സുന്നത്തു നോമ്പുള്ള ദിവസം ഖളാ വീട്ടുമ്പോള്‍ സുന്നത്തുനോമ്പിന്റെ പ്രതിഫലവും ലഭിക്കുമല്ലോ. അപ്പോള്‍ എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്?
=  ഫര്‍ളോടുകൂടെ സുന്നത്തിന്റെയും കൂടി പ്രതിഫലം ലഭിക്കണമെങ്കില്‍ നിയ്യത്തില്‍ സുന്നത്ത് നോമ്പുകൂടി കൊണ്ടുവരണം. സുന്നത്ത് കരുതിയില്ലെങ്കില്‍ സുന്നത്ത് അനുഷ്ഠിക്കണമെന്ന ശാസനയില്‍ നിന്നു ഒഴിവായിക്കിട്ടുമെന്നല്ലാതെ പ്രതിഫലം ലഭിക്കുന്നതല്ല (ഫത്ഹുല്‍ മുഈന്‍). റമളാനില്‍ നഷ്ടപ്പെട്ട ഫര്‍ളായ നോമ്പും അറഫദിവസത്തെ സുന്നത്ത് നോമ്പും കൂടി നാളെ ഞാന്‍ നോല്‍ക്കുവാന്‍ കരുതി എന്നോ മറ്റോ നിയ്യത്ത് ചെയ്യാം.


?   സ്വയംഭോഗം നടത്തുന്നതിന്റെ വിധി എന്താണ്?
=  മറ്റേതു കാര്യങ്ങളേയും പോലെ ലൈംഗികകാര്യങ്ങളിലും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടും സ്പഷ്ടമായ നിയമങ്ങളുമുണ്ട്. ഭാര്യ, അടിമസ്ത്രീ ഇവരുമായുള്ള ലൈംഗികാസ്വാദനം മാത്രമെ ഇസ്‌ലാം അംഗീകരിക്കുന്നുള്ളൂ. ഇതിനപ്പുറത്തേക്ക് ആരെങ്കിലും പോയാല്‍ അവര്‍ അതിക്രമികളാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. വിവാഹത്തിന് അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച ഇസ്‌ലാം അതിന് കഴിവില്ലാത്തവരോട് നോമ്പനുഷ്ഠിക്കാന്‍ ആജ്ഞാപിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വയംഭോഗം ഹറാമാകുന്നു. (ഫത്ഹുല്‍ മുഈന്‍). മുഷ്ടികൊണ്ട് ഭോഗിക്കുന്നവന് അല്ലാഹുവിന്റെ ശാപമുണ്ടാവുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു (ഇആനത്ത്).

?   മന്‍ത്വിഖ് (തര്‍ക്കശാസ്ത്ര) ഗ്രന്ഥങ്ങള്‍ ആദരിക്കേണ്ടതാണെന്നും അല്ലെന്നും കേള്‍ക്കുന്നു. ഇതില്‍ ഏതാണ് ശരി?
=  ഇസ്‌ലാമിന് വിരുദ്ധമായ 'ഫല്‍സഫ' കലരാത്ത മന്‍ത്വിഖ് ഗ്രന്ഥങ്ങള്‍ ആദരിക്കപ്പെടേണ്ടതാണ്. അതു പഠിക്കല്‍ ഫര്‍ള് കിഫായ ആണ്. ദീന്‍ പഠിക്കാനുള്ള ഉപകരണങ്ങളില്‍ പെട്ടതാണത്. അതിനാല്‍ മന്‍ത്വിഖിന്റെ കിതാബുകള്‍ കൊണ്ട് ശൗച്യം ചെയ്യാവതല്ല. ഫല്‍സഫ കൂടി കലര്‍ന്നതാണെങ്കില്‍ ശൗച്യം ചെയ്യുന്നതിന് വിരോധമില്ല (തുഹ്ഫ 1/178). തര്‍ക്കശാസ്ത്ര ഗ്രന്ഥങ്ങളുടെ പേജുകള്‍ കൊണ്ട് ശൗച്യം ചെയ്യാമെന്ന് ഇമാം നവവി, ഇബ്‌നു സ്വലാഹ് തുടങ്ങിയവര്‍ ഫത്‌വ കൊടുത്തിട്ടുണ്ട്. അവരുടെ കാലത്ത് നിലവിലുണ്ടായിരുന്ന മന്‍ത്വിഖ് കിതാബുകളില്‍ ശരീഅത്തിന് വിരുദ്ധമായ ഫല്‍സഫയുടെ നിയമങ്ങള്‍ ധാരാളം കടന്നുകൂടിയിരുന്നത് കൊണ്ടാണ് അവര്‍ അപ്രകാരം ഫത്‌വ കൊടുത്തത്. ഫല്‍സഫ കലരാത്ത കിതാബുകള്‍ കൊണ്ട് ശൗച്യം ചെയ്യാവതല്ലെന്ന് ശര്‍വാനി വിശദീകരിച്ചിരിക്കുന്നു.

?  ഇസ്‌ലാം അടിമത്ത്വം നിരോധിച്ചു എന്ന് ഒരു പ്രസംഗത്തില്‍ കേള്‍ക്കാനിടയായി. ഇത് ശരിയാണോ?
=  അടിമ സമ്പ്രദായം ഇസ്‌ലാം പാടെ നിരോധിച്ചു എന്നു പറയുന്നത് ശരിയല്ല. അതു ഭാഗികമായെങ്കിലും നിലനിര്‍ത്തേണ്ടത് അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഇസ്‌ലാം അടിമ സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തുകയും അടിമയുടെ മോചനത്തിന് വിവിധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അടിമകളോട് വര്‍ത്തിക്കാനുള്ള പെരുമാറ്റച്ചട്ടവും അവതരിപ്പിച്ചു. അടിമയെ മോചിപ്പിക്കുന്നത് ഒരു മഹത്തായ പുണ്യകര്‍മമായാണ് ഇസ്‌ലാം കാണുന്നത്. സകാത്തിന്റെ എട്ടിലൊന്ന് അതിലേക്കായി നീക്കിവെച്ചിട്ടുണ്ട്. വിവിധ കുറ്റങ്ങളുടെ പ്രായശ്ചിത്തം അടമയെ മോചിപ്പിക്കലായി നിശ്ചയിക്കുകയുമുണ്ടായി.
?  കുളി നിര്‍ബന്ധമായ സമയത്ത് ഒരാള്‍ അയാളുടെ തലമുടി ചീകി. ചീര്‍പ്പിനുള്ളില്‍ മുടി കുടുങ്ങിയിട്ടുണ്ട്. അയാള്‍ കുളിച്ചു നിസ്‌കരിച്ചു. വലിയ അശുദ്ധി സമയത്ത് പൊഴിഞ്ഞ മുടി അയാളുടെ ചീര്‍പ്പിലുണ്ട്. ഈ ചീര്‍പ്പ് പോക്കറ്റിലിട്ട് നിസ്‌കരിക്കുന്നതിന് കുഴപ്പമുണ്ടോ?
=  വലിയ അശുദ്ധിയുള്ളപ്പോള്‍ മുടി കൊഴിയുന്ന വിധം തല ചീകാതിരിക്കലാണ് നല്ലത്. പൊഴിഞ്ഞ മുടി കഴുകല്‍ നിര്‍ബന്ധമാണെന്ന് ഫുഖഹാഅ് പറഞ്ഞിട്ടില്ല. (കഴുകല്‍ സുന്നത്താണെന്ന് മര്‍ഹൂം ശാലിയാത്തിയുടെ ഫത്‌വയിലുണ്ട്). വലിയ അശുദ്ധിയോടെ വേല്‍പെട്ടതാണെങ്കിലും അത് നജസുമല്ല. അതിനാല്‍, ചോദ്യത്തില്‍ പറഞ്ഞ ചീര്‍പ്പ് പോക്കറ്റിലിട്ടു നിസ്‌കരിച്ചാല്‍ നിസ്‌കാരത്തിന് തകരാറൊന്നും വരാനില്ല. ജീവനുള്ള മനുഷ്യനില്‍ നിന്നും വേല്‍പെട്ട രോമം, നഖം തുടങ്ങിയവ മറവ് ചെയ്യല്‍ സുന്നത്താകുന്നു.

No comments:

Post a Comment