ഫത്‌വ
മിഹ്‌റാബില്‍ നിസ്‌കരിക്കല്‍
രണ്ടാം ജമാഅത്ത് നടത്തുന്ന ഇമാമിന് മിഹ്‌റാബില്‍ നിന്ന് നിസ്‌കരിക്കാന്‍ പറ്റുമോ?
മിഹ്‌റാബില്‍ നിസ്‌കരിക്കുന്നതിന് പ്രത്യേക ശ്രേഷ്ഠതയൊന്നുമില്ല. ഒരാള്‍ മിഹ്‌റാബില്‍നിന്ന് ഇമാമായി നിസ്‌കരിച്ചാല്‍ ആ നിസ്‌കാരം കഴിഞ്ഞ് ശേഷമുള്ള ദിക്‌റുകളും ദുആകളും കഴിയുന്നതുവരെ അവിടെയിരിക്കാം. അത് അയാളുടെ അവകാശമാണ്. അയാള്‍ എഴുന്നേറ്റ ശേഷം മറ്റൊരാള്‍ അവിടെ നിസ്‌കരിക്കുന്നതിന് വിരോധവുമില്ല. (ഇആനത്ത് 1/187നോക്കുക).
ശരീരം തടവല്‍
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇഖ്‌ലാസും മുഅവ്വിദതൈനിയും ഓതി കൈയില്‍ ഊതി ശരീരം മുഴുവന്‍ തടവണമെന്നും അതല്ല ശരീരത്തിന്റെ മുന്‍ഭാഗം മാത്രം തടവിയാല്‍ മതിയെന്നും പറഞ്ഞു കേള്‍ക്കുന്നു. ഇതില്‍ ഏതാണ് ശരി?
ശരീരത്തിലെ സാധിക്കുന്ന എല്ലാ ഭാഗവും തടവണമെന്നാണ് ശരി. നബി(സ) അങ്ങനെ ചെയ്തിരുന്നതായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. തല, മുഖം, ശരീരത്തിന്റെ മുന്‍ഭാഗം ഇവകൊണ്ടാണ് നബി(സ) തടവല്‍ തുടങ്ങിയിരുന്നതെന്ന് മേല്‍ ഹദീസിലുണ്ട്. അതില്‍ നിന്നായിരിക്കാം മുന്‍ഭാഗം മാത്രം മതിയെന്ന് ചിലര്‍ മനസ്സിലാക്കിയത്.
എന്തുകൊണ്ട് കാഫിറാക്കുന്നില്ല
നാഴികക്ക് നാല്‍പതു വട്ടം സുന്നികളെ കടുത്ത മുശ്‌രിക്കുകള്‍ എന്നു പറയുന്ന പുത്തന്‍ പ്രസ്ഥാനക്കാരെ നാം എന്തുകൊണ്ട് കാഫിറാക്കുന്നില്ല?
ഇങ്ങോട്ട് കാഫിറാക്കിയാലും അങ്ങോട്ട് കാഫിറാക്കാതിരിക്കുക എന്നതാണ് സുന്നികളുടെ നയം. 'ലാ നുകഫ്ഫിറു അഹദന്‍' നാം ആരെയും കാഫിറാക്കുകയില്ലെന്ന് അഖീദാ കിതാബുകളില്‍ പ്രസ്താവിച്ചിട്ടുണ്ട്. എതിരാളികളായ സുന്നികള്‍ കാഫിറുകളാണെന്ന് വിധിച്ചിരുന്ന ഖവാരിജുകള്‍, മുഅ്തസിലുകള്‍ തുടങ്ങിയവര്‍ കാഫിറുകളാണെന്ന് അഹ്‌ലുസ്സുന്നത്തിലെ അധിക പണ്ഡിതരും പറഞ്ഞിരുന്നില്ല. തെറ്റായതാണെങ്കിലും ചില വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ എതിരാളികളെ കാഫിറാക്കിയിരുന്നത് എന്നതാണിതിന് കാരണം.
നമ്മുടെ നിസ്‌കാരം നിസ്‌കരിക്കുകയും നമ്മുടെ ഖിബ്‌ലക്ക് മുന്നിടുകയും നാം അറുത്തത് തിന്നുകയും ചെയ്താല്‍ അയാളെ മുസ്‌ലിമായി കണക്കാക്കാമെന്ന് ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീസില്‍ വന്നിരിക്കുന്നു.
പ്രസാദം കഴിക്കല്‍
ഞാന്‍ എന്റെ സുഹൃത്തില്‍നിന്നും ശബരിമലയിലെ പ്രസാദം കഴിക്കാനിടയായി. ഇത് അനുവദനീയമാണോ?
പ്രസാദത്തില്‍ നജസ് ചേര്‍ന്നിട്ടില്ലെങ്കില്‍ നമുക്ക് കഴിക്കുന്നതിന് വിരോധമൊന്നുമില്ല. ശബരിമലയില്‍നിന്ന് കൊണ്ടു വന്നതാണെന്ന ബഹുമാനാദരവോടെ കഴിക്കരുതെന്ന് മാത്രം.
ഷെയറിന്റെ ലാഭവിഹിതം
കച്ചവടത്തില്‍ ഷെയര്‍ ചേര്‍ന്നാല്‍ അതിന്റെ ലാഭവിഹിതം എന്നു പറഞ്ഞ് ഒരു നിശ്ചിതസംഖ്യ മാസംതോറും കൊടുക്കുന്നു. ഇത് ഇസ്‌ലാമികമാണോ?
ഇന്ന സംഖ്യക്ക് ഇത്ര രൂപ ലാഭവിഹിതം തരാം എന്ന നിബന്ധനയില്‍ കച്ചവടത്തില്‍ ഷെയര്‍ ചേരുന്നത് ഇസ്‌ലാമികമല്ല. ഇസ്‌ലാമികമാവണമെങ്കില്‍ ഷെയര്‍ ചേര്‍ന്നവര്‍ ലാഭത്തിലും നഷ്ടത്തിലും പങ്കാളികളാവണം. ലാഭം കിട്ടിയാല്‍ മുടക്കുമുതലിന്റെ ശതമാനമനുസരിച്ച് അത് ഓഹരി വെക്കുകയും വേണം. നഷ്ടം സംഭവിച്ചാല്‍ മുടക്കു മുതലിന്റെ തോതനുസരിച്ച് എല്ലാവരെയും ബാധിക്കുകയും വേണം.
സുന്നികള്‍ കൂട്ടിച്ചേര്‍ത്തതോ
ബാങ്കിന് ശേഷമുള്ള 'അല്ലാഹുമ്മ റബ്ബ ഹാദിഹി........' എന്നു തുടങ്ങുന്ന ദുആയുടെ അവസാനത്തില്‍ 'വര്‍സുഖ്‌നാ ശഫാഅത്തഹു യൗമല്‍ ഖിയാമ ഇന്നക ലാ തുഖ്‌ലിഫുല്‍ മിആദ്' എന്ന് നാം ചെല്ലാറുണ്ടല്ലോ. ഇത് ഹദീസില്‍ വന്നിട്ടില്ലെന്നും സുന്നികള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ?
ശരിയല്ല. ബാങ്കിന്റെ ശേഷമുള്ള ദുആയില്‍ 'വജ്അല്‍നാ ഫീ ശഫാഅതിഹീ യൗമല്‍ ഖിയാമ' എന്ന് ത്വബ്‌റാനി അബ്‌സാതിലും കബീറിലും നിവേദനം ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. 'ഇന്നക ലാ തുഖ്‌ലിഫുല്‍ മീആദ്' എന്നത് ബൈഹഖിയുടെ റിവായത്തിലുള്ളതാണ്.
ചൊല്ലിക്കൊടുത്ത് ഓതിയാല്‍
ഫാത്തിഹഃ മനഃപാഠമില്ലാത്ത ഒരാള്‍ക്ക് മറ്റൊരാള്‍ ചൊല്ലിക്കൊടുത്ത് നിസ്‌കാരത്തില്‍ ഓതിയാല്‍ ഫര്‍ള് വീടുമോ? മുസ്ഹഫ് നോക്കി ഫാതിഅഃ ഓതിയാല്‍ നിസ്‌കാരം സ്വഹീഹാകുമോ?
നിസ്‌കാരത്തില്‍ ഫാതിഹഃ ഓതല്‍ നിര്‍ബന്ധമാണ്. അത് മനഃപാഠമാക്കി ഓതിയാലും മറ്റൊരാള്‍ ചൊല്ലിക്കൊടുത്ത് ഓതിയാലും മുസ്ഹഫ് നോക്കി ഓതിയാലും സ്വഹീഹാവുന്നതാണ്. ഫാതിഹഃയുടെ നിബന്ധനകള്‍ ഒത്തിരിക്കണമെന്നു മാത്രം. (ബാജൂരി1 :154)
ബാങ്ക് സമയത്തെ സംസാരം
ബാങ്ക് കൊടുക്കുേമ്പോള്‍ ഭൗതികമായി സംസാരിച്ചാല്‍ മരണസമയം മോശമായിരിക്കും എന്ന ഹദീസ് പ്രബലമാണോ?
'ബാങ്ക് കൊടുക്കുന്ന സമയത്ത് സംസാരിക്കുന്നവന്റെ മേല്‍ അവസാനം ചീത്തയാവലിനെ പേടിക്കേണ്ടതാണ്' എന്നത് നബി(സ)യുടെ ഹദീസായല്ല അറിയപ്പെട്ടിട്ടുള്ളത്. ആരിഫീങ്ങളില്‍ ചിലര്‍ പറഞ്ഞു എന്നാണ് ഇതിനെക്കുറിച്ച് 'മുതഫരിദ്' എന്ന കിതാബില്‍ പ്രസ്താവിച്ചിട്ടുള്ളത്.
കച്ചവടത്തിന്റെ, സ്വര്‍ണത്തിന്റെ സകാത്ത്
ഒരു ജ്വല്ലറി കച്ചവടക്കാരന്റെ കടയില്‍ ധാരാളം സ്വര്‍ണാഭരണങ്ങളുണ്ട്. കൊല്ലം തികയുമ്പോള്‍ കച്ചവടത്തിന്റെ സകാത്ത് കൊടുക്കണമല്ലോ. ഒരു കൊല്ലം സ്വര്‍ണം സൂക്ഷിച്ചാല്‍ അതിന് സകാത്ത് വേറെയും വേണമല്ലോ. ഈ സാഹചര്യത്തില്‍ രണ്ട് സക്കാത്തും വേവ്വേറെ കൊടുക്കണോ?
ചോദ്യത്തില്‍ പറഞ്ഞതുപോലെ കച്ചവടത്തിന്റെ സകാത്തും വസ്തുവിന്റെ സകാത്തും കൂടി ഒരുമിച്ചു കൂടിയാല്‍ രണ്ടു സകാത്തും വെവ്വേറെ കൊടുക്കേണ്ടതില്ല. ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. വസ്തുവിന്റെ സകാത്ത് മാത്രമേ കൊടുക്കേണ്ടതുള്ളൂ. കച്ചവടത്തിന്റെ സകാത്ത് കൊടുക്കേണ്ടതില്ല. (തുഹ്ഫ 3/303,ശര്‍ഹുല്‍ മുഹദ്ദബ് 6/50 നോക്കുക).
ആഭരണത്തിന് സകാത്ത്
ഉപയോഗിക്കല്‍ അനുവദനീയമായ സ്വര്‍ണാഭരണത്തിന് സകാത്തില്ലെന്നാണല്ലോ നിയമം. കച്ചവടത്തിന്റെ (ലാഭം കിട്ടിയാല്‍ വില്‍ക്കാമെന്ന ഉദ്ദേശ്യത്തോടെ) ഞാന്‍ ഏതാനും ആഭരണങ്ങള്‍ വാങ്ങി. തൂക്കത്തില്‍ സകാത്തിന്റെ നിസാബുണ്ട്. അനുവദനീയമായ ആഭരണത്തില്‍ പെടുകയും ചെയ്യും. കല്ല്യാണം തുടങ്ങിയവക്ക് ഞാനത് ഉപയോഗിക്കാറുമുണ്ട്. ഒരു കൊല്ലത്തിന് അത് വില്‍ക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഞാന്‍ ആ ആഭരണങ്ങള്‍ക്ക് സക്കാത്ത് കൊടുക്കേണ്ടി വരുമോ?
ഉപയോഗിക്കല്‍ അനുവദനീയമായ ആഭരണങ്ങള്‍ക്ക് സക്കാത്ത് കൊടുക്കേണ്ടതില്ലായെങ്കിലും കച്ചവടത്തിനുവേണ്ടി വാങ്ങിയതായതിനാല്‍ ചോദ്യത്തില്‍ പറഞ്ഞ ആഭരണങ്ങള്‍ക്ക് കച്ചവടത്തിന്റെ സകാത്ത് കൊടുക്കേണ്ടതാണ്. (ശര്‍ഹുല്‍ മുഹദ്ദബ് 6/53).
മൃഗങ്ങളെ ഉടക്കല്‍
മൃഗങ്ങളെ ഉടക്കാമോ?
ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളെ ഉടക്കാവതല്ല. ഭക്ഷിക്കാന്‍ പറ്റുന്നവയെ ചെറുപ്പത്തില്‍ ഉടക്കാം. പ്രായം ചെന്നാല്‍ പാടില്ല. (ശറഹുല്‍ മുഹദ്ദബ് 6/177).
No comments:
Post a Comment