Wednesday, December 14, 2011

ഫത്‌വ

ഫത്‌വ

?  സുന്നത്ത് നിസ്‌കരിക്കുന്നവനെ അറിയാതെ തുടര്‍ന്ന ആളുടെ ഫര്‍ള് നിസ്‌കാരത്തിന്റെ സ്ഥിതിയെന്ത്? മടക്കണോ? ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ? ഇനി ഇടക്ക് തുടര്‍ന്നവന്‍ ഇമാമിന്റെ വിരാമത്തോടെ അയാളുടെ നിസ്‌കാരം സുന്നത്തായിരുന്നു എന്ന് മനസ്സിലായാല്‍ എന്ത് ചെയ്യണം?
=  സുന്നത്ത് നിസ്‌കരിക്കുന്ന ആളോട് തുടര്‍ന്നാല്‍ ഫര്‍ള് നിസ്‌കാരത്തിന് ഒരു കുഴപ്പവും വരാനില്ല. അറിഞ്ഞു തുടര്‍ന്നാലും അറിയാതെയാണെങ്കിലും ഫര്‍ള് നിസ്‌കാരം സ്വഹീഹാകുന്നതാണ്. അതിനാല്‍ മടക്കേണ്ടതില്ല. ഇവിടെ സ്വഹീഹാവുകയില്ലെന്ന് വളരെ ബലഹീനമായ ഒരു അഭിപ്രായമുണ്ട്. അതിനാല്‍, സുന്നത്തിനോട് തുടരുന്നതിനേക്കാള്‍ തനിച്ചു നിസ്‌കരിക്കലാണ് ശ്രേഷ്ഠമേറിയത്. ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുകയില്ല എന്ന അഭിപ്രായത്തെയാണ് തുഹ്ഫയിലും നിഹായയിലും ബലപ്പെടുത്തിയിട്ടുള്ളത്. (തുഹ്ഫ 2/332) ഇമാം ഇബ്‌നു ഹജര്‍(റ) വിന്റെ മറ്റൊരു കിതാബായ ശര്‍ഹ് ബാഫള്‌ലില്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന കറാഹത്താണെന്നും (2/30) പറഞ്ഞിട്ടുണ്ട്.
    ഇമാമിന്റെ വിരാമത്തോടെയാണ് അയാളുടെ നിസ്‌കാരം സുന്നത്തായിരുന്നുവെന്ന് പിന്തി തുടര്‍ന്ന മഉ്മൂമിന് മനസ്സിലായതെങ്കില്‍ അയാള്‍ നിസ്‌കാരത്തിന്റെ ബാക്കി പൂര്‍ത്തിയാക്കിയാല്‍ മതി. ആദ്യം മുതല്‍ നിസ്‌കരിക്കേണ്ടതില്ല.

?   നിസ്‌കാരത്തില്‍ തുമ്മുക, കോട്ടുവായിടുക, ബാങ്ക് കേള്‍ക്കുക തുടങ്ങിയവ സംഭവിച്ചാല്‍ ദിക്‌റ് ചൊല്ലാമോ? അത് ഫാതിഹക്കിടയിലാണെങ്കില്‍ ആദ്യം മുതല്‍ മടക്കി ഓതണോ?
= നിസ്‌കാരത്തിനിടയില്‍ തുമ്മിയാല്‍ ശരീരം കേള്‍ക്കത്തക്കവിധം ഹംദ് ചൊല്ലല്‍ സുന്നത്താകുന്നു. (തുഹ്ഫ: 2/148) ഇത് നിസ്‌കാരത്തോട് ബന്ധമില്ലാത്ത ദിക്‌റാണല്ലോ. അതിനാല്‍ ഫാതിഹക്കിടയിലായാല്‍ 'മുവാലാത്ത്' മുറിയുന്നതാണ്. അപ്പോള്‍ ഫാതിഹ ആദ്യം മുതല്‍ ഓതേണ്ടി
വരും.
    നിസ്‌കാരത്തില്‍ കോട്ടുവായിട്ടാല്‍ കൈ വായമേല്‍ വെക്കല്‍ സുന്നത്താകുന്നു. (തുഹ്ഫ: 2/162). കോട്ടുവായിട്ടാല്‍ എന്തെങ്കിലും ദിക്‌റ് ചൊല്ലല്‍ സുന്നത്തുള്ളതായി അറിവില്ല.
    നിസ്‌കാരത്തില്‍ ബാങ്കിന് ഇജാബത്ത് ചെയ്യല്‍ കറാഹത്താണ്. 'ഹയ്യഅലസ്വലാഹ്' സ്വദഖ്ത വബരിര്‍ത, അസ്വലാതു ഖൈറുന്‍ മിനന്നൗവ്മ് എന്നിവ നിസ്‌കാരത്തില്‍ പറഞ്ഞാല്‍ നിസ്‌കാരം ബാത്വിലാകുന്നതാണ്. നിസ്‌കരിക്കുമ്പോള്‍ ബാങ്ക് കേട്ട ആള്‍ നിസ്‌കാരത്തില്‍ നിന്നും വിരമിച്ചശേഷം വിടവ് അധികമായിട്ടില്ലെങ്കില്‍ ഇജാബത്ത് ചെയ്യണം. പതിവനുസരിച്ച് വിടവ് നീങ്ങിയിട്ടുണ്ടെങ്കില്‍ സമയം കഴിഞ്ഞതു കൊണ്ട് ഇനി ഇജാബത്ത് ചെയ്യല്‍ സുന്നത്തില്ല. (തുഹ്ഫ, ശര്‍വാനി സഹിതം 1/480)

?  മൂന്നു റക്അത്തുള്ള നിസ്‌കാരത്തില്‍ ഓര്‍മ്മയില്ലാതെ രണ്ടാം റക്അത്തില്‍ സലാം വീട്ടി. ഇനി എന്ത് ചെയ്യണം?
=  മൂന്നോ നാലോ റക്അത്തുള്ള നിസ്‌കാരത്തില്‍ മറന്നവനായി രണ്ടാം റക്അത്തില്‍ സലാം വീട്ടിയാല്‍ ഇടവേള ദീര്‍ഘിക്കുന്നതിനു മുമ്പ് ഓര്‍മ്മ വന്നാല്‍ നിസ്‌കാരത്തിലേക്ക് മടങ്ങുകയാണ് വേണ്ടത്. സലാം വീട്ടിയ ശേഷം ഖിബ്‌ലക്ക് പിന്നിടുകയോ? അല്പം സംസാരിക്കുകയോ കുറച്ച് നടക്കുകയോ ചെയ്താലും നിസ്‌കാരത്തിലേക്ക് മടങ്ങാവുന്നതാണ്. അവസാനം സഹ്‌വിന്റെ സുജൂദ് ചെയ്യുകയും വേണം. ഇടവേള നീളുകയോ നജസ് ചവിട്ടുകയോ ചെയ്താല്‍ നിസ്‌കാരത്തിലേക്ക് മടങ്ങാവതല്ല. ആദ്യം മുതല്‍ നിസ്‌കരിക്കേണ്ടിവരും. ഉര്‍ഫ്(പതിവ്) അനുസരിച്ചാണ് ഇടവേള ദീര്‍ഘിക്കുന്നതും ചുരുങ്ങുന്നതും തീരുമാനിക്കേണ്ടത്. (ഫത്ഹുല്‍ മുഈന്‍)


?  ഒരാള്‍ ളുഹ്‌റിന്റെ നിയ്യത്തോടെ ളുഹ്ര്‍ നിസ്‌കാരം ആരംഭിച്ചു. രണ്ട് റക്അത്ത് കഴിഞ്ഞപ്പോള്‍ അയാളുടെ ധാരണ മാറി. അസ്വറാണെന്ന ധാരണയിലാണ് ബാക്കി രണ്ട് റക്അത്ത് പൂര്‍ത്തിയാക്കിയത്. നിയ്യത്ത് പിഴച്ചിട്ടില്ലെന്നുറപ്പാണ്. പ്രസ്തുത നിസ്‌കാരം മടക്കേണ്ടതുണ്ടോ?
= ഫര്‍ള് നിസ്‌കരിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ അത് സുന്നത്ത് നിസ്‌കാരമാണെന്നോ വേറെ ഫര്‍ള് നിസ്‌കാരമാണെന്നോ ഭാവിക്കുകയും അങ്ങനെ നിസ്‌കാരം പൂര്‍ത്തിയാക്കുകയും ചെയ്താല്‍ അതുകൊണ്ട് നിസ്‌കാരത്തിന് കുഴപ്പമൊന്നും വരില്ലെന്നും മടക്കി നിസ്‌കരിക്കേണ്ടതില്ലെന്നും തുഹ്ഫ 2/89, 191 പേജുകളില്‍ പ്രസ്താവിച്ചിരിക്കുന്നു.

?  'മദീനാ പള്ളിയിലെ സത്യ അറിയിപ്പ്' എന്ന പേരില്‍ ഒരു നോട്ടീസ് പ്രചരിച്ചു കാണുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ? അതില്‍ ചില താക്കീതുകളും വാഗ്ദാനങ്ങളുമുണ്ട്. അവ പാലിക്കേണ്ടതുണ്ടോ?
=  ചോദ്യത്തില്‍ പറഞ്ഞ നോട്ടീസ് യാതൊരടിസ്ഥാനവും ഇല്ലാത്തതാണ്. അതില്‍ പറയുന്ന കാര്യങ്ങളൊന്നും ശരിയല്ല. മുസ്‌ലിംകളുടെ ശത്രുക്കള്‍ ഇസ്‌ലാമിനെ താറടിക്കാന്‍ വേണ്ടി പടച്ചുവിട്ടതാവാനാണ് സാധ്യത. അതില്‍ പറയുന്ന നിര്‍ദ്ദേശങ്ങളും താക്കീതുകളും പരിഗണിക്കേണ്ടതില്ല.


? അമുസ്‌ലിം വീടുകളിലെ കല്യാണ സല്‍ക്കാരങ്ങള്‍ക്ക് ക്ഷണിക്കപ്പെട്ടാല്‍ പങ്കെടുക്കാമോ? അവര്‍ തരുന്ന എല്ലാ സദ്യകളും നമുക്ക് കഴിക്കാമോ? മാംസം മുസ്‌ലിമായ ആള്‍ അറുത്തതും പാചകക്കാരന്‍ അമുസ്‌ലിമുമായാലോ?
=  അമുസ്‌ലിംകളുടെ സദ്യയില്‍ പങ്കെടുക്കുന്നതിന് വിരോധമൊന്നുമില്ല. ഇസ്‌ലാമിലെ യുദ്ധനിയമത്തില്‍, ജിസ്‌യ നല്‍കുന്ന അമുസ്‌ലിംകള്‍ മുസ്‌ലിംകളെ സല്‍ക്കരിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. നമ്മുടെ നജസ് നിയമങ്ങളും ശുദ്ധിയാക്കാനുള്ള മാര്‍ഗ്ഗങ്ങളും അവര്‍ക്കറിയില്ലല്ലോ. അവര്‍ പാകം ചെയ്ത അടിസ്ഥാനപരമായി ശുദ്ധിയുള്ള ഒരു സാധനം നജസായിരിക്കുമെന്ന മികച്ച ധാരണയുണ്ടെങ്കില്‍ അതുപയോഗിക്കാമോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. അടിസ്ഥാനം നോക്കി അത് ഉപയോഗിക്കാമെന്ന അഭിപ്രായമാണ് പ്രബലം. എങ്കിലും അതുപയോഗിക്കല്‍ കറാഹത്താണ്. അമുസ്‌ലിംകളുടെ പാത്രവും, അവരുപയോഗിക്കുന്ന വസ്ത്രങ്ങളും നമുക്ക് കറാഹത്തായതു പോലെ അവര്‍ പാകം ചെയ്ത ഭക്ഷണവും കറാഹത്താണ്. അവര്‍ നജസ് സൂക്ഷിക്കില്ല എന്നതു തന്നെ കാരണം. നജസാണെന്നുറപ്പില്ലാത്ത അവര്‍ തരുന്ന എല്ലാ സാധനവും കറാഹത്താണെങ്കിലും നമുക്ക് കഴിക്കാവുന്നതാണ്. മുസ്‌ലിം അറുത്ത മാംസം അമുസ്‌ലിം പാകം ചെയ്താലും ഇപ്രകാരം തന്നെ.

? പെരുന്നാളിന്റെ രാവുകളിലും റമളാന്‍ 27-ാം രാവിലും തസ്ബീഹ് നിസ്‌കാരം ജമാഅത്തായി നടത്തുന്നതായി ചില പള്ളികളില്‍ കണ്ടുവരുന്നു. തസ്ബീഹ് നിസ്‌കാരം ജമാഅത്തായി നിര്‍വഹിക്കാമോ? നിര്‍വഹിക്കാമെങ്കില്‍ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുമോ?
= ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്തില്ലാത്തതില്‍പ്പെട്ടതാണ് തസ്ബീഹ് നിസ്‌കാരം. ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്തില്ല; കറാഹത്തുമില്ല. ജാഇസാണ്. ജമാഅത്തായി നിസ്‌കരിച്ചാലും നിസ്‌കാരം സ്വഹീഹാവും. ജമാഅത്തിന്റെ കൂലി ലഭിക്കുകയുമില്ല. റവാത്വിബ് സുന്നത്ത്, വിത്ര്‍ തുടങ്ങിയവയുടെ വിധിയും ഇതുതന്നെ. ജമാഅത്തായി നിര്‍വഹിക്കുന്നത് മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കണമെന്നോ പ്രേരണ നല്‍കണമെന്നോ കരുതിക്കൊണ്ടാണെങ്കില്‍ അതിന് പ്രതിഫലമുണ്ട്. ജമാഅത്ത് സുന്നത്താണെന്ന് ജനങ്ങള്‍ ധരിക്കാനിടവരിക, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുക എന്നിവ ഇല്ലാതിരിക്കണം. (ബിഗ്‌യ, പേജ് 44
നോക്കുക).

No comments:

Post a Comment