Sunday, December 18, 2011

നിസ്‌കാരം തിരുമുന്നിലെ സര്‍വ്വ സമര്‍പ്പണം


 അയ്യൂബ് അസ്അദി ദാരിമി, കണ്ണപുരം

ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മ്മങ്ങളില്‍ അതിപ്രധാന കര്‍മ്മമാണ് നിസ്‌കാരം. മനുഷ്യന്റെ അത്മീയതയുടെയും സാമൂഹികതയുടെയും സംഘടിത ശക്തിയുടെയും സാധ്യത ഒരു പരിധി വരെ നിസ്‌കാരത്തിലൂടെ സാധ്യമാകുന്നുണ്ട്. നിശ്ചയിക്കപ്പെട്ട സമയത്തില്‍ നിസ്‌കാരം നിര്‍വ്വഹിക്കപ്പെടുക വഴി സമയ ക്രമീകരണം പുലര്‍ത്താന്‍ കഴിയുന്നു. ഇസ്‌ലാമിക ശരീരത്തില്‍ മനുഷ്യന്റെ സ്ഥാനം കണക്കാക്കപ്പെടുന്നത് തന്നെ നിസ്‌കാരം കൃത്യമായി നിലനിര്‍ത്തുന്നതിലൂടെയാണ്. പഞ്ചസ്തംഭങ്ങളില്‍ ശ്രേഷ്ഠമായ ഈ കര്‍മ്മം ചെയ്യുന്നതിലൂടെ അവന്‍ സമൂഹത്തില്‍ ശ്രേഷ്ഠനായിത്തീരുന്നു.

നിസ്‌കാരത്തിന്റെ ആന്തരികത
തീര്‍ച്ചയായും വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. അവര്‍ അവരുടെ നമസ്‌കാരങ്ങളില്‍ ഭയഭക്തിയുള്ളവരായിരിക്കുന്നു. വിശ്വാസികള്‍ വിജയിച്ചു എന്ന് മാത്രമല്ല പറഞ്ഞത്, നിസ്‌കരിക്കുന്ന വിശ്വാസികള്‍ എന്നാണ് പറഞ്ഞത്. നിസ്‌കരിക്കുന്ന വിശ്വാസികള്‍ എന്ന് മാത്രമല്ല പറഞ്ഞത് നിസ്‌കാരത്തില്‍ ഭയഭക്തിയുള്ള വിശ്വാസികള്‍ എന്നാണ് പറഞ്ഞത്. മുകളില്‍ പറഞ്ഞ വിശേഷണത്തിനു പുറമേ വിശ്വാസികളുടെ മൂന്ന് നാല് വിശേഷണങ്ങള്‍ പറഞ്ഞ ശേഷം വീണ്ടും അള്ളാഹു നിസ്‌കാരത്തെ കുറിച്ചു തന്നെ പറയുന്നു. 'അവര്‍ അവരുടെ നിസ്‌കാരങ്ങളെ ചെയ്യേണ്ടതുപോലെ നിത്യമായി ചെയ്യുന്നവരാണ്'. അതിനുശേഷം അള്ളാഹു പറയുന്നു. അവരാണ് ഉന്നതമായ ഫിര്‍ദൗസ് എന്ന സ്വര്‍ഗത്തെ അനന്തരമെടുക്കുന്നവര്‍. അവര്‍ അതില്‍ ശാശ്വതരാണ്. ഉന്നത സ്വര്‍ഗത്തെ അനന്തരമെടുക്കുന്ന വിശ്വാസികളുടെ ആദ്യത്തേയും അവസാനത്തേയും വിശ്ഷണമായി പറഞ്ഞത്. അവരുടെ നിസ്‌കാരത്തെ കുറിച്ചാണ്. മനുഷ്യപ്രവര്‍ത്തനങ്ങളില്‍ പരലോകത്ത് വെച്ച് ഒന്നാമതായി ചോദ്യം ചെയ്യപ്പെടുന്ന പ്രവര്‍ത്തനം നിസ്‌കാരമാണ്. മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത്, മഹാനായ നബ്(സ) തങ്ങളെ അള്ളാഹുതആല തന്റെ സന്നിദ്ധിയിലേക്ക് വിളിച്ചു വരുത്തി നല്‍കിയ മഹത്തായ സമ്മാനം, എങ്ങനെ നിര്‍വഹിക്കണമെന്ന് ജിബ്‌രീല്‍(അ) കാണിച്ചുകൊടുത്ത ഏക ഇബാദത്ത്, വിശ്വാസിയുടെ മിഅ്‌റാജ്, നിഷിദ്ധവും മ്ലേച്ഛവുമായ എല്ലാ കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുമെന്ന് ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ച അമല്‍, ഈമാനിനെയും കുഫ്‌റിനെയും വേര്‍തിരിക്കുന്ന അടയാളം, പ്രാണവായുവിനെപ്പോലെ മുഅ്മിനിന്റെ നിഖില മേഖലകളിലും സമയങ്ങളിലും തേടപ്പെട്ട ഇബാദത്ത്, ദീനിന്റെ തൂണ്‍ എന്ന് റസൂലുള്ളാഹി(സ) വിശേഷിപ്പിച്ച ഇബാദത്ത്, ഉപേക്ഷിച്ചാല്‍ മടക്കാത്ത പക്ഷം നിര്‍ബന്ധമായും തലവെട്ടണമെന്ന് കല്‍പിക്കപ്പെട്ട ഇബാദത്ത് തുടങ്ങിയ ഒട്ടനവധി വിശേഷണങ്ങള്‍ക്കര്‍ഹമാണീ നമസ്‌കാരം.
മേല്‍പറഞ്ഞ വിശേഷണങ്ങള്‍ക്കര്‍ഹമാവാനും ലക്ഷങ്ങള്‍ മുടക്കിപ്പെയ്യുന്ന ഹജ്ജിനേക്കാള്‍ ശ്രേഷ്ഠമാവാനും ഉപേക്ഷിച്ചാല്‍ തലവെട്ടാനും എന്താണ് നിസ്‌കാരത്തിലുള്ളത്?
ഉടമയും യജമാനനും അള്ളാഹു മാത്രമാണ്. അവന്റെ അടിമകളാണ് മനുഷ്യനും മറ്റെല്ലാ വസ്തുക്കളും. ഈ അടിമത്തത്തില്‍ നിന്നും ഒരിക്കലും മോചിതരാകാന്‍ ആര്‍ക്കും സാധ്യമല്ല. ജീവിതത്തിന്റെ നിഖില മേഖലകളിലും അവനെ അനുസരിച്ച് ജീവിക്കാന്‍ കടപ്പെട്ടവരാണ് നാം. എന്നാല്‍ ഈ അനുസരണയില്‍ നിന്നും അവനെ വ്യതിചലിപ്പിക്കുവാന്‍ ഒരുപാട് പിശാചുക്കള്‍ ഠലാകത്തുണ്ട്. നബി(സ) പറഞ്ഞു. മനുഷ്യശരീരത്തില്‍ രത്ക സഞ്ചാരം നടക്കുന്ന സ്ഥലങ്ങളിലൂടെയെല്ലാം പിശാച് സഞ്ചരിക്കുന്നു. സൂറതുല്‍ യാസീനില്‍ ഇങ്ങനെയുണ്ട്. 'ഓ ആദം സന്തതികളെ ശൈത്വാനെ നിങ്ങള്‍ ആരാധിക്കരുതെന്നും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും നിങ്ങളോട് ഞാന്‍ കരാര്‍ ചെയ്തില്ലയോ.....? നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും അതാണ് നേരായ വഴിയെന്നും, തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം ആളുകളെ അവന്‍ (പിശാച്) വഴിതെറ്റിച്ചിട്ടുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?' അപ്പോള്‍ നമ്മുടെ മുഖ്യ ശത്രു, പിശാച് നമ്മെ എല്ലാ സമയത്തും അള്ളാഹുവിനെ ആരാധിക്കുന്നതില്‍ നിന്നും തടയുകയും പിശാചിനെ അനുസരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമ്മെ പരീക്ഷിക്കാന്‍ വേണ്ടി യാണ് അവയെ അള്ളാഹു പറഞ്ഞു വിട്ടത്. അള്ളാഹുവിന്റെ പരീക്ഷണത്തില്‍ വിജയശ്രീലാളിതരായി കൊണ്ട് ശൈത്വാനിന് നമ്മള്‍ വഴിപ്പെടുകയില്ലെന്നും, അള്ളാഹുവിന് മാത്രമേ വഴിപ്പെടുകയുള്ളൂവെന്നും സദാ പ്രഖ്യാപിച്ചുകൊണ്ടിരിക്കുവാനാണ് ദിവസവും അഞ്ച് നേരം നിസ്‌കാരം ശറആക്കപ്പെട്ടത്. 
അതാണ് അള്ളാഹു പറഞ്ഞത് 'എന്നെ സ്മരിക്കാന്‍ വേണ്ടി താങ്കള്‍ നിസ്‌കാരത്തെ നിലനിര്‍ത്തുക' നബി(സ) പറയുന്നു.''നിശ്ചയം നിസ്‌കരിക്കുന്നവന്‍ അള്ളാഹുമായി അഭിമുഖ സംഭാഷണം നടത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ എന്ത് പ്രവര്‍ത്തിച്ചും പറഞ്ഞും കൊണ്ടാണ് അവന്‍ മുനാജാത്ത് നടത്തുന്നത് എന്ന് ചിന്തിച്ചു കൊള്ളട്ടെ''. ഇഃ് യാഥാര്‍ത്ഥ്യമാകുന്നത് ഭക്തിയിലൂടെയും മന:സാന്നിധ്യത്തിലൂടെയുമാണ്. ഭയഭക്തിയാണ് നിസ്‌കാരത്തിന്റെ ആത്മാവ്. ഇതില്ലെങ്കില്‍ നിസ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്ന യാഥാര്‍ത്ഥ ലക്ഷ്യം നിറവേറ്റുന്നില്ല. മുഅ്മിനിന്റെ മിഹ്‌റാജാണ് നിസ്‌കാരം. മിഹ്‌റാജ് എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് ഏഴാകാശവും കയറി അള്ളാഹുവിന്റെ പരിശുദ്ധസവിധത്തില്‍ വെച്ച് നബി(സ) തങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണമാണ്. അതുപോലെ ഓരോ മുഅ്മിനും നടത്തുന്ന അള്ളാഹുമായുള്ള മുനാജാത്താണ് നിസ്‌കാരം. നബി(സ) പറഞ്ഞു. ''യാത്ര പറയുന്നവന്റെ നിസ്‌കാരം നീ നിസ്‌കരിക്കുക''. ഈ ലോകത്തിന്റെ എല്ലാ സുഖങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും വിട പറഞ്ഞ് അള്ളാഹുവിലേക്ക് മടങ്ങുന്ന തരത്തിലുള്ള നിസ്‌കാരം നീ നിര്‍വ്വഹിക്കുക. എല്ലാം വിട്ട് അള്ളാഹുവിലേക്ക് മടങ്ങുന്നവന്റെ ഭാവത്തില്‍ വളരെ വിനയാന്വിതനായി അല്‍പം തല താഴ്ത്തി സുജൂദ് ചെയ്യുന്ന സ്ഥലത്തേക്ക് ദൃഷ്ടി പതിച്ച് നാം നിസ്‌കരിക്കാന്‍ നില്‍ക്കുന്നു. തന്റെ മുഖവും ശരീരവും എന്ന പോലെ മനസ്സും അള്ളാഹുവിലേക്ക് തിരിച്ച് എല്ലാറ്റിനേക്കാളും വലിയവന്‍ അള്ളാഹുവാണ് എന്ന് അര്‍ത്ഥം വരുന്ന അള്ളാഹു അക്ബര്‍ എന്നു ഉച്ചരിച്ചുകൊണ്ട് കൈകെട്ടി കൂടുതല്‍ വിനയാന്വിതനായി അള്ളാഹുവിന്റെ മുമ്പില്‍ നാം നില്‍ക്കുന്നു. തക്ബീര്‍ ചൊല്ലുമ്പോള്‍ കൈ ഉയര്‍ത്തുന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, ഐഹിക കാര്യങ്ങളില്‍ നിന്നെല്ലാം വിട്ട് അവയെക്കാള്‍ ഏറെ അള്ളാഹുവാണ് വലിയവന്‍ എന്ന വാക്ക് കൊണ്ട് പ്രഖ്യാപിക്കുന്നത് പോലെ അവയവങ്ങള്‍ കൊണ്ടും അത് പ്രവര്‍ത്തിച്ച് സമ്മതിക്കുകയും അള്ളാഹുവിന്റെ മഹത്തായ പ്രതിഫലം പ്രതീക്ഷിക്കലുമാണ്. പിന്നീട് വജ്ജഹ്തു ഓതുന്നു. അനുസരണയുള്ളവനായിരിക്കുന്ന തിന്മയെ തൊട്ട് തെന്നിമാറി ആകാശഭൂമികളുടെ സൃഷ്ടാവായ ഒരുത്തനിലേക്ക് ഞാനെന്റെ ശരീരവും മനസ്സുമെല്ലാം മുന്നിടിച്ചിരിക്കുന്നു. ഞാന്‍ അവനോട് ഒന്നിനേയും പങ്കു ചേര്‍ക്കുന്നവനല്ല. എന്റെ നിസ്‌കാരവും മറ്റെല്ലാ കര്‍മമ്വും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അള്ളാഹുവിനാണ്. ഈ പറയപ്പെട്ടവ കൊണ്ട് എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ അനുസരണയുള്ളവനില്‍പ്പെട്ടവന്‍ തന്നെയാണ്. എന്നിങ്ങനെ അള്ളാഹുവിന്റെ മുമ്പില്‍ വെച്ച് പ്രതിജ്ഞ ചെയ്യുന്നു. പിന്നെ നിര്‍ബന്ധ പ്രാര്‍ത്ഥനയായ ഫാത്തിഹയിലേക്ക് പ്രവേശിക്കുന്നു. ഫാത്തിഹ പകുതി അള്ളാഹുവിനും ബാക്കി പകുതി നമുക്കും ഉള്ളതാണ്. 'പരമകാരുണ്യവാനായ അള്ളാഹുവിന്റെ നാമം കൊണ്ട് ഞാന്‍ ആരംഭിക്കുന്നു'. സര്‍വ്വസ്‌തോത്രങ്ങളും ലോക രക്ഷിതാവായ അള്ളാഹുവിനാണ്. പരമ കാരുണ്യവാനാണ് അവന്‍. പ്രതിഫലം നല്‍കപ്പെടുന്ന ദിവസത്തിന്റെ ഉടമസ്ഥനാണവന്‍. അവനെ മാത്രം നാം ആരാധിക്കുന്നു. ഇത്രയും ഭാഗം അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നതാണ്. ബാക്കി ഭാഗം അള്ളാഹുവിനോട് നാം യാചിക്കുന്നതാണ്, 'നിന്നോട് മാത്രം സഹായം തേടുന്നു നീ എന്നെ നേര്‍മാര്‍ഗ്ഗത്തിലാക്കേണമേ നീ അനുഗ്രഹിച്ചവരുടെ വഴിയാണത്. കോപിക്കുന്നവരുടെയും വഴിപിഴച്ചവരുടെയും വഴിയല്ലാതെ'. ജമാഅത്തായിട്ടാണ് നിസ്‌കരിക്കുന്നതെങ്കില്‍ ഫാതിഹക്ക് ശേഷം ഇമാം 'ആമീന്‍' പറയുമ്പോള്‍ മലക്കുകളും ആമീന്‍ പറയുന്നു. അപ്പോള്‍ നേരായ മാര്‍ഗത്തിലേക്ക് ചേര്‍ക്കേണമേ എന്ന ഫാതിഹയിലെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായിട്ടാണ് അവന്‍ പറഞ്ഞതെങ്കില്‍ അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. ഫാതിഹക്ക് മുമ്പുള്ള പ്രാരംഭ പ്രാര്‍ത്ഥനയിലെ തന്റെ ജീവിതവും മരണവും എല്ലാം നിനക്കാണെന്ന ആ പ്രതിജ്ഞയ്ക്കും ആത്മാര്‍ത്ഥമാണെങ്കില്‍ പിന്നെ എങ്ങനെയാണ് അവനില്‍ നിന്നും മന:പൂര്‍വ്വം തെറ്റുകള്‍ ഉണ്ടാവുക. ദിവസേന ഈ പ്രതിജ്ഞ ചുരുങ്ങിയത് അഞ്ച് പ്രാവശ്യവും നിര്‍വ്വഹിക്കുന്നവനെ അള്ളാഹു എങ്ങനെ വഴികേടിലാക്കും. അതാണ് ഖുര്‍ആന്‍ പറയുന്നത് "തീര്‍ച്ചയായും നിസ്‌കാരം നിശിദ്ധ കാര്യങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും തടയും". നിസ്‌കാരം ഇത്തരം നീച കൃത്യങ്ങളില്‍ നിന്നും നമ്മെ തടയുന്നില്ലെങ്കില്‍ നമ്മുടെ നിസ്‌കാരം അതിന്റെ ശരിയായ അര്‍തഅഥത്തിലായിട്ടില്ല. എന്നാണ് അര്‍ത്ഥം നേരത്തെ ചെയ്ത പ്രതിജ്ഞയും പ്രാര്‍ത്ഥയും ആത്മാര്‍ത്ഥമല്ല എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ നിസ്‌കാരം കേവലം കുമ്പിടല്‍ മാത്രമായി പോവുകയാണ്.

"നിസ്‌കാരം വിനയവും താഴ്മയവും പ്രകടിപ്പിക്കല്‍ മാത്രമാണ്". എന്നാണ് ഹദീസ്. നിസ്‌കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുകയും ആ നിലയില്‍ നിസ്‌കാരം നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അത് അള്ളാഹുവിനോടുള്ള താഴ്മ പ്രകടിപ്പിക്കലാവുകയും ആ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയുകയുമുള്ളൂ. നബി(സ) പറയുന്നു. ''നിശ്ചയം അടിമ നിസ്‌കരിക്കുന്നു അവന്റെ നിസ്‌കാരത്തിന്റെ 1/6 ഓ 1/10 ഓ അവന് എഴുതപ്പെടുന്നില്ല. അവന്റെ നിസ്‌കാരത്തില്‍ നിന്ന് അവന്‍ ഗ്രഹിച്ചതല്ലാതെ അവന്‍ എഴുതപ്പെടുകയുമില്ല''. ഇത്തരത്തിലുള്ള പ്രതിഫലം ലഭിക്കുകയില്ല. എന്നു മാത്രമല്ല അത്തരം നിസ്‌കാരം നാശത്തിന് വഴിവെക്കുകയും ചെയ്യും. അതാണ് ഖുര്‍ആന്‍ പറഞ്ഞത് അശ്രദ്ധമായി നിസ്‌കരിക്കുന്നവര്‍ക്കാണ് നാശം. ഇവിടെ ഗസ്സാലി ഇമാം തന്റെ ഇഹ്‌യാ ഉലൂമിദ്ദീനില്‍ നല്ലൊരു ഉദാഹരണം പറയുന്നുണ്ട്. ഭൃത്യവേലക്ക് മഹാരാജാവിന്റെ സന്നിധിയില്‍ വരുന്നവന്‍ സന്നിധാനത്തെ ഗൗനിക്കാതിരിക്കുകയും പറയുന്നതെന്താണെന്ന് മനസ്സിലാക്കാതെ അശ്രദ്ധമായി സംസാരിക്കുകയും ചെയ്യുകയാണെങ്കില്‍ അവന്‍ രാജാവിന്റെ തിരുസന്നിധിയിലേക്ക് വരാതെ മാറിപ്പോകുന്നവനേക്കാള്‍ വലിയ ശിക്ഷ ഏല്‍പിക്കേണ്ടി വന്നേക്കും.
രാജാധിരാജനായ അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നത് എന്നും അവനോടാണ് സംസാരിക്കുന്നതെന്നുമുള്ള ബോധം നിസ്‌കരിക്കുന്നവനുണ്ടാവണം. കേവലമുള്ള കുമ്പിടലുകളാണോ റുകുഉം സുജൂദും കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അല്ലാഹുവിനെക്കുറിച്ച് അശ്രദ്ധനായിക്കൊണ്ടുള്ള റുകുഉം സുജൂദും അല്ലാഹുവിനെ വന്ദിക്കലാകുമെങ്കില്‍ അതിനേക്കാളേറെ അവന്റെ മുമ്പിലുള്ള തൂണിനെയും മതിലിനെയുമാണ് വന്ദിക്കുന്നത്. അപ്പോള്‍ നാം റകുഅ് ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ മുന്നിലാണ് തലകുനിക്കുന്നത് എന്ന ബോധം നമുക്കുണ്ടാവണം. റുകുഇല്‍ ഉന്നതനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു എന്നര്‍ത്ഥത്തിലുള്ള ദിക്‌റും ചൊല്ലുമ്പോള്‍ പൂര്‍ണ്ണമായ വണക്കമായി. പിന്നെ അല്ലാഹുവിനെ സ്തുതിച്ചവരെ അല്ലാഹു സ്വീകരിക്കട്ടെ എന്ന ദിക്ര്‍ പ്രത്യേകമായി കൈ ഉയര്‍ത്തിക്കൊണ്ട് ചൊല്ലുന്നതോടൊപ്പം തല ഉയര്‍ത്തുന്നു. അതിന് ശേഷം ആകാശവും ഭൂമിയും നിറയെയും അതിനപ്പുറമുള്ള എല്ലാം നിറയെയും അല്ലാഹുവിന് വലിയ സ്തുതി അര്‍പ്പിക്കുന്നു. എന്ന അര്‍ത്ഥത്തിലുള്ള ദിക്ര്‍ അതിലേക്ക് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരുങ്ങാന്‍ വേണ്ടിയാണ് തക്ബീറിന് പകരം ഈ പ്രത്യേക ദിക്ര്‍ ചൊല്ലുന്നത്. പിന്നെ അല്ലാഹുവിനെ മഹത്വപ്പെടുത്തി സുജൂദിലേക്ക് നീങ്ങുന്നു. നബി(സ) പറയുന്നു. അടിമ തന്റെ യജമാനനായ അല്ലാഹുവിനോട് ഏറ്റവും അടുക്കുന്ന സന്ദര്‍ഭം അവന്‍ സുജൂദ് ചെയ്യുന്ന അവസരത്തിലാണ്. അത്‌കൊണ്ട് നിങ്ങള്‍ സുജൂദില്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക. മനുഷ്യന്‍ മനോഹരമായി കൊണ്ട് നടക്കുന്ന തന്റെ ശരീരത്തിലെ ഏറ്റവും മഹത്തായ മുഖത്തെയും, നെറ്റിത്തടത്തെയും താന്‍ കാല്‍കൊണ്ട് ചവിട്ടുന്ന മണ്ണില്‍ വെക്കുമ്പോഴാണ് അതായത് മനുഷ്യന്‍ ഏറ്റവും താഴ്മ പ്രകടിപ്പിക്കുമ്പോഴാണ് അല്ലാഹുവുമായി ഏറ്റവും അടുക്കുന്നത്. എന്റെ എല്ലാം അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നു. എന്ന ബോധം റുകൂഇലും സുജൂദിലും ഉണ്ടാവുമ്പോള്‍ മാത്രമാണ് അത് .യഥാര്‍ത്ഥ റുകുഉം സുജൂദുമാവുന്നത്. അവിടെ വെച്ചും ഉന്നതനായ അല്ലാഹുവിന് സ്തുതി അര്‍പ്പിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ സമ്മതിക്കുന്നു, വാഴ്ത്തുന്നു എന്നര്‍ത്ഥത്തിലുള്ള തസ്ബീഹ് ചൊല്ലുമ്പോള്‍ യാഥാര്‍ത്ഥമായ വണക്കം ആകുന്നു. സുജൂദ് വളരെ പ്രധാനപ്പെട്ട അമലാണ്. ആകസ്മികമായി വല്ല അനുഗ്രഹം ലഭിക്കുമ്പോഴും ആപത്തുകള്‍ തട്ടി മാറ്റപ്പെടുമ്പോഴും ബുദ്ധിമുട്ട് കൊണ്ട് പരീക്ഷിക്കപ്പെടുന്നവനെ കാണുമ്പോഴും ശുക്‌റിയായിട്ട് സുജൂദ് സുന്നത്താക്കപ്പെട്ടിട്ടുണ്ട്. പുണ്യ നബിയോട് കൂടെ സ്വര്‍ഗത്തില്‍ ചങ്ങാത്തം ആവശ്യപ്പെട്ട സ്വഹാബിയോട് നബി പറഞ്ഞത് ''സുജൂദ് അധികരിപ്പിക്കല്‍ കൊണ്ട് നീ എന്നെ സഹായിക്കുക'' എന്നാണ്.
താല്കാലികമായി ഈ മുനാജാത് അവസാനിപ്പിക്കാന്‍ അവസാനമായി അത്തഹിയ്യാത്തിന് വേണ്ടി വിനയാന്വിതനായി ഇരിക്കുന്നു. ആദരവിന്റെ എല്ലാ തിരുമുല്‍ക്കാഴിചകളും സമൃദ്ധിയും നമസ്‌കാരങ്ങളും പ്രശംസനീയമായ എല്ലാം അല്ലാഹുവിനര്‍പ്പിക്കുന്നു. ശേഷം നബി തങ്ങളുടെമേല്‍ 'ഓ നബിയെ അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ സലാമും റഹ്മത്തും ബര്‍ക്കതും ഉണ്ടാവട്ടെ' എന്ന് പറഞ്ഞ് കൊണ്ട് സലാം പറയുന്നു. ഇമാം ഗസ്സാലി പറയുന്നു. നിസ്‌കാരത്തില്‍ സലാം പറയുമ്പോള്‍ നബി തങ്ങളുടെ മഹത്തായ രൂപത്തെ നീ നിന്റെ ഖല്‍ബില്‍ ഹാളിറാക്കുക. എന്റെ സലാം നബീതങ്ങള്‍ക്ക് ഹത്തുമെന്നും നബി അതിനേക്കാള്‍ പൂര്‍ണ്ണമായ സലാം കൊണ്ട് മടക്കും എന്ന പ്രതീക്ഷയെടെ നീ നബിയുടെ മേല്‍ സലാം ചൊല്ലുക. അതിന്‌ശേഷം നമ്മുടെ മേലിലും ലോകത്തിലുള്ള സജ്ജനങ്ങളായ അടിമകളുടെ മേലിലും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.  ശേഷം അല്ലാഹു അല്ലാതെ അരാധനക്കര്‍ഹന്‍ ഇല്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ റസൂലാണെന്നും പറഞ്ഞ് വിശ്വാസം ഒന്നുകൂടി പുതുക്കുകയും ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. പിന്നെ നബിയുടെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും സ്വലാത്ത് ചൊല്ലുന്നു. പ്രാര്‍ത്ഥനക്ക് ശേഷം ഈ മുനാജാത്ത് തത്കാലം അവസാനിപ്പിക്കുന്നു എന്ന് കരുതിക്കൊണ്ട് ചുറ്റുമുള്ളവരുടെ മേലില്‍ സലാം പറഞ്ഞ് കൊണ്ട് ഇഹലോക ജീവിതത്തിലേക്ക് മടങ്ങുന്നു.
ഇത്രമാത്രം ഗൗരമേറിയതാണ് നിസ്‌കാരം. മഹാനായ അലിയുബ്‌നു അബീത്വാലിബ്(റന് നിസ്‌കാരസമയം ആയാല്‍ വിറയല്‍ അനുഭവപ്പെടുകയും മുഖം വിവര്‍ണ്ണമാകുകയും ചെയ്യാറുണ്ടായിരുന്നു. അവരോട് ചോദിക്കപ്പെട്ടു. താങ്കള്‍ക്കെന്ത് പറ്റി? അപ്പോള്‍ അവിടുന്ന് പറഞ്ഞു. ഉത്തരവാദിത്വം (നിസ്‌കാരം) നിറവേറ്റേണ്ടുന്ന സമയം വന്നു. ഈ ഉത്തരവാദിത്വം ആകാശഭൂമികളുടെ മേലിലും പര്‍വ്വതങ്ങളുടെ മേലിലും പ്രദര്‍ശിപ്പിച്ചപ്പോള്‍ അവ അത്  വഹിക്കാന്‍ വിസമ്മതിച്ചു പേടിച്ചു പിന്മാറി. ഞാന്‍ അതിനെ ചുമന്നു. ഈ നിസ്‌കാരമാണ് അവിടുത്തെ വിറപ്പിച്ചതും, വിവര്‍ണ്ണമാക്ക്കിയതും. പ്രഭാതം മുതല്‍ പ്രദോഷം വരെ വിശപ്പ് സഹിച്ചും മറ്റ് സുഖങ്ങള്‍ ത്യജിച്ചും നോമ്പനുഷ്ഠിക്കുന്നു. തന്റെ ഇഷ്ടപ്പെട്ട മുതലിന്റെ ഒരു ഭാഗം നല്‍കി സകാത്ത് കൊടുക്കുന്നു. ഏറെ ബുദ്ധിമുട്ട് സഹിച്ചും പണം ചെലവാക്കിയും ഹജ്ജ് ചെയ്യുന്നു. ഇത്രമാത്രം ത്യാഗങ്ങളും പരീക്ഷണങ്ങളൊന്നും നിന്ന സ്ഥലത്ത് വെച്ച് അവയവങ്ങള്‍ ചലിപ്പിക്കുന്നതിലും നാവനക്കുന്നതിലും ഇല്ല. പിന്നെയെങ്ങിനെയാണ് ഈ നിസ്‌കാരം അവയേക്കാളൊക്കെ ശ്രേഷ്ഠമായത്. അതിന്റെ മറുപടിയാണ് നാം ഇത് വരെ വിവരിച്ചത്. അപ്രകാരമാവുമ്പോഴാണ് നബിതങ്ങള്‍ പറഞ്ഞത് പോലെ നമസ്‌കാരം ഇസ്‌ലാമിക ചൈതന്യത്തിന്റെ തൂണാവുന്നത്.

നമസ്‌കാരത്തിലെ സാമൂഹികത
സ്വാര്‍ത്ഥത ഇസ്ലാമിനന്യമാണ്. അതിന്റെ മകുടോദാഹരണമാണ് ദിനെപ്രതി അഞ്ച് സമയങ്ങളിലായി നിര്‍ബന്ധമായും അനുഷ്ഠിക്കപ്പെടുന്ന നമസ്‌കാരം. അതിലെ നിര്‍ബന്ധ പ്രാര്‍ത്ഥനയാണ് ഫാതിഹ ഫാതിഹായില്‍ 'ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു. നീ ഞങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് ആക്കേണമേ' എന്നര്‍ത്ഥമുള്ള വരികളിലൂടെ നിസ്‌കരിക്കുന്നവന്‍ അവന്റെ നിസ്വാര്‍ത്ഥത പ്രഖ്യാപിക്കുകയും എന്റെ കൂടെ എന്റെ സമൂഹവും നന്നാവണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു നിര്‍ബന്ധപ്രാര്‍ത്ഥനയാണ് അത്തഹിയ്യാത്ത് അതിലും തന്നെ മാത്രം പ്രത്യേകമാക്കാതെ ലോകത്തുള്ള എല്ലാ സജ്ജനങ്ങളുടെ മേലിലും അള്ളാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിസ്‌കാരത്തിന് വിരാമം കുറിക്കുന്ന നിര്‍ബന്ധ സലാമിലൂടെ തന്റെ ചുറ്റുഭാഗത്തുള്ളവരുടെ മേല്‍ അള്ളാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. 
ഉന്നതകുലത്തില്‍ ജനിച്ചവനായാലും രാജാവായാലും സാധാരണക്കാരനായാലും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവനാണെങ്കിലും ഇസ്‌ലാമിലെ മറ്റുള്ള ആരാധനകള്‍ എന്നപോലെ നിസ്‌കാരത്തിലും യാതൊരു വിവേചനവും ഇല്ല. എല്ലാവരും അളഅള്ളാഹുവിന്റെ മുന്നില്‍ വിനയാന്വിതനായി സാഷ്ടാംഗം നമിക്കുന്നു. തന്റെ ശരീരത്തിലെ ഏറ്റവും നന്നായി സൂക്ഷിക്കുന്ന മുഖം നാം കാല് കൊണ്ട് ചവിട്ടുന്ന നിലത്ത് വെക്കുന്നു. എല്ലാവരും സമന്മാര്‍ ഒരേ പദവിക്കാര്‍ അന്യോന്യം കൈകാലുകള്‍ തൊട്ടുരുമ്മി പോയതിനാല്‍ അശുദ്ധരായി തീരുന്നില്ല. സമത്വത്തിന്റെ മാനവികതയുടെ, സാഹോദര്യത്തിന്റെ ഒരു ചിത്രം നമസ്‌കാരത്തിലൂടെ ദര്‍ശിക്കാന്‍ സാധിക്കുന്നു.
സംഘടിതമായി നമസ്‌കരിക്കുമ്പോള്‍ ദിനം പ്രതി അഞ്ചു തവണ അള്ളാഹുവിന്റെ വിളിയാളം കൊണ്ട് ഓരോ വിശ്വാസിയും അള്ളാഹുവിന്റെ താവളത്തിലേക്ക് ഒരുമിച്ച് കൂടുന്നു. പരലോകത്ത് അള്ളാഹുവിന്റെ മുന്നില്‍ ഒരുമിച്ച് കൂട്ടപ്പെടുമെന്ന് വിശ്വാസമുള്ളവര്‍ എല്ലാ തിരക്കും മാറ്റി വെച്ച് ഈ വിളിയാളത്തിന് ഉത്തരെ നല്‍കുന്നു. വിശ്വാസികള്‍ പരസ്പരം കാണുന്നു സൗഹൃദം പങ്കിടുന്നു. ആരെയെങ്കിലും കാണാതിരുന്നാല്‍  അവരെ കുറിച്ച് അന്വേഷിക്കുന്നു. രോഗിയാണെന്നറിഞ്ഞാല്‍ സന്ദര്‍ശിക്കുന്നു. സമാശ്വസിക്കുന്നു. എല്ലാവരുടെയും കഷ്ടപ്പാടുകളും പ്രയാസവും കണ്ടറിയുകയും അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല സ്ഥലത്ത് നല്ല മനസ്സുള്ളവരുടെ സമ്മേളനമായതിനാല്‍ നല്ല ചിന്തകളും നല്ല ശീലങ്ങളും ഉണ്ടാക്കി തീര്‍ക്കുന്നു. തെറ്റുകണ്ടെങ്കില്‍ മാന്യമായി ഉപദേശിക്കാനുള്ള അവസരം ഉണ്ടാക്കുന്നു നമ്മളെല്ലാം ഒരേ ഉദ്ദേശവും ലക്ഷ്യവും ഉള്ളവരാണെന്ന ബോധം ഉണ്ടാക്കുന്നു.
എല്ലാവരും വര്‍ഗ്ഗവര്‍ണ്ണ ഭാഷ വേഷാ വിവേചനമില്ലാതെ തോളോടുതോളുരുമ്മി ഒരേ പോയിന്റില്‍ നിന്ന് കൊണ്ട് അല്ലാഹുവിന്റെ മുന്നില്‍ തലകുനിക്കുന്നു.
ജമാ അത്ത് നമസ്‌കാരം നമ്മോട് വിളിച്ചോതുന്നത് നാം സംഘടിതരായി ജീവിക്കണമെന്നും അതിന്റെ നേതൃത്വം ആരാണമെന്നും നേതാവും അനുയായികളും തമ്മിലുള്ള ഇടപെടലുകളും ബന്ധങ്ങളും എങ്ങനെ ആയിരിക്കണമെന്നതുമാണ്. ഒരേ നേതാവിന്റെ കീഴില്‍ അച്ചടക്കമുള്ള അനുയായികളെപ്പോലെ അണിയായി നില്‍ക്കുകയും ഒപ്പം അനങ്ങുകയും അടങ്ങുകയും ചെയ്യുന്നതിലൂടെ ഹൃദയത്തില്‍ ഒരുമയും ഐക്യബോധവും ഉണ്ടായിത്തീരുകയും ചെയ്യുന്നു. നേതാവ് യോഗ്യനായിരിക്കണം. കൂടുതല്‍ അറിവുള്ളവന്‍, നന്നായി  ഓതാനറിയുന്നവന്‍, സംസമ്മതന്‍ തുടങ്ങിയ യോഗ്യതകള്‍ ഉണ്ടായിരിക്കണം. നേതാവ് അനുയായികളെ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണം. രോഗികള്‍, അശക്തര്‍, കുട്ടികള്‍ കരഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ അവരെയൊക്കെ നബി(സ) തങ്ങളുടെ നേതൃത്വത്തില്‍ നിസ്‌കരിക്കുമ്പോള്‍ പരിഗണിച്ചിരുന്നു. മുആദ്(റ) ഇശാഅ് നമസ്‌കാരം ദീര്‍ഘിപ്പിച്ചപ്പോള്‍ നബി(സ) മുആദിനെ  'നീ വലിയ ഫിത്‌നക്കാരനാണോ എന്ന് പറഞ്ഞ് കൊണ്ട് ശാസിച്ചു.
നേതാവിനെ പൂര്‍ണ്ണമായി അനുസരിക്കേണ്ടതുണ്ടെന്നും നിസ്‌കാരം നമ്മെ ബോധ്യപ്പെടുത്തുന്നു. അനുസരിക്കാതിരുന്നാല്‍ നിസ്‌കാരം നമ്മെ ബാത്വിലാകും. നേതാവ് അബദ്ധത്തില്‍ ചാടിയാല്‍ അനുസരിക്കേണ്ടതില്ല. തെറ്റ് തെരുത്താന്‍ എപ്പോള്‍ ആവശ്യപ്പെടാമെന്നും തെറ്റ് തിരുത്തിയില്ലെങ്കില്‍ നേതൃസ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടനാക്കാന്‍ അധികാരമുണ്ടെന്നും നിസ്‌കാരത്തിലൂടെ ദര്‍ശിക്കാം. ഇങ്ങനെ സുശക്തവും വിപുലവും അച്ചടക്കബോധമുള്ള ഒരു സാമൂഹികക്രമം കെട്ടിപ്പെടുക്കാന്‍ നിസ്‌കാരം പ്രചോദനം നല്‍കുന്നു.

 നിസ്‌കാരത്തിന്റെ ശാസ്ത്രീയത
ഹാര്‍വേര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ഹാര്‍ബര്‍ട്ട് ബെന്‍സന്‍ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്. ഏകാഗ്രമായ മാനസികാവസ്ഥ നൂറുകണക്കിന് ഗുളികളേക്കാള്‍ ഫലപ്രദമാണ്. മനുഷ്യ ശരീരത്തിലുണ്ടാകുന്ന എല്ലാ രാസമാറ്റങ്ങളും ഭൗതീകമാറ്റങ്ങളും കുറക്കുവാന്‍ ഏകാഗ്രധ്യാനത്തിന് കഴിവുണ്ട്. ബെന്‍സന്റെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് ദിവസം 2 നേരം ഇരുപത് മിനുട്ട് വീതം ഏകാഗ്രമായി ധ്യാനിക്കുവാന്‍ ആവശ്യപ്പെട്ടു. ഈ ധ്യാനത്തിന് ശേഷം അവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ രക്തത്തിലെ ലാക്ടറേറ്റ് നില താണിരിക്കുന്നതായി കണ്ടു. ഇതോടൊപ്പം അവാച്യമായി നിര്‍വൃതിയും അനുഭൂതിയും അനുഭവപ്പെട്ടതായി അവര്‍ പറഞ്ഞു. മാനസിക പിരിമുറുക്കം മൂലം അസ്വസ്ഥമാവുന്നവരുടെ രക്തത്തിലെ ലാക്ടറേറ്റ് നില ഉയര്‍ന്നിരിക്കുമെന്ന് ഈ വക അസ്വാസ്ഥ്യം അനുഭവപ്പെടുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബെന്‍സന്റെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ 3 മാസത്തോളം ധ്യാനമിരുന്ന ആയിരത്തിലധികം ആളുകള്‍ മാനസികോല്ലാസത്തിന് വേണ്ടി അവര്‍ കഴിച്ചിരുന്ന മയക്ക് മരുന്നുകളില്‍ നിന്ന് മോചിതരായി. ബെന്‍സന്റെ തത്വമനുസരിച്ച് നമസ്‌കാരത്തിന്റെ ആരോഗ്യവശം വളരെ വ്യക്തമാണ്. കാരണം ഏകാഗ്രധ്യാനത്തിന്റെ സമ്പൂര്‍ണ്ണ രൂപമാണല്ലോ നിസ്‌കാരം. അല്ലാഹു പറയുന്നു. 'അറിയുക അല്ലാഹുവിനെ സമരിക്കല്‍ കൊണ്ട് മാത്രമാണ് മനസ്സുകള്‍ക്ക് ശാന്തി ലഭിക്കുന്നത്'.
വില്യം മുള്‍ട്ടര്‍ മാര്‍സ്റ്റിന്‍ എന്ന മന:ശാസ്ത്രജ്ഞന്‍ 'റിഡേഴ്‌സ് ഡൈജസ്റ്റില്‍' എഴുതുന്നു. ജീവിതത്തിന്റെ നാനാതുറകളിലും ഏകാഗ്രമായി ചിന്തിക്കാന്‍ കഴിവുനേടിയവരാണ് മഹാന്മാര്‍. ചിതറിപ്പോവാതെ ചിന്തയെ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ നിരന്തര പ്രയത്‌നം കൊണ്ടേ സാധ്യാമാവൂ. അങ്ങിനെ സാധ്യാമായാല്‍ അത് കിടയറ്റ ഒരു വദ്രായുധമായിത്തീരും. ഉദ്ദേശിക്കുന്ന ഏത് കാര്യത്തിലും ചിന്തയെ യഥേഷ്ടം ഒരുക്കി നിര്‍ത്താനുള്ള പ്രാപ്തി ഇതിലൂടെ നേടാം. നമസ്‌കാരത്തില്‍ വ്യാപൃതമാകുന്ന സമയമത്രയും സര്‍വ്വ കഴിവും ഉപയോഗിച്ച് മനസ്സിനെ നിസ്‌കാരത്തില്‍ മാത്രം പിടിച്ചു നിറുത്തുന്ന വ്യക്തിയില്‍ ഏകാഗ്ര ചിന്താശക്തി വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
ജീവിതത്തിന്റെ നാനാതലങ്ങളിലും പ്രയാസവും അസ്വസ്ഥതയും അനുഭവിക്കുന്നവന് നിസ്‌കാരത്തിലൂടെ സമാധാനമടയാന്‍ കഴിയുന്നു. വല്ല കാര്യവും നബി തങ്ങളെ അസ്വസ്ഥനാക്കിയാല്‍ അവിടുന്ന് നിസ്‌കാരത്തിലേക്ക് അഭയം പ്രാപിക്കുമായിരുന്നു. എല്ലാം അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണുണ്ടാവുന്നതെന്നും അതെല്ലാം അല്ലാഹുവിന്റെ മുന്നില്‍ നിസ്സാരമാണെന്നുമുള്ള ബോധം നിസ്‌കാരം നല്‍കുന്നു. മാനസിക പ്രയാസമനുഭവിക്കുന്ന ഒരാള്‍ തന്റെ പ്രയാസം നല്ല സുഹൃത്തിനോട് പങ്ക് വെച്ചാല്‍ ആ പ്രയാസം പകുതിയാകും. എന്നാല്‍ എല്ലാത്തിന്റെയും സൃഷ്ടി പരിപാലകനായ അല്ലാഹുവിന്റെ മുന്നിലുള്ള സമര്‍പ്പണം എത്രമാത്രം സമാധാനം നല്‍കുന്നതായിരിക്കും. നിസ്‌കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടവര്‍ക്ക് കണ്‍കുളിര്‍മയും ആനന്ദകരമായ അനുഭൂതിയും ഉണ്ടാകുന്നു. നബി(സ) പറഞ്ഞു.
ഞാന്‍ നിസ്‌കാരത്തില്‍ കണ്‍കുളിര്‍മയാക്കപ്പെടുന്നു. അനുഗ്രഹം ചെയ്തവനോട് നന്ദി ചെയ്യുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായ നിലയിലുള്ള അനുഗ്രഹാനുഭൂതിയും സന്തോഷവും ലഭ്യമാവൂ.
മുസ്ലിമിന്റെ ജീവവായുവാണ് നിസ്‌കാരം. പ്രഭാതത്തില്‍ അവന്‍ എഴുന്നെല്‍ക്കുന്നു. ഉടന്‍ എല്ലാം അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട് നമസ്‌കരിക്കുന്നു. സൂര്യന്‍ ഉദിച്ച് അല്‍പം കഴിഞ്ഞ് ളുഹാ നിസ്‌കരിക്കുന്നു. അവന്‍ ജോലിയിലേര്‍പ്പെട്ട് കൊണ്ടിരിക്കേ മധ്യാഹ്നമായാല്‍ (ളുഹ്ര്‍) വീണ്ടും അല്ലാഹുവിന്റെ മുന്നില്‍ സാഷ്ടാം ഗം നമിക്കുന്നു. സായാഹ്നമായാല്‍(അസ്ര്‍) വീണ്ടും അനുഗ്രഹദാതാവിന്റെ മുന്നില്‍ തല കുനിക്കുന്നു. സന്ധ്യ ആയാല്‍ (മഗ്‌രിബ്) വീണ്ടും പടച്ചതമ്പുരാന്റെ മുന്നിലെക്ക്. അല്‍പം കഴിഞ്ഞ്        (ഇശാഅ്) വീണ്ടും നിര്‍ബന്ധ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാന്‍ ബെഡിലേക്ക് നീങ്ങുന്നതിന് മുമ്പ് വീണ്ടും ഒരു വിത്ര്‍ നമസ്‌കാരം. ഉറങ്ങി രാത്രി പകുതിക്ക് ശേഷം വളരെ രഹസ്യമായി നിശയുടെ നിശബ്ദതയില്‍ (തഹജ്ജുദ) അല്ലാഹുവിന്റെ മുന്നില്‍ വണങ്ങുന്നു. ഇത് ദിനം പ്രതിയുള്ള സമയാധിഷ്ട നിസ്‌കാരങ്ങളാണ്. ഇനി പള്ളിയിലേക്ക് പോയാല്‍ അല്ലാഹുവിന്റെ മുന്നില്‍ കാണിക്കയായി 2 റക്അത്ത് തഹിയ്യത് നമസ്‌കരിക്കുന്നു. ഏതെങ്കിലും കാര്യത്തില്‍ ഗുണവും ദോഷവും തിരിയാതെ അസ്വസ്ഥമാവുമ്പോള്‍ ഖൈറിനെ തേടിയുള്ള ഇസ്തിഖാറതിന്റെ നിസ്‌കാരം നിര്‍വ്വഹിക്കുന്നു. യാത്രക്ക് പുറപ്പെടുമ്പോള്‍ നിസ്‌കാരം യാത്ര കഴിഞ്ഞ് വന്നാല്‍ നിസ്‌കാരം, രണ്ട് സന്തോഷവേളകളായ 2 പെരുന്നാള്‍ ദിനങ്ങളിലെ സന്തോഷ പ്രകടന നിസ്‌കാരം, ആരെങ്കിലും നമ്മെ വിട്ട് പിരിഞ്ഞാല്‍ ആ ദു:ഖവേളയിലും നിസ്‌കാരം, ആവശ്യങ്ങള്‍  വീടാനുണ്ടെങ്കില്‍ ഖളാതുല്‍ ഹാജതിന്റെ നിസ്‌കാരം, മഴയില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ സ്വലാത്തുല്‍ ഇസ്തിഖാത്ത്, ആരാധനകള്‍ അധികരിക്കപ്പെടേണ്ട റമളാനില്‍ സ്‌പെഷ്യലായി 2 റക്ണത്ത് തറാവീഹ് നമസ്‌കാരം. സൂര്യനോ, ചന്ദ്രനോ ഗ്രഹണം ബാധിച്ചാല്‍ ഗ്രഹണ നിസ്‌കാരം. ഇങ്ങനെ മുഅ്മീനിന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും ജീവവായുവെന്നപോലെ നിസ്‌കാരം ശറആക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള നിരന്തര പ്രയത്‌നത്തിലൂടെയും പരിശീലനത്തിലൂടെയും നിസ്‌കാരം അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്തുകയും ജീവിതത്തിന്റെ ഏത് തുറകളിലായാലും ഏത് കൂരിരുട്ടിലും വനമധ്യത്തിലായാലും ഒരു കാര്യവും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിന്ന് മറച്ച് വെക്കാന്‍ സാധ്യമല്ലെന്നുമുള്ള ദൃഢവിശ്വാസം കൈവരുത്തുകയും തന്മൂലം തെറ്റ്കുറ്റങ്ങളില്‍ നിന്നകന്ന് വിശുദ്ധജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയും ചെയ്യുന്നു.

നിസ്‌കാര സംബന്ധിയായ ചില മസ്അലകള്‍
പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിംകള്‍ക്കും നിസ്‌കാരം നര്‍ബന്ധമാണ്. അതിക്രമമായി വല്ലതും കഴിച്ചോ, മറ്റോ ബുദ്ധി നീങ്ങിയാല്‍ അതായത് ഭ്രാന്തോ, ബോധക്ഷയമോ മസ്‌തോ ഉണ്ടായാല്‍ ആ സമയത്തുള്ള നിസ്‌കാരം ഖളാഅ് വീട്ടണം. ഹൈളോ നിഫാസോ കാരണം അശുദ്ധി ഉണ്ടായാല്‍ നിസ്‌കാരം നിര്‍ബന്ധമില്ല. ആ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതില്ല. മേല്‍ പറയപ്പെട്ട കാരണങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് നിസ്‌കാരസമയം ആവുകയും ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ ആ നിസ്‌കാരം നിര്‍വ്വഹിക്കാനുള്ള സമയം ലഭിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആ കാരണങ്ങള്‍ നീങ്ങിയതിന് ശേഷം ആ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതാണ്. 5 വഖ്ത് നമസ്‌കാര സമയങ്ങളില്‍ ഏതെങ്കിലും നിസ്‌കാര സമയത്ത് മേല്‍ പറയപ്പെട്ട കാരണങ്ങള്‍ ഇല്ലാതെ ആയാല്‍ (ഒരു തക്ബീറിന്റ് സമയം മാത്രമേ ബാക്കിയുള്ളൂ എങ്കിലും) ആ നിസ്‌കാരം നിര്‍വ്വഹിക്കേണ്ടതാണ്. അസ്‌റിന്റെയോ, ഈശാഇന്റെയോ സമയത്താണ് മേല്‍ പറഞ്ഞ കാരണങ്ങള്‍ ഇല്ലാതെ ആയെങ്കില്‍ അസ്‌റിനും ഇശാഇനും പുറമേ അവയുടെ കൂടെ ജംആക്കപ്പെടുന്ന ളുഹ്‌റും മഗ്‌രിബും കൂടി ഖളാഅ് വീട്ടേണ്ടതാണ്.
യാത്രക്കാരന്റെ നിസ്‌കാരം
യാത്രക്കാരനുവദിക്കപ്പെട്ട രണ്ട് ഇളവുകളാണ് ജംഉം ഖസ്‌റും 132 കി.മീ. ദൈര്‍ഘ്യം വരുന്ന ഹലാലായ യാത്രയില്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ ഉള്ളൂ. ജംഅ് രണ്ട് വിധമാണ്. രണ്ട് നിസ്‌കാരങ്ങളും കൂടി ഒന്നാമത്തെ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കപ്പെടുന്നതിന് ജംഉത്തഖ്ദീം എന്നും രണ്ടാമത്തെ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കപ്പെടുന്നതിന് ജംഉത്തഅ്ഖീര്‍ എന്നും പറയുന്നു. ജംഉത്തഖ്ദീമിന് 4 കാര്യങ്ങള്‍ നിര്‍ബന്ധമാണ്. 
1. ഒന്നാമത്തെ നിസ്‌കാരം ആദ്യം നിര്‍വ്വഹിക്കുക. (2). ഒന്നാമത്തെ നിസ്‌കാരത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി ജംഅ് ആക്കി നിസ്‌കരിക്കുന്നു എന്ന് കരുതുക. (3). രണ്ട് റക്അത്ത് നമസ്‌കാരസമയത്തേക്കാള്‍ വിട്ട് പിരിയാതിരിക്കുക. (4). രണ്ടാമത്തെ നിസ്‌കാരത്തിന്റെ സമയം തുടങ്ങുന്നതു വരെയെങ്കിലും യാത്രക്കാരന്‍ ആയിരിക്കുക. ജംഉംത്തഅ്ഖീറിന് നിര്‍ബന്ധമായും രണ്ട് കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. 1. ഒന്നാമത്തം നിസ്‌കാരത്തിന്റെ സമയത്തില്‍ നിന്ന് ആ നിസ്‌കാരം നിര്‍വ്വഹിക്കാനുള്ള സമയം ഉള്ളപ്പോഴോ അതിനു മുമ്പോ ചിന്തിച്ച് ജംആക്കി നിസ്‌കരിക്കുന്ന എന്ന് കരുതുക. ഒരു റക്അത്ത് നിസ്‌കരിക്കാനുള്ള സമയം ബാക്കി ഉള്ളപ്പോള്‍ ജംഇനെ കരുതിയാല്‍ ജംഅ് ശരിയാവുമെങ്കിലും അത്രയും ചിന്തിച്ചാല്‍ ഒറ്റക്കാരനാകും. 2. രണ്ട് നിസ്‌കാരവും തീരുന്നത് വരെ യാത്രക്കാരനായിരിക്കുക.
132 കി.മീ. ദൈര്‍ഘ്യമുള്ള യാത്രയില്‍ ഖസ്‌റ് അനുവദനീയമെങ്കിലും 198 കി.മീ. ദൈര്‍ഘ്യമുള്ള യാത്രയിലേ ഖസ്‌റ് അഫ്‌ളലാകുന്നുള്ളൂ. 4 റക്അത്തുള്ള നിസ്‌കാരം 2 റക്അത്തായി ചുരുക്കി നിസ്‌കരിക്കുന്നതിനാണ് ഖസ്‌റ് എന്ന് പറയുന്നത്. അതിനു ചില  നിബന്ധനകളുണ്ട്. മേല്‍ പറയപ്പെട്ട വഴി ദൂരമുള്ള ലക്ഷ്യസ്ഥാനമുണ്ടാവണം. എവിടേക്കാണ് പോകുന്നതെന്നറിയാതെ മറ്റൊരാളെ അനുഗമിക്കുന്ന ആള്‍ ഇത്രയും വഴി ദൂരം വിട്ട് കടന്നാല്‍ മാത്രമേ ഖസ്‌റാക്കാന്‍ പാടുള്ളൂ. പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നവനോട് തുടര്‍ന്ന് നിസ്‌കരിക്കാന്‍ പാടില്ല. തുടര്‍ന്നാല്‍ പൂര്‍ത്തിയാക്കി നിസ്‌കരിക്കേണ്ടി വരും. സാധാരണ നിലയില്‍ നിസ്‌കാരത്തിന്റെ നിയ്യത്ത് ചെയ്യുന്ന സമയത്ത് ഖസ്‌റീനെയും കരുതുക. ഖസ്‌റാക്കി നിസ്‌കരിക്കുന്നവന്‍ മനപൂര്‍വ്വം 3-ാം റക്അത്തിലേക്ക് നിന്നാല്‍ നിസ്‌കാരം ബാത്വിലാകും. മറന്നിട്ടാണെങ്കില്‍ ഉടന്‍ തന്നെ മടങ്ങുകയും സഹ്‌വിന്റെ സുജൂദ് ചെയ്യുകയും വേണം. ഖസ്‌റിനെ കരുതിയോ എന്ന് സംശയിച്ചാലും പൂര്‍ത്തിയാക്കി നിസ്‌കരിക്കണം. നിസ്‌കാരത്തിന്റെ മുഴുവന്‍ മയത്തിലും യാത്രക്കാരനായിരിക്കണം. യാത്രയിലെ അദാആയ നിസ്‌കാരവും യാത്രയില്‍ ഖളാആയ നിസ്‌കാരവും ഖസ്‌റാക്കാം. ഒരു സ്ഥലത്ത് എത്രദിവസം എന്ന് പരിധിയില്ലാതെ താമസിക്കാന്‍ കരുതുകയോ പൂര്‍ണ്ണമായ 4 ദിവസം താമസിക്കാന്‍ കരുതുകയോ ചെയ്താല്‍ പറയപ്പെട്ട ആനുകൂല്യം ആ സ്ഥലത്ത് എത്തുന്നതോടെ അവസാനിക്കും. നാല് ദിവസത്തേക്കാള്‍ കുറഞ്ഞ ദിവസം താമസിക്കാന്‍ കരുതിയാല്‍ ഈ ദിവസങ്ങളിലെല്ലാം ജംഉം ഖസ്‌റും ജംഇസാണ്. എന്റെ ആവശ്യം ഏതു സമയത്തും നിറവേറ്റപ്പെടാം എന്ന് പ്രതീക്ഷയുണ്ടാവുകയും നിറവേറ്റപ്പെട്ടാല്‍ തിരിച്ച് പോകാന്‍ കരുതുകയും ചെയ്തവന് ആവശ്യം നിറവേറ്റപ്പെടാതെ നീണ്ട് പോയാല്‍ 18 ദിവസം വരെ ഖസ്‌റാക്കാം.

അശക് തന്റെ നിസ്‌കാരം
നിന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ ഇരുന്ന് നിസ്‌കരിക്കണം. നെറ്റി മുട്ടിന്റെ മുന്‍ഭാഗത്തോട് നേരിടുന്നരീതിയില്‍ കുനിയലാണ് കുറഞ്ഞ രൂപത്തിലുള്ള അവന്റെ റുകുഅ്. സുജൂദ് സാധാരണപോലെ സാധിക്കുമെങ്കില്‍ അങ്ങിനെ ചെയ്യണം. നെറ്റി നിലത്ത് വെക്കുന്നതിനെതൊട്ട് അശക്തനായാല്‍ കഴിയുന്നില്ലെങ്കില്‍ നെറ്റിയെ പരമാവധി നിലത്തോട് അടുപ്പിക്കുക. റുളഇന്റെ പരിധിക്കപ്പുറം കുനിയാന്‍ കഴിയുന്നില്ലെങ്കില്‍ സുജൂദിനെ തൊട്ടും അത്ര കുനിഞ്ഞാല്‍ മതി. ഇതുകഴിയുന്നില്ലെങ്കില്‍ ആവുന്നത്ര കുനിഞ്ഞാല്‍ മതി. ഇരുന്ന് നിസ്‌കരിക്കുന്നവന്‍ സാധാരണ നിലയില്‍ സുജൂദ് ചെയ്യാന്‍ കഴിയുകയില്ലെങ്കില്‍ അവന്റെ മുന്നില്‍ സ്റ്റൂളോ ടേബിളോ മറ്റോ വെച്ച് സുജൂദ് ചെയ്യേണ്ടതില്ല. കുനിഞ്ഞാല്‍ മതി.
നിന്ന് നിസ്‌കരിക്കാന്‍ കഴിയുമെങ്കിലും ഇരിക്കാന്‍ കഴിയുകയില്ല. അങ്ങിനെയുള്ളവര്‍ നിന്ന് കൊണ്ട് തന്നെയാണ് അത്തഹിയ്യാത്ത് ഓതേണ്ടത്. അവന് സാധാരണ നിലയില്‍ റുകുഉം സുജൂദും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നിന്ന് കൊണ്ട് ആവുന്നത്ര മുതുക് കുനിക്കണം. അതിനും കഴിയുന്നില്ലെങ്കില്‍ പിരടിയും പിന്നെ തലയും പിന്നെ കണ്‍പോളയും. റുകുഅ് മാത്രം ചെയ്യാന്‍ കഴിഞ്ഞാല്‍ സുജൂദിനെതൊട്ടും അത് തന്നെ ചെയ്യണം. ജമാഅത്തിന്റെ കാരണത്തിന് വേണ്ടിയോ സൂറത്തോ താന്‍ വേണ്ടിയോ ഇരിക്കേണ്ടി വന്നാല്‍ ആ സമയത്ത് ഇരിക്കാം. പിന്നെ റുകുഇന് വേണ്ടി എഴുന്നേല്‍ക്കണം. നേരെ നില്‍ക്കാന്‍ കഴിയുകയില്ല. റുകുഅ് ചെയ്തവനെപ്പോലെയാണുള്ളത്. അങ്ങിനെയുള്ളവന്‍ അങ്ങിനെ നില്‍ക്കണം. റുകുഇന് വേണ്ടി കഴിയുമെങ്കില്‍ അല്‍പം കൂടി കുനിയണം. സുജൂദിലേക്ക് പോയവന്‍ ഒരു സഹായിയെ കൊണ്ട് മാത്രമേ എഴുന്നേല്‍ക്കാന്‍ കഴിയുന്നുള്ളൂവെങ്കില്‍ സഹായിയെ നിര്‍ത്തല്‍ നിര്‍ബന്ധമാണ്. മുട്ടിന്റെ മേല്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ അങ്ങനെ നില്‍ക്കണം. ഇരുന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ വലംഭാഗത്ത് കിടന്ന് നിസ്‌കരിക്കണം. കാരണം കൂടാതെ ഇടഭാഗത്ത് ചെരിഞ്ഞ് കിടക്കല്‍ കറാഹത്താണ്. അതിനും കഴിയുന്നില്ലെങ്കില്‍ മലര്‍ന്ന് കിടന്ന് നിസ്‌കരിക്കണം. അവന്റെ മുഖവും കാലടിയും ഖിബ്ലയിലേക്കാവണം. മുഖം ഖിബ്ലയിലേക്കാവാന്‍ വേണ്ടി തലയണ വെച്ച് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഈ സന്ദര്‍ഭങ്ങളില്‍ റുകുംഉം സുജൂദും ചെയ്യാന്‍ കഴിഞ്ഞാല്‍ ചെയ്യണം. കഴിഞ്ഞില്ലെങ്കില്‍ രണ്ട് കൈ കൊണ്ടും തല കൊണ്ട് ആംഗ്യം കാണിക്കണം. അതിനും കഴിയുന്നില്ലെങ്കില്‍ നിസ്‌കാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍  അവന്റെ മനസ്സിലൂടെ നടത്തണം. എത്ര അശക്തനായാലും ബുദ്ധിസ്ഥിരതയുള്ള കാലത്തോളം ഒരാളെ തൊട്ടും നിസ്‌കാരം ഒഴിവല്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. 
ഓരോ ഫര്‍ള് നിസ്‌കാരവും അതിന്റെ സമയത്ത് നിസ്‌കരിക്കാന്‍ പ്രയാസപ്പെടുന്ന രോഗിക്ക് മേല്‍ പറഞ്ഞ ജംഅ് അവകളുടെ ശര്‍തുക്കളോടെ ജംഇസാകും. നിന്ന് നിസ്‌കരിക്കുമ്പോള്‍ മൂത്രം പോവുന്നവന്‍ ഇരുന്നാല്‍ മൂത്രം പിടിച്ചനില്‍ക്കാന്‍ കഴിയുമെങ്കില്‍ ഇരുന്ന് നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. മൂത്രം പോവാന്‍ പൈപ്പിടപ്പെട്ടവന്‍ നിസ്#ാര സമയമായാല്‍ അത് കഴിയും പോലെ ശുദ്ധിയാക്കി പഞ്ഞിയോ മറ്റോ മൂത്രദ്വാരത്#ിന് വെച്ച് ഉടന്‍ നിസ്‌കരിക്കേണ്ടതാണ്. ചുരുക്കത്തില്‍ നിസ്‌കാരമെന്നത് ജീവനുള്ള കാലത്തോളം ഒഴിവാക്കാനാവാത്തതാണ്.

സാമ്പാ: ജുനൈദ് അസ്അദി 
As'adiyya College Pappinshery :+91 9747356552 junduvayad@gmail.com

No comments:

Post a Comment