ഏറനാടിന്റെ പണ്ഡിതപാരമ്പര്യം
ശഫീഖ് വഴിപ്പാറ
ശഫീഖ് വഴിപ്പാറ
മഞ്ചേരിയിലെ ആദ്യകാല മുസ്‌ലിം കേന്ദ്രങ്ങളിലൊന്നാണ് നെല്ലിക്കുത്ത്. കനംവെച്ച പണ്ഡിതപടുക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയരായ പൊന്നാനി കഴിഞ്ഞാല്‍ പണ്ഡിതരുടെ നീണ്ടനിര ജീവിച്ചുമറഞ്ഞ ഈ നാടിനെ ഒരു കാലത്ത് ചെറുപൊന്നാനിയെന്ന് വിളിച്ചുപോന്നിരുന്നു. ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്ന ആലിമുസ്‌ലിയാര്‍ക്കും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ജന്മം നല്‍കിയ മണ്ണാണിത്. നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് നിന്നും ഈ ദേശത്തിന്റെ ചരിത്രം വായിക്കപ്പെടുന്നു.
നിരവധി പണ്ഡിത പടുക്കള്‍ നെല്ലിക്കുത്തിന്റെ ഇന്നലെകളില്‍ സുകൃതം പരത്തി. അവരില്‍ ചിലരെ പരിചയപ്പെടാം. ഏരികുന്നന്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍- ആലി മുസ്‌ലിയാരുടെ പിതാവ്. കുഞ്ഞിമൊയ്തീന്‍ മൊല്ലയുടെ (മരണം ഹി. 1305) അനുജനായ ഇദ്ദേഹം പണ്ഡിതനും തികഞ്ഞ വലിയ്യുമായിരുന്നു. ഇദ്ദേഹം ഒരിക്കല്‍ വയലിലൂടെ നടക്കുന്നതിനിടെ മമ്പുറം തങ്ങള്‍ അതുവഴി വന്നു. മമ്പാട് തങ്ങളുടെ ഖബര്‍ സിയാറത്ത് കഴിഞ്ഞുവരികയായിരുന്നു മമ്പുറംതങ്ങള്‍. തൊട്ടടുത്ത് മനോഹരമായ ഒരു കുളം കണ്ടപ്പോള്‍ മമ്പുറം തങ്ങള്‍ അവിടേക്ക് വിരല്‍ ചൂണ്ടി ഇവിടെ പള്ളി സ്ഥാപിക്കണമെന്ന് കുഞ്ഞഹമ്മദ് മുസ്‌ലിയാരോട് ആഗ്രഹം പ്രകടിപ്പിച്ചു. അതാണ് പട്ടര്‍കുളത്തെ പഴയപള്ളി. ഈ പള്ളി നിര്‍മിക്കാന്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഏറെ പാടുപെട്ടു. ഏഴു വര്‍ഷത്തോളം ഇവിടെ ജുമുഅ നടന്നു. പട്ടര്‍കുളത്തെ ഇപ്പോഴത്തെ ജുമുഅത്ത് പള്ളി സ്ഥാപിക്കുന്നത് ഹി. 1310ല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകന്‍ ഇസ്മാഈല്‍ മുസ്‌ലിയാരാണ് (മ.ഹി. 1334). ഹി. 1290ല്‍ മരണപ്പെട്ട കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ഖബര്‍ മേലാക്കം പള്ളിക്ക് സമീപം സ്ഥിതിചെ
യ്യുന്നു.
ഏരികുന്നന്‍ ഉണ്ണിമുഹമ്മദ് മുസ്‌ലിയാര്‍ - ആലിമുസ്‌ലിയാരുടെ പിതാവിന്റെ അനുജനാണിദ്ദേഹം. കിഴക്കേ പാണ്ടിക്കാട് ഖുര്‍ആന്‍ പഠിക്കാന്‍ പോയി. അവിടെ താമസമാക്കി. ഹി. 1270ല്‍ മരണപ്പെട്ട അദ്ദേഹം കിഴക്കേ പാണ്ടിക്കാട്ടെ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. പ്രസ്തുത പള്ളിക്ക് 257 വര്‍ഷത്തെ പഴക്കമുണ്ട്. 'പിച്ചുമണ്ണില്‍ക്കാര്‍' എന്ന കുടുംബപ്പേരില്‍ അറിയപ്പെടുന്ന 133-ഓളം കുടുംബങ്ങള്‍ ഇന്നവിടെ അദ്ദേഹത്തിന്റെ ഏഴാം തലമുറക്കാരായി ജീവിക്കുന്നു.
ഏരികുന്നന്‍ അയമുട്ടി മുസ്‌ലിയാര്‍-ആലിമുസ്‌ലിയാരുടെ പിതാവിന്റെ ജ്യേഷ്ഠന്റെ മകനാണിദ്ദേഹം. നെല്ലുക്കുത്ത് പള്ളിയുടെ കിഴക്കും പടിഞ്ഞാറുമുള്ള കല്‍മതില്‍ പൊന്നാനിയിലെ ഒരു മുതലാളി ഇദ്ദേഹത്തിന്റെ പ്രത്യേക താത്പര്യപ്രകാരം എടുത്ത് കൊടുത്തതാണ്. പള്ളിക്കുവേണ്ടി ധാരാളം സ്വത്തുക്കള്‍ ഇദ്ദേഹം വഖ്ഫ് ചെയ്തിട്ടുണ്ട്. ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നു. പൊന്നാനി ദര്‍സിന്റെ സന്തതിയായ അയമുട്ടി മുസ്‌ലിയാര്‍ പൊന്നാനി പള്ളിയില്‍ മുപ്പത്തിയഞ്ച് വര്‍ഷത്തോളം ദര്‍സ് നടത്തി. ഹി. 1331-ല്‍ അനുജന്‍ മൂസഹാജിയുടെ കൂടെ ഹജ്ജിന് പോയി. മൂസഹാജി തിരിച്ചുപോന്നു. (മ.ഹി. 1364). മക്കയില്‍ തങ്ങിയ അയമുട്ടി മുസ്‌ലിയാര്‍ ഹി. 1347-ല്‍ അവിടെ വെച്ച് മരണപ്പെട്ടു. ജന്നത്തുല്‍ മുഅല്ലയയില്‍ ഖബറടക്കി (ഏരികുന്നന്‍ കുടുംബത്തിലെ ഏഴുപേര്‍ ജന്നത്തുല്‍ മുഅല്ലഖയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.)
ഏരികുന്നന്‍ മമ്മദ് കുട്ടി മുസ്‌ലിയാര്‍-അസാധാരണ ബുദ്ധിശക്തിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. തഫ്‌സീറുല്‍ ജലാലൈനി മുഴുവനായും വെറും നാല്‍പ്പത് ദിവസം കൊണ്ടാണത്രെ ഓതി തീര്‍ത്തത്. അല്‍ഫിയ്യയുടെ ബൈത്തുകള്‍ ദിനേനെ ഏഴെണ്ണം ഓതിക്കൊടുത്താല്‍ അതു മുഴുവനും ശര്‍ഹോടുകൂടി മനഃപാഠമാക്കിയിരുന്നു. കാലില്‍ മെതിയടി ധരിച്ചിരുന്ന അദ്ദേഹം ദിവസവും പൊന്നാനിയിലേക്ക് നടന്നുപോവുകയും തിരിച്ചു വരികയും ചെയ്തിരുന്നു. ഹി. 1323-ല്‍ മക്കയില്‍വെച്ച് മരണപ്പെട്ടു.
ഏരികുന്നന്‍ മൂസഹാജി - ആലി മുസ്‌ലിയാരുടെ പിതാവിന്റെ സഹോദരനാണിദ്ദേഹം. നെല്ലിക്കുത്ത് ജുമുഅത്ത് പള്ളിയുടെ മനോഹരമായ മിമ്പര്‍ കാസാവന്റെ കാതല്‍കൊണ്ട് സന്തം ചെലവില്‍ അദ്ദേഹം നിര്‍മിച്ചതാണ്. ഹി. 1320-ല്‍ നിര്‍മ്മിച്ച ഈ മിമ്പറിന് ഇപ്പോള്‍ നാല് ലക്ഷത്തിലധികം വിലവരുമെന്ന് കാരണവന്മാര്‍ പറയുന്നു. പള്ളിയുടെ പൂമുഖവും ഇദ്ദേഹം സ്വന്തം ചെലവില്‍ നിര്‍മിച്ച് നല്‍കിയതാണ്. ഹി. 1323-ല്‍ മക്കയില്‍ വെച്ച് മരണപ്പെട്ടു.
ഏരികുന്നന്‍ അബ്ദുല്ലഹാജി - ആലിമുസ്‌ലിയാരുടെ പിതാവിന്റെ ജ്യേഷ്ഠപുത്രനാണിദ്ദേഹം. 1821-ലെ മണ്ണാര്‍ക്കാട് യുദ്ധത്തില്‍ പങ്കെടുത്ത് മക്കയിലേക്ക് നാട് കടത്തപ്പെട്ടു. ഹി. 1343-ല്‍ മക്കയില്‍ അ
ന്തരിച്ചു.
കേരളത്തിലെ എണ്ണംവെച്ച പണ്ഡിതശ്രേഷ്ഠരിലെ നെല്ലിക്കുത്ത് പാരമ്പര്യം ഇങ്ങനെ നീണ്ടുപോകുന്നു. ഏരികുന്നന്‍ കുടുംബത്തിനുപുറമെ ധാരാളം പണ്ഡിതന്മാര്‍ ഇവിടെ ജീവിച്ച് മണ്‍മറഞ്ഞിട്ടുണ്ട്. അബുറഹ്മത്ത് മുസ്‌ലിയാര്‍, കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍, ബാപ്പുട്ടി മുസ്‌ലിയാര്‍.... ഇങ്ങനെ നിരവധിപേര്‍. നെല്ലിക്കുത്ത് ജീവിച്ച പണ്ഡിത വ്യക്തിത്വങ്ങളില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്ന മറ്റൊരു മഹാനാണ് നെല്ലിക്കുത്ത് മരക്കാര്‍ മുസ്‌ലിയാര്‍. പഴമയും പ്രതാപവുമുള്ള പുതുകൊള്ളിത്തറവാട്ടില്‍ ഹി. 1298-ല്‍ അഹ്മദ് കുട്ടി-ആയിശ ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. ആലി മുസ്‌ലിയാരുടെ കൂടെ കവരത്തി ദ്വീപിലെ പള്ളി ദര്‍സിലും പൊടിയാട് ജുമുഅത്ത് പള്ളിയിലും പഠനം നടത്തി. 1322-ല്‍ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ മുദരിസായതോടെ അദ്ധ്യാപനമേഖലക്ക് തുടക്കമായി. ഹി. 1327 മുതല്‍ തുടര്‍ച്ചയായി 38 വര്‍ഷത്തോളം പരിയങ്ങാട് ഖാളിയും മുദരിസുമായി കഴിച്ചുകൂട്ടിയ അദ്ദേഹം ഭാര്യയും മക്കളുമൊത്ത് അവിടെ താമസമാക്കി. സാഹിത്യരചനകളില്‍ നിപുണനായിരുന്ന അദ്ദേഹം മലയാളത്തിലുള്‍പ്പെടെ ധാരാളം കവിതകളെഴുതി. ഗോളശാസ്ത്രത്തിലും നക്ഷത്രശാസ്ത്രത്തിലും അഗാധപണ്ഡിതനായിരുന്നു. ഹി. 1365-ല്‍ മരണപ്പെട്ടു. പരിയങ്ങാട് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
(സുന്നിഅഫ്കാര്‍ വാരിക, 2005, ജനുവരി: 26, സുന്നിമഹല്‍, മലപ്പുറം)
No comments:
Post a Comment