Tuesday, November 1, 2011

സകാത്ത്: കമ്മിറ്റികള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

സകാത്ത്: കമ്മിറ്റികള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?
കെ.സി. ശൗഖത്ത്‌ ഫൈസി

മതത്തിനകത്തേക്ക്‌ തനി യുക്തിവാദം കടന്നുവന്നതിന്റെ ശേഷവിശേഷമാണ്‌ സകാത്ത്‌ കമ്മിറ്റികളെന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പലതും. ഇജ്‌തിഹാദ്‌ (ഗവേഷണം) പുരോഗമിച്ചപ്പോഴാണ്‌ ചിലയാളുകള്‍ കമ്മിറ്റിയുണ്ടാക്കാതെ സകാത്ത്‌ കൊടുത്താല്‍ മതിയാവുകയില്ലെന്നും സകാത്ത്‌ സകാത്താകണമെങ്കില്‍ സംഘടിതമായിരിക്കണമെന്നും പറയാന്‍ തുടങ്ങിയത്‌ ഒരു മൗലവി എഴുതുന്നത്‌ കാണുക: ``അതായത്‌ അഗ്നി അഗ്നിയാകാനുള്ള സ്വഭാവഗുണമാണ്‌ അതിന്‌ ചൂടും പ്രകാശവും ഉണ്ടാവുക എന്നത്‌. ഈ സ്വഭാവം നഷ്‌ടപ്പെട്ടാല്‍ അതിന്‌ അഗ്നി എന്ന്‌ പറയുകയില്ല. ഇതുപോലെ സകാത്ത്‌ സകാത്താകാനുള്ള സ്വഭാവഗുണമാണ്‌ അത്‌ സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കപ്പെടുക എന്നത്‌ (ആദര്‍ശ വൈകല്യങ്ങള്‍ പേ. 202) എന്നാല്‍ ഇവര്‍ മുന്‍കാലത്ത്‌ എഴുതിയതിന്‌ വിരുദ്ധമാണിത്‌. കാരണം, അന്ന്‌ സംഘടിതമല്ലെങ്കിലും അത്‌ സകാത്തായി പരിഗണിക്കുമെന്നും അതിന്‌ പണ്ഡിതന്മാരുടെ പിന്‍ബലമുണ്ടെന്നും എഴുതിയിട്ടുണ്ട്‌. അവരുടെ വരികള്‍ തന്നെ കാണുക: ``ആമിലുകളുടെ ഓഹരി ഇല്ലാതാകുന്ന ചില സന്ദര്‍ഭം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചിട്ടുണ്ട്‌. അത്‌ സകാത്തിന്റെ ഉടമസ്ഥന്‍ അവകാശികല്‍ക്ക്‌ നേരിട്ട്‌ കൊടുക്കുന്ന സന്ദര്‍ഭമാണെന്ന്‌ അവര്‍ പ്രസ്‌താവിക്കുന്നു'' (അല്‍ഇസ്‌ലാഹ്‌ 1998 ജനുവരി പേ. 11) ചുരുക്കത്തില്‍ നേരിട്ട്‌ നല്‍കിയാല്‍ സകാത്താവുകയില്ല എന്നത്‌ ബിദ്‌അത്താ(പുത്തന്‍വാദി)ണ്‌.

ഇമാമിനെ (ഇസ്‌ലാമിക ഭരണാധികാരിയെ) ഏല്‍പിച്ചാല്‍ സാധുവാകുമെന്നതിലും തര്‍ക്കമില്ല. എന്നാല്‍ ഇന്ന്‌ ഇസ്‌ലാമിക ഭരണാധികാരി ഇല്ലാത്ത സ്ഥലത്ത്‌ കമ്മിറ്റിയുണ്ടാക്കി ആ കമ്മിറ്റിയെ ഇമാമിന്റെ സ്ഥാനത്ത്‌ നിര്‍ത്താന്‍ ശ്രമിക്കുന്നതും ഇന്നത്തെ മഹല്ല്‌ കമ്മിറ്റി നിശ്ചയിക്കുന്ന ഖാസിമാരെ ഭരണാധികാരികളുടെ സ്ഥാനത്ത്‌ അവരോധിക്കുന്നതും വേണ്ടത്ര മതവിജ്ഞാനമില്ലാത്തതുകൊണ്ടും അതിന്റെ പിന്നിലെ ബുദ്ധിശൂന്യത മനസ്സിലാക്കാത്തതുകൊണ്ടുമാണ്‌. അത്‌ വിശദീകരിക്കുന്നതിന്‌ മുമ്പ്‌ മൂന്നാമത്തെ മാര്‍ഗം കൂടി പറയാം. മറ്റൊരാളെ വക്കാലത്ത്‌ (ഏല്‍പിക്കുക) ഇതിന്‌ വിശദമായ നിബന്ധനകളാണ്‌. അതെല്ലാം തെളിവാക്കിക്കൂടെ എന്നതാണ്‌ ഇപ്പോഴത്തെ ഇജ്‌തിഹാദ്‌. എന്നാല്‍ മേല്‍പറഞ്ഞത്‌ പോലെ വക്കാലത്തിന്റെ നിബന്ധനകള്‍ പാലിച്ച്‌ കമ്മിറ്റിയുണ്ടാക്കാന്‍ സാധ്യമല്ല. അതിനാല്‍ കമ്മിറ്റിക്ക്‌ തെളിവ്‌ അന്വേഷിക്കേണ്ടതില്ല.

വേണ്ടത്ര മതവിജ്ഞാനമില്ലാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ ചൂഷണം ചെയ്‌ത്‌ പാര്‍ട്ടി വളര്‍ത്തുന്ന കമ്മിറ്റിക്കാരുടെ വാദമുഖങ്ങള്‍ നമുക്കൊന്ന്‌ പരിശോധിക്കാം. സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ എട്ട്‌ വിഭാഗങ്ങളെ പറഞ്ഞിട്ടുണ്ടല്ലൊ? അതില്‍ `ആമിലിന അലൈഹാ' (സകാത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും) എന്ന്‌ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകരായി കുറച്ചുപേര്‍ ഉണ്ടാകണമെന്നും അവര്‍ക്ക്‌ വിഹിതം നല്‍കണമെന്നും വരുന്നില്ലേ? ഇത്‌ അവരുടെ വരികളിലൂടെ തന്നെ കാണുക. ``സകാത്ത്‌ വിതരണം ചെയ്യുവാന്‍ ഒരു സംഘം തന്നെ ഉണ്ടാവണമെന്നാണ്‌ `ആമിലുകള്‍' എന്ന്‌ ബഹുവചനം ഉപയോഗിച്ചുകൊണ്ട്‌ അല്ലാഹു പ്രഖ്യാപിക്കുന്നത്‌ (അല്‍ഇസ്‌ലാഹ്‌ 1998 ജനുവരി പേ 12) കമ്മിറ്റി വാദികളുടെ പ്രധാനവാദങ്ങളിലൊന്നാണിത്‌. വാസ്‌തവത്തില്‍ ഇസ്‌ലാമിന്‌ ന്യൂനതയും അപരാധവും വരുത്തിവെക്കുന്ന പതനത്തിലേക്കാണ്‌ ഈ നീക്കം. കാരണം `ആമിലിനെ'പോലെ ഖുര്‍ആന്‍ പറഞ്ഞ എട്ട്‌ വിഭാഗത്തില്‍ `രിഖാബ്‌' (മോചനപത്രം എഴുതപ്പെട്ട അടിമ) `ഫീ സബീലില്ലാഹ്‌' (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍) ഇവരെല്ലാം നമ്മുടെ രാജ്യത്തുണ്ടോ? അപ്പോള്‍ ആമിലിനെ എത്തിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയവര്‍ അടിമകളെയും ഭടന്മാരെയും ഉണ്ടാക്കാന്‍ അടിമ സമ്പ്രദായം നടപ്പാക്കുകയും സാമുദായിക സംഘട്ടനങ്ങള്‍ സംഘടിപ്പിക്കുകയും വേണ്ടിവരില്ലെ? ഇതിലും വലിയ വങ്കത്തം വേറെയുണ്ടോ? അടിമത്തം അവസാനിപ്പിക്കാനും സാമുദായിക മൈത്രി കെട്ടിപ്പെടുക്കാനും വളരെ ത്യാഗം സഹിച്ച ഒരു മതത്തിന്റെ പിന്‍തലമുറക്കാരെന്ന്‌ അവകാശപ്പെടാന്‍ ഇവര്‍ക്കെന്ത്‌ അവകാശം?

എന്നാല്‍ ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിച്ചുകൊണ്ട്‌ കര്‍മശാസ്‌ത്ര പണ്ഡിതന്മാര്‍ എട്ട്‌ വിഭാഗങ്ങളില്‍ എത്തിക്കപ്പെട്ടവര്‍ക്ക്‌ എന്ന്‌ രേഖപ്പെടുത്തി കാണാം. ആയതിനാല്‍ എത്തിക്കപ്പെട്ട വിഭാഗത്തിന്‌ തുല്യമായി ഭാഗിക്കുകയല്ലാതെ ഇല്ലാത്ത വിഭാഗത്തെ ഉണ്ടാക്കേണ്ട ബാധ്യത നമുക്കില്ലെന്ന്‌ ഓര്‍ക്കേണ്ടതാണ്‌.

കമ്മിറ്റി വാദക്കാരുടെ മറ്റൊരു അവകാശവാദം നോക്കൂ: ഇസ്‌ലാമിക ഭരണം ഇല്ലാത്ത പ്രദേശങ്ങളില്‍ ആമിലുകള്‍ ഉണ്ടാവുകയില്ലെന്ന്‌ ഏതെങ്കിലും തഫ്‌സീറിലോ മദ്‌ഹബിന്റെ കിതാബിലോ പ്രസ്‌താവിക്കുന്നില്ല (ആദര്‍ശ വൈകല്യങ്ങള്‍ പേ. 202) ഈ വങ്കത്തം എഴുതുന്നതിന്റെ പിന്നിലുള്ള ചോതവികാരം എന്തെന്നറിഞ്ഞുകൂടാ. കാരണം `വല്‍ ആമിലിന അലൈഹാ' എന്നതിനെക്കുറിച്ച്‌ അവരുടെ നേതാവിന്റെ തഫ്‌സീറില്‍ തന്നെ പറയുന്നത്‌ കാണുക: ``സമ്പന്നരില്‍നിന്ന്‌ സകാത്തിനെ ഒരുമിച്ച്‌ കൂട്ടാന്‍ വേണ്ടി ഇമാം അല്ലെങ്കില്‍ അയാളുടെ പ്രതിനിധി നിശ്ചയിക്കുന്നവര്‍ക്കാണ്‌ ആമില്‌ എന്ന്‌ പറയുന്നത്‌ (തഫ്‌സീറുല്‍ മനാര്‍ വാ: 10 പേ. 493) ഇവിടെ വ്യക്തമായിതന്നെ പറഞ്ഞു. ഇമാം ഇല്ലെങ്കില്‍ അയാളുടെ പ്രതിനിധി നിശ്ചയിക്കുന്നവര്‍ക്കാണ്‌ `ആമില്‍' എന്ന്‌ പറയുന്നതെന്ന്‌. നിശ്ചയിക്കാന്‍ ഇമാമില്ലാതിരുന്നാല്‍ അവിടെ ജോലിക്കാര്‍ ഉണ്ടാവുകയില്ലെന്ന്‌ വ്യക്തം.

ഇനി അവരുടെ മറ്റൊരു വിവരക്കേട്‌ നോക്കൂ: ``ധനത്തിന്റെ ഉടമസ്ഥന്‍ നേരിട്ട്‌ നല്‍കുമ്പോള്‍ ബന്ധുക്കളെ പരിഗണിച്ച്‌ ശരിയായ അവകാശികളെ അവഗണിക്കുവാന്‍ സാധ്യതയുണ്ട്‌. പുറമേ ശരിയായ അവകാശികളെ കണ്ടെത്താനും ഖുര്‍ആന്‍ വിവരിച്ച എല്ലാ വകുപ്പുകളിലേക്കും ചെലവ്‌ ചെയ്യുവാനും പ്രയാസവുമായിരിക്കും.'' (ആദര്‍ശ വൈകല്യങ്ങള്‍ പേ. 203) ഇതിനെക്കുറിച്ച്‌ വിവരക്കേട്‌ എന്നല്ലാതെ എന്ത്‌ പറയാന്‍? കാരണം സ്വഹീഹുല്‍ ബുഖാരിയില്‍ ഇങ്ങനെ ഒരു തലവാചകം തന്നെ കാണാം: ``അടുത്ത കുടുംബങ്ങളുടെമേല്‍ സകാത്ത്‌ നല്‍കുന്നതിനെകുറിച്ച്‌ പറയുന്ന അദ്ധ്യായം.'' അതിന്‌ സേഷം ഇമാം ബുഖാരി(റ) പറയുന്നു: ``കുടുംബബന്ധം ചേര്‍ക്കുക, ദാനം ചെയ്യുക എന്നിങ്ങനെ രണ്ട്‌ പ്രതിഫലം അവനുണ്ടെന്ന്‌ നബി(സ്വ) പറഞ്ഞിരിക്കുന്നു (ബുഖാരി). മദ്‌ഹബിന്റെ ഇമാമുമാരും മറ്റും ഇത്‌ അംഗീകരിക്കുകയും ചെയ്‌തിരിക്കുന്നു(ശറഹുല്‍ മുഹദ്ദബ്‌ വാ. 6 പേ. 209). മാത്രമല്ല, ഇമാം സകാത്ത്‌ നല്‍കാന്‍ വിസമ്മതിച്ചവനില്‍നിന്നും പിടിച്ച്‌ വാങ്ങി അവകാശികള്‍ക്ക്‌ കൊടുക്കേണ്ടതാണ്‌. ഇത്‌ നബി(സ്വ) തങ്ങള്‍ക്ക്‌ മാത്രമല്ല, മറ്റു ഭരണാധികാരികള്‍ക്കും ചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‍കിയിട്ടുണ്ട്‌. ഇന്ന്‌ കാണുന്ന കമ്മിറ്റിക്ക്‌ ഇത്‌ സാധ്യമാണോ? അതുപോലെ ഇമാം നിശ്ചയിക്കുന്ന ഖാസി ഇമാമിന്റെ പ്രതിനിധി മാത്രമാണ്‌. എന്നാല്‍ ഇന്നത്തെ ഖാസിമാര്‍ അഥവാ അഹ്‌ലുല്‍ ഹല്ലി വല്‍ അഖദ്‌ നിശ്ചയിക്കുന്ന ഖാസിമാര്‍ ഇമാമിന്റെയോ അഹ്‌ലുല്‍ ഹല്ലി വല്‍ അഖദിന്റെയോ പ്രതിനിധിയല്ല. ഇമാമിന്‌ ചെയ്യാന്‍ അധികാരമുള്ള കാര്യങ്ങളിലെല്ലാം ഇമാമിന്‌ പ്രതിനിധിയാക്കാം. എന്നാല്‍ ഇന്നത്തെ മഹല്ല്‌ കമ്മിറ്റി നിശ്ചയിക്കുന്ന ഖാസി കമ്മിറ്റിക്ക്‌ ചെയ്യാന്‍ അധികാരമുള്ള കാര്യങ്ങളില്‍ പ്രതിനിധിയാക്കുകയല്ല അതുപോലെ ഇമാമിന്റെ പ്രതിനിധിയുമല്ല. കൂടാതെ ഇന്ന്‌ ഖാസിയുടെ മസ്‌അലയില്‍ തൂങ്ങിയാല്‍ രക്ഷയില്ലെന്ന്‌ കണ്ടപ്പോള്‍ വക്കാലത്തിന്റെ പിന്നാലെയാണ്‌ കമ്മിറ്റിവാദക്കാര്‍ തൂങ്ങിയിരിക്കുന്നത്‌. വാസ്‌തവത്തില്‍ വക്കാലത്തിന്റെ വകുപ്പിലും ഇന്നത്തെ കമ്മിറ്റിയെ ഉള്‍പ്പെടുത്താന്‍ സാധ്യമല്ല. അതിന്‌ ദുര്‍വ്യാഖ്യാനവുമായി നടക്കുന്നവര്‍ വക്കാലത്തിന്റെ മസ്‌അലകളെ കുറിച്ച്‌ അജ്ഞരോ അജ്ഞത നടിച്ചവരോ ആണ്‌. വക്കീലിനും വക്കാലത്തിനും അതിനോടനുബന്ധിച്ച മറ്റു വിഷയങ്ങള്‍ക്കും നിരവധി നിബന്ധനകളുണ്ട്‌. ആ നിബന്ധനകള്‍ പാലിച്ച്‌ കമ്മിറ്റി ഉണ്ടാക്കുവാനോ അതനുസരിച്ച്‌ മുന്നോട്ടു പോവാനോ സാധ്യമല്ല. ഇനി ഏതെങ്കിലും വിധേന ആ നിബന്ധനകള്‍ ഒത്തുവന്നാല്‍പോലും ഉത്തമമായതിന്‌ എതിരാണെന്നത്‌ കാരണം സ്വയം നല്‍കലാണ്‌ ഉത്തമം. ഇത്‌ കര്‍മശാസ്‌ത്രപണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തിയതാണ്‌ (ശറഹുല്‍ മുഹദ്ദബ്‌ വാ. 6 പേ. 148, മുഗ്‌നി വാ: 1, പേ. 558)

ചുരുക്കത്തില്‍ അവഗണനാ മനോഭാവത്തോടെ സാധുസംരക്ഷണം എന്ന മാനദണ്ഡംവെച്ച്‌ ചിന്തിച്ചതാണ്‌ പലരേയും ഈ പദ്ധതിയിലേക്ക്‌ നയിച്ചത്‌. വെറും സാധുസംരക്ഷണം മാത്രമാണ്‌ സക്കാത്ത്‌ നിര്‍ബന്ധമാക്കിയതിലുള്ള യുക്തി എന്ന്‌ ചിന്തിച്ചവര്‍ക്ക്‌ പിഴവ്‌ സംഭവിച്ചിരിക്കുന്നു. ആ ചിന്ത നാം മാറ്റിയെടുക്കണം. സകാത്തിന്റെ ഉദ്ദേശ്യം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറയുന്നത്‌ കാണാം: ``നിങ്ങള്‍ നിസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക, സകാത്ത്‌ കൊടുക്കുക. ഓ (നബിയുടെ) വീട്ടുകാരെ തീര്‍ച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത്‌ നിങ്ങളില്‍നിന്ന്‌ മാലിന്യം നീക്കുന്നതിനും നിങ്ങളെ ശുദ്ധീകരണം നടത്താനുമാണ്‌ (അഹ്‌സാബ്‌ 33). ഹദീസിലൂടെയും ഇത്‌ നമുക്ക്‌ കാണാം. റസൂല്‍(സ്വ)യുടെ സന്നിധിയില്‍ വന്ന്‌ ഒരാള്‍ ആവശ്യപ്പെട്ടു: സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു പ്രവര്‍ത്തി പറഞ്ഞതന്നാലും. അവിടുന്ന്‌ പറഞ്ഞു: താങ്കള്‍ യാതൊന്നിനെയും അല്ലാഹുവിനോട്‌ പങ്ക്‌ ചേര്‍ക്കാതെ അവനെ ആരാധിക്കുക. നിസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയും സകാത്ത്‌ കൊടുക്കുകയും ചെയ്യുക (ബുഖാരി). ഇത്തരം നിരവധി തെളിവുകളെകൊണ്ട്‌ സകാത്ത്‌ ഒരു ഇബാദത്താണെന്നും അതിന്റെ പരിശുദ്ധിയെ സംരക്ഷിക്കേണ്ടത്‌ മുസ്‌ലിംകളുടെ ബാധ്യതയാണെന്നും വെറും സാമ്പത്തിക ചിന്തയില്‍ കറക്കി ഫസാദാക്കുവാനുള്ളതല്ലെന്നും മനസ്സിലാക്കാം.

അതിനാല്‍ ഇസ്‌ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ അതിപ്രധാനമായ ഇബാദത്തെന്ന നിലയില്‍ അതിന്റെ നിബന്ധനകളും നിര്‍ബന്ധഘടകങ്ങളും മറ്റും ശരിക്കും ഗ്രഹിക്കുകയും വെറും കടമ നിര്‍വഹണത്തില്‍ കവിഞ്ഞ്‌ അതിന്‌ നിശ്ചയിക്കപ്പെട്ട പ്രതിഫലം നഷ്‌ടപ്പെട്ട്‌ പോകാതിരിക്കാന്‍ ആവുംവിതം ശ്രമിക്കുകയും സൂക്ഷ്‌മത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്‌.
 (സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)

No comments:

Post a Comment