Tuesday, November 8, 2011

പ്രസവാനന്തര രക്തസ്രാവം

പ്രസവാനന്തര രക്തസ്രാവം
അബ്ദുസ്സമദ് ഫൈസി കരുവാരക്കുണ്ട്

ഗര്‍ഭപാത്രത്തില്‍ ഒരുമിച്ചുകൂടിയതും കുട്ടി പുറത്തുവന്ന ശേഷം പുറപ്പെടുന്നതുമായ ഋതുരക്തത്തിനാണ് പ്രസവരക്തം എന്നു പറയുന്നത്. ഏറ്റവും കുറഞ്ഞത് ഒരു നിമിഷം കൊണ്ടവസാനിക്കുന്നു. സാധാരണഗതിയില്‍ 40 ദിവസവും ഏറിയാല്‍ 60 ദിവസവും തുടരുന്നതാണ്.''
(ഫത്ഹുല്‍ മുഈന്‍, പേ. 28)
''പ്രസവിച്ചു പതിനഞ്ചു ദിവസം കഴിയുന്നതിനുമുമ്പ് സ്രവിക്കുന്ന രക്തം മാത്രമേ നിഫാസിന്റെ പരിധിയില്‍ പെടുകയുള്ളൂ.'' (തുഹ്ഫ: 1/383)
''പ്രസവിച്ചു പതിനഞ്ചു ദിവസം വരെ രക്തം കണ്ടില്ല, പതിനഞ്ചിന്റെ ശേഷം കാണുകയും ചെയ്തു. എന്നാല്‍ അത് പ്രസവരക്തമല്ല, ആര്‍ത്തവ രക്തമാണ്.'' (ഖല്‍യൂബി 1/109)
''അറുപതു ദിവസത്തിന്റെ ഇടയില്‍ കാണുന്ന എല്ലാ രക്തവും പ്രസവരക്തമാണ്. ഇടയിലെ ശുദ്ധിയും നിഫാസായി തന്നെ ഗണിക്കണം.'' (ഫതാവല്‍ കുബ്‌റാ 1/95)
വര്‍ദ്ധിച്ച സമയം അറുപതു ദിവസമാകുന്നതിന്റെ പൊരുള്‍ ചില പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. ഗര്‍ഭാശയത്തിലെത്തുന്ന ഇന്ദ്രിയത്തുള്ളി നാല്‍പത് ദിവസം കാര്യമായ മാറ്റം സംഭവിക്കാതെ നില്‍ക്കുന്നു. നാല്‍പത് ദിവസം രക്തപിണ്ഡമായും,നാല്‍പത് ദിവസം മാംസപിണ്ഡമായും അവശേഷിക്കുന്നു. അപ്പോള്‍ മൊത്തം 120 ദിവസമായി. ഇത്രയും ദിവസം കൊണ്ട് ഗര്‍ഭസ്ഥശിശുവിന് നാലു മാസം തികയും. ഇതിന് ശേഷമാണ് ആത്മാവ് നല്‍കപ്പെടുന്നത്. ഒരു സ്ത്രീക്ക് ആര്‍ത്തവത്തില്‍ കൂടിയ സമയം പതിനഞ്ച് ദിവസമായതിനാല്‍ നാലു മാസത്തിലും കൂടി അറുപതു ദിവസമുണ്ടാകും. നാലു മാസം കഴിഞ്ഞ് ആത്മാവ് നല്‍കപ്പെട്ടതിനു ശേഷമുള്ള രക്തം അല്ലാഹുവിന്റെ ഖുദ്‌റത്താല്‍ കുട്ടിയുടെ പൊക്കിള്‍കൊടിയിലൂടെ ഭക്ഷണമായി നല്‍കപ്പെടുന്നു. ശിശുവിന്റെ സംരക്ഷണത്തിനും ശാരീരിക വളര്‍ച്ചക്കും ആവശ്യമായ പോഷകാഹാരം മാതാവിന്റെ ശരീരത്തില്‍നിന്നു തന്നെ ഉല്‍പാദിപ്പിക്കാനുള്ള കഴിവ് ശിശുവിന് തന്നെ നല്‍കുക വഴി അത്ഭുതകരമായ ഒരു സംവിധാനമാണ് അല്ലാഹു ഒരുക്കിവെച്ചത് എന്നുവേണം മനസ്സിലാക്കാന്‍. അപ്പോള്‍ ആത്മാവ് നല്‍കപ്പെടുന്നതിന്റെ മുമ്പുള്ള നാല് മാസത്തെ ആര്‍ത്തവരക്തം ഗര്‍ഭാശയത്തില്‍ ഒരുമിച്ചു കൂടിയതിനാല്‍ കുട്ടി പുറപ്പെട്ടതിന്റെ ശേഷം അറുപതു ദിവസം പ്രസവരക്തം ഉണ്ടാകുന്നു എന്നു ചില പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നു. (ഉമൈറ 1/109)
നിഫാസുകാരിയുടെ 'ബ്ലീഡിംഗ്'
പ്രസവരക്തം അറുപതു ദിവസം മറികടന്നാല്‍ ആര്‍ത്തവരക്തം അതിന്റെ പരമാവധി ദിവസങ്ങളെ മറികടന്നതുപോലെയാണ്. അപ്പോള്‍ ആ സ്ത്രീ മുമ്പു പ്രസ്താവിച്ച പോലെ പ്രസവരക്തം സ്രവിക്കുന്നതില്‍ ആദ്യത്തവളോ, അതോ പതിവുകാരിയോ എന്നും രക്തത്തിന്റെ നിറം കൊണ്ടോ മറ്റോ ശക്തി കൂടിയതും കുറഞ്ഞതും വേര്‍തിരിച്ചറിയുന്നവളോ എന്നും നോക്കണം. എന്നിട്ട് നേരത്തെ നാം ആര്‍ത്തവത്തിന് പറഞ്ഞ കാര്യങ്ങളോട് ഇതിനെയും താരതമ്യംചെയ്യണം. അതനുസരിച്ച് അവള്‍ ആദ്യമായി പ്രസവിക്കുന്നവളും ശക്തമായ രക്തവും അശക്തമായ രക്തവും വേര്‍തിരിഞ്ഞ് സ്രവിക്കുന്നവളു(മുമയ്യിസത്ത്)മാണെങ്കില്‍ ശക്തിയുള്ള രക്തം പ്രസവം മുതല്‍ അറുപതു ദിവസത്തില്‍ കവിയരുതെന്ന ഉപാധിയോടുകൂടി അവളുടെ ശക്തമായ രക്തം നിഫാസും കുറഞ്ഞത് ഇസ്തിഹാളത്തുമായി ഗണിക്കണം. ശക്തമായ രക്തം ആദ്യത്തിലായാലും, മധ്യത്തിലായാലും, അവസാനത്തിലായാലും അറുപതു ദിവസത്തെ മറികടക്കാത്തപ്പോഴെല്ലാം നിഫാസ് രക്തമായി കണക്കാക്കണം. അശക്തമായ രക്തം എത്ര കുറഞ്ഞാലും അധികരിച്ചാലും അവസാനത്തിലാണെങ്കില്‍ അതെല്ലാം രോഗരക്തമാണ്. ഉദാഹരണമായി: ഒരു സ്ത്രീ പ്രസവിച്ച ഉടന്‍ ആദ്യത്തെ ഇരുപത് ദിവസം കറുപ്പ് രക്തം കണ്ടു. പിന്നീട് പുറപ്പെട്ട ചുവപ്പു രക്തം അറുപതില്‍ കവിഞ്ഞു. ഇതില്‍ ആദ്യം പുറപ്പെട്ട ഇരുപത് ദിവസം മാത്രമാണ് പ്രസവരക്തം. ശേഷമുള്ളത് രോഗരക്തമാകുന്നു.
വര്‍ണഭേദങ്ങള്‍
ശക്തിയേറിയത്, മിതമായത്, ശക്തി കുറഞ്ഞത് എന്നിങ്ങനെ വിവിധ രൂപത്തില്‍ രക്തം സ്രവിക്കുകയും താഴെ വിവരിക്കുന്ന നാലു നിബന്ധനകള്‍ക്ക് വിധേയമാവുകയും ചെയ്താല്‍ ശക്തിയേറിയ രക്തവും മിതമായതും പ്രസവരക്തവും ശക്തി കുറഞ്ഞത് രോഗരക്തവുമാണ്. നിഫാസുകാരിക്കുണ്ടാകുന്ന ഇസ്തിഹാളത്തിന്റെ പരിധിയില്‍ ഒന്നാമതായി വരുന്നത് ഇവളാണ്. നിബന്ധനകള്‍ താഴെ വിവരിക്കുന്നു:
    1.    ശക്തിയേറിയ രക്തം ആദ്യം സ്രവിക്കുക.
    2.    മിതമായ രക്തം അതിനോട് ചേര്‍ന്നു വരിക.
    3.    രണ്ടിനവും കൂടി അറുപതു ദിവസത്തെ
        മറികടക്കാതിരിക്കുക.
    4.    ശക്തികുറഞ്ഞ രക്തം അവസാനം പുറപ്പെടുക.
ഉദാഹരണം: ആദ്യം കറുപ്പു രക്തം, പിന്നീട് ചുവപ്പു രക്തം എന്നീ ക്രമത്തില്‍ സ്രവിച്ച് പിന്നീട് പുറപ്പെട്ട മഞ്ഞ വര്‍ണമുള്ള രക്തം 60 ദിവസത്തെ മറി കടന്നു. എന്നാല്‍ ആദ്യത്തെ രണ്ടിനം പ്രസവരക്തവും അവസാനം കണ്ട മഞ്ഞവര്‍ണം ബ്ലീഡിംഗുമാകുന്നു. അതേപ്രകാരംതന്നെ കറുപ്പ്, ചുവപ്പ്, മഞ്ഞ എന്നീ ക്രമത്തില്‍ രക്തം കാണുകയും പിന്നീട് സ്രവിച്ച കലര്‍പ്പു വര്‍ണമുള്ള രക്തം അറുപതു ദിവസത്തെ മറികടക്കുകയും ചെയ്താല്‍ ആദ്യത്തെ മൂന്ന് ഇനം പ്രസവരക്തവും അവസാനത്തേത് ശുദ്ധികാലമായി ഗണിക്കുന്ന രോഗരക്തവുമാകുന്നു. (ഫതാവല്‍കുബ്‌റാ 1/96)
പ്രഥമ പ്രസവത്തില്‍തന്നെ രക്തം പരമാവധി ദിവസമായ അറുപത് ദിവസത്തെ മറികടക്കുകയും പുറപ്പെടുന്ന രക്തം ആദ്യാന്ത്യം ഒരേ രൂപത്തിലാവുകയും ചെയ്തതിനാല്‍ ശക്തിയുള്ളതും അല്ലാത്തതും തിരിച്ചറിയാത്തവളാണ് ഈ വകുപ്പില്‍ രണ്ടാമത്തവള്‍.
ഇവളുടെ നിഫാസ്‌രക്തം ഒരു സെക്കന്റ് മാത്രമാണ്. തന്റെ മുന്‍പതിവ് സംബന്ധിച്ചിടത്തോളം ബാക്കിയുള്ള ദിവസങ്ങള്‍ പ്രസവത്തിന്റെ മുമ്പുണ്ടായ ശുദ്ധികാലവും ആര്‍ത്തവ കാലവുമാണ് ഇപ്പോള്‍ ശുദ്ധിയായും ആര്‍ത്തവമായും പരിഗണിക്കേണ്ടത്.
ഉദാഹരണം: ആദ്യ പ്രസവത്തില്‍ 90 ദിവസം വരെ ഒരേ രൂപത്തില്‍ രക്തം സ്രവിച്ചു. പ്രസവിക്കുന്നതിന്റെ തൊട്ടു മുമ്പ് രണ്ട് ഹൈളുകളുടെ ഇടയില്‍ ഇരുപത് ദിവസം ശുദ്ധിയും പിന്നീട് പത്തു ദിവസം ഋതുരക്തവുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവളുടെ പ്രസവരക്തം ഒരു നിമിഷം മാത്രമായാണ് ഗണിക്കേണ്ടത്. ശുദ്ധി ഇരുപത് ദിവസം, ഹൈള് പത്ത് ദിവസം ഇതേ ക്രമത്തില്‍ തൊണ്ണൂറു ദിവസം തികയുന്നതോടെ മൂന്ന് ഹൈളും മൂന്ന് ത്വഹ്‌റും (ശുദ്ധി) കഴിയും. (ഫതാവല്‍ കുബ്‌റാ 1/96)
തന്റെ മുന്‍പതിവ് മറന്നവളെ സംബന്ധിച്ചിടത്തോളം ഓരോ സമയവും ആര്‍ത്തവത്തിനും രക്തം മുറിയാനും സാധ്യതയുള്ളതിനാല്‍ സൂക്ഷ്മത പാലിക്കുക മാത്രമേ നിര്‍വ്വാഹമുള്ളൂ. അതായത് ഇണചേരല്‍, മുസ്വ്ഹഫ് തൊടല്‍, നിസ്‌കാരത്തിലല്ലാതെ ഖുര്‍ആന്‍ ഓതല്‍ ഇതൊന്നും അവള്‍ ചെയ്യരുത്. ഓരോ ഫര്‍ള് നിസ്‌കാരത്തിനു വേണ്ടിയും സമയം പ്രവേശിച്ച ശേഷം കുളിച്ച് നിസ്‌കരിക്കുകയും വേണം. ശക്തി കുറഞ്ഞ രക്തം സ്രവിച്ചതിനു ശേഷം ശക്തിയേറിയ രക്തം പുറപ്പെടുകയും അറുപത് ദിവസത്തില്‍ കവിയുകയും ചെയ്താല്‍ അവളുടെ പ്രസവ രക്തത്തിന്റെ കാലം ഒരു നിമിഷമാകുന്നു.  ഉദാഹരണമായി, ആര്‍ത്തവം പത്തു ദിവസവും ശുദ്ധി ഇരുപത് ദിവസവും പതിവുള്ള ഒരു സ്ത്രീയുടെ പ്രസവ രക്തം മുപ്പത് ദിവസം ചുവപ്പും പിന്നീട് സ്രവിച്ച കറുപ്പ് വര്‍ണമുള്ള രക്തം തൊണ്ണൂറു ദിവസംവരെ തുടര്‍ന്നു. എന്നാല്‍ അവരുടെ പ്രസവ രക്തം ഒരു സെക്കന്റും ആര്‍ത്തവം പത്തു ദിവസവും ശുദ്ധി ഇരുപത് ദിവസവുമാണ്. തൊണ്ണൂറു ദിവസം പൂര്‍ത്തിയാകുന്നതോടെ മൂന്ന് ഹൈളും മൂന്ന് ശുദ്ധിയും കഴിയും. (ഫതാവല്‍ കുബ്‌റാ 1/96)
(സുന്നി അഫ്കാര്‍ വാരിക, 2005, നവംബര്‍: 23, സുന്നി മഹല്‍, മലപ്പുറം)

No comments:

Post a Comment