Friday, November 4, 2011

രാഷ്ട്രീയത്തിന്റെ അപചയം

രാഷ്ട്രീയത്തിന്റെ അപചയം
അശ്‌റഫ് എം.കെ.

നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ചര്‍ച്ചകളും സന്ദര്‍ഭങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
രാവിലെ എഴുന്നേറ്റു വരുന്നതുതന്നെ ജീര്‍ണതയുടെ പുഴുക്കുത്തു ബാധിച്ച രാഷ്ട്രീയ വൃത്താന്തങ്ങള്‍ കുത്തിനിറച്ച പത്ര കോളങ്ങളിലേക്കാണ്. അവിടെ തുടങ്ങിയ ചര്‍ച്ചകളും നിരൂപണങ്ങളും അനന്തമായി തുടരുക തന്നെയാണ്. മുഖ്യമായും ചര്‍ച്ചകളിലും സംവാദങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് രാഷ്ട്രീയ രംഗത്തെ കിടമത്‌സരങ്ങളും അഴിമതിയും സ്വജനപക്ഷപാതവും ജീര്‍ണതകളും തന്നെ. അന്യരെക്കുറിച്ച് ഏഷണിയും പരദൂഷണവും പറയുന്നതിനോ അന്യന്റെ മുതല്‍ അവിഹിതമായി കൈയ്യടക്കുന്നതിനോ നീതിയും ന്യായവും ബോധപൂര്‍വ്വം കാറ്റില്‍പറത്തുന്നതിനോ ഉത്തമമായ ജീവിത മൂല്യങ്ങള്‍ നിരാകരിക്കുന്നതിനോ  യാതൊരു തരത്തിലുള്ള സങ്കോചവും തോന്നേണ്ടാത്ത  തരത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം  അധഃപതിച്ചു പോകുന്നതാണ് വര്‍ത്തമാന കാലത്തിന്റെ മുഖവൈകൃതം.
'ജനാധിപത്യം' എന്നാല്‍ ജനങ്ങളുടെ മേലധികാരം എന്നാണല്ലോ നേര്‍ അര്‍ത്ഥം. എന്നാല്‍ ജനങ്ങള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളില്‍ കാഴ്ചക്കാരന്റെ റോളു പോലുമില്ല. ജനങ്ങളെ മറയാക്കിയാണ്  പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും തലപ്പത്തിരിക്കുന്നവര്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത്. 'ജനശക്തി' എന്നു പറയാവുന്ന അവസ്ഥയില്‍നിന്ന് പ്രസ്ഥാനങ്ങള്‍ 'പണശക്തി'കളായി തരംതാണു പോവുകയാണിപ്പോള്‍. ഈ മൂല്യനിരാസം സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നു സമാധാനിക്കാന്‍ ശ്രമിക്കുകയാണു പലരും.
ആധുനികതയുടെ ഭാരം രാഷ്ട്രീയ രംഗം ജീവിതത്തിന്റെ മുഖ്യ ഭാഗമാണല്ലോ. തീര്‍ച്ചയായും ആധുനികതയുടെ ജീര്‍ണതകള്‍ നമ്മുടെ ദൈനംദിന കാര്യങ്ങളെ താളംതെറ്റിക്കുമ്പോള്‍ രാഷ്ട്രീയത്തിനു മാത്രം രക്ഷയില്ലെന്നറിയാം. അന്യരെ ചൂഷണം ചെയ്തു പണവും ആധിപത്യവും നേടുകയാണ് ആധുനിക സംസ്‌കാരത്തിന്റെ കുടില തന്ത്രം. ഇതിന്റെ മാന്യതയുടെ മുഖംമൂടിയണിഞ്ഞു തന്നെ പാശ്ചാത്യ ചിന്താരീതി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. മുതലാളിത്തമാണ് ഈ സംസ്‌കൃതിയെ ഭരിക്കുന്നത്. എന്നു പറഞ്ഞാല്‍ പണമുള്ളവനേ ആവശ്യങ്ങളും അവകാശങ്ങളുമുള്ളൂ എന്ന ചിന്ത വളരുന്നത് മുതലാളിത്ത മനസ്സില്‍നിന്നാണ്. പാവങ്ങള്‍ക്കു വേണ്ടിയും പിന്നാക്കക്കാര്‍ക്കു വേണ്ടിയും രൂപീകരിക്കപ്പെടുകയും അവരുടെ വിയര്‍പ്പിന്റെ ഉപ്പും ചോറും ഉണ്ട് വളരുകയും ചെയ്ത വിപ്ലവ പാര്‍ട്ടികളൊക്കെ ഇപ്പോള്‍ മുതലാളിത്ത രീതിയിലേക്ക് മാറിക്കഴിഞ്ഞു. മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടവര്‍ തന്നെയാണ് അവരുടെ കെണിവലകളില്‍ അകപ്പെട്ടു പോകുന്നതെന്ന സത്യം വലിയ ആശങ്കകള്‍ തരുന്നു.
അഴിമതിയുടെ വലിയ പാലങ്ങളാണ് സാമ്രാജ്യത്ത കുത്തകകള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു വെച്ചു നീട്ടുന്നത് എന്ന് അടുത്ത കാലത്തു പുറത്തുവന്ന ചില കണ്ടെത്തലുകള്‍ പറയുന്നു. 'തിരുത്തല്‍വാദി', 'തിരുത്തല്‍ ശക്തി' തുടങ്ങിയ പ്രയോഗങ്ങളൊന്നും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മരുന്നിനുപോലും ഉപയോഗിക്കുന്നില്ല. അധികാരം പങ്കിട്ടെടുക്കുമ്പോള്‍ കിട്ടിയ വിഹിതം തികയാതെ മനസ്സു പുകയ്ക്കുന്നവരാണ് പുരപ്പുറത്തു കയറി കൂവുന്നത് എന്നാവുമ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താണ് എന്നു ബോധ്യപ്പെടുന്നു.
മലര്‍ന്നു കിടന്നു മേല്‍പ്പോട്ടു തുപ്പുന്നതാണ് പുതിയ വിമര്‍ശന രീതി. വ്യക്തവും ശക്തവുമായ രാഷ്ട്രീയ വിദ്യാഭ്യാസം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു തന്നെ പരിഹരിക്കാനാവാത്തതാണ് പ്രശ്‌നം. പുതിയ തലമുറ ഈ ജീര്‍ണതകള്‍ സ്വന്തം താത്പര്യത്തിനു വേണ്ടി മുതലെടുക്കുകയല്ലാതെ മാറിച്ചിന്തിക്കാന്‍ തയ്യാറാകുന്നില്ല. മാറ്റങ്ങള്‍ തേടുന്ന യുവജനത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അടിത്തട്ടിലുണ്ട്. എന്നാല്‍ ഇവരുടെ ശബ്ദങ്ങള്‍ക്ക് പുതിയ സാഹചര്യത്തില്‍ പ്രസക്തി ലഭിക്കുന്നില്ല. ആധുനിക രീതിയില്‍ വിദ്യാഭ്യാസം നല്‍കപ്പെട്ടവരാണ് ഇപ്പോള്‍ രാഷ്ട്രീയ കക്ഷികളുടെയെല്ലാം രണ്ടാംനിര. അതുകൊണ്ടു തന്നെ അവര്‍ക്ക് മൂല്യബോധം എന്നു കേള്‍ക്കുന്നത് അരോചകമായി തോന്നാം. ആധുനിക വിദ്യാഭ്യാസ രീതി ശരിക്കും പരസ്പര വിശ്വാസവും ദൈവ ഭയവും നഷ്ടപ്പെടുത്തുന്ന തരത്തിലാണ്.
കാമ്പസുകളുടെ കാലുഷ്യങ്ങളില്‍ രാഷ്ട്രീയവും അറിവും അഭ്യസിച്ചവര്‍ക്കിടയില്‍ വളരെ അപൂര്‍വമായേ മൂല്യത്തെക്കുറിച്ചു ചിന്തിക്കുന്നവരുള്ളൂ. അവര്‍ മിക്കവാറും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോവുകയുമാണ്.രാഷ്ട്രീയം ജനസേവനമെന്നതില്‍നിന്ന് മാറി സ്വാര്‍ത്ഥ താത്പര്യ സംരക്ഷണത്തിനായതോടെ നേതാക്കളുടെ ചെരിപ്പെടുത്തു കാര്യം നേടുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
അധികാര ശ്രേണിയില്‍ കയറിപ്പറ്റി ജീവിതം കഴിക്കാമെന്ന ഇത്തരക്കാരുടെ ദുഷ്ചിന്ത പലപ്പോഴും നേതൃത്വങ്ങളെപ്പോലും വഴിതെറ്റിക്കുന്ന വിധത്തിലാണ്. രാഷ്ട്രീയം സര്‍വ തിന്‍മകളുടെയും കൂത്തരങ്ങായി മാറിയതില്‍ ഈ പാദസേവകരുടെ പങ്ക് ചില്ലറയല്ല.
അധികാരം കിട്ടിയില്ലെങ്കില്‍ മാനവ സേവനവും മാധവ സേവനവുമൊന്നും പ്രശ്‌നമല്ല ചിലര്‍ക്ക്. സ്വന്തക്കാര്‍ മന്ത്രിമാരും സൂപ്പര്‍ മന്ത്രിമാരുമാകുന്നത് സ്വപ്നം കണ്ട് പാര്‍ട്ടികള്‍ പിളര്‍ത്തുകയും പൊതുജന സമ്പത്ത് ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത് തടയാന്‍ ആരും മിനക്കെടാറില്ല.
ശരിക്കും  ഗ്രൂപ്പുകളിയും കിടമത്‌സരവും ജനങ്ങളുടെ വൈകാരികതയും  സമ്പത്തും ചൂഷണം ചെയ്യല്‍ തന്നെയാണ്. ഒരു പാര്‍ട്ടി ജനിക്കുമ്പോള്‍ കോടികളുടെ നഷ്ടമാണ് നമുക്ക് സംഭവിക്കുന്നത്. കൂടാതെ, അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും പുതിയ ഒരായിരം വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നു.
പ്രവര്‍ത്തന രംഗത്തെ സത്യസന്ധതയില്ലായ്മ തീര്‍ച്ചയായും എല്ലാ പാര്‍ട്ടികളുടെയും ഭാവിയെക്കുറിച്ച്, സമൂഹത്തിന്റെ ഗതിയെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഏതു രീതിയിലും പാര്‍ട്ടി വളര്‍ത്തുന്നത് ഇന്നത്തെ ദുരന്ത കാഴ്ചയാണ്. മുമ്പ് രക്ത സാക്ഷികളെ സൃഷ്ടിച്ച് ചോരയില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റു വന്നവരൊക്കെ ഇപ്പോള്‍ 'സുഖചികിത്‌സ'യിലാണ്. സാമ്രാജ്യത്വ കുത്തകകളുടെ പരസ്യ വിപണിയില്‍നിന്നായാലും വാട്ടര്‍തീം പാര്‍ക്കില്‍നിന്നായാലും പണം കിട്ടണമെന്നേയുള്ളൂ.
അരാഷ്ട്രീയ വാദത്തിന്റെ അപകടം
പുതിയ സാഹചര്യങ്ങളില്‍ മനംമടുത്ത വലിയ ഒരു വിഭാഗമാളുകള്‍ രാഷ്ട്രീയത്തില്‍നിന്ന് ഒരകലം സൂക്ഷിക്കാന്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അനുകൂലവും പ്രതികൂലവുമായ അനന്തര ഫലങ്ങള്‍ ഇനിയും ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. സമൂഹത്തിന്റെ മനസ്സ് രാഷ്ട്രീയത്തില്‍നിന്ന് അകന്നുപോകുമ്പോള്‍ അവിടെ വര്‍ഗീയത വളരാം. നേതാക്കളില്‍ വിശ്വാസം നഷ്ടപ്പെടുന്ന അനുയായികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുമ്പോള്‍ നാട്ടില്‍ അരാചകത്വമുണ്ടാവാം.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഈ തരത്തിലുള്ള ഗതിമാറ്റങ്ങള്‍ സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ഒരു ഭാഗത്ത് രാജ്യതാത്പര്യങ്ങള്‍ക്കും സമൂഹ താത്പര്യങ്ങള്‍ക്കും അപ്പുറമുള്ള ചിന്താഗതി വളര്‍ന്നു വരുന്നു. ചെറുപ്പക്കാര്‍ രാഷ്ട്രീയമായി നപുംസകവത്കരിക്കപ്പെടുന്നതിലൂടെ നാടിനെ നേര്‍വഴിക്കു നടത്താനും തെറ്റുകള്‍ തിരുത്താനും ആളില്ലാതെ വരുന്നു. പകരം, വട്ടിപ്പലിശക്കാരും മദ്യരാജാക്കന്‍മാരും വ്യവസായ ദല്ലാളന്‍മാരും സ്ഥാനം കൈയ്യടക്കുന്നു. നിയമം നടപ്പിലാക്കേണ്ട കോടതികളും പോലീസും വരെ ഈ അസാന്‍മാര്‍ഗികതകളുടെ കൈപ്പിടിയിലൊതുങ്ങുമ്പോള്‍ പൊതുജനം പെരുവഴിയിലാവുന്നു. സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍  അടുത്ത കാലത്തുണ്ടായ കോടതിവിധികളും പോലീസ് നടപടികളും പരിശോധിക്കുമ്പോള്‍ ഈ സത്യം ബോധ്യപ്പെടും.
ചുരുക്കത്തില്‍, രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ അഭയമാണെന്നു പറഞ്ഞ ഡോ. ജോണ്‍സന്റെ നിലപാടു എത്ര ശരിയെന്നു ചിന്തിക്കുന്നിടത്തെത്തിനില്‍ക്കുന്നു കാര്യങ്ങള്‍. സാത്വികരായ പഴയ തലമുറയില്‍ അവശേഷിക്കുന്ന ഏതാനും പേരുകളേ ഈ രാഷ്ട്രീയ രംഗത്ത് പ്രതീക്ഷ അവശേഷിപ്പിക്കുന്നുള്ളൂ. ഇവര്‍ക്ക് യുവതലമുറയില്‍നിന്ന് ശരിയായ പിന്‍ഗാമികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ജനനന്‍മയ്ക്കുവേണ്ടി നിലകൊള്ളുവോളം കാലം മാത്രമേ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഹൃദയങ്ങളില്‍ സ്ഥാനമുണ്ടാവൂ. അതില്‍ കൊടിയുടെ നിറമോ അംഗസംഖ്യയോ വ്യത്യാസമില്ല.
(സുന്നി അഫ്കാര്‍ വാരിക, 2005, ആഗസ്റ്റ്: 24, സുന്നി മഹല്‍, മലപ്പുറം)

No comments:

Post a Comment