Wednesday, November 9, 2011

ഈലാഅ്, അതിന്റെ നിയമങ്ങളും

ഈലാഅ്,
അതിന്റെ നിയമങ്ങളും

അസ്ഗറലി ഫൈസി പട്ടിക്കാട്‌

അജ്ഞാത കാലത്ത് അറബികള്‍ക്കിടയില്‍ ഭാര്യമാരുടെ മടക്കമില്ലാത്ത ത്വലാഖായി കണ്ടിരുന്ന ചില വാക്കുകളുണ്ട്. അവയില്‍ ചിലത് ഇസ്‌ലാമിലും അതേപ്പടി നിലനിര്‍ത്തുകയും അവക്ക് ഇസ്‌ലാമിന്റേതായ നിയമം വ്യക്തമാക്കുകയും ചെയ്തതായി കാണാം. അത്തരം വാക്കുകളിലൊന്നാണ് 'ഈലാഅ്'.
സംയോഗം സാധ്യമാവുന്ന ഭര്‍ത്താവ് തന്റെ ഭാര്യയെ നിരുപാധികം സംയോഗം ചെയ്യുകയില്ലെന്നോ നാലു മാസത്തിലധികം കാലം സംയോഗം ചെയ്യുകയില്ലെന്നോ സത്യം ചെയ്യുന്നതിനാണ് 'ഇലാഅ്' എന്ന് ശറഇല്‍ പറയുന്നത്. ഭാഷാര്‍ത്ഥം സത്യം ചെയ്യുക എന്നാണ്.
സത്യം ചെയ്ത കാലയളവില്‍ ഭാര്യയുടെ സുഖം മുറിച്ചുകളയുന്നതിനാല്‍ ഈലാഇല്‍ ഭാര്യയെ ബുദ്ധിമുട്ടാക്കുന്നുണ്ട്. അതിനാല്‍ ഈലാഅ് ഹറാമാകുന്നു. എന്നാല്‍ ഇത് ചെറുദോഷങ്ങളിലോ വന്‍ദോഷങ്ങളിലോ പെട്ടതെന്ന് പണ്ഡിതര്‍ക്ക് അഭിപ്രായ ഭിന്നതയുണ്ട്. 'ളിഹാര്‍' പോലെ ഇതും വന്‍ദോഷങ്ങളില്‍ പെട്ടതാണെന്ന് അഭിപ്രായമുണ്ടെങ്കിലും പ്രബലം ചെറുദോഷമാണെന്നാണ്.
നിരുപാധിക ഈലാഇന്റെ ഉദാഹരണം: ''അല്ലാഹുവിനെ തന്നെ സത്യം, നിന്നെ ഞാന്‍ സംയോഗം ചെയ്യുകയില്ല'' എന്നും ഉപാധിവെച്ച ഈലാഅിന്റെ ഉദാഹരണം: ''നിന്നെ ഞാന്‍ അഞ്ചു മാസം സംയോഗം ചെയ്യുകയില്ല'' എന്നുമാണ്. സ്വന്തം ഭാര്യമാരുമായി സംയോഗം ചെയ്യുകയില്ലെന്ന് സത്യം ചെയ്ത് മാറിനില്‍ക്കുന്നവര്‍ക്ക് നാലു മാസം കാത്തിരിക്കാം. എന്നാല്‍, അവര്‍ മടങ്ങിയാല്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നവനും മഹാകാരുണികനുമാകുന്നു'' (വി.ഖു: 226/2).
ഈലാഅ് ജാഹിലിയ്യാ കാലത്തെ ത്വലാഖായിരുന്നുവെന്ന് പറഞ്ഞു. ഇസ്‌ലാം ശരീഅത്ത് അതിന്റെ അന്നത്തെ ഹുക്കുമുകള്‍ക്ക് മാറ്റംവരുത്തുകയും ഭാര്യയെ നിരുപാധികമോ നാലു മാസത്തിലധികമോ സംയോഗം ചെയ്യുകയില്ലെന്ന് സത്യം ചെയ്യുന്നതിന് മാത്രമാക്കുകയും ചെയ്തു. ഈലാഇന്റെ പ്രധാന ഘടകങ്ങള്‍ ആറാകുന്നു. 1) ഹാലിഫ് (സത്യം ചെയ്യുന്നവന്‍). 2) മഹ്‌ലൂഫ് ബിഹി (എന്തൊന്നുകൊണ്ട് സത്യം ചെയ്യുന്നുവോ അത്), 3) മഹ്‌ലൂഫ് അലൈഹി (ഏതൊന്നിന്റെമേല്‍ സത്യം ചെയ്യുന്നുവോ അത്). 4) മുദ്ദ (ഈലാഇന്റെ കാലം). 5) സ്വീഗ (ഈലാഇന്റെ പദം). 6) സൗജത്ത് (ഭാര്യ).
ഈ ഘടകങ്ങള്‍ക്ക് ചില നിബന്ധനകളുണ്ട്. 1) ഹാലിന്റെ നിബന്ധന: 'മുകല്ലഫായ' (പ്രായം തികഞ്ഞ-ബുദ്ധിയുള്ള)വനും സ്വഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവനും സംയോഗം കോലപ്പെടുന്നവനുമായ ഭര്‍ത്താവായിരിക്കണം. അപ്പോള്‍ ഭര്‍ത്താവല്ലാത്ത സയ്യിദ് പോലത്തവരില്‍ നിന്നും, മുകല്ലഫ് അല്ലാത്ത ഭ്രാന്തന്‍, കുട്ടി എന്നിവരില്‍നിന്നും ഈലാഅ് സ്വഹീഹല്ല. എങ്കിലും മസ്താക്കപ്പെട്ടവനില്‍ നിന്ന് സ്വഹീഹാകുന്നതാണ്.  നിര്‍ബന്ധിക്കപ്പെട്ടവനില്‍ നിന്നും, ലിംഗം കുഴഞ്ഞവന്‍, മുറിക്കപ്പെട്ടവന്‍ എന്നിവരെപ്പോലെ സംയോഗം കോലപ്പെടാത്തവരില്‍നിന്നും ഈലാഅ് സ്വഹീഹാവുകയില്ല.
2) മഹ്‌ലൂഫ് ബിഹി മൂന്നു കാര്യങ്ങളില്‍ ഒന്നായിരിക്കണം. ഒന്ന്: അല്ലാഹുവിന്റെ പേരുകളില്‍നിന്ന് ഒരു പേരോ സ്വിഫത്തുകളില്‍നിന്ന് ഒരു സ്വിഫത്തോ ആവുക. രണ്ട്: ഭാര്യയെ സംയോഗം ചെയ്യുന്നതിന്റെ മേല്‍ ഇത്ത്ഖിനെയോ ത്വലാഖിനെയോ ബന്ധിപ്പിക്കുക. മൂന്ന്: നിസ്‌കാരം, നോമ്പ് തുടങ്ങിയവയെ പോലെ നേര്‍ച്ച കൊണ്ട് നിര്‍ബന്ധമാകുന്ന ഒരു കാര്യം ഏറ്റെടുക്കുക. ഇവകളുടെ നിയമങ്ങളും ഉദാഹരണങ്ങളും പിന്നീട് പറയുന്നുണ്ട്.
3) മഹ്‌ലൂഫ് അലൈഹിയുടെ നിബന്ധന: അത് ശറഇല്‍ അനുവദിക്കപ്പെട്ട സംയോഗം ഒഴിവാക്കലായിരിക്കണം. അതിനാല്‍ ഭാര്യയില്‍നിന്ന് സംയോഗം അല്ലാത്ത സുഖമെടുക്കലിനെയോ, പിന്‍ദ്വാരത്തില്‍ സംയോഗം ചെയ്യുന്നതിനെയോ, ഹൈള്, ഇഹ്‌റാം വേളയില്‍ മുന്‍ദ്വാരത്തില്‍തന്നെ സംയോഗം ചെയ്യുന്നതിനെയോ വര്‍ജിക്കുമെന്ന് സത്യം ചെയ്യുന്നതിന് 'ഈലാഅ്' എന്ന് പറയുന്നതല്ല.
4) മുദ്ദയിലുള്ള നിബന്ധന, അത് നാലു മാസത്തേക്കാള്‍ കൂടുതലായിരിക്കണം. അപ്പോള്‍ ഭാര്യയുമായി അടുക്കുകയില്ലെന്ന് സത്യം ചെയ്ത കാലം നാലു മാസമോ അതില്‍ താഴെയോ ആയാല്‍ അത് ഈലാഅ് ആവുകയില്ല. വെറും സത്യമായിരിക്കും.
5) 'സ്വീഗ' ഈലാഅ് കൊണ്ട് അറിയിക്കുന്ന വാക്കായിരിക്കണം. അത് വ്യക്തവും അവ്യക്തവുമുണ്ട്. ഈലാഅ് മാത്രം ഉദ്ദേശിക്കപ്പെടുന്നത് വ്യക്തവും ഈലാഉം അല്ലാത്തതും ഉദ്ദേശിക്കാവുന്നത് അവ്യക്തവുമത്രെ.
വ്യക്തമായതിന്റെ ഉദാഹരണം: ''അല്ലാഹുവാണെ സത്യം, നിന്റെ യോനിയില്‍ ഞാന്‍ എന്റെ ലിംഗം പ്രവേശിപ്പിക്കയില്ല; നിന്നെഞാന്‍ സംയോഗം ചെയ്യുകയില്ല'' മുതലായവയാണ്. അവ്യക്തമായത്: ''അല്ലാഹുവാണെ സത്യം, നിന്നെഞാന്‍ തൊടുകയില്ല; നിന്നോട് ഞാന്‍ ഇണങ്ങിച്ചേരുകയില്ല; നിന്റെ അടുക്കല്‍ഞാന്‍ വരികയുമില്ല'' തുടങ്ങിയവയാണ്. അവ്യക്തമായ വാക്കുകൊണ്ട് ഈലാഅ് സ്വഹീഹാകാന്‍ ഈലാആണെന്ന് കരുതുക കൂടി ആവശ്യമാണ്.
എല്ലാ നിബന്ധനകളും പൂര്‍ത്തിയായ ഈലാഇന്റെ ഹുക്കുമുകള്‍ നാലു കാര്യങ്ങളില്‍ ഒന്നുകൊണ്ട് ഉയര്‍ന്നുപോകുന്നതാണ്. ഒന്ന്, ഈലാഇന്റെ കാലയളവില്‍ സംയോഗം ചെയ്യുക. രണ്ട്, പറ്റെ പിരിയുന്ന ത്വലാഖ് ചൊല്ലുക. മൂന്ന്, സത്യം ചെയ്ത കാലഘട്ടം അവസാനിക്കുക. നാല്, നിങ്ങളെ ഞാന്‍ സംയോഗം ചെയ്യുകയില്ലെന്ന് നാല് ഭാര്യമാരോട് സത്യം ചെയ്ത ശേഷം അവരില്‍ ചിലര്‍ മരണപ്പെടുക.
ഈലാഅ് ചെയ്ത 'മൂലീ' സ്വതന്ത്രനോ അടിമസ്ത്രീയോ ആവട്ടെ, തുടര്‍ച്ചയായ നാലു മാസം അവന് താമസം അനുവദിക്കപ്പെടണം. പിണക്കം, രോഗം മുതലായ ഹിസ്സിയ്യോ, ഫര്‍ള് നോമ്പ് പോലെ ശറഇയ്യോ ആയ സംയോഗത്തിനുള്ള തടസ്സം ഭാര്യയിലുണ്ടായാല്‍ തുടര്‍ച്ച മുറിയുന്നതും തടസ്ഥം നീങ്ങിയാല്‍ ഈലാഇന്റെ കാലയളവ് (നാലു മാസം) തല തുടങ്ങുന്നതുമായിരിക്കും. എന്നാല്‍ ഹൈള്, നിഫാസ് പോലോത്ത ഭാര്യയിലെ തടസ്സങ്ങളോ, ഭ്രാന്ത്, രോഗം പോലോത്ത ഭര്‍ത്താവിലെ തടസ്സങ്ങളോ തുടര്‍ച്ചയെ മുറിക്കുന്നതല്ല.
അങ്ങനെ, ഈലാഅ് മുതല്‍ ഭാര്യയുമായി ബന്ധപ്പെടാതെ നാലു മാസം കഴിഞ്ഞാല്‍ സംയോഗബന്ധം നടത്തുകയോ ത്വലാഖ് ചൊല്ലി ഒഴിവാക്കുകയോ ചെയ്യണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെടാന്‍ ഭാര്യക്ക് അവകാശമുണ്ട്. ഖാളി മുഖേനയാണ് അവര്‍ അത് നടത്തേണ്ടത്. സംയോഗത്തിലേര്‍പ്പെടാന്‍ പറ്റാത്ത ശറഇയ്യായ്യ വല്ല തടസ്സവും ''തടസ്സം ഒഴിവായാല്‍ ഞാന്‍ നിര്‍വഹിച്ചു കൊള്ളാെമന്ന്'' വാഗ്ദാനമെങ്കിലും നല്‍കണമെന്ന് അവള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ തന്നെ പ്രാവര്‍ത്തികമായി കാര്യം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെടാന്‍ പാടില്ല. കാരണം അതിനവന്‍ അശക്തമാണ്. വാക്കു കൊണ്ടുള്ള മടക്കത്തിന് അവന്‍ താമസം ആവശ്യപ്പെട്ടാല്‍ അനുവദിക്കണമെന്നുമില്ല.
ഈലാഅ് ചെയ്ത ഭര്‍ത്താവ് നാലു മാസത്തിനുള്ളില്‍ ഭാര്യ ആവശ്യപ്പെട്ടതിനാലോ അല്ലാതെയോ ഇഷ്ടപ്രകാരം മുന്‍ദ്വാര സംഭോഗത്തിലേക്ക് മടങ്ങിയാല്‍ അതോടെ ഈലാഅ് അഴിഞ്ഞുപോകുന്നതും, അല്ലാഹുവിന്റെ പേര് കൊണ്ട് സത്യം ചെയ്തു കൊണ്ടാണ് ഈലാഅ് നടന്നിരുന്നതെങ്കില്‍ സത്യത്തില്‍ പിഴച്ചതിനുള്ള കഫ്ഫാറത്ത് നല്‍കേണ്ടതുമാണ്. സത്യത്തിന്റെ കഫ്ഫാറത്ത് അടിമയെ മോചിപ്പിക്കുക, പത്ത് സാധുക്കള്‍ക്ക് ഒരു മുദ്ദ് (600 ഗ്രാം) വീതം ഭക്ഷണം നല്‍കുക, പത്ത് സാധുക്കള്‍ക്ക് വസ്ത്രം നല്‍കുക എന്നിവയാണ്. ഇവയില്‍ ഒന്നിനും കഴിയാതെ വന്നാല്‍ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കണം. ഇനി ഇബാദത്തിനെ ഏറ്റെടുക്കല്‍കൊണ്ടാണ് സത്യം ചെയ്തതെങ്കില്‍ ഏറ്റെടുത്ത ഇബാദത്ത് നിര്‍വഹിക്കുകയോ, അത് ചെയ്യാതെ സത്യത്തിന്റെ കഫ്ഫാറത്ത് നല്‍കുകയോ ഇഷ്ടമുള്ളത് ചെയ്യാവുന്നതാണ്. ഇനി ത്വലാഖ്, ഇത്വ്ഖ് പോലോത്തതിനോട് ബന്ധിപ്പിക്കല്‍ കൊണ്ടുള്ള സത്യമാണെങ്കില്‍ സംഭോഗം ഉണ്ടായത് കൊണ്ട് ബന്ധിപ്പിക്കപ്പെട്ട കാര്യവും സംഭവിക്കും.
ഫൈഅത്ത് (സംയോഗത്തിലേക്കുള്ള മടക്കം), ത്വലാഖ് രണ്ടിലൊന്നുകൊണ്ട് ഭാര്യ ഖാളി മുഖേന ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് രണ്ടിനും തയ്യാറാവാത്തപക്ഷം അവനെ തൊട്ട് പകരമായി ഖാളിക്ക് അവനെതിരില്‍ ഒരു ത്വലാഖ് ചൊല്ലാന്‍ അധികാരമുണ്ട്. കൂടുതല്‍ എണ്ണം ത്വലാഖ് ചൊല്ലാന്‍ അധികാരമില്ല. അഥവാ ചൊല്ലിയാല്‍ കൂടുതലുള്ളത് നിഷ്ഫലമായിരിക്കും. അപ്പോള്‍ ഖാളി ''ഇന്ന സ്ത്രീയുടെ മേല്‍ ഇന്ന പുരുഷനെതൊട്ട് ഒരു ത്വലാഖിനെ ഞാന്‍ ഉണ്ടാക്കി'' എന്നോ ''ഇന്ന പുരുഷന്റെ മേല്‍ അയാളുടെ ഭാര്യയുടെ കാര്യത്തില്‍ ഒരു ത്വലാഖ് കൊണ്ട് ഞാന്‍ വിധിച്ചു'' എന്നോ മറ്റോ പറയണം.
ഈളാഇനു വേണ്ടിയുള്ള സത്യം മൂന്നു വിധമുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഒന്ന്: അല്ലാഹുവിനെ കൊണ്ടോ അവന്റെ സ്വിഫത്ത് കൊണ്ടോ സത്യം ചെയ്യുക. ഉദാ:- അല്ലാഹുവിനെത്തന്നെ/റഹ്മാനിനെത്തന്നെ സത്യം, നിന്നെ ഞാന്‍ സംയോഗം ചെയ്യുകയില്ല. രണ്ട്: ഭാര്യയെ സംയോഗം ചെയ്യുന്നതിന്റെ മേല്‍ ഇത്ഖ്, ത്വലാഖ് എന്നിവയെ ബന്ധിപ്പിക്കുക. ഉദാ:- 'നിന്നെ ഞാന്‍ സംയോഗം ചെയ്താല്‍ നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ്/എന്റെ അടിമ സ്വതന്ത്രനാണ്.' മൂന്ന്: നേര്‍ച്ച കൊണ്ട് നിര്‍ബന്ധമാകുന്ന ഒരു ഇബാദത്തിനെ ഏറ്റെടുക്കുക. ഉദാ: നിന്നെ ഞാന്‍ സംയോഗം ചെയ്താല്‍ അല്ലാഹുവിനുവേണ്ടി ഞാന്‍ നോമ്പനുഷ്ഠിക്കല്‍/അടിമയെ മോചിപ്പിക്കല്‍/ആയിരം രൂപ ധര്‍മം ചെയ്യല്‍ എന്റെ മേല്‍ നിര്‍ബന്ധമാണ്.
(സുന്നി അഫ്കാര്‍ വാരിക, 2005, ഡിസംബര്‍: 7, സുന്നി മഹല്‍, മലപ്പുറം)


No comments:

Post a Comment