Wednesday, November 9, 2011

ഫത്‌വ

ഫത്‌വ

ഖളാഅ് ആയ നിസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഒരു മനുഷ്യന്‍ കൂടാതെ കഴിയുകയില്ല  എന്ന സമയം ഒഴിച്ച്  ബാക്കി മുഴുവന്‍  സമയവും ഖളാഅ് ആയ നിസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ വിനിയോഗിക്കണം എന്ന് 'ഫത്ഹുല്‍മുഈനി'ല്‍ കണ്ടു. എന്നാല്‍ ഒരു പ്രസംഗത്തില്‍ കേട്ടു. പത്തു വര്‍ഷത്തെ നിസ്‌കാരങ്ങള്‍ ഖളാഅ് വീടാന്‍ ഉള്ള ഒരാള്‍ക്ക് പിന്നീടുള്ള പത്തു വര്‍ഷങ്ങളില്‍ നിസ്‌കരിക്കുമ്പോള്‍ ഓരോ വഖ്തിന്റെ സമയത്തും ഖളാഅ് ആയ ഓരോ നിസ്‌കാരങ്ങള്‍ ഖളാഅ് വീട്ടിയാല്‍  മതി. അങ്ങനെ പത്തു വര്‍ഷംകൊണ്ട് അയാളുടെ പത്തു വര്‍ഷത്തെ ഖളാഅ് ആയ നിസ്‌കാരങ്ങള്‍ വീടും എന്ന്. ഇതിനെക്കുറിച്ച് വിശദീകരിക്കാമോ?
ഉത്തരം: നഷ്ടപ്പെട്ട നിസ്‌കാരത്തെ രണ്ടായി തിരിക്കാം: ഉദ്‌റ് (കാരണം) കൊണ്ട് നഷ്ടപ്പെട്ടതും ഉദ്‌റ് കൂടാതെ നഷ്ടപ്പെട്ടതും. ഉറക്കം, മറവി, ജംആക്കാന്‍  വേണ്ടി പിന്തിക്കുക ഇവ മാത്രമാണ് ഒരു നിസ്‌കാരം സമയത്തെതൊട്ട് പിന്തിക്കാന്‍ ശറഅ് കണക്കാക്കിയ  ഉദ്‌റ് (പ്രതിബന്ധം). ഉദ്‌റ് കൊണ്ടാണെങ്കിലും അല്ലെങ്കിലും നഷ്ടപ്പെട്ട നിസ്‌കാരം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. പ്രതിബന്ധം മൂലം നഷ്ടപ്പെട്ട നിസ്‌കാരം വേഗത്തില്‍ ഖളാഅ് വീട്ടണമെന്നില്ല. സാവധാനം വീട്ടിയാല്‍ മതി. ഉദ്‌റ് കൂടാതെ നഷ്ടപ്പെട്ടു എന്നതിന്റെ അര്‍ത്ഥം യാതൊരൂ  കാരണവുമി ല്ലാതെ മനഃപൂര്‍വ്വം നിസ്‌കാരം ഉപേക്ഷിച്ചു എന്നാണല്ലോ. അവര്‍ എത്രയുംവേഗം ഒഴിവാക്കിയ നിസ്‌കാരങ്ങള്‍ ഖളാഅ് വീട്ടിത്തീര്‍ക്കണം. അത്യാവശ്യത്തിന് വേണ്ടതല്ലാത്ത മുഴുവന്‍ സമയവും ഖളാഅ് വീട്ടാന്‍ വിനിയോഗിക്കുകയാണ് അവര്‍ വേണ്ടത്. ശറഹുല്‍ മുഹദ്ദബ് 3:69, തുഹ്ഫ 1/439, നിഹായ 1/363, മുഗ്‌നി 1/127 തുടങ്ങിയ ഫിഖ്ഹ് ഗ്രന്ഥങ്ങളിലെല്ലാം ഇത് വിവരിച്ചിട്ടുണ്ട്. അതുതന്നെയാണ് ഫത്ഹുല്‍ മുഈനിലുള്ളതും.
എന്നാല്‍, ഉദ്‌റ് കൂടാതെ നഷ്ടപ്പെട്ട നിസ്‌കാരവും വേഗത്തില്‍ ഖളാഅ് വീട്ടേണ്ടതില്ല; സാവധാനം വീട്ടിയാല്‍ മതി എന്ന ഒരു അഭിപ്രായം നമ്മുടെ മദ്ഹബില്‍തന്നെയുണ്ട്. ശര്‍ഹുല്‍മുഹദ്ദബും മുഗ് നിയും ഈ അഭിപ്രായം ഉദ്ധരിച്ചിരിക്കുന്നു. ഇത് ബലഹീനമായ  അഭിപ്രായമാണ്. ശര്‍ഹുല്‍ മുഹദ്ദ ബില്‍ ഈ അഭിപ്രായത്തെ ന്യായസഹിതം ഖണ് ഡിച്ചിട്ടുണ്ട്. ബലഹീനമായ ഈ അഭിപ്രാ യത്തോ ടേ ചോദ്യകര്‍ത്താവ് പ്രസംഗത്തില്‍ കേട്ടത് യോജി ക്കയുള്ളൂ. അത് പ്രബലമല്ല. പത്തു കൊല്ലം കൊണ്ട് ഖളാഅ് വീട്ടിത്തീര്‍ക്കാന്‍, അത്രയുംകാലം ജീവി ക്കുമെന്ന് ഉറപ്പില്ലല്ലോ. ജീവിച്ചിരുന്നാല്‍തന്നെ ഖളാ അ് വീട്ടാന്‍ സാധിക്കണമെന്നുമില്ലല്ലോ. അതിനാല്‍ നഷ്ടപ്പെട്ട നിസ്‌കാരങ്ങളും മറ്റു കര്‍മ്മങ്ങളും എത്രയും വേഗം വീട്ടിത്തീര്‍ക്കലാണ് കരണീയം.
ചോദ്യം: ഞാന്‍ ഒരു വര്‍ഷത്തെ നിസ്‌കാരം കാരണം കൂടാതെ ഖളാആക്കിയ വ്യക്തിയാണ്. അവ ഖളാഅ് വീട്ടാന്‍  ഞാന്‍ ആഗ്രഹിക്കുന്നു. സുബ്ഹിന്റെയും അസ്വറിന്റെയും ശേഷം വെള്ളിയാഴ്ചയല്ലാത്ത നട്ടുച്ച സമയത്തും ഖളാഅ് വീട്ടല്‍ നിഷിദ്ധമാണെന്ന് കേള്‍ക്കുന്നു. അതു ശരിയാണോ? ഇവ നിസ്‌കരിച്ച ശേഷമാണോ അതോ ഇവയുടെ സമയ ശേഷമാണോ  നിഷിദ്ധം? വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.

ഉത്തരം: നിസ്‌കാരം ഹറാമുള്ള സമയങ്ങളില്‍ നഷ്ടപ്പെട്ടവ ഖളാഅ് വീട്ടുന്നതിനു വിരോധമില്ല. മുന്തിയ കാരണമില്ലാത്ത നിസ്‌കാരങ്ങള്‍ മാത്രമാണ് ഈ സമയങ്ങളില്‍ പാടില്ലാത്തത്. ഖളാഅ് വീട്ടുന്നത് മുന്തിയ കാരണമുണ്ടായതു കൊണ്ടാണല്ലോ. എങ്കിലും പാടില്ലാത്ത സമയത്തു തന്നെ നിര്‍വ്വഹിക്കണമെന്ന നിലക്ക് ആ സമയത്തേക്ക് നീട്ടിവെച്ച് നിസ്‌കരിക്കുന്നത് കുറ്റകരവും സാധുവാകാത്തതുമാണ്. സുബ്ഹും അസ്‌റും നിസ്‌കരിച്ചാല്‍ സൂര്യനുദിച്ച് ഒരു കുന്തത്തോളം ഉയരുന്നതു വരെയും അസ്തമിക്കു ന്നതു വരെയും അയാള്‍ക്ക് നിസ്‌കാരം പാടില്ലാത്ത സമയമാണ്. ഇവ രണ്ടും നിസ്‌കരിക്കാത്ത ആള്‍ക്ക് സൂര്യന്‍ ഉദിച്ചതു മുതല്‍ ഉയരുന്നതുവരെയും മഞ്ഞനിറമായതു മുതല്‍  അസ്തമിക്കുന്നതു വരെയും  നിസ്‌കാരം പാടില്ലാത്ത  സമയമാണ്. ഏത് നിസ്‌കാരത്തിന്റെ വഖ്തിലാണെങ്കിലും നഷ്ട പ്പെട്ടവ ഖളാഅ് വീട്ടിയശേഷമാണ് അദാആയ നിസ്‌കാരം നിര്‍വ്വഹിക്കേണ്ടത്. ഖളാഅ് വീട്ടാന്‍ തുനിഞ്ഞാല്‍ അദാആയ നിസ്‌കാരം അല്‍പമെങ്കി ലും സമയത്തിന്റെ പുറത്തേക്ക് ചാടുമെന്ന്  കണ്ടാ ല്‍ ആദ്യം അദാആയ നിസ്‌കാരം നിര്‍വ്വഹിക്കണം (തുഹ്ഫ 1/439,441).
2005 ഓഗസ്റ്റ് 31-ന്റെ സുന്നി അഫ്കാറില്‍ അബ്ദുസ്സമദ് ഫൈസി കരുവാരകുണ്ട് എഴുതിയ 'ആര്‍ത്തവം: സംശയവും മറുപടിയും' എന്നതില്‍ ആര്‍ത്തവം തീരെയുണ്ടാവാത്ത സ്ത്രീകളുണ്ടോ എന്ന ചോദ്യത്തിന്, 'ഉണ്ട്. റസൂല്‍(സ)യുടെ പുത്രി ഫാത്വിമ' എന്നു പറയുന്നു. ഇതിന് എവിടെയാണ് തെളിവുള്ളത്? ഇത് ആര് ആരോട് എപ്പോള്‍ പറഞ്ഞു എന്ന് വ്യക്തമായി സുന്നി അഫ്കാറില്‍തന്നെ വിശദീകരിച്ചുതരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.¿
ഉത്തരം: എന്റെ മകള്‍ ഫാത്വിമ തീരെ ആര്‍ത്തവമുണ്ടാവാത്ത സ്ത്രീയാണെന്ന് നബി (സ) പറഞ്ഞതായി നസാഈ നിവേദനം ചെയ്തിട്ടുണ്ട്. ആര്‍ത്തവമില്ലാത്തതുകൊണ്ടാണ ത്രെ അവര്‍ക്ക് 'സഹ്‌റാഅ്' എന്ന പേര് കിട്ടിയത്. 'ശുദ്ധിയുള്ളവര്‍' എന്നാണ് ഈ വാക്കിനര്‍ത്ഥം. ആര്‍ത്തവം പോലെ അവര്‍ക്ക് പ്രസവരക്തവും ഉണ്ടായിട്ടില്ല. ഫതാവാ ളഹീരിയ്യായുടെ കര്‍ത്താവും മുഹിബ്ബുത്വിബ്‌രിയും ഇത് പറഞ്ഞിട്ടുണ്ട്. (ഇസ്ആഫുര്‍റാഗിബീന്‍ ഹാമിശ് നൂറുല്‍ അബ്‌സാര്‍ പേ.188). തീരെ ആര്‍ത്തവമുണ്ടാവാത്ത സ്ത്രീകള്‍ വേറെയുമുണ്ട്. ഇങ്ങനെയുള്ള ഒരു സ്ത്രീയുടെ പരാമര്‍ശം ശര്‍വാനി 1/386-ല്‍ കാണാം.
ചോദ്യം: പള്ളിയിലൂടെ വരിവരിയായി നടന്നു പോകുന്ന ഉറുമ്പിന്‍കൂട്ടങ്ങളെ ഈച്ചപ്പൊടിയോ മറ്റോ ഉപയോഗിച്ച് കൊല്ലാന്‍ പറ്റുമോ?

ഉത്തരം: 'സുലൈമാനി ഉറുമ്പ്' എന്നുപേരുള്ള ഒരുതരം വലിയ ഉറുമ്പിനെ കൊല്ലാന്‍ പാടില്ല. അതിനെ കൊല്ലുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. ചെറിയ ഉറുമ്പുകളെ കൊല്ലുന്നതിന് വിരോധമില്ല. അതു ഉപദ്രവകാരിയാണെന്നതു തന്നെ കാരണം. കൊല്ലുന്നത് ഈച്ചപ്പൊടി ഉപയോഗിച്ചും അല്ലാതെയും ആവാം. കരിക്കല്‍ കൊണ്ടല്ലാതെ ഉപദ്രവം നീങ്ങുന്നില്ലെങ്കില്‍ അങ്ങനെയുമാവാം. (തുഹ്ഫ 9/383).
ചോദ്യം: ഒരാളുടെ രക്തം മറ്റൊരാള്‍ക്ക് കയറ്റുന്നത് ഇന്ന് വ്യാപകമാണല്ലോ. ഒരു സ്ത്രീയുടെ രക്തം അന്യപുരുഷന് കയറ്റിയാല്‍ അവര്‍ തമ്മില്‍ വിവാഹബന്ധം പാടില്ലാത്ത ബന്ധമുണ്ടാവുമോ?
.
ഉത്തരം: കുടുംബ ബന്ധം, വിവാഹബന്ധം, മുലകുടി ബന്ധം ഇവകൊണ്ടുമാത്രമേ ഒരാണും പെണ്ണും തമ്മില്‍ വിവാഹം പാടില്ലാത്ത ബന്ധമുണ്ടാവുകയു ള്ളൂ. രക്തം കയറ്റുന്നത് ഇവയില്‍ പെട്ടതല്ല. ഒരാളുടെ രക്തം മറ്റൊരാള്‍ക്ക് കയറ്റിയതുകൊണ്ട് അവര്‍ തമ്മില്‍ ബന്ധമുണ്ടാകുന്നതല്ല. അവര്‍ക്ക് വിവാഹബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഭാര്യയു ടെ രക്തം ഭര്‍ത്താവിനോ ഭര്‍ത്താവിന്റേത് ഭാര്യക്കോ കയറ്റിയതു കൊണ്ട് വിവാഹ ബന്ധത്തിന് പ്രത്യേകം ഒന്നും സംഭവിക്കാനില്ല.
ചോദ്യം: (1) ഖുതുബിയ്യത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്ന 12 റക്അത്ത് നിസ്‌കാരം ഏത് നിസ്‌കാരമാണ്? അതിന് എന്താണ് നിയ്യത്ത് വെക്കേണ്ടത്/അത് ഖുതുബിയ്യത്ത് തുടങ്ങുന്നതിന് മുമ്പാണോ ബൈത്തിന്നിടയിലാണോ നിര്‍വ്വഹി ക്കേണ്ടത്? ഖുതുബിയ്യത്ത് നേര്‍ച്ചയാക്കാന്‍ പറ്റുമോ?
(2) നിസ്‌കാരത്തില്‍ നിന്നും ഇമാം സലാം വീട്ടിയ ശേഷം മസ്ബൂഖ് തന്റെ നിസ്‌കാരം പൂര്‍ത്തിയാ ക്കാന്‍ വേണ്ടി ഇരുത്തത്തില്‍നിന്നും എണീക്കണമ ല്ലോ. ഈ ഇരുത്തം ഇമാമിന് അവസാനത്തെ അത്തഹിയ്യാത്തിന്റെ സ്ഥാനത്താവുമ്പോള്‍ മസ്ബൂ ഖിന് ഒന്നാമത്തെ അത്തഹിയ്യാത്തിന്റെ സ്ഥാന ത്തോ അല്ലാതയോ ആയിരിക്കുമല്ലോ. ഈ ഇരുത്ത ത്തില്‍ മസ്ബൂഖ് അത്തഹിയ്യാത്തും നബി(സ) യുടെ മേലുള്ള സ്വലാത്തും മാത്രം ചൊല്ലിയാല്‍ മതിയോ, അതോ നബി(സ)യുടെ കുടുംബങ്ങ ളുടെമേലുള്ള സ്വലാത്തും ദുആയും കൂടി നിര്‍വ്വ ഹിക്കേണ്ടതുണ്ടോ?

ഉത്തരം(1): രോഗം സുഖപ്പെടുക തുടങ്ങി എന്തെ ങ്കിലും ആവശ്യം നിറവേറാന്‍ വേണ്ടിയാണല്ലോ നാം സാധാരണ ഖുതുബിയ്യത്ത് ഓതാറുള്ളത്. ഖളാഉല്‍ ഹാജത്തിന്റെ (ആവശ്യം നിറവേരുന്നതി ന്റെ) നിസ്‌കാരമാണ് ഖുതുബിയ്യത്തോടനുബന്ധി ച്ച് നാം നടത്താറുള്ളത്. അത് 12 റക്അത്താണെന്ന് ഇമാം ഗസ്സാലി(റ) ഇഹ്‌യാഇല്‍ പ്രസ്താവിച്ചത് ശര്‍ഹ് ബാഫള്‌ല് 1/328-ല്‍ ഉദ്ധരിച്ചിരിക്കുന്നു. ഖളാഉല്‍ ഹാജത്തിന്റെ സുന്നത്തായ നിസ്‌കാരം എന്നാണ് അതിന് നിയ്യത്ത് ചെയ്യേണ്ടത്. ഫാതിഹയും ഇഖ്‌ലാസും ഓതി 12 റക്അത്ത് നിസ്‌കരിച്ച  ശേഷം  എന്നെ വിളിച്ചാല്‍ ഞാന്‍ ഉത്തരം ചെയ്യുമെന്ന് ശൈഖ് മുഹ്‌യദ്ദീന്‍(റ) പറഞ്ഞതായി ഖുത്ബിയ്യത്തില്‍ തന്നെയുണ്ടല്ലോ. പണ്ഡിതന്‍മാരുള്ള സദസ്സില്‍ നിസ്‌കാരം ഖുത്ബിയ്യത്തിന്റെ മുമ്പായും ഇടയിലായും നിര്‍വ്വഹിച്ചുകാണുന്നുണ്ട്.
മുഹ്‌യദ്ദീന്‍ ശൈഖ്(റ)വിന്റെ മദ്ഹുകളാണ് ഖുത്ബിയ്യത്തിലുള്ളത്. മഹാന്‍മാരുടെ മദ്ഹുകള്‍ പാടുന്നതും പറയുന്നതും പുണ്യകര്‍മ്മങ്ങളില്‍ പെട്ടതാണ്. അതിനാല്‍ ഖുത്ബിയ്യത്ത് നേര്‍ച്ചയാ ക്കാവുന്നതാണ്.
(2) ചോദ്യത്തില്‍ പറഞ്ഞ മസ്ബൂഖ് അത്തഹിയ്യാത്തും നബി(സ)യുടെ മേല്‍ സ്വലാത്തും ചൊല്ലല്‍ സുന്നത്തായതുപോലെ കുടുംബത്തിന്റെ മേല്‍ സ്വലാത്ത് ചൊല്ലലും ശേഷമുള്ള ദുആയും സുന്നത്താകുന്നു.
ഇമാമിനോട് പിന്‍പറ്റാന്‍ വേണ്ടിയാണിത്. (ഫത്ഹുല്‍ മുഈന്‍ പേ.119).

നോമ്പനുഷ്ഠിച്ച ഒരു വ്യക്തിക്ക് ഇഞ്ചക്ഷന്‍ ചെയ്യുകയോ ഗ്ലുക്കോസ് കയറ്റുകയോ ചെയ്താല്‍ അവന്റെ നോമ്പു മുറിയുമോ? അതുപോലെ വയറു കഴുകിയാല്‍ നോമ്പ് മുറിയുമോ? അതുപോലെ ഓപ്പറേഷന്‍, കറന്റടിപ്പിക്കല്‍, അവയവം മുറിച്ചുമാറ്റല്‍ തുടങ്ങിയവകൊണ്ടും നോമ്പ് മുറിയുമോ?

ഉത്തരം: ജൗഫ് എന്ന് അറബിയില്‍ പറയുന്ന പൊള്ളയായ സ്ഥലത്തേക്ക് തടിയുള്ള വല്ല വസ്തുവും ചേരുമ്പോഴാണ് നോമ്പ് മുറിയുക. നോമ്പ് മുറിയുന്ന ജൗഫ് ഏതെല്ലാമാണെന്ന് ഫുഖഹാഅ്  വിശദീകരിച്ചിട്ടുണ്ട്. കാല്‍ തണ്ടയില്‍ സൂചി ഇറക്കുകയും അത് എല്ല് വിട്ടുകടന്ന് മജ്ജയിലേക്ക് എത്തിയാലും ജൗഫില്‍ പെടാത്തതുകൊണ്ട് നോമ്പു മുറിയില്ലെന്ന് ഫുഖഹാഅ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇറച്ചിയിലേക്ക് തടിയുള്ള വസ്തു ചേര്‍ന്നാല്‍ മുറിയില്ലെന്നും ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം. ഞരമ്പിന്റെ ഉള്ള് ജൗഫായി പരിഗണിച്ചതായി മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. അതിനാല്‍ ഇഞ്ചക്ഷന്‍ ചെയ്യുകയോ ഗ്ലുക്കോസ് കയറ്റുകയോ ചെയ്താല്‍ നോമ്പ് മുറിയുന്നതല്ല.
വയറ് കഴുകിയാല്‍ നോമ്പ് മുറിയുന്നതാണ്. പിന്‍ദ്വാരത്തിലൂടെ വെള്ളം കുടലിലേക്ക് കയറ്റിയാണല്ലോ വയറ് കഴുകാറുള്ളത്. കുടല്‍ ജൗഫില്‍ പെട്ടതാണ്. പിന്‍ദ്വാരത്തിലൂടെ കയറ്റിയാല്‍ നോമ്പ് മുറിയുമെന്ന് തുഹ്ഫ 3/402-ല്‍ പ്രസ്താവിച്ചിരിക്കുന്നു.
കുടലിലേക്കെത്തിയില്ലെങ്കിലും വയറിന്റെ ഉള്ള് ജൗഫില്‍ പെട്ടതാണ്. വയര്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ വല്ല വസ്തുവും ഉള്ളിലേക്കെത്തി യാല്‍ നോമ്പ് മുറിയും. തല ഓപ്പറേഷന്‍ ചെയ്യുകയും തലച്ചോറിന്റെ അടുത്തേക്ക് വല്ലതും ചേരുകയും ചെയ്താലും നോമ്പ് മുറിയും. (തുഹ്ഫ 3/402). കയ്യിലോ കാലിലോ ഓപ്പറേഷന്‍ ചെയ്യുന്നതുകൊണ്ട് നോമ്പ് മുറിയുന്നതല്ല. കറന്റടിപ്പിക്കല്‍, അവയവം മുറിച്ചു മാറ്റല്‍ ഇവ കൊണ്ടും നോമ്പ് മുറിയുന്നതല്ല.

No comments:

Post a Comment