Friday, November 4, 2011

വിസര്‍ജന മര്യാദകള്‍

വിസര്‍ജന മര്യാദകള്‍
അബ്ദുസ്സമദ് ഫൈസി കരുവാരക്കുണ്ട്‌

മലമൂത്ര വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ ഉദ്ദേശിക്കുന്നവന്‍ പാദരക്ഷ ധരിക്കലും തല മറക്കലും സുന്നത്താകുന്നു. പാദരക്ഷ ധരിക്കാതെ മലിന സ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ ഹുക്‌വേം' എന്നറിയപ്പെടുന്ന ഒരുതരം വിഷാണുക്കള്‍  പാദത്തിനടിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുമത്രെ. മലിനവായുവില്‍ നിറഞ്ഞിരിക്കുന്ന വിഷാണുക്കള്‍ മുടിയില്‍ പറ്റിപ്പിടിച്ചാലുണ്ടാകുന്ന വിനകള്‍ വളരെ ഗൗരവം നിറഞ്ഞതാണെന്നാണ് വൈദ്യശാസ്ത്രജ്ഞരുടെ വീക്ഷണം. പാദരക്ഷ ധരിക്കുകയും തലമറക്കുകയും ചെയ്താല്‍ വിഷാണുക്കളെ ഒഴിവാക്കാന്‍ സഹായകമാവും.
അല്ലാഹുവിന്റെയും റസൂലിന്റയും നാമങ്ങളും മറ്റു വന്ദിക്കപ്പെടുന്ന പേരുകളും എഴുതിയ സാധനങ്ങള്‍ ദേഹത്തിലുണ്ടെങ്കില്‍ അവ നീക്കം ചെയ്ത ശേഷമാണ് കക്കൂസില്‍ പ്രവേശിക്കേണ്ടത്. കക്കൂസ്  എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നത് മലമൂത്രവിസര്‍ജനം ചെയ്യാന്‍ പോയിരിക്കുന്ന സ്ഥലം എന്നാണ്. ഇത് പ്രത്യേകം തയ്യാറാക്കിയ സ്ഥലംതന്നെയാവണമെന്നില്ല. തോട്ടം, പറമ്പ്, വയല്‍ മുതലായ സ്ഥലങ്ങളില്‍നിന്ന് വല്ലയിടത്തും വിസര്‍ജിച്ചാല്‍ ആ സ്ഥലത്തിനും ഇവിടെ പറയുന്നതെല്ലാം ബാധകമാണ്.
പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും പ്രത്യേകം ദിക്‌റുകള്‍ സുന്നത്തുണ്ട്.
കക്കൂസില്‍ പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറപ്പെടുമ്പോള്‍ വലതുകാലും മുന്തിക്കുക. പ്രവേശിക്കുമ്പോഴും പുറപ്പെടുമ്പോഴും ദിക്‌റ് ചൊല്ലുക. ഇരിക്കുന്നതിനു മുമ്പ് വസ്ത്രം ഉയര്‍ത്താതിരിക്കുക, വിസര്‍ജനം കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നിവര്‍ന്നു നില്‍ക്കുന്നതിനു മുമ്പു തന്നെ വസ്ത്രം താഴ്ത്തുക. ഇടതു ഭാഗത്തിന്‍മേല്‍ ചാരിയിരിക്കുക, ഇരുത്തം ദീര്‍ഘിപ്പിക്കാതിരിക്കുക, സംസാരിക്കാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട മര്യാദകളില്‍ പെട്ടതാണ്.
 ദിക്‌റ് കക്കൂസില്‍ പ്രവേശിക്കുന്നതിനു മുമ്പായിരിക്കണം ചൊല്ലേണ്ടത്. വിസര്‍ജന സ്ഥലത്തേക്ക് കാലു കുത്തിയതിനു ശേഷമേ അക്കാര്യം ഓര്‍ത്തുള്ളൂവെങ്കില്‍ ദിക്‌റ് മനസ്സുകൊണ്ട് കരുതുക. ഉച്ചരിക്കാന്‍ പാടില്ല. അതുപോലെത്തന്നെ പുറപ്പെടുമ്പോള്‍ ചൊല്ലേണ്ട ദിക്‌റ് വിസര്‍ജന സ്ഥലത്തു നിന്ന് പുറത്തു വന്ന ഉടനെയാണ് ചൊല്ലേണ്ടത്.
വിസര്‍ജനത്തിന് പോകുമ്പോഴും മടങ്ങി വരുമ്പോഴുമൊക്കെ എന്തിനാണ് ദിക്‌റ് ചൊല്ലുന്നത് എന്നൊക്കെ ചിന്തിക്കുന്നവരുണ്ടാകും. വിവരക്കുറവിന്റെ പേരിലും അല്ലാതെയും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ സത്യവിശ്വാസിയുടെ ഹൃദയത്തില്‍നിന്ന് ഒരിക്കലും വിട്ടുപോകാന്‍ പാടില്ലെന്ന പരമാര്‍ത്ഥം ഇവര്‍ക്ക് അറിയാതെ പോയെന്ന് വരാം. മാത്രമല്ല, പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ്. മനുഷ്യരിന്‍നിന്നും അവനെ അകറ്റാനുള്ള മാര്‍ഗം 'ബിസ്മി' ചൊല്ലലാണ്.  അലി(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. ജിന്നുകളുടെ ദൃഷ്ടികള്‍ക്കും മനുഷ്യരുടെ ഗുഹ്യസ്ഥാനങ്ങള്‍ക്കും  ഇടയിലുള്ള മറ വിസര്‍ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍  'ബിസ്മില്ലാഹി' എന്നു ചൊല്ലലാണ്.''(തിര്‍മുദി) വിസര്‍ജന സ്ഥലങ്ങള്‍ പിശാചിന്റെ സങ്കേതമാണെന്നും അതിനാല്‍ അവയില്‍ പ്രവേശിക്കുമ്പോള്‍ പിശാചുക്കളെ തൊട്ട്  അല്ലാഹുവിനോട് അഭയം തേടണമെന്നും നബികരീ(സ) പറഞ്ഞിട്ടുണ്ട്.(അബൂദാവൂദ്, ഇബ്‌നു മാജഃ)
അനായാസം വിസര്‍ജനാവശ്യങ്ങള്‍ നാം നിര്‍വ്വഹിച്ചു പോരുന്നു. അല്ലാഹു ഏര്‍പ്പെടുത്തിയ ആ മഹത്തായ  പ്രക്രിയയുടെ അനുഗ്രഹീത വശം പലരും ചിന്തിക്കാറില്ല. ശരീര ഘടനയുടെ അന്യൂന സംവിധാനം പ്രയാസരഹിതമായി നിര്‍വ്വഹിക്കാന്‍ കഴിയുന്നതില്‍ അല്ലാഹുവിനെ  സ്തുതിക്കേണ്ട കടമ നമുക്കില്ലേ. മലമൂത്ര വിസര്‍ജനത്തിന് കഴിയാതെ കുടലില്‍ മാലിന്യങ്ങള്‍  കെട്ടിക്കിടന്നാല്‍ നമ്മുടെ സ്ഥിതി എന്താകും. നേരിയ മലബന്ധമോ  മൂത്ര തടസ്സമോ  അനുഭവപ്പെടുമ്പോഴും മരുന്നും പഥ്യവുമായി നടക്കുന്നവരല്ല നമ്മില്‍ പലരും? കൂലങ്കശമായി ചിന്തിച്ചു നോക്കൂ. പ്രയാസ രഹിതമായി വിസര്‍ജന പ്രിക്രിയ നിര്‍വ്വഹിക്കാന്‍ കഴിവു നല്‍കിയ അല്ലാഹുവിന് എന്തുമാത്രം നന്ദി രേഖപ്പെടുത്തണം. എത്രമാത്രം സ്തുതി കീര്‍ത്തനങ്ങളര്‍പ്പിക്കണം. എത്ര അധികം  ചെയ്താലും മതിയാകുമോ. കക്കൂസില്‍നിന്ന് പുറത്തുവന്നശേഷം ചൊല്ലേണ്ടുന്ന 'ഗുഫ്‌റാനക......' എന്ന ദിക്‌റിന്റെ ആവശ്യകതയെക്കുറിച്ച് ഇനി ചിന്തിക്കുക. വിഷയങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുക.
മലമൂത്ര വിസര്‍ജന സമയത്ത് വിസര്‍ജന വസ്തുവിലേക്കും വിസര്‍ജനാവയവത്തിലേക്കും നോക്കല്‍ കറാഹത്താണ്. തുപ്പുന്നതും ചീറ്റുന്നതും അനാവശ്യമായി സംസാരിക്കുന്നതും തിന്നുന്നതും കുടിക്കുന്നതും മിസ്‌വാക്ക് ചെയ്യുന്നതു അങ്ങനെത്തന്നെ.
 ഗുഹ, ഉറച്ച സ്ഥലം, കാറ്റ് വീശുന്ന സ്ഥലം, ജനങ്ങള്‍ സംസാരിച്ചിരിക്കുന്ന സ്ഥലം, ജനസഞ്ചാരമുള്ള വഴി, ഫലം കായ്ക്കുന്ന മരച്ചുവട്, ഖബ്‌റിനു സമീപം, കെട്ടിനില്‍ക്കുന്ന വെള്ളം, കുറഞ്ഞൊലിക്കുന്ന  വെള്ളം എന്നിവിടങ്ങളില്‍ വിസര്‍ജിക്കരുത്. ഭക്ഷണ സാധനങ്ങള്‍, എല്ല്, വന്ദിക്കപ്പെടുന്ന വസ്തുക്കള്‍, ഖബര്‍ മുതലായവയുടെ മേല്‍ മൂത്രിക്കല്‍ ഹറാമാകുന്നു. പള്ളിയില്‍ മൂത്രിക്കലും ഹറാമാകുന്നു. അത്  പാത്രത്തിലാണെങ്കിലും ശരി.  മറയില്ലാത്ത അവസരത്തില്‍ ഖിബ്‌ലക്ക് മുന്നിട്ടും പിന്നിട്ടും മലമൂത്ര വിസര്‍ജനം ചെയ്യല്‍ അനുവദിനീയമല്ല.
 ഇസ്തിബ്‌റാഅ് നിര്‍ബന്ധം
മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ ഇസ്തിബ്‌റഃ (നല്ലവണ്ണം വാര്‍ത്തു കളയല്‍) ചെയ്യണം.  കണ്ണു ശുദ്ധി വരുത്തുക, ലിംഗം കുടയുക, പലതവണ തടവുക തുടങ്ങിയ കാര്യങ്ങള്‍ അതിന് പ്രയേജനപ്പെടും.  തങ്ങി നില്‍ക്കുന്ന മുഴുവന്‍ മൂത്രം പുറത്തു പോകാന്‍ ഇത്  ആവശ്യമാണ്. ശൗച്യം ചെയ്യുന്നതിനു മുമ്പ് നാലടി നടക്കുന്നതും കൂടുതല്‍ കണ്ഠശുദ്ധി വരുത്തുന്നതും  മൂത്രത്തുള്ളികള്‍ തീരെ തങ്ങിനിര്‍ക്കാതിരിക്കാന്‍ നല്ലതാണ്.
ഇത് ഇത്ര വലിയ കാര്യമാണോ? അതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ വേറെ എത്ര കിടക്കുന്നുണ്ട്  എന്ന് ചിന്തിക്കുന്നവരുണ്ടാവാം. ചില കാര്യങ്ങള്‍ മനുഷ്യരുടെ ദൃഷ്ടിയില്‍ നിസ്സാരമായിരിക്കും. പക്ഷെ ശറഇന്റെ വീക്ഷണത്തില്‍ വളരെ ഗുരുതരം തന്നെയായിരിക്കും. ഇത്തരത്തില്‍പ്പെട്ട കാര്യമാണ് ഇസ്തിബ്‌റഃ. ഇതിനെ നിസ്സാരവല്‍ക്കരിച്ചാല്‍ കഠിന ശിക്ഷ അനുഭവിക്കേണ്ടി വരും. ഇസ്തിബ്‌റഃയുടെ കാര്യത്തില്‍ വന്ന ഒരു ഹദീസ് കാണുക.
''ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ നബി(സ) രണ്ട് ഖബ്‌റുകള്‍ക്കരികിലൂടെ നടക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് അരുളി. നിശ്ചയം ഈ ഖബ്‌റുകളിലുള്ളവര്‍ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ ശിക്ഷിക്കപ്പെടുന്നതാവട്ടെ (സൂക്ഷിക്കാന്‍ വിഷമകരമായ) ഗുരുതര കുറ്റത്തിന്റെ  പേരിലല്ല. അതിലൊരാള്‍ മൂത്രമൊഴിച്ച ശേഷം  ഇസ്തിബ്‌റഃ (മൂത്രത്തുള്ളികള്‍ നല്ലവണ്ണം ചോര്‍ത്തിക്കളയല്‍) ചെയ്യാത്തവനും മറ്റവന്‍ ഏഷണി തൊഴിലാക്കിയവനുമായിരുന്നു. അനന്തരം നബി(സ) ഒരു പച്ച ഈത്തപ്പന മടല്‍ എടുക്കുകയും രണ്ട് വിളര്‍പ്പാക്കി  ഇരു ഖബ്‌റിന്‍മേലും  ഓരോ പിളര്‍പ്പ് വെക്കുകയും ചെയ്തു. സ്വഹാബികള്‍ ചോദിച്ചു. അവിടുന്ന് എന്തിനാണിത് ചെയ്തത്? നബി(സ) പറഞ്ഞു. അവ രണ്ടും ഉണങ്ങാതിരിക്കുവോളം കാലം അവര്‍ രണ്ടാള്‍ക്കും ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം.''(ബുഖാരി, മുസ്‌ലിം)
പ്രപഞ്ചത്തിലെ സസ്യലതാതികളടക്കമുള്ള സര്‍വ്വ ചേതന വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നുണ്ട്. ഉണങ്ങാതിരിക്കുമ്പോഴെല്ലാം അവക്ക് ജീവനുണ്ട്. ഖബ്‌റിന്റെ പുറത്ത് ഈത്തപ്പന മടല്‍ ചീന്തി വെച്ചതിന്റെ ആവശ്യകത വിവരിച്ച് നബി(സ) പറഞ്ഞ കാര്യം പ്രത്യേകം സ്മരിക്കുക. അവ ഉണങ്ങാതിരിക്കുവോളം കാലം ആ ഖബ്‌റിലുള്ളവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടും. ഇത് എങ്ങനെ സാധ്യമാവും. അതിന്റെ തസ്ബീഹിന്റെ ബര്‍ക്കത്ത് കൊണ്ട് ശിക്ഷ ലഘൂകരിക്കപ്പെടുമെന്ന് പ്രഗത്ഭ പണ്ഡിതരുടെ സുചിന്തിതാഭിപ്രായം. (ശറഹു മുസ്‌ലിം).
(സുന്നി അഫ്കാര്‍ വാരിക, 2006, ഫെബ്രുവരി, 04, സുന്നിമഹല്‍, മലപ്പുറം)

No comments:

Post a Comment