Wednesday, November 9, 2011

ഫിത്വ്‌ര്‍ സകാത്ത്‌; വിതരണം, ബാധ്യത

ഫിത്വ്‌ര്‍ സകാത്ത്‌; വിതരണം, ബാധ്യത
എം.എ ജലീല്‍ സഖാഫി പുല്ലാര

ഹിജ്‌റ രണ്ടാം വര്‍ഷമാണ്‌ ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാക്കപ്പെട്ടത്‌. നിബന്ധനകള്‍ക്ക്‌ വിധേയമായി ശരീരത്തിന്റെ പരിശുദ്ധിക്ക്‌ വേണ്ടി നല്‍കപ്പെടുന്ന വസ്‌തു എന്നാണ്‌ ഫിത്വ്‌ര്‍ സകാത്തിന്റെ ശര്‍ഈ അര്‍ത്ഥം. ഇസ്‌ലാമിലെ ഖണ്‌ഡിത പ്രമാണമായ ഇജ്‌മാഅ്‌ മുഖേന സ്ഥിരപ്പെടുത്താണ്‌ ഈ സകാത്തിനു ഇബ്‌നുമുന്‍ദിര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്‌. (തുഹ്‌ഫ : 3/305)
മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. ശരീരവുമായി ബന്ധപ്പെട്ട സകാത്തായതിനാല്‍ ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിലില്ല. ദാരിദ്ര്യവും നിര്‍ദ്ധനതയും ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥയും ഇതുകൊണ്ടുദ്ദേശമില്ല. ചില നിബന്ധനകള്‍ക്ക്‌ വിധേയമായി എല്ലാ ശരീരത്തിനും ഇത്‌ ബാധകമാണ്‌. ഇത്‌ ബാധ്യതപ്പെട്ടവര്‍ തന്നെ ഇതിന്റെ അവകാശികളും ആവാം.
ഇമാം ഷാഫിഈ (റ) യുടെ ഗുരുവര്യര്‍ ഇമാം വകീഅ്‌ (റ) പ്രസ്‌താവിച്ചു: നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക്‌ സഹ്‌വിന്റെ സുജൂദ്‌ പരിഹാരമാകുന്നത്‌ പോലെ റമളാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക്‌ പരിഹാരമാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌.നോമ്പുകാരനു ശുദ്ധീപരണമാണ്‌ ഫിത്വ്‌ര്‍ സക്കാത്തെന്ന നബി വചനം ഇതിനു ബലം നല്‍കുന്നു. (തുഹ്‌ഫ : 3/305,ഫത്‌ഹുല്‍ മു ഈന്‍ പേജ്‌:171).
നോമ്പില്‍ വരുന്ന വീഴ്‌ചകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയത്‌ എന്നല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം. പ്രത്യുത,ഫിത്വ്‌ര്‍ സകാത്തു നല്‍കുന്നതിലൂടെ ഈ കാര്യം നടക്കുമെന്നു മാത്രം. നോമ്പില്ലാത്ത കുട്ടികള്‍ക്ക്‌ വരെ ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാണല്ലോ.

ഉദ്ദേശ്യമെന്ത്‌?
ഒരു മാസത്തെ ആത്മവിശുദ്ധിയുടെ പരിസമാപ്‌തിയില്‍ അല്ലാഹു മുസ്‌ലിംകള്‍ക്കു നല്‍കിയ ചെറിയ പെരുന്നാള്‍ ദിനത്തിലും അതിനോട്‌ ബന്ധപ്പെട്ട്‌ ഒന്നു രണ്ടു ദിവസവും ജനങ്ങള്‍ തൊഴിലിനും അദ്ധ്വാനത്തിനും അവധി നല്‍കുകയെന്നത്‌ സ്വാഭാവികമാണ്‌. ആഘോഷത്തിന്റെ പേരിലുണ്ടാകുന്ന അവധി ദിനങ്ങളില്‍ നാട്ടില്‍ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തില്‍ ഒരു തൊഴിലാളിയും ബുദ്ധിമുട്ടെരുതെന്ന ലക്ഷ്യമാണ്‌ ഈ സകാത്തിന്റെ പിന്നിലുള്ളത്‌. ഇതു സാക്ഷാല്‍കരിക്കാനാണ്‌ ഫിത്വ്‌ര്‍ സകാത്ത്‌ ശര്‍അ്‌ നിര്‍ബന്ധമാക്കിയത്‌ (തുഹ്‌ഫ : 3/319). ഈ ഉദ്ദേശ്യം ഗ്രഹിക്കാതെ ഈ സകാത്തിനെ ഇസ്‌ലാമിന്റെ ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായി എടുത്ത്‌ കാണിക്കുന്നത്‌ അബദ്ധമാണ്‌. മതവൈരികള്‍ പരിഹസിക്കാന്‍ ഇത്‌ വഴിവെക്കും.

ബാധ്യത ആര്‍ക്ക്‌?
ഓരോ കുടുംബനാഥനും തന്റെ കുടുംബത്തിന്റെ ബാധ്യത നിറവേറ്റുക എന്ന രീതിയിലാണ്‌ ഇതിന്റെ ക്രമീകരണം. നിര്‍ബന്ധമാക്കുന്ന വേളയില്‍ താന്‍ ചെലവ്‌ കൊടുക്കാന്‍ ശര്‍ഇയായി ബാധ്യതപ്പെട്ട അംഗങ്ങള്‍ എത്രയുണ്ടോ അവരുടെ സകാത്തും നല്‍കണം.
റമളാന്‍ മാസത്തിന്റെ പരിസമാപ്‌തിയുടെ സെക്കന്റും പെരുന്നാള്‍ രാവ്‌ ആരംഭിക്കുന്ന സെക്കന്റും ചേര്‍ന്നതാണ്‌ ഇത്‌ നിര്‍ബന്ധമാക്കുന്ന വേള. ഈ സമയത്ത്‌ തന്റെ മേല്‍ ചെലവ്‌ ബാധ്യതപ്പെട്ടവരായി മുസ്‌ലിംകള്‍ ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത്‌ നല്‍കണം. അപ്പോള്‍ റമളാന്‍ അവസാന നാളിലെ സൂര്യാസ്‌തമയത്തിന്‌ തൊട്ടു മുമ്പും തൊട്ടു പിറകെയും ഒന്നിച്ച്‌ ജീവിക്കുന്നവര്‍ക്കേ ബാധ്യത വരൂ. പെരുന്നാള്‍ രാവ്‌ പ്രവേശിച്ച ശേഷം ജനിച്ച കുഞ്ഞിന്‌ വേണ്ടി സകാത്ത്‌ നല്‍കേണ്ടതില്ല. എന്നാല്‍ പെരുന്നാള്‍ രാവില്‍ മരണപ്പെട്ടവരുടെ സകാത്തു ബാധ്യതപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാവുന്നു.
തന്റെ ശരീരം, ഭാര്യ, ചെറിയ മക്കള്‍, പിതാവ്‌, മാതാവ്‌, വലിയ മക്കള്‍, എന്നീ ക്രമത്തിലാണ്‌ ചെലവ്‌ ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്‌. എല്ലാവരുടേയും കൂടി നല്‍കാന്‍ കഴിവില്ലാത്തവര്‍, ഉള്ളതുകൊണ്ട്‌ ഈ ക്രമത്തില്‍ മുന്‍ഗണന നല്‍കി കൊടുക്കണം. ജോലിക്ക്‌ കഴിവോ ധനമോ ഉള്ള വലിയ മക്കള്‍ ഒരു കുടുംബ നാഥന്റെ കീഴില്‍ വരില്ല. പിതാവിന്റെ മേല്‍ അവരുടെ ചെലവും നിര്‍ബന്ധമില്ല. പിതാവ്‌ അവരുടേത്‌ നല്‍കിയാല്‍ തന്നെ അവരുടെ സമ്മദമില്ലെങ്കില്‍ മതിയാവുകയില്ല. ഒന്നിലധികം ഭാര്യമാരുള്ളയാള്‍ എല്ലാവരുടേയും നല്‍കണം. അതിന്‌ വകയില്ലെങ്കില്‍ വകയുള്ളത്ര ഭാര്യമാരുടേത്‌ നല്‍കണം. ഇതില്‍ ആദ്യ ഭാര്യ, രണ്ടാം ഭാര്യ എന്ന ക്രമം പാലിക്കേണ്ടതില്ല. തന്റെ ഇഷ്‌ട പ്രകാരം ആരുടേതും കൊടുക്കാം. ഭാര്യയുടെ സഹായത്തിന്‌ വേണ്ടി വീട്ടില്‍ നിര്‍ത്തിയ ഭര്‍തൃമതിയല്ലാത്ത വേലക്കാരിയുടേതും നല്‍കണം. ചെലവില്ലാതെ കൃത്യമായ വേദനം നിശ്ചയിച്ചു നിറുത്തിയതെങ്കില്‍ അവളുടെ സകാത്ത്‌ നല്‍കേണ്ടതില്ല. ചെലവ്‌ കൂടി കഴിച്ചാണ്‌ വേദനം പറഞ്ഞതെങ്കില്‍ അവളുടേത്‌ കൊടുക്കണം.

എന്തു കൊണ്ട്‌ പിതാവിനെ മുന്തിച്ചു?
ചെലവ്‌ നല്‍കല്‍ നിര്‍ബന്ധമാകുന്ന ക്രമത്തില്‍ മാതാവിനെ പിതാവിനെക്കാളും, ഫിത്വ്‌ര്‍ സകാത്തിന്റെ നിര്‍ബന്ധ ക്രമത്തില്‍ പിതാവിനെ മാതാവിനെക്കാളും മുന്തിക്കുകയാണ്‌ കര്‍മ്മശാസ്‌ത്ര പണ്‌ഡിതര്‍ ചെയ്‌തിട്ടുള്ളത്‌. അതിനു കാരണം ചെലവ്‌ കൊടുക്കല്‍ കൊണ്ടുള്ള ഉദ്ദേശം വിശപ്പടക്കുക എന്ന ആവശ്യം തീര്‍ത്ത്‌ കൊടുക്കുക എന്നതാണ്‌. ഇതിലേക്ക്‌ ഉമ്മയാണ്‌ കൂടുതല്‍ ആവശ്യമായത്‌. ഫിത്വ്‌ര്‍ സകാത്തു കൊണ്ടുദ്ദേശ്യം ശാരീരിക ആത്മീയ ശുദ്ധീകരണമാണ്‌. ഇതിലേക്ക്‌ ഏറ്റവും ബന്ധപ്പെട്ടവര്‍ പിതാവാണ്‌.
അനുയോജ്യമായ വീട്‌, ആവശ്യമായ പരിചാരകന്‍, പെരുന്നാള്‍ രാത്രിയിലേയും പകലിലേയും തന്റെയും ആശ്രിതരുടേയും ( തന്നെ ആശ്രയിച്ച്‌ കഴിയുന്ന കോഴി, ആട്‌, പശു പോലുള്ള വളര്‍ത്തു ജീവികളും ഇതിലുള്‍പ്പെടും ) ചെലവുകള്‍ കഴിച്ച്‌ മിച്ചമുള്ളതില്‍ നിന്നാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌. മിച്ചമെന്നാല്‍ ഭക്ഷ്യ ധാന്യം മാത്രമല്ല. സ്വത്തുക്കളെല്ലാം ഉള്‍പ്പെടും. പക്ഷേ തനിക്ക്‌ ജീവിതത്തിന്‌ ആവശ്യമായ തൊഴിലുപകരണങ്ങള്‍, സ്‌ത്രീയുടെ അനുയോജ്യമായ ആഭരണം, ആവശ്യമായ കര്‍മ്മ ശാസ്‌ത്ര ഗ്രന്ഥങ്ങള്‍, എന്നിവയൊന്നും വിറ്റു മിച്ചമുണ്ടാക്കി സകാത്തു നല്‍കല്‍ ബാധ്യതയില്ല. പറമ്പ്‌, തോട്ടം പോലുള്ളവ മിച്ചമുള്ളതില്‍ പെടും. ആവശ്യത്തില്‍ കവിഞ്ഞതും അനുയോജ്യത്തിലുപരിയുള്ളതുമായ വീട്ടുപകരണങ്ങളും ഉള്‍പ്പെടുത്തും. മറ്റു പലരില്‍ നിന്നും സകാത്തു ലഭിച്ചിട്ടു മിച്ചം വന്നതാണെങ്കിലും സകാത്തു കൊടുക്കണം. പക്ഷേ, പെരുന്നാള്‍ രാത്രി ആരംഭിക്കും മുമ്പ്‌ ഇങ്ങനെ ലഭിച്ചു മിച്ചം വന്നതാകണം. ആകയാല്‍ മിക്ക കുടുംബങ്ങളും ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ. എന്നാല്‍ മിച്ചമുള്ള സ്വത്തു വഹകളുടെ അത്ര തന്നെയോ അതിലധികമോ കടബാധ്യതയുണ്ടെങ്കില്‍ (ആ കടത്തിന്റെ അവധിയായില്ലെങ്കിലും) പ്രസ്‌തുത മിച്ചം പരിഗണിക്കുകയില്ല. കടവും കഴിച്ച്‌ മിച്ചം വേണം. എങ്കിലേ സകാത്ത്‌ കൊടുക്കേണ്ടതൊള്ളൂ.

എന്തു കൊടുക്കണം?
നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്‍കേണ്ടത്‌. പല ധാന്യങ്ങള്‍ ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്‍ ഏതും കൊടുക്കാം. മുന്തിയതാണുത്തമം. നാട്ടിലെ ഭക്ഷ്യ ധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നല്‍കിയാലും വാങ്ങുന്നവര്‍ ഇഷ്‌ടപ്പെട്ടാലെ സാധുവാകുകയുളളൂ.
നമ്മുടെ നാട്ടില്‍ പുഴുകുത്തില്ലാത്ത അരികള്‍ ഏതുമാകാം. പച്ചരി പക്ഷേ ഉരപ്പുള്ള തരം പറ്റില്ല. ധാന്യത്തിന്‌ പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം. (തുഹ്‌ഫ 3/324) ശാഫിഈ മദ്‌ഹബില്‍ ധാന്യത്തിനു പകരം വിലകൊടുത്താല്‍ മതിയാവില്ലെന്നതു ഏകകണ്‌ഠാഭിപ്രായമാണ്‌(നിഹായ 3/123, മുഗ്നി 1/407).
ഗള്‍ഫിലുള്ളവര്‍ അവിടത്തെ മുഖ്യാഹാരം അവരുടെ സകാത്തായിട്ടും നാട്ടിലുള്ള അവരുടെ ആശ്രിതരുടെ സകാത്ത്‌ നാട്ടിലെ മുഖ്യാഹാരവും നല്‍കണം. നാട്ടിലുള്ള താന്‍ ചെലവ്‌ നല്‍കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍ എന്നിവരുടെ സകാത്ത്‌ നല്‍കാന്‍ അവന്‍ ഒരു വ്യക്തിയെ വക്കാലത്താക്കണം. ഭാര്യയെ തന്നെ വക്കാലത്താക്കാം. വക്കാലത്താക്കാതെ തന്റെ ഭാര്യ അവളുടേയും മക്കളുടേയും സകാത്ത്‌ എന്ന നിലക്ക്‌ അവന്റെ അരി വിതരണം ചെയ്‌താല്‍ മതിയാവില്ല. ഇക്കാര്യം ഗള്‍ഫിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോണിലൂടെയോ കത്ത്‌ മുഖേനയോ വക്കാലത്താക്കാം.
ഭര്‍ത്താവ്‌ ഭാര്യയുടെ സകാത്തു നല്‍കുന്നില്ലെങ്കില്‍ ഭാര്യക്ക്‌ തന്റെ സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്‌. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ചെലവും സകാത്തും ഭര്‍ത്താവിനു നിര്‍ബന്ധമില്ല. അവള്‍ക്കാണു നിര്‍ബന്ധം. നിക്കാഹ്‌ കഴിഞ്ഞു പക്ഷെ ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അവളുമായി ബന്ധപ്പെടാന്‍ അവള്‍ തടസ്സം നില്‍ക്കുന്നില്ലെങ്കില്‍ അവളുടെ സകാത്ത്‌ അവളുടെ നാട്ടില്‍ അവന്‍ നല്‍കണം. താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായ ഭ്രാന്തന്‍, ബുദ്ധിമാന്ദ്യര്‍, അടിമ എന്നിവരുടെ സകാത്തും നല്‍കണം.
ആരുടെ സകാത്താണോ നല്‍കുന്നത്‌ അയാള്‍ സൂര്യാസ്‌തമയ സമയം എവിടെയാണോ, ആ നാട്ടിലെ അവകാശികള്‍ക്കാണ്‌ നല്‍കേണ്ടത്‌. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്ര അന്നേരം എവിടെ എത്തിയോ അവിടത്തെ അവകാശികള്‍ക്ക്‌ നല്‍കണം. ഇതാണ്‌ ശാഫിഈ മദ്‌ഹബ്‌. എന്നാല്‍ ഒരു സ്ഥലത്ത്‌ അവകാശപ്പെട്ട സകാത്ത്‌ മറ്റൊരു സ്ഥലത്തേക്ക്‌ നീക്കം ചെയ്യാമെന്നഭിപ്രായം സ്വീകരിക്കുമെന്ന്‌ ഇമാമുകള്‍ പ്രസ്‌താവിച്ചതായി ഫതാവാ ഇബ്‌നി സിയാദില്‍ (പേജ്‌ 234) ഉദ്ധരിച്ചിട്ടുണ്ട്‌.
ഒരാളെതൊട്ട്‌ ഒരു സ്വാഅ്‌ വീതമാണ്‌ നല്‍കേണ്ടത്‌. ഒരു അളവു പാത്രമാണിത്‌. നബി (സ) യുടെ കാലത്തുള്ള സ്വാഅ്‌ ആണ്‌ പരിഗണിക്കുക. അതിനാല്‍ നബിയുടെ സ്വാഇനേക്കാള്‍ കുറവില്ലെന്നുറപ്പു വരുന്ന തോതു നല്‍കണം. 3.200 ലിറ്ററാണ്‌ ഒരു സ്വാഅ്‌. തൂക്കമനുസരിച്ച്‌ കത്യം പറയാന്‍ കഴിയില്ല.അരിയുടെ ഭാര വ്യത്യാസമനുസരിച്ച്‌ തൂക്കത്തില്‍ അന്തരം വരും. ചിലര്‍ ഒരു സ്വാഅ്‌ രണ്ടര കി.ഗ്രാം വരുമെന്നും മറ്റു ചിലര്‍ മൂന്നു കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെടുന്നു.
പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ്‌ നല്ലത്‌. പിന്തിക്കല്‍ കറാഹത്താണ്‌. പക്ഷേ ബന്ധുക്കള്‍, അയല്‍ക്കാര്‍, പോലുള്ളവരെ പ്രതീക്ഷിച്ച്‌ പിന്തിക്കല്‍ സുന്നത്തുണ്ട്‌. എന്നാല്‍ സൂര്യാസതമയം വിട്ട്‌ പിന്തിക്കരുത്‌. അത്‌ കാരണമില്ലെങ്കില്‍ നിശിദ്ധമാണ്‌.

രണ്ടു നിബന്ധനകള്‍
സകാത്ത്‌ നല്‍കുന്നവന്‍ രണ്ടു നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഒന്ന, നിയ്യത്ത്‌. തന്റെയും ആശ്രിതരുടേയും ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കുന്നു എന്ന്‌ കരുതല്‍. സകാത്ത്‌ നല്‍കുമ്പോഴോ അരി അളന്ന്‌ വക്കുമ്പോഴോ നിയ്യത്ത്‌ ചെയ്യാം.

രണ്ട്‌, അവകാശികള്‍ക്ക്‌ നല്‍കല്‍.
നിര്‍ണ്ണിതമായ അവകാശികള്‍ക്കു നല്‍കാന്‍ വേണ്ടി കുട്ടിയെ വക്കാലത്താക്കാം. അപ്പോള്‍ സകാത്ത്‌ നിര്‍ബന്ധമായവന്‍ തന്നെ നിയ്യത്ത്‌ ചെയ്യണം. എന്നാല്‍ പ്രായ പൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്‌ലിമിനെ സക്കാത്ത്‌ നല്‍കാന്‍ വക്കാലത്താക്കുകയാണെങ്കില്‍ നിയ്യത്തും വക്കാലത്താക്കാവുന്നതാണ്‌. പ്രസ്‌തുത വേളയില്‍ അവകാശിയെ നിര്‍ണ്ണയിച്ച്‌ കൊടുക്കല്‍ സകാത്ത്‌ നിര്‍ബന്ധമായവന്‌ നിര്‍ബന്ധമില്ല(ഇആനത്ത്‌:2/180).

സകാത്ത്‌ മുന്തിക്കാമോ ?
ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ആഗതമായതുമുതല്‍ നല്‍കാവുന്നതാണ്‌. പക്ഷേ, ഇങ്ങനെ കൊടുക്കുമ്പോള്‍ ശവ്വാല്‍ മാസത്തിന്റെ ആദ്യ നിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്‌.
അപ്പോള്‍ റമളാന്‍ മാസത്തില്‍ ഫിത്വര്‍ സകാത്ത്‌ വാങ്ങിയവന്‍ ശവ്വാലാകുമ്പോഴേക്ക്‌ മരിക്കുകയോ മുര്‍ത്തദ്ദാവുകയോ സകാത്തായി ലഭിച്ച സ്വത്ത്‌ കൊണ്ടല്ലാതെ ധനികനാവുകയോ ചെയ്‌താല്‍ നേരത്തെ നല്‍കിയത്‌ സകാത്തായി പരിഗണിക്കില്ല.

അവകാശികള്‍
എട്ട്‌ വിഭാഗത്തെയാണ്‌ ഇസ്‌ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്‌. വിശുദ്ധഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്ത്‌തമാക്കിയിട്ടുണ്ട്‌. ഫഖീറുമാര്‍, മിസ്‌കീന്‍മാര്‍, സക്കാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതു വിശ്വാസികള്‍, മോചന പത്രം എഴുതപ്പെട്ടവര്‍, കടംകൊണ്ട്‌ വലഞ്ഞവര്‍, ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍ എന്നിവരാണ്‌ അവകാശികള്‍.
ഇവരില്‍ സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചന പത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ്‌ എന്നീമൂന്ന്‌ വിഭാഗത്തെ ഇന്ന്‌ കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക്‌ നല്‍കിയാലും ബാദ്ധ്യത വീടുന്നതാണ്‌.അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ്‌ എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം. സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റു നാട്ടിലേക്ക്‌ സകാത്ത്‌ നീക്കം ചെയ്യാവതല്ലെന്നാണ്‌ പ്രബലം.
അയല്‍വാസികള്‍ പരസ്‌പരം അവരുടെ സക്കാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന്‌ ചിലയിടത്തു കണ്ടുവരുന്നുണ്ട്‌.അത്‌ രണ്ട്‌ കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കുടുതല്‍ പുണ്യവുമാണ്‌.അതേസമയം ഒരുത്തന്‍ ധനികനാണെങ്കില്‍ അവനു സക്കാത്ത്‌ നല്‍കലും ആരെങ്കിലും നല്‍കിയാല്‍ അവന്‍ സ്വീകരിക്കലും അനുവദനീയമല്ല.സകാത്ത്‌ വാങ്ങുന്നവന്‍ ഞാനിത്‌ വാങ്ങാന്‍ അര്‍ഹനാണോയെന്ന്‌ ആലോചിക്കണം.
സ്വന്തം ആവശ്യങ്ങള്‍ക്കും താന്‍ ചെലവ്‌ കൊടുക്കല്‍ ബാദ്ധ്യതപെട്ടവരുടെ ആവശ്യങ്ങള്‍ക്കും കണക്കിലെടുക്കാവുന്ന ധനമോ അനുയോജ്യവും അനുവദനീയവുമായ ജോലിയുമില്ലാത്തവരാണ്‌ ഫഖീര്‍.ദിനേനെ തന്റെ ആവശ്യങ്ങള്‍ മിതമായി നിറവേറ്റുവാന്‍ 50 രൂപ ആവശ്യമുണ്ടെങ്കില്‍ കേവലം 20 രൂപ മാത്രം ധനത്തില്‍ നിന്നോ, ജോലി വഴിയോ രണ്ടും കൂടിയോ വരുമാനമുള്ളവര്‍ ഫഖീറുമാരാണ്‌.സാധാരണ ജീവിതാവശ്യങ്ങള്‍ക്ക്‌ വരുമാനം ഇപ്രകാരമാണോ എന്ന്‌നോക്കുക.
ഉദാഹരണമായി ഒരാള്‍ക്ക്‌ അര ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റുണ്ട്‌.അതില്‍നിന്നു ദിനേന 20 രൂപ ലഭിക്കുന്നു ദിനം പ്രതി ഇവനു 70 രൂപ ആവശ്യമാകുന്നു.വേറെ ഒരു വരുനാനവും ഇല്ല ഇവന്‍ ഫഖീറാണ്‌.
ധനമോ തൊഴിലോ രണ്ടും കൂടിയോ ഒരു തരത്തില്‍ ഞെരുങ്ങി ജീവിക്കാന്‍ ഉണ്ടെങ്കിലും, തന്റെയും ആശ്രിതരുടെയും സാധാരണ ജീവിതത്തില്‍ മേല്‍ ചൊന്ന അത്യാവശ്യങ്ങള്‍ക്ക്‌ മതിയാകാതെ വരുന്നവനാണ്‌ മിസ്‌കീന്‍. ദിനം പ്രതി 80 രൂപ ആവശ്യമുള്ളവന്‍ അറുപതോ എഴുപതോ ആണ്‌ നിത്യവരുമാനമെങ്കില്‍ അവന്‍ മിസ്‌കീന്‍മാരില്‍പ്പെടുന്നു.
ഫഖീര്‍, മിസ്‌കീന്‍ അല്ലാത്തവരാണ്‌ ഗനിയ്യ്‌ (ധനികന്‍) സകാത്ത്‌ വാങ്ങല്‍ നിഷിദ്ധമായ ധനികന്‍. ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു. സാധാരണ ആയുസ്സില്‍ തനിക്കും ആശ്രിതര്‍ക്കും മിതമായി കഴിഞ്ഞുകൂടാന്‍ വകയുള്ളവനാണ്‌ ധനികന്‍ (തുഹ്‌ഫ : 7/182, ഫത്‌ഹുല്‍ മുഈന്‍,പേജ്‌ : 186). ശരാശരി വയസ്സ്‌ എന്നത്‌ കൊണ്ടുദ്ദേശം 60-70 വയസ്സാണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു(തുഹ്‌ഫ :7/194).
അപ്പോള്‍ ഒരാള്‍ പിന്നിട്ട വയസ്സ്‌ കഴിഞ്ഞ്‌ അറുപത്‌ അല്ലെങ്കില്‍ എഴുപത്‌ വയസ്സാകാന്‍ ഇനി അയാള്‍ക്കെത്ര വര്‍ഷം വേണമോ അത്രയും വര്‍ഷം തനിക്കും തന്റെ ആശ്രിതര്‍ക്കും അപ്രകാരം എത്ര വയസ്സ്‌ ബാക്കിയുണ്ടോ അത്രയും കാലം അവര്‍ക്കും പദവിക്കനുയോജ്യമായി സാമാന്യം മതിയായ തോതില്‍ കഴിഞ്ഞ്‌ കൂടാനുള്ള ധനം തോട്ടമായോ ബില്‍ഡിംഗായോ മറ്റോ ഉള്ളയാള്‍ നിരുപാധികം ധനികനാണ്‌..
സ്ഥലം ബില്‍ഡിംഗ്‌ പോലുള്ള സ്ഥാവര സ്വത്തുക്കളില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം അല്ലെങ്കില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന ലാഭം മുതലായവ കൊണ്ട്‌ ഇപ്രകാരം മതിയാകുന്നവരെല്ലാം മുതലാളിമാരാണ്‌ (തുഹ്‌ഫ : ശര്‍വാനി : 7/182 )
ഇത്തരം മുതലാളിമാര്‍ക്ക്‌ സകാത്ത്‌ നല്‍കാവതല്ല. തന്റെ സാമ്പത്തിക നില മറച്ചു വെക്കുന്നതിനായി ദരിദ്രനെ പോലെ പെരുമാറുന്നത്‌പോലും ഇവര്‍ക്ക്‌ വിലക്കപ്പെട്ടതാണ്‌
പിതാവ്‌, മക്കള്‍, ഭര്‍ത്താവ്‌ എന്നിവരില്‍ നിന്നു ലഭിക്കുന്ന നിര്‍ബന്ധ ചെലവ്‌ വിഹിതം കൊണ്ട്‌ മതിയാകുന്നവര്‍ക്ക്‌ സകാത്തിന്റെ ഉടമ സകാത്ത്‌ നല്‍കിയാല്‍ സകാത്ത്‌ വീടുകയില്ല. നിര്‍ബന്ധ ചെലവ്‌ കൊണ്ട്‌ തികയുന്നില്ലെങ്കില്‍ അവര്‍ക്ക്‌ സകാത്ത്‌ നല്‍കാവുന്നതാണ്‌.പിതാവിന്‌ തന്റെ ഫിത്വര്‍ സകാത്ത്‌ തന്റെ ജോലിക്ക്‌ കഴിവുള്ള വലിയ മകന്‌ നല്‍കാവുന്നതാണ്‌. അതു പോലെ പ്രസ്‌തുത മകന്റെ സകാത്തും താന്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത പിതാവിന്‌ നല്‍കാം.
നിര്‍ബന്ധ ചെലവു കൊണ്ട്‌ തികയുന്നവര്‍ക്ക്‌ ഫഖീര്‍, മിസ്‌കീന്‍ എന്ന നിലക്ക്‌ സകാത്ത്‌ വാങ്ങാന്‍ പറ്റില്ല. കാരണം അവര്‍ ഫഖീറോ, മിസ്‌കീനോ അല്ല. എന്നാല്‍ സകാത്തിന്‌ അര്‍ഹതയുണ്ടാകുന്ന മറ്റേതെങ്കിലും വിശേഷണം അവരിലുണ്ടെങ്കില്‍ അവര്‍ക്ക്‌ സകാത്ത്‌ വാങ്ങാം.ഭര്‍ത്താവ്‌ ദരിദ്രനായത്‌ കൊണ്ട്‌ അവന്‌ സകാത്ത്‌ നിര്‍ബന്ധമില്ല. എന്നാല്‍ ഭാര്യ സകാത്ത്‌ നല്‍കാന്‍ കഴിവുള്ളവളാണെങ്കില്‍ അവളുടെ സകാത്ത്‌ അവള്‍ നല്‍കല്‍ സുന്നത്തുണ്ടല്ലോ. അത്‌ ഭര്‍ത്താവിന്‌ തന്നെ നല്‍കാവുന്നതാണ്‌.അങ്ങനെ നല്‍കല്‍ സുന്നത്തുണ്ട്‌. അവനത്‌ അവളുടെ ചെലവിലേക്ക്‌ വിനിയോഗിക്കുകയും ചെയ്യാം.
മൂന്ന്‌ ത്വലാഖ്‌ ചൊല്ലപ്പെട്ട ഗര്‍ഭിണികളുടെയും മടക്കി എടുക്കാന്‍ പറ്റുന്ന ത്വലാഖിന്റെ ഇദ്ദ ആചരിക്കുന്നവളുടെയും ഫിത്വര്‍ സകാത്ത്‌ ഭര്‍ത്താവ്‌ നല്‍കണം. വ്യഭിചാരി കുട്ടിയുടെ സകാത്ത്‌ ഉമ്മ നല്‍കണം.(ഇആനത്ത്‌ : 2/165)

വിതരണവും കമ്മിറ്റിയും
സകാത്ത്‌ വിതരണത്തിന്‌ മൂന്ന്‌ രൂപങ്ങളാണ്‌ ഇസ്‌ലാമിക ശരീഅത്ത്‌ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌. ഒന്ന്‌, സകാത്ത്‌ വിഹിതം അവകാശികള്‍ക്ക്‌ ദായകന്‍ നേരിട്ട്‌ എത്തിക്കുക.രണ്ട്‌,അവകാശികള്‍ക്ക്‌ എത്തിക്കാനായി ഒരു വക്കീലിനെ ചുമതലപ്പെടുത്തുക. മൂന്ന്‌, ഇസ്‌ലാമിക ഭരണാധികാരിയെ ഏല്‍പ്പിക്കുക. ഈ രൂപമല്ലാതെ ഒരു സംഘം ആളുകള്‍ സ്വയം സംഘടിച്ച്‌ സകാത്ത്‌ ധനം പിരിച്ചെടുക്കുന്ന രീതി ഇസ്‌ലാമിലില്ല. അവര്‍ക്ക്‌ സകാത്ത്‌ നല്‍കിയാല്‍ ബാദ്ധ്യത ഒഴിവാകുകയില്ല.
ഇസ്‌ലാമിക ഭരണാധികാരി ഇന്ന്‌ നമ്മുടെ നാടുകളിലില്ല.ആപദവി അലങ്കരിക്കാന്‍ പള്ളിയിലെ ഇമാമുകള്‍ക്കോ, കമ്മറ്റികള്‍ക്കോ, സംയുക്ത ഖാസിമാര്‍ക്കോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ഇസ്‌ലാമിക ഭരണാധികാരിക്കു തന്നെ ആന്തരീകമായ സകാത്ത്‌ പിരിച്ചെടുക്കല്‍ അനുവദനീയമല്ല.ഫിത്വര്‍ സകാത്ത്‌ ആന്തരിക സകാത്താണ്‌.(തുഹ്‌ഫ : 3/344)
ഇന്ന്‌ ബിദഇകള്‍ നടത്തുന്ന സംഘടിത സകാത്തിന്‌ യാതൊരു അടിസ്ഥാനവുമില്ല.വിശുദ്ധ ഖുര്‍ആനിലെ അവരുടെ സ്വത്തില്‍ നിന്ന്‌ നിങ്ങള്‍ സ്വദഖ പിടിക്കുക എന്ന സൂക്തം ബിദഇകള്‍ തെളിവാക്കുന്നത്‌ വിവരക്കേടാണ്‌. കാരണം ഈപറഞ്ഞ ശേഖരണം ബാഹ്യമായ സ്വത്തിന്റെ സകാത്തിനെ സംബന്ധിച്ചാണ്‌. അതിനു പുറമെ ശേഖരിച്ചു വിതരണം ചെയ്യണമെന്ന ആജ്ഞ ഒരു യാദൃഛിക കാരണത്തിന്‌ വേണ്ടിയായിരുന്നു. ജനങ്ങള്‍ അത്‌ വേണ്ടത്ര ഗ്രഹിക്കാത്തതും അതിനോട്‌ അവര്‍ക്കുള്ള വിയോജിപ്പുമായിരുന്നു അത്‌(സകാത്ത്‌ നിര്‍ബന്ധമാക്കിയ ആഗ്യ ഘട്ടത്തില്‍). ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളെല്ലാം തല്‍ സമയത്ത്‌ പരിപൂര്‍ണമായി ഉറക്കാത്തതാണിതിനു കാരണം. ഈ ന്യായമെല്ലാം പിന്നീട്‌ നീങ്ങിയിട്ടുണ്ട്‌(തുഹ്‌ഫ:3/344).
സംഘടിതമായി സകാത്ത്‌ വിതരണം നടത്താന്‍ അംഗീകൃതമായ രീതികളുണ്ട്‌. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാസി, സകാത്തിന്റെ കാര്യത്തില്‍ കൂടി പ്രതേകം അധികാരം നല്‍കിയോ അഥവാ അതും കൂടി ഉള്‍ക്കൊള്ളുന്ന പൊതു അധികാരം നല്‍കിയോ നിയമിക്കപ്പെട്ടാല്‍ ആഖാസിക്ക്‌ സകാത്ത്‌ മുതല്‍ ഏല്‍പ്പിച്ച്‌ ഉടമകള്‍ക്ക്‌ ഉത്തരവാദിത്വം ഒഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികള്‍ക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വെച്ചോ വിതരണം നടത്തുകയും ആവാം.(കൂടുതല്‍ പഠനത്തിന്‌ തുഹ്‌ഫ : 7/155,നിഹായ: 6/155 എന്നിവ നോക്കുക).
ബാദ്ധ്യതപ്പെട്ട മുതലുടമകള്‍ ഒന്നിച്ച്‌ സംഘടിച്ച്‌ സകാത്ത്‌ മുതലുകള്‍ സംഭരിച്ച്‌ അവരുടേത്‌ പ്രതേകം കരുതി വിതരണം ചെയ്‌താലും സാധുവാകും.ഉംദയിലും മറ്റും ഇത്‌ കാണാം. അംഗീകൃത രീതിയിലുള്ള ഈ സംഘടിത സകാത്ത്‌ അനുവദനീയമാണെങ്കിലും ഏറ്റവും നല്ലത്‌ അവനവന്‍ സ്വയം വിതരണം ചെയ്യലാണ്‌.
സകാത്ത്‌ വാങ്ങാനര്‍ഹരായവര്‍ സമ്പന്നരുടെ വീട്ടു പടിക്കല്‍ യാജകരെ പോലെ പാത്രവും ചുമന്നു നില്‍ക്കുന്ന ദയനീയ രംഗം ഇല്ലായ്‌മ ചെയ്യുകയാണ്‌ സകാത്ത്‌ കമ്മറ്റിക്കാരുടെ ലക്ഷ്യമെന്നവരുടെ വാദം ശരിയല്ല.വാസ്‌തവത്തില്‍ ഒറ്റപ്പെട്ട യാജന ഒഴിവാക്കുന്നതിന്ന്‌ വേണ്ടി സംഘടിത യാജന ഏര്‍പ്പെടുത്തുകയാണവര്‍ ചെയ്യുന്നത്‌. സ്വയം നിര്‍മ്മിക്കുന്ന ന്യായത്തിന്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല.
ഫിത്വര്‍ സകാത്തിന്റെ മഹത്വം നബി (സ) പഠിപ്പിക്കുന്നത്‌ കാണക.നോമ്പിന്റെ പ്രതിഫലം ആകാശ ഭൂമിക്കിടയില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌. ഫിത്വര്‍ സകാത്ത്‌ വഴിയാണത്‌ ഉയര്‍ത്ത പെടുന്നത്‌ (തുഹ്‌ഫ : 3/305) 
(സത്യധാര ദൈ്വവാരിക, 2011, ഓഗസ്റ്റ്, ഇസ്്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment